Showing posts with label വര്‍ഗ്ഗീയം. Show all posts
Showing posts with label വര്‍ഗ്ഗീയം. Show all posts

Sunday, March 16, 2008

വിശ്വാസത്തിന്റെ പരീക്ഷ



തങ്ങളെപ്പോലുള്ള നാലര ലക്ഷം കുട്ടികള്‍ എഴുതുന്ന ഒരു നിര്‍ണ്ണായക പരീക്ഷ, (മാതൃഭൂമി പത്രത്തിലെ വാര്‍ത്ത) പ്രാര്‍ത്ഥനാ സമയത്തിനുശേഷം മാത്രമേ എഴുതൂ എന്ന് വാശിപിടിച്ച ഈ കുട്ടികള്‍ക്കെന്താ കൊമ്പുണ്ടോ? അവരുടെ ഹരജി സദയം അനുവദിച്ച്‌, അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്ത ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ജഡ്ജിയങ്ങുന്നുമാരെ തീവ്രമാനസികപരിചരണത്തിനു ചികിത്സിക്കുകയാണ്‌ വേണ്ടത്‌. കൂട്ടുനിന്ന സര്‍ക്കാരിനെ കൂടുതല്‍ കാര്യക്ഷമായ ഏതെങ്കിലും മറ്റൊരു കോടതി കയറ്റുകയും അടിയന്തിരമായി ചെയ്യണം.

പ്രാര്‍ത്ഥിക്കാനും വിശേഷദിവസങ്ങള്‍ ആചരിക്കാനുമൊക്കെയുള്ള വിവിധ വിഭാഗങ്ങളുടെ അവകാശങ്ങളെയൊന്നും ആരും നിഷേധിക്കുന്നില്ല. അതൊക്കെ അവരുടെ ഇഷ്ടം. ഏതു അനാചാരവും, അന്ധവിശ്വാസവും പിന്തുടരാനുള്ള 'ജനാധിപത്യാവകാശങ്ങ'ളൊക്കെ നമ്മള്‍ അനുവദിച്ചിട്ടുമുണ്ടല്ലോ.

പക്ഷേ ഇവിടെ പ്രശ്നം, വിവിധ സമുദായങ്ങളില്‍പെട്ട നാലര ലക്ഷത്തോളം കുട്ടികള്‍, തങ്ങളുടെ വ്യക്തിപരമായ എല്ലാ അസൗകര്യങ്ങളും മാറ്റിവെച്ച്‌, ഒരേ ദിവസം ഒരു പരീക്ഷക്കു തയ്യാറായി വരുമ്പോള്‍, അതില്‍നിന്ന്, കേവലം രണ്ടുപേരെ മാത്രം വിട്ടുനില്‍ക്കാന്‍ അനുവദിക്കുന്ന വിവരദോഷത്തിന്റേതാണ്‌. ഈ രണ്ടു കുട്ടികളുടെ അതേ വിശ്വാസഗണത്തില്‍ പെടുന്ന മറ്റുചിലരാകട്ടെ, നിശ്ചയിച്ച സമയത്തുതന്നെ പരീക്ഷ എഴുതുകയും ചെയ്തിരിക്കുന്നു. അവര്‍ക്കും വിശ്വാസമൊക്കെ ഉണ്ടായിരുന്നില്ലേ? എങ്കില്‍ ആ വിഭാഗത്തില്‍ പെടുന്ന എല്ലാവരെയും അതിനനുവദിക്കണമായിരുന്നില്ലേ? ഈ വിശേഷാല്‍പ്രതികളില്‍ ഒരാളുടെ രക്ഷകര്‍ത്താവ്‌ അതേ സ്കൂളിലെ അദ്ധ്യാപകനുമായിരുന്നുവെന്നും നമ്മള്‍ അറിയണം.

വിശേഷ ദിവസങ്ങളിലും, പ്രാര്‍ത്ഥനയുടെ അവസരങ്ങളിലുമൊന്നും പരീക്ഷ എഴുതില്ലെന്ന് ഇതുപോലെ ഓരോ വിഭാഗത്തിലെയും കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും നിര്‍ബന്ധം പിടിച്ചാല്‍ സര്‍ക്കാരും ഈ മന്ദബുദ്ധി കോടതികളും എന്തു ചെയ്യും? സമ്മതിച്ചുകൊടുക്കുമോ?സെവന്‍‌ത്ത് ഡേ അഡ്വന്റിസ്റ്റ്‌ വിഭാഗത്തില്‍പെട്ട അതേ സ്കൂളിലെ മറ്റു കുട്ടികള്‍ പരീക്ഷ കൃത്യസമയത്തുതന്നെ എഴുതിയത്‌ ഒരുപക്ഷേ അവരുടെ രക്ഷകര്‍ത്താക്കളാരും അദ്ധ്യാപകരല്ലാതിരുന്നതുകൊണ്ടും, തന്മൂലമുള്ള വിവേചനബുദ്ധിനിലവാരം‌കൊണ്ടാണെന്നും വരുമോ?

