അനുഭവങ്ങളൊക്കെ ഉണ്ടാകുന്നത് ആ മറ്റേ ബോര്‍ഹസിനാണ്. ഞാനാകട്ടെ, ബ്യൂണസ് അയേഴ്സിന്റെ തെരുവുകളിലൂടെ നടന്നും, ഏതെങ്കിലും പ്രവേശനകവാടത്തിന്റെ കമാനത്തിലേക്കോ അതിന്റെ ഉള്ളിലെ മുറികളിലേക്കോ നോക്കിയും - പലപ്പോഴും യാന്ത്രികമായിട്ടാണ് അതൊക്കെ ചെയ്യുന്നത് - ഇടക്കൊന്ന് നിന്നും അങ്ങിനെയങ്ങിനെ കാലം കഴിക്കുന്നു.
ബോര്‍ഹസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ ആരുടെയെങ്കിലും കത്തുകളില്‍നിന്ന് അറിയാറുണ്ട്. അതല്ലെങ്കില്‍, ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട വിദ്യാഭ്യാസവിചക്ഷണന്‍മാരുടെ പേരുവിവരങ്ങളില്‍നിന്നോ, ഏതെങ്കിലും ജീവചരിത്രപരമായ നിഘണ്ടുവില്‍നിന്നോ ഒക്കെ അയാളെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് ഞാന്‍ പതിവായി അറിയാറുണ്ട്. എന്റെ താത്പര്യങ്ങളൊക്കെ, മണല്‍ ഘടികാരം, വിവിധതരത്തിലുള്ള കാപ്പികള്‍, പഴയ കാലത്തെ അച്ചുകള്‍, പദവിജ്ഞാനീയം, ഭൂപടങ്ങള്‍, റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണിന്റെ ഗദ്യങ്ങള്‍, ഇതിലൊതുങ്ങിനില്‍ക്കുന്നു. മറ്റേ കക്ഷിക്കും ഇതിലൊക്കെ താത്പര്യമില്ലാതില്ല. പക്ഷേ അയാള്‍ അത് ഉപയോഗിക്കുന്നത്, ഒരു നടന്‍ തനിക്കാവശ്യമായ കാര്യങ്ങള്‍ താത്ക്കാലികമായ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന മട്ടില്‍ മാത്രമാണ്. എന്നുവെച്ച്, ഞങ്ങളുടെ ബന്ധം ശത്രുതാപരമാണെന്നൊക്കെ പറയുന്നത് അതിശയോക്തിപരമായിരിക്കും. മറ്റേ ബോര്‍ഹസിനു സാഹിത്യം പടച്ചുവിടാന്‍ വേണ്ടിയാണ്, ഞാന്‍ ജീവിക്കുന്നത്, അഥവാ, ജീവിക്കാന്‍ എന്നെ സ്വയം അനുവദിക്കുന്നത്. ജീവിക്കാനുള്ള എന്റെ ന്യായീകരണവും ആ എഴുത്തു മാത്രമാണ്.
പക്ഷേ, ആ എഴുത്തൊന്നും ഞാനെന്ന 'എന്നെ' രക്ഷിക്കാറില്ല.. കാരണം, അതൊന്നും ഏതെങ്കിലും വ്യക്തികള്‍ക്ക് അവകാശപ്പെട്ടതല്ല എന്നതുതന്നെ. എഴുതുന്ന ആ മറ്റേ ബോര്‍ഹസിനുപോലും അതില്‍ അവകാശമില്ല. അതൊക്കെ ഭാഷക്കും പഴമക്കും മാത്രം അവകാശപ്പെട്ടതാണ്.
