Wednesday, February 27, 2008

ഞാന്‍, നിങ്ങളുടെ ചാരന്‍

ഞാന്‍ ഗുമസ്തനാണ്‌
ഞാന്‍ യന്ത്രങ്ങള്‍ നേരെയാക്കുന്നവനാണ്
അവ ചലിപ്പിക്കുന്നവനാണ്
വണ്ടി ഓടിക്കുന്നവനാന്
അത്‌ ചെയ്യരുത്‌, ഇത്‌ ചെയ്യരുത്‌ എന്നൊക്കെ
അവര്‍ പറഞ്ഞു.

അതു മാത്രം ചെയ്താല്‍ മതി
അവര്‍ പറഞ്ഞു.
മുകളിലുള്ള കാര്യങ്ങള്‍ നീയറിയേണ്ട
ഞങ്ങള്‍ക്കു വേണ്ടി നിന്റെ തല പുണ്ണാക്കണ്ട
പോ, പോയിക്കൊണ്ടേയിരിക്ക്‌, പോ....

വലിയ ഏമാന്‍മാര്‍
മിടുക്കന്മാര്‍
ഭാവിയുള്ളവര്‍
അവര്‍ കരുതി
ഒന്നും പേടിക്കാനില്ലെന്ന്
പരിഭ്രമിക്കാനൊന്നുമില്ലെന്ന്
എല്ലാം ഭദ്രമായി പോകുന്നു
നമ്മുടെ ഗുമസ്തന്‍ എത്ര അദ്ധ്വാനിയാണ്‌
ശുദ്ധനായ ഒരു യന്ത്രത്തൊഴിലാളി,
കുറിയവന്‍,
ചെറിയവരുടെ ചെവികള്‍ക്ക്‌ ഒന്നും കേള്‍ക്കാനാവില്ല
അവരുടെ കണ്ണുകള്‍ക്ക്‌ കാണാനും
തലയുള്ളത്‌ നമുക്കാണ്‌
അവര്‍ക്കല്ല.

സ്വന്തം തലയുള്ള ചെറിയവന്‍ തന്നോടുതന്നെ പറഞ്ഞു.
മറുപടി പറ അവരോട്‌
ആരാണ്‌ തലപ്പത്ത്‌?
വണ്ടി എവിടേക്കാണ്‌ കൂപ്പുകുത്തുന്നതെന്ന് അറിയുന്നത്‌ ആര്‍ക്കാണ്‌?
അവറ്റകളുടെ തല എവിടെയാണ്‌?
എനിക്കും ഇല്ലേ ഒന്ന്?
എങ്ങിനെയാണ്‌ ഈ വലിയ യന്ത്രത്തെ മുഴുവനായും കാണാന്‍ എനിക്കിപ്പോള്‍ കഴിയുന്നത്‌?
എന്തുകൊണ്ടാണ്‌ പടുകുഴികള്‍ ഞാന്‍ കാണുന്നത്‌?
ഈ വണ്ടിക്കൊരു സാരഥിയുണ്ടോ?

ഗുമസ്തന്‍, വണ്ടിയോടിക്കുന്നവന്‍, യന്ത്രഭാഗങ്ങള്‍ നേരെയാക്കുന്നവന്‍,
അല്‍പ്പം മാറിനിന്ന് അവന്‍ നോക്കി
എന്തുതരം ജീവിയാണിത്‌?
വിശ്വസിക്കാന്‍ ആവുന്നില്ല
അതെ, അത്‌ അവിടെയുണ്ട്‌
ഞാന്‍ കാണുന്നുണ്ട്‌ ആ ഭീകരജീവിയെ
ഞാന്‍ ഈ യന്ത്രത്തിന്റെ ഭാഗമാണ്‌
അനുമതിപത്രം ഞാന്‍ സ്വയം എഴുതിക്കൊടുത്തതാണല്ലോ!
എന്നിട്ട്‌, ഇപ്പോഴാണോ ഞാനത്‌ വായിക്കുന്നത്‌?

ഈ ചെറിയ യന്ത്രഭാഗം
ഒരു സര്‍വ്വനാശത്തിന്റെ ഭാഗമാണെന്നോ?
ഞാനാണല്ലോ ആ ചെറിയ യന്ത്രഭാഗം
എങ്ങിനെയാണ്‌ അത്‌ ഇത്രനാളും എന്റെ കണ്ണില്‍പെടാതെ പോയത്‌?
എങ്ങിനെയാണ്‌ മറ്റുള്ളവരും അതുതന്നെ ചെയ്യുന്നത്‌?
ഇനിയും ആര്‍ക്കൊക്കെ ഇതറിയാം?
ആരാണ്‌ കണ്ടിട്ടുള്ളത്‌?
ആരാണ്‌ കേട്ടിട്ടുള്ളത്‌?
രാജാവ്‌ നഗ്നനാണ്‌
ഞാന്‍ അവനെ കാണുന്നുണ്ട്‌
എന്തുകൊണ്ട്‌ ഞാന്‍?
ഇതെനിക്കുള്ളതല്ല
വലിയൊരു ജന്തുവാണ്‌ ഇത്‌

ഉണര്‍ന്നെണീക്കൂ
ഒച്ചവെക്കൂ
ആളുകളോട്‌ പറയൂ
നിനക്ക്‌ കഴിയും
എനിക്കോ?
ഈ ചെറിയ ഭാഗത്തിനോ?
ഈ ഗുമസ്തനോ?
ഈ യന്ത്രത്തൊഴിലാളിക്കോ?
അതെ, നിനക്കു തന്നെ
നീ ജനത്തിന്റെ ആളാണ്‌
അവരുടെ കണ്ണാണ്‌
അവരുടെ ചാരന്‍, വ്യാപാരി
അവരോട്‌ പറ എന്താണ്‌ നീ കണ്ടതെന്ന്
അകത്തുള്ള ബുദ്ധികേന്ദ്രങ്ങള്‍ എന്തൊക്കെയാണ്‌
നമ്മില്‍നിന്ന് മറച്ചുപിടിച്ചിരിക്കുന്നതെന്ന്
അവരോട്‌ പറ
നീയില്ലെങ്കില്‍ പിന്നെ
ഒരേയൊരു വഴി മാത്രമേ ബാക്കിയുള്ളു
സര്‍വ്വനാശം

എനിക്ക്‌ മറ്റു വഴിയില്ല
ചെറിയവനായിരിക്കാം ഞാന്‍
അനേകരില്‍ ഒരുവന്‍
ഒരു വെറും പൗരന്‍
എങ്കിലും ഞാനത്‌ ചെയ്യുകതന്നെ ചെയ്യും
എന്റെ മനസ്സാക്ഷിയില്‍നിന്ന് ഒളിക്കാന്‍ എനിക്ക്‌ മറ്റിടമില്ല

ചെറിയൊരു ലോകമാണ്‌ ഇത്‌
വലിയവര്‍ക്ക്‌ ഈ ഇടം മതിയാകില്ല
നിന്റെ ദൗത്യം ഞാന്‍ ഏറ്റെടുക്കുന്നു
എന്നില്‍നിന്ന് അതെടുത്തുകൊള്ളുക

വരൂ, കാണൂ
എന്റെ ഭാരം ഒന്നയയട്ടെ
ഈ വണ്ടി നിര്‍ത്തൂ
വൈകരുത്‌,
അടുത്ത താവളം സര്‍വ്വനാശത്തിന്റേതാണ്‌
ഓര്‍ത്തോളൂ
മറ്റൊരു പുസ്തകം, മറ്റൊരു യന്ത്രം
അതൊരിക്കലും ഉണ്ടാകില്ല


പരിഭാഷകക്കുറിപ്പ്‌

ആഷ്കിലോണ്‍ ജയിലില്‍ വെച്ച്‌, വാന്നുനു (Mordechai Vanunu, മൊറോക്കോവില്‍ ജനിച്ച ജൂതവംശജന്‍)എഴുതിയ ഒരു കുറിപ്പ്‌. കവിതയെന്നും വേണമെങ്കില്‍ ഇതിനെ വിളിക്കാം. ഇസ്രായേലിന്റെ ആണവരഹസ്യങ്ങള്‍ ബ്രിട്ടീഷ്‌ സര്‍ക്കാരിന്‌ ചോര്‍ത്തിക്കൊടുത്തു എന്ന കുറ്റത്തിന്‌ 1986-ല്‍ ജയിലിലടക്കപ്പെട്ട വാന്നുനു 18 വര്‍ഷം കഴിഞ്ഞ്, 2004-ലാണ് പുറത്തുവരുന്നത്‌. ഈ പതിനെട്ടു വര്‍ഷത്തില്‍, പതിനൊന്ന് കൊല്ലക്കാലവും അദ്ദേഹം ഏകാന്തതടവിലായിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ജയില്‍മോചിതനായത്‌. വീണ്ടും നിരവധി തവണ പലപ്പോഴായി ജയില്‍ശിക്ഷ അനുഭവിച്ചു. ഇപ്പോഴും പല കേസിലും പ്രതിയായി, രാജ്യത്തിന്‌ അനഭിമതനായി, എന്നാല്‍ പുറത്തേക്ക്‌ പോകുന്നതില്‍നിന്നും വിലക്കപ്പെട്ട്‌ കിഴക്കന്‍ ജറുസലേമില്‍ കഴിയുന്നു. ആണവായുധങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുത്തുകൊണ്ട് വാന്നുനു ഇപ്പോഴും (പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്) രംഗത്തുണ്ട്. വാന്നുന്നുവിന്റെ ഇ-മെയില്‍ വിലാസം vanunuvmjc@ hotmail.com

Monday, February 25, 2008

അധിനിവേശത്തിന്റെ സൗന്ദര്യശാസ്ത്രം

മഹമൂദ്‌ ദാര്‍വിഷ്‌ നഗരത്തില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. അറബ്‌ കവികളില്‍ ഏറ്റവും പ്രശസ്തന്‍. ഏറെക്കാലം പ്രവാസിയായി കഴിയേണ്ടിവന്ന ഒരാള്‍. സൗന്ദര്യശാസ്ത്രത്തെക്കുറിച്ച്‌ നിശ്ചയമായും അദ്ദേഹത്തിന്‌ അറിവുണ്ടാവണം...അന്തര്‍ലീനവും, വിരൂപവും, പ്രഹസനവും, സുന്ദരവുമായ...എല്ലാതിനെക്കുറിച്ചും അദ്ദേഹത്തിനറിയാം..അധിനിവേശം, നഷ്ടങ്ങള്‍, ദുരിതങ്ങള്‍, അഭിലാഷങ്ങള്‍, ദുരന്തങ്ങള്‍..എല്ലാം...എല്ലാം അറിയാം.

മുന്‍കൂട്ടി നിശ്ചയിച്ച പല പരിപാടികളും മാറ്റിവെച്ച്‌ ദാര്‍വിഷിന്റെ ഏറ്റവും പുതിയ കവിതകള്‍ കേള്‍ക്കാന്‍ ഞാനും പോയി. അവിടെ എത്തിയപ്പോഴേക്കും ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ആരെയും അകത്തേക്ക്‌ കടത്തിവിടുന്നില്ല. അഞ്ഞൂറിലധികം ആളുകളുണ്ടായിരുന്നു അതിന്റെ അകത്ത്‌.

ഉള്ളില്‍ തിക്കിതിരക്കി കടക്കാന്‍ വെറുതെ ശ്രമിച്ചു. അദ്ദേഹത്തെ നേരിട്ടു കാണാനോ കേള്‍ക്കാനോ സാധിക്കില്ലെന്ന് ബോദ്ധ്യമായപ്പോള്‍ നിരാശ കൂടിക്കൂടി വന്നു.

സദസ്സിനെ നോക്കി. കൂടുതലും ചെറുപ്പക്കാര്‍. ഇരുപത്‌ കടക്കുന്നവര്‍, കുറച്ച്‌ പ്രായമായവരും. അത്‌ എനിക്ക്‌ അല്‍പ്പം പ്രത്യാശ നല്‍കി. ഒരു അധിനിവേശത്തില്‍നിന്നും ഒഴുകുന്ന കവിതയെ ആസ്വദിക്കാന്‍ അറബ്‌ വംശത്തിന്‌ ഇപ്പോഴും കഴിയുന്നുവെങ്കില്‍, പ്രത്യാശ കയ്യൊഴിയാന്‍ സമയമായിട്ടില്ലെന്ന് അത്‌ എന്നെ ബോദ്ധ്യപ്പെടുത്തി.

ഒരു പക്ഷേ വാക്കുകള്‍ മാത്രമായിരിക്കും ബാക്കിവന്നിട്ടുള്ള ഒരേയൊരു വസ്തു.

കവിത രചിക്കാനുള്ള വാക്കുകള്‍, ദുരന്തങ്ങളെ സംവേദനം ചെയ്യാനുള്ള വാക്കുകള്‍, വേദനക്ക്‌ അടിക്കുറിപ്പെഴുതുന്ന വാക്കുകള്‍..

സദസ്സിന്റെ പ്രതികരണം കാണാന്‍ കാത്തുനില്‍ക്കാതെ,ദാര്‍വിഷിന്റെ പുതിയ പുസ്തകവും വാങ്ങി ഞാന്‍ പുറത്തുകടന്നു.

ദാര്‍വിഷിന്റെ കവിത കേള്‍ക്കാന്‍ കഴിഞ്ഞില്ല. നൂറുകണക്കിനു കവിതകള്‍ എഴുതിയിട്ടുണ്ട്‌ അദ്ദേഹം. പക്ഷേ എന്നു മുതല്‍ക്കാണ്‌ കവികള്‍ യാഥാര്‍ത്ഥ്യങ്ങളെ രൂപാന്തരപ്പെടുത്താന്‍ തുടങ്ങിയത്‌?

അവര്‍ സത്യത്തിന്റെ സംവേദകരാണ്‌. സാധാരണ മനുഷ്യര്‍ക്ക്‌ ആവിഷ്ക്കരിക്കാന്‍ സാധിക്കാതെവരുന്ന സാധാരണ സത്യങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുന്നവര്‍. അതുകൊണ്ട്‌ അവര്‍ കവിതകള്‍ വായിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നു. 'നമ്മളെല്ലാം അതിന്റെ അകത്താണ്‌' എന്നൊരു ബോധം അങ്ങിനെ അവര്‍ വാക്കുകള്‍കൊണ്ട്‌ സൃഷ്ടിക്കുന്നു. ഒരു നൈമിഷികമായ ബോധം.

പുറത്തെ ശുദ്ധവായു ശ്വസിച്ചപ്പോള്‍ വലിയ ആശ്വാസം തോന്നി. വാക്കുകള്‍ക്കുവേണ്ടി ദാഹിച്ച്‌ ഇരിക്കുന്ന പ്രതീക്ഷാനിര്‍ഭരമായ ശരീരങ്ങളുടെ ഗന്ധവും, ഇരിപ്പിടമോ, ഒരിഞ്ചു സ്ഥലമോ കിട്ടാനുള്ള കാത്തിരിപ്പും എല്ലാംകൂടി എനിക്ക്‌ തലപെരുക്കുന്നുണ്ടായിരുന്നു.

മറ്റൊരു കെണിയാണ്‌ ഇത്‌. ഉള്ളില്‍ ആരോ പറയുന്നു. പ്രതീക്ഷയുടെ നാമ്പുകള്‍ ഉള്ളില്‍ മുളപ്പിച്ച്‌, വീണ്ടും വീണ്ടും നിരാശയിലേക്കാഴ്ത്തുന്ന ഒരു കെണി.

പിറകില്‍ ആരുടെയോ കാലൊച്ച കേള്‍ക്കുന്നു.

"അദ്ദേഹത്തിന്റെ കവിതകള്‍ കേള്‍ക്കാന്‍ കഴിയാത്തത്‌ കഷ്ടമായി", അയാള്‍ പറഞ്ഞു.

"അതെ, കഷ്ടമാണ്‌". നടന്നുകൊണ്ടുതന്നെ ഞാനും പറഞ്ഞു.

"നിങ്ങള്‍ ഇറാഖിയാണെന്നു തോന്നുന്നു" അയാള്‍ ചോദിച്ചു.

ഞാന്‍ നിന്നു. ഒരു മെലിഞ്ഞ മനുഷ്യന്‍. മുഖത്ത്‌ അസംഖ്യം ചുളിവുകള്‍.

"അതെ, ഞാന്‍ ഇറാഖിയാണ്‌. എങ്ങിനെ ഊഹിച്ചു?"

"ഭാരവാഹികളോട്‌ നിങ്ങള്‍ സംസാരിക്കുന്നത്‌ കേട്ടപ്പോള്‍ തോന്നി. ഞാനും ഇറാഖിയാണ്‌".

"എനിക്കും മനസ്സിലായി. നിങ്ങളുടെ സംസാരത്തില്‍നിന്ന്"

"ഞാനും കവിയാണ്‌. ബാഗ്ദാദില്‍നിന്ന് രക്ഷപ്പെടേണ്ടിവന്നു".

അപ്പോള്‍ കവിത രക്ഷപ്പെടലിനെക്കുറിച്ചായിരിക്കുമല്ലോ അല്ലേ?

അയാള്‍ ചിരിച്ചു.

"അല്ല, ഞാന്‍ സ്നേഹത്തെക്കുറിച്ചാണ്‌ കവിത എഴുതാറ്‌"

"സ്നേഹമോ? അധിനിവേശത്തിന്‍കീഴിലും സ്നേഹമോ?"

അയാള്‍ എന്നെ അല്‍പ്പനേരം നോക്കി. എന്നിട്ട്‌ പറഞ്ഞു.

"ഞാന്‍ എഴുതുന്നത്‌, അധിനിവേശത്തിന്റെ കീഴില്‍ എവിടെയാണ്‌ സ്നേഹത്തെ കണ്ടെത്തേണ്ടത്‌ എന്നതിനെക്കുറിച്ചാണ്‌"

"ഞാനത്‌ ഊഹിച്ചു" അഭിവാദ്യം പറഞ്ഞ്‌ ഞങ്ങള്‍ വഴിപിരിഞ്ഞു.

എന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു?

അധിനിവേശത്തിന്റെ കീഴില്‍ സ്നേഹമന്വേഷിക്കുന്നവരുടെ ഈ വാക്കുകളുടെ പെരുമഴ എന്നും ഞാന്‍ കേള്‍ക്കാറുള്ളതാണ്‌. നിങ്ങള്‍ ആ വാക്കുകളെ എന്തുചെയ്യും?

കേട്ടിട്ടില്ലേ?
"ഞാന്‍ എങ്ങിനെ പിടിച്ചുനില്‍ക്കും?"
" എനിക്ക്‌ ഒരു ഭാവിയുമില്ല"
"ആ വേദനയെ മറികടക്കാന്‍ എനിക്കാവുന്നില്ല"
"ഓര്‍മ്മകള്‍ എന്നെ എല്ലായിടത്തും പിന്തുടരുന്നു",
"ഞാന്‍ സ്വയം നഷ്ടപ്പെട്ടവനാണ്‌",
നമ്മളൊരു തുരങ്കത്തിനകത്താണ്‌",
"എനിക്കൊരു പ്രതീക്ഷയുമില്ല",
"ഇതൊരിക്കലും അവസാനിക്കാന്‍ പോകുന്നില്ല",
"നമ്മെ എല്ലാവരും കയ്യൊഴിഞ്ഞിരിക്കുന്നു",
"ആര്‍ക്കും നമ്മെ വേണ്ടാതായിരിക്കുന്നു",
"നമ്മള്‍ വിസ്മൃതിയിലകപ്പെട്ടിരിക്കുന്നു",
"നമ്മളിപ്പോള്‍ എണ്ണമെടുക്കുന്നില്ല","നമുക്കിനി രാജ്യമില്ല",
"എന്റെ വീട്‌ തകര്‍ന്നുതരിപ്പണമായിരിക്കുന്നു",
"അവര്‍ എന്റെ മകനെയും ഭര്‍ത്താവിനെയും, ഭാര്യയെയും, കുട്ടികളെയും, അച്ഛനമ്മമാരെയും കൊന്നുകളഞ്ഞു",
"അവര്‍ എന്നെ മാനഭംഗപ്പെടുത്തി, എനിക്കൊരിക്കലും ഇനി പഴയപടിയാകാന്‍ കഴിയില്ല",
"അവരുടെ കണ്ണില്‍ നമുക്കൊരു വിലയുമില്ല"..

ഇങ്ങിനെ എത്രവേണമെങ്കിലുമുണ്ട്‌.

ഈ വാക്യങ്ങളെ നിങ്ങളെന്തു ചെയ്യും?

ഈ വാക്യങ്ങള്‍കൊണ്ട്‌ നിങ്ങളെന്തുചെയ്യും. എങ്ങിനെയാണ്‌ അവയെ നേരാംവണ്ണം വെക്കുക? എന്താണ്‌ നിങ്ങളവയോട്‌ പറയുക?

ഇവയെ പിന്തുടരുന്ന വേദനയെ നിങ്ങള്‍ എന്തു ചെയ്യും?

ഏതുതരം കവിതയാണ്‌ നിങ്ങള്‍ എഴുതുക?

ഊന്നുവടികളെപ്പോലെ, കൈത്താങ്ങുപോലെയുള്ള ഒട്ടനവധി വാക്കുകള്‍. എന്നിട്ട്‌ നിങ്ങള്‍ പറയുന്നു.."കുറച്ചുകൂടി ക്ഷമിക്കൂ, അല്‍പം കൂടി സഹിക്കൂ, പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കൂ..എല്ലാം കലങ്ങിത്തെളിയും..ദൈവം കരുണാമയനാണ്‌" എന്നൊക്കെ.

ഈ വാക്കുകള്‍ പൊള്ളയാണെന്നും, അവക്ക്‌ അര്‍ത്ഥനാശം വന്നിരിക്കുന്നുവെന്നും എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം. അവ നമുക്ക്‌ നഷ്ടപ്പെട്ടിട്ടും കാലമേറെയായി. വെയിലേറ്റ്‌, നിറം മങ്ങിയ , പിഞ്ഞിത്തുടങ്ങിയ ഒരു ശീലക്കഷണം പോലെ..

എവിടെയാണ്‌ നിങ്ങള്‍ക്ക്‌ സൗന്ദര്യവും സ്നേഹവും കണ്ടെത്താനാവുക? ഏത്‌ അനുഭവത്തില്‍? ഏത്‌ പശ്ചാത്തലത്തില്‍? ഏത്‌ സ്മരണയില്‍? എല്ലാ പഴയ ഓര്‍മ്മകളും മാഞ്ഞ്‌, ഒരു വലിയ ശൂന്യത മാത്രം ബാക്കിവന്ന്, അതില്‍ വീണ്ടും ആ പഴകി ദ്രവിച്ച കീറത്തുണി....

അധികപ്പറ്റായ ഒരു ചര്‍മ്മംപോലെ നിങ്ങളെ പൊതിഞ്ഞ്‌, നിങ്ങളുടെ കാഴ്ചയെ വിരൂപമാക്കി, നിങ്ങളുടെ ധാരണകളെ വക്രീകരിച്ച്‌, ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്ത വിരുന്നുകാരനെപ്പോലെ നിങ്ങളെ പൊതിയുന്ന ആ മാലിന്യത്തെ നിങ്ങള്‍ എന്തുചെയ്യും? നിങ്ങളുടെ അസ്തിത്വത്തെ അധിനിവേശിക്കുന്ന അതിനെ?

ആ അഴുക്കിനെ?

