Monday, November 26, 2012

ക്ലാ‍സ്സുമുറികള്‍


ഒന്നില്‍ പഠിക്കുമ്പോഴാണത്. എറണാകുളത്തെ സെന്റ് തെരേസാസ് കോണ്‍‌വെന്റ് സ്കൂളില്‍. അന്നൊക്കെ നാലാം ക്ലാസ്സ് വരെ ആണകുട്ടികള്‍ക്കും അവിടെ പ്രവേശനമുണ്ടായിരുന്നു. ഇന്നുണ്ടോ എന്നറിയില്ല. സിസ്റ്റര്‍ ലൂസിയയായിരുന്നു അന്ന് പ്രിന്‍സിപ്പാള്‍. അവരെക്കുറിച്ച് പിന്നെ വായിക്കുന്നത് ‘ലന്തന്‍ബത്തേരിയിലെ ലുത്തിനിയക’ളിലാണ്. അന്നത്തെ സിസ്റ്റര്‍ ലൂസിയയും ലന്തന്‍ബത്തേരിയിലെ സിസ്റ്റര്‍ ലൂസിയയും ഒരാള്‍ തന്നെയാ‍ണോ എന്നൊന്നും ഉറപ്പില്ല. നടന്ന കഥയുടെയും വായിച്ച കഥയുടെയും കാലഘട്ടംവെച്ച് നോക്കുമ്പോള്‍ രണ്ടും ഒരാള്‍ തന്നെയായിരിക്കണം.

പഠിക്കേണ്ടതെല്ലാം ക്ലാസ്സുമുറിക്ക് പുറത്താണെന്ന തത്ത്വചിന്ത അന്നേ ഉള്ളിലുണ്ടായിരുന്നതുകൊണ്ടാണോ, അതോ, അങ്ങു ദൂരെദൂരെ ഫ്രാന്‍സില്‍ 60-കളില്‍ നടന്നുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിന്റെ ഒരു ചെറിയ അല, ഇങ്ങ്, കൊച്ചിയിലെ സെന്റ് തെരേസാസ് കോണ്‍‌വെന്റിലെ ഒന്നാം ക്ലാസ്സുകാരന്റെ സിരകളില്‍ കാണാത്ത സരസ്വതിയായി ഒഴുകിയിരുന്നതുകൊണ്ടാണോ എന്നുമറിയില്ല, പഠിത്തത്തിനോട് അന്നും വലിയ താത്പര്യമൊന്നുമില്ലായിരുന്നു. അറുപതികളിലൊക്കെ അന്നത്തെ അഞ്ചാംവയസ്സുകാരിലും അത്തരം ഫിലോസഫിക്കും ടെലിപ്പതിക്കും സ്കോപ്പുണ്ടായിരുന്നു.

പഠിത്തത്തിനോടുള്ള താത്പര്യക്കുറവിനുപുറമെ കോണ്‍‌വെന്റിലെ മിസ്സുമാരെയും നല്ല പേടിയായിരുന്നു. ക്ലാസ്സ് ടീച്ചറെയായിരുന്നു ഏറ്റവുമധികം പെടി. വിക്ടോറിയ എന്നായിരുന്നു അവരുടെ പേര്‍. കറുത്ത് മെലിഞ്ഞ്, ഉയര്‍ന്ന താടിയെല്ലുകളും, കഴുകന്റെ കൊക്കുകളെ ഓര്‍മ്മിപ്പിക്കുന്ന മൂക്കും, ചപ്രത്തലമുടിയുമായി, സദാ കോപം തുളുമ്പിനില്‍ക്കുന്ന ആ മുഖവും ഇപ്പോഴും എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ക്ലാസ്സിലെ മറ്റു ചില മുഖങ്ങളും മായാതെ ഉള്ളിലുണ്ട്. കൃഷ്ണന്‍, മാത്യു, പട്ടാബി, ശാന്തി. പിന്നെ രണ്ടു പ്രത്യേ മുഖങ്ങളും. ഒന്ന്, അനിത്. പഴയകാല മലയാള സിനിമയിലെ ആ ദുരന്തനായിക മിസ്സ്.കുമാരിയുടെ മകള്‍. മിസ്സ്.കുമാരി ആത്മഹത്യ ചെയ്തതിന്റെ ചൂടാറിയിട്ടില്ല അന്ന്. അതുകൊണ്ടായിരിക്കണം, കോണ്‍‌വെന്റിലെ ടീച്ചര്‍മാരുടെയും ആ കഥ കേട്ടിരുന്ന ചില കുട്ടികളുടെയും സഹതാപപാത്രമായിരുന്നു അനിത. നാലാം ക്ലാസില്‍ വെച്ച് തമ്മില്‍ പിരിയുന്നതുവരെ ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല അനിതയെ. പിന്നെ ഒരാള്‍ ഉണ്ണിമേരിയായിരുന്നു. സുന്ദരിയും പ്രസന്നവതിയുമായിരുന്നു ഉണ്ണിമേരി. “ഗംഗാസംഗമ’ത്തിലൂടെ സിനിമയില്‍ പ്രവേശിക്കുന്നതിനുമുന്‍പുള്ള ഉണ്ണിമേരി.

പറഞ്ഞുവന്നത് അതൊന്നുമല്ല. ആ ദിവസത്തെക്കുറിച്ചായിരുന്നു. ജീവിതത്തിലെ ആദ്യത്തെ ഭീകര സംഭവം നടന്ന ആ ദിവസത്തെക്കുറിച്ച്. രാവിലെ മുതല്‍ ടീച്ചര്‍മാര്‍ (മിസ്സ് എന്നായിരുന്നു അവരെല്ലാം വിളിക്കപ്പെട്ടിരുന്നത്) ശബ്ദമുയര്‍ത്താതെ കുശുകുശുക്കുന്നുണ്ടായിരുന്നു. അടുത്തടുത്ത് വരുന്ന ഏതോ അപകടത്തെ പ്രതീക്ഷിച്ചെന്നവണ്ണം. റോഡില്‍നിന്ന് അധികം ദൂരമില്ല ഞങ്ങളുടെ ക്ലാസ്സുമുറിയിലേക്ക്. റോഡിലൂടെ പോകുന്നവരെയും ഇരമ്പിപ്പായുന്ന വാഹനങ്ങളെയും ഒരുവിധം നന്നായി കാണാം.

ഒരു തണുപ്പുപോലെ, ടീച്ചര്‍മാരുടെ പരിഭ്രമവും ആശങ്കയും ഞങ്ങള്‍ കുട്ടികളിലേക്കും പകരുന്നുണ്ടായിരുന്നു. അധികം ബഹളമില്ല. കളിചിരിവര്‍ത്തമാനങ്ങളില്ല. തൊട്ടടുത്തുള്ള ക്ലാസ്സുമുറികള്‍ക്കു മുന്നിലെ ടീച്ചര്‍മാരും ഒച്ച താഴ്ത്തി സംസാരിക്കുന്നു. റോഡിലേക്ക് നോക്കുന്നു. പിന്നെ ആശങ്കയോടെ ഞങ്ങളുടെ പരിഭ്രമം മുറ്റിയ മുഖങ്ങളിലേക്കും

എവിടെനിന്നോ ഒരു ഇരമ്പല്‍ കേള്‍ക്കുന്നുണ്ട്. അത് കൂടിക്കൂടി വരുന്നു. വിക്ടോറിയ ടീച്ചര്‍ ഓടിവന്ന് ജനലുകളും വാതിലുകളും പകുതി ചാരി. മറ്റു ക്ലാസ്സുമുറികളിലും ജനലുകളും വാതിലുകളും പാതി ചാരുന്നത് കണ്ടു. വിക്ടോറിയ ടീച്ചര്‍ ഉള്ളിലേക്ക് വന്നു.

“ആരും ശബ്ദമുണ്ടാക്കരുത്. കുട്ടികളെ കൊല്ലുന്ന ആളുകള്‍ വരുന്നുണ്ട്. പേടിക്കേണ്ട. ഞാന്‍ പുറത്തുണ്ട്”. ടീച്ചര്‍ പറഞ്ഞു.

ഞങ്ങള്‍ കുട്ടികളെല്ലാം വിരണ്ടുപോയി. ശാന്തി നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു. ടീച്ചര്‍‌മാരുടെ ഓമന. “മിസ്സ് പുറത്തു പോകരുത്” എന്ന് പറഞ്ഞ് അവള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ഉണ്ണിമേരിയും, മറ്റു ചില പെണ്‍‌കുട്ടികളും അവള്‍ക്ക് കോറസ്സിട്ടു.

ചാരിയ വാതില്‍പ്പാളിയിലൂടെയും ജനലുകളിലൂടെയും ഞങ്ങള്‍ ചിലര്‍ എത്തിനോക്കി. സിസ്റ്റര്‍ ലൂസിയ എന്തും നേരിടാന്‍ തയ്യാ‍റായ മുഖഭാവത്തോടെ പുറത്ത് ഉലാത്തുന്നു. വയസ്സായ വാച്ച്‌മാന്‍ ഓടിപ്പോയി കോണ്‍‌വെന്റിന്റെ പ്രധാന വാതിലുകളെല്ലാം താഴിട്ടുപൂട്ടുന്നത് ഞങ്ങള്‍ക്കു കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.

ആദ്യം കേട്ട ഇരമ്പല്‍ ഇപ്പോള്‍ വലിയൊരു കടലിരമ്പമായി മാറി. ഉച്ചത്തിലുള്ള ആരവം താളാത്മകമായി മുഴങ്ങുന്നു. പിന്നെ ആ കാഴ്ച കണ്ടു. ചുവന്ന ഉടുപ്പിട്ട ആളുകള്‍ വരിവരിയായി ശബ്ദഘോഷത്തോടെ റോഡിനെ ചവുട്ടിമെതിച്ച് കടന്നുവരുന്നു. അവരുടെ കയ്യില്‍ ചെങ്കൊടി. ആ ആള്‍നിര അവസാനിക്കുന്നതേയില്ല. വരിവരിയായി അതങ്ങിനെ പോവുന്നു, ഒരവസാനവുമില്ലെന്ന മട്ടില്‍. ബാന്‍‌ഡ് മേളത്തിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും. ആരോ വിളിച്ചുപറഞ്ഞുകൊടുക്കുന്ന എന്തോ അട്ടഹാസം പതിനായിരം കണ്ഠങ്ങള്‍ ഏറ്റു ചൊല്ലുന്നു.

എത്ര സമയം അങ്ങിനെ കഴിഞ്ഞുവെന്ന് ഓര്‍മ്മയില്ല. ആ ജാഥ അങ്ങിനെ നീങ്ങിപ്പോയി. റോഡ് പഴയ നിലയിലായി. വാഹനങ്ങളും കാല്‍‌‌നടക്കാരും അവരുടെ നിതാന്തമായ യാത്രകള്‍ ആരംഭിച്ചു. വിക്ടോറിയ ടീച്ചര്‍ ക്ലാസ്സിലേക്ക് കയറിവന്നു. മറ്റു ടീച്ചര്‍‌മാരും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി. സിസ്റ്റര്‍ ലൂസിയ അപ്പോഴും മുറ്റത്ത് ഉലാത്തുന്നുണ്ടായിരുന്നു.

കരഞ്ഞു ചീര്‍ത്ത കണ്ണുകളുമായി അപ്പോഴും പേടിയും വിറയും വിട്ടിട്ടില്ലാത്ത ശാന്തി ടീച്ചറിനോടൊട്ടി നിന്നു.

“കമ്മ്യൂണിസ്റ്റുകളായിരുന്നു. ഇനി പേടിക്കേണ്ട. അവരു പോയി”, വിക്ടോറിയ ടീച്ചര്‍ ശാന്തിയേയും ഒപ്പം ഞങ്ങളെയും ആശ്വസിപ്പിച്ചു.

