Showing posts with label വിദ്യാഭ്യാസം. Show all posts
Showing posts with label വിദ്യാഭ്യാസം. Show all posts

Sunday, March 16, 2008

വിശ്വാസത്തിന്റെ പരീക്ഷ



തങ്ങളെപ്പോലുള്ള നാലര ലക്ഷം കുട്ടികള്‍ എഴുതുന്ന ഒരു നിര്‍ണ്ണായക പരീക്ഷ, (മാതൃഭൂമി പത്രത്തിലെ വാര്‍ത്ത) പ്രാര്‍ത്ഥനാ സമയത്തിനുശേഷം മാത്രമേ എഴുതൂ എന്ന് വാശിപിടിച്ച ഈ കുട്ടികള്‍ക്കെന്താ കൊമ്പുണ്ടോ? അവരുടെ ഹരജി സദയം അനുവദിച്ച്‌, അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്ത ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ജഡ്ജിയങ്ങുന്നുമാരെ തീവ്രമാനസികപരിചരണത്തിനു ചികിത്സിക്കുകയാണ്‌ വേണ്ടത്‌. കൂട്ടുനിന്ന സര്‍ക്കാരിനെ കൂടുതല്‍ കാര്യക്ഷമായ ഏതെങ്കിലും മറ്റൊരു കോടതി കയറ്റുകയും അടിയന്തിരമായി ചെയ്യണം.

പ്രാര്‍ത്ഥിക്കാനും വിശേഷദിവസങ്ങള്‍ ആചരിക്കാനുമൊക്കെയുള്ള വിവിധ വിഭാഗങ്ങളുടെ അവകാശങ്ങളെയൊന്നും ആരും നിഷേധിക്കുന്നില്ല. അതൊക്കെ അവരുടെ ഇഷ്ടം. ഏതു അനാചാരവും, അന്ധവിശ്വാസവും പിന്തുടരാനുള്ള 'ജനാധിപത്യാവകാശങ്ങ'ളൊക്കെ നമ്മള്‍ അനുവദിച്ചിട്ടുമുണ്ടല്ലോ.

പക്ഷേ ഇവിടെ പ്രശ്നം, വിവിധ സമുദായങ്ങളില്‍പെട്ട നാലര ലക്ഷത്തോളം കുട്ടികള്‍, തങ്ങളുടെ വ്യക്തിപരമായ എല്ലാ അസൗകര്യങ്ങളും മാറ്റിവെച്ച്‌, ഒരേ ദിവസം ഒരു പരീക്ഷക്കു തയ്യാറായി വരുമ്പോള്‍, അതില്‍നിന്ന്, കേവലം രണ്ടുപേരെ മാത്രം വിട്ടുനില്‍ക്കാന്‍ അനുവദിക്കുന്ന വിവരദോഷത്തിന്റേതാണ്‌. ഈ രണ്ടു കുട്ടികളുടെ അതേ വിശ്വാസഗണത്തില്‍ പെടുന്ന മറ്റുചിലരാകട്ടെ, നിശ്ചയിച്ച സമയത്തുതന്നെ പരീക്ഷ എഴുതുകയും ചെയ്തിരിക്കുന്നു. അവര്‍ക്കും വിശ്വാസമൊക്കെ ഉണ്ടായിരുന്നില്ലേ? എങ്കില്‍ ആ വിഭാഗത്തില്‍ പെടുന്ന എല്ലാവരെയും അതിനനുവദിക്കണമായിരുന്നില്ലേ? ഈ വിശേഷാല്‍പ്രതികളില്‍ ഒരാളുടെ രക്ഷകര്‍ത്താവ്‌ അതേ സ്കൂളിലെ അദ്ധ്യാപകനുമായിരുന്നുവെന്നും നമ്മള്‍ അറിയണം.

വിശേഷ ദിവസങ്ങളിലും, പ്രാര്‍ത്ഥനയുടെ അവസരങ്ങളിലുമൊന്നും പരീക്ഷ എഴുതില്ലെന്ന് ഇതുപോലെ ഓരോ വിഭാഗത്തിലെയും കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും നിര്‍ബന്ധം പിടിച്ചാല്‍ സര്‍ക്കാരും ഈ മന്ദബുദ്ധി കോടതികളും എന്തു ചെയ്യും? സമ്മതിച്ചുകൊടുക്കുമോ?സെവന്‍‌ത്ത് ഡേ അഡ്വന്റിസ്റ്റ്‌ വിഭാഗത്തില്‍പെട്ട അതേ സ്കൂളിലെ മറ്റു കുട്ടികള്‍ പരീക്ഷ കൃത്യസമയത്തുതന്നെ എഴുതിയത്‌ ഒരുപക്ഷേ അവരുടെ രക്ഷകര്‍ത്താക്കളാരും അദ്ധ്യാപകരല്ലാതിരുന്നതുകൊണ്ടും, തന്മൂലമുള്ള വിവേചനബുദ്ധിനിലവാരം‌കൊണ്ടാണെന്നും വരുമോ?