നിങ്ങള്‍ കാണുകയും, ദൃക്‌സാക്ഷിയാവുകയും, കേള്‍ക്കുകയും ചെയ്ത ആ വൃത്തികേടിനെ.

മനുഷ്യത്വപൂര്‍ണ്ണമെന്ന് ഇത്രനാളും നിങ്ങള്‍ തെറ്റിദ്ധരിച്ച ആ മുഖത്ത്‌ ഇന്ന് മെല്ലെമെല്ലെ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആ നിഗൂഢലക്ഷ്യങ്ങളുടെ അഴുക്കുകളെ നിങ്ങളെന്തു ചെയ്യും?

വംശഹത്യയുടെയും, ക്രൂരതയുടെയും, അവഗണനയുടെയും, ദാരിദ്ര്യത്തിന്റെയും, നിലനില്‍പ്പിന്റെയും, വ്യാജവേഷങ്ങളുടെയും ആ അശ്ലീലങ്ങളെ?

ഞാനീ ചോദ്യങ്ങള്‍ എന്നോടുതന്നെ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഇതു മാത്രമല്ല, ഇതില്‍നിന്നും സ്വാഭാവികമായി വരുന്ന മറ്റൊരു ചോദ്യവും - ഇതില്‍നിന്നെല്ലാം എന്നെങ്കിലുമൊരിക്കല്‍ രക്ഷയുണ്ടോ എന്ന ചോദ്യം.

പിന്നെ, എവിടെയാണ്‌ നിങ്ങള്‍ സൗന്ദര്യം കണ്ടെത്തുക? ഭാവി എന്നത്‌ വിദൂരമായതുകൊണ്ട്‌, പൊയ്പോയ കാലങ്ങളെ ചിക്കിച്ചിനക്കിയെടുത്ത്‌ അതിനകത്തെ മങ്ങിത്തുടങ്ങിയ ഏതെങ്കിലും ഒരു പുരാവസ്തുവില്‍ ഒരുപക്ഷേ അത്‌ നമ്മള്‍ കണ്ടെത്തിയെന്നുവരാം.

വര്‍ത്തമാനകാലത്തെ നമ്മള്‍ എന്തുചെയ്യും? എങ്ങിനെയാണ്‌ അതിനെ നമ്മള്‍ സഹിക്കുക? മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അത്‌ നമ്മെ എങ്ങിനെയാണ്‌ സഹിക്കുക? അടര്‍ന്നകലുന്ന ഓരോ ദിവസവും, നാഴികകളും, നിമിഷങ്ങളും. എങ്ങിനെയാണ്‌, അത്‌ നമ്മെ ഉള്‍ക്കൊള്ളുക?

ആ ഹാളിനകത്ത്‌ കയറിക്കൂടാന്‍ ഞാന്‍ തിക്കിത്തിരക്കിയപോലെ, നിങ്ങളും ഇന്നിന്റെ അകത്ത്‌ കയറിക്കൂടാന്‍ ശ്രമിക്കുമെന്നോ? അതോ, ആ ശ്രമം ഉപേക്ഷിച്ച്‌, അജ്ഞാതമായ മറ്റെവിടേക്കെങ്കിലും നടന്നകലുമെന്നോ? അങ്ങിനെയെങ്കില്‍, എങ്ങോട്ടേക്കാണത്‌?

ഇത്‌ തോല്‍വി സമ്മതിക്കലല്ല. ഇതാണ്‌ യാഥാര്‍ത്ഥ്യം. ഏതു യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണോ നിങ്ങള്‍ക്ക്‌ ഒരു ചുക്കുമറിയാത്തത്‌, അതുതന്നെയാണിത്‌.

ഭ്രാന്തു പിടിപ്പിക്കുന്ന ഒരു സമാന്തര യാഥാര്‍ത്ഥ്യം. കുമിളപോലെയുള്ള ഒന്ന്. അഭിസംബോധനചെയ്യാനോ, കാണാനോ ഇതുവരെ ആരും കൂട്ടാക്കാതിരുന്ന ഒരു നീര്‍ക്കുമിള. നിലനില്‍പ്പിന്റെ ആ നീര്‍പ്പോളക്കകത്ത്‌, എവിടെയാണ്‌ നിങ്ങള്‍ സ്നേഹം കണ്ടെത്തുക? ഒരു കുമിളയോട്‌ എങ്ങിനെയാണ്‌ നിങ്ങള്‍ ബന്ധപ്പെടുക? ഒരു പക്ഷേ നിങ്ങളെപ്പോലെതന്നെ, ഈ കുമിളകള്‍ക്കകത്ത്‌ കഴിയാന്‍ വിധിക്കപ്പെട്ട മറ്റ്‌ ആളുകളുമായിട്ടായിരിക്കണം നിങ്ങള്‍ ഒരുപക്ഷേ ബന്ധപ്പെടുക. മാനസികവും, ശാരീരികവും, വൈകാരികവുമായ ഒരു പുറമ്പോക്ക്‌. ചുരുങ്ങിചുരുങ്ങി വന്ന് ഒരു ബിന്ദുവോളം ചെറുതായിത്തീരുന്ന ഒരു സ്ഥലരാശി.

നിങ്ങള്‍ നില്‍ക്കുന്ന ആ ബിന്ദു നിങ്ങളുടെ നിര്‍ണ്ണായകമായ സ്ഥലരാശിയാവുകയും ചെയ്യുന്നു. ഒരേയൊരു കാര്യം മാത്രമേ നിങ്ങളെ അലട്ടുന്നുള്ളു. ചുവടുപതറാതെ, എങ്ങിനെ അവിടെ പിടിച്ചുനില്‍ക്കാമെന്ന്.

ആശയറ്റ ഒരു ബിന്ദു. അവിടെ എങ്ങിനെയാണ്‌ ഒരാള്‍ സ്നേഹം കണ്ടെത്തുക?

തിമിരം ബാധിച്ച, അല്‍പ്പജ്ഞനായ ഒരു പാശ്ചാത്യന്‍ ഒരിക്കല്‍ എനിക്കെഴുതി:

"കീറിപ്പഴകിയ ദേശാഭിമാനസഞ്ചി എങ്ങിനെയാണ്‌ ഞാന്‍ വീണ്ടും തുന്നിച്ചേര്‍ക്കുക? ഉപയോഗശൂന്യമായ തുരുമ്പു പിടിച്ച ഇറാഖി തകരപ്പാത്രം എങ്ങിനെയാണ്‌ ഞാന്‍ തിരിച്ചെടുക്കുക? ഇനിയും, എങ്ങിനെയാണ്‌ ഞാന്‍ അതിന്റെയുള്ളിലെ മൃഗതൃഷ്ണയെ അഭിമുഖീകരിക്കുക? നിങ്ങള്‍ അനഭിമതയാണെന്ന് എങ്ങിനെ നിങ്ങള്‍ക്ക്‌ പറയാന്‍ കഴിയും? ഭാവിയില്ലെന്ന് സ്വയം കരുതാന്‍ എങ്ങിനെ നിങ്ങള്‍ക്കാവും?"

എന്തുകൊണ്ടാണ്‌ ആളുകള്‍ക്ക്‌ വ്യഷ്ടിയെയും സമഷ്ടിയെയും ഒന്നായിതന്നെ കാണുവാന്‍ കഴിയാത്തത്‌? ഉള്ളിലേറ്റിനടക്കുന്ന ജീനുകളെപ്പോലെ സാര്‍വ്വത്രികമായ ഒരു വിധിയെ പുല്‍കാന്‍ കഴിയാത്തത്‌?

ഇത്‌ എന്നെക്കുറിച്ചല്ല. നമ്മെക്കുറിച്ചാണ്‌.

ഇന്നത്തെ നമ്മുടെ അവസ്ഥയില്‍, നമുക്ക്‌ ഒരു ഭാവിയുമില്ല. ഭാവിയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങള്‍ നമ്മളില്‍നിന്ന് അപഹരിക്കപ്പെട്ടിരിക്കുന്നു. അതൊരു യാഥാര്‍ത്ഥ്യമാണ്‌.

എന്നിട്ടും ഇതുപോലുള്ള മൂഢ തത്ത്വചിന്തകളുമായി ഒരാള്‍ പ്രത്യക്ഷപ്പെടുമ്പോള്‍..അതിനര്‍ത്ഥം, അധിനിവേശത്തെക്കുറിച്ചോ, വംശഹത്യയെക്കുറിച്ചോ, മാനഭംഗങ്ങളെക്കുറിച്ചോ, വിശ്വാസത്തിന്റെയും അര്‍ത്ഥത്തിന്റെയും, ജീവിതത്തിന്റെതന്നെയും നഷ്ടത്തെക്കുറിച്ചോ ഒന്നും അയാള്‍ ഒന്നും മനസ്സിലാക്കിയിട്ടില്ലെന്നുതന്നെയാണ്‌..കാരണം, അയാള്‍ തത്ത്വചിന്തയില്‍ ആഴ്‌ന്നിറങ്ങിയിരിക്കുകയാണ്‌.

ഒരു അവസാനവും കാണാത്ത അധിനിവേശത്തിന്റെ അഗാധമായ താഴ്ചകളും, അതിന്റെ അശ്ലീലമായ ബഹുമുഖവും അയാള്‍ തിരിച്ചറിയുന്നില്ല എന്നുതന്നെയാണ്‌ അതിന്റെ അര്‍ത്ഥം.

പക്ഷേ എന്നിട്ടും എന്റെ കയ്യില്‍ വാക്കുകളല്ലാതെ മറ്റൊന്നുമില്ല..അതുപോലും ചെന്നെത്തുന്നത്‌, തണുത്തുറഞ്ഞ്‌, നിശ്ചലവും നിര്‍വ്വികാരവുമായ ഒരു തടാകത്തിലാണ്‌.അല്ലെങ്കില്‍ അത്‌ ചെന്ന് മുട്ടുന്നത്‌, മനുഷ്യരെന്ന ആ ഭീമാകാരമായ കന്മതിലിലാണ്‌.

അപ്പോള്‍ ഞാന്‍ വീണ്ടും ചോദിക്കട്ടെ, ഒരുവന്റെ വൈയക്തികവും സാമൂഹികവുമായ അനുഭവങ്ങളെ ഇത്ര നിര്‍ദ്ദയമായ വാചാടോപങ്ങളാല്‍ എറ്റിക്കളയുമ്പോള്‍ എവിടെയാണ്‌ അയാള്‍ക്ക്‌ സ്നേഹം കണ്ടെത്താനാവുക?

രക്ഷപ്പെടാന്‍ ഒരേയൊരു വഴിയേയുള്ളു - രോഷം.

നിങ്ങളുടെ ധാരണകളെയും, തത്ത്വചിന്തകളെയും, വിശകലങ്ങളെയും, സിദ്ധാന്തങ്ങളെയും, ഭാവനകളെയും എല്ലാം ചുട്ടുചാമ്പലാക്കുന്ന ആ വലിയ രോഷം.

നമ്മിലേക്ക്‌ നിറഞ്ഞൊഴുകിയെത്തുന്ന ഇന്നിന്റെ എല്ലാ വൃത്തികേടുകളെയും, വിദ്വേഷത്തെയും, നിസ്സംഗതയെയും അഗ്നിശുദ്ധിവരുത്തുന്ന, രോഷത്തിന്റെ ഒരു വലിയ കാട്ടുതീ.

നിങ്ങളുടെ അധിനിവേശത്തിന്റെ ബഹുമുഖമായ സൗന്ദര്യശാസ്ത്രത്തില്‍ന്ന് രക്ഷപ്പെടാന്‍ അതേ ഒരു വഴിയുള്ളു. അന്തര്‍ലീനമായ രോഷത്തിന്റെ സൗന്ദര്യശാസ്ത്രം.





The Aesthetics of Occupation എന്ന പേരില്‍ ലൈല അന്‍‌വര്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

Thursday, February 21, 2008

സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര

സുനില്‍ ഗംഗോപാദ്ധ്യായ
പരിഭാഷ - രാജീവ്‌ ചേലനാട്ട്‌

മഹേന്ദ്രപര്‍വ്വതത്തിന്റെ മുകളിലെത്തിയപ്പോള്‍ യുധിഷ്ഠിരന്‍ നിന്നു. അയാള്‍ക്കു മുകളില്‍ ആകാശമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഇത്ര വലിയ ആകാശത്തിനുകീഴില്‍ നില്‍ക്കുമ്പോഴാണ്‌ മനുഷ്യന്റെ ഏകാന്തതാബോധം അസഹനീയമായിത്തീരുന്നത്‌. താഴെ, താന്‍ പിന്നിട്ടുപോന്ന മലഞ്ചെരുവുകളില്‍, നാലു സഹോദരന്‍മാരുടെയും, ഭാര്യയുടെയും ശവശരീരങ്ങള്‍ വിറങ്ങലിച്ചു കിടന്നിരുന്നു. വീണ്ടും ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കാന്‍ യുധിഷ്ഠിരന്‌ ധൈര്യമുണ്ടായില്ല. തനിക്ക്‌ കൂട്ടായി വന്ന നായ അല്‍പം അക്ഷമ കാട്ടിത്തുടങ്ങിയിരിന്നു. സഞ്ചിയില്‍നിന്ന് യജ്ഞോപവീതമെടുത്ത്‌ കൊടുത്ത്‌, ശ്വാനനോട്‌ ശാന്തനായിരിക്കാന്‍ പറഞ്ഞു യുധിഷ്ഠിരന്‍.

അല്‍പ്പസമയത്തിനുശേഷം ആകാശത്തുനിന്നും തീജ്ജ്വാലപോലെ ഒരു തേരിറങ്ങിവന്നു. അതില്‍നിന്നും പുറത്തിറങ്ങിയ ബഹിരാകാശസഞ്ചാരിയെ യുധിഷ്ഠിരന്‍ വണങ്ങി. "വരൂ മകനേ" ബഹിരാകാശസഞ്ചാരി പറഞ്ഞു. "നീ കേവലം ഒരു മര്‍ത്ത്യനാണെങ്കിലും, നിന്റെ നന്മയും ക്ഷമയും കണക്കിലെടുത്ത്‌, ശരീരം ഉപേക്ഷിക്കാതെതന്നെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്രക്ക്‌ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു".

"ആദ്യം ഈ നായയെ സ്വീകരിച്ചാലും" യുധിഷ്ഠിരന്‍ അഭ്യര്‍ത്ഥിച്ചു.

ബഹിരാകാശസഞ്ചാരിയുടെ പുരികക്കൊടി വളഞ്ഞു. അത്ഭുതത്തോടെ അയാള്‍ ചോദിച്ചു. "ഈ നായയോ? എന്തിനാണത്‌?'

'എന്റെ ആഗ്രഹമാണത്‌. അതു തന്നെ" വിനയത്തോടെയും എന്നാല്‍ ദൃഢനിശ്ചയത്തോടെയും യുധിഷ്ഠിരന്‍ മറുപടി നല്‍കി.

അല്‍പ്പമൊന്നാലോചിച്ചതിനുശേഷം ബഹിരാകാശജീവിയുടെ ചുണ്ടില്‍ മന്ദസ്മിതം വിരിഞ്ഞു. 'എനിക്ക്‌ മനസ്സിലാകുന്നു. യുധിഷ്ഠിരാ, നീ ശരിക്കും ബുദ്ധിമാന്‍ തന്നെ. ഞങ്ങളുടെ ഈ ശൂന്യാകാശപേടകം സുരക്ഷിതമാണോയെന്ന് നീ സംശയിക്കുന്നു അല്ലേ. ജീവിച്ചിരിക്കുന്ന ആരുംതന്നെ ഈ പേടകത്തില്‍ ഇതുവരെ സഞ്ചരിച്ചിട്ടില്ല. അതുകൊണ്ടാണ്‌ നീ ഈ നായയെ വിട്ട്‌ പരീക്ഷിക്കുന്നത്‌, അല്ലേ?"

"ശരിയാണ്‌. ഞാന്‍ അസത്യം പറയാറില്ല. എന്റെ സംശയം മാറ്റുന്നതിനുവേണ്ടിയാണ്‌ ഞാനിവനെ കൊണ്ടുവന്നത്‌. എന്റെ കൂടെ നിര്‍ത്താന്‍വേണ്ടി ഇടക്കിടക്ക്‌ അവന്‌ ഭക്ഷണം കൊടുക്കേണ്ടിവന്നു എനിക്ക്‌"

ഒരക്ഷരംപോലും പറയാതെ, ബഹിരാകാശയാത്രികന്‍ നായയെ പേടകത്തിലാക്കി ആകാശത്തേക്ക്‌ കുതിച്ചു. യുധിഷ്ഠിരന്‍ ആകാശത്തേക്ക്‌ ദൃഷ്ടികള്‍ പായിച്ച്‌ നിന്നു.

ഒരു മണിക്കൂറിനുശേഷം പേടകം തിരിച്ചുവന്നു. വാലാട്ടിക്കൊണ്ട്‌, സന്തോഷത്തോടെ അതില്‍നിന്ന് നായ പുറത്തുചാടി. സഞ്ചിയില്‍ ബാക്കിവന്ന ഭക്ഷണംകൂടി അതിന്‌ കൊടുത്ത്‌ യുധിഷ്ഠിരന്‍ അതിനെ യാത്രയാക്കി. "ഇനി പൊയ്ക്കോ. നീ എന്നെ നല്ലവണ്ണം സഹായിച്ചു. ഞാന്‍ അതിനാല്‍ നിനക്ക്‌ ഒരു വരം തരുന്നു. ഇനി മുതല്‍, ആളുകളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമായി നീ അറിയപ്പെടും".

സുതാര്യമായ ഒരു ശിരോകവചം യുധിഷ്ഠിരനെ അണിയിച്ചതിനുശേഷം, എന്തെങ്കിലും വല്ലായ്മ തോന്നുന്നുണ്ടോ എന്നുകൂടി ചോദിച്ച്‌ ഉറപ്പുവരുത്തി ബഹിരാകാശയാത്രികന്‍.

'ഇല്ല"

"എങ്കില്‍ വരൂ"

വീണ്ടും രഥം യാത്രയായി. അവസാനമായി ഒരിക്കല്‍ക്കൂടി യുധിഷ്ഠിരന്‍ ഭൂമിയിലേക്ക്‌ നോക്കി. വല്ലാത്ത ഒരു തരം വിഷാദം അയാളെ അലട്ടി. ഒട്ടുമിക്ക സുഹൃത്തുക്കളും, ബന്ധുമിത്രാദികളും മരിച്ചുകഴിഞ്ഞിട്ടും, ഭൂമി ഒരു പ്രിയപ്പെട്ട സ്ഥലമായി അയാള്‍ക്കു തോന്നി.

"വേണമെങ്കില്‍ അല്‍പ്പം ഉറങ്ങിക്കോളൂ, നമ്മുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ ഇനിയും കുറച്ചുനേരമെടുക്കും" ബഹിരാകാശദൈവം പറഞ്ഞു.

"ഇനിയൊരിക്കലും ഈ മനോഹരമായ ഭൂമിയെ കാണാന്‍ എനിക്കാവില്ല. ഈ അവസാനത്തെ കാഴ്ചയുടെ ആനന്ദമെങ്കിലും എനിക്ക്‌ അനുവദിച്ചുകൂടെ?" യുധിഷ്ഠിരന്‍ ചോദിച്ചു.

'ശരിയാണ്‌ മകനേ. ഭൂമിയില്‍നിന്നുള്ള ആദ്യത്തെ ബഹിരാകാശസഞ്ചാരിയാണ്‌ നീ. ആര്‍ക്കും ഇതിനുമുന്‍പ്‌ ഇത്തരമൊരു അവസരം കിട്ടിയിട്ടില്ല നീ ചെയ്ത സല്‍ക്കര്‍മ്മങ്ങള്‍ക്കുപകരമായി, മരണത്തില്‍ക്കൂടി നീ കടന്നുപോകരുതെന്ന് ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്‌. പേടിതോന്നുന്നില്ലേ നിനക്ക്‌?"

"പേടിയോ? ഞാന്‍ എന്തിന്‌ പേടിക്കണം?"

"ചുരുങ്ങിയത്‌, ഈ സ്വര്‍ഗ്ഗമെന്ന സാധനത്തെക്കുറിച്ച്‌ നിനക്കൊന്നും അറിയില്ലെന്ന കാരണംകൊണ്ടുതന്നെ".

"എങ്ങിനെയാണ്‌ എനിക്കതിനെക്കുറിച്ചൊന്നും അറിയില്ലെന്ന് അങ്ങ്‌ പറയുന്നത്‌? എന്റെ പൂര്‍വ്വികര്‍ അവിടെയുണ്ടായിരുന്നു. ഈ സ്വര്‍ഗ്ഗത്തെ പുകഴ്ത്തി അവര്‍ ധാരാളം ശ്ലോകങ്ങളും എഴുതിയിട്ടുണ്ട്‌. വളരെയധികം യാഗങ്ങള്‍ കഴിക്കുകയും ധര്‍മ്മത്തിന്റെ പാതയില്‍ ചരിക്കുകയും ചെയ്തവനാണ്‌ ഞാന്‍. അതുകൊണ്ട്‌ എനിക്കറിയാം, ഒരിക്കല്‍ എനിക്ക്‌ സ്വര്‍ഗ്ഗത്തില്‍ പോകാനാകുമെന്ന്. പിന്നെ ഞാനെന്തിന്‌ പേടിക്കണം?"

"കൊള്ളാം. നന്നായി. നമുക്ക്‌ നോക്കാം"

"എന്നെ ആദ്യത്തെ ബഹിരാകാശസഞ്ചാരിയാക്കിയതിന്‌ നന്ദി. പക്ഷേ ഞാനൊന്ന് ചൂണ്ടിക്കാണിക്കട്ടെ. എന്റെ പൂര്‍വ്വികനായ പുരൂരവസ്സ്‌ പണ്ടൊരിക്കല്‍ സ്വര്‍ഗ്ഗം സന്ദര്‍ശിച്ചതിനുശേഷം തിരിച്ച്‌ ഭൂമിയിലേക്കുതന്നെ വന്നിട്ടുണ്ട്‌. വേറെയും ധാരാളം ഉദാഹരണങ്ങളുണ്ട്‌."

"അതൊക്കെ ആളുകള്‍ പറഞ്ഞുണ്ടാക്കുന്ന കഥകളാണ്‌ മകനേ. നിനക്കുമുന്‍പ്‌ ആരെയും ഇവിടെ കൊണ്ടുവന്നിട്ടില്ല. നിന്നെതന്നെ ഒരു പരീക്ഷണത്തിനു വേണ്ടിയിട്ടാണ്‌ ഞങ്ങള്‍ കൊണ്ടുപോകുന്നത്‌"

"പരീക്ഷണമോ?"

