Sunday, May 11, 2008

അമ്മയെന്നാൽ.....

ഒരു അമ്മയായിരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ്‌ ഒരു ആഗോള സർവ്വെ ഫലം കണ്ടെത്തിയിരിക്കുന്നത്‌. വാർത്ത ടൈംസ്‌ ഓഫ്‌ ഇന്ത്യയിൽ. കണക്കുകൾ ഉദ്ധരിച്ചാണ്‌ ആ കണ്ടെത്തൽ. 77 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം, സ്വാസിലാന്റ്‌, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുടേതിൽനിന്നും അൽപ്പം ഭേദപ്പെട്ട്‌ അറുപത്താറാം സ്ഥാനത്തുമാത്രമാണത്രെ.

ഈ പോസ്റ്റ് ആ വിഷയവുമായി നേരിട്ട് ബന്ധപ്പെട്ടതല്ല. ആ വാർത്തക്കു കിട്ടിയ കമന്റുകൾ വായിച്ചപ്പോൾ ഉള്ളിൽതോന്നിയ ചില കാര്യങ്ങൾ മാത്രമാണിത്.

(കമന്റുകളിൽ) അമേരിക്കയിൽനിന്ന് ഒരു മാധവി എഴുതിയിരിക്കുന്നത്‌, ഇന്ത്യൻ അമ്മ (?)സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മൂർത്തിയാണെന്നാണ്‌. സ്വയം പട്ടിണികിടന്നിട്ടായാൽപ്പോലും തന്റെ മക്കളെ വയറുനിറച്ചൂട്ടുന്ന, സ്വയം അക്ഷരാഭ്യാസമില്ലെങ്കിലും മക്കൾക്ക്‌ വിദ്യ ലഭിക്കണമെന്ന നിർബന്ധബുദ്ധി കാണിക്കുന്ന അമ്മയെയാണ്‌ മാധവി കാണുന്നത്‌. ലോകത്തിലെ ഒരു അമ്മയുടെ സ്നേഹത്തിനും ഒരു ഇന്ത്യൻ അമ്മയുടെ സ്നേഹത്തെ വെല്ലാൻ കഴിയില്ലെന്ന് മാധവി ആണയിട്ടു പറയുന്നു.

മറ്റൊരാൾ പറയുന്നത്‌, ഏതാണ്ട് ഇതുതന്നെയാണ്. ഇന്ത്യൻ അമ്മയാണ്‌ (?) ലോകത്തിലേക്കുംവെച്ച്‌ ഏറ്റവും നല്ല അമ്മയെന്ന്. മെയ്‌ഡ്‌ ഇൻ ഇന്ത്യ?

അമ്മ എന്നത്‌ അത്ര വലിയ ഒരു വാക്കാണോ? ഈ പറയുന്ന ഗുണങ്ങളൊക്കെ അമ്മമാർക്കുള്ളതുതന്നെയാണോ? എല്ലാ മക്കളും അമ്മമാരെ ഇങ്ങനെതന്നെയാണോ കാണുന്നത്‌? അല്ലെങ്കിൽ, അമ്മമാരെ ഇങ്ങിനെയൊക്കെതന്നെയാണോ കാണേണ്ടത്‌?

കാമുകിയെ സ്വന്തമാക്കാനായി, അവളുടെ ആവശ്യപ്രകാരം സ്വന്തം അമ്മയുടെ തലയറുത്ത്‌ ഓടിവരുന്ന മകൻ വഴിയിൽ കാലിടറി വീണപ്പോൾ, 'മകനേ നിനക്കെന്തെങ്കിലും പറ്റിയോ?" എന്ന് വേവലാതിപ്പെട്ട അമ്മസ്നേഹത്തെക്കുറിച്ച്‌ ഒരു ഇ-മെയിൽ വായിച്ചത്‌ അൽപ്പനാളുകൾക്കുമുൻപാണ്‌.

ലോകത്തിലെ ഏറ്റവും മനോഹരമായ പദമാണ്‌ അമ്മ എന്നൊക്കെ നമ്മൾ എത്രയോ തവണ കേൾക്കുകയും വായിക്കുകയും സ്വയം ബോദ്ധ്യപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്‌. ആരെയും ബോദ്ധ്യപ്പെടുത്തേണ്ടതില്ലാത്ത ഒരു സാർവ്വലൗകിക സത്യമാണത്‌ എന്നും നമ്മൾ മക്കൾ ഉള്ളിൽ കരുതുന്നു. എങ്കിലും ഈ തരത്തിലുള്ള വാദങ്ങളിൽ ധാരാളം അതിശയോക്തികൾ കടന്നുകൂടിയിട്ടില്ലേ?

