Wednesday, May 11, 2011

ഇടതിന്റെ ഇടങ്ങള്‍എൽ.ഡി.എഫിന്റെ ഔപചാരികമായ വിജയാഘോഷത്തിന് ഇനി കേവലം ഒരു ദിവസം കൂടി കാത്തിരിക്കുക.

ഇടതുകയ്യിലെ ചൂണ്ടുവിരലിൽ മഷിമുക്കി മലയാളികൾ ഏപ്രിൽ 13-ന് വിധിനിർണ്ണയിച്ചതിനും ഏറെ മുൻപുതന്നെ എൽ.ഡി.എഫിന്റെ വിജയം സുനിശ്ചിതമായിരുന്നു.

നായന്മാരും ധർമ്മപരിപാലനക്കാരും സനാതനക്കാരും സഭയും, തങ്ങളുപ്പാപ്പമാരും, സ്വാശ്രയക്കാരും, പൊതുഭൂമി കയ്യേറി കൈവശം വെച്ച് നുണഞ്ഞിരിക്കുന്ന ഭൂമാഫിയകളും, സർക്കാരാപ്പീസുകളിൽ സമയബന്ധിതമായി പണിയെടുക്കാൻ നിർബന്ധിതരായ ഉദ്യോഗസ്ഥവൃന്ദങ്ങളും, ഭാഷാസാഹിത്യങ്ങളിൽ മാത്രം ഇത്രനാളും രമിച്ചിരുന്ന്, ഒരു സുപ്രഭാതത്തിൽ തൊട്ടടുത്ത അങ്ങാടിയിൽനിന്ന് രാഷ്ട്രീയകാൽ‌പ്പനികബോധം വിലക്കുവാങ്ങിക്കുന്ന സാംസ്ക്കാരിക കൊമ്പനാനകളും, താത്ക്കാലികമായ വെടിനിർത്തലിൽ ഒപ്പുവെച്ച് ഇടതിനെതിരെ ഒരുമിച്ച് പടക്കിറങ്ങിയ മാധ്യമ-ചാനലുകളും എല്ലാം ഒരേ അക്ഷൌഹിണിയുടെ വിവിധമുഖങ്ങളിൽ സർവ്വായുധങ്ങളുമായി സജ്ജരായി നിൽക്കുമ്പോൾ, അവർക്കെതിരെ
ഒറ്റക്കു നിന്ന് പൊരുതാനിറങ്ങുന്നവനെ തോൽ‌പ്പിക്കാൻ ഒരു തിരഞ്ഞെടുപ്പുവിധിക്കും കഴിയില്ല.

വിദ്യാഭ്യാസ-ആരോഗ്യ-ധനവിനിയോഗ രംഗങ്ങളിൽ, ഇക്കഴിഞ്ഞ അഞ്ചുകൊല്ലക്കാലയളവിൽ, കേരളത്തിലെ ഇടതുപക്ഷത്തിന് ചെറുതല്ലാത്ത കാൽ‌വെപ്പുകൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. ലക്ഷ്യങ്ങളെല്ലാം സഫലമായി എന്നല്ല പറഞ്ഞുവരുന്നത്. വിട്ടുവീഴ്ചകളും നീക്കുപോക്കുകളും ഉണ്ടായിട്ടുമുണ്ട്. എങ്കിലും ലക്ഷ്യങ്ങൾ സഫലമാവുകയോ അല്ലാതാവുകയോ ചെയ്യുന്നതിന്റെ ഉത്തരവാദിത്ത്വം പൂർണ്ണമായി പാ‍ർട്ടികളിൽ കെട്ടിവെക്കുന്ന ഒരു സമൂഹത്തിന് ഒരു മാപ്പുസാക്ഷിയുടെ അതേ സ്വഭാവമാണ്. തെറ്റുകള്‍ക്ക് കൂട്ടുനിന്ന് ഒടുവിൽ കൂടെ നിന്നവനെ ബലികൊടുത്ത് സ്വന്തം തടി രക്ഷിക്കുന്ന മാപ്പുസാക്ഷിയുടെ സ്വഭാവം. 59 മുതൽ ഇന്നുവരെ, ഇടതുപക്ഷം ഭരണത്തിലിരുന്നപ്പോഴെല്ലാം മലയാളി സമൂഹം പുലർത്തിയിരുന്ന മനോഭാവവും അത്തരത്തിലുള്ള ഒന്നായിരുന്നു. വിമോചനസമരം മുതലിങ്ങോട്ട് മലയാളിയുടെ ‘രാഷ്ട്രീയപ്രബുദ്ധത‘യുടെ ആ കൊടിയടയാളങ്ങൾ ഒന്നൊന്നായി കാണാൻ കഴിയും. അടിയന്തിരാവസ്ഥക്കുശേഷം 77-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിലായിരുന്നു അതിന്റെ കലാശക്കൊട്ട്.