'അതെ, ഒരു ശാസ്ത്രീയ പരീക്ഷണം. അല്‍പ്പം സങ്കീര്‍ണ്ണമായ വിഷയമാണ്‌ നിനക്ക്‌ മനസ്സിലായിക്കൊള്ളണമെന്നില്ല. ശരീരമെന്നത്‌ പദാര്‍ത്ഥവും, ആത്മാവ്‌ എന്നത്‌ ഊര്‍ജ്ജവുമാണ്‌. പദാര്‍ത്ഥത്തെ ഊര്‍ജ്ജവും ഊര്‍ജ്ജത്തെ പദാര്‍ത്ഥവുമാക്കാന്‍ ഞങ്ങള്‍ക്കറിയാം. മനുഷ്യര്‍ക്ക്‌ ആ വിദ്യ ഇപ്പോഴും അജ്ഞാതമാണ്‌. തിരഞ്ഞെടുത്ത മനുഷ്യരുടെ ആത്മാവിനെ, അവര്‍ മരിച്ചതിനുശേഷം ഞങ്ങള്‍ ഇവിടെ കൊണ്ടുവന്ന്, ആ ഊര്‍ജ്ജത്തെ പദാര്‍ത്ഥമാക്കി മാറ്റി, ശരീരം വീണ്ടെടുക്കുന്നു. പക്ഷേ, അവരുടെ മനസ്സില്‍നിന്ന്, അപ്പോഴേക്കും ഞങ്ങള്‍ എല്ലാ ദുഷ്ടസ്വഭാവങ്ങളെയും മായ്ച്ചുകളഞ്ഞിട്ടുമുണ്ടാകും. ഈ പ്രക്രിയതന്നെ അല്‍പ്പം മാറ്റി ഒന്നു പരീക്ഷിക്കുകയാണ്‌ ഞങ്ങള്‍. മരണത്തില്‍ക്കൂടി പോകാതെ തന്നെ, അതായത്‌, ശരീരം അതേപടി നിലനിര്‍ത്തിക്കൊണ്ടുതന്നെ, എങ്ങിനെ മനസ്സിനെ വിമലീകരിക്കാമെന്ന്."

യുധിഷ്ഠിരന്‌ അല്‍പം ശുണ്ഠി വന്നു. അഭിമാനത്തോടെ അയാള്‍ പറഞ്ഞു. "ഭഗവാനേ, ഞാന്‍ ഭൂമിയില്‍ ജീവിച്ച കാലത്തോളം, ഒരാളും എന്നില്‍ ഈ ദോഷങ്ങളൊന്നും ആരോപിച്ചിട്ടില്ല. അതിന്റെ നേരിയ ലക്ഷണംപോലും ആര്‍ക്കും കണ്ടുപിടിക്കാനായിട്ടില്ല"

'അതുകൊണ്ടുതന്നെയാണ്‌ നിന്നെ ഞങ്ങള്‍ തിരഞ്ഞെടുത്തത്‌. പക്ഷേ നീ സ്വയം വിചാരിക്കുന്നതുപോലെ എല്ലാം തികഞ്ഞ ആളൊന്നുമല്ല നീയും. ഭൂമി എന്ന ഗ്രഹത്തിന്‌ ആരിലും ദുഷ്ടസ്വാധീനം ചെലുത്താന്‍ കഴിയും. ഒരു ചെറിയ സന്ദര്‍ശനത്തിനുപോലും ഞാന്‍ ഇവിടെ വരാറില്ല. വിഷ്ണു ഇടക്കിടക്ക്‌ വന്നുപോകാറുണ്ട്‌. അവന്‌ ആ ചെറിയ പെണ്ണുങ്ങളെ വലിയ ഇഷ്ടമാണ്‌. ഓരോ തവണ ഇവിടെ വന്ന് പോകുമ്പോഴും, അവന്‍ ഓരോന്നിനെ തട്ടിയെടുക്കുന്നത്‌ കണ്ടിട്ടില്ലേ?"

ദൈവങ്ങളെക്കുറിച്ച്‌ വെറുതെ ദൂഷണം പറയാന്‍ യുധിഷ്ഠിരന്‌ തീരെ താത്‌പര്യമുണ്ടായിരുന്നില്ല. താടിയും താഴ്ത്തി അയാള്‍ ഇരുന്നു.

പേടകം ഇറങ്ങിത്തുടങ്ങി. "ഇനി അല്‍പസമയത്തിനകം, നമ്മള്‍ നരകം എന്നുപേരായ ഒരു ഗ്രഹത്തിലെത്തും. ഒന്നു ചെറുതായി വിശ്രമിക്കാന്‍". ദൈവം പറഞ്ഞു. "അവിടെ എക്കാലവും താമസിക്കണമെന്ന് നീ പറയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ചിലര്‍ക്ക്‌ സ്വര്‍ഗ്ഗത്തേക്കാള്‍ ഇതിനോടാണ്‌ ആകര്‍ഷണം തോന്നിയിട്ടുള്ളത്‌".

യുധിഷ്ഠിരന്‍ പേടകത്തില്‍നിന്ന് പുറത്തു വന്നതേയില്ല. കണ്ണുകള്‍ മുറുക്കിയടച്ച്‌ അയാളിരുന്നു. എണ്ണമറ്റ കണ്ഠങ്ങളില്‍നിന്നുയരുന്ന നിലവിളികള്‍ അയാളെ ബധിരനാക്കി. അയാള്‍ ചെവികള്‍ രണ്ടും പൊത്തി. എന്നിട്ടും, ചില ശബ്ദങ്ങള്‍ വളരെ പരിചിതമായി യുധിഷ്ഠിരന്‌ തോന്നി.

അവിടെനിന്ന് സ്വര്‍ഗ്ഗത്തിലേക്ക്‌ അധികം ദൂരമുണ്ടായിരുന്നില്ല. "എന്റെ ജോലി ഇതോടെ തീര്‍ന്നു" ദൈവം പറഞ്ഞു. "ഇവിടെനിന്ന് നിന്നെ മറ്റുള്ളവര്‍ ഏറ്റെടുത്തുകൊള്ളും. ഇന്നിനി പ്രത്യേകിച്ചൊന്നും ഉണ്ടാവില്ല. നിനക്ക്‌ ഇഷ്ടമുള്ള സ്ഥലത്തൊക്കെ ചുറ്റിയടിക്കാം. എല്ലാ വീടും സ്വന്തം വീടായി കാണാം. എല്ലാ വീട്ടിലും ഭക്ഷണവുമുണ്ടാകും. ഇഷ്ടംപോലെ കഴിക്കുകയോ കുടിക്കുകയോ ചെയ്യാം. വേണമെങ്കില്‍, സ്ത്രീകളെയും കൂട്ടിനുവിളിക്കാം"

ബഹിരാകാശപേടകത്തില്‍നിന്നിറങ്ങി യുധിഷ്ഠിരന്‍ നടന്നു. എവിടെയും പോകാനുണ്ടായിരുന്നില്ല. അതുകൊണ്ട്‌ വഴി തെറ്റുമെന്ന പേടിയും വേണ്ട. വളവും തിരിവും ഇല്ലാത്ത വഴി. ഇടവഴികളും ഒന്നുമില്ല. നീല ഇലകളുള്ള മരങ്ങള്‍ വഴിയുടെ ഇരുഭാഗത്തുമായി നിന്നു. എന്തുകൊണ്ടാണ്‌ ദൈവത്തിന്‌ നീലനിറത്തിനോട്‌ ഇത്ര ഇഷ്ടമെന്ന് ഇപ്പോള്‍ യുധിഷ്ഠിരന്‌ മനസ്സിലായി. എവിടെയും നീല നിറം മാത്രം. ഹരിതനിറം കണ്ടുശീലിച്ച യുധിഷ്ഠിരന്റെ കണ്ണുകളെ ഈ നീലനിറം വേദനിപ്പിച്ചു.

ചങ്ങാതികളെയും ബന്ധുക്കളെയും കാണാന്‍ അദ്ദേഹത്തിന്‌ ധൃതിയായി. പ്രത്യേകിച്ചും ഭീഷ്മപിതാമഹനെ. ഇത്തരത്തിലുള്ള അവസരങ്ങളില്‍ എപ്പോഴും ഭീഷ്മപിതാമഹന്റെ ഉപദേശമാണ്‌ അയാള്‍ തേടിയിരുന്നത്‌. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ തരാന്‍ പിതാമഹനുമാത്രമേ സാധിക്കൂ.

പക്ഷേ പകരം കണ്ടത്‌ ദുര്യോധനനെയും കര്‍ണ്ണനെയുമായിരുന്നു. അടുത്തുള്ള ഒരു മരത്തിന്റെ ചോട്ടിലുള്ള മരത്തിന്റെ ബെഞ്ചില്‍ അവര്‍ ഇരിക്കുന്നത്‌ യുധിഷ്ഠിരന്‍ കണ്ടു. അയാള്‍ ഒന്ന് പരിഭ്രമിച്ചു. നേരിയ പശ്ചാത്താപവും മനസ്സില്‍ തോന്നി. അപ്പോള്‍, ഇവര്‍ രണ്ടും സ്വര്‍ഗ്ഗത്തില്‍ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്‌ അല്ലേ? അയാള്‍ മനസ്സില്‍ കരുതി. തന്റെ സഹോദരന്‍മാരും, ആ സുന്ദരിയായ പ്രിയ ദ്രൗപദിയും ഇതുവരെയായിട്ടും എത്തിയില്ലേ?

കര്‍ണ്ണന്റെയും ദുര്യോധനന്റെയും കണ്ണില്‍പെട്ടിരുന്നില്ല യുധിഷ്ഠിരന്‍. അവരെ കാണാത്ത ഭാവം നടിച്ച്‌ വഴിയുടെ മറുഭാഗത്തുകൂടി നടന്നാലോ എന്ന് ഒരുനിമിഷം ആലോചിച്ചു യുധിഷ്ഠിരന്‍. ആ ചിന്ത തന്നെ പെട്ടെന്ന് അയാളെ വിവശനാക്കുകയും ചെയ്തു. എന്തിന്‌? തനിക്ക്‌ അവരെ പേടിയാണോ? അതോ അസൂയയോ?

പെട്ടെന്ന് അയാള്‍ അവരെ ഇരുവരെയും സമീപിച്ചു. കര്‍ണ്ണന്റെ പാദങ്ങള്‍ വണങ്ങി. എന്നിട്ട്‌ ദുര്യോധനനോട്‌ കഴിയുന്നത്ര മയത്തില്‍ ചോദിച്ചു, "സഹോദരാ, എങ്ങിനെയുണ്ട്‌ തുടയിലെ വേദന?"

യുധിഷ്ഠിരനെ കണ്ട്‌ അവരും അത്ഭുതപ്പെട്ടു. "ഹോ, ഇതാരാണ്‌ വന്നിരിക്കുന്നത്‌ ധര്‍മ്മരാജനോ?" അവസാനം, ദുര്യോധനന്‍ ചോദിച്ചു. "അപ്പോള്‍ ഇവിടെയെത്തി, അല്ലേ? സുഖമായിരിക്കുന്നു. ഇല്ല. വേദനയൊക്കെ നിശ്ശേഷം മാറി. ഇവിടെ ആര്‍ക്കും വേദനയൊന്നും തോന്നില്ല. ഒരു നല്ല സ്ഥലമാണ്‌".

കര്‍ണ്ണന്‍ നിശ്ശബ്ദനായി യുധിഷ്ഠിരനെ നോക്കി. തന്റെ നെഞ്ച്‌ വല്ലാതെ മിടിക്കുന്നത്‌ യുധിഷ്ഠിരന്‍ അറിഞ്ഞു. ഒരേ വയറ്റില്‍ പിറന്നവരായിരുന്നിട്ടും കര്‍ണ്ണനും യുധിഷ്ഠിരനും ഇതുവരെ ഒരിക്കല്‍പ്പോലും നേരിട്ട്‌ സംസാരിച്ചിട്ടുണ്ടായിരുന്നില്ല. കുരുക്ഷേത്രത്തില്‍ വെച്ച്‌, ഒരിക്കല്‍, യുധിഷ്ഠിരന്റെ ജീവന്‍ വിട്ടുകൊടുത്തിട്ടുമുണ്ടായിരുന്നു കര്‍ണ്ണന്‍. തന്റെ സഹോദരനാണെന്നറിയാതെ, അന്ന് കര്‍ണ്ണനെ യുധിഷ്ഠിരന്‍ അസഭ്യവര്‍ഷം കൊണ്ട്‌ മൂടുകയാണുണ്ടായത്‌.

മുട്ടുകുത്തി, കര്‍ണ്ണന്റെ കാലുതൊട്ടുവന്ദിച്ച്‌ യുധിഷ്ഠിരന്‍ ചോദിച്ചു. "അങ്ങക്ക്‌ സുഖം തന്നെയല്ലെ ജ്യേഷ്ഠാ?"

പൊതുവെ മുരടനും ദേഷ്യക്കാരനുമായിരുന്നു കര്‍ണ്ണന്‍. പക്ഷേ ഇപ്പോള്‍ അയാളുടെ ശബ്ദത്തില്‍ അസാധാരണമായ മൃദുത്വം തോന്നി യുധിഷ്ഠിരന്‌. അനിയന്റെ തലയില്‍ ചുംബിച്ച്‌, കര്‍ണ്ണന്‍ പറഞ്ഞു. " അനിയാ, നിന്നെ കണ്ടുമുട്ടിയതില്‍ ഞാന്‍ എത്ര സന്തോഷിക്കുന്നുവെന്നോ? ഭൂമിയുടെ അഭിമാനമായിരുന്നു നീ. ഇന്ന്, നിന്റെ ആഗമനം കൊണ്ട്‌ സ്വര്‍ഗ്ഗം ധന്യമായിരിക്കുന്നു".

"എന്തെങ്കിലും കഴിച്ചുവോ ധര്‍മ്മരാജന്‍?" ദുര്യോധനന്‍ ചോദിച്ചു. "നേരത്തെ പുറപ്പെട്ടതല്ലെ. വലിയൊരു മലയും കയറേണ്ടിവന്നില്ലേ? ഞങ്ങള്‍ എല്ലാം ടെലിവിഷനില്‍ കാണുന്നുണ്ടായിരുന്നു".

വലതു കൈ ചൂണ്ടി കര്‍ണ്ണന്‍ പറഞ്ഞു 'ദാ, അവിടെയൊരു ഹോട്ടലുണ്ട്‌. നിനക്ക്‌ എന്തെങ്കിലും കഴിക്കണമെന്നുണ്ടെങ്കില്‍".

ഇഷ്ടമുള്ളതു കഴിക്കാം. ഇത്ര നല്ല ഭക്ഷണം നിങ്ങളൊരിക്കലും കഴിച്ചിട്ടുണ്ടാവില്ല. പൈസയൊന്നും വേണ്ട. തികച്ചും സൗജന്യമാണ്‌". ദുര്യോധനന്‍ പറഞ്ഞു.

"നീ മല കയറി വന്നതല്ലേ? ക്ഷീണിച്ചിട്ടുണ്ടാകും. ഏതെങ്കിലും വീട്ടില്‍ കയറി അല്‍പ്പം വിശ്രമിച്ചോളൂ" കര്‍ണ്ണന്‍ സൗമ്യമായി ഉപദേശിച്ചു.

"കൂടെക്കിടക്കാനോ, ദേഹം തിരുമ്മാനോ വല്ല പെണ്ണുങ്ങളെയും വേണെമെങ്കില്‍ ഒന്നു ഫോണ്‍ വിളിച്ചുപറഞ്ഞാല്‍ മതി. ഉടനെയെത്തും." ദുര്യോധനന്‍ കൂട്ടിച്ചേര്‍ത്തു.

" പക്ഷേ ഉര്‍വ്വശിയെ കിട്ടാന്‍ ബുദ്ധിമുട്ടാണ്‌" കര്‍ണ്ണന്‍ ചിരിച്ചു. "ഏറ്റവും സുന്ദരി അവളാണ്‌. പോരാത്തതിന്‌ നിത്യയൗവ്വനവും. പക്ഷേ നമ്മള്‍, സൂര്യവംശജര്‍ക്ക്‌ അവളെ പ്രാപിക്കാനാവില്ല. നമ്മുടെ പിതാമഹന്‍ പുരൂരവസ്സിന്റെ കൂടെ കുറച്ചുകാലം കഴിഞ്ഞതുകൊണ്ട്‌ നമ്മുടെ മുത്തശ്ശിയാണെന്നാണ്‌ ഉര്‍വ്വശിയുടെ വാദം".

ദാഹമോ, വിശപ്പോ തോന്നുന്നുണ്ടായിരുന്നില്ല യുധിഷ്ഠിരന്‌. സ്ത്രീകളോടും അത്ര പത്ഥ്യം തോന്നിയില്ല അയാള്‍ക്ക്‌. സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാന്‍ അയാള്‍ കൊതിച്ചു.

"തത്‌ക്കാലം ഞാന്‍ പോയി, ഭീഷ്മപിതാമഹനെ കണ്ടു വരാം" യുധിഷ്ഠിരന്‍ പറഞ്ഞു.

"ആയിക്കോളൂ. മുത്തച്ഛന്‍ ശരിക്കും സുഖിക്കുകയാണ്‌. ബ്രഹ്മചര്യമൊന്നും വേണ്ടല്ലോ. ഇവിടെ ആളുകള്‍ വിവാഹം കഴിക്കുന്നില്ല. ഇവിടെ കുട്ടികളും ജനിക്കുന്നില്ല. അതുകൊണ്ട്‌, മുത്തച്ഛന്‌ പണ്ടത്തെ മാതിരി ബ്രഹ്മചര്യവ്രതമൊന്നും എടുക്കേണ്ടിവരില്ല", ദുര്യോധനന്‍ പറഞ്ഞു.

"എവിടെയാണ്‌ അദ്ദേഹം ഉണ്ടാവുക?"

"അവിടെയെവിടെയെങ്കിലും അന്വേഷിച്ചാല്‍ മതി. ഞങ്ങള്‍ യാജ്ഞസേനിയെ കാത്തിരിക്കുകയാണ്‌. അവള്‍ ഇന്നെത്തുമെന്ന് അറിയാന്‍ കഴിഞ്ഞു".

യുധിഷ്ഠിരന്‍ അത്ഭുതപരതന്ത്രനായി. അപ്പോള്‍ ദ്രൗപദി വരുന്നു. അത്‌ അങ്ങിനെതന്നെയല്ലേ വേണ്ടത്‌? സദാ പുഞ്ചിരിതൂകുന്ന ആ ദ്രുപദപുത്രിക്ക്‌ സ്വര്‍ഗ്ഗം എന്തുകൊണ്ടും അവകാശപ്പെട്ട സ്ഥലം തന്നെ.

"മറ്റാരെങ്കിലും കാര്യം കാണുന്നതിനുമുന്‍പ്‌ എന്റെ കാര്യം അവതരിപ്പിക്കണം" ദുര്യോധനന്‍ ഒരു വളിച്ച ചിരിയോടെ പറഞ്ഞു. "ഞാന്‍ എന്നും അവളെ മോഹിച്ചിരുന്നു. അവളെ ചൂതുകളിയില്‍ എനിക്ക്‌ കിട്ടുകയും ചെയ്തതാണ്‌. പക്ഷേ നിങ്ങള്‍ക്ക്‌ തിരിച്ചു തരാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചു. ശരിക്കും പറഞ്ഞാല്‍ ആ വലിയ യുദ്ധം പോലും അവള്‍ക്കുവേണ്ടിയായിരുന്നു. ഏതായാലും ഇപ്പോള്‍ എനിക്ക്‌ ആരോടും ഒരു വിദ്വേഷവുമില്ല. ദ്രൗപദിയെ ഞാനെന്റെ മടിയിലിരുത്തും"

തന്റെ ദേഹത്ത്‌ അസംഖ്യം മുറിവുകള്‍ ഏല്‍ക്കുന്നതായും, അവയിലൊക്കെ ആരോ ഉപ്പു വിതറുന്നതായും അയാള്‍ക്ക്‌ തോന്നി. ഇതല്ല, താന്‍ ആഗ്രഹിച്ച സ്വര്‍ഗ്ഗം. ഇവിടെ വരുന്നതില്‍നിന്ന് എങ്ങിനെയെങ്കിലും ദ്രൗപദിയെ തടയണം.

കര്‍ണ്ണന്‍ ശ്രദ്ധയില്‍ പെട്ടില്ലായിരുന്നുവെങ്കില്‍ ദുര്യോധനന്‍ അപ്പോഴൊന്നും തന്റെ ചിലക്കല്‍ നിര്‍ത്തില്ലായിരുന്നുവെന്ന് തോന്നി. അയാള്‍ അബദ്ധം പറ്റിയ പോലെ നാക്കു കടിച്ച്‌, സ്വന്തം ചെവിയില്‍ നുള്ളി. "അയ്യോ ക്ഷമിക്കണേ. എനിക്ക്‌ ആദ്യം വേണ്ട. രണ്ടാമനായാല്‍ മതി. ദ്രൗപദിയുടെമേല്‍ ആദ്യം അവകാശം കര്‍ണ്ണനു തന്നെയാണ്‌. ദ്രുപദന്റെ രാജധാനിയില്‍വെച്ച്‌, കാളക്കണ്ണില്‍ അമ്പെയ്തു കൊള്ളിക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും കഴിഞ്ഞില്ല. പക്ഷേ വില്ലാളിവീരനായ കര്‍ണ്ണന്‍ അന്ന് അവിടെയുണ്ടായിരുന്നെങ്കില്‍, അയാള്‍ക്ക്‌ അത്‌ വെറും ഒരു കുട്ടിക്കളിയായിരുന്നേനെ. പന്തയത്തില്‍ ജയിക്കുകയും അര്‍ജ്ജുനനേക്കാളും മുന്നേ ദ്രൗപദിയെ സ്വന്തമാക്കുകയും ചെയ്തേനെ. പക്ഷേ അയാള്‍ക്ക്‌ അതിനുള്ള അവകാശം നിഷേധിച്ചു. സൂര്യന്റെയും, ക്ഷത്രിയ രാജ്ഞിയായ കുന്തിയുടെയും മകനായിട്ടുകൂടി അയാളെ സൂതപുത്രനെന്ന് വിളിച്ച്‌ അപമാനിച്ച്‌, കൊട്ടാരത്തില്‍നിന്ന് ഇറക്കിവിട്ടു. ആ വഞ്ചന ഇന്നത്തോടെ തീരണം. സ്വര്‍ഗ്ഗത്തില്‍ നുണകള്‍ക്ക്‌ സ്ഥാനമില്ല".

കര്‍ണ്ണന്‍ ഒന്നും പറയാതെ പുഞ്ചിരിതൂകിക്കൊണ്ട്‌ ഉപവിഷ്ടനായിരുന്നു. യുധിഷ്ഠിരന്റെ നാവിറങ്ങിപ്പോയി. തല ആകെ പെരുത്തു. തനിക്കും അനുജന്‍മാര്‍ക്കുംവേണ്ടി എല്ലാവിധ ദുരിതങ്ങളും ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന ആ സാധ്വിയെ ഇനി, ഈ ദുര്യോധനന്‍ അനുഭവിക്കാന്‍ പോകുന്നുവെന്നോ? പോരാത്തതിന്‌ കര്‍ണ്ണനും? അനിയന്‍മാരുടെ ഭാര്യയെ കണ്ണുവെക്കാന്‍മാത്രം വിഷയലമ്പടനോ അയാള്‍?

അവിടെ അധികംനേരം നില്‍ക്കാന്‍ അയാള്‍ക്കായില്ല. അല്‍പ്പം ഉപചാരവാക്കുകള്‍ പറഞ്ഞ്‌ അയാള്‍ അവിടെനിന്നും പോന്നു. ആത്മനിയന്ത്രണം വിടുമെന്നുപോലും അയാള്‍ പേടിച്ചു. അല്ലെങ്കില്‍, കൃഷ്ണ മരിച്ചിട്ടില്ലെന്നും ഇന്ന് വരില്ലെന്നും പറഞ്ഞാല്‍ മതിയായിരുന്നു. അതൊരു നുണയാണ്‌. പക്ഷേ മുഴുവന്‍ അസത്യവുമല്ല അത്‌. ദ്രൗപദിയുടെ മറ്റൊരു പേരാണല്ലോ കൃഷ്ണ എന്നത്‌. പക്ഷേ ആ പേരില്‍ വേറെയും സ്ത്രീകളില്ലേ? വാഹിലകന്‍ എന്ന തേരാളിയുടെ ഭാര്യയുടെ പേരും കൃഷ്ണ എന്നുതന്നെയല്ലെ. അവരാണെങ്കില്‍ ജീവിച്ചിരിക്കുകയും ചെയ്യുന്നു. ആ പഴയ 'അശ്വത്ഥാമാവ്‌' കളി ഒന്നുകൂടി കളിക്കണമെന്നു മാത്രം. സ്വര്‍ഗ്ഗത്തിലും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ കളിക്കണമെന്നാണോ?