പ്രത്യേകാവകാശങ്ങളായാല്‍പ്പോലും അത്‌ ചെയ്തുകൊടുക്കുന്നതിലും, നടപ്പില്‍ വരുത്തുന്നതിലും ഒരു ചെറിയ ശതമാനം യുക്തിയും, ഔചിത്യവും നമ്മള്‍ പ്രതീക്ഷിക്കും. തട്ടം ധരിച്ച്‌ വിദ്യാലയങ്ങളിലും കലാശാലകളിലും വരുന്നതിനെക്കുറിച്ചും, പരമ്പരാഗത വസ്ത്രങ്ങള്‍ പൊതു സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും, മതചിഹ്നങ്ങള്‍ ശരീരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ചുമൊക്കെ ലോകത്തിന്റെ പല ഭാഗത്തും പല ചര്‍ച്ചകളും നടന്നുവരുന്നുണ്ട്‌. വിദ്യാഭ്യാസപരിഷ്ക്കരണ നിയമങ്ങളില്‍ ഭേദഗതിവരുത്തുന്നതിനെക്കുറിച്ചുള്ള, നമ്മുടെതന്നെ നാട്ടിലെ ചര്‍ച്ചകളും ഒന്ന് അവസാനിച്ചതേയുള്ളു. അപ്പോഴാണ്‌ തീര്‍ത്തും, അര്‍ത്ഥശൂന്യവും, നിരുത്തരവാദപരവുമായ കീഴ്‌വഴക്കങ്ങളുമായി സര്‍ക്കാരും കോടതികളും, ബുദ്ധിശൂന്യരായ രക്ഷകര്‍ത്താക്കളും അവരുടെ അരുമകളായ അജവൃന്ദവും, അതിനെ പാടിപ്പുകഴ്ത്തി മാധ്യമഗര്‍ദ്ദഭങ്ങളും രംഗത്തുവരുന്നത്‌.

എന്നിട്ട്‌, അതിനുവേണ്ട എന്തൊക്കെ വന്‍ സന്നാഹങ്ങളാണ്‌ ഒരുക്കിവെച്ചത്‌!! ലൈന്‍ വലിച്ച്‌ താത്ക്കാലികവൈദ്യുതി വരുത്തി. പോരാത്തതിന്‌ ജനറേറ്ററും എമര്‍ജന്‍സി വിളക്കും തരപ്പെടുത്തി. പോലീസും, ഡി.ഇ.ഒ അടക്കമുള്ള വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും അറ്റന്‍ഷനായിനില്‍ക്കുന്നു. കുട്ടികളെ ഉച്ചമുതല്‍ പ്രത്യേകമുറിയിലിരുത്തി ജ്യൂസും പഴവും നല്‍കി പ്രാര്‍ത്ഥിപ്പിച്ചും, വിശ്രമിപ്പിച്ചും അണിയിച്ചൊരുക്കുന്നു. ചോദ്യപേപ്പര്‍ ചോരുന്നില്ലെന്ന് ഉറപ്പുവരുത്തി, മാധ്യമപ്പടകളെ ഒരുക്കിനിര്‍ത്തി, പരീക്ഷക്കുമുന്‍പ്‌ മനസ്സ്‌ ഏകാഗ്രമാക്കാന്‍ സമയവും കൊടുത്തു. എന്നിട്ട്‌ ഒടുവില്‍ എന്താക്കി? ചരിത്രത്തിന്റെ ഭാഗമാക്കിയത്രെ. അവര്‍ ചരിത്രത്തിന്റെ ഭാഗമായിയെന്ന്.

അതെ, അന്ധവിശ്വാസങ്ങളും താന്തോന്നിത്തരങ്ങളുമൊക്കെ ഓരോരോ ചരിത്രത്തിന്റെ ഭാഗം തന്നെയാണല്ലോ. ചരിത്രത്തിന്റെ ഒരു ഗതികേട്. ആലോചിക്കുമ്പോള്‍ ഭയം തോന്നുന്നു.

