എന്റെ ഓര്‍മ്മത്തെറ്റാണോ? ബാംഗ്ലൂരിലും അഹമ്മദാബാദിലും സ്ഫോടനങ്ങള്‍ നടന്നപ്പോള്‍ ഭീകരവാദികളുടെ രഹസ്യ അജണ്ട എന്ന പേരില്‍ പോലീസ് കണ്ടെത്തിയ കോഡ് എന്തായിരുന്നു. ബാക് (BAC)എന്നായിരുന്നില്ലേ അത്? ബാംഗ്ലൂര്‍, അഹമ്മദാബാദ്, കൊല്‍ക്കൊത്ത. ഇപ്പോള്‍ പറയുന്നത്, ബാഡ് (BAD) എന്നും. ബാംഗ്ലൂര്‍, അഹമ്മദാബാദ്, ദില്ലി. ഏതാണ് ശരി. ബാകോ, ബാഡോ?
അതെന്തായാലും, ഇന്ത്യയുടെ പ്രത്യക്ഷമായ പുതിയ അമേരിക്കന്‍ ബാന്ധവത്തിനുള്ള മറുപടിയാണ് ബാംഗ്ലൂര്‍-അഹമ്മദാബാദ് സ്ഫോടനങ്ങള്‍ എന്ന പഴയ വാദം, ഡല്‍ഹി സ്ഫോടനത്തിനുശേഷം ഇന്ന് വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നു. അന്നത്തെ ആ സ്ഫോടനങ്ങളെ ഒരു വാക്കുകൊണ്ടുപോലും അറിഞ്ഞോ അറിയാതെയോ ഇതെഴുതുന്നയാള്‍ നീതീകരിച്ചിട്ടില്ല. എന്നിട്ടും വന്ന വിമര്‍ശനങ്ങളേറെയും, ആ രീതിയിലുള്ളവയായിരുന്നു.
ഇന്ന് ഡല്‍ഹിയില്‍ സംഭവിച്ചതും, നാളെ ഒരുപക്ഷേ മുംബയിലും കേരളത്തിലുമൊക്കെ സംഭവിക്കാന്‍ ഇടയുള്ളതുമായ ഇത്തരം തീവ്രവാദി ആക്രമണങ്ങള്‍ ഇല്ലാതാവണമെങ്കില്‍, ഇന്ത്യയുടെ അമേരിക്കയോടുള്ള നയങ്ങളില്‍ സമൂലമായ മാറ്റം വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഇറാഖിലും, അമേരിക്ക നിത്യേനയെന്നോണം നടത്തുന്ന നഗ്നമായ ആക്രമണങ്ങള്‍ക്കും, നരഹത്യകള്‍ക്കും, അതിന് കര്‍സായിയുടെയും സര്‍ദാരിയുടെയും, മാലിക്കിന്റെയും സര്‍ക്കാരുകള്‍ നല്‍കിവരുന്ന നാണം കെട്ട പിന്തുണക്കുമുള്ള ചുട്ട മറുപടി, അന്നാട്ടിലെ ജനങ്ങള്‍ ദിവസേനയെന്നോണം നല്‍കുന്നുണ്ട്. ശരിയാണ്, അവിടെയും, നിര്‍ഭാഗ്യവശാല്‍, അക്രമത്തിനിരയാകുന്നതും, കൊല്ലപ്പെടുന്നതും, അധികവും സാധാരണക്കാരാണ്. നിരപരാധികളായ മനുഷ്യര്‍. ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്നതാകട്ടെ, ജനകീയ പ്രസ്ഥാനങ്ങളല്ല, മറിച്ച്, മതമൗലിക-തീവ്രവാദികളാണെന്നത് ആശങ്കയുളവാക്കുകയും ചെയ്യുന്നു. എങ്കിലും..
പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഇറാഖിലും, പക്ഷേ, തീരെ അപ്രധാനമല്ലാത്ത ഒരു ചുവടുമാറ്റം കാണാനുണ്ട്. ഭീകരവാദികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെന്ന പേരില്‍, തങ്ങളുടെ അതിര്‍ത്തികള്‍ക്കകത്ത് അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന നരനായാട്ടിനെതിരായി അവര്‍ പ്രത്യക്ഷമായി രംഗത്തു വരാന്‍ ആരംഭിച്ചിരിക്കുന്നു. അമേരിക്കന്‍ യുദ്ധവിമാനങ്ങളെ പാക്ക് വിമാനങ്ങള്‍ പ്രതിരോധിക്കുന്ന അപൂര്‍വ്വ വാര്‍ത്തകള്‍പോലും പുറത്തുവരുന്നു. അമേരിക്കന്‍ നേതൃത്വത്തിലുള്ള യുദ്ധസഖ്യത്തില്‍നിന്ന് പിന്തിരിയാനുള്ള വഴികള്‍ ആസ്ത്രേലിയയും ഫ്രാന്‍സും അന്വേഷിച്ചുതുടങ്ങിയിരിക്കുന്നു. ഇറാഖിലെ അമേരിക്കയുടെ നാളുകളും എണ്ണപ്പെട്ടു എന്ന് തീര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. സമയബന്ധിതമായ സേനാപിന്മാറ്റത്തിന് അമേരിക്ക ഏതുനിമിഷവും തയ്യാറാകേണ്ടിവരുന്ന അവസ്ഥയാണ് ഇന്നുള്ളത്.
എന്നാല്‍, ഇന്ത്യയാകട്ടെ, പൂര്‍വ്വാധികം ആവേശത്തോടെയും, വിധേയത്വത്തോടെയും, അമേരിക്കന്‍ സാമ്രാജ്യത്വത്തിന് പൂര്‍ണ്ണമായി കീഴ്‌പ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആണവകരാറിനുള്ള എന്‍.എസ്.ജി അംഗീകാരത്തോടെ വീണ്ടെടുത്തുവെന്ന് അവകാശപ്പെടുന്ന 'സ്വാഭിമാന'ത്തിന്റെ ചിലവില്‍, തലമറന്ന് എണ്ണതേക്കുകയാണ്, സോഷ്യലിസ്റ്റ് മുഖംമൂടിയണിഞ്ഞ പഴയ ചേരിചേരന്‍.
ഇസ്രായേലില്‍നിന്നും, അമേരിക്കയില്‍നിന്നും ആയുധങ്ങള്‍, കൂടിയ വിലക്ക് വാങ്ങിക്കൂട്ടി, ദക്ഷിണ-പൂര്‍വ്വേഷ്യന്‍ ആയുധപ്പന്തയത്തിന് നേതൃത്വം കൊടുക്കുകയാണിന്ന് ഇന്ത്യ. ഓണത്തിനും വിഷുവിനും സംക്രാന്തിക്കും നാട്ടില്‍നിന്ന് തലസ്ഥാനത്തെത്തി തന്റെ രാഷ്ട്രീയ യജമാനന്മാരെ വീടുവീടാന്തരം കയറിനിരങ്ങി പാദപൂജ ചെയ്യുന്ന തോമസ് മാഷ് കൊണ്ടുവരുന്ന കായവറുത്തതിന്റെയോ ഉപ്പേരിയുടേയോ നിര്‍ദ്ദോഷമായ പാക്കറ്റു പോലും കൈനീട്ടി വാങ്ങാത്ത അതേ ആദര്‍ശധീരനാണ് ഇന്ന്, ആയുധക്കച്ചവടത്തിന്റെ പ്രമുഖ ദല്ലാള്‍. എല്ലാം 'സുതാര്യ'മായാണ് നടക്കുന്നത്.
ആയുധദാതാവായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇസ്ലാം വിരോധവും ഇന്ത്യന്‍ ഭരണവര്‍ഗ്ഗം സൗമനസ്യത്തോടെ പങ്കുവെക്കുന്നുണ്ട്. ജമ്മു-കാശ്മീര്‍ പ്രശ്നത്തെ കൈകാര്യം ചെയ്ത രീതി അതിന്റെ ദൃഷ്ടാന്തമാണ്. രാഷ്ട്രീയമായി ബി.ജെ.പി.യില്‍നിന്ന് അകന്നുനില്‍ക്കുമ്പോഴും, ഇന്ത്യയിലെ കോണ്‍ഗ്രസ്സ് ഭരണകൂടം, ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രം തന്നെയാണ്, തങ്ങളുടെ പരമാധികാരത്തിന്റെ ആയുധമാക്കുന്നത്.
