Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Sunday, July 3, 2011

കാലത്തിന്റെ പുഴ



കടപ്പാട്: റോബർട്ട് ഫിസ്ക്കിന്റെ The Age of Warrior എന്ന പുസ്തകത്തിലെ A river through time എന്ന ലേഖനത്തിന്റെ പരിഭാഷ

സാഹിത്യത്തെയും ചരിത്രത്തെയും സിനിമയെയും വികലമാക്കാനുള്ള ശ്രമങ്ങൾ, എന്നെ സംബന്ധിച്ചിടത്തോളം അശ്ളീലമല്ലാതെ മറ്റൊന്നുമല്ല. ആരൊക്കെയോ, എവിടെയൊക്കെയോ, അവരുടെ വീക്ഷണങ്ങൾ കൊണ്ട് നമ്മെ സംരക്ഷിക്കുകയോ വിഷലിപ്തമാക്കുകയോ ആണ്‌ അതുകൊണ്ട് ചെയ്യുന്നത്. 1934-ൽ ഹിറ്റ്ലർ ബ്രൗൺ ഷർട്ടുകാർക്കെതിരെ നടത്തിയ കശാപ്പിനെക്കുറിച്ച് എഴുതി എന്ന ഒരൊറ്റ കാരണം കൊണ്ട്, വില്ല്യം ഷിററുടെ ‘മൂന്നാം റൈഷിന്റെ ഉദയവും പതനവും’ (The Rise and Fall of the Third Reich) എന്ന പുസ്തകം പിൻവലിക്കാൻ ദക്ഷിണ ലണ്ടൻ ലൈബ്രറി നടത്തിയ ശ്രമമാണ്‌ ഓർമ്മവരുന്നത്. ഹിറ്റ്ലറിന്റെ സൈനികരാൽ കശാപ്പുചെയ്യപ്പെട്ട ബ്രൌൺ ഷർട്ടുകാരിൽ ഒരാൾ ‘സ്ത്രൈണ മുഖഭാവമുള്ള കുപ്രശസ്തനായ ഒരു സ്വവർഗ്ഗസംഭോഗി’യാണെന്നും, അയാളുടെ സുഹൃത്തും നേതാവുമായിരുന്ന ഏണസ്റ്റ് റോഹ്‌മും മറ്റു സഖാക്കളും ‘ലൈംഗികവൈകൃത’മുള്ളവരാണെന്നുമുള്ള പുസ്തകത്തിലെ സൂചനകളായിരുന്നു എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയത്. നാസി കാലഘട്ടത്തിനെക്കുറിച്ച് 1959-ൽ ഷിറർ എഴുതുമ്പോൾ ‘ഗേ’ എന്നത് ‘സന്തോഷം’ ‘ലാഘവത്വം’ തുടങ്ങിയവയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദവും, സ്വവർഗ്ഗാനുരാഗമെന്നത്‌ ഇന്നത്തെപ്പോലെ അന്നും നിയമവിരുദ്ധവും സമൂഹത്തിന്റെ (ഇത്തരം എല്ലാ വൈജാത്യങ്ങളെയും ഒരു സമൂഹം ഉൾക്കൊള്ളേണ്ടതുണ്ട് എന്നു വിശ്വസിച്ച സ്വതന്ത്രവാദികളൊഴിച്ചുള്ളവരുടെ) വെറുപ്പിന്‌ കാരണഭൂതമാവുകയും ചെയ്തിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നമ്മുടെ ഇന്നത്തെ സാമൂഹ്യമായ ശരികളും സദാചാരവുമായി ഷിററിന്റെ രചന യോജിക്കാത്തതുകൊണ്ട് ഒന്നുകിൽ അത്‌ നിരോധിക്കുകയോ, അഥവാ, സ്റ്റാലിൻ കാലഘട്ടത്തിലെ റഷ്യൻ എൻസൈക്ളോപ്പീഡിയകളെപ്പോലെ മാറ്റിയെഴുതപ്പെടുകയോ ചെയ്യണമെന്ന് ചുരുക്കം.

സെമിറ്റിക്ക് വിരോധത്തെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് ഷേക്സ്പ്രിയറും, ‘വെനീസിലെ വ്യാപാരി’യും, മാർലോവിന്റെ ‘മാൾട്ടയിലെ ജൂതനും’ നിരോധിക്കപ്പെടേണ്ടതാണെന്ന്‌ ഇന്നും കരുതുന്ന ജൂത സുഹൃത്തുക്കളുണ്ട്. ടി.എസ്. എലിയറ്റിന്റെ ‘ജെറോൻഷ’നിലെ ജൂതനെക്കുറിച്ചുള്ള വിവരണം ഓരോ തവണ  വായിക്കുമ്പോഴും ഞാനും ചൂളിപ്പോവുന്നുണ്ട്. ശരിയാണ്‌, തന്റെ കാലഘട്ടത്തിലെ സെമിറ്റിക് വിരോധം എലിയറ്റിന്റെ കൃതികളിലും വെളിവാകുന്നുണ്ട്. പക്ഷേ അതുകൊണ്ടുമാത്രം അത് നിഷേധിക്കേണ്ട ആവശ്യവുമില്ല. എത്രമാത്രം അരോചകമായി തോന്നാമെങ്കിലും, ജോർജ്ജ് ഓർവ്വലിന്റെ വിൻസ്റ്റൺ സ്മിത്തിനെപ്പൊലെ, ഇന്നലെയുടെ ഗദ്യത്തെയും പദ്യത്തെയും ശുദ്ധീകരിക്കുന്നതിനുപകരം, അതുമായി ജീവിച്ചുപോകാനാണ്‌ ചരിത്രം നമ്മോട് ആവശ്യപ്പെടുന്നത്. ഹിറ്റ്ലറുടെ ആത്മകഥ - അതിന്റെ ദുഷ്ടതകളെ യുക്തിഭദ്രമായി വിമർശിക്കുന്ന അവതാരികകളോടെ -നാസിസത്തിന്റെ ദുഷ്ടതകളെ വരും തലമുറകൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഇന്നും വിൽക്കപ്പെടുന്നുണ്ട് എന്നും ഓർക്കുക.


എന്നാലും സാംസ്ക്കാരിക സെൻസർഷിപ്പ് അപ്രത്യക്ഷമായിട്ടില്ല. ശേഖർ കപൂറിന്റെ 1998-ലെ ‘എലിസബത്ത്’ എന്ന സിനിമ, ‘കന്യാരാജ്ഞി‘യെ പുനസ്സൃഷ്ടിക്കാനുള്ള ഒരു അസുലഭാവസരമാണ് കേറ്റ് ബ്ലാൻ‌ചെറ്റിന് നൽകിയത്.  പക്ഷേ ആ സിനിമയുടെ ശേഷഭാഗമായ ‘എലിസബത്ത്: ദി ഗോൾഡൻ ഏജ്’ (Elizabeth: The Golden Age) നിരാശപ്പെടുത്തുന്ന ഒരു സിനിമയായിരുനു. 1588-ൽ സ്പാനിഷ് സൈന്യത്തിന്റെ വരവിനു തൊട്ടുമുൻപ് തന്റെ പരമാധികാരത്തിന്റെ പിന്തുണ സൈനികർക്ക് സമർപ്പിച്ച് ടിൽബറിയിൽ വെച്ച് എലിസബത്ത് നടത്തിയ, ബ്രിട്ടനിലെ എല്ലാ സ്ക്കൂൾ കുട്ടികൾക്കും കാണാപ്പാഠം അറിയുന്ന ആ സുപ്രധാനമായ പ്രസ്താവന -“അശക്തവും ദുർബ്ബലവുമായ ഒരു സ്ത്രീ ശരീരമാണ്‌ എന്റേതെങ്കിലും എന്റെഹൃദയവും ചങ്കൂറ്റവും ഒരു രാജാവിന്റേതാണ്‌” -അത്, ആ സിനിമയിൽനിന്ന് നിർദ്ദാക്ഷിണ്യം നീക്കം ചെയ്യപ്പെട്ടു. എന്റെ അച്ഛൻ എപ്പോഴും ആ വാക്യം ഉദ്ധരിക്കുകയും ഒരിക്കൽ ടിൽബറിയിലെ ആ കോട്ട കാണിക്കാൻ -ഇപ്പോഴും അത് അവിടെയുണ്ട്-എന്നെ കൊണ്ടുപോവുകയുമുണ്ടായിട്ടുണ്ട്.


