Sunday, December 9, 2018

മനുഷ്യർക്കും സഹജീവികൾക്കുമിടയിൽ


ആമോസ് ഓസിന്റെ ‘ലബനൺന്റെ ചെരിവുകൾ (Slopes of Lebanon) ഓസിന്റെ മറ്റേതൊരു പുസ്തകത്തേയും‌പോലെ ഉൾക്കാഴ്ചകളുടെ ഒരു വലിയ ഖനിയാണ് നമുക്കുമുമ്പിൽ തുറന്നുവെക്കുന്നത്. 80-കളിലെഴുതിയ ലേഖങ്ങളുടെയും ഹ്രസ്വമായ ചില കുറിപ്പുകളുടെയും സമാഹാരമാണ് ഈ പുസ്തകം.

ദേശരാഷ്ട്രമെന്ന കപടനിർമ്മിതിയെ, അതിന്റെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെയൊന്നാകെ, മനുഷ്യത്വത്തിന്റെയും സ്വതന്ത്രമായ യുക്തിചിന്തയുടെയും ഉരകല്ലിൽ‌വെച്ച് പരിശോധിക്കുകയാണ് ആമോസ് ഓസ് ഇവിടെയും ചെയ്യുന്നത്. ഇസ്രായേലെന്ന സ്വന്തം രാജ്യത്തിന്റെ ആന്തരികവും ബാഹ്യവുമായ രാഷ്ട്രീയ-സാംസ്ക്കാരിക അധിനിവേശങ്ങൾക്കെതിരെ കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി വിമതശബ്ദമുയർത്തിക്കൊണ്ടിരിക്കുന്ന ‘ജീവിച്ചിരിക്കുന്ന ഈ പ്രവാചക‘ന്റെ രാഷ്ട്രീയനിലപാടുകളുടെ ശരിമയും യുക്തിയും, തെളിമയും ഓരോ വരികളിലും, ഓരോ വാക്കുകളിലും നമ്മെ അതിശയിപ്പിക്കും. അതിശയോക്തികളിലേക്ക് ഒരിക്കൽ‌പ്പോലും വഴുതിവീഴാതെ, തന്റെ ഉറച്ച  രാഷ്ട്രീയപ്രത്യയശാസ്ത്രം പോലും തന്റെ കാഴ്ചകൾക്ക് വിഘാതമാകരുതെന്ന നിരന്തരശാഠ്യത്തോടെ ഇസ്രായേലിന്റെ നാൾവഴികളെ ആ മനുഷ്യൻ നിരന്തരം വിമർശനവിധേയമാക്കുകയാണ് തന്റെ ഓരോ പുസ്തകത്തിലും.

വെറും വിമർശനങ്ങളിലൊതുങ്ങുന്നില്ല ആമോസ് ഓസിന്റെ ഇടപെടൽ. ഒരേ മണ്ണിന്മേലുള്ള രണ്ട് ജനതകളുടെ തുല്യാവകാശങ്ങളെക്കുറിച്ച്, ഇനിവരുന്ന തലമുറകൾക്കുവേണ്ടിയെങ്കിലും, സമാധാനപരമായി അത് പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, കൃത്യമായ മാർഗ്ഗങ്ങൾപോലും ആ എഴുത്തുകളിൽ പലയിടത്തായി ചിതറിക്കിടക്കുന്നുണ്ട്. മറ്റുള്ളവരിൽനിന്ന് ആമോസ് ഓസിനെ വ്യത്യസ്തനാക്കുന്ന ഘടകവും അതാണ്.

ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജൂദാസിലും ഓസ്, ഇതേ വിഷയം, കൂടുതൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ‘ജൂദാസി‘ലെ ഷെൽതീൽ എബ്രവാനേൽ ( Shealtiel Abravanel)  എന്ന സന്നിഹിതനല്ലാത്ത കഥാപാത്രം ആമോസ് ഓസ് തന്നെയായിരിക്കാനേ വഴിയുള്ളു. എബ്രവാനേലിന്റെ ഗതിതന്നെയായിരിക്കും ഇന്നല്ലെങ്കിൽ നാളെ തനിക്കും എന്ന് ആമോസും കരുതുന്നുണ്ടാവാനും മതി. അത്രമാത്രം അനഭിമതനാണ് ജൂതരാഷ്ട്രാവാദികൾക്ക്, ഇസ്രായേലിലെ ഈ ‘പ്രവാചകൻ’.

Slopes of Lebanon-ലെ ഒരു ഭാഗം, ക്ലോഡ് ലാൻസ്മാന്റെ ഒരു ഡോക്യുമെന്ററിയെക്കുറിച്ചുള്ള ആറ് ലേഖനങ്ങളാണ്. അതിലെ ആദ്യത്തെ ലേഖനത്തിന്റെ പരിഭാഷയാണ് താഴെയുള്ളത്. സൌകര്യം കിട്ടിയാൽ ബാക്കി അഞ്ചെണ്ണം‌കൂടി ചെയ്യണമെന്നുണ്ട്. ഉറപ്പില്ല.


മനുഷ്യർക്കും സഹജീവികൾക്കുമിടയിൽ

കണ്ടിട്ടുള്ളതിൽവെച്ചേറ്റവും ശക്തമായ സിനിമയായി എനിക്കനുഭവപ്പെട്ടിട്ടുള്ളത് 1ക്ലാഡ് ലാൻസ്മാന്റെ 2ഷൊവ, ഹോളോകാസ്റ്റിന്റെ ഒരു വാങ്മയ ചരിത്രമാണ്.
ഓഷ്വിറ്റ്സിനെ ‘ ‘ചാരങ്ങളുടെ ഒരു ഗ്രഹമെന്നാണ്, 3ഏഷ്മാൻ വിചാരണയ്ക്കിടയ്ക്ക്, സാക്ഷിക്കൂട്ടിൽവെച്ച് തളർന്നുവീണ 4കാ സെട്നിക്ക് എന്ന ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത്.

ജൂതന്മാരുടെ സർവ്വനാശം നടന്നത് മറ്റൊരു ഗ്രഹത്തിലായിരുന്നുവെന്നും, അവിടെ അന്നില്ലാതിരുന്ന ഒരാൾക്കും  അതിനെ പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ‘ഇസ്രായേലിൽ ജനിച്ചവരുടെയുള്ളിൽ ഹോളോകാസ്റ്റിനെക്കുറിച്ചുള്ള അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, അദ്ധ്യാപകരും, പൊതുമണ്ഡലത്തിലെ വ്യക്തികളും, പ്രാസംഗികരുമൊക്കെ നമ്മുടെയുള്ളിൽ നട്ടുവളർത്താൻ ശ്രമിച്ച അതേ ആശയങ്ങളാണ് കാ സെട്നിക്കും ആവർത്തിക്കുന്നത്. മാനുഷികസ്വഭാവമില്ലാത്ത, പൈശാചികമായ, അതിഭൌതികമായ എന്തോ അവിടെ സംഭവിച്ചുവെന്ന്. ചരിത്രത്തെ മധ്യത്തിൽവെച്ച് മുറിച്ച് മറ്റേതോ ഗ്രഹത്തിലേക്ക് മാറ്റിപ്രതിഷ്ഠിച്ചതുപോലെ, ഉൾക്കൊള്ളാൻ പറ്റാത്ത ഒന്നായിരുന്നു ഹോളോകാസ്റ്റെന്ന് അവർ നമ്മളോട് പറയുകയും നമ്മളത് ആവർത്തിക്കുകയും ചെയ്തു.

ഹോളൊകാസ്റ്റെന്ന വാക്കുതന്നെ, സംഹാരത്തെക്കുറിച്ചുള്ള, മനുഷ്യസാധാരണമല്ലാത്ത ഒന്നിനെയാണ് സങ്കല്പനം ചെയ്യുന്നത്. മനുഷ്യന് നിർമ്മിക്കാനോ, തടയാനോ, സ്വാധീനിക്കാനോ കഴിയാത്ത, മനുഷ്യബുദ്ധിക്ക് വഴങ്ങാത്ത കാരണങ്ങളും രീതിയിലുമുള്ള, ഭൂമികുലുക്കം പോലെയോ, പ്രളയം പോലെയോ, ചുഴലിക്കാറ്റുപോലെയോ ഉള്ള പ്രകൃതിയുടെ ഒരു സ്ഫോടനം, അങ്ങിനെയൊക്കെയാണ് നമുക്ക് വാക്കിനെ തോന്നുക.

