Sunday, June 23, 2013

ബസ്രയിലെ ആ ഫിനിക്സ് പക്ഷി



ഇറാഖിലെ പുസ്തകശാലകളും ലൈബ്രറികളും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചുവോ എന്ന്  മിനിഞ്ഞാന്ന് മുസഫര്‍ അഹമ്മദ് ഇ-മെയിലില്‍ എഴുതി ചോദിച്ചു. അറിയില്ല എന്ന് മറുപടി എഴുതി.

യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും അനുദിനം തകരുന്ന ദിനാറിന്റെയും ഫലമായി ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ഇറാഖികള്‍ അവരുടെ സ്വകാര്യശേഖരത്തിലുള്ള പുസ്തകങ്ങള്‍ തുച്ഛമായ വിലയ്ക്ക് തെരുവില്‍ വില്‍ക്കുവാന്‍ വെച്ചിരിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചതോര്‍മ്മയുണ്ട്. ബാഗ്ദാദിലെ പ്രസിദ്ധമായ ദേശീയ ലൈബ്രറിയും ആര്‍ക്കൈവ്‌സും 2003-ല്‍ വെന്തുവെണ്ണീറാകുമ്പോഴും, അവിടെനിന്ന് അഞ്ചു മിനുട്ട് ദൂരമപ്പുറം അമേരിക്കന്‍ സൈന്യം അനങ്ങിയില്ല എന്ന് റോബര്‍ട്ട് ഫിസ്ക്കും രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാന്‍ കാലഘട്ടം മുതലുള്ള അപൂര്‍‌വ്വമായ ചരിത്രരേഖകളാണ്‌ അന്ന് ചാരമായിത്തീര്‍ന്നത്.

ആ സാഹിത്യത്തിലെ പുസ്തകങ്ങള്‍ ഒട്ടുമുക്കാലും എഴുതപ്പെടുന്നത് കെയ്‌റോയിലും, അച്ചടിക്കുന്നത് ബെയ്‌റൂട്ടിലും വായിക്കപ്പെടുന്നത് ബാഗ്ദാദിലുമാണെന്ന് അറബികളുടെയിടയില്‍ ഒരു ചൊല്ലുണ്ട്. പണ്ട്, പതിമൂന്നാം നൂറ്റാണ്ടില്‍ ജെങ്കിസ്‌ഖാന്റെ പേരക്കിടാവ് ബാഗ്ദാദിനു തീവെച്ചപ്പോള്‍ അവിടുത്ത പുസ്തകങ്ങളുടെ കറുത്ത മഷി പടര്‍ന്ന് ടൈഗ്രിസ് നദ് കറുത്തിരുണ്ട് പോയെന്ന് പകുതി ചരിത്രവും പകുതി അതിശയോക്തിയും കലര്‍ന്ന കഥകളുമുണ്ട് ബാഗ്ദാദില്‍നിന്ന്.

ബസ്രയിലെ ലൈബ്രേറിയനെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങിനെയൊരു സ്ത്രീ ഉണ്ട്. അലിയ മുഹമ്മദ് ബക്കര്‍. പതിന്നാലു വര്‍ഷം ബസ്രയിലെ സെന്‍‌ട്രല്‍ ലൈബ്രറിയിലെ പ്രധാന ലൈബ്രേറിയനായിരുന്നു അവര്‍ . നിരവധി ബൗദ്ധികമായ സം‌വാദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അവരുടെ കാലത്ത്, ആ ലൈബ്രറി അരങ്ങൊരുക്കയും ചെയ്തിരുന്നു. 2003-ല്‍ യുദ്ധം തുടങ്ങിയപ്പോള്‍ ലൈബ്രറിയെ രക്ഷിക്കാന്‍ അവര്‍ ബസ്രയിലെ ഗവര്‍ണ്ണറടക്കമുള്ള അധികാരികളുടെയും വിദേശസേനകളുടെയും സഹായം തേടി അലഞ്ഞു. ആരും തിരിഞ്ഞുനോക്കിയില്ല. ഇറാഖ് സേനയും സഖ്യസേനയും ബാഗ്ദാദില്‍ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു അന്ന്. തെക്കേ അറ്റത്തെ ബസ്ര ഒഴിഞ്ഞുകിടന്നു. വെള്ളവും വെളിച്ചവുമില്ലാതെ ആളൂകള്‍ ദുരിതത്തിലായിരുന്നു. അതിനിടയ്ക്ക് പുസ്തകങ്ങളെ നോക്കാനോ സം‌രക്ഷിക്കാനോ ആര്‍ക്കും സമയവും സൗകര്യവുമുണ്ടായിരുന്നില്ല.