 അങ്ങിനെ, ജീവിതത്തിലാദ്യമായി, “കുട്ടികളെ കൊല്ലുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന  ചുവന്ന ഉടുപ്പിട്ട കമ്മ്യൂണിസ്റ്റു’കാരെ കണ്ടു.

ഒരു കുട്ടിയെയും ടീച്ചറെയും അവര്‍ കൊന്നില്ല. ഞങ്ങളുടെ ടീച്ചര്‍മാര്‍ ചിലര്‍ ചെയ്യുന്ന ചൂരല്‍‌പ്രയോഗം പോലും ആ ‘ഭീകരര്‍’ ചെയ്തില്ല. ഒരു കുട്ടിയോ ടീച്ചറോ ചാവുക പോയിട്ട് ‘മിസ്സ്’ആവുകപോലും ചെയ്തില്ല.

അന്നത്തെ ആ ജാഥയുടേതിനേക്കാള്‍ ശബ്ദമുഖരിതമായി, വര്‍ണ്ണപ്പകിട്ടോടെ, വാദ്യമേളത്തോടെ കാലം കടന്നുപോയി. അന്ന് ആ ക്ലാസ്സിലുണ്ടായിരുന്ന കുട്ടികള്‍ നാലാം‌ക്ലാസ്സിനുശേഷം പലവഴിക്ക് പിരിഞ്ഞുപോയി. ഉണ്ണിമേരിയെ സിനിമകളിലെങ്കിലും പിന്നീടും കാണാന്‍ കഴിഞ്ഞു. കൃഷ്ണനും, പട്ടാബിയും മാത്യൂസും ശാന്തിയും എവിടേക്കൊക്കെയോ അപ്രത്യക്ഷരായി. പഠിപ്പില്‍ താത്പര്യമില്ലാതിരുന്ന ആ അഞ്ചുവയസ്സുകാരന്‍ ആ ജാഥയുടെയും ആ ചുമപ്പന്മാരുടെയും സംഘത്തില്‍ ചേര്‍ന്ന് പിന്നെയും ആ വഴികളിലൂടെയും മറ്റു വഴികളിലൂടെയും തൊണ്ടപൊട്ടിവിളിച്ചു നടന്നു.

പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം, നാട്ടിലുള്ള ഒരു അവധിക്കാലത്ത്,എറണാകുളത്തെ ലിസി റോഡില്‍ ആരെയോ കണ്ടതിനുശേഷം, പരിചിത വഴികളുടെ ഓര്‍മ്മപുതുക്കലും കൂടിയാകട്ടെ എന്നു കരുതി കലൂരിലേക്ക് നടന്നുവരുമ്പോള്‍, ബസ്സ് സ്റ്റാന്‍ഡില്‍ ഒരു പരിചിതമുഖം കണ്ടു. കറുത്ത് മെലിഞ്ഞ്, ഉന്തിനില്‍ക്കുന്ന കവിളെല്ലുകളും, കഴുകന്‍ കൊക്കിന്റെ മൂക്കും, ചപ്രത്തലമുടിയുമുള്ള ഒരു സ്ത്രീ. വിക്ടോറിയ ടീച്ചര്‍. മുടി നന്നായി നരച്ചു കഴിഞ്ഞിരുന്നു എന്നതൊഴിച്ചാല്‍ മുഖത്തെ ആ രോഷഭാവം പോലും അല്‍പ്പവും മാറാതെ.

തന്റെ മുന്നില്‍ പരിചയഭാവത്തില്‍ വന്നു നിന്ന കഷണ്ടിയും താടിക്കാരനുമായ ആളെ തിരിച്ചറിയാന്‍ കഴിയാതെ അവര്‍ സൂക്ഷിച്ചുനോക്കി. അവരുടെ മെലിഞ്ഞുണങ്ങിയ കൈകള്‍ ഞാന്‍ പിടിച്ചു. പേരു പറഞ്ഞു പരിചയപ്പെടുത്താന്‍ ഒരു ശ്രമം നടത്തിനോക്കി. അവര്‍ക്ക് അത്രയൊന്നും ഓര്‍മ്മവന്നില്ല. ഉണ്ണിമേരിയെയും അനിതയെയും മാത്രം അവര്‍ ഓര്‍ത്തെടുത്തു. ശാന്തി പോലും അവരുടെ ഓര്‍മ്മകള്‍ക്കപ്പുറത്തായിരുന്നു.

കാലത്തിന്റെ അത്യത്ഭുതകരമായ ഒരു റീപ്ലേ പോലെ ദേശാഭിമാനിയുടെ ഭാഗത്തുനിന്നും അപ്പോള്‍ ഒരു ചുമപ്പന്‍ ജാഥ വരുന്നുണ്ടായിരുന്നു. ബാന്‍ഡ്‌മേളവും മുന്‍പില്‍ നടന്നിരുന്ന ചുരുക്കം ചില റെഡ്‌ വളന്റിയേഴ്സ്സിന്റെ സംഘവുമായി. അപ്പോള്‍ ഞാന്‍ വിക്ടോറിയ ടീച്ചറിനോട്, മുപ്പതുകൊല്ലം മുന്‍പത്തെ ആ കഥ പറഞ്ഞുകൊടുത്ത്, ഒരു തവണകൂടി അവരെ ഓര്‍മ്മിപ്പിക്കാന്‍ ഒരു വിഫലശ്രമം നടത്തി. പ്രായം കൊണ്ടും, ജാഥയുടെ ബഹളവും കാരണം, അവരത് മുഴുവന്‍ കേട്ടുവോ എന്നുപോലും എനിക്ക് നിശ്ചയമില്ല. പിന്നെയും ചിലതൊക്കെ സംസാരിച്ച് പിരിഞ്ഞു. പിന്നെ ഇന്നേവരെ കണ്ടിട്ടില. ജീവിച്ചിരിക്കുന്നുണ്ടോ ആവോ.

സ്കൂളുകളില്‍നിന്ന് പുറത്തിറങ്ങുന്ന കുട്ടികളെ പുറത്ത് അവരുടെ ഭാഗമായ സ്വന്തം ക്ലാസ്സുകള്‍ കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ ഒരുപക്ഷേ അന്ന് ഓര്‍ത്തിട്ടുണ്ടാവില്ല. ഞങ്ങളെ പേടിപ്പിച്ച് ക്ലാസ്സു മുറിയിലാക്കിയ അവരും ആ ക്ലാസ്സിന്റെ തന്നെ ഭാഗമായിരുന്നുവെന്നും അവര്‍ അന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ ഇന്ന്, തനിക്കു തിരിച്ചറിയാനാകാതെ തന്റെ മുന്നിലൂടെ, തെരുവിലൂടെ നടക്കുന്ന ആ പഴയ കുട്ടികളെല്ലാം ഓരോ ക്ലാസ്സിന്റെ ഭാഗമായി മാറിക്കഴിഞ്ഞുവെന്നത് വിക്ടോറിയ ടീച്ചര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും.

ഒരു “ക്ലാസ്സ്’മുറിയുടെയും ജനലുകളും വാതിലുകളും എക്കാലത്തേക്കുമായി അടയ്ക്കാന്‍ കഴിയില്ലെന്നും.

Tuesday, October 30, 2012

കൊത്താങ്കല്ലുകള്‍


ഈ കല്ലെറിഞ്ഞു കളിയില്‍
ആരും ചാവുന്നില്ല
ഞാനെന്ന സാത്താനോ,
നിങ്ങളുടെ ഗര്‍വ്വോ,
ആ ദുഷ്‌പ്രഭുക്കളോ,
ആരും, 
ഒരിക്കലും.

എല്ലാ കൊല്ലവും, മുടങ്ങാതെ
വിനോദയാത്രയ്ക്കെത്തുന്ന
കുട്ടികള്‍ക്ക് കല്ലെറിഞ്ഞുകളിക്കാന്‍
കൊല്ലാകൊല്ലവും
അവരെന്നെ പുതുക്കിപ്പണിയുന്നു
തടമെടുക്കുന്നു
ബലം വെപ്പിക്കുന്നു.

ഈ കല്ലെറിഞ്ഞു കൊല്ലല്‍ കളിയില്‍
ആരും ചാവുന്നില്ല
പാഴ്‌ജന്മങ്ങളായിപ്പോയ
ആ കൊച്ചുരുളന്‍ കല്ലുകളല്ലാതെ
ആരും,
ഒരിക്കലും.

Wednesday, October 17, 2012

വീട്ടിയുടെ കാതല്‍



ഭാരതപ്പുഴയുടെ തീരത്തുള്ള നരിപ്പറ്റ മനയില്‍, പണ്ടു പണ്ട് ഉമ എന്നൊരു നമ്പൂതിരി പെണ്‍കുട്ടിയുണ്ടായിരുന്നു. മറ്റൊരു മനയ്ക്കലേക്ക് വേളി ചെയ്തുകൊണ്ടുപോയ ആ അന്തര്‍ജ്ജനം ഒരു സുപ്രഭാതത്തില്‍ പിതൃഗൃഹത്തിലേക്ക്  മകനെയുമെടുത്ത് ആരോടും പറയാതെ  ഓടിപ്പോയി. ചെറിയൊരു ശീലക്കേടുണ്ടായിരുന്നുവത്രെ അവര്‍ക്ക്. വസ്തുസ്തേയം എന്ന് നമ്പൂതിരിമാര്‍ ഓമനപ്പേരിട്ട് വിളിച്ചിരുന്ന ഒരു ചെറിയ ദു:ശ്ശീലം. തനിക്കിഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടാല്‍ അത് തരപ്പെടുത്തുന്ന അസുഖം. ഭര്‍ത്തൃഗൃഹത്തില്‍ അത് പാട്ടാവാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ ഒളിച്ചോടിയത്.  വീട്ടില്‍ തിരിച്ചെത്തിയ അവര്‍ ചുറ്റുവട്ടത്ത് ചില ബന്ധങ്ങള്‍ തുടങ്ങി. കാര്യം പുറത്ത് അറിയാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവ് ബന്ധമൊഴിഞ്ഞു. മകനെ ഒരു ഇരിക്കണമ്മയെ ഏല്‍പ്പിച്ച് അവരെ അവരുടെ ഏട്ടന്‍ വാര്‍ദ്ധാ ആശ്രമത്തിലേക്ക് അയച്ചു.

കുറച്ചുനാളുകള്‍ക്കുശേഷം ഉമാ ബെന്‍ ആയി അവര്‍ നാട്ടില്‍ തിരിച്ചെത്തി. പിന്നീട് കുറച്ചുകാലം ഒരു എഴുത്തച്ഛനുമായി ലോഹ്യത്തിലായി. ഉമയെ കല്ല്യാണം കഴിക്കാന്‍ അയാള്‍ തയ്യാറായിരുന്നു. വി.ടി.യുടെ സഹായം അഭ്യര്‍ത്ഥിച്ച് ഉമയും എഴുത്തച്ഛനും ചെന്നു. ഉമയുടെ സമ്പാദ്യത്തിലാണ് അയാളുടെ കണ്ണ്‌ എന്ന തോന്നലുണ്ടായിരുന്നതുകൊണ്ട് വി.ടി. അവരെ നിരസിച്ചു തിരിച്ചയച്ചു.

പിന്നീട് ഐഡോന്‍ എന്ന ഒരു മുസല്‍മാനുമായി അവര്‍ ഇഷ്ടത്തിലായി. അയാളുടെകൂടെ പൊന്നാനിയില്‍ പോയി മാര്‍ഗ്ഗം കൂടി നാട്ടില്‍ പാര്‍പ്പു തുടങ്ങി. ആ ബന്ധത്തില്‍ അവര്‍ക്ക് രണ്ടു കുട്ടികളുമായി. ഒരാണ്‍കുട്ടിയും ഒരു പെണ്‍‌കുട്ടിയും. ഉമയുടെ സ്വത്തെല്ലാം ഒന്നൊന്നായി വിറ്റ്, ഒടുവില്‍ അവരെ പട്ടിണിയും പരിവട്ടത്തിലുമാക്കി ഒരുനാള്‍ ഐഡോനും മരിച്ചു. 

