Showing posts with label വികസനം. Show all posts
Showing posts with label വികസനം. Show all posts

Tuesday, April 6, 2010

മധുരം നഷ്ടപ്പെടുന്ന എന്‍.എച്ച്-17



വികസനത്തിന്റെ പാത എന്നൊക്കെ ഇത്രനാളും നമ്മള്‍ ഉപയോഗിച്ചിരുന്നത്‌ ആലങ്കാരികമായിട്ടാണെങ്കില്‍, ഇന്ന്‌ അത്‌ യാഥാര്‍ത്ഥ്യമാവുകയാണ്‌ നമ്മുടെ നാട്ടില്‍. എക്സ്പ്രസ്സ്‌വേ എന്ന സംവിധാനത്തിന്റെ അരാഷ്ട്രീയ വികസനസങ്കല്‍പ്പത്തെ എതിര്‍ത്തുതോല്‍പ്പിച്ച കേരളത്തിനുമേല്‍ കൂടുതല്‍ ഭീകരമായ മറ്റൊരു പാതയുടെ ചുരുളഴിയുമ്പോള്‍ പതിന്നാലു ലക്ഷത്തോളം ആളുകളാണ്‌ കുടിയിറക്കപ്പെടാന്‍ പോവുന്നത്‌. എന്നിട്ടും അത്‌ നമ്മില്‍ പലരുടെയും സ്വൈര്യജീവിതത്തെ ഭംഗപ്പെടുത്തിന്നില്ലെന്നത്‌ ദാരുണമാണ്‌.

NH-17 ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക്‌ 46  വര്‍ഷത്തെ പഴക്കമുണ്ട്‌. 1966-ലാണ്‌ ഇതിനെക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിക്കുന്നത്‌. തീരദേശത്തിലൂടെ പോകുന്ന ഒരു പാത എന്ന നിലക്ക്‌ രൂപകല്‍പ്പന ചെയ്യപ്പെട്ട ആ പദ്ധതിയാണ്‌ വിവിധ പരിഷ്ക്കാരങ്ങള്‍ക്കുശേഷം ഇന്ന്‌, പതിന്നാലു ലക്ഷത്തോളം ആളുകളുടെ ജീവിതസമ്പാദ്യത്തെയും നിലനില്‍പ്പിനെയും അപകടപ്പെടുത്തി, അവരുടെ നെഞ്ചിലൂടെ ഇന്നുള്ള വിധത്തില്‍ കടന്നുപോകാന്‍ തയ്യാറാകുന്നത്‌.

നിരവധി അജണ്ടകളാണ്‌ ഈ നിര്‍ദ്ദിഷ്ട ദേശീയപാതാ കയ്യേറ്റത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്‌. നാടിന്റെ പൊതുസ്വത്തായി ഇത്രകാലം നിലനിന്നിരുന്ന ഒരു സഞ്ചാരപഥത്തെയും, അതിനോട്‌ ചേര്‍ന്നുകിടക്കുന്ന വലിയൊരു ഭൂവിഭാഗത്തെത്തന്നെയും സ്വകാര്യ മൂലധനക്കാര്‍ക്ക്‌ വിറ്റുതുലക്കുക എന്നതിനുപുറമെ, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുമേല്‍ ചുമത്തുന്ന ഭീമമായ ചുങ്കങ്ങളുടെയും, പാരിസ്ഥിതികമായ വിനാശത്തിന്റെയും പൌരാവകാശധ്വംസനത്തിന്റെയുമൊക്കെ അജണ്ടകളാണ്‌, കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും ആളകമ്പടികളോടെ നമ്മുടെ ദേശീയപാതയിലൂടെ പറയെടുപ്പ്‌ നടത്തുന്നത്‌.