വിസ്മൃതിയില്‍ അകപ്പെട്ടുപോകാനാണ് എന്റെ വിധി. പരിപൂര്‍ണ്ണമായ, അനിവാര്യമായ വിസ്മൃതി. ബോര്‍ഹസ് എന്ന എന്റെ ആ അപരനില്‍ ഒരുപക്ഷേ അവശേഷിക്കുക, എന്റെ ക്ഷണികമായ ചില നിമിഷങ്ങളക്കുറിച്ചുള്ള ഓര്‍മ്മകളാവാം. എന്തായാലും കുറേശ്ശെ, കുറേശ്ശെയായി, അതെല്ലാം ഞാന്‍ അയാള്‍ക്ക് വിട്ടുകൊടുക്കുകയാണ്. അതിനെയൊക്കെ ഊതിപ്പെരുപ്പിച്ചും, വികലമാക്കിയും അവതരിപ്പിക്കാനുള്ള അയാളുടെ സാമര്‍ത്ഥ്യത്തെക്കുറിച്ച് എനിക്ക് അറിയില്ലെന്നൊന്നും നിങ്ങള്‍ കരുതണ്ട.
എല്ലാ വസ്തുക്കളും അതായിത്തന്നെ ഇരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് സ്പിനോസ ഒരിടത്ത് പറഞ്ഞിട്ടുണ്ട്. പാറ എന്നും പാറയായും, നരി നരിയായും ഇരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഞാനെന്നതൊന്ന് എന്നെങ്കിലും അവശേഷിക്കുകയാണെങ്കില്‍, അത് ബോര്‍ഹസിലായിരിക്കും. എന്നിലാവില്ല. ഉറപ്പ്. അയാളുടെ പുസ്തകങ്ങളിലേക്കാള്‍ മറ്റുള്ളവരുടെ പുസ്തകങ്ങളിലോ, ഒരു ഗിത്താറിന്റെ ക്ഷീണിതമായ ഞരക്കത്തിലോ ആണ് എനിക്ക് എന്നെ തിരിച്ചറിയാന്‍ സാധിക്കുന്നത്. സത്യം പറഞ്ഞാല്‍, അയാളില്‍നിന്ന് സ്വതന്ത്രനാവാന്‍, വര്‍ഷങ്ങള്‍ക്കുമുന്‍പേ ഞാന്‍ ശ്രമം തുടങ്ങിയിരുന്നു. ചേരികളില്‍നിന്നും, നഗരപ്രാന്തത്തില്‍നിന്നും വിട്ടുമാറി, സമയവും അനന്തതയുമായുള്ള കളികളിലേക്ക് ഞാന്‍ എത്തിത്തുടങ്ങിയതായിരുന്നു. പക്ഷേ ആ കളികളൊക്കെ എങ്ങിനെയോ ഇന്ന് മറ്റേ കക്ഷിയുടേതായി കഴിഞ്ഞു. ഞാനിനി, പുതിയ വല്ല കളികളും കണ്ടുപിടിക്കണമെന്ന സ്ഥിതിയാണ്. അതുകൊണ്ട് എന്റെ ജീവിതം ഇപ്പോള്‍ ഒരേ സമയം ഒരു ബിന്ദുവും പ്രതിബിന്ദുവുമാണ്, അല്ലെങ്കില്‍, ആവര്‍ത്തനവിരസമായ ഒരു ഗാനം, ഒരു കൊഴിഞ്ഞുപോക്ക്. എല്ലാം ഒന്നുകില്‍ വിസ്മൃതിയിലേക്കോ, അതല്ലെങ്കില്‍ മറ്റേ ആളുടെ കയ്യിലേക്കോ വഴുതി വീണുപോകുന്നു.
ഈ വരികള്‍ എഴുതുന്നതുതന്നെ ഞങ്ങളിരുവരില്‍ ആരാണെന്ന് എനിക്കറിയില്ല.
പിന്‍കുറിപ്പ് - ഈ പരിഭാഷയുടെ പിന്നിലും, എന്നെ സംബന്ധിച്ചിടത്തോളം, അത്ര ചെറുതല്ലാത്ത ഒരു ബോര്‍ഹസിയന്‍ അനുഭവമുണ്ട്. ഒന്നല്ല. രണ്ട്.