പത്തുകൊല്ലത്തിലൊരിക്കല്‍ മാത്രം തങ്ങളെ ഭരിക്കാന്‍ ഇടതിനു ജനസമ്മതി ദാനം ചെയ്ത് പ്രബുദ്ധനാകുന്ന മലയാളിക്ക് തൊലിപ്പുറമേയുള്ള പരിഷ്ക്കാരങ്ങളെ മാത്രമേ വേണ്ടൂ. എസ്റ്റാബ്ലിഷ്മെന്റിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന, അതിന്റെ അധികാരസമവാക്യങ്ങളെ മാറ്റാന്‍ മുതിരുന്ന ശ്രമങ്ങളെ അവനു പേടിയാണ്. ഇടതിന്റെ ഓരോ അഞ്ചുകൊല്ലത്തെയും വലതിന്റെ അടുത്ത അഞ്ചുകൊല്ലം കൊണ്ട്  മായ്ക്കാന്‍ അവന്‍ ജാഗരൂകനാണ്. മറ്റെന്തില്‍ ഉപേക്ഷ കാണിച്ചാലും ഇക്കാര്യത്തിലവന്‍ അലംഭാവം കാണിക്കില്ല.

മലയാളിയുടെ ഈ മനശ്ശാസ്ത്രം മനസ്സിലാക്കി, അതിനൊത്ത് ചിലപ്പോഴെങ്കിലും താളം തുള്ളിയെന്ന, പൊറുക്കാനാകാത്ത, ചെറുതല്ലാത്ത പാകപ്പിഴ ഇടതുപക്ഷത്തിനും സംഭവിച്ചു. പ്രത്യേകിച്ചും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, വ്യവസായ തൊഴില്‍  രംഗങ്ങളിലും, മുന്നണിയില്‍ തങ്ങളുടെ രാഷ്ട്രീയ ബാന്ധവങ്ങള്‍ നിര്‍വ്വചിക്കുന്നതിലും. സോവിയറ്റ് റഷ്യയുടെയും കിഴക്കന്‍ യൂറോപ്പിന്റെയും തകര്‍ച്ചയോടെ വന്ന ആഗോളസാഹചര്യങ്ങളോടൊപ്പം, ഇടതുപക്ഷത്തിന്റെ ഈ പാകപ്പിഴകളും, മലയാളി സമൂഹത്തിലെ പുതിയ തലമുറയുടെ അരാഷ്ട്രീയവത്ക്കരണത്തിനു കാരണമായിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ്, കൂടുതല്‍ ശക്തമായ, പ്രായോഗികമായ ഇടതുനിലപാടുകളിലേക്ക് കേരളത്തിലെ ഇന്നത്തെ ഇടതുപക്ഷം നീങ്ങിയത്  ഈയടുത്തകാലത്താണ്. ആ നിലപാടുകള്‍ക്കാകട്ടെ, ഏറെക്കുറെ സുസ്ഥിരമായ ഒരു സ്വഭാവവും കാണാനാകുന്നുണ്ട്. ഒരു കലങ്ങിത്തെളിയല്‍. ഇതുവരെയില്ലാത്ത ഒരു തെളിമ, വ്യക്തത.

അടുത്ത അഞ്ചുകൊല്ലം അതിനെ ഇല്ലാതാക്കാനാണ് ആഗോള-പ്രാദേശിക മലയാളികള്‍ കഴിഞ്ഞ മാസം വിരലില്‍ മഷി ചാര്‍ത്തിയത്. അവരെഴുതിയ വിധി എന്തെന്നറിയാന്‍ ഇനിയും ഒരു ദിവസം കൂടി കാത്തിരിക്കുക.

വിജയവും പരാജയവുമെല്ലാം, തിരഞ്ഞെടുപ്പ് സീസണില്‍ മാത്രം വിളയുന്ന വലതുപക്ഷ തകരകള്‍ക്കുള്ളത്.

ഇടതുപക്ഷത്തിനാകട്ടെ, ആ വിധി എന്തുതന്നെയായാലും  അതൊരു വിജയം തന്നെയായിരിക്കും. തീര്‍ച്ച. കാരണം, മേല്‍പ്പറഞ്ഞ ഒരു സമൂഹത്തിലെ ഒറ്റതിരിഞ്ഞ നിലനില്‍പ്പുതന്നെ ഇടതുപക്ഷത്തിന്റെ വിജയത്തിന്റെ സൂചനയാണ്. എതിര്‍പക്ഷത്തിന്റെ ആള്‍ബലം തന്നെ, ഇടതിന്റെ അജയ്യമായ ശക്തിയുടെ തെളിവാണ്. ഇടതിനെ സംബന്ധിച്ചിടത്തോളം ഓരോ തിരഞ്ഞെടുപ്പിലെ വിജയവും വെല്ലുവിളികളാണ്; പരാജയങ്ങള്‍ വിജയങ്ങളും. 