1990-കള്‍ മുതല്‍ക്ക്‌ സ്വകാര്യ ഫിനാന്‍സ്‌ മൂലധനശക്തികള്‍ക്കുവേണ്ടി രാജ്യമൊട്ടുക്ക്‌ നടപ്പാക്കിവരുന്ന അസംബന്ധനാടകത്തിന്റെ   സ്വാഭാവികമായ തുടര്‍ച്ച എന്ന നിലയ്ക്ക്‌ ഒരുപക്ഷേ ഈ വലിയ അജണ്ടകളെ നമുക്ക്‌ കണ്ടില്ലെന്നു നടിക്കാമായിരുന്നു. ഇതിലും വലിയ കയ്യേറ്റങ്ങള്‍ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ നിത്യേനയെന്നോണം നടക്കുകയും നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്‌. അതിനെതിരെയുള്ള പോരാട്ടങ്ങളും ശക്തമാണ്‌. എന്നാല്‍, ആ പോരാട്ടങ്ങളെ തീവ്രവാദപ്രവര്‍ത്തനമായി വ്യാഖ്യാനിച്ച്  സൈനികമായി അടിച്ചമര്‍ത്താന്‍ നമ്മുടെ നിയമനിര്‍മ്മാണസഭകളും ജുഡീഷ്യറിയും, മാധ്യമങ്ങളും എല്ലാം ഒത്തുചേര്‍ന്നിട്ടും കണ്ണടച്ച്‌ ഉറക്കം നടിക്കുന്നവരാണ്‌ നമ്മള്‍. രാജ്യമൊട്ടാകെ നടത്തുന്ന ഒരു വലിയ പൊറാട്ടുനാടകമെന്ന മട്ടില്‍ ഇതിനെയും കണ്ടാല്‍ മതിയാകുമായിരുന്നു നമുക്ക്‌. രണ്ടരസെന്റു ഭൂമിക്ക്‌ ഒന്നേമുക്കാല്‍ കോടി വിലയിടുന്ന മലയാളിയുടെ ദുരാഗ്രഹത്തിനും ദുരഭിമാനത്തിനും വേണ്ടി കണ്ണീരും മുറവിളിയും ഉയര്‍ത്തേണ്ട ആവശ്യവുമില്ല. അദ്ധ്വാനിച്ച്‌ വിളവിറക്കി സ്വയം പര്യാപ്തവും സമ്പന്നവുമാക്കേണ്ടിയിരുന്ന സ്വന്തം ഭൂമിയെ തുണ്ടുകളാക്കി വിറ്റും മറിച്ചുവിറ്റും അതിനെ ഭൂമാഫിയകളുടെ കൈകളിലേക്ക്‌ പറിച്ചുനട്ട മലയാളിക്ക്‌ ഇത്തരം ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ് ആവശ്യമായിരുന്നു എന്നുപോലും നമുക്ക്‌ സമാധാനിക്കാമായിരുന്നു. മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും.

എന്നാല്‍ ഇന്ന്‌, അത്തരമൊരു നിസ്സംഗതക്കും, സിനിസിസത്തിനും സ്ഥാനമില്ല. പുരോഗമനപ്രസ്ഥാനത്തിന്റെ വഴിയും അതല്ല. കാരണം, ആദ്യം സൂചിപ്പിച്ച അജണ്ടകളേക്കളൊക്കെ എത്രയോ മടങ്ങ്‌ വലുതും ഭീഷണവും ചെറുക്കപ്പെടേണ്ടതുമായ അജണ്ടയാണ്‌ ഭരണവര്‍ഗ്ഗം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. കേരളത്തിലെ ജനസംഖ്യയുടെ അഞ്ചുശതമാനം വരുന്ന ആളുകളെ തെരുവിലേക്കെറിയാന്‍ തയ്യാറായി നില്‍ക്കുകയാണ്‌ ഏതാനും സ്വകാര്യ സംരംഭകരും, അവര്‍ക്കു ചൂട്ടുതെളിച്ചുനില്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരും. NH-17-ന്റെ ആദ്യഘട്ടമായ ഇടപ്പള്ളി-കുറ്റിപ്പുറം ബി.ഒ.ടി.നാലുവരിപ്പാത കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിനുപിന്നാലെ, കുറ്റിപ്പുറം-കണ്ണൂര്‍, കണ്ണൂര്‍-കാസര്‍ഗോഡ്‌ ഘട്ടങ്ങളുടെ പ്രഖ്യാപനവും പുറത്തുവന്നിരിക്കുന്നു. ദേശീയപാതകളുടെ വികസനത്തിനുശേഷം സംസ്ഥാന പാതകളെയും ജില്ലാപാതകളെയും കാത്തിരിക്കുന്നതും സമാനമായ വിധിയാണ്‌. ഈ പാതകളുടെ വിധി ശോഭനമായിരിക്കുമെന്നത്‌ തീര്‍ച്ചയായ കാര്യമാണ്‌. എങ്കിലും അത്രതന്നെ തീര്‍ച്ചയാക്കാവുന്നതാണ്‌ ഇവിടങ്ങളിലെ ജനങ്ങളുടെ കൂട്ടത്തോടെയുള്ള കുടിയൊഴിക്കലും.

