Wednesday, January 30, 2008

ഗാന്ധിജിക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ബാപ്പൂ,

താങ്കള്‍ക്ക്‌ ഈ കത്തെഴുതുന്നതില്‍ എനിക്കു തന്നെ അത്ഭുതം തോന്നുന്നു. താങ്കള്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ആ വൃത്തിയില്ലാത്ത കയ്യക്ഷരത്തില്‍ എനിക്ക്‌ മറുപടി അയക്കുമെന്നും എനിക്കുറപ്പുണ്ട്‌. സ്വര്‍ഗ്ഗത്തിന്റെ ഇ-മെയില്‍ വിലാസം എന്താണ്‌? mkgandhi@pureheart.org എന്ന പേരില്‍ ഒരു മെയില്‍ അയക്കണമെന്നുണ്ട്‌ എനിക്ക്‌.

താങ്കള്‍ ഇ-മെയില്‍ ഉപയോഗിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇ-മെയിലില്‍നിന്ന് ഒരാളുടെ കയ്യക്ഷരം മനസ്സിലാക്കാന്‍ പറ്റാത്തതുകൊണ്ട്‌ അയാളുടെ സ്വഭാവം മനസ്സിലാക്കാന്‍ പറ്റില്ലെന്നോ മറ്റോ മാത്രമായിരിക്കും ഏറിവന്നാല്‍ താങ്കള്‍ പറയുക എന്നും എനിക്ക്‌ തോന്നുന്നു. ഇ-മെയില്‍, അല്ലെങ്കില്‍ മുഖാമുഖം, എന്ന രണ്ടു സാദ്ധ്യതകള്‍ തന്നാല്‍ അങ്ങ്‌ രണ്ടാമത്തേതിനോടാണ്‌ താത്‌പര്യം പ്രകടിപ്പിക്കുക എന്നും എനിക്കറിയാം. എങ്കിലും, സാങ്കേതികവിദ്യയെ എതിര്‍ക്കാന്‍ വേണ്ടി മാത്രം അങ്ങ്‌, ഒരു സംവാദത്തിന്റെ നിരവധി സാദ്ധ്യതകളെ തള്ളിക്കളയില്ല എന്ന് എനിക്ക്‌ ഉറച്ച വിശ്വാസമുണ്ട്‌. ടെലിഫോണും, ഇലക്ട്രിക്‌ പോസ്റ്റും ഒന്നും താങ്കള്‍ എതിര്‍ത്തതേയില്ലല്ലോ. അല്ലേ?

എനിക്കാണ്‌ ശരിക്കുള്ള പ്രശ്നം. രണ്ടുപേര്‍ തമ്മില്‍ വിനിമയം ചെയ്യുന്നതിന്‌ അവര്‍ തമ്മിലുള്ള ഒരു സാമൂഹ്യബന്ധം മുന്നുപാധിയാണ്‌. പക്ഷേ, കുട്ടിക്കാലം മുതല്‍ക്കേ അളവില്ലാത്ത വെറുപ്പും, ദേഷ്യവും മാത്രമേ എനിക്ക്‌ താങ്കളോട്‌ തോന്നിയിട്ടുള്ളു. ആ കാലത്ത്‌ ഞാന്‍ താങ്കള്‍ക്ക്‌ ഒരു കത്തയച്ചിരുന്നെങ്കില്‍, എനിക്ക്‌ ആലോചിക്കാനേ കഴിയുന്നില്ല, ഞാന്‍ എന്തൊക്കെയായിരിക്കും അതില്‍ എഴുതിയിട്ടുണ്ടാവുക എന്ന്. അസഭ്യവര്‍ഷംകൊണ്ട്‌ ഞാന്‍ ആ കത്ത്‌ നിറച്ചേനേ (പക്ഷേ, ഒപ്പിടാതിരിക്കാനുള്ള വിവേകമൊക്കെ ഞാന്‍ കാണിക്കുകയും ചെയ്യുമായിരുന്നു കേട്ടോ) പക്ഷേ അന്നത്തെ ആ വികാരം കാലക്രമത്തില്‍ എങ്ങിനെയാണ്‌ മാറിത്തീര്‍ന്നതെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്‌. ശരിക്കും പറഞ്ഞാല്‍, ഞാന്‍ ഈ കത്തെഴുതുന്നതുതന്നെ അത്‌ മനസ്സിലാക്കാന്‍ വേണ്ടിയാണ്‌.

ബാപ്പുജി, ഞാന്‍ ഓര്‍ക്കുന്നു, ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുന്ന കാലമായിരുന്നു. സ്ഥിരമായി ആര്‍.എസ്സ്‌.എസ്സില്‍ പോകുന്ന ഒരു കുട്ടി. എന്റെ ജീവിതലക്ഷ്യം തന്നെ, അതിന്റെ ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനാവുക എന്നതായിരുന്നു. എല്ലാ മുദ്രകളും മനസ്സില്‍ പതിയുന്ന ആ കാലത്ത്‌, ഗാന്ധിയോടും മുസ്ലിമുകളോടുമുള്ള വെറുപ്പ്‌ എന്നില്‍ നിറഞ്ഞുനിന്നിരുന്നു. ഇന്ന് എനിക്ക്‌ തോന്നുന്നുണ്ട്‌, മഹാരാഷ്ട്രയിലെ ബ്രാഹ്മണര്‍, തങ്ങളുടെ ഉള്ളില്‍ ഗാന്ധി-മുസ്ലിം വെറുപ്പിന്റെ ഒരു പ്രത്യേക ജീന്‍ കൊണ്ടുനടക്കുന്നുണ്ടോ എന്ന് (ജീനോം പ്രൊജക്ടില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും വിദേശഇന്ത്യക്കാരനോട്‌ ചോദിച്ചു നോക്കണം). അതിനെ പക്ഷേ ജീന്‍ എന്നു വിളിക്കുന്നത്‌ ശരിയായിരിക്കില്ല എന്നു തോന്നുന്നു. വൈറസ്‌ ആകാനാണ്‌ സാദ്ധ്യത. അല്ലെങ്കില്‍ എങ്ങിനെയാണത്‌, നരേന്ദ്രമോഡിയെയും വിനയ്‌ കത്യാറിനെപ്പോലെയുമുള്ളവരിലേക്ക്‌ ഇത്ര വേഗത്തില്‍ പടരുക?

കുട്ടികളായിരിക്കുമ്പോള്‍, 'ശാഖ'യില്‍നിന്ന് കളികളിലൂടെ ഞങ്ങള്‍ പല കാര്യങ്ങളും പഠിച്ചു. അതിലൊന്ന്, വലുതായിക്കൊണ്ടിരിക്കുന്ന ഒരു വൃത്തത്തിനുചുറ്റും ഓടിക്കൊണ്ട്‌, 'ഹിന്ദുശ്ച ഹിന്ദുസ്ഥാന്‍' എന്ന് ഉറക്കെ പറയുക എന്നതായിരുന്നു (വിഢികള്‍ക്ക്‌ പാക്കിസ്ഥാന്‍ എന്നും ഞങ്ങള്‍ മൂളുമായിരുന്നു, മെല്ലെ). തണുപ്പുള്ള സായാഹ്നങ്ങളെയും, നിലാവുള്ള രാത്രികളില്‍ നടത്തുന്ന വിനോദയാത്രകളെയും ഞങ്ങള്‍ 'ബൗദ്ധിക്‌'കളായി മാറ്റിയെടുത്തു. അവിടെ ഞങ്ങള്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നത്‌, വിഭജനത്തെക്കുറിച്ചും, ഹിന്ദുക്കളുടെനേരെ നടന്ന നിഷ്ഠുരകൃത്യങ്ങളെക്കുറിച്ചും, മാപ്പിള ലഹളകളെക്കുറിച്ചും (അതിലും ഹിന്ദുക്കളെയാണ്‌ കൊന്നൊടുക്കിയിരുന്നത്‌) ഒക്കെയാണ്‌. വെറുപ്പിന്റെ പുക പടര്‍ത്തി, ആ കഥകള്‍, ഞങ്ങളുടെ രക്തത്തെ അക്ഷരാര്‍ത്ഥത്തില്‍ തിളപ്പിക്കുകതന്നെ ചെയ്തു. ആ കാലത്താണ്‌ സവാര്‍ക്കറെക്കുറിച്ച്‌ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്‌. ഞാന്‍ എന്നോടുതന്നെ ചോദിച്ചു. "യുദ്ധത്തിലൂടെയല്ലാതെ എങ്ങിനെയാണ്‌ സ്വാതന്ത്ര്യം നേടുക?" അറുപതുകളില്‍ താങ്കളുടെ ഔദ്യോഗിക പിന്തുടര്‍ച്ചക്കാര്‍, നൂല്‍നൂല്‍പ്പുപോലുള്ള അനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെട്ടുപോന്നിരുന്ന കോണ്‍ഗ്രസ്സുകാരും സര്‍വ്വോദയക്കാരുമായിരുന്നുവല്ലോ. സ്വാതന്ത്ര്യം കിട്ടിയത്‌ സായുധരായ വിപ്ലവകാരികളുടെ പ്രവര്‍ത്തനം കൊണ്ടാണെന്നും, താങ്കളും കൂട്ടരും അതിന്റെ അവകാശം സൂത്രത്തില്‍ തട്ടിയെടുത്തതാണെന്നും ഞാന്‍ അകമഴിഞ്ഞു വിശ്വസിച്ചു (മിനക്കെട്ടിരുന്നൊന്നും പഠിക്കാതെ). സവാര്‍ക്കറിന്റെയും, ഭഗത്‌സിംഗിന്റെയും, നേതാജിയുടെയും ജീവചരിത്രങ്ങള്‍ ആവേശമുളവാക്കുന്നതായിരുന്നു. (അവരൊക്കെ ഒന്നുകില്‍ ദണ്ഡുമായി നടക്കുന്ന യഥാര്‍ത്ഥ സ്വയംസേവകരോ, അതുമല്ലെങ്കില്‍, ആര്‍.എസ്സ്‌.എസ്സുകാരുടെ ഏറ്റവുമടുത്ത ബന്ധുക്കളോ ആണെന്ന് ഞാന്‍ ആത്മാര്‍ത്ഥമായിതന്നെ വിശ്വസിച്ചുപോന്നു). ആ ജീവചരിത്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ താങ്കളുടെ ജീവചരിത്രം എത്ര ശുഷ്കമായിരുന്നുവെന്നോ? (ആറ്റന്‍ബറോയുടെ 'ഗാന്ധി' കണ്ടപ്പോഴാണ്‌ അഹിംസയുടെ സൗന്ദര്യവും ധീരതയും എനിക്ക്‌ ബോദ്ധ്യപ്പെട്ടത്‌, അപ്പോഴേക്കും പക്ഷേ വളരെ വൈകിയിരുന്നുവെന്നു മാത്രം). ഇംഗ്ലണ്ടിലേക്ക്‌ താന്‍ നടത്തിയ യാത്രയെക്കുറിച്ച്‌, ആത്മകഥാരൂപേണ സവര്‍ക്കര്‍ എഴുതിയ 'ശത്രുശ്ച ശിബിരത്‌' (Inside the Enemy Camp) എന്ന പുസ്തകം വായിച്ചപ്പോള്‍ സവര്‍ക്കര്‍ പറഞ്ഞത്‌-ഇംഗ്ലീഷുകാരെപ്പോലെ ധൈര്യവും ശക്തിയും ഉണ്ടാവാണമെങ്കില്‍ മാംസാഹാരം കഴിക്കണമെന്ന്-ശരിയാണെന്ന് എനിക്കും തോന്നി (വീട്ടിലാണെങ്കില്‍ മുട്ടപോലും നിഷിദ്ധവസ്തുവായിരുന്നു). അതുമായി നോക്കുമ്പോള്‍ താങ്കള്‍ പറഞ്ഞതൊക്കെ (ഇംഗ്ലീഷുകാരനെ അനുകരിക്കാന്‍ ശ്രമിച്ചതില്‍ പശ്ചാത്തപിച്ചു എന്നും മറ്റും)എത്ര ദുര്‍ബ്ബലമായിരുന്നു. താങ്കളുടെ ഭാഷയും വളരെ ലളിതമായിരുന്നു. ഇംഗ്ലീഷ്‌ ടെക്സ്റ്റ്‌ബുക്കിലെ താങ്കളുടെ പാഠം വായിക്കുമ്പോള്‍ എനിക്ക്‌ നിഘണ്ടുവിന്റെ ആവശ്യമേ വന്നില്ല. ഒരിക്കല്‍പ്പോലും. താങ്കളുടെ 'ശാസ്ത്രത്തോടുള്ള എതിര്‍പ്പും', 'മദ്യനിരോധത്തോടും നൂല്‍നൂല്‍പ്പിനോടും ഉള്ള പ്രതിബദ്ധതയു'മൊക്കെ'- ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗാന്ധിയന്‍ എന്നു പറഞ്ഞാല്‍, ചര്‍ക്കയും, കോണകവും, ആട്ടിന്‍പാലും എന്നൊക്കെയായിരുന്നു വിവക്ഷ - ഞങ്ങള്‍, മഹാരാഷ്ടക്കാര്‍ക്ക്‌ ഇക്കിളിയുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു. ('ഞങ്ങള്‍' എന്നു പറഞ്ഞാല്‍, 'എല്ലാവരും' എന്നാണ്‌ അന്ന് ഞാന്‍ ധരിച്ചിരുന്നത്‌). വലുതാകുംതോറും എന്റെ എതിര്‍പ്പും കൂടിക്കൂടിവന്നു. ഞങ്ങളില്‍ പലര്‍ക്കും സ്വന്തമായി വീടുകളും വയലുകളും ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, അതിനൊക്കെ കാരണം 1948-ലെ ബ്രഹ്മണ-വിരുദ്ധ കലാപങ്ങളായിരുന്നു എന്ന മട്ടിലുള്ള കഥകള്‍ കേട്ടാണ്‌ ഞങ്ങള്‍ വളര്‍ന്നത്‌. ഈയൊരു തോന്നല്‍- ഞങ്ങളോട്‌ തെറ്റു കാണിച്ചുവെന്നും, വേട്ടയാടപ്പെട്ടവരാണ്‌ ഞങ്ങള്‍ എന്ന മട്ടിലൊക്കെയുള്ള- ഞങ്ങളുടെ തലമുറയിലേക്കും അവര്‍ പകര്‍ന്നു. എങ്കിലും, പ്രായമായവര്‍ അപ്പോഴും താങ്കളെ ആരാധിച്ചുവന്നു. ആരും താങ്കളെ പരസ്യമായി വിമര്‍ശിച്ചില്ല. എങ്കിലും, നാഥുറാമിന്റെയും ഗോപാല്‍ ഗോഡ്‌സെയുടെയും നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും, അത്‌ മറ്റുള്ളവര്‍ക്ക്‌ കൈമാറാനും, അതിനെക്കുറിച്ചൊക്കെ അടക്കിപ്പിടിച്ച ശബ്ദത്തില്‍ ചര്‍ച്ച ചെയ്യാനും നിരവധിപേരുണ്ടായിരുന്നു. അതൊക്കെ, ഒരു അനുഷ്ഠാനം നിര്‍വ്വഹിക്കുന്നതിന്റെ സംതൃപ്തിയും ആവേശവും ഞങ്ങള്‍ക്ക്‌ തരികയും ചെയ്തിരുന്നു.

പിന്നെ ഒരു വര്‍ഷം പൂനെയിലും, ആറുവര്‍ഷം നാഗ്‌പൂരുമായി കോളേജ്‌ വിദ്യാഭ്യാസം. ആ സമയത്താണ്‌ ശാരീരികമായും, മാനസികമായും വളര്‍ച്ച നേടിയത്‌. നല്ലൊരു വായനക്കാരനായിരുന്നു ഞാന്‍. ആവേശോജ്ജ്വലമായ എഴുപതുകളില്‍, ശ്വസിക്കുന്ന വായുവില്‍പ്പോലും കാതലായ ഒരു മാറ്റത്തിന്റെ കാറ്റു വീശിയിരുന്നു. എങ്ങും. ആര്‍.എസ്സ്‌.എസ്സ്‌ സാഹിത്യം മാത്രമല്ല, ചെഗുവേരയെക്കുറിച്ചും, ഫിഡല്‍ കാസ്ട്രോയെക്കുറിച്ചും ഞാന്‍ വായിച്ചു. എന്റെ ദളിത്‌ സുഹൃത്തുക്കള്‍ എന്നെ ദളിത്‌ സാഹിത്യത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. അങ്ങിനെയങ്ങിനെ, വിരോധാഭാസമെന്നു തോന്നാം, ആര്‍.എസ്സ്‌.എസ്സിന്റെ ശക്തികേന്ദ്രത്തില്‍വെച്ചുതന്നെ, ഞാന്‍ അതില്‍ നിന്നും പുറത്തുകടന്നു. എന്നു മാത്രമല്ല, അതിന്റെ വിരോധികൂടിയായി മാറിത്തുടങ്ങി. പിന്നെ ഞാന്‍ തിരഞ്ഞെടുത്ത പാത ദീര്‍ഘമായ ഒന്നായിരുന്നു. ജയപ്രകാശ്‌, ച്ഛത്രയുവ സംഘര്‍ഷ വാഹിനി(ജെ.പി.യുടെ യുവജനവിഭാഗം), ഫെമിനിസം, ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ എന്നിവയിലൂടെ കടന്ന്, ഞാന്‍ 'ബിരുദധാരി'യായി. പക്ഷേ, ഇതൊന്നും, താങ്കളെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങളില്‍ മാറ്റം വരുത്തിയില്ല. മാര്‍ക്സിസത്തില്‍നിന്ന് സോഷ്യലിസത്തിലേക്കും, അവിടെനിന്ന് താങ്കളിലേക്കുമുള്ള തന്റെ യാത്രകളെക്കുറിച്ച്‌ ജെ.പി. പറയുമ്പോഴൊക്കെ, ഇടക്കിടക്ക്‌ ചില സന്ദേഹങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടായിരുന്നുവെങ്കിലും. "ഏതു പ്രത്യയശാസ്ത്രമെടുത്താലും, അതില്‍ 'നന്മക്കുള്ള പ്രചോദനം' എന്താണ്‌; സ്വാര്‍ത്ഥതാത്‌പര്യങ്ങളെ മറികടന്ന്, മറ്റുള്ളവര്‍ക്കും സമൂഹത്തിനും നന്മ ചെയ്യാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌" ഇതൊക്കെയായിരുന്നു ജെ.പി. ചോദിച്ചുകൊണ്ടിരുന്നത്‌. 'സമ്പൂര്‍ണ്ണ വിപ്ലവ'ത്തിന്റെ പ്രമുഖ വ്യാഖ്യാതാവായ ആചാര്യ ദാദ ധര്‍മ്മാധികാരിയും നിരന്തരം ചോദിച്ചുകൊണ്ടിരുന്നത്‌ ഏതാണ്ട്‌ ഇതേ കാര്യം തന്നെയായിരുന്നു. "അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ (സ്ത്രീകള്‍, ദളിതര്‍ ആദിയായവര്‍)തങ്ങളെ അടിച്ചമര്‍ത്തുന്ന സംവിധാനത്തിനെതിരെ കലാപം ചെയ്യുന്നത്‌ ന്യായവും നീതീകരിക്കത്തക്കതുമാണ്‌. അത്‌ ആവശ്യവുമാണ്‌. പക്ഷേ സമൂഹത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്താന്‍ അതു മാത്രം മതിയോ? മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തിന്റെയും വിമോചനത്തിന്‌ ആരാണ്‌ പോരാടുക? ഈ അടിച്ചമര്‍ത്തുന്ന സംവിധാനത്തിന്റെതന്നെ ഭാഗമാണ്‌ നമ്മള്‍ ഓരൊരുത്തരും എന്നു വരുമ്പോള്‍, വര്‍ഗ്ഗ/ജാതിക്ക്‌ അതീതമായ ഒരു വിപ്ലവബോധം എങ്ങിനെയാണ്‌ നമ്മള്‍ ഈ സങ്കീര്‍ണ്ണമായ സമൂഹത്തില്‍ വളര്‍ത്തിയെടുക്കുക?". ഈ ചോദ്യങ്ങള്‍ എന്നെ അല്‍പ്പം ആശയക്കുഴപ്പത്തിലാക്കി. കുറച്ചുകാലത്തേക്കുമാത്രം. കാരണം ഞാന്‍ നന്നെ ചെറുപ്പമായിരുന്നു. പോരാത്തതിന്‌ 'പുരോഗമനം' തലക്കു പിടിച്ചിരിക്കുന്ന സമയവും. 'സര്‍വ്വോദയ' എന്നോ മറ്റോ പരിഹസിക്കപ്പെട്ട്ടാലോ എന്ന പേടിയും. ബാപ്പു, ചിലര്‍ക്ക്‌ താങ്കള്‍ 'ഒന്നാം നമ്പര്‍ ശത്രു'വായിരുന്നു (ഞങ്ങളെപ്പോലെ 'പുരോഗമനവാദികള്‍'ചിലര്‍ക്ക്‌, ശത്രുക്കളെ എണ്ണിത്തിട്ടപ്പെടുത്താനും, അവരുടെ സ്ഥാനം നിര്‍ണ്ണയിക്കാനും ബുദ്ധിമുട്ടായിരുന്നു. കാരണം, കണക്കില്‍ ഞങ്ങള്‍ എന്നും പിന്നിലായിരുന്നുവല്ലൊ). മാത്രമല്ല, എണ്ണം മാറിക്കൊണ്ടുമിരുന്നു. ചിലപ്പോള്‍ അത്‌ താങ്കളാകും,മറ്റു ചിലപ്പോള്‍ കോണ്‍ഗ്രസ്സ്‌, ഇനിയും മറ്റു ചിലപ്പോള്‍ സോഷ്യലിസ്റ്റുകള്‍ മുതല്‍ മാവോയിസ്റ്റുകള്‍വരെയുള്ളവര്‍-ഒടുവില്‍ പറഞ്ഞവരുടെ എണ്ണം വര്‍ദ്ധിക്കുന്നുമുണ്ടായിരുന്നു-. അങ്ങിനെ പോയി ഞങ്ങളുടെ ശത്രുനിര. പക്ഷേ, രസം അതൊന്നുമല്ല. ആര്‍.എസ്സ്‌.എസ്സിനെയാണ്‌ 'ഒന്നാം നമ്പര്‍ ശത്രു'വായി കാണുകയും എതിര്‍ക്കുകയും ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കൊരിക്കലും അന്ന് തോന്നിയതേയില്ല എന്നതാണ്‌. ഇന്ന്, ഈ തീവ്രമതേതരവാദികളില്‍ ചിലരാണ്‌ ആര്‍.എസ്സ്‌.എസ്സിന്റെ 'ആദ്യഭാര്യ'പദം അലങ്കരിക്കുന്നത്‌. അതു പോട്ടെ. ഈ പ്രയോഗങ്ങളൊക്കെ താങ്കള്‍ക്ക്‌ ഒരു പക്ഷേ അപരിചിതമായേക്കാം.

