Thursday, January 17, 2013

അവരെ വെറുതെ വിട്ടേക്കുക
തുണിയില്ലാതെ നടക്കുന്ന ആ ‘സാധു’ മനുഷ്യരെ വിട്ടേക്കുക. നഗ്നത പ്രദര്‍ശിപ്പിച്ച് നടക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല എന്ന നാട്ടുനടപ്പിന്റെ നീതിബോധത്തെയും കഠിനശാഠ്യങ്ങളെയുംകുറിച്ചൊന്നും വലിയ അറിവോ ബോധ്യമോ ഉള്ളവരല്ല അവര്‍. അത് അവരുടെ ജീവിത രീതിയാണ്. ഐറണി കലര്‍ത്തി പറഞ്ഞാല്‍, അവരുടെ വെളിപ്പെടുന്ന നഗ്നത അവരുടെമാത്രം സ്വകാര്യതയാണ്. വടക്കേയിന്ത്യയിലെ പുണ്യസ്ഥലങ്ങളിലും ആശ്രമങ്ങളിലും അലഞ്ഞുതിരിയുകയും ചെറുതും വലുതുമായ മേളകളിലൊക്കെ കൂട്ടമായി എത്തുകയും ചെയ്യുന്ന അവര്‍, ഒരു വിചിത്രമായ കാഴ്ച എന്നതിലുപരി മറ്റേതെങ്കിലും വിധത്തില്‍ നമ്മെ അലട്ടേണ്ടതുണ്ടോ?

സംഘികളുടെയും ഹൈന്ദവ തീവ്രവാദത്തിന്റെയും കണ്ണുകളിലൂടെ അവരെ നോക്കികാണുന്നത് അത്രകണ്ട് ശരിയാകുമെന്ന് തോന്നുന്നില്ല. വിവിധ കാരണങ്ങളാല്‍ മുഖ്യധാരാ സമൂഹത്തിന്റെ അരികുകളിലേക്ക് എത്തിപ്പെട്ടവരാണവരില്‍ ഭൂരിഭാഗവും. ഇന്ത്യയുടെ പ്രാചീന ചരിത്രത്തെക്കുറിച്ചു പറയുന്ന വേളയില്‍ റൊമീലാ ഥാപ്പറും, സന്ന്യാസികളെന്ന ഇക്കൂട്ടരെ അന്നത്തെ ആ പ്രാചീന സമൂഹത്തിലെ റിബലുകളായിട്ടാണ് വിലയിരുത്തുന്നത്. സമൂഹവുമായോ, ഭരണാധികാരികളുമായോ  ശണ്ഠയെടുത്തും കലാപം ചെയ്തും ഒരുവിധത്തിലും ഇടകലരാന്‍ പറ്റാതെയും, കാടുകളിലേക്ക് ഉള്‍വലിഞ്ഞ ഒരു കൂട്ടം ആളുകളായിരുന്നു അവര്‍. ധ്യാനം, തപസ്സ് എന്നൊക്കെയുള്ള പ്രച്ഛന്നമായ കാരണങ്ങള്‍ പറഞ്ഞും പ്രചരിപ്പിച്ചും സ്വയം ബഹിഷ്‌കൃതരാവുകയോ, ബഹിഷ്‌കൃതമാക്കപ്പെടുകയോ ചെയ്തവര്‍. മറ്റൊരു വിധത്തില്‍, നിഷാദ ഗോത്രങ്ങളെപ്പോലെ.

ഇന്ന് കാണുന്ന ഈ സാധുക്കളും, അവരിലെ ദിഗംബരന്മാരധികവും സ്വന്തം ജീവിതത്തെയും ഭരണകൂടത്തെയും വിരാഗത്തോടെ മാത്രം നോക്കിക്കാണുന്നവരാണ്. ആ നിലയ്ക്ക് വികലമായ മാനസികനിലയുള്ളവര്‍ മാത്രമാണവര്‍ കഞ്ചാവും ചരസ്സും ഭാംഗും അടിച്ച് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നിത്യമായി നീങ്ങിക്കൊണ്ടിരിക്കുന്ന സഞ്ചാരികള്‍.

