എന്തുകൊണ്ടാണ് തസ്ലീമക്ക്, കേരളത്തിലെ ആദ്യത്തെ പത്ത് തെമ്മാടി രാഷ്ട്രീയക്കാരില് ഒരാളായ കുഞ്ഞാലിക്കുട്ടി ഇന്നലെ മുസ്ലിംസമ്മേളനത്തില്, കക്ഷം ചൊറിഞ്ഞ് പറഞ്ഞപോലെ, അന്യനാട്ടില് വന്ന് 'ചുറ്റിത്തിരിയേണ്ടി'വരുന്നത്?
എഴുത്തുകാരിയായതുകൊണ്ടും, തനിക്കു ശരിയെന്നു തോന്നുന്നത് എവിടെയും പറയാമെന്ന തന്റേടം ഉള്ളിലുള്ളതുകൊണ്ടുമാണ് ഇന്ന് ഈ ഗതി അവര്ക്ക് വന്നത്.
തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള് പറഞ്ഞതുകൊണ്ടു മാത്രം ഭരണകൂടങ്ങള്ക്കും, ആള്ക്കൂട്ടങ്ങള്ക്കും അപ്രിയരായവരില് ആദ്യത്തേതൊന്നുമല്ല തസ്ലീമ. അവര്ക്ക് പൂര്വ്വസൂരികളായി നിരവധിപേരുണ്ട് നമ്മുടെ ചരിത്രത്തില്.
എന്താണ് അവര് ചെയ്ത ഇത്ര വലിയ അപരാധം? തന്റെ മതത്തെ അവര് ഒരുകാലത്തും തള്ളിപ്പറഞ്ഞിട്ടില്ല. മതം മാറുകയോ, മതസ്പര്ദ്ധ വളര്ത്തുകയോ, സമൂഹത്തിന്റെ ശാന്തികെടുത്തുന്ന എന്തെങ്കിലും ചെയ്യുകയോ ഉണ്ടായിട്ടില്ല. പിന്നെയെന്താണിങ്ങനെയൊക്കെ?
കര്ണ്ണാടകയില്വെച്ച് അവര്ക്ക് നേരിടേണ്ടിവന്നത് നമ്മള് കണ്ടു. ഇന്നിപ്പോള് കൊല്ക്കൊത്തയില്നിന്നും അവര്ക്ക് ഒഴിഞ്ഞുപോകേണ്ടിവന്നിരിക്കുന്നു. വിപ്ലവത്തിന്റെയും, രാഷ്ട്രീയപ്രബുദ്ധതയുടെയുമൊക്കെ സ്വന്തം ബംഗാളില്നിന്ന്. പരക്കംപായുകയാണ് ഒരു സ്ത്രീ. ഒരു എഴുത്തുകാരി.
സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു അവരുടെ സാന്നിദ്ധ്യം ഹാനികരമാകുമെന്ന കാരണം പറഞ്ഞ്, പുലര്കോഴി കൂവുന്നതിനും ഏറെമുന്പുതന്നെ, സി.പി.എമ്മിന്റെ ബിമന് ബസു അവരെ തള്ളിപ്പറഞ്ഞിരിക്കുന്നു. നന്ദിഗ്രാമിനെച്ചൊല്ലിയുള്ള അസമാധാനത്തില്നിന്നുള്ള രക്ഷയായിരിക്കണം തസ്ലീമ പ്രശ്നം, സംസ്ഥാന സര്ക്കാരിനു നല്കിയത്. നന്ദിഗ്രാമിനെച്ചൊല്ലിയുള്ള ബഹളത്തില്നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സര്ക്കാരിന്റെ തന്ത്രമായിരുന്നുവോ ഇതെന്നുകൂടി തോന്നിപ്പോകാം.
ഗുരുദാസ് ഗുപ്തയെയും, മനോജ് ഭട്ടാചാര്യയെപ്പോലെയും ചുരുക്കം ചിലര്ക്കുമാത്രമേ സ്ഥിരബുദ്ധി നഷ്ടപ്പെടാതിരുന്നുള്ളു. ബിമന് ബോസ് തന്റെ പ്രസ്താവന പിന്വലിച്ചു എന്നത്, ചെയ്ത തെറ്റിന്റെ വലുപ്പം കുറക്കുന്നില്ല.