നമ്മുടെ ബന്ധത്തിനെക്കുറിച്ചാണ്‌ ഞാന്‍ പറഞ്ഞുവന്നത്‌. വ്യക്തമാക്കാം. 'ഹരിജന്‍' എന്ന വാക്ക്‌ അങ്ങ്‌ ഉപയോഗിച്ചത്‌, 'അയിത്തം' ഇല്ലാതാക്കാന്‍ താങ്കള്‍ നടത്തിയ ശ്രമം, പ്രായശ്ചിത്തമെന്ന നിലക്ക്‌ 'തോട്ടിപ്പണി' ചെയ്യാന്‍ സവര്‍ണ്ണജാതിക്കാരോട്‌ താങ്കള്‍ ആഹ്വാനം ചെയ്തത്‌, ഇതിനെയൊക്കെ സവര്‍ണ്ണജാതിയില്‍ പിറന്നതിന്റെ അഹങ്കാരമായിട്ടാണ്‌ ദളിതരില്‍ ചിലര്‍പോലും കാണുന്നത്‌. കോണ്‍ഗ്രസ്സിന്റെ അംബേദ്‌കറിനോടുള്ള എതിര്‍പ്പും, പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സ്‌ ദളിതരെ വഞ്ചിച്ചതിനും ഒക്കെ താങ്കളെയാണ്‌ പഴി ചാരുന്നത്‌. പതിവുപോലെ, രാജ്യത്തിന്റെ എല്ലാ ദോഷത്തിനും താങ്കളെയാണ്‌ ഉത്തരവാദിയാക്കുന്നത്‌. താങ്കള്‍ രാഷ്ട്രപിതാവാണ്‌. ഒരിക്കലും നിലനിന്നിട്ടില്ലാത്ത രാഷ്ട്രത്തിന്റെ പിതാവ്‌. താങ്കളെ ആക്രമിച്ചാല്‍ ആര്‍ക്കും വേദനിക്കുന്നില്ല. കാരണം, താങ്കള്‍ക്ക്‌ സന്താനങ്ങളില്ലല്ലോ. മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ താങ്കള്‍ ദേശീയ ബൂര്‍ഷ്വാസിയുടെ ചട്ടുകമാണ്‌. അവര്‍ക്കും അവര്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച വിപ്ലവത്തിനും ഇടയില്‍ നിന്നതുകൊണ്ട്‌ അവര്‍ അങ്ങക്ക്‌ ഒരിക്കലും മാപ്പു തരില്ല. ഫെമിനിസ്റ്റുകളും താങ്കളെ ഒരിക്കലും പരാമര്‍ശിക്കില്ല. കാരണം താങ്കള്‍ പുരുഷനായിരുന്നു, ഇന്ത്യക്കാരനായിരുന്നു, 'ബ്രഹ്മചര്യം' ഉപദേശിച്ച പാരമ്പര്യവാദിയായിരുന്നു. 'രാമരാജ്യ'മെന്ന താങ്കളുടെ സങ്കല്‍പ്പം ശംബൂകന്റെയും, സീതയുടെയും, മാര്‍ക്സിന്റെയും, ലെനിനിന്റെയും പിന്‍ഗാമികള്‍ക്ക്‌ ഒരിക്കലും സ്വീകാര്യമാവില്ല. അതില്‍ അവരെ തെറ്റ്‌ പറയാനുമാവില്ല. പക്ഷേ ഒന്നുണ്ട്‌. താങ്കളുടെ രാമന്‍ സംഘപരിവാറിന്റെ 'ജയ്‌ ശ്രീരാമ'ന്റെ വിപരീതദീശയിലാണെന്നും, ആ ശ്രീരാമന്‌ ആരെയും ഹിംസിക്കാന്‍ ആവില്ലെന്നും ഈ പ്രതിപക്ഷങ്ങള്‍ക്ക്‌ കാണുവാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ ഒരു പഴയ തൊപ്പിയാണ്‌ ബാപ്പൂ. ഞങ്ങളൊക്കെയാണ്‌ 'ആധുനികര്‍'. നമ്മുടെ കാലഘട്ടത്തിന്റെ പ്രശ്നങ്ങളെയൊക്കെ, നിശ്ചിതമായ വികസനം, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരണം, പുരോഗമനപരമായ നിയമനിര്‍മ്മാണം, സംവരണം തുടങ്ങിയ ഭരണഘടനാപ്രയോഗങ്ങള്‍, മതേതരത്വം എന്നിവയിലൂടെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണെന്ന് ഞങ്ങള്‍ക്ക്‌ വിശ്വാസമുണ്ട്‌.

തമ്മില്‍തല്ലിയും, ഇടക്കിടക്ക്‌ താങ്കള്‍ക്കു നേരെ ശാപവചനങ്ങള്‍ ചൊരിഞ്ഞും, ബൗദ്ധികചര്‍ച്ചയുടെ നൂല്‍നൂറ്റും, ഒരുപക്ഷേ ഞങ്ങള്‍ അങ്ങിനെ സസുഖം കഴിയുമായിരുന്നു. പക്ഷേ, അപ്പോഴാണ്‌ അശനിപാതം പോലെ, സോവിയറ്റ്‌ യൂണിയന്റെ പതനവും, ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ഒക്കെ ഞങ്ങളുടെ ഉറക്കത്തിന്‌ ഭംഗം വരുത്തിയത്‌. എല്ലാവര്‍ക്കും അത്‌ ബോധോദയം ഉണ്ടാക്കി എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. 'ചരിത്രപരമായ മണ്ടത്തരങ്ങളെ'ക്കുറിച്ച്‌ എല്ലാവര്‍ക്കും ഒരേ സമയം തന്നെ ബോധമുണ്ടായാല്‍ പിന്നെ എങ്ങിനെയാണ്‌ ഞങ്ങളെ പുരോഗമനവാദികള്‍ എന്നു വിളിക്കാനാവുക? പക്ഷേ ഞങ്ങളൊക്കെ കാലഹരണപ്പെട്ടുവെന്ന തിരിച്ചറിവിലേക്കാണ്‌ ഞങ്ങള്‍ ഉറക്കമുണര്‍ന്നത്‌. "ഘോഷയാത്ര കടന്നുപോവുകയും, അതുയര്‍ത്തിയ പുകപടലങ്ങളുടെ മേഘങ്ങളെ നോക്കി പകച്ചുനില്‍ക്കാനും' മാത്രമേ ഞങ്ങള്‍ക്ക്‌ കഴിഞ്ഞുള്ളു. അത്‌ ഞങ്ങളെ മറികടന്നുപോയി എന്നല്ല പറയേണ്ടത്‌, അത്‌ ഞങ്ങളെ ചവുട്ടിമെതിച്ചു കടന്നുപോയി എന്നാണ്‌. ഞങ്ങളെ വെറും കോമാളികളാക്കിക്കളഞ്ഞു അത്‌. ഞങ്ങളില്‍ ചിലരില്‍ ഉറങ്ങിക്കിടന്നിരുന്ന വൈറസിനെ, അഥവാ 'നിലീനമായ ജീനു'കളെ അവ പ്രവര്‍ത്തനക്ഷമമാക്കുകയും, 'രഥയാത്ര'യില്‍ സ്വന്തം ഇടംകണ്ടെത്താനും ഉറപ്പിക്കാനും പ്രേരിപ്പിക്കുകയും ചെയ്തു. മറ്റു ചിലരാകട്ടെ, 'അവരവരുടെ ഹിമാലയങ്ങളിലേക്ക്‌' തീര്‍ത്ഥാടനം നടത്തുകയും, 'ആത്യന്തികമായ സത്യവും, മനസ്സമാധാനവും അന്വേഷിച്ച്‌' പലായനം ചെയ്യുകയും ചെയ്തു. എവിടെയാണ്‌ തെറ്റുപറ്റിയത്‌ എന്ന് ഗൗരവമായി ചിന്തിച്ച്‌, ബാക്കി ചിലരാകട്ടെ, തമ്മില്‍തല്ലി കഴിഞ്ഞുകൂടുകയും ചെയ്യുന്നു. ബാപ്പുജി, പറയാന്‍ ലജ്ജ തോന്നുന്നുണ്ട്‌, പക്ഷേ ഞങ്ങളില്‍ പലരും, അല്‍പ്പംകൂടി താങ്കളുടെ ചാരത്തേക്ക്‌ എത്തിയിട്ടുണ്ട്‌.

അതൊരു എളുപ്പമുള്ള കാര്യമല്ല എന്ന് ഞങ്ങള്‍ക്ക്‌ അറിയാം. താങ്കള്‍ക്ക്‌ എവിടെയാണ്‌ വോട്ട്‌ ബാങ്ക്‌ ബാപ്പൂ? മുസ്ലിമിനോട്‌ സഹാനുഭൂതി കാണിച്ചതിന്‌ ഹിന്ദു വര്‍ഗീയവാദികള്‍ താങ്കളെ കൊന്നു. മുസ്ലിമുകള്‍ക്കുവേണ്ടി(അവര്‍ക്കും, നാടിനും, മാനവികതക്കുംവേണ്ടി) താങ്കള്‍ ചെയ്തതെന്തൊക്കെയാണെന്ന് അവര്‍ക്കും മനസ്സിലാവുന്നില്ല. സ്വാതന്ത്ര്യംപോലെതന്നെ തുല്യപ്രാധാന്യമുള്ളതാണ്‌ അയിത്തോച്ചാടനവുമെന്ന് താങ്കള്‍ കരുതി. പക്ഷേ, ദളിതരെ സംബന്ധിച്ചിടത്തോളം താങ്കള്‍ (ആര്‍.എസ്സ്‌.എസ്സിനേക്കാള്‍ അപകടകരമായ)ബ്രാഹ്മണാധികാര ഘടനയുടെ സൂത്രധാരനാണ്‌. ഗ്രാമ വ്യവസായങ്ങളുടെ പുനരുദ്ധാരണമെന്ന താങ്കളുടെ കര്‍മ്മപദ്ധതിയാണ്‌ നെയ്ത്തുകാരെയും, കുശവന്‍മാരെയും, അതുപോലുള്ള നിരവധിപേരേയും (ഇന്നത്തെ ഒ.ബി.സി വിഭാഗം) മുഖ്യധാരയിലേക്ക്‌ കൊണ്ടുവന്നത്‌. സവര്‍ണ്ണജാതിയില്‍നിന്ന് ബഹുജനിലേക്ക്‌ നേതൃത്വത്തിനെ മാറ്റിപ്രതിഷ്ഠിക്കാനും, ഇന്ത്യന്‍ രാജ്യതന്ത്രത്തെ ജനാധിപത്യവത്‌ക്കരിക്കാനും താങ്കള്‍ ഉപകരണമായി വര്‍ത്തിച്ചിട്ടുണ്ട്‌. പക്ഷേ 'മണ്ഡല്‍'ഗുണഭോക്താക്കള്‍ ഇതിനെക്കുറിച്ചൊക്കെ ആനന്ദകരമായ അജ്ഞതയില്‍ മയങ്ങി കിടക്കുകയാന്‌. കോണ്‍ഗ്രസ്സും, ഈ പറഞ്ഞ ഗാന്ധിയന്‍മാരും എല്ലാവരും ചേര്‍ന്ന് താങ്കളെ, അവരുടെ വലുപ്പത്തിനു അനുയോജ്യമായവിധം ചെറിയ പ്രതിമകള്‍ക്കുള്ളില്‍ കുഴിച്ചുമൂടിയിരിക്കുന്നു.

ഇന്ന്, താങ്കളുടെ പാരമ്പര്യം അഭിമാനത്തോടെ മുന്നോട്ടുനയിക്കാന്‍ പ്രാപ്തരായ ആളുകള്‍ ആരുമില്ല. ഒരു നന്ദിയുമില്ലാത്ത രാജ്യത്തിന്റെ പിതാവായിരിക്കുക എന്നത്‌ നഷ്ടക്കച്ചവടമാണ്‌ ബാപ്പൂ. നല്ല ബനിയക്കാരന്‍ തന്നെ അങ്ങ്‌!!

എന്നുവെച്ച്‌, അങ്ങയുടെ പ്രശസ്തി അത്ര കുറഞ്ഞിട്ടൊന്നുമില്ല കേട്ടോ. താങ്കളുടെ പല ഇഷ്ടസങ്കല്‍പ്പങ്ങളെയും ഞങ്ങള്‍ അതിന്റെ പ്രത്യയശാസ്ത്രങ്ങളില്‍നിന്ന് സ്വതന്ത്രമാക്കി അല്‍പ്പം മാറ്റിമറിച്ച്‌, വര്‍ഗ്ഗചിഹ്നങ്ങളാക്കുന്നുണ്ട്‌. (കീഴെക്കിടയിലുള്ള പരേലിനെ, മേല്‍ത്തട്ടിലുള്ള വര്‍ളിയാക്കിയപോലെ*). താങ്കളുടെ ഖാദിയുണ്ടല്ലോ, ഇന്ന്, അത്‌ അലങ്കരിക്കുന്നത്‌ സാമൂഹ്യപ്രവര്‍ത്തകരുടെ ശരീരത്തെയല്ല, മറിച്ച്‌, 'പരേഡിന്‌" പങ്കെടുക്കുന്ന മോഡലുകളുടെ ശരീരവടിവുകളെയാണ്‌. പ്രകൃതി ചികിത്സ എന്നത്‌, സമ്പന്നരുടെ (ആവിമുറിക്ക് പുറത്ത് ക്യൂനില്‍ക്കുന്നവരുടെയും, പൊണ്ണത്തടി കുറക്കാന്‍ വ്യായാമം ചെയ്യുന്നവരുടേയും)സംഭാഷണങ്ങളിലെ നിത്യപ്രയോഗമാണ്‌. ജൈവഭക്ഷണമെന്നത്‌, ഷോപ്പിംഗ്‌ മാളുകളില്‍നിന്ന് ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരു വിഭവമാണ്‌. ആട്ടിന്‍പാലിന്‌ പോഷകമൂല്യമുണ്ടെന്ന് അമേരിക്കക്കാര്‍ക്ക്‌ തെളിയിക്കാന്‍ കഴിഞ്ഞാല്‍, ഞങ്ങളതും കുടിച്ചുകളയും. പറഞ്ഞേക്കാം.

എന്നിട്ടും, ഈ ഭ്രാന്തന്‍ കോലാഹലങ്ങള്‍ക്കിടയിലും താങ്കളുടെ പ്രസക്തി ഏറുകയാണ്‌. തിങ്ങിനിറഞ്ഞ്‌ ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന വന്‍നഗരങ്ങള്‍, വരണ്ട ഗ്രാമങ്ങള്‍, വര്‍ദ്ധിക്കുന്ന കര്‍ഷക ആത്മഹത്യകള്‍, ആ ആത്മഹത്യകളെ 'എണ്ണ'മായികാണുന്ന മദ്ധ്യവര്‍ഗ്ഗജീവികള്‍, തുണിമില്ലുകളുടെ കുഴിമാടങ്ങളില്‍ പണിതുയര്‍ത്തിയ വന്‍കിട കച്ചവടകേന്ദ്രങ്ങള്‍, പഠനം ഭാരമായിത്തീര്‍ന്ന കുട്ടികള്‍, നര്‍മ്മദ, സിംഗൂര്‍, നന്ദിഗ്രാം, കലിംഗനഗര്‍, ഖൈര്‍ലാഞ്ചി; ജനം, മാദ്ധ്യമങ്ങള്‍, നീതിന്യായം, ഉദ്യോഗസ്ഥവൃന്ദം, രാഷ്ട്രീയക്കാര്‍, തൊഴിലാളികള്‍ - സ്വന്തം വൃത്തത്തിനപ്പുറത്തേക്ക്‌ പോകാന്‍ കഴിയാതെ തങ്ങളുടെ ജാതിയുടെയും, മതത്തിന്റെയും, സ്വാര്‍ത്ഥതാത്‌പര്യങ്ങളുടെയും ഉള്ളില്‍ കഴിഞ്ഞ്‌, ജീവിതത്തെ അതിന്റെ സമഗ്രതയില്‍ കാണാന്‍ അശക്തരായവര്‍ - എല്ലാവര്‍ക്കും, താങ്കളുടെ ആ ജീവിതദര്‍ശനം ആവശ്യമായിരിക്കുന്നു ഇന്ന്. പ്രവര്‍ത്തകരുടെ ഒളിഞ്ഞിരിക്കുന്ന ശക്തിയെ കണ്ടെത്താനും, അവയെ ചിറകുവിരിയിച്ച്‌, അവക്ക്‌ ശക്തി പകര്‍ന്ന്, അവരുടെ ചക്രവാളങ്ങള്‍ വികസിപ്പിച്ച്‌ എല്ലാവരെയും ഒത്തൊരുരുമിപ്പിക്കാനുമുള്ള അങ്ങയുടെ ആ കഴിവുണ്ടല്ലോ, അതാണ്‌ ഇന്ന് ഞങ്ങള്‍ക്കാവശ്യം. അങ്ങയുടെ കണ്ണടകള്‍ ഞങ്ങള്‍ക്ക്‌ വേണ്ട. ഇപ്പോള്‍തന്നെ, ആനയെ കണ്ട അന്ധരുടെ അവസ്ഥയാണ്‌ ഞങ്ങളുടേത്‌. ഇനി അങ്ങയുടെ കണ്ണട കൂടി ധരിച്ചാല്‍ പിന്നെ, അത്‌ ഞങ്ങളുടെ മിഥ്യാധാരണകള്‍ കൂടുതല്‍ ഉറപ്പിക്കാനേ ഒരുപക്ഷേ സഹായിക്കൂ. മാത്രവുമല്ല, കഴിഞ്ഞ ആറു ദശകങ്ങളായി, ഞങ്ങള്‍ സഞ്ചരിക്കുന്നത്‌, താങ്കളുടെ പാതയില്‍നിന്നും വിരുദ്ധമായ ദിശയിലായതുകൊണ്ട്‌, അത്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കിയേക്കാനും മതി. ഇന്നത്തെ പ്രശ്നങ്ങള്‍ക്ക്‌, ഇന്നിന്റെ പരിഹാരം തന്നെയാണ്‌ ആവശ്യം. അതുകൊണ്ട്‌, താങ്കളുടെ കണ്ണടയല്ല, മറിച്ച്‌, താങ്കളുടെ, ആ സമ്പൂര്‍ണ്ണ ദര്‍ശനമാണ്‌ ഞങ്ങള്‍ക്ക്‌ ഇന്ന് വേണ്ടത്‌. വികസനം-പരിസ്ഥിതി, സക്രിയത്വം-സംഘര്‍ഷം, സമന്വയം-വിശകലനം, സമ്പത്തിന്റെ നിര്‍മ്മാണം-വിതരണം, ഈ ദ്വന്ദങ്ങളുടെ വൈരുദ്ധ്യങ്ങളില്‍നിന്ന് ഞങ്ങളെ നിവര്‍ത്തിക്കാനും, ആത്മവിമര്‍ശനത്തിന്‌ സജ്ജരാക്കാനും, അന്യനോട്‌ സഹാനുഭൂതിയുള്ളവരാകാനും, ബാപ്പൂ, താങ്കള്‍ ഞങ്ങളെ പ്രാപ്തരാക്കണം. കൂടുതല്‍ നല്ല ഒരു ലോകത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമല്ല താങ്കളെ വേണ്ടത്‌. ഈ ഏകധ്രുവലോകത്തില്‍ ശ്വാസംമുട്ടി കഴിയുന്ന എല്ലാവര്‍ക്കും താങ്കളെ ഇന്ന് ആവശ്യമായിവന്നിരിക്കുന്നു. സമത്വത്തിനും, മാനവികതക്കും വേണ്ടിയുള്ള ഗംഭീരവും ഉദാത്തവും, ആവേശോജ്ജ്വലവുമായ സമരങ്ങളൊക്കെതന്നെയും-ചൈനയിലും, റഷ്യയിലും, വിയറ്റ്‌നാമിലും, ദക്ഷിണാഫ്രിക്കയിലും നടന്ന രീതിലുള്ളവ-എങ്ങിനെയാണ്‌ ഇത്ര ദയനീയമായി പരാജയപ്പെട്ടുപോയത്‌? എല്ലാം തകര്‍ത്ത്‌ മുന്നേറുന്ന ഇസ്രായേലി യുദ്ധ ടാങ്കുകള്‍ക്കു മുന്നിലേക്ക്‌ സ്വയം എറിഞ്ഞുകൊടുത്ത ആ യുവ അമേരിക്കന്‍ സമാധാനപ്രവര്‍ത്തക മരിക്കുന്നതിനുമുന്‍പ്‌ മന്ത്രിച്ച നാമം, ബാപ്പൂ, മറ്റാരുടേതുമായിരുന്നില്ല, താങ്കളുടേതായിരുന്നു. നാഥുറാം ഗോഡ്‌സേയുടെയും, താങ്കളുടെ അനുയായികളുടെയും വെടിയുണ്ടകള്‍ക്കൊന്നും താങ്കളെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. പുസ്തകങ്ങളിലും, കാഴ്ചബംഗ്ലാവുകളിലും, പ്രതിമകളിലും മാത്രമല്ല താങ്കള്‍ ജീവിക്കുന്നത്‌, ഞങ്ങളുടെ മനസ്സുകളിലുംകൂടിയാണ്‌. ഓരോ വര്‍ഷം കഴിയുമ്പോഴും, താങ്കള്‍ക്ക്‌ കൂടുതല്‍ക്കൂടുതല്‍ ചെറുപ്പമാവുകയാണ്‌ ബാപ്പൂ. താങ്കള്‍ ദീര്‍ഘകാലം ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു.



ലോക്‍സത്ത എന്ന മറാത്തിപത്രത്തില്‍, 2007 ഒക്ടോബര്‍ 2-ന്‌ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷയുടെ പരിഭാഷ. ശ്രീ ആര്‍.പി.രവീന്ദ്രയാണ്‌ ഇംഗ്ലീഷിലേക്ക്‌ ഭാഷാന്തരം ചെയ്തിരിക്കുന്നത്‌.


* ഒരു കാലത്ത്‌ തുണിമില്ലുകളുടെ കേന്ദ്രമായിരുന്ന പരേല്‍, ഇന്ന്, വൊര്‍ളി എന്ന അത്യന്താധുനിക വാണിജ്യകേന്ദ്രമായിരിക്കുന്നു.


പരിഭാഷക്കുറിപ്പ്‌:

ഗാന്ധിയുടെ രാഷ്ട്രീയപ്രയോഗങ്ങളോട്‌ പൂര്‍ണ്ണമായി യോജിക്കാന്‍ സാധിക്കാതെ വരുമ്പോഴും, ഈ ലേഖനത്തിലെ ചില ആശയങ്ങള്‍ കാലികമായി പ്രസക്തമാണെന്നു തോന്നുന്നതുകൊണ്ടാണ്‌ ഇത്‌ ഇവിടെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്‌. ലോകമാന്യതിലകനെപ്പോലുള്ളവരുടെ കയ്യില്‍ ഒരു പക്ഷേ തീവ്ര-മതാധിഷ്ഠിതമായ ഒന്നാകുമായിരുന്ന സ്വാതന്ത്ര്യപ്രക്ഷോഭത്തെ കൂടുതല്‍ ജനാധിപത്യവത്‌ക്കരിച്ചു എന്നിടത്താണ്‌ ഗാന്ധിയുടെ പ്രസക്തി. വികസനത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ ആശയങ്ങള്‍ക്കും അപ്രധാനമല്ലാത്ത പങ്കുണ്ട്‌. അഹിംസാവാദിയായ ഗാന്ധി, 'യുദ്ധങ്ങളുടെ മാതാവിനു'വേണ്ടിയുള്ള പണപ്പിരിവിന്‌ ഇറങ്ങിത്തിരിച്ചതിന്റെ അസംബന്ധവും, റൊമാന്‍ റൊളാങ്ങിനെപ്പോലുള്ളവര്‍ (Romain Rolland)എടുത്തുപറഞ്ഞിട്ടുമുണ്ട്‌.

