Wednesday, March 30, 2011

ടീ പാർട്ടികളിലെ ഇടങ്ങൾ




ഇന്ത്യൻ ഇടതുപക്ഷം നാളിതുവരെയായി ഇന്ത്യൻ-അമേരിക്കൻ ബന്ധത്തെക്കുറിച്ച് ഉയർത്തിയ ആശങ്കകളെ വിക്കിലീക്ക്സ് ശരിവെക്കുന്നുവെന്ന ബാദ്രി റൈനയുടെ കണ്ടെത്തൽ ശരിയാണ്. എങ്കിലും ഇന്ത്യൻ ഇടതുപക്ഷവും അമേരിക്കയും യോജിക്കുന്ന (അഥവാ യോജിക്കാവുന്ന) ചില ഇടങ്ങളെക്കുറിച്ചുള്ള അദേഹത്തിന്റെ നിലപാടുകൾ അത്ര ശരിയാണെന്നു പറയാനാവില്ല.

ഇന്ത്യയിലെ മാവോയിസ്റ്റ് പ്രശ്നത്തിൽ ഇന്ത്യൻ ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും അമേരിക്കയുടെയും നിലപാടുകൾ ഒന്നാവുന്നതാണ് ബദ്രിയെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത്. മറ്റു പല കാര്യങ്ങളിലുമെന്നപോലെ, മാവോയിസ്റ്റുകളുടെ കാര്യത്തിലും ഇന്ത്യ, അമേരിക്കൻ ഉപദേശങ്ങൾ പിന്തുടരുന്ന പക്ഷം, ഹാർദ്ദമായ ഒരു ചായസൽക്കാരത്തിനും ഹസ്തദാനത്തിനുമുള്ള അവസരമുണ്ടാകുമെന്ന് മനപ്പായസമുണ്ണുന്നുമുണ്ട് ബദ്രി റൈന. അവിടെയാണ്, സ്വതവേ പുരോഗമനാശയക്കാരനായ ബദ്രിയുമായി വിയോജിക്കേണ്ടിവരുന്നത്.

ഗോത്രമേഖലയിലെ ഫ്യൂഡൽ കാർഷിക ബന്ധങ്ങളെ തകർത്ത്, അവയെ കാലോചിതമായി പരിഷ്ക്കരിക്കാൻ ഇന്ത്യയോടുള്ള അമേരിക്കയുടെ ഉപദേശത്തിൽ ഒറ്റനോട്ടത്തിൽ തെറ്റൊന്നും കാണാൻ ഇടയില്ല. എങ്കിലും അമേരിക്കയുടെ ഉദ്ദേശ്യം എന്തായിരിക്കണം? അധികാരത്തിന്റെ ഫ്യൂഡൽ ബന്ധങ്ങളെ വികസനത്തിനുള്ള പ്രധാന പ്രതിബന്ധമായി അമേരിക്ക കണക്കാക്കുന്നുണ്ടാവണം. മുതലാളിത്തത്തിന്റെ വരവുതന്നെ അത്തരം ബന്ധങ്ങളെ തകർത്തും മാറ്റിയെഴുതിയുമാണെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും, അതിനെ തകർത്ത്, അതിന്റെ സ്ഥാനത്ത് അമേരിക്കയും ഇന്ത്യൻ ഭരണകൂടവും ഏതുതരം ഭൂബന്ധങ്ങളെയാണ് മാറ്റിപ്രതിഷ്ഠിക്കാൻ ഉദ്ദേശിക്കുന്നത് എന്നെങ്കിലും ബദ്രിയെപ്പോലുള്ളവർ ചിന്തിക്കേണ്ടതായിരുന്നില്ലേ? ഏതായിരിക്കും ആ ഫ്യൂഡൽ അധികാര(ഭൂ)ബന്ധങ്ങൾ?