ഇതിന്റെ പൂർണ്ണമായും എതിർവശത്തുള്ള ഇടത്തിൽനിന്നാണ് ക്ലാഡ് ലാൻസ്മാൻ സിനിമ നിർമ്മിക്കുന്നത്. ഷോവ (ജൂതഹത്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക്) എന്ന ഹീബ്രു ശീർഷകം ഉപയോഗിച്ചിട്ടുണ്ടെങ്കിലും, മഹാ സംഹാരത്തെ, ചരിത്രബാഹ്യമായല്ല, ഉള്ളിൽനിന്നുതന്നെ നമുക്ക് മനസ്സിലാക്കാനാകുമെന്നും, ഇത് മനുഷ്യബാഹ്യമായ ഒരു സ്വഭാവമല്ല, മറിച്ച് അതിന്റെതന്നെ ഒരു ഭാഗമാണെന്നും, അത് മനസ്സിലാകണമെങ്കിൽ, ഏറ്റവും ചെറിയ വിശദാംശങ്ങളിലേക്ക് പോയേ തീരൂവെന്നുമാണ് ക്ലാഡ് നമ്മളോട് പറയുന്നത്. ഇവയൊന്നും മറ്റൊരു ഗ്രഹത്തിൽ നടന്ന കാര്യങ്ങളല്ല. ഭൂമിയിൽത്തന്നെയായിരുന്നു. കാടുകൾക്കും താഴ്വരകൾക്കും മനോഹരമായ കുന്നുകൾക്കുമിടയിൽ; സ്വച്ഛസുന്ദരമായ ഗ്രാമങ്ങളിൽ; കുതിച്ചുപായുന്ന അരുവികളുടെ കരകളിൽ, കന്നുകാലികളെ മേയ്ക്കുകയും, ശീട്ടുകളിക്കുകയും, ശിശിരത്തിനുമുന്നേ വീടുകളുടെ ഓടുമേയുകയും ചെയ്യുന്ന മനുഷ്യരിൽനിന്ന് അകലത്തല്ലാത്ത സ്ഥലങ്ങളിൽ. ചാരങ്ങളുടെ ഗ്രഹങ്ങളൊന്നുമില്ല. കൊലചെയ്യപ്പെട്ട മനുഷ്യർ വിശുദ്ധരൊന്നുമായിരുന്നുമില്ല. നമ്മളെയെല്ലാവരെയുംപോലെ സാധാരാണക്കാരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായിരുന്നു അവർ. ശുഭാപ്തിവിശ്വാസികളും, ഭയന്നുവിറച്ചവരും, പരിമിതമായ ഭാവനകളുമുള്ളവർ. കൂട്ടക്കൊലകളെ വളരെയടുത്തുനിന്ന് വീക്ഷിച്ച പോളണ്ടിലെ കർഷകർ - നിർവ്വികാരരായ, ഗൂഢാലോചനയിൽ പങ്കാളികളായ, കഠിനചിത്തരായ ദൃക്സാക്ഷികൾ, അവരും മറ്റേതൊരാളെയുംപോലെ മനുഷ്യർതന്നെയായിരുന്നു. കൂട്ടക്കൊലയെ സാമർത്ഥ്യംകൊണ്ടും, ഭാഗ്യംകൊണ്ടും, ധൈര്യംകൊണ്ടും അതിജീവിച്ച മനുഷ്യരാകട്ടെ, അവരും മനുഷ്യർമാത്രമായിരുന്നു.

ഇനി, കൊലപാതകികളോ, അവരും മനുഷ്യരായിരുന്നു. തീവമിക്കുന്ന, ദേഹമാസകലം രോമം വളർന്ന, അതികായരായ ചെകുത്താന്മാരൊന്നുമായിരുന്നില്ല അവരും. ഒരുപക്ഷേ മറ്റ് സാധാരണ, ശരാശരി മനുഷ്യരേക്കാൾ കുറച്ചധികം വിഡ്ഢികളെന്നതിൽക്കവിഞ്ഞൊന്നുമായിരുന്നില്ല അവരും.
ലാൻസ്മാന്റെ, ഒമ്പതരമണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ ഒരാൾപോലും ജീവിതത്തിൽ കാണുന്നവരേക്കാൾ ഭീമരൂപികളായിരുന്നില്ല.
5ഏഷ്മാൻ ജറുസലേമിൽഎന്ന പുസ്തകത്തിൽ 6ഹന്നാ അരാൻഡ്ട് അവതരിപ്പിക്കുന്ന കൌശലം നിറഞ്ഞ പ്രയോഗത്തെ - ‘ദുഷ്ടതയുടെ സാധാരണത്വം‘ – ലാൻസ്മാന്റെ വീക്ഷണവുമായി കൂട്ടിക്കുഴയ്ക്കരുത്. ദുഷ്ടതയെ സാധാരണത്വമായി ലാൻസ്മാൻ കാണുന്നില്ല. സാധാരണത്വമെന്ന് തോന്നിപ്പിക്കുന്ന, സ്വാർത്ഥതയും മൂഢത്വവും നിർവ്വികാരതയും അജ്ഞാനവും ഒന്നുപോലെ കൂടിക്കലർന്ന, മുൻവിധിയോടുകൂടിയ വിദ്രോഹമനസ്ഥിതിയായിട്ടാണ് ലാൻസ്‌‌മാൻ ദുഷ്ടതയെ കാണുന്നത്. ജൂതന്മാരുടെ നാശം, ലാൻസ്മാനെ സംബന്ധിച്ചിടത്തോളം, ഭാവനാ സൃഷ്ടമായ ഒരു നാടകമോ, അതിഭൌതികമായ ഒരു ദുരന്തമോ, മതപഠനാനുഭവമോ, അസ്തിത്വപ്രതീകമോ അല്ല. അവസാനനിമിഷംവരെ തങ്ങൾക്കെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മനസ്സിലാകാതിരുന്ന ഒരുകൂട്ടം മനുഷ്യരോട്, മറ്റ് ചില മനുഷ്യർ, ഇനിയും മറ്റു ചില മനുഷ്യരുടെ സഹായത്തോടെയും അവരുടെ സാന്നിധ്യത്തിലും ചെയ്ത പ്രവൃത്തികളുടെ ആകെത്തുകയെ, ഒരു ഭൂതാവിഷ്ടനെപ്പോലെ, ചെറിയ ചെറിയ സാങ്കേതിക വിശദാംശങ്ങളിലൂടെ പുനർനിർമ്മിക്കുകയാണ് ലാൻസ്മാൻ ചെയ്യുന്നത്. ആ പ്രവൃത്തികൾക്ക് സഹായം ചെയ്തുകൊടുത്ത മനുഷ്യരാകട്ടെ, അനുസരണക്കേട് കാണിക്കാൻ അശക്തരായിരുന്നതുകൊണ്ടാണ് അതിൽ കൈയാളുകളായത്.

അതിനെതിർനിന്ന, കലഹിച്ച  ചുരുക്കം ചില നായകരും, എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ മനുഷ്യരും, അവരും അസാധാരണമനുഷ്യരൊന്നുമായിരുന്നില്ല. ദൈവത്തിനും, ചെകുത്താനും, ചരിത്രത്തിന്റെ സത്തക്കും ഒന്നിനും ഈ ചിത്രത്തിൽ ഒരു സ്ഥാനവുമില്ല. ആ കൊലപാതകങ്ങൾ, ‘ജർമ്മാനിക് ഉശിരി‘ന്റെ യുക്തിസഹമായ അമിതവളർച്ചയായിരുന്നുവെന്ന വ്യാപകമായ പൊതുധാരണയിൽനിന്നും, സർവ്വവ്യാപിയായ ഈ വിഷാണുക്കളിൽനിന്ന് ഒരു വ്യക്തിയും ജനതയും മുക്തരല്ലെന്നുള്ള പൊതുവായ നിഗമനത്തിൽനിന്നും ഒരുപോലെ കാഴ്ച്ചക്കാരനെ അകലേയ്ക്ക് മാറ്റിനിർത്തുകയാണ് ഈ സിനിമ ചെയ്യുന്നത്. തീവ്രമായ ക്രിസ്ത്യൻ സെമിറ്റിക്ക് വിരുദ്ധതയുടെ അത്ഭുതകരവും ചുട്ടുപൊള്ളിക്കുന്നതുമായ ദൃശ്യമുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്.  എന്നാൽ ഇതിൽ അഭിമുഖം ചെയ്യപ്പെടുന്ന നാസികൾ, തേയ്മാനം വന്ന ആ സെമിറ്റിക്ക് വിരുദ്ധതകൾ ഉപയോഗിക്കുന്നതേയില്ല. സെമിറ്റിക്ക് വിരോധികളെപ്പോലെ സംസാരിക്കുകയേ ചെയ്യുന്നില്ല അവർ. ഹീനമായ ഒരു  പ്രവൃത്തി തങ്ങൾക്ക് ചെയ്യേണ്ടിവന്നു, വളരെ ബുദ്ധിമുട്ടേറിയതും നീചവുമായ സാഹചര്യത്തിൽ ഞങ്ങളാ കർത്തവ്യം നിർവ്വഹിച്ചു എന്നുമാത്രമാണവർ ഈ സിനിമയിലുടനീളം പറയുന്നത്. പ്രതിബിംബങ്ങളും ചിഹ്നങ്ങളും സിനിമയിൽ കാണാറുള്ള രൂപകങ്ങളും ഒന്നുംതന്നെ ഈ സിനിമയിലില്ലെന്നുതന്നെ പറയാം. തീവണ്ടികളെ പ്രതീകവത്കരിക്കുന്ന തീവണ്ടികളുണ്ട് ഇതിൽ. മഞ്ഞിനുപകരം മഞ്ഞും, കാടിനുപകരം കാടുമുണ്ട്. ജൂതന്മാരുടെ അരുംകൊലതന്നെ ഒരു പ്രാചീന രൂപകത്തിന്റെ പ്രത്യക്ഷമായ ചിഹ്നമാണെന്ന് അറിയാവുന്നതുകൊണ്ടായിരിക്കണം,  ഒരുപക്ഷേ  ലാൻസ്മാൻ രൂപകങ്ങളെ തന്റെ സിനിമയിൽനിന്ന് അകറ്റിനിർത്തിയത്.