Sunday, January 27, 2008

ഉറങ്ങുമ്പോള്‍ മനുഷ്യരില്‍ ഉണരുന്ന സ്വപ്നദര്‍ശനങ്ങള്‍

റോബര്‍ട്ട് ഫിസ്ക്


ചെറിയ കുട്ടിയായിരിക്കുമ്പോള്‍, ഒരു സ്വപ്നം എന്നെ നിരന്തരം വേട്ടയാടിയിരുന്നു. എന്റെ മുത്തച്ഛന്‍ ആര്‍തര്‍ റോസ്സിന്റെ വളര്‍ത്തുനായയായ ലാന്‍സിനെക്കുറിച്ചുള്ളതായിരുന്നു ആ സ്വപ്നം. ലാന്‍സ്‌ എന്നത്‌ അവന്റെ ചുരുക്കപ്പേരാണ്‌. സര്‍ ലാന്‍സ്ലോട്ട്‌ എന്നാണ്‌ അവന്റെ മുഴുവന്‍ പേര്‌. അവന്‌ എന്നെ ഇഷ്ടമായിരുന്നു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഞാന്‍ അവനെ ആരാധിക്കുകയും ചെയ്തിരുന്നു. മുത്തച്ഛന്റെ വീട്ടിലെ വലിയ പറമ്പിലൂടെ ഞങ്ങള്‍ ഓടിക്കളിക്കും. ഞാന്‍ അവനെ വീഴ്ത്താന്‍ നോക്കുമ്പോള്‍ അവന്‍ എന്നെ വീഴ്ത്തും. ഞാന്‍ നിലത്ത്‌ വീണാല്‍, അവന്‍ എനിക്ക്‌ പുറം തിരിഞ്ഞ്‌, അവന്റെ കട്ടിയുള്ള വാല്‍ എന്റെ മുഖത്ത്‌ വീശി ഗംഭീരഭാവത്തിലങ്ങിനെ ഇരിക്കും.

ഉറക്കത്തില്‍ ഞാന്‍ കാണുന്ന ദുസ്വപ്നത്തില്‍ ലാന്‍സിന്‌ പക്ഷേ മറ്റൊരു മുഖമാണ്‌. കടിക്കുകയും, കുരക്കുകയും, മുഖം മുഴുവന്‍ വെറുപ്പ്‌ നിറയുകയും ചെയ്യുന്ന ലാന്‍സിനെയാണ്‌ സ്വപ്നത്തില്‍ കണ്ട്‌ ഞാന്‍ പേടിച്ച്‌ നിലവിളിക്കുക. അതു കേട്ട്‌, അച്ഛന്‍ ഓടിയെത്തും. ദു:സ്വപ്നത്തില്‍നിന്ന് നിത്യവും അച്ഛന്‍ എന്നെ കുലുക്കിയുണര്‍ത്തും.

സ്വപ്നങ്ങളെ ഞങ്ങള്‍ പാശ്ചാത്യര്‍ കാണുന്നത്‌, ഉറങ്ങുമ്പോഴും, പ്രവര്‍ത്തനക്ഷമമായ തലച്ചോറിന്‌ ഉറക്കക്കുറവുകൊണ്ടുണ്ടാകുന്ന പ്രതിഭാസം എന്ന നിലയിലാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ദൈനംദിന അനുഭവങ്ങളില്‍നിന്ന് ബാക്കിവന്ന ഉപബോധമെന്ന ഒരു പാഴ്‌വസ്തു. പക്ഷേ, അതിതീവ്രവാദികളായ പല മുസ്ലിമുകള്‍ക്കും, സ്വപ്നം വളരെ ഗൗരവമുള്ള ഒരു കാര്യമാണ്‌. പ്രവാചകന്‌ ദൈവത്തില്‍നിന്ന് വെളിപാടുണ്ടായത്‌-സാക്ഷാല്‍ വിശുദ്ധ ഖുറാന്‍-ആറു മാസത്തോളം നീണ്ടുനിന്ന ഒരു സ്വപ്നത്തിന്റെ അവസാനത്തിലായിരുന്നുവത്രെ.. ചിലര്‍ വിശ്വസിക്കുന്നത്‌, ഖുറാന്‍ മുഴുവനുംതന്നെ, ഒരു സ്വപ്നസദൃശമായ വെളിപാടിലാണ്‌ അദ്ദേഹത്തിനു കിട്ടിയതെന്നാണ്‌.

മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അലസമായിരിക്കുന്ന തലച്ചോറിന്റെ പ്രതിഫലനമല്ല സ്വപ്നങ്ങള്‍, മറിച്ച്‌, ദൈവവുമായി നേരിട്ടുള്ള വിനിമയമാണവ എന്നത്രെ. ഡറം സര്‍വ്വകലാശാലയിലെ (Durham University) നരവംശശാസ്ത്രവിഭാഗത്തിലെ ഡോ.ഇയാന്‍ എഡ്‌ഗാര്‍, സ്വപ്നത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വന്തം ഗവേഷണഫലങ്ങള്‍ എനിക്കു അയച്ചു തന്നിരുന്നു. അതനുസരിച്ച്‌, 'യഥാര്‍ത്ഥസ്വപ്ന'ങ്ങള്‍-അറബിയില്‍ റുയ എന്നാണ്‌ പറയുക- 'പശ്ചിമേഷ്യയിലും മറ്റിടങ്ങളിലുമുള്ള സമകാലിക ജിഹാദി പ്രസ്ഥാനങ്ങളുടെ അടിസ്ഥാനപരവും, പ്രചോദനപരവും, തന്ത്രപ്രധാനവുമായ ഭാഗമാണെന്ന്' അദ്ദേഹം വിശ്വസിക്കുന്നു.

ഇസ്ലാമിനെ 'ഒരുപക്ഷേ, ഭൂമിയില്‍ നിലവിലുള്ള ഏറ്റവും വലിയ നിശാസ്വപ്ന സംസ്കാരം' എന്നാണ്‌ അദ്ദേഹം വിശേഷിപ്പിക്കുന്നത്‌. പ്രവാചകവചനമായ ഒരു ഹദീത്‌, എഡ്‌ഗാര്‍ ഉദ്ധരിക്കുന്നുമുണ്ട്‌. അതിന്‍പ്രകാരം പ്രവാച പത്നിയായ ആയിഷ പറയുന്നത്‌ "നിദ്രയില്‍ ഉളവാകുന്ന നല്ല സ്വപ്നങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്‌ ദൈവീകമായ വെളിപാടുകള്‍ കിട്ടിയിരുന്നത്‌...അദ്ദേഹം ഒരിക്കലും സ്വപ്നം കാണുകയായിരുന്നില്ല..സ്വപ്നം പ്രഭാതവെളിച്ചം പോലെ വരുകയായിരുന്നു" എന്നാണ്‌. എട്ടാം നൂറ്റാണ്ടില്‍, തെക്കന്‍ ഇറാഖിലെ ബസ്രയില്‍ ജീവിച്ചിരുന്ന, ഇബന്‍ സിറിന്‍ എന്ന എഴുത്തുകാരന്‍-സ്വപ്നങ്ങളെക്കുറിച്ചും, അവയുടെ വ്യാഖ്യാനങ്ങളെകുറിച്ചും ധാരാളം എഴുതിയിരുന്ന ഒരാള്‍-സ്വപ്നങ്ങളെ രണ്ടായി വിഭജിച്ചിരുന്നു. സ്വപ്നദര്‍ശകന്റെ ശരീരത്തില്‍ വസിക്കുകയും, എന്നാല്‍ ആത്മാവില്‍ നിന്ന് വേറിട്ട അസ്തിത്വവുമുള്ള 'ആത്മീയ സ്വപ്നങ്ങള്‍'എന്നും, (ചെകുത്താന്റെ പ്രേരണയാല്‍ ഉണ്ടാകുന്ന സ്വപ്നങ്ങള്‍, റുവാന്‍ എന്നാണ്‌ അവക്കുള്ള പേര്‍), പ്രവഹിക്കുന്ന ചുടുചോരയില്‍നിന്ന് ഉളവാകുന്ന 'പ്രാപഞ്ചിക സ്വപ്നങ്ങള്‍' എന്നുമായിരുന്നു ആ രണ്ടു വിഭജനങ്ങള്‍.

മുത്തച്ഛന്റെ ഭീകരനായ ലാബ്രഡോറിനെ രണ്ടാമത്തെ ഗണത്തില്‍ പെടുത്തേണ്ടിവരുമെന്ന് ഞാന്‍ ഭയക്കുന്നു. പക്ഷേ ഈ ആശയങ്ങളെ നിസ്സാരമായി തള്ളിക്കളയാന്‍ സാധ്യമല്ല. ബെര്‍ക്ക്‍ലി യൂണിവേഴ്‌സിറ്റിയില്‍ മുഹമ്മദ്‌ അമാനുള്ള അവതരിപ്പിച്ച ഒരു ഗവേഷണപ്രബന്ധത്തില്‍ പറഞ്ഞിരിക്കുന്നത്‌, മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ മതപഠന വിഭാഗത്തിലെ 12 മുസ്ലിം ജോലിക്കാരില്‍, പകുതിപേരും, തങ്ങള്‍ 'യഥാര്‍ത്ഥ സ്വപ്നങ്ങള്‍‘ കണ്ടു എന്നായിരുന്നു. അതില്‍തന്നെ, പകുതിയോളം ആളുകള്‍ പ്രവാചകനെയാണ്‌ സ്വപ്നം കണ്ടത്‌. മറ്റൊരു ഹദീദില്‍ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട്‌ പറയുന്നത്‌, "എന്നെ സ്വപ്നം കാണുന്നവര്‍, സത്യമായും എന്നെ കാണുകതന്നെയാണ്‌ ചെയ്യുന്നത്‌, കാരണം, എന്റെ രൂപം അനുകരിക്കാന്‍ ഒരിക്കലും സാത്താനു സാധിക്കുന്നതല്ല' എന്നാണ്‌.

ഒസാമ ബിന്‍ ലാദിന്‍ തീര്‍ച്ചയായും സ്വപ്നത്തില്‍ വിശ്വസിക്കുന്ന ഒരാളാണ്‌. ഒരിക്കല്‍ അദ്ദേഹം എന്നോട്‌ പറഞ്ഞത്‌, അദ്ദേഹത്തിന്റെ ഒരു 'സഹോദരന്‍' എന്നെ, മുസ്ലിം വേഷത്തില്‍, താടി വളര്‍ത്തി, കുതിരപ്പുറത്തിരിക്കുന്ന രൂപത്തില്‍ കണ്ടു എന്നാണ്‌. ഞാനൊരു 'യഥാര്‍ത്ഥ' മുസ്ലിമാണെന്ന് ഈ സ്വപ്നം തെളിയിക്കുന്നു എന്നുകൂടി കൂട്ടിച്ചേര്‍ത്തിട്ടേ മൂപ്പരടങ്ങിയുള്ളു. എന്നെ 'റിക്രൂട്ട്‌' ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പരോക്ഷമായ ആ ക്ഷണം, ഞാന്‍ സ്നേഹപൂര്‍വ്വം നിരസിച്ചു. പക്ഷേ, സെപ്തംബര്‍ 11-നു ശേഷം ഒരിക്കല്‍ അദ്ദേഹത്തെ ഉദ്ധരിച്ച്‌ ഒരു പ്രസ്താവന വന്നു. അബുല്‍ ഹസ്സന്‍ അല്‍ മസ്‌റി, ഒസാമയോട്‌ പറഞ്ഞ ഒരു സ്വപ്നത്തെക്കുറിച്ചായിരുന്നു അത്‌. "അബുല്‍ ഹസ്സന്‍ എന്നോട്‌ ഒരു വര്‍ഷം മുന്‍പ്‌ പറയുകയുണ്ടായി, അയാള്‍ ഒരു സ്വപ്നം കണ്ടു എന്ന്. അമേരിക്കക്കാരുമായി ഞങ്ങള്‍ ഒരു പന്തുകളിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പക്ഷേ, ഗ്രൗണ്ടില്‍ വന്നപ്പോഴേക്കും ഞങ്ങളുടെ കളിക്കാരെല്ലാവരും പൈലറ്റുമാരായി മാറിക്കഴിഞ്ഞിരുന്നു". ഒസാമ തുടരുന്നു, "സെപ്തംബര്‍ 11-ന്റെ പദ്ധതികളെക്കുറിച്ച്‌, അല്‍ മസ്‌റിക്ക്‌ ഒന്നും അറിയില്ലായിരുന്നു. സംഭവം നടന്നതിനുശേഷം റേഡിയോയിലൂടെയാണ്‌ അയാള്‍ അതിനെക്കുറിച്ച്‌ കേള്‍ക്കുന്നതുതന്നെ. കളി നടക്കുകയും ഞങ്ങള്‍ അമേരിക്കക്കാരെ തോല്‍പ്പിക്കുകയും ചെയ്തുവത്രെ. അതേതായാലും നല്ല ലക്ഷണമാണ്‌".

അല്‍ ഖ്വൈദയുടെ സൂത്രധാരന്‍മാരായ റാംസി ബിന്‍ അല്‍ ഷീബിനെയും, ഖാലിദ്‌ ഷൈഖ്‌ മുഹമ്മദിനെയും ഇന്റര്‍വ്യൂ ചെയ്ത അല്‍ ജസീറ പത്രപ്രവര്‍ത്തകന്‍ യൂസ്‌റി ഫൗദ പറഞ്ഞത്‌, സെപ്തംബര്‍ 11-ലെ ആക്രമണത്തിനുമുന്‍പ്‌, അല്‍ ഷീബ്‌ ധാരാളം സ്വപ്നങ്ങള്‍ കണ്ടതായി പറഞ്ഞു എന്നാണ്‌. "അയാള്‍ (അല്‍ ഷീബ്‌)പ്രാവചകനെക്കുറിച്ചും, പ്രവാചകന്റെ അടുത്ത അനുയായികളെക്കുറിച്ചും, അവരെ നേരിട്ടു കണ്ട മട്ടില്‍ സംസാരിച്ചു."

മര്‍വാന്‍ അല്‍ ഷെഹ്ദി കണ്ട ഒരു സ്വപ്നത്തെക്കുറിച്ച്‌, മൊഹമ്മദ്‌ ആട്ട (വിമാനറാഞ്ചികളിലെ പ്രധാനി) പറഞ്ഞ കാര്യം, അല്‍ ഷീബ്‌ ഓര്‍ത്തെടുക്കുകയുണ്ടായി. "മറ്റേതൊ ലോകത്തുനിന്നുള്ള പച്ച നിറമുള്ള പക്ഷികളുടെ കൂടെ ആകാശത്തു പറന്നുനടക്കുന്നതായും, എന്തിലൊക്കെയോ ചെന്നിടിച്ച്‌ തകരുന്നതായും, അപ്പോള്‍ വലിയ സന്തോഷം തോന്നുന്നതായും" മര്‍വാന്‍ അല്‍ ഷെഹിദി ഒരിക്കല്‍ ആട്ടയോട്‌ പറഞ്ഞുവത്രെ.

'പച്ചനിറമുള്ള പക്ഷികള്‍ക്ക്‌' സ്വപ്നങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകമായ അര്‍ത്ഥതലമുണ്ടെന്ന് ഫൗദ പറഞ്ഞു. 'പച്ച' എന്നത്‌, ഇസ്ലാമിന്റെയും, 'പക്ഷികള്‍' സ്വര്‍ഗ്ഗത്തിന്റെയും പ്രതിരൂപങ്ങളാണത്രെ. റൊബര്‍ട്ട്‌ ഫിസ്ക്‌ എന്ന എന്നെ, ഇമാമിന്റെ രൂപഭാവങ്ങളോടെ സ്വപ്നത്തില്‍ കണ്ട ഒസാമ എന്നെ കുതിരപ്പുറത്തേറ്റിയത്‌, കുതിര 'ഒരു വ്യക്തിയുടെ അന്തസ്സിന്റെയും, പദവിയുടെയും, അധികാരത്തിന്റെയും, പ്രൗഢിയുടെയും' ചിഹ്നമായതുകൊണ്ടാണെന്ന് പറഞ്ഞുതന്നു, ഡോ. ഇയാന്‍ എഡ്‌ഗാര്‍. നന്ദിയുണ്ട്‌, ഒസാമ. പക്ഷേ, തത്‌ക്കാലം എനിക്കതു വേണ്ട.

ഷൂ ബോംബര്‍ എന്ന പേരില്‍ അറിയപ്പെട്ട റിച്ചാര്‍ഡ്‌ റീഡ്‌, താന്‍ ഒരു പിക്കപ്പില്‍ കയറാന്‍ ശ്രമിക്കുന്നതായും, അതില്‍ നിറയെ ആളുണ്ടായിരുന്നതുകൊണ്ട്‌ മറ്റൊരു ചെറിയ കാറില്‍ കയറിക്കൂടിയതും സ്വപ്നം കണ്ടതായി പറയുന്നുണ്ട്‌. ആദ്യം കയറാന്‍ ശ്രമിച്ച പിക്കപ്പ്‌, സെപ്തംബര്‍ 11-ലെ ആക്രമണത്തിന്‌ ഉപയോഗിച്ച നാലു വിമാനങ്ങളെയും (ഇതില്‍നിന്ന്, റിച്ചാര്‍ഡ്‌ റീഡറിനെ ഒഴിവാക്കിയിരുന്നു)ചെറിയ കാര്‍, തന്റെ 19 സഹപ്രവര്‍ത്തകരുടെയൊപ്പം എത്താനുള്ള ധൃതിയില്‍ അയാള്‍ റാഞ്ചാന്‍ ശ്രമിച്ച അമേരിക്കന്‍ എയര്‍ലൈന്‍സ്‌ വിമാനത്തെയുമാണ്‌ സൂചിപ്പിക്കുന്നതെന്നുമുള്ള രീതിയില്‍ വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ട്‌.

ഒറ്റക്ക്‌ വിമാനമോടിച്ച്‌, ഉയരമുള്ള ഒരു കെട്ടിടത്തിലേക്ക്‌ അത്‌ ഇടിച്ചുകയറ്റുന്നത്‌ സ്വപ്നം കണ്ടിരുന്ന ആളാണ്‌, ഒരുപക്ഷേ ഇരുപതാമത്തെ വിമാന റാഞ്ചി ആകുമായിരുന്ന, മൊറോക്കോ വംശജനായ ഫ്രഞ്ചുകാരന്‍ സക്കാറിയ മൗസ്സാവി. അമേരിക്കയില്‍ 2006-ല്‍ നടന്ന കുറ്റവിചാരണവേളയില്‍, തന്റെ സ്വപ്നത്തിനു വിചാരിച്ചതിലേറെ പ്രാധാന്യം കിട്ടുന്നത്‌ മൗസ്സാവി കാണുകയുണ്ടായി. പാക്കിസ്ഥാനില്‍നിന്നുള്ള ഏറ്റവും സമര്‍ത്ഥനായ പത്രപ്രവര്‍ത്തകനായ റഹിമുള്ള യൂസഫ്സായിയോട്‌ താലിബാന്‍ പറഞ്ഞത്‌, തങ്ങളുടെ നേതാവായ ഒറ്റക്കണ്ണന്‍ മുല്ല ഒമര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്‌, അദ്ദേഹത്തിന്‌ "സ്വപ്നത്തില്‍നിന്നു കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിക്കുക' മാത്രമാണെന്നായിരുന്നു. താലിബാന്റെ ബീജാവാപംതന്നെ ഒരു സ്വപ്നത്തില്‍നിന്നായിരുന്നുവത്രെ. ഒരിക്കല്‍ മുല്ല ഒമര്‍ യൂസഫ്സായിയെ ഫോണില്‍ വിളിച്ച്‌ തനിക്കുണ്ടായ ഒരു സ്വപ്നത്തെ വ്യാഖാനിച്ചു കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഒരു 'വെളുത്ത കൊട്ടാരം' തീ പിടിക്കുന്നതാണ്‌ മുല്ല ഒമര്‍ കണ്ട സ്വപ്നം. യൂസഫ്സായ്‌ വൈറ്റ്‌ ഹൗസ്‌ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മുല്ല ഒമറിന്‌ അറിയാമായിരുന്നുതാനും. സ്വപ്നത്തില്‍ ദര്‍ശിച്ച ഈ ഈ 'വെളുത്ത കൊട്ടാരത്തിന്‌ ഈ പറയുന്ന വൈറ്റ്‌ ഹൗസുമായി എന്തെങ്കിലും സാദൃശ്യമുണ്ടോ എന്നു മാത്രമായിരുന്നു മുല്ല ഒമറിന്‌ അറിയേണ്ടിയിരുന്നത്‌. സംഭവം നടക്കുന്നത്‌ സെപ്തംബര്‍ 11-നു മുന്‍പാണ്‌.

വിചിത്രമായ മറ്റു ചില സ്വപ്നങ്ങളെക്കുറിച്ച്‌. ഗ്വാണ്ടിനാമോയിലെ ഒരു മുന്‍തടവുകാരനായ ക്വാറി ബദ്രുസമാന്‍ ബാദര്‍ ലാഹോറില്‍വെച്ച്‌ ഡെയ്‌ലി ടൈംസിനോട്‌ പറഞ്ഞത്‌, 'പ്രവാചകന്‍ നേരിട്ടു വന്ന്, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തരുന്നതായി സ്വപ്നം കണ്ട നിരവധി അറബികളെ'ക്കുറിച്ചായിരുന്നു. "ഒരു അറബി ക്രിസ്തുവിനെ സ്വപ്നത്തില്‍ 'നേരിട്ടു' കണ്ടു. ക്രിസ്തു അയാളുടെ കൈപിടിക്കുകയും, ക്രിസ്ത്യാനികള്‍ക്ക്‌ മാര്‍ഗ്ഗഭ്രംശം വന്നതായി പറയുകയും ചെയ്തു. അയാളുടെ കൈകളിലുണ്ടായിരുന്ന ക്രിസ്തുവിന്റെ പരിമളം മറ്റുള്ളവര്‍ക്കും വാസനിക്കാന്‍ കഴിഞ്ഞു", ക്വാറി പറയുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇസ്ലാമിലെതന്നെ മറ്റൊരു പ്രവാചകനായ ക്രിസ്തു, ക്രിസ്ത്യാനികള്‍ക്കു സംഭവിക്കുന്ന മാര്‍ഗ്ഗഭ്രംശത്തെക്കുറിച്ച്‌, മുസ്ലിം തടവുകാരോട്‌ സംസാരിച്ചു എന്ന്. "തങ്ങള്‍ക്കുനേരെയുള്ള അടിച്ചമര്‍ത്തലിനെയൊക്കെ ഉല്ലംഘിക്കുന്ന ഒരു സ്വപ്നസന്ദേശമായിട്ടയിരിക്കും അവര്‍ക്കിത്‌ അനുഭവപ്പെട്ടിട്ടുണ്ടാവുക", എഡ്ഗാര്‍ അഭിപ്രായപ്പെടുന്നു.

കൂട്ടത്തില്‍ വ്യാജ സ്വപ്നങ്ങളും ധാരാളമുണ്ട്‌. പെഷവാറിലെ ഒരു ഇമാമിനോട്‌ ഒരാള്‍ വന്നു പറഞ്ഞുവത്രെ, വേണമെങ്കില്‍ ഇമാമിനും മദ്യപിക്കാമെന്ന് പ്രവാചകന്‍ സ്വപ്നത്തില്‍ വന്നു പറഞ്ഞുവെന്ന്. ചോദിച്ചപ്പോള്‍ മനസ്സിലായി, സ്വപ്നം കണ്ട ആള്‍ നല്ലവണ്ണം അകത്താക്കിയിട്ടുണ്ടെന്ന്. താന്‍ പ്രവാചകനെ കണ്ടിട്ടില്ലെന്നു പറഞ്ഞൊഴിഞ്ഞു പെഷവാറിലെ ആ പാവം ഇമാം. കഷ്ടം, നമ്മള്‍ അവിശ്വാസികള്‍ക്ക്‌ മാത്രം ഒരു പ്രതീക്ഷക്കും വകയില്ല.