Saturday, March 15, 2008

ശശികലക്ക് അറിയില്ല


ഒരു സുഹൃത്തിന്റെ അനുജന്‍ അയച്ചുതന്ന ഒരു ലിങ്കില്‍നിന്ന്, നിങ്ങളുടെ പ്രസംഗം കേട്ടു.

Please listen to this speech and see the plight of majority ourpeople. We should have many teachers and scholarly people like this to awaken our masses and deliver such thought provoking speeches. Please do not miss to read this and do not forget to forward this to as many deserving people.


എന്നൊക്കെയാണ്‌ അവന്‍ എഴുതിവെച്ചിരിക്കുന്നത്‌. നിങ്ങളുടെ ജനുസ്സില്‍പെട്ട ചിലര്‍കൂടിയുണ്ടായിരുന്നെങ്കിലെന്നുകൂടി അവന്‍ പ്രത്യാശയും പ്രകടിപ്പിച്ചിരിക്കുന്നു.

എങ്കില്‍ എല്ലാം എത്ര എളുപ്പമായിരുന്നേനെയെന്ന്.

അതെ, ശരിയാണ്‌, എങ്കില്‍ എത്ര എളുപ്പമായിരുന്നു. ഈ നാടും, നമ്മുടെ ഈ കൊച്ചുഗോളവും ഇല്ലാതാക്കാന്‍. എത്ര എളുപ്പമായിരുന്നു പരസ്പരം അരിഞ്ഞുവീഴ്ത്തി എല്ലാം ഒന്ന് ശുദ്ധിയാക്കിയെടുക്കാന്‍. അയല്‍പക്കത്തെ, അന്യമതസ്ഥനെയും, അന്യജാതിക്കാരനെയും, അന്യനാട്ടുകാരനെയും പകല്‍വെളിച്കത്തില്‍ വെട്ടിവീഴ്ത്തി, നിങ്ങളുടെ ആ ആര്‍ഷഭാരതം, ആ സനാതന ഹിന്ദു രാഷ്ട്രം നിര്‍മ്മിച്ചെടുക്കാന്‍.

പക്ഷേ ശശികല, ഭാഗ്യവശാല്‍, ഇവിടെ നിങ്ങളുടെ ഇനത്തില്‍ പെടാത്ത ചിലരുണ്ട്‌. മനുഷ്യന്മാര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ചിലര്‍. മനുഷ്യന്മാരും മനുഷ്യത്തികളും എന്ന് ബഷീര്‍ വിളിച്ച ചില കൂട്ടര്‍. സദ്‌ബുദ്ധി ഇനിയും നഷ്ടമാകാത്ത ചിലര്‍.

നിങ്ങളുടെ പ്രസംഗം ഏകദേശം ഒരു പത്തുമിനുട്ട്‌ സഹിക്കാനുള്ള കരളുറപ്പേ എനിക്കുണ്ടായുള്ളു. ആ പത്തുനിമിഷം തന്നെ ധാരാളം മതി, നിങ്ങള്‍ ആ പ്രസംഗത്തില്‍ എന്തെല്ലാം പറഞ്ഞിരിക്കുമെന്ന് എനിക്ക്‌ ഊഹിക്കാന്‍. നിലനില്‍ക്കുന്ന നൂല്‍വണ്ണമുള്ള നീതി-നിയമവ്യവസ്ഥകളില്ലായിരുന്നുവെങ്കില്‍ നിങ്ങളെന്തൊക്കെ പുലമ്പുമായിരുന്നുവെന്നും, ആഹ്വാനം ചെയ്യുമായിരുന്നുവെന്നും എനിക്ക്‌ നല്ല നിശ്ചയമുണ്ട്‌. എന്നാലും, മദനിയും, തൊഗാഡിയയും, ഉമാഭാരതിമാരും, ഇവിടെയുള്ള മന്ദബുദ്ധികളായ ഗോപാലകൃഷ്ണന്മാരും, വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും പള്ളിയിലിരുന്ന് പുലഭ്യം പറയുന്ന മൌലവിമാരും, പാതിരിമാരും, പറയുന്നതൊക്കെ നിത്യവും കേട്ടിട്ടും, അന്യനെ സ്നേഹിക്കാനും സഹിക്കാനുമുള്ള പ്രബുദ്ധതയും സഹിഷ്ണുതയും കൈമോശം വരാതെ കഴിയുന്ന ലക്ഷക്കണക്കിനു മനുഷ്യന്മാരുടെയും മനുഷ്യത്തികളുടെയും നന്മയില്‍ ഇപ്പോഴും വിശ്വസിക്കാനാണ്‌ ഞാന്‍ ഇഷ്ടപ്പെടുന്നത്‌. അവരൊന്നും ഹിന്ദുവും, ക്രിസ്ത്യാനിയും മുസല്‍മാനുമൊന്നുമല്ല. ആദ്യമായും, അവസാനമായും, അവര്‍ മനുഷ്യരാണ്. ജീവനുള്ള, ജീവന്റെ വിലയറിയുന്ന, മറ്റൊരു മനുഷ്യനെ തിരിച്ചറിയുന്ന മനുഷ്യര്‍. നിങ്ങളെയും മുന്‍പ് സൂചിപ്പിച്ചവരെയും‌‌പോലുള്ള അസുരവിത്തുക്കളുണ്ടായിട്ടും, അല്‍പ്പം നന്മയെങ്കിലും ബാക്കിവന്ന ഹോമോ സാപ്പിയന്‍സ്.