സർവ്വംസഹയും മക്കളുടെ ഏതു തെറ്റിനെയും കണ്ടില്ലെന്നു നടിക്കുകയും, സ്വയം സഹിച്ചും മക്കളുടെ ഉന്നതിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുകയുമൊക്കെ ചെയ്യുന്ന ഒരു വിഗ്രഹമായി മാറ്റുമ്പോൾ, അമ്മയെന്ന ആ പാവം സ്ത്രീയെ നമ്മൾ മറ്റെന്തൊക്കെയോ ആക്കി മാറ്റുകയല്ലേ ശരിക്കും ചെയ്യുന്നത്‌? മജ്ജയും മാംസവും അവരിൽനിന്ന് നമ്മൾ ഊറ്റിയെടുക്കുന്നതായി തോന്നുന്നില്ലേ? അവരിൽനിന്ന് എന്താണ്‌ നമ്മൾ പ്രതീക്ഷിക്കുന്നത്‌?

ആത്മസുഖം മാത്രമാണ്‌ ഓരോ ജീവിയും ആഗ്രഹിക്കുന്നത്‌. ഞാൻ നിന്നെ സ്നേഹിക്കുന്നത്‌ എന്റെയും നീ എന്നെ സ്നേഹിക്കുന്നത്‌ നിന്റെയും സുഖത്തിനുവേണ്ടിതന്നെയാണ്‌. അതിനുവേണ്ടിയാണ്‌ ഓരോരുത്തരും ജീവിക്കുന്നത്‌. മരിക്കുന്നതുപോലും അതിനുവേണ്ടിയാണ്‌. ജീവിക്കാൻവേണ്ടി മരിക്കാനും തയ്യാറാണെന്നു പറയുന്നത്‌ ഒരു കേവലഫലിതമല്ല.

അമ്മയും, അതേ സുഖവും ആഗ്രഹങ്ങളുമുള്ള ഒരു വ്യക്തിമാത്രമാണ്‌. മാതൃത്വത്തിനെക്കുറിച്ചുള്ള നമ്മുടെ അതിഭാവുകത്വ സങ്കൽപ്പനത്തിനുള്ളിൽ നമ്മളവരെ തളച്ചിടാൻ തുടങ്ങിയിട്ട്‌ കാലമേറെയായി. സ്വതന്ത്രമായ അസ്തിത്വമുള്ള വ്യക്തിയെന്ന നിലക്ക്‌ അവരെ കാണാൻ നമ്മൾ വിസമ്മതിച്ചതുമുതൽക്കായിരിക്കണം ഇത്തരം പരികൽപ്പനകൾ തുടങ്ങിയിട്ടുണ്ടാവുക. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗമായിരുന്നു അവർക്ക്‌ നമ്മൾ വെച്ചുനീട്ടിയ ഈ മാതൃപദവി. അവരെ ഒതുക്കാനുള്ള ഒരു വഴി.

അച്ഛനമ്മമാരും മക്കളുമായിട്ടുള്ള സവിശേഷബന്ധവും ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ അഴിച്ചുപണിയേണ്ടിവരും. തങ്ങൾക്കൊരിക്കലും സന്തോഷവും സമാധാനവും തരാത്ത, ഒരു ഗുണവുമില്ലാത്ത ഒരു മുതിർന്ന മകനെയോ മകളെയോ സ്നേഹിക്കാൻ ഏതെങ്കില്ലും അച്ഛനോ അമ്മക്കോ സാധിക്കുമൊ? സംശയമാണ്. കുട്ടികളാവുമ്പോൾ അവർ തരുന്ന സ്നേഹം പോലും, ഒരു വ്യക്തി മറ്റൊരു വ്യക്തിക്കു നൽകുന്ന സ്നേഹവും പരിഗണനയും മാത്രമാണ്. നിർപാധികമായ സ്നേഹം അവരിൽനിന്ന് പ്രതീക്ഷിക്കുന്നത്‌ ഒരുതരത്തിൽ പറഞ്ഞാൽ അവരെ തരംതാഴ്ത്തലുകൂടിയാണെന്നും വരും. വ്യക്തിയെന്ന നിലക്ക്‌ അവർക്ക്‌ അവകാശപ്പെട്ട അവകാശങ്ങളെ നിഷേധിക്കുകയാണ്‌ അതുവഴി നമ്മൾ ചെയ്യുന്നത്‌. മക്കളെന്ന നിലക്ക്‌, നമ്മൾ ചെയ്യുന്ന എല്ലാ തെറ്റും അച്ഛനമ്മമാർ സഹിക്കണമെന്നാണ്‌ നമ്മൾ മക്കൾ അവരിൽനിന്നും പ്രതീക്ഷിക്കുന്നത്‌.

തിരിച്ചും ഇതുതന്നെയാണ്‌ ശരി. സ്നേഹവും സമാധാനവും തരാത്ത അച്ഛനമ്മമാരെ, അവർ അച്ഛനമ്മമാരായതിന്റെ മാത്രം പേരിൽ എങ്ങിനെയാണ്‌ മക്കൾക്ക്‌ സ്നേഹിക്കാനാവുക? അത്രക്കുമാത്രം ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലെങ്കിൽ?