അപ്പോൾ, ഈ സിനിമയുടെ കേന്ദ്രബിന്ദു എന്താണ്? വ്യാവസായികാർത്ഥത്തിൽ പറയുന്ന സിസ്റ്റം അനലിസിസാണ് (വ്യവസ്ഥയുടെ വിശകലനം) ഈ സിനിമ ലക്ഷ്യമാക്കുന്നത്. 1941-ലാണ് ജൂതരുടെ കൂട്ടക്കൊലകൾ ആരംഭിക്കുന്നത്. ലളിതവും പ്രാകൃതവുമായ മാർഗ്ഗങ്ങളാണ് അതിനവർ ഉപയോഗിച്ചിരുന്നത്. വെടിവെച്ചുകൊല്ലലും, കൂട്ടത്തോടെ മറവുചെയ്യലും. ‘ഉത്പാദന പരിമിതികൾമറികടക്കാൻ, ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ, ട്രക്കുകൾക്കുള്ളിൽ, എക്സ്‌‌ഹോസ്റ്റ് പൈപ്പുപയോഗിച്ച് കാർബൺ മോണോക്സൈഡ് നിറച്ച് ആളുകളെ കൂട്ടത്തോടെ ഒറ്റയടിയ്ക്ക് കൊല്ലുന്ന പരിപാടി തുടങ്ങി. കൂട്ടത്തോടെ മറവുചെയ്യുന്നതിനുപകരമായി, തുറസ്സായ ചിതകളും ഒരുക്കി. ഒരുവർഷത്തിനുള്ളിൽ കൂടുതൽ ആധുനികമായ കൊലപാതകരീതികൾ അവർ വികസിപ്പിച്ചു. 7സൈൿലോൺ-ബി വാതകം നിറച്ച്, കുളിമുറികളെപ്പോലെ തോന്നിപ്പിക്കുന്ന ചേംബറുകൾ. ദിവസവും ആയിരക്കണക്കിന്  ശവശരീരങ്ങളെ ചാമ്പലാക്കാൻ പ്രാപ്തമായ ചിതകളുമൊരുങ്ങി.

ഈ വിധത്തിൽ, ജർമ്മനിയുടെ കീഴടങ്ങൽവരെ ഉത്പാദനശൃംഖലയെ നവീകരിക്കുന്ന പ്രക്രിയ തുടർന്നുപോന്നു. അദ്ധ്വാനശീലരും ഭാവനാശാലികളും തൊഴിലിനോട് ആത്മാർത്ഥതയുമുള്ള ഉത്പാദന സാങ്കേത്കവിദഗ്ദ്ധരിലേക്ക് ഹോളോകാസ്റ്റിനെ ചുരുക്കിക്കൊണ്ടുവന്നു. മുന്നണിയിലേക്ക് ജർമ്മൻ മനുഷ്യവിഭവശേഷിക്ക് പകരം, നൂറുകണക്കിന് ഉക്രേയിനികളെയും ലിത്വാനിയന്മാരെയും ആവശ്യം വന്നു. സവിശേഷവൈദഗ്ദ്ധ്യവും കഴിവുറ്റവരുമാകാൻ ആയിരക്കണക്കിന് ജൂതഉത്പാദന തൊഴിലാളികൾനിർബന്ധിക്കപ്പെട്ടു. മരണത്തിന്റെ വ്യവസായത്തിന് പരമാവധി പാരിസ്ഥിതിക സാഹചര്യമൊരുക്കിക്കൊണ്ട്,  പ്രക്രിയയെ നടപ്പിൽ വരുത്താൻ പോളണ്ടിലെ ഒരു ജനത വേറെയും.

മനസ്സിലാക്കാൻ പറ്റാത്തതായി ഒന്നുംതന്നെ ഇതിലില്ല. ജർമ്മൻ ഉശിരിൽനിന്ന്മാർട്ടിൻ ലൂഥർ, ഗേയ്ഥേ, ഹെഗൽ, ചേംബർലൈൻ, നീഷേ, ഗൊബിനൊ, റിച്ചാർഡ് വാഗ്നർ, 8നെബുലൻഗൻലെ (പ്രാക്തന ജർമ്മാനിക് ഗോത്രങ്ങളുടെ ഒരു ഗാനം)- ഉയിർകൊണ്ട ഭീകരതയെയല്ല ലാൻസ്മാൻ ഇവിടെ കൈകാര്യം ചെയ്യുന്നത്. പകരം, വസ്തുതകളിലേക്ക്, സാങ്കേതികവിദ്യയിലേക്ക് കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. ക്യാമറയുടെ മുന്നിലിരുന്ന്, 9കോർഫുവിൽനിന്നുള്ള ഒരു ജൂത കരകൌശലത്തൊഴിലാളി, നാണിച്ച ഒരു ചിരിയോടെ ഒരു കടലാസ്സിൽ നാല് പന്നികളെ വരച്ച്, അതേ കടലാസ്സ് ഒരു പ്രത്യേകരീതിയിൽ മടക്കുമ്പോഴാണ് ഹിറ്റ്ലർ പോലും ഒരേയൊരുതവണ ഈ സിനിമയിൽപ്രത്യക്ഷപ്പെടുന്നത്. മറ്റൊന്നുമില്ല. ഒരു ചെകുത്താനുമില്ല ഇതിൽ. മനുഷ്യർക്കിടയിൽ ഒരു ഇടപാടുപോലെയാണ് ജൂതക്കൊല ഇതിൽ ഇടംപിടിക്കുന്നത്. ‘മനുഷ്യനും അവന്റെ സഹജീവിക്കുമിടയിൽ ഒരു കാര്യംപോലെഎന്ന് എഴുതാൻപോയതാണ് ഞാൻ.

ഈ വണ്ടിയിൽ
ഹവ്വയെന്ന ഞാനും, ആബേലും.
എന്റെ മൂത്തമകനെ,  ആദാമിന്റെ മകൻ കായിനെ
കണ്ടാൽ പറയണം
ഞാൻ
(10ഡാൻ പേജിസിന്റെ 11താഴിട്ടുപൂട്ടിയ വണ്ടിയിലിരുന്ന് പെൻസിൽകൊണ്ട് എഴുതിയത്എന്ന കവിത. മെറ്റമോർഫസിസ് എന്ന സമാഹാരത്തിൽനിന്ന്)

ഞാൻ എന്ത്? എന്ത് പറയണമെന്ന്?

കവിത അപൂർണ്ണമാണ്. ഒന്നുമില്ല. നിശ്ശബ്ദത. ലാൻസ്മാന്റെ സിനിമ അവസാനിക്കുന്നതും അങ്ങിനെയാണ്. പാളത്തിലൂടെ നീങ്ങുന്ന അടച്ചുപൂട്ടിയ ഒരു തീവണ്ടി. പിന്നെ നിശ്ശബ്ദത. ഒന്നും പഠിപ്പിക്കുന്നില്ല. ഒരു ഗുണപാഠവുമില്ല.

നിസ്സാരമെന്ന് തോന്നുന്ന ഒരു ചെറിയ കാര്യമൊഴിച്ച്. ഇതിൽ ഉൾപ്പെട്ട എല്ലാവർക്കുംജൂതന്മാർ, ജർമ്മൻകാർ, പോളണ്ടുകാർ, എല്ലാവർക്കും- വിരലുകളും ചുണ്ടുകളും കൺപീലികളുമുണ്ട്. അവരെല്ലാം വൃദ്ധരായിരിക്കുന്നു. വസ്ത്രങ്ങൾ ധരിക്കുകയും, ഭക്ഷണം കഴിക്കുകയും, ഇരിക്കുകയും, ഉണരുകയും ഉറങ്ങാൻപോവുകയും ചെയ്യുന്നു അവരെല്ലാവരും. ചിലരെല്ലാം രോഗങ്ങൾകൊണ്ടും അവശതകൊണ്ടും ബുദ്ധിമുട്ടുന്നുണ്ട്. മറ്റ് ചിലർ, പ്രായമായെങ്കിലും അത്ര വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പോയിക്കൊണ്ടിരിക്കുന്നു. കൊല്ലപ്പെട്ട ദശലക്ഷങ്ങളുടെ ജീവിതമൊഴികെ ഒന്നും അവസാനിക്കുകയോ പരിഹരിക്കപ്പെടുകയോ ചെയ്തിട്ടില്ല. ദുരിതങ്ങൾ ഇപ്പോഴും  തുടർക്കഥയാവുന്നതിനാൽ വംശഹത്യ അവസാനിച്ചിട്ടില്ല. മറക്കാനുള്ള നിശ്ചയദാർഢ്യംകൊണ്ടുള്ള മറവി മാത്രം തുടർന്നുകൊണ്ടിരിക്കുന്നു. എല്ലാം ഒഴുകിക്കൊണ്ടിരിക്കുന്നു. ഒരേ പുഴയിൽ രണ്ടുതവണ മുങ്ങിക്കുളിക്കുകയെന്നത്, ലാൻസ്മാനെ സംബന്ധിച്ചിടത്തോളം ഒരേസമയം സാധ്യവും അസാധ്യവുമാണ്. കായിന്റെ സ്വീകരണമുറിയിലിരുന്ന്, ഒരു കപ്പ് ചായകുടിച്ചുകൊണ്ട്, അടച്ചുപൂട്ടിയ ആ വണ്ടിയിൽ എങ്ങോട്ടോ പോയ ഹവ്വയെയും ആബലിനെയുംകുറിച്ച് സംഭാഷണത്തിലേർപ്പെടുക എന്നതും, അതുപോലെ, ഒരേസമയം സാധ്യവും അസാധ്യവുമാണ്.