യുദ്ധം ബസ്രയിലേക്ക് മെല്ലെമെല്ലെ പടര്‍ന്നുപിടിച്ചു. ലൈബ്രറിയെ ഇറാഖ് സര്‍ക്കാര്‍ സൈനികസം‌വിധാനത്തിന്റെ കേന്ദ്രമാക്കി. ലൈബ്രറിയിലെ ജീവനക്കാര്‍ സ്ഥലം വിട്ടു. ലൈബ്രറിയുടെ മുകളില്‍ ഒരു വലിയ പീരങ്കിയും സ്ഥാപിക്കപ്പെട്ടു.

ആരും സഹായിക്കാന്‍ വരില്ലെന്ന് ബോധ്യമായപ്പോള്‍ അലിയ ലൈബ്രറിയുടെ തൊട്ടപ്പുറത്തുള്ള ഹമദാന്‍ ഹോട്ടലിലെ ആനീസ് മുഹമ്മദിന്റെ സഹായം തേടി. ലൈബ്രറിയുടെ കര്‍ട്ടനുകള്‍ കീറിയെടുത്ത് അലിയ പുസ്തകങ്ങള്‍ ഭാണ്ഡങ്ങള്‍ക്കുള്ളിലാക്കി.  ആനീസിന്റെയും ആ ഹോട്ടല്‍ ജീവനക്കാരുടെയും സഹായത്തോടെ, ലൈബ്രറിയുടെ പിന്‍‌ഭാഗത്തുള്ള വലിയ മതിലിന്റെ മുകളിലൂടെ ആരും കാണാതെ, പല ദിവസങ്ങള്‍കൊണ്ട് അവര്‍ പുസ്തകങ്ങള്‍ ഹോട്ടലിലേക്ക് കടത്തി. എഴുതാനും വായിക്കാനും അറിയാത്തവരായിരുന്നു ആനീസിന്റെ ഹോട്ടല്‍ ജീവനക്കാരില്‍ പലരും. എന്നാലും ഒരു വലിയ ദൗത്യം നിര്‍‌വ്വഹിക്കുകയാണ്‌ തങ്ങളെന്ന് അവര്‍ക്ക് തോന്നിയിരിക്കണം. ആനീസ് മുഹമ്മദ് ഒരു തോക്കും കൈയ്യിലേന്തി പുസ്തകശാലയായി മാറിയ തന്റെ ഹോട്ടലിനു രാപ്പകല്‍ കാവല്‍ നിന്നു. സംശയം തോന്നി ചോദ്യം ചെയ്യാന്‍ വന്ന ബ്രിട്ടീഷ് പട്ടാളക്കാരനോട് അത് തന്റെ സ്വയരക്ഷക്കാണെന്ന് അയാള്‍ കളവു പറഞ്ഞു. അവിടെനിന്നും പിന്നീട് സ്വന്തം വീട്ടിലേക്കും. ഏഴുദിവസത്തിനു ശേഷം ബസ്രയിലെ ആ ലൈബ്രറി പൂര്‍ണ്ണമായും കത്തി നശിച്ചു, അപ്പോഴേക്കും മുപ്പതിനായിരം പുസ്തകങ്ങള്‍ ആ സ്ത്രീ സുരക്ഷിതമായി വീട്ടിലേക്കെത്തിച്ചിരുന്നു. അല്‍‌പ്പ ദിവസങ്ങള്‍ക്കുശേഷം ഒരു ഹൃദയാഘാതത്തെ തുടര്‍ന്ന് അവര്‍ കിടപ്പിലായി.

യുദ്ധം അവസാനിച്ചാല്‍ വീണ്ടും ആ ലൈബ്രറി പുതുക്കിപ്പണിയണമെന്നും അതിനെ പുസ്തകങ്ങള്‍ കൊണ്ട് നിറയ്ക്കണമെന്നും സ്വപ്നം കണ്ടു അലിയ.

