Wednesday, June 15, 2011

പുരുഷാർത്ഥം


ഒളിക്യാമറയും മാധ്യമങ്ങളും ഈശ്വരന്റെ ലീലാവിലാസവുമുണ്ടെങ്കിൽ എന്താണ് അസാധ്യമായിട്ടുള്ളത്. എത്ര വലിയ കള്ളനെയും കൊലപാതകിയെയും കയ്യോടെ പിടിക്കാം. അത് യൂട്യൂബിലിട്ട് പോലീസിനെ ഏൽപ്പിക്കുക. പോലീസിന്റെ ഭാഗ്യമാണ് ഭാഗ്യം. കള്ളന്റെ വീഡിയോചിത്രം തന്നെ കയ്യിൽ വരുന്നു. അയാൾ മോഷ്ടിച്ച മൊബൈലിൽനിന്നുതന്നെ അയാളെ ‘സമർത്ഥമായി’ വേട്ടയാടി വലയിൽ കുരുക്കുന്നു.

പോലീസ് കള്ളനെ പിടിച്ചതുകൊണ്ട് മാത്രം ഉത്തരവാദിത്ത്വം അവസാനിക്കുന്നില്ല. അതിന്റെ മുഴുനീള വിവരണം കൊടുക്കാൻ ഡെയ്ലി മലയാള മാധ്യമങ്ങളും ആവശ്യാനുസരണം വേണം. അതില്ലാതെ പിന്നെ എന്തു പഞ്ച്? മേമ്പൊടിക്ക് പിന്നെ, കള്ളന്റെ പഴയ കാല വീരപരാക്രമങ്ങളും, കള്ളനാവാൻ അയാളെ പ്രചോദിപ്പിച്ച സിനിമയെക്കുറിച്ചും നായകന്മാരെയുംകുറിച്ചും, മർമ്മത്തും അല്ലാതെയും അയാൾക്കു കിട്ടിയ ചവുട്ടുകളെക്കുറിച്ചും ചുരുങ്ങിയത് രണ്ടുപുറത്തിൽ കവിയാതെയുള്ള ഉപന്യാസജീർണ്ണലിസവും.

ദൈവത്തിന്റെ സ്വന്തം പുന്നാരമക്കൾക്ക് അത്രയെങ്കിലുമൊക്കെ ആസ്വദിക്കാനും രസിക്കാനും അവകാശമുണ്ട്. അതുകൊണ്ട് കണ്ടുരസിക്കുക. ലിങ്ക് തന്ന് ഒരു കള്ളനെക്കൂടി നിങ്ങൾക്ക് ചൂണ്ടിക്കാട്ടി വിളമ്പിത്തരാൻ തത്ക്കാലം മനസ്സില്ല. വേണമെങ്കിൽ സ്വയം ആയിക്കൊള്ളുക.

പുരുഷുവിനെപ്പോലുള്ള കള്ളന്മാരെ സ്നേഹിക്കാതിരിക്കുന്നതെങ്ങിനെ? വലിയ വലിയ കള്ളന്മാർ നമുക്കിടയിൽ തന്നെ എത്രയെണ്ണമുണ്ട്? പൊതുമുതൽ കട്ടുമുടിക്കുകയും കൈയ്യിട്ടുവാരുകയും ചെയ്യുന്ന ഇതിലും കൂടിയ വലിയ കള്ളന്മാർ. അവരെയൊന്നും കുടുക്കാൻ പറ്റിയ ഒളിക്യാമറകളും യൂട്യൂബുകളും നമുക്കില്ലാതെ പോയത് എത്ര ഭാഗ്യമായി!!

