നക്സലൈറ്റാവുക എന്നത് എന്നു മുതല്‍ക്കാണ് ഇത്ര വലിയ തെറ്റായിമാറിയത്? നാരായണന്‍കുട്ടി നായരുടെ തലയറുത്ത് വീട്ടുമുറ്റത്തെ പടിപ്പുരയില്‍ കാഴ്ച്ചക്കുലയായി വെച്ച കാലം മുതല്‍ നക്സലൈറ്റ് എന്ന വിശേഷണം കേരളത്തിലെ ആഢ്യ-സമ്പന്ന കുടുംബങ്ങളില്‍ പൊതുവെയും, വള്ളുവനാട്ടിലെയും ഏറനാട്ടിലെയും തറവാടുകളില്‍ പ്രത്യേകിച്ചും ഭീതി പരത്തിയിരുന്നതായി നമുക്കറിയാം. നക്സലൈറ്റുകളില്‍നിന്ന് രക്ഷ നേടാന്‍ നേപ്പാളില്‍നിന്ന് ഗൂര്‍ഖകളെ വരുത്തി തറവാടുകള്‍ക്ക് കാവലേര്‍പ്പെടുത്തിയ ചില തറവാട്ടുകാരണവന്‍മാരെയെങ്കിലും ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകാതെ വരില്ല. അടിയന്തിരാവസ്ഥയുടെ നാളുകളിലാണ് ശരിയായ മനുഷ്യവേട്ട ആരംഭിച്ചത്.അന്ന് പക്ഷേ നക്സലൈറ്റുകാര്‍ ഒറ്റക്കായിരുന്നില്ല. ആര്‍.എസ്സ്.എസ്സുകാരും, കമ്മ്യൂണിസ്റ്റുകാരും ഒക്കെ ഒരുപോലെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി. ആ ദിവസങ്ങളൊക്കെ പൊയ്പ്പോയി, വീണ്ടും മാറിമാറിയുള്ള കൂട്ടുകക്ഷിഭരണത്തിന്റെയും, അതിന്റെ സുഖകരമായ വലതുപക്ഷ-വിപ്ലവ സംയുക്ത ആലസ്യത്തിന്റെയും നാളുകള്‍ വന്നു. ആ സംഭോഗസൃഗാരത്തിന്റെ പാരമ്യമാണിന്ന് ദേശീയ-പ്രാദേശിക രാഷ്ട്രീയങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്. അതിനിടയിലാണ് ആ പഴയ 'പുലി വരുന്നേ' പേടി വീണ്ടും മടതുറന്ന് എഴുന്നള്ളുന്നതും. ആനന്ദപ്രദമായ വിശ്രമവേളകള്‍ക്ക് ഭംഗം വന്നതറിഞ്ഞ്, അഴിഞ്ഞുലഞ്ഞ ഉടുവസ്ത്രം വാരിവലിച്ചുടുത്ത് തെരുവില്‍നിന്ന് മുറവിളിയിടുകയാണ് ഇടതു-വലതു ഭരണ ദമ്പതികള്‍.
ഒരു നക്സലൈറ്റാവുക എന്നത് ഇത്ര മോശം കാര്യമാണോ? ഒരു മാവോവാദിയാവുക എന്നത് എങ്ങിനെയാണ് ദേശവിരുദ്ധ പ്രവര്‍ത്തനമാകുന്നത്? അവരുടെ പ്രായോഗിക രാഷ്ട്രീയത്തെ വിമര്‍ശിക്കാം. എതിര്‍ക്കാം. പക്ഷേ ആന്ധ്രയിലും, ചത്തീസ്ഗഢിലും, ജാര്‍ഖണ്ഡിലും ചെയ്യുന്നപോലെ ഒരു രാഷ്ട്രീയ സംഘടനയെയും അതിന്റെ പ്രവര്‍ത്തകരെയും രാജ്യവിരുദ്ധരായി മുദ്ര കുത്തുന്നതും ഭരണകൂടങ്ങളുടെ സ്വകാര്യാശിസ്സുകളുള്ള ഗുണ്ടാസേനകള്‍ക്ക് അവരെ വലിച്ചെറിയുന്നതും എവിടുത്തെ നീതിയാണ് സഖാക്കളെ, ഗാന്ധിയന്‍മാരെ?
നക്സലൈറ്റുകളുടെയും മാവോയിസ്റ്റു സംഘടനകളുടെയും മറവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങളുണ്ട്. നക്സലൈറ്റ്-മാവോയിസ്റ്റു സംഘടനകളുടെ ചില വിഭാഗീയ ഗ്രൂപ്പുകള്‍തന്നെ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്. വാദം അതൊന്നുമല്ല. നക്സലൈറ്റ് എന്ന രാഷ്ട്രീയ സംഘടന രാജ്യവിരുദ്ധമായ ഒന്നാണെന്നും, അവരുടെ സംഘടിക്കലും, പ്രവര്‍ത്തനവും, പ്രസിദ്ധീകരണങ്ങളും മുഖ്യധാരാ രാഷ്ട്രീയങ്ങളുടെയും, ദേശതാത്‌പര്യങ്ങളുടെയും എതിര്‍ദിശയിലാണെന്ന തരത്തിലുമുള്ള വലതുപക്ഷ പ്രത്യയശാസ്ത്ര പ്രചരണത്തിനാണ് നമ്മള്‍ പച്ചക്കൊടി വീശുന്നത്. മല്ലരാജറെഡ്‌ഡിയെയും, ഗോവിന്ദന്‍കുട്ടിയെയും അറസ്റ്റുചെയ്ത് നീക്കാനും, പീപ്പിള്‍സ് മാര്‍ച്ച് എന്ന പ്രസിദ്ധീകരണത്തെ നിരോധിക്കാനും നടത്തുന്ന ശ്രമങ്ങളെ ആ നിലയിലാണ് കാണേണ്ടതും.
എവിടെ നമുക്ക് അതിനൊക്കെ നേരം? അന്ത്യകൂദാശാ വിവാദത്തിന്റെ കച്ച അഴിച്ചുവെച്ചതേയുള്ളു. ഇതാ വരുന്നു, അഴകൊഴമ്പന്‍ അരവണ. 'അരവണ-അരമന' ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ് പ്രവാസി ചര്‍ച്ചാഫോറങ്ങളില്‍. മാദ്ധ്യമങ്ങളാകട്ടെ പ്രതീക്ഷിച്ചപോലെതന്നെ, അവിശുദ്ധമായ മൗനം പാലിക്കുന്നു. നടക്കട്ടെ. ഇടക്ക് ആ പഴയ കവിതയൊന്ന് വല്ലപ്പോഴും ഓര്‍ക്കണമെന്നു മാത്രം. ഏതു കവിതയെന്നോ? പാസ്റ്റര്‍ മാര്‍ട്ടിന്‍ നിയൊമില്ലര്‍ (Pastor Martin Niemoller)എഴുതിയ ആ പഴയ കവിതയില്ലേ? "ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടിവന്നു" എന്നു തുടങ്ങുന്ന ആ കവിത. അതു തന്നെ.
ഓര്‍മ്മകളുണ്ടായിരിക്കണം.