സംഘിത്വവും തീവ്രഹൈന്ദവതയുമൊന്നും അവരുടെ ലക്ഷ്യങ്ങളേയല്ല. അന്നന്നത്തെ ശാപ്പാട്, തണുപ്പിന് കമ്പിളി, ലഹരിപദാര്‍ത്ഥങ്ങള്‍ സംഘടിപ്പിക്കാന്‍ അല്പസ്വല്‍പ്പം പണം, കൂടിക്കഴിയാനും, തലചായ്ക്കാനും ഒരിടം. അത്രയൊക്കെയേയുള്ളു അവരുടെ അജണ്ടയില്‍. സംഘികള്‍ ഊതിപ്പെരുപ്പിച്ച രാമജന്മഭൂമി പ്രക്ഷോഭത്തിലും, ബാബറി മസ്‌ജിദ് തല്ലിപ്പൊളിച്ച അക്രമിക്കൂട്ടത്തിലും അവരില്‍ തീരെ ഒരു ചെറിയ വിഭാഗം ഉണ്ടായിരുന്നു എന്നത് നേര്. പക്ഷേ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി അവരെ സംഘപരിവാര്‍ ചട്ടുകങ്ങളാക്കുക മാത്രമായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടും തലക്കകത്ത് വര്‍ഗ്ഗീയ വിഷം മാത്രമുള്ള സംഘപരിവാര്‍, വിശ്വഹിന്ദു, ശിവസേനാ, ബജ്‌രംഗദള്‍ പ്രഭൃതികളോളം അപകടകാരികളോ സംസ്ക്കാരശൂന്യരോ അല്ല അവര്‍. സ്വന്തം പേരും, ഊരും കൂരയും സ്വന്തക്കാരെയും വഴിയിലെങ്ങോ ഉപേക്ഷിച്ച്, ‘പരിഷ്‌കൃത’ സമൂഹത്തിന്റെ ഉള്‍വഴികളിലേയ്ക്ക് സ്വന്തം നിലയ്ക്കൊ സമൂഹത്താലോ ബഹിഷ്‌കൃതരായവരാണവര്‍. ഉത്തരേന്ത്യന്‍ തീവണ്ടികളില്‍ ടിക്കറ്റില്ലാതെ യാത്രചെയ്യാന്‍ അനൌപചാരികമായി അനുവദിക്കപ്പെടുന്നവര്‍. സ്വന്തം ശുഭലാഭത്തിനുവേണ്ടി വിഡ്ഡികളും, ആധുനികരും,‘വിദ്യാഭ്യാസി‘കളുമായ മദ്ധ്യവര്‍ഗ്ഗങ്ങളാല്‍ ആരതികളാലും പ്രസാദങ്ങളാലും പണ്ടാരങ്ങളാലും പൂജിക്കപ്പെടുന്നവര്‍. വേണ്ടിവന്നാല്‍, അപൂര്‍വ്വമായി, വയറ്റുപ്പിഴപ്പിനുവേണ്ടി ക്വട്ടേഷന്‍ സംഘമാകാന്‍ പോലും മടിയില്ലാത്തവര്‍.