സ്വകാര്യമൂലധനത്തിന്റെ അപാരമായ സാധ്യതകൾ തന്നെയായിരിക്കണം ഈ സദുപദേശത്തിന്റെ ഉള്ളിൽ. വികസനത്തിന്റെ പേരിൽ അടിസ്ഥാനസൌകര്യങ്ങളുടെ ചില എച്ചിൽ‌ക്കഷണങ്ങൾ നൽകി, ഇന്ത്യയിലെ പ്രകൃതി-ധാതുസമ്പന്നമായ സംസ്ഥാനങ്ങളെ മുഴുവൻ, തങ്ങളുടെയും, ഇന്ത്യയെന്ന തങ്ങളുടെ വിനീതവിധേയസാമന്തന്റെയും കോപ്പറേറ്റുകളുടെയും കീഴിലാക്കുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യവും അമേരിക്കൻ സദുപദേശത്തിന്റെ ഉള്ളിൽ ഉണ്ടാവാനിടയില്ല. റെഡ് ഇന്ത്യക്കാരോടും, പിന്നീട് കോൺഫഡറേറ്റുകളോടും അമേരിക്ക സ്വീകരിച്ചിരുന്ന നിലപാടുകൾ നമ്മുടെ മുന്നിലുണ്ട്. അതിനെയൊക്കെ പഴയകാല ചരിത്രമെന്നോ, പഴയ തെറ്റുകളെന്നോ പറഞ്ഞ് എഴുതിത്തള്ളാനും കഴിയില്ല. കാരണം, ആ നിലപാടുകൾ തന്നെയാണ് അമേരിക്കയടക്കമുള്ള സാമ്രാജ്യത്വശക്തികളും ഇന്ത്യയടക്കമുള്ള അവരുടെ സഖ്യരാജ്യങ്ങളും ഇന്നും ആഗോളമായി പിന്തുടരുന്നത്. ഭൂബന്ധങ്ങളും, ഉടമസ്ഥവകാശങ്ങളും ആഗോളമായി, ഏകപക്ഷീയമായി തീരുമാനിച്ചുകൊണ്ടിരിക്കുന്ന ആ അമേരിക്കയാണ് ഇന്ത്യയിൽ നടത്തേണ്ടുന്ന അധികാരപുന:സ്സംഘടനയെക്കുറിച്ച് ഇന്ത്യക്ക് സ്റ്റഡിക്ലാസ്സുകൾ എടുക്കുന്നത്. മാവോയിസ്റ്റ് അസ്വസ്ഥതകൾക്കുള്ള പരിഹാരത്തിന്റെ കുറിപ്പടികൾ തരുന്നത്. നല്ലബുദ്ധി എവിടെനിന്നായാലും സ്വീകരിക്കുന്നതിൽ തെറ്റില്ല. പക്ഷേ നല്ലബുദ്ധിയെന്ന പേരിൽ ഇന്ന് ഇവിടെ അരങ്ങേറുന്നത്, ഗോത്രവർഗ്ഗമേഖലകളെ ചുളുവിൽ തട്ടിയെടുക്കാനും വീതം വെക്കാനും, അതുവഴി, അവിടങ്ങളിലുള്ള ഭൂസമരങ്ങളെയും പ്രസ്ഥാനങ്ങളെയും ഒതുക്കാനുമുള്ള അജണ്ടകളാണ്. ഒറ്റവെടിക്ക് ഒന്നിലേറെ പക്ഷികൾ. പ്രത്യേകസാമ്പത്തികമേഖലകളുടെയും സ്വതന്ത്രസാമ്പത്തികമേഖലകളുടെയും പിന്നിലുള്ളത് ഇതേ ലക്ഷ്യങ്ങൾതന്നെയാണ്. അതിന്റെ പ്രായോജകരുടെ ഉപദേശത്തിനു ചെവികൊടുക്കാനാണ്, അതിന്റെ നടത്തിപ്പുകാരോട് ബദ്രി റൈന ആവശ്യപ്പെടുന്നത്.

മാവോയിസ്റ്റു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അമേരിക്കൻ കുറിപ്പടിയിലെ വാചകങ്ങൾ നോക്കൂ...dismantle feudal structures of power..give up the police / militarist approach..return what belongs to the tribals, and encourage the politics of inclusive control and participation in good faith... അമേരിക്ക ഇതൊക്കെ എന്നേ നടപ്പാക്കിക്കഴിഞ്ഞു. ജന്മിത്ത്വത്തിന്റെ അധികാര ഘടനകക്കുപകരം സാമ്രാജ്യത്വത്തിന്റെ പുതിയ ഘടന സ്ഥാപിച്ചു. പൊതുജീവിതത്തിന്റെ സമസ്തമേഖലയിൽനിന്നും പോലീസിനെയും സൈന്യത്തെയും നിർമ്മാർജ്ജനം ചെയ്തുകഴിഞ്ഞു. കയ്യേറിയ രാജ്യങ്ങളിലെല്ലാം ജനാധിപത്യം പുനസ്ഥാപിച്ചു തദ്ദേശീയർക്ക് തിരിച്ചുകൊടുത്തു. പണ്ടത്തെ റെഡ് ഇന്ത്യക്കാരനെയും അവന്റെ കാട്ടുപോത്തുകളെയും അവർക്കവകാശപ്പെട്ട മണ്ണിലേക്ക് തിരിച്ചയച്ചു. വിയറ്റ്‌നാം മുതൽ ഇങ്ങ് ലിബിയ വരെയുള്ള നിരവധി രാജ്യങ്ങളിലെ പാവപ്പെട്ട സിവിലിയന്മാർക്കും അവർക്കവകാശപ്പെട്ട മണ്ണ് തിരിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ സ്വന്തം ഇന്ത്യയും ഏറെക്കുറെ ഇതേ പാതയിൽത്തന്നെയാണ്. ബിനായക് സെന്നിനെപ്പോലുള്ള മനുഷ്യാവകാശപ്രവർത്തകരെ സുരക്ഷിതമായി ജയിലിൽ പാർപ്പിക്കുന്നു. ഗോത്രമേഖലയിലെ അസ്വസ്ഥതകൾക്ക് കാരണക്കാരായ ഗ്രാമങ്ങളെയും, അതിലെ മനുഷ്യജീവികളെയും മുഴുവൻ അഗ്നിശുദ്ധിചെയ്ത് മോചിപ്പിക്കുന്നു. അന്താരാഷ്ട്ര കായികമാമാങ്കങ്ങളുടെ പേരിൽ പതിനായിരക്കണക്കിനാളുകളെ കുടിയിറക്കി അവർക്കവകാശപ്പെട്ട തെരുവുകൾ നൽകുന്നു. ഒരേതൂവൽ‌പ്പക്ഷികൾ.. എന്തൊരു മുടിഞ്ഞ രാഷ്ട്രനൈതികത!! 

അവർക്കിടയിൽ ഹസ്തദാനത്തിനും ചായസൽക്കാരത്തിനും ധാരാളം ഇടം ബാക്കിയുണ്ട്.  അവർക്കും നമുക്കുമിടയിൽ അതിനുള്ള സമയമായിട്ടില്ല ബദ്രി സാബ്.

2 comments:

Rajeeve Chelanat said...

ടീ പാർട്ടികളിലെ ഇടങ്ങൾ

ജനശക്തി said...

ആംഗലേയപദങ്ങള്‍ ശരിയാക്കുമല്ലോ..അതും യൂണിക്കോഡ് മലയാളമായി വന്നിരിക്കുന്നു. മലയാളത്തോട് ഇത്ര പ്രേമം വേണ്ട രാജീവേ..:)