ഒരുകൂട്ടം ആളുകള്‍ വീട്ടിലേക്ക്‌ ഇരച്ചുവന്ന് പുരുഷന്മാരെയും കുട്ടികളെയും മുഴുവനും കത്തിക്കിരയാക്കുകയും, സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്യുന്നതൊക്കെ എന്നെങ്കിലും കാണേണ്ടിവന്നിട്ടുണ്ടോ നിങ്ങള്‍ക്ക്‌? കൂട്ടക്കശാപ്പില്‍നിന്ന് രക്ഷപ്പെട്ട്‌, നിറകണ്ണുകളൊടെ, കൈകൂപ്പി, സ്വന്തം ജീവനുവേണ്ടി കേണപേക്ഷിക്കേണ്ടിവരുന്ന ജന്മങ്ങളെയും നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. നിറവയറിനുള്ളില്‍ പൂവിടുന്ന കുരുന്നുജീവനുനേരെ തുളച്ചുകയറുന്ന ത്രിശൂലങ്ങളെയും നിങ്ങള്‍ക്ക്‌ നേര്‍പരിചയമൊന്നുമുണ്ടാകില്ല. അതൊക്കെ, എവിടെയോ വായിച്ചറിഞ്ഞ ചില കഥകള്‍ മാത്രമായിരിക്കും നിങ്ങളെപ്പോലുള്ളവര്‍ക്ക്‌.

പക്ഷേ ഇതൊക്കെ ഉണ്ടാകുന്നത്‌, പലപ്പോഴും, നിങ്ങള്‍ നടത്തിയതുപോലുള്ള ഇത്തരം ആവേശോജ്ജ്വലമായ ജല്‍പ്പനങ്ങളില്‍നിന്നാണ്‌. നഷ്ടപ്പെട്ട വിവേചനബുദ്ധിയില്‍നിന്നാണ്‌.

നിങ്ങളുടെ ഓരോ വാദഗതിയെയും വേണമെങ്കില്‍ യുക്തിപൂര്‍വ്വം, സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി എതിര്‍ക്കാവുന്നതാണ്‌. പക്ഷേ അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച്‌ എനിക്ക്‌ സംശയമുണ്ട്‌. കാരണം, ഉള്ളില്‍ ഇത്രയധികം വിഷം നിറഞ്ഞാല്‍ പിന്നെ, യുക്തിക്ക്‌ തീരെ സ്ഥാനമില്ല.

ഒന്നുമാത്രം മനസ്സിലാക്കുക. നിങ്ങളെപ്പോലുള്ള വിഷം വമിക്കുന്ന മനസ്സുകളെ നിരന്തരം തോല്‍പ്പിച്ചുകൊണ്ട്‌, മനുഷ്യനന്മയുടെ അമൃതകുംഭങ്ങളുമായി ഇനിയും ഇവിടെ ആളുകള്‍ വരും. സ്നേഹിക്കുകയും, സഹിക്കുകയും ജീവിതം പങ്കുവെക്കുകയും ചെയ്യുന്ന മനുഷ്യര്‍. മതത്തിന്റെയും ജാതിയുടെയും, സമുദായചിന്തയുടെയും വേലിക്കെട്ടുകളെയും, മതിലുകളെയും തകര്‍ത്തെറിഞ്ഞ്‌ അവര്‍ വരുകതന്നെ ചെയ്യും.

മനുഷ്യനായിത്തീര്‍ന്നതിന്‌ എന്തെങ്കിലുമൊരു ഉദ്ദേശ്യം ഉണ്ടാകാതെവരില്ലല്ലോ, അല്ലേ?