പക്ഷേ, കഷ്ടമെന്നു പറയട്ടെ, ശേഖർ കപൂറിന്‌ ആ വാക്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫെമിനിസത്തിന്റെ കാലത്ത് അത്തരം പ്രസ്താവനകൾ നിഷിദ്ധവും, അസ്വീകാര്യവും, യോജിച്ചുപോകാത്തതും, പ്രകോപനപരവുമായ് അനുഭവപ്പെട്ടിരിക്കാം. അതല്ലെങ്കിൽ എങ്ങിനെയാണ്‌, ചരിത്രപ്രസിദ്ധമായ ആ വാക്കുകൾ സിനിമയിൽ എലിസബത്ത് ഉച്ചരിക്കാൻ വിട്ടുപോയത്? ദശലക്ഷക്കണക്കിന്‌ പ്രേക്ഷകർ ഒരുപക്ഷേ ആ വാക്കുകൾ കേൾക്കാനായിരിക്കാം കാത്തുനിന്നത്. പക്ഷേ അത് അവരിൽനിന്ന് എടുത്തുമാറ്റി. പുരുഷമേധാവിത്വത്തിന്റെ കാലത്ത് തന്റെ രാജ്യത്തെ നയിച്ച അസാധാരണക്കാരിയായ ഒരു സ്ത്രീ എന്നതിനേക്കാൾ നല്ലത്, അശക്തയും ദുർബ്ബലയുമല്ലാത്ത, കന്യകയായ ഒരു ഫെമിനിസ്റ്റ് രാജ്ഞിയാണെന്നായിരിക്കാം കപൂറിന്റെ നിലപാട്.


പക്ഷേ ഇതിലും ദുഷിച്ച തെറ്റിദ്ധരിപ്പിക്കലുകൾ നടത്താൻ സിനിമകൾക്ക് സാധിക്കും. ഉദാഹരണത്തിന്‌, പുരസ്ക്കാരം നേടിയ ഇംഗ്ളീഷ് പേഷ്യന്റ് എന്ന സിനിമയിൽ ഡേവിഡ് കരവാഗിയോ എന്ന ചാരന്റെ തള്ളവിരലുകൾ ഫാസിസ്റ്റ് സൈന്യം വെട്ടിക്കളയുന്ന രംഗം. ഒരു മുസ്ലിമിനു മാത്രമേ അതിനു സാധിക്കൂ എന്ന്‌ കരവാഗിയോയുടെ മർദ്ദകൻ വിശദീകരിക്കുമ്പോൾ ആ ക്രൂര കൃത്യം ചെയ്യൻ കത്തിയുമായി മുന്നോട്ട് വരുന്നത് പർദ്ദയിട്ട ഒരു സ്ത്രീയാണ്‌. നവോത്ഥാന കാലത്തിലെ ഇറ്റലിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയിൽ ഇസ്ളാമിനെ വലിച്ചിഴക്കുന്നതിന്റെ സാംഗത്യം എന്താണെന്ന്, ഈ ഭീകരദൃശ്യം കണ്ടപ്പോൾ എനിക്ക് തീരെ മനസ്സിലായില്ല. തിരക്കഥാകൃത്തും സംവിധായകനുമായ ആന്തണി മിംഗേല എന്തിനാണ്‌ മുസ്ലിങ്ങളെ ഈ കൃത്യവുമായി കൂട്ടിക്കെട്ടിയത്? ഇംഗ്ലേഷ് പേഷ്യന്റിന്‌ ആധാരമായ മൈക്കൽ ഒന്താജെയുടെ നോവൽ ഞാൻ വാങ്ങി വായിച്ചു. കരവാഗിയോയുടെ തന്നെ വാക്കുകളിൽ ആ രംഗം വിവരിക്കുന്നത് ഇപ്രകാരമാണ്‌ “അത് ചെയ്യാൻ അവർ ഒരു സ്ത്രീയെ കണ്ടെത്തി. അതായിരിക്കും കൂടുതൽ നല്ലതെന്ന് അവർക്കു കരുതി. അവർ ഒരു നഴ്സിനെ കൊണ്ടുവന്നു. അവൾ ഒരു നിഷ്ക്കളങ്കയായിരുന്നു. എന്റെ പേരോ, ദേശീയതയോ, എന്നെക്കുറിച്ച് മറ്റെന്തെങ്കിലുമോ അവൾക്ക് അറിയില്ലായിരുന്നു..” മുസ്ലിമിനെക്കുറിച്ച് ഒരു സൂചനയുമില്ല. സിനിമയിലെ അത്യന്തം വംശീയമായ ആ രംഗത്തിന്‌ യഥാർത്ഥ കഥാഭാഗവുമായി തട്ടിച്ചുനോക്കുമ്പോൾ ഒരു അടിസ്ഥാനവുമില്ല. എന്നിട്ടുംഎന്തുകൊണ്ടാണതവിടെ?


ഒരു ആശ്വാസം കിട്ടിയത്, ജോ റൈറ്റിന്റെ ‘അറ്റോൺമെന്റ്’ എന്ന അസാദ്ധ്യ സിനിമ കാണാനായപ്പോഴാണ്‌. 1930-കളിലെ ഇംഗ്ളണ്ടിലെ ഉപരിവർഗ്ഗത്തിന്റെ വഞ്ചനയും കാപട്യവും വിഷയമാക്കിയ ഒരു സൃഷ്ടി. ചെറിയ ബഡ്ജറ്റിൽ നിമ്മിച്ച ഒരു സാധാരണ ആർട്ട് സിനിമ എന്നതിൽനിന്ന് ഡൺകിർക്കിന്റെ ഇതിഹാസമായി മാറിയ സിനിമ. ഇതുവരെ അത് കണ്ടിട്ടില്ലാത്തവർക്കുവേണ്ടി ആ സിനിമയുടെ കഥ സൂചിപ്പിക്കാം. തീരെ ഭാവനാശൂന്യമായ ഒരു ഇതിവൃത്തം.  തന്റെ ബന്ധുവായ ലോലയെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച്, ജ്യേഷ്ഠത്തി സിസിലിയുടെ കാമുകൻ റോബിയെ (കുടുംബത്തിലെ ഒരു വേലക്കാരന്റെ മകനായ റോബി. സ്കോളർഷിപ്പ് നേടി വൈദ്യപഠനത്തിനു പോയി ഇടത്തരക്കാരനാവുന്നുണ്ട് പിന്നീട്) ബ്രയണി എന്ന പതിമൂന്നുകാരി അറസ്റ്റ് ചെയ്യിപ്പിക്കുന്നു. സിസിലിക്ക് റോബിയുടെ നിരപരാധിത്വത്തിൽ വിശ്വാസമുണ്ട്. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ സൈന്യത്തിൽ ചേരുന്നതിന്റെ ആനുകൂല്യത്തിൽ റോബി ജയിൽമോചിതനാവുകയും കഥയുടെ രണ്ടാം പകുതിയിൽ അയാൾ കൂട്ടം തെറ്റിയ തന്റെ രണ്ട് മേലുദ്യോഗസ്ഥരെ ഫ്രഞ്ചു തീരത്തേക്ക് നയിക്കുകയും ചെയ്യുന്നു. 