The Independent എന്ന പത്രത്തിന്റെ ജനുവരി 26-ലെ ലക്കത്തില്‍ വന്ന റോബര്‍ട്ട് ഫിസ്ക്കിന്റെ ലേഖനം.
പരിഭാഷ - രാജീവ് ചേലനാട്ട്

Saturday, January 26, 2008

അനാഥ ശിശുക്കളെ ഉണ്ടാക്കേണ്ടത്‌ എങ്ങിനെ? - ഒരു ഇറാഖി പാഠം

റോബര്‍ട്ട്‌ ഫിസ്ക്‌

അനാഥ ശിശുക്കളെ ഉണ്ടാക്കുക എന്നത്‌, ഇറാഖില്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. നിങ്ങളൊരു ചെറുത്തുനില്‍പ്പുകാരനാണെങ്കില്‍, നേരെ തിരക്കുള്ള ഏതെങ്കിലും അങ്ങാടിയില്‍ ചെന്ന്, സ്വയം പൊട്ടിച്ചിതറിയാല്‍ മതിയാകും. ഇനി അതല്ല, അമേരിക്കന്‍ വ്യോമസേനയിലെ പൈലറ്റാണ്‌ നിങ്ങളെങ്കില്‍, ഏതെങ്കിലും ഗ്രാമത്തിലെ ഏതെങ്കിലും വീടിന്റെ മുകളില്‍ 'അബദ്ധത്തില്‍' ബോംബ്‌ വര്‍ഷിച്ചാല്‍ മതി. ഇനി നിങ്ങളൊരു അമേരിക്കന്‍ കൂലിപ്പടയാളിയാണെങ്കിലോ, വളരെ എളുപ്പമാണ്‌. 20 വയസ്സും, 14 വയസ്സും, കേവലം ഒരു മാസം പ്രായവുമുള്ള മൂന്നു പെണ്‍മക്കളുളുടെ, വിധവയായ ഒരു അമ്മയുടെ ശരീരത്തില്‍ 40 വെടിയുണ്ടകള്‍ പായിച്ചും നിങ്ങള്‍ക്കത്‌ സാധിക്കും. അമ്മയുടെ ദുര്‍മ്മരണത്തിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍നിന്ന് രക്ഷപ്പെടാനാണ്‌ ആ മൂന്നു കുട്ടികളും, ബാഗ്ദാദില്‍നിന്നും രക്ഷപ്പെട്ട്‌, വടക്കന്‍ അയര്‍ലണ്ടിലേക്കുള്ള തങ്ങളുടെ യാത്രാമദ്ധ്യേ ജോര്‍ദ്ദാനിലെ അമ്മാന്‍ വിമാനത്താവളത്തില്‍ എത്തിപ്പെട്ടത്‌.

കൂട്ടനശീകരണ ആയുധങ്ങളുടെയും, പിന്നെ, അതു മാറ്റി, മനുഷ്യത്വത്തിന്റെയും വ്യാജകാരണങ്ങളും പറഞ്ഞ്‌, നമ്മള്‍ ആക്രമിച്ച്‌ കീഴടക്കിയ ആ ഇറാഖിലെ അനേകായിരം അനാഥശിശുക്കള്‍ക്ക്‌, പക്ഷേ, പലപ്പോഴും കാരുണ്യത്തിന്റെ മുലപ്പാല്‍ കിട്ടാറേയില്ല. ആ മൂന്നു കുട്ടികളെയും കാത്ത്‌, ക്വീന്‍ ആലിയ എയര്‍പ്പോര്‍ട്ടില്‍ കാത്തിരുന്ന അവരുടെ അമ്മാവനോട്‌ സംസാരിക്കാന്‍ പോലും അവരെ അനുവദിക്കാതെ, ജോര്‍ദ്ദാനിലെ സെക്യൂര്‍റ്റിക്കാര്‍ ആ മൂന്നു സഹോദരിമാരേയും അടുത്ത വിമാനത്തില്‍തന്നെ ഇറാഖിലേക്ക്‌ തിരിച്ചയച്ചു.

"എങ്ങിനെയാണ്‌ അവര്‍ക്കത്‌ ചെയ്യാന്‍ കഴിഞ്ഞത്‌?" അവരുടെ അമ്മാവന്‍ പോള്‍ മനൂക്‌ ചോദിക്കുന്നു. "അവരുടെ അമ്മ കൊല്ലപ്പെട്ടു. ചില വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അവരുടെ അച്ഛനും മരിച്ചുപോയിരുന്നു. ഞാന്‍ അവരെ കാത്തിരിക്കുകയായിരുന്നു. ജോര്‍ദ്ദാനിലേക്ക്‌ എത്താന്‍ കഴിഞ്ഞാല്‍, അവര്‍ക്ക്‌ വിസ നല്‍കിയേക്കുമെന്ന് ജോര്‍ദ്ദാനിലെ ബ്രിട്ടീഷ്‌ എംബസ്സിയും പറഞ്ഞതാണ്‌". ബ്രിട്ടീഷ്‌ പൗരത്വമുള്ള മനൂക്‌ വടക്കന്‍ അയര്‍ലണ്ടിലാണ്‌ താമസം. ഇതൊന്നും, ജോര്‍ദ്ദാനിലെ ആ സെക്യൂരിറ്റിക്കാരോട്‌ പറഞ്ഞിട്ടും കാര്യമൊന്നുമില്ല.

ബാഗ്ദാദില്‍ ടാക്സി ഓടിക്കുമ്പോഴായിരുന്നു 48 വയസ്സുള്ള ഇറാഖി-അര്‍മേനിയന്‍ വംശജ മരോ അവാനിസിനെയും അവരുടെ കൂടെ കാറില്‍ യാത്രചെയ്തിരുന്ന സുഹൃത്തിനെയും പടിഞ്ഞാറന്‍ കൂലിപ്പടയാളികള്‍ 40 വെടിയുണ്ടകള്‍ ഉതിര്‍ത്ത്‌ കൊന്നുകളഞ്ഞത്‌. പക്ഷേ ദുരന്തം അവരുടെ കുടുംബത്തെ പിന്തുടരാന്‍ തുടങ്ങിയിട്ട്‌, ഒരു നൂറ്റാണ്ടെങ്കിലും ആയിട്ടുണ്ട്‌. 1915-ലെ അര്‍മീനിയന്‍ വംശഹത്യയുടെ കാലത്ത്‌, മരോ അവാനിസിന്റെ മുത്തശ്ശിക്ക്‌ തന്റെ രണ്ടു മക്കളെ തെരുവില്‍ മരണത്തിന്‌ വിട്ടുകൊടുക്കേണ്ടിവന്നിട്ടുണ്ട്‌. മരോ അവാനിസിന്റെ കൂടെ സീറ്റില്‍ തൊട്ടടുത്തിരുന്നിരുന്ന, അവരുടെ സുഹൃത്ത്‌ ജനീവ ജലാലും കൂലിപ്പടയാളികളുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു.

ഈ കൂലിപ്പടയാളികളെ ജോലിക്കെടുത്തിരുന്ന ആസ്ത്രേലിയന്‍ 'സുരക്ഷ' കമ്പനി, സംഭവത്തില്‍ അവര്‍ക്കുള്ള ഖേദം രേഖപ്പെടുത്തി. ബാഗ്ദാദിലെ ആയുധധാരികളായ പടിഞ്ഞാറന്‍ സേനയുടെ സമീപത്തിലൂടെ യാത്ര ചെയ്യുന്ന ആര്‍ക്കും ഇത്തരത്തിലൊരു വിധി എപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്‌. അവാനിസ്‌ യാത്ര ചെയ്തിരുന്ന കാര്‍ അതിവേഗതയിലാണ്‌ വന്നതെന്നും, അതുകൊണ്ട്‌ അവര്‍ ഒരു ചാവേറാണെന്ന് തെറ്റിദ്ധരിച്ചുവെന്നുമാണ്‌ യൂണിറ്റി റിസോഴ്സ്‌ ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥന്റെ വിശദീകരണം. കൊലപാതകികളെക്കുറിച്ചുള്ള വിവരം കമ്പനി പുറത്തുവിട്ട്ടിട്ടില്ല. ഖേദപ്രകടനം നടത്തുന്നതില്‍ മിടുക്കരാണ്‌ ബാഗ്ദാദിലെ പാശ്ചാത്യര്‍. പക്ഷേ, തങ്ങള്‍ അനാഥരാക്കിത്തീര്‍ത്തവരെ പരിരക്ഷിക്കാനൊന്നും ഏതായാലും അവര്‍ മിനക്കെടാറില്ല.

മരോ അവാനിസിന്റെ 20 വയസ്സായ മൂത്ത മകള്‍ കറൂണ്‍ രോഗബാധിതയായിരുന്നു. ജോര്‍ദ്ദാനിലേക്ക്‌ പോകാനുള്ള അനുവാദവും ഉണ്ടായിരുന്നു അവള്‍ക്ക്‌. കൂടെയുള്ള ചെറിയ സഹോദരിമാരെയും കൂടെ കൊണ്ടുപോകാന്‍ കഴിയുമെന്ന് കുടുംബം പ്രത്യാശിച്ചു. അവരുടെ അമ്മാവന്‍ Co Down എന്ന കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ജോര്‍ദ്ദാനിലെ ഐക്യരാഷ്ട്രസഭയുടെ കമ്മീഷണറെ അയാള്‍ ചെന്നു കണ്ടു. അപ്പോള്‍ അവര്‍ പറഞ്ഞത്‌, ആദ്യം സഹോദരിമാര്‍ ജോര്‍ദ്ദാനിലെത്തട്ടെ എന്നായിരുന്നുവത്രെ.

"അവര്‍ക്കുവേണ്ടി ജോര്‍ദ്ദാനിലെ ബ്രിട്ടീഷ്‌ എംബസ്സിയില്‍ ഞാന്‍ വിസക്ക്‌ അപേക്ഷിക്കുകയും ചെയ്തിരുന്നു. അവരും പറഞ്ഞത്‌, ആദ്യം കുട്ടികള്‍ ജോര്‍ദ്ദാനിലെത്തട്ടെ എന്നായിരുന്നു. കറൂണിന്‌ ജോര്‍ദ്ദാനില്‍ തങ്ങാന്‍ അനുമതി കൊടുത്തു അധികാരികള്‍. പക്ഷേ, 14-ഉം, ഒരു മാസവും പ്രായമുള്ള മറ്റു രണ്ടു സഹോദരിമാരെ പ്രവേശിപ്പിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അനിയത്തിമാരെ ഉപേക്ഷിക്കാന്‍ കാറൂണും കൂട്ടാക്കിയില്ല. അങ്ങിനെ, വന്നെത്തിയ ദിവസം തന്നെ, അവര്‍ക്ക്‌ തിരിച്ചുപോകേണ്ടി വന്നു"

"എനിക്കിത്‌ തീരെ വിശ്വസിക്കാനാവുന്നില്ല. എന്റെ മരുമക്കളുടെ കൂടെ വെറും അഞ്ചുമിനുട്ടെങ്കിലും കഴിയാനനുവദിക്കണമെന്ന് ഞാന്‍ അവരോടെ താണുകേണപേക്ഷിച്ചു. അതിനുപോലും അവര്‍ എന്നെ സമ്മതിച്ചില്ല".

മരോ അവാനിസിന്‌ ഇറാഖില്‍ രണ്ടു സഹോദരിമാരുണ്ടായിരുന്നു. ഹെലനും, അന്നയും. വടക്കന്‍ അയര്‍ലണ്ടിലേക്ക്‌ കുട്ടികളെ രക്ഷപ്പെടുത്താന്‍ അമ്മാവന്‍ വഴി കണ്ടെത്തുന്നതുവരെ, കുട്ടികളെ സംരക്ഷിച്ചിരുന്നത്‌ അവര്‍ രണ്ടുപേരുമായിരുന്നു.

"ജോര്‍ദ്ദാനിലെ എന്റെ ഒരു സുഹൃത്തുവഴി മൂത്ത രണ്ടു കുട്ടികളെയും ജോര്‍ദ്ദാനിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ പേരു ചേര്‍ത്തിരുന്നു. പക്ഷേ, എയര്‍പോര്‍ട്ടില്‍ വല്ലാത്തൊരു അനുഭവമാണ്‌ നേരിടേണ്ടിവന്നത്‌. അബ്ദുള്ള രാജാവിന്‌ ഞാന്‍ കത്തെഴുതാന്‍ പോവുകയാണ്‌. എന്റെ സഹോദരിയെ വെടിവെച്ചു കൊന്ന ആസ്ത്രേലിയന്‍ കമ്പനിയില്‍നിന്ന്, ഈ കുട്ടികള്‍ക്ക്‌ നഷ്ടപരിഹാരം കിട്ടിയേ തീരൂ. പക്ഷേ ഇറാഖിലെ നിയമങ്ങള്‍ അവര്‍ക്ക്‌ ബാധകമല്ലെന്നാണ്‌ അവര്‍ പറയുന്നത്‌. ന്യായമായ ഒരു പുനരധിവാസത്തിനാണ്‌ ഞാന്‍ വക്കീലന്‍മാര്‍ വഴി ശ്രമിക്കുന്നത്‌. ഇത്തരം അവസരങ്ങളില്‍ അമേരിക്കക്കാര്‍ സാധാരണയായി വെച്ചുനീട്ടുന്ന എന്തെങ്കിലും നക്കാപ്പിച്ചയല്ല അവര്‍ക്ക്‌ വേണ്ടത്‌".

പല അര്‍മേനിയന്‍ കുടുംബത്തെയുംപോലെ, മനൂക്കിന്റേതും, ഒരു വംശഹത്യയുടെ ഭീകരമായ ചരിത്രത്തിന്റെ കരിനിഴല്‍ പുരണ്ടതാണ്‌. 1915-ല്‍ ഓട്ടോമാന്‍ തുര്‍ക്കികളുടെ കാര്‍മ്മികത്വത്തില്‍ നടന്ന അര്‍മേനിയന്‍ കൂട്ടക്കുരുതിയുടെ കാലത്ത്‌, അദ്ദേഹത്തിന്റെ മുത്തച്ഛനെ തുര്‍ക്കികള്‍ വീട്ടില്‍നിന്നും പിടിച്ചുകൊണ്ടുപോയി. പിന്നെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അന്ന് ആറുവയസ്സു മാത്രമുണ്ടായിരുന്ന മനൂക്കിന്റെ അച്ഛനും അച്ഛന്റെ അമ്മയും എങ്ങിനെയോ രക്ഷപ്പെട്ടു, "പക്ഷേ അച്ഛന്റെ സഹോദരിയെ ഒരു കുര്‍ദ്ദുകാരന്‍ ഭാര്യയായി കൂടെ കൊണ്ടുപോയി", മനൂക്‌ പറഞ്ഞു.

വേറെയും രണ്ടു സഹോദരിമാരുണ്ടായിരുന്നു മനൂക്കിന്റെ മുത്തച്ഛന്‌. അവര്‍ക്ക്‌ നേരിടേണ്ടിവന്ന ദുര്‍വ്വിധി വളരെ കടുത്തതായിരുന്നു. മര്‍സ എന്ന സ്ഥലത്തിനടുത്ത ബെസ്നിയിലുള്ള അവരുടെ വീട്ടില്‍നിന്നും വടക്കോട്ടുള്ള നീണ്ട പലായനത്തിനിടയില്‍, കാലുകളില്‍ നീരു വന്ന് നടക്കാനാകാതെ അവര്‍ അവശരായപ്പോള്‍, മനൂക്കിന്റെ മുത്തശ്ശി, അവരെ വഴിയില്‍ ഉപേക്ഷിച്ച്‌, വംശം നിലനിര്‍ത്താന്‍ ആകെയുള്ള ഒരേയൊരു മകനെയും കൊണ്ട്‌ രക്ഷപ്പെട്ടു. ആ രണ്ടു പെണ്‍കുട്ടികളെയും പിന്നെയൊരിക്കലും തിരിച്ചുകിട്ടിയില്ല.

അന്നത്തെ ഓട്ടോമാന്‍ പ്രവിശ്യയായ മെസോപൊട്ടാമിയയില്‍ എത്തിയപ്പോഴേക്കും കുടുംബത്തില്‍ അവശേഷിച്ചിരുന്നവര്‍ അധികമുണ്ടായിരുന്നില്ല. പട്ടിണിയും, തളര്‍ച്ചയുംമൂലം പതിനായിരക്കണക്കിനു അര്‍മേനിയന്‍ വംശജര്‍, ആ ഭീകരമായ വംശശുദ്ധീകരണപ്രക്രിയയില്‍ ചത്തൊടുങ്ങിയിരുന്നു. അര്‍മേനിയന്‍ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മൊത്തം സംഖ്യ ഒന്നര ദശകത്തോളമാണ്‌.

1917-ല്‍ ബ്രിട്ടീഷുകാര്‍ ഇറാഖ്‌ കയ്യടക്കിയതിനുശേഷം, മനൂക്കിന്റെ കുടുംബത്തിലെ ബാക്കി വന്നവരെ ബ്രിട്ടീഷ്‌ സൈന്യം ബസ്രയില്‍ കൂട്ടിക്കൊണ്ടുവന്ന് പാര്‍പ്പിച്ചു. മരോ അവാനിസിനെയും സഹോദരിമാരായ ഹെലനെയും അന്നയേയും വളര്‍ത്തി വലുതാക്കിയ അവരുടെ ഒരു വല്യമ്മായി ഇപ്പോഴും ബസ്രയില്‍ താമസിക്കുന്നുണ്ട്‌.

മരോ അവാനിസിന്റെ ഭര്‍ത്താവ്‌ ആസാദ്‌ അവാനിസ്‌, 2004-ല്‍ ഒരു ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് മരിച്ചു. അതില്‍പിന്നെ ബാഗ്ദാദിന്റെ അപകടകരമായ തെരുവിലൂടെ തന്റെ പഴയ ഓള്‍ഡ്‌സ്‌മൊബെയില്‍ ടാക്സി ഓടിച്ചിട്ടായിരുന്നു, മരോ അവാനിസ്‌ കുടുംബം പുലര്‍ത്തിയിരുന്നത്‌. തന്റെ തൊഴിലും, ഒരു കൂട്ടം ചോരവെറിപൂണ്ട കൂലിപ്പടയാളികളും ചേര്‍ന്ന്, തന്റെ കുട്ടികളെ അനാഥമാക്കുമെന്ന് അവര്‍ തീരെ കരുതിയിട്ടുണ്ടാവില്ല.

1974-ല്‍ എഡിന്‍ബറോവില്‍വെച്ച്‌, മെഡിസിനില്‍ ഡോക്ടറേറ്റ് എടുക്കുന്ന അവസരത്തിലാണ്‌ ഒരു ബ്രിട്ടീഷുകാരിയെ പോള്‍ മനൂക്‌ പരിചയപ്പെടുന്നതും, വിവാഹം കഴിക്കുന്നതും. പൊതുവെ ശാന്തശീലനായ അയാള്‍ തന്റെ ഇളയ സഹോദരിയുടെ മരണവാര്‍ത്തയറിഞ്ഞ്‌, ആകെ തകര്‍ന്ന മട്ടിലായിരുന്നു.

"മരിക്കുന്ന സമയത്ത്‌ അവളുടെ മുഖം എങ്ങിനെയിരുന്നു എന്ന് ഞാന്‍ ആലോചിക്കാറുണ്ട്‌. അത്ര വലിയ അപകടമൊന്നുമില്ലാത്ത ഒരു പ്രദേശത്തായിരുന്നു അവള്‍ താമസിച്ചിരുന്നത്‌. പള്ളിയില്‍നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു കൊല്ലപ്പെട്ടത്‌. കാറിന്റെ പിറകില്‍ ഇരുന്നിരുന്ന മറ്റൊരു സ്ത്രീക്കും പരിക്കുകള്‍ പറ്റിയിട്ടുണ്ട്‌". 15 വയസ്സ്‌ പ്രായമുള്ള ഒരു ആണ്‍കുട്ടി മാത്രമാണ്‌ ഈ സംഭവത്തില്‍ രക്ഷപ്പെട്ട ഒരേയൊരാള്‍. "അവളുടെ അരക്ക്‌ മേല്‍പ്പോട്ടുള്ള ഭാഗം മുഴുവനും വെടികൊണ്ട്‌ അരിപ്പപോലെയായി' എന്ന് മനൂക്കിന്‌ അറിയാന്‍ കഴിഞ്ഞു. മരോ അവാനിസിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്‌, അവരുടെ മറ്റൊരു സഹോദരനായിരുന്ന ആല്‍ബര്‍ട്ട്‌ ആയിരുന്നുവെന്നത്‌, ഈ കഥയിലെ മറ്റൊരു വിരോധാഭാസമാണ്‌. ഓഷ്‌വിറ്റ്‌സിലെ നാസി ക്യാമ്പില്‍നിന്നും രക്ഷപ്പെട്ട അപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു ആല്‍ബര്‍ട്ട്‌.




കൌണ്ടര്‍കറന്റ്‌സില്‍ വന്ന ലേഖനത്തിന്റെ പരിഭാഷ.

Wednesday, January 23, 2008

‘പ്രേരണ‘ ഫിലിം ഫെസ്റ്റിവല്‍ 2008

സുഹൃത്തുക്കളെ,

ഈ വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിലായി, (2008 ജനുവരി 24, 25) ‘പ്രേരണ‘യുടെ ആഭിമുഖ്യത്തില്‍, ഷാര്‍ജയിലെ Institute of Theatrical Arts-ല്‍ വെച്ച് (ഷാര്‍ജ റോളക്കു സമീപം, ബാങ്ക് സ്ട്രീറ്റിന്റെ പിറകുവശം)രണ്ടു ദിവസത്തെ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.

ആനന്ദ് പട്‌വര്‍ദ്ധന്‍, സി.എസ്.വെങ്കിടേശ്വരന്‍, എന്നിവര്‍ പങ്കെടുക്കുന്ന ഫിലിം ഫെസ്റ്റിവല്‍, വ്യാഴാഴ്ച (24.01.2008)രാത്രി കൃത്യം 8 മണിക്ക് ആരംഭിക്കും. മസൂദ് അമ്രല്ല അലി (Artistic Director Dubai International Film Festival)അടക്കമുള്ള എമിറേറ്റ്‌സിലെ പ്രമുഖ സിനിമാപ്രവര്‍ത്തകരും ഇതില്‍ പങ്കെടുക്കുന്നു.

യു.എ.ഇ-യില്‍നിന്നുള്ള 7 അറബ് ഡോക്യുമെന്ററികളും, ആനന്ദ് പട്‌വര്‍ദ്ധന്റെ 5 ഡോക്യുമെന്ററികളും ബ്രസീലില്‍നിന്നും (Central Station by Walter Salles), അര്‍ജന്റീനയില്‍നിന്നുമുള്ള (Social Genocide by Fernando Solanes)ഓരോ ഫീച്ചര്‍ ഫിലിമുകളും, രണ്ടു ദിവസങ്ങളിലായി ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

വെള്ളിയാഴ്ച (25.01.2008) ഉച്ചക്ക് 1.30 മുതല്‍ 3.30 വരെ, Cultural Incursion-Resistance from Cinema എന്ന വിഷയത്തെ ആസ്പദമാക്കി, സി.എസ്.വെങ്കിടേശ്വരന്‍ നയിക്കുന്ന ‘ഓപ്പണ്‍ ഫോറ‘വും, വൈകീട്ട് 5.30-ന് ആനന്ദ് പട്‌വര്‍ദ്ധനുമായി അര മണിക്കൂര്‍ സംവദിക്കാനുള്ള ഒരു അവസരവും ഈ ഫിലിം മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യു.എ.ഇ.യിലുള്ള എല്ലാ സുഹൃത്തുക്കളെയും ഈ ഫിലിം ഫെസ്റ്റിവലിലേക്ക് ഞങ്ങള്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു

പ്രവേശനം സൌജന്യം. സഹായസഹകരണങ്ങള്‍ ആവാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

Dr. Abdul Khader, Chairman (050-592 6168)
Premrajan, General Convenor(050-564 2894)
Valsalan Kanara, Curator(050-684 6031)
Rajeeve Chelanat (050-598 0849)

Tuesday, January 22, 2008

*ബ്ലോഗ്ഗുകള്‍ മുഖ്യധാരയിലേക്ക് വരുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌?

