Tuesday, November 27, 2007

ചോദ്യോത്തരങ്ങള്‍*

അച്ഛാ, എന്തിനാണ്‌ നമ്മള്‍ ഇറാഖിനെ ആക്രമിച്ചത്‌?

മോനെ, അവരുടെ കയ്യില്‍ ആളുകളെ കൂട്ടത്തോടെ കൊല്ലാന്‍ സാധിക്കുന്ന ആയുധങ്ങളുണ്ടായിരുന്നു.

പക്ഷേ, അവിടെപ്പോയ ഇന്‍സ്പെക്ടര്‍മാര്‍ക്ക്‌ അതൊന്നും കാണാന്‍ കഴിഞ്ഞില്ലല്ലോ.

അതിന്‌ അവരതൊക്കെ ഒളിപ്പിച്ചുവെക്കുകയായിരുന്നില്ലേ?

അപ്പോ, അതുകൊണ്ടാണോ നമ്മള്‍ ഇറാഖിനെ ആക്രമിച്ചത്‌?

അതെ, പരിശോധനയേക്കാള്‍ നല്ലത്‌ ആക്രമിക്കലാണ്‌ മോനേ.

പക്ഷേ, ആക്രമിച്ചിട്ടും നമുക്കൊന്നും കണ്ടുപിടിക്കാന്‍ ആയില്ലല്ലോ അച്ഛാ?

അത്‌, അവര്‍ ആ ആയുധങ്ങള്‍ നന്നായി ഒളിപ്പിച്ചുവെച്ചതുകൊണ്ടാണ്‌. എന്തായാലും നമ്മളത്‌ ഒരിക്കല്‍ കണ്ടുപിടിക്കും. ഒരുപക്ഷേ, 2008-ലെ തിരഞ്ഞെടുപ്പിനുമുന്‍പുതന്നെ.

എന്തിനാണ്‌ ഇറാഖിന്‌ ഈ ആയുധങ്ങള്‍?

യുദ്ധത്തിലുപയോഗിക്കാനാണെടാ, ചെക്കാ.

എനിക്കൊന്നും മനസ്സിലാക്കുന്നില്ല. യുദ്ധത്തിന്‌ ഉപയോഗിക്കാനാണെങ്കില്‍, എന്തുകൊണ്ടാണ്‌, നമ്മള്‍ യുദ്ധം ചെയ്തപ്പോള്‍ അവരത്‌ ഉപയോഗിക്കാതിരുന്നത്‌?

ഓ, അതോ, ആയുധങ്ങളുണ്ടെന്നത്‌ മറ്റുള്ളവര്‍ അറിയുന്നത്‌ അവര്‍ക്കിഷ്ടമല്ല മോനേ. അതുകൊണ്ടാണ്‌, പൊരുതിനില്‍ക്കുന്നതിനേക്കാള്‍ നല്ലത്‌, കൂട്ടത്തോടെ ചാവുന്നതാണെന്ന് അവറ്റ കരുതിയത്‌.

എന്തൊക്കെയാണ്‌ അച്ഛന്‍ പറയുന്നത്‌? ഇത്രയധികം ആയുധങ്ങള്‍ കയ്യിലുള്ളപ്പോള്‍, ആരെങ്കിലും സ്വയം ചാവാന്‍ തയ്യാറാകുമോ?

അവരുടേത്‌ ഒരു പ്രത്യേക സംസ്കാരമാണ്‌. അത്‌ നമുക്ക്‌ മനസ്സിലായിക്കൊള്ളണമെന്നില്ല.

അച്ഛന്റെ കാര്യം എനിക്കറിയില്ല. പക്ഷേ എനിക്ക്‌ തോന്നുന്നത്‌, നമ്മുടെ ഗവണ്മെണ്ട്‌ പറയുന്നപോലെ അത്രയധികം ആയുധങ്ങളൊന്നും അവരുടെ കയ്യില്‍ ഉണ്ടാവില്ലെന്നാണ്‌.

ശരി, ശരി. ആയുധങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും ഒന്നുമില്ല. അവരുമായി യുദ്ധംചെയ്യാന്‍ നമുക്ക്‌ വെറെയും കാരണങ്ങളുണ്ട്‌.

അതെന്തൊക്കെയാണ്‌?

ഇനി ഇറാഖിന്റടുത്ത്‌ ആയുധങ്ങളില്ലെന്നുതന്നെ വെച്ചാലും, സദ്ദാം ഹുസ്സൈന്‍ ഒരു വൃത്തികെട്ട ഏകാധിപതിയായിരുന്നു. ആ ഒരു കാരണം മതി മറ്റൊരു രാജ്യത്തെ ആക്രമിക്കാന്‍.

അയാളുടെ രാജ്യത്തിനെ ആക്രമിക്കാന്‍ തക്കവണ്ണം, ആ ഏകാധിപതി പക്ഷേ എന്തു തെറ്റാണ്‌ ചെയ്തത്‌?

ഉം... അയാള്‍ സ്വന്തം ആളുകളെ പീഡിപ്പിച്ചു.

ഓ, ചൈനയിലുള്ളതുപോലെ അല്ലേ?

ചൈനയുമായി ഇറാഖിനെ താരതമ്യം ചെയ്യരുത്‌. ചൈന ഒരുനല്ല രാജ്യമാണ്‌. നമ്മുടെ രാജ്യത്തിലെ കുറേ വലിയ സ്ഥാപനങ്ങള്‍ക്കുവേണ്ടി ധാരാളം ആളുകള്‍ അവിടങ്ങളില്‍ കുറഞ്ഞ കൂലിക്ക്‌ അടിമപ്പണി ചെയ്യുന്നുണ്ട്‌.

എന്നുപറഞ്ഞാല്‍, സ്വന്തം ആളുകളെ പീഡിപ്പിച്ചാലും വേണ്ടില്ല, നമ്മുടെ നാട്ടിലെ സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണ്‌ ഒരു രാജ്യം അതൊക്കെ ചെയ്യുന്നതെങ്കില്‍, ആ രാജ്യം ഒരു നല്ല രാജ്യമാണെന്ന് അല്ലേ?

കറക്ട്‌.

എന്തിനാണ്‌ ഇറാഖിലെ ആളുകളെ പീഡിപ്പിക്കുന്നത്‌?

കൂടുതലും രാഷ്ട്രീയകാരണങ്ങളാലാണ്‌ ആളുകളെ പീഡിപ്പിക്കുന്നത്‌. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയൊക്കെ ജയിലിലടച്ച്‌ പീഡിപ്പിക്കുകയാണ്‌.

ചൈനയിലും അതൊക്കെ നടക്കുന്നില്ലേ?

ഞാന്‍ നിന്നോട്‌ ഒരുവട്ടം പറഞ്ഞു. ചൈനയുടെ കാര്യം വേറൊന്നാണെന്ന്.

ചൈനയും ഇറാഖും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്‌?

ഒരു പ്രധാന വ്യത്യാസം, ഇറാഖില്‍ ബാത്‌ പാര്‍ട്ടിയാണ്‌ ഭരിക്കുന്നത്‌. ചൈനയിലാകട്ടെ, കമ്മ്യൂണിസവും.

കമ്മ്യൂണിസ്റ്റുകാര്‍ മോശക്കാരാണെന്ന് പണ്ട്‌ അച്ഛന്‍ പറയാറുണ്ടായിരുന്നല്ലോ?

അത്‌, ക്യൂബന്‍ കമ്മ്യൂണിസ്റ്റുകാരുടെ കാര്യമാണ്‌.

എങ്ങിനെയാണ്‌ ക്യൂബന്‍ കമ്മ്യൂണിസ്റ്റുകാര്‍ മോശക്കാരാവുക?

ക്യൂബയില്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയൊക്കെ ജയിലിലാക്കും.

ഇറാഖിലെപ്പോലെ അല്ലേ?

അതെ.

ചൈനയിലെപ്പോലെയും അല്ലേ?

ഞാന്‍ പറഞ്ഞില്ലേ ചൈന ഒരു നല്ല സാമ്പത്തിക പങ്കാളി മാത്രമാണെന്ന്. എന്നാല്‍ ക്യൂബ അങ്ങിനെയല്ല.

എന്തുകൊണ്ടാണ്‌ ക്യൂബ അങ്ങിനെയല്ല എന്നു പറയുന്നത്‌?

അതോ, കുറേക്കാലം മുന്‍പ്‌, 1960കളുടെ ആദ്യം, അമേരിക്കന്‍ സര്‍ക്കാര്‍ ചില നിയമങ്ങള്‍ പാസ്സാക്കി. എന്ന് ക്യൂബക്കാര്‍ കമ്മ്യൂണിസ്റ്റുകളാവുന്നത്‌ നിര്‍ത്തി, നമ്മളെപ്പോലെ നല്ല മുതലാളിത്തരാജ്യക്കാരാവുന്നുവോ, അതുവരെ അവരുമായി ഒരു തരത്തിലുമുള്ള കച്ചവടവും പാടില്ലെന്നായിരുന്നു ആ നിയമം.

പക്ഷേ, ആ നിയമം എടുത്തുകളഞ്ഞ്‌, നമ്മള്‍ ക്യൂബയുമായി കച്ചവടവും, ബിസിനസ്സുമൊക്കെ ചെയ്തിരുന്നെങ്കില്‍, ക്യൂബക്കാര്‍ ഇതിനകം നമ്മളെപ്പോലെ മുതലാളിത്തക്കാരാകുമായിരുന്നില്ലേ?

നീ ഓവര്‍സ്മാര്‍ട്ടാകണ്ട.

ഞാന്‍ ഓവര്‍സ്മാര്‍ട്ടാവുകയൊന്നുമല്ല.

അതെന്തോ ആകട്ടെ. മറ്റൊരു വ്യത്യാസം, ക്യൂബയില്‍ മതസ്വാതന്ത്ര്യം തീരെയില്ല എന്നതാണ്‌.

ചൈനയും അവിടുത്തെ ഫാലൂംഗ്‌ ഗോംഗുംപോലെ?

ചൈനയെക്കുറിച്ച്‌ വേണ്ടാത്ത വര്‍ത്തമാനങ്ങള്‍ പറയരുതെന്ന് ഞാന്‍ നിന്നോട്‌ പറഞ്ഞു. സദ്ദാം അധികാരത്തില്‍ വന്നത്‌, പട്ടാള അട്ടിമറിയിലൂടെയാണ്‌. അതിന്റെയര്‍ത്ഥം, അയാള്‍ നിയമപരമായിട്ടുള്ള ഭരണാധികാരിയല്ലെന്നാണ്‌.

എന്താണ്‌ പട്ടാള അട്ടിമറി എന്നു പറഞ്ഞാല്‍?

അതായത്‌, നമ്മുടെ രാജ്യത്തൊക്കെ നടക്കുന്നപോലെ, തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരാതെ, ശക്തി ഉപയോഗിച്ച്‌ ഒരു രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്നതിനാണ്‌ പട്ടാള അട്ടിമറി എന്നു പറയുന്നത്‌.

പാകിസ്ഥാനിലെ ആള്‍ അങ്ങിനെ വന്ന ആളല്ലേ?

ആര്‌? പര്‍വേസ്‌ മുഷാറഫോ? അതെ, അതെ. അവിടെ അങ്ങിനെതന്നെയാണ്‌ ഉണ്ടായത്‌. പക്ഷേ, പാക്കിസ്ഥാന്‍ നമ്മുടെ സുഹൃത്താണ്‌.

അപ്പോള്‍ പാകിസ്ഥാന്റെ നേതാവ്‌ നിയമവിരുദ്ധനാണെങ്കില്‍ എങ്ങിനെയാണ്‌ അയാള്‍ നമ്മുടെ സുഹൃത്താവുക?

മുഷാറഫ്‌ നിയമവിരുദ്ധനാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ

ദാ, ഇപ്പോഴല്ലേ അച്ഛന്‍ പറഞ്ഞത്‌, ഒരു രാജ്യത്തിലെ നിയമാനുസൃതമായ സര്‍ക്കാരിനെ ബലംപ്രയോഗിച്ച്‌ നിലത്തിറക്കി അധികാരത്തില്‍ വരുന്നയാള്‍ നിയമവിരുദ്ധനാണെന്ന്?

അത്‌ സദ്ദാ ഹുസ്സൈന്റെ കാര്യമല്ലേ. മുഷാറഫ്‌ നമ്മുടെ സുഹൃത്താണ്‌. അഫ്ഘാനിസ്ഥാനെ ആക്രമിക്കാന്‍ അയാള്‍ നമ്മെ സഹായിച്ചത്‌ ഓര്‍മ്മയില്ലേ?

എന്തിനാണ്‌ നമ്മള്‍ അഫ്ഘാനിസ്ഥാനെ ആക്രമിച്ചത്‌?

അവര്‍ സപ്തംബര്‍ 11ന്‌ നമ്മോട്‌ കാണിച്ചതിനുപകരമായിട്ടായിരുന്നു അത്‌.

അഫ്ഘാനിസ്ഥാന്‍ എന്താണ്‌ സപ്തംബര്‍ 11-ന്‌ നമ്മളോട്‌ കാണിച്ചത്‌?

അന്നേ ദിവസം, പത്തൊന്‍പതുപേര്‍-അതില്‍ പതിനഞ്ചും സൗദിയില്‍നിന്നുള്ളവരായിരുന്നു-നാല്‌ വിമാനങ്ങള്‍ റാഞ്ചിക്കൊണ്ടുപോയി, മൂന്ന് കെട്ടിടങ്ങളില്‍ ഇടിച്ച്‌, നമ്മുടെ 3000 പേരെ കൊന്നു.

പക്ഷേ, അതില്‍ അഫ്ഘാനിസ്ഥാന്റെ പങ്ക്‌ എന്താണ്‌?

താലിബാന്‍ ഭരിക്കുന്ന സമയത്ത്‌, ഈ ആളുകള്‍ക്ക്‌ പ്ലെയിന്‍ പറപ്പിക്കാനുള്ള പരിശീലനം കിട്ടിയത്‌ അഫ്ഘാനിസ്ഥാനില്‍വെച്ചായിരുന്നു.

ഈ താലിബാനെന്നു പറയുന്നത്‌, ആളുകളുടെ തലയും കയ്യുമൊക്കെ വെട്ടിക്കളയുന്ന ഒരു തീവ്രവാദി മുസ്ലിം സംഘടനയല്ലേ?

അതെ. അതുതന്നെയാണ്‌ അവര്‍. അവര്‍ ആളുകളുടെ കയ്യും തലയും വെട്ടിക്കളയുകമാത്രമല്ല, സ്ത്രീകളെ അടിച്ചമര്‍ത്തുകകൂടി ചെയ്തിരുന്നു.

പക്ഷേ നമ്മുടെ ബുഷ്‌ താലിബാന്‌ 2001 മെയ്‌ മാസം 43 മില്ല്യണ്‍ ഡോളര്‍ കൊടുത്തിട്ടില്ലേ?

ഉണ്ട്‌. പക്ഷേ, അത്‌, മയക്കുമരുന്നിനെതിരെയുള്ള അവരുടെ നല്ല പോരാട്ടത്തിനുള്ള പ്രതിഫലമെന്ന നിലയ്ക്കായിരുന്നു.

മയക്കുമരുന്നിനെതിരെയുള്ള യുദ്ധമോ?

അതെ. ഓപ്പിയം ചെടികള്‍ കൃഷി ചെയ്യുന്നതില്‍നിന്നും ജനങ്ങളെ തടയാന്‍ അവര്‍ വളരെ സഹായിച്ചിട്ടുണ്ട്‌.

എങ്ങിനെയാണ്‌ അവര്‍ക്ക്‌ ഈ നല്ല കാര്യം ചെയ്യാന്‍ സാധിച്ചത്‌?

അത്‌ എളുപ്പമല്ലേ? ആരെങ്കിലും ഓപ്പിയം പൂക്കള്‍ കൃഷി ചെയ്യുന്നത്‌ കണ്ടാല്‍, അവരുടെ തലയും കയ്യും അവര്‍ വെട്ടും.

അപ്പോള്‍, ഓപ്പിയം പൂക്കള്‍ വളര്‍ത്തുന്നതിന്‌ തലയും കയ്യും വെട്ടാം. മറ്റൊന്നിനും അങ്ങിനെ ചെയ്യാന്‍ പാടില്ല എന്ന്. അല്ലേ?

അതെ. ചെടികള്‍ വളര്‍ത്തുന്നത്‌ തടയാനായി ഏതെങ്കിലും ഇസ്ലാമിക സംഘടന ആളുകളുടെ തലയും കയ്യും വെട്ടുന്നത്‌ തെറ്റല്ല. പക്ഷേ ഭക്ഷണം മോഷ്ടിച്ചതിനും മറ്റും അങ്ങിനെ ചെയ്യുന്നത്‌ തീരെ ശരിയല്ല.

സൗദി അറേബ്യയിലും ആളുകളുടെ കയ്യും തലയും വെട്ടുന്നില്ലേ?

അത്‌ വ്യത്യാസമുണ്ട്‌. സ്ത്രീകളെ അടിച്ചമര്‍ത്തുകയും, പൊതുസ്ഥലത്ത്‌ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന് നിര്‍ബന്ധിക്കുകയും, അങ്ങിനെ ചെയ്യാത്തവരെ കല്ലെറിഞ്ഞുകൊല്ലാനുള്ള നിയമങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഒരു കിരാത ഭരണമാണ്‌ അഫ്ഘാനിസ്ഥാനിലുണ്ടായിരുന്നത്.

സൗദിയിലും സ്ത്രീകള്‍ക്ക്‌ പൊതുസ്ഥലത്ത്‌ ബുര്‍ഖ ധരിക്കേണ്ടിവരുന്നില്ലേ?

ഇല്ല. അത്‌ അവരുടെ ശരീരം മറക്കുന്ന ഒരു പരമ്പരാഗത വസ്ത്രധാരണം മാത്രമാണ്‌.

എന്തു വ്യത്യാസമാണുള്ളത്‌?

പരമ്പരാഗത ഇസ്ലാമിക മൂടുപടമെന്നത്‌, വിരലുകളും കണ്ണുകളുമൊഴിച്ച്‌ സ്ത്രീയുടെ ബാക്കിയുള്ള ശരീരഭാഗങ്ങളെ വൃത്തിയായി മറയ്ക്കുന്ന ഒരു മാന്യമായ വസ്ത്രധാരണരീതിയാണ്‌. ബുര്‍ഖ എന്നത്‌, വിരലുകളും കണ്ണുകളും ഒഴിച്ച്‌, ഒരു സ്ത്രീയുടെ എല്ലാ ശരീരഭാഗത്തെയും മറയ്ക്കുന്ന ഒരു ദുഷിച്ച പിതൃദായക ചൂഷണോപാധിയാണ്‌.

വെവ്വേറെ പേരുകളാണെങ്കിലും, സംഗതി ഒന്നുതന്നെയല്ലേ?

നീയിനി അഫ്ഘാനിസ്ഥാനെയും സൗദി അറേബ്യയെയും താരതമ്യം ചെയ്യാന്‍ പോവുകയാണോ? എന്തൊക്കെ പറഞ്ഞാലും സൗദികള്‍ നമ്മുടെ സുഹൃത്തുക്കളാണ്‌.

പക്ഷേ, അന്ന് വിമാനം റാഞ്ചിയ 19 പേരില്‍ 15 പേരും സൗദികളാണെന്നല്ലേ അച്ഛന്‍ കുറച്ചുമുന്‍പ്‌ എന്നോട്‌ പറഞ്ഞത്‌?

അതതെ. പക്ഷേ, അഫ്ഘാനിസ്ഥാനിലായിരുന്നു അവര്‍ക്ക്‌ പരിശീലനം കിട്ടിയത്‌.

ആരാണ്‌ അവരെ പരിശീലിപ്പിച്ചത്‌?

ഒസാമ ബിന്‍ ലാദന്‍ എന്നൊരു വൃത്തികെട്ട മനുഷ്യന്‍.

അഫ്ഘാനിസ്ഥാനിയാണല്ലെ?

ങേ!..അല്ലല്ല..അയാളും സൗദിക്കാരനാണ്‌. പക്ഷേ, വൃത്തികെട്ടവനാണ്‌. മഹാവൃത്തികെട്ടവന്‍.

ഒരുകാലത്ത്‌ നമ്മുടെ സുഹൃത്തായിരുന്നില്ലേ അയാള്‍?

ഓ..അത്‌ പണ്ട്‌. സോവിയറ്റുകള്‍ അഫ്ഘാനിസ്ഥാന്‍ കയ്യേറിയപ്പോള്‍, അവരെ തുരത്താന്‍, നമ്മള്‍ അയാളെയും മുജാഹദീനുകളെയും സഹായിച്ചിട്ടുണ്ടെന്നുമാത്രം. 1980-കളില്‍.

ആരാണ്‌ സോവിയറ്റുകള്‍? റൊണാള്‍ഡ്‌ റീഗന്‍ ഒരിക്കല്‍ സൂചിപ്പിച്ച ആ ദുഷ്ട കമ്മ്യൂണിസ്റ്റ്‌ സാമ്രാജ്യമല്ലേ അത്‌?

ഇപ്പോള്‍ സോവിയറ്റ്‌ ഇല്ല. 1990-ലോ മറ്റോ അത്‌ പൊളിഞ്ഞുപാളീസായി. ഇപ്പോ അവിടെയും തിരഞ്ഞെടുപ്പുകളും മുതലാളിത്തവുമൊക്കെയുണ്ട്‌. റഷ്യക്കാരെന്നാണ്‌ ഇപ്പോള്‍ അവരെ വിളിക്കുന്നത്‌.

അപ്പോള്‍, സോവിയറ്റുകള്‍, അല്ല, റഷ്യക്കാര്‍ ഇപ്പോള്‍ നമ്മുടെ സുഹൃത്തുക്കളാണോ?

അങ്ങിനെ പറയാന്‍ പറ്റില്ല. സോവിയറ്റുകളല്ലാതെയായതിനുശേഷം അവര്‍ കുറേക്കാലം നമ്മുടെ സുഹൃത്തുക്കളായിരുന്നു. പക്ഷേ, പിന്നീട്‌ അവര്‍ നമ്മുടെ ഇറാഖ്‌ ആക്രമണത്തെ പിന്തുണക്കാതെ വന്നപ്പോള്‍ നമ്മള്‍ അവരുമായി അസുഖത്തിലായി. അവര്‍ മാത്രമല്ല. ഇറാഖ്‌ ആക്രമണത്തില്‍ നമ്മളെ സഹായിക്കാതിരുന്നതിന്‌ ഫ്രഞ്ചുകാരോടും ജര്‍മ്മന്‍‌കാരോടും ഒക്കെ നമ്മള്‍ അസുഖത്തിലാണിന്ന്.

അപ്പോള്‍, ഫ്രഞ്ചുകാരും ജര്‍മ്മന്‍കാരും ദുഷ്ടന്‍മാരാണോ?

ദുഷ്ടന്‍മാര്‍ എന്നു പറയാന്‍ പറ്റില്ല. പക്ഷേ ഫ്രഞ്ച്‌ ഫ്രൈസിന്റെയും, ഫ്രഞ്ച്‌ ടോസ്റ്റിന്റെയും പേര്‌ ഫ്രീഡം ഫ്രൈസ്‌, ഫ്രീഡം ടോസ്റ്റ്‌ എന്നൊക്കെയാക്കാന്‍ പാകത്തില്‍ നമ്മള്‍ അവരുമായി അസുഖത്തിലായി.

നമ്മള്‍ ആഗ്രഹിക്കുന്ന തരത്തില്‍ മറ്റൊരു രാജ്യം ചെയ്തില്ലെങ്കില്‍, ഭക്ഷണത്തിന്റെ പേരുകൂടി മാറ്റേണ്ടതുണ്ടോ?

സുഹൃത്തുക്കളായതുകൊണ്ട്‌ നമ്മള്‍ അത്രയേ ചെയ്തുള്ളു എന്നു മാത്രം. ശത്രുക്കളായിരുന്നെങ്കില്‍ നമ്മള്‍ തട്ടിക്കളഞ്ഞേനെ.

പക്ഷേ, ഇറാഖ്‌ ഒരു കാലത്ത്‌, 1980-കളില്‍ നമ്മുടെ സുഹൃത്തായിരുന്നില്ലേ?

ങ്‌ഹാ..കുറച്ചുകാലം.

അന്ന്, സദ്ദം ഹുസ്സൈനായിരുന്നോ ഇറാഖില്‍ ഭരിച്ചിരുന്നത്‌?

അതെ. പക്ഷേ അന്ന് അയാള്‍ ഇറാനെതിരെ യുദ്ധം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ്‌ അയാള്‍ നമ്മുടെ സുഹൃത്തായത്‌. തത്‌ക്കലത്തേക്ക്‌.

അതെങ്ങിനെയാണ്‌ അയാളെ നമ്മുടെ സുഹൃത്താക്കുക?

കാരണം, അന്ന് ഇറാന്‍ നമ്മുടെ ശത്രുവായിരുന്നു.

അന്നല്ലേ സദ്ദാം കുര്‍ദ്ദുകളെ വിഷവാതകം പ്രയോഗിച്ച്‌ കൂട്ടത്തോടെ കൊന്നത്‌?

അതെ. പക്ഷേ അന്നയാള്‍ ഇറാനെതിരെ യുദ്ധത്തിലായതുകൊണ്ട്‌ നമ്മളതത്ര കാര്യമാക്കിയില്ല എന്നു മാത്രം. അയാള്‍ നമ്മുടെ സുഹൃത്താണെന്ന് അയാളെ ബോദ്ധ്യപ്പെടുത്താന്‍.

അപ്പോള്‍, നമ്മുടെ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ഏതൊരുത്തനും സ്വാഭാവികമായി നമ്മുടെ സുഹൃത്തായിത്തീരും. അങ്ങിനെയല്ലേ?

അതങ്ങിനെയാണ്‌. മിക്കവാറും.

അപ്പോള്‍ നമ്മുടെ സുഹൃത്തുക്കളോട്‌ യുദ്ധം ചെയ്യുന്നവര്‍ സ്വാഭവികമായി നമ്മുടെ ശത്രുക്കളുമായിത്തീരും.

ആ പറഞ്ഞത് ചിലസമയങ്ങളില്‍ മാത്രമേ ശരിയാകൂ. കാരണം, രണ്ടുകൂട്ടര്‍ക്കും ഒരേ സമയം ആയുധം വില്‍ക്കാന്‍ നമ്മുടെ രാജ്യത്തിലെ കമ്പനികള്‍ക്ക്‌ സാധിക്കുകയാണെങ്കില്‍, അതായിരിക്കും കൂടുതല്‍ നല്ലത്.

എന്തുകൊണ്ട്‌?

കാരണം, യുദ്ധം നമ്മുടെ സാമ്പത്തികസ്ഥിതിക്ക്‌ നല്ലതാണ്‌. എന്നുവെച്ചാല്‍, യുദ്ധം, അമേരിക്കക്കാര്‍ക്ക്‌ നല്ലതാണെന്ന്. ദൈവം നമ്മുടെ ഭാഗത്തായതുകൊണ്ട്‌, നമ്മെ എതിര്‍ക്കുന്നവര്‍ ദൈവമില്ലാത്ത, കമ്മ്യൂണിസ്റ്റുകളാണ്‌. ഇപ്പോള്‍ മനസ്സിലായോ എന്തുകൊണ്ടാണ്‌ നമ്മള്‍ ഇറാഖിനെ ആക്രമിച്ചതെന്ന്?

ഇപ്പോള്‍ എനിക്ക്‌ മനസ്സിലായെന്നു തോന്നുന്നു. തെളിച്ചു പറഞ്ഞാല്‍, ദൈവം ആവശ്യപ്പെട്ടതുകൊണ്ടാണ്‌ നമ്മള്‍ ഇറാഖിനെ ആക്രമിച്ചത്‌ എന്ന്. ശരിയല്ലേ?

അതെ.

പക്ഷേ, നമ്മള്‍ ഇറാഖിനെ ആക്രമിക്കണമെന്നാണ്‌ ദൈവം ആഗ്രഹിക്കുന്നതെന്ന് നമ്മള്‍ എങ്ങിനെയാണ്‌ അറിഞ്ഞത്‌?

നോക്ക്‌, എന്തൊക്കെയാണ്‌ ഓരോ സമയത്ത്‌ ചെയ്യേണ്ടതെന്ന് ദൈവം നമ്മുടെ പ്രസിഡന്റിനോട്‌ നേരിട്ടുപറയാറുണ്ട്‌.

അപ്പോള്‍ പറഞ്ഞുവരുന്നത്‌, എന്തോ ഉള്‍വിളികേട്ടതുകൊണ്ടാണ്‌ ബുഷ്‌ ഇറാഖിനെ ആക്രമിക്കാന്‍ പുറപ്പെട്ടത്‌ എന്നാണല്ലേ?

അതെ. ഒടുവില്‍ നിനക്ക്‌ കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടല്ലോ. അതു മതി. ഇനി കണ്ണുംപൂട്ടി സുഖമായുറങ്ങ്‌. ഗുഡ്‌നൈറ്റ്‌.

ഗുഡ്‌നൈറ്റ്‌ അച്ഛാ.



* കുറച്ചുകാലം മുന്‍പ്‌ ഇ-മെയിലുകളില്‍ റോന്തുചുറ്റിയ ഒരു നര്‍മ്മസംഭാഷണം. ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടില്ലാത്തതുകൊണ്ട്‌, അത്‌ വായിച്ചിട്ടില്ലാത്തവര്‍ക്കുവേണ്ടി ഇവിടെ പകര്‍ത്തിയെഴുതുന്നു.

Sunday, November 25, 2007

നാരിയെ പൂജിക്കുന്ന വിധം

എന്തുകൊണ്ടാണ്‌ തസ്ലീമക്ക്‌, കേരളത്തിലെ ആദ്യത്തെ പത്ത്‌ തെമ്മാടി രാഷ്ട്രീയക്കാരില്‍ ഒരാളായ കുഞ്ഞാലിക്കുട്ടി ഇന്നലെ മുസ്ലിംസമ്മേളനത്തില്‍, കക്ഷം ചൊറിഞ്ഞ് പറഞ്ഞപോലെ, അന്യനാട്ടില്‍ വന്ന് 'ചുറ്റിത്തിരിയേണ്ടി'വരുന്നത്‌?

എഴുത്തുകാരിയായതുകൊണ്ടും, തനിക്കു ശരിയെന്നു തോന്നുന്നത്‌ എവിടെയും പറയാമെന്ന തന്റേടം ഉള്ളിലുള്ളതുകൊണ്ടുമാണ്‌ ഇന്ന് ഈ ഗതി അവര്‍ക്ക്‌ വന്നത്‌.

തനിക്ക്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടു മാത്രം ഭരണകൂടങ്ങള്‍ക്കും, ആള്‍ക്കൂട്ടങ്ങള്‍ക്കും അപ്രിയരായവരില്‍ ആദ്യത്തേതൊന്നുമല്ല തസ്ലീമ. അവര്‍ക്ക്‌ പൂര്‍വ്വസൂരികളായി നിരവധിപേരുണ്ട്‌ നമ്മുടെ ചരിത്രത്തില്‍.

എന്താണ്‌ അവര്‍ ചെയ്ത ഇത്ര വലിയ അപരാധം? തന്റെ മതത്തെ അവര്‍ ഒരുകാലത്തും തള്ളിപ്പറഞ്ഞിട്ടില്ല. മതം മാറുകയോ, മതസ്പര്‍ദ്ധ വളര്‍ത്തുകയോ, സമൂഹത്തിന്റെ ശാന്തികെടുത്തുന്ന എന്തെങ്കിലും ചെയ്യുകയോ ഉണ്ടായിട്ടില്ല. പിന്നെയെന്താണിങ്ങനെയൊക്കെ?