ഈ രംഗത്തിന്‌ നിഗൂഢമായ ഒരു സാമ്യത കാണാൻ കഴിയും.1957-ലെ ഡൺകിർക്ക് (Dunkirk) എന്ന സിനിമയിൽ ജോൺ മിൽസ് എന്ന കഥാപാത്രം, ഇതുപോലെ കൂട്ടം തെറ്റിയ മറ്റൊരു സംഘത്തെ രക്ഷപ്പെടുത്തുന്നുണ്ട്. പക്ഷേ, അറ്റോൺ‌മെന്റിൽ, ഒരു കനാലിനെ പിന്തുടർന്നുപോകുന്ന റോബി, തനിക്ക് സമുദ്രത്തിന്റെ ഗന്ധം കിട്ടുന്നതായി പറയുന്നു. മണൽക്കുന്നിന്റെ മുകളിൽ നിന്ന് നിന്ന് നോക്കുന്ന അയാളുടെ കണ്ണിൽ തെളിയുന്നത്, കടൽത്തീരത്ത് നില്ക്കുന്ന ഇരുപതിനായിരമോ മുപ്പതിനായിരമോ വരുന്ന വലിയ ബ്രിട്ടീഷ് സൈന്യത്തെയാണ്. വളരെ പെട്ടെന്നും അപ്രതീക്ഷിതവുമായിട്ടാണ് ആ ഐതിഹാസിക രംഗം വരുന്നത്. അത് കണ്ടപ്പോൾ ശ്വാസമടക്കിപ്പിടിച്ച്,‘ ഫക്ക് മി’ എന്ന് ഞാൻ അറിയാതെ പറഞ്ഞുപോയി. കാണികളും സിനിമയും തമ്മിലുള്ള ഒരു മനോഹരമായ സംഗമമായിരുന്നു അത്. ഇതേ ദൃശ്യം കാണാനിടവരുന്ന റോബിയുടെ മേലുദ്യോഗസ്ഥന്മാരിൽ ഒരാളും, എന്റെ വാക്കുകൾ കടമെടുത്ത് ആവേശമടക്കാനാവാതെ പറയുന്നു, ‘ഫക്ക് മി’.


ആ ഡൺകിർക്ക് രംഗം അഞ്ചുമിനുട്ട് ദൈർഘ്യം മാത്രമുള്ളതാണെങ്കിലും അത് തലച്ചോറിനെ ഉലയ്ക്കുന്ന  ഒന്നാണ്‌. ഫ്രഞ്ച് ഉദ്യോഗസ്ഥർ തങ്ങളുടെ കുതിരകളെ വെടിവെച്ച് വീഴ്ത്തുന്നു. മദ്യപിച്ച ബ്രിട്ടീഷ് സൈനികർ ശാപവാക്കുകളുമായി ഓടകളിൽ കിടക്കുന്നു. ഒരു സെൻസർഷിപ്പുമില്ല അവിടെ. പക്ഷേ റോബിയുടെ ഉദ്യോഗസ്ഥൻ പിന്നെയും മുന്നോട്ട് നടക്കുകയാണ്. ഈ സിനിമയുടെ ആധാരമായ ഇയാൻ മൿവാന്റെ പുസ്തകത്തിലാകട്ടെ, ഒരു ചെറിയ സൂചന മാത്രമേ ഉള്ളു. “താഴ്ന്ന സ്വരത്തിൽ, സംഘമായി പാടുന്ന ഒരു കീർത്തനം.. പിന്നീട് അത് നേർത്തുനേർത്തില്ലാതാകുന്നു” എന്ന ഒരു ചെറിയ വാചകം. പക്ഷേ ജോ റൈറ്റിന്റെ സിനിമയിൽ ആ സൈനികോദ്യോഗസ്ഥൻ തകർന്നു തരിപ്പണമായ ഒരു കടൽത്തീരത്തെത്തുന്നുണ്ട്. മുറിവേറ്റ് ചോരപുരണ്ട യൂണിഫോമണിഞ്ഞ ബ്രിട്ടീഷ് സൈനികർ അപ്പോൾ ”മനുഷ്യകുലത്തിന്റെ നാഥനും പിതാവുമായോനേ, ഞങ്ങളുടെ പിഴവുകൾ ക്ഷമിക്കേണമേ“ എന്ന ആ മനോഹരമായ ക്വാക്കർ സംഗീതം ആലപിക്കുന്നു.  ധീരന്മാരായ ആ സൈനികരെ പ്രദക്ഷിണം വെക്കുന്ന ക്യാമറ. തരിപ്പിച്ചിരുത്താൻ പോന്ന ഒരു രംഗം. .ധീരതയെയും എന്നാൽ യുദ്ധത്തിന്റെ നിഷ്ഫലതയെയും ഒരേസമയം ഓർമ്മിപ്പിക്കുന്നു എന്നതാണ്‌, അത്ര മഹത്ത്വമൊന്നും അവകാശപ്പെടാനില്ലാത്തെ ഈ സിനിമയെ മറ്റൊരു തരത്തിൽ സ്മരണീയമാക്കുന്നത്.


ഒരു ചെറിയ കപ്പലിൽ റോബി ഇംഗ്ളണ്ടിലേക്ക് തിരിച്ചെത്തി സിസിലിയുമായി ഒരുമിക്കുന്നുവെന്നും, ദക്ഷിണ ലണ്ടനിലെ അവരുടെ ചേരിയിൽ എത്തി മാപ്പു ചോദിക്കുന്ന ബ്രയണി നുണ പറഞ്ഞതിന്‌ കോടതിയിൽ പോകാൻ സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നുവെന്ന സൂചനയും സിനിമ തരുന്നുണ്ട്. പക്ഷേ സിനിമയുടെ അവസാനം കഥ വീണ്ടും മാറിമറയുന്നു. റോബിയും സിസിലിയും വീണ്ടും ഒരുമിക്കുന്നുവെന്നത്, എഴുതിക്കൊണ്ടിരിക്കുന്ന തന്റെ അവസാനത്തെ നോവലിൽ, ഒരു പ്രായശ്ചിത്തം പോലെ താൻ നെയ്തുവെച്ച വെറും ഭാവനായണെന്നും, റോബി 1940 ജൂൺ 1-ന്‌ ഡുൺകിർക്കിൽ വെച്ച് രോഗാതുരനായി മരിക്കുകയും  നാലുമാസത്തിനുശേഷം, ബൽഹാം മെട്രോവിലെ ഒരു ബോംബിംഗിൽസിസിലിയ കൊല്ലപ്പെടുകയും ചെയ്തുവെന്നും വൃദ്ധയും മരണാസന്നയുമായ ബ്രയണി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.


“കൃത്യമായ ഉത്തരങ്ങളുടെ പ്രായം കഴിഞ്ഞു പോയിരുന്നു‘ എന്ന് വൃദ്ധയായ ബ്രയണി, പുസ്തകത്തിൽ ഒരിടത്ത് തന്നെക്കുറിച്ചുതന്നെ പറയുന്നുണ്ട്. ’അതുപോലെത്തന്നെ ഇതിവൃത്തങ്ങളുടെയും കഥാപാത്രങ്ങളുടെയും പ്രായവും...ഇനിയുമൊരിക്കലും ചലിക്കാൻ കഴിയാത്ത ചക്രങ്ങളുള്ള തുരുമ്പിച്ച യന്ത്രങ്ങളെപ്പോലെ ആയിരിക്കുന്നു ഇതിവൃത്തങ്ങളും..ചിന്തയും ധാരണയും സംവേദനവുമായിരുന്നു അവരെ ആകർഷിച്ചത്..ബോധമനസ്സാകട്ടെ, പുഴയെപ്പോലെ, കാലത്തിലൂടെ..‘. ഈയൊരു സങ്കൽപ്പമാണ്‌ ’അറ്റോൺ‘മെന്റിനെ, കാപട്യത്തെയും യുദ്ധത്തെയും പ്രണയത്തെയും സത്യസന്ധമായി ചിത്രീകരിക്കാൻ ശ്രമിച്ച മറ്റു സിനിമകളുടെ കൂട്ടത്തിൽ നിന്ന് വേറിട്ടു നിർത്തുന്നത്.