ഉത്തരേന്ത്യയുടെ നിര്‍ദ്ദയമായ വേനല്‍-ശൈത്യങ്ങളെ താണ്ടിക്കടന്ന്, ഗ്രാമാന്തരങ്ങളിലെയും ചെറുതും വലുതുമായ നഗരങ്ങളിലെയും വൃക്ഷച്ചുവടുകളിലും മൈതാനികളിലും ആശ്രമസമൂഹങ്ങളിലും തമ്പടിച്ച്, നട്ടുച്ചകളിലും, സായാഹ്നങ്ങളിലും രാത്രികളിലും അരങ്ങേറുന്ന അവരുടെ വന്യമായ ചെറുചെറു സംഘം ചേരലുകളിലൊന്നില്‍പ്പോലും ‘ഹിന്ദുരാഷ്ട്ര’വും ‘ഹൈന്ദവത’യും ‘മുസല്‍‌മാന്‍ പേടി’യും കടന്നുവന്നതായി ഇതെഴുതുന്നയാള്‍ കണ്ടിട്ടില്ല. ദിനം‌പ്രതി മൂന്നുനേരം ശാപ്പാട്, എന്ന നമ്മുടെ ശാഠ്യം പോലും അവരില്‍ പലര്‍ക്കുമില്ല. കിട്ടിയാലായി. ഇല്ലെങ്കിലില്ല. വീണേടം സ്വര്‍ഗ്ഗം. സുബോധമെന്ന നമ്മില്‍ ചിലരുടെ ശാഠ്യവും അവര്‍ക്ക് അന്യം. അങ്ങിനെയൊരു കൂട്ടര്‍. വീട്ടില്‍ നിന്നും വീട്ടുകാരില്‍നിന്നും സ്വയമകന്നവര്‍, കഠിനമായ പ്രണയനഷ്ടത്തിന്റെ ചുഴികളിലകപ്പെട്ട നല്ല ജീവിതമുപേക്ഷിച്ച വിഡ്ഡികള്‍, ദാരിദ്ര്യത്തിന്റെയും ചിത്തഭ്രമത്തിന്റെയും, കുടിയൊഴിക്കപ്പെടലുകളുടെയും ഇരകളായി മാറി നാടുചുറ്റികളായി മാറിയവര്‍, ദേഹത്ത് ശൂലം തറക്കലും, മുള്ളാണിയിന്മേലും തീക്കനലുകളിലും നഗ്നപാദരായി നടക്കലും, ദേഹത്തെ നിത്യവും പീഡിപ്പിക്കലും, ഒറ്റക്കാലിലും തലകീഴായും നില്‍ക്കലുമൊഴിച്ച് മറ്റൊരു തൊഴിലും ജീവിതത്തില്‍ അഭ്യസിച്ചിട്ടില്ലാത്തവര്‍. 

പരിഷ്‌‌കൃത സമൂഹത്തിന്റെ  നടുമദ്ധ്യത്തില്‍ത്തന്നെയുള്ള ശാഖാമന്ദിരങ്ങളിലും ആയുധപ്പുരകളിലുമിരുന്ന് ‘നമ്മ’ളെന്നും, ‘അവര്‍’ എന്നും മനുഷ്യരെ വിഭജിച്ച് കണക്കെടുക്കുകയും, ‘നമ്മള’ല്ലാത്തവരെ എങ്ങിനെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാമെന്ന് കൂട്ടം ചേര്‍ന്ന് പദ്ധതിയിടുകയും നടപ്പാക്കുകയും ചെയ്യുന്ന വിദ്യാസമ്പന്നരും നാട്ടുനടപ്പുകള്‍ മുറപോലെ ശീലിക്കുന്നവരെയുമാണ് ഭയപ്പെടുകയും ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത്.

മറിച്ച്, ഈ ദിഗംബരന്മാരാകട്ടെ, നാഗപൂജക്കാരുടെയും നരബലിക്കാരുടെയും കൊടിയ വിഷമുള്ള പാമ്പുകളുടെയും വൃശ്ചികങ്ങളുടെയും മഹാമാരികളുടെയും ദുര്‍ഗ്ഗമമായ വനപ്രദേശങ്ങളുടെയും നാടായി മാത്രം ഇന്ത്യയെക്കണ്ട പാശ്ചാത്യരടക്കമുള്ള അന്ധന്മാരായ ചില സ്വദേശി-വിദേശി സഞ്ചാരികള്‍ വരച്ചുചേര്‍ത്ത വിചിത്രദൃശ്യങ്ങളുടെ ഒരു വലിയ കാര്‍ണിവലിലെ ഒരു ചെറിയ ഭാഗം മാത്രവും. പ്രായേണ, നിരുപദ്രവകാരികളും സാധുക്കളും ഏറിയാല്‍ ഉന്മാദികളും ബഹളക്കാരും പ്രവചിക്കാന്‍ പറ്റാത്ത സ്വഭാവക്കാരും മാത്രം.

അവരെ വിട്ടേക്കുക.


(15/01/2013-ല്‍ ഫേസ്‌ബുക്കില്‍ പോസ്റ്റു ചെയ്ഹ കുറിപ്പ്)

No comments: