Showing posts with label തീവ്രവാദം. Show all posts
Showing posts with label തീവ്രവാദം. Show all posts

Wednesday, September 17, 2008

തീവ്രവാദത്തിന്റെ രേഖാചിത്രങ്ങള്‍

എന്റെ ഓര്‍മ്മത്തെറ്റാണോ? ബാംഗ്ലൂരിലും അഹമ്മദാബാദിലും സ്ഫോടനങ്ങള്‍ നടന്നപ്പോള്‍ ഭീകരവാദികളുടെ രഹസ്യ അജണ്ട എന്ന പേരില്‍ പോലീസ്‌ കണ്ടെത്തിയ കോഡ്‌ എന്തായിരുന്നു. ബാക്‌ (BAC)എന്നായിരുന്നില്ലേ അത്‌? ബാംഗ്ലൂര്‍, അഹമ്മദാബാദ്‌, കൊല്‍ക്കൊത്ത. ഇപ്പോള്‍ പറയുന്നത്‌, ബാഡ്‌ (BAD) എന്നും. ബാംഗ്ലൂര്‍, അഹമ്മദാബാദ്, ദില്ലി. ഏതാണ്‌ ശരി. ബാകോ, ബാഡോ?

അതെന്തായാലും, ഇന്ത്യയുടെ പ്രത്യക്ഷമായ പുതിയ അമേരിക്കന്‍ ബാന്ധവത്തിനുള്ള മറുപടിയാണ്‌ ബാംഗ്ലൂര്‍-അഹമ്മദാബാദ്‌ സ്ഫോടനങ്ങള്‍ എന്ന പഴയ വാദം, ഡല്‍ഹി സ്ഫോടനത്തിനുശേഷം ഇന്ന് വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നു. അന്നത്തെ ആ സ്ഫോടനങ്ങളെ ഒരു വാക്കുകൊണ്ടുപോലും അറിഞ്ഞോ അറിയാതെയോ ഇതെഴുതുന്നയാള്‍ നീതീകരിച്ചിട്ടില്ല. എന്നിട്ടും വന്ന വിമര്‍ശനങ്ങളേറെയും, ആ രീതിയിലുള്ളവയായിരുന്നു.

ഇന്ന് ഡല്‍ഹിയില്‍ സംഭവിച്ചതും, നാളെ ഒരുപക്ഷേ മുംബയിലും കേരളത്തിലുമൊക്കെ സംഭവിക്കാന്‍ ഇടയുള്ളതുമായ ഇത്തരം തീവ്രവാദി ആക്രമണങ്ങള്‍ ഇല്ലാതാവണമെങ്കില്‍, ഇന്ത്യയുടെ അമേരിക്കയോടുള്ള നയങ്ങളില്‍ സമൂലമായ മാറ്റം വരുത്തേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഇറാഖിലും, അമേരിക്ക നിത്യേനയെന്നോണം നടത്തുന്ന നഗ്നമായ ആക്രമണങ്ങള്‍ക്കും, നരഹത്യകള്‍ക്കും, അതിന്‌ കര്‍സായിയുടെയും സര്‍ദാരിയുടെയും, മാലിക്കിന്റെയും സര്‍ക്കാരുകള്‍ നല്‍കിവരുന്ന നാണം കെട്ട പിന്തുണക്കുമുള്ള ചുട്ട മറുപടി, അന്നാട്ടിലെ ജനങ്ങള്‍ ദിവസേനയെന്നോണം നല്‍കുന്നുണ്ട്‌. ശരിയാണ്‌, അവിടെയും, നിര്‍ഭാഗ്യവശാല്‍, അക്രമത്തിനിരയാകുന്നതും, കൊല്ലപ്പെടുന്നതും, അധികവും സാധാരണക്കാരാണ്‌. നിരപരാധികളായ മനുഷ്യര്‍. ചെറുത്തുനില്‍പ്പുകള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നതാകട്ടെ, ജനകീയ പ്രസ്ഥാനങ്ങളല്ല, മറിച്ച്‌, മതമൗലിക-തീവ്രവാദികളാണെന്നത്‌ ആശങ്കയുളവാക്കുകയും ചെയ്യുന്നു. എങ്കിലും..

പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഇറാഖിലും, പക്ഷേ, തീരെ അപ്രധാനമല്ലാത്ത ഒരു ചുവടുമാറ്റം കാണാനുണ്ട്‌. ഭീകരവാദികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെന്ന പേരില്‍, തങ്ങളുടെ അതിര്‍ത്തികള്‍ക്കകത്ത്‌ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന നരനായാട്ടിനെതിരായി അവര്‍ പ്രത്യക്ഷമായി രംഗത്തു വരാന്‍ ആരംഭിച്ചിരിക്കുന്നു. അമേരിക്കന്‍ യുദ്ധവിമാനങ്ങളെ പാക്ക്‌ വിമാനങ്ങള്‍ പ്രതിരോധിക്കുന്ന അപൂര്‍വ്വ വാര്‍ത്തകള്‍പോലും പുറത്തുവരുന്നു. അമേരിക്കന്‍ നേതൃത്വത്തിലുള്ള യുദ്ധസഖ്യത്തില്‍നിന്ന് പിന്തിരിയാനുള്ള വഴികള്‍ ആസ്ത്രേലിയയും ഫ്രാന്‍സും അന്വേഷിച്ചുതുടങ്ങിയിരിക്കുന്നു. ഇറാഖിലെ അമേരിക്കയുടെ നാളുകളും എണ്ണപ്പെട്ടു എന്ന് തീര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്‌. സമയബന്ധിതമായ സേനാപിന്മാറ്റത്തിന്‌ അമേരിക്ക ഏതുനിമിഷവും തയ്യാറാകേണ്ടിവരുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌.

എന്നാല്‍, ഇന്ത്യയാകട്ടെ, പൂര്‍വ്വാധികം ആവേശത്തോടെയും, വിധേയത്വത്തോടെയും, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ പൂര്‍ണ്ണമായി കീഴ്‌പ്പെടുന്ന കാഴ്ചയാണ്‌ കാണാന്‍ കഴിയുന്നത്‌. ആണവകരാറിനുള്ള എന്‍.എസ്‌.ജി അംഗീകാരത്തോടെ വീണ്ടെടുത്തുവെന്ന് അവകാശപ്പെടുന്ന 'സ്വാഭിമാന'ത്തിന്റെ ചിലവില്‍, തലമറന്ന് എണ്ണതേക്കുകയാണ്‌, സോഷ്യലിസ്റ്റ്‌ മുഖംമൂടിയണിഞ്ഞ പഴയ ചേരിചേരന്‍.

ഇസ്രായേലില്‍നിന്നും, അമേരിക്കയില്‍നിന്നും ആയുധങ്ങള്‍, കൂടിയ വിലക്ക്‌ വാങ്ങിക്കൂട്ടി, ദക്ഷിണ-പൂര്‍വ്വേഷ്യന്‍ ആയുധപ്പന്തയത്തിന്‌ നേതൃത്വം കൊടുക്കുകയാണിന്ന് ഇന്ത്യ. ഓണത്തിനും വിഷുവിനും സംക്രാന്തിക്കും നാട്ടില്‍നിന്ന് തലസ്ഥാനത്തെത്തി തന്റെ രാഷ്ട്രീയ യജമാനന്മാരെ വീടുവീടാന്തരം കയറിനിരങ്ങി പാദപൂജ ചെയ്യുന്ന തോമസ്‌ മാഷ്‌ കൊണ്ടുവരുന്ന കായവറുത്തതിന്റെയോ ഉപ്പേരിയുടേയോ നിര്‍ദ്ദോഷമായ പാക്കറ്റു പോലും കൈനീട്ടി വാങ്ങാത്ത അതേ ആദര്‍ശധീരനാണ്‌ ഇന്ന്, ആയുധക്കച്ചവടത്തിന്റെ പ്രമുഖ ദല്ലാള്‍. എല്ലാം 'സുതാര്യ'മായാണ്‌ നടക്കുന്നത്‌.

ആയുധദാതാവായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇസ്ലാം വിരോധവും ഇന്ത്യന്‍ ഭരണവര്‍ഗ്ഗം സൗമനസ്യത്തോടെ പങ്കുവെക്കുന്നുണ്ട്‌. ജമ്മു-കാശ്മീര്‍ പ്രശ്നത്തെ കൈകാര്യം ചെയ്ത രീതി അതിന്റെ ദൃഷ്ടാന്തമാണ്‌. രാഷ്ട്രീയമായി ബി.ജെ.പി.യില്‍നിന്ന് അകന്നുനില്‍ക്കുമ്പോഴും, ഇന്ത്യയിലെ കോണ്‍ഗ്രസ്സ്‌ ഭരണകൂടം, ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രം തന്നെയാണ്‌, തങ്ങളുടെ പരമാധികാരത്തിന്റെ ആയുധമാക്കുന്നത്‌.

അന്താരാഷ്ട്രരംഗത്താകട്ടെ, അമേരിക്കയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി, ഇറാന്‍ പോലുള്ള ചിരകാല സുഹൃത്തുക്കളെയും ഇന്ത്യ പതുക്കെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ലാറ്റിനമേരിക്ക മുതല്‍, യൂറോപ്പ്‌ യൂണിയനിലൂടെ, മദ്ധ്യേഷയും കടന്ന്, റഷ്യവരെയുള്ള ഭൂഭാഗങ്ങള്‍, അമേരിക്കയുമായുള്ള തങ്ങളുടെ കാലാകാലങ്ങളായുള്ളതോ അല്ലെങ്കില്‍ സമീപകാലത്തു തുടങ്ങിയതോ ആയ വിദേശ-വ്യാപാര ബന്ധങ്ങളെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ്‌. പെട്രോ-ഡോളറിന്റെ അജീര്‍ണ്ണം ബാധിച്ച ചുരുക്കം ചില ഗള്‍ഫ്‌ നാടുകളൊഴിച്ചാല്‍, മറ്റെവിടെയും തങ്ങളുടെ ശൗര്യം ഇനിയും അധികകാലം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ്‌, കയ്യിലുള്ള മിസ്സല്‍ ഷീല്‍ഡുകള്‍ വിറ്റ്‌ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പരക്കം പായുകയാണ്‌ അമേരിക്കന്‍ സാമ്രാജ്യത്വം. ഭീകരതക്കെതിരെ പൊരുതാന്‍ സഹായിക്കാമെന്ന സുന്ദരമോഹന വാഗ്ദാനവുമായി അമേരിക്ക നമ്മുടെ വീട്ടുമുറ്റത്തും എത്തിക്കഴിഞ്ഞിരിക്കുന്നു. കൈയബദ്ധത്തിന്റെയും സംശയത്തിന്റെയും, സൗഹൃദവെടിവെയ്പ്പിന്റെയും പേരുപറഞ്ഞ്‌, പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഭീകരതക്കെതിരെ സഹായിക്കുന്നത്‌ നമ്മള്‍ നിത്യവും കാണുന്നുമുണ്ടല്ലോ. സ്ത്രീകളെയും കുട്ടികളെയുമൊക്കെയാണ്‌ വെടിവെച്ചിടുന്നത്‌. കൂട്ടത്തോടെ. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാര്‍ഷ്ട്യത്തോടെ.

ആ അമേരിക്കന്‍ സാമ്രാജ്യത്വത്തെയും, അതിന്റെ പിണിയാളികളെയുമാണ്‌ ലോകമൊട്ടുക്കുള്ള തീവ്രവാദ പ്രസ്ഥാനക്കാര്‍ ഇന്ന് ഉന്നം വെക്കുന്നത്‌. സ്വാഭാവികമായും, ആ സാമ്രാജ്യത്വത്തിന്‌ കൂട്ടുനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കും അതിന്റെ ഭവിഷ്യത്തുക്കള്‍ അനുഭവിക്കേണ്ടിവരും. അതുതന്നെയാണ്‌ ഇന്ത്യ ഇന്ന് നേരിടുന്നതും.

ഭാഗ്യവശാല്‍ ഇത്രനാളും ഇന്ത്യക്ക്‌, ഇതിന്റെയൊക്കെ ഉത്തരവാദിത്ത്വം കെട്ടിവെക്കാന്‍ തൊട്ടടുത്ത്‌ എല്ലാം തികഞ്ഞ ഒരു ശത്രുവുണ്ടായിരുന്നു. ഇത്തവണ, ആ ഒരു ഭാഗ്യം കടാക്ഷിച്ചിട്ടില്ലെന്നാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍ നല്‍കുന്ന സൂചന. നാടൊട്ടുക്ക്‌ വേട്ടയാടപ്പെട്ടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സിമി പ്രവര്‍ത്തകനും, ഐ.എസ്‌.ഐ ക്കു നേരെ വിരല്‍ചൂണ്ടുന്നില്ലെന്ന വിവരം പുറത്തുവന്നിരിക്കുന്നു.അപ്പോള്‍ പിന്നെ അവശേഷിക്കുന്നത്‌, സിമിയും, ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സാങ്കല്‍പ്പിക സംഘടനയും, ലാഷ്കര്‍ ത്വായിബയുമൊക്കെയാണ്‌. പ്രധാനമായും സിമിയും, ഇനിയും 'കണ്ടാല്‍ തിരിച്ചറിയാന്‍'കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യന്‍ മുജാഹിദീനും.

ബാംഗ്ലൂര്‍, അഹമ്മദാബാദ്‌ സ്ഫോടനങ്ങളില്‍ സിമിക്കും ഇന്ത്യന്‍ മുജാഹിദീനുമുള്ള പങ്ക്‌ ഇതുവരെ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, മറിച്ചുള്ള വാദങ്ങള്‍ മാധ്യമാന്തരീക്ഷത്തില്‍ ശക്തവുമാണ്‌. സിമിയും അല്‍ ഖ്വയ്‌ദയും ഭീഷണിപ്പെടുത്തുന്നു എന്ന വ്യാജ പരാതി കൊടുത്ത്‌, സാമുദായിക സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ച്‌ രാംവിലാസ്‌ വേദാന്തി എന്ന കാട്ടുകള്ളന്റെ കേസെന്തായി? ഏതു സിമിയെയാണ്‌ ഒടുവില്‍ കിട്ടിയത്‌? രമേഷ്‌ തിവാരി, പവന്‍ പാണ്ഡെ തുടങ്ങിയ ബജ്‌റംഗദള്‍, ഹിന്ദു ജാഗരണ്‍ 'സിമി'ക്കാരെ. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പേരില്‍ ഈ അക്രമമൊക്കെ നടത്തുന്നത്‌ അവര്‍ തന്നെയാണെന്ന് എന്താണിത്ര ഉറപ്പ്‌? എന്താണതിന്റെ പിന്നിലുള്ള ഉദ്ദേശ്യം??

ഒന്നു മാത്രം. സമുദായ ധ്രുവീകരണം. എത്ത്‌നിക്ക്‌ ക്ലീന്‍സിംഗ്‌ നടപ്പാക്കാനുള്ള പശ്ചാത്തലങ്ങള്‍ ഒരുക്കുക. തീവ്രവാദി ആക്രമണങ്ങളും, അമര്‍നാഥ്‌ യാത്രയും പറഞ്ഞ്‌, മുസ്ലിമുകളെ ഒതുക്കാം. മതപരിവര്‍ത്തനത്തിന്റെ പേരു പറഞ്ഞ്‌ ക്രിസ്ത്യാനികളെയും.

ഇതൊക്കെ നടക്കുമ്പോള്‍, രാജ്യത്തെ മുസ്ലിം സമൂഹം എന്തു ചെയ്യുന്നു? സ്വന്തം സമുദായത്തെ ഒറ്റിക്കൊടുക്കാനും, എല്ലാക്കാലവും പിന്നോക്കാവസ്ഥയില്‍ അതിനെ തളച്ചിടാനും ശ്രമിക്കുന്ന സാമുദായിക രാഷ്ട്രീയത്തെയാണ്‌ അത്‌ ആശ്രയിക്കുന്നത്‌. രാഷ്ട്രീയവിവേചനമോ, ആത്മാഭിമാനമോ ഇല്ലാത്ത ഇമാം ബുഖാരിമാരുടെയും അഹമ്മദുമാരുടെയും സയ്യിദ്‌ ഗിലാനിമാരുടെയും കളിപ്പാവകളായിരിക്കുന്നു അവര്‍. ജമാഅത്തൈയുടെയും മുസ്ലിം ലീഗിന്റെയും യാഥാസ്ഥിതിക-മതമൗലിക രാഷ്ട്രീയത്തില്‍നിന്ന് അവര്‍ക്ക്‌ ഒരിക്കലും പുറത്തു കടക്കാനായിട്ടുമില്ല.

രഹസ്യ കോഡുകളുടെ ചുരുളുകളഴിച്ചും രസിച്ചും, രേഖാചിത്രങ്ങള്‍ പുറത്തുവിട്ടും, കയ്യില്‍ കിട്ടിയവനെ തോണ്ടി അകത്താക്കിയും, 'അതിര്‍ത്തിക്കപ്പുറത്തെ' അയല്‍രാജ്യത്തിന്റെ ചുമലില്‍ എല്ലാ പഴികളിറക്കിയും, നമുക്ക്‌, അടുത്ത സ്ഫോടനത്തിനായി കാതോര്‍ത്തിരിക്കുക മാത്രം ചെയ്യാം.

Monday, July 28, 2008

മുജാഹിദീനുകളോട്‌ ഒരു വാക്ക്‌

ബാംഗ്ലൂരിലെയും അഹമ്മദാബാദിലെയും സ്ഫോടനപരമ്പരകള്‍, നമ്മുടെ ഇനി വരാന്‍ പോകുന്ന അശാന്തി നിറഞ്ഞ നാളുകളുടെ കേളികൊട്ടാണെന്ന് കരുതേണ്ടിയിരിക്കുന്നു. സമയബന്ധിതമായി ഇത്‌ ആസൂത്രണം ചെയ്യുന്നവര്‍ക്ക്‌ ഭാഗ്യം എപ്പോഴും വേണമെന്നൊന്നുമില്ല. നിരവധി ശ്രമങ്ങള്‍ക്കിടക്ക്‌ ഒന്നോ രണ്ടൊ പൊട്ടിയാലും, അവരുടെ ലക്ഷ്യം നടന്നുകിട്ടും. ജീവിച്ചിരിക്കുന്നവര്‍ക്കാകട്ടെ, ആയുസ്സ്‌ നീട്ടിക്കിട്ടാന്‍ ഓരോ നിമിഷവും ഭാഗ്യം തുണക്കണം.

ഇന്ത്യയുടെ പ്രത്യക്ഷമായ പുതിയ അമേരിക്കന്‍ ബാന്ധവത്തിനുള്ള മറുപടിയാണിത്‌. അതിനിയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയേയുള്ളു. അമേരിക്കയുടെ എഫ്‌.ബി.ഐ.ക്കു സമാനമായ കുറ്റാന്വേഷണ-ഇന്റലിജന്‍സ്‌ സംവിധാനം സൃഷ്ടിക്കുക എന്നതാണത്രെ, ശിവരാജ്‌ പാട്ടീല്‍ എന്ന ആഭ്യന്തര മന്ദബുദ്ധിയുടെ തലയിലുദിച്ചിരിക്കുന്ന ആശയം. തീവ്രവാദത്തെ നേരിടാനുള്ള ദീര്‍ഘകാലപദ്ധതികള്‍ കൊണ്ടുവരുമെന്ന് സോണിയാഗാന്ധിയുടെയും നെഹ്രു കുടുംബത്തിന്റെയും വിനീതഭൃത്യനായ മന്‍മോഹന്‍ സിംഗും പ്രസ്താവിച്ചിരിക്കുന്നു. ഇന്ത്യയുടെ ഭാവിയെ ദേശീയവും വിദേശീയവുമായ കുത്തകകള്‍ക്ക്‌ അടിയറവു വെച്ച്‌, ഇന്ത്യന്‍ സാമ്പത്തികരംഗത്തെ വ്യഭിചരിക്കുന്ന ചിദംബരത്തിന്റെയും, ഇനിയുള്ള നാളുകളില്‍ അതിന്റെ കൂട്ടിക്കൊടുപ്പുകാരായി വാഴാന്‍ പോകുന്ന അമര്‍സിംഗിന്റെയും പ്രസ്താവനകള്‍ വരാന്‍ പോകുന്നതേയുള്ളു. മോഡിയുടെ എന്താഗ്രഹവും സാധിപ്പിച്ചുകൊടുക്കുമെന്നും ശിവരാജ്‌ പാട്ടീല്‍ വാക്കു കൊടുത്തുകഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ രാജ്യമായ അമേരിക്കയുമായി ഇന്ത്യക്കുള്ള ഇന്നത്തെ അനാശാസ്യബന്ധങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇനിയും ഇന്ത്യന്‍ നഗരങ്ങളില്‍ ബോംബുകള്‍ പൊട്ടുകയും, നിരപരാധികളായ മനുഷ്യജീവനുകള്‍ തെരുവില്‍ ചത്തുവീഴുകയും ചെയ്യും.

ഈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത മുജാഹിദീന്‍ സംഘടനകളോട്‌ ഒരു വാക്ക്‌. ആശയങ്ങളെ എപ്പോഴും ആശയങ്ങള്‍ കൊണ്ട്‌ തോല്‍പ്പിക്കാനോ ജയിക്കാനോ സാധിച്ചില്ലെന്നു വരും. പോലീസ്‌-സൈനിക ശക്തിയില്‍ അധിഷ്ഠിതമായ ദേശരാഷ്ട്രങ്ങളുടെ ജനാധിപത്യവിരുദ്ധതക്കെതിരെ, ജനാധിപത്യസമരമാര്‍ഗ്ഗങ്ങള്‍ക്കും ചെറുത്തുനില്‍പ്പുകള്‍ക്കും അധികമൊന്നും ചെയ്യാനാവില്ല. പ്രത്യേകിച്ചും, അത്തരം ജനാധിപത്യവിരുദ്ധ സ്ഥാപനങ്ങളുടെ / രാഷ്ട്രങ്ങളുടെ നിലനില്‍പ്പിനെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കാന്‍ പുരോഗമനത്തിന്റെ പേരും മുദ്രയുമുള്ള പ്രസ്ഥാനങ്ങള്‍തന്നെ മുന്നോട്ടുവരുമ്പോള്‍. പക്ഷേ ഇവിടെ, മുജാഹിദീന്‍ എന്ന പേരില്‍ നിങ്ങള്‍ നടത്തുന്ന ഇത്തരം ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടിവരിക, മിക്കവാറും, ഈ നാട്ടിലെ നിരപരാധികളായ മുസ്ലീമുകളായിരിക്കും. അവര്‍ കൂടുതല്‍ക്കൂടുതല്‍ ഒറ്റപ്പെടുകയും, ഭൂരിപക്ഷസമുദായത്തിന്റെ വെറുപ്പും, വൈരാഗ്യവും, തിരിച്ചടിയും നേരിടുകയുമാകും ഇതിന്റെയൊക്കെ ആത്യന്തിക ഫലം.

ഇസ്ലാമിനെയും മുസ്ലിമിനെയും സംശയത്തോടെയും ഭയത്തോടെയും കാണുന്ന കണ്ണുകളാണ്‌ ഇന്ന് ലോകത്താകമാനമുള്ളത്‌. പാശ്ചാത്യ കൊളോണിയല്‍ മാടമ്പികള്‍ വളര്‍ത്തിയെടുത്ത പുതിയ സംസ്കാരദര്‍ശനമാണത്‌. ഇന്ത്യയെയും പാക്കിസ്ഥാനെയും പോലുള്ള അടിമരാജ്യങ്ങള്‍ തങ്ങളുടെ സാമൂഹ്യസാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അവയെ തരംപോലെ വ്യഖ്യാനിക്കാനും, പ്രാവര്‍ത്തികമാക്കാനും തയ്യാറായി നില്‍ക്കുന്നു. കപട-മതേതരത്വ, ജനാധിപത്യവിരുദ്ധ ശക്തികളാണ്‌ ഇവിടെ അരങ്ങു വാഴുന്നത്‌. അവര്‍ക്ക്‌ കൂടുതല്‍ സാധുതയും, സ്വീകാര്യതയും, സൗകര്യവും ചെയ്തുകൊടുക്കാന്‍ മാത്രമേ , മുജാഹിദിനുകള്‍ എന്ന പേരില്‍ ഈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത നിങ്ങളുടെ പ്രവൃത്തികള്‍ സഹായിക്കൂ.

തകര്‍ക്കേണ്ടതും തോല്‍പ്പിക്കേണ്ടതും കൊന്നൊടുക്കേണ്ടതും, മനുഷ്യവിരുദ്ധമായ വ്യവസ്ഥിതികളെയാണ്‌. ആശയങ്ങളെയാണ്‌. അതിനായില്ലെങ്കില്‍, ചുരുങ്ങിയപക്ഷം, അതിന്‌ നേരിട്ട്‌ ഉത്തരവാദികളായവരെയെങ്കിലുമാണ്‌. എന്തായാലും, നിരപരാധികളായ മനുഷ്യരെയല്ല.

Sunday, March 2, 2008

“ഒന്നാം നമ്പര്‍ ആഭ്യന്തര സുരക്ഷാ ഭീഷണി“

അറുപതുകളുടെ മദ്ധ്യത്തില്‍ ആദ്യം നമ്മള്‍ കേള്‍ക്കുമ്പോഴും, പിന്നീട്‌ ശക്തി പ്രാപിച്ചപ്പോഴും, നക്സലൈറ്റുകള്‍ തങ്ങളുടെ നിലപാട്‌ പരസ്യമായിതന്നെ പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുപോന്നിരുന്നു. സായുധമായ പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാരിനെ നിലംപതിപ്പിക്കുക എന്നതായിരുന്നു അത്‌. ആയുധം കയ്യിലെടുത്ത്‌, വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നവരായി അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് നമ്മള്‍ മനസ്സിലാക്കുന്ന തരത്തിലുള്ള ഭീകരവാദമൊന്നും അന്ന് ഉദയം ചെയ്തുകഴിഞ്ഞിരുന്നില്ല.

സര്‍ക്കാരാകട്ടെ, മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തതുമില്ല. ഇരുഭാഗവും ഒരുപോലെ ഭീകരപ്രവര്‍ത്തനത്തില്‍ മത്സരിക്കുകയായിരുന്നു. പ്രത്യേകിച്ചും, നക്സലിസത്തിന്റെ ജന്മനാടായ പശ്ചിമബംഗാളില്‍. പക്ഷേ അപ്പോള്‍പോലും, ഒരു മുതിര്‍ന്ന നേതാവും നക്സലൈറ്റുകളെ ഒന്നാം നമ്പര്‍ ആഭ്യന്തര സുരക്ഷാ ഭീഷണിയായി വിശേഷിപ്പിച്ചിരുന്നില്ല എന്നും ഓര്‍ക്കണം.

ഇന്ന്, അത്തരം മുദ്രകുത്തല്‍ സര്‍വ്വസാധാരണമായിരിക്കുന്നു. നക്സലൈറ്റുകളാണ്‌ രാജ്യത്തെ ഒന്നാം നമ്പര്‍ സുരക്ഷാ ഭീഷണിയെന്ന വാദവുമായി പ്രധാനമന്ത്രിതന്നെ രംഗത്തുവന്നിരിക്കുന്നു. തന്റെ വാദത്തിന്‌ അടിസ്ഥാനമായ കാരണങ്ങളൊന്നും അദ്ദേഹം പറഞ്ഞതുമില്ല. ഈ സന്ദര്‍ഭത്തില്‍, നക്സലൈറ്റുകളെക്കുറിച്ച്‌ നമ്മുടെ ശ്രദ്ധയില്‍ പെടുന്ന ഒരു പുതിയ കാര്യം, അവര്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നതിലേക്ക്‌ അനല്പമായ വെളിച്ചം വീശുന്നുമുണ്ട്‌.

ആദ്യകാലത്ത്‌, ആ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത്‌ ഉണ്ടായിരുന്നവര്‍ (പ്രാദേശിക നേതൃതലത്തിലും, അണികളിലായാലും) അധികവും, നഗരങ്ങളിലെ മദ്ധ്യവര്‍ഗ്ഗ ജനവിഭാഗത്തില്‍പെട്ട വിപ്ലവകാരികളായിരുന്നു. ശുദ്ധമായ വര്‍ഗ്ഗസമരത്തില്‍ ഏര്‍പ്പെട്ടവരാണ്‌ തങ്ങളെന്ന് അകമഴിഞ്ഞ് വിശ്വസിച്ചിരുന്ന ചിലര്‍. സര്‍ക്കാര്‍ ചിഹ്നങ്ങളായ വാഹനങ്ങള്‍, പോലീസ്‌ സ്റ്റേഷനുകള്‍, പ്രാദേശികതലത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അത്രയധികം സാധാരണമായിരുന്നില്ല. ഉള്‍നാടന്‍ പ്രദേശങ്ങളിലെ 'വര്‍ഗ്ഗശത്രു'വിനെയായിരുന്നു അവര്‍ കൂടുതലും ലക്ഷ്യമാക്കിയിരുന്നത്‌. ഇടത്തരം കൃഷിക്കാരെപ്പോലും അവര്‍ 'ജനശത്രു'ക്കളായി മുദ്രകുത്തുകയും ഉന്മൂലനം ചെയ്യുകയും പതിവായിരുന്നു.

പക്ഷേ ഇന്ന്, ആ നേതൃവിഭാഗവും അണികളും, കൂടുതലും, ഗ്രാമപ്രദേശങ്ങളിലെ താഴേത്തട്ടില്‍നിന്നാണ് വരുന്നത്‌. എടുത്തുപറയേണ്ട ഒരു വ്യത്യാസമാണിത്‌. തങ്ങളുടെ ഭൂമിയില്‍നിന്നുള്ള വരുമാനംകൊണ്ട്‌ ഉപജീവനം അസാദ്ധ്യമായിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ മദ്ധ്യവര്‍ഗ്ഗ കൃഷിക്കാരാണ്‌ ബീഹാറും ഝാര്‍ഘണ്ടും പോലുള്ള സ്ഥലങ്ങളില്‍നിന്ന്, ഇന്ന്, സായുധസമരത്തിലേക്ക്‌ കൂടുതലും നീങ്ങിക്കൊണ്ടിരിക്കുന്നത്‌.

ചുരുക്കത്തില്‍, കാര്‍ഷികമായി ഏറ്റവും തകര്‍ന്നടിഞ്ഞ ഗ്രാമീണ-ഗോത്ര പ്രദേശങ്ങളിലെ ജനവിഭാഗത്തില്‍നിന്നാണ്‌ ഇന്ന്, നക്സലൈറ്റുകള്‍ കൂടുതലും ഉയര്‍ന്നുവരുന്നത്‌ എന്നര്‍ത്ഥം. അവര്‍ ഏറ്റവുമധികം വിജയം കൊയ്യുന്നതും, ഝാര്‍ഘണ്ട്‌, ഒറീസ്സ, ചത്തീസ്ഗഢ്‌ മേഖലയിലെ ധാതു സമ്പന്ന ബെല്‍റ്റുകളിലാണ്‌. ധാതുസമ്പന്നമായ ഇതേ പ്രദേശങ്ങളില്‍തന്നെയാണ്‌ വിദേശ, ഇന്ത്യന്‍ന്‍‌കിട കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ കൊള്ളലാഭത്തിനുവേണ്ടി തമ്മില്‍ത്തമ്മില്‍ പോരടിക്കുന്നതും. ഈ വിരോധാഭാസം കണ്ടില്ലെന്നു നടിക്കാനാവില്ല.

അപ്പോള്‍, ആഭ്യന്തര സുരക്ഷക്ക്‌ ഏറ്റവും വലിയ ഭീഷണിയായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്‌, ഈ പാവപ്പെട്ട ജനവിഭാഗത്തെയാണെന്നു വരുന്നു. കൊളോണിയല്‍ ഭരണത്തില്‍നിന്ന് വിടുതല്‍ കിട്ടിയതിനുശേഷം ഇന്ത്യ പിന്തുടര്‍ന്നുവരുന്ന വികസന സമീപനത്തിന്റെയും, ഇന്ത്യന്‍ ഭരണഘടനയുടെയും അന്തസ്സത്തക്ക്‌ എതിരാണ്‌ ഈ പ്രഖ്യാപനം. തീരുമാനങ്ങളെടുക്കുന്നതിനുമുന്‍പ്‌, ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ടവനെക്കൂടി കണക്കിലെടുക്കണമെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ച ഗാന്ധിജിയും, നെഹ്രുവും, ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ എങ്ങിനെയാകും ഈ മുദ്രകുത്തലിനെ കണ്ടിട്ടുണ്ടാവുക എന്നുകൂടി ആലോചിക്കാവുന്നതാണ്‌.

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി വളര്‍ന്നുകൊണ്ടിരിക്കുന്ന നക്സലൈറ്റ്‌ ആക്രമണങ്ങള്‍, പിന്നിട്ട രണ്ടു വര്‍ഷങ്ങളില്‍ കൂടുതല്‍ രൂക്ഷമായിത്തീര്‍ന്നിരിക്കുന്നു. സാമ്പത്തികവളര്‍ച്ചയും ഇതേ കാലയളവിലാണ്‌ ഉണ്ടായിട്ടുള്ളതെന്നാണ്‌ നമ്മുടെ നിഗമനം. പക്ഷേ നമ്മള്‍ അവകാശപ്പെടുന്ന ഈ വര്‍ദ്ധിതമായ സാമ്പത്തിക പുരോഗതി രാജ്യത്തെ ദരിദ്രപ്രദേശങ്ങളുടെയും ദരിദ്രരായ ജനവിഭാഗങ്ങളുടെയും വികസനത്തിന്‌ സഹായകമായിട്ടില്ല. നഗരങ്ങളില്‍ ചെന്ന് ഭിക്ഷാടനത്തിലേക്കോ, വഴിയോരവില്‍പ്പന തൊഴിലിലേക്കോ, അതുമല്ലെങ്കില്‍, ആത്മാവു നഷ്ടപ്പെട്ട തൊഴില്‍രഹിതസമൂഹത്തിലേക്കോ ചേക്കേറാന്‍ വിസമ്മതിച്ച ഗ്രാമ-ഗോത്രവാസികള്‍, സാഹചര്യം കൊണ്ടും, മറ്റു നിവൃത്തിയില്ലാത്തതുകൊണ്ടും നക്സലൈറ്റുകളായിത്തീരുകയാണ്‌ ഉണ്ടായത്‌.

ഇതില്‍ ചിലര്‍ വൈദേശിക ബന്ധമുള്ള തീവ്രവാദി സംഘങ്ങളില്‍ ചെന്നുപെട്ടിരിക്കാന്‍ ഇടയുണ്ട്‌.അവരെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌. തോക്കും ബോംബും ആയുധമാക്കുന്നവരെയും കര്‍ശനമായിതന്നെ നേരിടണം. പക്ഷേ, ആക്രമണത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുന്ന ദരിദ്രരായ വിഭാഗങ്ങളെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍, അവരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കിയുള്ള വികസന പ്രവര്‍ത്തനത്തിനുമാത്രമേ കഴിയൂ. കൃഷിയിലും ജലസേചനത്തിലും കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാവേണ്ടതുമുണ്ട്‌.

ഇത്‌ സാമാന്യയുക്തി മാത്രമാണ്‌. അത്‌ സര്‍ക്കാരിനു നഷ്ടപ്പെടുമ്പോഴാണ്‌, ബിനായക്‌ സെന്നിനെപ്പോലുള്ളവരെ ഇരുമ്പഴികള്‍ക്കകത്താക്കുന്നതും, നക്സലൈറ്റുകളുമായി അനുഭാവം പുലര്‍ത്തുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതും.




*തെഹല്‍ക്കയില്‍, ആനന്ദ്‌ സഹായ്‌ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

Sunday, January 27, 2008

ഉറങ്ങുമ്പോള്‍ മനുഷ്യരില്‍ ഉണരുന്ന സ്വപ്നദര്‍ശനങ്ങള്‍

റോബര്‍ട്ട് ഫിസ്ക്


ചെറിയ കുട്ടിയായിരിക്കുമ്പോള്‍, ഒരു സ്വപ്നം എന്നെ നിരന്തരം വേട്ടയാടിയിരുന്നു. എന്റെ മുത്തച്ഛന്‍ ആര്‍തര്‍ റോസ്സിന്റെ വളര്‍ത്തുനായയായ ലാന്‍സിനെക്കുറിച്ചുള്ളതായിരുന്നു ആ സ്വപ്നം. ലാന്‍സ്‌ എന്നത്‌ അവന്റെ ചുരുക്കപ്പേരാണ്‌. സര്‍ ലാന്‍സ്ലോട്ട്‌ എന്നാണ്‌ അവന്റെ മുഴുവന്‍ പേര്‌. അവന്‌ എന്നെ ഇഷ്ടമായിരുന്നു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഞാന്‍ അവനെ ആരാധിക്കുകയും ചെയ്തിരുന്നു. മുത്തച്ഛന്റെ വീട്ടിലെ വലിയ പറമ്പിലൂടെ ഞങ്ങള്‍ ഓടിക്കളിക്കും. ഞാന്‍ അവനെ വീഴ്ത്താന്‍ നോക്കുമ്പോള്‍ അവന്‍ എന്നെ വീഴ്ത്തും. ഞാന്‍ നിലത്ത്‌ വീണാല്‍, അവന്‍ എനിക്ക്‌ പുറം തിരിഞ്ഞ്‌, അവന്റെ കട്ടിയുള്ള വാല്‍ എന്റെ മുഖത്ത്‌ വീശി ഗംഭീരഭാവത്തിലങ്ങിനെ ഇരിക്കും.

ഉറക്കത്തില്‍ ഞാന്‍ കാണുന്ന ദുസ്വപ്നത്തില്‍ ലാന്‍സിന്‌ പക്ഷേ മറ്റൊരു മുഖമാണ്‌. കടിക്കുകയും, കുരക്കുകയും, മുഖം മുഴുവന്‍ വെറുപ്പ്‌ നിറയുകയും ചെയ്യുന്ന ലാന്‍സിനെയാണ്‌ സ്വപ്നത്തില്‍ കണ്ട്‌ ഞാന്‍ പേടിച്ച്‌ നിലവിളിക്കുക. അതു കേട്ട്‌, അച്ഛന്‍ ഓടിയെത്തും. ദു:സ്വപ്നത്തില്‍നിന്ന് നിത്യവും അച്ഛന്‍ എന്നെ കുലുക്കിയുണര്‍ത്തും.

സ്വപ്നങ്ങളെ ഞങ്ങള്‍ പാശ്ചാത്യര്‍ കാണുന്നത്‌, ഉറങ്ങുമ്പോഴും, പ്രവര്‍ത്തനക്ഷമമായ തലച്ചോറിന്‌ ഉറക്കക്കുറവുകൊണ്ടുണ്ടാകുന്ന പ്രതിഭാസം എന്ന നിലയിലാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ദൈനംദിന അനുഭവങ്ങളില്‍നിന്ന് ബാക്കിവന്ന ഉപബോധമെന്ന ഒരു പാഴ്‌വസ്തു. പക്ഷേ, അതിതീവ്രവാദികളായ പല മുസ്ലിമുകള്‍ക്കും, സ്വപ്നം വളരെ ഗൗരവമുള്ള ഒരു കാര്യമാണ്‌. പ്രവാചകന്‌ ദൈവത്തില്‍നിന്ന് വെളിപാടുണ്ടായത്‌-സാക്ഷാല്‍ വിശുദ്ധ ഖുറാന്‍-ആറു മാസത്തോളം നീണ്ടുനിന്ന ഒരു സ്വപ്നത്തിന്റെ അവസാനത്തിലായിരുന്നുവത്രെ.. ചിലര്‍ വിശ്വസിക്കുന്നത്‌, ഖുറാന്‍ മുഴുവനുംതന്നെ, ഒരു സ്വപ്നസദൃശമായ വെളിപാടിലാണ്‌ അദ്ദേഹത്തിനു കിട്ടിയതെന്നാണ്‌.

മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അലസമായിരിക്കുന്ന തലച്ചോറിന്റെ പ്രതിഫലനമല്ല സ്വപ്നങ്ങള്‍, മറിച്ച്‌, ദൈവവുമായി നേരിട്ടുള്ള വിനിമയമാണവ എന്നത്രെ. ഡറം സര്‍വ്വകലാശാലയിലെ (Durham University) നരവംശശാസ്ത്രവിഭാഗത്തിലെ ഡോ.ഇയാന്‍ എഡ്‌ഗാര്‍, സ്വപ്നത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വന്തം ഗവേഷണഫലങ്ങള്‍ എനിക്കു അയച്ചു തന്നിരുന്നു. അതനുസരിച്ച്‌, 'യഥാര്‍ത്ഥസ്വപ്ന'ങ്ങള്‍-അറബിയില്‍ റുയ എന്നാണ്‌ പറയുക- 'പശ്ചിമേഷ്യയിലും മറ്റിടങ്ങളിലുമുള്ള സമകാലിക ജിഹാദി പ്രസ്ഥാനങ്ങളുടെ അടിസ്ഥാനപരവും, പ്രചോദനപരവും, തന്ത്രപ്രധാനവുമായ ഭാഗമാണെന്ന്' അദ്ദേഹം വിശ്വസിക്കുന്നു.

ഇസ്ലാമിനെ 'ഒരുപക്ഷേ, ഭൂമിയില്‍ നിലവിലുള്ള ഏറ്റവും വലിയ നിശാസ്വപ്ന സംസ്കാരം' എന്നാണ്‌ അദ്ദേഹം വിശേഷിപ്പിക്കുന്നത്‌. പ്രവാചകവചനമായ ഒരു ഹദീത്‌, എഡ്‌ഗാര്‍ ഉദ്ധരിക്കുന്നുമുണ്ട്‌. അതിന്‍പ്രകാരം പ്രവാച പത്നിയായ ആയിഷ പറയുന്നത്‌ "നിദ്രയില്‍ ഉളവാകുന്ന നല്ല സ്വപ്നങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്‌ ദൈവീകമായ വെളിപാടുകള്‍ കിട്ടിയിരുന്നത്‌...അദ്ദേഹം ഒരിക്കലും സ്വപ്നം കാണുകയായിരുന്നില്ല..സ്വപ്നം പ്രഭാതവെളിച്ചം പോലെ വരുകയായിരുന്നു" എന്നാണ്‌. എട്ടാം നൂറ്റാണ്ടില്‍, തെക്കന്‍ ഇറാഖിലെ ബസ്രയില്‍ ജീവിച്ചിരുന്ന, ഇബന്‍ സിറിന്‍ എന്ന എഴുത്തുകാരന്‍-സ്വപ്നങ്ങളെക്കുറിച്ചും, അവയുടെ വ്യാഖ്യാനങ്ങളെകുറിച്ചും ധാരാളം എഴുതിയിരുന്ന ഒരാള്‍-സ്വപ്നങ്ങളെ രണ്ടായി വിഭജിച്ചിരുന്നു. സ്വപ്നദര്‍ശകന്റെ ശരീരത്തില്‍ വസിക്കുകയും, എന്നാല്‍ ആത്മാവില്‍ നിന്ന് വേറിട്ട അസ്തിത്വവുമുള്ള 'ആത്മീയ സ്വപ്നങ്ങള്‍'എന്നും, (ചെകുത്താന്റെ പ്രേരണയാല്‍ ഉണ്ടാകുന്ന സ്വപ്നങ്ങള്‍, റുവാന്‍ എന്നാണ്‌ അവക്കുള്ള പേര്‍), പ്രവഹിക്കുന്ന ചുടുചോരയില്‍നിന്ന് ഉളവാകുന്ന 'പ്രാപഞ്ചിക സ്വപ്നങ്ങള്‍' എന്നുമായിരുന്നു ആ രണ്ടു വിഭജനങ്ങള്‍.

മുത്തച്ഛന്റെ ഭീകരനായ ലാബ്രഡോറിനെ രണ്ടാമത്തെ ഗണത്തില്‍ പെടുത്തേണ്ടിവരുമെന്ന് ഞാന്‍ ഭയക്കുന്നു. പക്ഷേ ഈ ആശയങ്ങളെ നിസ്സാരമായി തള്ളിക്കളയാന്‍ സാധ്യമല്ല. ബെര്‍ക്ക്‍ലി യൂണിവേഴ്‌സിറ്റിയില്‍ മുഹമ്മദ്‌ അമാനുള്ള അവതരിപ്പിച്ച ഒരു ഗവേഷണപ്രബന്ധത്തില്‍ പറഞ്ഞിരിക്കുന്നത്‌, മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ മതപഠന വിഭാഗത്തിലെ 12 മുസ്ലിം ജോലിക്കാരില്‍, പകുതിപേരും, തങ്ങള്‍ 'യഥാര്‍ത്ഥ സ്വപ്നങ്ങള്‍‘ കണ്ടു എന്നായിരുന്നു. അതില്‍തന്നെ, പകുതിയോളം ആളുകള്‍ പ്രവാചകനെയാണ്‌ സ്വപ്നം കണ്ടത്‌. മറ്റൊരു ഹദീദില്‍ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട്‌ പറയുന്നത്‌, "എന്നെ സ്വപ്നം കാണുന്നവര്‍, സത്യമായും എന്നെ കാണുകതന്നെയാണ്‌ ചെയ്യുന്നത്‌, കാരണം, എന്റെ രൂപം അനുകരിക്കാന്‍ ഒരിക്കലും സാത്താനു സാധിക്കുന്നതല്ല' എന്നാണ്‌.

