Sunday, June 23, 2013

ബസ്രയിലെ ആ ഫിനിക്സ് പക്ഷിഇറാഖിലെ പുസ്തകശാലകളും ലൈബ്രറികളും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചുവോ എന്ന്  മിനിഞ്ഞാന്ന് മുസഫര്‍ അഹമ്മദ് ഇ-മെയിലില്‍ എഴുതി ചോദിച്ചു. അറിയില്ല എന്ന് മറുപടി എഴുതി.

യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും അനുദിനം തകരുന്ന ദിനാറിന്റെയും ഫലമായി ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ഇറാഖികള്‍ അവരുടെ സ്വകാര്യശേഖരത്തിലുള്ള പുസ്തകങ്ങള്‍ തുച്ഛമായ വിലയ്ക്ക് തെരുവില്‍ വില്‍ക്കുവാന്‍ വെച്ചിരിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചതോര്‍മ്മയുണ്ട്. ബാഗ്ദാദിലെ പ്രസിദ്ധമായ ദേശീയ ലൈബ്രറിയും ആര്‍ക്കൈവ്‌സും 2003-ല്‍ വെന്തുവെണ്ണീറാകുമ്പോഴും, അവിടെനിന്ന് അഞ്ചു മിനുട്ട് ദൂരമപ്പുറം അമേരിക്കന്‍ സൈന്യം അനങ്ങിയില്ല എന്ന് റോബര്‍ട്ട് ഫിസ്ക്കും രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാന്‍ കാലഘട്ടം മുതലുള്ള അപൂര്‍‌വ്വമായ ചരിത്രരേഖകളാണ്‌ അന്ന് ചാരമായിത്തീര്‍ന്നത്.

ആ സാഹിത്യത്തിലെ പുസ്തകങ്ങള്‍ ഒട്ടുമുക്കാലും എഴുതപ്പെടുന്നത് കെയ്‌റോയിലും, അച്ചടിക്കുന്നത് ബെയ്‌റൂട്ടിലും വായിക്കപ്പെടുന്നത് ബാഗ്ദാദിലുമാണെന്ന് അറബികളുടെയിടയില്‍ ഒരു ചൊല്ലുണ്ട്. പണ്ട്, പതിമൂന്നാം നൂറ്റാണ്ടില്‍ ജെങ്കിസ്‌ഖാന്റെ പേരക്കിടാവ് ബാഗ്ദാദിനു തീവെച്ചപ്പോള്‍ അവിടുത്ത പുസ്തകങ്ങളുടെ കറുത്ത മഷി പടര്‍ന്ന് ടൈഗ്രിസ് നദ് കറുത്തിരുണ്ട് പോയെന്ന് പകുതി ചരിത്രവും പകുതി അതിശയോക്തിയും കലര്‍ന്ന കഥകളുമുണ്ട് ബാഗ്ദാദില്‍നിന്ന്.

ബസ്രയിലെ ലൈബ്രേറിയനെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങിനെയൊരു സ്ത്രീ ഉണ്ട്. അലിയ മുഹമ്മദ് ബക്കര്‍. പതിന്നാലു വര്‍ഷം ബസ്രയിലെ സെന്‍‌ട്രല്‍ ലൈബ്രറിയിലെ പ്രധാന ലൈബ്രേറിയനായിരുന്നു അവര്‍ . നിരവധി ബൗദ്ധികമായ സം‌വാദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അവരുടെ കാലത്ത്, ആ ലൈബ്രറി അരങ്ങൊരുക്കയും ചെയ്തിരുന്നു. 2003-ല്‍ യുദ്ധം തുടങ്ങിയപ്പോള്‍ ലൈബ്രറിയെ രക്ഷിക്കാന്‍ അവര്‍ ബസ്രയിലെ ഗവര്‍ണ്ണറടക്കമുള്ള അധികാരികളുടെയും വിദേശസേനകളുടെയും സഹായം തേടി അലഞ്ഞു. ആരും തിരിഞ്ഞുനോക്കിയില്ല. ഇറാഖ് സേനയും സഖ്യസേനയും ബാഗ്ദാദില്‍ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു അന്ന്. തെക്കേ അറ്റത്തെ ബസ്ര ഒഴിഞ്ഞുകിടന്നു. വെള്ളവും വെളിച്ചവുമില്ലാതെ ആളൂകള്‍ ദുരിതത്തിലായിരുന്നു. അതിനിടയ്ക്ക് പുസ്തകങ്ങളെ നോക്കാനോ സം‌രക്ഷിക്കാനോ ആര്‍ക്കും സമയവും സൗകര്യവുമുണ്ടായിരുന്നില്ല.