Tuesday, December 15, 2009

ആനന്ദ് പട്‌വര്‍ദ്ധനുമായി ഒരു അഭിമുഖം

അഹിംസക്കുനേരെ എപ്പോഴും താങ്കള്‍ ഒരു ചായ്‌വ്‌ കാണിച്ചിട്ടുണ്ട്‌. പ്രത്യേകിച്ചും ഗാന്ധിയോട്‌. ഒരിക്കല്‍, ഗാന്ധിയെയും സാല്‍വഡോര്‍ അലന്‍ദയെയും ഒരേ വേദിയില്‍ ഇരുത്തുകപോലും ചെയ്തിട്ടുണ്ട്‌. വര്‍ഗ്ഗ സ്വഭാവത്തിന്റെയും വര്‍ഗ്ഗബോധത്തിന്റെയും കാര്യത്തില്‍ അവര്‍ക്കിടയില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉള്ളതായി തോന്നിയിട്ടുണ്ടോ?


ഗാന്ധിയെയും മാര്‍ക്സിനെയും ബദ്ധവൈരികളായി കാണുന്ന ഒരാളല്ല ഞാന്‍. ഗാന്ധിസത്തിന്റെ പല ഘടകങ്ങളാലും ഞാന്‍ പ്രചോദിതനായിട്ടുണ്ട്‌. പ്രധാനമായും അഹിംസയിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തില്‍. അതുപോലെത്തന്നെ, മാര്‍ക്സിസം ഈ ലോകത്തിനു നല്‍കിയ വര്‍ഗ്ഗവിശകലനം എന്ന ഉപകരണവും ഒട്ടും കുറയാത്തവിധം എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. എങ്കിലും, ഗാന്ധിയുടെ ചില ആശയങ്ങളെ എനിക്ക്‌ ചോദ്യം ചെയ്യേണ്ടിവരുന്നതുപോലെ-ഉദാഹരണത്തിന്‌, ലൈംഗികതയോടുള്ള അദ്ദേഹത്തിന്റെ സമീപനം, ജാതിയുടെ പ്രശ്നത്തിനുനേരെയുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളിലെ പരിമിതികള്‍, ധനികര്‍ സ്വമേധയാ അവരുടെ സമ്പത്ത്‌ കൈയ്യൊഴിയും എന്നമട്ടിലുള്ള ആദര്‍ശാത്മക വിശ്വാസം എന്നിവ-മാര്‍ക്സിസത്തിലെ ചില ഘടകങ്ങളുടെ പരാജയത്തിനെയും വിമര്‍ശനാത്മകമായി എനിക്കു സമീപിക്കേണ്ടിവരുന്നു. കൃത്യമായി പറഞ്ഞാല്‍, പ്രവര്‍ത്തനസജ്ജമായ ജനാധിപത്യ മാതൃക നല്‍കുന്നതില്‍ മാര്‍ക്സിസത്തിനു സംഭവിച്ച ചരിത്രപരമായ പാളിച്ചയെ. ഇതിനെക്കുറിച്ച്‌ വിചിന്തനം ചെയ്യാന്‍ വിസമ്മതിക്കുന്ന മാര്‍ക്സിസ്റ്റുകള്‍, 'തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം' എന്ന അനന്തമായ ഒരു ആശയത്തെയാണ്‌ നല്‍കുന്നത്‌, മാത്രവുമല്ല, "ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്ക്‌' എന്ന അവസ്ഥയെ ഹോളി ഗ്രെയ്‌ല്‍ പോലെ അസംഭാവ്യമായ ഒന്നായി കണ്ട്‌ സംതൃപ്തിയടയുകയും ചെയ്യുന്നു. നൈരന്തര്യമുള്ള വികസനത്തിന്റെ പ്രശ്നം കൈയ്യാളുമ്പോള്‍, പരമ്പരാഗത മാര്‍ക്സിസ്റ്റുകളും സമയസൂചിയുടെ ഉള്ളില്‍പ്പെട്ടുപോവുകയും, ഈ വിഷയത്തില്‍ മുതലാളിവര്‍ഗ്ഗവുമായി വ്യത്യാസമില്ലാത്ത രീതിയില്‍ കാണപ്പെടുകയും ചെയ്യുന്നു. ആണവോര്‍ജ്ജത്തെയും, ഭീമാകാരമായ അണക്കെട്ടുകളെയും, ഹരിതവിപ്ളവത്തെയുമൊക്കെ, അവയുടെ അപകടങ്ങളെക്കുറിച്ച്‌ നന്നായി അറിയാമായിരുന്നിട്ടും അനുകൂലിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. നീതിക്കുവേണ്ടി പൂര്‍ണ്ണമായും ഹിംസാത്മകമായോ അഹിംസാത്മകമായോ ഉള്ള ഒരു പോരാട്ടം ഈ ഭൂമിയില്‍ അസാധ്യമാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെന്നതുപോലെ എല്ലാ പോരാട്ടങ്ങളിലും ഈ രണ്ടിന്റെയും ഒരു സങ്കലനം കാണാവുന്നതാണ്‌. എങ്കിലും നേതൃത്വം അതിനു നല്‍കുന്ന ദിശാബോധം സുപ്രധാനമാണ്‌. സാല്‍വഡോര്‍ അല്ലന്‍ഡയെക്കുറിച്ചു പറയുമ്പോള്‍, അദ്ദേഹം ബാലറ്റിലൂടെയാണ്‌, ബുള്ളറ്റിലൂടെയല്ല അധികാരത്തില്‍ വന്നത്‌. സി.ഐ.എ.യുടെ അട്ടിമറിയിലൂടെ അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍, അഹിംസയിലുള്ള എന്റെ വിശ്വാസത്തെ, കുറച്ചുനാളത്തേക്കാണെങ്കില്‍പ്പോലും, ചോദ്യം ചെയ്യാന്‍ ഞാന്‍ പ്രേരിതനായി. എങ്കിലും കാലക്രമത്തില്‍, ഹിംസയുടെ തെറ്റുകളേക്കാള്‍ അഹിംസയുടെ തെറ്റുകളെ ഞാന്‍ വീണ്ടും ഇഷ്ടപ്പെടാന്‍ തുടങ്ങി.

താങ്കള്‍ കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളുമായി വര്‍ഗ്ഗസമരത്തിനുള്ള ബന്ധത്തെക്കുറിച്ച്‌ എന്തു വിചാരിക്കുന്നു? വര്‍ഗ്ഗസംഘട്ടനത്തില്‍നിന്ന് ഉരുത്തിരിയുന്ന മറ്റു ഉപരിപ്ളവമായ പ്രശ്നങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തതായി തോന്നുന്നുണ്ടോ?