കര്‍ണ്ണാടകയില്‍വെച്ച്‌ അവര്‍ക്ക്‌ നേരിടേണ്ടിവന്നത്‌ നമ്മള്‍ കണ്ടു. ഇന്നിപ്പോള്‍ കൊല്‍ക്കൊത്തയില്‍നിന്നും അവര്‍ക്ക്‌ ഒഴിഞ്ഞുപോകേണ്ടിവന്നിരിക്കുന്നു. വിപ്ലവത്തിന്റെയും, രാഷ്ട്രീയപ്രബുദ്ധതയുടെയുമൊക്കെ സ്വന്തം ബംഗാളില്‍നിന്ന്. പരക്കംപായുകയാണ്‌ ഒരു സ്ത്രീ. ഒരു എഴുത്തുകാരി.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു അവരുടെ സാന്നിദ്ധ്യം ഹാനികരമാകുമെന്ന കാരണം പറഞ്ഞ്‌, പുലര്‍കോഴി കൂവുന്നതിനും ഏറെമുന്‍പുതന്നെ, സി.പി.എമ്മിന്റെ ബിമന്‍ ബസു അവരെ തള്ളിപ്പറഞ്ഞിരിക്കുന്നു. നന്ദിഗ്രാമിനെച്ചൊല്ലിയുള്ള അസമാധാനത്തില്‍നിന്നുള്ള രക്ഷയായിരിക്കണം തസ്ലീമ പ്രശ്നം, സംസ്ഥാന സര്‍ക്കാരിനു നല്‍കിയത്‌. നന്ദിഗ്രാമിനെച്ചൊല്ലിയുള്ള ബഹളത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ തന്ത്രമായിരുന്നുവോ ഇതെന്നുകൂടി തോന്നിപ്പോകാം.

ഗുരുദാസ്‌ ഗുപ്തയെയും, മനോജ്‌ ഭട്ടാചാര്യയെപ്പോലെയും ചുരുക്കം ചിലര്‍ക്കുമാത്രമേ സ്ഥിരബുദ്ധി നഷ്ടപ്പെടാതിരുന്നുള്ളു. ബിമന്‍ ബോസ്‌ തന്റെ പ്രസ്താവന പിന്‍വലിച്ചു എന്നത്‌, ചെയ്ത തെറ്റിന്റെ വലുപ്പം കുറക്കുന്നില്ല.

തസ്ലീമക്കും, എം.എഫ്‌.ഹുസ്സൈനും, സല്‍മാന്‍ റുഷ്ദിക്കും, എഡ്വേഡ്‌ സെയ്ദിനും, യുയുത്സുവിനും, ഷഷ്ഠിബ്രതക്കും, മിര്‍ മഹ്‌ഫൂസ്‌ അലിക്കും ഒക്കെ ഈ ഗതി നേരിടേണ്ടിവന്നിട്ടുണ്ട്‌. പക്ഷേ, ഇന്ന് നമ്മുടെ മുന്നില്‍ ഒരു സ്ത്രീ നിസ്സഹായയായി വന്നു നില്‍ക്കുകയാണ്‌. അഭയം ചോദിച്ച്‌.അവര്‍ക്ക്‌ സംരക്ഷണവും അഭയവും കൊടുക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്‌. മറ്റൊന്നിനുംവേണ്ടിയല്ല. നാരിയെ പൂജിക്കുന്ന നാടെന്നും, മതസഹിഷ്ണുതക്ക്‌ പുകള്‍പെറ്റ നാടെന്നുമൊക്കെ നാഴികക്കു നാല്‍പ്പതുവട്ടം വീമ്പു പറയുന്ന ഒരു രാജ്യത്തിന്‌ ഒരു നിസ്സഹായയായ സ്ത്രീയോട്‌ മിനിമം മര്യാദയെങ്കിലും പാലിക്കാനുള്ള ഉത്തരവാദിത്ത്വമില്ലേ? അതോ നമ്മള്‍ നമ്മളെ ഇന്ത്യന്‍ ഖൊമേനികള്‍ക്ക്‌ തീറെഴുതിക്കൊടുത്തിരിക്കുന്നുവോ?

ഇ.അഹമ്മദും കുഞ്ഞാലിക്കുട്ടിയുമൊക്കെ എന്തും പറയും. എന്തും കാട്ടും. അതാണ്‌ ഇനം. കൂട്ടിന്‌ കാന്തപുരങ്ങളുമുണ്ടല്ലോ. ഒരു അഡ്രസ്സും കിട്ടാത്തവിധം ചേകന്നൂരിനെ ഇല്ലാതാക്കിയ മഹാരഥന്‍മാര്‍.

മുപ്പത്തിമുക്കോടി ദൈവങ്ങളുടെയും, അവരുടെ ലൈംഗികസദാചാരത്തിന്റെയും കുത്തകപകര്‍പ്പവകാശം കൈക്കലാക്കിയ തങ്ങളുടെ അധികാരാവകാശങ്ങളില്‍ കൈവെക്കാന്‍ ധൈര്യം കാണിച്ച എം.എഫ്‌.ഹുസ്സൈനെ പുകച്ചു പുറത്തു ചാടിച്ച 'ആര്‍ഷസംസ്കാര'മൂര്‍ഖന്മാരാകട്ടെ, മറുപുറത്തുണ്ട്‌. തസ്ലീമക്ക്‌ ഇന്ത്യ അഭയം കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു മല്‍ഹോത്ര. പക്ഷേ, ഹുസ്സൈനെ നിലം തൊടീക്കില്ലെന്ന തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്നുമാത്രം.


വാക്കുകളെയും വരകളെയും ഭയക്കുന്ന ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്‌ നമ്മള്‍. വാക്കോ, ചിത്രമോ, നാടകമോ, ഗാനമോ, സിനിമയോ എന്തുമാകട്ടെ, അതൊക്കെ നമ്മെ അസ്വസ്ഥരാക്കുന്നു. കാരണം, അവയൊക്കെ നമ്മെതന്നെയാണ്‌ വെളിവാക്കുന്നത്‌. നമ്മുടെ അശ്ലീലങ്ങള്‍ക്കുനേരെയുള്ള കണ്ണാടികളാണ്‌ അവയൊക്കെ. ആ കണ്ണാടികള്‍ എറിഞ്ഞുടക്കുക, നമുക്കുനേരെ ആ കണ്ണാടികള്‍ തിരിച്ചുവെക്കുന്നവരെ ആട്ടിയോടിക്കുക, ആ ദൗത്യമാണ്‌ ഇന്ന് നമ്മള്‍ ഏറ്റെടുത്തിരിക്കുന്നത്‌.

വിശ്വസിക്കുന്ന നിലപാടുകള്‍ക്കുവേണ്ടി, അവയെ ആവിഷ്ക്കരിക്കാന്‍ ഉപയോഗിച്ച ഭാഷക്കും, വാക്കുകള്‍ക്കും വേണ്ടി, നാടും വീടും വിട്ട്‌, മറ്റൊരു നാട്ടില്‍ അഭയംതേടി, അവിടെനിന്നുപോലും തിരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി, നിരന്തരം വേട്ടയാടപ്പെട്ട്‌ ഒളിവില്‍ ജീവിക്കുന്നതിന്റെ 'സുഖ'മൊന്നും അറിയേണ്ടിവരുന്നില്ല നമുക്കാര്‍ക്കും. എഴുത്ത്‌ നമുക്കൊരു 'സുഖചികിത്സ'യാകുന്നു.

തസ്ലീമ നസ്രീന്‌ അഭിവാദ്യങ്ങള്‍.

Saturday, November 24, 2007

നിര്‍ണ്ണായകവും അടിയന്തിരവുമായ മൂന്ന് ചരിത്ര ദൗത്യങ്ങള്‍ - 3

അമേരിക്കന്‍ അധിനിവേശത്തിന്റെ ഒരു പ്രധാന ഉപോത്‌പന്നമാണ്‌ മതമൗലികശക്തികളുടെ വളര്‍ച്ച. അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ തിരിച്ചുവരുക മാത്രമല്ല ചെയ്യുന്നത്‌, അടുത്തുള്ള പാക്കിസ്ഥാനിലേക്ക്‌ വ്യാപിക്കുകകൂടി ചെയ്തു. ഇറാഖിലാകട്ടെ, സദ്ദം ഹുസ്സൈന്റെ കാലത്ത്‌ തീരെ സാന്നിദ്ധ്യമില്ലാതിരുന്ന അല്‍ഖ്വൈദ, ഇന്ന് അവിടെ ശക്തമാണ്‌. 1953-ല്‍ അമേരിക്കയുടെ സഹായത്തോടെ ഇറാനില്‍ വന്ന ഭരണകൂടം അവിടെയും മതമൗലികശക്തികള്‍ക്കാണ്‌ ഇടമൊരുക്കിയത്‌. ഇറാനുനേരെയുള്ള മറ്റൊരു യുദ്ധം ആ രാജ്യത്തിനെ അരനൂറ്റാണ്ട്‌ പിന്നിലേക്കുപോകാനേ ഉപകരിക്കൂ. അത്തരമൊരു യുദ്ധം ഒഴിവാക്കാന്‍ സാധിക്കുമോ?

എന്താണ്‌ ചെയ്യേണ്ടത്‌? സമാധാനപരമായ സാമ്പത്തിക നിസ്സഹകരണം.

ഈ ഉത്തരം വീണ്ടും നമ്മളെ, ഡേവിഡ്‌ ലുഡന്‍ ഉയര്‍ത്തിയ പ്രശ്നത്തിലേക്ക്‌ തിരികെ കൊണ്ടുവരുന്നു. തങ്ങളുടെ വിപുലമായ സാമ്രജ്യം നിലനിര്‍ത്തുന്നതിന്‌ കൊടുക്കേണ്ടിവരുന്ന ഭീമമായ വിലയെക്കുറിച്ച്‌ അമേരിക്കന്‍ ജനതക്ക്‌ മനസ്സിലാവുക, ആ വില അവര്‍ക്ക്‌ സ്വന്തമായി വഹിക്കേണ്ടിവരുമ്പോള്‍ മാത്രമായിരിക്കും. അത്‌ സംഭവിക്കണമെങ്കില്‍, അമേരിക്കയുടെ സാമ്രാജ്യത്വ പരിപാടികളുമായി ഇനിമേലില്‍ സഹകരിക്കില്ലെന്ന് മറ്റു രാജ്യങ്ങള്‍ തീരുമാനമെടുക്കുകയും, ഡോളറിന്റെ ഇന്നത്തെ പദവി നഷ്ടമാവുകയും ചെയ്യണം.

അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന ജനവിഭാഗങ്ങളുടെ മുന്നില്‍, ധാരാളം മാര്‍ഗ്ഗങ്ങള്‍ തുറന്നുകിടക്കുന്നുണ്ട്‌. ഭൂമിയിലെ രണ്ടാമത്തെ വന്‍ശക്തിയായ 'പൊതുജനാഭിപ്രായം'ഇറാഖ്‌ യുദ്ധത്തിന്‌ തൊട്ടുമുന്‍പ്‌, നല്ലൊരു പ്രകടനമായിരുന്നു കാഴ്ച്ചവെച്ചതെങ്കിലും, അധിനിവേശത്തെ ഒഴിവാക്കാന്‍ അതിനായില്ല. കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളാന്‌ വേണ്ടത്‌. ഇറാഖിലെ ഇന്നത്തെ യുദ്ധം ലക്ഷക്കണക്കിന്‌ ആളുകളെയാണ്‌ കശാപ്പുചെയ്തുകൊണ്ടിരിക്കുന്നത്‌. അതില്‍ ഇറാഖികളും, അമേരിക്കക്കാരുമൊക്കെ പെടും. ദരിദ്രരായ ആളുകളാണ്‌ ഈ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും. ഇത്‌ തീര്‍ത്തും അഭിലഷണീയമായ ഒരു കാര്യമല്ല. സാമ്രാജ്യത്വ നീചശക്തികളുമായി സമാധാനപരമായ സാമ്പത്തിക നിസ്സഹകരണം എന്ന ആശയമാണ്‌ ചുവടെ നിര്‍ദ്ദേശിക്കുന്നത്‌. ഉദാഹരണത്തിന്‌:

1.ഇറാഖിലും അഫ്ഘാനിസ്ഥാനിലും നടക്കുന്ന യുദ്ധങ്ങളില്‍ നിന്നും, ഇറാനെ ആക്രമിക്കാനും, ഉപരോധം ഏര്‍പ്പെടുത്താനുമുള്ള ശ്രമങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനും എല്ലാ സര്‍ക്കാരുകളിലും സമ്മര്‍ദ്ദം ചെലുത്തുകയും, അധിനിവേശങ്ങളെ സഹായിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ അധികാരത്തില്‍നിന്ന് പുറത്താക്കുകയും ചെയ്യേണ്ടതുണ്ട്‌. അമേരിക്കന്‍ സാമ്രാജ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാരാബ്ധങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ചുമലില്‍ വീഴണം.

2. അമേരിക്കക്കുള്ളിലല്ലാതെ, മറ്റെവിടെയും അമേരിക്കന്‍ ഡോളര്‍ സ്വീകരിക്കാന്‍ നമ്മള്‍ വിസമ്മതിക്കണം. ഡോളറിന്റെ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ നോക്കുമ്പോള്‍, നമ്മുടെ വ്യക്തിപരമായ ഇടപെടലുകള്‍ക്കുപോലും ആ നാണയത്തെ ദുര്‍ബ്ബലമാക്കാന്‍ സാധിക്കും. ഉദാഹരണത്തിന്‌, മറ്റു രാജ്യങ്ങളിലേക്ക്‌, തൊഴില്‍ തേടിയും, വിനോദയാത്രക്കും, തീര്‍ത്ഥാടനത്തിനും, ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുന്നതിനും മറ്റുമായി നിരവധിയാളുകള്‍ക്ക്‌ നിത്യേനയെന്നോണം യാത്ര ചെയ്യേണ്ടിവരാറുണ്ട്‌ ഇന്നത്തെ കാലത്ത്‌. സ്വന്തം നാട്ടിലെ കറന്‍സി മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍, പതിവില്‍നിന്നു വിപരീതമായി, ഡോളറിനുപകരമായി മറ്റേതെങ്കിലും കറന്‍സി ഉപയോഗിക്കാന്‍ നമ്മള്‍ മിനക്കെട്ടാല്‍, അത്‌ ഡോളറിന്റെ പദവിയെ വലിയൊരളവുവരെ നിഷ്പ്രഭമാക്കാന്‍ സഹായിക്കും. വ്യാപാര സംഘങ്ങള്‍ക്കും ഇതില്‍ അവരുടേതായ പങ്കു വഹിക്കാനാകും. അന്താരാഷ്ട്ര വ്യാപാരത്തില്‍, ഡോളറിനു പകരം മറ്റേതെങ്കിലും കറന്‍സി ഉപയോഗിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ വരുമാനം, ആഭ്യന്തര ഉത്‌പ്പാദനം എന്നിവയൊക്കെ കണക്കാക്കുമ്പോള്‍ അവയെ ഡോളറുമായി താരതമ്യം ചെയ്യുന്ന കീഴ്‌വഴക്കവും ആക്റ്റിവിസ്റ്റുകളും, അക്കാദിമികതലത്തില്‍ പ്രവര്‍ത്തിക്കുന്നവരും കയ്യൊഴിയണം. തത്‌ക്കാലത്തേക്ക്‌ യൂറോ ഉപയോഗിക്കാന്‍ നമുക്ക്‌ സാധിക്കും. ഒരു വിധത്തില്‍ പറഞ്ഞാല്‍, ഇത്തരത്തിലുള്ള വ്യാപകവും, ജനകീയവുമായ പ്രവര്‍ത്തനങ്ങളാണ്‌ ബ്രിട്ടീഷ്‌ ഭരണത്തെയും, അതുവഴി ബ്രിട്ടീഷ്‌ സാമ്രാജ്യത്തെയും കെട്ടുകെട്ടിക്കാന്‍ ഇന്ത്യയെ സഹായിച്ചത്‌. കുറേക്കൂടി വലിയൊരു രീതിയില്‍ ഇതേ നയം നടപ്പാക്കിയാല്‍, അമേരിക്കന്‍ സാമ്രാജ്യവും നാമാവശേഷമാകുകതന്നെ ചെയ്യും.

3. മൂന്നാം ലോകരാജ്യങ്ങളുടെ വിദേശനാണയ സമ്പാദ്യങ്ങള്‍ ഡോളറില്‍നിന്ന് മാറ്റി പ്രാദേശിക കറന്‍സികളിലേക്കാക്കാന്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തണം. പ്രാദേശികമായ വ്യാപാര-സാമ്പത്തിക കൂട്ടുകെട്ടുകള്‍ സുദൃഢമാക്കാന്‍ ഇത്‌ സഹായിക്കും. അഫ്ഘാനിസ്ഥാന്‍, ഇറാഖ്‌, പാലസ്തീന്‍, ഇറാന്‍ എന്നു തുടങ്ങി, അമേരിക്കന്‍ സാമ്രാജ്യത്ത്വം നിഷ്ക്കരുണം അടിച്ചമര്‍ത്തുകയും അധീനതയിലാക്കുകയും ചെയ്യുന്ന ജനതകളോടുള്ള അനുഭാവപ്രകടനം എന്ന നിലയ്ക്കു മാത്രമല്ല അത്തരമൊരു പ്രയോഗത്തിന്റെ പ്രസക്തി. സാമ്പത്തിക മാനദണ്ഡമനുസരിച്ചും വിവേകപൂര്‍ണ്ണമായ ഒന്നായിരിക്കും അത്‌. ഡോളറിന്റെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകുന്ന ഈ സമയത്ത്‌, തങ്ങളുടെ വിദേശ വിനിമയ ശേഖരം മുഴുവനോ, അതല്ലെങ്കില്‍ ഭൂരിഭാഗമോ ഡോളറില്‍ നിക്ഷേപിച്ചിട്ടുള്ള വികസ്വര രാജ്യങ്ങള്‍ വളരെ വലിയൊരു പ്രതിസന്ധിഘട്ടത്തെയാണ്‌നേരിടാന്‍ പോകുന്നത്‌.

4. എണ്ണയുത്‌പ്പാദന രാജ്യങ്ങളിലെ സര്‍ക്കാരുകളോട്‌, അവരുടെ എണ്ണവ്യാപാരം ഡോളറില്‍നിന്ന് മാറ്റാന്‍ നമ്മള്‍ അഭ്യര്‍ത്ഥിക്കണം. അതിനര്‍ത്ഥം, മുഴുവനായും യൂറോയിലേക്ക്‌ മാറണമെന്നല്ല. ക്യൂബയടക്കം മറ്റു പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി വെനീസ്വെല ബാര്‍ട്ടര്‍ അടിസ്ഥാനത്തിലുള്ള എണ്ണവ്യാപാരം തുടങ്ങിക്കഴിഞ്ഞു. എണ്ണക്കു പകരം മറ്റ്‌ അവശ്യസാധനങ്ങളും, സേവനങ്ങളും. ഈ മാതൃക മറ്റു എണ്ണയുത്‌പ്പാദന രാജ്യങ്ങള്‍ക്കും പിന്തുടരാവുന്നതേയുള്ളു. Banco del Sur ഒരു പ്രാദേശിക കറന്‍സി ഏര്‍പ്പെടുത്തിയാല്‍, അതും ഉപയോഗിക്കാവുന്നതേയുള്ളു. റഷ്യ റൂബിളിലേക്കും ജി.സി.സി. രാജ്യങ്ങള്‍ പുതിയ കറന്‍സിയിലേക്കും തങ്ങളുടെ എണ്ണവ്യാപാരത്തെ പറിച്ചു നട്ടാല്‍, അവിടങ്ങളിലുള്ള പതിനായിരക്കണക്കിന്‌ ദക്ഷിണ, പൂര്‍വ്വദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ നാട്ടിലേക്കയക്കുന്ന വരുമാനം കൊണ്ട്‌ ആ രാജ്യങ്ങള്‍ക്ക്‌ എണ്ണ ഇറക്കുമതി ചെയ്യാന്‍ സാധിക്കും. ഡോളറിന്റെ സഹായമില്ലാതെതന്നെ. എണ്ണ ഒഴിച്ചുള്ള മറ്റു കൈമാറ്റക്കച്ചവടങ്ങള്‍ക്കും വികസ്വരരാജ്യങ്ങളുടെയിടയില്‍ സ്ഥാനമുണ്ടാകും.

5. ലോകത്തിന്റെ വ്യാപാര രീതികളിലും മാറ്റം ഉണ്ടാകേണ്ടത്‌ ആവശ്യമാണ്‌. ഡോളറിന്റെ മൂല്യം കുറയുകയും, ആഗോള വ്യാപാരത്തിന്റെ രീതികള്‍ ഇപ്പോഴുള്ളപോലെ തുടര്‍ന്നുപോവുകയും ചെയ്താല്‍, അമേരിക്കയിലേക്കുള്ള കയറ്റുമതിയെ പ്രധാനമായും ആശ്രയിക്കുന്ന പല രാജ്യങ്ങള്‍ക്കും, ഇറക്കുമതിയില്‍ ബുദ്ധിമുട്ട്‌ നേരിടാന്‍ ഇടയുണ്ട്‌. അതുകൊണ്ട്‌, അമേരിക്കയെ അധികം ആശ്രയിക്കാതെയുള്ള ഒരു വ്യാപാര സംസ്കാരം ഉണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. ഉദാഹരണത്തിന്‌, താരിഫ്ഫുകളും, കുടിയേറ്റ നിയന്ത്രണങ്ങളൊന്നും അധികമില്ലാത്ത, അതേ സമയം, മറ്റു രാജ്യങ്ങളുമായി വ്യാപാരം ചെയ്യുന്നതുമായ ഒരു ദക്ഷിണേഷ്യന്‍ സ്വതന്ത്ര വ്യാപാര മേഖല ഉണ്ടാകുന്നത്‌ അഭികാമ്യമാണ്‌. ലാറ്റിന്‍ അമേരിക്കയിലെ മെര്‍ക്കോസറിന് (MERCOSU)യൂറോപ്പ്യന്‍ യൂണിയന്‍ പോലെയുള്ള ഒരു വലിയ സംഘടനയായി വികസിക്കാനുള്ള സാദ്ധ്യതകള്‍ ധാരാളമാണ്‌. അമേരിക്കക്ക്‌ ഏറ്റവുമധികം കടം നല്‍കുന്ന രാജ്യങ്ങളാണ്‌ ചൈനയും ജപ്പാനും. ഡോളറിന്റെ മൂല്യശോഷണംകൊണ്ട്‌ തങ്ങളുടെ സമ്പദ്‌വ്യവസ്ഥക്ക്‌ ഉണ്ടാകാന്‍ ഇടയുള്ള തകര്‍ച്ചയെ പ്രതിരോധിക്കാന്‍ അവര്‍ അടിയന്തിരമായ ഇതര വ്യാപാര ശൈലികള്‍ അവലംബിക്കേണ്ടിയിരിക്കുന്നു.

6. ഇന്ത്യയും ചൈനയുമടക്കം, പല മൂന്നാം ലോക രാജ്യങ്ങള്‍ക്കും, തങ്ങളുടെ ആഭ്യന്തര വിപണി വികസിപ്പിക്കേണ്ടത്‌, തന്ത്ര പ്രധാനമായ ചുമതലയായിത്തീരും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴില്‍ സമയം ലഘൂകരിക്കുക, മാന്യമായ ജീവിതം നയിക്കുന്നതിനാവശ്യമായ മിനിമം വേതനം നടപ്പാക്കുക എന്നിങ്ങനെയുള്ള നയങ്ങള്‍ നടപ്പാക്കാന്‍വേണ്ടിയുള്ള ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാകണം. സൈനികവും, പ്രയോജനരഹിതമായ ഉപഭോഗങ്ങള്‍ക്കും വേണ്ടി ചിലവിടുന്ന സമ്പത്തിനെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഉത്‌പ്പാദനക്ഷമായ ഉപഭോഗമാക്കി പുനര്‍വിന്യസിക്കേണ്ടത്‌, മൂന്നാംലോക രാജ്യങ്ങളുടെ മാത്രമല്ല, യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും സാമ്പത്തികരംഗത്തിനു ഗുണകരമാവുകയേയുള്ളു.

7. അമേരിക്കന്‍ സാമ്രാജ്യത്വത്തെ അവസാനിപ്പിക്കാന്‍, ഈ പറഞ്ഞ സാമ്പത്തിക നയങ്ങള്‍ക്കുപരിയായി, അന്തര്‍ദ്ദേശീയ നിയമങ്ങളെയും, ബഹുരാഷ്ട്ര ഉടമ്പടികളെയും വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്‌. (ജനീവ കരാര്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സംബന്ധിച്ച റോം ഉടമ്പടി, രാസായുധ കരാര്‍, ജൈവായുധ കരാര്‍, സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി, കുഴിബോംബ്‌ ഉടമ്പടി, ഐ.എല്‍.ഒ.കേന്ദ്ര ഉടമ്പടി, കയോട്ടോ കരാര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും). ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര തൊഴിലാളി സംഘടന പോലുള്ള ബഹുരാഷ്ട്രസ്ഥാപനങ്ങളെ ശക്തിപ്പെടുത്തലും, ജനാധിപത്യവത്ക്കരിക്കലും ആവശ്യമാണ്‌.

8. ഈ പറഞ്ഞ പ്രവര്‍ത്തനങ്ങളൊന്നും സാധാരണക്കാരായ അമേരിക്കക്കാര്‍ക്കെതിരായി ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്നും ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‌. അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന ഒരു വലിയ വിഭാഗം ആളുകള്‍ അമേരിക്കയിലുണ്ട്‌. അവര്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, സാമ്രാജ്യത്വത്തിന്റെ ദൂഷ്യഫലങ്ങള്‍ അവരെയും പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്‌. യു.എസ്‌. ട്രഷറിയും, ഫെഡറല്‍ റിസര്‍വ്വും ഡോളറിന്റെ മൂല്യശോഷണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്‌. കാരണം, ഡോളറിന്റെ വിലയിടിയുമ്പോള്‍ അത്‌ വിദേശകടത്തെ കുറക്കാനും, അമേരിക്കന്‍ ഉത്‌പന്നങ്ങള്‍ക്ക്‌ ആവശ്യം വര്‍ദ്ധിപ്പിക്കാനും സാധിക്കും. അത്‌, കൂടുതല്‍ തൊഴിലവസരങ്ങളിലേക്കും, തൊഴിലാളികളുടെ സംഘടിതശക്തി വളരാനും അതുവഴി, ധനികര്‍ക്ക്‌ നികുതിയിളവു കൊടുക്കുകയും, സാധാരണക്കാര്‍ക്ക്‌ വേതനവും പരിരക്ഷകളും നിഷേധിക്കുകയും ചെയ്യുന്ന നിലവിലുള്ള നയങ്ങള്‍ക്കെതിരെ പോരാടാനും സാധാരണക്കാരായ അമേരിക്കന്‍ പൗരന്‍മാരെ സഹായിക്കും. ഇതൊക്കെ തകര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുകയാവും ഫലത്തില്‍ ചെയ്യുക. സര്‍ക്കാരിന്റെ ചിലവുകളില്‍ നികുതിദായകരുടെ പങ്കും, പ്രാമുഖ്യവും വര്‍ദ്ധിക്കുമ്പോള്‍, അവര്‍ക്ക്‌ അവരുടെ പൊയ്‌പ്പോയ അധികാരങ്ങള്‍ തിരിച്ചുകിട്ടും. വിദേശരാജ്യങ്ങള്‍ യുദ്ധത്തിന്റെ ചിലവുകള്‍ വഹിക്കുന്നിടത്തോളം കാലം യുദ്ധം അവസാനിക്കാന്‍ പോകുന്നില്ല. മറിച്ച്‌, യുദ്ധച്ചിലവുകള്‍ സാധാരണ പൗരന്‍മാര്‍ വഹിക്കണം എന്ന നില വന്നാല്‍, നികുതിദായകര്‍ക്ക്‌ അവരുടെ സൈന്യത്തെ വിദേശമണ്ണില്‍നിന്നും തിരികെ കൊണ്ടുവരാന്‍ കഴിയും.

പക്ഷേ, എന്തൊക്കെ വിട്ടുവീഴ്ച്ചകള്‍ ചെയ്താലും, ലോകത്തിലെ ഒരേയൊരു പൊതുകറന്‍സി എന്ന പദവി നഷ്ടമാകുന്നതോടെ, അമേരിക്കകത്തും, പുറത്തും അല്‍പ്പം ദുരിതങ്ങള്‍ നിശ്ചയമായും ഉണ്ടാകാനിടയുണ്ട്‌. പക്ഷേ നിവൃത്തിയില്ല. മറ്റൊരു മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നത്‌ കൂടുതല്‍ ഭവിഷ്യത്തിനിടവരുത്തുകയേയുള്ളു. എല്ലാ അന്താരാഷ്ട്ര മര്യാദകളെയും, ഉടമ്പടികളെയും നിരന്തരം ലംഘിക്കുന്ന, ആയുധധാരിയായ ഒരു തെമ്മാടിരാഷ്ട്രം നിലനില്‍ക്കുമ്പോള്‍, സമാധാനപരമായ ഒരു ലോകക്രമം അസാദ്ധ്യമാണ്‌. ഭീമമായ സൈനിക ചിലവുകളിലൂടെ പാപ്പരായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ നാണയത്തിനെ ആശ്രയിക്കുക എന്നത്‌, ലോകസമ്പദ്‌വ്യവസ്ഥക്ക്‌ ഇനിയും സാദ്ധ്യമല്ലതന്നെ. അനിയന്ത്രിതവും, വര്‍ദ്ധമാനവുമായ ഫോസ്സില്‍ ഇന്ധനത്തിന്റെ ഉപയോഗത്തിലൂടെ ലോകത്തിന്‌ പാരിസ്ഥിതിക വിനാശമുണ്ടാക്കുന്ന ഒരു രാജ്യം ഈ ഭൂമിക്കുതന്നെ വലിയൊരു ഭീഷണിയാണ്‌.

മറ്റു രാജ്യങ്ങള്‍ ഔദാര്യപൂര്‍വ്വം വെച്ചുനീട്ടിയ ബ്ലാങ്ക്‌ ചെക്കുകള്‍ ഇല്ലായിരുന്നെങ്കില്‍, അമേരിക്കക്ക്‌ തങ്ങളുടെ വിനാശകരമായ നയങ്ങളുമായി മുന്നോട്ട്‌ പോകാന്‍ ഒരിക്കലും കഴിയില്ലായിരുന്നു. അതുകൊണ്ട്‌, ആ ചെക്കുകള്‍ പിന്‍വലിക്കുക എന്നതാണ്‌ ബാക്കിയുള്ള രാജ്യങ്ങളുടെ അടിയന്തിരകടമ. ഒരു ദുഷ്ടമൃഗത്തെ കൊല്ലാനുള്ള എളുപ്പമാര്‍ഗ്ഗം, അതിന്റെ ഏറ്റവും മൃദുലമായ ഭാഗത്തിനുനേരെ ആയുധമുപയോഗിക്കുക എന്നതാണ്‌. അതേസമയം, അടുത്ത തിരഞ്ഞെടുപ്പില്‍, സാമ്രാജ്യത്വ മോഹങ്ങള്‍ ഇല്ലാത്ത ഒരു പുതിയ പ്രസിഡന്റിനെയും പ്രതിനിധികളെയും തിരഞ്ഞെടുക്കുകവഴി, അന്താരാഷ്ട്ര മര്യാദകളും, ധനപരമായ ഉത്തരവാദിത്ത്വങ്ങളും നിര്‍വ്വഹിക്കുന്ന, പരിസ്ഥിതിയെ കളങ്കപ്പെടുത്താത്ത ഒരു അമേരിക്കയെ സൃഷ്ടിക്കാന്‍ അമേരിക്ക ജനതക്കു കഴിഞ്ഞാല്‍, കൂടുതല്‍ ഉറപ്പുള്ളതും, സുരക്ഷിതവുമായ ഒരു ലോകക്രമവും സമ്പദ്‌വ്യവസ്ഥയും, പരിസ്ഥിതിയും നമുക്ക്‌ ഉറപ്പുവരുത്താനാകും.