ആറു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഞാനെഴുതിയ 'Blog Anxiety' എന്ന ലേഖനത്തില്‍,ബ്ലോഗ്ഗര്‍മാര്‍ മിന്നല്‍ വേഗത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വിനിമയം ചെയ്യുന്നതും എന്നെ പരിഭ്രാന്തയാക്കുകയും അസൂയപ്പെടുത്തുകയും ചെയ്യുന്നതിനെക്കുറിച്ച്‌ എഴുതിയിരുന്നു. ഒരു എഡിറ്ററുടെ സൂക്ഷ്മദൃഷ്ടിയുടെ സഹായമില്ലാതെയും, പ്രസിദ്ധീകരിക്കുന്ന നിമിഷത്തിനുവേണ്ടി (ചിലപ്പോള്‍ അനന്തമായ ദിവസങ്ങള്‍തന്നൈ)കാത്തിരിക്കാതെയും, വാക്കുകള്‍ പൊതുജനമദ്ധ്യത്തിലേക്ക്‌ എറിഞ്ഞുകൊടുക്കാനുള്ള എന്റെ അശക്തിയെക്കുറിച്ച്‌ എനിക്കുള്ള വേവലാതികളാണ്‌ പ്രധാനമായും ഞാന്‍ അതില്‍ രേഖപ്പെടുത്തിയിരുന്നത്‌.

തങ്ങളുടെ വാര്‍ത്താ ഉറവിടങ്ങളെക്കുറിച്ചും മറ്റും വളരെ അനൗപചാരികമായി ബ്ലോഗ്ഗര്‍മാര്‍ സംസാരിക്കുന്നതും, തങ്ങളുടെ എഴുത്തില്‍ വൈയക്തികാംശം കലര്‍ത്തുന്നതില്‍പ്പോലും അവര്‍ പ്രദര്‍ശിപ്പിക്കുന്ന കൂസലില്ലായ്മയും ഒക്കെ പ്രതിപാദിച്ചിരുന്നു ആ ലേഖനത്തില്‍. അതിനുശേഷമാണ്‌ എല്ലാം മാറിമറിഞ്ഞത്. 'എല്ലാം മാറിമറിഞ്ഞു'എന്നതുകൊണ്ട്‌ ഞാനും ഒരു ബ്ലോഗ്ഗറായി എന്നല്ല ഉദ്ദേശിച്ചത്‌ (ഞാന്‍ ബ്ലോഗ്ഗറായി എന്നത്‌ ശരിതന്നെ), മറിച്ച്‌, ബ്ലോഗ്ഗുകള്‍ തന്നെ വളരെയധികം മാറിക്കഴിഞ്ഞു എന്നാണ്‌.

ഒരു നിയമങ്ങളും ബാധകമല്ലാത്ത, അണ്ടര്‍ഗ്രൗണ്ടില്‍ കഴിയുന്ന ഒരു മാധ്യമമല്ല ബ്ലോഗ്ഗിംഗ്‌ ഇന്ന്. മുഖ്യധാരാ മാധ്യമങ്ങളില്‍നിന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത ഒരു മാധ്യമായി ബ്ലോഗ്ഗുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് എനിക്കു മുന്‍പും പലരും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ന്യൂയോര്‍ക്ക്‌ ടൈംസിനും, വാഷിംഗ്‌ടണ്‍ പോസ്റ്റിനും, സ്വന്തമായി ബ്ലോഗ്ഗുകളുണ്ട്‌.അവയാകട്ടെ, ഈ പത്രങ്ങളേക്കാള്‍ വാര്‍ത്താസമ്പന്നമായ മാധ്യമങ്ങളായി മാറുകയും ചെയ്തിരിക്കുന്നു. വ്യക്തമായി വേര്‍തിരിച്ചറിയാത്തവണ്ണം പണ്ടത്തെ മുഖ്യധാരാ മാധ്യമങ്ങളും, പണ്ടത്തെ സമാന്തര മാധ്യമങ്ങളും ഇഴകോര്‍ത്തിരിക്കുന്നു എന്നതിന്റെ അര്‍ത്ഥം, നിഷേധികളായ ഈ പുതിയ കുട്ടികളും, പഴയ പാഠശാലയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതരാവുന്നു എന്നാണ്‌.

എല്ലാ ബ്ലോഗ്ഗര്‍മാരുടെയും കാര്യം പറയാന്‍ ഞാന്‍ ആളല്ല. ശ്രദ്ധയോടെ എഡിറ്റു ചെയ്യാതെ എന്റെ ബ്ലോഗ്ഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കാന്‍ എനിക്കു സാധിക്കില്ല. എന്റെ അക്ഷരപ്പിശകുകളും, യുക്തിയില്‍ വന്നു ചേരാന്‍ ഇടയുള്ള അസംബന്ധങ്ങളും മറ്റുള്ളവര്‍ കാണുന്നത്‌ എനിക്കിഷ്ടമല്ല. ഇപ്പോഴും അതൊക്കെ യഥേഷ്ടം കാണുന്നുണ്ടായിരിക്കാം, എങ്കിലും, എഡിറ്റ്‌ ചെയ്യാതെയിരുന്നെങ്കില്‍ ഇപ്പോഴുള്ളതിലും അധികം അവ കാണുമായിരുനു. പോസ്റ്റുകളുടെ ആധികാരികത ഉറപ്പാക്കാനായി ധാരാളം സമയം ഫോണിലും, ഇ-മെയിലിലും എനിക്ക്‌ ചിലവഴിക്കേണ്ടിവരുന്നുണ്ട്. പിന്നെ ഗവേഷണത്തിനും ധാരാളം സമയമാവശ്യമാണ്‌. മാനനഷ്ടകേസ്സുകളിലോ, നിയമക്കുരുക്കളിലോ എന്നെ ഉള്‍പ്പെടുത്തിയേക്കാവുന്നതും, തമാശരൂപേണയുള്ളതും, അബദ്ധജടിലമായതുമായ ഒന്നും ഞാന്‍ പ്രസിദ്ധീകരിക്കാറില്ല. പറഞ്ഞുവന്നത്‌, വെറും അലസവേഷധാരിയായിരുന്ന്, എഡിറ്റുചെയ്യാനൊന്നും മിനക്കെടാതെ, ചിന്താധാരകള്‍ പ്രവഹിപ്പിക്കുന്ന ഒന്നല്ല എന്റെ ബ്ലോഗ്ഗ്‌ എന്നാണ്‌. അതെ, വേഷം, അലസമാകാറുണ്ട്‌. അതു സത്യമാണ്‌.

മെറ്റാഫില്‍ട്ടര്‍ എന്ന സമാന്തര വെബ്ബില്‍ വന്ന ഒരു ഒരു സംഭാഷണശകലം ഈയിടെ ഞാന്‍ വായിക്കാനിടവന്നു. എനിക്ക്‌ വളരെ ഇഷ്ടമുള്ള, ഞാന്‍ ഇപ്പോഴും വായിക്കുന്ന ഒന്നാണത്‌. അതില്‍, ആരോ എന്റെ io9 എന്ന സയന്‍സ്‌ ബ്ലൊഗ്ഗിനെക്കുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. അതില്‍ പങ്കെടുത്തുകൊണ്ട്‌ സംസാരിക്കുന്നതിനിടയില്‍, ബ്ലോഗ്ഗുകള്‍ എന്നെ പലപ്പോഴും ഭ്രാന്തു പിടിപ്പിക്കാറുണ്ട്‌ എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. എങ്കില്‍പ്പിന്നെ എന്തിനാണ്‌ നിങ്ങള്‍ ബ്ലോഗ്ഗ്‌ തുടങ്ങിയത്‌ എന്നൊക്കെ ചോദിച്ച്‌, കുറേയധികം അധിക്ഷേപങ്ങളും, അനാരോഗ്യകരങ്ങളായ ചര്‍ച്ചകളും അതിനെത്തുടര്‍ന്ന് നടക്കുകയും ചെയ്തു. ബ്ലോഗ്ഗില്‍ ഇത്തരം തേജോവധങ്ങളൊക്കെ അപൂര്‍വ്വമല്ലെന്നായിരുന്നു ഞാനും ഒരിക്കല്‍ കരുതിയിരുന്നത്‌. ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ പങ്കെടുക്കുന്ന ആളുകള്‍ സാധാരണ പാലിക്കുന്ന സംയമനങ്ങള്‍ ഒന്നും ബാധകമല്ലാത്ത രീതിയില്‍ ചില ആളുകള്‍ വഷളായി പെരുമാറുകയും ചെയ്തു. എങ്കിലും, ആനുപാതികമായി നോക്കുമ്പോള്‍, USA Today-യിലോ CNN-ലോ നിങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ കഴിയുന്നതിലും കൂടുതല്‍ വിവേകപൂര്‍ണ്ണമായ ശബ്ദങ്ങളാണ്‌ അന്നു ഞാന്‍ അവിടെ കേട്ടത്‌.

ഇതുതന്നെയാണ്‌ ബ്ലോഗ്ഗുകളെകുറിച്ചുള്ള എന്റെ ഭയം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതും. മെറ്റാഫില്‍ട്ടറിന്റെ പാത (സ്വതന്ത്രവും വിവേകപൂര്‍ണ്ണവുമായ വിനിമയത്തിന്റെ) തിരഞ്ഞെടുക്കുന്നതിനു പകരം, പല ബ്ലോഗ്ഗുകളും ആ രീതി ഉപേക്ഷിക്കുന്നതായിട്ടാണ്‌ കാണുന്നത്‌. എഡിറ്റര്‍മാര്‍ ഉള്ളതുകൊണ്ടൊന്നുമല്ല പല ബ്ലോഗ്ഗുകളും അങ്ങിനെ ചെയ്യുന്നത്‌. എഡിറ്റര്‍മാര്‍ ഉണ്ടാവുന്നതില്‍ എനിക്ക്‌ സന്തോഷമേയുള്ളു. മറിച്ച്‌, നമ്മുടെ (ബ്ലോഗ്ഗര്‍മാരുടെ) വായനക്കാര്‍ മുഖ്യധാരാ മാധ്യമങ്ങളിലുള്ളതുപോലെ അനുദിനം വര്‍ദ്ധിക്കുന്നതുകൊണ്ടും, ആ വായനക്കാരോട്‌ എന്തൊക്കെയാണ്‌ പറയേണ്ടതും, പറയാതിരിക്കേണ്ടതുമെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതുകൊണ്ടുമാണ്‌ മെറ്റാഫില്‍ട്ടറിന്റെ പാത ഇന്ന് നമ്മള്‍ കയ്യൊഴിയുന്നത്‌. ഇതാണ്‌ എന്റെ ഭയത്തിന്റെ അടിസ്ഥാനം. കാലാവസ്ഥാ വ്യതിയാനം, ലൈംഗികത എന്നു തുടങ്ങി ചൂടുള്ള വിഷയങ്ങള്‍ക്കു ചുറ്റും നമ്മള്‍ കരുതലോടെ നടക്കണമെന്നും, സര്‍ക്കാരിനെ അസ്വസ്ഥമാക്കാന്‍ ഇടയുള്ള 'സംഗതികള്‍' പ്രസിദ്ധീകരിക്കുന്നത്‌ വൈകിപ്പിക്കുകയോ, അവര്‍ക്ക്‌ സൗകര്യപ്രദമായ സമയത്തു മാത്രം പ്രസിദ്ധീകരിക്കുകയോ ചെയ്യേണ്ടതാണെന്നും അവര്‍ നമ്മെ പഠിപ്പിച്ചു കഴിഞ്ഞു.

ബ്ലോഗ്ഗിനെക്കുറിച്ചുള്ള 2008-ലെ എന്റെ പ്രധാന ഉത്‌കണ്ഠ ഇതാണ്‌. പ്രസിദ്ധീകരിക്കേണ്ടവ പ്രസിദ്ധീകരിക്കാതെയും, സ്വയം സെന്‍സര്‍ ചെയ്തും, നമ്മളും മുഖ്യധാരാ മാധ്യമങ്ങളുടെ ദു:ശ്ശീലം പിന്തുടരുമോ? അതോ, കൂടുതല്‍ ചിന്താ സ്വാതന്ത്ര്യവും പ്രസിദ്ധീകരിക്കുന്നതിലുള്ള ധൈര്യവും നിലനിര്‍ത്തി, ബ്ലോഗ്ഗര്‍മാര്‍ ഈ മാധ്യമത്തെ കൂടുതല്‍ പുരോഗമനോന്മുഖമാക്കുമോ?

എന്തെങ്കിലും ഉറപ്പിച്ചു പറയാറായിട്ടില്ല. ന്യൂയോര്‍ക്ക്‌ ടൈംസിനെപ്പോലുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദ്ദങ്ങളൊന്നും മുഖ്യധാരയിലെതന്നെ ഒരു ബ്ലോഗ്ഗിനെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്നില്ല. പത്രമാസികകളെപ്പോലെ നൂറു വര്‍ഷത്തെയും മറ്റും പാരമ്പര്യവും അവര്‍ക്കില്ല. കൂടുതല്‍ തൊഴിലാളികളോ, സര്‍ക്കാരുകളും, കോര്‍പ്പറേഷനുകളുമായുള്ള കെട്ടുപാടുകളോ, പ്രശസ്തരും, സമ്പന്നരുമായിട്ടുള്ള പരിചയങ്ങളോ അവര്‍ക്കില്ല. അതൊന്നും ഇല്ല എന്നുള്ളതില്‍ ഞാന്‍ ആഹ്ലാദവതിയാണ്‌. വാര്‍ത്തകള്‍ ഉണ്ടാക്കുന്നതിലും, സംസ്കാരങ്ങളെ വിശകലനം ചെയ്യുന്നതിലും ഇന്നു നിലനില്‍ക്കുന്ന പഴയ രീതികളെ കുടഞ്ഞെറിഞ്ഞ്‌, നമ്മുടേതായ പുതിയ ചരിത്രം നമുക്ക്‌ സൃഷ്ടിക്കാം. അടുത്ത ഒരു 30 വര്‍ഷത്തിനുള്ളില്‍ ഇനിയും പുതിയ മറ്റൊരു മാധ്യമം വന്ന്, ഒരു പക്ഷേ നമ്മെ തൊഴിച്ച്‌ പുറത്താക്കിയെന്നും വരാം.




*Alternet-ല്‍ അനാലി നുവിറ്റ്‌സ്‌ (Annalie Newitz) എഴുതിയ ലേഖനം

Sunday, January 20, 2008

വിവേചനത്തിന്റെ വ്യാജരൂപങ്ങളും 2008-ഉം*

ഇന്ത്യന്‍ ഉപരിവര്‍ഗ്ഗം അടുത്തകാലത്ത്‌ കൈവരിച്ച ശ്രദ്ധേയമായ ഒരു നേട്ടം, ജാതിയെ പൊടിതട്ടിയെടുത്ത്‌, പുതിയ നിറക്കൂട്ടുകള്‍ നല്‍കി, തുല്ല്യതക്കു വേണ്ടിയുള്ള പോരാട്ടമായി പുനരവതരിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു എന്നതാണ്‌. ഇതിന്റെ ഉത്തമോദാഹരണങ്ങളായിരുന്നു ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും (AIIMS)മറ്റു സ്ഥാപനങ്ങളിലും ഈയടുത്തകാലത്തായി ഉണ്ടായ പ്രക്ഷോഭങ്ങള്‍. "ജാതിയോ? അതൊക്കെ 50 വര്‍ഷം മുന്‍പത്തെ കാര്യമല്ലേ? ഇന്ന് അതൊന്നും നിലനില്‍ക്കുന്നില്ല" എന്ന മട്ടിലുള്ള പഴയ പ്രതിരോധാത്മകമായ നിഷേധമല്ല ജാതിവ്യവസ്ഥ ഇന്നു നടത്തുന്നത്. ജാതിയാണ്‌ രാജ്യത്തെ കാര്‍ന്നു തിന്നുന്നതെന്നും, അതിന്റെ ഇന്നത്തെ ഇര സവര്‍ണ്ണരാണെന്നുമാണ്‌ പുതിയ ഭാഷ്യം. ജനിതകപരമായി ഉയര്‍ന്ന യോഗ്യതയുള്ള ഉപരിവര്‍ഗ്ഗത്തെ അവരുടെ കസേരകളില്‍നിന്നും, തൊഴിലില്‍നിന്നും പുറത്താക്കുന്ന താഴ്‌ന്ന ജാതിക്കാരാണ്‌ കഥയിലെ ഇന്നത്തെ വില്ലന്‍ എന്നാണ് ആ ഭാഷ്യത്തിന്റെ കാതല്‍.

ഇതൊരു ആനന്ദപ്രദമായ അവസ്ഥ സംജാതമാക്കുന്നു. കൂടുതല്‍ ദുഷിച്ച ഒരു ജാതിവ്യവസ്ഥയെ പരിശീലിക്കാനും, അതൊരു വലിയ കാര്യമായി കൊണ്ടുനടക്കാനും നിങ്ങള്‍ക്ക്‌ കഴിയുന്നു. നിങ്ങള്‍ തുല്യാവകാശങ്ങള്‍ക്കു വേണ്ടിയാണ്‌, ജാതിരഹിത സമൂഹത്തിനുവേണ്ടിയാണ്‌ നിലകൊള്ളുന്നത്‌. സത്യവും ന്യായവും നിങ്ങളുടെ പക്ഷത്താണ്‌. എന്തിനേറെ? മാധ്യമങ്ങളും നിങ്ങളുടെ കൂടെയുണ്ട്‌. AIIMS-ലെ പ്രക്ഷോഭത്തെ അവര്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌ നമ്മള്‍ കണ്ടിരിക്കുമല്ലോ?

"വിരുദ്ധ ദിശയിലുള്ള വിവേചന(1)"ത്തെക്കുറിച്ചുള്ള ചിന്തകള്‍ (കഷ്ടതകള്‍ അനുഭവിക്കുന്നത്‌ സവര്‍ണ്ണരാണ്‌ എന്ന തലകീഴായ യുക്തി) ഈയിടെയായി ജനപ്രിയമാകുന്നുണ്ട്‌. ഇന്ത്യയെക്കുറിച്ചുള്ള കൗതുകമാര്‍ന്ന ഒരു റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുകവഴി, വാള്‍സ്ട്രീറ്റ്‌ ജേണല്‍ ഇത്‌ തരംപോലെ മുതലാക്കുന്ന കാഴ്ച്ച നമുക്ക്‌ കാണാന്‍ കഴിയും. വിരുദ്ധദിശയിലുള്ള വിവേചനം കൊണ്ട്‌ കഷ്ടതകള്‍ അനുഭവിക്കുന്ന ഒരു ഉന്നതജാതനെക്കുറിച്ച്‌ ജേണല്‍ വിവരിക്കുന്നുണ്ട്‌. (Reversal of Fortunes Isolates Indias Brahmins എന്ന റിപ്പോര്‍ട്ടില്‍).ജാതിയില്‍ മേലേക്കിടയിലുള്ളവര്‍ക്ക്‌ ഇന്നത്തെ ഇന്ത്യയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് അത്‌ വിലപിക്കുന്നു. കഥാനായകനാകട്ടെ, അയാളുടെ പൂര്‍വ്വികരേക്കാള്‍ ഉദാരമനസ്കനുമാണത്രെ. കീഴ്ജാതിക്കാരായ അയല്‍ക്കാര്‍ തന്റെ മുന്‍പില്‍ വരുമ്പോള്‍ ചെരുപ്പഴിക്കുമെന്ന് അയാള്‍ വ്യാമോഹിക്കുന്നേയില്ല! ഹായ്‌, അത്‌ തീര്‍ച്ചയായും വലിയ കാര്യമാണ്‌. അവര്‍ക്ക്‌ അവരുടെ ചെരുപ്പുകള്‍ ധരിക്കാം. വിശേഷാധികാരം എന്നതുകൊണ്ട്‌ എന്താണ്‌ നമ്മള്‍ അര്‍ത്ഥമാക്കുന്നത്‌, വിവേചനമെന്ന വാക്കുകൊണ്ട്‌ നമ്മള്‍ കാണുന്നത്‌ എന്തിനെയാണ്‌, എന്നു തുടങ്ങി പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്‌. മറ്റു പലരേയുംപോലെ, വാള്‍സ്ട്രീറ്റ്‌ ജേണലും രണ്ടിനെയും ഒന്നിലേക്ക്‌ ചുരുക്കുന്നു. വിദ്യാഭ്യാസത്തിലും തൊഴിലിലും നിലനില്‍ക്കുന്ന സംവരണം. ഇത്തരത്തിലുള്ള കാഴ്ച്ചപ്പാടില്‍ മറ്റൊന്നിനും ഒരു സ്ഥാനവുമില്ല. പക്ഷേ യഥാര്‍ത്ഥ ലോകത്ത്‌ ഇതുകൂടാതെ മറ്റുചിലതുമുണ്ട്‌. ദളിത്‌ വിദ്യാര്‍ത്ഥികള്‍ നിത്യേനയെന്നോണം സ്കൂളുകളില്‍ വെച്ച്‌ അപമാനിക്കപ്പെടുകയും, പീഡിക്കപ്പെടുകയും ചെയ്യുന്നു. പലരും ഈയൊരു കാരണംകൊണ്ടുതന്നെ സ്കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോകുന്നു. രാജ്യത്തിന്റെ പല ഭാഗത്തുമുള്ള നിരവധി സ്കൂളുകളില്‍ അവരെ വേര്‍തിരിച്ചിരുത്തുന്നുണ്ട്‌. ക്ലാസ്സുമുറികളിലായാലും ഉച്ചഭക്ഷണ സമയത്തുമൊക്കെ. വിശേഷ പരിഗണന നഷ്ടപ്പെടുന്നവര്‍ക്കാകട്ടെ, ഇതൊന്നും അനുഭവിക്കേണ്ടിവരുന്നില്ല.

പൊതുകിണറുകളില്‍നിന്ന് വെള്ളം കുടിച്ച തെറ്റിന്‌ ഒരു സവര്‍ണ്ണവിദ്യാര്‍ത്ഥിക്കും അദ്ധ്യാപകരില്‍നിന്ന് തല്ലു കൊള്ളേണ്ടിവരുന്നില്ല. നന്നായി പഠിച്ചു എന്ന തെറ്റിന്‌ ആരും അവരുടെ മുഖത്തെ ആസിഡ്‌ ഒഴിക്കുന്നില്ല. ഹോസ്റ്റലിലും, ഭക്ഷണമുറികളിലും അവര്‍ക്ക്‌ മാറിയിരിക്കേണ്ടിവരുന്നില്ല. ഓരോ തിരിവിലും, ഓരോ ഘട്ടത്തിലും ദളിത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിവേചനം അനുഭവിക്കേണ്ടിവരുന്നുണ്ട്‌. തൊഴിലിടങ്ങളില്‍ ദളിതുകള്‍ക്കും ഇതേ അനുഭവത്തെയാണ്‌ നേരിടേണ്ടിവരുന്നത്‌.

സുബോധ്‌ വര്‍മ്മ നിരീക്ഷിക്കുന്നപോലെ (ടൈംസ്‌ ഓഫ്‌ ഇന്ത്യ, 2006 ഡിസംബര്‍ 12-ന്റെ ലക്കം) ഈ എല്ലാ പ്രതികൂലാവസ്ഥകളുമുണ്ടായിട്ടുപോലും, ദളിതരുടെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്‌. 1961-നും 2001-നുമിടക്ക്‌ രാജ്യത്തിലെ മൊത്തം സാക്ഷരത ഇരട്ടിയായപ്പോള്‍, ദളിതര്‍ക്കിടയിലെ സാക്ഷരത നാലിരട്ടിയായിരുന്നു. പ്രത്യേകിച്ചും, അവരുടെ ദയനീയമായ സാമൂഹ്യസ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഇതൊരു വലിയ നേട്ടം തന്നെയാണ്‌. ദൈനംദിനം നേരിടേണ്ടിവരുന്ന പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടുപോലും അത്‌ സംഭവിക്കുക തന്നെ ചെയ്തു. എങ്കില്‍പ്പോലും, ഈ നേട്ടം കൊണ്ട്‌ അവരുടെ യഥാര്‍ത്ഥ അവസ്ഥയില്‍ വലിയ മാറ്റമൊന്നും വന്നതുമില്ല.