എന്താണ് തോന്നിയത്?’  ട്രെബ്ലിങ്കയിലെ ഗ്യാസ് ചേംബറുകളിൽനിന്ന് ശവശരീരങ്ങൾ പുറത്തുവീഴുന്നത് ആദ്യമായി കണ്ടപ്പോഴുണ്ടായ അനുഭവമെന്തായിരുന്നു?’  വൃദ്ധനും അവശനുമായ മുൻ നാസി ഉദ്യോഗസ്ഥൻ 12ഫ്രാൻസ് സുഷോമേലിനോട്, ഒളിക്യാമറയുടെ സാന്നിധ്യത്തിൽ, ലാൻസ്മാൻ ചോദിക്കുന്നുണ്ട്.

മനുഷ്യർ ഉരുളക്കിഴങ്ങുകൾപോലെ പുറത്തേക്ക് വീഴുകയായിരുന്നു’. അത്ഭുതവും വിഷാദവും നിഴലിക്കുന്ന ശബ്ദത്തിൽ ആ കൊലയാളി ഓർത്തെടുത്തു. “എന്തിനത്ഭുതപ്പെടണം? വയസ്സായ സ്ത്രീകളെപ്പോലെ ഞങ്ങളും ആദ്യം കുറേ കരഞ്ഞു. അതൊരു മഹാദുരന്തമായിരുന്നു മിസ്റ്റർ ലാൻസ്മാൻ. മനസ്സിലാവുന്നുണ്ടോ നിങ്ങൾക്ക്? അതൊരു മഹാദുരന്തമായിരുന്നു”. അയാൾ പറഞ്ഞു.

(പറ്റിയാൽ തുടരും)

സൂചനകൾ:

1.    Claude Lanzmann – ഇക്കഴിഞ്ഞ ജൂലായിൽ അന്തരിച്ച ഫ്രഞ്ച് സിനിമാ സംവിധായകൻ
2.    Shoah: An Oral History of the Holocaust
3.    Eichmann – Adolf Eichmann -  ജർമ്മൻ-ആസ്ത്രിയൻ നാസി ഉദ്യോഗസ്ഥൻ. 1962ൽ തൂക്കിലേറ്റപ്പെട്ടു.
4.    Ka-Tzetnik – യഥാർത്ഥ നാമംYehiel De Nur ഓഷ്‌വിറ്റ്സിനെ അതിജീവിച്ച ഇസ്രായേലി സാഹിത്യകാരൻ
5.    Eichmann in Jerusalem
6.    Hannah Arendt – ജർമ്മൻ തത്ത്വചിന്തകയും രാഷ്ട്രീയ സൈദ്ധാന്തികയും.
7.    Zyklon-B – ഹൈഡ്രജൻ സയനൈഡ് അടങ്ങിയ ഒരു കീടനാശിനി.
8.    Nibelungenlied
9.     Corfu – ഗ്രീസിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ ദ്വീപ്. Kerkyra എന്നും പേരുണ്ട്.
10.   Dan Pagis – ഇസ്രായേലി കവി. ഓഷ്‌വിറ്റ്സിൽനിന്ന് രക്ഷപ്പെട്ട മറ്റൊരാൾ.
11.  Written in Pencil in the Sealed Wagon
12.  Franz Suchomel – നാസി കുറ്റവാളി.

Saturday, January 17, 2015

മെയ്ഡ് ഫോര്‍ അസ്



കുറച്ചു ദിവസം മുന്‍പ്, വളരെ അടുത്തൊരു ബന്ധു ഒരു പഴയ കുടുംബ ചിത്രം ഇട്ടിരുന്നു ഫേസ്‌ബുക്കില്‍. മുത്തശ്ശന്റെ താവഴിയിലെ. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചിത്രം. ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ്. അതിലെ അന്നത്തെ തരുണീമണികളൊക്കെ ഇന്ന് എഴുപതു കഴിഞ്ഞ മുത്തശ്ശിമാരാണ്. ആണ്‍കുട്ടികള്‍ മുത്തശ്ശന്മാരും.
വീട്ടുകാരുടെ കൂടെ മറ്റൊരാള്‍ കൂടി ഉണ്ട് ആ ചിത്രത്തില്‍. അവരെക്കുറിച്ചു മാത്രമാണ്‌ ഇന്നിതെഴുതുന്നതുവരെ ഞാന്‍ ഇടയ്ക്കിടയ്ക്ക് ആ ചിത്രത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഓര്‍ത്തുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ അടിക്കുറുപ്പില്‍ എഴുതിയിരുന്നതുപോലെ അവരുടെ ആ 'മെയ്ഡ്". എന്തോ ഭാഗ്യവശാല്‍ ആ മെയ്ഡിനു പേരുണ്ടായിരുന്നു ആ ഫോട്ടോയില്‍.
എവിടെയായിരിക്കും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഇന്ന് മുത്തശ്ശിയോ മുതുമുത്തശ്ശിയോ ആയിരിക്കാവുന്ന ആ 'മെയ്ഡ്'? ജീവിച്ചിരിക്കുന്നുണ്ടാവുമോ ? ആ വീട്ടുകാരിലാരെങ്കിലുമൊരാള്‍ അവരെ ആ ചിത്രത്തിലൂടെയല്ലാതെ ഓര്‍ക്കുന്നുണ്ടാവുമോ? ആ വീട്ടുകാരുടെ കൂടെയുള്ള അവരുടെ ജീവിതം എങ്ങിനെയായിരുന്നിരിക്കണം?
അവിടെനിന്ന് പോയതിനുശേഷമുള്ള അവരുടെ ജീവിതം എങ്ങിനെയായിരുന്നു? അവര്‍ കല്ല്യാണം കഴിച്ചോ? സന്തോഷമായിരുന്നോ ജീവിതം? കുട്ടികള്‍? അവരുടെ വീട്ടിലെ ഏതെങ്കിലുമൊരു പെട്ടിയില്‍ ആ ഫോട്ടോയുടെ കോപ്പി ഉണ്ടായിരിക്കുമോ? നിറം മങ്ങി, ചിതല്‍ പിടിച്ച, മുഖങ്ങള്‍ അവ്യക്തമായ ആ പഴയ ഫോട്ടോ?
ആര്‍ക്കറിയാം?
ഒരിക്കല്‍ ഒരു വീട്ടില്‍ അങ്ങിനെ ഒരു സ്ത്രീയുണ്ടായിരുന്നു. അടുക്കളയിലും വീടിന്റെ പിന്നാമ്പുറത്തും മാത്രം ജീവിച്ചൊടുങ്ങിയ ഒരു സ്ത്രീ. അങ്ങിനെയുള്ള നിരവധി നിരവധി ജന്മങ്ങളില്‍ ഒരുവള്‍. ചിലര്‍ ഫോട്ടോയില്‍ പോലും പെടാതെ അങ്ങിനെയങ്ങു പോകുന്നു. പടിയിറങ്ങിയും പടിയിറക്കപ്പെട്ടും.
നമുക്ക് വേണ്ടി ജനിച്ചവര്‍. മേയ്ഡ് ഫോര്‍ അസ്.