(അവസാനിച്ചു)

രോഹിണി ഹെന്‍സ്‌മാന്‍ - മുംബൈയില്‍ സ്ഥിരതാമസമാക്കിയ ശ്രീലങ്കന്‍ എഴുത്തുകാരി. സ്ത്രീവിമോചനം, ട്രേഡ് യൂണിയന്‍, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അവര്‍ രചിച്ച Playing Lions and Tigers എന്ന നോവല്‍ ശ്രദ്ധേയമാണ്. ധാരാളം ചെറുകഥകളും രചിച്ചിട്ടുണ്ട്.

കുറിപ്പ്

ഈ ലേഖനം എഴുതുന്നതിലേക്ക് രോഹിണി ഹെന്‍സ്‌മാന്‍ ഉപയോഗിച്ചിട്ടുള്ള റഫറന്‍സുകള്‍ (പുസ്തകങ്ങളും, ലേഖനങ്ങളും)

1. US Dollar Hegemony : The Soft underbelly of Empire (and What can be Done to Use it!) - Rohini Hensman and Marinella Correggia.
2. Peter Symonds - Stpped Up US Preparations for War Against Iran.
3. Abbas Edalat & Mehrnaz Shahabi - Turning Truth on Its Head
4. John H.Richardson - The Secret history of the Impending War with Iran that the White House Does'nt want you to know.
5. David Ludden - American's Invisible Empire
6. C.Fred Bergsten - The Current Account Deficit and US Economy (Testimoney before the Budget Committee of the United States Senate February 1, 2007).
7. Henry C.K.Liu - US Dollar Hegemony has got to go.
8. Rohini Hensman - A strategy to Stop the War.
9. David E.Spiro - The Hidden Hand of American Hegemony : Petrodollar Recycling and International Markets.
10. Paul Craig Roberts - The Coming Currency Shock
11. Lawrence G.FRabnko - US Competititiveness in Global Financial Services Industry.
12. Charles Recknagel - Iraq: Baghdad Moves to Euro
13. Iran Financial News - Forex Fund Shifting to Euro
14. Caroline Gluck - Noth Korea embraces the Euro
15. William Clarke - Revisted: The Real Reasons for the Upcoming War with Iraq: A Macroeconomic and Geostrategic Analysis of the Unspoken Truth.
16. Gavin R.Putland - The war to Save the US Dollar.
17. Rohini Hensman - Boycott the Dollar to Stop the War.
18. Dave Mory - For the Record # 407.
19. 'Dr.M. Tells World to Use Dollar Weapon to Pressure Washington'.
20. Jennifer Hughes - (a)Dollar gets sinking feeling as investor confidence fades (b)US appetitite for foreign stock takes toll on $
21. Gary North - Asian doubts regarding the Dollar.
22. AV Rajwade - Asia's Dollar Dilemma
23. Peter S Goodman - (a)China ends fixed-rate currency (b) Malaysia too ends dollar peg.
24. Steve Johnson - Asian Banks cut exposure to dollar.
25. Gayatri Nayak - Dragon raises its head in the forex market too.
26. Francis Cripps, John Eatwell and Alex Izurieta - Financial Imbalances in the World Economy.
27. Ambrose Evans-Pritchard - Bank of Italy slahes dollar holdings in favour of UK pound.
28. Julian D.W.Phillips - Russian Rouble to Attack the $- Exchange Controls in the US?
29. Ambrose Evans-Pritchard - Is China quietly dumping US Treasureis?
30. Jeb Blount - South American Countries Agree to Found Banco Del Sur
31. William Pesek - Dollar's Demise can be seen even in the Maldives.
32. Agnes Lovasz & Stanley White - Dollar Slumps to Record on China's Plans to Diversify Reserves
33. Paul Craig Roberts - The End is Near - Gisele Bunchen Dumps Dollar
34. Mike Whitnesy - Plummeting Dollar, Credit Crunch
35. Belinda Cao - Yuan Heads for Biggest Weekly Advance Since July 2005.
36. Mike Dolan - Dollar fall will come at a price for all.
37. Ila Patnaik - Day of the Declining dollar - How should India be responding to this trend.
38. Gideon Polya - Two Million Iraq Deaths, Eight Million Bush Asian Holocaust Deaths and Media Holocaust Denial.
39. Ray McGovern - Attacking Iran for Israel?
40. Mahdi Darius Nazemroaya - Missing Nukes: Treason of the Highest Order
41. Hazel Henderson - Beyond Bush's Unilateralism: Another Bi-polar World or a New Era of Win-Win.

Wednesday, November 21, 2007

നിര്‍ണ്ണായകവും അടിയന്തിരവുമായ മൂന്ന് ചരിത്ര ദൗത്യങ്ങള്‍ - 2

ഇറാഖ്‌ യുദ്ധത്തിന്റെ സാമ്പത്തിക വേരുകള്‍

നിലവില്‍ വന്നതിനുശേഷവും കുറച്ചുകാലം, യൂറോ ഒരു സാധ്യത എന്ന മട്ടിലാണ്‌ നിലനിന്നിരുന്നത്‌. ആദ്യകാലത്തുണ്ടായ യൂറോയുടെ മൂല്യശോഷണം, അതിനെ തീരെ അനാകര്‍ഷകവും, അപകടസാദ്ധ്യതകളുമുള്ള ഒരു കറന്‍സിയാക്കി മാറ്റി എന്നത്‌ ശരിതന്നെ. യൂറോപ്പിനു വെളിയിലുള്ള രാജ്യങ്ങള്‍ യൂറോവിനെ അടിസ്ഥാനമാക്കിയ ഒരു സമ്പദ്‌വ്യവസ്ഥയിലേക്കു നീങ്ങിയത്‌,സാമ്പത്തികമെന്നതിനേക്കാള്‍ രാഷ്ട്രീയപരമായ കാരണങ്ങളാലായിരുന്നു. 2000-ന്റെ അവസാനത്തോടെ, ഐക്യരാഷ്ട്രസഭയിലെ 10 ബില്ല്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരം, സദ്ദാം ഹുസ്സൈന്‍ യൂറോയിലേക്കു മാറ്റിയപ്പോള്‍, ഈ രാഷ്ട്രീയ പ്രയോഗം ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചില സാമ്പത്തികവിദഗ്ദ്ധര്‍ മുന്നറിയിപ്പുപ്‌ നല്‍കുകയുണ്ടായി. പക്ഷേ ആ ആശങ്കകളെയൊക്കെ അസ്ഥാനത്താക്കിക്കൊണ്ട്‌, യൂറോ തിരിച്ചുവന്നപ്പോള്‍, സദ്ദാം ലാഭമാണ്‌ കൊയ്തത്‌. മറ്റൊരു രാജ്യം ഇറാനാണ്‌. 2000-ഓടെ, തങ്ങളുടെ വിദേശനാണയശേഖരത്തിന്റെ പകുതിയിലധികവും ഇറാന്‍ യൂറോയിലേക്കു മാറ്റി. എണ്ണയുത്‌പ്പാദന രാജ്യങ്ങളെന്ന നിലയ്ക്ക്‌, ഇറാന്റേയും ഇറാഖിന്റേയും ഈ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയായിരുന്നു. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍, വടക്കന്‍ കൊറിയ 2002 ഡിസംബറില്‍ യൂറോയിലേക്ക്‌ പ്രവേശിച്ചത്‌, ലോകത്തിന്റെ സമ്പദ്‌ഘടനയില്‍ വലിയ മാറ്റമൊന്നും സൃഷ്ടിക്കുന്ന ഒന്നായിരുന്നില്ല. പക്ഷേ, എന്തുവില കൊടുത്തും തടയേണ്ട ഒരു പ്രവണതയാണിതെന്ന് അമേരിക്ക തിരിച്ചറിഞ്ഞു എന്നിടത്താണ്‌ വടക്കന്‍ കൊറിയയുടെ യൂറോയിലേക്കുള്ള വരവിന്റെ ചരിത്ര പ്രസക്തി. "തിന്മയുടെ അച്ചുതണ്ട്‌' എന്നത്‌, ബുഷിന്റെ വെറുമൊരു ഫലിതപ്രയോഗമായി മാത്രം കാണാന്‍ കഴിയില്ലെന്ന് അതോടെ എല്ലാവര്‍ക്കും ബോദ്ധ്യമാവുകയും ചെയ്തു.

വെനീസ്വലെയുടെ എണ്ണവ്യാപാരത്തെ അമേരിക്കന്‍ ഡോളറിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍നിന്നു വേര്‍പെടുത്തിയ ഹ്യൂഗോ ഷാവേസിന്റെ-2002-ല്‍ പട്ടാള അട്ടിമറിയിലൂടെ ഷാവേസിനെ പുറത്താക്കാന്‍ അമേരിക്ക വിഫലശ്രമം നടത്തിനോക്കിയിരുന്നു-നടപടികളും ചേര്‍ത്തുവായിച്ചാല്‍, അമേരിക്കയുടെ വിദേശനയത്തെ നിയന്ത്രിക്കുന്ന സാമ്പത്തികസമ്മര്‍ദ്ദങ്ങളുടെ ചിത്രം ഏകദേശം വ്യക്തമാകും. സൈന്യത്തെക്കൊണ്ടുമാത്രം ഒരു സാമ്രാജ്യത്തെയും നിലനിര്‍ത്താനാവില്ല. സാമ്പത്തികാധികാരം ഒരു പ്രധാന ഘടകമാണ്‌. അതുകൊണ്ടുതന്നെ, തങ്ങളുടെ സൈനികമേധാവിത്വം നിലനിര്‍ത്താന്‍, അമേരിക്കക്ക്‌, ഡോളറിന്റെ അധീശത്വം ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു.

അങ്ങിനെ നോക്കുമ്പോള്‍, അമേരിക്കയുടെ അധിനിവേശത്തിന്റെ പ്രധാന ലക്ഷ്യം, ഇറാഖിന്റെ എണ്ണവ്യാപാരത്തെ യൂറോയില്‍നിന്ന് ഡോളറിലേക്ക്‌ തിരിച്ചുകൊണ്ടുവരികയാണെന്ന് കാണാന്‍ കഴിയും. യു.എസ്‌. അധിനിവേശസേനയുടെ ആദ്യനടപടികളിലൊന്ന് അതായിരുന്നുതാനും. പക്ഷേ, ആ നടപടി അവര്‍ക്കുതന്നെ വിനയായിത്തീരുകയാണുണ്ടായത്‌. ഡോളര്‍ ബഹിഷ്ക്കരിക്കാനുള്ള മുറവിളി യുദ്ധ-വിരുദ്ധ പ്രവര്‍ത്തകര്‍ ഉയര്‍ത്താന്‍ തുടങ്ങി. ആ ആഹ്വാനത്തിന്‌ പ്രചാരം ലഭിക്കുകയും, 2004-ലെ വേള്‍ഡ്‌ സോഷ്യല്‍ ഫോറത്തിനുശേഷം അത്‌ ബുഷിനെ ബഹിഷ്കരിക്കാനുള്ള ക്യാമ്പെയിനായി മാറുകയും ചെയ്തു. ഈ ദൗത്യം ആദ്യം ഏറ്റെടുത്തത്‌ മലേഷ്യയിലെ മുന്‍പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദായിരുന്നു. 2004-ല്‍. അമേരിക്കയുടെ സാമ്പത്തിക-സൈനിക സഹായത്തോടെയാണ്‌ ഫലസ്തീനെയും ലബനോണിനെയും ഇസ്രായേല്‍ അടിച്ചമര്‍ത്തുന്നതെന്നും, അതിനാല്‍, ഡോളറിന്റെ ബഹിഷ്കരണത്തിലൂടെ മാത്രമേ അമേരിക്കയെയും, അതുവഴി ഇസ്രായേലിനെയും വരുതിയില്‍ നിര്‍ത്താനാകൂവെന്നും ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന്, മഹാതിര്‍ മൊഹമ്മദ്‌ വീണ്ടും 2006-ല്‍ ഡോളര്‍ ബഹിഷ്ക്കരണവുമായി മുന്നോട്ടു വന്നു. തങ്ങളുടെ ബാക്കിയുള്ള വിദേശ കരുതല്‍ ധനം ഡോളറില്‍നിന്ന് യൂറോയിലേക്ക്‌ മാറ്റാനും, എണ്ണവ്യാപാരത്തില്‍ യൂറോ ഉപയോഗിക്കാനും 2006 ഡിസംബരില്‍ ഇറാന്‍ തീരുമാനിച്ചു. തീര്‍ന്നില്ല, തങ്ങള്‍ വില്‍ക്കുന്ന എണ്ണക്ക്‌ യെന്‍ നല്‍കണമെന്ന് ജപ്പാനോട്‌ 2007 ജൂലായില്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്കയുടെ താന്‍പോരിമയും സമ്പത്തിന്റെ വഴിവിട്ടുള്ള ഉപയോഗവും ഡോളറിന്റെ മൂല്യം കുറച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ കരുതല്‍ ധനമെന്ന നിലക്കുള്ള ഡോളറിന്റെ പദവി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനം പരാജയപ്പെടുമായിരുന്നു. അത്രമേല്‍ ശക്തമായിരുന്നു മറ്റു ലോകരാഷ്ട്രങ്ങളുടെ പൊതുവായ ശീലവും, രാഷ്ട്രീയമായ നിഷ്ക്രിയത്വവും. കനത്ത ഋണബാദ്ധ്യതയില്‍പ്പെട്ട്‌ ഡോളറിന്റെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ ഡോളറിന്റെ ശേഖരത്തിലെ തന്റെ പങ്ക്‌, ജോര്‍ജ്ജ്‌ സോറോസ്‌ പിന്‍വലിച്ചു. മറ്റ്‌ അമേരിക്കന്‍ നിക്ഷേപകരും സോറോസിനെ പിന്തുടര്‍ന്നു. 28 സെപ്തംബര്‍ 2004-ന്റെ ചൈന ഡെയ്‌ലിയില്‍, ചൈനീസ്‌ വിദേശകാര്യ സര്‍വ്വകലാശാലയിലെ അന്താരാഷ്ട്ര സാമ്പത്തികശാസ്ത്രത്തിന്റെ ഡയറക്ടര്‍ ജിയാങ്ങ്‌ റുയ്‌പിംഗ്‌ എഴുതിയ ലേഖനത്തില്‍, ഡോളറിന്റെ വിലയിടിവോടെ ചൈനക്ക്‌ വന്‍നഷ്ടമാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, ഡോളര്‍ മൂല്യം ഇനിയും ശോഷിച്ചാല്‍, നഷ്ടം ഇനിയും കൂടിയേക്കുമെന്നും എഴുതിയിരുന്നു. ഡോളറില്‍നിന്ന് യൂറോയിലേക്കോ, വേണ്ടിവന്നാല്‍, യെന്നിലേക്കുപോലുമോ മാറുന്നതാണ്‌ അഭിലഷണീയമെന്നും, എണ്ണയുടെ സംഭരണത്തിനുവേണ്ടിമാത്രം ഡോളര്‍ ഉപയോഗിക്കേണ്ടൂ എന്നും ആ ലേഖനത്തില്‍ ജിയാങ്ങ്‌ നിര്‍ദ്ദേശിച്ചിരുന്നു. 2004-ലെ ആദ്യത്തെ ഒന്‍പതുമാസത്തിനുള്ളില്‍ തങ്ങള്‍ നേടിയ അധിക വിദേശ വിനിമയ കരുതല്‍ ശേഖരത്തിന്റെ 15 ശതമാനം മാത്രമേ യു.എസ്‌. ട്രഷറി ബോണ്ടുകളില്‍ ചൈന നിക്ഷേപിച്ചിരുന്നുള്ളു. ഒപെക്‌ രാജ്യങ്ങളാകട്ടെ, ഡോളര്‍ അധിഷ്ഠിതമായ തങ്ങളുടെ സ്വത്തിന്റെ കരുതല്‍ശേഖരം 75-ല്‍ നിന്ന് 60 ആക്കി കുറക്കുകയും ചെയ്തു. 2005 ജൂലായില്‍ യുവാന്റെ ഡോളറുമായുള്ള നിശ്ചിത വിനിമയ നിരക്ക്‌ (Fixed Exchange Rate)ഉപേക്ഷിക്കപ്പെട്ടു. താമസിയാതെ, മലേഷ്യയുടെ റിംഗിറ്റും അതേ പാത പിന്‍തുടര്‍ന്നു. ആ രണ്ട്‌ കറന്‍സികളും മറ്റു രാജ്യങ്ങളിലെ കറന്‍സികളുമായി കടുത്ത മത്സരത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി. തങ്ങളുടെ റിസര്‍വ്‌ പോര്‍ട്ട്‌ഫോളിയോ വൈവിദ്ധ്യവത്ക്കരിച്ചേക്കുമെന്ന് ജപ്പാന്‍ സര്‍ക്കാര്‍ സൂചനയും നല്‍കി. ഭാരതീയ റിസര്‍വ്‌ ബാങ്കും യൂറോയിലുള്ള സെക്യൂരിറ്റികള്‍ വാങ്ങിക്കൂട്ടി. മൂന്നുവര്‍ഷം മുന്‍പ്‌ തങ്ങളുടെ 81 ശതമാനം നിക്ഷേപം ഡോളറില്‍ കേന്ദ്രീകരിച്ചിരുന്ന ഏഷയിലെ ബാങ്കുകള്‍, അത്‌ 67 ശതമാനമാക്കി കുറച്ചുവെന്ന് ബാസ്ലയിലെ (Basle)Bank for International Settlements,2005 മാര്‍ച്ചില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ബാങ്കുകള്‍ 68-ല്‍ നിന്ന് 43-ലേക്കും, ചൈനയുടെ ഡോളര്‍ നിക്ഷേപം 83-ല്‍ നിന്ന് 68-ലേക്കും ഒതുങ്ങി. ഇതര കറന്‍സികള്‍ എന്ന നിലക്ക്‌ ഭാവിയില്‍ കൂടുതല്‍ വലിയ വളര്‍ച്ച ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ യൂറോയും യെന്നും പ്രചാരത്തിലാവാന്‍ തുടങ്ങി. വിവിധ ഇതര കറന്‍സികളും ഹോള്‍ഡിംഗുകളില്‍ ഗണ്യമായ വളര്‍ച്ച നേടി. ചൈനയുടെ യുവാന്‍ 530 ശതമാനം വളര്‍ച്ച കാണിച്ചപ്പോള്‍, ഇന്‍ഡോനേഷ്യന്‍ റുപ്പയ 283-ഉം, തായ്‌വാന്റെ ഡോളര്‍ 127-ഉം, കൊറിയയുടെ വോണ്‍ 117-ഉം, ഇന്ത്യന്‍ രൂപ 114-ഉം വളര്‍ച്ച രേഖപ്പെടുത്തി.

അന്താരാഷ്ട്ര നിക്ഷേപകരുടെ പ്രിയപ്പെട്ട കറന്‍സി എന്ന പദവി 2005-ന്റെ അവസാനത്തോടെ യൂറോയില്‍ അധിഷ്ഠിതമായ സെക്യൂരിറ്റികള്‍ നേടിയെടുത്തു. ഡോളര്‍ അടിസ്ഥാനമാക്കിയ സെക്യൂരിറ്റികള്‍ പന്തയത്തില്‍ പിന്നിലായി. 2006-ല്‍ സ്വീഡിഷ്‌ സെന്‍ട്രല്‍ ബാങ്ക്‌ അതിന്റെ ഡോളര്‍ ഹോള്‍ഡിംഗുകള്‍ 37-ല്‍ നിന്ന് 20 ആക്കി വെട്ടിച്ചുരുക്കി. തങ്ങളുടെ സമ്പത്തിന്റെ മൂന്നില്‍ രണ്ടും ഡോളറില്‍ കൈകാര്യം ചെയ്തിരുന്ന റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്‌ അത്‌ 40 ആക്കിക്കുറച്ചു. ഇറ്റലി, തങ്ങളുടെ വിദേശകരുതല്‍ ശേഖരം ഡോളറില്‍നിന്ന് സ്റ്റെര്‍ലിംഗിലേക്കു മാറ്റി. റഷ്യയിലെ എണ്ണയുടെയും പ്രകൃതിവാതകങ്ങളുടെയും കൈമാറ്റം റൂബിളിലേക്ക്‌ പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ അവശ്യകതയെ വ്ലാഡിമിര്‍ പുടിന്‍ ചൂണ്ടിക്കാട്ടി. 2010-ഓടെ ഏകീകൃത കറന്‍സി എന്ന ലക്ഷ്യവുമായി നീങ്ങിയ ഗള്‍ഫ്‌ സഹകരണ കൗണ്‍സിലിന്റെ പ്രയാണത്തിന്‌ ഭംഗം വരുത്തിയത്‌ കുവൈത്ത്‌ ആയിരുന്നു. ഡോളറുമായുള്ള തങ്ങളുടെ നാണയത്തിന്റെ ബാന്ധവം 2007- മെയ്‌ മാസം കുവൈത്ത്‌ റദ്ദാക്കി. മൂല്യശോഷണം സംഭവിക്കുന്ന ഡോളര്‍ രാജ്യത്ത്‌ നാണയപ്പെരുപ്പം ഇറക്കുമതിചെയ്യാനേ ഉപകരിക്കൂ എന്ന വിവേകബുദ്ധി (വൈകിയാണെങ്കിലും) ഉണ്ടായതിന്റെ ഫലമായിരുന്നു കുവൈത്തിണ്ടെ ആ തീരുമാനം. പിന്നീട്‌, അമേരിക്കയില്‍ സബ്‌പ്രൈം മോര്‍ട്ട്ഗേജ്‌ പ്രതിസന്ധി* (Sub prime Mortage Crisis) വരുകയും, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്കില്‍ 0.5 ശതമാനം കുറവുവരുത്തുകയും ചെയ്തപ്പോള്‍, ഒമാനും, സൗദി അറേബ്യയും, ബഹറൈനും തങ്ങളുടെ പലിശനിരക്കുകളില്‍ കാര്യമായ കുറവൊന്നും വരുത്തിയതുമില്ല. ഡോളറിനുപകരമായി കൂടുതല്‍ ഉപയോഗസാദ്ധ്യതകളുള്ള മറ്റു കറന്‍സികളെക്കുറിച്ച്‌ ആറ്‌ ജി.സി.സി. രാജ്യങ്ങളിലും ചര്‍ച്ച നടക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴായിരുന്നു അമേരിക്കയിലെ ഈ പറഞ്ഞ സബ്‌പ്രൈം പ്രതിസന്ധി സംഭവിച്ചത്‌ എന്നതും ശ്രദ്ധേയമാണ്‌. യു.എസ്‌.ഫെഡറല്‍ റിസര്‍വ്‌ പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌, 2007 ജൂലായ്‌ അവസാനത്തിനും സെപ്തംബര്‍ ആദ്യവാരത്തിനുമിടയില്‍ വിദേശ സെന്‍ട്രല്‍ ബാങ്കുകള്‍ യു.എസ്‌. ട്രഷറിയിലുള്ള തങ്ങളുടെ നിക്ഷേപങ്ങള്‍ 48 ബില്ല്യണ്‍ ഡോളറായി കുറച്ചു എന്നാണ്‌. ഇതിനൊക്കെ പുറമെയാണ്‌ ഐ.എം.എഫിനും, ലോകബാങ്കിനും, ഇന്റര്‍ അമേരിക്കന്‍ ഡെവലപ്പ്‌മന്റ്‌ ബാങ്കിനും, പുതിയ പ്രതിസന്ധികള്‍ സമ്മാനിച്ചുകൊണ്ട്‌, ഏഴു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന്, അന്താരാഷ്ട്രതലത്തില്‍ പുതിയൊരു ബാങ്ക്‌ (Banco del Sur) സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട്‌ വന്നത്‌. ഏഴ്‌ ലാറ്റിന്‍അമേരിക്കന്‍ രാജ്യങ്ങളെക്കൂടാതെ, ഭാവിയില്‍ മറ്റു പല രാജ്യങ്ങളും ക്രമേണ ഇതില്‍ അംഗങ്ങളാകുമെന്നുതന്നെയാണ്‌ ഇപ്പോള്‍ കരുതപ്പെടുന്നത്‌. ഈ രാജ്യങ്ങളെല്ലാം അവരവരുടെ നാണയങ്ങളിലേക്ക്‌ തിരിച്ചുപോയാല്‍, അത്‌ ഡോളറിനു താങ്ങാനാവുന്നതിലും വലിയ ആഘാതമായിരിക്കും. ഡോളറിന്റെ മൂല്യത്തകര്‍ച്ച ഉളവാക്കിയ മറ്റൊരു സ്ഥിതിവിശേഷമെന്താണെന്നാല്‍, ധനിക രാജ്യങ്ങള്‍ യൂറോയിലേക്ക്‌ തിരിഞ്ഞപ്പോള്‍, താരതമ്യേന അത്രതന്നെ ധനികരല്ലാത്ത മറ്റു രാജ്യങ്ങള്‍-റഷ്യ മുതല്‍ മാള്‍ഡീവ്‌സ്‌ വരെയും, മെക്സിക്കോ മുതല്‍ വിയറ്റ്‌നാം വരെയുമുള്ളവ-താന്താങ്ങളുടെ പ്രാദേശിക കറന്‍സികളില്‍ അഭയം തേടി എന്നതാണ്‌.

'ലോക കറന്‍സി എന്ന പദവി ഡോളറിനു നഷ്ടമാകുന്നു' എന്ന, ചൈനീസ്‌ സെന്‍ട്രല്‍ ബാങ്കിന്റെ ഉപഡറക്ടര്‍മാരില്‍ ഒരാളായ ഹൂ ജിയാനിന്റെ അഭിപ്രായത്തോട്‌ യോജിക്കാന്‍ ബുദ്ധിമുട്ടില്ല. പ്രത്യേകിച്ചും, അമേരിക്കയിലെ വിദഗ്ദ്ധര്‍തന്നെ ഇതേ വികാരം പങ്കിടുമ്പോള്‍. ഇതിന്റെ അര്‍ത്ഥം, ഇനി മേലില്‍ ലോകത്തിലെ ഒരെയൊരു പൊതുവായ കറന്‍സി എന്ന സ്ഥാനം അമേരിക്കന്‍ ഡോളറിനു അവകാശപ്പെടാനാവില്ല എന്നുതന്നെയാണ്‌. മറ്റു കറന്‍സികളുമായി ഡോളറിന്‌ ഈ പദവി പങ്കിടേണ്ട ഒരു സ്ഥിതിയാണ്‌ വന്നിരിക്കുന്നത്‌. എങ്കില്‍തന്നെയും, പല കാരണങ്ങളാലും, ഡോളര്‍ ഇപ്പോഴും പ്രമുഖസ്ഥാനത്തുതന്നെയാണെന്നതിന്‌ സംശയമില്ല. മറ്റു രാജ്യങ്ങളുടെ എണ്ണവ്യാപാരം ഡോളറിലായിരിക്കുന്നിടത്തോളം കാലം അതങ്ങിനെതന്നെ തുടരാനും ഇടയുണ്ട്‌. അതിന്‌ ആവശ്യക്കാരുമുണ്ടായേക്കും. റഷ്യ അതിന്റെ എണ്ണ-പ്രകൃതിവാതക കൈമാറ്റം റൂബിളിന്റെ അടിസ്ഥാനത്തിലാക്കിയാല്‍ സ്ഥിതി പക്ഷേ മാറിമറിഞ്ഞേക്കാന്‍ ഇടയുണ്ട്‌. ട്രില്ല്യണ്‍ കണക്കിന്‌ ഡോളര്‍ തങ്ങളുടെ കയ്യില്‍ സൂക്ഷിക്കുന്ന ചൈനയും ജപ്പാനും, ആ ഭീമമായ സംഖ്യ അത്ര വേഗത്തിലൊന്നും കയ്യൊഴിയാന്‍ പോകുന്നില്ല. കാരണം,അത്‌, അവരുടെ കരുതല്‍ ശേഖരത്തെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ടുതന്നെ. മാത്രവുമല്ല, അമേരിക്കന്‍ വിപണിയെ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളെപ്പോലെ, അവരും അവരുടെ കറന്‍സികളുടെ മൂല്യം ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍, താഴ്ത്തിവെക്കുകയാണ്‌ ചെയ്യുന്നത്‌. എങ്കില്‍തന്നെയും, 2007 നവംബറില്‍ ഡോളറുമായുള്ള പെഗ്‌ **വിച്ഛേദിച്ചതോടെ, യുവാന്റെ മൂല്യം 11.5 ശതമാനംകണ്ട്‌ വര്‍ദ്ധിച്ചിട്ടുണ്ട്‌. ഈ വര്‍ഷം ആദ്യം യെന്‍ രേഖപ്പെടുത്തിയ വളര്‍ച്ച 7.7 ശതമാനമായിരുന്നു. ഡോളറിന്റെ മൂല്യം തകരുന്നതോടെ, അതിന്റെ കരുതല്‍ശേഖരം നഷ്ടത്തിലായിരിക്കും കലാശിക്കുക. ഡോളര്‍ ശേഖരം താരതമ്യേന കുറവുള്ള രാജ്യങ്ങള്‍ക്കും ഈ പ്രതിസന്ധി നേരിടേണ്ടിവരും.

നമ്മുടെ നിലവിലുള്ള ലോകസാഹചര്യങ്ങള്‍ അത്രക്ക്‌ നിര്‍ണ്ണായകമല്ലായിരുന്നുവെങ്കില്‍, ഡോളറിന്റെ ഈ ക്രമേണയുള്ള മൂല്യശോഷണംകൊണ്ട്‌ നമുക്ക്‌ തൃപ്തരാകാമായിരുന്നു. ഇന്ന്, സ്ഥിതി അപകടകരമായ ഒരു വഴിത്തിരിവിലാണ്‌. അധിനിവേശത്തിന്റെ ഫലമായി ഇറാഖിലും, അഫ്ഘാനിസ്ഥാനിലും ദശലക്ഷക്കണക്കിനാളുകള്‍ മരിച്ചുകഴിഞ്ഞു. ഇപ്പോഴും നിരവധിപേര്‍ ചത്തൊടുങ്ങുകയും ചെയ്യുന്നു. അതേസമയം, ഇസ്രായേലിന്റെ വര്‍ണ്ണവെറിയന്‍ ഭരണകൂടം, അമേരിക്കയുടെ പിന്തുണയോടെ, പാലസ്തീന്‍ പൂര്‍ണ്ണമായും കയ്യടക്കി, തദ്ദേശീയരായ പാലസ്തീനികളെ വെസ്റ്റ്‌ ബാങ്കിലെ നിരവധി ഘെറ്റോകളിലേക്കും, ഗാസ എന്ന മറ്റൊരു വലിയ ഘെറ്റോയിലേക്കും ആട്ടിപ്പായിക്കുന്നതും, വംശനാശം വരുത്തുന്നതും നമ്മള്‍ കാണുന്നു. ഇറാനെ ആക്രമിച്ചാല്‍ അത്‌ ഒരു ആണവയുദ്ധമായി പരിണമിക്കുകയാവും ഫലം. കാരണം, ഇറാന്റെ ആണവകേന്ദ്രങ്ങളെയാണ്‌ അമേരിക്ക ഉന്നമാക്കുന്നത്‌. 'ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ മുന്‍കൂര്‍ ആക്രമണം നടത്തുന്നതില്‍നിന്ന് അമേരിക്കയെ തടയുന്നത്‌, അമേരിക്കന്‍ സൈന്യത്തിന്റെ എതിര്‍പ്പുമൂലമാണെന്ന' മട്ടിലുള്ള വിശദീകരണങ്ങളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. പക്ഷേ, സൈന്യത്തിന്റെ എതിര്‍പ്പിനെപ്പോലും മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ അത്യന്തം ഭീഷണമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്‌. 2007 ആഗസ്റ്റ്‌ 29, 30 തീയതികളില്‍, എല്ലാ നടപടിക്രമങ്ങളെയും ലംഘിച്ചുകൊണ്ട്‌, ആണവായുധങ്ങള്‍ ഘടിപ്പിച്ച ഒട്ടനവധി ക്രൂയിസ്‌ മിസ്സെലുകള്‍ രഹസ്യമായി രാജ്യത്തുനിന്ന് പുറത്തേക്ക്‌ കടത്തിയിട്ടുണ്ട്‌. ഇവ എങ്ങിനെയോ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്‌ സര്‍ക്കാരിന്റെ ഭാഷ്യം. ഇതിനെക്കുറിച്ച്‌ അറിയുന്നവരും, ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായ, സൈന്യത്തിലെ ഉന്നതരില്‍ ചിലരെ, ഈ സംഭവത്തിനു തൊട്ടു മുന്‍പും പിന്‍പുമായി കാണാതാവുകയും, മറ്റു ചിലര്‍ സംശയകരമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുകയും ചെയ്തിട്ടുണ്ട്‌. ഇതൊക്കെ വിരല്‍ചൂണ്ടുന്നത്‌, കാണാതായ ആയുധങ്ങള്‍ ഇറാനെതിരെയുള്ള യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയുള്ളവയായിരുന്നു എന്ന നിഗമനത്തിലേക്കാണ്‌. അത്തരത്തിലൊരു യുദ്ധം പുറപ്പെട്ടാല്‍, റഷ്യയും ചൈനയും ഒക്കെ ഉള്‍പ്പെടുന്ന ഭീമമായ ഒരു യുദ്ധത്തിലേക്കായിരിക്കും അതുചെന്നെത്തുക. ഇറാനും, പശ്ചിമേഷ്യക്കും മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ നാശത്തിനും അത്‌ വഴിവെക്കും.