യുദ്ധം ബസ്രയിലേക്ക് മെല്ലെമെല്ലെ പടര്‍ന്നുപിടിച്ചു. ലൈബ്രറിയെ ഇറാഖ് സര്‍ക്കാര്‍ സൈനികസം‌വിധാനത്തിന്റെ കേന്ദ്രമാക്കി. ലൈബ്രറിയിലെ ജീവനക്കാര്‍ സ്ഥലം വിട്ടു. ലൈബ്രറിയുടെ മുകളില്‍ ഒരു വലിയ പീരങ്കിയും സ്ഥാപിക്കപ്പെട്ടു.

ആരും സഹായിക്കാന്‍ വരില്ലെന്ന് ബോധ്യമായപ്പോള്‍ അലിയ ലൈബ്രറിയുടെ തൊട്ടപ്പുറത്തുള്ള ഹമദാന്‍ ഹോട്ടലിലെ ആനീസ് മുഹമ്മദിന്റെ സഹായം തേടി. ലൈബ്രറിയുടെ കര്‍ട്ടനുകള്‍ കീറിയെടുത്ത് അലിയ പുസ്തകങ്ങള്‍ ഭാണ്ഡങ്ങള്‍ക്കുള്ളിലാക്കി.  ആനീസിന്റെയും ആ ഹോട്ടല്‍ ജീവനക്കാരുടെയും സഹായത്തോടെ, ലൈബ്രറിയുടെ പിന്‍‌ഭാഗത്തുള്ള വലിയ മതിലിന്റെ മുകളിലൂടെ ആരും കാണാതെ, പല ദിവസങ്ങള്‍കൊണ്ട് അവര്‍ പുസ്തകങ്ങള്‍ ഹോട്ടലിലേക്ക് കടത്തി. എഴുതാനും വായിക്കാനും അറിയാത്തവരായിരുന്നു ആനീസിന്റെ ഹോട്ടല്‍ ജീവനക്കാരില്‍ പലരും. എന്നാലും ഒരു വലിയ ദൗത്യം നിര്‍‌വ്വഹിക്കുകയാണ്‌ തങ്ങളെന്ന് അവര്‍ക്ക് തോന്നിയിരിക്കണം. ആനീസ് മുഹമ്മദ് ഒരു തോക്കും കൈയ്യിലേന്തി പുസ്തകശാലയായി മാറിയ തന്റെ ഹോട്ടലിനു രാപ്പകല്‍ കാവല്‍ നിന്നു. സംശയം തോന്നി ചോദ്യം ചെയ്യാന്‍ വന്ന ബ്രിട്ടീഷ് പട്ടാളക്കാരനോട് അത് തന്റെ സ്വയരക്ഷക്കാണെന്ന് അയാള്‍ കളവു പറഞ്ഞു. അവിടെനിന്നും പിന്നീട് സ്വന്തം വീട്ടിലേക്കും. ഏഴുദിവസത്തിനു ശേഷം ബസ്രയിലെ ആ ലൈബ്രറി പൂര്‍ണ്ണമായും കത്തി നശിച്ചു, അപ്പോഴേക്കും മുപ്പതിനായിരം പുസ്തകങ്ങള്‍ ആ സ്ത്രീ സുരക്ഷിതമായി വീട്ടിലേക്കെത്തിച്ചിരുന്നു. അല്‍‌പ്പ ദിവസങ്ങള്‍ക്കുശേഷം ഒരു ഹൃദയാഘാതത്തെ തുടര്‍ന്ന് അവര്‍ കിടപ്പിലായി.

യുദ്ധം അവസാനിച്ചാല്‍ വീണ്ടും ആ ലൈബ്രറി പുതുക്കിപ്പണിയണമെന്നും അതിനെ പുസ്തകങ്ങള്‍ കൊണ്ട് നിറയ്ക്കണമെന്നും സ്വപ്നം കണ്ടു അലിയ.