ഗ്രാമിന് 2075 രൂപ നിരക്കിൽ വിലയുയരുമ്പോഴും അക്ഷയതൃതീയക്കും, മക്കളുടെ മംഗല്യമാമാങ്കങ്ങൾക്കും, സ്വന്തം പൊങ്ങച്ചത്തിനും വേണ്ടി സ്വർണ്ണം വാരിക്കൂട്ടുന്ന മന്ദബുദ്ധികളായ മലയാളികൾക്കുവേണ്ടി, പതിനാലു ജില്ലകളിലും ചുരുങ്ങിയത് ഒരു പുരുഷുവെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കിലോക്കണക്കിനു സ്വർണ്ണം വാങ്ങിച്ചു കുമിച്ചുകൂട്ടുന്ന വീടുകൾക്കും, പൊന്നിനും പണത്തിനുമൊപ്പം പരസ്പരം തട്ടിച്ചുനോക്കി വിലയിടുന്ന മക്കൾക്കും തന്തതള്ളമാർക്കും പേടിസ്വപ്നമായി ഇനിയും പുതിയ പുരുഷുമാർ ഉണ്ടാകട്ടെ.

ഒളിക്യാമറകളുടെ സാധ്യതകളെയും നമ്മൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. സാധുക്കളും നിരുപദ്രവികളുമായ ചെറിയ പുരുഷുമാരെ പിടിക്കാനും, നീരാടുകയും മൂത്രമൊഴിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ ഗുഹ്യഭാഗങ്ങൾ കണ്ടാനന്ദിക്കാനും മാത്രമാവരുത് ആ ഒളികണ്ണുകൾ. അരമനകളിലും ആശ്രമങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ജനാബുമാരുടെ കോട്ടകൊത്തളങ്ങളിലും, പൊതുജനത്തിന്റെ പണം കക്കാനും, ഇടനിലപ്പണം ഉറപ്പിക്കാനും കൈമാറാനും ഇടയുള്ള ഇടങ്ങളിലും, കാരാഗൃഹങ്ങളിലും, നേരമ്പോക്കിനുള്ള റിസോർട്ടുകളിലും എല്ലാം വേണം ഒളിക്യാമറകൾ.

അപ്പോൾ വിവരമറിയും. പ്രഭാതസവാരിക്കിടയിൽ മണൽ ലോറി കയറിയും, നീന്തിക്കുളിക്കുമ്പോൾ പുഴയിൽ മുങ്ങിത്താണും, തൊടിയിലോ തോട്ടത്തിലോ കിണറ്റിലോ തീവണ്ടിപ്പാളത്തിലോ ചത്തു പുഴുവരിച്ചോ കിടക്കാനും ഭാഗ്യമുണ്ടെങ്കിൽ യോഗമുണ്ടാകും.

അതുകൊണ്ട് നമുക്ക് രസമുള്ള ചെറിയ ചെറിയ കളികൾ മതി. കള്ളനും പോലീസോ, സാറ്റോ, ഓടിത്തൊട്ടോ അങ്ങിനെ എന്തെങ്കിലും ചെറിയ കളികൾ.

2 comments:

Rajeeve Chelanat said...

പുരുഷാർത്ഥം

Anonymous said...

നിരവധി പ്രായപൂര്‍ത്തി അവതതും ആയതും ആയ പെണ്ണുങ്ങളെ ഉപോയോഗിച്ചു അധികാരത്തിന്റെയും പടച്ചവന്റെയും പേരില്‍ കാമപൂര്‍ത്തി വരുത്തുന്ന മൂരി കുട്ടന്മാര്‍ക്കുള്ള സ്വതന്ത്ര പരമാധികാര രാജിയമാണ് കേരളം .അവരാണ് രാജാവും മന്ത്രിയും പ്രജയും എല്ലാം ...ഇനിയും ജനാധിപതിയം നീണാള്‍ വാഴട്ടെ... , പെണ്ണിന്റെ തുണികള്‍ ഉരിയട്ടെ ... മാനവും മരിയാദയും കാശിക്കു പോകട്ടെ...ജയ ജയ ജയ കേരള ധരണി ... മാമക താവക പൂജിത ജനനി ... !