(അടുത്ത ലക്കത്തില്‍ അവസാനിക്കും)



Subprime Mortgage crisis - കുറച്ചുകാലം മുന്‍പ് തത്ത്വദീക്ഷയില്ലാതെ നല്‍കിയ ഭവനവായ്പയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഉണ്ടായ പ്രതിസന്ധി.

PEG - Price/Earning Growth Ratio

Tuesday, November 20, 2007

നിര്‍ണ്ണായകവും,അടിയന്തിരവുമായ മൂന്ന് ചരിത്രദൗത്യങ്ങള്‍*

ഇറാന്‍ ആണവായുധ സാങ്കേതിക വിദ്യ കരസ്ഥമാക്കിയാല്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്കായിരിക്കും ലോകം ചെന്നെത്തുക എന്ന ബുഷിന്റെ ഒക്ടോബര്‍ 2007-ലെ പ്രഖ്യാപനം ഒരു തമാശയോ അതിശയോക്തിയോ ഒന്നുമല്ല. തന്റെ നയം വ്യക്തമാക്കുക മാത്രമായിരുന്നു ബുഷ്‌ ചെയ്തത്‌. ഇറാന്‍ ആണവപരിപാടികളുമായി മുന്നോട്ട്‌ പോകാനാണ്‌ ഒരുക്കമെങ്കില്‍ അമേരിക്ക കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന്, ഡിക്ക്‌ ചെനിയും ഒക്ടോബറില്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. അഫ്ഘാനിസ്ഥാന്‍, ഇറാഖ്‌, പാലസ്തീന്‍ എന്നിവിടങ്ങളിലെ യുദ്ധം ഇറാനിലേക്കുകൂടി വ്യാപിച്ചാല്‍, ആ മൂന്നാം ലോകമഹായുദ്ധം യാഥാര്‍ത്ഥ്യമാവുകതന്നെ ചെയ്യും. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക സന്നാഹങ്ങള്‍ നടത്തുന്നു എന്നതിന്‌ കുറച്ചുകാലങ്ങളായി നമുക്കു മുന്‍പില്‍ നിരവധി സാഹചര്യത്തെളിവുകളുണ്ട്‌. അതെന്തൊക്കെയാണെന്നു നോക്കാം. (1) ഇറാന്‍ ആണവായുധപരിപാടിയുമായി മുന്നോട്ട്‌ പോവുകയാണെന്നും (ഇതിനെ, അന്താരാഷ്ട്ര ആണോവോര്‍ജ്ജ കമ്മീഷന്റെ തലവന്‍, അല്‍ ബറാദി തള്ളിക്കളഞ്ഞതാണ്‌), ആയുധങ്ങളും സൈന്യത്തെയും ഇറാഖിലേക്ക്‌ കടത്തുന്നുവെന്നുമുള്ള ആരോപണങ്ങള്‍ (ഇത്‌ ഇറാഖും നിഷേധിച്ചിട്ടുണ്ട്‌)(2) ഇറാനെ പ്രത്യേകമായി ഉദ്ദേശിച്ചുകൊണ്ടുള്ള അമേരിക്കന്‍ സൈനികസന്നാഹങ്ങള്‍ (3) ഇറാനിലെ ഇസ്ലാമിക റെവല്യൂഷണറി സേനയെ തീവ്രവാദികളായി മുദ്രകുത്തല്‍ ((4)ഉപരോധം ഏര്‍പ്പെടുത്തല്‍, ഇതൊക്കെയാണ്‌ ആ തെളിവുകള്‍. പക്ഷേ ഇന്ന്, മറ്റു ചില വസ്തുതകള്‍കൂടി പുറത്തുവന്നിരിക്കുന്നു. ഇറാനെ ആക്രമിക്കാനുള്ള അമേരിക്കയുടെ തയ്യറെടുപ്പുകള്‍ ഇന്നോ ഇന്നലെയോ അല്ല, കുറേക്കാലങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇനി, യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെച്ചാല്‍പ്പോലും യുദ്ധമൊഴിവാക്കാന്‍ ഇറാനു സാധ്യമല്ലെന്നും, അമേരിക്കയുടെ ദേശീയ സുരക്ഷ കൗണ്‍സിലിലെ രണ്ടു മുതിര്‍ന്ന മുന്‍കാല നയവിദഗ്ദ്ധര്‍ വെളിപ്പെടുത്തിയിരിക്കുന്നു.

ഇറാനെ സൈനികമായി നേരിടാനുള്ള അമേരിക്കയുടെ നീക്കത്തെ തടയാന്‍, അമേരിക്കന്‍ ജനതയല്ലാതെ, മറ്റേതെങ്കിലും ശക്തി ഇന്ന് ഭൂമുഖത്തുണ്ടോ? അമേരിക്കയുടെ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ അടിസ്ഥാനം അതിന്റെ സൈനികശക്തിയാണെന്നും, ആ സൈനികശക്തിയാകട്ടെ, അമേരിക്കയുടെ ഡോളര്‍ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ സൃഷ്ടിയാണെന്നുമുള്ള വാദത്തിലേക്കാണ്‌ ഇനി നമ്മള്‍ ചെന്നെത്തുന്നത്‌. ഡോളറിന്റെ ബലത്തിലാണ്‌ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയും, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സൈനികസന്നാഹങ്ങള്‍ നിലനിര്‍ത്താനുള്ള അതിന്റെ അപരിമേയമായ ധനശേഷിയും നിലനില്‍ക്കുന്നത്‌. അമേരിക്കന്‍ ഡോളറിന്റെ ആ അപ്രമാദിത്വത്തെ തകര്‍ത്തുനോക്കൂ, അപ്പോള്‍ ആ സാമ്രാജ്യം നിലംപൊത്തുന്നതു കാണാം.

ഡേവിഡ്‌ ലുഡന്റെ "അമേരിക്കയുടെ അദൃശ്യമായ സാമ്രാജ്യം" (America's Invisible Empire)എന്ന ലേഖനം, ആധുനികലോകത്തെ ഈ പുതിയ സാമ്രാജ്യത്വത്തിന്റെ പ്രശ്നങ്ങളെ ശ്രദ്ധേയമായ ഉള്‍ക്കാഴ്ച്ചയോടെ സമീപിക്കുന്ന ഒന്നാണ്‌. പഴയ സാമ്രാജ്യങ്ങള്‍ അസ്തമിക്കുകയും, കോളണികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യത്തിലേക്ക്‌ കുതിക്കുകയും ചെയ്ത സമീപ ചരിത്രഘട്ടത്തില്‍മാത്രം പ്രബലമായി വന്ന ആ രാജ്യത്തിന്‌, ആദ്യകാലങ്ങളില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ പരസ്യമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കമ്മ്യൂണിസത്തിനെ തകര്‍ക്കാനായി ഭൂമിയില്‍ അവതരിച്ച ജനാധിപത്യത്തിന്റെ വേഷമായിരുന്നു അമേരിക്ക ആദ്യകാലങ്ങളില്‍ അണിഞ്ഞത്‌. പിന്നീട്‌, സോവിയറ്റ്‌ യൂണിയന്‍ ശിഥിലമായപ്പോള്‍, 'ഭീകരതക്കെതിരായ യുദ്ധ'മായി വേഷപ്പകര്‍ച്ച വന്നു. ആഗോള അധിനിവേശത്തിന്റെ യുക്തിയായി ഉയര്‍ത്തിക്കാട്ടിയത്‌, ദേശീയ സുരക്ഷയെയും, ദേശീയ താത്‌പ്പര്യങ്ങളെയുമായിരുന്നു.

സ്റ്റേറ്റിനാല്‍ വഞ്ചിക്കപ്പെട്ടും, പുറത്തുള്ളവര്‍ക്ക്‌ വളരെ വ്യക്തമായി കാണുവാന്‍ കഴിയുന്ന തങ്ങളുടെ സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ സ്വയം തിരിച്ചറിയാനാകാതെ, മാധ്യമങ്ങള്‍ നല്‍കുന്ന മായാവലയത്തിന്റെ കുമിളകള്‍ക്കകത്ത്‌ സുഷുപ്തിയിലാണ്ടും കിടക്കുന്ന, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു 'ട്രൂമാന്‍ ഷോ'യിലെന്നവണ്ണം ജീവിക്കുന്ന ഒരു ജനതയായിട്ടാണ്‌ അമേരിക്കന്‍ പൗരന്‍മാരെ ലുഡന്‍ അവതരിപ്പിക്കുന്നത്‌. "സാമ്രാജ്യത്വത്തിന്റെ യഥാര്‍ത്ഥചിത്രവും, അതിനുകൊടുക്കേണ്ടിവരുന്ന വിലയും മനസ്സിലാക്കാന്‍ അമേരിക്കന്‍ ജനതക്കു കഴിയാത്തിടത്തോളം കാലം, ആ സാമ്രാജ്യം നശിക്കാന്‍ പോകുന്നില്ല' എന്ന ലുഡന്റെ നിരീക്ഷണം വളരെ ശ്രദ്ധേയമായ ഒന്നാണ്‌. പക്ഷേ, അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മുഴുവന്‍ ചിലവും വഹിക്കുന്നത്‌, അമേരിക്കയിലെ സമ്മതിദായകരും, നികുതിദായകരുമാണെന്ന' ലുഡന്റെ വിലയിരുത്തല്‍ ശരിയല്ലെന്നുവേണം പറയാന്‍. അതങ്ങിനെയായിരുന്നുവെങ്കില്‍, കൂടുതല്‍ അമേരിക്കക്കാര്‍ അത്‌ തിരിച്ചറിയുകയും, എതിര്‍ക്കുകയും ചെയ്യുമായിരുന്നു; ഇറാഖ്‌ അധിനിവേശത്തിനെതിരെയും, ഇറാനു നേരെയുള്ള യുദ്ധശ്രമങ്ങള്‍ക്കെതിരെയും ഡെമോക്രാറ്റുകള്‍ ഒന്നിക്കുമായിരുന്നു; അമേരിക്കയിലെ ബഹുഭൂരിപക്ഷം വരുന്ന സമ്മതിദായകര്‍ ഡെമോക്രാറ്റുകളെ പിന്തുണക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, നടക്കുന്നത്‌ മറ്റൊന്നാണ്‌. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ചിലവു വഹിക്കുന്നത്‌, അമേരിക്കക്കാരല്ല, പുറത്തുള്ള ലോകമാണ്‌. അതുകൊണ്ടുതന്നെയാണ്‌ അമേരിക്കകത്ത്‌ ആ സാമ്രാജ്യം അദൃശ്യമായി നിലകൊള്ളുന്നു അന്നു പറയേണ്ടിവരുന്നതും.

ഡോളറിന്റെ അധീശത്വം-അല്‍പ്പം ചരിത്രം.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെയും, അവരുടെ സാമ്പത്തിക മേധാവിത്വത്തിന്റെയും പ്രധാന ബലം, അവരുടെ നാണയം വഹിക്കുന്ന പങ്കിനെ ആശ്രയിച്ചിരിക്കുന്നു. തങ്ങളുടെ വ്യാപാര-ധന കമ്മികളില്‍നിന്ന് അവരെ ഇത്രയുകാലം രക്ഷിച്ചുപോന്നത്‌, ദശാബ്ദങ്ങളായി ലോകത്തിന്റെ കരുതല്‍ ശേഖരമായി നിലനില്‍ക്കുന്ന അവരുടെ സ്വന്തം നാണയമായ ഡോളറാണ്‌. തങ്ങളുടെ ചിലവുകള്‍ നേരിടാന്‍, ഓരോ ദിവസവും അമേരിക്കക്ക്‌ 4 ബില്ല്യണ്‍ ഡോളറിന്റെ മൂലധന ഒഴുക്ക്‌ അവശ്യമാണ്‌. സൈനികപരമായ മേല്‍ക്കോയ്മയുള്ളതുകൊണ്ട്‌ അവര്‍ക്കൊരിക്കലും ഒരു ഉപരോധത്തെ ഭയപ്പെടേണ്ടിവരുന്നില്ല. എങ്കിലും, അമേരിക്കന്‍ ഡോളറിന്റെ ഹെഗിമണിയുടെ സഹായത്താലാണ്‌, വിഭവദാരിദ്ര്യത്തെ അതിജീവിക്കാന്‍ അമേരിക്കക്ക്‌ ഇന്ന് കഴിയുന്നത്‌.

ഡോളറിന്റെ പ്രവര്‍ത്തന മെക്കാനിസം വളരെ വിശദമായിതന്നെ പ്രതിപാദിച്ചിട്ടുണ്ട്‌ ഈ പുസ്തകത്തില്‍ പലയിടത്തും. ഇവിടെ അതിന്റെ ഒരു രത്നച്ചുരുക്കം മാത്രം നല്‍കാം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തി, അമേരിക്കന്‍ ഡോളറിനെ, സ്വര്‍ണ്ണത്തിന്റെ സഹായത്തോടെ, ലോകത്തിലെ, പ്രബലമായ ഒരേയൊരു കരുതല്‍ ശേഖരമാക്കി മാറ്റി. 1971-ല്‍ അമേരിക്ക സ്വര്‍ണ്ണസൂചിക എടുത്തുമാറ്റിയപ്പോള്‍, ഡോളര്‍ മേധാവിത്വം നിലനിര്‍ത്തി. പിന്നീട്‌, 1974-ല്‍ സൗദി സര്‍ക്കാരുമായുള്ള ഉടമ്പടിപ്രകാരം എണ്ണവ്യാപാരം ഡോളറിന്റെ അടിസ്ഥാനത്തിലാക്കിയപ്പോള്‍ ഡോളര്‍ പിന്നെയും ശക്തമായി. മിക്കരാജ്യങ്ങളും എണ്ണ ഇറക്കുമതിചെയ്യുന്നതുകൊണ്ട്‌, ഭാവിയില്‍ ഒരുപക്ഷേ എണ്ണയുടെ ലഭ്യതയില്‍ കുറവു വന്നാല്‍ അതിനെ നേരിടുന്നതിനുവേണ്ടി, ഡോളര്‍ കരുതിവെക്കുന്നത്‌ ബുദ്ധിയായിരിക്കുമെന്ന് അവര്‍ മനസ്സിലാക്കി. മൂന്നാം ലോകരാജ്യങ്ങള്‍ക്കാകട്ടെ, തങ്ങളുടെ ദുര്‍ബ്ബലമായ സമ്പദ്‌വ്യവസ്ഥക്കും, എപ്പോള്‍വേണമെങ്കില്‍ തകര്‍ന്നേക്കാവുന്ന നാണയമൂല്യത്തിനെയും സംരക്ഷിക്കാന്‍, ഡോളര്‍ശേഖരം വര്‍ദ്ധിപ്പിക്കേണ്ടത്‌ ആവശ്യവുമായിരുന്നു. അങ്ങിനെ, എല്ലാവര്‍ക്കും ഡോളര്‍ പ്രിയങ്കരമായപ്പോള്‍, അമേരിക്കക്ക്‌, കൂടുതല്‍ പച്ചനോട്ടുകള്‍ അടിച്ചിറക്കേണ്ട ബാധ്യതമാത്രമ ഉണ്ടായുള്ളു. തങ്ങളുടെ കയറ്റുമതിക്കുള്ള പ്രതിഫലമായി മറ്റു രാജ്യങ്ങള്‍ സന്തോഷപൂര്‍വ്വം ഡോളര്‍ സ്വീകരിക്കുകയും ചെയ്യും. ഈ പച്ചനോട്ടുകള്‍ പിന്നീട്‌, ട്രഷറി ബോണ്ടായും മറ്റു രീതിയിലും അമേരിക്കയുടെ ആഭ്യന്തര വിപണിയിലേക്ക്‌ തിരിച്ചുവന്ന്, ഡോളറിന്റെ പുറത്തേക്കൊഴുക്കിനെ ഫലപ്രദമായ രീതിയില്‍ സമതുലിതമാക്കുന്നു. ഇതോടൊപ്പം തന്നെ, വാഷിംഗടണ്‍ കേന്ദ്രമായ അന്താരാഷ്ട്ര നാണയ നിധിയും (IMF) ലോകബാങ്കും (WB), ഡോളറിന്റെ മേല്‍ക്കോയ്മയെ ബലപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്‌.

കരുതല്‍ നാണയം, ഒരേസമയം, ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം, ആഭ്യന്തര ചുമതലകളും നിര്‍വ്വഹിക്കുകയും, സവിശേഷപരിഗണന ലഭിക്കുന്ന രാജ്യത്തിന്റെ(favoured nation) ഋണബാദ്ധ്യത നിശ്ചിതകാലത്തേക്കു വളര്‍ത്തിവലുതാക്കി, മറ്റു രാജ്യങ്ങളുടെ നാണയത്തെ തകര്‍ക്കുകയും ചെയ്യുന്നു. ഇത്‌ ഒരുതരത്തില്‍ ഇരുതല മൂര്‍ച്ചയുള്ള ഖഡ്ഗമാണ്‌. ആരാലും ശ്രദ്ധിക്കപ്പെടാതെ, വര്‍ദ്ധിച്ചുവരുന്ന ധന-വ്യാപാര കമ്മിയിലൂടെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ തകരുന്നതിന്‌ ഇത്‌ ഇടയാക്കി. 2006-ഓടെ 763.6 ബില്ല്യണ്‍ ഡോളര്‍ വ്യാപാര കമ്മിയിലാണ്‌ അതെത്തിനില്‍ക്കുന്നത്‌. മൊത്തം കമ്മിയാകട്ടെ, 850 ബില്ല്യണ്‍ ഡോളറും. രാജ്യത്തിന്റെ മൊത്തം ഋണബദ്ധ്യത 9 ട്രില്ല്യണ്‍ ഡോളര്‍ ആണ്‌. ഉത്‌പ്പാദന രാജ്യമെന്ന പദവിയെ ആഗോളവത്ക്കരണം പാടെ തകര്‍ത്തിരിക്കുന്നു. സേവനമേഖലയാകട്ടെ, ഔട്ട്‌സോഴ്സിംഗിലൂടെ അതിവേഗം ഇല്ലാതായിരിക്കുന്നു. അമേരിക്കയില്‍ ബാക്കി നില്‍ക്കുന്നത്‌, ആഗോളതലത്തിലുള്ള സാമ്പത്തിക സേവന മേഖല മാത്രമാണ്‌. ഇതിനു ശക്തി പകരുകയാണ്‌ അമേരിക്കന്‍ ഡോളര്‍ ചെയ്യുന്നത്‌.

അമേരിക്കന്‍ സമ്രാജ്യത്തിന്റെ ചിലവുകള്‍ വഹിക്കുന്നത്‌ മറ്റു രാജ്യങ്ങളാണ്‌. ആ ചിലവുകളെ അമേരിക്കന്‍ പൗരന്‍മാരില്‍നിന്ന് സമര്‍ത്ഥമായി മറച്ചു പിടിക്കാന്‍ അമേരിക്കന്‍ ഡോളറിന്റെ അധീശത്വം സഹായിക്കുന്നു. മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട്‌, ഡോളര്‍ സ്വീകരിക്കാന്‍ ബാക്കിയുള്ള രാജ്യങ്ങള്‍ നിര്‍ബന്ധിതമാകുന്ന ഒരു സ്ഥിതിവിശേഷമാണ്‌ ഇന്നുള്ളത്‌. ലോകത്തിലെ ഒരേയൊരു കരുതല്‍ നാണയമാണ്‌ ആ പച്ചനോട്ടുകള്‍.

(തുടരും)



*Averting World War III, Ending Dollar Hegemony and US Imperialism -എന്ന പേരില്‍, www.countercurrents.org.യില്‍ 17/11/2007-ന് പ്രസിദ്ധീകരിച്ച, രോഹിണി ഹെന്‍സ്മാന്‍ എഴുതിയ പൂര്‍ണ്ണലേഖനത്തിന്റെ ആദ്യഭാഗം.

ഒരു ചെസ്റ്റ്‌നട്ട്‌ മരവും ചില ഓര്‍മ്മകളും

അവസാനത്തെ ഇല എന്ന് പേരില്‍ ഒ.ഹെന്ററിയുടെ പ്രശസ്തമായ ഒരു കഥയുണ്ട്‌. ഹോസ്പിറ്റലിന്റെ ജനലിലൂടെ കാണുന്ന മരത്തിന്റെ അവസാന ഇലയും കൊഴിയുന്ന നാള്‍ തന്റെ ജീവിതവും അവസാനിക്കുമെന്ന് വിശ്വസിച്ച്‌ കാത്തിരിക്കുന്ന ഒരു രോഗി. ശൈത്യകാലത്തിന്റെ അവസാന പോരാട്ടത്തെയും അതിജീവിച്ച്‌ ഒരു ഇല മാത്രം ബാക്കി വരുന്നു. കൊഴിയാതെ. അയാള്‍ ജീവിതത്തിലേക്കു തിരിച്ചു വരുകയും ചെയ്തു. ജീവിതത്തിലേക്കു തന്നെ തിരിച്ചു കൊണ്ടുവന്ന ആ ഇല പക്ഷേ, ഒരു ചെറിയ ചിത്രം മാത്രമായിരുന്നുവെന്ന് അയാള്‍ ഒടുവില്‍ അറിയുന്നു. എന്നെങ്കിലും ഒരിക്കല്‍ ഒരു 'മാസ്റ്റര്‍പീസ്‌' വരക്കണമെന്ന മോഹം ബാക്കിവെച്ച്‌ അകാലത്തില്‍ പൊലിഞ്ഞുപോയ, തന്റെ സുഹൃത്തും, ആശുപത്രിയിലെ അന്തേവാസിയുമായിരുന്ന ഒരു ചിത്രകാരന്‍ വരച്ച ചിത്രമായിരുന്നു ആ അവസാനത്തെ ഇല.

പ്രിന്‍സെന്‍ ഗ്രാഫ്റ്റിലെ വീട്ടിലിരുന്ന് ആനി ഫ്രാങ്കും അത്തരത്തില്‍ ഒരു മരം നിത്യവും കണ്ടിരുന്നു. ഒരു ചെസ്റ്റ്‌നട്ട്‌ മരം. അവള്‍ മാത്രമല്ല, അനിയത്തി മാര്‍ഗരറ്റും, ആനിയുടെ പ്രിയപ്പെട്ട പീറ്ററും. അച്ഛന്റെ പഴയ ഗോഡൗണില്‍ അവര്‍ കഴിച്ചുകൂട്ടിയ രണ്ടു കൊല്ലത്തെ അജ്ഞാതവാസത്തിനിടക്ക്‌ പുറംലോകത്തെ അവര്‍ കണ്ടിട്ടുണ്ടാവുക, ആ ചെസ്റ്റ്‌നട്ട്‌ മരത്തിന്റെ ശാഖകള്‍ക്കുള്ളിലൂടെ കാണുന്ന ആകാശത്തിലൂടെയായിരുന്നിരിക്കാം. അതില്‍ വന്നിരിക്കാറുള്ള പക്ഷികളുടെ അനന്തമായ സ്വാതന്ത്ര്യത്തെക്കുറിച്ച്‌, ആ ചെറിയ മനസ്സുകളില്‍ അസൂയയും തോന്നിയിരിക്കാം അപ്പോള്‍.

എന്നിട്ടും അവള്‍ തന്റെ ഡയറിയില്‍ 1944 ജൂലൈ 15-ന്‌ ചെറിയ അക്ഷരങ്ങളില്‍ കുറിച്ചിട്ടു. "ഒന്നിനും, ഒരു യുക്തിയുമില്ല, അര്‍ത്ഥവുമില്ല, എന്നിട്ടും ഞാന്‍ ആശ കൈവിടുന്നില്ല. കാരണം, ഞാനിന്നും വിശ്വസിക്കുന്നു, മനുഷ്യന്‍ ഉള്ളില്‍ നല്ലവനാണെന്ന്".

ഗസ്റ്റപ്പോകള്‍ അവളെയും കുടുംബത്തെയും പീഡനത്താവളങ്ങളിലേക്കു കൊണ്ടുപോകുന്നതിനും പത്തൊന്‍പത്‌ ദിവസം മാത്രം മുന്‍പാണ്‌ അവള്‍ ആ കുറിപ്പ്‌ എഴുതിയത്‌.

"നമ്മളെ എന്നന്നേക്കുമായി നശിപ്പിക്കാന്‍ വരുന്ന ഭയാനകമായ ഇടിമുഴക്കം ഞാന്‍ കേള്‍ക്കുന്നു. ആയിരക്കണക്കിനു മനുഷ്യരുടെ അവര്‍ണ്ണനീയമായ ദു:ഖം അനിവാര്യമാണെന്ന് എനിക്കറിയാം. എന്നാലും, ആകാശത്തിന്റെ നീലിമയിലേക്കു നോക്കി ഞാന്‍ ആശ്വസിക്കുന്നു. അവസാനം എല്ലാം നന്നായി വരും. വിശ്വശാന്തിയുടെ പ്രത്യാഗമനം സംഭവിക്കുകതന്നെ ചെയ്യും".

ആനി കണ്ട ആ ആകാശത്തില്‍ ആ ചെസ്റ്റ്‌നട്ട്‌ മരവും ഉണ്ടായിരുന്നിരിക്കണം. അതിന്റെ കായകള്‍ ലേലത്തിനു വെച്ചിരിക്കുന്നു ഒരു ആംസ്റ്റര്‍ഡാമുകാരന്‍. മിക്കവാറും ഈ ആഴ്ച്ചതന്നെ, ആ മരംതന്നെ മുറിച്ചുമാറ്റപ്പെടുമെന്നും വാര്‍ത്തയില്‍ പറയുന്നു. (ഹാരെറ്റ്‌സ്‌ എന്ന ഇസ്രായേലി പത്രത്തില്‍). തീരെ ദുര്‍ബ്ബലമായിരിക്കുന്ന ആ വൃക്ഷം ഏതുനിമിഷവും നിലംപതിക്കാമത്രെ. "നിങ്ങളുടെ ആനി ഫ്രാങ്ക്‌ മരം നടൂ, ഒരു ചെസ്റ്റ്‌നട്ടില്‍നിന്ന്" എന്നാണ്‌ ലേലക്കാരന്റെ പരസ്യവാചകം.

ഒരു മരം നടുന്നത്‌ എത്ര എളുപ്പമാണ്‌. ദുരിതാനുഭവങ്ങള്‍ക്കിടക്കും, പ്രത്യാശയുടെ നിറഞ്ഞ ആകാശം കാണലാണ്‌ ഏറെ പ്രധാനം. ദുഷ്ക്കരം. ഓരോ മരവും, അതിന്റെ ശാഖകളിലൂടെ കാണുന്ന ഓരോ ആകാശത്തുണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലൂടെ എന്നെങ്കിലും പറന്നിറങ്ങിയേക്കാവുന്ന പുതിയ ലോകത്തിന്റെ, ഒരു നല്ല നാളെയുടെ, പിടികിട്ടാപ്പക്ഷികളെയാണ്.

ആനി ഫ്രാങ്ക്‌ മ്യൂസിയത്തില്‍വെച്ചുണ്ടായ ചെറിയ രണ്ട്‌ അനുഭവങ്ങള്‍ വിക്രമന്‍ നായര്‍* വിവരിക്കുന്നുണ്ട്‌.

വീടിന്റെ പുറത്ത്‌ സന്ദര്‍ശനം കഴിഞ്ഞ്‌ പുറത്തുവന്ന കുട്ടികള്‍ക്ക്‌ ഒരു അദ്ധ്യാപിക ക്ലാസ്സെടുക്കുന്നുണ്ടായിരുന്നു. ഡച്ചു ഭാഷയില്‍. അവര്‍ കുട്ടികളോട്‌ ചോദിച്ചു: "ആനി ഫ്രാങ്ക്‌..അവരെ ഇവിടെ നിന്ന് പിടിച്ചു കൊണ്ടുപോയ ഹിറ്റ്‌ലറുടെ ആളുകള്‍ നല്ലവരായിരുന്നോ""

"അല്ല..അല്ല" കുട്ടികള്‍ മറുപടി പറഞ്ഞു.

"നിങ്ങള്‍ ആരെങ്കിലും ജാതിയുടെയും നിറത്തിന്റെയും പേരില്‍ വേറെ ഒരു കുട്ടിയെ വെറുക്കുമോ", ടീച്ചര്‍ തുടര്‍ന്നു ചോദിച്ചു.

ഉത്തരം. "ഇല്ല, ഇല്ല".

വീടിന്റെ അകത്ത്‌, ആനിക്കും, മര്‍ഗരറ്റിനും, പീറ്ററിനും, ആനിയുടെ അച്ഛന്‍ ഓട്ടോ ഫ്രാങ്ക്‌ ദിവസവും ക്ലാസ്സെടുത്തിരുന്ന കുടുസ്സുമുറിയില്‍ പ്രദര്‍ശനത്തിനുവെച്ചിരുന്ന സാധനങ്ങള്‍ നോക്കിക്കാണുന്നതിനിടക്ക്‌ ഒരു വൃദ്ധ പെട്ടെന്ന് ഉറക്കെ കരഞ്ഞു. കാരണമാരായുന്നവരോട്‌, കൂടെയുള്ള ഒരാള്‍ പതുക്കെ പറഞ്ഞു. 'എല്‍സേസുവിയാ' (അവര്‍ ഓര്‍ക്കുകയാണ്‌).

ഓര്‍മ്മപ്പെടുത്തലുകളിലേക്കും, പ്രത്യാശയുടെ വെളിച്ചത്തിലേക്കും, ഇനി വരുന്ന തലമുറയെ കൂട്ടിക്കൊണ്ടുപോകാന്‍വേണ്ടിയെങ്കിലും ഇത്തരത്തിലുള്ള ഒരു ചെസ്റ്റ്‌നട്ട്‌ മരമോ, ഒരു മണ്‍പാത്രമോ, ഒരു പട്ടുറുമാലോ, എന്തുമാകട്ടെ, ചരിത്രത്തില്‍ അവശേഷിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍..