ഏതായാലും യുധിഷ്ഠിരന്‍ അധികദൂരം പോയില്ല. കാന്തംപോലെ എന്തോ ഒന്ന് അയാളെ പിറകോട്ടു വലിച്ചുകൊണ്ടിരുന്നു. ബന്ധുക്കളെയും പിതാമഹനെയും പിന്നെ കണ്ടാലും മതിയാകും. അയാള്‍ ഒരു മരത്തിന്റെ പിറകിലൊളിച്ചുനിന്നു. ദ്രൗപദിയെ മുന്‍കൂട്ടി അറിയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

അവള്‍ വരുന്നതിനുമുന്‍പേ ആ അര്‍ജ്ജുനനോ ഭീമനോ വന്നാല്‍ നന്നായേനെ. എല്ലാം മാറിമറിയും. അവരുണ്ടെങ്കില്‍, ദ്രൗപദിയെ തട്ടിയെടുക്കാനൊന്നും കര്‍ണ്ണനോ ദുര്യോധനനോ വിചാരിച്ചാല്‍ നടക്കില്ല. പക്ഷേ അവര്‍ ആദ്യം വന്നില്ലെങ്കിലോ? പ്രത്യേകിച്ചും ആ അര്‍ജ്ജുനന്‍. വലിയ പൊങ്ങച്ചക്കാരനാണ്‌. "സ്ത്രീകള്‍ ആദ്യം. ദ്രൗപദി മുന്നില്‍ നടക്കട്ടെ" എന്നോ മറ്റോ, സ്വര്‍ഗ്ഗത്തിന്റെ വാതില്‍ക്കല്‍ എത്തിയാല്‍ ഒരു പക്ഷേ അയാള്‍ പറഞ്ഞേക്കാനും ഇടയുണ്ട്‌.

തനിക്ക്‌ അസൂയയാണെന്ന് യുധിഷ്ഠിരന്‍ തിരിച്ചറിഞ്ഞു. അസൂയ മാത്രമല്ല. സ്വര്‍ഗ്ഗത്തില്‍ എത്തിയ ആദ്യത്തെ ദിവസം തന്നെ, താന്‍ യുദ്ധത്തെക്കുറിച്ചാണ്‌ ആലോചിക്കുന്നതെന്നും അയാള്‍ ഓര്‍ത്തു. ദ്രൗപദിയുടെ പേരില്‍ കര്‍ണ്ണനോടും ദുര്യോധനനോടും യുദ്ധം ചെയ്യാന്‍ ഭീമനെയും അര്‍ജ്ജുനനെയും താന്‍ കരുക്കളാക്കുകയാണ്‌. എന്തൊരു നാണക്കേട്‌! അപമാനബോധം അയാളില്‍ നിറഞ്ഞു. വൃക്ഷഛായയിലിരുന്ന് കണ്ണുകളടച്ച്‌, മനസ്സിനെ അശുദ്ധമായ ചിന്തകളില്‍നിന്ന് വിമുക്തമാക്കാന്‍ അയാള്‍ ശ്രമിച്ചു.

മനസ്സ്‌ ഏകാഗ്രമാകുന്നില്ല. ദ്രൗപദിയുടെ മുഖം അയാളെ വേട്ടയാടി. മല കയറുമ്പോള്‍ വീണുപോയ ദ്രൗപദിയെ രക്ഷിക്കാന്‍ അയാള്‍ ഒന്നും ചെയ്തില്ല. പാറക്കഷണങ്ങളില്‍ തട്ടിത്തടഞ്ഞുവീണ്‌ ആ മാര്‍ദ്ദവമുള്ള ശരീരം വേദനിച്ചിട്ടുണ്ടാവില്ലേ? മരിക്കുന്നതിനുമുന്‍പ്‌ അവള്‍ അയാളോട്‌ ചോദിക്കുകയും ചെയ്തു, "നാഥാ, ഈ വിധമുള്ള ഒരു മരണം അര്‍ഹിക്കത്തക്കവണ്ണം എന്തു തെറ്റാണ്‌ ഞാന്‍ ചെയ്തത്‌?" അതിന്‌ അയാള്‍ പറഞ്ഞ മറുപടിയോ? "നീ നിന്റെ അഞ്ചു ഭര്‍ത്താക്കന്‍മാരേയും ഒരുപോലെ കരുതണമായിരുന്നു, പക്ഷേ നീ അര്‍ജ്ജുനനെ മറ്റെല്ലാവരേക്കാളും കൂടുതല്‍ സ്നേഹിച്ചു" എന്ന്!

അതു പറഞ്ഞപ്പോള്‍ തന്റെ ശബ്ദത്തില്‍ ഒരു ചെറിയ പരിഹാസത്തിന്റെ ചുവ ഉണ്ടായിരുന്നില്ലേ? ദ്രൗപദിക്ക്‌ അര്‍ജ്ജുനനോടാണ്‌ കൂടുതല്‍ ഇഷ്ടമെന്ന് അയാള്‍ക്കറിയാമായിരുന്നു. എങ്കിലും ഒരിക്കലും ഒന്നും അയാള്‍ പറഞ്ഞില്ല. ഹൃദയത്തില്‍ ഒരു മുള്ളുകൊള്ളുന്നതുപോലെയായിരുന്നു അത്‌. അര്‍ജ്ജുനനോട്‌ തനിക്ക്‌ അസൂയയായിരുന്നുവോ? ഇല്ല..അത്‌ അസാദ്ധ്യമാണ്‌. തനിക്ക്‌ ഏറെ പ്രിയപ്പെട്ടവനാണ്‌ അര്‍ജ്ജുനന്‍. അങ്ങിനെതന്നെയായിരുന്നുവോ ശരിക്കും? അല്ല. ദ്രൗപദിയേക്കാളും പ്രിയപ്പെട്ടതൊന്നുമായിരുന്നില്ലല്ലോ. അവളുടെ ഹൃദയം കീഴടക്കാന്‍ താന്‍ ആവുംവിധം ശ്രമിച്ചതാണ്‌, പക്ഷേ ദ്രൗപദിക്ക്‌ എന്നും കൂടുതല്‍ ഇഷ്ടം ശക്തിയോടും വീരശൂരതയോടുമൊക്കെയായിരുന്നു. സ്ത്രീകള്‍ക്ക്‌ ഈയൊരു ദൗര്‍ബ്ബല്യമുണ്ട്‌. വേദോപനിഷത്തുക്കളിലുള്ള തന്റെ പാണ്ഡിത്യവും, നീതിബോധവും - അവളതൊക്കെ അവഗണിക്കുകയാണ്‌ ചെയ്തത്‌. സഹോദരന്‍മാര്‍ തമ്മില്‍ ഭാവിയില്‍ വഴക്കൊന്നും ഉണ്ടാകാതിരിക്കാന്‍ പാകത്തില്‍ ദ്രൗപദിയെ ഓരോരുത്തരും അനുഭവിക്കേണ്ടുന്ന ദിവസമൊക്കെ വ്യാസമുനി കൃത്യമായി എഴുതിവെച്ചിരുന്നു. താന്‍ ഞായറാഴ്ചയാണ്‌ തിരഞ്ഞെടുത്തത്‌. ഞായറാഴ്ച അവധിദിവസമായതുകൊണ്ട്‌ അന്നേദിവസം രാജ്യഭരണമൊന്നും ഉണ്ടാകില്ലെന്നും, ദ്രൗപദിയെ മുഴുവനായും കിട്ടുമല്ലോ എന്നും കരുതിയാണ്‌ അങ്ങിനെ ചെയ്തത്‌. മറ്റു ദിവസങ്ങളില്‍ അനിയന്‍മാര്‍ക്ക്‌ രാജ്യഭരണത്തില്‍ ഏര്‍പ്പെടേണ്ടിവരുമെന്നതുകൊണ്ട്‌ അവര്‍ക്ക്‌ ദ്രൗപദിയുടെകൂടെ മുഴുവന്‍ ദിവസവും ചിലവഴിക്കാന്‍ കഴിയില്ല എന്നൊരു കണക്കുകൂട്ടലും ഉണ്ടായിരുന്നില്ലേ തന്റെയുള്ളില്‍? ദ്രൗപദിയുമായി കേളിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ അബദ്ധത്തില്‍ അര്‍ജ്ജുനന്‍ എന്തോ അത്യാവശ്യകാര്യത്തിന്‌ മുറിയില്‍ വന്നതിനു ശിക്ഷയായി ഒരു വര്‍ഷത്തേക്ക്‌ അവനെ നാടുകടത്തുകകൂടി ചെയ്തു താന്‍. അര്‍ജ്ജുനനെ സമാശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും താന്‍ ഉള്ളില്‍ സന്തോഷിക്കുകയായിരുന്നു. ആ വര്‍ഷം ദ്രൗപദിയെ കുറേക്കൂടി അധികം സമയം സ്വന്തമായി കിട്ടുകയും ചെയ്തു.

എന്തോ പരിചിത ശബ്ദം കേട്ട്‌ യുധിഷ്ഠിരന്‍ ഉണര്‍ന്നു. ദ്രൗപദി വരുന്നത്‌ കണ്ണില്‍പെട്ടു. ഒറ്റക്ക്‌. ദുര്യോധനനും കര്‍ണ്ണനും അഭിവാദ്യം ചെയ്യാന്‍ എഴുന്നേല്‍ക്കുന്നതും കണ്ടു. തന്റെ അടുക്കലേക്ക്‌ വരാന്‍ യുധിഷ്ഠിരന്‍ ദ്രൗപദിയോട്‌ ആംഗ്യവിക്ഷേപങ്ങള്‍ നടത്തിനോക്കി. ഫലമുണ്ടായില്ല. അവള്‍ അതൊന്നും കണ്ടില്ല. കൂടുതല്‍ സുന്ദരിയായിരിക്കുന്നു അവള്‍. പ്രായം ബാധിച്ചതിന്റെ ഒരു ലക്ഷണവും അവളില്‍ കണ്ടില്ല. മൃദുത്വമുള്ള ചര്‍മ്മവും, അരക്കൊപ്പമെത്തുന്ന കേശഭാരവും, വടിവൊത്ത ഉരുണ്ട മുലകളും അവളെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു. സിംഹിണിയുടേതുപോലുള്ള ഇടുങ്ങിയ അരക്കെട്ടും, ഘനനിതംബവും. ദന്തനിരകള്‍ ശോഭിച്ചുനിന്നു. ചിരിക്കുമ്പോള്‍ പ്രകാശം ചൊരിയുന്നപോലെ. തുടുത്ത മുന്തിരി പോലുള്ള ആ അധരങ്ങള്‍.

ദ്രുതപദചലനങ്ങളോടെ കര്‍ണ്ണനും ദുര്യോധനനും അവളെ സമീപിക്കുന്നത്‌ യുധിഷ്ഠിരന്‍ കണ്ടു. കര്‍ണ്ണന്‍ പറയുകയായിരുന്നു. 'സുന്ദരീ, ദൈവങ്ങളുടെ ഈ നാട്‌ ഇന്ന് ഭവതിയുടെ പാദസ്പര്‍ശംകൊണ്ട്‌ അനുഗ്രഹീതമായിരിക്കുന്നു. ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. നിന്റെ സൗന്ദര്യത്തിന്റെ പ്രഭാവലയം എന്നെ പൊതിയുന്നു ദ്രൗപദി. ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ഞാന്‍ ചിലവഴിച്ച രണ്ടു ജന്മങ്ങളിലും ഇതുപോലെ മോഹിപ്പിക്കുന്ന ഒരുവളെയും എനിക്ക്‌ കാണാന്‍ കഴിഞ്ഞില്ല"

മനോഹരമായി ചിരിച്ചുകൊണ്ട്‌ ദ്രൗപദി പറഞ്ഞു. 'യോദ്ധാക്കളുടെ രാജാവായ കര്‍ണ്ണാ, അങ്ങയുടെ വാക്കുകള്‍ എനിക്ക്‌ കര്‍ണ്ണാമൃതം പോലെ തോന്നുന്നു. അങ്ങയെപ്പോലെ ശക്തിമാനായ ഒരാളുടെ സമീപത്തു നില്‍ക്കുമ്പോള്‍ ഞാന്‍ രോമാഞ്ചം കൊള്ളുന്നു".

"എന്നെ കാണുന്നില്ലേ യാജ്ഞസേനീ, ഞാനും നിന്നെ കാണാന്‍ കാത്തിരിക്കുകയായിരുന്നു" ദുര്യോധനനും മുന്നോട്ട്‌ വന്നു.

"എങ്ങിനെയാണ്‌ താങ്കളെ ശ്രദ്ധിക്കാതിരിക്കുക പ്രിയപ്പെട്ടവനേ? ഇതുപോലെ പുഞ്ചിരിതൂകുന്ന ഒരു ഭംഗിയുള്ള മുഖം ഏതു സ്ത്രീക്കാണ്‌ കണ്ടില്ലെന്നു നടിക്കാനാവുക?"

യുധിഷ്ഠിരന്‍ ഞെട്ടിത്തരിച്ചുനിന്നു. എന്തിനാണ്‌ ദ്രൗപദി ഇവരുടെ മുന്നില്‍ കൊഞ്ചിക്കുഴയാന്‍ നില്‍ക്കുന്നത്‌? വെറുപ്പോടെ മുഖം തിരിക്കാമായിരുന്നില്ലേ ഇവള്‍ക്ക്‌?

പെട്ടെന്ന് ആ ബഹിരാകാശസഞ്ചാരി പറഞ്ഞ വാക്കുകള്‍ യുധിഷ്ഠിരന്‌ ഓര്‍മ്മയില്‍ വന്നു. ദുര്യോധനന്‍, കര്‍ണ്ണന്‍, ദ്രൗപദി, ഇവരൊക്കെ മരിച്ചതിനുശേഷമാണ്‌ സ്വര്‍ഗ്ഗത്തിലെത്തിയിരിക്കുന്നത്‌. വിദ്വേഷത്തിന്റെയും, വെറുപ്പിന്റെയും, എല്ലാ അടയാളങ്ങളും അവരില്‍നിന്ന് മായ്ച്ചുനീക്കപ്പെട്ടിരിക്കും. ശരീരത്തിന്റെ സുഖാനുഭവങ്ങളിലും ആനന്ദത്തിലും എക്കാലവും ഇനി അവര്‍ മുഴുകിക്കഴിയും.

"ദ്രുപദകുമാരി, അടക്കാനാവാത്ത അഭിനിവേശത്താല്‍ അക്ഷമരാണ്‌ ഞങ്ങള്‍" ദുര്യോധനന്‍ പറഞ്ഞു. "ഒരിക്കല്‍ കൊട്ടാരത്തില്‍ വെച്ച്‌ ഞാന്‍ നിന്നോട്‌ പറഞ്ഞു, എന്റെ മടിയില്‍ നിനക്കിരിക്കാമെന്ന്. അന്നത്‌ നടന്നില്ല. ആ ആഗ്രഹം ഇപ്പോഴും എന്നില്‍ ബാക്കിയുണ്ട്‌. എന്റെ മടിയിലിരുന്ന് എന്നെ അലങ്കരിക്കില്ലേ നീ?"

"സന്തോഷമേയുള്ളു. ഇപ്പോള്‍തന്നെ വേണമെങ്കില്‍ അതിനും ഞാന്‍ തയ്യാര്‍" ദ്രൗപദി ചിരിച്ചുകുഴഞ്ഞു.

"ഇപ്പോള്‍ വേണ്ട" ദുര്യോധനന്‍ സന്തോഷവാനായി. "ഞാന്‍ കാത്തിരിക്കാം. യോഗ്യരില്‍ യോഗ്യനായ കര്‍ണ്ണനും ഭവതിയുടെ സാമീപ്യം കൊതിക്കുന്നുണ്ട്‌. ആര്‍ക്കറിയാം, ഭവതിയും അദ്ദേഹത്തെ ഇത്രനാളും മോഹിച്ചിരുന്നില്ലെന്ന്? ഞാന്‍ കാത്തിരിക്കാം. കര്‍ണ്ണനുമായി കാമലീലകളില്‍ മുഴുകിക്കൊള്ളുക, മതിവരുവോളം. സ്വര്‍ഗ്ഗത്തില്‍ സ്ത്രീ ഒരിക്കലും പഴകിയ വസ്തുവാകുന്നില്ല. ഇവിടെ സ്ത്രീയും ജീവിതത്തിന്റെ നിത്യതയും ഒന്നുതന്നെയാണ്‌.

ദ്രൗപദി കര്‍ണ്ണനുനേരെ തിരിഞ്ഞ്‌, സ്നേഹപരവശമായ ശബ്ദത്തില്‍ മന്ത്രിച്ചു "കര്‍ണ്ണാ, എന്റെ സൂര്യപുത്രാ, അങ്ങയുടെ ദര്‍ശനം തന്നെ എന്നെ ഇക്കിളിയാക്കുന്നു. ഞാനും അങ്ങയെ രഹസ്യമായി കാമിച്ചിരുന്നു. എന്നെ കൈക്കൊണ്ടാലും".

ഇത്രയും പറഞ്ഞുകൊണ്ട്‌ ദ്രൗപദി കര്‍ണ്ണന്റെ മാറിടത്തിലേക്ക്‌ ചാഞ്ഞു. അവളുടെ വക്ഷസ്സ്‌ കര്‍ണ്ണന്റെ ശരീരത്തിലമര്‍ന്നു. കര്‍ണ്ണന്റെ മുഖത്തിനഭിമുഖമായി അവള്‍ മുഖമുയര്‍ത്തി. കര്‍ണ്ണന്റെ ചുണ്ടുകള്‍ ദ്രൗപദിയുടെ മുന്തിരിച്ചുണ്ടുകളില്‍ വന്യമായി പതിഞ്ഞു.

യുധിഷ്ഠിരന്‌ അധികം കണ്ടുനില്‍ക്കാനായില്ല. അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. സ്വര്‍ഗ്ഗത്തിലെത്തിയിട്ടും ഇത്ര വലിയ പരാജയമാണല്ലോ തന്നെ കാത്തിരുന്നത്‌. അയാള്‍ക്ക്‌ സ്വയം നിയന്ത്രിക്കാനായില്ല. ഹൃദയവും, ശരീരവും രോഷം കൊണ്ട്‌ പുകഞ്ഞു. ഈയൊരു അവസ്ഥയില്‍ എന്നെങ്കിലും അയാളെ കാണാന്‍ ദൈവങ്ങള്‍ക്ക്‌ ഇടവന്നിട്ടുണ്ടോ? ഉണ്ടെങ്ങിലും ഇല്ലെങ്കിലും അയാള്‍ക്കൊന്നുമില്ല.

നശ്വരനായ ഒരു മനുഷ്യനെപ്പോലെ, യുധിഷ്ഠിരന്റെ കണ്ണുകളില്‍നിന്നും ചുടുകണ്ണുനീര്‍ പ്രവഹിക്കാന്‍ തുടങ്ങി.





പരിഭാഷക കുറിപ്പ്‌: വിശ്വജന്തുക്കളും ശവസേനകളും എങ്ങിനെ ഈ കഥ കാണാതെ പോയി എന്ന് അത്ഭുതം തോന്നുന്നു. അവര്‍ക്ക്‌ ഞാന്‍ ഈ പരിഭാഷ സമര്‍പ്പിക്കുന്നു.

Wednesday, February 20, 2008

താതവാക്യം അഥവാ, പഞ്ചതന്ത്രം

മകനേ, നിനക്ക്‌ അച്ഛന്‍ ഒരു രാജ്യം തരുന്നു. ഒരു കൊച്ചു രാജ്യം. നല്ല വണ്ണം നോക്കിനടത്തണം കേട്ടോ. പണ്ടു നീ ഓരോ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക്‌ വേണ്ടി വാശി പിടിക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ സന്തോഷിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ നിനക്ക്‌ ഒരു വലിയ കളിപ്പാട്ടം വെച്ചുനീട്ടുമ്പോള്‍ നിന്റെ മുഖത്തുണ്ടാകാന്‍ പോകുന്ന അത്ഭുതവും സന്തോഷവും ആലോചിച്ചായിരുന്നു ഞാന്‍ അന്ന് സന്തോഷിച്ചിരുന്നത്‌. നീ അന്ന് ഊഹിച്ചിട്ടുപോലുമുണ്ടാകില്ല അല്ലേ, ഇത്ര വലിയ ഒരു സമ്മാനം ഒരിക്കല്‍ നിനക്ക്‌ കിട്ടുമെന്ന്? അതോ, നിനക്ക്‌ അറിയാമായിരുന്നോ, ഇത്‌ ഇങ്ങനെയൊക്കെയാണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്? എന്തായാലും ഇന്ന് ആ ദിവസം സമാഗതമായിരിക്കുന്നു. ഞാന്‍ നിനക്ക്‌ ഒരു വലിയ കളിപ്പാട്ടം തരുന്നു. അതിനെ വേണ്ടുംവണ്ണം കാത്തുസൂക്ഷിക്കണം. നഷ്ടപ്പെടാതെ, നശിക്കാന്‍ ഇടവരുത്താതെ.

ഒരു രാജ്യം എന്നത്‌ ഒരു വലിയ കളിപ്പാട്ടമാണ്‌. നമ്മുടെ പൂര്‍വ്വികരില്‍നിന്ന് നമ്മള്‍ കൈപറ്റി, നമ്മുടെ പിന്‍ഗാമികളുടെ കൈയ്യില്‍ നമ്മള്‍ ഭദ്രമായി ഏല്‍പ്പിക്കുന്ന ഒരു കളിപ്പാട്ടം. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ അതിന്റെ സംരക്ഷകര്‍ മാത്രമാണ്‌. പക്ഷേ ഈ സംരക്ഷണാവകാശം നമ്മള്‍ മറ്റൊരാള്‍ക്ക്‌ കൈമാറാന്‍ പാടുള്ളതല്ല. അവിടെയാണ്‌ നമ്മുടെ പ്രസക്തി. നമ്മുടെ രാജവംശത്തിന്റെ പ്രസക്തി. സംരക്ഷിക്കുന്നവനു മാത്രമേ കൈക്കൊള്ളാന്‍ അവകാശമുണ്ടായിരിക്കൂ.

