Monday, November 26, 2012

ക്ലാ‍സ്സുമുറികള്‍


ഒന്നില്‍ പഠിക്കുമ്പോഴാണത്. എറണാകുളത്തെ സെന്റ് തെരേസാസ് കോണ്‍‌വെന്റ് സ്കൂളില്‍. അന്നൊക്കെ നാലാം ക്ലാസ്സ് വരെ ആണകുട്ടികള്‍ക്കും അവിടെ പ്രവേശനമുണ്ടായിരുന്നു. ഇന്നുണ്ടോ എന്നറിയില്ല. സിസ്റ്റര്‍ ലൂസിയയായിരുന്നു അന്ന് പ്രിന്‍സിപ്പാള്‍. അവരെക്കുറിച്ച് പിന്നെ വായിക്കുന്നത് ‘ലന്തന്‍ബത്തേരിയിലെ ലുത്തിനിയക’ളിലാണ്. അന്നത്തെ സിസ്റ്റര്‍ ലൂസിയയും ലന്തന്‍ബത്തേരിയിലെ സിസ്റ്റര്‍ ലൂസിയയും ഒരാള്‍ തന്നെയാ‍ണോ എന്നൊന്നും ഉറപ്പില്ല. നടന്ന കഥയുടെയും വായിച്ച കഥയുടെയും കാലഘട്ടംവെച്ച് നോക്കുമ്പോള്‍ രണ്ടും ഒരാള്‍ തന്നെയായിരിക്കണം.

പഠിക്കേണ്ടതെല്ലാം ക്ലാസ്സുമുറിക്ക് പുറത്താണെന്ന തത്ത്വചിന്ത അന്നേ ഉള്ളിലുണ്ടായിരുന്നതുകൊണ്ടാണോ, അതോ, അങ്ങു ദൂരെദൂരെ ഫ്രാന്‍സില്‍ 60-കളില്‍ നടന്നുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിന്റെ ഒരു ചെറിയ അല, ഇങ്ങ്, കൊച്ചിയിലെ സെന്റ് തെരേസാസ് കോണ്‍‌വെന്റിലെ ഒന്നാം ക്ലാസ്സുകാരന്റെ സിരകളില്‍ കാണാത്ത സരസ്വതിയായി ഒഴുകിയിരുന്നതുകൊണ്ടാണോ എന്നുമറിയില്ല, പഠിത്തത്തിനോട് അന്നും വലിയ താത്പര്യമൊന്നുമില്ലായിരുന്നു. അറുപതികളിലൊക്കെ അന്നത്തെ അഞ്ചാംവയസ്സുകാരിലും അത്തരം ഫിലോസഫിക്കും ടെലിപ്പതിക്കും സ്കോപ്പുണ്ടായിരുന്നു.