*വിക്രമന്‍ നായര്‍ - പത്രപ്രവര്‍ത്തകനും, ബംഗാളി ഗദ്യസാഹിത്യത്തില്‍ തന്റേതായ പാത വെട്ടിത്തുറന്ന ഒരു മലയാളിയുമാണ്‌ വിക്രമന്‍ നായര്‍. ആനന്ദബസാര്‍ പത്രികയിലായിരുന്നു ഏറെക്കാലം പ്രവര്‍ത്തിച്ചത്‌. 2004-ല്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ "പശ്ചിം ദിഗന്തേ പ്രദോഷ്‌ കാലേ' (പശ്ചിമ ചക്രവാളത്തില്‍, സന്ധ്യാനേരത്ത്‌) എന്ന യാത്രാ വിവരണ പുസ്തകത്തില്‍ നിന്ന്.

Monday, November 19, 2007

ഒരു ചെറിയ അറിയിപ്പ്

സുഹൃത്തുക്കളെ,

പി.സായിനാഥിന്റെ പുസ്തകത്തിന്റെ വിവര്‍ത്തനം പകുതിക്കുവെച്ച്‌ നിര്‍ത്തേണ്ടിവന്നിരിക്കുന്നു. മാതൃഭൂമി അതിന്റെ പകര്‍പ്പവകാശവും മറ്റും വാങ്ങി ജോലി ഏകദേശം പൂര്‍ത്തിയാക്കിയിരിക്കുന്നതുകൊണ്ട്‌, ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കുന്നത്‌ നിയമപ്രശ്നമായേക്കുമെന്ന് സായിനാഥ്‌ അറിയിച്ചതിനെത്തുടര്‍ന്നാണിത്‌.

പരിഭാഷ മുഴുവനാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന നേരിയ വിഷമം ഉള്ളിലുള്ളപ്പോള്‍തന്നെ, ആ പത്രപ്രവര്‍ത്തകനെയും, അദ്ദേഹത്തിന്റെ പുസ്തകത്തെയും ചിലര്‍ക്കെങ്കിലും പരിചയപ്പെടുത്താനായതിന്റെ ചാരിതാര്‍ത്ഥ്യം എനിക്കുണ്ട്‌. എന്നെ സംബന്ധിച്ചിടത്തോളം അതുതന്നെ ധാരാളമാണ്‌.

ആ പരിഭാഷ താത്‌പര്യത്തോടെ വായിക്കുകയും, അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

Saturday, November 17, 2007

*നന്ദിഗ്രാമിലെ ഭൂമിസമരം നല്‍കുന്ന പാഠം - 2

പക്ഷേ സംഭവത്തിന്‌ പ്രാധാന്യം കൈവന്നപ്പോള്‍ മറ്റു പത്രങ്ങള്‍ക്ക്‌ നന്ദിഗ്രാമിലെ പ്രശ്നത്തെ ശ്രദ്ധിക്കാതിരിക്കാനോ, സി.പി.എമ്മിനെ അനുകൂലിക്കാനോ സാധിക്കാതെ വന്നു. പാര്‍ട്ടിയുടെ അടുത്ത ബന്ധുക്കള്‍പോലും അവരെ കയ്യൊഴിഞ്ഞു. ഇത്‌ ചെന്നെത്തിയത്‌, മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലേക്കും, ആരോപണത്തെ വഴിമാറ്റുന്നതിലേക്കുമായിരുന്നു. മാധ്യമങ്ങളും സാമൂഹ്യപ്രവര്‍ത്തകരും നന്ദിഗ്രാം സന്ദര്‍ശിക്കുന്നത്‌ പാര്‍ട്ടി വിലക്കി. കേന്ദ്ര റിസര്‍വ്വ്‌ പോലീസിന്റെ വരവിനുശേഷം ഏറ്റവും ആദ്യം നന്ദിഗ്രാം സന്ദര്‍ശിച്ചത്‌ ആരായിരുന്നുവെന്നാണ്‌ കരുതുന്നത്‌? ലാല്‍ കൃഷ്ണ അദ്വാനിയും അദ്ദേഹത്തിന്റെ ഹിന്ദുത്വവാദികളുമായിരുന്നു അത്‌.

ഒരു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയെ തീവ്രഹിന്ദുത്വ നിലപാടുകളുള്ള ഒരു നേതാവ്‌ പ്രശംസാവചനങ്ങള്‍കൊണ്ടു മൂടുക എന്നത്‌ വളരെ അപൂര്‍വ്വമാണ്‌. മദ്രസകള്‍ക്കെതിരെ ബുദ്ധദേവ്‌ നടത്തിയ പരാമര്‍ശത്തെയും, ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റത്തിനെതിരെ ബുദ്ധദേവ്‌ നടത്തിയ ശ്രമങ്ങളെയും, പണ്ട്‌, കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍, അദ്വാനി വാനോളം പുകഴ്ത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌, ബംഗാളിലെ പാര്‍ട്ടിയെ നയിക്കുന്നത്‌ ഭദ്രലോകരും അവരുടെ രാഷ്ട്രീയവീക്ഷണവുമാണ്‌. ബംഗാളിലെ മദ്ധ്യവര്‍ഗ്ഗം വര്‍ഗ്ഗീയവത്ക്കരിക്കപ്പെട്ടിട്ട്‌ വളരെ കാലങ്ങളായിരിക്കുന്നു. ദുര്‍ഗ്ഗാപൂജ ആഘോഷങ്ങളില്‍വരെ ഇത്‌ പ്രകടവുമാണ്‌.

നന്ദിഗ്രാമിന്റെ പ്രശ്നം കുറെക്കൂടി വിപുലമായ ഒന്നാണ്‌. എന്തുകൊണ്ടാണ്‌ ആ സ്ഥലംതന്നെ തിരഞ്ഞെടുത്തത്‌? ദളിതുകളുടെയും മുസ്ലിമുകളുടെയും ഒരു വലിയ സാന്നിദ്ധ്യം അവിടെയുള്ളതുകൊണ്ടാണോ?, ബംഗാളില്‍ ഇതുവരെയും, ദളിതുകളുടെ പ്രശ്നങ്ങള്‍ക്ക്‌ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണ കിട്ടിയിട്ടില്ല. ഇനി മുസ്ലിമുകളുടെ കാര്യമെടുക്കുക. പശ്ചിമ ബംഗാള്‍ എന്ന ഒരേയൊരു സംസ്ഥാനത്തുമാത്രമാണ്‌, മിഡ്നാപൂരിലും ജലാംഗീറിലും ഉണ്ടായവിധത്തില്‍, മുസ്ലിം സമൂഹത്തില്‍ പട്ടിണിമരണങ്ങള്‍ സംഭവിച്ചിട്ടുള്ളത്‌. ഇത്‌ പ്രതിരോധിക്കപ്പെടാതെ പോകുമെന്ന്, സി.പി.എമ്മിലെ ഭൂരിപക്ഷം വരുന്ന ഭദ്രലോക വര്‍ഗ്ഗം വ്യാമോഹിച്ചു. പക്ഷേ, ആ ധാരണ അസ്ഥാനത്താണെന്ന് തെളിയിക്കുകയാണ്‌ നന്ദിഗ്രാം ചെയ്തത്‌. ഭൂമിക്കുവേണ്ടിയുള്ള അവകാശ സമരങ്ങള്‍ രാജ്യമൊട്ടാകെ ശക്തമാക്കുന്നതില്‍, നന്ദിഗ്രാമിലെയും, സിംഗൂരിലെയും ജനങ്ങള്‍ നിസ്തുലമായ പങ്കാണ്‌ വഹിച്ചത്‌. തുടക്കത്തില്‍ ചില പ്രക്ഷോഭങ്ങളൊക്കെ ഉണ്ടാക്കുമെങ്കിലും, ജനങ്ങള്‍ കാലക്രമത്തില്‍ എല്ലാം മറക്കുമെന്ന്, ജനങ്ങളുടെ രക്തമൂറ്റുന്ന സര്‍ക്കാരുകളും, സ്ഥാപനങ്ങളും കരുതുന്നുണ്ടെങ്കില്‍, ആ വിശ്വാസത്തെയും തകിടം മറിച്ചിരിക്കുകയാണ്‌ നന്ദിഗ്രാം. തങ്ങളുടെ ഭൂമിയും, അവകാശങ്ങളും സംരക്ഷിക്കാന്‍ അവര്‍ നടത്തുന്ന ഈ സമരം ചരിത്രത്തില്‍ എഴുതപ്പെടുകതന്നെ ചെയ്യും.

സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖല മറ്റെവിടേക്കെങ്കിലും കൊണ്ടുപോകുമോ ഇല്ലേ എന്നതല്ല പ്രധാനപ്പെട്ട കാര്യം. എന്തുകൊണ്ടാണ്‌, സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു പ്രശ്നത്തില്‍, ഇടതുശക്തികള്‍ നിശ്ശബ്ദരായി ഇരിക്കുന്നത്‌ എന്നതാണ്‌. ഭൂമി തിരിച്ചുപിടിക്കാനും, എതിരാളികളെ വകവരുത്താനും എന്തുകൊണ്ട്‌ സര്‍ക്കാര്‍ തങ്ങളുടെ പാര്‍ട്ടിയെ അനുവദിക്കുന്നു? തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ പിടിച്ചെടുത്ത ഭൂമി മാര്‍ക്സിസ്റ്റുകാര്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ്‌ പ്രകാശ്‌ കാരാട്ട്‌ പറയുന്നത്‌. ഒരു പുനരാലോചന ഉദ്ദേശിച്ചല്ല ആ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്‌ എന്നതുകൊണ്ടുതന്നെ, ഈ രാഷ്ട്രീയ പ്രസ്താവനയില്‍ അത്ര വലിയ കാര്യമില്ലെന്നാണ്‌ തോന്നുന്നത്‌. പക്ഷേ, അദ്ദേഹം പറഞ്ഞ ഏറ്റവും വലിയ വിഡ്ഢിത്തം, മാവോയിസ്റ്റുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നതാണ്‌. സിംഗൂരിലും, നന്ദിഗ്രാമിലും ചില പുരോഗമന ശക്തികള്‍ പുന:സ്സംഘടിക്കുന്നുണ്ടെന്ന കാര്യം ഇത്രകാലവും അദ്ദേഹം അറിഞ്ഞിരുന്നില്ല എന്ന് തോന്നുന്നു. മമതയെയും കൂട്ടരെയുമല്ല, ഈ ശക്തികളെയാണ്‌ അദ്ദേഹം എതിര്‍ക്കുന്നതെന്നും തോന്നും, ആ പ്രസ്താവനകള്‍ കണ്ടാല്‍. സി.പി.എമ്മിനെപ്പോലെതന്നെ മദ്ധ്യവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുന്നതും, നിശ്ശബ്ദരുമായ, സംസ്ഥാനത്തെ പ്രതിപക്ഷത്തെ ഇത്രയുംകാലം സി.പി.എം ശ്രദ്ധിച്ചിട്ടില്ല. ഇടതുശക്തികളുടെ പുന;സ്സംഘടനയാണ്‌ അവരെ മുഖ്യമായും അലട്ടുന്ന കാര്യം. ഝാര്‍ഖണ്ഡില്‍ നിന്നുള്ള നക്സലൈറ്റുകളാണ്‌ ഈ പ്രക്ഷോഭത്തിന്റെ പിന്നിലെന്ന്, ഡല്‍ഹിയിലിരുന്ന് അദ്ദേഹം നടത്തിയ പ്രസ്താവന അതുകൊണ്ട്‌ നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. ചുവപ്പന്‍ ഇടനാഴികള്‍ രാജ്യത്ത്‌ വര്‍ദ്ധിച്ചുവരുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവുതന്നെ വെളിപ്പെടുത്തിയത്‌ കാരാട്ടിനു അറിവുണ്ടാകാതിരിക്കാന്‍ ഇടയില്ലല്ലോ.

വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കല്‍ ജനങ്ങളുടെ എതിര്‍പ്പ്‌ വിളിച്ചുവരുത്തും എന്നു തന്നെയാണ്‌ നന്ദിഗ്രാം പോലെയുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്‌. ആന്ധ്രയിലെ ഖമ്മത്തായാലും, ഒറീസ്സയില്‍ കലിംഗനഗറിലായാലും, ഭൂമിക്കു വേണ്ടിയുള്ള ആളുകളുടെ അവകാശ സമരങ്ങളെ നക്സലൈറ്റ്‌ പ്രവര്‍ത്തനത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായി ചിത്രീകരിക്കുന്നത്‌ ശരിയായിരിക്കുകയില്ല. ഡാര്‍ജിലീംഗ്‌ മലനിരകളിലെ നക്സലൈറ്റ്‌ പ്രക്ഷോഭത്തെയും, പണ്ട്‌ പാര്‍ട്ടി, ഇന്ന് നന്ദിഗ്രാമില്‍ ചെയ്യുന്നതുപോലെ അടിച്ചമര്‍ത്തിയത്‌, യാദൃശ്ചികമൊന്നുമല്ല. ഇവ തമ്മിലുള്ള വ്യത്യാസം, അന്നത്തെ ആ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയത്‌ പോലീസായിരുന്നുവെങ്കില്‍, ഇന്ന് ആ സ്ഥാനത്ത്‌ പോലീസ്‌ മൂകസാക്ഷികളായി മാറിനില്‍ക്കുന്നു എന്നതുമാത്രമാണ്‌. ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്‌ സി.പി.എമ്മിന്റെ പാര്‍ട്ടി അണികളാണ്‌. ഛട്ടീസ്ഘഡിലും, ഗുജറാത്തിലും, ദളിതുകളെയും, ഗോത്രവര്‍ഗ്ഗക്കാരേയും ഹിന്ദുത്വവാദികള്‍ അടിച്ചമര്‍ത്തിയതും ഏറെക്കുറെ ഇതേ മട്ടിലായിരുന്നു.

നന്ദിഗ്രാമിനെ ഗോധ്ര സംഭവുമായി താരതമ്യം ചെയ്യരുതെന്നും കാരാട്ട്‌ ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നു(1) പക്ഷെ കൊല്ലുന്നവരും, കൊല്ലപ്പെടുന്നവരും ഒരേ വര്‍ഗ്ഗ സമൂഹങ്ങളായിരിക്കുന്നിടത്തോളം കാലം, ഈ രണ്ടു സംഭവങ്ങളെയും ജനങ്ങള്‍ക്ക്‌ താരതമ്യം ചെയ്യേണ്ടിവരും. ഗുജറാത്തില്‍, സമൂഹത്തിലെ മേലേക്കിടയിലുള്ള ഹിന്ദുക്കള്‍ മുസ്ലിമുകളെ കശാപ്പുചെയ്യുകയാണുണ്ടായത്‌. ഡെല്‍ഹിയില്‍ സിക്കുകളെ കൊന്നപ്പോഴും സംഭവിച്ചത്‌ ഇതുതന്നെയാണ്‌. നന്ദിഗ്രാമിലും, ദുരിതമനുഭവിക്കേണ്ടിവരുന്നവര്‍, മുസ്ലീമുകളും, ദളിതരുമാണ്‌. ബുദ്ധദേവിനെ ഒരു പുതിയ ഹിന്ദു അവതാരമായി അവതരിപ്പിക്കാന്‍ വൈമുഖ്യമുള്ളവരാണ്‌, നന്ദിഗ്രാമില്‍ കൊല്ലപ്പെടുന്നവരൊക്കെ 'ദരിദ്രായ'വരാണെന്ന് എഴുതിപ്പിടിപ്പിക്കുന്നത്‌(2). എങ്കിലും, ഇന്ന് നമുക്ക്‌ ലഭ്യമായ എല്ലാ സൂചനകളും വിരല്‍ചൂണ്ടുന്നത്‌, ഭൂമി മാഫിയകള്‍ വഴി പാവങ്ങളെയും, മദ്രസ്സ-ബംഗ്ലാദേശ്‌ അഭയാര്‍ത്ഥി വിഷയങ്ങള്‍ വഴി മുസ്ലീമുകളെയും ഒരു പോലെ ലക്ഷ്യവേധിയാക്കുന്ന മൃദു-ഹിന്ദുത്വമാണ്‌ സി.പി.എമ്മിന്റെ പൊതുവായ അജണ്ട എന്നു തന്നെയാണ്‌.

നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റാന്‍ ശ്രമിച്ചാല്‍ വെടിയുണ്ടകളാവും ലഭിക്കുക എന്ന കര്‍ശനമായ താക്കീതുമായി രംഗത്തുവന്നിരിക്കുന്ന സാമ്രാജ്യത്വ ദല്ലാളുകളായ കോര്‍പ്പറേഷനുകള്‍ക്കും, അവരുടെ നവ-ഉദാരീകരണ, സ്വകാര്യവത്ക്കരണ നയങ്ങള്‍ക്കുമെതിരെ ജനങ്ങളുടെ ശക്തമായ പ്രതിരോധത്തെ നയിക്കുക എന്ന ചരിത്രദൗത്യമാണ്‌ സി.പി.എം നന്ദിഗ്രാം സംഭവത്തിലൂടെ കളഞ്ഞുകുളിച്ചിരിക്കുന്നത്‌. മിശിഹകള്‍ക്കുവേണ്ടി തങ്ങള്‍ ഇനിയും കാത്തിരിക്കില്ലെന്നും, ചൂഷണത്തിനും, അടിച്ചമര്‍ത്തലിനുമെതിരെ തങ്ങള്‍ സംഘടിക്കുകയും, അവസാന ശ്വാസംവരെ പൊരുതുമെന്നുമുള്ള സന്ദേശമാണ്‌ നന്ദിഗ്രാം നമുക്ക്‌ നല്‍കുന്നത്‌. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള യുദ്ധമാണ്‌ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്‌.



*വിദ്യാഭൂഷണ്‍ റാവത്ത്‌ എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം.

(1) കാരാട്ടിന്റെ ആ വാദം ഒരു പരിധിവരെ ശരിയാണെന്ന് (പരിഭാഷകന്‍)കരുതുന്നു. രണ്ടിനെയും സമീകരിച്ചുകാണാനുള്ള പ്രവണത, പലപ്പോഴും, അപകടകരമായ നിഗമനങ്ങളിലേക്ക്‌ നയിക്കാന്‍ ഇടവരുത്തും. നന്ദിഗ്രാമിനേക്കാളും വലിയ, ഭീഷണമായ, മാനദണ്ഡങ്ങള്‍ ഉള്ള ഒന്നാണ്‌ ഗുജറാത്തിലേത്‌.

(2) ദരിദ്രര്‍ തന്നെയാണ്‌. പക്ഷേ, ദളിതരും, മുസ്ലീമുകളുമാണെന്നു മാത്രം (ലേഖകന്‍ അതായിരിക്കണം ആ ഭാഗത്ത്‌ ഉദ്ദേശിച്ചിട്ടുണ്ടാവുക).

Thursday, November 15, 2007

നന്ദിഗ്രാമിലെ ഭൂമിസമരം നല്‍കുന്ന പാഠം.

നന്ദിഗ്രാം കത്തിയെരിയുമ്പോള്‍, ഇടതുപക്ഷ സര്‍ക്കാരിലെ നീറോ പ്രഭൃതികള്‍ ക്ഷമയോടെ അത്‌ നോക്കിക്കൊണ്ടിരിക്കുകയാണ്‌. രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത്‌ കുടിയൊഴിക്കല്‍ നടക്കുമ്പോള്‍ ആയുധമെടുക്കാന്‍ മുന്‍പന്തിയിലുണ്ടാകാറുള്ള ഇവര്‍, സ്വന്തം നാട്ടിലെ 'യുദ്ധഭൂമിയില്‍' ആളുകള്‍ അരുംകൊലചെയ്യപ്പെടുമ്പോള്‍ നിശ്ശബ്ദരായ ദൃക്‍സാക്ഷികളായി ഇരിക്കുകയാണ്‌. നന്ദിഗ്രാമിനെ 'യുദ്ധഭൂമി'യെന്ന് വിശേഷിപ്പിച്ച ഗവര്‍ണ്ണര്‍ ഗോപല കൃഷ്ണ ഗാന്ധിയുടെ പ്രവൃത്തിയെ 'ഭരണഘടനാവിരുദ്ധമെന്ന്' മുദ്രകുത്താനും സി.പി.എമ്മും അതിന്റെ നേതൃത്വവും ഉത്സാഹം കാണിച്ചു. ഗവര്‍ണ്ണറുടെ പരാമര്‍ശത്തെ ബംഗാള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതെന്നു വിശേഷിപ്പിക്കുമ്പോള്‍, 'ഭൂമി തിരിച്ചുപിടിക്കാനുള്ള' സി.പി.എം നേതൃത്വത്തിന്റെ ആഹ്വാനത്തെ എങ്ങിനെയാണ്‌ ഒരാള്‍ക്ക്‌ നീതീകരിക്കാനാവുക?

അനിതരസാധാരണമായ ഈ പ്രതിസന്ധി ശക്തമായ ഒരു പ്രതികരണം അര്‍ഹിക്കുന്നു എന്നതാണ്‌ വസ്തുത. ഒരു ഗവര്‍ണ്ണര്‍, അതും, ഗോപാല്‍ കൃഷ്ണ ഗാന്ധിയെപ്പോലെയൊരാള്‍ സര്‍ക്കാറിനെതിരായി പരസ്യമായി പ്രതികരിക്കുക എന്നത്‌ അത്ര സാധാരണമല്ല. ആ പ്രതികരണം, നന്ദിഗ്രാമില്‍ നടക്കുന്ന സംഭവങ്ങളിലുള്ള അദ്ദേഹത്തിന്റെ ഉത്‌കണ്ഠയും വേദനയുമാണ്‌ വെളിവാക്കുന്നത്‌. തന്റെ കീഴിലുള്ള ഒരു സംസ്ഥാനം, ഭരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെപ്പോലും നിരാകരിക്കുന്നത്‌ കണ്ടുനില്‍ക്കേണ്ടിവരുന്ന ഒരു ഗവര്‍ണ്ണര്‍ക്കും മൗനം പാലിക്കാന്‍ ആവുകയില്ല. മൗനം പാലിക്കുകയുമരുത്‌. സി.പി.എമ്മും മുഖ്യമന്ത്രിയും ഇപ്പോള്‍ ചെയ്യുന്നതുപോലെ, ചുമതലകളില്‍ നിന്ന് സ്വയം ഒഴിഞ്ഞുനിന്ന്, നിയമം കയ്യിലെടുക്കാന്‍ ജനങ്ങളോട്‌ ആവശ്യപ്പെടാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ല, അത്‌ ഗുജറാത്തായാലും ബംഗാളായാലും. ഭൂമി പിടിച്ചെടുക്കല്‍ പോലുള്ള നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യാന്‍ സ്വന്തം അണികളെ ഒരു സര്‍ക്കാര്‍ ഉദ്‌ബോധിപ്പിക്കുന്നത്‌ അക്ഷന്തവ്യമായ തെറ്റാണ്‌. എന്തുകൊണ്ടാണ്‌ സര്‍ക്കാര്‍ ഇത്രകാലവും നിശ്ശബ്ദത പാലിച്ചതും, കേന്ദ്രസേനകളെപ്പോലും പാര്‍ട്ടി അണികളുടെ ചൊല്‍പ്പടിക്ക്‌ നിര്‍ത്തിയതും? ഭരണത്തിന്റെ ചുമതല വഹിക്കാന്‍ ഒരു പാര്‍ട്ടിയെ ചുമതലപ്പെടുത്താന്‍ ഒരു സര്‍ക്കാരിനും അധികാരമില്ല. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം രാജീവ്‌ ഗാന്ധിയും, ഗോധ്രകലാപത്തിനുശേഷം മോഡിയും സംസാരിച്ച അതേ ഭാഷ തന്നെയാണ്‌ ബംഗാള്‍ സര്‍ക്കാരും ഉപയോഗിക്കുന്നത്‌. വിയോജിക്കുന്നവരെയും തെറ്റു ചെയ്തവരെയും പാഠം പഠിപ്പിക്കുകയല്ല, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കുകയാണ്‌ ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്‌.

പശ്ചിമ ബംഗാള്‍ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്‌. മാര്‍ക്സിസത്തിന്റെ പേരിലുള്ള ദുഷ്ഭരണത്തിന്റെയും, ബ്രാഹ്മണ മേധാവിത്വത്തിന്റെയും പ്രതീകമായി മാറിയ ഒരു സര്‍ക്കാരിനു നേരിടേണ്ടിവരുന്ന പരീക്ഷയാണ്‌ ഈ പ്രതിസന്ധി. ഈ മേല്‍ക്കോയ്മയെ ഇപ്പോള്‍ വെല്ലുവിളിച്ചിരിക്കുന്നത്‌, മമത ബാനര്‍ജി എന്ന് ഒരു സ്ത്രീയാണ്‌. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്നു എന്ന് അവകാശപ്പെടുന്ന അവരുടെ പൂര്‍വ്വകാല ചെയ്തികള്‍, പക്ഷെ, ഒട്ടും മഹത്തരമല്ല. ഡെല്‍ഹിയിലെ ഹിന്ദുത്വ ശക്തികളുമായുള്ള ബാന്ധവം എത്രകാലം അവര്‍ പുലര്‍ത്തുമെന്നും, ഭൂമിയുടെ പ്രശ്നങ്ങളില്‍ അവരുടെ നിലപാട്‌ എന്താണെന്നുമാണ്‌,മമതയെ പിന്തുണക്കുന്നവര്‍ അവരോട്‌ ആദ്യം ചോദിക്കേണ്ട ചോദ്യം. പക്ഷേ, എല്ലാ പ്രതിപക്ഷവും സി.പി.എം-നെ ഒന്നിച്ചെതിര്‍ക്കുന്ന പ്രത്യേക സ്ഥിതിവിശേഷമാണ്‌ ഇന്ന് നിലനില്‍ക്കുന്നത്‌. എങ്കിലും, അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യങ്ങള്‍ മറ്റൊന്നാണ്‌. മാധ്യമങ്ങളുടെ ഇക്കാര്യത്തിലുള്ള ശ്രദ്ധക്കും ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാനില്ല.

നല്ല ഭരണത്തിന്റെയും, പഞ്ചായത്ത്‌ രാജിന്റെയും, ഊതിപ്പെരുപ്പിച്ചുകാണിക്കുന്ന 'ഭൂപരിഷ്ക്കാരങ്ങളുടെയും' പ്രഭാപടലത്തിനുള്ളിലും, ഇടതുപക്ഷത്തിന്റെ ശരിക്കുള്ള മുഖം ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

നന്ദിഗ്രാമിലുള്ളത്‌, ഒരു വശത്ത്‌ പ്രതീക്ഷയുടെ രജതരേഖയും, മറുവശത്ത്‌ ബംഗാളിലെ മദ്ധ്യവര്‍ഗ്ഗത്തിന്റെ (ഭദ്രലോഗ്‌) രാഷ്ട്രീയവുമാണ്‌. രജതരേഖയെക്കുറിച്ച്‌ ആദ്യം പറയാം. എന്തൊക്കെപ്പറഞ്ഞാലും, നന്ദിഗ്രാമിലെ ആളുകളുടെ ആവേശത്തെ നാം ഒരിക്കലും കാണാതിരുന്നുകൂടാ. എല്ലാ പരമ്പരാഗത സങ്കല്‍പ്പങ്ങളെയും അത്‌ മറികടക്കുന്നു. ഇന്നത്തെ സര്‍ക്കാരുകള്‍, അത്‌ ബംഗാളിലായാലും, മറ്റു സംസ്ഥാനങ്ങളിലായാലും, ജനങ്ങളുടെ ഭൂമി കവര്‍ന്നെടുത്ത്‌, പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും, അണക്കെട്ടുകള്‍ക്കും, വമ്പന്‍ ബിസിനസ്സ്‌ സാമ്രാജ്യങ്ങള്‍ക്കും, പങ്കിട്ട്‌ കൊടുക്കുന്ന തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണ്‌. അതും, ഒഴിപ്പിച്ചവരെ ഒരു വിധത്തിലും പുനരധിവസിപ്പിക്കാതെതന്നെ. ജനങ്ങളുടെ പ്രതിരോധമൊക്കെ കുറച്ചു കഴിഞ്ഞാല്‍ തണുത്താറുമെന്ന് ഭരണത്തിലുള്ളവര്‍ക്ക്‌ നന്നായി അറിയുകയും ചെയ്യാം. ഭൂമി കയ്യേറല്‍ പോലുള്ള തങ്ങളുടെ അപകടകരമായ പദ്ധതികളുമായി മുന്നോട്ട്‌ പോകാന്‍ ഈ അറിവ്‌ അവരെ പ്രാപ്തരാക്കുന്നു. ഈ കാര്യത്തില്‍ എല്ലാ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കും, പ്രാദേശിക കക്ഷികള്‍ക്കും യോജിപ്പാണുള്ളത്‌. ജനങ്ങളുടെ അടിയന്തിരാവശ്യങ്ങളില്‍നിന്ന് അവര്‍ ഒളിച്ചോടുകയും, തല്‍ഫലമായി, ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്ക്‌, ഒരുപക്ഷേ തീരെ ജനാധിപത്യപരമല്ലാത്ത മറ്റു മാര്‍ഗ്ഗങ്ങളെ അവലംബിക്കേണ്ടിവരുകയും ചെയ്യുന്നു.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഭൂപരിഷ്ക്കരണ പ്രശ്നത്തില്‍ പ്രതിബദ്ധത കാണിച്ച ഒരേയൊരു പാര്‍ട്ടി മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്‌. പക്ഷേ ബുദ്ധദേവിനുള്ളത്‌ മറ്റു ചില ഉദ്ദേശ്യങ്ങളാണ്‌. കഴിഞ്ഞ മുപ്പതു വര്‍ഷമായി യാതൊരു വ്യവസായവത്ക്കരണവും കാര്യമായി നടക്കാതിരുന്ന ബംഗാളില്‍, തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്ന മദ്ധ്യവര്‍ഗ്ഗ ബംഗാളികളെയാണ്‌ അദ്ദേഹം ഉന്നംവെക്കുന്നത്‌. 'വ്യവസായകേന്ദ്ര'മെന്ന ബഹുമതി നേടിയെടുക്കാനാവാതെ 'പ്രതിച്ഛായ നഷ്ടമായ' കൊല്‍ക്കൊത്തയുടെയും ബംഗാളിന്റെയും കാര്യത്തില്‍ മനംനൊന്ത്‌, 'നിക്ഷേപം' സ്വരൂപിക്കാന്‍ പ്രതിജ്ഞാബദ്ധമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌ ബുദ്ധദേവ്‌. ഇന്‍ഡോനേഷ്യയിലെ കമ്പനിയെ തിരഞ്ഞെടുത്തതിന്റെ പിന്നിലെ ഉദ്ദേശ്യവും തിരിച്ചറിയേണ്ടതുണ്ട്‌. പൂര്‍വ്വകാല ചെയ്തികളില്‍നിന്നു വ്യത്യസ്തമായി, ഇന്‍ഡോനേഷ്യന്‍ കമ്പനിക്ക്‌ കരാര്‍ കൊടുത്തത്‌, ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ-വിരുദ്ധ, മതനിരപേക്ഷ നിലപാടിന്റെ തെളിവാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ സര്‍ക്കാര്‍. ബംഗാളിലാകട്ടെ, ദുരിതമനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും ദളിതുകളും, മുസ്ലിമുകളുമാണ്‌.നന്ദിഗ്രാമിലെയും സിംഗൂരിലെയും ഭൂമി, അല്ലെങ്കില്‍, 19,000 ഏക്കര്‍ ഭൂമി എന്താവശ്യത്തിനാണെന്നതാണ്‌ ഏറ്റവും വിഷമം പിടിച്ച ചോദ്യം. പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്‌, ഹാള്‍ഡിയ പെട്രൊകെമിക്കലിന്റെ മേധാവികൂടിയായ പാര്‍ട്ടി എം.പി. ലക്ഷ്മണ്‍ സേഥിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ഭൂമി പിടിച്ചെടുക്കല്‍ നടക്കുന്നത്‌ എന്നാണ്‌. ഇതൊക്കെ നടക്കുന്നത്‌, ബംഗാളിനെ വ്യവസായവത്‌ക്കരിക്കുക എന്ന പേരിലും. ആളുകളെ നിരാധാരമാക്കാനും, വ്യവസായികളെ ക്ഷണിച്ചുവരുത്താനും കൂട്ടുനില്‍ക്കുന്നതില്‍, എല്ലാ 'ദേശീയ മാധ്യമങ്ങളും' പൂര്‍ണ്ണപിന്തുണയാണ്‌ ബംഗാള്‍ സര്‍ക്കാരിനു നല്‍കുന്നത്‌. ജനങ്ങളുടെ താത്‌പര്യങ്ങളേക്കാള്‍, സ്വാര്‍ത്ഥമോഹങ്ങള്‍ക്ക്‌ വിലകല്‍പ്പിക്കുന്ന മാധ്യമങ്ങള്‍, മോഡിയുടെ അഴിമതി ഭരണത്തെയും, മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള അയാളുടെ പൂര്‍വ്വകാല കുറ്റകൃത്യങ്ങളെയും, ഭംഗിയായി തമസ്ക്കരിച്ച്‌ തങ്ങളുടെ കോര്‍പ്പറേറ്റ്‌ താത്‌പര്യങ്ങള്‍ എങ്ങിനെയാണോ സംരക്ഷിച്ചത്‌, അതേ വിധത്തില്‍തന്നെയാണ്‌, വികസനത്തിന്റെ പേരും പറഞ്ഞ്‌, ദേശീയ മാധ്യമങ്ങള്‍, ജനങ്ങളുടെ ചിലവില്‍, ബുദ്ധദേവ്‌ എന്ന മുഖ്യമന്ത്രിയെ താരപദവിയിലേക്ക്‌ ഉയര്‍ത്തിക്കാട്ടുന്നതും.