2003- ല്‍ ഷൈല ദീവാന്‍ എന്ന പത്രപ്രവര്‍ത്തകയാണ്‌ ന്യൂയോര്‍ക്ക് ടൈംസിലൂടെ അലിയയെക്കുറിച്ച് ആദ്യമായി ലോകത്തെ അറിയിക്കുന്നത്. അലിയയുടെ ജീവിതത്തെ ആസ്പദമാക്കി ചെറിയ കുട്ടികള്‍ക്കു വേണ്ടി ജാനെറ്റ് വിന്റര്‍ എന്ന അമേരിക്കന്‍ എഴുത്തുകാരി എഴുതിയ  The Librarian of Basra: A True Story From Iraq എന്ന പുസ്തകവും, മാര്‍ക്ക് അലന്‍ സ്റ്റാമറ്റിയുടെ Alia's Mission: Saving the Books of Iraq, എന്ന ഗ്രാഫിക്ക് കഥാപുസ്തകവും പുറത്തുവന്നു.

അമേരിക്കയിലെയും ഇറാഖിലെയും കുട്ടികള്‍ അതൊക്കെ വായിക്കുന്നുണ്ടോ എന്ന് നിശ്ചയമില്ല.

അലിയയെക്കുറിച്ചുള്ള എന്റെ ഇതുവരെയുള്ള അന്വേഷണങ്ങള്‍ക്കൊന്നും ഒരു ഫലവുമുണ്ടായില്ല. അവര്‍ ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്നുകൂടി എനിക്കറിയില്ല. എനിക്കെന്നല്ല, ബസ്രയിലെ ചില സുഹൃത്തുക്കള്‍ക്കുപോലും അലിയ എന്ന ബസ്രയിലെ ആ ലൈബ്രേറിയന്‍ അജ്ഞാതയാണ്‌.. . അങ്ങിനെയൊരാളെക്കുറിച്ച് അവര്‍ കേട്ടിട്ടുപോലുമില്ല!! എന്നാലും ഞാന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ചിലപ്പോള്‍ ബസ്രയില്‍ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടായിരിക്കാം. ഉണ്ടെങ്കില്‍ , എന്നെങ്കിലുമൊരിക്കല്‍ അവരെ കാണണം. സ്വന്തം ജീവനേക്കാള്‍ പുസ്തകങ്ങളെ സ്നേഹിച്ച ബസ്രയിലെ ആ മദ്ധ്യവയസ്ക്കയെ.

ബാഗ്ദാദിലെയും ബസ്രയിലെയും പുസ്തകശാലകള്‍ ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയില്ലെങ്കിലും, ചുറ്റും കാണുന്ന പരിമിതമായ കാഴ്ചകള്‍ തന്നെ ഭീതിദമായ ഒരു പുസ്തകാനുഭവമാണ്‌. . അച്ചടിച്ച പുസ്തകങ്ങളിലുള്ളതിനേക്കാള്‍ കറുത്ത മഷിയാണ്‌ ചുറ്റും. ടൈഗ്രിസിന്റെയും യൂഫ്രട്ടീസ്-ടൈഗ്രിസ് സംഗമസ്ഥാനമായ ഷാത്ത് അല്‍ അറബിന്റെയും നിറം ഇപ്പോഴും കലങ്ങിത്തെളിഞ്ഞിട്ടുണ്ടാവില്ല. തീര്‍ച്ച.

('മാധ്യമം' വാരാദ്യപ്പതിപ്പില്‍ (23/06/2013) പ്രസിദ്ധീകരിച്ച ലേഖനം)

2 comments:

ajith said...

ഇറാക്ക്
ബസ്ര

നീയെത്ര തകര്‍ന്നുപോയി!!

ktahmed mattanur said...

മനസ് മരവിച്ചിരിക്കുന്നു,അമേരിക്കയും കൂട്ടാളികളും കടന്നു ചെല്ലുന്ന നാടുകളിലേ മനുഷ്യ ജീവന് നാം നടന്നു പോകുന്ന വഴിയിലെ പുല്‍നാമ്പിന്റെ വിലപോലുമില്ലെന്ന് നമുക്കു തന്നെ തോന്നി തുടങ്ങി,ഏത് തെമ്മാടിക്കും രാജ്യ ദ്രോഹിക്കും അഭയം നല്‍കുമ്പോള്‍ അവര്‍കെതിരെ ശബ്ദിച്ചവന്‍ വേട്ടയാടപ്പെടുന്നു,അഭയം ആരെങ്കിലും നല്‍കിയാല്‍ ആ നാട്ടിനെ തന്നെ ഇല്ലായ്മ ചെയ്യുന്നു,ആരാണ് ലോക തെമ്മാടി എന്നെല്ലാവര്‍കും അറിയാം,ഭയം ഉന്നതങ്ങളില്‍നിന്നും അരിച്ചിറങ്ങുന്നു,കാവലാളുകളുടെ മുറുമുറുപ്പു മാത്രം.