രാജ്യത്തിന്റെ വികസനം എന്ന പേരും പറഞ്ഞ്‌ ഒരു പദ്ധതി വരുമ്പോള്‍ പുറം തിരിഞ്ഞുനില്‍ക്കാന്‍ വ്യക്തികളായ നമുക്കാവില്ല. നല്ലതിനായാലും, ചീത്തക്കായാലും, വ്യക്തിതാത്‌പര്യങ്ങളേക്കാള്‍ പ്രധാനം തന്നെയാണ്‌ രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും. എങ്കിലും രാജ്യമെന്നത്‌ അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമൊന്നുമല്ല. അതില്‍ ജീവിക്കുന്ന പൌരന്‍മാരുടെ ജീവിതവികാസവുമായി ബന്ധപ്പെട്ടുവേണം ഏതൊരു രാജ്യത്തിന്റെയും വികസനവണ്ടികള്‍ സഞ്ചരിക്കേണ്ടത്.  എന്നാല്‍,  ഇന്ത്യയില്‍ അങ്ങിനെയല്ല സ്ഥിതി എന്ന്‌ നമുക്കിന്ന്‌ വ്യക്തമാണ്‌. അണക്കെട്ടുകള്‍ക്കും, ഖനികള്‍ക്കും വേണ്ടി വീടും നാടും വിട്ട്‌ അഗതികളായി മാറിയവരുടെ നാടാണ്‌ ഇന്ത്യ. ഇന്ത്യന്‍ സൈനത്തിന്റെ ആയുധപരിശീലനത്തിനും വേണ്ടി, വര്‍ഷത്തില്‍ത്തന്നെ രണ്ടും മൂന്നും തവണ സ്വന്തം ഗ്രാമവും വീടും ഉപേക്ഷിച്ച്‌ സമീപത്തുള്ള കാടുകളില്‍ ജീവിതം പുലര്‍ത്തുന്ന പതിനായിരക്കണക്കിനാളുകള്‍ ജീവിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. എന്നാല്‍, ഇതേ ആവശ്യങ്ങള്‍ക്കുവേണ്ടി മുംബൈയിലെ മലബാര്‍ ഹില്ലിലെ താമസക്കാരെ കുറച്ചുനേരത്തേക്കെങ്കിലും മാറ്റിപ്പാര്‍പ്പിക്കാനുള്ള ധൈര്യം ഇന്ത്യന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോ എന്ന്‌ സൌമ്യമായി ചോദിച്ചവരുടെയും നാടാണ്‌ ഇന്ത്യ എന്ന്‌ ഓര്‍ക്കുക.

NH-17ലേക്ക്‌ തിരിച്ചുവരാം. 430 കിലോമീറ്റര്‍ നീളത്തിലാണ്‌ NH-17നുവേണ്ടി റോഡു'വികസനം' നടക്കാന്‍ പോകുന്നത്‌. ഇരുപതിനായിരത്തിലധികം കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടിവരും. ഇടപ്പള്ളി-കുറ്റിപ്പുറം ഭാഗത്തു മാത്രം 112 കിലോമീറ്ററില്‍ പാത വികസിപ്പിക്കുമ്പോള്‍ 34,155 കുടുംബങ്ങളെയാണ്‌ അത്‌ നേരിട്ട്‌ ബാധിക്കുക. NH-17നുവേണ്ടി വില്‍ബര്‍ സ്മിത്ത്‌ അസ്സോസ്സിയേറ്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം സാധ്യതാപഠനം നടത്തിയ കാലത്തെ കണക്കാണ്‌ ഈ 34,155 കുടുംബങ്ങള്‍ എന്നത്‌. അതായത്‌, ദുരിതം അനുഭവിക്കാന്‍ പോകുന്നവരുടെ എണ്ണം ഇനിയും എത്രയോ കൂടുമെന്ന്‌ സാരം. ഇത്രയും കുടുംബങ്ങളെക്കൂടാതെ, പാതക്കിരുവശവും, പുറമ്പോക്കിലുമായി കഴിയുന്ന മറ്റൊരു വലിയ വിഭാഗം ആളുകളുമുണ്ട്‌. ഇടപ്പള്ളി-കുറ്റിപ്പുറം ഭാഗത്തു മാത്രം ദേശീയപാതാ അധിനിവേശം കൊണ്ട്‌ വഴിയാധാരമാകാന്‍ പോകുന്നത്‌ അഞ്ചുലക്ഷത്തോളം ആളുകളാണ്‌. ശേഷിക്കുന്ന 319  കിലോമീറ്റര്‍ പാത പോകുന്നത്‌, ഇതിനേക്കാള്‍ ജനസാന്ദ്രത കൂടിയ ഭാഗത്തുകൂടിയാണ്‌.