അന്താരാഷ്ട്രരംഗത്താകട്ടെ, അമേരിക്കയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി, ഇറാന്‍ പോലുള്ള ചിരകാല സുഹൃത്തുക്കളെയും ഇന്ത്യ പതുക്കെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ലാറ്റിനമേരിക്ക മുതല്‍, യൂറോപ്പ് യൂണിയനിലൂടെ, മദ്ധ്യേഷയും കടന്ന്, റഷ്യവരെയുള്ള ഭൂഭാഗങ്ങള്‍, അമേരിക്കയുമായുള്ള തങ്ങളുടെ കാലാകാലങ്ങളായുള്ളതോ അല്ലെങ്കില്‍ സമീപകാലത്തു തുടങ്ങിയതോ ആയ വിദേശ-വ്യാപാര ബന്ധങ്ങളെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ്. പെട്രോ-ഡോളറിന്റെ അജീര്‍ണ്ണം ബാധിച്ച ചുരുക്കം ചില ഗള്‍ഫ് നാടുകളൊഴിച്ചാല്‍, മറ്റെവിടെയും തങ്ങളുടെ ശൗര്യം ഇനിയും അധികകാലം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ്, കയ്യിലുള്ള മിസ്സല്‍ ഷീല്‍ഡുകള്‍ വിറ്റ് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പരക്കം പായുകയാണ് അമേരിക്കന്‍ സാമ്രാജ്യത്വം. ഭീകരതക്കെതിരെ പൊരുതാന്‍ സഹായിക്കാമെന്ന സുന്ദരമോഹന വാഗ്ദാനവുമായി അമേരിക്ക നമ്മുടെ വീട്ടുമുറ്റത്തും എത്തിക്കഴിഞ്ഞിരിക്കുന്നു. കൈയബദ്ധത്തിന്റെയും സംശയത്തിന്റെയും, സൗഹൃദവെടിവെയ്പ്പിന്റെയും പേരുപറഞ്ഞ്, പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഭീകരതക്കെതിരെ സഹായിക്കുന്നത് നമ്മള്‍ നിത്യവും കാണുന്നുമുണ്ടല്ലോ. സ്ത്രീകളെയും കുട്ടികളെയുമൊക്കെയാണ് വെടിവെച്ചിടുന്നത്. കൂട്ടത്തോടെ. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാര്‍ഷ്ട്യത്തോടെ.
ആ അമേരിക്കന്‍ സാമ്രാജ്യത്വത്തെയും, അതിന്റെ പിണിയാളികളെയുമാണ് ലോകമൊട്ടുക്കുള്ള തീവ്രവാദ പ്രസ്ഥാനക്കാര്‍ ഇന്ന് ഉന്നം വെക്കുന്നത്. സ്വാഭാവികമായും, ആ സാമ്രാജ്യത്വത്തിന് കൂട്ടുനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കും അതിന്റെ ഭവിഷ്യത്തുക്കള്‍ അനുഭവിക്കേണ്ടിവരും. അതുതന്നെയാണ് ഇന്ത്യ ഇന്ന് നേരിടുന്നതും.
ഭാഗ്യവശാല്‍ ഇത്രനാളും ഇന്ത്യക്ക്, ഇതിന്റെയൊക്കെ ഉത്തരവാദിത്ത്വം കെട്ടിവെക്കാന്‍ തൊട്ടടുത്ത് എല്ലാം തികഞ്ഞ ഒരു ശത്രുവുണ്ടായിരുന്നു. ഇത്തവണ, ആ ഒരു ഭാഗ്യം കടാക്ഷിച്ചിട്ടില്ലെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ നല്‍കുന്ന സൂചന. നാടൊട്ടുക്ക് വേട്ടയാടപ്പെട്ടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സിമി പ്രവര്‍ത്തകനും, ഐ.എസ്.ഐ ക്കു നേരെ വിരല്‍ചൂണ്ടുന്നില്ലെന്ന വിവരം പുറത്തുവന്നിരിക്കുന്നു.അപ്പോള്‍ പിന്നെ അവശേഷിക്കുന്നത്, സിമിയും, ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സാങ്കല്‍പ്പിക സംഘടനയും, ലാഷ്കര്‍ ത്വായിബയുമൊക്കെയാണ്. പ്രധാനമായും സിമിയും, ഇനിയും 'കണ്ടാല്‍ തിരിച്ചറിയാന്‍'കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യന്‍ മുജാഹിദീനും.