കോഴിക്കോട്ടുനിന്നു വന്ന രണ്ട് ആര്യസമാജക്കാരുടെ കൂടെ പിന്നീട് ഉമ ലാഹോറിലേക്കു പോയി. ആര്യസമാജം വഴി വീണ്ടൂം ഹിന്ദുവായി ഒരു ലാഹോറി ബ്രാഹ്മണനെയും വിവാഹം കഴിച്ച് അവിടെ കഴിഞ്ഞു.1946-ലെ വിഭജനപൂര്‍വ്വ വംശീയ ലഹളയില്‍ നിന്ന് പലായനം ചെയ്ത് ദില്ലിയിലെത്തിയ അവര്‍ പിന്നീട് ശിഷ്ടകാലം അവിടെയായിരുന്നു കഴിഞ്ഞത്.

വി.ടി.യുടെ ‘കര്‍മ്മവിപാകം’ എന്ന ആത്മകഥയിലാണ് ഈ കഥയുള്ളത്. വി.ടി. ഈ ആത്മകഥ എഴുതുമ്പോഴും അതിലെ പ്രധാന കഥാപാത്രങ്ങളൊക്കെ ജീവിച്ചിരുപ്പുണ്ടായിരുന്നു. ഉമയുടെ ആദ്യ വിവാഹത്തിലെ ആ കുഞ്ഞ് അപ്പോഴേക്കും വിവാഹിതനായി നാട്ടില്‍ ഒരു അദ്ധ്യാപകനായി മാറിക്കഴിഞ്ഞിരുന്നു. ഐഡോനിലുണ്ടായ മകള്‍ നല നിലയില്‍ വിവാഹം കഴിച്ച് കല്‍ക്കത്തയിലും, മകന്‍ നല്ല ഉദ്യോഗസ്ഥനായി ദില്ലിയിലുമായിരുന്നു അന്നേയ്ക്ക്. മകന്റെ പരിചരണത്തിലായിരുന്നു ദില്ലിയില്‍ ഉമ അന്ന്.

ഒരിക്കലും കണ്ട ഓര്‍മ്മയില്ലത്ത തന്റെ അമ്മയുടെ പൂര്‍വ്വവൃത്താന്തത്തെക്കുറിച്ച് വി.ടി.യുടെ കഥയില്‍നിന്നാണ് നാട്ടിലുള്ള മകന്‍ ആദ്യമായി അറിയുന്നത്. അയാളാകെ തളര്‍ന്നുപോയി. അതിനു കാരണക്കാരനായ വി.ടി.ക്ക് അയാളുടെ ഭാര്യ ഗൌരി അന്തര്‍ജ്ജനം അതിശക്തമായ ഭാഷയില്‍ ഒരു കത്തെഴുതുന്നുണ്ട്. കാലം ഇത്രയേറെ കഴിഞ്ഞ്, എന്തിനായിരുന്നു എല്ലാവരെയും വേദനിപ്പിക്കാന്‍ മാത്രമായുള്ള ഈ എഴുത്ത് എന്നായിരുന്നു അവരുടെ ചോദ്യം. വലിയൊരു സാമൂഹിക പരിഷ്ക്കര്‍ത്താവായിട്ടും പൈസക്കുവേണ്ടി ഈ സെന്‍സേഷണലിസത്തിന്റെ പിറകെ പോയ വി.ടി.യെ അവര്‍ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട് തന്റെ കത്തില്‍. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതുകൊണ്ട് എല്ലാവരും അതുമായി പൊരുത്തപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു തന്റെ തോന്നലെന്നും, ‘ഇത്തരം വേദനകളുടെ കഥയാണ് മഹാഭാരതം മുഴുക്കെ’യെന്നും, “നിഷ്ക്കളങ്കതയുടെ തെളിനീരിന് ഉറവിടങ്ങളായ അവരെ ഇരുവരെയും വേദനിപ്പിച്ചതിന് തനിക്ക് മാപ്പു നല്‍കട്ടെ’ എന്ന് വി.ടി. അവര്‍ക്ക് മറുപടിയും എഴുതുന്നുണ്ട്. അതും ആത്മകഥയുടെ ഭാഗമാണ്.

വി.ടി.യെ അളക്കാന്‍ നമ്മളാരുമല്ല. വീട്ടിയാല്‍ തീരാത്ത കടവുമുണ്ട് കേരളത്തിന് ആ മനുഷ്യനോട്. എന്നാലും ചിലപ്പോള്‍ ഗൌരി അന്തര്‍ജ്ജനത്തിന്റെകൂടെ നമുക്ക് ചോദിക്കാന്‍ തോന്നും വി.ടി.യോട്, എന്തിനായിരുന്നു തന്റെ ആത്മകഥയില്‍, അത്ര വലിയ പ്രസക്തിയൊന്നുമില്ലാത്ത ആ കഥ കൂട്ടിച്ചേര്‍ത്തതെന്ന്. തന്നെ കഠിനമായി വേദനിപ്പിച്ച ഒരു കഥ പങ്കുവെക്കണമെന്നേ വി.ടി. കരുതിയിരിക്കുകയുള്ളു. അത് തെറ്റാണെങ്കില്‍, ആ തെറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യപ്പെടന്‍ തക്കവണ്ണം ചെറുതല്ല, ഉയരം കുറഞ്ഞ, കറുത്തു മെലിഞ്ഞ നമ്മുടെ സ്വന്തം വി.ടി.

പക്ഷേ അതു മാത്രമല്ല, ആ കഥയിലെ ദഹനക്കേടുകള്‍. ഉമയെ ഐഡോണ്‍ വിവാഹം കഴിച്ചതിനുസേഷം ഒരിക്കല്‍ വഴിയില്‍ വെച്ച് വി.ടി അയാളെ കാണുന്നുണ്ട്. “ഉമ അന്തര്‍ജ്ജനം സുഖമായിരിക്കുന്നില്ലേ?’ എന്ന ചോദ്യത്തിന് ഭാര്യയെക്കുറിച്ച് സ്നേഹത്ത്ടെയാണ് ഐഡോന്‍ മറുപടി പറയുന്നത്. ഉള്ളതുകൊണ്ട് സുഖമായി കഴിയാന്‍ അവര്‍ക്ക് അറിയാമെന്നും, അവരുണ്ടാക്കുന്ന സസ്യ വിഭവങ്ങള്‍ രുചികരമാണെന്നും, എന്നാല്‍, എത്ര ശ്രമിച്ചിട്ടും മത്സ്യ-മാംസാദികള്‍ പാകം ചെയ്യാന്‍ ‘ആ കഴുത’ പഠിക്കില്ലെന്നും പറഞ്ഞ ഐഡോനെ മുഖമടച്ചാട്ടിവിട്ടു വി.ടി. എന്തായിരിക്കണം വിടി.യെ ഇത്രകണ്ട് പ്രകോപിപ്പിച്ചിരിക്കുക? തന്റെ സമുദായാംഗമായിരുന്നു ഒരു സ്ത്രീയെ ഒരു മുസല്‍മാന്‍ ‘കഴുത’ എന്നു വിളിച്ചതോ? ഉമയും ഐഡോനും വി.ടി.യുടെ കണ്ണില്‍ അപ്പോഴും നമ്പൂതിരിയും മുസല്‍മനുമായി മാത്രമായിരുന്നോ നിന്നിരുന്നത്? തന്റെ സമുദായത്തിലെ ഒരു സ്ത്രീയെ ഒരു മുസല്‍മാന്‍ വിവാഹം കഴിച്ചതില്‍ വി.ടി.ക്കുണ്ടായ നീരസം എഴുത്തില്‍ പലയിടത്തും പ്രകടവുമാണ്. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ യത്നിച്ച ആ വലിയ മനുഷ്യന് അതുള്‍ക്കൊള്ളാന്‍ കഴിയേണ്ടതായിരുന്നില്ലേ?

വാര്‍ദ്ധയില്‍നിന്നു തിരിച്ച വന്ന ഉമാബെന്നുമായി പരസ്പരം ലോഹ്യത്തിലായി വിവാഹം കഴിക്കാന്‍ വി.ടി.യുടെ സഹായവും പിന്തുണയും തേടിവന്ന എഴുത്തച്ഛനെയും ഉമയെയും ഇതുപോലെ തള്ളിപ്പറയുന്നുണ്ട് വി.ടി. വിവാഹവും ഒരു പ്രസവവും നിരവധി വേഴ്ചകളും കഴിഞ്ഞ് ഓജസ്സറ്റ ഒരു സ്ത്രീയില്‍, അവളുടെ സമ്പാദ്യമല്ലാതെ മറ്റെന്താണ് നിങ്ങളെ ആകര്‍ഷിക്കുന്നത് എന്നാണ് വി.ടി. ചോദിച്ചത്. വിവാഹിതയും ഒന്നു പെറ്റതും അപഥസഞ്ചാരിണിയുമായ ഒരു സ്ത്രീയോട് ഒരാള്‍ക്ക് സ്നേഹം തോന്നിക്കൂടായ്കയൊന്നുമില്ലല്ലൊ. അങ്ങിനെയുണ്ടെങ്കില്‍ അതിനെ വി.ടി.യെപ്പോലൊരാള്‍ നിറഞ്ഞ മനസ്സോടെ അനുഗ്രഹിക്കുകയായിരുന്നില്ലേ വേണ്ടത്. എന്തോ അതുണ്ടായില്ല.

ഐഡോനും എഴുത്തച്ഛനും ഉമയുടെ സ്വത്തിനെയായിരുന്നു മോഹിച്ചിരുന്നത് എന്നൊന്നും കഥയില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അവരുടെ ലക്ഷ്യം അതായിരുന്നിരിക്കണമെന്ന വെറും അനുമാനത്തില്‍ കവിഞ്ഞ് ഒരു തെളിവും വി.ടി. വിസ്തരിക്കുന്നുമില്ല.

ഇനി മറ്റൊന്ന്. ഇടയ്ക്ക് കഥയുടെ ഒരു ഭാഗത്ത് വി.ടി.യുടെ മറ്റൊരു പ്രയോഗമുണ്ട്. “..മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന മുദ്രാവാക്യം കേട്ടുമടുത്തു”. തൊട്ടടുത്ത വാചകത്തില്‍ “കേവലമനുഷ്യന്‍ മാത്രം ഈ മതേതരനാട്ടില്‍ പിറന്നിട്ടില്ല” എന്നു പറഞ്ഞ് വി.ടി. നമ്മളെ കോരിത്തരിപ്പിക്കുന്നുണ്ടെങ്കിലും, “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്ന ആശയമെങ്ങിനെയാണ് (എത്ര കേട്ടുകേട്ടായാലും) മടുക്കുക? യാഥാസ്ഥിതികത്വത്തിലും അലസതയിലും കഴിഞ്ഞിരുന്ന തന്റെ സമുദായത്തിലെ പുരുഷന്മാരെ പുതിയ മനുഷ്യരാക്കാനും, അതിലെ സ്ത്രീകളെ പുറത്തെ വിശാലമായ ലോകത്തിന്റെ സ്വച്ഛതയിലേക്ക് മറക്കുടകള്‍ തകര്‍ത്ത് പുറത്തുവരാനും പ്രേരിപ്പിച്ച  മനുഷ്യന് എങ്ങിനെയാണ്, താന്‍ നിര്‍വ്വഹിച്ച നിയോഗം കൂടുതല്‍ വിപ്ലവകരമായി, മറ്റൊരു സമുദായത്തില്‍, മറ്റൊരു രീതിയില്‍, തനിക്കുമുന്നേത്തന്നെ നടപ്പാക്കിയ മഹാനായ പൂര്‍വ്വസൂരിയുടെ വാക്കുകള്‍ മടുക്കുക?