ആസന്നമായ ഒരു വലിയ കുടിയൊഴിപ്പിക്കലിന്റെ വക്കത്താണ് കേരളത്തിന്റെ  ജനസംഖ്യയിലെ അഞ്ചു ശതമാനം എന്ന്‌, ആമുഖമായി ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ ലേഖനത്തിന്റെ ഈ ആദ്യഭാഗം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്‌ ഇവിടെ അവസാനിക്കുന്നില്ല. വലിയൊരു മഞ്ഞുമലയുടെ ഭീതിദമായ അഗ്രം മാത്രമാണ്‌ നമ്മള്‍ ഇവിടെ കണ്ടത്‌. നവലിബറല്‍ ആശയങ്ങളുടെയും ആധുനിക വികസന സങ്കല്‍പ്പത്തിന്റെയും കൂടുതല്‍ വലിയ ഹിമഭാഗങ്ങള്‍ നമ്മുടെ പാതയില്‍ ഒളിച്ചിരിക്കുന്നുണ്ട്‌.

പി.പി.പി, ബി.ഒ.ടി. തുടങ്ങിയ ആധുനിക സംജ്ഞകളിലൂടെ നുഴഞ്ഞെത്തുന്നത്‌ നവലിബറല്‍ ആശയങ്ങള്‍ തന്നെയാണ്‌. അവക്കു മുന്നില്‍, ജനങ്ങളും, ജീവിക്കാനുള്ള അവരുടെ അവകാശവും മറ്റും ഒന്നുമല്ല. ചെറുകിട കച്ചവടം ചെയ്ത്‌ ഉപജീവനം കഴിച്ചിരുന്നവരും അവരുടെ കുടുംബങ്ങളും ഇനി ടോള്‍ പ്ളാസകള്‍ക്കുമുന്നില്‍ ഭിക്ഷ തെണ്ടും. വീടും പറമ്പും നഷ്ടപ്പെട്ട്‌ തെരുവിലേക്ക്‌ എടുത്തെറിയപ്പെട്ടവര്‍ ഇനി നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ കൂടുതല്‍ വലിയ മരുപ്പറമ്പുകള്‍ സൃഷ്ടിക്കും. ഐ.ഡി.പി (Internally Displaced People)എന്ന പ്രതിഭാസത്തെ സാമൂഹ്യ ജീവിതത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക്‌ വ്യപിപ്പിക്കാന്‍ ഇന്നു നമ്മള്‍ കൂട്ടുനിന്നാല്‍, നാളെ മറ്റേതെങ്കിലും ദേശീയപാതകളോ, വ്യവസായ സമുച്ചയങ്ങളോ, പ്രത്യേക സാമ്പത്തിക മേഖലകളോ നമ്മളെ തേടിയുമെത്തും. ആ ജര്‍മ്മന്‍ പാതിരിയുടെ പഴയ കവിത നമ്മുടെ സമകാലീന ജീവിതത്തില്‍ പുതിയ അര്‍ത്ഥതലങ്ങളുണ്ടാക്കുകയാണ്‌. നമുക്കുവേണ്ടി ശബ്ദിക്കാനും ആരും ബാക്കിയായില്ലെന്നു വരും.

ഗള്‍ഫിലെ മലയാളി സമൂഹം പൊതുവെ നാടിന്റെ പ്രശ്നങ്ങളില്‍ അലംഭാവത്തോടടുത്ത ഒരു സമീപനമാണ്‌ എന്നും കൈക്കൊണ്ടിരുന്നത്‌. ഉള്ളില്‍ വിവിധ സ്വത്വ-ജാതി-മത-സാമുദായിക രാഷ്ട്രീയം കൊണ്ടുനടക്കുമ്പോഴും, മുഖ്യധാരാ രാഷ്ട്രീയത്തിനെതിരെയായിരുന്നു അവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇന്ന്‌, അവരില്‍ വലിയൊരു ശതമാനം ആളുകളും, ഈ ദേശീയപാതാ കൈയ്യേറ്റത്തിന്റെ ഇരകളായി മാറിക്കഴിഞ്ഞിരിക്കുന്നു. ചോര നീരാക്കുക എന്നത്‌ അവരെ സംബന്ധിച്ചിടത്തോളം മുനയും അര്‍ത്ഥവും തേഞ്ഞ പദമല്ല. അവരുടെ നിത്യ ജീവിതം തന്നെയാണ്‌. ആ പ്രയത്നത്തിലൂടെ നേടിയതൊക്കെയും നഷ്ടപ്പെടുന്നതിന്റെ വക്കത്താണവര്‍ ഇന്ന്‌. കിട്ടാന്‍ പോകുന്ന നഷ്ടപരിഹാരത്തിന്റെ കണക്കാണെങ്കി ല്‍ അത് മറ്റൊരു ക്രൂരഫലിതമാണ്‌. 1956-ലെ ഭൂമിവിലയുടെ അടിസ്ഥാനത്തിലാണ്‌ അത്‌ കണക്കാക്കിയിരിക്കുന്നത്‌. അതില്‍നിന്നുതന്നെ 11% ആദായനികുതി സര്‍ക്കാര്‍ കൈക്കലാക്കുകയും ചെയ്യും. ഫലത്തില്‍, ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വസ്തുവിനും കെട്ടിടത്തിനും നഷ്ടപരിഹാരമായി കിട്ടുന്ന തുക ശരാശരി നാല്‍പ്പതിനായിരം രൂപയായിരിക്കും എന്ന്‌ സാരം. ബി.ഒ.ടി. നടപ്പാക്കുന്ന സംരംഭകനാകട്ടെ 40% തുക സര്‍ക്കാര്‍ ഗ്രാന്റായി കിട്ടാനും വ്യവസ്ഥയുണ്ട്‌. ആഗോളീകരണ കാലത്തെ സാമൂഹ്യ നീതിയാണിത്‌!

ഇത്തരം നഗ്നമായ പൊതുമുതല്‍ കയ്യേറ്റത്തിനും, സ്വകാര്യവത്ക്കരണത്തിനും, ഭീമമായ കുടിയൊഴിപ്പിക്കലിനുമെതിരെ ഇനിയും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കണ്ണടക്കരുത്‌. എത്രയൊക്കെ വലതുപക്ഷ വ്യതിയാനങ്ങളിലൂടെ കടന്നുപോകുമ്പോഴും, ജനോപകാരപ്രദമായ ചിലതെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുന്ന ഒരു സര്‍ക്കാരാണ്‌ ഇന്ന്‌ സംസ്ഥാന ഭരണത്തിലിരിക്കുന്നത്‌. ദേശീയ പാത ഇപ്പോഴുള്ളതുപോലെ പൊതുമുതലായി നിലനിര്‍ത്താനായിരിക്കണം സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ടത്‌. വികസനാവശ്യത്തിനായി വസ്തുവകകള്‍ ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ന്യായമായ നഷ്ടപരിഹാരം മുന്‍കൂറായി കൊടുക്കാനും, മാന്യമായി പുനരധിവാസം ഉറപ്പാക്കുകയും വേണം. സ്വകാര്യ റിയല്‍ എസ്റ്റേറ്റ്‌-കോര്‍പ്പറേറ്റ്‌ കുത്തുകകള്‍ അടിച്ചേല്‍പ്പിക്കുന്ന അന്യായമായ എല്ലാ ചുങ്കങ്ങളും ഉടനടി പിന്‍വലിക്കണം. നിലവിലുള്ള ജില്ലാപാതകളും സംസ്ഥാന പാതകളും വികസിപ്പിക്കുകയും റെയില്‍, ജലഗതാഗത സാധ്യതകള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതും പരമപ്രധാനമാണ്‌.

1992-ല്‍ കേരളത്തില്‍ നിലവില്‍ വന്ന ജനകീയ പ്രതിരോധ സമിതി ഇത്തരം വിഷയങ്ങളുമായി സജീവമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്‌. കക്ഷിരാഷ്ട്രീയത്തിന്‌ അതീതവും എന്നാല്‍ വിശാലവും പ്രാദേശികവുമായ രാഷ്ട്രീയ-സാമൂഹിക ചെറുത്തുനില്‍പ്പുകള്‍ ജനാധിപത്യ സമ്പ്രദായത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്‌ എന്ന വിശ്വസം ജനകീയ പ്രതിരോധ സമിതിക്കുള്ളിലുണ്ട്‌. ഹൈജാക്കു ചെയ്യപ്പെടാന്‍ എളുപ്പമാണെങ്കിലും അത്തരം ചെറുത്തുനില്‍പ്പുകളുടെ പ്രസക്തി എന്തായാലും നമുക്ക്‌ തള്ളിക്കളയാന്‍ പറ്റില്ല. ജനാധിപത്യത്തിന്റെയും സാമൂഹ്യനീതിയുടെയും സംരക്ഷണത്തിന്‌ അത്‌ അത്യാവശ്യവുമാണ്‌.