അപ്പോള്‍ ഒരു പ്രധാനപ്പെട്ട ചോദ്യം വരുന്നു. എങ്ങിനെയാണ്‌ ഈ കളിപ്പാട്ടത്തെ നമ്മള്‍ സംരക്ഷിക്കുക? അത്‌ അത്ര എളുപ്പമുള്ള ഒരു കാര്യമല്ലതന്നെ. എന്തിനും ഏതിനും പൈസ വേണം. കമിഴ്‌ന്നു വീണാല്‍ കാപ്പണം എന്നു പറയും പണ്ടുള്ളവര്‍. കിട്ടാവുന്നിടത്തുനിന്നെല്ലാം നമ്മളത്‌ ഉണ്ടാക്കണം. എവിടെനിന്നാണ്‌ കിട്ടുക എന്നല്ലേ? അപ്പോഴാണ്‌ നമുക്ക്‌ ഒരു തമാശ കാണാനാവുക. എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്ന ധനം എന്ന ഈ വസ്തു, പക്ഷേ എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നില്ല കുമാരാ. അര്‍ത്ഥം ഉണ്ടാക്കുന്ന ഒരു അനര്‍ത്ഥം എന്നും ആലങ്കാരികമായി പറയാം. നമ്മള്‍ പറയുന്നതൊക്കെ ആലങ്കാരികമായി തോന്നണം ആളുകള്‍ക്ക്‌. നമ്മള്‍ തോന്നിപ്പിക്കുകയൊന്നും വേണ്ട. അവര്‍ക്ക്‌ തോന്നിക്കോളും. പറഞ്ഞുവന്നത്‌, ഈ ധനം എന്നത്‌, വളരെക്കുറച്ച്‌ ആളുകളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ്‌. വലിയ വലിയ വ്യാപാരികള്‍, ഊഹക്കച്ചവടക്കാര്‍, ഇവരുടെയൊക്കെ കയ്യിലാണ്‌ ഈ ധനം മുഴുവന്‍ കിടന്നു പുളക്കുന്നത്‌. അവരെ നമ്മള്‍ സംരക്ഷിക്കുക. അവര്‍ നമ്മെയും സംരക്ഷിക്കും. നമ്മളെ എന്നു പറഞ്ഞാല്‍ നമ്മുടെ രാജ്യത്തെ. നമ്മുടെ ഈ കൊച്ചു കളിപ്പാട്ടത്തെ.

പക്ഷേ ഇവിടെ മറ്റൊരു വലിയ അപകടമുണ്ട്‌. നമ്മള്‍ സംരക്ഷിക്കുന്ന ഇക്കൂട്ടരെ ഒരിക്കലും നമ്മള്‍ മുഷിപ്പിക്കരുത്‌. മുഷിപ്പിച്ചോ, അന്നു തീര്‍ന്നു നമ്മുടെ കാര്യം. നമ്മള്‍ അവരെ സംരക്ഷിക്കുന്നു എന്നു ഞാന്‍ പറഞ്ഞുവെന്നേയുള്ളു. അവരാണ്‌ നമ്മെ സംരക്ഷിക്കുന്നത്‌. നമ്മളില്ലെങ്കിലും അവര്‍ എങ്ങിനെയെങ്കിലും പിഴച്ചുപോയ്ക്കോളും. നമ്മളല്ലെങ്കില്‍ മറ്റൊരുത്തനുണ്ടാകും അവരെ സംരക്ഷിക്കാന്‍. അതുകൊണ്ട്‌ അവരെ ഒരു കാരണവശാലും മുഷിപ്പിക്കരുത്‌ കുമാരാ.

ഇതൊന്നും ശരിക്കും ഞാനല്ല പറഞ്ഞുതരേണ്ടത്‌. മറ്റു രാജ്യങ്ങളിലൊക്കെ പണ്ടുകാലത്ത്‌, രാജഗുരു എന്നൊരു വര്‍ഗ്ഗമുണ്ടായിരുന്നു. രാജാവിനു മാത്രമല്ല, നിങ്ങളെപ്പോലുള്ള കുമാരന്‍മാര്‍ക്കും ഈ വക കാര്യങ്ങളൊക്കെ ചെറുപ്രായത്തില്‍തന്നെ പറഞ്ഞുകൊടുത്തിരുന്നത്‌ അവരായിരുന്നു. ആയോധനമുറകളുടെയും, രാജ്യഭരണത്തിന്റെ പ്രാഥമികപാഠങ്ങളുടെയും, ഓതിരവും കടകവും കുട്ടികളെ ചെറുപ്പത്തില്‍ തന്നെ അവര്‍ പരിശീലിപ്പിക്കുകയും ചെയ്തുപോന്നിരുന്നു.

ഇങ്ങിനെ കിട്ടുന്ന പൈസയൊക്കെ എങ്ങിനെയാണ്‌ നമ്മള്‍ വിനിയോഗിക്കേണ്ടത്‌ എന്നിടത്താണ്‌ അടുത്ത പാഠം. ജനക്ഷേമകാര്യങ്ങള്‍ക്കാണ്‌ ഇതൊക്കെ ഉപയോഗിക്കേണ്ടത്‌. അവിടെയാണ്‌ നമ്മുടെ മിടുക്ക്‌. ജനങ്ങളുടെ ക്ഷേമത്തിനാവശ്യമായ കാര്യങ്ങള്‍ നമ്മള്‍ അവര്‍ക്കുവേണ്ടി ചെയ്തുകൊടുക്കുന്നു. ധാരാളം തൊഴിലവസരങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, പാര്‍പ്പിടസമുച്ചയങ്ങള്‍, ഗുണനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വിനോദവിശ്രമകേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, മെച്ചപ്പെട്ട ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍, അങ്ങിനെ പലതും. പക്ഷേ, ഇവയൊക്കെ ചിലവുള്ള കാര്യങ്ങളാണ്‌. ആരും വെറുതെ കൊടുക്കില്ല ഇതൊന്നും. അര്‍ഹതപ്പെട്ട കൈകളിലാണ്‌ ഇവയൊക്കെ ചെന്നുചേരുന്നതെന്ന് നമ്മള്‍ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ഒടുവില്‍ ജനവും ഉണ്ടാകില്ല. ക്ഷേമവും ഉണ്ടാകില്ല. പൈസയുടെ കാര്യമാണെങ്കിലോ, എളുപ്പത്തില്‍ തീര്‍ന്നുപോകുന്ന ഒരു ദ്രവ്യമാണ്‌ മകനേ അത്‌. ഉണ്ടാക്കാനാണ്‌ ബുദ്ധിമുട്ട്‌. ഇല്ലാതാക്കാന്‍ വളരെ എളുപ്പത്തില്‍ കഴിയും. അതുകൊണ്ട്‌, ജനക്ഷേമം എന്നതിന്റെ അര്‍ത്ഥം, ക്ഷേമത്തിന്‌ അതിനുള്ള വിലയിടുക എന്നതാണെന്നുവരുന്നു. ആ വില കൊടുക്കാന്‍ കഴിവില്ലാത്തവര്‍ ക്ഷേമം വേണമെന്നു വാശിപിടിക്കുന്നത്‌ ശരിയല്ല.

അപ്പോള്‍ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ നിനക്ക്‌ ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും. എങ്ങിനെയാണ്‌ ഒരു രാജ്യത്തിന്‌ ആവശ്യമായ പ്രധാന വിഭവം സ്വരൂപിക്കേണ്ടതെന്നും, എങ്ങിനെയാണ്‌ അത്‌ ഫലപ്രദമായി ഉപയോഗിക്കേണ്ടതെന്നും. ആലോചിച്ചുനോക്കിയാല്‍ വളരെ എളുപ്പമുള്ള ഒരു കാര്യമാണ്‌ ഇതെല്ലാം. കാലക്രമത്തില്‍ ഇവയെല്ലാം നിനക്ക്‌ കൂടുതല്‍ വെളിവാവുകയും ചെയ്യും. സ്വന്തം ബുദ്ധിവൈഭവവും, ഭാവനയും കൊണ്ട്‌ നിനക്കതിനെ വിപുലപ്പെടുത്താനും കഴിയുമെന്ന് എനിക്കുറപ്പുണ്ട്‌.

ഇനി ഒരു രാജ്യത്തിന്റെ നിലനില്‍പ്പ്‌ മറ്റു രാജ്യങ്ങളുമായുള്ള അതിന്റെ ബന്ധത്തെ ആശ്രയിച്ചുകൂടിയാണ്‌ നിലനില്‍ക്കുന്നത്‌. നമ്മളേക്കാള്‍ ശക്തിയുള്ളതും, ശക്തി കുറഞ്ഞതുമായ നിരവധി രാജ്യങ്ങളുണ്ട്‌ നമുക്ക്‌ ചുറ്റും. അവയില്‍ ശക്തിമാന്‍മാരുടെ നേരെ എപ്പോഴും നമ്മുടെ ഒരു കണ്ണുവേണം. അവരെ വേണ്ടുംവണ്ണം സന്തോഷിപ്പിക്കുന്നതിലാണ്‌ നമ്മുടെ മിടുക്ക്‌ കാണേണ്ടത്‌. അവരുമായി വേണ്ടാത്ത പൊല്ലാപ്പുകള്‍ക്കൊന്നും പോകരുത്‌. നമ്മുടെ കാര്യത്തിലൊക്കെ അവര്‍ കൈകടത്തിയെന്നും മറ്റും വരും. അതൊക്കെ നമ്മുടെ നല്ലതിനാണെന്നു കരുതി അവരെ അനുസരിച്ച്‌ കഴിയുക. ഇടക്കിടക്ക്‌ അവരെ സന്ദര്‍ശിക്കാനും, അവരെ യഥോചിതം ഇവിടേക്ക്‌ വിളിച്ചുവരുത്തി പ്രീതിപ്പെടുത്താനും സമയം കണ്ടെത്തണം. അവരുടെ എല്ലാ സംരംഭങ്ങള്‍ക്കും എല്ലാ ഒത്താശയും ചെയ്തുകൊടുക്കാനും മനസ്സിരുത്തണം. അതുകൊണ്ട്‌ നമുക്ക്‌ നല്ലതേ വരൂ. അവരെക്കൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ നല്ലതു വരുന്നുണ്ടോ എന്നൊന്നും നമ്മളന്വേഷിക്കാന്‍ പോകേണ്ട. അവരായി അവരുടെ പാടായി. ശല്യക്കാരായ അയല്‍ക്കാരില്‍നിന്ന് രക്ഷകിട്ടാനും ഒരുപക്ഷേ, ഇന്നല്ലെങ്കില്‍ നാളെ, അതുപകരിച്ചേക്കും. ഇതൊക്കെയാണെങ്കിലും നമ്മുടെ പരമാധികാരം കൈവിട്ടുകൊണ്ടുള്ള ഒരു കളിക്കും നമ്മളില്ല എന്ന് മറ്റുള്ളവര്‍ക്ക്‌ തോന്നുകയും വേണം.

നമ്മുടെ രാജ്യത്തിന്റെ സ്ഥിരത. നാലമതായി ഇനി അതിനെക്കുറിച്ചാണ്‌ എനിക്ക്‌ പറയാനുള്ളത്‌. രാജ്യത്തിന്റെ സ്ഥിരത, രാജ്യത്തിന്റെ സംരക്ഷകരായ നമ്മുടെ സ്ഥിരതയുമായിട്ടാണ്‌ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്‌. അതിനാല്‍, അതിനെ അഞ്ചാമത്തെ തന്ത്രവുമായി കൂട്ടിവായിക്കേണ്ടതുണ്ട്‌.

ഇന്ന് നമ്മുടെ കയ്യിലുള്ള അധികാരം എങ്ങിനെ എക്കാലവും നിലനിര്‍ത്താം എന്നതാണ്‌ ആ അഞ്ചാമത്തെ തന്ത്രം. എല്ലാ വഴികളും ആത്യന്തികമായി ഇതിലേക്കാണ്‌ നയിക്കുക. നമ്മെ ജാഗ്രതയോടെ നോക്കിക്കൊണ്ടിരിക്കുന്ന കണ്ണുകള്‍ നമുക്കുചുറ്റുമുണ്ട്‌. ജനാധിപത്യം എന്നൊക്കെയുള്ള പല പേരിലും അത്‌ പൊതുവെ അറിയപ്പെടുന്നു. അതിന്റെ നടത്തിപ്പിനുള്ള സ്ഥാപനങ്ങളും നിരവധിയാണ്‌. അവരെയും എപ്പോഴും വരുതിയില്‍ നിര്‍ത്തുക. നല്ല കാര്യങ്ങള്‍ മാത്രം അവര്‍ കാണുകയും, കേള്‍ക്കുകയും, പറയുകയും ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുക. നിര്‍ദ്ദോഷങ്ങളായ വിമര്‍ശനങ്ങളാണെങ്കില്‍, അവയെ നല്ലവണ്ണം പ്രോത്സാഹിപ്പിച്ചാലും തരക്കേടൊന്നും വരാനില്ല. ഈ അഞ്ചാമത്തെ തന്ത്രമാണ്‌ പരമപ്രധാനമായത്‌. അതിലാണ്‌ നമ്മുടെ സ്ഥിരതയുടെ മൂലാധാരം. അതുണ്ടെങ്കില്‍ മറ്റെല്ലാമുണ്ടാകും. അതില്ലെങ്കിലോ, നീയും ഞാനും പിന്നെ ഇല്ല കുമാരാ. അതോര്‍ക്കുക.

പൂര്‍വ്വികരില്‍നിന്ന് എനിക്ക്‌ കിട്ടിയ ഈ ദാനം ഞാനിതാ ഇന്ന് നിനക്ക്‌ പകര്‍ന്ന് നല്‍കുന്നു. പുറത്ത്‌ മറ്റാരിലേക്കും കൈമാറിമറിയാതെ, നിന്റെ സന്തതിപരമ്പരകളിലൂടെ അത്‌ ഭദ്രമായി കാത്തുസൂക്ഷിക്കുക.

Tuesday, February 19, 2008

പര്‍വേസിനെക്കുറിച്ച് വീണ്ടും

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ വന്ന ഒരു ലേഖനം പ്രചരിപ്പിച്ചതിന്, വധശിക്ഷക്ക് വിധിക്കപ്പെട്ട പര്‍വേസ് കമ്പാക്ഷ് എന്ന അഫ്ഘാനി പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിക്ക്, തന്റെ ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവസരം ലഭിച്ചിരിക്കുന്നു. തന്റെ അഭിഭാഷകനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പര്‍വേസിന് കോടതി നല്‍കിയിട്ടുണ്ട്. വിചാരണ പരസ്യമായി നടത്താനും സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്ന്, സുപ്രീം കോടതി ജസ്റ്റീസ് ബഹാവുദ്ദിന്‍ ബാഹ അറിയിച്ചിരിക്കുന്നു. കേസിന്റെ ഗതിയെ നിര്‍ണ്ണയിക്കുമെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജസ്റ്റീസ് തയ്യാറായിട്ടില്ല. അപ്പീല്‍ കോടതിയില്‍ വാദം തോറ്റാല്‍, കേസ് സുപ്രീം കോടതിയിലെത്തും.

എങ്കിലും, പര്‍വേസിന് നീതിയും സ്വാതന്ത്ര്യവും ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

പര്‍വേസിനെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനത്തില്‍ ഇതിനകം 87,000-ത്തിലധികം ആളുകള്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

The Independent-ലെ വാര്‍ത്ത ഇവിടെ വായിക്കുക

Sunday, February 17, 2008

കൗപീനത്തിന്റെ രാഷ്ട്രീയം

അനീതിയെ എതിര്‍ക്കാന്‍ ഇന്ന രീതികള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നൊന്നുമില്ല. നീതി പരിപാലിക്കാനും, നിയമം സംരക്ഷിക്കാനും ബാദ്ധ്യസ്ഥമായ സര്‍ക്കാരുകള്‍ തന്നെ അടിച്ചമര്‍ത്തലിന്റെ ഉപകരണങ്ങളാകുമ്പോള്‍ പ്രത്യേകിച്ചും. ചാവേറുകള്‍ മാത്രമല്ല അത്തരം അവസരങ്ങളില്‍ ആയുധം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്നത്‌. കൗപീനങ്ങള്‍പോലും ആ പ്രയോഗം നിര്‍വ്വഹിച്ചുവെന്നു വരാം. അപ്പോള്‍ അവ ഫലിതമോ അശ്ലീലമോ ആവുന്നില്ല. മറിച്ച്, നീതിനിഷേധത്തിന്റെ നഗ്നതയെ വെളിച്ചത്ത് കൊണ്ടുവരുകയാണ് അവ ചെയ്യുന്നത്. ഇവിടെ ഇതാ..

Saturday, February 16, 2008

തസ്ലിമ എഴുതുന്നു

എവിടെയാണ്‌ ഞാന്‍? താരതമ്യേന എളുപ്പമുള്ള ചോദ്യമാണെങ്കിലും, എന്റെ പക്കല്‍ ഇതിനുള്ള മറുപടിയില്ലെന്നു പറഞ്ഞാല്‍ ആരും എന്നെ വിശ്വസിക്കില്ല എന്ന് എനിക്കറിയാം. പക്ഷേ സത്യം അതാണ്‌. എനിക്കറിയില്ല. ഇനി, എന്റെ അവസ്ഥ എന്താണെന്ന് ആരെങ്കിലും ചോദിച്ചു എന്നിരിക്കട്ടെ, അതിനും ഞാന്‍ മറുപടി പറയുക, എനിക്കറിയില്ല എന്നു മാത്രമായിരിക്കും. ഞാനൊരു ജീവച്ഛവം മാത്രമാണ്‌. നിശ്ശബ്ദയാക്കപ്പെട്ട്‌, അസ്തിത്വത്തിന്റെ ആനന്ദവും അനുഭൂതിയും കവര്‍ച്ച ചെയ്യപ്പെട്ട്‌, എന്റെ മുറിയുടെ ഭീതിദമായ ഉള്ളറയില്‍ ഒതുങ്ങിക്കൂടി കഴിയുന്നു ഞാന്‍. രാത്രിയും പകലും. പകലും രാത്രിയും. അതെ. അങ്ങിനെയാണ്‌ ഞാന്‍ കഴിഞ്ഞുകൂടുന്നത്‌.

കല്‍ക്കത്തയില്‍നിന്ന് പെട്ടെന്ന് ഒരുദിവസം കെട്ടുകെട്ടേണ്ടിവന്നപ്പോള്‍ തുടങ്ങിയതൊന്നുമല്ല ഈ ദു:സ്വപ്നം. കുറച്ചു കാലമായി ഇതാണ് എന്റെ അവസ്ഥ. പതുക്കെ നടന്നുവരുന്ന ഒരു മരണംപോലെ, സാവകാശം മൊത്തിക്കുടിച്ചുകൊണ്ടിരിക്കുന്ന വിഷംപോലെ, അത്‌ എന്റെ എല്ലാ ഇന്ദ്രിയങ്ങളെയും കൊന്നുകൊണ്ടിരിക്കുന്നു. ഒരുകാലത്ത്‌, ധൈര്യവും, തന്റേടവും, ഓജസ്സുമുണ്ടായിരുന്ന എന്റെ സത്തയെ നിശ്ശബ്ദമാക്കാനുള്ള ഒരു ഗൂഢാലോചനയാണ്‌ ഇത്‌. എന്റെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്‌ എന്താണെന്ന് എനിക്ക്‌ നല്ലവണ്ണം അറിയാം. പക്ഷേ എത്ര ശ്രമിച്ചിട്ടും, ഒറ്റക്ക്‌ ഒരു യുദ്ധം ചെയ്യാനാവാത്തവണ്ണം, ഞാനിന്ന് നിസ്സഹായയാണ്‌. അശരീരിയായ ശബ്ദം മാത്രമാണ്‌ ഞാനിന്ന്. ഒരിക്കല്‍ എന്റെ കൂടെ നിന്നവരെല്ലാം ഇരുളിലേക്ക്‌ അപ്രത്യക്ഷരായിരിക്കുന്നു. ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിനുതക്കവണ്ണം എന്തു തെറ്റാണ്‌ ഞാന്‍ ചെയ്തത്‌? സഹജീവികളുടെ സാമീപ്യത്തിന്റെ സുഖമനുഭവിക്കാനോ, സ്വതന്ത്രമായി നടക്കാനോപോലും പറ്റാത്ത ഈ അവസ്ഥ എന്തുതരം ജീവിതമാണ്‌? ഒരു നിഴല്‍ മാത്രമായി ഇങ്ങനെ ഒളിച്ചിരിക്കാന്‍ പാകത്തില്‍ എന്തു മഹാപരാധമാണ്‌ ഞാന്‍ ചെയ്തത്‌? എന്തു തെറ്റിനാണ്‌ ഈ സമൂഹവും, ഈ നാടും എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്‌? എന്റെ വിശ്വാസങ്ങളെക്കുറിച്ചും, ധാരണകളെക്കുറിച്ചുമാണ്‌ ഞാന്‍ എഴുതിയത്‌. ആശയം പ്രകടിപ്പിക്കാന്‍, അക്രമമല്ലല്ലോ, വാക്കുകളല്ലേ ഞാന്‍ ഉപയോഗിച്ചുള്ളു? കല്ലെറിയുകയോ രക്തം ചിന്തുകയോ ചെയ്തുവോ ഞാന്‍? എന്നിട്ടും എന്നെ ഒരു കുറ്റവാളിയായി കാണുന്നു. അഭിപ്രായപ്രകടനത്തിനുള്ള മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക്‌ എന്റെ അവകാശത്തേക്കാള്‍ നിയമസാധുതയുള്ളതുകൊണ്ടായിരിക്കണം എന്നെ ഇങ്ങനെ ശിക്ഷിക്കുന്നതെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. അവനവന്റെ ദൃഢവിശാസങ്ങള്‍ കയ്യൊഴിയേണ്ടിവരിക എന്നത്‌, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം എത്രയധികം വേദനാജനകമാണെന്ന് ഇന്ത്യ മനസ്സിലാക്കുന്നില്ലെന്നു വരുമോ?

ആലോചിച്ചുനോക്കൂ, എന്റെ വാക്കുകളെ സെന്‍സര്‍ ചെയ്യാന്‍ ഞാന്‍ അനുവദിക്കണമെങ്കില്‍ എത്രമാത്രം അപമാനിതയും, അരക്ഷിതയും, പരിഭ്രാന്തയും ആയിത്തീര്‍ന്നിട്ടുണ്ടാവണം ഞാന്‍? അവരാവശ്യപ്പെട്ട വെട്ടലിനും തിരുത്തലിനും എന്റെ രചനകളെ അനുവദിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ ഒരുപക്ഷേ ഇതിനോടകംതന്നെ ബലിമൃഗമായേനെ.

അവരുടെ രാഷ്ട്രീയവും, വിശ്വാസവും, പ്രാകൃതത്വവും, കുതന്ത്രങ്ങളും എല്ലാം എന്റെ ജീവരക്തം ഊറ്റാന്‍വേണ്ടിയുള്ളതായിരുന്നു, കാരണം, ഞാനെഴുതുന്ന സത്യങ്ങള്‍ അവര്‍ക്ക്‌ അത്ര എളുപ്പത്തില്‍ ദഹിക്കില്ല. എങ്ങിനെയാണ്‌ എന്നെപ്പോലെ അശക്തയും, അരക്ഷിതയുമായ ഒരു വ്യക്തിക്ക്‌ ഇത്രവലിയ ശക്തികളുമായി ഏറ്റുമുട്ടാനാവുക. പക്ഷേ എന്തു സംഭവിച്ചാലും ശരി, അസത്യം പറയുക എന്നതുമാത്രം എനിക്കൊരിക്കലുമാവില്ല.