29 August 2014

റെയ്ഹാന ജബ്ബാരിയും ബലാത്സംഗത്തിലെ ന്യായാന്യായങ്ങളും



ബല്‍സാക്കിന്റെ ഒരു കഥയില്‍, ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ കോടതി മുമ്പാകെ വരുന്നുണ്ട്. ബലാത്സംഗം നടന്നിട്ടില്ല എന്ന് ജഡ്ജിയുടെ വിധി. ഒരു പരീക്ഷണത്തിലൂടെ ജഡ്ജി അതു തെളിയിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീയുടെ കൈയ്യില്‍ ഒരു നൂലു കൊടുത്തിട്ട്, തന്റെ കയ്യിലുള്ള സൂചിക്കുഴിയില്‍ അത് കടത്താന്‍ ജഡ്ജി സ്ത്രീയോട് ആവശ്യപ്പെട്ടു. സ്ത്രീ അതിനു ശ്രമിക്കുമ്പോഴൊക്കെ ജഡ്ജി സൂചി ഇളക്കിക്കൊണ്ടിരുന്നു. ഒടുവില്‍ സ്ത്രീ പരാജയം സമ്മതിച്ചു. ജഡ്ജി തന്റെ കയ്യിലുള്ള സൂചിയും സ്ത്രീ നൂലും മേശപ്പുറത്തുവെച്ചു.
"കണ്ടോ, നിങ്ങള്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു" ഗൗരവഭാഗത്തില്‍ ജഡ്ജി സ്ത്രീയോട് പറഞ്ഞു.
സ്ത്രീ പെട്ടെന്ന് മേശപ്പുറത്തുള്ള നൂലെടുത്ത് സൂചിയില്‍ കയറ്റി. "ഇതാണ്‌ സര്‍ സംഭവിച്ചത്. കുറേനേരം ചെറുത്തുനിന്നപ്പോള്‍ ഞാന്‍ ക്ഷീണിച്ചു. ആ സമയത്താണ്‌ ഇങ്ങനെയുണ്ടായത്" ആ സ്ത്രീ കേസ് ജയിച്ചു (ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുന്നതാണ്‌. ജയിച്ചോ ഇല്ലേ എന്നതല്ല പ്രധാനം)
മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന അറുപതുവയസ്സു കഴിഞ്ഞ ഒരു സ്ത്രീയെ അച്ചേ ലാല്‍ എന്നൊരുത്തന്‍ മദ്യലഹരിയില്‍ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ദില്ലി ഹൈക്കോടതിയിലെ ഏമാന്മാര്‍ നിരത്തിയ വിധിന്യായങ്ങള്‍ ബല്‍സാക്കിന്റെ ജഡ്ജിയെയും കടത്തിവെട്ടും. ഇരുവരും പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധം പുലര്‍ത്തിയതെന്നും, ബന്ധപ്പെടലില്‍ 'ബലം പ്രയോഗിച്ചു' എന്നത് ശരിയാണെങ്കിലും ബലം പ്രയോഗിച്ചുള്ള എല്ലാ ലൈംഗികബന്ധങ്ങളും ബലാത്സംഗമാവില്ലെന്നും വിധിച്ച്, ട്രയല്‍ കോടതി അയാള്‍ക്ക് വിധിച്ച ജീവപര്യന്തം തടവുശിക്ഷയെയാണ്‌ ദില്ലി ഹൈക്കോടതി തള്ളിക്കളഞ്ഞത്.
അറുപതുവയസ്സു കഴിഞ്ഞ ഒരു സ്ത്രീയ്ക്ക് ആര്‍ത്തവം നിലച്ചിരിക്കാന്‍ ഇടയുണ്ടെന്ന ഒരു പരാമര്‍ശം കൂടി ദില്ലി ഹൈക്കോടതിയുടെ വിധിപ്രസ്താവനയിലുണ്ടായിരുന്നത് പല മാധ്യമങ്ങളിലും കഴിഞ്ഞ നാലഞ്ചുദിവസമായി ചൂടുള്ള ചര്‍ച്ചയായിരുന്നു. അച്ചേ ലാലിനെ ജീവപര്യന്തത്തില്‍ നിന്ന് ഒഴിവാക്കിയത് ആ വസ്തുതയുടെ പേരിലല്ലെന്നും സാഹചര്യത്തെളിവുവെച്ചായിരുന്നുവെന്ന മറുവാദങ്ങളും ഫസ്റ്റ് പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങളിലുണ്ട്.
സാമര്‍ത്ഥ്യവും ബുദ്ധിവൈഭവവുമുള്ളതുകൊണ്ട് ബല്‍സാക്കിന്റെ കഥയിലെ പെണ്ണ് കേസില്‍ വിജയിച്ചു. പക്ഷേ ഇവിടെ നമ്മുടെ ഏമാന്മാര്‍ നൂലിഴ കീറി പരിശോധിക്കുന്നത്, ബലപ്രയോഗം ബലാത്സംഗമാണോ അല്ലേ എന്നാണ്‌.
വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്ക് ലൈംഗികബന്ധത്തിന്റെ ഗുട്ടന്‍സ് മനസ്സിലായിട്ടില്ല എന്നാണോ ഇതില്‍നിന്ന് നമ്മള്‍ ഊഹിക്കേണ്ടത്? ? എല്ലാ ലൈംഗികബന്ധങ്ങളിലും പരസ്പരമുള്ള ചെറിയ രീതിയിലുള്ള നിരുപദ്രവമായ ബലപ്രയോഗങ്ങള്‍ ഇരുകക്ഷികളും ചെയ്യുന്നുണ്ടെന്നും, എന്നാല്‍ അതിലൊന്നും ബലം കുറഞ്ഞവര്‍ കൊല്ലപ്പെടുന്നില്ലെന്നും, കോടതിക്ക് അറിയില്ലെന്നുണ്ടോ?
റെയ്ഹാനാ ജബ്ബാരിയുടെ തൂക്കിക്കൊലയെ 'മാധ്യമ' കോടതികള്‍ ന്യായീകരിച്ചതുവെച്ച് നോക്കുമ്പോള്‍, ഇതുപോലുള്ള വിധികളൊക്കെ വരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. പുരുഷന്‍ നടത്തുന്ന ബലാത്സംഗം ബലപ്രയോഗമല്ലെന്നും അത് പുരുഷന്റെ കായികമായ മുന്‍‌തൂക്കത്തിന്റെ സ്വാഭാവികമായ ഫലവും, ദോഷവും മാത്രമാണെന്നുമൊക്കെയുള്ള വാദങ്ങളും വിധിന്യായങ്ങളും ഇനി വരുന്ന നാളുകളില്‍ വരുമായിരിക്കാം. കാത്തിരിക്കുക.

5 November 2014

ബസ്രയിലെ നായ്ക്കള്‍


എവിടെനിന്നാണെന്ന് അറിയില്ല അവർ വരുന്നത്. സൈറ്റിൽനിന്ന് താമസസ്ഥലത്തേക്കുള്ള യാത്രയിൽ ചെറിയ ദൂരത്തിലുള്ള വെളിമ്പറമ്പുകളില അവറ്റകളെ കാണാം. സൈറ്റിന്റെയും ക്യാമ്പിന്റെയും പ്രവേശനകവാടത്തിലും അവർ കൂട്ടം കൂടി നിൽക്കുന്നുണ്ടാകും. നായ്ക്കൾ. ബസ്രയിലെ നായ്ക്കൾ.
ചുറ്റുവട്ടത്ത് അധികം വീടുകളൊന്നുമില്ല. ഉള്ളവ തന്നെ കുറേ അകലെയാണ്. വളരെ ചുരുക്കം. എണ്ണ കുഴിക്കാൻ വേണ്ടി സർക്കാർ കമ്പനി സ്ഥലം ഏറ്റെടുത്തപ്പോൾ ഒഴിഞ്ഞുപോയവരുടെ വളർത്തുനായ്ക്കളായിരിക്കണം. ഉടമസ്ഥർ മറ്റു സ്ഥലങ്ങൾ തേടി പോയപ്പോൾ അനാഥരായിപ്പോയ ജന്മങ്ങൾ.
രാവിലെ ഉണരുന്നതിനുമുന്നേ കേൾക്കാം വെളിമ്പറമ്പുകളിൽനിന്ന് അവയുടെ ഓരിയിടൽ. നാട്ടിലേതുപോലെ. ഒറ്റയ്ക്കും കൂട്ടമായും പിന്നെ സൈറ്റിന്റെയും ക്യാമ്പിന്റെയും ചുറ്റുവട്ടത്തെത്തിനിൽക്കും.
ശാന്തസ്വഭാവികളാണ്. കുരയ്ക്കില്ല. പേടിപ്പിക്കില്ല. ഒന്നു ചൂളം വിളിക്കുകയോ വിരൽ ഞൊടിക്കുകയോ ചെയ്താൽ മതി, വാലാട്ടി കൂടെ വരും. വലിയ പ്രതീക്ഷയോടെ ചുറ്റിപ്പറ്റി നിന്ന് മുഖത്തേക്ക് ദയനീയമായി നോക്കും. ലോകത്തിലെ മനുഷ്യരിൽ ഇറാഖികൾക്ക് വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടിട്ടും ഈ നായ്ക്കൾ ഇപ്പോഴും മനുഷ്യന്മാരെ വിശ്വസിക്കുന്നു എന്നു തോന്നും.
വാഹനപരിശോധനയ്ക്ക് കമ്പനി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ശുനകവീരന്മാരെ അകമ്പടിയോടെ സെക്യൂരിറ്റി വണ്ടിയിൽ സൈറ്റിലേക്കും ക്യാമ്പിലേക്കും കൊണ്ടുപോകുമ്പോൾ മാത്രമാണ് അവറ്റകൾ അക്രമാസക്തരാകുന്നത്. സെക്യൂരിറ്റി വണ്ടിയുടെ പിന്നാലെ കുരച്ചുകൊണ്ട് അവർ പായും. പിന്നെ, മടങ്ങിവന്ന് വീണ്ടും എവിടെയെങ്കിലും കൂടിനിന്ന് തങ്ങളിൽത്തങ്ങളിൽ സംസാരിച്ചുനിൽക്കും.
ഒന്നും മനസ്സിലാകുന്നുണ്ടാകില്ല അവർക്ക്. സ്വന്തം ആളുകൾ ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷരാവുകയും തങ്ങളെ ഒറ്റക്കാക്കി വീടുകളൊഴിഞ്ഞ് പോയ്ക്കളയുകയും, പകരം മറ്റേതോ നാട്ടിൽനിന്ന് ഏതൊക്കെയോ ആളുകൾ കൂട്ടം കൂട്ടമായി ചുറ്റും വന്ന് നിറയുകയും ചെയ്യുന്നത് കാണുമ്പോൾ, സ്വന്തം നാടിന് എന്തു പറ്റി എന്ന് അവരും ആലോചിക്കുന്നുണ്ടായിരിക്കാം.
ഇറാഖികളെപ്പോലെ. തോൽപ്പിക്കപ്പെട്ടവർ. കുരയ്ക്കാൻ മറന്നവർ. കീഴടങ്ങിയവർ. ഉപേക്ഷിക്കപ്പെട്ടവർ. സ്വന്തം നാട്ടിൽ അന്യരായിത്തീർന്നവർ.