ചില പ്രത്യേക പരികല്‍പ്പനകള്‍ നമ്മള്‍ ഉപയോഗിച്ചു ശീലിച്ചാല്‍, അതില്ലാതെ പ്രശ്നങ്ങളെ കാണാന്‍ സാധിക്കാതെ വന്നേക്കും. പരികല്‍പ്പനകള്‍ എനിക്ക്‌ സ്വീകാര്യമല്ലെങ്കിലും, ആ പരികല്‍പ്പനകള്‍ക്കു പിന്നിലുള്ള വസ്തുതകള്‍ എപ്പൊഴും എന്റെ ചിത്രങ്ങളിലുണ്ട്‌. മതമൌലികവാദത്തെക്കുറിച്ച്‌ ഞങ്ങള്‍ ഉണ്ടാക്കിയ ആ മൂന്നു ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ? വിഭാഗീയ ഹിംസകള്‍ എന്ന പ്രശ്നത്തെ വ്യത്യസ്തമായി സൂക്ഷ്മവിശകലനം ചെയ്യുന്ന ചിത്രങ്ങളാണ്‌ അവയോരോന്നും. ഇതിലെ ആദ്യത്തെ സിനിമ, 'In Memory of my Friends' ഖാലിസ്ഥാന്‍ മുന്നേറ്റത്തിന്റെ മൂര്‍ദ്ധന്യ നാളുകളില്‍, ഭഗത്‌സിംഗിന്റെ സന്ദേശവുമായി, വിശിഷ്യ, അദ്ദേഹത്തിന്റെ 'എന്തുകൊണ്ട്‌ ഞാനൊരു നിരീശ്വരവാദിയാണ്‌? (Why I am an Atheist?) എന്ന പുസ്തകത്തിലെ സന്ദേശവുമായി, പഞ്ചാബിന്റെ ഉള്‍ഭാഗങ്ങളിലൂടെ പ്രയാണം ചെയ്യുന്ന ഒരു കൂട്ടം മാര്‍ക്സിസ്റ്റുകളായ സിക്കുകളുടെയും ഹിന്ദുക്കളുടെയും കഥ പറയുന്നു. 'Raam Ke Naam' എന്ന ചിത്രമാകട്ടെ, ഇടതിന്റെ വര്‍ഗ്ഗീയവിരുദ്ധതയെ ആഘോഷിക്കുന്നതോടൊപ്പം, പൂജാരി ലാല്‍ദാസിനെപ്പോലുള്ളവരുടെ വിമോചന ഹിന്ദുദൈവശാസ്ത്രത്തെയും, വര്‍ഗ്ഗീയതയെ തള്ളിപ്പറഞ്ഞ ദളിത്‌-പിന്നോക്കജാതികളെയും കാണാനുള്ള ഒരു ശ്രമമായിരുന്നു. ‘Father, Son and Holy War‘ ആകട്ടെ, ലിംഗരാഷ്ട്രീയമാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഒളിഞ്ഞോ തെളിഞ്ഞോ, എന്റെ എല്ലാ സിനിമകളിലും വര്‍ഗ്ഗ വിശകലങ്ങളുണ്ടെന്നാണ്‌ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നത്‌. ‘Prisoners of Conscience‘, ‘A Time to Rise‘, ‘Bombay, our City‘, ‘Occupation: Millworker‘, ‘Fishing in the Sea of Greed‘ എന്നീ സിനിമകളെല്ലാംതന്നെ, തൊഴിലാളിവര്‍ഗ്ഗ പ്രശ്നങ്ങളെയും സമരങ്ങളെയും നേരിട്ട്‌ കൈകാര്യം ചെയ്യുന്നു. തൊഴിലാളിവര്‍ഗ്ഗത്തെ കാല്‍പ്പനികവത്കരിക്കുന്നു എന്നാണ്‌ എപ്പോഴും എന്റെ പേരിലുള്ള ആരോപണം. അതുകൊണ്ട്‌ ഇത്തരത്തിലുള്ള ഒരു ചോദ്യം എവിടെനിന്നാണ്‌ ഉത്ഭവിക്കുന്നതെന്ന് എനിക്ക്‌ നല്ല നിശ്ചയം പോരാ. ഒരുപക്ഷേ, മുദ്രാവാക്യങ്ങള്‍ മാത്രം മനസ്സിലാവുകയും, യഥാര്‍ത്ഥ ജീവിതത്തിലും സിനിമക്കുള്ളിലെ ജീവിതത്തിലുമുള്ള സങ്കീര്‍ണ്ണതകളെ മനസിലാക്കാന്‍ കൂട്ടാക്കാത്തതുമായ വ്യവസ്ഥാപിത ഇടതുവിഭാഗങ്ങളുമായി നടത്തുന്ന സംഭാഷണങ്ങളില്‍നിന്നായിരിക്കും ഈ ചോദ്യം വന്നിട്ടുണ്ടാവുക.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വിഘടനവാദങ്ങളെ ബലം പ്രയോഗിച്ച്‌ ചെറുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകുമ്പോള്‍, ഒരു വിശ്വസ്തനായ അഹിംസാവാദിയെന്ന നിലയില്‍, ഈ വിഘടന പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം കേള്‍ക്കാന്‍ അത്യധികം താത്‌പര്യമുണ്ട്‌.

1987-ല്‍, ഖാലിസ്ഥാന്‍ മുന്നേറ്റം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ഞാനൊരു സിനിമ നിര്‍മ്മിക്കുകയുണ്ടായി. വിഭാഗീയ സംഘട്ടനങ്ങള്‍ നടക്കുമ്പോള്‍, ഷാഹീദ്‌ ഭഗത്‌സിംഗിന്റെ മതേതര സന്ദേശം പ്രചരിപ്പിച്ചുകൊണ്ട്‌ സഞ്ചരിച്ചിരുന്ന സിക്കുകളുടെയും ഹിന്ദുക്കളുടെയും ഒരു സംഘത്തെ ഞങ്ങള്‍ അനുഗമിച്ചു. വിഘടനവാദത്തെക്കുറിച്ച്‌ പൊതുവായി പറഞ്ഞാല്‍, പരസ്പരവിരുദ്ധമായ രണ്ട്‌ ആശയങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. നിങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുകയാണെങ്കില്‍, ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക്‌ അവര്‍ എവിടെ താമസിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്‌. സൈനിക ബലത്തിന്‌ സ്ഥാനമില്ല. കാരണം അത്‌ ജനാധിപത്യപരമല്ല. അത്‌ നിങ്ങള്‍ അംഗീകരിച്ചാല്‍, പ്രശ്നം തീര്‍ന്നു. പക്ഷേ വിരോധാഭാസമെന്നു പറയട്ടെ, ചെറിയ ചെറിയ യൂണിറ്റുകളായി വിഘടിക്കുന്നത്‌ ലോകത്തിന്‌ അത്ര നല്ലതല്ല. കാരണം, ചെറിയ ഘടകങ്ങളായി വിഭജിക്കപ്പെടുന്നത്‌ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. ദേശീയതാ പ്രശ്നങ്ങള്‍ അപ്പോഴും ഉയരും, കാരണം, ഏതൊരു ചെറിയ ദേശത്തും, ഒരു ന്യൂനപക്ഷം എപ്പോഴും ഉണ്ടാകും. അപ്പോള്‍ എങ്ങിനെയാണ്‌ നിങ്ങളതിനെ അഭിസംബോധന ചെയ്യുക? അഹിംസയാണ്‌ അതിന്റെ താക്കോല്‍ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. യുദ്ധം നിര്‍ത്തി സംഭാഷണം ആരംഭിക്കുക. ഏറ്റവും വലിയ യുദ്ധങ്ങള്‍ നടന്നത് യൂറോപ്പിലായിരുന്നു. അതില്‍, അവിടുത്തെ അമ്പതു ശതമാനം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇന്ന് അവര്‍ സ്വമനസ്സാലെ ഐക്യപ്പെട്ടിരിക്കുന്നു. അതേ സമയം, ആര്‍‍ക്കും ആരെയും ബലപ്രയോഗത്താല്‍ ഒരു നിശ്ചിത സ്ഥാനത്ത്‌ നിര്‍ത്തുവാന്‍ അധികാരമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറയാണ്‌ സ്വയംനിര്‍ണ്ണയാവകാശമെന്ന് ഞാന്‍ വിശ്വസിക്കുകയും, ഭരണകൂടത്തിന്റെ ഹിംസയെ വ്യക്തമായും എതിര്‍ക്കുകയും ചെയ്യുന്നുണ്ടെങ്കിലും, എന്തു കാരണം പറഞ്ഞിട്ടായാലും ശരി, ആയുധസംഘങ്ങളുടെ ഹിംസക്കുനേരെ കണ്ണടക്കുന്നത്‌, ഇവര്‍ ഇരുവര്‍ക്കുമിടയില്‍പ്പെട്ട് വലയുന്ന ജനങ്ങളോടുള്ള ഉത്തരവാദിത്ത്വമില്ലായ്മയും ശരികേടുമായിരിക്കും. നമ്മുടെ മഹാന്‍മാരായ നേതാക്കന്‍മാര്‍ അതിനെക്കുറിച്ച്‌ തുടക്കം മുതലേ ബോധവാന്‍മാരായിരുന്നു. ഗാന്ധിയും, ബാദ്‌ഷാ ഖാനും, ജയപ്രകാശും മറ്റും. കാശ്മീര്‍ പ്രശ്നം തന്നെ എടുക്കാം. ഇന്ത്യയും പാക്കിസ്താനും ഇരുവരും കാശ്മീരികളെ അടിച്ചമര്‍ത്തുകയാണ്‌. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കൈവശമുള്ള കാശ്മീരിന്റെ ഭാഗങ്ങളില്‍നിന്ന് നിന്ന് എല്ലാ വിലക്കുകളും എടുത്തു മാറ്റണം. പാസ്സ്‌പോര്‍ട്ടിന്റെയും വിസയുടെയും ആവശ്യം എടുത്തുകളയുന്നതിലൂടെ അത്‌ നിര്‍വ്വഹിക്കാന്‍ സാധിക്കും. അഹിംസയുടെ മാര്‍ഗ്ഗം അതാണ്‌.

ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ IPTA (Indian People's Theatre Association-ഇപ്റ്റ) പോലുള്ള സംഘടനകള്‍ ആവശ്യമാണെന്നു കരുതുന്നുണ്ടോ? അതല്ല, സാമൂഹ്യ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ മതിയാകുമോ?

IPTA അതിന്റെ കാലത്ത്‌ നല്ലൊരു ആശയമായിരുന്നു, അത്‌ സജീവമായി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇപ്പോഴും അത്‌ വളരെ പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്‌. എങ്കിലും, അത്തരത്തിലുള്ള ഒരു സംഘടനയില്‍ ചേരേണ്ടതുണ്ടോ എന്ന കാര്യമൊക്കെ, വ്യക്തികള്‍ക്കും കലകാരന്‍മാര്‍ക്കും വിട്ടുകൊടുക്കുന്നതാണ്‌ നല്ലത്‌. കൂട്ടായ പ്രവര്‍ത്തനം ആവശ്യമായി വരുന്ന സാഹചര്യങ്ങള്‍ എപ്പോഴും ഉണ്ടാകുമെന്നുതന്നെയാണ്‌ ഞാന്‍ കരുതുന്നത്‌. എങ്കിലും, ‘പാര്‍ട്ടി അച്ചടക്ക‘ത്തിന്റെ പേരില്‍, വ്യക്തിഗതമായ പ്രവര്‍ത്തനങ്ങള്‍ കയ്യൊഴിയേണ്ടതുമില്ല.

ആണവയുദ്ധം ഒഴിവാക്കാനുള്ള ഒരേയൊരു വഴി, രാജ്യങ്ങള്‍ തമ്മിലുള്ള സൌഹൃദമാണെന്ന് താങ്കള്‍ എപ്പൊഴും പറയാറുണ്ടായിരുന്നു. ഒരു ആക്ടിവിസ്റ്റ്‌ എന്ന നിലയിലും, ഒരു ഫിലിം മേക്കര്‍ എന്ന നിലയിലും, അതിന്റെ മാര്‍ഗ്ഗം എങ്ങിനെയായിരിക്കണമെന്നാണ്‌ താങ്കള്‍ കരുതുന്നത്‌?

ഏകപക്ഷീയമായ നിരായുധീകരണത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിലൂടെ (അത്‌ ഇന്ത്യയുടെ ഭാഗത്തുനിന്നു വന്നാല്‍ ഏറെ നന്ന്) -ഉദാഹരണത്തിന്‌, അടുത്ത 'അഗ്നി' പരീക്ഷണം നിര്‍ത്തിവെക്കുന്നതിനെക്കുറിച്ചോ, അടുത്ത ആണവ മുങ്ങിക്കപ്പല്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ -പരസ്പരമുള്ള വിശ്വാസം വളര്‍ത്താനുള്ള നടപടികളുണ്ടാവണം ആദ്യം. നമ്മുടെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥമായ ശ്രമമുണ്ടായാല്‍ നമ്മുടെ അയല്‍ക്കാരും അതേ രീതിയില്‍ പ്രതികരിക്കുമെന്ന് എനിക്ക്‌ ഉറപ്പുണ്ട്‌. എന്തായാലും, ആയുധപ്പന്തയത്തിന്റെ ആക്സിലേറ്ററില്‍നിന്ന് കാലെടുത്തതുകൊണ്ട്‌ നമുക്കൊന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല. എല്ലാ രാജ്യത്തിലെയും പൌരന്‍മാര്‍, തങ്ങളുടെ സര്‍ക്കാരുകളെ ഇതിനായി നിര്‍ബന്ധിക്കണം.

തന്റെ സിനിമകള്‍ കൂടുതല്‍ ആളുകളിലേക്കെത്തണമെന്ന് ആഗ്രഹിക്കുമ്പോള്‍ത്തന്നെ, ആ സിനിമകളെ 'അപൂര്‍ണ്ണ സിനിമ' (Imperfect Cinema) എന്നു വിളിക്കുന്ന ഡോക്യുമെന്ററി തലത്തില്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നത്‌ ഒരു വിരോധാഭാസമല്ലേ? വ്യവസ്ഥാപിത ശൈലിയില്‍, ഒരു സിനിമയുടെ എല്ലാ ഘടകങ്ങളെയും ഉള്‍പ്പെടുത്തി ഒരു ഫീച്ചര്‍ സിനിമ നിര്‍മ്മിച്ചാല്‍, അതാവില്ലേ കൂടുതല്‍ ആളുകളിലേക്കെത്തുക?