വാള്‍സ്ട്രീറ്റിന്റെ കണക്കുപ്രകാരം, ഏകദേശം പകുതിയോളം ബ്രാഹ്മണ കുടുംബങ്ങളുടെ മാസ വരുമാനം നാലായിരം രൂപയാണ്‌ (ദളിത്‌ കുടുംബങ്ങളില്‍ 90 ശതമാനവും ഈ സ്ഥിതിയിലാണെന്ന് വാള്‍സ്ട്രീറ്റ്‌ കൊടുത്തിട്ടുള്ള പട്ടികപ്രകാരംതന്നെ കാണുവാനും കഴിയും) പക്ഷേ, അസംഘടിതമേഖലയിലെ തൊഴിലുകളെക്കുറിച്ചുള്ള ദേശീയ കമ്മീഷന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച്‌, (National Commission for Enterprises in the Unorganised Sector ) നമ്മുടെ പത്രപ്രവര്‍ത്തകന്‍ ബോധവാനല്ല. ആ കണക്കുപ്രകാരം, 836 ദശലക്ഷം ഇന്ത്യക്കാരുടെ ദിവസവരുമാനം 20 രൂപയില്‍ താഴെയാണ്‌. അതായത്‌, മാസത്തില്‍ 600 രൂപ. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരിലെ (കൂടാതെ മറ്റു പിന്നോക്ക വിഭാഗങ്ങളിലും, മുസ്ലീമുകളിലും) 88 ശതമാനവും ഈ ഗ്രൂപ്പില്‍ പെടുന്നവരാണ്‌. ദാരിദ്ര്യം അനുഭവിക്കുന്ന ബ്രഹ്മണന്‍മാരും, മറ്റു സവര്‍ണ്ണവിഭാഗക്കാരും ഇല്ലെന്നല്ല അര്‍ത്ഥമാക്കുന്നത്‌. പക്ഷേ, അതിനെ വക്രീകരിച്ച്‌, ‘വിരുദ്ധ ദിശയിലുള്ള വിവേചന‘മെന്ന് മുറവിളികൂട്ടുന്നത്‌ ശരിയല്ല എന്നുമാത്രമാണ്‌. പ്രത്യേകിച്ചും, പൊതുവായി നോക്കുമ്പോള്‍ കൂടുതല്‍ വിദ്യാഭ്യാസവും, താരതമ്യേന നല്ല ശമ്പളവും വാങ്ങുന്നത്‌, ബ്രാഹ്മണരാണെന്ന്, വാള്‍സ്ട്രീറ്റ്‌ ജേണല്‍ തന്നെ സമ്മതിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍.

വിചിത്രമെന്നു പറയട്ടെ, ഈ കഥ പ്രസിദ്ധീകരിക്കുന്നതിനും രണ്ടു ദിവസം മുന്‍പ്‌, ഇതേ വാള്‍സ്ട്രീറ്റ്‌ ജേണല്‍ തന്നെ ഖിര്‍ലാഞ്ചി(2) അതിക്രമത്തെക്കുറിച്ച്‌ ഒരു ചെറിയ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആ സംഭവം നടന്നിട്ട്‌ ഒരു വര്‍ഷം തികയുന്ന അവസരത്തില്‍. മറ്റൊരു ലേഖകന്റേതായിരുന്നു ആ റിപ്പോര്‍ട്ട്‌. അതില്‍ ശരിയായി സൂചിപ്പിച്ച പോലെ, ഭോട്ട്‌മാംഗ്‌ കുടുംബത്തിന്റെ സാമ്പത്തികമായ ഉയര്‍ച്ചയും, ജീവിത വിജയവുമായിരുന്നു വിദര്‍ഭയിലെ അവരുടെ സവര്‍ണ്ണജാതിക്കാരായ അയല്‍ക്കാരുടെ അസൂയക്കും അതിക്രമത്തിനും ഇടവരുത്തിയത്‌. ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയുടെ ഫലമായിട്ടാണ്‌ ദശലക്ഷക്കണക്കിന്‌ പാവപ്പെട്ടവര്‍ക്കും, ദളിതര്‍ക്കും ഈ രീതിയില്‍ ജീവിതവിജയം നേടാന്‍ ആയതെന്നും ആ ലേഖകന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌. അപ്പോള്‍ ന്യായമായും ഒരു ചോദ്യം ഉയര്‍ന്നു വരും. ഈ സാമ്പത്തികവളര്‍ച്ച കൊണ്ട്‌ ദളിതര്‍ക്കു മാത്രമാണോ ഉന്നമനം ഉണ്ടായത്‌? സമൂഹത്തിലെ മറ്റു മേല്‍ജാതിക്കാര്‍ക്കൊന്നും അതിന്റെ നേട്ടങ്ങള്‍ ഉണ്ടായില്ല എന്നാണോ വിവക്ഷ?

സുബോധ വര്‍മ്മ ചൂണ്ടിക്കാണിക്കുന്നപോലെ, 36 ശതമാനം ദളിതര്‍ ഗ്രാമങ്ങളിലും, 38 ശതമാനം ദളിതര്‍ നഗരങ്ങളിലും ദാരിദ്ര്യരേഖക്കു കീഴിലാണ്‌. ഇന്ത്യയിലെ മൊത്തം ചിത്രമെടുത്താല്‍, ഇത്‌ 23-ഉം, 27-ഉം ആണെന്നു കാണാം. (ഔദ്യോഗിക കണക്കുകളുടെ പൊള്ളത്തരം, മറ്റൊരു കഥയാണ്‌. തത്ക്കാലം അത്‌ വിടാം). സ്വന്തമായി ഭൂമിയില്ലാത്ത ദളിതരില്‍, മൂന്നില്‍ ഒരു ഭാഗത്തിലുമേറെ ആളുകള്‍ക്ക്‌ വര്‍ഷത്തില്‍ ആറു മാസത്തിലും താഴെ മാത്രമേ തൊഴില്‍ ലഭിക്കുന്നുള്ളു. ഇതില്‍ പകുതി കുടുംബങ്ങള്‍ക്കെങ്കിലും മാസം 2000 രൂപ കിട്ടുന്നുവെങ്കില്‍, അതൊരു ചരിത്രസംഭവം തന്നെയായിരിക്കും.

കാര്യങ്ങള്‍ കാണാന്‍ നമുക്ക്‌ ശ്രമിക്കാം. ഇന്ത്യയിലെ മിക്ക മാധ്യമങ്ങളും വാള്‍സ്ട്രീറ്റ്‌ ജേണലിന്റെ 'വിരുദ്ധ ദിശയിലുള്ള വിവേചനം' എന്ന സങ്കല്‍പ്പം പങ്കുവെക്കുന്നവരാണ്‌. പൂനെയില്‍ ഈയിടെ നടന്ന ബ്രാഹ്മണ സമ്മേളനം നോക്കുക. വ്യക്തമായും ജാതിയുടെ അടിസ്ഥാനത്തില്‍ നടന്ന ആ സമ്മേളനത്തിനകത്തു തന്നെ, ഉപജാതിയെ അടിസ്ഥാനമാക്കിയും ആളുകള്‍ വേര്‍തിരിഞ്ഞ്‌ സമ്മേളിക്കുകയുണ്ടായി. ഇതിനേക്കാളും ജാത്യടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക്‌ കൂടിച്ചേരാനാവില്ല. പക്ഷേ ഇതില്‍ എന്തെങ്കിലും പന്തികേടുള്ളതായി ഒരു മാധ്യമത്തിനും തോന്നിയില്ല. ഏതാണ്ട്‌ ഇതേ സമയത്തോടടുപ്പിച്ച്‌, മറാത്ത വിഭാഗത്തിന്റെ (മഹാരാഷ്ട്രയിലെ പ്രമുഖ ജാതി) മറ്റൊരു ഉന്നതസമ്മേളനവും നടന്നു. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം അവരും പരസ്യമായി ആവശ്യപ്പെട്ടു. അതിലും, അനിതരസാധാരണമായി ആരും ഒന്നും കണ്ടില്ല.

പക്ഷേ ദളിതരുടെ സമ്മേളനങ്ങളെ എപ്പോഴും ജാതിയുടേയോ, എന്തിന്‌, വംശീയതയുടെ പേരിലോ ആണ്‌ അളന്നുതൂക്കുന്നത്‌. ദളിത്‌ എന്നത്‌, ഒരു ജാതിയല്ലെന്നും, കാലാകാലങ്ങളായി തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അനുഭവിക്കേണ്ടിവന്ന വിവിധ സമൂഹ വിഭാഗങ്ങളെ മുഴുവനും പ്രതിനിധീകരിക്കുന്ന ഒരു വാക്കാണതെന്നും നമ്മള്‍ വിസ്മരിക്കുന്നു. മുംബൈയില്‍ ഡിസംബര്‍ 6-ന്‌ അംബേദ്ക്കറിന്റെ സ്മരണാര്‍ത്ഥം നടന്ന വാര്‍ഷിക സമ്മേളനത്തെ ഭയപ്പാടോടെയാണ്‌ മാധ്യമങ്ങള്‍ കണ്ടത്‌. ബഹളം വെക്കുന്ന ഒരു ആള്‍ക്കൂട്ടം ഒന്നിച്ചു കൂടുമ്പോള്‍ നഗരത്തിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളും, ഗതാഗതക്കുരുക്കുകളും, ക്രമസമാധാന പ്രശ്നങ്ങളും, ശിവജി പാര്‍ക്കിലെ മാന്യന്‍മാരുടെ സ്വൈരവിഹാരത്തിന്‌ (അവരുടെ രാഷ്ട്രീയ സമതലത്തിന്‌)അതുണ്ടാക്കിയേക്കാവുന്ന സ്വൈരഭംഗങ്ങളും, അലോസരതകളും, ഒക്കെയായിരുന്നു പ്രധാന വേവലാതികള്‍. കൂട്ടത്തില്‍, ശുചിത്വ പ്രശ്നവും. (ജാതിപരമായ നമ്മുടെ മുന്‍വിധികളില്‍, ശുചിത്വമില്ലാത്ത ആളുകളെന്ന ഈ പരികല്‍പ്പനയാണ് ഏറ്റവും പ്രധാനവും, ജുഗുപ്സാവഹവുമായത്).

ഇനി യഥാര്‍ത്ഥ ലോകത്തിലേക്ക്‌ തിരിച്ചുവരാം. അന്യജാതിയില്‍ നിന്ന് വിവാഹം ചെയ്ത തെറ്റിന്‌ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട എത്ര സവര്‍ണ്ണജാതിക്കാരുണ്ടാകും? മഹാരാഷ്ട്രയിലെ നന്ദെദിലെ(3), സത്തെഗാവ്‌ ഗ്രാമത്തിലെ ചന്ദ്രകാന്തിനോടു ചോദിക്കൂ, എന്തുകൊണ്ടാണ്‌ അയാള്‍ക്ക്‌ കഴിഞ്ഞ ആഴ്ച്ച ഇത്‌ സംഭവിച്ചതെന്ന്? ഭൂമിയെച്ചൊല്ലിയും മറ്റുമുള്ള വഴക്കുകളില്‍ എത്ര സവര്‍ണ്ണ ഗൃഹങ്ങളും ഗ്രാമങ്ങളും ചുട്ടുചാമ്പലാക്കപ്പെട്ടിട്ടുണ്ട്‌? ഒരു അമ്പലത്തില്‍ കയറാന്‍ ധൈര്യം കാണിച്ചതിന്‌ എത്ര മേല്‍ജാതിക്കാര്‍ക്ക്‌, ജീവനും, അവയവങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്‌?

ഗ്രാമത്തിലെ പൊതുകിണറില്‍നിന്ന് വെള്ളമെടുത്തതിന്‌ എത്ര ബ്രാഹ്മണര്‍ക്കും, താക്കൂര്‍മാര്‍ക്കും, മര്‍ദ്ദനമേല്‍ക്കുകയോ, ജീവന്‍ നഷ്ടപ്പെടുകയോ ഉണ്ടായിട്ടുണ്ട്‌? "വിശേഷാധികാരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന" എത്ര പേര്‍ക്ക്‌, കിലോമീറ്ററുകള്‍ താണ്ടി, നിത്യവും കുടിവെള്ളം കൊണ്ടുവരേണ്ടിവരുന്നുണ്ട്‌? ഗ്രാമത്തിന്റെ പുറമ്പോക്കിലേക്ക്‌ നിഷ്കാസിതരാവുകയും, നമ്മുടെ തനതായ അയിത്താചാര സമ്പ്രദായങ്ങളില്‍പെട്ട്‌ ജീവിതകാലം മുഴുവന്‍ കഴിഞ്ഞുകൂടേണ്ടിവരുകയും ചെയ്യുന്ന എത്ര ഉന്നതജാതിക്കാരുണ്ട്‌ നമ്മുടെ നാട്ടില്‍? അപ്പോള്‍, അതിനെയൊക്കെയാണ്‌ വിവേചനമെന്ന് പറയുന്നത്‌. പക്ഷേ, അത്തരം വിവേചനത്തെയാണ്‌ വാള്‍സ്ട്രീറ്റിന്റെ ലേഖകരെപ്പോലുള്ളവര്‍ കാണാതിരിക്കുന്നതും, അവര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതും.

2006-ലെ ദേശീയ ക്രിമിനല്‍ റെക്കോര്‍ഡ്സ്‌ ബ്യൂറോയുടെ (National Crime Records Bureau) കണക്കുകള്‍ പറയുന്നത്‌, വിവിധ ആരോപണങ്ങളെച്ചൊല്ലിയാണ്‌ ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടക്കുന്നത്‌ എന്നാണ്‌. പൗരാവകാശ സംരക്ഷണ നിയമത്തിന്‍(Protection of Civil Rights Act) കീഴില്‍ വന്നിട്ടുള്ള കേസുകളുടെ വര്‍ദ്ധന 40 ശതമാനമാണ്‌. കൊലപാതകവും, ബലാത്സംഗവും, തട്ടിക്കൊണ്ടുപോകലും കൂടുതല്‍ക്കൂടുതല്‍ നേരിടേണ്ടിവരുന്നു ദളിതര്‍ക്ക്‌. മറ്റ്‌ ആക്രമണങ്ങള്‍, കവര്‍ച്ച എന്നിവക്കും അവര്‍ വിധേയരാവുന്നുണ്ട്‌.

വിദേശികളായ വിനോദസഞ്ചാരികള്‍ക്ക്‌ നേരിടേണ്ടിവരുന്ന ബലാത്സംഗവും, അവമതികളും ശ്രദ്ധയില്‍ പെടുന്നുവെന്നതും, അതിനെതിരെ പ്രതിഷേധം രൂപപ്പെടുന്നുവെന്നതും നല്ലതു തന്നെ. പക്ഷേ അതിനേക്കാളും എത്രയോ വര്‍ദ്ധിച്ച തോതില്‍ ദളിത്‌, ഗോത്ര സ്ത്രീകള്‍ നിത്യവും രാജ്യത്തിന്റെ പല ഭാഗത്തും അപമാനിക്കപ്പെടുന്നുണ്ട്‌ എന്നത്‌, തീര്‍ത്തും ദുഖകരമായ കാര്യമാണ്‌. രാജസ്ഥാനിലുണ്ടായ ഒരു ബലാത്സംഗത്തെ ‘ബഹുമാന‘പ്പെട്ട ഒരു ജഡ്ജ്‌ തള്ളിക്കളഞ്ഞത്‌, ഒരു നീചജാതിക്കാരിയെ ഒരിക്കലും ഉയര്‍ന്ന ജാതിക്കാരന്‍ ബലാത്സംഗം ചെയ്യാന്‍ ഇടയില്ല എന്ന (അ)ന്യായപ്രമാണത്തിന്റെ ബലത്തിലായിരുന്നു.

17 ദളിതുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ കുംഹര്‍ സംഭവത്തില്‍(4), സംഭവം നടന്ന് ഏഴുവര്‍ഷത്തിനുശേഷം മാത്രമാണ്‌ കേസ്സ്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഒരു വിദേശിയെ ആക്രമിച്ച സംഭവത്തില്‍ വെറും 14 ദിവസത്തിനുള്ളില്‍ കോടതി കുറ്റവാളിയെ ശിക്ഷിക്കുകയും ചെയ്തു. 14 വര്‍ഷമെന്നതുപോലും ദളിതരെ സംബന്ധിച്ചിടത്തോളം, നീതി ലഭിക്കാനുള്ള തീരെ കുറഞ്ഞ ഒരു കാലയളവായേക്കാം. ഇന്ത്യയിലെ സമ്പന്നരുടെ നാടായ മഹാരാഷ്ട്രയിലെ മുംബയില്‍, ഒരു ദളിത്‌ സ്ത്രീയെ അപമാനിച്ചതിന്‌ 14 യുവാക്കള്‍ക്ക്‌ അഞ്ചുദിവസം മാത്രമേ അഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവന്നുള്ളു. ലത്തൂര്‍, നന്ദെദ്‌ സംഭവങ്ങളുമായി ഇതിനെ തുലനം ചെയ്യാവുന്നതാണ്‌. ലത്തൂര്‍(5) കേസില്‍ ഇരയായത്‌ ,കേവലം 14 വയസ്സുള്ള ഒരു മുസ്ലിം പെണ്‍കുട്ടിയായിരുന്നു. നന്ദെദില്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടത്‌ ഒരു ദളിത്‌ യുവാവും. മുസ്ലീം സമൂഹത്തിന്റെ കാര്യക്ഷമമായ ഇടപെടലുകളില്ലായിരുന്നെങ്കില്‍, ലത്തൂരിലെ സംഭവം തേഞ്ഞുമാഞ്ഞുപോകാന്‍ ഇടയാകുമായിരുന്നു. ദളിതരെ വേട്ടയാടുന്ന വിവേചനം, അവരെ മരണാനന്തരവും പിന്തുടരുന്നു. ഗ്രാമങ്ങളിലെ ശ്മശാനങ്ങള്‍ അവര്‍ക്ക്‌ വിലക്കപ്പെട്ടതാണ്‌. സവര്‍ണ്ണര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മറവു ചെയ്യപ്പെടുന്ന മൃതദേഹങ്ങള്‍ പോലും ക്രൂരമായ വിദ്വേഷത്തിന്‌ ഇരയാവുന്നു. ഓരോ വര്‍ഷവും കഴിയുമ്പോള്‍ അവര്‍ക്കെതിരായ അക്രമങ്ങളുടെ സംഖ്യ വര്‍ദ്ധിക്കുകതന്നെയാണ്‌. ഈ പറഞ്ഞതൊന്നും, വിശേഷാധികാരങ്ങള്‍ നഷ്ടമാകുന്ന ഉന്നതജാതിക്കാര്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്നില്ല. 'വിരുദ്ധ ദിശയിലുള്ള വിവേചന'ത്തിന്റെ സിദ്ധാന്തക്കാര്‍ യഥാര്‍ത്ഥത്തില്‍, പ്രതിലോമപരമായ ആശയങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്‌.


2008 ജനുവരി 18-ലെ ഹിന്ദുവില്‍, പി.സായ്‌നാഥ്‌ എഴുതിയ (Discrimination for Dummies.V.2008) എന്ന ലേഖനത്തിന്റെ പരിഭാഷ.

(1) Reverse Discrimination-എന്നതിന്റെ ഏകദേശ പരിഭാഷ

(2) മഹാരാഷ്ട്രയിലെ ഭാന്ദ്ര ജില്ലയിലെ ഖിര്‍ലാഞ്ചി ഗ്രാമത്തില്‍ 29 സെപ്തംബര്‍ 2006-ന്‍ ഭോട്ട്‌മാംഗ്‌ കുടുംബത്തിലെ അമ്മയെയും മകളെയും, രണ്ട്‌ ആണ്‍മക്കളെയും ഒരു സംഘം സവര്‍ണ്ണപ്രമാണിമാര്‍ കൊലപ്പെടുത്തി. കൊല്ലുന്നതിനുമുന്‍പ്‌, അമ്മയെയും മകളെയും മാനഭംഗത്തിന്‌ ഇരയാക്കുകയും ചെയ്തു.

(3) ഔറംഗബാദിലെ നന്ദെദ്‌ ഗ്രാമത്തില്‍ 2008 ജനുവരി 10-ന്‌ നടന്ന സംഭവം.

(4) 1992 ജൂണ്‍ 6-ന്‌, രാജസ്ഥാനിലെ ഭരത്‌പൂരില്‍, കുംഹര്‍ പട്ടണത്തില്‍ നടന്ന ദളിത്‌ കൂട്ടക്കൊല.

(5) 2008 ജനുവരി 6-ന്‌ മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും, കൊലപ്പെടുത്തുകയും ചെയ്ത സംഭവം.

Saturday, January 19, 2008

വാനരന്‍മാരുടെ കാര്യങ്ങള്‍*

ടെസ്റ്റ്‌ മാച്ച്‌ ജയിക്കാന്‍ അമ്പയര്‍മാരും ആസ്ത്രേലിയന്‍ കളിക്കാരും നടത്തിയ അവിഹിതവേഴ്ച കണ്ടില്ലെന്നു വെക്കാന്‍ സിഡ്‌നിയിലെ ക്രിക്കറ്റ്‌ കളിയുടെ ടി.വി ദൃശ്യങ്ങള്‍ കണ്ടവര്‍ക്കാര്‍ക്കും, സാധിക്കില്ലായിരിക്കാം. പക്ഷേ, കറുത്തവര്‍ക്കും, ആദിവാസികള്‍ക്കും, ദളിതര്‍ക്കുമെതിരെയുള്ള ഇന്ത്യയുടെ പുരാതനവും, ചരിത്രപരവും കാലികപ്രസക്തിയുമുള്ള വംശാഹന്തയെ ദേശാഭിമാനത്തിന്റെയുമുള്ളില്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നത്‌ എന്തായാലും ഒരു നല്ല കാര്യമല്ല.

ഇത്‌ ഭാജിയുടെ (ഹര്‍ഭജന്‍)തോല്‍വി മാത്രമല്ല. സിഡ്‌നിയില്‍ വെച്ച്‌ അയാള്‍ 'കുരങ്ങന്‍' എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞുവോ എന്നതും തര്‍ക്കമുള്ള സംഗതിയാണ്‌. ഏതെങ്കിലുമൊരു ഭാഗത്തെ ന്യായീകരിക്കാന്‍ തക്കവണ്ണമുള്ള ശക്തമായ തെളിവൊന്നും ഏതായാലും നമ്മുടെ കയ്യിലില്ല. പക്ഷേ, ഇന്ത്യയില്‍ നിലനില്‍ക്കുന്ന വംശീയത രാജ്യത്തിന്റെ ഒരു തീരാശാപമാണ്‌. വംശമഹിമയെക്കുറിച്ചുള്ള ആര്യ-ബ്രാഹ്മണ പാരമ്പര്യങ്ങളുടെ ഈ ശേഷപത്രത്തെ, കൊളോണിയലിസം സഹായിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ക്രീമുകളുടെയും പൗഡറുകളുടെയും "വെള്ള'മൂല്യങ്ങളെ ആശയങ്ങളുടെ ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ വിറ്റു കാശാക്കുന്ന ബഹുരാഷ്ട്രകുത്തകകളും ചെയ്യുന്നത്‌ മറ്റൊന്നല്ല.