പഠിത്തത്തിനോടുള്ള താത്പര്യക്കുറവിനുപുറമെ കോണ്‍‌വെന്റിലെ മിസ്സുമാരെയും നല്ല പേടിയായിരുന്നു. ക്ലാസ്സ് ടീച്ചറെയായിരുന്നു ഏറ്റവുമധികം പെടി. വിക്ടോറിയ എന്നായിരുന്നു അവരുടെ പേര്‍. കറുത്ത് മെലിഞ്ഞ്, ഉയര്‍ന്ന താടിയെല്ലുകളും, കഴുകന്റെ കൊക്കുകളെ ഓര്‍മ്മിപ്പിക്കുന്ന മൂക്കും, ചപ്രത്തലമുടിയുമായി, സദാ കോപം തുളുമ്പിനില്‍ക്കുന്ന ആ മുഖവും ഇപ്പോഴും എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ക്ലാസ്സിലെ മറ്റു ചില മുഖങ്ങളും മായാതെ ഉള്ളിലുണ്ട്. കൃഷ്ണന്‍, മാത്യു, പട്ടാബി, ശാന്തി. പിന്നെ രണ്ടു പ്രത്യേ മുഖങ്ങളും. ഒന്ന്, അനിത്. പഴയകാല മലയാള സിനിമയിലെ ആ ദുരന്തനായിക മിസ്സ്.കുമാരിയുടെ മകള്‍. മിസ്സ്.കുമാരി ആത്മഹത്യ ചെയ്തതിന്റെ ചൂടാറിയിട്ടില്ല അന്ന്. അതുകൊണ്ടായിരിക്കണം, കോണ്‍‌വെന്റിലെ ടീച്ചര്‍മാരുടെയും ആ കഥ കേട്ടിരുന്ന ചില കുട്ടികളുടെയും സഹതാപപാത്രമായിരുന്നു അനിത. നാലാം ക്ലാസില്‍ വെച്ച് തമ്മില്‍ പിരിയുന്നതുവരെ ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല അനിതയെ. പിന്നെ ഒരാള്‍ ഉണ്ണിമേരിയായിരുന്നു. സുന്ദരിയും പ്രസന്നവതിയുമായിരുന്നു ഉണ്ണിമേരി. “ഗംഗാസംഗമ’ത്തിലൂടെ സിനിമയില്‍ പ്രവേശിക്കുന്നതിനുമുന്‍പുള്ള ഉണ്ണിമേരി.

പറഞ്ഞുവന്നത് അതൊന്നുമല്ല. ആ ദിവസത്തെക്കുറിച്ചായിരുന്നു. ജീവിതത്തിലെ ആദ്യത്തെ ഭീകര സംഭവം നടന്ന ആ ദിവസത്തെക്കുറിച്ച്. രാവിലെ മുതല്‍ ടീച്ചര്‍മാര്‍ (മിസ്സ് എന്നായിരുന്നു അവരെല്ലാം വിളിക്കപ്പെട്ടിരുന്നത്) ശബ്ദമുയര്‍ത്താതെ കുശുകുശുക്കുന്നുണ്ടായിരുന്നു. അടുത്തടുത്ത് വരുന്ന ഏതോ അപകടത്തെ പ്രതീക്ഷിച്ചെന്നവണ്ണം. റോഡില്‍നിന്ന് അധികം ദൂരമില്ല ഞങ്ങളുടെ ക്ലാസ്സുമുറിയിലേക്ക്. റോഡിലൂടെ പോകുന്നവരെയും ഇരമ്പിപ്പായുന്ന വാഹനങ്ങളെയും ഒരുവിധം നന്നായി കാണാം.

ഒരു തണുപ്പുപോലെ, ടീച്ചര്‍മാരുടെ പരിഭ്രമവും ആശങ്കയും ഞങ്ങള്‍ കുട്ടികളിലേക്കും പകരുന്നുണ്ടായിരുന്നു. അധികം ബഹളമില്ല. കളിചിരിവര്‍ത്തമാനങ്ങളില്ല. തൊട്ടടുത്തുള്ള ക്ലാസ്സുമുറികള്‍ക്കു മുന്നിലെ ടീച്ചര്‍മാരും ഒച്ച താഴ്ത്തി സംസാരിക്കുന്നു. റോഡിലേക്ക് നോക്കുന്നു. പിന്നെ ആശങ്കയോടെ ഞങ്ങളുടെ പരിഭ്രമം മുറ്റിയ മുഖങ്ങളിലേക്കും

എവിടെനിന്നോ ഒരു ഇരമ്പല്‍ കേള്‍ക്കുന്നുണ്ട്. അത് കൂടിക്കൂടി വരുന്നു. വിക്ടോറിയ ടീച്ചര്‍ ഓടിവന്ന് ജനലുകളും വാതിലുകളും പകുതി ചാരി. മറ്റു ക്ലാസ്സുമുറികളിലും ജനലുകളും വാതിലുകളും പാതി ചാരുന്നത് കണ്ടു. വിക്ടോറിയ ടീച്ചര്‍ ഉള്ളിലേക്ക് വന്നു.

“ആരും ശബ്ദമുണ്ടാക്കരുത്. കുട്ടികളെ കൊല്ലുന്ന ആളുകള്‍ വരുന്നുണ്ട്. പേടിക്കേണ്ട. ഞാന്‍ പുറത്തുണ്ട്”. ടീച്ചര്‍ പറഞ്ഞു.

ഞങ്ങള്‍ കുട്ടികളെല്ലാം വിരണ്ടുപോയി. ശാന്തി നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു. ടീച്ചര്‍‌മാരുടെ ഓമന. “മിസ്സ് പുറത്തു പോകരുത്” എന്ന് പറഞ്ഞ് അവള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ഉണ്ണിമേരിയും, മറ്റു ചില പെണ്‍‌കുട്ടികളും അവള്‍ക്ക് കോറസ്സിട്ടു.

ചാരിയ വാതില്‍പ്പാളിയിലൂടെയും ജനലുകളിലൂടെയും ഞങ്ങള്‍ ചിലര്‍ എത്തിനോക്കി. സിസ്റ്റര്‍ ലൂസിയ എന്തും നേരിടാന്‍ തയ്യാ‍റായ മുഖഭാവത്തോടെ പുറത്ത് ഉലാത്തുന്നു. വയസ്സായ വാച്ച്‌മാന്‍ ഓടിപ്പോയി കോണ്‍‌വെന്റിന്റെ പ്രധാന വാതിലുകളെല്ലാം താഴിട്ടുപൂട്ടുന്നത് ഞങ്ങള്‍ക്കു കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.

ആദ്യം കേട്ട ഇരമ്പല്‍ ഇപ്പോള്‍ വലിയൊരു കടലിരമ്പമായി മാറി. ഉച്ചത്തിലുള്ള ആരവം താളാത്മകമായി മുഴങ്ങുന്നു. പിന്നെ ആ കാഴ്ച കണ്ടു. ചുവന്ന ഉടുപ്പിട്ട ആളുകള്‍ വരിവരിയായി ശബ്ദഘോഷത്തോടെ റോഡിനെ ചവുട്ടിമെതിച്ച് കടന്നുവരുന്നു. അവരുടെ കയ്യില്‍ ചെങ്കൊടി. ആ ആള്‍നിര അവസാനിക്കുന്നതേയില്ല. വരിവരിയായി അതങ്ങിനെ പോവുന്നു, ഒരവസാനവുമില്ലെന്ന മട്ടില്‍. ബാന്‍‌ഡ് മേളത്തിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും. ആരോ വിളിച്ചുപറഞ്ഞുകൊടുക്കുന്ന എന്തോ അട്ടഹാസം പതിനായിരം കണ്ഠങ്ങള്‍ ഏറ്റു ചൊല്ലുന്നു.

എത്ര സമയം അങ്ങിനെ കഴിഞ്ഞുവെന്ന് ഓര്‍മ്മയില്ല. ആ ജാഥ അങ്ങിനെ നീങ്ങിപ്പോയി. റോഡ് പഴയ നിലയിലായി. വാഹനങ്ങളും കാല്‍‌‌നടക്കാരും അവരുടെ നിതാന്തമായ യാത്രകള്‍ ആരംഭിച്ചു. വിക്ടോറിയ ടീച്ചര്‍ ക്ലാസ്സിലേക്ക് കയറിവന്നു. മറ്റു ടീച്ചര്‍‌മാരും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി. സിസ്റ്റര്‍ ലൂസിയ അപ്പോഴും മുറ്റത്ത് ഉലാത്തുന്നുണ്ടായിരുന്നു.

കരഞ്ഞു ചീര്‍ത്ത കണ്ണുകളുമായി അപ്പോഴും പേടിയും വിറയും വിട്ടിട്ടില്ലാത്ത ശാന്തി ടീച്ചറിനോടൊട്ടി നിന്നു.

“കമ്മ്യൂണിസ്റ്റുകളായിരുന്നു. ഇനി പേടിക്കേണ്ട. അവരു പോയി”, വിക്ടോറിയ ടീച്ചര്‍ ശാന്തിയേയും ഒപ്പം ഞങ്ങളെയും ആശ്വസിപ്പിച്ചു.

 അങ്ങിനെ, ജീവിതത്തിലാദ്യമായി, “കുട്ടികളെ കൊല്ലുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന  ചുവന്ന ഉടുപ്പിട്ട കമ്മ്യൂണിസ്റ്റു’കാരെ കണ്ടു.

ഒരു കുട്ടിയെയും ടീച്ചറെയും അവര്‍ കൊന്നില്ല. ഞങ്ങളുടെ ടീച്ചര്‍മാര്‍ ചിലര്‍ ചെയ്യുന്ന ചൂരല്‍‌പ്രയോഗം പോലും ആ ‘ഭീകരര്‍’ ചെയ്തില്ല. ഒരു കുട്ടിയോ ടീച്ചറോ ചാവുക പോയിട്ട് ‘മിസ്സ്’ആവുകപോലും ചെയ്തില്ല.

അന്നത്തെ ആ ജാഥയുടേതിനേക്കാള്‍ ശബ്ദമുഖരിതമായി, വര്‍ണ്ണപ്പകിട്ടോടെ, വാദ്യമേളത്തോടെ കാലം കടന്നുപോയി. അന്ന് ആ ക്ലാസ്സിലുണ്ടായിരുന്ന കുട്ടികള്‍ നാലാം‌ക്ലാസ്സിനുശേഷം പലവഴിക്ക് പിരിഞ്ഞുപോയി. ഉണ്ണിമേരിയെ സിനിമകളിലെങ്കിലും പിന്നീടും കാണാന്‍ കഴിഞ്ഞു. കൃഷ്ണനും, പട്ടാബിയും മാത്യൂസും ശാന്തിയും എവിടേക്കൊക്കെയോ അപ്രത്യക്ഷരായി. പഠിപ്പില്‍ താത്പര്യമില്ലാതിരുന്ന ആ അഞ്ചുവയസ്സുകാരന്‍ ആ ജാഥയുടെയും ആ ചുമപ്പന്മാരുടെയും സംഘത്തില്‍ ചേര്‍ന്ന് പിന്നെയും ആ വഴികളിലൂടെയും മറ്റു വഴികളിലൂടെയും തൊണ്ടപൊട്ടിവിളിച്ചു നടന്നു.

പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം, നാട്ടിലുള്ള ഒരു അവധിക്കാലത്ത്,എറണാകുളത്തെ ലിസി റോഡില്‍ ആരെയോ കണ്ടതിനുശേഷം, പരിചിത വഴികളുടെ ഓര്‍മ്മപുതുക്കലും കൂടിയാകട്ടെ എന്നു കരുതി കലൂരിലേക്ക് നടന്നുവരുമ്പോള്‍, ബസ്സ് സ്റ്റാന്‍ഡില്‍ ഒരു പരിചിതമുഖം കണ്ടു. കറുത്ത് മെലിഞ്ഞ്, ഉന്തിനില്‍ക്കുന്ന കവിളെല്ലുകളും, കഴുകന്‍ കൊക്കിന്റെ മൂക്കും, ചപ്രത്തലമുടിയുമുള്ള ഒരു സ്ത്രീ. വിക്ടോറിയ ടീച്ചര്‍. മുടി നന്നായി നരച്ചു കഴിഞ്ഞിരുന്നു എന്നതൊഴിച്ചാല്‍ മുഖത്തെ ആ രോഷഭാവം പോലും അല്‍പ്പവും മാറാതെ.