വ്യക്തികളെന്നനിലക്ക്‌ ഒരേസമയം പരസ്പരാശ്രിതിത്വവും സ്വാതന്ത്ര്യവുമുള്ള ഒരു ബന്ധത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ ഈ വിശുദ്ധ സങ്കൽപ്പങ്ങൾക്കും അതിന്റെ അർത്ഥതലങ്ങൾക്കും നിലനിൽപ്പുള്ളുവെന്ന് ചുരുക്കം. വിശിഷ്ടപദവികൾ കൊടുക്കുമ്പോൾ അതിനുപിന്നിലെ കുബുദ്ധിയെ തിരിച്ചറിയാൻ അച്ഛനമ്മമാരും മക്കളും സ്വയം പരിശീലിക്കേണ്ടിയിരിക്കുന്നു.

അമ്മമാർക്ക്‌ മക്കളും, മക്കൾക്ക്‌ അമ്മമാരും ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കുന്നത്‌ വസ്തുനിഷ്ഠമായ ഭൗതികകാരണങ്ങൾകൊണ്ടുതന്നെയാണ്‌. കവിത്വവും കുബുദ്ധിയുമുള്ളവർ അവരെ തരംപോലെ ഉപയോഗിക്കുന്നു. നമുക്കും (അവർക്കും) ലഭിച്ച സ്നേഹത്തിന്റെയും പരിചരണത്തിന്റെയും, സംരക്ഷണത്തിന്റെയും പേരിലാണ്‌ നിഷ്കാമമായ സ്നേഹമെന്നൊക്കെ പറയുന്ന സാധനം പിന്നീടെപ്പോഴോ ഉള്ളിൽ രൂഢമൂലമാകുന്നത്‌. അതില്ലാതെ വരുമ്പോഴാണ്‌ വൃദ്ധസദനങ്ങളും അമ്മത്തൊട്ടിലുമൊക്കെ നമ്മൾ നിർമ്മിക്കുന്നതും തിരഞ്ഞെടുക്കുന്നതും.

ഇവിടെ സൂചിപ്പിച്ച സർവ്വെഫലങ്ങളെക്കുറിച്ചുള്ള കമന്റുകളിൽ, ചിക്കാഗോയിൽനിന്നുള്ള തരുൺ ദത്താനിയും കാനഡയിൽനിന്നുള്ള നെൽസണും, അമ്മമാരുടെ പ്രശ്നങ്ങളെ സമീപിച്ചിരിക്കുന്നത്‌ സ്ത്രീ എന്ന കൂടുതൽ വലിയ പശ്ചാത്തലത്തിന്റെ, യാഥാർത്ഥ്യത്തിന്റെ ഭാഗമെന്ന നിലക്കാണ്‌.

അതുതന്നെയാണതിന്റെ ശരിയും.

16 comments:

Rajeeve Chelanat said...

അമ്മയെന്നാൽ...

രാജ് said...

വളരെ നല്ല ലേഖനം, പുരുഷപക്ഷപാതിയായ സമൂഹം അവഗണനയുടെയും സഹനത്തിന്റേയും ദുരിതപർവ്വങ്ങളിൽ സ്ത്രീയെ തളച്ചിടുവാൻ പലപ്പോഴും ഉപയോഗിക്കുന്ന തന്ത്രപ്രധാനവാക്കും അനുഭവവുമൊക്കെയാണു് അമ്മ. ഖുദാ കേ ലിയെ എന്ന പാക്കിസ്താനി സിനിമയിൽ ഏറെക്കുറെ സമാനമായ ഒരു രംഗമുണ്ട്, ബലപ്രയോഗത്താൽ വിവാഹിതയാക്കപ്പെട്ട സ്ത്രീ ഓടിപ്പോകാതിരിക്കുവാൻ അമ്മയാക്കിയാൽ മതിയെന്നു അനുശാസിക്കുന്ന മതവാദിയെ ചിത്രീകരിക്കുന്നു പ്രസ്തുതചലച്ചിത്രം. അമ്മ അബലയുടെ പര്യായമാകുന്ന പുരുഷപക്ഷ സമൂഹം, ഒപ്പം കുഞ്ഞിനു അച്ഛൻ വേണമെന്നു നിർബന്ധം പിടിക്കുന്ന വ്യവസ്ഥിതി. പുതിയ കഥയല്ല ഇതൊന്നും.


എങ്കിലും, സ്നേഹം അത്രയൊക്കെ വസ്തുനിഷ്ഠമാണോ? പ്രത്യേകിച്ചും അമ്മ എന്ന അനുഭവത്തെ സംബന്ധിച്ചു്?

ഗൂഗിളിന്റെ ഉപഭോക്താക്കളിൽ ഒരാളുടെ കമന്റ് എടുത്തെഴുതുന്നു: 'My sister-in-law found her mother after 34 years of searching by using Google. I just thought you'd like to know you helped us find our mom! -- Laurie M'

ഫിക്ഷനെ അതിശയിപ്പിക്കുന്ന വിധം യാഥാർഥ്യങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കളെ തിരിച്ചുകിട്ടുന്നതിനെ കുറിച്ചു നമ്മൾ കേട്ടിരിക്കുന്നു, അമ്മമാർക്കു മക്കളും മക്കൾക്കു അമ്മമാരും പ്രിയപ്പെട്ടവരായിരിക്കുന്നതിന്റെ വസ്തുനിഷ്ഠമായ ഭൗതികകാരണങ്ങൾ എത്രയെണ്ണം നമുക്കുണ്ടു് ഈ നിലയ്ക്കു്?