ഇനി, വി.ടി.യുടെ ജീവിതത്തിലെ മറ്റൊരു അധ്യായത്തിലേക്കു നോക്കുകയാണെങ്കിലോ? പ്രാകൃതമായ സമുദായാചാരങ്ങളുടെ കെട്ടുവള്ളികള്‍ ചുറ്റി സംബന്ധത്തിനു പോകുന്ന അഫന്‍‌മാരുടെ അസംബന്ധ ജീവിതത്തെ ചോദ്യം ചെയ്യാന്‍ പുറപ്പെട്ട അതേ ആള്‍ തന്നെ, പൊട്ടന്യായം പറഞ്ഞ്, സംബന്ധം ചെയ്ത ചരിത്രവും വി.ടിക്കുണ്ട്. പോരാ, ഗര്‍ഭിണിയായ അവരെ, മാധവിക്കുട്ടി എന്ന ആ സ്ത്രീയെ ഇനിയും മറ്റു ചില പൊട്ടന്യായങ്ങള്‍ പറഞ്ഞ് നയത്തില്‍ ഉപേക്ഷിച്ച്, ദാരിദ്ര്യത്തില്‍നിന്നും സാമൂഹികമായ ഭ്രഷ്ടില്‍നിന്നും രക്ഷപ്പെടാന്‍, പൈസ വാങ്ങി സ്വജാതിക്കാരിയെ വിവാഹം ചെയ്യുകയും ചെയ്തു വി.ടി (“ഒരു വാത്മീകി കയറി വന്നെങ്കില്‍” എന്ന ആത്മകഥാ ഭാഗം). ആത്മനിന്ദയുടെയും പശ്ചാത്താപത്തിന്റെയും തീച്ചൂളയില്‍ വേവുന്ന ഒരു മനുഷ്യനെ നമുക്കതില്‍ കാണാം. തീരെ, ദയാദാക്ഷിണ്യമില്ലാതെ സ്വയം വിചാരണ ചെയ്യുന്ന ഒരു മനുഷ്യന്‍. തന്റെ യശോധാ‌വള്യത്തിന്  ജീവിതത്തിലെ ആ കറുത്ത ഏട് തീരാകളങ്കമുണ്ടാക്കി എന്ന് തിരിച്ചറിയുന്നുമുണ്ട് ആ മനുഷ്യന്‍.

“കേരളത്തില്‍ സ്ത്രീയുടെ ചരിത്രം എഴുതുമ്പോള്‍ ഏറ്റവും പ്രധാനിയായി വരുന്ന പുരുഷ‘നെ (വി.ടി.യുടെ സമ്പൂര്‍ണ്ണകൃതികള്‍ക്ക് എഴുതിയ അവതാരികയില്‍, കെ.സി. നാരായണന്റെ പ്രയോഗം) കുറ്റപ്പെടുത്തുകയോ വിധിയെഴുതുകയോ അല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ഏറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് വായിച്ച കഥകള്‍ ഒരിക്കല്‍ക്കൂടി, ദയാരഹിതമായ പുതിയ കാലത്തിന്റെ രാഷ്ട്രീയ-സാമൂഹിക ഉമ്മറപ്പടിയിലിരുന്ന് വായിക്കുമ്പോഴുണ്ടാകുന അത്ഭുതവും സങ്കടവും രേഖപ്പെടുത്തുക. അത്രമാത്രം. സമ്പന്നമായ ഒരു ഇല്ലത്തിലെ സന്തതിയായി ജനിച്ചു വളര്‍ന്ന നാട്ടില്‍ത്തന്നെ ഒരു മുസ്ലിം ഡ്രവറുടെ ബീടരായി നടക്കാനും ജീവിക്കാനും ചങ്കൂറ്റം കാണിച്ച ഉമ എന്ന ആ സ്തീ എന്നെ തെല്ലൊന്നുമല്ല അത്ഭുതപെടുത്തുന്നത്. ഒരു ജന്മത്തില്‍ത്തന്നെ നിരവധി ജന്മങ്ങള്‍ ജീവിച്ചുതീര്‍ത്ത ഉമയും, പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തന്നെ ഉപേക്ഷിച്ച ആ മനുഷ്യനോട് മറുത്തൊന്നും പറയാതെ ഹൈദരാബാദില്‍ പോയി ഏകാന്തജീവിതം നയിച്ച് അകാലത്തില്‍ മരിച്ച മാധവിക്കുട്ടിയും ചിലപ്പോഴെങ്കിലും വി.ടി.യെന്ന മഹാവൃക്ഷത്തേക്കാള്‍ എന്റെ ആകാശങ്ങളെ ഭേദിച്ചു വളരുന്ന ശാഖികളാകാറുണ്ട്.

അനുബന്ധം: ഒരിക്കല്‍ അമ്മമ്മയോട് ചോദിച്ചു. അമ്മമ്മയുടെ അച്ഛന്റെ വീട്ടിലുണ്ടായിരുന്ന ഉമ അന്തര്‍ജ്ജനമെന്ന ഒരു സ്ത്രീയെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന്. അങ്ങിനെയെന്തോ കേട്ടതായി ഓര്‍ക്കുന്നു എന്നു പറഞ്ഞൊഴിഞ്ഞു അമ്മമ്മ. പക്ഷേ അത് പറയുമ്പോള്‍, അവരുടെ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കവും പറയാനാവാത്ത അസ്വസ്ഥതയും സത്യമായും എനിക്ക് കാണാന്‍ കഴിയുന്നുണ്ടായിരുന്നു. കഥയുടെ കാലഘട്ടം നോക്കുമ്പോള്‍ അവരിരുവരും സമപ്രായക്കാരായിരുന്നിരിക്കണം. അമ്മമ്മയ്ക്ക് അവരെ അറിയാമായിരുന്നിരിക്കണമെന്നും എനിക്കു തോന്നി. ഞാന്‍ പിന്നെ കൂടുതലൊന്നും ചോദിക്കാനും പോയില്ല.

Sunday, September 30, 2012

ആജാരേ.. പര്‍‌ദേശീ


നല്ല തിരക്കുണ്ടായിരുന്നു. എന്നിട്ടും എങ്ങിനെയോ ഒരിടം കിട്ടി..കാത്തിരിപ്പിന്റെ മടുപ്പിനൊടുവില്‍ ഇളം ചുവപ്പു കരയുള്ള സാരി പുതച്ച് അവര്‍ വന്നു..ലതാ മങ്കേഷ്കര്‍ എന്ന നമ്മുടെ ലതാജി......

വേദിയിലേക്ക് ഏതൊക്കെയോ പുലികള്‍ കയറിവരുന്നുണ്ട്. അവര്‍ ലതാജിയെയും ലതാജി അവരെയും തൊഴുന്നു. ഉപചാരങ്ങള്‍ കൈമാറുന്നു. ആരൊക്കെയോ എടുത്താല്‍ പൊന്താത്ത പിറന്നാള്‍ സമ്മാനങ്ങള്‍ നല്‍കുന്നു. 

പിന്നെ, ലതാ മങ്കേഷ്ക്കര്‍ എന്ന മഹാ
ഗായികയെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍..കുട്ടികള്‍ ഒരുക്കിയ സംഗീതാര്‍ച്ചന..ഗുരുപൂജ..

മൈക്കിലൂടെ അനൌണ്‍സ്‌മെന്റ് മുഴങ്ങി..”ഇനി നമ്മുടെ പ്രിയപ്പെട്ട ലതാജി നിങ്ങള്‍ക്കുവേണ്ടി ഒരു പാട്ടു പാടുന്നു. ഒരേയൊരു പാട്ട്. അതിനുശേഷം അവരുടെ പാട്ടുകള്‍ നമ്മള്‍ അവരുടെ മുന്നില്‍നിന്ന് പാടും”.

സദസ്സ് ഒന്നനങ്ങിയിരുന്നു. ലതാജി മൈക്ക് കയ്യിലെടുത്തു.

“പ്രിയപ്പെട്ടവരെ, പാടിയിട്ട് കുറച്ചുകാലമായി..ഉള്ളില്‍ മാത്രമേയുള്ളു ഇപ്പോള്‍ പാട്ട്. എന്നാലും നിങ്ങള്‍ക്കുവേണ്ടി ഒരു പാട്ട് മൂളാം. ശബ്ദം പതറുമായിരിക്കും. ശ്രുതി വേണ്ടുംവണ്ണം ചേര്‍ന്നില്ലെന്നും വരും. എന്നാലും നിങ്ങള്‍ക്കുവേണ്ടി ഒരു നാലുവരിയെങ്കില്‍ നാലുവരി ഞാന്‍ പാടാം. പക്ഷേ ഒരപേക്ഷ. ഈ വേദിയിലിരിക്കുന്ന ഒരാള്‍ ഇവിടെനിന്ന് മാറിത്തരണം. ആ മനുഷ്യന്റെ മുന്നില്‍ പാടാന്‍ എനിക്കാവില്ല. എന്റെ പാട്ട് അറിയാതെപോലും ആ മനുഷ്യനുവേണ്ടിയാകുന്നതും എനിക്കിഷ്ടമല്ല.”

സദസ്സ് നിശ്ശബ്ദമായി. വേദിയില്‍ മുറുമുറുപ്പുകളുയര്‍ന്നു. സന്നിഹിതരായ പുലികള്‍ തമ്മില്‍ത്തമ്മില്‍ സംശയദൃഷ്ടികളോടെ നോക്കി. ലതാജിയുടെ ശബ്ദമുയര്‍ന്നു.

“താക്കറെജി. താങ്കള്‍ പുറത്തുപോകണം. ഞാന്‍ പാടുന്നത് എന്റെ മുന്നിലുള്ള എന്റെ ഈ മുംബൈകര്‍ക്കുവേണ്ടിയാണ്. എന്റെ മുംബൈകര്‍ എന്നാല്‍ നിങ്ങളുടെ മുംബൈകറുകളല്ല കേട്ടോ.. അവരില്‍ ബീഹാറികളും ബംഗാളികളും ഉത്തരേന്ത്യക്കാരനും നേപ്പാളിയും, മദ്രാസ്സിയും, തമിഴനും, വടക്കു-കിഴക്കനും എല്ലാം പെടും. പകലന്തിയോളം എല്ലുമുറിയുംവരെ പണിയെടുക്കുന്നവനും, റിക്ഷവലിക്കുന്നവനും, തെരുവില്‍ കസര്‍ത്തുകള്‍ കാണിക്കുന്നവനും, വഴിവാണിഭം ചെയ്ത് അന്തിക്ക് ചേരിയിലൊടുങ്ങുന്നവനും, വേശ്യയും, അവളെ കൂട്ടിക്കൊടുക്കുന്ന ജാരനും, അവര്‍ക്കു കാവലിരിക്കുന്ന കിഴവികളും, തന്തയാരെന്നറിയാതെ ജനിക്കുന്ന കുട്ടികള്‍ക്കും,  നഗരത്തിന്റെ അഴുക്കുകള്‍ ചുമന്നുകൊണ്ടുപോയി നമ്മുടെ മുംബൈയെ നമുക്കുവേണ്ടി വൃത്തിയാക്കുന്നവനും, കറുത്തിരുണ്ട കുടുസ്സുമുറികളില്‍ ജീവിതം തള്ളിനീക്കുന്നവരും, എണ്ണിയാലൊടുങ്ങാത്ത മൂന്നാം‌കിട കുശിനികളിലെ ഇരുട്ടിലും പുകയിലും ജീവിതം വെന്തുതീര്‍ക്കുന്നവരും.. എല്ലാവരും, എല്ലാവരും..അവര്‍ ഏറ്റുപാടിയിട്ടാണ് എന്റെ പാട്ടുകള്‍ പാട്ടുകളായത്.. എന്റെ പാട്ട് അവര്‍ക്കുവേണ്ടിയാണ്. എന്റെ പാട്ടുകള്‍ മൂളിനടന്ന് ജീവിക്കുകയും മരിക്കുകയും ചെയ്ത മൂന്നു തലമുറയുടെയെങ്കിലും കണ്ണികളാണ് ഇന്നെന്റെ ശബ്ദം കേള്‍ക്കാന്‍ വന്നിരിക്കുന്ന ഇവര്‍. അവരുടെ നിത്യജീവിതത്തിന്റെ പാട്ടായിരുന്നു ഞാന്‍ ഇത്രനാളും പാടിയിരുന്നത്..എന്റെ പാട്ടില്ലെങ്കിലും അവരുണ്ടാകുമായിരുന്നു. എന്നാല്‍ അവരില്ലെങ്കില്‍ എന്റെ പാട്ടുകളില്ല. എന്റെ പാട്ടിലെ പരദേശിയും തിരിച്ചുവരുന്നവനും, ദൂരേക്കു പോകുന്നവനും, കാത്തിരിക്കുന്നവനും, തെരുവിലലയുന്നവനുമൊക്കെ ഇവരാണ്. ഇവര്‍ മാത്രമാണ്. അവരെ ആട്ടിയോടിക്കുന്ന നിന്റെയും നിന്റെ വഴിപിഴച്ച സന്തതികളുടെയും ഭാഗിനേയന്മാരുടെയും മുന്നില്‍ പാടാനുള്ളതല്ല എന്റെ ഈ പാട്ട്. അതുകൊണ്ട് ദയവായി പുറത്തേക്ക് പോവുക“

സദസ്സ് തരിച്ചിരുന്നുപോയി..ആളുകള്‍ കരഘോഷത്തോടെ എഴുന്നേറ്റുനിന്നു. താക്കറെ എന്ന മൂഢവൃദ്ധനും അവന്റെ അസുരവിത്തുകളും ഇറങ്ങിപ്പോയി..

