ഒരു അമ്മയായിരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് ഒരു ആഗോള സർവ്വെ ഫലം കണ്ടെത്തിയിരിക്കുന്നത്. വാർത്ത ടൈംസ് ഓഫ് ഇന്ത്യയിൽ. കണക്കുകൾ ഉദ്ധരിച്ചാണ് ആ കണ്ടെത്തൽ. 77 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം, സ്വാസിലാന്റ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുടേതിൽനിന്നും അൽപ്പം ഭേദപ്പെട്ട് അറുപത്താറാം സ്ഥാനത്തുമാത്രമാണത്രെ.
ഈ പോസ്റ്റ് ആ വിഷയവുമായി നേരിട്ട് ബന്ധപ്പെട്ടതല്ല. ആ വാർത്തക്കു കിട്ടിയ കമന്റുകൾ വായിച്ചപ്പോൾ ഉള്ളിൽതോന്നിയ ചില കാര്യങ്ങൾ മാത്രമാണിത്.
(കമന്റുകളിൽ) അമേരിക്കയിൽനിന്ന് ഒരു മാധവി എഴുതിയിരിക്കുന്നത്, ഇന്ത്യൻ അമ്മ (?)സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മൂർത്തിയാണെന്നാണ്. സ്വയം പട്ടിണികിടന്നിട്ടായാൽപ്പോലും തന്റെ മക്കളെ വയറുനിറച്ചൂട്ടുന്ന, സ്വയം അക്ഷരാഭ്യാസമില്ലെങ്കിലും മക്കൾക്ക് വിദ്യ ലഭിക്കണമെന്ന നിർബന്ധബുദ്ധി കാണിക്കുന്ന അമ്മയെയാണ് മാധവി കാണുന്നത്. ലോകത്തിലെ ഒരു അമ്മയുടെ സ്നേഹത്തിനും ഒരു ഇന്ത്യൻ അമ്മയുടെ സ്നേഹത്തെ വെല്ലാൻ കഴിയില്ലെന്ന് മാധവി ആണയിട്ടു പറയുന്നു.
മറ്റൊരാൾ പറയുന്നത്, ഏതാണ്ട് ഇതുതന്നെയാണ്. ഇന്ത്യൻ അമ്മയാണ് (?) ലോകത്തിലേക്കുംവെച്ച് ഏറ്റവും നല്ല അമ്മയെന്ന്. മെയ്‌ഡ് ഇൻ ഇന്ത്യ?
അമ്മ എന്നത് അത്ര വലിയ ഒരു വാക്കാണോ? ഈ പറയുന്ന ഗുണങ്ങളൊക്കെ അമ്മമാർക്കുള്ളതുതന്നെയാണോ? എല്ലാ മക്കളും അമ്മമാരെ ഇങ്ങനെതന്നെയാണോ കാണുന്നത്? അല്ലെങ്കിൽ, അമ്മമാരെ ഇങ്ങിനെയൊക്കെതന്നെയാണോ കാണേണ്ടത്?
കാമുകിയെ സ്വന്തമാക്കാനായി, അവളുടെ ആവശ്യപ്രകാരം സ്വന്തം അമ്മയുടെ തലയറുത്ത് ഓടിവരുന്ന മകൻ വഴിയിൽ കാലിടറി വീണപ്പോൾ, 'മകനേ നിനക്കെന്തെങ്കിലും പറ്റിയോ?" എന്ന് വേവലാതിപ്പെട്ട അമ്മസ്നേഹത്തെക്കുറിച്ച് ഒരു ഇ-മെയിൽ വായിച്ചത് അൽപ്പനാളുകൾക്കുമുൻപാണ്.
ലോകത്തിലെ ഏറ്റവും മനോഹരമായ പദമാണ് അമ്മ എന്നൊക്കെ നമ്മൾ എത്രയോ തവണ കേൾക്കുകയും വായിക്കുകയും സ്വയം ബോദ്ധ്യപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്. ആരെയും ബോദ്ധ്യപ്പെടുത്തേണ്ടതില്ലാത്ത ഒരു സാർവ്വലൗകിക സത്യമാണത് എന്നും നമ്മൾ മക്കൾ ഉള്ളിൽ കരുതുന്നു. എങ്കിലും ഈ തരത്തിലുള്ള വാദങ്ങളിൽ ധാരാളം അതിശയോക്തികൾ കടന്നുകൂടിയിട്ടില്ലേ?