കേരള ജനകീയ പ്രതിരോധസമിതിക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ എന്‍.എച്ച്‌ ഐക്യദാര്‍ഢ്യസമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ മാര്‍ച്ച്‌ 26-ന്‌ യു.എ.ഇ.യിലെ ഷാര്‍ജയില്‍ വെച്ച്‌ ആദ്യമായി രൂപം കൊണ്ടു. സി.വിശ്വന്‍ ചെയര്‍മാനും, അബ്ദുള്‍ നവാസ്‌ കണ്‍വീനറും മുഗള്‍ ഗഫൂര്‍, രാജീവ്‌ ചേലനാട്ട്‌ എന്നിവര്‍ രക്ഷാധികാരികളുമായി രൂപം കൊണ്ട കൂട്ടായ്മ, എമിറേറ്റ്‌സിന്റെ  മറ്റ്‌ ആറു പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കുന്നതിനും, ദേശീയപാതാ വികസനത്തിന്റെ  ഇരകളാകുന്ന പ്രവാസികള്‍ക്കുവേണ്ടി നിരന്തരമായ കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കാനും തീരുമാനിക്കുകയുണ്ടായി. NH-17-ന്റെ വികസനമെന്ന പേരില്‍ നടക്കുന്ന. സമീപകാലത്തെ ഏറ്റവും വലിയ ഈ കയ്യേറ്റത്തിന്റെയും കുടിയൊഴിക്കലിന്റെയും വിവിധ വശങ്ങള്‍ അജി രാധാകൃഷ്ണനും ജലീല്‍ കരിയടത്തും വിശദമാക്കി.

ഈ കൂട്ടായ്മ പ്രവാസികളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒന്നല്ല എന്ന് ഓര്‍ക്കുക. പ്രവാസികളും അല്ലാത്തവരുമായ, വികസനത്തിന്റെ പേരില്‍ സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ഒരു വിശാലമായ വേദി എന്നതുതന്നെയാണ്‌ ഇതിന്റെ ലക്ഷ്യം.

സഹകരിക്കണം. പങ്കെടുക്കണം.

Sunday, March 2, 2008

“ഒന്നാം നമ്പര്‍ ആഭ്യന്തര സുരക്ഷാ ഭീഷണി“

അറുപതുകളുടെ മദ്ധ്യത്തില്‍ ആദ്യം നമ്മള്‍ കേള്‍ക്കുമ്പോഴും, പിന്നീട്‌ ശക്തി പ്രാപിച്ചപ്പോഴും, നക്സലൈറ്റുകള്‍ തങ്ങളുടെ നിലപാട്‌ പരസ്യമായിതന്നെ പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുപോന്നിരുന്നു. സായുധമായ പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാരിനെ നിലംപതിപ്പിക്കുക എന്നതായിരുന്നു അത്‌. ആയുധം കയ്യിലെടുത്ത്‌, വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നവരായി അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് നമ്മള്‍ മനസ്സിലാക്കുന്ന തരത്തിലുള്ള ഭീകരവാദമൊന്നും അന്ന് ഉദയം ചെയ്തുകഴിഞ്ഞിരുന്നില്ല.

സര്‍ക്കാരാകട്ടെ, മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തതുമില്ല. ഇരുഭാഗവും ഒരുപോലെ ഭീകരപ്രവര്‍ത്തനത്തില്‍ മത്സരിക്കുകയായിരുന്നു. പ്രത്യേകിച്ചും, നക്സലിസത്തിന്റെ ജന്മനാടായ പശ്ചിമബംഗാളില്‍. പക്ഷേ അപ്പോള്‍പോലും, ഒരു മുതിര്‍ന്ന നേതാവും നക്സലൈറ്റുകളെ ഒന്നാം നമ്പര്‍ ആഭ്യന്തര സുരക്ഷാ ഭീഷണിയായി വിശേഷിപ്പിച്ചിരുന്നില്ല എന്നും ഓര്‍ക്കണം.