സി.പി.എം-ഉം സഖ്യകക്ഷികളും കോണ്‍ഗ്രസ്സിന്റെ പുത്തന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങളെ പലപ്പോഴും എതിര്‍ത്തുപോന്നിട്ടുണ്ട്‌. പക്ഷേ, അതേസമയം പല പദ്ധതികളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്‌. നരേന്ദ്ര മോഡിക്കെതിരെ സത്യസന്ധമായ നിലപാടെടുക്കുകയും, ലോകവ്യാപാര സംഘടനക്കെതിരായി ഗംഭീര റാലികള്‍ സംഘടിപ്പിക്കുകയും ചെയ്ത അതേ രാഷ്ട്രീയപാര്‍ട്ടി തന്നെ, സ്വന്തം സംസ്ഥാനത്തിന്റെ കാര്യം വരുമ്പോള്‍, കുറ്റകരമായ നിശ്ശബ്ദത പാലിക്കുന്നു. നന്ദിഗ്രാം സന്ദര്‍ശിക്കാന്‍ ആളുകളെ അനുവദിക്കുക എന്നതുപോയിട്ട്‌, ഒരു തുറന്ന ചര്‍ച്ചക്കുപോലും അവര്‍ തയ്യാറാവുന്നില്ല.

നിര്‍ദ്ദിഷ്ട പ്രത്യേക സാമ്പത്തികമേഖല ആയിരക്കണക്കിനാളുകളെ, പ്രത്യേകിച്ചും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെ, കുടിയൊഴിപ്പിക്കുമെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. നന്ദിഗ്രാമിന്റെയും, സിംഗൂരിന്റെയും കാര്യത്തിലാണെങ്കില്‍, ഇവരില്‍ ഭൂരിഭാഗവും മുസ്ലിമുകളും ദളിതുകളുമാണ്‌. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ വിഭാഗങ്ങള്‍, സി.പി.എം-ന്റെ വോട്ട്ബാങ്കില്‍ പെടുന്നവരുമല്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അദ്വാനി നടത്തിയ പരാമര്‍ശങ്ങളുടെ അതേ ചുവടുപിടിച്ച്‌ മദ്രസ്സകളെയും, ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ത്ഥികളെയുംകുറിച്ച്‌ സംസാരിക്കാന്‍ വൈമുഖ്യം കാണിക്കാതിരുന്ന മാര്‍ക്സിസ്റ്റ്‌ മുഖ്യമന്ത്രിക്ക്‌, ബംഗാളിലെ മദ്ധ്യ-ഉപരിവര്‍ഗ്ഗങ്ങള്‍ക്കോ, പാര്‍ട്ടി അനുഭാവികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്കോ ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍, സെസ്സ്‌ പോലുള്ള സംരംഭങ്ങള്‍ കൊണ്ടുവരേണ്ടത്‌ നല്ല ഒരു കാര്യമായി തോന്നിയിരിക്കണം. ടാറ്റയുടെ ഒരു ലക്ഷം രൂപ വിലവരുന്ന കാര്‍ ഫാക്ടറിയിലോ, സലിമിന്റെ കെമിക്കല്‍ കമ്പനിയിലോ ജോലികിട്ടാന്‍ ഇടയുള്ള സ്വന്തം അണികളെ എന്തിനു മുഷിപ്പിക്കണമെന്ന് അവര്‍ കരുതിയിട്ടുണ്ടാകും. ഈ കമ്പനികളില്‍ ജോലി കിട്ടുന്നത്‌ മുസ്ലിമുകള്‍ക്കും, ദളിതുകള്‍ക്കുമൊന്നുമാവില്ല. അഭിപ്രായ രൂപീകരണത്തില്‍ മുഖ്യ പങ്ക്‌ വഹിക്കുന്ന ഭദ്രലോക സമൂഹം, തങ്ങളുടെ പ്രശ്നങ്ങളില്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന അലംഭാവത്തിനും വ്യവസായത്തിന്റെ കാര്യത്തില്‍ പശ്ചിമ ബംഗാളില്‍ നിലനില്‍ക്കുന്ന നിര്‍ജ്ജീവാവസ്ഥക്കും സര്‍ക്കാരിനെ പലപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ട്‌, പലപ്പോഴും. ദളിതുകളുടെയും മുസ്ലിമുകളുടെയും പ്രശ്നങ്ങളില്‍ ഇടതു സര്‍ക്കാര്‍ ഇനിയും തങ്ങളുടെ നിലപാടുകള്‍ വ്യക്താമാക്കേണ്ടതായിട്ടാണിരിക്കുന്നത്‌. അവര്‍ക്കുവേണ്ടിയുള്ള ഭൂപരിഷ്ക്കരണങ്ങള്‍ എവിടെവരെയെത്തി? സര്‍ക്കാര്‍ ജോലികളിലും, പോലീസിലും, മറ്റു വിഭാഗങ്ങളിലും അവര്‍ക്ക്‌ കിട്ടേണ്ട മതിയായ പ്രാതിനിധ്യം അവര്‍ക്ക്‌ കിട്ടിയിട്ടുണ്ടോ? തങ്ങള്‍ ജാതിവ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ലെന്നും, അതുകൊണ്ട്‌ സംവരണത്തിന്റെ ആവശ്യമില്ലെന്നുമുള്ള നിലപാടിലാണ്‌ ബംഗാളിലെ മദ്ധ്യവഗ്ഗം നില്‍ക്കുന്നത്‌. മുസ്ലിമുകളെ മാറ്റിനിര്‍ത്തിയാല്‍, മദ്ധ്യവര്‍ഗ്ഗത്തിന്റെ ഈ കപടനാട്യംകൊണ്ട്‌ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്‌, ബംഗാളിലെ തോട്ടികളാണെന്നുള്ള പരമാര്‍ത്ഥം നിഷേധിക്കാനാവില്ല. വളരെ ആശങ്കയുളവാക്കുന്ന ഒന്നാണ്‌ ബംഗാളിലെ ദളിതുകളുടെ ജീവിതം. തോട്ടിസമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്ന ഒരു സംസ്ഥാനമാണ്‌ ബംഗാള്‍. ബംഗാളിന്റെ ഈ തീക്ഷ്ണ യാഥാര്‍ത്ഥ്യം പുറംലോകം അറിയുന്നതില്‍ തീരെ തത്‌പരരല്ല മാര്‍ക്സിസ്റ്റു പാര്‍ട്ടിയും, അവര്‍ക്ക്‌ പ്രാമുഖ്യമുള്ള ബുദ്ധിജീവിവര്‍ഗ്ഗങ്ങളും. എന്‍.റാമിനെപ്പോലുള്ള കറകളഞ്ഞ അനുഭാവികള്‍പോലും, ഈ തോട്ടിപ്പണിയുടെ പ്രശ്നത്തില്‍ ബംഗാള്‍ ഗവണ്മെണ്ടിന്‌ നല്ല സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കുന്നതിനുമുന്‍പ്‌ ഇരുവട്ടം ആലോചിക്കാന്‍ മുതിര്‍ന്നില്ല. ഇപ്പോള്‍ നന്ദിഗ്രാമിന്റെ പ്രശ്നത്തിലും, ഇന്ത്യയിലെ ഏറ്റവും 'സെക്കുലര്‍'ആയ ഈ പത്രം പാദസേവ ചെയ്യുന്നത്‌ ബ്രാഹ്മണ്യത്തിനെയാണ്‌. ദക്ഷിണേന്ത്യയിലെ 'ഹിന്ദു'വിന്റെ വായനക്കാര്‍ക്ക്‌ നല്ലവണ്ണമറിയാം, സെക്കുലറിസത്തിന്റെ പേരുംപറഞ്ഞ്‌ ആ പത്രം ആരുടെ താത്‌പര്യങ്ങളെയാണ്‌ സംരക്ഷിക്കുന്നതെന്ന്. ബുദ്ധദേവിന്റെ മറ്റൊരു മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ ഗോയെങ്കയുടെ ഇന്ത്യന്‍ എക്സ്പ്രസ്സാണ്‌. സ്വകാര്യവത്ക്കരണത്തെ പിന്താങ്ങുന്ന, ഇന്ത്യയിലെ അഴിമതിഭരിതമായ മദ്ധ്യവര്‍ഗ്ഗത്തിന്റെ ശബ്ദമാണ് ഇന്ത്യന്‍ എക്സ്പ്രസ്സ്. ജനങ്ങളെ കുടിയൊഴിപ്പിച്ച് വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ ഏതു സര്‍ക്കാര്‍ ശ്രമിച്ചാലും അതിനെ എപ്പോഴും പിന്തുണച്ചിട്ടുള്ള പാരമ്പര്യമാണ് ആ പത്രത്തിനുള്ളത്.


(തുടരും)

countercurrents.org-ന്റെ, നവംബര്‍ 14-ലെ ലക്കത്തില്‍ വിദ്യാഭൂഷന്‍ റാവത്ത്‌ എഴുതിയ പൂര്‍ണ്ണലേഖനത്തിന്റെ ആദ്യഭാഗം.

Tuesday, November 13, 2007

ഓര്‍മ്മയുണ്ടോ ഈ മുഖം?

ആ 'മാള്‍ബോറോ'ക്കാരനെ നിങ്ങളില്‍ച്ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഉറപ്പ്‌. ഇറാഖ്‌ യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ നിരവധി പത്രങ്ങളിലെ മുന്‍പേജ്‌ ചിത്രമായിരുന്നു അയാളുടെ മുഖം. ചുണ്ടുകളില്‍ എരിയുന്ന സിഗരറ്റുമായി, ഹെല്‍മെറ്റ്‌ ധരിച്ച്‌, ഉണങ്ങിയ ചോരപ്പാടും കരിയും പുരണ്ട മുഖത്തോടെ, ക്ഷീണിച്ച്‌, എങ്ങോട്ടെക്കോ ദൃഷ്ടി പായിച്ച്‌ നില്‍ക്കുന്ന ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍. 'മാള്‍ബോറോ മനുഷ്യന്‍' എന്ന ഓമനപ്പേരും വീണു അയാള്‍ക്ക്‌. ലാന്‍സ്‌ കോര്‍പ്പറല്‍ ബ്ലേക്ക്‌ മില്ലറായിരുന്നു അത്‌. ഒറ്റച്ചിത്രത്തോടെ പ്രശസ്തിയിലേക്ക്‌.

പക്ഷേ അവിടംകൊണ്ടവസാനിച്ചില്ല മില്ലറുടെ കഥ. അയാള്‍ ഇറാഖില്‍ നിന്ന് ജീവനോടെ തിരിച്ചു വന്നു. അയാളുടെ മുഖം ക്യാമറയില്‍ പകര്‍ത്തിയ ലൂയീസ്‌ സിംകോ എന്ന ഫോട്ടോഗ്രാഫറുമായി, രണ്ടുവര്‍ഷം മുന്‍പ്‌, 2006 ജനുവരിയില്‍, Editor & Publisher എന്ന പത്രം അഭിമുഖം നടത്തുകയുണ്ടായി. ലോസ്‌ ഏഞ്ചല്‍സ്‌ പത്രത്തിലെ ഫോട്ടൊഗ്രാഫറാണ്‌ ലൂയീസ്‌. യുദ്ധാനന്തര-മാനസിക പീഡകളില്‍പ്പെട്ട്‌ (Post-traumatic stress disorder-PTSD) സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങി വരാന്‍ വിഷമിച്ച്‌, കെന്റുക്കിയിലെ ജൊനാന്‍സിയിലുള്ള തന്റെ വീട്ടില്‍ കഴിയുന്ന മില്ലര്‍ എന്ന പാവം മനുഷ്യനെക്കുറിച്ചായിരുന്നു ലൂയീസിന്‌ പറയാനുണ്ടായിരുന്നത്‌.

തന്റെ ജീവിതത്തിന്റെതന്നെ ഒരു ഭാഗമായിത്തീര്‍ന്ന മില്ലറിന്റെ സമീപത്തേക്ക്‌ ലൂയീസ്‌ തിരിച്ചുപോയിരിക്കുകയാണ്.

ടൈംസിനുവേണ്ടി ലൂയീസ്‌ എഴുതിയ രണ്ടുഭാഗങ്ങളുള്ള ഒരു ലേഖനം, ഇക്കഴിഞ്ഞ ഞായറാഴ്ച്ചയും, തിങ്കളാഴ്ച്ചയുമായി ടൈംസിന്റെ വെബ്‌സൈറ്റില്‍, വീഡിയോ ദൃശ്യങ്ങളുടെയും, ചിത്രങ്ങളുടെയും, സംഭാഷണങ്ങളുടെയും അകമ്പടിയോടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.

മാനസികവിഭ്രാന്തികളില്‍നിന്ന് മില്ലറിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്‌ ലൂയീസ്‌. ആ ലേഖനത്തില്‍നിന്ന് ഒരു പ്രസക്ത ഭാഗം:

"അയാള്‍ വിവാഹമോചനം നേടാന്‍ ശ്രമിക്കുന്നു എന്ന കിംവദന്തിക്കുപിറകെ പരക്കം പായുകയായിരുന്നു നാട്ടിലെ മുഴുവന്‍ പത്രങ്ങളും. തന്നോട്‌ അല്‍പമെങ്കിലും അലിവു കാട്ടണമെന്നും, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ അയാള്‍ക്ക്‌ ഒടുവില്‍ പ്രസ്താവന ഇറക്കേണ്ടിവന്നു.

പിറ്റേ ദിവസം, മില്ലറിനെ അയാളുടെ അമ്മാവന്റെ വീടിന്റെ പിന്‍വശത്തുള്ള ഒരു മുറിയില്‍ വെച്ച്‌ ഞാന്‍ കണ്ടു. തലേന്നു രാത്രി, താന്‍ ആത്മഹത്യയുടെ വക്കുവരെയെത്തിയതാണെന്ന് അയാള്‍ പറഞ്ഞു. ബൈക്കോടിച്ച്‌, ഒരു മലയുടെ ചെരുവില്‍ നിന്നും താഴേക്ക്‌ കുതിച്ച്‌ എല്ലാം അവസാനിപ്പിച്ചാലോ എന്നുപോലും അയാള്‍ ആലോച്ചിച്ചുവത്രെ.

അന്നത്തെ പ്രഭാത പത്രങ്ങള്‍ അയാള്‍ എനിക്കു കാണിച്ചു തന്നു. അയാളുടെ വിവാഹമോചനമായിരുന്നു അതിലെ പ്രധാനതലക്കെട്ട്‌.

എനിക്കു വല്ലാത്ത വിഷമം തോന്നി. എനിക്ക്‌ അതില്‍ ഇടപെടണമെന്നുണ്ടായിരുന്നില്ല. ഇറാഖിനെക്കുറിച്ചുള്ള പുസ്തകം എങ്ങിനെയെങ്കിലും തീര്‍ത്താല്‍ മതിയെന്നായിരുന്നു എനിക്ക്‌. പക്ഷേ, അന്ന്, ആ ചിത്രം ഞാന്‍ എടുത്തിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, ഈ പൊറാട്ടുനാടകങ്ങള്‍ എനിക്കു കാണേണ്ടിവരില്ലായിരുന്നു. ഞാനും ഇതിനൊക്കെ ഒരുവിധത്തില്‍ ഉത്തരവാദിയാണെന്ന് എനിക്കു തോന്നി.

ചില സമയങ്ങളില്‍, നേരിട്ടു ദൃക്‍സാക്ഷിയാവാന്‍ വിഷമം തോന്നുന്ന അവസരങ്ങളില്‍ ക്യാമറയെ ഒരു മറയാക്കി ഉപയോഗിക്കാറുണ്ട്‌ ഞാന്‍. പ്രവൃത്തിക്കാന്‍ ആവശ്യമായ ഒരു ഇടം അതെനിക്കു നല്‍കാറുണ്ട്‌. വികാരങ്ങളെ നിയന്ത്രിച്ച്‌, കണ്ണുകള്‍ തുറന്നു പിടിക്കാന്‍ അത്‌ എന്നെ സഹായിക്കുന്നു. പക്ഷേ മില്ലറിന്‌ ഇന്ന് ആവശ്യം ഒരു ഫോട്ടോ ജേര്‍ണ്ണലിസ്റ്റിനെയല്ല. ഒരു കൈത്താങ്ങാണ്‌.

ഫല്ലൂജയിലെ കലാപകലുഷിതമായ ആ കഴിഞ്ഞ കാലം എനിക്ക്‌ ഓര്‍മ്മ വന്നു. പൊട്ടിത്തെറികളുടെ കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്കിടക്ക്‌, ഞങ്ങള്‍ക്കും ലോകാവസാനത്തിനുമിടയില്‍ ദുര്‍ബ്ബലമായ ഒരു മണ്‍ചുമര്‍ മാത്രം അവശേഷിച്ച ഘട്ടങ്ങളില്‍, മരവിച്ച മനസ്സുമായി ഞങ്ങള്‍ കാത്തിരുന്നു. എല്ലാവരും സിഗരറ്റു ആഞ്ഞുവലിച്ചുകൊണ്ടിരുന്നു.

ആളുകള്‍ ചിന്തിക്കുന്നത്‌ എന്താണെന്ന്, ആ ബഹളത്തിലും എനിക്ക്‌ വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നു. ഇത്‌ അവസാനമാണ്‌.

ഇതിനുമുന്‍പൊരിക്കലും ഇത്ര ഒറ്റപ്പെട്ടപോലെ എനിക്കു തോന്നിയിട്ടുണ്ടായിരുന്നില്ല.

ഓര്‍മ്മകളില്‍നിന്നു ഞാന്‍ തിരിച്ചു പോന്നു. എങ്ങിനെയാണ്‌ ആ ചോദ്യം എന്റെ വായില്‍നിന്ന് പുറത്ത്‌ വന്നതെന്ന് എനിക്കുതന്നെ നിശ്ചയമില്ല.

"ബ്ലേക്ക്‌, ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ?, അന്ന്, ഫല്ലൂജയില്‍ വെച്ച്‌ എനിക്ക്‌ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ നീ എന്റെ സഹായത്തിനു വരുമായിരുന്നില്ലേ?"

"പൊക്കിയെടുത്തുകൊണ്ടുവരുമായിരുന്നു", മറുപടി പെട്ടെന്നായിരുന്നു.

"ശരി, എങ്കില്‍, ഇന്ന് നിനക്കാണ്‌ പരിക്കേറ്റിരിക്കുന്നത്‌. എനിക്ക്‌ നിന്നെ സഹായിക്കണമെന്നുണ്ട്‌".

അയാള്‍ ഒരു നിമിഷം എന്നെ നോക്കി. "ആയ്ക്കോളൂ".




* Editor & Publisher എന്ന സമാന്തരമാധ്യമത്തില്‍, ഗ്രെഗ് മിഷേല്‍ എഴുതിയ ലേഖനം.

Saturday, November 10, 2007

ആപല്‍ഘട്ടങ്ങളില്‍ 911-ലേക്കു വിളിക്കൂ - അനുഗൃഹീതര്‍ക്കു മാത്രം

ലോകാവസാനമായിരിക്കുന്നുവെന്നും തങ്ങളും സുഹൃത്തുക്കളും മാത്രം സുരക്ഷിതരായിരിക്കുമെന്നും പ്രത്യാശിക്കുന്ന ചില തീവ്രവാദികളുടെ പിടിയിലകപ്പെട്ടിരിക്കുന്നു അമേരിക്ക എന്നാണ്‌ ഇത്രയും കാലം ഞാന്‍ ആശങ്കപ്പെട്ടിരുന്നത്‌. അത്‌ അസ്ഥാനത്തായിരുന്നുവെന്ന് ഇപ്പോള്‍ എനിക്ക്‌ തോന്നുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെ രക്ഷിക്കുകയും, ഭൂരിപക്ഷത്തിനെ ചുട്ടെരിക്കുകയും ചെയ്ത് ബൈബിളിന്റെ ലോകാവസാന സങ്കല്‍പ്പത്തെ പുനരാവിഷ്ക്കരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ചില ഭീകരരുടെ കൈപ്പിടിയിലാണ്‌ ഇന്ന് രാജ്യം. അതും, ഒരു ദൈവികമായ ഇടപെടലും കൂടാതെതന്നെ. സ്വര്‍ഗ്ഗം കാത്തു നില്‍ക്കട്ടെ. സ്വകാര്യവത്ക്കരിക്കപ്പെട്ട ദുരന്തനിവാരണ ഏജന്‍സി സര്‍വീസുകള്‍ നാടെങ്ങും പുഷ്ക്കലമാകുമ്പോള്‍, സ്വര്‍ഗ്ഗമെന്തിന്‌? പരമാനന്ദം, ഇവിടെ ഈ ഭൂമിയില്‍‌വെച്ചുതന്നെ, നമുക്കു കൈവരുന്നു.

തെക്കന്‍ കാലിഫോര്‍ണിയയില്‍ എന്താണ്‌ സംഭവിക്കുന്നത്‌ എന്ന് നോക്കൂ. ഒരു വലിയ പ്രദേശത്തെയാകെ കാട്ടുതീ വിഴുങ്ങുമ്പോള്‍, ചില വീടുകള്‍ മാത്രം, ദൈവകാരുണ്യത്താലെന്നപോലെ, രക്ഷപ്പെടുന്നു. പക്ഷേ ഇതില്‍ ദൈവത്തിന്‌ യാതൊരു പങ്കുമില്ല. അഗ്നിശമന സ്പ്രേ സംവിധാനത്തിന്റെ (Firebreak Spray Systems)കരവിരുതാണിത്‌. അഗ്നിശമന സ്പ്രേ സംവിധാനമെന്നത്‌, അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്‌(American International Group) എന്ന ഭീമന്‍ ഇന്‍ഷുറന്‍സ്‌ കമ്പനി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്ന ഒരു പ്രത്യേക സംവിധാനമാണ്‌. അതായത്‌, രാജ്യത്തെ സമ്പന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന (ZIP-Zonal Information Plan)ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ള ഒരു ഏര്‍പ്പാട്‌. കമ്പനിയുടെ സ്വകാര്യ ഉപഭോക്ത ഗ്രൂപ്പിലെ അംഗങ്ങളുടെ വീടുകള്‍ക്ക്‌ അവര്‍ അഗ്നി-പ്രതിരോധ രാസകവചം (Fire-retardents)തീര്‍ത്തുകൊടുക്കുന്നു. ശരാശരി 19,000 ഡോളര്‍ കൊടുത്താല്‍ മതിയാകും. കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍പ്പോലും, കമ്പനിയുടെ ചുവന്ന നിറമുള്ള മൊബൈല്‍ യൂണിറ്റുകള്‍ ഉപഭോക്താക്കളെ 'രക്ഷിക്കുന്ന' തിരക്കിലായിരുന്നു പലയിടത്തും.

ആധുനിക 'വെളിപാട്‌' പുസ്തകത്തിലെ ഈ രംഗം ഒരാള്‍ വിവരിച്ചത്‌ ഇപ്രകാരമാണ്‌. "സങ്കല്‍പ്പിച്ചു നോക്കൂ. നിങ്ങള്‍ ആ കാട്ടുതീയുടെ നടുക്കാണ്‌. എവിടെയും പുക മാത്രം. ഉയരുന്ന തീനാളങ്ങളും. കുന്നുകളില്‍നിന്ന് പുകയുടെ കനത്ത മേഘങ്ങള്‍ ഇറങ്ങിവരുന്നു. അപ്പോഴാണ്‌, ഫയര്‍ എഞ്ചിന്‍ പോലെയുള്ള ഒരു വാഹനത്തില്‍, രണ്ടുപേര്‍ നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്‌. അവര്‍ നിങ്ങളുടെ വീടിനെ രക്ഷിക്കാന്‍ മാത്രമായി വന്നവരാണ്‌". ലോസ്‌ ഏഞ്ചല്‍സ്‌ റ്റൈംസിനോട്‌ അയാള്‍ പറഞ്ഞു.

നിങ്ങളുടെ വീടു മാത്രം. "ഒരു വീട്‌ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, തൊട്ടടുത്തുള്ള വീട്‌ കത്തിച്ചാമ്പലായ സംഭവംവരെ ഉണ്ടായിട്ടുണ്ട്‌", ഒരു സ്വകാര്യ അഗ്നിശമനപ്രവര്‍ത്തകന്‍ ബ്ലൂംബര്‍ഗ്‌ ന്യൂസിനോട്‌ പറഞ്ഞു. പൊതു അഗ്നിശമന സംവിധാനങ്ങള്‍ ഇല്ലാതായാതോടെ, എല്ലാവര്‍ക്കും തുല്ല്യ പരിരക്ഷ കിട്ടിക്കൊണ്ടിരുന്ന പഴയ കാലം പാടെ അവസാനിക്കുകയായിരുന്നു. അടിയ്ക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പുതിയ ഒരു തരം മാതൃകയെയാണ്‌ ഉയര്‍ത്തിക്കാണിക്കുന്നത്‌. അതിനെ വിളിക്കുന്നത്‌ അത്യാനന്ദകരമായ സഹായമെന്നാണ്‌. (Rapture Response).

കഴിഞ്ഞ വര്‍ഷത്തെ ചുഴലിക്കൊടുങ്കാറ്റിന്റെ സമയത്ത്‌ ഫ്ലോറിഡയിലെ വീട്ടുടമസ്ഥര്‍ക്ക്‌ ഇതേമട്ടില്‍ വിലപിടിപ്പുള്ള സായൂജ്യം ഒരുക്കിയിരുന്നു, ഹെല്‍പ്പ്ജെറ്റ്‌ (HelpJet)എന്ന ട്രാവല്‍ ഏജന്‍സി. "ചുഴലി കൊടുങ്കാറ്റില്‍നിന്നുള്ള പലായനം അമിതവേഗതയിലുള്ള ഒരു അവധിക്കാല യാത്രയാക്കുക' എന്ന മുദ്രാവാക്യമായിരുന്നു ആ ട്രാവല്‍ ഏജന്‍സി തങ്ങളുടെ അംഗങ്ങള്‍ക്ക്‌ നല്‍കിയത്‌. ഒരു നിശ്ചിത വാര്‍ഷിക വരിസംഖ്യക്ക്‌ കൊടുത്താല്‍ പിന്നെ എല്ലാം അവര്‍ നോക്കിക്കൊള്ളും. വിമാനത്താവളത്തിലേക്കെത്തിക്കല്‍, ആര്‍ഭാടപൂര്‍ണ്ണമായ യാത്ര, പഞ്ചനക്ഷത്ര കേന്ദ്രങ്ങളില്‍ സുഖതാമസം. എല്ലാം. കത്രീനയുടെ സമയത്ത്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീരെ അപര്യാപ്തതമാണെന്ന് തെളിഞ്ഞു. ഭാവിയില്‍ അത്തരമൊരു നിര്‍ണ്ണായകഘട്ടം വീണ്ടും വന്നാല്‍ അതിനുള്ള മറുമരുന്ന് എന്ന നിലയ്ക്കായിരുന്നു ഹെല്‍പ്ജെറ്റിന്റെ ഈ ദിവ്യസഹായം. " ക്യൂവില്‍ നില്‍ക്കണ്ട, തിരക്കില്‍ ചെന്നുപെടേണ്ട, ഒന്നാന്തരമൊരു അനുഭവം". അതായിരുന്നു അവരുടെ മുദ്രാവാക്യം.

കുറേക്കൂടി വലിയ കളിക്കാരില്‍നിന്ന്, കഴുത്തറപ്പന്‍ മത്സരമാണ്‌ ഹെല്‍പ്പ്‌ജെറ്റ്‌ നേരിടുന്നത്‌. കാലിഫോര്‍ണിയന്‍ കാട്ടുതീ പടരുമ്പോള്‍തന്നെ, വടക്കന്‍ മിച്ചിഗണിലെ പെല്‍സ്റ്റണ്‍ ഗ്രാമത്തില്‍, അതേ ആഴ്ച്ച ഒരു പൊതുസംവാദവും നടക്കുന്നുണ്ടായിരുന്നു. സ്വകാര്യമേഖലയിലുള്ള, രാജ്യത്തെ പ്രഥമ ദേശീയ ദുരന്ത-നിവാരണ പ്രവര്‍ത്തനങ്ങളുടെ തലസ്ഥാനമാകാന്‍ തയ്യാറെടുക്കുകയായിരുന്നു ആ ഗ്രാമം. ട്രിപ്പിള്‍ കാനോപി (Triple Canopy) എന്ന കൊലയാളിസംഘവുമായി അടുത്ത ബന്ധമുള്ള സോവറിന്‍ ഡീഡ്‌ (Sovereign Deed) എന്ന അധികമൊന്നും അറിയപ്പെടാത്ത ഒരു സ്ഥാപനത്തിന്റെ ആശയമായിരുന്നു ആ ദുരന്ത-നിവാരണ കേന്ദ്രം. ഹെല്‍പ്പ്ജെറ്റിനെപ്പോലെത്തന്നെ, സോവറിന്‍ ഡീഡും 'അംഗത്വ ഫീസിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന" ഒരു പ്രവിശ്യ ക്ലബ്ബ്‌ ആണെന്ന്, ആ കമ്പനിയുടെ വൈസ്‌ പ്രസിഡന്റ്‌ (റിട്ടയേര്‍ഡ്‌)ബ്രിഗേഡിയര്‍ ജനറല്‍ റിച്ചാര്‍ഡ്‌ മില്‍സ്‌ അവകാശപ്പെടുന്നു. ഒറ്റ ആദ്യഗഡുവായി 50,000 ഡോളറും, വര്‍ഷാവര്‍ഷം 15,000 ഡോളറും കൊടുക്കുന്നതിനുപകരമായി, കമ്പനി അതിലെ അംഗങ്ങള്‍ക്കു നല്‍കുന്നത്‌ "വിപുലമായ ദുരന്ത-നിവാരണ സേവനങ്ങള്‍"ആണ്‌. "വ്യക്തികള്‍മൂലം പൊതുജനാരോഗ്യത്തിനോ/അവരുടെ സൗഖ്യത്തിനോ ഉണ്ടാകാന്‍ ഇടയുള്ള ദുരന്തങ്ങള്‍ക്കും (ഉദാ. തീവ്രവാദികളുടെ ആക്രമണം), മഹാമാരി, പ്രകൃതിദുരന്തം എന്നിവക്കും" അത്‌ പരിരക്ഷ നല്‍കുന്നു. ഏറ്റവും ചുരുങ്ങിയ നിരക്കിലുള്ള ഫീസില്‍ ഉള്‍പ്പെടുന്നത്‌, ചികിത്സ, വെള്ളം, ഭക്ഷണം എന്നിവയാണ്‌. പക്ഷേ, 'പ്രീമിയം' നിരക്ക്‌ കൊടുക്കാന്‍ ശേഷിയുള്ളവര്‍ക്ക്‌, കമ്പനി വി.ഐ.പി. നിലവാരത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ്‌ നല്‍കുന്നത്‌.