സർവ്വംസഹയും മക്കളുടെ ഏതു തെറ്റിനെയും കണ്ടില്ലെന്നു നടിക്കുകയും, സ്വയം സഹിച്ചും മക്കളുടെ ഉന്നതിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുകയുമൊക്കെ ചെയ്യുന്ന ഒരു വിഗ്രഹമായി മാറ്റുമ്പോൾ, അമ്മയെന്ന ആ പാവം സ്ത്രീയെ നമ്മൾ മറ്റെന്തൊക്കെയോ ആക്കി മാറ്റുകയല്ലേ ശരിക്കും ചെയ്യുന്നത്? മജ്ജയും മാംസവും അവരിൽനിന്ന് നമ്മൾ ഊറ്റിയെടുക്കുന്നതായി തോന്നുന്നില്ലേ? അവരിൽനിന്ന് എന്താണ് നമ്മൾ പ്രതീക്ഷിക്കുന്നത്?
ആത്മസുഖം മാത്രമാണ് ഓരോ ജീവിയും ആഗ്രഹിക്കുന്നത്. ഞാൻ നിന്നെ സ്നേഹിക്കുന്നത് എന്റെയും നീ എന്നെ സ്നേഹിക്കുന്നത് നിന്റെയും സുഖത്തിനുവേണ്ടിതന്നെയാണ്. അതിനുവേണ്ടിയാണ് ഓരോരുത്തരും ജീവിക്കുന്നത്. മരിക്കുന്നതുപോലും അതിനുവേണ്ടിയാണ്. ജീവിക്കാൻവേണ്ടി മരിക്കാനും തയ്യാറാണെന്നു പറയുന്നത് ഒരു കേവലഫലിതമല്ല.
അമ്മയും, അതേ സുഖവും ആഗ്രഹങ്ങളുമുള്ള ഒരു വ്യക്തിമാത്രമാണ്. മാതൃത്വത്തിനെക്കുറിച്ചുള്ള നമ്മുടെ അതിഭാവുകത്വ സങ്കൽപ്പനത്തിനുള്ളിൽ നമ്മളവരെ തളച്ചിടാൻ തുടങ്ങിയിട്ട് കാലമേറെയായി. സ്വതന്ത്രമായ അസ്തിത്വമുള്ള വ്യക്തിയെന്ന നിലക്ക് അവരെ കാണാൻ നമ്മൾ വിസമ്മതിച്ചതുമുതൽക്കായിരിക്കണം ഇത്തരം പരികൽപ്പനകൾ തുടങ്ങിയിട്ടുണ്ടാവുക. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗമായിരുന്നു അവർക്ക് നമ്മൾ വെച്ചുനീട്ടിയ ഈ മാതൃപദവി. അവരെ ഒതുക്കാനുള്ള ഒരു വഴി.
അച്ഛനമ്മമാരും മക്കളുമായിട്ടുള്ള സവിശേഷബന്ധവും ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ അഴിച്ചുപണിയേണ്ടിവരും. തങ്ങൾക്കൊരിക്കലും സന്തോഷവും സമാധാനവും തരാത്ത, ഒരു ഗുണവുമില്ലാത്ത ഒരു മുതിർന്ന മകനെയോ മകളെയോ സ്നേഹിക്കാൻ ഏതെങ്കില്ലും അച്ഛനോ അമ്മക്കോ സാധിക്കുമൊ? സംശയമാണ്. കുട്ടികളാവുമ്പോൾ അവർ തരുന്ന സ്നേഹം പോലും, ഒരു വ്യക്തി മറ്റൊരു വ്യക്തിക്കു നൽകുന്ന സ്നേഹവും പരിഗണനയും മാത്രമാണ്. നിർപാധികമായ സ്നേഹം അവരിൽനിന്ന് പ്രതീക്ഷിക്കുന്നത് ഒരുതരത്തിൽ പറഞ്ഞാൽ അവരെ തരംതാഴ്ത്തലുകൂടിയാണെന്നും വരും. വ്യക്തിയെന്ന നിലക്ക് അവർക്ക് അവകാശപ്പെട്ട അവകാശങ്ങളെ നിഷേധിക്കുകയാണ് അതുവഴി നമ്മൾ ചെയ്യുന്നത്. മക്കളെന്ന നിലക്ക്, നമ്മൾ ചെയ്യുന്ന എല്ലാ തെറ്റും അച്ഛനമ്മമാർ സഹിക്കണമെന്നാണ് നമ്മൾ മക്കൾ അവരിൽനിന്നും പ്രതീക്ഷിക്കുന്നത്.