സുജനിക said...

മക്കള്‍ക്കു വേണ്ടി എല്ലാം സഹിക്കുന്നവള്‍..ഇതു ശരിക്കും പറഞ്ഞാല്‍ സ്ത്രീയെ അടിമയാക്കി നിര്‍ത്തുന്നതിന്നുള്ള ഒരു കാല്‍പ്പനിക യുക്തി തന്നെ.ഏറ്റവും മോശം അമ്മയാവും ഏറ്റവും സ്വാതന്റ്ര്യം അനുഭവിക്കുന്ന സ്ത്രീ..

നല്ല നിരീക്ഷണം.

ഡാലി said...

ഒരുവലിയ സലാം രാജീവ്.

കുറച്ചേറെ ദിവസങ്ങളായി ഇതേ ആശയം സൌഹൃദ സദസ്സുകളില്‍ ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഒരുപോസ്റ്റ് ഇടണമെന്ന് വളരെയേറെ ആഗ്രഹിച്ചെങ്കിലും വാക്കുകളാല്‍ തെറ്റിദ്ധരിക്കെപ്പെടുമോ എന്ന ആശങ്കയാല്‍ മാറ്റിവയ്ക്കുകയായിരുന്നു.
അമ്മ എന്ന വാക്കുച്ചരിക്കുമ്പോള്‍ നാം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ നിരവധിയാണു്. മുറിയാത്ത സ്നേഹം, ദയ, കരുണ,വൈകാരിക-ഭൌതീക സംരക്ഷണം അങ്ങനെ ഒട്ടനവധി. വേറൊരു പദവും ഇത്രയധികം കാര്യങ്ങള്‍ ആവശ്യപ്പെടുന്നില്ല. ഒരു സ്ത്രീ എക്കാലവും അമ്മയായിരിക്കുന്നുവെന്നാല്‍ അവളില്‍ നിന്ന് എക്കാലവും നമ്മള്‍ മേല്‍പ്പറഞ്ഞതൊക്കെ പ്രതീ‍ീക്ഷിക്കുന്നു എന്നര്‍ത്ഥം. അവള്‍ക്കൊരിക്കലും ഒന്നു പൊട്ടിത്തെറിക്കാന്‍ കഴിയാത്തവിധം അമ്മത്വത്തില്‍ അവളെ കെട്ടിയിരിക്കുന്നു. സ്ത്രീയെ അമ്മ വന്നു വിഴുങ്ങുന്നു.

സ്വന്തം കുഞ്ഞിനോട് മാത്രമുള്ള ഈ അമ്മത്വത്തേക്കാള്‍ ഒരുപിടി കൂടിയ ഭീകരതയാണു ലോക അമ്മയ്ക്ക്. സ്ത്രീ എന്തിനേയും മാതൃഭാവത്തോടെ നോ‍ക്കണം അല്ലെങ്കില്‍ നോക്കുന്നു എന്ന സാമാന്യവത്ക്കരണം.

ഈ നാണയത്തിന്റെ മറ്റൊരു മുഖമാണ് മച്ചി എന്ന പരിഹാസ്യമായ പദം.

എല്ലാക്കാലവും എല്ലാ സ്ത്രീകളും അമ്മമാരല്ല എന്ന് ഇതിനെ സംഗ്രഹിച്ച് ജിറ്റാക്ക് മെസേജ് ആയി ഇട്ടിരുന്നു. അതിനു കിട്ടിയ മറുപടികള്‍ കൂടുതല്‍ ചിന്തിപ്പിക്കുന്നവയായിരുന്നു..

ഭൂമിപുത്രി said...

സമയോചിതമായ പോസ്റ്റ്.
മാലാഖച്ചിറകുകളുടെ ഭാരം താങ്ങാനാകുന്നില്ല
എന്ന് സ്വയം അറിയാന് പോലും വയ്യല്ലൊ
പലറ്ക്കും!

reshma said...

അമ്മയാവുക എന്നാല്‍ വ്യക്തിയെ ബലികൊടുക്കുകയാണെന്ന് നിര്‍ബന്ധമുള്ള സംസ്കാരങ്ങളിലെല്ലാം ഈ അമ്മത്വം‍ തീര്‍ച്ചയായും സ്ത്രീയെ കുഴയ്ക്കുന്ന ഭാരമാണ്. ഈ അമ്മ-വിഗ്രഹം മറ്റൊരു തരത്തിലുള്ള objectification അല്ലെന്നും തോന്നിതുടങ്ങിയിരിക്കുന്നു.

ആത്മാര്‍പ്പണം ചെയ്ത അമ്മമാരുടെ സ്നേഹത്തേയും ത്യാഗത്തേയും വാഴ്ത്തിപ്പാടുന്ന മറ്റൊരു പോസ്റ്റ് എന്നായിരുന്നു ഈ തലക്കെട്ട് കണ്ടപ്പോള്‍ ധരിച്ചത്.പോസ്റ്റും കമന്റുകളും വായിച്ചിട്ട് ഭയങ്കര സന്തോഷം വരുന്നു. എല്ലാര്‍ക്കും ഓരോ കപ്പ് ചായ എടുക്കട്ടേ?:)

സു | Su said...