ബറോഡയില്‍വെച്ച്‌, സൈമണ്‍ എന്ന കളിക്കാരനെ അയാളുടെ ബാഹ്യരൂപത്തിന്റെ പേരില്‍ കാണികള്‍ അധിക്ഷേപിക്കുകയും, അയാളിലെ കരീബിയന്‍-ആഫ്രിക്കന്‍ രക്തം രോഷം കൊണ്ടതും ഇതിന്റെ ഏറ്റവുമൊടുവിലത്തെ വൃത്തികെട്ട തെളിവാണ്‌. ഈ അധിക്ഷേപിച്ച ആളുകള്‍തന്നെ, കറുത്തവര്‍ഗ്ഗക്കാരാണെന്നത്‌, അതായത്‌, വെളുത്ത നിറത്തിന്റെ സൗന്ദര്യശാസ്ത്രത്തെ ആഭ്യന്തരവത്ക്കരിച്ചവരായിരുന്നുവെന്നത്‌, ഈ തമാശയെ മനസ്സിലാക്കാനോ ന്യായീകരിക്കാനോ ആവാത്ത ഒന്നാക്കുകയും ചെയ്യുന്നുണ്ട്‌. എന്തുകൊണ്ടാണ്‌ നമ്മുടെ കളിക്കാര്‍ കാണികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കാതിരുന്നത്‌? അഥവാ, ആള്‍ക്കൂട്ടത്തിന്റെ പെരുമാറ്റത്തെ പരസ്യമായി അപലപിക്കാതിരുന്നതും, അതുവഴി സൈമണ്‍സുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാതിരുന്നതും? അവരതല്ലേ ചെയ്യേണ്ടിയിരുന്നത്‌? അവരത്‌ ചെയ്തിരുന്നുവെങ്കില്‍ ഒരിക്കലും സിഡ്‌നി സംഭവിക്കുമായിരുന്നില്ല. തങ്ങളുടെ അതിമാനുഷ പദവിയുടെ ബലത്തില്‍, നമ്മുടെ കളിക്കാര്‍ വംശീയതയെ എതിര്‍ക്കാനും അതിനെ മുളയില്‍തന്നെ നുള്ളിക്കളയാനും ശ്രമിച്ചിരുന്നുവെങ്കില്‍, തന്റെ ഉള്ളില്‍ അബോധമായി നിലനിന്നിരുന്ന ഇന്ത്യാ-വിരുദ്ധ വികാരം തുറന്നുവിടാന്‍ സ്വയം ഒരു കരീബിയനായിരുന്ന ആ സ്റ്റീവ്‌ ബക്ക്‍നറിന്‌ ഒരിക്കലും സാദ്ധ്യമാവുകയുമില്ലായിരുന്നു.

ഇത്രയും പറഞ്ഞത്‌, ആസ്ത്രേലിയക്കാരുടെ കളിക്കളത്തിലെ പെരുമാറ്റത്തെയോ, ആസ്ത്രേലിയക്കാര്‍ ഒരിക്കലും തെറ്റായ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കില്ലെന്ന മട്ടിലുള്ള അമ്പയര്‍മാരുടെ പ്രത്യക്ഷമായ പക്ഷപാതത്തെ ന്യായീകരിക്കാനോ അല്ല. ലോകക്രിക്കറ്റ്‌ എടുത്താല്‍,തങ്ങളുടെ തൊലിയുടെ നിറത്തെക്കുറിച്ച്‌ ഒരു മാത്രപോലും ബോധവാന്‍മാരാവാതെ, വികസിതരാജ്യത്തെ കളിക്കാരാണ്‌ മറ്റു രാജ്യങ്ങളിലെ കളിക്കാരേക്കാള്‍ കൂടുതല്‍ സത്യസന്ധന്‍മാരെന്നു കരുതുന്ന അമ്പയര്‍മാര്‍, കേവലം ബക്‌ക്‍നറിലും ബെന്‍സണിലും ഒതുങ്ങുന്നില്ല എന്നത്‌ നിര്‍ഭാഗ്യകരമാണ്‌.

എന്താണ്‌ വംശീയത? വംശബോധം മാത്രമല്ല അത്‌. ജുഗുപ്സാവഹമായ അജ്ഞതമൂലം, ഒരു സമൂഹത്തെ മുഴുവന്‍, ന്യൂനവത്ക്കരണത്തിലൂടെയും, വക്രോക്തിയിലൂടെയും മൊത്തത്തില്‍ സാമാന്യവത്ക്കരിക്കുന്ന ഒരു പ്രവര്‍ത്തനമാണ്‌ വംശീയതയുടെ കാതല്‍. ചുരുക്കം ചില മുസ്ലീമുകളുടെ തീവ്രവാദത്തിന്റെ പേരില്‍ എല്ലാ മുസ്ലീമുകളെയും ഭീകരവാദികളായും, എല്ല ജൂതരെയും പണക്കൊതിയന്‍മാരായും, എല്ലാ ഹിന്ദുക്കളെയും വക്രബുദ്ധികളായും, എല്ലാ സിഖുകാരേയും മന്ദബുദ്ധികളായും ചിത്രീകരിക്കുമ്പോള്‍ നമ്മള്‍ വംശീയതയുടെ ചതുപ്പുനിലങ്ങളിലാണ്‌ താഴുന്നത്‌. മാത്രമല്ല, ഈ രാജ്യത്തെ പ്രബലമായ ഒരു മതം, എങ്ങിനെയാണ്‌ ജാതിയുടെ അടിസ്ഥാനത്തില്‍ ഒരു വലിയ ജനവിഭാഗത്തെ, നൂറ്റാണ്ടുകളോളം അടിമകളാക്കി നിലനിര്‍ത്തുകയും, സ്വത്തിന്റെയും, വിജ്ഞാനത്തിന്റെയും സമ്പാദനത്തില്‍നിന്ന് അവരെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തുകയും ചെയ്തതെന്ന് മനസ്സിലാക്കുമ്പോള്‍, വംശീയതയെക്കുറിച്ചുള്ള ഒരു ശരിയായ ചിത്രം നമുക്ക്‌ ലഭിക്കും.

ഹര്‍ഭജനെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്‌ ശരിയായിരിക്കില്ല. നമ്മളെല്ലാം ഇതില്‍ കൂട്ടുപ്രതികളാണ്‌. ആദിമജനതയെ കൂട്ടത്തോടെ ഉന്മൂലനം ചെയ്ത്‌, അവരുടെ മക്കളെ അവരില്‍നിന്നും അകറ്റി വെള്ളക്കാരാക്കി പരിവര്‍ത്തനം ചെയ്യിപ്പിച്ച ആസ്ത്രേലിയയില്‍ മാത്രമല്ല, നമ്മുടെ ഈ രാജ്യത്തും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍തന്നെയും, വംശീയത നിലനില്‍ക്കുകയും, തഴച്ചു വളരുകയും ചെയ്യുന്നു എന്ന യാഥാര്‍ത്ഥ്യബോധംകൊണ്ടു മാത്രമേ നമുക്ക്‌ പ്രതിക്രിയ ചെയ്യാനാകൂ.

ഒരു പക്ഷേ പൂര്‍ണ്ണമായും വെള്ളക്കാര്‍ മാത്രം അടങ്ങുന്ന ഒരു ക്രിക്കറ്റ്‌ ടീമാകുമായിരുന്ന ആസ്ത്രേലിയന്‍ സംഘത്തില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‌ ഇടം ലഭിച്ചു എന്നതിനെ, വര്‍ണ്ണവിവേചനത്തിനെതിരായി ആ നാട്ടില്‍ നടന്ന, ഇപ്പോഴും നടക്കുന്ന നിരവധി പ്രക്ഷോഭങ്ങങ്ങള്‍ക്കു ലഭിച്ച ഒരു അപൂര്‍വ്വ ശ്രദ്ധാഞ്ജലി എന്ന നിലയിലാണ്‌ വീക്ഷിക്കേണ്ടത്‌. അതു മാത്രമല്ല, വംശീയതക്ക്‌ പുകള്‍പെറ്റ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍പ്പോലും, വര്‍ണ്ണപരമായ മുന്‍ഗണനയുടെ നെടുംകോട്ടകള്‍ ആദ്യം തകര്‍ന്നു വീണത്‌, കായിക-വിനോദ രംഗങ്ങളിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്‌. അടിച്ചമര്‍ത്തപ്പെടുന്നവരും പീഡിപ്പിക്കപ്പെടുന്നവരും രാഷ്ട്രീയ-സാമ്പത്തിക അധികാരങ്ങളുടെ ചില്ലുകൊട്ടാരങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ്‌ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ ഉണ്ടാവുക.

ഏതുവിധേനയും 'കളിയില്‍ ജയിക്കുക' എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി, തന്റെ ടീമിലെ വെള്ളക്കാരായ മറ്റു കളിക്കാരുടെ മൂര്‍ഖതയെ സ്വാംശീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന കറുത്തവര്‍ഗ്ഗക്കാരായ കളിക്കാരെയും ചിലപ്പോള്‍, ചില ഘട്ടങ്ങളില്‍ കണ്ടെന്നു വരാം. പക്ഷേ അത്‌ ആസ്ത്രേലിയന്‍ കളിക്കാരുടെ മാത്രം സ്വഭാവവൈചിത്ര്യമൊന്നുമല്ല. ഇന്ത്യക്കാരായ നമ്മളും പലപ്പോഴും ഇതേ മട്ടില്‍ 'രക്തദാഹി'കളായിരുന്നിട്ടില്ലേ?

ദേശഭിമാനമെന്നത്‌ വംശീയതയുടെ മറ്റൊരു തരത്തിലുള്ള പ്രതിഫലനം തന്നെയാണ്‌. "എന്റെ രാജ്യം മാത്രമാണ്‌ ശരി" എന്ന് ശഠിക്കുന്നവനില്‍നിന്ന്, 'എന്റെ നിറമാണ്‌ നല്ലത്‌', 'എന്റെ ജാതിയാണ്‌ ശ്രേഷ്ഠം', 'എന്റെ മതമാണ്‌ ഉത്കൃഷ്ഠം' എന്നൊക്കെയുള്ള അസംബന്ധങ്ങളിലേക്ക്‌ അധികം ദൂരമൊന്നുമില്ല.

ഇനി കുരങ്ങുകളെക്കുറിച്ചാണെങ്കില്‍, നമ്മളെല്ലാം ഒന്നുകില്‍ കുരങ്ങന്‍മാര്‍ തന്നെയാണ്‌, അഥവാ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍മാരായി അധപ്പതിച്ചുകഴിഞ്ഞ പഴയ വാനരന്‍മാര്‍. തങ്ങള്‍ അധിവസിക്കുന്ന ഈ ഭൂമിയെതന്നെ ഇല്ലാതാക്കാന്‍ സമൂര്‍ത്തമായ കാര്യപരിപാടികള്‍ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്ന (ഈ പ്രയോഗത്തില്‍ ഫലിതം തീരെയില്ല) ഒരു ജീവിവര്‍ഗ്ഗം.

ഇതില്‍ തെല്ലെങ്കിലും ലജ്ജാബോധം നമുക്ക്‌ തോന്നുന്നുവെങ്കില്‍, വംശീയതക്കുള്ള ഒരു നല്ല മറുമരുന്നാവും അത്‌.



ടൈംസ് ഓഫ് ഇന്‍ഡ്യയുടെ ജനുവരി 12 ലക്കത്തില്‍, ആനന്ദ് പട്‌വര്‍ദ്ധന്‍ എഴുതിയ ലേഖനം.
പരിഭാഷ - രാജീവ് ചേലനാട്ട്

Sunday, January 13, 2008

വാലൈന്റൈന്‍ തെരുവിലെ ഒരു മരണം*

തന്റെ ചെറിയ ന്യൂ ഇംഗ്ലണ്ട്‌ പട്ടണത്തിലെ വളരെയധികം ആളുകളെയൊന്നും ഫ്രാങ്കിന്‌ പരിചയമുണ്ടായിരുന്നില്ല. നല്ല പ്രായമുണ്ടായിരുന്നു അദ്ദേഹത്തിന്‌. ഏതാണ്ട്‌ എണ്‍പതിനോടടുത്ത്‌. വാലന്റൈന്‍ സ്ട്രീറ്റിലെ ഒരു ചെറിയ വീട്ടിലായിരുന്നു ഫ്രാങ്ക്‌ താമസിച്ചിരുന്നത്‌.

ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ടെന്ന് ഫ്രാങ്ക്‌ പറഞ്ഞുവെങ്കിലും, ഒരിക്കലെങ്കിലും അദ്ദേഹത്തെ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. യുദ്ധവിരുദ്ധ റാലിയില്‍ പങ്കെടുത്തതിന്‌ എന്നെ അറസ്റ്റുചെയ്ത വാര്‍ത്ത ചില പത്രങ്ങളില്‍ വന്നിരുന്നു. അതിനുശേഷം അയാള്‍, കുറെ വര്‍ഷങ്ങളോളം, മുടക്കം വരാതെ ഇടക്കിടക്ക്‌ എന്നെ ഫോണില്‍ വിളിക്കും. ചിലപ്പോള്‍, ചില ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും മൂപ്പരുടെ ഫോണ്‍ വരാതാവുമ്പോള്‍ ഞാന്‍ അങ്ങോട്ടും ഒന്നു വിളിക്കും. മറ്റൊന്നിനുംവേണ്ടിയിട്ടല്ല. സുഖമായിരിക്കുന്നില്ലേ എന്നറിയാന്‍.

ഫോണ്‍സംഭാഷണത്തില്‍നിന്നുപോലും അദ്ദേഹത്തിന്റെ മാന്യത തിരിച്ചറിയാനാകുമായിരുന്നു. അസാമാന്യമായ ബുദ്ധിവൈഭവവും. പഠിപ്പും ലോകപരിചയവുമുള്ള ഒരാളുടെ മട്ടിലായിരുന്നു മൂപ്പരുടെ സംസാരം. രഹസ്യം നിറഞ്ഞ ഒരു ഭൂതകാലം ഉണ്ടോ എന്നു പോലും ഞാന്‍ സംശയിച്ചിരുന്നു. ഒരു പക്ഷേ റിട്ടയര്‍ ചെയ്ത ഒരു സി.ഐ.എ ഉദ്യോഗസ്ഥനോ, അതുമല്ലെങ്കില്‍, ഡോക്ടറോ, മനശ്ശാസ്ത്രജ്ഞനോ ആയിരുന്നിരിക്കാം അദ്ദേഹമെന്നും എനിക്ക്‌ തോന്നിയിരുന്നു. തന്നെക്കുറിച്ച്‌ എന്തെങ്കിലും സംസാരിക്കാന്‍ മടിയുള്ള കൂട്ടത്തിലായിരുന്നു ഫ്രാങ്ക്‌.

വാട്ടര്‍ഗേറ്റ്‌ സംഭവത്തിന്റെ കാലത്ത്‌ അയാള്‍ വാഷിംഗ്‌ടണിലായിരുന്നു താമസിച്ചിരുന്നതത്രെ. ഒരു വലിയ സ്വപ്നം അയാള്‍ക്കുണ്ടായിരുന്നു. വാട്ടര്‍ഗേറ്റിനെക്കുറിച്ച്‌ താനെഴുതാന്‍പോകുന്ന പുസ്തകത്തിന്‌ ഒരു പ്രസാധകനെ കണ്ടെത്തുക എന്നതായിരുന്നു അത്‌. സാഹചര്യങ്ങള്‍ തീരെ അനുകൂലമല്ലാതിരുന്നിട്ടും, ജീവിതത്തിന്റെ ഈ സായാഹ്നകാലത്തും ഇത്ര വലിയ ഒരു പഴയ സ്വപ്നത്തെ കയ്യൊഴിയാന്‍ തയ്യാറാകാതിരുന്ന അദ്ദേഹം എന്നെ ശരിക്കും വിസ്മയിപ്പിച്ചിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂടിക്കൂടിവന്ന്, ആകെയുണ്ടായിരുന്ന ടെലിവിഷനും വിറ്റ്‌, പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു റേഡിയോയും ടെലിഫോണും മാത്രം ബാക്കി വന്നപ്പോഴും, ഫ്രാങ്ക് ശുഭാപ്തിവിശ്വാസം കൈവിട്ടില്ല. എന്തെങ്കിലും കഴിച്ചുവോ എന്ന് ഞാന്‍ ഇടയ്ക്ക്‌ വിളിച്ചു ചോദിക്കുമ്പോഴൊക്കെ, ഉവ്വെന്നും, തന്നെക്കുറിച്ച്‌ അധികം വേവലാതിപ്പെടരുതെന്നും പറഞ്ഞ്‌ എന്നെ സമാശ്വസിപ്പിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്.

മൂപ്പരെ ഒരിക്കല്‍ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കണമെന്ന് ഞാന്‍ പലകുറി വിചാരിച്ചിരുന്നു. ഓരോരോ തിരക്കു കാരണം അതൊരിക്കലും നടന്നതുമില്ല. കഴിഞ്ഞ വെള്ളിയാഴ്ച പത്രത്തില്‍ ചരമക്കോളത്തില്‍ ഫ്രാങ്കിന്റെ പേര്‍ കണ്ടു. വാലെന്റൈന്‍ സ്ട്രീറ്റിലെ എന്റെ പ്രിയ സുഹൃത്ത്‌ പോയിരിക്കുന്നു. സെലസ്റ്റിന്‍ വെല്‍ക്കാസ്‌ എന്നായിരുന്നുവത്രെ അയാളുടെ യഥാര്‍ത്ഥ പേര്‌. പക്ഷേ എനിക്കെന്നും അയാള്‍ 'ഫ്രാങ്ക്‌' ആയിരുന്നു. മരിക്കുമ്പോള്‍ ആരും അടുത്തുണ്ടായിരുന്നില്ലെന്നു തോന്നുന്നു, ജീവിതത്തിന്റെ സായന്തനം ചിലവഴിച്ചപോലെ, ഒറ്റക്ക്‌, ഒരു കുടുസ്സുമുറിയില്‍.

ഫ്രാങ്കിന്റെ ദേഹം മറവുചെയ്തു കഴിഞ്ഞതായി അന്വേഷണത്തില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. അയാള്‍ക്കുവേണ്ടി ഒരു പൂവുപോലും എനിക്ക്‌ ആ ദേഹത്ത്‌ വെക്കാന്‍ കഴിഞ്ഞതുമില്ല.

അനാഥനായി മരിക്കേണ്ടിവരിക എന്നത്‌ ദു:ഖകരമായ ഒന്നാണ്‌. അതിലും ദു:ഖകരമായ കാര്യമാണ്‌ ഈ കാണുന്ന ചെറിയ ചെറിയ പട്ടണങ്ങളിലും, വലിയ നഗരങ്ങളിലും, ജീവിതത്തിന്റെ അവസാനകാലം ഒറ്റക്ക്‌ ജീവിച്ചുതീര്‍ക്കേണ്ടിവരിക എന്നത്‌. എന്റെ ആ സുഹൃത്തിനെപ്പോലെ, ഏതെങ്കിലും ചെറിയ വീടുകളിലോ, ആതുരാലയങ്ങളിലോ ഒറ്റക്ക്‌ ജീവിച്ചും മരിച്ചും എത്രപേര്‍, അദൃശ്യരായി... എവിടെയൊക്കെ...

വികസിതരാജ്യമെന്ന് അഹങ്കരിച്ചിട്ടും സഹാനുഭൂതിയുള്ള ഒരു സമൂഹമായി മാറാന്‍ ഇനിയും അമേരിക്കക്ക്‌ ആയിട്ടില്ല എന്നത് എത്ര വിരോധാഭാസമാണ്. അമേരിക്കയെ അപേക്ഷിച്ച്‌ അത്ര വികസിതമല്ലാത്ത മറ്റു പല രാജ്യങ്ങളുടെയും സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടതുമാണ്‌. കുട്ടികളേയും മുതിര്‍ന്നവരേയും കരുണയോടെ കാണാനും, സ്നേഹിക്കാനും, നമ്മള്‍ എന്നാണ് പഠിക്കുക?




*റോസ്‌ മേരി ജകോവ്‌സ്‌കിയുടെ (Rosemarie Jackowski) ലേഖനം.
യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്‌ നിരവധി തവണ ജയില്‍ശിക്ഷയും, തുടര്‍ച്ചയായ പ്രോസിക്യൂഷനുകളും നേരിടേണ്ടിവന്നിട്ടുള്ള ആക്റ്റിവിസ്റ്റും, പത്രപ്രവര്‍ത്തകയുമാണ് വന്ദ്യവയോധികയായ റോസ്‌ മേരി. യുദ്ധവിരുദ്ധ പ്രവര്‍ത്തനത്തിനുപുറമെ, യുദ്ധങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കല്‍, വന്‍‌കിട അഗ്രോ കോര്‍പ്പറേഷനുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ പൊരുതുക, കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനം എന്നിങ്ങനെ, വിവിധ രംഗങ്ങളില്‍ സജീവമായി നില്‍ക്കുന്നു ഇപ്പോഴും ഇവര്‍.

Saturday, January 12, 2008

വിലക്കപ്പെടേണ്ട ഒരു സന്ദര്‍ശനം

ഐക്യ അറബിനാട്ടിലെ ഗള്‍ഫ് ന്യൂസ് എന്ന പത്രം തികച്ചും അവസരോചിതമായ ഒരു പത്രധര്‍മ്മം അനുഷ്ഠിച്ചിരിക്കുന്നു. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പായിരുന്നെങ്കില്‍ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും ആകുമായിരുന്നില്ലാത്ത ഒരു കാര്യമാണ് അവര്‍ ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ രാഷ്ട്രത്തലവന്മാരുടെ വളര്‍ത്തുനായ്ക്കളെപ്പോലും ‘ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തുന്ന’വര്‍ത്തമാന പത്രങ്ങളുടെ നിത്യേനയെന്നോളമുള്ള‘സുപ്രഭാത‘ങ്ങള്‍ക്കിടയിലാണ് ഗള്‍ഫ് ന്യൂസ്, ബുഷിനുള്ള ഒരു കത്ത്, ഒരു തിലകക്കുറിപോലെ അതിന്റെ നെറുകയില്‍തന്നെ ചാര്‍ത്തി, ഇന്നലെ (11.01.2008)രംഗത്തു വന്നിരിക്കുന്നത്.

പരിമിതികള്‍ക്കകത്തുനിന്നായിട്ടുപോലും, വ്യക്തവും സത്യസന്ധവുമായ പത്രധര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നു ഗള്‍ഫ് ന്യൂസ്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ജനുവരി 9-ന്, The Agonist-ല്‍, എഴുതിയ ഒരു വ്യക്തിഗത ഡയറിക്കുറിപ്പിന്റെ ലിങ്ക് താഴെ.

http://agonist.org/rajeeve_chelanat/20080109/the_killer_comes_to_uae

Tuesday, January 8, 2008

എയര്‍ടെല്ലും എം.ടിയും

എയര്‍ടെല്ലിന്റെ പരസ്യം.ഏതോ അതിര്‍ത്തികളെ വേര്‍തിരിക്കുന്ന രണ്ടു മുള്ളുവേലികള്‍ക്കിടയിലെ, ഭാഗം വെക്കാത്ത, 'ഭൂമിയുടെ സ്വന്തം' ഇത്തിരി സ്ഥലത്ത്‌ നുഴഞ്ഞുകയറി, ഉത്സാഹത്തോടെ പന്തു കളിക്കുന്ന കുട്ടികള്‍. മുതിര്‍ന്ന വിഡ്ഢികള്‍ തീര്‍ത്ത അതിര്‍ത്തികളുടെ 'അരുതു'കളെ, കുസൃതിച്ചിരിയോടെ മറികടക്കുന്ന ചെറുധൈര്യങ്ങള്‍.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടിയുമായി എന്‍.പി.വിജയകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിലെ ഒരു ഭാഗം. ചാലക്കുടിയിലെ പാലപ്പിള്ളി ഭാഗത്ത്‌ ഉദ്യോഗം നോക്കുന്ന ഭര്‍ത്താവിനെ കാണാന്‍, കൂടല്ലൂരില്‍നിന്ന് പാലപ്പള്ളി വരെ നടന്നു പോകുന്ന, എം.ടി.യുടെ അമ്മയെക്കുറിച്ച്‌. എം.ടി യുടെ തന്നെ വരികളില്‍:

"അന്നൊന്നും വേലിയില്ല. മതിലില്ല. ആര്‍ക്കും ഏതു പറമ്പിലൂടെയും പോകാം. ആരും ചോദിക്കില്ല. പരിചയമില്ലാത്ത വീടുകളാണെങ്കിലും അവിടെ കയറി ഇരിക്കാം. വിശ്രമിക്കാം. അവര്‍ വെള്ളമൊക്കെ കൊടുക്കും...."