രാജ്യത്തിനകത്തെ പ്രവര്‍ത്തനംകൊണ്ട്‌ നേടിയെടുത്ത സ്വാധീനവും ശക്തിയും ഉപയോഗിച്ച്‌, അതേ രാജ്യത്തിന്റെ സുരക്ഷയെയും നിയമങ്ങളെയും മറികടക്കുന്ന ജാലവിദ്യയാണ്‌, മറ്റു പല സ്വകാര്യ ദുരന്ത-നിവാരണ സ്ഥപനങ്ങളെപ്പോലെ, സോവറിന്‍ ഡീഡും വിജയകരമായി ചെയ്തുകൊണ്ടിരിക്കുന്നത്‌. പെല്‍സ്റ്റണില്‍വെച്ച്‌ ഈയടുത്തകാലത്ത്‌ സംസാരിച്ചപ്പോള്‍, മില്‍സ്‌ ഇതിനെ ഇങ്ങനെയാണ്‌ വിശദീകരിച്ചത്‌. " ഫെമയുടെ (FEMA-Federal Emergency Management Agency-അടിയന്തിര ഘട്ടങ്ങളില്‍ സഹായ, സേവന, പുനരധിവാസ കാര്യങ്ങള്‍ക്കായുള്ള അമേരിക്കയുടെ വകുപ്പ്) കാര്യം പറയുകയാണെങ്കില്‍, അവര്‍ക്ക്‌ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല. നമ്മുടെ നാഷണല്‍ ഗാര്‍ഡുകള്‍ മറ്റെവിടെയൊക്കെയോ ആണ്‌". അതേ സമയം, സോവറിന്‍ ഡീഡിന്‌ "ദേശീയവും അന്തര്‍ദ്ദേശീയവുമായ വിവിധ വിവര-കേന്ദ്രങ്ങളുമായി പ്രത്യക്ഷമായ സ്വാധീനവും, അതിനായുള്ള പ്രത്യേക സംവിധാനങ്ങളുമുണ്ട്‌" എന്നും മില്‍സ്‌ അവകാശപ്പെട്ടു. "ഞങ്ങളുടെ അംഗങ്ങള്‍ക്ക്‌ അത്യാവശ്യഘട്ടങ്ങളില്‍ നിര്‍ണ്ണായകമായ സഹായം നല്‍കുന്നതിന്‌, ഈ സംവിധാനങ്ങള്‍ ഞങ്ങളുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിനെ പ്രാപ്തമാക്കുന്നു." ഇവിടെ ദൈവത്തിന്റെ കൈ ആവശ്യമില്ല. പ്രത്യേകിച്ചും, തിരഞ്ഞെടുക്കപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുപോകാന്‍, റിട്ടയര്‍ ചെയ്ത മുന്‍കാല സി.ഐ.എ ഏജന്റുകളും, മുന്‍കാല പ്രത്യേക സേനാംഗങ്ങളും നിലവിലുള്ളപ്പോള്‍. പ്രാര്‍ത്ഥിക്കേണ്ട ആവശ്യമേ വരുന്നില്ല. പണം കൊടുത്താല്‍ മതിയാകും. മെയ്‌വഴക്കമുള്ള പ്രാദേശികതല രാഷ്ട്രീയക്കാരും, അതിശയകരവും ആധുനികവുമായ പ്രാദേശിക വിമാനത്താവളവുമുള്ള പെല്‍സ്റ്റണുമുള്ളപ്പോള്‍, എന്തിനു വെറൊരു പുത്തന്‍ ജറുസലേം?

ദുരന്തങ്ങളുണ്ടാവുമ്പോള്‍ 'അതിവിശാലമായ' ജീവകാരുണ്യപ്രവര്‍ത്തനങ്ങളടക്കം വിവിധ സേവനങ്ങള്‍ നല്‍കാനുള്ള പദ്ധതികള്‍ തങ്ങള്‍ ആവിഷ്ക്കരിക്കുന്നുണ്ടെന്ന് ബ്ലാക്ക്‍വാട്ടര്‍ യു.എസ്‌.എ എന്ന കമ്പനിയുടെ മേധാവി എറിക്‌ പ്രിന്‍സ്‌ പ്രഖ്യാപിച്ചിരിക്കുന്നു. അവരുമായും, ഏറെത്താമസിയാതെതന്നെ, കടുത്ത മത്സരത്തില്‍ ഏര്‍പ്പെടേണ്ടിവരും സോവറിന്‍ ഡീഡിന്‌. ബ്ലാക്ക്‍വാട്ടറിന്റെ പടിഞ്ഞാറന്‍ ആസ്ഥാന കേന്ദ്രമാകാന്‍ ഇടയുള്ള സാന്‍ ഡിയാഗോ പ്രവിശ്യയില്‍ തീ പടര്‍ന്നുപിടിച്ചപ്പോള്‍ ബ്ലാക്‍വാട്ടര്‍ കമ്പനിയുടെ വൈസ്‌ പ്രസിഡന്റ്‌ ബ്രയാന്‍ ബോണ്‍ഫിഗ്ലിയൊ പറഞ്ഞ ന്യായം "ഞങ്ങള്‍ അവിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കില്‍ ഈയവസരത്തില്‍ അതെത്രമാത്രം ഗുണകരമായിരുന്നേനെ" എന്നാണ്‌. കാലിഫോര്‍ണിയയിലെ പൊട്രെരോയിലുള്ള ജനങ്ങള്‍ക്ക്‌ അവശ്യംവേണ്ട ഭക്ഷണവും കമ്പിളിപ്പുതപ്പുകളും വിതരണം ചെയ്ത്‌ തങ്ങളുടെ കഴിവു തെളിയിക്കാനുള്ള ഒരു പരിശ്രമവും കൂട്ടത്തില്‍ അവര്‍ നടത്തി. "ഇതാണ്‌ ഞങ്ങള്‍ എന്നും ചെയ്തുകൊണ്ടിരുന്നത്‌". ബ്രയാന്‍ അവകാശപ്പെട്ടു. "ഇതാണ്‌ ഞങ്ങള്‍ എന്നും ചെയ്തുകൊണ്ടിരിക്കുന്നതും". ബ്ലാക്ക്‍വാട്ടര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌ എന്താണെന്ന്, ഇറാഖികള്‍ വേദനയോടെ മനസ്സിലാക്കിയിട്ടുണ്ട്‌. സമൂഹത്തെയും, രാജ്യങ്ങളെയും സംരക്ഷിക്കുകയല്ല, മറിച്ച്‌, തങ്ങള്‍ക്ക്‌ തോക്കും വെടിക്കോപ്പുകളും നല്‍കുന്ന 'യജമാനനെ' സേവിക്കുക മാത്രമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌.

പൈസ കൊടുത്ത്‌ രക്ഷപ്പെടുക എന്ന ഇതേ യുക്തിതന്നെയാണ്‌, ഇന്ന്, നമ്മുടെ രാജ്യത്തെ ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ ക്ലബ്ബുകളെ ഭരിക്കുന്നത്‌. ദുരന്തങ്ങള്‍ക്ക്‌ സാധ്യതയുള്ള ഒരു രാജ്യത്ത്‌ നമ്മെ നയിക്കേണ്ട മറ്റൊരു സാമാന്യ യുക്തിയുണ്ട്‌. എല്ലാ ജീവനും തുല്യവിലയുള്ളതാണ്‌ എന്ന സാമാന്യ ബോധമാണത്‌.

ആ ആശയത്തില്‍ വിശ്വസിക്കുന്ന ആരെങ്കിലും ഇവിടെയെവിടെയെങ്കിലും ഉണ്ടെങ്കില്‍, അതിനെ രക്ഷിക്കാനുള്ള സമയം ആഗതമായിരിക്കുന്നു.


നവോമി ക്ലേന്‍ (Naomi Klein) - കാനേഡിയന്‍ പത്ര പ്രവര്‍ത്തക. അമേരിക്കന്‍ സാമൂഹ്യ-സാമ്പത്തിക മേഖലയെക്കുറിച്ചും, ആഗോളവത്ക്കരണത്തിന്റെ അര്‍ത്ഥവ്യാപ്തിയെക്കുറിച്ചുമൊക്കെ വിപുലവും, ശ്രദ്ധേയവുമായ നിരീക്ഷണങ്ങള്‍ നടത്തിവരുന്ന ഒരു എഴുത്തുകാരിയും, ആക്റ്റിവിസ്റ്റുമാണ് നവോമി.

Tuesday, November 6, 2007

പ്രത്യേകം ശ്രദ്ധിക്കുക.....ഈ ചിത്രം നിങ്ങളെ അരിശം കൊള്ളിക്കും.

പണ്ട്‌, യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ പറയാറുണ്ടായിരുന്നു, ഒരു സുന്ദരിയുടെകൂടെ സിനിമക്കു പോയാല്‍, നിങ്ങള്‍ക്കൊരിക്കലും കഥയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്ന്. പക്ഷേ, ഇത്‌ ശരിയല്ലെന്ന്, ഒടുവില്‍, കാനഡയില്‍വെച്ച്‌ എനിക്ക്‌ ബോദ്ധ്യപ്പെട്ടു. മദ്ധ്യേഷ്യയെയും അവിടുത്തെ അസംബന്ധങ്ങളെയും പറ്റി-പ്രത്യേകിച്ചും ബുഷിന്റെ നയവൈകല്യങ്ങളെപ്പറ്റി-നന്നായി അറിവുണ്ടായിരുന്ന ഞങ്ങള്‍ ഇരുവരും, ഗേവിന്‍ ഹുഡിന്റെ റെന്‍ഡീഷന്‍(പുനരാഖ്യാനം) എന്ന പുതിയ ചിത്രത്തില്‍ വല്ലാതെ മുഴുകിപ്പോയി.'തീവ്രവാദിയെന്നു സംശയിക്കുന്ന'ഒരാളെ വാഷിംഗ്‌ടണില്‍നിന്ന് സി.ഐ.എ-യിലെ മുഠാളന്മാര്‍ അജ്ഞാത അറബ്‌ നഗരത്തിലേക്കു കടത്തി കൊണ്ടുപോയി പീഡിപ്പിക്കുന്നതിന്റെ ഒരു നേര്‍ക്കാഴ്ച്ചയായിരുന്നു റെന്‍ഡീഷണ്‍.

എന്തിനാണ്‌ ഒരു അറബ്‌ തീവ്രവാദി, ഒരു ഈജിപ്തുകാരന്‍ കെമിക്കല്‍ എന്‍ജിനീയറെ ഫോണില്‍ വിളിച്ചത്‌? അതും, ഗര്‍ഭിണിയായ ഭാര്യയോടൊപ്പം ചിക്കാഗോയില്‍ താമസിക്കുന്ന, ജോഹന്നസ്ബര്‍ഗില്‍ ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന, ഗ്രീന്‍ കാര്‍ഡുള്ള ഒരു കെമിക്കല്‍ എന്‍ജിനീയറെ? അയാള്‍ക്ക്‌ ബോംബുണ്ടാക്കാന്‍ അറിയാമായിരുന്നോ? (നിര്‍ഭാഗ്യവശാല്‍ ഒരു കെമിക്കല്‍ എന്‍ജിനീയറായതുകൊണ്ട്‌ അയാള്‍ക്ക്‌ ആ വിദ്യ അറിയാമായിരുന്നു. പക്ഷേ,വിളിച്ച ആള്‍ക്ക്‌ നമ്പര്‍ മാറിയതായിരുന്നു).

ഡള്ളസ്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങിയ അയാളെ സി.ഐ.എ അവരുടെ ജെറ്റ്‌-വിമാനത്തില്‍ മൊറോക്കോവെന്നു തോന്നിപ്പിക്കുന്ന ഒരു നഗരത്തിലേക്കു കൊണ്ടുപോകുന്നു. വിചാരണക്കിടയില്‍ അനുഷ്ഠിക്കേണ്ട ക്വീന്‍സ്ബെറി സാമാന്യ നിയമങ്ങളെക്കുറിച്ചൊന്നും വലിയ നിശ്ചയംപോരാത്തവരായിരുന്നു അവിടെയുണ്ടായിരുന്ന നാടന്‍ പോലീസുകാര്‍. വിചാരണ സമയത്ത്‌, ദൃക്‍സാക്ഷിയാവാന്‍ എത്തുന്നത്‌ അമേരിക്കന്‍ എംബസ്സിയിലെ ഒരു സി.ഐ.എ ഉദ്യോഗസ്ഥനാണ്‌-ഈ വേഷം അഭിനയിച്ചിരിക്കുന്നത്‌, അല്‍പ്പം പരിഭ്രമക്കാരനായ ജേക്ക്‌ ഗില്ലന്‍ഹാല്‍ അയിരുന്നു- ഈ സമയത്ത്‌, എന്‍ജിനീയറുടെ ഭാര്യ, തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍, വാഷിങ്ങ്‌ടണിലെ കോണ്‍ഗ്രസ്സുകാരോട്‌ കെഞ്ചുകയായിരുന്നു.

ഭൂഗര്‍ഭ ജയിലില്‍ നഗ്നനായി നില്‍ക്കുന്ന ഈജിപ്തുകാരനെ വിസ്താരം നടത്തുന്ന അറബി പോലീസുകാരന്‍ ആദ്യം ചെറിയ ചെറിയ ചോദ്യങ്ങളില്‍ നിന്നു തുടങ്ങി. മെല്ലെമെല്ലെ, ചോദ്യംചെയ്യല്‍ മര്‍ദ്ദനത്തിലേക്കും, ബ്ലാക്‌ക്‍ഹോളിലേക്കുമെത്തി*. പിന്നെ വരുന്നത്‌ വാട്ടര്‍ബോര്‍ഡ്‌* കളിയാണ്‌. അതുകൊണ്ടും തീര്‍ന്നില്ല. തടവുകാരന്റെ ശരീരത്തിലേക്ക്‌ വൈദ്യുതി കയറ്റി വിടുന്നു. മുഹബറത്‌** പോലീസുകാരനായി അഭിനയിച്ചത്‌ ഒരു ഇസ്രായേലി നടനായിരുന്നു. ഗംഭീരമായിരുന്നു അയാളുടെ അഭിനയം. (ഏതോ) ഒരു ചാവേറാക്രമണത്തിന്റെ ചിത്രം തങ്ങള്‍ക്ക്‌ കിട്ടുന്നതിനും മുന്നേ എങ്ങിനെയാണ്‌ അല്‍-ജസീറയുടെ കയ്യില്‍ കിട്ടിയതെന്ന് അയാള്‍ ചോദിക്കുന്ന ഒരു രസികന്‍ രംഗമുണ്ട്‌ ചിത്രത്തില്‍.

ചുരുക്കത്തില്‍, ഒടുവില്‍, ഈജിപ്തുകാരന്‍ നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന്, സി.ഐ.എ ഉദ്യോഗസ്ഥന്‌ അലിവുതോന്നുകയും, ആഭ്യന്തരമന്ത്രാലയത്തിലെ മന്ത്രിയുടെ സഹായത്തോടെ അയാളെ മോചിപ്പിക്കുകയും ചെയ്യുന്നു. ക്രോസ്സ്‌ വിസ്താരക്കാരന്റെ മകള്‍ ഒരു ചാവേറാക്രമണത്തില്‍ കൊല്ലപ്പെടുകയും, സി.ഐ.എ മേധാവിയുടെ (മെറില്‍ സ്റ്റ്രീപാണ്‌ സി.ഐ.എ മേധാവിയായി രംഗത്തു വരുന്നത്‌) അബദ്ധങ്ങള്‍ പുറത്താവുകയും ഒക്കെ ചെയ്യുന്നുണ്ട്‌ ചിത്രത്തില്‍. നമ്മെ സ്തബ്ധരാക്കിക്കൊണ്ട്‌, സിനിമയുടെ ആരംഭത്തിലും, അവസാനത്തിലും, ഓരോ ബോംബുകള്‍ പൊട്ടുന്ന വിചിത്രമായ സീക്വന്‍സുകളുമുണ്ട്‌ ഈ ചിത്രത്തില്‍. സിനിമ വളരെ നാടകീയമായി എന്നു തോന്നുന്നുണ്ടോ?

എങ്കില്‍ കേട്ടോളൂ. കാനഡയില്‍ താമസമാക്കിയ മെഹര്‍ അറാര്‍ എന്ന നിരുപദ്രവിയായ ഒരു സോഫ്റ്റ്‌വേര്‍ വിദഗ്ദ്ധന്റെ ശരിക്കുള്ള കഥ. സ്വദേശം ഡമാസ്ക്കസ്സില്‍. ന്യൂയോര്‍ക്കിലെ ജെ.എഫ്‌.കെ വിമാനത്താവളത്തില്‍വെച്ചാണ്‌ അയാളെ സി.ഐ.എ കൊണ്ടുപോയത്‌. സിനിമയില്‍ നമ്മള്‍ കണ്ട ഈജിപ്തുകാരന്‍ അനുഭവിച്ച പീഡനങ്ങളൊക്കെ മെഹറിനും നേരിടേണ്ടിവന്നു. അയാള്‍ അല്‍-ഖ്വൈദയുമായി ബന്ധമുള്ള ആളാണെന്ന് സംശയിച്ച കനേഡിയന്‍ പോലീസാണ്‌, ആ വിവരം എഫ്‌.ബി.ഐക്കു കൈമാറിയത്‌. ഒരു സി.ഐ.എ വിമാനത്തില്‍ കയറ്റി, സിറിയയില്‍ കൊണ്ടുപോയി, ഭൂഗര്‍ഭത്തിലുള്ള ജയിലില്‍വെച്ച്‌ ക്രൂരമായി അയാള്‍ പീഡിപ്പിക്കപ്പെട്ടു. പിന്നീട്‌, കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ പരസ്യമായി മാപ്പു പറയുകയും, 10 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി കൊടുക്കുകയും ചെയ്തു.

പക്ഷേ മെറില്‍ സ്റ്റ്രീപിന്റെ സി.ഐ.എ മേധാവിക്ക്‌ അനുഭവിക്കേണ്ടിവന്നതൊന്നും ഏതായാലും ബുഷിന്റെ റൗഡികള്‍ക്ക്‌ അനുഭവിക്കേണ്ടിവന്നില്ല. "തീവ്രവാദിയെന്നു സംശയിക്കപ്പെടുന്ന" ആളാണ്‌ അറാറെന്ന് അവര്‍ ഇപ്പൊഴും ലജ്ജയില്ലാതെ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ്‌ ഒക്ടോബര്‍ 18-ലെ കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനത്തില്‍ മൊഴി കൊടുക്കുന്ന അവസരത്തില്‍പ്പോലും, അയാളുടെ ചിത്രം വാഷിംഗ്‌ടണിലെ ഒരു ഭീമാകാരമായ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്‌. നോക്കൂ, ഇപ്പോഴും അയാളെ അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഡെമോക്രാറ്റിക്‌ അംഗം ബില്ല് ഡെലഹണ്ട്‌ മാത്രമാണ്‌ അല്‍പ്പമെങ്കിലും മാന്യത കാണിച്ചത്‌. "ഗവണ്മെണ്ട്‌ നിങ്ങള്‍ക്ക്‌ നല്‍കാത്ത ഒന്ന് വ്യക്തിപരമായി നിങ്ങള്‍ക്ക്‌ തരാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. ഒരു ക്ഷമാപണം". ബില്ലിന്റെ ഈ ക്ഷമാപണമൊഴിച്ച്‌, ബുഷ്‌ ഭരണകൂടത്തില്‍നിന്ന് ഒരു ചെറിയ പ്രതിഷേധ ശബ്ദം പോലും ഇതിനെതിരെ ഉയര്‍ന്നില്ല.

അറാറിനെക്കുറിച്ച്‌ തങ്ങളുടെ പക്കലുണ്ടെന്ന് അവരവകാശപ്പെടുന്ന 'രഹസ്യ വിവരം' എന്താണെന്നു വ്യക്തമാക്കാന്‍പോലും ഭരണകൂടം തയ്യാറായില്ല എന്നതാണ്‌ ഏറെ കഷ്ടം. കനേഡിയന്‍ പത്രങ്ങളാണ്‌ ഒടുവില്‍ ആ 'രഹസ്യ വിവരം' പുറത്തു കൊണ്ടുവന്നത്‌. അതെന്താണെന്നല്ലേ? അറാര്‍ ഒരിക്കല്‍ അഫ്ഘാനിസ്താന്‍ സന്ദര്‍ശിച്ചുവെന്ന് താന്‍ എവിടെയോ കേട്ടതായി മിനിയപ്പോളിസിലുള്ള ഒരു അറബ്‌ തടവുകാരന്‍ പറഞ്ഞുവത്രെ. തടവുകാരന്റെ പേര്‍ മൊഹമ്മദ്‌ എല്‍സഹാബി എന്നായിരുന്നു. എല്‍സഹാബിയുടെ സഹോദരന്‍ ഒരിക്കല്‍ മോണ്‍ട്രിയലില്‍വെച്ച്‌ തന്റെ കാര്‍ റിപ്പയര്‍ ചെയ്തിട്ടുണ്ടെന്ന് അറാര്‍ സമ്മതിക്കുന്നുണ്ട്‌.

അമേരിക്കയുടെ ദേശീയ സുരക്ഷ സെക്രട്ടറി മൈക്കല്‍ ഷെര്‍ട്ടോഫിന്റെയും, അന്ന് അമേരിക്കന്‍ അറ്റോര്‍ണി ജനറലായിരുന്ന ആല്‍ബെര്‍ട്ടൊ ഗോണ്‍സാല്‍സിന്റെയും ഒരു മനോഹരമായ ഉദ്ധരണിയുണ്ട്‌. അതില്‍ പറയുന്നത്‌, അറാറിനെതിരെയുള്ള തെളിവുകളെ "അമേരിക്കന്‍ നിയമപരിപാലന ഏജന്‍സികള്‍ വികസിപ്പിച്ചെടുത്ത വസ്തുതകള്‍ ശരിവെക്കുന്നു" എന്നായിരുന്നു. ആ "വികസിപ്പിച്ചെടുത്ത" എന്ന പദം എന്തൊരു രസമാണല്ലേ? അത്‌ ചീഞ്ഞുനാറുന്നതായി തോന്നുന്നുണ്ടോ? "വ്യാജമായി നിര്‍മ്മിച്ച" എന്നു തന്നെയല്ലേ ആ വാക്കിന്റെ ശരിക്കുള്ള അര്‍ത്ഥം?

ഹിസ്ബുള്ളപോലുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്ക്‌ പിന്തുണ നല്‍കുന്നുവെന്ന പേരുംപറഞ്ഞ്‌ 'തീവ്രവാദി'യെന്ന് അമേരിക്കതന്നെ പലപ്പോഴും വിശേഷിപ്പിച്ചിട്ടുള്ള സിറിയയിലേക്ക്‌ അറാറിനെ അയക്കുക വഴി ബുഷിന്റെ കിങ്കരന്‍മാര്‍ എന്താണ്‌ ലക്ഷ്യമാക്കിയതെന്ന് നമുക്ക്‌ അത്ഭുതം തോന്നും. ഡമാസ്കസ്സിനെ ഇടക്കിടക്ക്‌ വിരട്ടുമ്പോള്‍തന്നെ, തങ്ങള്‍ക്കുവേണ്ടി, ഭൂഗര്‍ഭ ജയിലുകളിലെ തടവുകാരുടെ ദേഹത്ത്‌ കമ്പി ചുറ്റി വൈദ്യുതി കയറ്റിവിടാനും, അതിലും ക്രൂരമായ പീഡനമുറകള്‍ പരീക്ഷിക്കാനും, സിറിയന്‍ ശിങ്കിടികളെ അനുവദിക്കാന്‍ ബുഷിന്‌ സന്തോഷമേയുള്ളുവെന്ന് നമുക്ക്‌ കാണാന്‍ കഴിയും.

പക്ഷേ, മൈക്കല്‍ മുകാസെയില്‍നിന്ന് മറ്റെന്താണ്‌ നിങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാനാവുക? ആല്‍ബെര്‍ട്ടോ ഗോണ്‍സാല്‍സിനുപകരം അറ്റോര്‍ണി ജനറല്‍ പദവിയിലേക്ക്‌ ബുഷിന്റെ സ്ഥാനാര്‍ത്ഥിയായിവന്ന ആ മനുഷ്യന്‍, വാട്ടര്‍ബോര്‍ഡ്‌ എന്ന പീഡനമുറയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പറഞ്ഞത്‌, "ക്രോസ്സ്‌ വിസ്താരത്തിനിടക്ക്‌ അത്തരത്തില്‍ വല്ലതും നടക്കുന്നുണ്ടോ എന്ന്" തനിക്ക്‌ അറിയില്ലെന്നായിരുന്നു. മുക്കിക്കൊല്ലല്‍ പീഡനമുറയാണെങ്കില്‍, അത്‌ ഒരിക്കലും ഭരണഘടനാപരമല്ലെന്നുംകൂടി കൂട്ടിച്ചേര്‍ത്തിട്ടേ അടങ്ങിയുള്ളൂ ആ വിദ്വാന്‍.

അതെ. ദേഹത്ത്‌ കറന്റടിപ്പിക്കല്‍ പീഡനമാണെങ്കില്‍-ശ്രദ്ധിക്കണം, ആണെങ്കില്‍-അത്‌ ഭരണഘടനാവിരുദ്ധമാണ്‌. ശരിയല്ലേ? ചുരുങ്ങിയത്‌, ന്യൂയോര്‍ക്ക്‌ ടൈംസിന്റെ വായനക്കാര്‍ക്കെങ്കിലും ആ പറഞ്ഞതിലെ അശ്ലീലം മനസ്സിലായി. ഒരുപഴയ അമേരിക്കന്‍ അസിസ്റ്റന്റ്‌ അറ്റോര്‍ണി ചോദിച്ചപോലെ, "മുക്കിക്കൊല്ലുക എന്നത്‌ പീഡനമാണെന്ന് സമ്മതിക്കാന്‍പോലും മടികാണിക്കുന്ന ഒരു പ്രമുഖ നിയമപാലകന്‍ നമുക്കിടയിലുള്ളപ്പോള്‍, മനുഷ്യാവകാശ പ്രശ്നങ്ങളില്‍ എന്നും മുന്‍നിരയിലുണ്ടായിരുന്ന രാജ്യമെന്ന ആ പൊയ്പ്പോയ ബഹുമാന്യപദവി തിരിച്ചുപിടിക്കാനാവുമെന്ന് എങ്ങിനെയാണ്‌ നമുക്ക്‌ പ്രതീക്ഷിക്കാനാവുക?" മറ്റൊരു വായനക്കാരന്‍ എഴുതിയത്‌ ഇപ്രകാരമായിരുന്നു "അശ്ലീല ചിത്രം പോലെതന്നെ, പീഡനത്തിനും വ്യാഖ്യാനമൊന്നും ആവശ്യമില്ല".

പീഡനങ്ങളെ പ്രണയിക്കുന്ന അമേരിക്കക്കാരുണ്ടെങ്കില്‍ അവര്‍ക്ക്‌ ഇനിയും പ്രതീക്ഷക്കു ധാരാളം വകയുണ്ട്‌. മുകാസെയുടെ ലജ്ജാശൂന്യമായ പ്രസ്താവനയെ പിന്‍പറ്റി അര്‍ലെന്‍ സ്പെക്റ്റര്‍ എന്ന റിപ്പബ്ലിക്കന്‍ പ്രതിനിധി-ഇസ്രായേലിന്റെ അടുത്ത സുഹൃത്താണ്‌ ഇയാള്‍- പറഞ്ഞത്‌ നോക്കുക. "കഴിവു തെളിയിച്ച, ശക്തനായ ഒരാള്‍ ഈ ഡിപ്പാര്‍ട്ടുമെന്റിന്റെ ചുമതല ഏല്‍ക്കുന്നു എന്നു കാണുന്നതില്‍ ഞങ്ങള്‍ക്ക്‌ സന്തോഷമുണ്ട്‌".

അപ്പോള്‍, നമ്മള്‍ പറഞ്ഞുവന്നത്‌ സത്യം, കെട്ടുകഥയേക്കാള്‍ വിചിത്രമാണെന്നാണോ? അതോ, സിറിയാനക്കും***, മ്യൂണിച്ചിനും*** ശേഷം, മദ്ധ്യേഷ്യയിലെ അനീതിക്കും, അവിടുത്തെ, നാണമില്ലാത്തതും, നിയമവിരുദ്ധവുമായ അമേരിക്കന്‍ നയങ്ങള്‍ക്കുമെതിരെ ഹോളിവുഡ്‌ ഉറക്കമുണരുകയാണെന്നോ? പോയി കാണൂ, റെണ്ടിഷന്‍ എന്ന ഈ സിനിമ. അത്‌ നിങ്ങളെ രോഷാകുലരാക്കും, അറാറിനെ ഓര്‍മ്മിപ്പിക്കും. രോഷം പങ്കിടാന്‍ നിങ്ങള്‍ക്ക്‌ ഒരു സുന്ദരിയെയും വേണമെങ്കില്‍ കൂട്ടിനു വിളിക്കാം.


* The Independent എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ച, റോബര്‍ട്ട് ഫിസ്കിന്റെ ഒരു ലേഖനം.


പരിഭാഷകക്കുറിപ്പ്‌

മുഹബറത് - സിറിയന്‍ രഹസ്യപ്പോലീസ്. ഇവരെ വിദ്യകള്‍ അഭ്യസിപ്പിച്ചത്, ജൂതന്മാരാണെന്നുള്ള മറ്റൊരു തമാശയും ഓര്‍ക്കുന്നത് നന്ന്.

വാട്ടര്‍ബോര്‍ഡ്‌ - വെള്ളത്തില്‍ മുക്കിപിടിക്കുന്ന വിദ്യ

ബ്ലാക്‌ക്‍ഹോള്‍ - എരിയുന്ന സിഗരറ്റ്‌, തടവുപുള്ളിയുടെ ശരീരത്തില്‍ കുത്തിക്കെടുത്തി തുളകളുണ്ടാക്കുന്ന തമാശ.

സിറിയ, മ്യൂണിച്ച്‌ - രണ്ടു സമീപകാല അമേരിക്കന്‍ സിനിമകള്‍.

വാട്ടര്‍ബോര്‍ഡും, ബ്ലാക്‌ക്‍ഹോളും കൂടാതെ, മറ്റു പല പീഡനമുറകളെക്കുറിച്ചും റോബര്‍ട്ട്‌ ഫിസ്ക്‌ തന്റെ ഒരു പുസ്തകത്തില്‍ (Great War for Civilization) വിവരിക്കുന്നുണ്ട്‌. വയറ്റില്‍ വെള്ളം നിറച്ച്‌, വയര്‍ പൊട്ടിച്ച്‌ കൊല്ലുക, ഗുദദ്വാരത്തില്‍ മുള കയറ്റുക ആദിയായ ശിക്ഷാമുറകള്‍. ഇതൊന്നും, പ്രാകൃത കാലഘട്ടത്തിലെ പീഡനമുറകളല്ല. അള്‍ജീരിയയിലും, അര്‍മേനിയയിലും, ഒക്കെ, ഇക്കഴിഞ്ഞ നൂറ്റാണ്ടിലും നമ്മള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന മൃഗയാവിനോദങ്ങളാണ്‌. അബു ഗ്രയിബ്‌ ജയിലില്‍നിന്നുള്ള ചിത്രങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ലല്ലൊ.