ഇന്ന്, അത്തരം മുദ്രകുത്തല്‍ സര്‍വ്വസാധാരണമായിരിക്കുന്നു. നക്സലൈറ്റുകളാണ്‌ രാജ്യത്തെ ഒന്നാം നമ്പര്‍ സുരക്ഷാ ഭീഷണിയെന്ന വാദവുമായി പ്രധാനമന്ത്രിതന്നെ രംഗത്തുവന്നിരിക്കുന്നു. തന്റെ വാദത്തിന്‌ അടിസ്ഥാനമായ കാരണങ്ങളൊന്നും അദ്ദേഹം പറഞ്ഞതുമില്ല. ഈ സന്ദര്‍ഭത്തില്‍, നക്സലൈറ്റുകളെക്കുറിച്ച്‌ നമ്മുടെ ശ്രദ്ധയില്‍ പെടുന്ന ഒരു പുതിയ കാര്യം, അവര്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നതിലേക്ക്‌ അനല്പമായ വെളിച്ചം വീശുന്നുമുണ്ട്‌.

ആദ്യകാലത്ത്‌, ആ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത്‌ ഉണ്ടായിരുന്നവര്‍ (പ്രാദേശിക നേതൃതലത്തിലും, അണികളിലായാലും) അധികവും, നഗരങ്ങളിലെ മദ്ധ്യവര്‍ഗ്ഗ ജനവിഭാഗത്തില്‍പെട്ട വിപ്ലവകാരികളായിരുന്നു. ശുദ്ധമായ വര്‍ഗ്ഗസമരത്തില്‍ ഏര്‍പ്പെട്ടവരാണ്‌ തങ്ങളെന്ന് അകമഴിഞ്ഞ് വിശ്വസിച്ചിരുന്ന ചിലര്‍. സര്‍ക്കാര്‍ ചിഹ്നങ്ങളായ വാഹനങ്ങള്‍, പോലീസ്‌ സ്റ്റേഷനുകള്‍, പ്രാദേശികതലത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അത്രയധികം സാധാരണമായിരുന്നില്ല. ഉള്‍നാടന്‍ പ്രദേശങ്ങളിലെ 'വര്‍ഗ്ഗശത്രു'വിനെയായിരുന്നു അവര്‍ കൂടുതലും ലക്ഷ്യമാക്കിയിരുന്നത്‌. ഇടത്തരം കൃഷിക്കാരെപ്പോലും അവര്‍ 'ജനശത്രു'ക്കളായി മുദ്രകുത്തുകയും ഉന്മൂലനം ചെയ്യുകയും പതിവായിരുന്നു.

പക്ഷേ ഇന്ന്, ആ നേതൃവിഭാഗവും അണികളും, കൂടുതലും, ഗ്രാമപ്രദേശങ്ങളിലെ താഴേത്തട്ടില്‍നിന്നാണ് വരുന്നത്‌. എടുത്തുപറയേണ്ട ഒരു വ്യത്യാസമാണിത്‌. തങ്ങളുടെ ഭൂമിയില്‍നിന്നുള്ള വരുമാനംകൊണ്ട്‌ ഉപജീവനം അസാദ്ധ്യമായിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ മദ്ധ്യവര്‍ഗ്ഗ കൃഷിക്കാരാണ്‌ ബീഹാറും ഝാര്‍ഘണ്ടും പോലുള്ള സ്ഥലങ്ങളില്‍നിന്ന്, ഇന്ന്, സായുധസമരത്തിലേക്ക്‌ കൂടുതലും നീങ്ങിക്കൊണ്ടിരിക്കുന്നത്‌.

ചുരുക്കത്തില്‍, കാര്‍ഷികമായി ഏറ്റവും തകര്‍ന്നടിഞ്ഞ ഗ്രാമീണ-ഗോത്ര പ്രദേശങ്ങളിലെ ജനവിഭാഗത്തില്‍നിന്നാണ്‌ ഇന്ന്, നക്സലൈറ്റുകള്‍ കൂടുതലും ഉയര്‍ന്നുവരുന്നത്‌ എന്നര്‍ത്ഥം. അവര്‍ ഏറ്റവുമധികം വിജയം കൊയ്യുന്നതും, ഝാര്‍ഘണ്ട്‌, ഒറീസ്സ, ചത്തീസ്ഗഢ്‌ മേഖലയിലെ ധാതു സമ്പന്ന ബെല്‍റ്റുകളിലാണ്‌. ധാതുസമ്പന്നമായ ഇതേ പ്രദേശങ്ങളില്‍തന്നെയാണ്‌ വിദേശ, ഇന്ത്യന്‍ന്‍‌കിട കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ കൊള്ളലാഭത്തിനുവേണ്ടി തമ്മില്‍ത്തമ്മില്‍ പോരടിക്കുന്നതും. ഈ വിരോധാഭാസം കണ്ടില്ലെന്നു നടിക്കാനാവില്ല.