രണ്ടുവര്‍ഷം മുന്‍പാണ് ബൊര്‍ഹസിന്റെ ‘’The Aleph' വിവര്‍ത്തനം ചെയ്യാന്‍ കിഴക്കേമുറിക്കാരു വിളിച്ചത്. പിന്നെ അവരില്‍നിന്ന് ഒരു വര്‍ത്തമാനവും ഉണ്ടായില്ല. ആര്‍ക്കുപോയി? അവര്‍ക്ക്. അതുവിട്ടു. പിന്നെ, കഴിഞ്ഞയാഴ്ച പിറന്നാള്‍ സമ്മാനമായി കിട്ടിയ ഒരു സഹായധനം വെച്ച് പുസ്തകം വാങ്ങി. വായിച്ചയുടന്‍, ഈ കുറിപ്പ് കണ്ണിലെ കരടായി മാറുകയും ചെയ്തു. പരിഭാഷിക്കാതിരിക്കാന്‍ വയ്യ എന്ന് തോന്നിയതിനാല്‍ അത് ചെയ്തു.
എം.കൃഷ്ണന്‍ നായരില്ലാത്തതിനാല്‍, ബോര്‍ഹസിന്റെ മലയാള ഉച്ചാരണം നോക്കാന്‍ ഗൂഗിളില്‍ തപ്പിയപ്പോള്‍ അതാ കിടക്കുന്നു, നമ്മുടെ പ്രിയപ്പെട്ട രവികുമാര്‍, ഇതേ ലേഖനം രണ്ടുകൊല്ലം മുന്‍പ് പരിഭാഷിച്ചത്. കണ്ടപാടെ അടച്ചുവെച്ചു. ബ്ലോഗ്ഗുലകമാകട്ടെ പാടെ മാറുകയും ചെയ്തിരിക്കുന്നു (ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാമിക, ഇടതുവലത് ‘സ്വതന്ത്ര‘ ചിന്തകരാല്‍ ബ്ലോഗ്ഗുലകം നിറഞുകവിഞ്ഞിരിക്കുന്നു എന്ന് നമ്മുടെ സി.കെ.ബാബു) ആകെ ഒരു പരിചയമില്ലായ്മ..ഒരു എത്തും പിടിയും കിട്ടാത്തതുപോലെ.... പരിചയമില്ലാത്ത ഒരിടത്ത് അസമയത്ത് എത്തിയതുപോലെ ഒരു അനുഭവം.. നിലവറക്കുള്ളിലെ ഇരുട്ടില്‍ തിളങ്ങുന്ന ആലിഫ്. ഭൂമിയിലേക്കും, ആകാശത്തിലേക്കും കൈചൂണ്ടി നില്‍ക്കുന്ന എഴുത്തനുഭവത്തിന്റെ ചൂണ്ടുപലകകള്‍..
പണ്ട് പണ്ട്, എന്നുവെച്ചാല്‍, പത്തിരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ്, ഇതുപോലെ മറ്റൊരു saddest അനുഭവം ‘ഉണ്ടായിട്ടുണ്ട്’. നെരൂദയുടെ ‘Tonight I can write the saddest line", വായിച്ചിട്ട്, ഒരാളെ ഓര്‍ത്ത്, സഹിക്കവയ്യാതെ സങ്കടപ്പെട്ട്, ആ സങ്കടം തീര്‍ക്കാന്‍ അത് മലയാളത്തിലാക്കാന്‍ തോന്നിയിട്ട്, അത് ചെയ്തപ്പോള്‍, അതാ അവിടെ കിടക്കുന്നു നമ്മുടെ സച്ചിദാനന്ദന്റെ പരിഭാഷ..
അനുഭവങ്ങളൊക്കെ ഉണ്ടാകുന്നത് ആ മറ്റേ രാജീവിനാണല്ലോ..