ഒസാമ ബിന്‍ ലാദിന്‍ തീര്‍ച്ചയായും സ്വപ്നത്തില്‍ വിശ്വസിക്കുന്ന ഒരാളാണ്‌. ഒരിക്കല്‍ അദ്ദേഹം എന്നോട്‌ പറഞ്ഞത്‌, അദ്ദേഹത്തിന്റെ ഒരു 'സഹോദരന്‍' എന്നെ, മുസ്ലിം വേഷത്തില്‍, താടി വളര്‍ത്തി, കുതിരപ്പുറത്തിരിക്കുന്ന രൂപത്തില്‍ കണ്ടു എന്നാണ്‌. ഞാനൊരു 'യഥാര്‍ത്ഥ' മുസ്ലിമാണെന്ന് ഈ സ്വപ്നം തെളിയിക്കുന്നു എന്നുകൂടി കൂട്ടിച്ചേര്‍ത്തിട്ടേ മൂപ്പരടങ്ങിയുള്ളു. എന്നെ 'റിക്രൂട്ട്‌' ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പരോക്ഷമായ ആ ക്ഷണം, ഞാന്‍ സ്നേഹപൂര്‍വ്വം നിരസിച്ചു. പക്ഷേ, സെപ്തംബര്‍ 11-നു ശേഷം ഒരിക്കല്‍ അദ്ദേഹത്തെ ഉദ്ധരിച്ച്‌ ഒരു പ്രസ്താവന വന്നു. അബുല്‍ ഹസ്സന്‍ അല്‍ മസ്‌റി, ഒസാമയോട്‌ പറഞ്ഞ ഒരു സ്വപ്നത്തെക്കുറിച്ചായിരുന്നു അത്‌. "അബുല്‍ ഹസ്സന്‍ എന്നോട്‌ ഒരു വര്‍ഷം മുന്‍പ്‌ പറയുകയുണ്ടായി, അയാള്‍ ഒരു സ്വപ്നം കണ്ടു എന്ന്. അമേരിക്കക്കാരുമായി ഞങ്ങള്‍ ഒരു പന്തുകളിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പക്ഷേ, ഗ്രൗണ്ടില്‍ വന്നപ്പോഴേക്കും ഞങ്ങളുടെ കളിക്കാരെല്ലാവരും പൈലറ്റുമാരായി മാറിക്കഴിഞ്ഞിരുന്നു". ഒസാമ തുടരുന്നു, "സെപ്തംബര്‍ 11-ന്റെ പദ്ധതികളെക്കുറിച്ച്‌, അല്‍ മസ്‌റിക്ക്‌ ഒന്നും അറിയില്ലായിരുന്നു. സംഭവം നടന്നതിനുശേഷം റേഡിയോയിലൂടെയാണ്‌ അയാള്‍ അതിനെക്കുറിച്ച്‌ കേള്‍ക്കുന്നതുതന്നെ. കളി നടക്കുകയും ഞങ്ങള്‍ അമേരിക്കക്കാരെ തോല്‍പ്പിക്കുകയും ചെയ്തുവത്രെ. അതേതായാലും നല്ല ലക്ഷണമാണ്‌".

അല്‍ ഖ്വൈദയുടെ സൂത്രധാരന്‍മാരായ റാംസി ബിന്‍ അല്‍ ഷീബിനെയും, ഖാലിദ്‌ ഷൈഖ്‌ മുഹമ്മദിനെയും ഇന്റര്‍വ്യൂ ചെയ്ത അല്‍ ജസീറ പത്രപ്രവര്‍ത്തകന്‍ യൂസ്‌റി ഫൗദ പറഞ്ഞത്‌, സെപ്തംബര്‍ 11-ലെ ആക്രമണത്തിനുമുന്‍പ്‌, അല്‍ ഷീബ്‌ ധാരാളം സ്വപ്നങ്ങള്‍ കണ്ടതായി പറഞ്ഞു എന്നാണ്‌. "അയാള്‍ (അല്‍ ഷീബ്‌)പ്രാവചകനെക്കുറിച്ചും, പ്രവാചകന്റെ അടുത്ത അനുയായികളെക്കുറിച്ചും, അവരെ നേരിട്ടു കണ്ട മട്ടില്‍ സംസാരിച്ചു."

മര്‍വാന്‍ അല്‍ ഷെഹ്ദി കണ്ട ഒരു സ്വപ്നത്തെക്കുറിച്ച്‌, മൊഹമ്മദ്‌ ആട്ട (വിമാനറാഞ്ചികളിലെ പ്രധാനി) പറഞ്ഞ കാര്യം, അല്‍ ഷീബ്‌ ഓര്‍ത്തെടുക്കുകയുണ്ടായി. "മറ്റേതൊ ലോകത്തുനിന്നുള്ള പച്ച നിറമുള്ള പക്ഷികളുടെ കൂടെ ആകാശത്തു പറന്നുനടക്കുന്നതായും, എന്തിലൊക്കെയോ ചെന്നിടിച്ച്‌ തകരുന്നതായും, അപ്പോള്‍ വലിയ സന്തോഷം തോന്നുന്നതായും" മര്‍വാന്‍ അല്‍ ഷെഹിദി ഒരിക്കല്‍ ആട്ടയോട്‌ പറഞ്ഞുവത്രെ.

'പച്ചനിറമുള്ള പക്ഷികള്‍ക്ക്‌' സ്വപ്നങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകമായ അര്‍ത്ഥതലമുണ്ടെന്ന് ഫൗദ പറഞ്ഞു. 'പച്ച' എന്നത്‌, ഇസ്ലാമിന്റെയും, 'പക്ഷികള്‍' സ്വര്‍ഗ്ഗത്തിന്റെയും പ്രതിരൂപങ്ങളാണത്രെ. റൊബര്‍ട്ട്‌ ഫിസ്ക്‌ എന്ന എന്നെ, ഇമാമിന്റെ രൂപഭാവങ്ങളോടെ സ്വപ്നത്തില്‍ കണ്ട ഒസാമ എന്നെ കുതിരപ്പുറത്തേറ്റിയത്‌, കുതിര 'ഒരു വ്യക്തിയുടെ അന്തസ്സിന്റെയും, പദവിയുടെയും, അധികാരത്തിന്റെയും, പ്രൗഢിയുടെയും' ചിഹ്നമായതുകൊണ്ടാണെന്ന് പറഞ്ഞുതന്നു, ഡോ. ഇയാന്‍ എഡ്‌ഗാര്‍. നന്ദിയുണ്ട്‌, ഒസാമ. പക്ഷേ, തത്‌ക്കാലം എനിക്കതു വേണ്ട.