അമ്മയെന്നാല്‍ ഒരു വ്യക്തിയാണ്. മക്കളും മനസ്സിലാക്കുമായിരിക്കും എന്നെങ്കിലും. അമ്മയെപ്പോലെ ഓരോ വ്യക്തിക്കും സ്നേഹവും ലാളനയും ക്ഷമയും ത്യാഗവും ഒക്കെ ആയാലെന്താ? അമ്മ എന്നത് നന്മയാണെങ്കില്‍, സ്നേഹമാണെങ്കില്‍ എല്ലാവരും ആ നന്മയും സ്നേഹവും കൊടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ അമ്മ എന്നൊരു പേരുമിട്ട് നിങ്ങള്‍ സ്നേഹം തരാനും ലാളിക്കാനും മാത്രം നിയോഗിക്കപ്പെട്ടവരാണ്. നിങ്ങള്‍ക്ക് അതിനുമറിച്ചുചെയ്യാന്‍ മറ്റുള്ളവരെപ്പോലെ അധികാരമില്ല എന്നും പറഞ്ഞിരിക്കുന്നത് അമ്മമാരോട് ചെയ്യുന്ന അനീതിയല്ലേ? അമ്മമാര്‍ സ്നേഹിക്കട്ടെ, ശാസിക്കട്ടെ, വ്യക്തിയെന്ന നിലയ്ക്ക് അവര്‍ക്കിഷ്ടമുള്ളത് ചെയ്യട്ടെ. സ്നേഹത്തിനു പകരം കൊടുക്കാനെന്ന നിലയ്ക്ക് അല്ലെങ്കിലും എന്തെങ്കിലുമൊക്കെ കാര്യം മക്കള്‍ക്കും ചെയ്യാമല്ലോ. അതിന് ഏറ്റവും നല്ല കാര്യം അവരെ ആദ്യം വ്യക്തിയെന്ന നിലയില്‍ അംഗീകരിക്കലാണ്.

Anonymous said...

ഒരു സ്ത്രീക്ക് അമ്മയെ മനസ്സിലാവണമെങ്കില്‍ അവര്‍ ഒരു അമ്മയാകണം.പൊതുവേ സ്ത്രീകള്‍ക്ക് അമ്മയോട് അധികം അറ്റാച്ച്മെന്റ് ഉണ്ടാകാറില്ല. അച്ഛനോടായിരിക്കും കൂടുതല്‍ ബന്ധം.

ഭൂമിപുത്രി said...

അത് തെറ്റായ ധാരണയാണ്‍ ഗോപാല്‍.പരസ്പ്പരം
എറ്റവുമധിക മനസ്സിലാക്കാന്‍ പറ്റുന്ന,ശക്തമായ ഹൃദയബന്ധം നിലനില്‍ക്കുന്ന ഒന്നാന്‍ അമ്മയും മകളും തമ്മിലുള്ളത്-പൊതുവെ.
അപവാദങ്ങള്‍ ഇല്ലെന്നല്ല‍

The Prophet Of Frivolity said...

"ആത്മസുഖം മാത്രമാണ്‌ ഓരോ ജീവിയും ആഗ്രഹിക്കുന്നത്‌. ഞാൻ നിന്നെ സ്നേഹിക്കുന്നത്‌ എന്റെയും നീ എന്നെ സ്നേഹിക്കുന്നത്‌ നിന്റെയും സുഖത്തിനുവേണ്ടിതന്നെയാണ്‌." രാജീവിന്റെ സൂചന പ്രസിദ്ധമായ ഉപനിഷദ് വാക്യത്തിലേക്കാണോ എന്നറിയില്ല. ആണെങ്കിലും അല്ലെങ്കിലും അതിലൂടെ എത്തിച്ചേരുന്നത് എന്ത് നിഗമനത്തിലാണ്? അങ്ങനെ ത്യാഗം ചെയ്യുന്നതില്‍, “അലൌകിക” മാനമുള്ള അമ്മയാവുന്നതില്‍ ഒരാള്‍ക്ക് ആത്മസുഖമെന്നായിക്കൂടെന്നില്ലല്ലോ..(ഇതെല്ലാം, കാണുന്നവയെല്ലാം, മായയാണെന്നു പറയുന്നതു പോലെയേ ഉള്ളൂ അതും - പ്രത്യേകിച്ചൊന്നും വ്യക്തമാക്കാനാവാത്ത യുക്തി) എല്ലാം അഭിനയമാണ്, വ്യക്തിത്വമെന്ന(Personality) വാക്കിന്റെ അങ്ങേയറ്റത്ത് മുഖം മൂടിയെന്നാണ്. അറിഞ്ഞുധരിക്കുന്നതും, അറിയാതെ ധരിക്കുന്നതും.
ചിന്താഗതികളില്‍ മാറ്റം വരുന്നതും, അമ്മയാവാന്‍ തയ്യറാവുന്നവരുടെ എണ്ണം കുറയുന്നതും ഒക്കെ മനസിലാക്കാവുന്നതെയുള്ളൂ..ചോദ്യം ശരിക്കും ചെന്നവസാനിക്കുക എവിടെയായിരിക്കും? ഭാഷയും സാഹിത്യവുമൊക്കെ കണ്‍വെട്ടത്തുള്ള(Extremely Proximate) കാരണങ്ങള്‍. പുരുഷന്‍ ഒരു വലിയ കള്ളമാണെന്ന് തിരിച്ചറിയുമ്പോഴേക്ക് സ്ത്രീകളൊന്നും ബാക്കിയുണ്ടാവില്ല.അവരേ ബാക്കിയുള്ളൂ,അവരും കൂടെ അന്യവല്‍കരിക്കപ്പെട്ടാല്‍, ഫോസ്റ്റിയന്‍ വക്ത്രത്തില്‍ അകപ്പെട്ടാല്‍, നമുക്കു കടയടച്ച് പിന്‍വാങ്ങാം.(ഇപ്പോ തന്നെ ബാക്കിയുണ്ടൊ ആവോ..).