ഒന്നാമതായി, സിനിമ നിര്‍മ്മിക്കുമ്പോള്‍ ഞാന്‍ അതിന്റെ തിയറിയെക്കുറിച്ച്‌ അധികം ആശങ്കപ്പെടാറില്ല. 60-70-കാലഘട്ടത്തിലെ എന്റെ വളര്‍ച്ചാഘട്ടത്തില്‍, എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്‌, ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വിമോചനപ്രസ്ഥാനങ്ങളെ ഡൊക്യുമെന്റു ചെയ്ത ചില സിനിമകളായിരുന്നു. അധികം വരുമാനമില്ലാത്ത, നിരന്തരമായി ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന, എപ്പോഴും രക്ഷാമാര്‍ഗ്ഗം തേടേണ്ടിവരുന്ന ഒരു സിനിമയയുടെ സൌന്ദര്യശാസ്ത്രമാണ്‌ 'അപൂര്‍ണ്ണ സിനിമ' എന്ന ആശയത്തിന്റെ പുറകിലുണ്ടായിരുന്നത്‌. ഞങ്ങളുടെ സിനിമ 'ഇംപര്‍ഫക്ട്‌ സിനിമ'യായത്‌, ഞങ്ങളുടെ കയ്യില്‍ അതിനാവശ്യമായ പണമോ സാമഗ്രികളോ ഇല്ലാതിരുന്നതുകൊണ്ടാണ്‌. 35 എം.എം. ഫിലിമുകള്‍ ഞങ്ങള്‍ക്ക്‌ സാമ്പത്തികമായി താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പോരാത്തതിന്‌ വലിയ ക്യാമറയും. അതുകൊണ്ട്‌ ഞാന്‍ 16എം.എമ്മില്‍, മറ്റുള്ളവര്‍ ഉപേക്ഷിച്ച ഫിലിം ഉപയോഗിച്ച്‌ സിനിമകളെടുത്തു. ചിലപ്പോള്‍ Super 8-ല്‍, പിന്നീട്‌ Hi8ല്‍, അങ്ങിനെയങ്ങിനെ..എന്റെ സിനിമകളില്‍ നിങ്ങള്‍ കാണുന്നത്‌ ഏതെങ്കിലും വലിയ സിദ്ധാന്തത്തിന്റെ ഉത്‌പന്നമല്ല. അതില്‍ എന്തെങ്കിലും കലയുണ്ടെന്നു തോന്നുന്നുവെങ്കില്‍, അത്‌ ബോധപൂര്‍വ്വമല്ല. ബോധപൂര്‍വ്വമുള്ള സിനിമ, കലയല്ല, തട്ടിപ്പാണ്. ഒരു സിനിമയുടെ പിന്നിലുള്ള ലക്ഷ്യത്തിന്റെയും ആവേശത്തിന്റെയും വിശ്വാസ്യതയാണ്‌ പലപ്പോഴും ആ സിനിമയെ കലാമൂല്യമുള്ള ഒന്നാക്കി മാറ്റുക. ഫീച്ചര്‍ ഫിലിംസ്‌ നിര്‍മ്മിച്ചിരുന്നെങ്കില്‍ കൂടുതല്‍ ആളുകളിലേക്കെത്താമായിരുന്നു എന്ന് നിങ്ങള്‍ പറഞ്ഞതു ശരിയാണ്‌. പക്ഷേ ഒരു ഫീച്ചര്‍ സിനിമക്കാരനാകണമെങ്കില്‍ നോക്കിനടത്താനുള്ള കഴിവ്‌ -മാനേജീരിയല്‍ കഴിവുകള്‍-ധാരാളം ആവശ്യമാണ്‌. എനിക്ക്‌ അതില്ല. മാത്രമല്ല, ഒരു ഡോക്യുമെന്ററിക്ക്‌ ഒരു കല്‍പ്പിതകഥയേക്കാള്‍ വിശ്വാസ്യതയുമുണ്ടായിരിക്കും. റിച്ചാര്‍ഡ്‌ ആറ്റര്‍ബറോവിന്റെ ‘ഗാന്ധി‘യില്‍ ബെന്‍ കിംഗ്‌സ്ലി അവതരിപ്പിച്ച ഗാന്ധിയെയും, വിത്തല്‍ഭായിയുടെ ഡോക്യുമെന്ററിയും നോക്കുക. ചരിത്രപരമായ മൂല്യത്തില്‍ വലിയ വ്യത്യാസമുണ്ട്‌ അവ തമ്മില്‍. കഥയില്‍, ഭാവനയെയും യഥാര്‍ത്ഥ സംഭവത്തെയും വേര്‍തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട്‌, ഡോക്യുമെന്ററിക്ക്‌ പ്രചാരമുണ്ടാക്കുക എന്നതാണ്‌, താങ്കളുടെ ചോദ്യത്തിനുള്ള എന്റെ ഉത്തരം. ഡോക്യുമെന്ററി നിര്‍മ്മാതാക്കളെ ഫീച്ചര്‍ സിനിമക്കാരാക്കുകയല്ല വേണ്ടത്‌. ഡോക്യുമെന്ററിക്ക്‌ വില്‍പ്പനമൂല്യം ഉണ്ടാക്കണം. മൈക്കല്‍ മൂറൊക്കെ ചെയ്തതുപോലെ. ഒരു ഡോക്യുമെന്ററിക്കുപോലും ബോക്സ്‌ ഓഫീസ്‌ വിജയം നേടാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ഒരു പരീക്ഷണം എന്ന നിലക്ക്‌, എന്റെ 'War and Peace‘ ഞങ്ങള്‍ രണ്ട്‌ സിനിമാശാലകളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. മഴക്കാലമായതിനാല്‍, അധികം ആളില്ലാത്തതുകൊണ്ടാണ്‌ അവര്‍ ഞങ്ങള്‍ക്ക്‌ സ്ഥലം തന്നത്‌. അവരുടെ കയ്യില്‍ വീഡിയോ പ്രൊജക്ടറുകള്‍ ഇല്ലാത്തതുകൊണ്ട്‌ അതിനും ഞങ്ങള്‍ക്ക്‌ പണം ചിലവിടേണ്ടിവന്നു. എന്നിട്ടും, ആ തിയറ്ററുകള്‍ പല ദിവസം ഹൌസ്‌ഫുള്‍ ആയിരുന്നു. മുടക്കിയ പണം ഞങ്ങള്‍ക്ക്‌ തിരിചുകിട്ടുകയും ചെയ്തു. ശരിയായ സഹായം കിട്ടുകയാണെങ്കില്‍ ഇതുപോലുള്ള സിനിമകളെ കമേഴ്‌സ്യലായി വിജയിപ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ്‌ എന്റെ വിശ്വാസം. എന്തായാലും, എന്റെ സിനിമകളെ ഹോം വീഡിയോ DVD ഫോര്‍മാറ്റില്‍ മാര്‍ക്കറ്റു ചെയ്യുന്ന ഒരു കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. എന്താവുമെന്നു നോക്കാം.

ഇന്തോ-അമേരിക്കന്‍ ആണവകരാറിനെക്കുറിച്ച്‌ എന്തു തോന്നുന്നു?

വിനാശകരമാണ്‌ അത്‌. അതിലെ സുരക്ഷാപരിശോധനയുടെ ഭാഗത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും, ഈ അന്വേഷകരെ വിഡ്ഢികളാക്കാന്‍ സാധിക്കും. ചിലപ്പോള്‍, കാര്യസാധ്യത്തിനുവേണ്ടി, ഈ അന്വേഷകര്‍ സ്വമേധയാ വിഡ്ഢികളാകാനും അനുവദിച്ചുവെന്നുവരാം. ഇന്ത്യയില്‍, സമാധാനപരവും സൈനികവുമായ ആണവപദ്ധതികള്‍ പൂര്‍ണ്ണമായും ഇടകലര്‍ന്നവയാണ്‌, അതുകൊണ്ട്‌, ആണവായുധങ്ങള്‍ക്ക്‌ ബാധകമായ രഹസ്യവകുപ്പുകള്‍ (Secrecy Act) ആണവോര്‍ജ്ജത്തിനും ബാധകമായേക്കാം. അതിന്റെ സുരക്ഷയെയും ചിലവിനെയും കുറിച്ചൊക്കെ ചോദിക്കാന്‍ ആര്‍ക്കും അവകാശമുണ്ടാകില്ല. അതൊക്കെ രഹസ്യവകുപ്പിന്റെ കീഴില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ വലിയ ആണവസഹകരണത്തിന്‌ ഈ കരാര്‍ ഇന്ത്യയ്ക്ക്‌ വാതില്‍ തുറന്നുകൊടുക്കുമെന്നുള്ളതുകൊണ്ട്‌, ഇതൊരു വിനാശകരമായ കരാറാണെന്ന് ഞാന്‍ കരുതുന്നു. ഇതിനെക്കുറിച്ച്‌ ഞാന്‍ അധികം ഗവേഷണമൊന്നും നടത്തിയിട്ടില്ല. എങ്കിലും, ചുരുങ്ങിയ നിക്ഷേപം കൊണ്ട്‌ കാറ്റാടികളില്‍നിന്ന്, ആണവനിലയങ്ങളേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാകിയിട്ടുണ്ട്‌. അതും, അതുപോലുള്ള ഇതരസ്രോതസ്സുകളും എന്തുകൊണ്ട്‌ നമ്മള്‍ ശ്രമിക്കുന്നില്ല? വിപരീതദശയിലേക്ക്‌ വലിക്കുന്ന വന്‍കിട കോര്‍പ്പറേഷനുകളുടെ വന്‍സമ്മര്‍ദ്ദമുണ്ടെങ്കിലും, സമാന്തര ഊര്‍ജ്ജസ്രോതസ്സുകള്‍ അന്വേഷിക്കാനുള്ള അധികാരപത്രം ബാരക്‌ ഒബാമക്കുണ്ടെന്ന്, അത്ര വലുതല്ലാത്ത ഒരു പ്രതീക്ഷയാണ് എനിക്കുള്ളത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം, വലതുപക്ഷ മതമൌലികവാദത്തിന്റെ ഭാവിയെക്കുറിച്ച്‌ എന്തു തോന്നുന്നു?