തിക്കിനും തിരക്കിനുമിടയിലൂടെ കിതച്ചും ഓടിയും വീണും വേദിയിലേക്ക് ഞാന്‍ കയറിച്ചെന്നു. ലതാജി പാട്ടു തുടങ്ങിക്കഴിഞ്ഞിരുന്നു.

കണ്ണുതുറന്നപ്പോള്‍ ലതാജിയുമില്ല, സദസ്സുമില്ല....എന്നിട്ടും വെറുതെ മുറിഞ്ഞുപോയ ആ സ്വപ്നത്തിന്റെ ബാക്കിഭാഗത്തിനുവേണ്ടി കണ്ണടച്ചു കുറച്ചുനേരംകൂടി കിടന്നു. പടിയിറങ്ങിപ്പോകുന്ന വൃത്തികെട്ട ആ കടല്‍ക്കിഴവനെയും, അവന്റെ കുലത്തെയും കടലെടുക്കുന്നതും പടികയറിവരുന്ന സുവര്‍ണ്ണശബ്ദത്തെ നെഞ്ചെടുക്കുന്നതും അനുഭവിക്കാന്‍..

Thursday, June 7, 2012

ബോര്‍ഹസും ഞാനും




അനുഭവങ്ങളൊക്കെ ഉണ്ടാകുന്നത്‌ ആ മറ്റേ ബോര്‍ഹസിനാണ്‌. ഞാനാകട്ടെ, ബ്യൂണസ്‌ അയേഴ്സിന്റെ തെരുവുകളിലൂടെ നടന്നും, ഏതെങ്കിലും പ്രവേശനകവാടത്തിന്റെ  കമാനത്തിലേക്കോ അതിന്റെ ഉള്ളിലെ മുറികളിലേക്കോ നോക്കിയും - പലപ്പോഴും യാന്ത്രികമായിട്ടാണ്‌ അതൊക്കെ ചെയ്യുന്നത് - ഇടക്കൊന്ന്‌ നിന്നും അങ്ങിനെയങ്ങിനെ  കാലം കഴിക്കുന്നു.

ബോര്‍ഹസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ ആരുടെയെങ്കിലും കത്തുകളില്‍നിന്ന്‌ അറിയാറുണ്ട്‌. അതല്ലെങ്കില്‍, ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട വിദ്യാഭ്യാസവിചക്ഷണന്‍മാരുടെ പേരുവിവരങ്ങളില്‍നിന്നോ, ഏതെങ്കിലും ജീവചരിത്രപരമായ നിഘണ്ടുവില്‍നിന്നോ ഒക്കെ  അയാളെക്കുറിച്ച്‌ ഇടയ്ക്കിടയ്ക്ക് ഞാന്‍ പതിവായി അറിയാറുണ്ട്. എന്റെ താത്പര്യങ്ങളൊക്കെ, മണല്‍ ഘടികാരം, വിവിധതരത്തിലുള്ള കാപ്പികള്‍, പഴയ കാലത്തെ അച്ചുകള്‍, പദവിജ്ഞാനീയം, ഭൂപടങ്ങള്‍, റോബര്‍ട്ട്‌ ലൂയി സ്റ്റീവന്‍സണിന്റെ ഗദ്യങ്ങള്‍, ഇതിലൊതുങ്ങിനില്‍ക്കുന്നു.  മറ്റേ കക്ഷിക്കും ഇതിലൊക്കെ താത്പര്യമില്ലാതില്ല. പക്ഷേ അയാള്‍ അത്‌ ഉപയോഗിക്കുന്നത്‌, ഒരു നടന്‍ തനിക്കാവശ്യമായ കാര്യങ്ങള്‍ താത്ക്കാലികമായ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന മട്ടില്‍ മാത്രമാണ്‌. എന്നുവെച്ച്, ഞങ്ങളുടെ ബന്ധം ശത്രുതാപരമാണെന്നൊക്കെ പറയുന്നത്‌ അതിശയോക്തിപരമായിരിക്കും. മറ്റേ ബോര്‍ഹസിനു സാഹിത്യം പടച്ചുവിടാന്‍ വേണ്ടിയാണ്‌, ഞാന്‍ ജീവിക്കുന്നത്‌, അഥവാ, ജീവിക്കാന്‍ എന്നെ സ്വയം അനുവദിക്കുന്നത്‌. ജീവിക്കാനുള്ള എന്റെ ന്യായീകരണവും ആ എഴുത്തു മാത്രമാണ്‌.

പക്ഷേ, ആ എഴുത്തൊന്നും ഞാനെന്ന  'എന്നെ' രക്ഷിക്കാറില്ല.. കാരണം, അതൊന്നും ഏതെങ്കിലും വ്യക്തികള്‍ക്ക്‌ അവകാശപ്പെട്ടതല്ല എന്നതുതന്നെ. എഴുതുന്ന ആ മറ്റേ ബോര്‍ഹസിനുപോലും അതില്‍ അവകാശമില്ല. അതൊക്കെ ഭാഷക്കും പഴമക്കും മാത്രം അവകാശപ്പെട്ടതാണ്‌.

വിസ്മൃതിയില്‍ അകപ്പെട്ടുപോകാനാണ്‌ എന്റെ വിധി. പരിപൂര്‍ണ്ണമായ, അനിവാര്യമായ വിസ്മൃതി. ബോര്‍ഹസ് എന്ന എന്റെ ആ അപരനില്‍  ഒരുപക്ഷേ അവശേഷിക്കുക, എന്റെ ക്ഷണികമായ ചില നിമിഷങ്ങളക്കുറിച്ചുള്ള ഓര്‍മ്മകളാവാം. എന്തായാലും കുറേശ്ശെ, കുറേശ്ശെയായി, അതെല്ലാം ഞാന്‍ അയാള്‍ക്ക്‌ വിട്ടുകൊടുക്കുകയാണ്‌. അതിനെയൊക്കെ ഊതിപ്പെരുപ്പിച്ചും, വികലമാക്കിയും അവതരിപ്പിക്കാനുള്ള അയാളുടെ സാമര്‍ത്ഥ്യത്തെക്കുറിച്ച് എനിക്ക് അറിയില്ലെന്നൊന്നും നിങ്ങള്‍ കരുതണ്ട.

എല്ലാ വസ്തുക്കളും അതായിത്തന്നെ ഇരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന്‌ സ്പിനോസ ഒരിടത്ത്‌ പറഞ്ഞിട്ടുണ്ട്‌. പാറ എന്നും പാറയായും, നരി നരിയായും ഇരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഞാനെന്നതൊന്ന്‌ എന്നെങ്കിലും അവശേഷിക്കുകയാണെങ്കില്‍, അത്‌ ബോര്‍ഹസിലായിരിക്കും. എന്നിലാവില്ല. ഉറപ്പ്. അയാളുടെ പുസ്തകങ്ങളിലേക്കാള്‍ മറ്റുള്ളവരുടെ പുസ്തകങ്ങളിലോ, ഒരു ഗിത്താറിന്റെ ക്ഷീണിതമായ ഞരക്കത്തിലോ ആണ് എനിക്ക് എന്നെ തിരിച്ചറിയാന്‍ സാധിക്കുന്നത്. സത്യം പറഞ്ഞാല്‍, അയാളില്‍നിന്ന്‌ സ്വതന്ത്രനാവാന്‍, വര്‍ഷങ്ങള്‍ക്കുമുന്‍പേ ഞാന്‍ ശ്രമം തുടങ്ങിയിരുന്നു. ചേരികളില്‍നിന്നും, നഗരപ്രാന്തത്തില്‍നിന്നും വിട്ടുമാറി, സമയവും അനന്തതയുമായുള്ള കളികളിലേക്ക്‌ ഞാന്‍ എത്തിത്തുടങ്ങിയതായിരുന്നു. പക്ഷേ ആ കളികളൊക്കെ എങ്ങിനെയോ ഇന്ന്‌ മറ്റേ കക്ഷിയുടേതായി കഴിഞ്ഞു. ഞാനിനി, പുതിയ വല്ല കളികളും കണ്ടുപിടിക്കണമെന്ന സ്ഥിതിയാണ്‌. അതുകൊണ്ട്‌ എന്റെ ജീവിതം ഇപ്പോള്‍ ഒരേ സമയം ഒരു ബിന്ദുവും പ്രതിബിന്ദുവുമാണ്‌, അല്ലെങ്കില്‍, ആവര്‍ത്തനവിരസമായ ഒരു ഗാനം, ഒരു കൊഴിഞ്ഞുപോക്ക്‌. എല്ലാം ഒന്നുകില്‍ വിസ്മൃതിയിലേക്കോ, അതല്ലെങ്കില്‍ മറ്റേ ആളുടെ കയ്യിലേക്കോ വഴുതി വീണുപോകുന്നു.

ഈ വരികള്‍ എഴുതുന്നതുതന്നെ ഞങ്ങളിരുവരില്‍ ആരാണെന്ന്‌ എനിക്കറിയില്ല.





പിന്‍‌കുറിപ്പ് - ഈ പരിഭാഷയുടെ പിന്നിലും, എന്നെ സംബന്ധിച്ചിടത്തോളം, അത്ര ചെറുതല്ലാത്ത ഒരു ബോര്‍ഹസിയന്‍ അനുഭവമുണ്ട്.  ഒന്നല്ല. രണ്ട്.

രണ്ടുവര്‍ഷം മുന്‍പാണ് ബൊര്‍ഹസിന്റെ ‘’The Aleph' വിവര്‍ത്തനം ചെയ്യാന്‍ കിഴക്കേമുറിക്കാരു വിളിച്ചത്. പിന്നെ അവരില്‍നിന്ന് ഒരു വര്‍ത്തമാനവും ഉണ്ടായില്ല. ആര്‍ക്കുപോയി? അവര്‍ക്ക്.  അതുവിട്ടു. പിന്നെ, കഴിഞ്ഞയാഴ്ച പിറന്നാള്‍ സമ്മാനമായി കിട്ടിയ ഒരു സഹായധനം വെച്ച് പുസ്തകം വാങ്ങി. വായിച്ചയുടന്‍, ഈ കുറിപ്പ് കണ്ണിലെ കരടായി മാറുകയും ചെയ്തു. പരിഭാഷിക്കാതിരിക്കാന്‍ വയ്യ എന്ന് തോന്നിയതിനാല്‍ അത് ചെയ്തു.