സ്നേഹവും സഹാനുഭൂതിയുമല്ലാതെ എന്റെ പക്കല്‍ മറ്റെന്താണുള്ളത്‌? എന്റെ വാക്കുകളെ ചീന്തിയെറിയാന്‍ അവര്‍ വിദ്വേഷത്തെ ഉപയോഗിച്ചപോലെ, അവരില്‍നിന്ന് വിദ്വേഷത്തെ അടര്‍ത്തിമാറ്റാന്‍ എന്റെ കയ്യില്‍ സ്നേഹവും സഹാനുഭൂതിയും മാത്രമേയുള്ളു. ക്രൂരതയും, പ്രാകൃതത്വവും, സംഘര്‍ഷവും, വിദ്വേഷവും എല്ലാം മനുഷ്യാവസ്ഥയുടെ ഭാഗങ്ങള്‍തന്നെയാണെന്ന് തിരിച്ചറിയാന്‍തക്കവണ്ണം പ്രായോഗികബുദ്ധിയൊക്കെ എനിക്കുണ്ട്‌. അവയൊന്നും ഒരിക്കലും മാറില്ലായിരിക്കാം. എന്നുമാത്രമല്ല, എന്നെപ്പോലെ ഒരു നിസ്സാരജീവിക്ക്‌ എങ്ങിനെയാണ് അതൊക്കെ മാറ്റാനാവുക? എന്നെ ഇല്ലാതാക്കിയാല്‍ ലോകത്തിന്‌ ഒരു ചുക്കും വരാനില്ല. അതൊക്കെ എനിക്കറിയുകയും ചെയ്യാം. എന്നിട്ടും ഞാന്‍ പ്രതീക്ഷിച്ചു, ബംഗാള്‍ വ്യത്യസ്തമായിരിക്കുമെന്ന്. അവളുടെ മക്കളുടെ ഭ്രാന്ത്‌ താത്‌ക്കാലികമായിരിക്കുമെന്ന്. അത്രമേല്‍ തീവ്രമായി ഞാന്‍ പ്രണയിച്ചിരുന്ന എന്റെ ബംഗാള്‍ എന്നെ കയ്യൊഴിയില്ലെന്ന് ഞാന്‍ കരുതി. പക്ഷേ അവള്‍ കയ്യൊഴിയുകതന്നെ ചെയ്തു.

ബംഗ്ലാദേശില്‍നിന്നും നിഷ്കാസിതയായതിനുശേഷം ഒരു അനാഥശിശുവിനെപ്പോലെ ഞാന്‍ വര്‍ഷങ്ങളോളം ലോകമൊട്ടുക്ക്‌ അലഞ്ഞു. പശ്ചിമബംഗാളില്‍ അഭയം കിട്ടി എന്നറിഞ്ഞ നിമിഷം, എന്റെ നീണ്ട അലച്ചിലിന്റെ ആ ക്ഷീണം മുഴുവന്‍ ഞാന്‍ മറന്നു. വളരെ പ്രിയപ്പെട്ട, പരിചിതമായ ഒരു നാട്ടില്‍ ഞാന്‍ വീണ്ടും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തി. ജീവിച്ചിരിക്കുന്നിടത്തോളം കാലം, എന്റെ ഉള്ളില്‍ ബംഗാളിന്റെ ആ വിദൂരദൃശ്യവും, അവളുടെ സൂര്യപ്രകാശവും, അവളുടെ ഈര്‍പ്പമുള്ള മണ്ണും, അവളുടെ സത്തയും ഒക്കെ എന്നുമുണ്ടായിരിക്കും. ഏതു മണ്ണിന്റെ അഭയത്തിലേക്ക്‌ തിരിച്ചെത്താനാണോ രക്തം പുരണ്ട നീണ്ട വഴിത്താരകള്‍ ഞാന്‍ ഇത്രയും കാലം പിന്നിട്ടത്‌, അതേ ബംഗാള്‍ ഇന്നെന്നെ കയ്യൊഴിഞ്ഞിരിക്കുന്നു. ഉള്ളിലും പുറത്തും ഞാന്‍ ബംഗാളിയാണ്‌. ഞാന്‍ ജീവിക്കുന്നതും, ശ്വസിക്കുന്നതും, സ്വപ്നം കാണുന്നതും ബംഗാളിയിലാണ്‌. ബംഗാളിന്‌ എന്നെ വേണ്ടാതായിരിക്കുന്നുവെന്ന് എനിക്ക്‌ വിശ്വസിക്കാനേ സാധിക്കുന്നില്ല.

ഇവിടെ ഞാന്‍ വെറും അതിഥിയാണ്‌. ആതിഥേയത്വത്തിന്റെ മര്യാദകളെ ലംഘിക്കുന്ന ഒന്നും ഞാന്‍ ചെയ്തുകൂടാ. ആരുടെയും വികാരങ്ങളെയോ വിശ്വാസങ്ങളെയോ വേദനിപ്പിക്കാനല്ല ഞാന്‍ ഇവിടെയെത്തിയത്‌. സ്വന്തം നാട്ടില്‍നിന്നുപോലും വ്രണിതയായി, അതില്‍പ്പിന്നെ ലോകത്തിന്റെ നാനാ ഇടങ്ങളില്‍ വെച്ചും അപമാനവും വേദനയും സഹിച്ച്‌, ഇവിടെയെത്തുമ്പോള്‍, എനിക്കറിയാമായിരുന്നു, ഇവിടെയും എനിക്ക്‌ ഇതൊക്കെതന്നെ അനുഭവിക്കേണ്ടിവരുമെന്ന്. കാരണം, മതനിരപേക്ഷതയെ മുസ്ലിം മതമൗലികവാദവുമായി സമീകരിച്ചുകാണുന്ന വോട്ടുബാങ്ക്‌ രാഷ്ട്രീയം നിലനില്‍ക്കുന്ന ജനാധിപത്യ, മതേതര രാജ്യമാണ്‌ ഇന്ത്യ എന്നതുതന്നെ. ഇത്‌ വിശ്വസിക്കാന്‍ എനിക്ക്‌ ഇഷ്ടമല്ല. എങ്കിലും, എനിക്കു ചുറ്റും ഞാന്‍ കാണുന്നതും, കേള്‍ക്കുന്നതും, വായിക്കുന്നതുമായ കാര്യങ്ങള്‍ എനിക്കു നല്‍കുന്ന സൂചനകള്‍ ഇതൊക്കെയാണ്. ചിലപ്പോള്‍ എനിക്ക്‌ തോന്നും, ചുറ്റുമുള്ളതൊന്നും കാണുകയും കേള്‍ക്കുകയും പറയുകയും ചെയ്യാത്ത ആ പഴയ വാനരന്‍മാരെപ്പോലെയാകാന്‍ കഴിഞ്ഞാല്‍ എത്ര നന്നായിരുന്നുവെന്ന്. പല രൂപത്തിലും എന്നെ സന്ദര്‍ശിക്കുന്ന മരണത്തെ ഒരു സുഹൃത്തിനെപ്പോലെയാണ്‌ ഞാനിപ്പോള്‍ കാണുന്നത്‌. അവനോട്‌ ഉള്ളുതുറന്നു സംസാരിച്ചിരിക്കാന്‍ എനിക്ക്‌ മോഹം തോന്നുന്നു. സംസാരിക്കാനോ, വ്യഥകള്‍ പങ്കിടാനോ എനിക്ക്‌ മറ്റാരുമില്ല.

എന്റെ പ്രിയപ്പെട്ട ബംഗാളിനെ എനിക്ക്‌ നഷ്ടപ്പെട്ടു. അന്നു ഞാനനുഭവിച്ച അത്രയും വേദന, അമ്മയുടെ മാറില്‍നിന്നും പറിച്ചുമാറ്റപ്പെട്ട മറ്റൊരു കുട്ടിക്കും അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവില്ല. ജന്മം തന്ന അമ്മയെയാണ്‌ എനിക്കിപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്‌. എന്റെ സ്വന്തം അമ്മ മരിച്ചപ്പോള്‍ ഉണ്ടായ വേദനയേക്കാള്‍ ഒട്ടും കുറവല്ല ഈ വേദനയും. ഞാന്‍ തിരിച്ചുവരണമെന്ന് എന്റെ അമ്മ എപ്പോഴും ആഗ്രഹിച്ചിരുന്നു. എനിക്കൊരിക്കലും സാധിക്കാത്ത ഒന്നായിരുന്നു അത്‌. കല്‍ക്കത്തയില്‍ താമസമാക്കിയതിനുശേഷം - അപ്പോഴേക്കും അവര്‍ കേവലം ഓര്‍മ്മയായി മാറിയിരുന്നു- ഞാന്‍ അമ്മയോട്‌ പറയുമായിരുന്നു, ഞാന്‍ വീട്ടിലേക്കുതന്നെയാണ്‌ തിരിച്ചെത്തിയിരിക്കുന്നതെന്ന്. അഥവാ, മനുഷ്യകല്‍പ്പിതമായ കൃത്രിമ അതിരുകളുടെ ഏതുഭാഗത്തായാല്‍ എനിക്കെന്ത്‌? പക്ഷേ, ഒരിക്കല്‍ എനിക്ക്‌ ആതിഥ്യം നല്‍കിയവര്‍തന്നെ ഇന്ന് എന്നെ പുറത്താക്കിയിരിക്കുന്നുവെന്നും, ഒരു നാടോടിയെപ്പോലെ കഴിയുകയാണ്‌ ഞാനെന്നും അമ്മയോട്‌ പറയാനുള്ള ധൈര്യം ഇന്നെനിക്കില്ല. അതെല്ലാം പറഞ്ഞാല്‍ ആ സാധു സ്ത്രീ തകര്‍ന്നുപോയേക്കും. അതിനുപകരം ഞാന്‍ ഇപ്പോള്‍ എന്നെതന്നെ സമാധാനിപ്പിക്കുന്നത്‌, ഞാന്‍ എന്തൊക്കെയോ അരുതായ്കകള്‍ ചെയ്തതുകൊണ്ടാണ്‌ ഇതൊക്കെ സംഭവിച്ചത്‌ എന്നും മറ്റുമാണ്‌. എന്തൊക്കെയോ തെറ്റുകള്‍ ഞാന്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണ്‌ ഞാന്‍ ഈയൊരു അവസ്ഥയില്‍ എത്തിയിട്ടുണ്ടാവുക? വഞ്ചനയുടെയും അസത്യത്തിന്റെയും കാലത്ത്‌, സത്യം തുറന്നുപറയുക എന്നത്‌, ഇത്ര വലിയ പാപമാണോ? അതോ, ഞാനൊരു സ്ത്രീയായതുകൊണ്ടാണോ?

ആള്‍ക്കൂട്ടം എന്നെ ക്രൂശിച്ചിട്ടില്ലെന്ന് എനിക്കറിയാം. അവരുടെ അഭിപ്രായം ആരെങ്കിലും ചോദിക്കാന്‍ മിനക്കെട്ടിരുന്നുവെങ്കില്‍, ഞാന്‍ ബംഗാളില്‍തന്നെ കഴിയണമെന്ന് അവരില്‍ ഭൂരിപക്ഷവും പറയുമായിരുന്നുവെന്ന് എനിക്ക്‌ ഉറപ്പുണ്ട്‌. പക്ഷേ എന്നാണ് ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ശബ്ദമായിരുന്നിട്ടുള്ളത്? തങ്ങള്‍ ചെയ്യുന്നതു മാത്രം ശരിയെന്നു വിശ്വസിക്കുന്ന, അധികാരം കയ്യടക്കിവെച്ചിരിക്കുന്ന ചിലരാണ് ഇന്ന് ജനാധിപത്യത്തെ നയിക്കുന്നത്‌. എന്നെപ്പോലെ നിസ്സാരയായവര്‍ ഇനി സ്വന്തം നിലയില്‍ ജീവിക്കുകയും, എഴുതുകയും, ശരിയെന്ന് സ്വയം ബോദ്ധ്യമുള്ള കാര്യങ്ങള്‍ മുറുകെപ്പിടിക്കുകയും വേണമെന്നു വന്നിരിക്കുന്നു. ആരെയെങ്കിലും ഉപദ്രവിക്കുകയോ, ദുഷിപ്പിക്കുകയോ, ചതിക്കുകയോ എന്റെ ലക്ഷ്യമല്ല. അസത്യങ്ങള്‍ പറയാറുമില്ല. ആരെയും വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ കഴിയുന്നത്ര ശ്രമിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങളെ അറിയാനോ, മനസ്സിലാക്കാനോ സാധിക്കാത്ത ഒരു വെറും എഴുത്തുകാരി മാത്രമാണ്‌ ഞാന്‍. പക്ഷേ, ഈ അധമരാഷ്ട്രീയക്കാരുടെ, രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കയ്യിലെ പണയപ്പണ്ടമായിരിക്കുന്നു ഇന്ന് ഞാന്‍. എന്തിനെന്നോ? തുച്ഛമായ വോട്ടുകള്‍ക്കുവേണ്ടി. ഏതു മൗലികവാദത്തിനെതിരെയാണോ ഇത്രനാളും ഞാന്‍ ശബ്ദിച്ചതും, യുദ്ധം ചെയ്തതും, അതേ ശക്തികള്‍തന്നെയാണ്‌ എന്റെ പരാജയത്തിലൂടെ വര്‍ദ്ധിതവീര്യരായി തിരിച്ചുവരുന്നത്‌.

ഞാന്‍ ഇത്രനാളും ജീവിക്കുകയും, മതേതരമൂല്യങ്ങളെക്കുറിച്ചും, മനുഷ്യാവകാശങ്ങളെക്കുറിച്ചും, സ്ത്രീശാക്തീകരണത്തെക്കുറിച്ചുമൊക്കെ എഴുതുകയും ചെയ്തിരുന്ന എന്റെ പ്രിയപ്പെട്ട ഇന്ത്യയാണിത്‌. ദൃഢവും അടിസ്ഥാനപരവുമായ വിശ്വാസങ്ങള്‍ കാത്തുസൂക്ഷിച്ചതിന്‌ എനിക്ക്‌ കനത്ത വില നല്‍കേണ്ടിവരുകയും അനുഭവിക്കേണ്ടിവരുകയും ചെയ്ത, രാഷ്ട്രീയമൂല്യമുള്ള ഒരു സംഘടനയുടെയും പിന്‍ബലം ലഭിക്കാതിരുന്ന, എനിക്കു നേരെയുള്ള കടന്നാക്രമണങ്ങളെ അപലപിക്കാന്‍ ഏതെങ്കിലുമൊരു സര്‍ക്കാരേതര സംഘടനയോ, മനുഷ്യാവകാശ-സ്ത്രീ-സംഘടനയോ ഇതുവരെ മുന്നോട്ട്‌ വരാതിരുന്നതുമായ രാജ്യമാണിത്‌. ഞാനെഴുതിയ ഒരു വാക്കുപോലും വായിക്കാതിരുന്നിട്ടും എനിക്കുവേണ്ടി ശബ്ദിക്കാന്‍ തയ്യാറായി മുന്നോട്ടുവന്ന ഒറ്റപ്പെട്ട വ്യക്തികളെയും, പത്രപ്രവര്‍ത്തകരെയും, എഴുത്തുകാരെയും, ബുദ്ധിജീവികളെയും മറന്നുകൊണ്ടല്ല ഞാനിതു പറയുന്നത്‌. അവരുടെ അഭിപ്രായങ്ങള്‍ക്കും, പിന്തുണക്കും ഞാന്‍ അവരോട്‌ എന്നെന്നും കടപ്പെട്ടിരിക്കുന്നു.

എപ്പോഴൊക്കെ വ്യക്തികള്‍ സംഘങ്ങളായി പരിണമിക്കുന്നുവോ, അപ്പോഴൊക്കെ, സത്യം തുറന്നുപറയുവാനുള്ള അവരുടെ ശേഷി നഷ്ടപ്പെടുന്നത്‌ ഞാന്‍ കാണുന്നു. സത്യത്തില്‍, ഇന്ത്യയുടെ ഈ പുതിയ മുഖം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. പക്ഷേ ഇത്‌ പുതിയ ഇന്ത്യയാണോ, അതോ ഇന്ത്യയുടെ യഥാര്‍ത്ഥമുഖമാണോ? എനിക്കറിയില്ല. എന്റെ കുട്ടിക്കാലം തൊട്ടേ ഇന്ത്യയെ ഞാന്‍ കണ്ടിരുന്നത്‌, നിര്‍ഭയമായ ഒരു മഹത്തായ രാജ്യമായിട്ടായിരുന്നു. എന്റെ സ്വപ്നരാജ്യം. പ്രബുദ്ധവും, ശക്തവും, പുരോഗമനേച്ഛുവുമായ, സഹിഷ്ണുതയുള്ള ഒരു രാജ്യം. ആ ഇന്ത്യയെക്കുറിച്ച്‌ എനിക്ക്‌ അഭിമാനിക്കണം. തമസ്സിനെയും മതഭ്രാന്തിനെയും ഉപേക്ഷിച്ച്‌, വെളിച്ചത്തെയും സഹിഷ്ണുതയെയും ഇന്ത്യ മുറുകെപ്പിടിക്കുന്ന നാള്‍ സന്തോഷവതിയായി ഞാന്‍ മരണം പുല്‍കും. ആ ദിവസത്തിനുവേണ്ടി കാത്തിരിക്കുകയാണ്‌ ഞാന്‍. ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷേ ഇന്ത്യയും, അവള്‍ എന്തിനുവേണ്ടിയാണോ നിലനില്‍ക്കുന്നത്‌, അവയും ജീവിച്ചിരിക്കേണ്ടത്‌ ആവശ്യമാണ്‌.


പരിഭാഷകുകുറിപ്പ്‌

തസ്ലീമയുടെ ഇന്ത്യയിലെ താമസത്തിനുള്ള താത്ക്കാലിക വിസ ഫെബ്രുവരി 16-ന്‌ അവസാനിക്കുന്നു. വിസ നീട്ടിക്കൊടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപനം വന്നിട്ടുണ്ടെങ്കിലും, ഇതുവരെ നടപടികളൊന്നും പൂര്‍ത്തിയായിട്ടില്ലെന്നാണ്‌ അറിയുവാന്‍ കഴിയുന്നത്‌. സര്‍ക്കാരിന്റെ അജ്ഞാതകേന്ദ്രത്തില്‍ ഇപ്പോഴും 'തടവില്‍' കഴിയുകയാണ്‌ തസ്ലീമ നസ്രീന്‍. അവര്‍ക്ക്‌ വിസ നീട്ടിക്കൊടുക്കാനും, സുരക്ഷിതമായ സാധാരണ ജീവിതം അവര്‍ക്ക്‌ ഉറപ്പുവരുത്താനും, എല്ലാ ജനാധിപത്യ-മതേതരവാദികളും മുന്നോട്ട്‌ വരേണ്ടതുണ്ട്‌.

തസ്ലീമയോട്‌ ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച്‌ അവര്‍ക്ക്‌ സന്ദേശങ്ങളയക്കാനും, റാഷണലിസ്റ്റ്‌ ഇന്റര്‍നാഷണലിന്റെ (പ്രധാനമന്ത്രിയോടുള്ള)അഭ്യര്‍ത്ഥനയില്‍ പങ്കുചേരാനും, താഴെ പറയുന്ന ലിങ്കുകള്‍ നോക്കുക.

manmohan@sansad.nic.in
taslima@rationalistinternational.net

Wednesday, February 13, 2008

ഗുജറാത്തിലെ കളിയാക്കിപക്ഷികള്‍

ജാവേദ്‌ നഖ്‌വി

മറ്റു പക്ഷികളുടെ പാട്ടിനെ, ഉച്ചത്തില്‍, നിര്‍ത്താതെ, അനുകരിക്കാന്‍ വിദഗ്ദ്ധരാണ്‌ കളിയാക്കിപ്പക്ഷികള്‍(1). സഹജമായ ആനന്ദാനുഭവത്തിന്റെയും,(ചിലപ്പോള്‍) ആലോചനയില്ലായ്മയുടെയും ബിംബങ്ങള്‍ എന്ന മട്ടിലും ഈ പക്ഷികളെ സൂചിപ്പിക്കാറുണ്ട്.

വംശീയമായി ചേരിതിരിഞ്ഞ അലബാമയില്‍, ഒരു വ്യാജ ബലാത്സംഗകേസ്സില്‍ കുറ്റാരോപിതനായി, വെള്ളക്കാര്‍ മാത്രം ഉള്‍പ്പെടുന്ന കോടതിയുടെ കൈയ്യില്‍നിന്ന് വധശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു കറുത്തവര്‍ഗ്ഗക്കാരനെ സൂചിപ്പിക്കാന്‍ ഹാര്‍പ്പര്‍ ലീ ഈ കളിയാക്കിപ്പക്ഷിയുടെ ബിംബം തന്റെ പ്രസിദ്ധമായ നോവലില്‍* ഉപയോഗിച്ചിട്ടുണ്ട്‌. ഗുജറാത്ത്‌ എന്ന ഭാഗ്യംകെട്ട സംസ്ഥാനത്തിലും ഇത്തരത്തിലുള്ള കളിയാക്കിപ്പക്ഷികള്‍ നിരവധിയാണ്‌.

കൃഷ്ണനെയും രാധയെയും, ബുദ്ധനെയും ഭക്തമീരയെയും തങ്ങളുടെ പാട്ടുകളില്‍ ആവാഹിച്ച്‌ റസൂലാന്‍ ബായിയും, ഉസ്താദ്‌ ഫയാസ്‌ ഖാനും, വാലി ദഖനിയും, ഇഹ്സാന്‍ ജാഫ്‌രിയും ജീവിച്ചിരുന്നത്‌, ഈ ഗുജറാത്തിലായിരുന്നു. തന്റെ കച്ചേരിക്കൊടുവില്‍ ഹാര്‍മ്മോണിയത്തില്‍ കെട്ടിപ്പിടിച്ച്‌, സ്തബ്ധരായ കാണികള്‍ക്കുമുന്നില്‍ ബീഗം അക്തര്‍ മരിച്ചുവീണതും മറ്റെവിടെയുമായിരുന്നില്ല.

സംഗീതത്തെയും കലയെയും വളര്‍ത്തി പുഷ്ക്കലമാക്കിയ ഇന്ത്യയിലെ പല രാജകീയദര്‍ബാറുകളില്‍നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല ബറോഡയിലെ (ഇന്നത്തെ വഡോദര) രാജവംശവും. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ഏറ്റവും മികച്ചതിനെല്ലാം അവരും ആതിഥ്യമരുളി. പഞ്ചാബില്‍നിന്നും ഇവിടെയെത്തിയതില്‍പിന്നെയാണ്‌ ഉസ്താദ്‌ കരിം ഖാന്‍ കിരാന ഖരാനക്ക്‌ രൂപം കൊടുത്തത്‌. ബറോഡയിലെ ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത്‌ മിരാജില്‍ സ്ഥിരതാമസമാക്കിയ കരിം ഖാന്റെ ശിഷ്യരായിരുന്നു, പിന്നീട്‌ പുകള്‍പെറ്റ ഹീരാബായി ബറോഡേക്കറും, സരസ്വതി റാനയും, സുരേഷ്‌ ബാബു മനെയുമൊക്കെ.

ആര്‍ക്കുവേണ്ടിയാണോ തങ്ങള്‍ പാടിയത്‌, അതേ ആളുകളാല്‍ അപമാനിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത ഗുജറാത്തിലെ എണ്ണമറ്റ കളിയാക്കിപ്പക്ഷികളില്‍ നാലുപേര്‍ക്ക്‌ ഞാന്‍ എന്റെ ഈ ലേഖനം സമര്‍പ്പിക്കുന്നു. ഇതുപോലെ മറ്റൊരു ബഡ്‌ജറ്റിന്റെ കാലത്തായിരുന്നു, 2002 ഫെബ്രുവരി 28-ന്‌, സര്‍ക്കാരിന്റെ ഒത്താശയോടെ നിസ്സഹായരായ സ്ത്രീകളെ സംസ്ഥാനത്തുടനീളം മാനഭംഗപ്പെടുത്തുകയും വധിക്കുകയും ചെയ്തത്‌.