തിരിച്ചും ഇതുതന്നെയാണ് ശരി. സ്നേഹവും സമാധാനവും തരാത്ത അച്ഛനമ്മമാരെ, അവർ അച്ഛനമ്മമാരായതിന്റെ മാത്രം പേരിൽ എങ്ങിനെയാണ് മക്കൾക്ക് സ്നേഹിക്കാനാവുക? അത്രക്കുമാത്രം ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലെങ്കിൽ?
വ്യക്തികളെന്നനിലക്ക് ഒരേസമയം പരസ്പരാശ്രിതിത്വവും സ്വാതന്ത്ര്യവുമുള്ള ഒരു ബന്ധത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ ഈ വിശുദ്ധ സങ്കൽപ്പങ്ങൾക്കും അതിന്റെ അർത്ഥതലങ്ങൾക്കും നിലനിൽപ്പുള്ളുവെന്ന് ചുരുക്കം. വിശിഷ്ടപദവികൾ കൊടുക്കുമ്പോൾ അതിനുപിന്നിലെ കുബുദ്ധിയെ തിരിച്ചറിയാൻ അച്ഛനമ്മമാരും മക്കളും സ്വയം പരിശീലിക്കേണ്ടിയിരിക്കുന്നു.
അമ്മമാർക്ക് മക്കളും, മക്കൾക്ക് അമ്മമാരും ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കുന്നത് വസ്തുനിഷ്ഠമായ ഭൗതികകാരണങ്ങൾകൊണ്ടുതന്നെയാണ്. കവിത്വവും കുബുദ്ധിയുമുള്ളവർ അവരെ തരംപോലെ ഉപയോഗിക്കുന്നു. നമുക്കും (അവർക്കും) ലഭിച്ച സ്നേഹത്തിന്റെയും പരിചരണത്തിന്റെയും, സംരക്ഷണത്തിന്റെയും പേരിലാണ് നിഷ്കാമമായ സ്നേഹമെന്നൊക്കെ പറയുന്ന സാധനം പിന്നീടെപ്പോഴോ ഉള്ളിൽ രൂഢമൂലമാകുന്നത്. അതില്ലാതെ വരുമ്പോഴാണ് വൃദ്ധസദനങ്ങളും അമ്മത്തൊട്ടിലുമൊക്കെ നമ്മൾ നിർമ്മിക്കുന്നതും തിരഞ്ഞെടുക്കുന്നതും.
ഇവിടെ സൂചിപ്പിച്ച സർവ്വെഫലങ്ങളെക്കുറിച്ചുള്ള കമന്റുകളിൽ, ചിക്കാഗോയിൽനിന്നുള്ള തരുൺ ദത്താനിയും കാനഡയിൽനിന്നുള്ള നെൽസണും, അമ്മമാരുടെ പ്രശ്നങ്ങളെ സമീപിച്ചിരിക്കുന്നത് സ്ത്രീ എന്ന കൂടുതൽ വലിയ പശ്ചാത്തലത്തിന്റെ, യാഥാർത്ഥ്യത്തിന്റെ ഭാഗമെന്ന നിലക്കാണ്.
അതുതന്നെയാണതിന്റെ ശരിയും.
Showing posts with label സ്ത്രീ. Show all posts
Showing posts with label സ്ത്രീ. Show all posts
Sunday, May 11, 2008
Subscribe to:
Comments (Atom)