10 November 2014

Saturday, January 10, 2015

ഇസ്രായേലില്‍ ഒരു ബസ്രക്കാരി



ഇസ്രായേലിൽനിന്ന് കൂട്ടുകാരി വിളിച്ചിരുന്നു. അവരുടെ പരിചരണത്തിലുള്ള പ്രായം ചെന്ന ഒരു അമ്മയോട് സംസാരിക്കാൻ പറ്റുമോ എന്നു ചോദിച്ച്. ബസ്രയിൽനിന്ന് അറുപത്തഞ്ചുകൊല്ലം മുൻപ് പതിമൂന്നാമത്തെ വയസ്സിൽ ഇസ്രായേലിലേക്ക് പോയ, ഇന്ന്, ജീവിതസായാഹ്നത്തിൽ ഓർമ്മകളൊക്കെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു ഇറാഖി ജൂതസ്ത്രീ.. ബസ്രയിലെ സുഹൃത്തിനെക്കുറിച്ച് എന്റെ സുഹൃത്ത് അവരോട് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ തിളങ്ങിയത്രെ. ആ അമ്മയെ ഇന്നു വിളിച്ചു.
അവർ അറബിയിലും മുറി ഇംഗ്ലീഷിലും ഞാൻ ഇംഗ്ലീഷിലും മുറി അറബിയിലും. ദ്വിഭാഷിയായി കൂട്ടുകാരിയും.
ബസ്രയിൽ ഒരു പുഴയില്ലേ, അതിനടുത്തായിരുന്നു താൻ ജീവിച്ചിരുന്നതെന്ന് പറഞ്ഞു അവർ. അതിനടുത്ത്, ധാരാളം വെളിച്ചമുള്ള ഒരു സ്ഥലമില്ലേ, വീടിനടുത്തായിരുന്നു ആ സ്ഥലം. ഞാനെന്തു പറയാനാണമ്മേ? ബസ്രയിൽ ഒന്നല്ല രണ്ടു പുഴകൾ സംഗമിക്കുന്നുണ്ട്. യൂഫ്രട്ടീസും ടൈഗ്രീസും. ബസ്രയ്ക്കടുത്താണ് ആ സംഗമം. അല്ല. എനിക്ക് തെറ്റിയതാണ്. അവ സംഗമിച്ച് ഒന്നാ‍യതായിരിക്കും അമ്മ ഓർമ്മിക്കുന്നത്. അപ്പോൾ ശരിയാണ് ഒരു പുഴയേയുള്ളു. അതെ, അതിനടുത്താണ് ബസ്ര നഗരം. നഗരം നിറയെ വെളിച്ചമുണ്ടാവണം. അവിടെ അമ്മയെപ്പോലെ നിരവധി അമ്മമാരും ഉണ്ടായിരിക്കണം. അറിയില്ല.
അമ്മ അവിടെനിന്നു പോയതിന്‍ശേഷം അവിടെ പലതും നടന്നു.പട്ടാള വിപ്ലവങ്ങളും തിരഞ്ഞെടുത്ത സർക്കാരുകളുമുണ്ടായി. വീരനെന്നും ദുഷ്ടനെന്നും ഒരുപോലെ പേരുകേട്ട ഒരാൾ വന്നു. അയാൾ വഴി യുദ്ധങ്ങളുണ്ടായി. ആ യുദ്ധങ്ങളെ പരാജയപ്പെടുത്താനായി മറ്റുചിലർ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിൽനിന്നും വന്നു. അവർ വന്നത് അമ്മയുടെ ബസ്രവഴിയായിരുന്നു. ലക്ഷക്കണക്കിനാളുകൾ ചത്തൊടുങ്ങി. മരുന്നും ഭക്ഷണവും കിട്ടാതെയും ആണവവികിരണമേറ്റും പതിനായിരക്കണക്കിനു പിഞ്ചുകുഞ്ഞുങ്ങൾ അകാലത്തിൽ പൊലിഞ്ഞു. എണ്ണിയാലൊടുങ്ങാത്തെ സ്ത്രീകൾ വിധവകളായി. മക്കൾ മരിച്ച അച്ഛനമ്മമാരും അച്ഛനമ്മമാർ മരിച്ച കുട്ടികളും വേരോടെ കുടുംബങ്ങൾ കയ്യൊഴിഞ്ഞുപോയ വീടുകളും ഒരുപോലെ അനാഥരായി. കുട്ടികളെയും സ്ത്രീകളെയും വീടുകളിൽ കയറി വെടിവെച്ചും ബലാത്ക്കാരം ചെയ്തും പച്ചയ്ക്ക് കൊന്നു. ബസ്രയും മറ്റു നഗരങ്ങളും ശവപ്പറമ്പുകളായി. ഷിയകളും സുന്നികളും കുർദുകളും ഒരുപോലെ യുദ്ധത്തിൽ പെട്ടു. ചതുപ്പുനിലങ്ങൾ പാടെ വറ്റിച്ച് കൃഷി മുഴുവൻ തകർത്ത് നൂറുകണക്കിനു ഗ്രാമങ്ങളെ പട്ടിണിദുരിതമരണങ്ങളുടെ വേനലിലേക്ക് അധിനിവേശസേനക്കാർ പറഞ്ഞയച്ചു. ഭാഗ്യം തുണച്ച ലക്ഷക്കണക്കിനാളുകൾ പലപല നാടുകളിലേക്ക് പലായനം ചെയ്തു ഛിന്നഭിന്നമായി.
അമ്മയുടെ ഓർമ്മ പോയത് എത്ര നന്നായി. പഴയ ഇറാഖിനെയും പഴയ ബസ്രയെയും ഇസ്രായേലിലിരുന്ന് അമ്മയ്ക്ക് സ്വപ്നം കാണാനും അയവിറക്കാനും കഴിയുന്നു. അവിടെ വെളിച്ചമുള്ള ഒരു സ്ഥലവും, പുഴയൊഴുകുന്ന ഒരു നാടും അമ്മയ്ക്ക് ദൂരെയിരുന്നു കാണാൻ കഴിയുന്നു.
അമ്മ ഒന്നും അറിയണ്ട.