തസ്ലീമക്കും, എം.എഫ്.ഹുസ്സൈനും, സല്മാന് റുഷ്ദിക്കും, എഡ്വേഡ് സെയ്ദിനും, യുയുത്സുവിനും, ഷഷ്ഠിബ്രതക്കും, മിര് മഹ്ഫൂസ് അലിക്കും ഒക്കെ ഈ ഗതി നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ, ഇന്ന് നമ്മുടെ മുന്നില് ഒരു സ്ത്രീ നിസ്സഹായയായി വന്നു നില്ക്കുകയാണ്. അഭയം ചോദിച്ച്.അവര്ക്ക് സംരക്ഷണവും അഭയവും കൊടുക്കാന് നാം ബാദ്ധ്യസ്ഥരാണ്. മറ്റൊന്നിനുംവേണ്ടിയല്ല. നാരിയെ പൂജിക്കുന്ന നാടെന്നും, മതസഹിഷ്ണുതക്ക് പുകള്പെറ്റ നാടെന്നുമൊക്കെ നാഴികക്കു നാല്പ്പതുവട്ടം വീമ്പു പറയുന്ന ഒരു രാജ്യത്തിന് ഒരു നിസ്സഹായയായ സ്ത്രീയോട് മിനിമം മര്യാദയെങ്കിലും പാലിക്കാനുള്ള ഉത്തരവാദിത്ത്വമില്ലേ? അതോ നമ്മള് നമ്മളെ ഇന്ത്യന് ഖൊമേനികള്ക്ക് തീറെഴുതിക്കൊടുത്തിരിക്കുന്നുവോ?
ഇ.അഹമ്മദും കുഞ്ഞാലിക്കുട്ടിയുമൊക്കെ എന്തും പറയും. എന്തും കാട്ടും. അതാണ് ഇനം. കൂട്ടിന് കാന്തപുരങ്ങളുമുണ്ടല്ലോ. ഒരു അഡ്രസ്സും കിട്ടാത്തവിധം ചേകന്നൂരിനെ ഇല്ലാതാക്കിയ മഹാരഥന്മാര്.
മുപ്പത്തിമുക്കോടി ദൈവങ്ങളുടെയും, അവരുടെ ലൈംഗികസദാചാരത്തിന്റെയും കുത്തകപകര്പ്പവകാശം കൈക്കലാക്കിയ തങ്ങളുടെ അധികാരാവകാശങ്ങളില് കൈവെക്കാന് ധൈര്യം കാണിച്ച എം.എഫ്.ഹുസ്സൈനെ പുകച്ചു പുറത്തു ചാടിച്ച 'ആര്ഷസംസ്കാര'മൂര്ഖന്മാരാകട്ടെ, മറുപുറത്തുണ്ട്. തസ്ലീമക്ക് ഇന്ത്യ അഭയം കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു മല്ഹോത്ര. പക്ഷേ, ഹുസ്സൈനെ നിലം തൊടീക്കില്ലെന്ന തീരുമാനത്തില് ഒരു മാറ്റവുമില്ലെന്നുമാത്രം.
വാക്കുകളെയും വരകളെയും ഭയക്കുന്ന ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മള്. വാക്കോ, ചിത്രമോ, നാടകമോ, ഗാനമോ, സിനിമയോ എന്തുമാകട്ടെ, അതൊക്കെ നമ്മെ അസ്വസ്ഥരാക്കുന്നു. കാരണം, അവയൊക്കെ നമ്മെതന്നെയാണ് വെളിവാക്കുന്നത്. നമ്മുടെ അശ്ലീലങ്ങള്ക്കുനേരെയുള്ള കണ്ണാടികളാണ് അവയൊക്കെ. ആ കണ്ണാടികള് എറിഞ്ഞുടക്കുക, നമുക്കുനേരെ ആ കണ്ണാടികള് തിരിച്ചുവെക്കുന്നവരെ ആട്ടിയോടിക്കുക, ആ ദൗത്യമാണ് ഇന്ന് നമ്മള് ഏറ്റെടുത്തിരിക്കുന്നത്.
വിശ്വസിക്കുന്ന നിലപാടുകള്ക്കുവേണ്ടി, അവയെ ആവിഷ്ക്കരിക്കാന് ഉപയോഗിച്ച ഭാഷക്കും, വാക്കുകള്ക്കും വേണ്ടി, നാടും വീടും വിട്ട്, മറ്റൊരു നാട്ടില് അഭയംതേടി, അവിടെനിന്നുപോലും തിരസ്ക്കാരങ്ങള് ഏറ്റുവാങ്ങി, നിരന്തരം വേട്ടയാടപ്പെട്ട് ഒളിവില് ജീവിക്കുന്നതിന്റെ 'സുഖ'മൊന്നും അറിയേണ്ടിവരുന്നില്ല നമുക്കാര്ക്കും. എഴുത്ത് നമുക്കൊരു 'സുഖചികിത്സ'യാകുന്നു.
തസ്ലീമ നസ്രീന് അഭിവാദ്യങ്ങള്.
Showing posts with label നാടുകടത്തല്. Show all posts
Showing posts with label നാടുകടത്തല്. Show all posts
Sunday, November 25, 2007
Subscribe to:
Posts (Atom)