എം.കൃഷ്ണന്‍ നായരില്ലാത്തതിനാല്‍, ബോര്‍ഹസിന്റെ മലയാള ഉച്ചാരണം നോക്കാന്‍ ഗൂഗിളില്‍ തപ്പിയപ്പോള്‍ അതാ കിടക്കുന്നു, നമ്മുടെ പ്രിയപ്പെട്ട രവികുമാര്‍, ഇതേ ലേഖനം രണ്ടുകൊല്ലം മുന്‍പ് പരിഭാഷിച്ചത്. കണ്ടപാടെ അടച്ചുവെച്ചു.  ബ്ലോഗ്ഗുലകമാകട്ടെ പാടെ മാറുകയും ചെയ്തിരിക്കുന്നു (ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാമിക, ഇടതുവലത് ‘സ്വതന്ത്ര‘ ചിന്തകരാല്‍ ബ്ലോഗ്ഗുലകം നിറഞുകവിഞ്ഞിരിക്കുന്നു എന്ന്  നമ്മുടെ സി.കെ.ബാബു) ആകെ ഒരു പരിചയമില്ലായ്മ..ഒരു എത്തും പിടിയും കിട്ടാത്തതുപോലെ.... പരിചയമില്ലാത്ത ഒരിടത്ത് അസമയത്ത് എത്തിയതുപോലെ ഒരു അനുഭവം.. നിലവറക്കുള്ളിലെ ഇരുട്ടില്‍ തിളങ്ങുന്ന ആലിഫ്. ഭൂമിയിലേക്കും, ആകാശത്തിലേക്കും കൈചൂണ്ടി നില്‍ക്കുന്ന എഴുത്തനുഭവത്തിന്റെ ചൂണ്ടുപലകകള്‍..

പണ്ട് പണ്ട്, എന്നുവെച്ചാല്‍, പത്തിരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ്, ഇതുപോലെ മറ്റൊരു saddest അനുഭവം ‘ഉണ്ടായിട്ടുണ്ട്’. നെരൂദയുടെ ‘Tonight I can write the saddest  line", വായിച്ചിട്ട്, ഒരാളെ ഓര്‍ത്ത്, സഹിക്കവയ്യാതെ സങ്കടപ്പെട്ട്, ആ സങ്കടം തീര്‍ക്കാന്‍ അത് മലയാളത്തിലാക്കാന്‍ തോന്നിയിട്ട്, അത് ചെയ്തപ്പോള്‍, അതാ അവിടെ കിടക്കുന്നു നമ്മുടെ സച്ചിദാനന്ദന്റെ പരിഭാഷ..

അനുഭവങ്ങളൊക്കെ ഉണ്ടാകുന്നത് ആ മറ്റേ രാജീവിനാണല്ലോ..

Thursday, March 15, 2012

വീട്ടില്‍ ഒരു കൊലപാതകം





(London Review of Books-ന്റെ 2008 ഡിസംബര്‍ 18-ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച താരിഖ്‌ അലിയുടെ ഓര്‍മ്മക്കുറിപ്പിന്റെ പരിഭാഷ)

കിടപ്പുമുറിയിലെ വഞ്ചനകള്‍ക്ക്‌ വെടിയുണ്ടകൊണ്ട്‌ സമാധാനമുണ്ടാക്കാമായിരുന്നെങ്കില്‍ നമ്മില്‍ പലരും മരിച്ചേനേ. 1951-ല്‍ സക്കറില്‍ വെച്ച്‌ കൊല്ലപ്പെട്ട തന്റെ സുഹൃത്ത്‌ കയ്റ്റാനോ ജെന്റിലിന്റെ മരണമാണ്‌ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്യൂസ്‌ തന്റെ 'ക്രോണിക്കിള്‍ ഓഫ്‌ എ ഡെത്ത്‌ ഫോര്‍ടോള്‍ഡ്‌' എന്ന കഥക്ക്‌ അവലംബമാക്കിയതെന്ന്‌ ജെറാള്‍ഡ്‌ മാര്‍ട്ടിന്‍ എഴുതിയ മാര്‍ക്യൂസിന്റെ പുതിയ ജീവചരിത്രത്തില്‍ രേഖപ്പെടുത്തുന്നുണ്ട്‌. മാര്‍ഗരിറ്റ എന്ന സ്ത്രീയെ മാര്‍ക്യൂസിന്റെ സുഹൃത്ത്‌ വശീകരിച്ച്‌ പിഴപ്പിക്കുകയും ഒടുവില്‍ ഉപേക്ഷിക്കുകയും ചെയ്തു. മാര്‍ഗരീറ്റയുടെ വിവാഹദിവസം ആ കഥ അറിയാനിടയായ അവളുടെ ഭര്‍ത്താവ്‌ അവളെ കയ്യൊഴിഞ്ഞു. മാര്‍ഗരിറ്റയുടെ സഹോദരന്‍മാര്‍ കയറ്റിനോയെ തുണ്ടം തുണ്ടമാക്കി വെട്ടിക്കൊന്നു. മാര്‍ക്യൂസാകട്ടെ, കാത്തലിക്ക്‌ പള്ളിയുടെ സാമൂഹ്യ-സദാചാര സ്വേച്ഛാ ധിപത്യത്തെയാണ്‌ ഇതിന്‌ കുറ്റപ്പെടുത്തിയത്‌.

പക്ഷേ സാധാരണയായി, ലൈംഗികതയുടെ നിയമങ്ങള്‍ തെറ്റിക്കുന്നതിന്‌ സ്ത്രീകളാണ്‌ കൊല്ലപ്പെടാറുള്ളത്‌. ബ്രിട്ടനില്‍ നിരവധി സംഭവങ്ങളുണ്ടായി. അച്ഛന്‍ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന്‌ സമ്മതിക്കാത്തതിനാല്‍ ബനാസ്‌ മഹമൂദ്‌ എന്ന ഇരുപത്‌ വയസ്സുകാരിയായ കുര്‍ദ്‌ വംശജ കൊല്ലപ്പെട്ടു. ഇറാഖിലും ഇതിനു സമാനമായ നിരവധി കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌. പുരുഷസുഹൃത്തിനോട്‌ സംസാരിച്ചു എന്ന തെറ്റിന്‌ ബസ്രയില്‍ കഴിഞ്ഞ മാസമാണ്‌ മൂന്ന്‌ സ്ത്രീകള്‍ക്കുനേരെ ആസിഡ്‌ ആക്രമണമുണ്ടായത്‌. സമൂഹത്തിന്റെ എല്ലാ തുറകളിലും ഏറ്റവുമധികം സ്ത്രീ പങ്കാളിത്തമുണ്ടായിരുന്ന അറബ്‌ രാജ്യമായിരുന്നു ഒരിക്കല്‍ ഇറാഖ്‌.

ഇനി പാക്കിസ്ഥാനിലേക്ക്‌ വരാം. ദുരഭിമാനകൊല എന്നത്‌ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുന്ന നിയമനടപടികള്‍ പര്‍വേസ്‌ മുഷാറഫ്‌ 2005-ല്‍ കൊണ്ടുവന്നു. എന്നിട്ടും ഔദ്യോഗികകണക്കുകള്‍ പ്രകാരം, 2006-ല്‍ മാത്രം 1261    ദുരഭിമാനകൊലകങ്ങ്ളാണ്‌ നടന്നത്‌. അതിനടുത്ത വര്‍ഷവും അതിന്റെ പകുതിയോളം നടന്നു. ഇത്തരം സംഭവങ്ങള്‍ അധികം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്തതുകൊണ്ട്‌ ശരിക്കുള്ള എണ്ണം ഇതിനേക്കാളൊക്കെ അധികമായിരിക്കാനാണ്‌ കൂടുതലും സാധ്യത. "ഏതു മതവിഭാഗത്തിലോ, സാമൂഹ്യസ്ഥിതിയിലോ പെട്ട സ്ത്രീകളായാലും, അവരൊക്കെ പുരുഷന്റെ  സ്വകാര്യ സ്വത്തായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌. തന്റെ സ്വകാര്യ സ്വത്തിന്റെ വിധി നിര്‍ണ്ണയിക്കാനുള്ള അവകാശം പുരുഷനു മാത്രവും". സ്ത്രീകളുടെ തുല്യാവകാശാത്തിനുവേണ്ടി പോരാടുന്ന ഷിര്‍ക്കത്ത ഗാഹ്‌ എന്ന സംഘടനയിലെ പ്രവര്‍ത്തക താഹിറാ ഷാഹിദ്‌ പറയുന്നു. പാക്കിസ്ഥനിലെ മനുഷ്യാവകാശകമ്മീഷന്റെ കണക്കുപ്രകാരം ഗാര്‍ഹിക പീഡനങ്ങള്‍ ഒരു സാധാരണ സംഭവമായിട്ടുമാത്രമാണ്‌ അധികവും കണക്കാക്കപ്പെടുന്നത്‌. പഞ്ചാബിലെ ഗ്രാമപ്രദേശങ്ങളില്‍ 82 ശതമാനം സ്ത്രീകളും, നിസ്സാരകാര്യങ്ങള്‍ക്കുപോലും ഭര്‍ത്താവില്‍ നിന്ന്‌ പീഡനം ഏല്‍ക്കുമെന്ന്‌ ഭയപ്പെടുന്നവരാണ്‌. ഏറ്റവും വികസിതമായ നഗരങ്ങളില്‍പ്പോലും 52 ശതമാനം സ്ത്രീകള്‍ക്ക്‌ നിത്യവും വീട്ടിലെ പുരുഷനില്‍ നിന്ന്‌ മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുന്നു.

ഇതു നോക്കുക. തന്റെ ഭാര്യ തന്നെ ചതിച്ചുവെന്ന്‌ ഒരാള്‍ രാത്രിയുറക്കത്തില്‍ സ്വപ്നം കാണുന്നു. ഉണര്‍ന്നുനോക്കുമ്പോള്‍ അവള്‍ അടുത്തുണ്ട്‌. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അയാള്‍ അവരെ കൊല്ലുന്നു. ഇത്‌ പാക്കിസ്ഥാനില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവമാണ്‌. കൊലയാളി കുറ്റവിമുക്തനാവുകയും ചെയ്തു. ദുരഭിമാനകൊലയെ നീതീകരിക്കാന്‍ സ്വപ്നങ്ങള്‍ മതിയെന്നാണ്‌ അവസ്ഥയെങ്കില്‍ ഏത്‌ സ്ത്രീയാണ്‌ സുരക്ഷിത? കുടുംബത്തിലെ കൊലപാതകത്തെ പോലീസും കോടതിയും കാണുന്നത്‌ ഒരു സ്വകാര്യ സംഭവമായിട്ടുമാത്രമാണ്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടാലും അവയില്‍ പലതും കോടതിയിലെത്തുന്നില്ല. അതുകൊണ്ട്‌, മനുഷ്യാവകാശ കമ്മീഷനെയും ഹീന ജിലാനിയെയും അസ്മ ജഹാംഗീറിനെപ്പോലെയുള്ള ധീരവനിതകളെയാണ്‌ മിക്കപ്പോഴും വിവരങ്ങള്‍ ലഭിക്കാന്‍ ആശ്രയിക്കേണ്ടിവരുന്നത്‌. തങ്ങളുടെ ജീവനുനേരെ നിരവധി വധഭീഷണികള്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന സഹോദരിമാരാണ്‌ ഹീനാ ജിലാനിയും അസ്മാ ജഹാംഗീറും.