5 January 2014

അവരുടെ ഈസ്റ്റിന്ത്യാ കമ്പനികളും നമ്മുടെ കല്ല്യാണരാമന്മാരും


പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈസ്റ്റിന്ത്യാ കമ്പനി ബംഗാളിലെ നെയ്ത്തുകാരെ സഹായിച്ച കഥ ഓർമ്മയില്ലേ? ഒറ്റയ്ക്കും തെറ്റയ്ക്കും ഇരുന്നു തുണിനെയ്യുന്നവരുടെ പെരുവിരൽ മുറിച്ച് അവരുടെ അന്നം മുട്ടിച്ചു അന്നവർ. അവരിൽ പലരും നിവൃത്തിയില്ലാതെ നാടുവിട്ടോടി യു.പി.യിലേക്കും മറ്റും രക്ഷപ്പെട്ടു. അത് അന്ന്.
രണ്ടുനൂറ്റാണ്ടിനിപ്പുറം, ക്രാന്തദർശിയായ മറ്റൊരാൾ സ്വന്തം നാട്ടിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ തളർച്ചയില്ലാതെ നടന്നുനീങ്ങുന്നു. ഇന്ത്യയുടെ പട്ടിന്റെ പാരമ്പര്യം തേടിയുള്ള യാത്രയിലാണയാൾ. സ്വന്തം കുടിലുകളിലിരുന്ന് പട്ടു നെയ്യുന്നവരെ സ്നേഹപൂർവ്വം തലോടി, അവർ കൊടുത്ത കാപ്പി കുടിച്ച്, അവരോട് കുശലം പറഞ്ഞ് അയാൾ അവരെ സംഘടിപ്പിക്കുന്നു. അവർക്ക് എല്ലാവിധ സൌകര്യങ്ങളും ചെയ്തുകൊടുക്കുന്നു. അങ്ങിനെ ആ ഒറ്റപ്പെട്ട മനുഷ്യർ കൂടുതൽ മെച്ചപ്പെട്ട പട്ടുതുണികൾ നിർമ്മിക്കുന്നു. ഇതിനേക്കാൾ നല്ല പട്ട് സ്വപ്നത്തിൽ മാത്രമെന്ന് നമ്മളോട് മറ്റു ചിലർ സാക്ഷ്യം പറയുന്നു. പട്ടിനെ വെല്ലുന്ന പട്ടുപോലത്തെ മനുഷ്യർ.
നഗരകാന്താരങ്ങളിലെ പ്രഭാപൂരമാർന്ന കാഴ്ചമുറികളിലേക്ക് പിന്നെ ആ പട്ട് വരുകയായി. ഒരുനേരം പോലും ഇരുന്നു നടുനിവർക്കാൻ കഴിയാതെ, ആ പട്ടിനെ സ്വപ്നത്തിൽ മാത്രം കാണാൻ കഴിയുന്ന പെൺകുട്ടികൾ അത് നിങ്ങൾക്ക് വിൽക്കുന്നു. അതുവിറ്റുകിട്ടുന്ന പണം കൊണ്ട് നഗരങ്ങളിൽ സ്വർണ്ണാഭരണക്കടകളും പട്ടുകടകളും അതിന്റെ ചെറുതും വലുതുമായ ദല്ലാളുകളും തിന്നുകൊഴുക്കുന്നു. പെറ്റുപെരുകുന്നു. മാസാന്ത്യത്തിൽ എണ്ണിച്ചുട്ടപ്പം പോലെ അവർക്കു കിട്ടുന്ന കാശിൽനിന്ന് പട്ടുപോലുള്ള കല്ല്യാണരാമന്മാർ പിന്നെയും പിന്നെയും വെട്ടിമാറ്റുന്നു. അപ്പോഴും അവർ പകലന്തിയോളം നിൽക്കുകയും നിങ്ങളുടെ മുന്നിൽ ചിരിച്ച മുഖവുമായി കുശലാന്വേഷണങ്ങളോടെ വരുകയും നടന്നുനീങ്ങുകയും നിങ്ങൾക്ക് ശീതളപാനീയങ്ങൾ ഉപചാരപൂർവ്വം വെച്ചുനീട്ടുകയും ചെയ്യുന്നു.
സ്വന്തം പട്ടിണി മാറ്റാൻ അദ്ധ്വാനിക്കുന്ന അവരുടെ വിയർപ്പിന്റെ മുത്തുമണികൾ വീണ്ടും കവർന്നെടുത്ത് കല്ല്യാണരാമന്മാർ പിന്നെയും പട്ടുകൾ വിറ്റുകൊണ്ടേയിരിക്കുന്നു.
കല്ല്യാണരാമന്മാർക്ക് പട്ടുകൾ നിർമ്മിച്ചുകൊടുത്ത ആ ഗ്രാമഗ്രാമാന്തരങ്ങളിലെ നെയ്ത്തുകാരുടെ പെരുവിരലുകൾ ഇപ്പോഴും ബാക്കിയുണ്ടാവുമോ എന്തോ!

3 January 2014


പണ്ടത്തെ നക്സലൈറ്റുകാര്‍



അച്ഛച്ചന് എല്ലാതിനെയും പേടിയായിരുന്നു. ഇരുട്ടിനെ, ഒറ്റയ്ക്കാവുന്നതിനെ, ഇഴജന്തുക്കളെ, ഗൗളി-എട്ടുകാലി വര്‍ഗ്ഗങ്ങളെ, കുട്ടികളുടെ അതിരുവിട്ട കളികളെ, നിസ്സാരമായ ശാരീരിക അസ്വാസ്ഥ്യങ്ങളെ. എല്ലാറ്റിനെയും.
അങ്ങിനെയിരിക്കെയാണ്‌, കല്ലടിക്കോടന്‍ മലയില്‍ ഒളിച്ചുതാമസിച്ച്, വിക്ടോറിയാ കോളേജിലെ ഹോസ്റ്റലിലിരുന്ന് നന്നായി ആസൂത്രണം ചെയ്ത ചില ചെറുപ്പക്കാര്‍ തൊള്ളായിരത്തി എഴുതുപത് ജൂലായ് മുപ്പതിന്‌ കോങ്ങാട്ടെത്തി നാരായണന്‍‌കുട്ടിനായരെ കൊന്ന് തലയറുത്ത് പടിപ്പുരയ്ക്ക് സമീപം വെച്ചത്. കൊല്ലേണ്ട ഉരുപ്പടിതന്നെയായിരുന്നു നാരായണന്‍‌കുട്ടിനായരെന്ന ഫ്യൂഡല്‍ മാടമ്പി.
തിരുനെല്ലി, തലശ്ശേരി, പുല്‍‌പ്പള്ളി ഭാഗത്ത് 68-ല്‍ തന്നെ തിരയിളക്കം തുടങ്ങിക്കഴിഞ്ഞിരുന്നു. തലശ്ശേരി പോലീസാക്രമണവും ഹവില്‍ദര്‍ കുഞ്ഞിരാമന്‍‌നായരുടെയും ശങ്കുണ്ണിമേനോന്റെയും, കണ്ണൂരില്‍ ചേനിച്ചേരി കൃഷ്ണന്‍ നമ്പ്യാരുടെയും കൊലപാതകങ്ങളും, കോട്ടയത്ത് ഇരുട്ടുകോണത്തെ ചെറിയാനെതിരെയുള്ള ആക്രമണവുമെല്ലാം നടന്നുകഴിഞ്ഞിരുന്നു.
വള്ളുവനാട്ടിലെയും ഏറനാട്ടിലെയും മിക്കവാറും എല്ലാ ജന്മികുടുംബങ്ങളും ഭീതിയില്‍ കഴിഞ്ഞ കാലമായിരുന്നു അത്. പല കുടുംബങ്ങളും കാവല്‍‌ക്കാരെയും സില്‍ബന്തികളെയും ഒരുക്കിവെച്ചു.
അപ്പോഴാണ്‌ ഗാന്ധിനഗര്‍ 2nd സ്ട്രീറ്റിലെ കോളനിവാസികളെപ്പോലെ ഒരു സുപ്രഭാതത്തില്‍ ഞങ്ങളെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് അച്ഛച്ഛന്‍ ഒരു ഗൂര്‍ഖയെ കാവലിനു വെച്ചത്. പഴയ ജന്മികുടുംബാംഗമായിരുന്നെങ്കിലും അച്ഛച്ഛന്‍ പൊതുവെ കുടിയാന്മാരോടും മറ്റും നല്ലനിലയ്ക്ക് പെരുമാറിയിരുന്നു. അദ്ദേഹത്തെക്കുറിച്ച് പരാതികളൊന്നും ഉണ്ടാവാനുള്ള സാധ്യതയുമുണ്ടായിരുന്നില്ല. എന്നിട്ടും മൂപ്പര്‍ക്ക് കലശലായ പേടിതോന്നിക്കാണണം.
അങ്ങിനെ വരുത്തിയതാണ്‌ ആ ഗൂര്‍ഖയെ. സൗമ്യനായിരുന്നു അയാള്‍. പകല്‍ മുഴുവന്‍ വീടിന്റെ രണ്ടുഭാഗത്തുമുള്ള പടിപ്പുരയില്‍ എവിടെയെങ്കിലും ഇരിക്കുകയോ വിശ്രമിക്കുകയോ ചെയ്തിരുന്നു അയാള്‍. ഭക്ഷണം വീട്ടില്‍ നിന്ന് കൊടുക്കും. മേലാറ്റൂരില്‍നിന്നും പെരിന്തല്‍‌മണ്ണയില്‍നിന്നുപോലും ചിലപ്പോള്‍ ആളുകള്‍ വരാറുണ്ടായിരുന്നു ഗൂര്‍ഖയെ കാണാന്‍. ഞങ്ങള്‍ കുട്ടികളോട് അയാള്‍ മലയാളവും ഹിന്ദിയുമൊക്കെ കലര്‍ത്തി സംസാരിക്കും. ഞങ്ങള്‍ വെറുതെ ചിരിച്ച്, തമ്മില്‍ത്തമ്മില്‍ കുശുകുശുത്ത് അയാളെ നോക്കിനില്‍ക്കും.
രാത്രിയായാല്‍ അയാള്‍ വീടിന്റെ ഉമ്മറത്ത് വന്ന് കാവലിരിക്കും. ഇടയ്ക്ക് ചുറ്റും നടക്കും. അച്ഛച്ഛനെയും അച്ഛമ്മയെയും കാണുമ്പോള്‍ അയാള്‍ ഭവ്യതയോടെ വണങ്ങും. അച്ഛച്ഛന്‍ പുറത്തേക്കിറങ്ങുമ്പോള്‍ അയാളും കൂടെപ്പോവും.
ഒന്നുമുണ്ടായില്ല. അച്ഛച്ഛന്‍റ്റെ തല സ്ഥാനത്തുതന്നെ ഇരുന്നു. നക്സലൈറ്റുകള്‍ അകത്താവുകയും ചിലര്‍ ജയില്‍ചാടി രക്ഷപ്പെടുകയും വീണ്ടും അകത്താവുകയും ഒക്കെ ചെയ്തു.
ഗൂര്‍ഖയുടെ പണി കുറഞ്ഞു. മിക്കവാറും എല്ലാ സമയവും അയാള്‍ വിശ്രമിക്കാന്‍ തുടങ്ങി. ഒഴിവുകിട്ടുമ്പോള്‍ പിന്നെ അയാള്‍ കുളക്കടവിന്റെ പരിസരത്ത് ചുറ്റിക്കറങ്ങുന്നതുകണ്ടു. അച്ഛച്ഛനേക്കാള്‍ കൂടുതല്‍ അയാള്‍ വീട്ടിലെയും ചുറ്റുവട്ടത്തെയും സ്ത്രീകളെയാണ്‌ ശ്രദ്ധിക്കുന്നത് എന്ന് കേള്‍ക്കാന്‍ തുടങ്ങി. ഒരുനാള്‍ വന്നതുപോലെ അയാള്‍ അപ്രത്യക്ഷനാവുകയും ചെയ്തു.
എന്നിട്ടും അച്ഛച്ഛന്‍റ്റെ പേടി മാറിയില്ല. പണ്ടുമുതല്‍ കുടിയാനായിരുന്ന അയ്യപ്പന്‍ എന്നൊരാളെ കാവലിനു വെച്ചു. അയ്യപ്പനാകട്ടെ, കൊല്ലുന്ന കലയില്‍ നല്ല പ്രവൃത്തി പരിചയവുമുണ്ടായിരുന്നു. തറവാട്ടിലെ പഴയൊരു കാരണവരെ കൊന്ന് ജയില്‍‌ശിക്ഷ കഴിഞ്ഞുവന്ന് വീണ്ടും അച്ഛന്‍ വീടുമായി സ്നേഹസമ്പര്‍ക്കം തുടരുന്ന വിദ്വാനാണ്‌. നക്സലൈറ്റുകള്‍ തലയറുക്കുന്നതിനുമുന്‍പ് നീ എന്നെ കൊല്ലണമെന്ന് അച്ഛച്ഛന്‍ അയ്യപ്പനോട് പറഞ്ഞു ശട്ടം കെട്ടിയതായി ഒരു കഥ കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല.
പിന്നെ അയ്യപ്പനും പോയി.
മെല്ലെമെല്ലെ നക്സലൈറ്റുകളും നാട്ടില്‍നിന്ന് അപ്രത്യക്ഷരായി. ആ പഴയ ഗൂര്‍ഖയെക്കുറിച്ചും പിന്നെ ഒന്നും കേട്ടില്ല. വസന്തത്തിന്റെ പഴയ ഇടിമുഴക്കങ്ങള്‍ നനഞ്ഞ ഓലപ്പടക്കങ്ങളായി ചീറ്റുക മാത്രം ചെയ്ത് പിന്നീട് ആത്മീയഗുഹകളിലേക്കും വലത്തേക്കും പിന്‍‌വാങ്ങി. അന്നത്തെ ആ ഇടിമുഴക്കങ്ങളെപ്പോലും കീപാഡില്‍ വിരലമര്‍ത്തി പരിഹസിക്കുന്ന പുതിയ കാലം വന്നു. അവരുടെ നിഘണ്ടുവില്‍ മാവോയിസ്റ്റുകള്‍ മ്യാവോയിസ്റ്റുകളായി. പക്ഷേ അപ്പോഴും, ഒരിക്കലും ജയിക്കില്ലെന്നറിഞ്ഞിട്ടുപോലും ഒളിവില്‍ ജീവിക്കാനും വേട്ടയാടപ്പെടാനും തയ്യാറായി പുതിയ ചില ചെറുപ്പങ്ങള്‍ സ്വന്തം ജന്മം തുലക്കാന്‍ തീരുമാനിച്ച് മുന്നോട്ട് വരുന്നു. അവിടെയുമിവിടെയും അവര്‍ കാടുകള്‍ക്ക് ജീവന്‍ വെപ്പിക്കുകയും അതിനുള്ളീല്‍നിന്ന് വെടിയൊച്ചകള്‍ കേള്‍പ്പിക്കാനും തുടങ്ങിയിരിക്കുന്നു. 'ഇതിനുമുന്‍പ് ഈ ഭാഗങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത ചിലരെ'ക്കുറിച്ച് നമ്മള്‍ ഗ്രാമവാസികളില്‍നിന്ന് കേള്‍ക്കാന്‍ തുടങ്ങുന്നു.
പക്ഷേ ഇന്നത്തെ പുതിയ ജന്മികള്‍ക്ക് കാവലിരിക്കാന്‍ ഗൂര്‍ഖകളോ കുടിയാന്മാരോ ഇല്ല. പകരം കാവലിരിക്കുന്നത് മാധ്യമങ്ങളും തണ്ടര്‍ബോള്‍ട്ടുകാരും.