******************
രാഷ്ടീയത്തില്‍നിന്നു മാറി മറ്റൊരു വിഷയത്തെപ്പറ്റി സംസാരിച്ചത് നല്ല വ്യത്യാസമായി തോന്നി.

ജിജ സുബ്രഹ്മണ്യൻ said...

അമ്മയാണീയുലകില്‍ ദൈവം
അമ്മയാണീശ്വര ശക്തി
അമ്മയാണമ്മയാണല്ലോ ഭൂമിയില്‍
അജ്ഞാതമല്ലാത്ത സത്യം.
ഈ പോസ്റ്റ് കണ്ടപ്പോള്‍ ഈ വരികള്‍ ഓര്‍മ വന്നു...
എന്നാല്‍ ഇന്നത്തെ അമ്മ സര്‍വം സഹയും മക്കളുടെ എല്ലാ തെറ്റിനെയും കണ്ടില്ലെന്നു നടിക്കുന്നവളും ആണോ ? പണ്ട് അമ്മമാര്‍ ഭര്‍ത്താവ്,മക്കള്‍ എന്നിവര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്നു വെച്ചവള്‍ ആയിരുന്നു..ഇന്നു സ്ത്രീകള്‍ സ്വയം പര്യാപ്തയിലേക്ക് എത്തി..അപ്പോല്‍ സ്വാഭാവികമായും മക്കളെ ശ്രദ്ധിക്കാന്‍ സമയം ലഭിക്കുന്നില്ല.ചെറിയൊരു ഉദാഹരണം..പാലുകുടി മാറാത്ത പിഞ്ച്ചു കുഞ്ഞുങ്ങളെ മാതാ പിതാക്കളെ ഏല്പിച്ചു മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്ന അമ്മമാര്‍ ധാരാളം ഇവിടെ ഇല്ലേ..ആ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ട സ്നേഹത്തില്‍ ചാലിച്ച അമ്മിഞ്ഞ പാല്‍..അതു കിട്ടാത്ത കുഞ്ഞുങ്ങള്‍ അമ്മമാരെ എത്രത്തോളം സ്നേഹിക്കും??.
കാലം മാറുകയാണ്.കുടുംബ ബന്ധങ്ങളും..എനിക്കു തോന്നുന്നത് ആത്മസുഖം മാത്രമാണ്‌ ഓരോ ജീവിയും ആഗ്രഹിക്കുന്നത്‌. ഞാൻ നിന്നെ സ്നേഹിക്കുന്നത്‌ എന്റെയും നീ എന്നെ സ്നേഹിക്കുന്നത്‌ നിന്റെയും സുഖത്തിനുവേണ്ടിതന്നെയാണ്‌.എന്തെങ്കിലും കിട്ടണം എന്ന വിചാരം തന്നെയാണ്..നാളെ മക്കള്‍ നമ്മളേ നന്നായി നോക്കണം എന്ന വിചാരത്തില്‍ തന്നെയാണ് നാം മക്കളെ സ്നേഹിക്കുന്നത്.

Inji Pennu said...

ആദ്യം കുട്ടികളെക്കുറിച്ച്:
അഡോപ്റ്റ് ചെയ്ത കുട്ടികള്‍ എത്രയോ വര്‍ഷം കാണാ‍തെ ഇരുന്നിട്ടും നല്ല സുന്ദരമായി ജീവിച്ചിട്ടും പിന്നേയും ബയോളജിക്കല്‍ പാരെന്റ്സിനെ തേടി പോവുന്നത് എന്താവും കാരണം? അതുകൊണ്ട് സ്നേഹിക്കാത്ത അപ്പനും അമ്മയും ഉള്ള മക്കള്‍ തിരിച്ച് സ്നേഹിക്കുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തത് എന്നൊന്നും പറയാന്‍ സാധിക്കില്ല.