ഗോധ്രയില്‍ കരസേവകരെ കൊന്നതിന്റെ സ്വാഭാവികമായ പ്രതികരണമായിരുന്നു ഗുജറാത്തിലെ വംശഹത്യ എന്ന മട്ടിലാണ്‌ ആ ദുരന്തത്തെ ആളുകള്‍ വ്യാഖ്യാനിച്ചത്‌. തികഞ്ഞ അസംബന്ധമാണിത്‌. കാരണം, പതിനാറാം നൂറ്റാണ്ടില്‍ പണിത ഒരു പള്ളി പൊളിച്ചപ്പോഴും ഇവര്‍ ഇതുതന്നെയാണ്‌ കാരണം പറഞ്ഞിരുന്നത്‌. ഗോധ്രക്കു പകരം, മുഗള്‍ ചക്രവര്‍ത്തിയുടെ അതിക്രമത്തിന്റെ കാരണം പറഞ്ഞു അന്ന്. അത്രേയുള്ളു വ്യത്യാസം.

1969-ല്‍ റസൂലാന്‍ ബായിയുടെ അഹമ്മദാബാദിലെ വീട്‌ ഒരു കൂട്ടം ആളുകള്‍ ചുട്ടുചാമ്പലാക്കിയിരുന്നില്ലേ? അന്ന് ഗോധ്രയൊന്നും പറയാനുണ്ടായിരുന്നില്ലല്ലോ? പ്രശസ്തയും അനുഗൃഹീതയുമായ ആ പാട്ടുകാരിയെ അവരുടെ വളര്‍ത്തുനാടായ ഗുജറാത്തിലെ വീട്ടില്‍നിന്നും ആട്ടിയോടിച്ചതിനുള്ള പ്രകോപനം എന്തായിരുന്നു? ആ ദുരനുഭവത്തിനുശേഷം, റസൂലാന്‍ ബായിയെ സംരക്ഷിച്ചതും പരിചരിച്ചതും, നൈന ദേവി എന്ന ഒരു ഹിന്ദു രാജകുമാരിയായിരുന്നു. സംഗീതത്തെയും സംഗീതജ്ഞരെയും സ്നേഹിച്ചിരുന്ന നൈന ദേവി. ആരോഗ്യം തിരിച്ചെടുത്തുവെങ്കിലും റസൂലാന്‍ ബായി പിന്നെയൊരിക്കലും ജീവിതത്തില്‍ പാടിയിട്ടില്ല.

റസൂലാന്‍ ബായിയെ ആട്ടിയോടിച്ച കലാപകാരികള്‍ക്കും അയല്‍ക്കാര്‍ക്കും, ഇപ്പോഴും, വെബ്ബില്‍, ഭൈരവിരാഗത്തില്‍ അവര്‍ പാടിയ ആ തുംരി കേള്‍ക്കാം. അതിലെ വാക്കുകള്‍ എന്തായിരുന്നുവെന്ന് ഒന്ന് ഊഹിക്കാമോ നിങ്ങള്‍ക്ക്‌?

നിന്റെ ആ മാന്ത്രികമുരളികൊണ്ട്‌
എന്നെ ഇനിയും മഥിക്കരുത്‌ കൃഷ്ണാ
എനിക്ക്‌ നിന്റെ ഓടക്കുഴല്‍വിളി കേള്‍ക്കേണ്ട
എന്റെ ഈ തെരുവില്‍ ഇനി നീ വരണ്ട
താഴത്തുവെക്കൂ നീയാ മുരളിക
ശ്യാമവര്‍ണ്ണാ
എനിക്കത്‌ കേള്‍ക്കേണ്ട

2002-ലെ ലഹളക്കാലത്ത്‌, വാലി ദഖാനിയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുഴിമാടം ജനക്കൂട്ടം തച്ചുതകര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ കാര്യം കൂടുതല്‍ ഭംഗിയാക്കി. അവര്‍ ആ കബറിടം വെട്ടിനിരപ്പാക്കി അതിന്റെ മുകളിലൂടെ ഒരു ടാര്‍റോഡ്‌ നിര്‍മ്മിച്ചു. ആരായിരുന്നു വാലി ദഖനി? എന്തിനായിരുന്നു ആ സ്മാരകത്തെ ആ വിധത്തില്‍ ഇല്ലാതാക്കിയത്‌? ഗുജറാത്തിനെ അകമഴിഞ്ഞു സ്നേഹിക്കുകയും, ഹിന്ദു-മുസ്ലിം മൈത്രിയെ തന്റെ ദൗത്യമാക്കുകയും ചെയ്ത ആളായിരുന്നു പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആ കവി. ഈ കളിയാക്കിപ്പക്ഷിയുടെ കവിതകളൊന്നു വായിച്ചുനോക്കൂ. ആദ്യകാല ഉറുദു കവിതയുടെ ശക്തമായ പ്രതിബിംബമായിരുന്നു വാലി ദഖനി എഴുതിയ എണ്ണമറ്റ കവിതകള്‍.

കാശിയെപ്പോലെ പുണ്യം
എനിക്ക്‌ അവളുടെ തെരുവുകള്‍
എന്റെ ഹൃദയം താമസിക്കുന്നത്‌
അവിടെയാണ്‌
വിരഹം കൊണ്ട്‌ ശോകഭരിതമാണ്‌ എന്റെ ഉള്ളം
നിന്റെ കേശഭാരം
യമുനയിലെ ഓളങ്ങളാണ്‌
അതിന്റെ തീരത്തെ ഒരു ചെറിയ മറുക്‌
അത്‌, ഞാനെന്ന അവധൂതന്‍

ആഗ്ര ഖരാനയുടെ പുണ്യമായിരുന്ന ഉസ്താദ്‌ ഫയാസ്‌ ഖാന്‍. ഗുജറാത്തിന്റെയും ഉത്തരദേശങ്ങളുടെയും പ്രിയപ്പെട്ട കൃഷ്ണനെക്കുറിച്ച്‌ പ്രഭാതരാഗമായ പരാജില്‍ 'മന്‍മോഹന്‍ ബ്രിജ്‌ കോ രസിയ'യും, കാപ്പിയില്‍ 'വന്ദേ നന്ദകുമാരവും' രചിച്ച ഫയാസ്‌ ഖാന്‍. 1950-ലാണ്‌ അദ്ദേഹത്തെ 'അഫ്‌താബ്‌-ഇ-മസൂഖി' കൊടുത്ത്‌ രാജ്യം ആദരിച്ചത്‌. 2002-ലെ ഭ്രാന്തന്‍ ലഹളകള്‍ ഫയാസ്‌ ഖാന്റെ കബറിടത്തെയും വെറുതെ വിട്ടില്ല. പക്ഷേ ഓര്‍മ്മകളെ അത്ര എളുപ്പത്തില്‍ ഇല്ലാതാക്കാമെന്ന് കരുതിയോ? ഫയാസ്‌ ഖാന്‍ പ്രതിനിധീകരിച്ച പാരമ്പര്യത്തെക്കുറിച്ച്‌ അറിയാന്‍ ആളുകള്‍ക്ക്‌ അവകാശമുണ്ട്‌. ആഗ്രയിലെ മുഗള്‍ ദര്‍ബാര്‍ വരെ നീളുന്ന ഒരു പാരമ്പര്യമാണ്‌ ആഗ്ര ഖരാനയുടേത്‌. അക്‍ബറും ജഹാംഗീറും സംഗീതപ്രേമികളായിരുന്നു. ബൈജു ബാവരയും, ഗുരു ഹരിദാസുമടക്കം 36 സംഗീതജ്ഞരുണ്ടായിരുന്ന അക്‍ബറിന്റെ ദര്‍ബാറിലെ 'നവരത്ന'ങ്ങളില്‍ ഒരാള്‍, പക്ഷേ, താന്‍സനായിരുന്നുവെന്നും നമ്മള്‍ ഓര്‍ക്കണം. മുഗള്‍ ദര്‍ബാറിന്റെ സംഗീതപാരമ്പര്യം അറിയണമെങ്കില്‍, അവരുടെ ചിത്രങ്ങള്‍ 'കാണുക' മാത്രം പോരാ, 'കേള്‍ക്കുക' കൂടി വേണമെന്ന് പറയുന്നു, പ്രശസ്ത ഗോത്രസംഗീത നിരൂപകയായ ബോണി വേഡ്‌. 'ഇമേജിംഗ്‌ സൗണ്ട്‌' എന്ന തന്റെ പ്രൗഢമായ പഠനത്തില്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌, എങ്ങിനെയാണ്‌ മുഗള്‍ പെയിന്റിങ്ങുകള്‍ അക്കാലത്തെ സംഗീതോപകരണങ്ങളുടെ ചിത്രണങ്ങള്‍ മാത്രമല്ല, ആ കാലഘട്ടത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന സാംസ്കാരികസമന്വയത്തിന്റെ രേഖകള്‍ കൂടി ആവുന്നതെന്ന്; എങ്ങിനെയാണ്‌ ഹിന്ദു മുസ്ലീം സൂഫി, പശ്ചിമേഷ്യന്‍, മദ്ധ്യ ഏഷ്യന്‍ സംഗീത പാരമ്പര്യങ്ങള്‍ ഒത്തുചേര്‍ന്ന് ഒരു ഉത്തരേന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീത പാരമ്പര്യത്തിന്‌ ജീവന്‍ നല്‍കിയതെന്ന്.

ആഗ്ര ഘരാനയുടെ കൃത്യമായ ആരംഭത്തെക്കുറിച്ച്‌ നമുക്കറിയില്ല. പതിമൂന്നാം നൂറ്റാണ്ടിലാണോ, താന്‍സന്റെ സമകാലികനും ദര്‍ബാറിലെ സംഗീതജ്ഞരില്‍ ഒരാളുമായിരുന്ന ഹാജി സുജാന്‍ ഖാനില്‍നിന്നാണോ, ഇനി അതുമല്ല, 150 വര്‍ഷം മുന്‍പ്‌ ഗ്വാളിയോറില്‍നിന്നും ആഗ്രയില്‍ വന്ന ഘഗ്ഗെ ഖുദാഭക്ഷില്‍നിന്നാണോ എന്നൊന്നും. എന്തുതന്നെയായാലും, ആ ഘരാന പ്രതിനിധീകരിക്കുന്നത്‌, സമന്വയത്തിന്റെയും, സ്വാംശീകരണത്തിന്റെയും ഒരു മഹത്തായ ഇന്ത്യന്‍ പാരമ്പര്യമാണെന്നത്‌ തീര്‍ച്ച.

ഗുജറാത്തിനു എന്നന്നേക്കുമായി നഷ്ടപ്പെട്ട കളിയാക്കിപ്പക്ഷികളെക്കുറിച്ചുള്ള എന്റെ ഈ സ്മരണയില്‍ ഇനി ഒരാള്‍കൂടി ബാക്കിയുണ്ട്‌. എഹ്‌സാന്‍ ജാഫ്രി. ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടം ജാഫ്രിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും, അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചവരെയും തെരുവിലിട്ട്‌ കഷണങ്ങളായി വെട്ടിക്കൊലപ്പെടുത്തി. കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് 1977-ല്‍ ലോക്‍സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നതിനുമുന്‍പ്‌ അദ്ദേഹം ഇടതുപക്ഷ തൊഴിലാളി സംഘടനാ നേതാവായിരുന്നു. അതിനേക്കാളൊക്കെ ഉപരി, പ്രതിഭാശാലിയായ ഒരു ഉറുദു കവി എന്ന, പുറംലോകം അത്രയധികമൊന്നും അറിഞ്ഞിട്ടില്ലാത്ത മതേതര യോഗ്യതയെയായിരിക്കണം ജാഫ്രിയെ, കലാപകാരികള്‍ക്ക്‌ അനഭിമതനാക്കിയത്‌. ഖന്ദീല്‍ (വിളക്ക്‌) എന്നാണ്‌ അദ്ദേഹത്തിന്റെ കാവ്യസമാഹാരത്തിന്റെ പേര്‌. ആ കാവ്യസമാഹാരത്തിന്‌ ആമുഖമെഴുതിയതാകട്ടെ, മജ്‌റൂ സുല്‍ത്താന്‍ പുരിയും. അതില്‍നിന്നുള്ള താഴെ എഴുതിയ വരികള്‍ മാത്രം മതിയാകും, ജാഫ്രിയുടെ അചഞ്ചലമായ ദേശസ്നേഹത്തെയും, ആ നരഹത്യയുടെ വിരോധാഭാസത്തെയും ഒരേസമയം വെളിവാക്കാന്‍.

നിന്റെ കുറുനിരകളെ മീരയുടെ പാട്ടുകള്‍ അണിയിച്ചൊരുക്കി
ഗൗതമന്‍ നിന്നെ വിളിച്ചു, നാനാക്കും
അതിന്റെ ഞൊറികളില്‍ ഖുസ്രു നിറങ്ങള്‍ ചാലിച്ചു
ഓരോ ഹൃദയവും സ്നേഹത്തിനും സഹാനുഭൂതിക്കും വേണ്ടിയാണ്‌ മിടിക്കുന്നത്‌,
ഇതാണെന്റെ ജന്മഭൂമി
ഇതാണ്‌



കടപ്പാട്: DAWN എന്ന പാക്കിസ്ഥാനി പത്രത്തില്‍ 2008 ഫെബ്രുവരി 12-ന് പ്രസിദ്ധീകരിച്ച ലേഖനം

(1)പരിഹാസപ്പക്ഷികള്‍ എന്നും ഇവയെ വിളിക്കുന്നു.
* To Kill a Mocking Bird
* Imaging Sound by Bonny Wade

Sunday, February 10, 2008

കല്‍ക്കത്ത

നമ്മുടെ കല്‍ക്കത്തയെക്കുറിച്ച്‌ എന്തെങ്കിലും എഴുതിക്കൂടേ? ചന്ദ്രന്‍ എഴുതിചോദിച്ചു. ഓഫീസ്സില്‍ നിന്ന് വൈകുന്നേരം വീട്ടിലേക്കു പോകുന്ന വഴിയില്‍ വണ്ടിയിലിരുന്ന് അവന്റെ കത്ത്‌ വായിക്കുമ്പോള്‍ പുറത്ത്‌, ഗാര്‍ഹൂദ്‌ പാലത്തിന്റെ താഴെ, ക്രീക്കിലെ വെള്ളം, മുകളില്‍ തെളിയാന്‍ തുടങ്ങിയ മഴക്കാറുകളെ നെഞ്ചേറ്റി മര്യാദക്കാരനായി കിടന്നു.

കാളിഘട്ടിനടുത്ത്‌, ഇതുപോലെ മഴക്കാറു നിറഞ്ഞ മറ്റൊരു നദിയെ ഞങ്ങള്‍ പല തവണ നോക്കിയിരുന്നിട്ടുണ്ട്‌. ഹുഗ്ലിയെ. അത്‌ ഇരുപത്തിരണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌. ഇന്ന് ചന്ദ്രന്‍ ഡല്‍ഹിയിലാണ്‌. അവന്റെ മക്കള്‍ വലിയ കുട്ടികളായിരിക്കുന്നു.

എല്ലാ പുഴകളെയുംപോലെ ഹുബ്ലിയും അതിന്റെ തീരത്തിരിക്കുന്നവരൊട്‌ നിരവധി കഥകള്‍ പറയും. ലെസ്ലി സായ്‌വിന്റെ തൂക്കുപാലത്തെക്കുറിച്ചും, പത്മാനദിയിലെ മുക്കുവന്‍മാരെക്കുറിച്ചും, ഘട്ടക്കിന്റെ സുവര്‍ണ്ണരേഖയെക്കുറിച്ചും, സിരാജുദ്‌ ദൗളയുടെ ജീവിതത്തെക്കുറിച്ചും, കാളിഘട്ടിന്റെ തീരത്തണഞ്ഞ അനാഥജന്മങ്ങളെക്കുറിച്ചുമൊക്കെ കാലഗണനാക്രമമില്ലാത്തെ സംസാരിക്കുമ്പോള്‍, ഓര്‍മ്മതെറ്റു വന്ന ഒരു മുത്തശ്ശിയെപ്പോലെ തോന്നിച്ചിരുന്നു ഹുഗ്ലി.

84-ലുകളിലെ കല്‍ക്കട്ട. നക്സല്‍ബാരിയിലെ തീയണഞ്ഞിട്ട്‌ ഒരു വ്യാഴവട്ടവും പിന്നിട്ടിരുന്നു. ബാദല്‍ സര്‍ക്കാരിനെയും, കോളേജ്‌ സ്ട്രീറ്റിനെയും, ജാത്രകളെയും, പൊതുവായനശാലകളെയും സ്നേഹിക്കുകയും മനസ്സില്‍ കൊണ്ടുനടക്കുകയും ചെയ്ത ആയിരക്കണക്കിനു ചെറുപ്പക്കാര്‍. കോണ്‍ഗ്രസ്സ്‌ എന്നത്‌ പഴയ ഭദ്രലോകത്തിന്റെ ഗൃഹാതുരത്വമായി ഒളിച്ചുപാര്‍ത്തു. കാവിരാഷ്ട്രീയമാകട്ടെ, വടക്കന്‍ കല്‍ക്കത്തയിലെ ചെറുപണിപ്പുരകളില്‍ പതുക്കെപ്പതുക്കെ ജീവന്‍ വെക്കുന്ന ദേവീവിഗ്രഹങ്ങളില്‍നിന്ന് പുറത്തുവന്ന്, ആശ്വിനത്തില്‍, പൂജാമണ്ഡപത്തിലെത്തി ആരതിയും അര്‍ച്ചനകളുമേറ്റ്‌, ഒടുവില്‍ ഹുബ്ലിയിലൂടെ ഒഴുകി, ദരിദ്ര മുക്കുവരുടെയും ഹരിജനങ്ങളുടെയും കൈകളിലെത്തുന്ന കൗതുകമായി ഒതുങ്ങിക്കൂടി. മാര്‍ക്സിസം, പലപ്പോഴും, ഒരു എപ്പിഡെമിക്കിന്റെ സ്വഭാവത്തോടെ, തെരുവുകളില്‍ സദാ സമയവും നിറഞ്ഞുനിന്നു. റൈറ്റേഴ്‌സ്‌ ബില്‍ഡിംഗില്‍നിന്നും, ഗോര്‍ക്കി സദനത്തിലേക്കും, അവിടെ നിന്ന് വലുതും, ചെറുതുമായ കോലായകളിലേക്കും, തിരിച്ച്‌ റൈറ്റേഴ്‌സ്‌ ബില്‍ഡിംഗിലേക്കും അത്‌ ഞെളിഞ്ഞുനടന്നു. അതിന്റെ ജാഗരൂകമായ കണ്ണുകള്‍ എത്താത്ത സ്ഥലമുണ്ടായിരുന്നില്ല.

ഓര്‍വല്ലിന്റെ 1984 ഒരു ഭീഷണമായ പ്രവചനംപോലെ നാട്ടിലിറങ്ങിയ കാലവുമായിരുന്നു അത്‌. ഹസ്രയിലെ ഒരു ഇരുണ്ട മുറിയില്‍നിന്ന്, അകം കലക്കുന്ന ദ്രാവകം മോന്തി, ബാലിഗഞ്ചുവഴി രാഷ്ബിഹാരിയിലേക്ക്‌ വെച്ചു പിടിക്കുമ്പോള്‍ വഴിയോരത്തെ ഒരു പുസ്തകകച്ചവടക്കാരന്റെ മുന്‍പില്‍ ഓര്‍വല്‍. കയ്യില്‍ കാശുതികയാതിരുന്ന രണ്ടു മദ്രാസ്സികളെ നോക്കി പുച്ഛത്തോടെ അത്‌ ചിരിച്ചു. അവിചാരിതമായി നിലച്ചുപോയ തെരുവുവിളക്കുകള്‍ സമ്മാനിച്ച ഇരുട്ടില്‍, ജോര്‍ജ്ജ്‌ ഓര്‍വലിനെ പെട്ടെന്ന് അകത്താക്കി മെല്ലെ നടന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍. 'പുസ്തകക്കള്ളന്‍'. ചന്ദ്രന്‍ ചിരിച്ചു.

രാഷ്ബിഹാരി. 'ശില്‍പ്പി' എന്നൊരു വാടകവീട്‌. ചുറ്റും ചെറിയ മുറികളും, നടുവില്‍ അല്‍പ്പം തുറസ്സായ സ്ഥലവും. വാടകക്കാരായ മദ്രാസ്സി ചെറുപ്പക്കാരുടെയും, വീട്ടുകാരുടെയും കാവലാളായി, സാരിത്തുമ്പത്ത്‌ താക്കോല്‍ക്കൂട്ടം കെട്ടിവെച്ച ഞങ്ങളുടെ 'മാ'. എല്ലാ ആഴ്ചയിലും എന്തെങ്കിലും പാര്‍ട്ടി പരിപാടികളുണ്ടാകും. ഒരിക്കലും മുടക്കം വരാതെ അവര്‍ അതിനെല്ലാം പോയിക്കൊണ്ടിരുന്നു. നിരന്തരം ശല്യം ചെയ്യുന്ന ആസ്ത്‌മയെ വകവെക്കാതെ. വീടിനു പുറത്തിറങ്ങുമ്പോള്‍, തിരിഞ്ഞുനിന്ന്, ഒരു നിമിഷം കണ്ണടച്ച്‌ പ്രാര്‍ത്ഥിച്ച്‌, എന്തൊക്കെയോ ദേവീമന്ത്രം ചവച്ചിറക്കി അവര്‍ നടന്നുപോകുന്നതു നോക്കി ജനലരികില്‍ നില്‍ക്കുമ്പോള്‍ പാവേലിന്റെ അമ്മയെ വെറുതെയെങ്കിലും ഓര്‍മ്മവരും. വിദൂരമായ രണ്ടു സമയകാലങ്ങള്‍ ഒഴുകിവന്ന് ഒന്നായിത്തീരുന്ന ചരിത്രപ്രക്രിയയുടെ ആകസ്മികതകളെ ഓര്‍ക്കും.

തങ്കപ്പന്‍നായര്‍ക്ക്‌, പക്ഷേ ചരിത്രം, കേവലം ആകസ്മികതയോ, ഉല്‍പ്പാദനശക്തികളുടെയും ബന്ധങ്ങളുടെയും പരസ്‌പര ബന്ധമോ ഒന്നും ആയിരുന്നില്ല. സ്ഥിതിവിവരങ്ങളുടെ അനന്തമായ ശേഖരമായിരുന്നു. അവയുടെ കാലഗണനാക്രമത്തിലുള്ള അടുക്കിവെക്കലായിരുന്നു. വംഗനാടിനേക്കാള്‍ പ്രാചീനമായ രേഖകള്‍ അടുക്കില്ലാതെ വാരിവലിച്ചിട്ടിരിക്കുന്ന ഇരുണ്ട മുറിയിലിരുന്ന് തങ്കപ്പന്‍നായര്‍ ആനന്ദബസാറിനും, ഗണശക്തിക്കും ചരിത്രത്തിന്റെ പഴമപ്പായസം വിളമ്പിക്കൊടുത്തുകൊണ്ടിരുന്നു. വംഗനാടിനെക്കുറിച്ചുള്ള രണ്ടു വാള്യം വരുന്ന ഒരു ബൃഹത്ചരിത്രവും അന്നേ ആ മനുഷ്യന്‍ എഴുതിക്കഴിഞ്ഞിരുന്നു. ചെന്നുകണ്ട്‌ പരിചയപ്പെട്ടതിന്റെ പിറ്റേ ദിവസം അദ്ദേഹം അതിരാവിലെ വീട്ടില്‍ വന്ന് 'ശില്‍പ്പി'യിലെ ഏതോ സുഹൃത്തിന്റെ കയ്യില്‍ ഒരു കവര്‍ ഏല്‍പ്പിച്ച്‌ ഒന്നും പറയാതെ തിരിച്ചുപോയി. അഭിമുഖം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ശേഖരിച്ചിരിക്കേണ്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ചുവന്ന ചതുരക്കള്ളികള്‍ നിറഞ്ഞ ഒരു കടലാസ്സു കഷണം. പഠിപ്പു തികയാത്ത പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥിയെക്കുറിച്ച്‌ എന്താവും കരുതിയിട്ടുണ്ടാവുക, ലേശം കിറുക്കുള്ള ബംഗാളിന്റെ ആ വിനീത ചരിത്രകാരന്‍?