ഏതു നാടിനെക്കുറിച്ചുള്ള സ്വപ്നത്തിന്റെ ഞാറുകളാണ്‌ നമ്മുടെ എം.ടിയും എയര്‍ടെല്ലിന്റെ ആ വിഷ്വലൈസറും നമ്മുടെ ഉള്ളില്‍ നടുന്നത്‌? ഏതു കാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പുകളാണ്‌? ഏതാണ്‌? എവിടെയാണ്?

Monday, January 7, 2008

സോഷ്യലിസമോ? അതെന്താണ്‌?

അങ്ങിനെ സോഷ്യലിസമെന്ന 'പൊട്ടി' പുറത്തായി. മുതലാളിത്തത്തിന്റെ 'ശീവോതി' അകത്തും. കൂജയിലെ അവസാനതുള്ളിയും കുടിച്ച്‌ വറ്റിച്ച്‌*, വിപ്ലവബാബുമാര്‍ പ്ലീനമാടി നടന്നുപോകുന്നു. നടന്നുശീലിച്ച വരമ്പുകള്‍ ഇനി വേണ്ട. വേണ്ടത്‌, സംസ്ഥാനത്തിന്റെ വികസനമാണ്‌. വികസനം വ്യവസായത്തിലൂടെ മാത്രമേ വരൂ. വ്യവസായത്തിനാകട്ടെ വേണ്ടത്‌ പണമാണ്‌. പണമുണ്ടാക്കാന്‍ പറ്റിയ ഒറ്റമൂലി സോഷ്യലിസമല്ല. അതിന്‌ മുതലാളിത്തം വേണം. പുതിയ വരമ്പ്‌. ബംഗാളി ഭദ്രലോകത്തിന്റെ പുതിയ മാനിഫെസ്റ്റൊ.

ഏതു വരമ്പിലൂടെയാണ്‌ ബാബുമാര്‍ നടക്കുന്നത്‌? ഇത്രകാലവും നടന്നതും, മറ്റുള്ളവരെ നടത്തിക്കാന്‍ ശ്രമിച്ചതും? സംസ്ഥാനത്തിന്റെ വികസനത്തെ സോഷ്യലിസത്തിന്റെ നിരാസവുമായി ബന്ധപ്പെടുത്തിയതിന്റെ അശ്ലീലത തിരിച്ചറിയാതിരിക്കാന്‍ പാകത്തില്‍, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഒന്നൊഴിയാതെ മന്ദബുദ്ധികളാണെന്ന് കരുതിയോ ബാബുമാര്‍? ഏത്‌ മാനിഫെസ്റ്റോയില്‍നിന്നാണ്‌ ഇവര്‍ മാര്‍ക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങിയത്‌?

കടുത്ത കമ്മ്യൂണിസ്റ്റു വിരോധികള്‍പോലും സോഷ്യലിസമെന്ന ആശയത്തെ കാണുന്നത്‌, ഇന്നല്ലെങ്കില്‍ നാളെ സമൂഹം എത്തിച്ചേരേണ്ട ഒരു സാമൂഹ്യ വ്യവസ്ഥ എന്ന നിലയ്ക്കാണ്‌. എളുപ്പത്തിലൊന്നും നേടാവുന്ന ഒരു അവസ്ഥയല്ല അത്‌ എന്ന് നമുക്ക്‌ ബോദ്ധ്യവുമുണ്ട്‌. ഓരോരൊ ചുവടുകളായി നടന്നടുക്കേണ്ടുന്ന ഒരു ലക്ഷ്യം. മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പു തന്നെ ആത്യന്തികമായി ആ ഒരു ലക്ഷ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു ഉട്ടോപ്പ്യന്‍ സംഹിതയൊന്നുമല്ല അത്‌. അസമത്വങ്ങളില്‍നിന്നുള്ള ഒരു മോചനമെന്നത്‌, ഏതൊരു മനുഷ്യജീവിയുടെയും സഹജമായ സ്വപ്നം തന്നെയാണ്‌. പുതിയ കാലത്തില്‍ ആ സ്വപ്നത്തിന്റെ പ്രസക്തി ഏറുകതന്നെയാണ്‌ ചെയ്യുന്നത്‌. കേവലം ഒരു പാത മാത്രമേ ആ ലക്ഷ്യത്തിലേക്കുള്ളു എന്നിടത്തുമാത്രമാണ്‌ ഇതുവരെ അഭിപ്രായങ്ങള്‍ ഏറ്റുമുട്ടിയിരുന്നത്‌. ഒരു ന്യൂനപക്ഷത്തിന്റെ കൈകളില്‍ സമ്പത്തും, അതുവഴി, അധീശത്വവും കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചുള്ള ആധുനിക മനുഷ്യസമൂഹത്തിന്റെ ഭയാശങ്കകളില്‍നിന്നാണ്‌ സോഷ്യലിസമെന്ന ആശയത്തിന്റെയും ലക്ഷ്യത്തിന്റെയും പിറവി. സമ്പത്തും, അധികാരവും തീരെ ചെറിയ ഇടങ്ങളില്‍ കേന്ദ്രീകരിക്കുന്ന ആ അവസ്ഥയും അതിനെക്കുറിച്ചുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്ക്കണ്ഠകളും ഇന്ന് കൂടുതല്‍ക്കൂടുതല്‍ രൂക്ഷമാവൂമ്പോള്‍, ലക്ഷ്യത്തിലെത്താനുള്ള സുഗമമായ വരമ്പുകള്‍ അന്വേഷിക്കുകയാണ്‌ ചെയ്യേണ്ടത്‌.

ഇവിടെ ബംഗാളി ബാബുമാര്‍ അത്തരം അന്വേഷണങ്ങളിലേക്ക്‌ എത്തിയില്ലെന്നു മാത്രമല്ല, തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ലക്ഷ്യവും മാര്‍ഗ്ഗവും അതീവ ലാഘവത്തോടെ തിരഞ്ഞെടുക്കുകകൂടി ചെയ്തിരിക്കുന്നു. കേരളത്തിലും ഇതേ ലാഘവബുദ്ധിതന്നെയാണ്‌ ഇടതുപക്ഷത്തെ പൊതുവായി ഭരിക്കുന്നത്‌.

സംസ്ഥാനത്തിന്റെ വികസനത്തെയും വ്യവസായവത്ക്കരണത്തെയും എവിടെ ആരാണ്‌ എതിര്‍ത്തത്‌? വികസനത്തെക്കുറിച്ച്‌ പുത്തന്‍ ഉദാരവത്ക്കരണസിദ്ധാന്തികള്‍ പുലര്‍ത്തുന്ന നിലപാടിനോടും, ഒരേ സമയം കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ നാശോന്മുഖമാക്കുന്നതും, ദേശീയ വളര്‍ച്ചയുമായി പുലബന്ധംപോലുമില്ലാത്തതുമായ വ്യവസായവത്ക്കരണത്തോടുമാണ്‌ നമ്മുടെ ഇടതു-വലത്‌ രാഷ്ട്രീയ നിലപാടുകള്‍ കലഹിക്കേണ്ടത്‌. രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയെതന്നെയാണ്‌ അത്തരം കലഹങ്ങള്‍ ബലപ്പെടുത്തുക.

അതിനു പകരം, വികസനത്തിന്റെയും വ്യവസായവത്ക്കരണത്തിന്റെയും യാഥാസ്ഥിതിക വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച്‌, തങ്ങളുടെ വര്‍ഗ്ഗാധിഷ്ഠിതമായ കാഴ്ചപ്പാടുകളിലും തദനുസൃതമായ നിലപാടുകളിലും പ്രതിലോമപരമായ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്‌ ഇന്ത്യയിലെ പ്രധാന ഇടതുപക്ഷങ്ങള്‍. ജ്യോതിബസുവും, ബുദ്ധദേവും ബംഗാളില്‍ പരസ്യമായി ഉദ്‌ഘോഷിക്കുന്നതും നടപ്പില്‍ വരുത്തുന്നതും, കേരളത്തിലെ ഇടതുപക്ഷം മെല്ലെമെല്ലെ ഏറ്റെടുത്തുകൊണ്ടിരിക്കുന്നതും ഇതേ പ്രവൃത്തിതന്നെയാണ്‌. അതിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ്‌ സോഷ്യലിസത്തെക്കുറിച്ചുള്ള ബസുവിന്റെ വെളിപാടുകള്‍.

സോഷ്യലിസത്തെ പലരീതിയിലും വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും പല കാലങ്ങളിലായി നടന്നിട്ടുണ്ട്‌, പ്ലേറ്റോയുടെ ചിന്തകളില്‍പ്പോലും അതിന്റെ ആദ്യകിരണങ്ങള്‍ കാണാം. മൂറിന്റെയും, റൂസ്സോയുടെയും, റോബര്‍ട്ട്‌ ഓവന്റെയും, പ്രൂധോണിന്റെയും, മാര്‍ക്സ്‌-എംഗല്‍സിന്റെയും, റോസാ ലക്സംബര്‍ഗിന്റെയും, ഹെര്‍ബര്‍ട്ട്‌ മോറിസണിന്റെയും, ഗ്രാംഷിയുടെയുമൊക്കെ കയ്യൊപ്പുകള്‍ അവയില്‍ പലയിടത്തും കാണുകയും ചെയ്യാം. കടുത്ത വലതുപക്ഷം മുതല്‍, തീവ്രമായ ഇടതുവരെ, സോഷ്യലിസത്തെക്കുറിച്ചുള്ള നിരവധി ചിന്തകള്‍ ചരിത്രത്തില്‍ ചിതറിക്കിടപ്പുണ്ട്‌. സോഷ്യല്‍ ഡെമോക്രാറ്റുകളും, മിതവാദികളും, അരാജകവാദികളും, ഉട്ടോപ്പ്യന്‍ ചിന്തകരും ഒക്കെയായി നിരവധി ചിന്തകര്‍, അവരുടെ യുക്തിബോധങ്ങള്‍. ഇന്ത്യയിലായാലും, റാം മനോഹര്‍ ലോഹ്യ, എം.എന്‍. റോയി, അശോക്‌ മേത്ത, നെഹ്രു എന്നിവരൊക്കെ സോഷ്യലിസത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളുടെ പ്രതിനിധികളാണ്‌. അവരൊന്നും സോഷ്യലിസമെന്ന ആശയത്തെ തള്ളിപ്പറഞ്ഞിട്ടില്ല. കൂട്ടിച്ചേര്‍ക്കലിനോ, പുനരാവിഷ്ക്കരത്തിനോ, ഉള്ള ശ്രമങ്ങളാണ്‌ ആണ്‌ അവരൊക്കെ നടത്തിയത്‌. ഇവിടെയാകട്ടെ, മാര്‍ക്സിസ്റ്റെന്നു ചമഞ്ഞു നടന്നിരുന്ന നമ്മുടെ ആധുനിക ആചാര്യന്‍മാര്‍ ആ ആശയത്തെതന്നെയാണ്‌ ബലികഴിച്ചിരിക്കുന്നത്‌. എന്നിട്ട്‌ അതിനു പകരം വെക്കുന്നതോ, മാര്‍ക്സ്‌ ശരിയായ രീതിയില്‍ വിലയിരുത്തിയപോലെ, സ്വന്തം നാശം ഉദരത്തില്‍ ചുമക്കാന്‍ ചരിത്രപരമായി വിധിക്കപ്പെട്ട മുതലാളിത്തമെന്ന തത്ത്വസംഹിതയെയും. പല പാശ്ചാത്യരാജ്യങ്ങളും മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയാണ്‌ നമ്മുടേത്‌. ഒരു മറുസാദ്ധ്യത തേടുകയാണവര്‍. സംഘടിതപ്രസ്ഥാനങ്ങളിലൂടെയും അല്ലാതെയും. വളര്‍ന്നുവരുന്ന ജനാധിപത്യ-സോഷ്യലിസ്റ്റ്‌ സാമൂഹ്യക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനാവാത്തവിധം ലോകം മാറിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ്‌ ആഗോളീകരണത്തിന്റെ പ്രച്ഛന്നവേഷത്തിലൂടെയും ജീര്‍ണ്ണിച്ച സാമ്രാജ്യത്വത്തിന്റെ ആ പഴകിത്തേഞ്ഞ പയറ്റുമുറകളിലൂടെയും മുതലാളിത്തം ജീവന്മരണ പോരാട്ടം നടത്തുന്ന കാഴ്ച്ച നാം കാണുന്നതും, അതിന്റെ വക്താക്കളായി, യാഥാസ്ഥിതികബ്രാഹ്മണ്യവും, ദേവതാസങ്കല്‍പ്പവും ഒരുകയ്യിലും, ഉപജീവന കമ്മ്യൂണിസം മറുകയ്യിലുമായി പുതിയ അപ്പോസ്തലന്‍മാര്‍ ഉണ്ടാകുന്നതും.

ഗീത മുഴുവന്‍ വായിച്ചതിനുശേഷം, അതില്‍നിന്നു കിട്ടിയ നീതിസാരം, സഹോദരന്‍മാരെ കൊല്ലാമെന്നാണെന്ന്** കണ്ടുപിടിച്ച ഒരു തിരുമേനിയോട്‌ ഉറൂബിന്റെ ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്‌ "തിരുമേനി ഗീത ചോട്ടില്‍നിന്നു മുകളിലേക്കാണോ വായിക്കാന്‍ പഠിച്ചത്‌' എന്ന്. അതേ ചോദ്യം തന്നെയാണ്‌ ബംഗാളി തിരുമേനിമാരോടും ചോദിക്കാനുള്ളത്‌.



* കെ.ജി.ശങ്കരപ്പിള്ളയുടെ ഒരു കവിതയിലെ ഭാഗം

** ഗീത യുദ്ധത്തിന്റെ മാനിഫെസ്റ്റൊ ആണെന്നുതന്നെയാണ്‌ ലേഖകന്റെയും മതം.

Wednesday, January 2, 2008

ബൂലോകത്തിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകനെ വിട്ടയക്കുക

സൗദി അറേബ്യ പിന്നെപ്പിന്നെ ഒരു മാതൃകാരാജ്യമായിക്കൊണ്ടിരിക്കുകയാണ്‌. ഏറ്റവും ഒടുവില്‍ അവര്‍ 32 വയസ്സുള്ള ഒരു സൗദി ബ്ലോഗ്ഗറെ തടവില്‍ ആക്കിയിരിക്കുന്നു. ആഭ്യന്തര മന്ത്രാലത്തിന്റെ വക്താവ്‌, ജനറല്‍ മന്‍സൂര്‍ അല്‍-തുര്‍ക്കി ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്‌. "സുരക്ഷാനിയമങ്ങളുടെ ലംഘനത്തിനെപ്പറ്റി, ഫൗദിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌' എന്നാണ്‌ വക്താവിന്റെ വിശദീകരണം.

ഫൗദ്‌-അല്‍-ഫര്‍ഹാന്‍ എന്ന ബ്ലോഗ്ഗറെയാണ്‌ ഇക്കഴിഞ്ഞ ഡിസംബര്‍ 10-ന്‌ സൗദി സര്‍ക്കാര്‍ അറസ്റ്റു ചെയ്തത്‌. തന്റെ ബ്ലോഗ്ഗില്‍, സൗദി അറേബ്യയിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ച്‌ എഴുതി എന്ന 'ഗുരുതരമായ തെറ്റാണ്‌' ഫൗദി ചെയ്തിരിക്കുന്നത്‌.'ഞാന്‍ അവര്‍ക്കുവേണ്ടി ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്നു എന്നാണ്‌ അവര്‍ കരുതുന്നത്‌", ഫൗദി പറയുന്നു. താന്‍ അറസ്റ്റു ചെയ്യപ്പെട്ടേക്കുമെന്ന് സുഹൃത്തുക്കള്‍ക്ക്‌ അയച്ച ഒരു കത്തില്‍ ഫൗദി ആശങ്ക പ്രകടിപ്പിച്ചിരുന്നുവത്രെ. 'ആഭ്യന്തരമന്ത്രാലത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നെ ചോദ്യം ചെയ്യാനുള്ള ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്‌' എന്ന്, അദ്ദേഹത്തിന്റെ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ആ കത്തില്‍ പറയുന്നുണ്ട്‌. സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ഫര്‍ഹാന്റെ ബ്ലോഗ്ഗെഴുത്ത്‌, സൗദി അറേബ്യയിലെ ഏറ്റവും അധികം വായിക്കപ്പെടുന്ന ബ്ലോഗ്ഗുകളിലൊന്നാണ്‌.

ഫര്‍ഹാനോട്‌ മാപ്പപേക്ഷ എഴുതിക്കൊടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. 'മാപ്പു പറയണമോ എന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ല" ഫര്‍ഹാന്‍ പറയുന്നു "എന്തിനാണ്‌ ഞാന്‍ മാപ്പു പറയേണ്ടത്‌? ഈ രാഷ്ട്രീയ തടവുകാര്‍ തീവ്രവാദത്തെ പിന്തുണക്കുന്നു എന്ന സര്‍ക്കാര്‍ വാദം നുണയാണെന്ന് പറഞ്ഞതിനോ?". ഫര്‍ഹാന്റെ അറസ്റ്റിനു ശേഷം, അയാള്‍ക്കുവേണ്ടി അയാളുടെ സുഹൃത്തുക്കള്‍ ഫര്‍ഹാന്റെ വെബ്ബില്‍ (www.alfarhan.org) അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്‌ ഏറ്റെടുത്തിരിക്കുന്നു.

രാജ്യത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതാദ്യമായാണ്‌ ഒരു ബ്ലോഗ്ഗറെ അറസ്റ്റു ചെയ്യുന്നതെന്ന്, ഫര്‍ഹാന്റെ അടുത്ത സുഹൃത്തായ അഹമ്മദ്‌ അല്‍-ഒമ്രാന്‍ വെളിപ്പെടുത്തി. സൗദി ബ്ലോഗ്ഗര്‍മാരുടെയിടയിലും, അഭിഭാഷകസമൂഹത്തിലും, ഈ അറസ്റ്റ്‌ വ്യാപകമായ ആശങ്ക പടര്‍ത്തിയിട്ടുണ്ട്‌. "ഇത്‌ വളരെ വലിയ പ്രത്യാഘാതം ഉണ്ടാക്കാന്‍ ഇടയുള്ള ഒരു സംഭവമാണ്‌. ബ്ലോഗ്ഗില്‍ എഴുതുന്നതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെടുക എന്നത്‌ വിചിത്രമാണ്‌. പക്ഷേ, ബ്ലോഗ്ഗിലെ ശബ്ദങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതാണ്‌ ഇത്‌ വെളിവാക്കുന്നത്‌. അതേ സമയം, സമൂഹത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച്‌ എഴുതുന്ന ആളുകള്‍ അറസ്റ്റു ചെയ്യപ്പെടുകയും, വിദ്വേഷവും അക്രമവും പരസ്യമായി നടത്തുന്നവര്‍ രക്ഷപ്പെടുകയും ചെയ്യുക എന്നത്‌ ദു:ഖകരമാണ്‌", ഒരു ഫോണ്‍ സംഭാഷണത്തില്‍ ഒമ്രാന്‍ അഭിപ്രായപ്പെട്ടു.

സ്വന്തം പേര്‍ വെച്ച്‌, അറബിയില്‍ ബ്ലോഗ്ഗ്‌ എഴുതുന്ന ചുരുക്കം സൗദി എഴുത്തുകാരില്‍ ഒരാളാണ്‌ ഫര്‍ഹാന്‍. ഫര്‍ഹാന്റെ ബ്ലോഗ്ഗിന്റെ തലവാചകം, "സ്വാതന്ത്ര്യം, അഭിമാനം, നീതി, തുല്ല്യത, പൊതുജനപങ്കാളിത്തം ആദിയായ നഷ്ടപ്പെട്ടുപോയ ഇസ്ലാമിക മൂല്യങ്ങള്‍ക്ക്‌" എന്നാണ്‌.

എന്തുകൊണ്ടാണ്‌ ഫര്‍ഹാനെ അറസ്റ്റു ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 'ഇത്‌ ഒരു സുരക്ഷാവിഷയമല്ല, ഫര്‍ഹാനെ ജയിലില്‍ അടച്ചിട്ടൊന്നുമില്ല. ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌. അത്‌ നീണ്ടുപോകാന്‍ ഇടയില്ല. അവര്‍ക്ക്‌ ആവശ്യമുള്ള വിവരങ്ങള്‍ ലഭിച്ചാലുടന്‍ അയാളെ സ്വതന്ത്രനാക്കും' എന്നാണ്‌ ജനറല്‍ തുര്‍ക്കി പറയുന്നത്‌.

കഴിഞ്ഞ മാസമാണ്‌ 19 വയസ്സുള്ള, ബലാത്സംഗത്തിനു വിധേയയായ ഒരു സൗദി വനിതയെ, അവിഹിതബന്ധം ആരോപിച്ച്‌, സൗദി സര്‍ക്കാര്‍ ശിക്ഷിച്ചത്‌. അവരുടെ പേരിലുള്ള കുറ്റം പൂര്‍ണ്ണമായി തെളിയിക്കാന്‍ കോടതിക്കു സാധിച്ചിരുന്നില്ല. അവരുടെ അഭിഭാഷകനെ കോടതിയില്‍ സന്നിഹിതനാകുന്നതില്‍നിന്ന് വിലക്കുകയുമുണ്ടായി. ബലാത്സംഗത്തിനു വിധേയയായതിനേക്കാള്‍ കോടതി പ്രാധാന്യം കൊടുത്തത്‌, ആ സ്ത്രീ അന്യപുരുഷന്‍മാരുടെകൂടെ കാറില്‍ യാത്ര ചെയ്തു എന്ന കുറ്റത്തിനായിരുന്നു. ആദ്യം 90 ചാട്ടവാറടി വിധിച്ച ബഹുമാനപ്പെട്ട കോടതി, ആ യുവതിയുടെ അപ്പീലിനെത്തുടര്‍ന്ന്, അടിയുടെ എണ്ണം 200 ആക്കുകയും ചെയ്തു. പറയുമ്പോള്‍ എല്ലാം പറയണമെന്നല്ലേ. ബലാത്സംഗം ചെയ്തവരുടെ ശിക്ഷയും കോടതി ഇരട്ടിപ്പിക്കുകയുണ്ടായി.

ഇങ്ങനെയൊക്കെയുള്ള രാജ്യത്തിന്റെ തലവന്‍, വിശുദ്ധദേവാലയങ്ങളുടെ സൂക്ഷിപ്പുകാരന്‍, അബ്ദുള്ള രാജാവാണ്‌ ഇക്കഴിഞ്ഞ ഒക്ടോബറില്‍ തന്റെ ബ്രിട്ടീഷ്‌ സന്ദര്‍ശനവേളയില്‍, ബ്രിട്ടനിലെ നിയമങ്ങള്‍ പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത 'ഊന്നിപ്പറഞ്ഞത്‌'. സ്ത്രീകള്‍ക്ക്‌ വാഹനമോടിക്കാനുള്ള മിനിമം സ്വാതന്ത്ര്യമൊക്കെ കൊടുത്തതിനു ശേഷം മതി ഈ ഗീര്‍വ്വാണവും, മറ്റുള്ളവരെ പഠിപ്പിക്കലുമൊക്കെ എന്ന് റോബര്‍ട്ട്‌ ഫിസ്ക്കിന്‌ The Indepedent-ല്‍ തുറന്നടിക്കേണ്ടിവന്നതും, അതുകൊണ്ടുതന്നെയാണ്‌.