അമ്മമാരെക്കുറിച്ച് :
സര്‍വ്വംസഹയാണ് അമ്മയെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. അതൊക്കെ കവികളും മറ്റും ഒരാശ്വാസത്തിനു എഴുതുന്നതാവും. വേണമെങ്കില്‍ കരിക്കലം എടുത്തും ചൂലോണ്ട് തല്ലേം ചെയ്യുന്നതാണ് മിക്ക അമ്മമാരും. എങ്കിലും അമ്മ എന്നത് പൊതുവേ പുരുഷനും ഒരു അത്ഭുതമാവുമ്പോഴാണ്, ആദ്യാദ്യം സാഹിത്യം പുരുഷന്മാര്‍ കൈകാര്യം ചെയ്തിരുന്നോണ്ടുമാണ് അമ്മയുടെ ഗുണങ്ങള്‍ വിവരിച്ച് സാഹിത്യത്തിലും മറ്റും എഴുതുന്നത്. വേശ്യയെക്കുറിച്ച് എഴുതിയാലും വേശ്യയോട് സിമ്പതൈസ് ചെയ്താണ് മിക്കപ്പോഴും
സാഹിത്യത്തില്‍ വരിക. അതുപോലെയേ ഇതും ഉള്ളൂ. സ്നേഹം നല്ലതാണ് എന്നൊരു തോന്നല്‍ ഉള്ളതുപോലെ, വാട്ട് മേക്സ് യൂ ഫീല്‍ ഗുഡ്.
അല്ലാതെയും ഉണ്ട്, ഇല്ലെന്നല്ല. പക്ഷെ മെജോരിറ്റി.

പക്ഷെ ഇതൊന്നുമല്ലാതെ സ്ത്രീകളില്‍ കൂടുതല്‍ ഉള്ള oxytocin ഹോര്‍മോണിന്റെ അളവും അവരെ കൂടുതല്‍ അമ്മമാരക്കുന്നു. ഇതിനു പ്രസവിക്കണമെന്നോ മുലയൂട്ടണമെന്നോ ഒന്നുമില്ല. ഒരു പെണ്‍കുട്ടി ഒരു പാവക്കുട്ടിയെ പിടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? രണ്ട് തരം കളിപ്പാട്ടം കൊടുത്താലും അതു വരെ അമ്മ മറ്റൊരു കുട്ടിയെ തൊടുന്നത് കണ്ടിട്ടില്ലെങ്കിലും പൊതുവേ ചെറിയ പെണ്‍‌കുട്ടികള്‍ പാവയെ മാറോട് അണയ്ക്കുന്നത് കാണാം. അതേപോലെ ആണ്‍‌കുട്ടികള്‍ ആ പാവയെ പീസ് പീസ് ആക്കുന്നതും. റിസേര്‍ച്ച സ്റ്റഡീസിലും മറ്റും ജെന്റര്‍ ഇക്വാലിറ്റിക്ക് കുട്ടികള്‍ക്ക് പാവയും തോക്കും ഒരുപോലെ വാങ്ങിച്ച് കൊടുത്തിട്ടും അത് പെണ്‍കുട്ടികള്‍ മെജോരിറ്റി പാവയെ തന്നെ എടുക്കുന്നത് എന്തുകൊണ്ട്?

ഇതൊക്കെ അവരവരില്‍ ഉള്ള ഹോര്‍മോണ്സ് കൂടിയും കുറഞ്ഞും ഇരിക്കുന്നതുപോലെയാണ്. ചില പുരുഷന്മാര്‍ സ്ത്രീകളെക്കാളും നല്ല അമ്മമാരാണ്.

യൂണിസെക്സ് ബ്രെയിന്‍ എന്നത് പഴ്യ കാല ഫെമിനിസം കണ്‍സെപ്റ്റാണ്.
ഒരു ആര്‍ട്ടിക്കിളിലെ എനിക്ക് പ്രസക്തമായെന്ന് തോന്നുന്ന ഒരു കോട്ട്.
"It has become more OK to talk about brain differences between genders over the past few years, whereas before, if you said men and women were 'different,' it seemed to imply women were at a disadvantage," said Ellison, who lives in San Anselmo. "Now scientists are pointing out some clear advantages of the female brain, and in particular the 'mommy brain.' "


അമ്മയാവുന്നതുകൊണ്ട് , മൃദുലവികാരങ്ങള്‍ ഉള്ളതുകൊണ്ട് സ്ത്രീകളെ ചവിട്ടുതാഴ്ത്താം എന്നുള്ള ഗുലുമാലുകള്‍ കൊണ്ടുവരുമ്പോഴാണ് ഇത് സങ്കീര്‍ണമാവുന്നത്. അമ്മയായതുകൊണ്ട് സ്ത്രീകളെ പൊതുവേ മറ്റൊരു ജോലിക്കും കൊള്ളില്ല എന്നിങ്ങനെയുള്ള നിയമങ്ങളും നൂലാമാലകളും മാറ്റി ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ്, പെന്‍ഷന്‍ ഫോര്‍ മദേര്‍സ് ഒക്കെ കൊണ്ടു വരുമ്പോള്‍ ഇതെല്ലാം മാറും. സാമ്പത്തികമാണല്ലോ മിക്കതിനേയും ഈക്വലൈസ് ചെയ്യുന്ന ഘടകം.