തന്റെ മുന്നില്‍ പരിചയഭാവത്തില്‍ വന്നു നിന്ന കഷണ്ടിയും താടിക്കാരനുമായ ആളെ തിരിച്ചറിയാന്‍ കഴിയാതെ അവര്‍ സൂക്ഷിച്ചുനോക്കി. അവരുടെ മെലിഞ്ഞുണങ്ങിയ കൈകള്‍ ഞാന്‍ പിടിച്ചു. പേരു പറഞ്ഞു പരിചയപ്പെടുത്താന്‍ ഒരു ശ്രമം നടത്തിനോക്കി. അവര്‍ക്ക് അത്രയൊന്നും ഓര്‍മ്മവന്നില്ല. ഉണ്ണിമേരിയെയും അനിതയെയും മാത്രം അവര്‍ ഓര്‍ത്തെടുത്തു. ശാന്തി പോലും അവരുടെ ഓര്‍മ്മകള്‍ക്കപ്പുറത്തായിരുന്നു.

കാലത്തിന്റെ അത്യത്ഭുതകരമായ ഒരു റീപ്ലേ പോലെ ദേശാഭിമാനിയുടെ ഭാഗത്തുനിന്നും അപ്പോള്‍ ഒരു ചുമപ്പന്‍ ജാഥ വരുന്നുണ്ടായിരുന്നു. ബാന്‍ഡ്‌മേളവും മുന്‍പില്‍ നടന്നിരുന്ന ചുരുക്കം ചില റെഡ്‌ വളന്റിയേഴ്സ്സിന്റെ സംഘവുമായി. അപ്പോള്‍ ഞാന്‍ വിക്ടോറിയ ടീച്ചറിനോട്, മുപ്പതുകൊല്ലം മുന്‍പത്തെ ആ കഥ പറഞ്ഞുകൊടുത്ത്, ഒരു തവണകൂടി അവരെ ഓര്‍മ്മിപ്പിക്കാന്‍ ഒരു വിഫലശ്രമം നടത്തി. പ്രായം കൊണ്ടും, ജാഥയുടെ ബഹളവും കാരണം, അവരത് മുഴുവന്‍ കേട്ടുവോ എന്നുപോലും എനിക്ക് നിശ്ചയമില്ല. പിന്നെയും ചിലതൊക്കെ സംസാരിച്ച് പിരിഞ്ഞു. പിന്നെ ഇന്നേവരെ കണ്ടിട്ടില. ജീവിച്ചിരിക്കുന്നുണ്ടോ ആവോ.

സ്കൂളുകളില്‍നിന്ന് പുറത്തിറങ്ങുന്ന കുട്ടികളെ പുറത്ത് അവരുടെ ഭാഗമായ സ്വന്തം ക്ലാസ്സുകള്‍ കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ ഒരുപക്ഷേ അന്ന് ഓര്‍ത്തിട്ടുണ്ടാവില്ല. ഞങ്ങളെ പേടിപ്പിച്ച് ക്ലാസ്സു മുറിയിലാക്കിയ അവരും ആ ക്ലാസ്സിന്റെ തന്നെ ഭാഗമായിരുന്നുവെന്നും അവര്‍ അന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ ഇന്ന്, തനിക്കു തിരിച്ചറിയാനാകാതെ തന്റെ മുന്നിലൂടെ, തെരുവിലൂടെ നടക്കുന്ന ആ പഴയ കുട്ടികളെല്ലാം ഓരോ ക്ലാസ്സിന്റെ ഭാഗമായി മാറിക്കഴിഞ്ഞുവെന്നത് വിക്ടോറിയ ടീച്ചര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും.

ഒരു “ക്ലാസ്സ്’മുറിയുടെയും ജനലുകളും വാതിലുകളും എക്കാലത്തേക്കുമായി അടയ്ക്കാന്‍ കഴിയില്ലെന്നും.

1 comment:

Rajeeve Chelanat said...

ക്ലാസ്സുമുറികള്‍