6 comments:

Rajeeve Chelanat said...

ഇടതിന്റെ ഇടങ്ങള്‍

Anonymous said...

Nale entha ugandakku pokuvaano?hahahahhahhahahahahhah

Dreams Dreams
swpangngal swapnangale ningal swargakumarkikalallo ningngalee bhoomiyil illaayirunnenkil nischalam soonyamee lokam

Anonymous said...

Well said Rajeev. Pseudo lefts should read this.

Bijoy

അനില്‍@ബ്ലോഗ് // anil said...

ഇലക്ഷന്‍ റിസള്‍ട്ട് എന്തായാലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കാനില്ല.
വിജയിക്കാനായാല്‍ അത് മഹത്തായ ഒരു സംഭവവും ആയിരിക്കും. എല്ലാ കുതികാല്‍ വെട്ടികളെയും ഒന്നിച്ചു എതിര്‍ക്കെന്റി വന്ന തിരഞ്ഞ്ഞ്ഞടുപ്പെന്ന നിലയില്‍ രേഖപ്പെടുത്തന്ട ഒന്നും ആയിരിക്കും ഈ തിരഞ്ഞെടുപ്പ്.

ramachandran said...

വിജയവും പരാജയവുമെല്ലാം, തിരഞ്ഞെടുപ്പ് സീസണില്‍ മാത്രം വിളയുന്ന വലതുപക്ഷ തകരകള്‍ക്കുള്ളത്.

ഇടതുപക്ഷത്തിനാകട്ടെ, ആ വിധി എന്തുതന്നെയായാലും അതൊരു വിജയം തന്നെയായിരിക്കും. തീര്‍ച്ച. കാരണം, മേല്‍പ്പറഞ്ഞ ഒരു സമൂഹത്തിലെ ഒറ്റതിരിഞ്ഞ നിലനില്‍പ്പുതന്നെ ഇടതുപക്ഷത്തിന്റെ വിജയത്തിന്റെ സൂചനയാണ്. എതിര്‍പക്ഷത്തിന്റെ ആള്‍ബലം തന്നെ, ഇടതിന്റെ അജയ്യമായ ശക്തിയുടെ തെളിവാണ്. ഇടതിനെ സംബന്ധിച്ചിടത്തോളം ഓരോ തിരഞ്ഞെടുപ്പിലെ വിജയവും വെല്ലുവിളികളാണ്; പരാജയങ്ങള്‍ വിജയങ്ങളും.

100 ശതമാനം യോജിക്കുന്നു

:)

Rajeeve Chelanat said...

ബ്ലോഗ്ഗറുടെ കുത്തിത്തിരുപ്പു കാരണം ഈ പോസ്റ്റിലെ ചില കമന്റുകൾ പതിമ്മൂന്നാം തീയ്യതി മുതൽ അപ്രത്യക്ഷമായിരിക്കുന്നു. 12-ന് രാത്രി വരെ അവയെ ഇവിടെ കണ്ടതാണ്.

Suseelan has left a new comment on your post "ഇടതിന്റെ ഇടങ്ങള്‍":

Nale entha ugandakku pokuvaano? hahahahhahhahahahahhah

Dreams Dreams
swpangngal swapnangale ningal swargakumarkikalallo ningngalee bhoomiyil illaayirunnenkil nischalam soonyamee lokam

Anonymous has left a new comment on your post "ഇടതിന്റെ ഇടങ്ങള്‍":

Well said Rajeev. Pseudo lefts should read this.

Bijoy

അനില്‍@ബ്ലോഗ് // anil has left a new comment on your post "ഇടതിന്റെ ഇടങ്ങള്‍":

ഇലക്ഷന്‍ റിസള്‍ട്ട് എന്തായാലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കാനില്ല. വിജയിക്കാനായാല്‍ അത് മഹത്തായ ഒരു സംഭവവും ആയിരിക്കും. എല്ലാ കുതികാല്‍ വെട്ടികളെയും ഒന്നിച്ചു എതിര്‍ക്കെന്റി വന്ന തിരഞ്ഞ്ഞ്ഞടുപ്പെന്ന നിലയില്‍ രേഖപ്പെടുത്തന്ട ഒന്നും ആയിരിക്കും ഈ തിരഞ്ഞെടുപ്പ്.