അപ്പോള്‍, ആഭ്യന്തര സുരക്ഷക്ക്‌ ഏറ്റവും വലിയ ഭീഷണിയായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്‌, ഈ പാവപ്പെട്ട ജനവിഭാഗത്തെയാണെന്നു വരുന്നു. കൊളോണിയല്‍ ഭരണത്തില്‍നിന്ന് വിടുതല്‍ കിട്ടിയതിനുശേഷം ഇന്ത്യ പിന്തുടര്‍ന്നുവരുന്ന വികസന സമീപനത്തിന്റെയും, ഇന്ത്യന്‍ ഭരണഘടനയുടെയും അന്തസ്സത്തക്ക്‌ എതിരാണ്‌ ഈ പ്രഖ്യാപനം. തീരുമാനങ്ങളെടുക്കുന്നതിനുമുന്‍പ്‌, ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ടവനെക്കൂടി കണക്കിലെടുക്കണമെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ച ഗാന്ധിജിയും, നെഹ്രുവും, ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ എങ്ങിനെയാകും ഈ മുദ്രകുത്തലിനെ കണ്ടിട്ടുണ്ടാവുക എന്നുകൂടി ആലോചിക്കാവുന്നതാണ്‌.

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി വളര്‍ന്നുകൊണ്ടിരിക്കുന്ന നക്സലൈറ്റ്‌ ആക്രമണങ്ങള്‍, പിന്നിട്ട രണ്ടു വര്‍ഷങ്ങളില്‍ കൂടുതല്‍ രൂക്ഷമായിത്തീര്‍ന്നിരിക്കുന്നു. സാമ്പത്തികവളര്‍ച്ചയും ഇതേ കാലയളവിലാണ്‌ ഉണ്ടായിട്ടുള്ളതെന്നാണ്‌ നമ്മുടെ നിഗമനം. പക്ഷേ നമ്മള്‍ അവകാശപ്പെടുന്ന ഈ വര്‍ദ്ധിതമായ സാമ്പത്തിക പുരോഗതി രാജ്യത്തെ ദരിദ്രപ്രദേശങ്ങളുടെയും ദരിദ്രരായ ജനവിഭാഗങ്ങളുടെയും വികസനത്തിന്‌ സഹായകമായിട്ടില്ല. നഗരങ്ങളില്‍ ചെന്ന് ഭിക്ഷാടനത്തിലേക്കോ, വഴിയോരവില്‍പ്പന തൊഴിലിലേക്കോ, അതുമല്ലെങ്കില്‍, ആത്മാവു നഷ്ടപ്പെട്ട തൊഴില്‍രഹിതസമൂഹത്തിലേക്കോ ചേക്കേറാന്‍ വിസമ്മതിച്ച ഗ്രാമ-ഗോത്രവാസികള്‍, സാഹചര്യം കൊണ്ടും, മറ്റു നിവൃത്തിയില്ലാത്തതുകൊണ്ടും നക്സലൈറ്റുകളായിത്തീരുകയാണ്‌ ഉണ്ടായത്‌.

ഇതില്‍ ചിലര്‍ വൈദേശിക ബന്ധമുള്ള തീവ്രവാദി സംഘങ്ങളില്‍ ചെന്നുപെട്ടിരിക്കാന്‍ ഇടയുണ്ട്‌.അവരെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌. തോക്കും ബോംബും ആയുധമാക്കുന്നവരെയും കര്‍ശനമായിതന്നെ നേരിടണം. പക്ഷേ, ആക്രമണത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുന്ന ദരിദ്രരായ വിഭാഗങ്ങളെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍, അവരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കിയുള്ള വികസന പ്രവര്‍ത്തനത്തിനുമാത്രമേ കഴിയൂ. കൃഷിയിലും ജലസേചനത്തിലും കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാവേണ്ടതുമുണ്ട്‌.

ഇത്‌ സാമാന്യയുക്തി മാത്രമാണ്‌. അത്‌ സര്‍ക്കാരിനു നഷ്ടപ്പെടുമ്പോഴാണ്‌, ബിനായക്‌ സെന്നിനെപ്പോലുള്ളവരെ ഇരുമ്പഴികള്‍ക്കകത്താക്കുന്നതും, നക്സലൈറ്റുകളുമായി അനുഭാവം പുലര്‍ത്തുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതും.




*തെഹല്‍ക്കയില്‍, ആനന്ദ്‌ സഹായ്‌ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.