ലൂആന്റെ ഫീമെയില്‍ ബ്രെയിന്‍ എന്ന ബുക്ക് ഇതിലേക്ക് ഒരുപാട് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

Anonymous said...

ഹെന്റമ്മേ!

ബാബുരാജ് ഭഗവതി said...

അമ്മ സങ്കല്‍പ്പം അമ്മമാരെ പറ്റിക്കാനായി സമൂഹം കണെത്തിയ ഒന്ന്. അമ്മയെന്ന സങ്കല്‍പ്പത്തിലൂടെ അവരുടെ വികാരങ്ങളെ തകര്‍ക്കുകതന്നെയാണ്. വിധവകളായ സ്ത്രീകളുടെ കാര്യത്തില്‍ ഇതൊരു വലിയ പ്രശ്നമാണ്. ഭര്‍ത്താവ് മരിച്ചാല്‍ യഥാര്‍ത്ഥ തീയില്‍ ദഹിപ്പിക്കപ്പെട്ടില്ലെങ്കില്‍തന്നെ വൈധവ്യത്തിന്റെ അനുഭവങ്ങളുടെ തീയില്‍ ദഹിച്ചു പോകണമെന്ന് സമൂഹം കരുതുന്നു.അതുകൊണ്ടാണ് ഭര്‍ത്താവ് മരിച്ച സ്ത്രീ പുനര്‍വിവാഹിതയായില്ലെങ്കില്‍ അതൊരു നല്ലൊരു കാര്യമായി സമൂഹം കരുതുന്നത്. മക്കള്‍ കരുതുന്നത്...
കിഴക്കന്‍ സമൂഹം കുടുംബങ്ങളുടെ കെട്ടുറപ്പെന്നു ഘോഷിക്കുന്നത് ഈ പിന്നോക്കാവസ്ഥയേയാണ്.
രാജീവ്...
പോസ്റ്റിന് അഭിനന്ദനങ്ങള്‍.

എതിരന്‍ കതിരവന്‍ said...

“അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ“ എന്നത് തട്ടിപ്പ്. ഏറ്റവും അമ്മത്വം ഉള്ള ഭാരതത്തിലാണ് നേര്‍വിപരീതമായ ബാലവേല്അയും അനുബന്ധിച്ച ബാലപീഡനങ്ങളും കൂടുതല്‍. “അമ്മെ വല്ലതും തരണേ” എന്ന ഭിക്ഷാടനവാക്യത്തില്‍ ഈ ഐറണി പ്രകടമാണ്. ജന്തുവാസനകള്‍ക്കപ്പുറത്ത് അമ്മത്വം കൊണ്ടുവയ്ക്കാന്‍ കാര്യമൊന്നുമില്ല. ഊര്‍വരത അനുഷ്ടാനങ്ങള്‍ അമ്മദൈവങ്ങള്‍ക്ക് വഴി തെളിച്ചു. കേരളത്തിലെ അമ്മദൈവസങ്കല്‍പ്പം വ്യത്യസ്തം. സംഹാരരൂപിണിയും രുദ്രയുമൊക്കെ. സ്ഥിരം ഫോര്‍മുല അമ്മയ്ക്കു വിപരീതവും ആവും ചിലപ്പോള്‍ ഇത്.
“മുറ്റാ പിള്ളയെ ഗര്‍ഭതി കൊല്ലും
മുഴുപ്പിള്ളയായാല്‍ ഈറ്റതി കൊല്ലും
അന്നു പിറന്നോരിളം പിള്ളയെ താന്‍
അമ്മാനമാടി രസിപ്പവള്‍ നീയെ“

(മുറ്റാത്ത കുഞ്ഞിനെ ഗര്‍ഭത്തില്‍ വച്ചു കൊല്ലും, മുഴുപ്പിള്ളയെ ഈറ്റില്ലതില്‍ വച്ചും കൊല്ലും.അന്നു പിറന്ന കുഞ്ഞിനെ അമ്മാനമാടുന്നത് അതീവ രസത്തോടെ).

വള്ളത്തോളിന്റെ “വന്ദിപ്പിന്‍ മാതാവിനെ” അയ്യപ്പണിക്കര്‍ “വന്ദിപ്പിന്‍ താറാവിനെ” എന്നാക്കിയത് എന്തിനാണ്?

Anonymous said...

ഇനി നമുക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതു അമ്മ എന്ന ബൂറ്ഷ്വാ സങ്കല്‍പ്പമാണ്, അല്ലേ? “മോന്‍” എന്തു തെറ്റു ചെയ്താലും സംരക്ഷിക്കപ്പെടേണ്ടവനാണെന്ന സങ്കല്പം പുരോഗമനപരവുമാണല്ലോ. ശാരിയെച്ചതിച്ച “രാജാവിന്റെ മകന്‍” പു-രോഗം മനപരം (മാനസികം) ആണെന്നു ഉടനെ തെളിയിക്കുമ്പോളെക്കും ഒരു ന്യായീകരനം കണ്ടെത്തണേ.