ബാംഗ്ലൂര്‍, അഹമ്മദാബാദ് സ്ഫോടനങ്ങളില്‍ സിമിക്കും ഇന്ത്യന്‍ മുജാഹിദീനുമുള്ള പങ്ക് ഇതുവരെ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, മറിച്ചുള്ള വാദങ്ങള്‍ മാധ്യമാന്തരീക്ഷത്തില്‍ ശക്തവുമാണ്. സിമിയും അല്‍ ഖ്വയ്‌ദയും ഭീഷണിപ്പെടുത്തുന്നു എന്ന വ്യാജ പരാതി കൊടുത്ത്, സാമുദായിക സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ച് രാംവിലാസ് വേദാന്തി എന്ന കാട്ടുകള്ളന്റെ കേസെന്തായി? ഏതു സിമിയെയാണ് ഒടുവില്‍ കിട്ടിയത്? രമേഷ് തിവാരി, പവന്‍ പാണ്ഡെ തുടങ്ങിയ ബജ്‌റംഗദള്‍, ഹിന്ദു ജാഗരണ്‍ 'സിമി'ക്കാരെ. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പേരില്‍ ഈ അക്രമമൊക്കെ നടത്തുന്നത് അവര്‍ തന്നെയാണെന്ന് എന്താണിത്ര ഉറപ്പ്? എന്താണതിന്റെ പിന്നിലുള്ള ഉദ്ദേശ്യം??
ഒന്നു മാത്രം. സമുദായ ധ്രുവീകരണം. എത്ത്‌നിക്ക് ക്ലീന്‍സിംഗ് നടപ്പാക്കാനുള്ള പശ്ചാത്തലങ്ങള്‍ ഒരുക്കുക. തീവ്രവാദി ആക്രമണങ്ങളും, അമര്‍നാഥ് യാത്രയും പറഞ്ഞ്, മുസ്ലിമുകളെ ഒതുക്കാം. മതപരിവര്‍ത്തനത്തിന്റെ പേരു പറഞ്ഞ് ക്രിസ്ത്യാനികളെയും.
ഇതൊക്കെ നടക്കുമ്പോള്‍, രാജ്യത്തെ മുസ്ലിം സമൂഹം എന്തു ചെയ്യുന്നു? സ്വന്തം സമുദായത്തെ ഒറ്റിക്കൊടുക്കാനും, എല്ലാക്കാലവും പിന്നോക്കാവസ്ഥയില്‍ അതിനെ തളച്ചിടാനും ശ്രമിക്കുന്ന സാമുദായിക രാഷ്ട്രീയത്തെയാണ് അത് ആശ്രയിക്കുന്നത്. രാഷ്ട്രീയവിവേചനമോ, ആത്മാഭിമാനമോ ഇല്ലാത്ത ഇമാം ബുഖാരിമാരുടെയും അഹമ്മദുമാരുടെയും സയ്യിദ് ഗിലാനിമാരുടെയും കളിപ്പാവകളായിരിക്കുന്നു അവര്‍. ജമാഅത്തൈയുടെയും മുസ്ലിം ലീഗിന്റെയും യാഥാസ്ഥിതിക-മതമൗലിക രാഷ്ട്രീയത്തില്‍നിന്ന് അവര്‍ക്ക് ഒരിക്കലും പുറത്തു കടക്കാനായിട്ടുമില്ല.
രഹസ്യ കോഡുകളുടെ ചുരുളുകളഴിച്ചും രസിച്ചും, രേഖാചിത്രങ്ങള്‍ പുറത്തുവിട്ടും, കയ്യില്‍ കിട്ടിയവനെ തോണ്ടി അകത്താക്കിയും, 'അതിര്‍ത്തിക്കപ്പുറത്തെ' അയല്‍രാജ്യത്തിന്റെ ചുമലില്‍ എല്ലാ പഴികളിറക്കിയും, നമുക്ക്, അടുത്ത സ്ഫോടനത്തിനായി കാതോര്‍ത്തിരിക്കുക മാത്രം ചെയ്യാം.
Showing posts with label സിമി. Show all posts
Showing posts with label സിമി. Show all posts
Wednesday, September 17, 2008
Subscribe to:
Posts (Atom)