ഒരു വലിയ മാറ്റമൊന്നും വന്നിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പഴയ മതമൌലികവാദം ഇപ്പോള്‍ അധികം ചിലവാകുന്നില്ല എന്നു മാത്രം. എന്തെങ്കിലും ഒരു കാര്യസാധ്യത്തിനുവേണ്ടി വിശ്വാസങ്ങളെ മാറ്റുന്നവരേക്കാള്‍ അപകടം കുറഞ്ഞവരാണ്‌ സ്വന്തം വിശ്വാസം തുറന്നു പ്രഖ്യാപിക്കുന്നവര്‍. ഹൈന്ദവമതഭ്രാന്തുകൊണ്ട്‌ ബാബറി മസ്‌ജിദ്‌ പൊളിച്ചവര്‍ നാളെ ഒരുപക്ഷേ തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞേക്കാം, പക്ഷേ അതിനെ അധികാരം കൈക്കലാക്കാനുള്ള തന്ത്രമാക്കി ഉപയോഗിച്ചവര്‍ ഒരിക്കലും മാപ്പര്‍ഹിക്കാത്ത കൊലയാളികളാണ്‌. അതേ കാരണം കൊണ്ടുതന്നെ, മതേതരവാദിയായ മുഹമ്മദലി ജിന്നയെ, അദ്ദേഹത്തിന്റെ മതഭ്രാന്തരായ അനുയായികളേക്കാള്‍ അപകടകാരിയായി ഞാന്‍ വിലയിരുത്തുന്നു. അതുകൊണ്ട്‌, ഈ തിരഞ്ഞെടുപ്പിനുശേഷമുള്ള സാഹചര്യത്തെക്കുറിച്ച്‌ എനിക്ക്‌ വലിയ തീര്‍ച്ചയൊന്നുമില്ല. ബാബറി മസ്‌ജിദ്‌ പരാജയപ്പെട്ടാല്‍ ഗോധ്ര, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും, ഇതാണ്‌ ബി.ജെ.പി.യുടെ അജണ്ട. ഇതിന്റെയൊക്കെ പിന്നിലുള്ളത്‌ മതമൊന്നുമല്ല.

താങ്കളുടെ സിനിമകളില്‍, മുസ്ളിം ക്രിസ്ത്യന്‍ മതമൌലികവാദം അധികം പരാമര്‍ശിച്ചുകണ്ടിട്ടില്ല?

'Father, Son and Holy War', 'War and Peace' തുടങ്ങിയവയിലൊക്കെ മുസ്ലിം മൌലികവാദത്തിന്റെ മിന്നലാട്ടങ്ങളുണ്ട്. 'In Memory of Friends"-ല്‍ പഞ്ചാബിലെ സിക്ക്‌ മൌലികവാദത്തിന്റെയും ദൃശ്യങ്ങളുണ്ട്‌. എങ്കിലും ആത്മവിമര്‍ശനമാണ്‌ ഏറ്റവും നല്ല വിമര്‍ശനമെന്ന് ഞാന്‍ കരുതുന്നു. ഒരു ഹിന്ദു എന്ന നിലയ്ക്ക്‌, ഹിന്ദുമൌലികവാദത്തെ തുറന്നുകാണിക്കുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കയുമാണ്‌ എന്നെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഫലപ്രദം. ഇസ്ലാമികമതമൌലികവാദത്തെക്കുറിച്ച്‌, എനിക്കു പകരം, ഒരു സയ്‌ദ്‌ മിര്‍സയോ ഒരു താരിഖ്‌ മസൂദോ സിനിമ നിര്‍മ്മിച്ചാല്‍, അതായിരിക്കും കൂടുതല്‍ ഫലവത്താവുക. നാളെ, എന്നെങ്കിലുമൊരിക്കല്‍, കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും, നമ്മുടെ വ്യക്തിത്വങ്ങള്‍ നമ്മുടെ പരിമിതികളാവാതിരിക്കുകയും ചെയ്യുന്ന ഒരു കാലത്ത്‌, നമുക്ക്‌ ആരെയും, അഥവാ എല്ലാവരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കൈവരും. എന്റെ ജീവിതകാലത്തിനുള്ളില്‍ത്തന്നെ, അത്തരമൊരു നാളെ, സംഭവിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഞാന്‍.

കൂടുതല്‍ ആളുകളിലേക്കിറങ്ങിച്ചെല്ലാന്‍, താങ്കളുടെ സിനിമകള്‍ ഇന്റര്‍നെറ്റു പോലുള്ള മറ്റു മാധ്യമങ്ങളില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?

ഇപ്പോഴില്ല. കാരണം, എന്റെ സിനിമകള്‍ക്ക്‌ പണം മുടക്കുന്നത്‌, സി.ഐ.എയോ, ഏതെങ്കിലും സര്‍ക്കാരുകളോ, കോര്‍പ്പറേറ്റുകളോ അല്ല. ലാഭ-നഷ്ടങ്ങളില്ലാതെ വന്നാലേ, അടുത്ത സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച്‌ എനിക്കുപോലും ചിന്തിക്കാനാകൂ. അതുകൊണ്ട്‌, എന്റെ സിനിമകള്‍ പ്രയോജനപ്രദമായി കാണുന്നവരുടെ സഹകരണവും തിരിച്ചറിവും എനിക്ക്‌ ആവശ്യമാണ്‌.

ഇന്ത്യക്കു പുറത്തുള്ള വിഷയങ്ങളിലേക്ക്‌ സിനിമയെ കൊണ്ടുപോകാനുള്ള പദ്ധതിയുണ്ടോ?

ഇപ്പോള്‍ തന്നെ ആവശ്യത്തിലധികമുണ്ട്‌, അതുകൊണ്ട്‌ പുതിയ 'വിഷയങ്ങ'ളും 'രാജ്യങ്ങ'ളും സിനിമയാക്കാന്‍ ഉദ്ദേശ്യമില്ല.

ഏതൊക്കെ ശക്തികള്‍ക്കെതിരെയാണോ താങ്കള്‍ നിന്നിരുന്നത്‌, അതേ ശക്തികളാല്‍ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ഇന്ത്യയിലെ അച്ചടി-ഇലക്ട്രോണിക്ക്‌ മാധ്യമങ്ങളെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

പ്രിന്റ്-ഇലക്ട്രോണിക്ക്‌ മീഡിയകളുടെ കീഴടങ്ങല്‍ എല്ലാവര്‍ക്കും വ്യക്തമായി ഇന്ന് കാണാന്‍ കഴിയുന്നുണ്ട്. ആ മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ച നാള്‍ക്കുനാള്‍ രൂക്ഷമാവുകയുമാണ്‌. അസംഗതമായതു മാത്രം നല്‍കി ജനത്തിനെ വശീകരിച്ചുനിര്‍ത്തുന്നവരുടെ താത്‌പര്യങ്ങളെയാണ്‌ അത്‌ എപ്പോഴും സേവിക്കുന്നത്‌.



കടപ്പാട്: സെപ്തംബര്‍ 2009-ന് പ്രഗതിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പരിഭാഷ