മലയാളി സമാജത്തിന്റെ യാഥാസ്ഥിതിക കാര്‍ക്കശ്യത്തിനെതിരെ കലഹിക്കുന്ന 'ശില്‍പ്പി'യിലെ പ്രസന്നമായ ചെറുകൂട്ടായ്‌മ. പാട്ടും, നാടകവും, കവിതയും, ചര്‍ച്ചകളും, കൈയ്യെഴുത്തുമാസികയും ഒക്കെ സമ്പന്നമാക്കിയ ദിനരാത്രങ്ങള്‍. രവിയുടെ നിലക്കാത്ത അശാന്തികള്‍. രവി, പപ്പന്‍, നൗഫല്‍, ശശി, അച്ചുതന്‍കുട്ടി, വനജോപ്പോള്‍, നാരായണന്‍, അങ്ങിനെയങ്ങിനെ. പിന്നെയെപ്പോഴോ ഒരു ദിവസം വൈകുന്നേരം തൃശ്ശൂരില്‍നിന്നും ജോസ്‌ ചിറമേല്‍ വന്നിറങ്ങി. 'ശില്‍പ്പി'യില്‍ തന്റെ കറുത്തബാഗു വെച്ച്‌, ഹസ്രയിലേക്ക്‌ അയാളും ഭൂതഗണങ്ങളും വെച്ചടിച്ചു. രാത്രി വന്ന് നേരെ നാടകത്തീയിലേക്ക്‌ കയറി. സി.ജെ.യുടെ ‘ആ മനുഷ്യന്‍ നീതന്നെ‘ കമ്പോട്‌ കമ്പ്‌ വായിച്ച്‌ ആവേശംകൊണ്ട ജോസിന്റെ കണ്ണില്‍ ഒരു മുഴുവന്‍ രംഗപടവും പീലിവിടര്‍ത്തിനിന്നു. ദാവീദിനെയും ബത്‌സബയേയും നൂറ്റൊന്നാവര്‍ത്തിച്ച്‌ സേവിച്ചു.

ബഞ്ചമിന്‍ മൊളോയിസിനെ തൂക്കിക്കൊന്നത്‌ ആയിടക്കായിരുന്നു.86-ലോ മറ്റൊ. റെക്സ്‌ എന്നൊരാള്‍ ദേശാഭിമാനിയില്‍ ഒരു ചെറിയ കവിത എഴുതിയിരുന്നു, മൊളോയിസിനെക്കുറിച്ച്‌. ജോസ്‌ അത്‌ അവതരിപ്പിച്ചു. ഒരു തെരുവുനാടകത്തിന്റെ രൂപത്തില്‍. ഒന്നിലേറെ സ്ഥലങ്ങളില്‍. ഓരോ അവതരണത്തിനുമുന്‍പും പിന്‍പും ജോസ്‌ പനിച്ചുപൊള്ളി. ആ പനി ചുറ്റും നില്‍ക്കുന്നവരിലേക്ക്‌ സംക്രമിപ്പിക്കാന്‍ ജോസിന്‌ ഒരു പ്രത്യേക കഴിവുണ്ടയിരുന്നു. ഇടക്കിടക്ക്‌ നാട്ടിലേക്കുപോയും, വന്നും ജോസ്‌ 'ശില്‍പ്പി'യില്‍ കുറച്ചുകാലം ഉണ്ടായിരുന്നു. കള്‍ട്ടിനെക്കുറിച്ചൊക്കെ (CULT) കേള്‍ക്കുന്നത്‌ ജോസില്‍നിന്നാണ്‌. മരിക്കുന്നതിനുമുന്‍പ്‌, ഫോര്‍ഡിനോ മറ്റോ വേണ്ടി അയാള്‍ നാടകത്തെക്കുറിച്ച്‌ ഒരു പ്രൊജക്‍ട്‌ ചെയ്യുകയായിരുന്നു എന്ന് ആരോ പറഞ്ഞറിഞ്ഞു. ശരിയാണോ എന്തോ?.

നീണ്ട വെളുത്ത തലമുടിയും താടിയുമൊക്കെയായി, ഒരു ദിവസം കാലത്ത്‌, പ്രേമാനന്ദന്‍ ഹൗറയില്‍ വന്നിറങ്ങി. ദിവ്യാത്ഭുതങ്ങളുടെ കള്ളപ്പെട്ടി തുറന്നുകാണിക്കാന്‍, ബംഗാളിലെ ജ്ഞാന്‍-വിജ്ഞാന്‍ സംഘം ഒരുക്കിയ ഒരു ദീര്‍ഘമായ യാത്രയുടെ ഭാഗമായാണ്‌ പ്രേമാനന്ദന്‍ എത്തിയത്‌. 'ശില്‍പ്പി'യിലെ ചെറിയ നടുത്തളത്തില്‍ അദ്ദേഹം ചില ദിവ്യാത്ഭുതങ്ങള്‍ കാണിച്ചു. പുട്ടപര്‍ത്തിയിലെ മാജിക്കുകാരന്റെ സ്ഥിരം നമ്പറുകള്‍. വായുവില്‍ നിന്നും കൈലേസില്‍നിന്നും വിഭൂതി, ആളുകള്‍ക്കിടയില്‍ പെട്ടെന്നു പ്രത്യക്ഷപ്പെടലും മറയലും, തലമുടിയില്‍നിന്നും 'വസ്തുക്കളെ' പ്രത്യക്ഷമാക്കല്‍, അങ്ങിനെ ചിലത്‌. രാഷ്ബിഹാരിയിലെ ഞങ്ങളുടെ ഗല്ലിയിലെ താമസക്കാരായ ബംഗാളികളും, ഒറീസ്സക്കാരും, അത്ഭുതാദരങ്ങളോടെ അതുമുഴുവന്‍ കണ്ടു നിന്നു. പരിപാടികള്‍ക്കവസാനം പ്രേമാനന്ദന്‍ 'നിരീശ്വരം' മെല്ലെ പുറത്തെടുത്തു. കാണികളില്‍ മുറുമുറുപ്പുയരാന്‍ തുടങ്ങി. രവി മയത്തില്‍ ഇടപെട്ടു. "ദൈവത്തില്‍ വേണമെങ്കില്‍ നിങ്ങള്‍ വിശ്വസിച്ചോളൂ. പക്ഷേ ദൈവത്തിന്‌ നമ്മുടെ പൈസയൊന്നും ആവശ്യമില്ല. അതു ചോദിച്ചു വരുന്നവര്‍ക്ക്‌ കൊടുക്കുകയുമരുത്‌. ദൈവം ഭിക്ഷക്കാരനാണോ?", പ്രേമാനന്ദന്‍ ആളുകളോട്‌ ചോദിച്ചു."അല്ല, അല്ല". പ്രതീക്ഷിച്ച ഉത്തരം കുട്ടികളില്‍നിന്ന് കിട്ടിയ അദ്ധ്യാപകനെപ്പോലെ പ്രേമാനന്ദന്‍ സംപ്രീതനായി. പ്രേമാനന്ദനെയുംകൊണ്ട്‌ ഞങ്ങള്‍ ടി.പി.ഞളിയത്തിന്റെ ഓഫീസില്‍ ചെന്നു. ഓഫീസും വീടും ഒരുമിച്ചായിരുന്നുവെന്നാണ്‌ ഓര്‍മ്മ. ബീഡികള്‍ ഒന്നൊന്നായി തുടരെത്തുടരെ വലിച്ച്‌, പതിഞ്ഞ ശബ്ദത്തില്‍ യുക്തിവാദത്തിനെക്കുറിച്ചും, ഇന്ത്യന്‍ ഏതീസ്റ്റിനെക്കുറിച്ചും, കല്‍ക്കത്തയിലെ വിശ്വാസികളെക്കുറിച്ചും ഞളിയത്ത്‌ സംസാരിച്ചുകൊണ്ടിരുന്നു.

രബീന്ദ്രസദനത്തില്‍ റേ ചിത്രങ്ങളുടെ റീട്രോസ്‌പെക്ടീവ്‌. വിശിഷ്ടാതിഥികളില്‍ മലയാളത്തിന്റെ അടൂരും. മലയാളസിനിമകളെ നീലക്കുയിലാക്കി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളും, നഗരത്തിന്റെ മുക്കിലും മൂലയിലുമിരുന്ന് കൊഞ്ഞനംകുത്തുന്ന പോസ്റ്ററുകളും. അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കൊടുത്ത നിവേദനം വായിച്ചുനോക്കി അടൂര്‍."ഇത്‌ അതിനുള്ള വേദിയല്ല", ഒതുക്കത്തിലുള്ള മറുപടി. അടൂരിനെപ്പോലെയുള്ള ഒരാള്‍ക്ക്‌ ഏതുവേദിയിലാണ്‌ മലയാളസിനിമയെക്കുറിച്ച്‌ പറഞ്ഞുകൂടാത്തതെന്നൊന്നും നിവേദകസംഘം ചോദിച്ചതുമില്ല. കരവിരുതിനെയെങ്കിലും മാനിക്കാതിരിക്കുന്നതെങ്ങിനെയെന്ന് അവര്‍ സന്ദേഹപ്പെട്ടിട്ടുണ്ടായിരിക്കണം.

ബാദല്‍ സര്‍ക്കാരിന്റെ നാടകം കാണാന്‍, കോളേജ്‌ സ്ട്രീറ്റിലെ തിയോസഫിക്കല്‍ സൊസൈറ്റിയിലേക്ക്‌ ബുധനാഴ്ചതോറും മുടങ്ങാതെ നടത്താറുള്ള തീര്‍ത്ഥയാത്രകള്‍. നിരനിരയായി നീണ്ടുനിവര്‍ന്നു കിടക്കുന്ന പുസ്തകത്തെരുവുകള്‍. സിയാള്‍ഡ സ്റ്റേഷനുമുന്നിലെ ദരിദ്രനാരായണന്‍മാരുടെ ചേരികള്‍. ട്രാമുകളിലെ ലക്ഷ്യമില്ലാത്ത ത്രസിപ്പിക്കുന്ന യാത്രകളുടെ അരാജകത്വം. രാത്രി ഏറെച്ചെല്ലുന്തോറും വിജനമായിക്കൊണ്ടിരിക്കുന്ന ട്രാം ഡിപ്പോകളുടെ വലിയ സര്‍റിയലിസ്റ്റിക്‌ കാഴ്ചകള്‍. നാഷണല്‍ ലൈബ്രറിയിലെ ഉയരുകയും താഴുകയും ചെയ്യുന്ന പുസ്തകത്തൊട്ടിലുകളുടെ ഞരങ്ങലുകള്‍. കുപിതയൗവ്വനങ്ങളുടെ കല്‍ക്കത്ത.

എന്തൊക്കെ പോരായ്മകളുണ്ടായിരുന്നുവെങ്കിലും, സുവര്‍ണ്ണരേഖപോലെ തെളിഞ്ഞുനിന്നിരുന്ന നമ്മുടെ കല്‍ക്കത്ത. നമ്മുടെ ചെറുപ്പം. ആ കാലം.

അതിനെക്കുറിച്ചൊക്കെ എന്തെഴുതാന്‍ ചന്ദ്രാ?

Monday, February 4, 2008

ഗുരുവും ശിഷ്യനും മദ്ധ്യത്തില്‍......

"ലോകം ഇളകിമറിയുമ്പോള്‍ നമുക്ക്‌ എന്തും ഉപേക്ഷിക്കാം. പക്ഷേ ഇപ്പോള്‍ നാം മാത്രം ഇളകിമറിയുകയും ലോകം വെറുതെയിരിക്കുകയും ചെയ്യുന്നു"

പഠനം ഉപേക്ഷിച്ച്‌ വിപ്ലവത്തനിറങ്ങുന്നതിനെക്കുറിച്ച്‌ അഭിപ്രായം ചോദിച്ച്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ അയച്ച കത്തിന്‌ സച്ചിദാനന്ദന്‍ എഴുതിയ മറുപടിയില്‍നിന്ന്.


"അതിജീവനത്തിന്റെ സൈനികശാസ്ത്രം' എന്ന പേരില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2008 ഫെബ്രുവരി 3)കെ.സേതുമാധവന്‍ എഴുതിയ നല്ല ഒരു ലേഖനത്തിന്റെ തുടക്കത്തിലാണ് ഈ പുരാവൃത്തമുള്ളത്.

അസമത്വങ്ങള്‍ക്കും, അനീതികള്‍ക്കുമെതിരെ സഹജമായി മനസ്സ്‌ പ്രക്ഷുബ്ധമാവുകയും, ആ ഉള്‍വിളി പിന്‍തുടര്‍ന്ന് ജീവിതം ഹോമിക്കുകയും ചെയ്യുന്ന വിപ്ലവവകാരികള്‍ ഇതു കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. വിപ്ലവത്തിന്‌ ഇറങ്ങിപ്പുറപ്പെടുന്നതിനുമുന്‍പ്‌, ദക്ഷിണ നല്‍കി, മൂര്‍ദ്ധാവില്‍ അനുഗ്രഹവും വാങ്ങി, പരദേവതകളെ താണുതൊഴുതുവേണം പുറപ്പെടാന്‍.

ഇനി, സച്ചിമാഷ്‌ കൊടുത്ത ആ മറുപടിയോ? എല്ലാവരും ചാടിപ്പുറപ്പെടുമ്പോള്‍ മാത്രം നമ്മളും ഉശിരുകൊണ്ടാല്‍ മതി ഉണ്ണീ എന്ന്. അതുവരെ 'കണ്ണേ മടങ്ങുക" എന്ന്. ഇതിലും വലിയ ഗുരുപ്രസാദം ഇനി എവിടെനിന്ന് കിട്ടാന്‍?

"കിട്ടീലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം...."

കഷ്ടമാണ് ഈ ലോകത്തിന്റെയും വിപ്ലവത്തിന്റെയും കാര്യം. ഇവരെയൊക്കെ കാത്തുകാത്തിരുന്ന് മടുത്തിട്ടുണ്ടാകും അതിന്‌. അതായിരിക്കുമോ അവ രണ്ടും ഇപ്പോള്‍ ഇളകിമറിയാത്തത്‌? മനംമടുത്ത്‌ തിരിച്ചുപോയിട്ടുണ്ടാകുമെന്നും വരുമോ? ആര്‍ക്കറിയാം.

ഈ ഗുരു-ശിഷ്യ സംവാദത്തിന്റെ 'കെട്ട്‌' വിടാന്‍ ഇനി കള്ള്‌ വെറെ മോന്തണം.

Sunday, February 3, 2008

പര്‍വേസിനെ വിട്ടുകൊടുക്കരുത്

ഇന്റര്‍നെറ്റില്‍നിന്ന് പകര്‍ത്തിയ ഒരു ലേഖനം, തന്റെ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ഇടയില്‍ വിതരണം ചെയ്തതിന് ഒരു പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ പോകുന്നു. താലിബാനോ, ഇറാനോ അല്ല ഇതിന് ഒരുമ്പെടുന്നത്. അഫ്ഘാനിസ്ഥാനിലെ, കര്‍സായിയുടെ ‘ജനാധിപത്യ‘സര്‍ക്കാര്‍.

മതനിന്ദയാണ് ആരോപിക്കപ്പെട്ട കുറ്റം. ഖുറാന്റെ പേരും പറഞ്ഞ്, സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവര്‍, പ്രവാചകനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത് എന്ന ലളിതമായ സത്യം തുറന്നെഴുതിയ, പാര്‍സി വെബ്‌സൈറ്റില്‍ വന്ന ഒരു ലേഖനത്തിന്റെ പകര്‍പ്പെടുത്ത്, ചര്‍ച്ചക്കുവേണ്ടി അദ്ധ്യാപകര്‍ക്കും, സഹപാഠികള്‍ക്കും പര്‍വേസ് വിതരണം ചെയ്തു. അതിന്റെപേരിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ വധശിക്ഷ നിര്‍ദ്ദേശിച്ചതാകട്ടെ, കര്‍സായിയുടെ അടുത്ത സുഹൃത്തും, പാര്‍ലമെണ്ടംഗവും കൂടിയായ ഒരു വിദ്വാന്‍.

The Independent എന്ന പത്രവും, ഐക്യരാഷ്ട്രസഭയും, മനുഷ്യാവകാശസംഘടനകളും, പാശ്ചാത്യരാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളും, പത്രപ്രവര്‍ത്തകസംഘടനയും ഒക്കെ ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. പക്ഷേ വധശിക്ഷ അഫ്ഘാനിസ്ഥാനിലെ സെനറ്റ് ഇന്നലെ വധശിക്ഷ ശരിവെച്ചിരിക്കുന്നു. അത് മാത്രവുമല്ല, പുറത്തുള്ളവരുടെ സമ്മര്‍ദ്ദം ഏറുന്നതിനുമുന്‍പ്, വധശിക്ഷ നടപ്പാക്കണമെന്നുള്ള ആവശ്യവും പല ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നുണ്ട്.

ഇതിനെക്കുറിച്ച്, The Independent നല്‍കിയ വിശദമായ റിപ്പോര്‍ട്ട് ഇവിടെ

Saturday, February 2, 2008

ലൈല അന്‍‌‌വറിന്റെ ലോകം

ലൈല,

നിങ്ങളില്‍നിന്ന് ദൂരെ മാറി ഇവിടെയിരിക്കുമ്പോഴും എനിക്ക്‌ നിങ്ങളെ പേടിയാവുന്നു.

എന്തുകൊണ്ടാണത്‌?

നിങ്ങള്‍ ഒരു ഇറാഖി. ചെറുപ്പക്കാരി. മുറിവേറ്റ്‌ രക്തം വാര്‍ന്നുപോകുന്ന ഒരു രാജ്യത്തിന്റെ വേദനയാണ്‌ നിങ്ങള്‍ക്ക്‌ എഴുത്തും ജീവിതവും.

ഞാന്‍ ഒരു ഇന്ത്യക്കാരന്‍, മദ്ധ്യവയസ്ക്കന്‍. സ്വയം അടിച്ചേല്‍പ്പിച്ച പ്രവാസത്തിന്റെ ചാരുകസേരയിലിരുന്ന് 'വെടിവട്ടം' നടത്തുന്നവന്‍. ആ അനുഭവങ്ങളുടെ വ്യത്യാസം കൊണ്ടായിരിക്കുമോ എനിക്ക്‌ നിങ്ങളെ പേടി?

നാലാളുകേള്‍ക്കേ നിങ്ങള്‍ക്കെന്നെ ചീത്ത വിളിക്കാനാവില്ല. എന്റെ ഒരു ജീവിതസുഖത്തെയും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. എന്നിട്ടും, എനിക്കു നിങ്ങളെ പേടിയാണ്‌. കാരണം, നിങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്നു. അതിനെ വാക്കുകളിലേക്ക്‌ തുറന്നുവിടുന്നു. മറിച്ച്‌, ഞാനതൊക്കെ അഭിനയിക്കുകയും ചെയ്യുന്നു.

പക്ഷേ ഒരു വ്യത്യാസമുണ്ട്‌. അരങ്ങിലിരിക്കുന്നവര്‍ അഭിനയിക്കുകയും, കാഴ്ചക്കാരന്‍ അനുഭവിക്കുകയുമല്ലേ സാധാരണയായി കാണുന്നത്? ഇവിടെ, നിങ്ങള്‍ അരങ്ങിലിരുന്നുകൊണ്ട്‌ അനുഭവിക്കുന്നു. നിസ്സംഗമായ ഒരു സദസ്സിന്റെ ഘനീഭവിച്ച ഇരുട്ടില്‍ ഇരുന്നുകൊണ്ട്‌ ഞാന്‍ അഭിനയിക്കുന്നു. നിങ്ങള്‍ കഥാപാത്രമാണ്‌. അല്ല. കഥതന്നെയാണ്‌ നിങ്ങള്‍. ഞങ്ങള്‍ വെറും കാഴ്ചക്കാര്‍.

കുറച്ചുകാലം കഴിഞ്ഞാല്‍, നമ്മളേക്കാള്‍ സംവദനശീലമുള്ള ഒരു തലമുറ നമ്മെ സ്ഥാനഭ്രഷ്ടരാക്കും. തീര്‍ച്ച. അവര്‍ എന്നോട്‌ ചോദിക്കുകയും ചെയ്യും. എന്തേ ആ സ്ത്രീയെയും, അവരുടെ നാടിനെയും നിങ്ങള്‍ ദയാശൂന്യമായ ചരിത്രത്തിനു വിട്ടുകൊടുത്തതെന്ന്.അങ്ങിനെയൊക്കെ സംഭവിച്ചുപോയി എന്നൊരു കുമ്പസാരമല്ലാതെ, മറ്റൊന്നും എനിക്കവരോട്‌ പറയാനുണ്ടാവില്ലെന്ന് എനിക്ക്‌ നിശ്ചയമുണ്ട്‌ ലയ്‌ലാ.

നിങ്ങളോടും ഒരു പക്ഷേ അവര്‍ ചോദിച്ചേക്കും, എങ്ങിനെയാണ്‌ നിങ്ങളെ വഴിയില്‍ ഉപേക്ഷിച്ചുപോകാന്‍തക്കവണ്ണം ഞങ്ങള്‍ ഇത്ര ഷണ്ഡന്‍മാരായതെന്ന്. പക്ഷേ എനിക്കുറപ്പുണ്ട്‌. നിങ്ങള്‍ നിങ്ങളുടെ സ്വതസിദ്ധമായ ആ ശൈലിയില്‍ മറുപടി പറഞ്ഞേക്കും: "പോയി ചാവാന്‍ പറ ആ നായിന്റെ മക്കളോട്‌. നമുക്ക്‌ നമ്മളേയുള്ളു. അതു മതി", എന്ന്.

ആത്മനിന്ദയെ ഇല്ലാതാക്കാനുള്ള വഴികളെന്തൊക്കെയാണെന്ന് ഇനി ഇവിടം സന്ദര്‍ശിക്കുന്ന ഏതെങ്കിലും വ്യക്തിത്വവികസന സുവിശേഷകനോട്‌ ചോദിച്ചുനോക്കണം. പ്രവേശനഫീസ്‌ അല്‍പ്പം കൂടിയാലും കുഴപ്പമില്ല. മനസ്സമാധാനം കിട്ടുമല്ലോ.


രാജീവ്‌ ചേലനാട്ട്‌


ലയ്‌ലാ അന്‍വറിലേക്കുള്ള രണ്ടു ജാലകങ്ങള്‍ താഴെ.


ഇവിടെ, മറ്റൊരു ലിങ്ക് ഇവിടെ