Monday, November 5, 2007

അദ്ധ്യായം-11- നിശ്ശബ്ദരായ വൃക്ഷങ്ങള്‍ സംസാരിക്കുന്നു

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

മല്‍കാങ്കിരി (ഒറീസ്സ)നിരവധി ഏക്കറുകള്‍ പരന്നു കിടക്കുന്ന നിര്‍ജ്ജീവമായ വനഭൂമി. ജലസമാധിയടഞ്ഞ്‌ ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും, ജലനിരപ്പില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന, ഒരിലപോലുമില്ലാത്ത ചത്ത മരങ്ങളുടെ ഒരു വലിയ ഭൂപ്രദേശം. മാച്‌കുണ്ട നദിയിലെ ജലമുപയോഗിച്ച്‌ നിര്‍മ്മിച്ച ബാലിമേല പദ്ധതിയടക്കമുള്ള നിരവധി നദീജല പദ്ധതികള്‍മൂലം ഒഴുകിപ്പോയ 91 ഗ്രാമങ്ങളുടെ സ്മാരകമായിരുന്നു ആ വനശ്മശാനം. ഇതുവരെ ശബ്ദഘോഷത്തോടെ നീങ്ങിയിരുന്ന ബോട്ട്‌ ഇപ്പോള്‍ നിശ്ശബ്ദമായാണ്‌ ജലോപരിതലത്തിലൂടെ നീങ്ങുന്നത്‌ . അതിന്‌ അങ്ങിനെ നീങ്ങാനേ സാധിക്കൂ. കാരണം 66 പേര്‍ക്കു യാത്ര ചെയ്യാനാവുന്ന ആ ബോട്ടില്‍ ഇപ്പോഴുള്ളത്‌ 370-നടുത്ത്‌ ആളുകളാണ്‌.

ആളുകളുടെ മനസ്സ്‌ വായിക്കാന്‍ കഴിയുമായിരുന്നു. അവര്‍ ഓര്‍ക്കുന്നുണ്ടാകാം. ഇവിടെയാണ്‌ ഒരിക്കല്‍ തങ്ങള്‍ ജീവിച്ചിരുന്നത്‌. ഇവിടെയാണ് തങ്ങളുടെ കുട്ടികള്‍ ഒരിക്കല്‍ കളിക്കാറുണ്ടായിരുന്നത്‌. ബോട്ടിലുള്ള ചിലര്‍ക്കെങ്കിലും ഈ യാത്ര ഒരു വ്യക്തിഗതമായ അനുഭവമായിരുന്നിരിക്കണം. നാടിന്റെ വികസനത്തിനുവേണ്ടി ഈ സ്ഥലം ഒഴിഞ്ഞുകൊടുത്തവരായിരുന്നു ബോട്ടിലുണ്ടായിരുന്നവരിലധികവും. പക്ഷേ ആ വികസനത്തില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരും ഈ ആളുകള്‍തന്നെയായിരുന്നു. ആ വനഭാഗങ്ങള്‍ പിന്നിട്ട്‌ ഞങ്ങള്‍ എത്തിച്ചേര്‍ന്നത്‌, ഭാരത മഹാരാജ്യത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഒരു ഭൂഭാഗത്താണ്‌. ബാലിമേലയും മറ്റു പദ്ധതികളുംകൊണ്ട്‌ തീര്‍ത്തും ഒറ്റപ്പെട്ട 152 ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വലിയ പ്രദേശം. ബാഹ്യ ലോകവുമായി ഒരു ബന്ധവുമില്ലാത്ത ഒന്ന്. ഔദ്യോഗികമായിതന്നെ ഇതിന്റെ പേര്‍ "വിച്ഛേദിക്കപ്പെട്ട സ്ഥലം' (Cut-Off Area) എന്നായിരുന്നു.

മാച്‌കുണ്ട്‌ നദിയെപ്പോലെ, ഇത്രയധികം വിദ്യുച്ഛക്തി ഉത്‌പ്പാദിപ്പിക്കുന്ന ചെറിയ നദികള്‍ ഇന്ത്യയില്‍ മറ്റെവിടെയും ഉണ്ടാകില്ല. മാച്‌കുണ്ട്‌ ഉത്‌പ്പാദിപ്പിക്കുന്ന 720 മെഗാവാട്ട്‌ വൈദ്യുതി, വിവിധ പദ്ധതികളിലൂടെ ഒറീസ്സയും ആന്ധ്രപ്രദേശും പങ്കിട്ടെടുക്കുന്നു. ഈ 152 ഗ്രാമങ്ങളുടെ ത്യാഗത്തിന്റെ വെളിച്ചമാണ്‌, ആ രണ്ടു സംസ്ഥാനങ്ങളിലും നിറഞ്ഞുനിന്ന് പ്രകാശിക്കുന്നത്‌. ഈ 152 ഗ്രാമങ്ങളിലാകട്ടെ ഒരു വൈദ്യുതി ബള്‍ബുപോലും കാണിച്ചുതരാന്‍ നിങ്ങള്‍ക്കാവുകയുമില്ല. ധര്‍ലബേദെയിലെ ഒരേയൊരു ഇടത്തരം കെട്ടിടംപോലും ആ ഒരു വിശിഷ്ടവസ്തുവിനെ ഒരുകാലത്തും കണ്ടിട്ടില്ല. ആ ഇടത്തരം കെട്ടിടമായിരുന്നു അവരുടെ പഞ്ചായത്താപ്പീസ്‌.

ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ആളുകള്‍ താമസിക്കുന്ന ഒരു സ്ഥലമാണിത്‌. ഇവിടെയുള്ള കൃഷിയിടങ്ങളില്‍ മണിക്കൂറുകള്‍ പണിയെടുത്താല്‍ കിട്ടുന്നത്‌ വെറും 4 രൂപ മാത്രമാണ്‌. ഒറ്റപ്പെടലിന്റെ സന്തതസഹചാരിയായ ദാരിദ്ര്യം ഇവിടെയുള്ളവരുടെ ശബ്ദത്തെ അമര്‍ച്ച ചെയ്യുന്നു. അതുകൊണ്ടുതന്നെ, അവര്‍ക്ക്‌ കിട്ടുന്ന സൗകര്യങ്ങളും തീരെ പരിമിതമാണ്‌. ചിത്രകുണ്ടയില്‍ നിന്ന് നിങ്ങള്‍ ഈ വിച്ഛേദിക്കപ്പെട്ട ഭാഗത്തേക്കു പോകുന്നുവെന്ന് കരുതുക. തിരികെവരാന്‍, അക്ഷരാര്‍ത്ഥത്തില്‍തന്നെ, മൂന്നുദിവസമെടുക്കും. നിലവിലുള്ള ഒരേയൊരു ഫെറി സര്‍വ്വീസ്‌ പഴയതും, ദ്രവിച്ചതും, ആളുകള്‍ തിങ്ങിനിറഞ്ഞതും, ഏറെ അപകടം പതിയിരിക്കുന്നതുമാണ്‌. രാവിലെ വളരെ വൈകിമാത്രമാണ്‌ അത്‌ പുറപ്പെടുന്നതുതന്നെ. ജന്‍ബായിക്കും ജാന്ത്രിക്കും ഇടക്ക്‌ നിരവധി സ്ഥലങ്ങളില്‍ വിശ്രമിച്ച്‌, മണിക്കൂറുകളെടുത്താണ്‌ 62 കിലോമീറ്റര്‍ ദൂരം താണ്ടി അത്‌ വിച്ഛേദിക്കപ്പെട്ട പ്രദേശത്തെത്തുക. പലസ്പദര്‍ എന്ന ഗ്രാമത്തെ ലക്ഷ്യമാക്കി ഞങ്ങള്‍ ചിത്രകൊണ്ടയില്‍നിന്നു ബോട്ടില്‍ കയറി.

വഴിയിലുടനീളം, ഈ വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങളില്‍നിന്നുള്ളവര്‍ ചെറിയ ചെറിയ വഞ്ചികളില്‍ ഞങ്ങളുടെ ബോട്ടിനടുത്തേക്ക്‌ വരുന്നുണ്ടായിരുന്നു. ബോട്ട്‌ ഒരു സഞ്ചരിക്കുന്ന ചന്തയായി ഇതിനകം മാറിക്കഴിഞ്ഞു. ആളുകള്‍ക്ക്‌ ബാഹ്യലോകവുമായി ബന്ധപ്പെടാവുന്ന ഒരേയൊരു മാര്‍ഗ്ഗമായിരുന്നു ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ആ ബോട്ട്‌. ഗദാബ, പരോജ ഗോത്രങ്ങളില്‍പ്പെട്ടവരും, 1965-ലെ യുദ്ധത്തിനുശേഷം കിഴക്കന്‍ പാക്കിസ്ഥാനില്‍നിന്നു കുടിയേറിയ ബംഗാളി അഭയാര്‍ത്ഥികളും ഒക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു. ബോട്ടിലെ ജീവനക്കാരില്‍നിന്നും അവര്‍ അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങി. തങ്ങളുടെ പക്കലുള്ള മീനും മറ്റു സാധനങ്ങളും അവര്‍ പകരം വില്‍ക്കുകയും ചെയ്തു.

ഒരു ബംഗാളി ദമ്പതികള്‍ നല്ല ദൂരം വഞ്ചിയില്‍ തുഴഞ്ഞ്‌ ഫെറിയുടെ സമീപത്തെത്തി യാത്രക്കാരും തൊഴിലാളികളുമായി വിലപേശാന്‍ തുടങ്ങി. അല്‍പ്പസമയം കഴിഞ്ഞ്‌ കച്ചവടം ഭാര്യയെ ഏല്‍പ്പിച്ച്‌, പുരുഷന്‍ ഒറ്റക്ക്‌ മടങ്ങിപ്പോവുകയും ചെയ്തു. കച്ചവടം തീരാന്‍ സാധാരണഗതിയില്‍ നല്ല സമയമെടുക്കും. വിച്ഛേദിക്കപ്പെട്ട പ്രദേശത്തിലെ മറ്റേതെങ്കിലും ഭാഗത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങി, പുഴയോരത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടിവേണം, കാട്ടിലൂടെ ആ സ്ത്രീക്ക്‌ ഇനി തിരിച്ചു വീട്ടിലെത്താന്‍. അപ്പോഴേക്കും നല്ലവണ്ണം ഇരുട്ടുവീണിരിക്കും.

ഈ ഫെറിയില്‍ ഒരു ജോലി സംഘടിപ്പിക്കാന്‍ ആളുകള്‍ കൈക്കൂലി കൊടുക്കാന്‍വരെ തയ്യാറാണ്‌. ഫെറിയിലെ ആളുകള്‍ക്ക്‌ സാധനങ്ങള്‍ നിങ്ങള്‍ക്ക്‌ പൊന്നും വിലക്കു വില്‍ക്കാന്‍ കഴിയും. അല്‍പ്പം മിനക്കെടണമെന്നേയുള്ളു. ഫെറിയിലെ തൊഴിലാളികളാവട്ടെ, മഹാ സമര്‍ത്ഥരുമായിരുന്നു. മല്‍കാങ്കിരിയിലെ ഈ ഫെറിയില്‍ കൊടുക്കല്‍-വാങ്ങലുകള്‍ പലപ്പോഴും കൈമാറ്റ വ്യവസ്ഥയിലായിരുന്നു. മുംബയിലും മറ്റും ബീഡികള്‍ കുറഞ്ഞ വിലക്ക്‌ നിങ്ങള്‍ക്ക്‌ കിട്ടുമായിരിക്കും. പക്ഷേ, ഇവിടെ ഈ വിച്ഛേദിക്കപ്പെട്ട സ്ഥലങ്ങളില്‍ അവക്കുപോലും നല്ല വിലയാണ്‌. പക്ഷേ മറ്റു നിവൃത്തിയൊന്നുമില്ല.

മാച്‌കുണ്ട്‌ താഴ്‌വരയില്‍ നിങ്ങള്‍ക്ക്‌ ദിദായ്‌ ഗോത്രത്തെ കണ്ടുമുട്ടാന്‍ സാധിച്ചേക്കും. 5000-ത്തില്‍ താഴെമാത്രം അംഗങ്ങളുള്ള, മറ്റെവിടെയും നിങ്ങള്‍ക്ക്‌ കാണാന്‍ സാധിക്കാത്ത ഒരു ചെറിയ ഗോത്രവര്‍ഗ്ഗമാണ്‌ അവരുടേത്‌. താഴേക്കു പോകുന്തോറും, മാച്‌കുണ്ടയുടെ പേരും മാറുന്നു. ഇപ്പോള്‍ അവളുടെ പേര്‍ സിലേറു എന്നാണ്‌. ചില ഭാഗങ്ങളില്‍, ഒറീസ്സയുടെയും ആന്ധ്ര പ്രദേശിന്റെയും അതിര്‍ത്തിയായി മാറുന്നു ഈ പുഴ. ഏറ്റവും ആദ്യം നിലവില്‍ വന്ന മാച്‌കുണ്ട പദ്ധതിക്കുമുന്‍പ്‌ ഈ സ്ഥലം വ്യത്യസ്തമായ ഒരു ചിത്രമാണ്‌ കാഴ്ച്ചവെച്ചിരുന്നത്‌. ഇന്ത്യയിലെതന്നെ ഏറ്റവും മനോഹരമായ ദൃശ്യമായിരുന്നു ഇവിടുത്തേതെന്ന് പഴയ പ്രദേശിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. 300 അടി പൊക്കമുള്ള പാറക്കെട്ടുകളില്‍നിന്ന് താഴേയുള്ള ജലാശയത്തിലേക്കു വീണു പൊട്ടിച്ചിതറി, ഉയരുന്ന ഭീമാകാരമായ ജലപടങ്ങളില്‍ സൂര്യന്‍ മഴവില്ലുകള്‍ തീര്‍ക്കാറുണ്ടായിരുന്നു. അതൊക്കെ പണ്ട്‌. 1962-63-ല്‍ ആരംഭിച്ച ബാലിമേല പദ്ധതി ആ കാഴ്ച്ചയെയൊക്കെ ചരിത്രമാക്കി മായ്ച്ചുകളഞ്ഞു.

പലാസ്പദറില്‍ ഞങ്ങളിറങ്ങി.ധര്‍ലബേദ എന്ന സ്ഥലത്തെത്താന്‍ പത്തു കിലോമീറ്റര്‍ നടക്കണമായിരുന്നു. യാത്രയുടെ ഭൂരിഭാഗവും, വിജനവും, മനോഹരവുമായ കാട്ടിലൂടെയായിരുന്നു. നിബിഡമായ, മന്ത്രിക്കുന്ന ഈ വനങ്ങള്‍ കാണുമ്പോള്‍ ഇവയുടെ പൂര്‍വ്വകാലത്തെക്കുറിച്ച്‌ ഒരു ഏകദേശ ധാരണ നിങ്ങള്‍ക്ക്‌ കിട്ടും. ധര്‍ലബേദയില്‍, ഗ്രാമതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തകന്‍ (Village-Level Worker)സൗജന്യമായി നിലക്കടല വിതരണം ചെയ്യുന്നുണ്ടായിരുന്നു. ആദ്യം ഒപ്പ്‌ മേടിച്ചതിനുശേഷമാണ്‌ അയാള്‍ നിലക്കടല വിതരണം ചെയ്തിരുന്നത്‌. ഓരോ കുടുംബത്തിനും കൊടുക്കുന്ന നിലക്കടലയുടെ അളവ്‌ രേഖപ്പെടുത്താനുള്ള കടലാസ്സിലെ ഭാഗം അയാള്‍ ഒഴിച്ചിട്ടിരുന്നു. തനിക്കു ശരിയെന്നു തോന്നുന്ന രീതിയിലായിരുന്നു അയാള്‍ നിലക്കടല വിതരണം ചെയ്തിരുന്നത്‌.

നിലക്കടല നിറച്ച ചാക്കുകളില്‍ വ്യക്തമായി എഴുതിയിരുന്നത്‌, " മുദ്ര വെക്കാത്ത തുറന്ന ചാക്കുകള്‍ കൈപ്പറ്റരുത്‌'എന്നായിരുന്നു. തുറക്കാത്ത ചാക്കുകള്‍ പക്ഷേ ഒന്നുപോലുമുണ്ടായിരുന്നില്ല. മുദ്രയുടെ ഒരു അടയാളവും കണ്ടതുമില്ല. "നിലക്കടല കൊടുക്കുന്നത്‌ കൃഷി ചെയ്യാനാണ്‌. പക്ഷേ, ആളുകള്‍ മിക്കവാറും ഭക്ഷണത്തിനായാണ്‌ അതുപയോഗിക്കുന്നത്‌", ഗ്രാമത്തിലെ അപൂര്‍വ്വം വിദ്യാസമ്പന്നരില്‍ ഒരാളായ സാധുറാം എന്ന ഗ്രാമമുഖ്യന്‍ പറഞ്ഞു. 'ആളുകള്‍ അത്രക്ക്‌ ദരിദ്രരാണ്‌" ഉദാഹരണത്തിന്‌, ഞങ്ങള്‍ ഒരു സായാഹ്നം ചിലവഴിച്ച അര്‍ജ്ജുന്‍ പാങ്കി എന്ന പരോജ ഗൊത്രക്കാരന്റെ കുടുംബം. വളരെ ദരിദ്ര്യത്തിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്‌. ഭാഗികമായിപ്പോലും കടം വീട്ടാന്‍ ഇവര്‍ക്കാവില്ല എന്നറിയാവുന്നതുകൊണ്ട്‌ ഗ്രാമത്തിലെ പലിശക്കാരന്‍പോലും ഇവര്‍ക്ക്‌ കടം കൊടുക്കാന്‍ വിസമ്മതിക്കുന്നുവെന്ന് സാധുറാം പറഞ്ഞു.

പലിശക്കാരന്റെ ഭാഗത്തുനിന്നു നോക്കിയാല്‍ അത്‌ ശരിയാണുതാനും. പാങ്കിയുടെ വീട്ടില്‍ വിലപിടിച്ചതെന്നു പറയാന്‍ ഒരു സാധനവും ഉണ്ടായിരുന്നില്ല.

ഒരു ദിവസം കൂലിവേല എടുത്താല്‍-വേല എന്നു പറയാന്‍തക്കവണ്ണം വല്ലതുമുണ്ടെങ്കില്‍ മാത്രം-പാങ്ങിക്കു പരമാവധി കിട്ടുന്നത്‌ രണ്ടു കിലോ അരി മാത്രമാണ്‌. അതുപോലും കിട്ടാത്ത ദിവസങ്ങളില്‍ അയാളും കുടുംബവും, വേരുകളും, കായ്കനികളും ശേഖരിച്ച്‌, അന്നന്നത്തെ ഭക്ഷണം ഒപ്പിക്കുന്നു. "ഞങ്ങളുടെയൊക്കെ കാലം കഴിഞ്ഞു" അയാളുടെ സുഹൃത്തെ അനന്തറാം പറഞ്ഞു. " പക്ഷേ, വിദ്യഭ്യാസമൊക്കെ കിട്ടുകയാണെങ്കില്‍ ഞങ്ങളുടെ മക്കള്‍ക്കെങ്കിലും കുറച്ചുകൂടി നല്ല ജീവിതം നയിക്കാന്‍ ഒരുപക്ഷേ കഴിഞ്ഞേക്കും". അയാള്‍ സ്വയം ആശ്വസിച്ചു.

വിച്ഛേദിക്കപ്പെട്ട ആ പ്രദേശത്തിന്റെ ചുറ്റുമുള്ള ഗ്രാമങ്ങളില്‍ സ്കൂളുകളുണ്ടായിരുന്നു. പക്ഷേ അവിടങ്ങളിലെ കുട്ടികള്‍ ദരിദ്രരായിരുന്നതുകൊണ്ട്‌ അവര്‍ സ്കൂളിലൊന്നും പോവാറുണ്ടായിരുന്നില്ല. വര്‍ഷത്തില്‍ നാലു മാസമാണ്‌ അവിടത്തുകാര്‍ക്ക്‌ തരംപോലെയുള്ള എന്തെങ്കിലും ജോലി കിട്ടുന്നത്‌. സ്വന്തമായി അല്‍പ്പം ഭൂമിയെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആശിക്കുന്നവരും ഉണ്ടായിരുന്നു അവരില്‍. "ഒരു രണ്ടുമൂന്ന് ഏക്കര്‍ ഭൂമിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു". പക്ഷേ ഇതൊക്കെ സാധ്യമാകണമെങ്കില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഇങ്ങോട്ടേക്കൊക്കെയൊന്നു വരണ്ടേ?

സാധുറാം ചിരിക്കുന്നു. "കളക്ടര്‍ ഇവിടെ വന്നിട്ടുണ്ട്‌. പല പ്രാവശ്യം. പക്ഷേ മറ്റ്‌ ഉദ്യോഗസ്ഥര്‍ ചിത്രകൊണ്ടയില്‍ ഇരുന്ന് റിപ്പോര്‍ട്ടുകള്‍ അയക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അതല്ലെങ്കില്‍ അവര്‍ പുഴയുടെ തീരത്ത്‌ എവിടെയെങ്കിലും വന്നിരുന്ന് ആളെവിട്ട്‌ ഞങ്ങളെ വിളിപ്പിക്കും. ഒരു ഉദ്യോഗസ്ഥന്‍ വന്ന് അങ്ങിനെ വിളിക്കുമ്പോള്‍ ചെല്ലാതിരിക്കാനാവില്ലല്ലൊ. ഒരിക്കല്‍ ചില പത്രപ്രവര്‍ത്തകര്‍ വന്ന് ഉദ്യോഗസ്ഥരോടൊപ്പം പുഴക്കരയില്‍ വന്നിരുന്ന് ഞങ്ങളെ വിളിപ്പിച്ചു. പലരും പത്തും ഇരുപതും കിലോമീറ്റര്‍ നടന്ന്, അവര്‍ക്കുള്ള ഭക്ഷണവുമായിട്ടാണ്‌ പോയത്‌. എന്നിട്ടെന്താ? അവര്‍ തിരിച്ചുപോയി. ഞങ്ങളെക്കുറിച്ച്‌ എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ചുവെന്നും കേട്ടു. ഞങ്ങളൊക്കെ എങ്ങിനെ ജീവിക്കുന്നു എന്നും മറ്റും. അതോ,ഒരിക്കല്‍ പോലും ഞങ്ങളുടെ ഗ്രാമം സന്ദര്‍ശിക്കാന്‍ മിനക്കെടാതെ".

"ഇവിടെ ജീവിക്കുന്ന ആളുകള്‍ക്ക്‌ തങ്ങള്‍ ഇന്ത്യക്കാരാണെന്നു കരുതാന്‍ എന്തെങ്കിലും ന്യായം കാണുന്നുണ്ടോ?" കവാസി കാമരാജ്‌ എന്ന ഗോത്രനേതാവ്‌ ചോദിക്കുന്നു. കവാസി കൂടെയുള്ളതുകൊണ്ടാണ്‌ ഞങ്ങള്‍ക്ക്‌ ആ ഭാഗത്ത്‌ താമസിക്കാന്‍ സാധിച്ചത്‌. "ഏതു തരത്തിലാണ്‌ രാജ്യത്തിന്റെ ജീവിതത്തില്‍ അവര്‍ ഭാഗഭാക്കാവുന്നത്‌? സര്‍ക്കാരുകള്‍ മാറിവന്നേക്കാം. ഈ ആളുകളുടെ ജീവിതം മാറാന്‍ പോവുന്നില്ല. എണ്ണത്തില്‍ 30,000 ഉണ്ടെങ്കിലും ഇവര്‍ അദൃശ്യരാണ്‌. ഏതു പദ്ധതികള്‍ക്കുവേണ്ടിയാണോ ഇവര്‍ എല്ലാം ത്യജിച്ചത്‌, ആ പദ്ധതികള്‍കൊണ്ടൊന്നും ഇവര്‍ക്ക്‌ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല".

എന്തായാലും ചില 'വികസനങ്ങള്‍' കാണാന്‍ കഴിയുന്നുണ്ട്‌. ഗ്രാമങ്ങളിലെ സര്‍പാഞ്ചുകള്‍* സ്വന്തമായി വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നു.

1962-63-ല്‍ ബാലിമേല പദ്ധതിക്കുവേണ്ടി കുടിയൊഴിഞ്ഞുപോയ 1200 കുടുംബങ്ങളില്‍ ഭൂരിഭാഗവും, ആദിവാസികളായിരുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഈ കണക്ക്‌ ശരിയാവാന്‍ വഴിയില്ല. കാരണം, ഒഴിപ്പിച്ചെടുത്തവരുടെ കൃത്യമായ കണക്കുകള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, പദ്ധതിക്കു പുറത്തുള്ള പ്രദേശത്ത്‌ താമസിക്കുകയും എന്നാല്‍ ഉപജീവനോപാധികള്‍ അക്ഷരാര്‍ത്ഥത്തില്‍ ജലത്തിനടിയിലാവുകയും ചെയ്തവരെയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റൊന്ന്, 'ഭൗതികമായി' കുടിയൊഴിക്കപ്പെടാതെതന്നെ, അതിന്റെ ദുരിതങ്ങളെല്ലാം ഒന്നൊഴിയാതെ അനുഭവിക്കേണ്ടിവന്ന വിഭാഗത്തെയും ഈ ഔദ്യോഗിക കണക്കില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു.

കുടിയൊഴിഞ്ഞുപോയവര്‍ക്ക്‌ കിട്ടിയ നഷ്ടപരിഹാരം തീരെ അപര്യാപ്തമായിരുന്നു. 'പുനരധിവാസ' പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 35 ലക്ഷം രൂപ ചിലവഴിച്ചതായി രേഖകള്‍ കാണിക്കുന്നുണ്ട്‌. 1200 കുടുംബങ്ങള്‍ എന്ന സര്‍ക്കാരിന്റെ കണക്ക്‌ മുഖവിലക്കെടുത്താലും, ഒരു കുടുംബത്തിന്‌ അപ്പോള്‍ കിട്ടിയിട്ടുണ്ടാവുക വെറും 500 രൂപയായിരിക്കും. അതേസമയം, ഉദ്യോഗസ്ഥരുടെ 'യാത്രാപ്പടി'ക്കും, റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശമ്പളവകയിലും, 'സ്ഥലം മാറുന്നതിനുള്ള' ചിലവിലേക്കുമൊക്കെയായി 8.2 ലക്ഷം രൂപയാണ്‌ മൊത്തം ചിലവഴിച്ചിട്ടുള്ളത്‌. കുടിയൊഴിക്കപ്പെട്ടവര്‍ക്ക്‌ താമസിക്കാനുള്ള 'കെട്ടിടങ്ങള്‍'ക്കും, അവക്കാവശ്യമായ 'സ്ഥല'ത്തിനും ചിലവഴിച്ചതിന്റെ ഇരട്ടിയിലധികവുമാണ്‌ ഈ പറഞ്ഞ തുക.

വര്‍ഷത്തില്‍ പകുതിയും പട്ടിണിയില്‍ ജീവിതം തള്ളിനീക്കുന്ന ആ സാധുമനുഷ്യര്‍ നല്‍കിയ ഭക്ഷണവും കഴിച്ച്‌, പാങ്കിയുടെ കുടിലില്‍ ഞങ്ങളിരിക്കുമ്പോള്‍, ആങ്ക്ര ഹന്താല്‍ പറയുകയാണ്‌. "മുങ്ങിപ്പോയ പ്രദേശത്തെ മിക്ക ആളുകളെയും ശ്രദ്ധിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആദ്യമൊക്കെ അവര്‍ പറഞ്ഞത്‌, അല്‍പ്പദിവസങ്ങള്‍ക്കകം രേഖയില്‍ ഞങ്ങളുടെ പേരൊക്കെ പ്രത്യക്ഷപ്പെടുമെന്നാണ്‌. ഞങ്ങളുടെ ശുദ്ധഗതിക്ക്‌ ഞങ്ങളത്‌ വിശ്വസിക്കുകയു ചെയ്തു. ഞങ്ങളില്‍ ചിലര്‍, പിന്നീട്‌ ഇവിടെ എത്തിയതിനുശേഷം അര ഏക്കറും, ഒരു ഏക്കറുമൊക്കെയായി കുറച്ചു സ്ഥലം അവിടെയുമിവിടെയുമായി കൈവശമാക്കി. പട്ടയവും കിട്ടി ചിലര്‍ക്ക്‌. പക്ഷേ തീരെ ഗുണമില്ലാത്ത ഭൂമിയാണിത്‌. മിക്ക സാധനങ്ങള്‍ക്കും കാടിനെത്തന്നെ ആശ്രയിക്കണം".

"ഇവിടെ വന്നതിനുശേഷം കുട്ടികളുടെ അഗ്രഹങ്ങളൊന്നും നിവൃത്തിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്ക്‌ സാധിച്ചിട്ടില്ല. കയ്യില്‍ നയാപൈസയില്ല, ഇനി അഥവാ ഉണ്ടെങ്കില്‍തന്നെ, ഇവിടെ ഒന്നും കിട്ടുകയുമില്ല. മരുന്നോ, വസ്ത്രമോ, ഭക്ഷണമോ ഒന്നും. അവരും വളരുന്നുണ്ട്‌ എന്നു മാത്രം. എന്നാല്‍ അവരെയാണ്‌ ഇത്‌ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്‌", ആങ്ക്രയുടെ ഭാര്യ പറഞ്ഞു.

തിരിച്ചു പോരുമ്പോള്‍ വീണ്ടും ആ കനത്ത നിശ്ശബ്ദത ഞങ്ങളെ പൊതിഞ്ഞുനിന്നു. ഇലകൊഴിഞ്ഞ വൃക്ഷശാഖികളുടെ നീണ്ടുകൂര്‍ത്ത വിരലുകള്‍, കുറ്റപ്പെടുത്തും‌പോലെ ഞങ്ങളെ ചൂണ്ടി ജലനിരപ്പില്‍നിന്നും ഉയര്‍ന്നു നിന്നു. മുന്തിയ തരം തേക്കും, മറ്റു വനസമ്പത്തുക്കളുമുള്ള ആയിരക്കണക്കിനു വനഭാഗങ്ങളാണ്‌ എന്നന്നേയ്ക്കുമായി ഇവിടെനിന്ന് അപ്രത്യക്ഷമായത്‌. ബാലിമേല പദ്ധതിക്കുവേണ്ടി ചിലവഴിച്ച 57 കോടി രൂപയുടെ എത്രയോ ഇരട്ടി വരുമായിരുന്നു അവയുടെ മൂല്യം. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതുവരെയായി ഒറീസ്സയിലെ പദ്ധതികള്‍ക്കുവേണ്ടി ചിലവഴിച്ച മൊത്തം തുകയുടെ എത്രയോ ഇരട്ടിയാണ്‌ ഈ വനഭൂമിയുടെ നാശംകൊണ്ടുണ്ടായിട്ടുള്ള നഷ്ടത്തിന്റെ കണക്ക്‌. ചിത്രകുണ്ടയില്‍ സ്ഥാപിച്ചിരിക്കുന്ന വൃത്തികെട്ട കോണ്‍ക്രീറ്റ്‌ ഫലകം കഴിഞ്ഞ ദശാബ്ദങ്ങളുടെ അത്യാര്‍ത്തിയെ വെളിവാക്കുന്ന ഒന്നായിരുന്നു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 91 ഗ്രാമങ്ങളെ ജലസമാധിയാക്കിയെന്ന് അഭിമാനപുരസ്സരം അതില്‍ എഴുതിച്ചേര്‍ത്തിരുന്നു. ചുറ്റുമുള്ള കുന്നുകളില്‍ വൈദ്യുതിയുടെ അടയാളങ്ങള്‍ കണ്ടു. വിച്ഛേദിക്കപ്പെട്ട പ്രദേശമാകട്ടെ, പൂര്‍ണ്ണമായും ഇരുട്ടിലും.



* സര്‍പാഞ്ച്‌ - ഗ്രാമസഭ ഒന്നിച്ചുകൂടി തിരഞ്ഞെടുക്കുന്ന ഗ്രാമമുഖ്യന്‍. പരമ്പരാഗതമായി ഈ സ്ഥാനം കയ്യേല്‍ക്കുന്നവരുമുണ്ട്‌.