ഷൂ ബോംബര്‍ എന്ന പേരില്‍ അറിയപ്പെട്ട റിച്ചാര്‍ഡ്‌ റീഡ്‌, താന്‍ ഒരു പിക്കപ്പില്‍ കയറാന്‍ ശ്രമിക്കുന്നതായും, അതില്‍ നിറയെ ആളുണ്ടായിരുന്നതുകൊണ്ട്‌ മറ്റൊരു ചെറിയ കാറില്‍ കയറിക്കൂടിയതും സ്വപ്നം കണ്ടതായി പറയുന്നുണ്ട്‌. ആദ്യം കയറാന്‍ ശ്രമിച്ച പിക്കപ്പ്‌, സെപ്തംബര്‍ 11-ലെ ആക്രമണത്തിന്‌ ഉപയോഗിച്ച നാലു വിമാനങ്ങളെയും (ഇതില്‍നിന്ന്, റിച്ചാര്‍ഡ്‌ റീഡറിനെ ഒഴിവാക്കിയിരുന്നു)ചെറിയ കാര്‍, തന്റെ 19 സഹപ്രവര്‍ത്തകരുടെയൊപ്പം എത്താനുള്ള ധൃതിയില്‍ അയാള്‍ റാഞ്ചാന്‍ ശ്രമിച്ച അമേരിക്കന്‍ എയര്‍ലൈന്‍സ്‌ വിമാനത്തെയുമാണ്‌ സൂചിപ്പിക്കുന്നതെന്നുമുള്ള രീതിയില്‍ വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ട്‌.

ഒറ്റക്ക്‌ വിമാനമോടിച്ച്‌, ഉയരമുള്ള ഒരു കെട്ടിടത്തിലേക്ക്‌ അത്‌ ഇടിച്ചുകയറ്റുന്നത്‌ സ്വപ്നം കണ്ടിരുന്ന ആളാണ്‌, ഒരുപക്ഷേ ഇരുപതാമത്തെ വിമാന റാഞ്ചി ആകുമായിരുന്ന, മൊറോക്കോ വംശജനായ ഫ്രഞ്ചുകാരന്‍ സക്കാറിയ മൗസ്സാവി. അമേരിക്കയില്‍ 2006-ല്‍ നടന്ന കുറ്റവിചാരണവേളയില്‍, തന്റെ സ്വപ്നത്തിനു വിചാരിച്ചതിലേറെ പ്രാധാന്യം കിട്ടുന്നത്‌ മൗസ്സാവി കാണുകയുണ്ടായി. പാക്കിസ്ഥാനില്‍നിന്നുള്ള ഏറ്റവും സമര്‍ത്ഥനായ പത്രപ്രവര്‍ത്തകനായ റഹിമുള്ള യൂസഫ്സായിയോട്‌ താലിബാന്‍ പറഞ്ഞത്‌, തങ്ങളുടെ നേതാവായ ഒറ്റക്കണ്ണന്‍ മുല്ല ഒമര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്‌, അദ്ദേഹത്തിന്‌ "സ്വപ്നത്തില്‍നിന്നു കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിക്കുക' മാത്രമാണെന്നായിരുന്നു. താലിബാന്റെ ബീജാവാപംതന്നെ ഒരു സ്വപ്നത്തില്‍നിന്നായിരുന്നുവത്രെ. ഒരിക്കല്‍ മുല്ല ഒമര്‍ യൂസഫ്സായിയെ ഫോണില്‍ വിളിച്ച്‌ തനിക്കുണ്ടായ ഒരു സ്വപ്നത്തെ വ്യാഖാനിച്ചു കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഒരു 'വെളുത്ത കൊട്ടാരം' തീ പിടിക്കുന്നതാണ്‌ മുല്ല ഒമര്‍ കണ്ട സ്വപ്നം. യൂസഫ്സായ്‌ വൈറ്റ്‌ ഹൗസ്‌ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മുല്ല ഒമറിന്‌ അറിയാമായിരുന്നുതാനും. സ്വപ്നത്തില്‍ ദര്‍ശിച്ച ഈ ഈ 'വെളുത്ത കൊട്ടാരത്തിന്‌ ഈ പറയുന്ന വൈറ്റ്‌ ഹൗസുമായി എന്തെങ്കിലും സാദൃശ്യമുണ്ടോ എന്നു മാത്രമായിരുന്നു മുല്ല ഒമറിന്‌ അറിയേണ്ടിയിരുന്നത്‌. സംഭവം നടക്കുന്നത്‌ സെപ്തംബര്‍ 11-നു മുന്‍പാണ്‌.

വിചിത്രമായ മറ്റു ചില സ്വപ്നങ്ങളെക്കുറിച്ച്‌. ഗ്വാണ്ടിനാമോയിലെ ഒരു മുന്‍തടവുകാരനായ ക്വാറി ബദ്രുസമാന്‍ ബാദര്‍ ലാഹോറില്‍വെച്ച്‌ ഡെയ്‌ലി ടൈംസിനോട്‌ പറഞ്ഞത്‌, 'പ്രവാചകന്‍ നേരിട്ടു വന്ന്, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തരുന്നതായി സ്വപ്നം കണ്ട നിരവധി അറബികളെ'ക്കുറിച്ചായിരുന്നു. "ഒരു അറബി ക്രിസ്തുവിനെ സ്വപ്നത്തില്‍ 'നേരിട്ടു' കണ്ടു. ക്രിസ്തു അയാളുടെ കൈപിടിക്കുകയും, ക്രിസ്ത്യാനികള്‍ക്ക്‌ മാര്‍ഗ്ഗഭ്രംശം വന്നതായി പറയുകയും ചെയ്തു. അയാളുടെ കൈകളിലുണ്ടായിരുന്ന ക്രിസ്തുവിന്റെ പരിമളം മറ്റുള്ളവര്‍ക്കും വാസനിക്കാന്‍ കഴിഞ്ഞു", ക്വാറി പറയുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇസ്ലാമിലെതന്നെ മറ്റൊരു പ്രവാചകനായ ക്രിസ്തു, ക്രിസ്ത്യാനികള്‍ക്കു സംഭവിക്കുന്ന മാര്‍ഗ്ഗഭ്രംശത്തെക്കുറിച്ച്‌, മുസ്ലിം തടവുകാരോട്‌ സംസാരിച്ചു എന്ന്. "തങ്ങള്‍ക്കുനേരെയുള്ള അടിച്ചമര്‍ത്തലിനെയൊക്കെ ഉല്ലംഘിക്കുന്ന ഒരു സ്വപ്നസന്ദേശമായിട്ടയിരിക്കും അവര്‍ക്കിത്‌ അനുഭവപ്പെട്ടിട്ടുണ്ടാവുക", എഡ്ഗാര്‍ അഭിപ്രായപ്പെടുന്നു.

കൂട്ടത്തില്‍ വ്യാജ സ്വപ്നങ്ങളും ധാരാളമുണ്ട്‌. പെഷവാറിലെ ഒരു ഇമാമിനോട്‌ ഒരാള്‍ വന്നു പറഞ്ഞുവത്രെ, വേണമെങ്കില്‍ ഇമാമിനും മദ്യപിക്കാമെന്ന് പ്രവാചകന്‍ സ്വപ്നത്തില്‍ വന്നു പറഞ്ഞുവെന്ന്. ചോദിച്ചപ്പോള്‍ മനസ്സിലായി, സ്വപ്നം കണ്ട ആള്‍ നല്ലവണ്ണം അകത്താക്കിയിട്ടുണ്ടെന്ന്. താന്‍ പ്രവാചകനെ കണ്ടിട്ടില്ലെന്നു പറഞ്ഞൊഴിഞ്ഞു പെഷവാറിലെ ആ പാവം ഇമാം. കഷ്ടം, നമ്മള്‍ അവിശ്വാസികള്‍ക്ക്‌ മാത്രം ഒരു പ്രതീക്ഷക്കും വകയില്ല.






The Independent എന്ന പത്രത്തിന്റെ ജനുവരി 26-ലെ ലക്കത്തില്‍ വന്ന റോബര്‍ട്ട് ഫിസ്ക്കിന്റെ ലേഖനം.
പരിഭാഷ - രാജീവ് ചേലനാട്ട്