പ്രത്യേകാവകാശങ്ങളായാല്‍പ്പോലും അത്‌ ചെയ്തുകൊടുക്കുന്നതിലും, നടപ്പില്‍ വരുത്തുന്നതിലും ഒരു ചെറിയ ശതമാനം യുക്തിയും, ഔചിത്യവും നമ്മള്‍ പ്രതീക്ഷിക്കും. തട്ടം ധരിച്ച്‌ വിദ്യാലയങ്ങളിലും കലാശാലകളിലും വരുന്നതിനെക്കുറിച്ചും, പരമ്പരാഗത വസ്ത്രങ്ങള്‍ പൊതു സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും, മതചിഹ്നങ്ങള്‍ ശരീരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ചുമൊക്കെ ലോകത്തിന്റെ പല ഭാഗത്തും പല ചര്‍ച്ചകളും നടന്നുവരുന്നുണ്ട്‌. വിദ്യാഭ്യാസപരിഷ്ക്കരണ നിയമങ്ങളില്‍ ഭേദഗതിവരുത്തുന്നതിനെക്കുറിച്ചുള്ള, നമ്മുടെതന്നെ നാട്ടിലെ ചര്‍ച്ചകളും ഒന്ന് അവസാനിച്ചതേയുള്ളു. അപ്പോഴാണ്‌ തീര്‍ത്തും, അര്‍ത്ഥശൂന്യവും, നിരുത്തരവാദപരവുമായ കീഴ്‌വഴക്കങ്ങളുമായി സര്‍ക്കാരും കോടതികളും, ബുദ്ധിശൂന്യരായ രക്ഷകര്‍ത്താക്കളും അവരുടെ അരുമകളായ അജവൃന്ദവും, അതിനെ പാടിപ്പുകഴ്ത്തി മാധ്യമഗര്‍ദ്ദഭങ്ങളും രംഗത്തുവരുന്നത്‌.

എന്നിട്ട്‌, അതിനുവേണ്ട എന്തൊക്കെ വന്‍ സന്നാഹങ്ങളാണ്‌ ഒരുക്കിവെച്ചത്‌!! ലൈന്‍ വലിച്ച്‌ താത്ക്കാലികവൈദ്യുതി വരുത്തി. പോരാത്തതിന്‌ ജനറേറ്ററും എമര്‍ജന്‍സി വിളക്കും തരപ്പെടുത്തി. പോലീസും, ഡി.ഇ.ഒ അടക്കമുള്ള വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും അറ്റന്‍ഷനായിനില്‍ക്കുന്നു. കുട്ടികളെ ഉച്ചമുതല്‍ പ്രത്യേകമുറിയിലിരുത്തി ജ്യൂസും പഴവും നല്‍കി പ്രാര്‍ത്ഥിപ്പിച്ചും, വിശ്രമിപ്പിച്ചും അണിയിച്ചൊരുക്കുന്നു. ചോദ്യപേപ്പര്‍ ചോരുന്നില്ലെന്ന് ഉറപ്പുവരുത്തി, മാധ്യമപ്പടകളെ ഒരുക്കിനിര്‍ത്തി, പരീക്ഷക്കുമുന്‍പ്‌ മനസ്സ്‌ ഏകാഗ്രമാക്കാന്‍ സമയവും കൊടുത്തു. എന്നിട്ട്‌ ഒടുവില്‍ എന്താക്കി? ചരിത്രത്തിന്റെ ഭാഗമാക്കിയത്രെ. അവര്‍ ചരിത്രത്തിന്റെ ഭാഗമായിയെന്ന്.

അതെ, അന്ധവിശ്വാസങ്ങളും താന്തോന്നിത്തരങ്ങളുമൊക്കെ ഓരോരോ ചരിത്രത്തിന്റെ ഭാഗം തന്നെയാണല്ലോ. ചരിത്രത്തിന്റെ ഒരു ഗതികേട്. ആലോചിക്കുമ്പോള്‍ ഭയം തോന്നുന്നു.