23 December 2014

ആര്‍ത്തവം



ആർത്തവത്തെക്കുറിച്ച് പറയുമ്പോഴൊക്കെ അമ്മയുടെയും അച്ഛന്റെയും കഥ ഓർമ്മവരും.  അമ്മയുടെയും അച്ഛന്റെയും കഥയാണെങ്കിലും, കഥ കേട്ടത് നല്ല പകുതിയിൽനിന്നാണ്. അവരോട് അമ്മ തന്നെ പറഞ്ഞ കഥയാണ്. പത്തുവർഷം മുൻപ് തന്നെ വിട്ടുപോയ ആളെക്കുറിച്ച് ഓർക്കുമ്പോൾ അമ്മക്ക് ഓരോരോ ഓർമ്മകൾ വരുന്നുണ്ടാവണം.അതൊക്കെ ആരോടെങ്കിലും പറയണമെന്നും തോന്നിയിരിക്കും. മകനോട് പറയാനുമാവില്ല. മകനേക്കാൾ സ്വാതന്ത്ര്യം മരുമകളോടാണ്.

കല്ല്യാണം കഴിഞ്ഞ് അധികനാളാവുന്നതിനുമുൻപുതന്നെ ‘പുറത്ത്’ ആയ അമ്മ, അമ്മവീട്ടിൽ വടക്കിനിയിലെ ജനലരികിലിരിക്കാറുണ്ടായിരുന്നുവത്രെ. അപ്പോൾ ആരും കാണാതെ അച്ഛൻ വന്ന് അമ്മയെ തൊടുന്നതുപോലെ അഭിനയിക്കാറുണ്ടായിരുന്നുവെന്ന്. ആ നാലഞ്ചു ദിവസം ഇടയ്ക്കിടയ്ക്ക് ഈ നാടകം നടക്കാറുണ്ടായിരുന്നുവെന്നും.

പിന്നീട് എറണാകുളത്തും ഏലൂരിലുമുള്ള വാടകവീട്ടിലേക്ക് മാറിയപ്പോഴൊന്നും ആ നാടകം കാണേണ്ടിവന്നിട്ടില്ല. അന്നും മാസത്തിൽ നാലഞ്ചുദിവസം അമ്മ ‘പുറത്ത്’ആയിരുന്നിട്ടുണ്ടാകും. എന്നിട്ടും പുറത്തായിരിക്കുമ്പോഴും ഒരുമിച്ച് ഒരേ കട്ടിലിൽ പുറത്താവാതെ അവരിരുവരും കിടന്നിട്ടുണ്ടാകും. ഇന്ന് ഞാനും നിങ്ങളും നമ്മുടെ അവരുമൊക്കെ കഴിയുന്നതുപോലെ.

നല്ല പകുതി ആ കഥ പറഞ്ഞുതന്നതിനുശേഷം അമ്മയുടെ കണ്ണിലെ നരച്ച കൃഷ്ണമണിയിലേക്ക് നോക്കുമ്പോഴൊക്കെ എനിക്ക് ആ രംഗം ഓർമ്മവരും. പുറത്തായ ഒരു സ്ത്രീയെ പുറത്തുനിന്ന് തൊടാൻ ഓങ്ങുന്ന ഒരു ചെറുപ്പക്കാരനും, മനസ്സില്ലാമനസ്സോടെയാണെങ്കിലും ശങ്കിച്ച് പിന്മാറുന്ന, ഉള്ളിലിരിക്കുന്ന പുറത്തായ ആ സ്ത്രീയും.

പക്ഷേ, ഒരമ്മയെയും മകളെയും വണ്ടിയിൽനിന്ന് ആർത്തവത്തിന്റെ പേരിൽ രാത്രിയിൽ പെരുവഴിയിൽ ഇറക്കിവിടുന്ന ഇന്നത്തെ ഈ കെട്ട കാലത്തിന്റെ അശുദ്ധിയൊന്നും അവരുടെ ആ പഴയ കാലത്തിനുണ്ടായിരുന്നില്ല എന്നു തോന്നുന്നു.

18 December 2014