1999-ല്‍, രണ്ടു കുട്ടികളുടെ അമ്മയായ സാമിയ സര്‍വാറിന്റെ കൂടെ ഹീന ജിലാനി തന്റെ ഓഫീസിലിരിക്കുമ്പോഴാണ്‌ സാമിയ സര്‍വാറിന്റെ അമ്മ രണ്ട്‌   ആയുധധാരികളുടെ കൂടെ വന്ന്‌ തന്റെ മകളെ വെടിവെച്ച്‌ കൊന്നത്‌. ഭര്‍ത്താവില്‍നിന്ന്‌ വിവാഹമോചനം ആവശ്യപ്പെട്ട്‌ വന്നതായിരുന്നു സാമിയ സര്‍വാര്‍. 1989 -ലാണ്‌ സാമിയ തന്റെ വളരെ അടുത്ത ഒരു ബന്ധുവിനെ വിവാഹം കഴിച്ചത്‌. ആറുവര്‍ഷത്തോളം അയാള്‍ അവളെ നിരന്തരം ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭത്തില്‍ ചുമക്കുന്ന സമയത്താണ്‌ അയാള്‍ ഒരിക്കല്‍ അവളെ ചവിട്ടുപടികളില്‍നിന്ന്‌ തള്ളിതാഴെയിട്ടത്‌. ആ സംഭവത്തിനുശേഷം അവള്‍ തന്റെ വീട്ടിലേക്ക്‌ തിരിച്ചുപോയി. വിവാഹമോചനം ആവശ്യപ്പെട്ട അന്നുമുതല്‍, സ്വന്തം വീട്ടുകാര്‍ക്ക്‌ അവള്‍ ചതുര്‍ത്ഥിയായി. വിദ്യാസമ്പന്നരും ധനികരുമായിരുന്നു അവളുടെ വീട്ടുകാര്‍ എന്നും ഓര്‍ക്കുക.

വളരെയധികം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട മറ്റൊരു സംഭവമാണ്‌ തസ്ലിം സോളങ്കി എന്ന 18 വയസ്സുകാരിയുടേത്‌. സിന്ധിലെ ഒരു വ്യാപാരിയുടെ മകളായിരുന്നു തസ്ലിം. യൂണിവേഴ്സിറ്റിയില്‍ പോയി പഠിച്ച്‌, തന്റെ അമ്മാവനെപ്പോലെ ഒരു ഡോക്ടറാകണമെന്നായിരുന്നു അവളുടെ ആഗ്രഹം. എന്നിട്ടും, ഒരു കുടുംബവഴക്ക്‌ തീര്‍ക്കുന്നതിനായി ഉണ്ടാക്കിയ ഇടപാടിന്റെ ഭാഗമായി ബന്ധുവിനെ വിവാഹം കഴിക്കാന്‍ അവള്‍ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. അവളുടെ അമ്മ അതിനെതിരായിരുന്നു. പക്ഷേ അവള്‍ കുലുങ്ങിയില്ല. അവളെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്ന്‌ ഖുര്‍ആന്‍ പിടിച്ച്‌ സത്യം പറഞ്ഞ്‌, അവളുടെ ഭര്‍ത്തൃപിതാവ്‌ അവളെ കൊണ്ടുപോയി. ഒരു മാസം കഴിഞ്ഞപ്പോള്‍ അവള്‍ അമ്മക്ക്‌ കത്തെഴുതി. "അമ്മ എന്നോട്‌ ക്ഷമിക്കണം. അമ്മ പറഞ്ഞത്‌ ശരിയായിരുന്നു. എനിക്കാണ്‌ തെറ്റു പറ്റിയത്‌. ഇവര്‍ എന്നെ കൊല്ലുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു". ഒരു മാര്‍ച്ച്‌ ഏഴിന്‌ അവള്‍ ഭയപ്പെട്ടതുപോലെത്തന്നെ സംഭവിച്ചു. അപ്പോള്‍ അവള്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. അവള്‍ പിഴച്ചവളാണെന്നും അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞ്‌ തന്റെ മകന്റേതല്ലെന്നും ആ ഖുര്‍ആന്‍ സത്യക്കാരന്‍ ആരോപിച്ചു. അവള്‍ പ്രസവിച്ചു. ജനിച്ചയുടനെ കുഞ്ഞിനെ അയാള്‍ പട്ടികള്‍ക്ക്‌ എറിഞ്ഞുകൊടുത്തു. ദയക്കുവേണ്ടി യാചിച്ച തസ്മിലിനെ പട്ടികളെക്കൊണ്ട്‌ ആക്രമിപ്പിച്ചശേഷം വെടിവെച്ചുകൊന്നു. ഇത്തവണ എന്തായാലും അന്വേഷണമുണ്ടായി. തസ്മിലിന്റെ ഭര്‍ത്താവ്‌ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി. അയാള്‍ ഇപ്പോള്‍ ശിക്ഷയും കാത്ത്‌ കഴിയുകയാണ്‌.

ബലൂച്‌ തലസ്ഥാനമായ ക്വറ്റക്ക്‌  250 നാഴിക കിഴക്ക്‌ ബാബാകോട്ട്‌ ഗ്രാമത്തില്‍ അഞ്ചു സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടിയ സംഭവമുണ്ടായി. അതില്‍ മൂന്നുപേര്‍ യുവതികളായിരുന്നു. തങ്ങള്‍ തിരഞ്ഞെടുത്ത പുരുഷന്‍മാരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചവര്‍. അവരെ സഹായിച്ചതിനാണ്‌ പ്രായമായ രണ്ട്‌ സ്ത്രീകളെയും കൂട്ടത്തില്‍ കുഴിച്ചുമൂടിയത്‌. മൂന്ന്‌ ബന്ധുക്കളെ ഇതിനോടനുബന്ധിച്ച്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. അതില്‍ ഒരാള്‍ ആ മൂന്നു ചെറുപ്പക്കാരികളില്‍ രണ്ടുപേരുടെ സഹോദരനുമായിരുന്നുവെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. അവരും ശിക്ഷ കാത്ത്‌ കഴിയുന്നു.

കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കുന്ന ഒന്നായിട്ടാണ്‌ യാഥാസ്ഥിതികര്‍ എന്നും പ്രണയത്തെ കണ്ടിരുന്നത്‌. ആര്‍ ആരെ വിവാഹം കഴിക്കണമെന്നൊക്കെ തീരുമാനിക്കാനുള്ള അവകാശവും അധികാരവും കുടുംബത്തിലെ പുരുഷ പ്രഭൃതികള്‍ക്കാണ്‌. പ്രണയത്തില്‍ പെട്ടുപോയാല്‍ അതിന്റെ അഗ്നിയില്‍ നിങ്ങള്‍ വെന്തുരുകുമെന്ന്‌ പണ്ട്‌, പതിനെട്ടാം നൂറ്റാണ്ടില്‍ മിര്‍ ഹസ്സന്‍ എന്നൊരു ഉറുദു കവി, ഒരിക്കലല്ല, പലതവണ പാടിയിട്ടുണ്ട്‌. 2008 ഒക്ടോബറില്‍ പഞ്ചാബിലെ പട്ടണമായ വാഹില്‍ നടന്നതും അതുതന്നെയാണ്‌. അരദശലക്ഷത്തോളം ആളുകള്‍ പാര്‍ക്കുകയും പാക്കിസ്ഥാനിലെ ഏറ്റവും വലിയ സൈനികായുധ ഫാക്ടറികളുമുള്ള സ്ഥലമാണ്‌ വാഹ്‌. എന്നാല്‍ ഒരിക്കല്‍, അത്‌ ജലത്താല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ ഗ്രാമമായിരുന്നു. കാശ്മീരില്‍ നിന്ന്‌ തന്റെ  വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ തടാകങ്ങളാലും കൊച്ചരുവികളാലും ചുറ്റപ്പെട്ടുകിടന്നിരുന്ന മനോഹരമായ ആ ഗ്രാമത്തിലെത്താനിടയായ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ അത്ഭുതാഹ്ളാദത്തോടെ 'വാഹ്‌' എന്ന്‌ പറഞ്ഞുവെന്ന കഥയില്‍നിന്നാണ്‌  ആ ഗ്രാമത്തിന്റെ  പേരുവരുന്നതത്രെ. അതിനും മുന്‍പ്‌ അതിന്റെ പേര്‍ ജലത്സാര്‍ എന്നായിരുന്നു. 800  വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, ഖത്താര്‍ ഗോത്ര തലവനായിരുന്ന സര്‍ദാര്‍ ജലാല്‍ ഖാന്‍ എന്ന എന്റെ ഏതോ ഒരു പൂര്‍വ്വികന്റെ സ്മരണാര്‍ത്ഥം ഇട്ട പേരായിരുന്നുവത്രെ അത്‌. ജഹാംഗീറിനെ പ്രീതിപ്പെടുത്താന്‍ ജലത്സാറിന്റെ പേര്‍ ' വാഹ്‌' എന്ന്‌ മാറ്റുകയായിരുന്നു എന്നാണ്‌ കഥ. കടുത്ത എതിര്‍പ്പുകളൊന്നുമില്ലാതെ ഒരു സ്ഥലത്തിന്റെ പേര്‍ മാറ്റുന്ന കാര്യം സങ്കല്‍പ്പിക്കാന്‍ പോലും ഇന്നെന്നെക്കൊണ്ടാവുന്നില്ല. ആ പേരുമാറ്റത്തോട്‌ ഒരു വിഭാഗത്തിന്‌ എതിര്‍പ്പുണ്ടായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. എങ്കിലും അവസാന വിജയം അധികാരത്തിന്റെ സ്തുതിപാഠകരുടേതായിരുന്നു.

ജഹാംഗീര്‍ അവിടെ, ജലാശയങ്ങളുടെ നടുവില്‍ ഒരു മനോഹരമായ റസ്റ്റ്‌ ഹൌസ്‌ നിര്‍മ്മിച്ചു. അര നൂറ്റണ്ടുമുന്‍പ്‌, അതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഞാനും എന്റെ  കളിക്കൂട്ടുകാരായ ബന്ധുക്കളും ഒളിച്ചുകളിക്കാറുണ്ടായിരുന്നു. അവിടെ മുഗളന്‍മാരുടെ പ്രേതങ്ങളെ കണ്ടിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ എന്റെ ഒരു കളിക്കൂട്ടുകാരി എന്നെ സ്ഥിരമായി ഭയപ്പെടുത്തകയും ചെയ്തിരുന്നു.

എന്തായാലും ഇന്ന്‌ അവിടെ പ്രേതങ്ങള്‍ അലഞ്ഞുനടക്കുന്നുണ്ട്‌. ആ റസ്റ്റ്‌ ഹൌസിന്റെ കുറച്ചപ്പുറത്ത്‌ മാറിയിട്ടാണ്‌ എന്റെ ഒരു അമ്മാവന്‍, സര്‍ദാര്‍ ഗൈരത്ത്‌ ഹിയാത്ത്‌ ഖാന്‍ വീടുവെച്ചിരിക്കുന്നത്‌. എന്റെ മുതുമുത്തശ്ശി ആയിഷ അദ്ദേഹത്തിനോടൊപ്പമാണ്‌ താമസിക്കുന്നത്‌. പരിപൂര്‍ണ്ണമായി അന്ധയാകുന്നതിനുമുന്‍പ്‌ അവര്‍ ലോകത്തിലേക്കും വെച്ച്‌ ഏറ്റവും നല്ല പാചകക്കാരിയായിരുന്നു. ബ്രിട്ടനില്‍ സ്ഥിരതാമസമാകാന്‍ പോകുന്നതിനുമുന്‍പ്‌ അവരെ കാണാന്‍ പോയപ്പോള്‍ അവര്‍ എന്റെ മുഖത്തു തടവി ചോദിച്ചു. "ഇതെന്താ ഒരു മീശ? ഇത്‌ ശരിക്കും നീ തന്നെയാണോ?"

കഴിഞ്ഞ ഒക്ടോബറില്‍ അമ്മാവന്റെ  ചെറുമകള്‍ സൈനബിനെ - പതിനെട്ടു വയസ്സ്‌ ആകുന്നതേയുണ്ടായിരുന്നുള്ളു അവള്‍ക്ക്‌ - അവളുടെ സഹോദരന്‍മാര്‍ വെടിവെച്ചുകൊന്നു. അവള്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. വീട്ടില്‍നിന്ന്‌ എതിര്‍പ്പുകളുണ്ടായിട്ടും അവര്‍ തമ്മില്‍ കാണാറുമുണ്ടായിരുന്നുവത്രെ. സംഭവം നടക്കുമ്പോള്‍, അവള്‍ അവളുടെ മുത്തച്ഛന്റെ വീട്ടില്‍ നിന്ന്‌, തന്റെ കാമുകനുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഏഴ്‌ വെടിയുണ്ടകളാണ്‌ അവളുടെ ശരീരത്തില്‍നിന്ന്‌ കിട്ടിയത്‌. സൈനബിന്റെ അമ്മ, അമ്മാവന്റെ മൂത്ത മകള്‍ റൂഹിക്ക്‌ ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന്‌ എനിക്കറിയില്ല. റൂഹിക്ക്‌ പത്തു വയസ്സുള്ളപ്പോഴാണ്‌ ഞാന്‍ അവളെ അവസാനമായി കണ്ടത്‌. അവര്‍ക്ക്‌ പങ്കുണ്ടോ ഇല്ലയോ എന്നതല്ല, പോസ്റ്റ്‌ മാര്‍ട്ടം ആവശ്യപ്പെടുന്നത്‌ പോയിട്ട്‌, ഏറ്റവും ചുരുങ്ങിയത്‌ പോലീസിനെക്കൊണ്ട്‌ ഒരു പ്രാഥമികാന്വേഷണം പോലും നടത്തിക്കാതെ സംഭവം നടന്ന അതേ ദിവസം തന്നെ സൈനബയെ മറവുചെയ്യാന്‍ എന്റെ അമ്മാവന്‍ കൂട്ടുനിന്നു എന്നതാണ്‌ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞത്‌. സൈനബ്‌ അത്രയെങ്കിലും അര്‍ഹിക്കുന്നുണ്ട്‌.

വൃദ്ധനും രോഗിയുമായ അമ്മാവന്‍ പോലീസിനെ വിളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണെന്നും, ഒടുവില്‍, കുടുംബത്തിനുണ്ടായേക്കാവുന്ന നാണക്കേടും, മകളുടെയും മറ്റുബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി പിന്‍മടങ്ങുകയായിരുന്നുവെന്നും പറഞ്ഞുകേട്ടു. ഒരുപക്ഷേ പണ്ട്‌ അവകാശപ്പെട്ടിരുന്നതുപോലുള്ള വിശ്വാസമൊന്നും ഇന്നദ്ദേഹത്തിന്‌ 'പരമകാരുണികനും നീതിമാനുമായ അള്ളാഹുവില്‍' ഇല്ലായിരിക്കാം. കാരണമെന്തായാലും ഇത്‌ സ്വീകാര്യമല്ല. സൈനബിന്റെ ശരീരം പോസ്റ്റ്മാര്‍ട്ടത്തിന്‌ വിധേയമാക്കണം. കുറ്റവാളികള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുകയും വേണം.

പരിഭാഷകന്റെ കുറിപ്പ്‌ - പഴയൊരു ലേഖനമാണ്‌. കേട്ട്‌ കേട്ട്‌ ചെവി തഴമ്പിച്ചിരിക്കുന്നു. ഒക്കെ ശരിതന്നെ. എങ്കിലും, ഇന്നും, ഈ കുറിപ്പിന്‌ പ്രസക്തിയുണ്ട്‌ എന്നാണ്‌ വിശ്വാസം. നിരക്ഷരരും അപരിഷ്കൃതരുമായ ആളുകള്‍ പാര്‍ക്കുന്ന ഏതോ ഉള്‍നാടന്‍ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ മേഖലകളില്‍ നടക്കുന്ന വെറുമൊരു വാര്‍ത്തയല്ല നമുക്കിന്ന്‌ ദുരഭിമാനകൊലകള്‍. ഇന്ത്യന്‍ നഗരങ്ങളില്‍നിന്നുപോലും ഇതിന്റെ അലയൊലികള്‍ അപൂര്‍വമല്ലാതെ നമ്മളിന്ന്‌ കേള്‍ക്കുന്നുണ്ട്‌.

ചിത്രത്തിനു കടപ്പാട്‌ ഗൂഗിളിനോട്‌

Wednesday, January 4, 2012

മഴവില്ലുകളും ഗോവിന്ദച്ചാമിമാരും


ഒഴിവുകിട്ടുമ്പോൾ ടി.വി.യിലെ മ്യൂസിക്ക് റിയാലിറ്റി ഷോ പേക്കൂത്തുകളുടെ മുന്നിലിരിക്കുന്നത് രണ്ടുമൂന്നു കാരണങ്ങൾ കൊണ്ടാണ് ഒന്ന്, പഴയ പാട്ടുകൾ കേൾക്കാം; രണ്ട്, കേട്ടു മറന്നു പോയ ചില പാട്ടുകളെ തിരിച്ചുപിടിച്ച് ആഘോഷിക്കാം; മൂന്ന്, നന്നായി പാടുന്ന കുട്ടികളെ കണ്ട് വെറുതെയെങ്കിലും സന്തോഷിക്കാം. കൈരളിയിലെ ‘ഗന്ധർവ്വസംഗീതം’ ഇതിനൊക്കെ അൽ‌പ്പം ഉപകാരപ്പെട്ടിരുന്നു.

മലയാള മനോരമ മുത്തശ്ശിയുടെ ചെറുമകൾ മഴവിൽ മനോരമയുടെ മുന്നിലിരിക്കുന്നതും ഇതൊക്കെകൊണ്ടുകൂടിയാണ്. എന്നാൽ, വർഗ്ഗീസ് മാപ്പിളയുടെ കാലം തൊട്ടേ പത്രധർമ്മത്തെ കൊന്ന് കൊലവിളിച്ചുകൊണ്ടിരിക്കുന്ന മുത്തശ്ശിയുടെ നേർപകർപ്പാണ് പാട്ടിന്റെ കാര്യത്തിൽ  ചെറുമകളും. ഒരേ ഛായ.

മായാത്ത മഴവില്ലുകൾപോലെ മനസ്സിൽ ബാക്കിയാവുന്ന ബാബുരാജ്-ദക്ഷിണാമൂർത്തി-ദേവരാജൻ-രാഘവ മാസ്റ്റർമാരുടെ പാട്ടുകളെ എത്ര നിഷ്ക്കരുണമാണിവൾ അംഗഭംഗം വരുത്തുന്നത്? തബലയുടെയും മുരളികയുടെയും വയലിന്റെയും ഹാർമ്മോണിയത്തിന്റെയും ഇഴപ്പൊരുത്തത്തിലൂടെ മലയാളിയുടെ മനസ്സിൽ പ്രതിഷ്ഠിതമായ പാട്ടുകളെ തീരാപ്പകയോടെയെന്നവണ്ണമാണ് മഴവിൽ മനോരമ ഒരു ഗൂഢസന്തോഷത്തോടെ ഛിന്നഭിന്നമാക്കുന്നത്.

അതിനു നിമിത്തമാകുന്നതോ സ്റ്റീഫൻ ദേവസ്സിയും. പ്രതിഭാധനനായ ഒരു സംഗീതജ്ഞനാണ് ആ ചെറുപ്പക്കാരൻ. അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല. നമ്മുടെ സർഗ്ഗധനരായ ആ പഴയ മാസ്റ്റർമാരുടെ മാനസസന്താനങ്ങളെ തന്റെ കൈകൾ കൊണ്ട് കൊല്ലാനാണ് ആ ചെറുപ്പക്കാരന്റെ നിയോഗം.

പക്ഷേ ആ പഴയ പാട്ടുകളുടെ സൌന്ദര്യം (ഏതു പാട്ടിന്റെയും) അതിന്റെ പിന്നണി സംഗീതത്തിന്റെകൂടി സൃഷ്ടിയാണെന്ന തിരിച്ചറിവില്ലാത്ത  ഈ അപസ്വരചാനലുകളെ എന്താണ് ചെയ്യേണ്ടത്?

വാസന്തപഞ്ചമിനാളും, അമ്പലപ്പറമ്പിലെ ആരാമവും, പഞ്ചവർണ്ണതത്തയും, സാമ്യമകന്നോരുദ്യാനവും, ഒരുപുഷ്പവും, ഹൃദയസരസ്സും, സുറുമയെഴുതിയ മിഴികളും ഒക്കെ വരുന്നത്, ഭാസ്ക്കരൻ-ഒ.എൻ.വി മാസ്റ്റർമാരിലൂടെയോ, ബാബുരാജ് എന്ന നമ്മുടെ ബാബുക്കയിലൂടെയോ, രാഘവൻ മാഷിലൂടെയോ, ദേവരാജൻ മാസ്റ്ററിലൂടെയോ, ദക്ഷിണാമൂർത്തി സ്വാമിയിലൂടെയോ (പിന്നീട് രവീന്ദ്രൻ-ജോൺസൺ മാസ്റ്റർമാരിലൂടെയോ)  ആ പാട്ടുകൾ പാടി ഫലിപ്പിച്ച്, അന്യഥാ അസുന്ദരമാകുമായിരുന്ന നമ്മുടെ ജീവിതത്തെ അൽ‌പ്പമെങ്കിലും ശ്രുതിമധുരമാക്കി ജീവിതയോഗ്യമാക്കിത്തന്ന ഗായക/ഗായികമാരിലൂടെയോ മാത്രമല്ല. ആ പാട്ടുകളുടെ പിന്നാമ്പുറങ്ങളിലിരുന്ന് അതിലെ ഓരോ പല്ലവിയെയും അനുപല്ലവിയെയും ചരണത്തെയും നമ്മുടെ ഹൃദയതാളം കൊണ്ട്  മുഴുമിപ്പിക്കുകയും പൂർണ്ണതയിലേക്കെത്തിക്കുകയും, പെരുക്കുകയും കൂട്ടുകയും കിഴിക്കുകയും ഭാഗിക്കുകയും ചെയ്ത വാദ്യങ്ങളിലൂടെയുമായിരുന്നു. ചിലപ്പോഴൊക്കെ ആ പാട്ടെഴുത്തുകാരും, സംഗീതശിൽ‌പ്പികളും പാട്ടുകാരും അപ്രത്യക്ഷമാവുകപോലും ചെയ്തിരുന്നു. ഒരു വയലിന്റെ തന്ത്രിയിലൂടെയോ ഒരു മുരളികയുടെ സുഷിരത്തിലൂടെയോ, ഒരു തബലയുടെ പദനിസ്വനത്തിലൂടെയോ മാത്രം നിലനിൽക്കാറുണ്ടായിരുന്നു അപ്പോഴും നമ്മുടെ ഹ്രസ്വവും താത്ക്കാലികവുമായതെങ്കിലും സുരക്ഷിതമായ അഭയലോകങ്ങൾ. നമ്മെ സംബന്ധിച്ചിടത്തോളം ആ പാട്ടുകളെ എല്ലാ അർത്ഥത്തിലും പൂർണ്ണമാക്കുന്നവയായിരുന്നു ലളിത വാദ്യങ്ങളുടെ ആ മഴവിൽ ലോകങ്ങൾ.

അതിനെയാണ് മാധ്യമമുത്തശ്ശിയുടെ ഈ കുരുത്തംകെട്ട ചെറുമകൾ മായ്ക്കാൻ നോക്കുന്നത്. എന്റെ നിഘണ്ടുവിലുള്ള എല്ലാ തെറികളും അവൾക്ക് ഞാൻ നൽകുന്നു. കെട്ടിക്കിടന്ന് നാവ് കയ്ക്കാതിരിക്കാൻ. എന്റെ മഴവില്ലുകളെ തിരിച്ചുപിടിക്കാൻ.