2003- ല്‍ ഷൈല ദീവാന്‍ എന്ന പത്രപ്രവര്‍ത്തകയാണ്‌ ന്യൂയോര്‍ക്ക് ടൈംസിലൂടെ അലിയയെക്കുറിച്ച് ആദ്യമായി ലോകത്തെ അറിയിക്കുന്നത്. അലിയയുടെ ജീവിതത്തെ ആസ്പദമാക്കി ചെറിയ കുട്ടികള്‍ക്കു വേണ്ടി ജാനെറ്റ് വിന്റര്‍ എന്ന അമേരിക്കന്‍ എഴുത്തുകാരി എഴുതിയ  The Librarian of Basra: A True Story From Iraq എന്ന പുസ്തകവും, മാര്‍ക്ക് അലന്‍ സ്റ്റാമറ്റിയുടെ Alia's Mission: Saving the Books of Iraq, എന്ന ഗ്രാഫിക്ക് കഥാപുസ്തകവും പുറത്തുവന്നു.

അമേരിക്കയിലെയും ഇറാഖിലെയും കുട്ടികള്‍ അതൊക്കെ വായിക്കുന്നുണ്ടോ എന്ന് നിശ്ചയമില്ല.

അലിയയെക്കുറിച്ചുള്ള എന്റെ ഇതുവരെയുള്ള അന്വേഷണങ്ങള്‍ക്കൊന്നും ഒരു ഫലവുമുണ്ടായില്ല. അവര്‍ ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്നുകൂടി എനിക്കറിയില്ല. എനിക്കെന്നല്ല, ബസ്രയിലെ ചില സുഹൃത്തുക്കള്‍ക്കുപോലും അലിയ എന്ന ബസ്രയിലെ ആ ലൈബ്രേറിയന്‍ അജ്ഞാതയാണ്‌.. . അങ്ങിനെയൊരാളെക്കുറിച്ച് അവര്‍ കേട്ടിട്ടുപോലുമില്ല!! എന്നാലും ഞാന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ചിലപ്പോള്‍ ബസ്രയില്‍ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടായിരിക്കാം. ഉണ്ടെങ്കില്‍ , എന്നെങ്കിലുമൊരിക്കല്‍ അവരെ കാണണം. സ്വന്തം ജീവനേക്കാള്‍ പുസ്തകങ്ങളെ സ്നേഹിച്ച ബസ്രയിലെ ആ മദ്ധ്യവയസ്ക്കയെ.

ബാഗ്ദാദിലെയും ബസ്രയിലെയും പുസ്തകശാലകള്‍ ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയില്ലെങ്കിലും, ചുറ്റും കാണുന്ന പരിമിതമായ കാഴ്ചകള്‍ തന്നെ ഭീതിദമായ ഒരു പുസ്തകാനുഭവമാണ്‌. . അച്ചടിച്ച പുസ്തകങ്ങളിലുള്ളതിനേക്കാള്‍ കറുത്ത മഷിയാണ്‌ ചുറ്റും. ടൈഗ്രിസിന്റെയും യൂഫ്രട്ടീസ്-ടൈഗ്രിസ് സംഗമസ്ഥാനമായ ഷാത്ത് അല്‍ അറബിന്റെയും നിറം ഇപ്പോഴും കലങ്ങിത്തെളിഞ്ഞിട്ടുണ്ടാവില്ല. തീര്‍ച്ച.

('മാധ്യമം' വാരാദ്യപ്പതിപ്പില്‍ (23/06/2013) പ്രസിദ്ധീകരിച്ച ലേഖനം)

Thursday, June 13, 2013

കമ്പനങ്ങളുടെ കാലം


ശ്വാസമടക്കിപ്പിടിച്ചാണ്‌ അതിനെ കൈകളില്‍ ഏറ്റുവാങ്ങിയിരുന്നത്. പോസ്റ്റ്മാന്റെ തലവെട്ടം പടിക്കല്‍ കാണുമ്പോഴേക്കും അത് ഉള്ളില്‍ എപ്പോഴും ഒരു ആന്തലുണ്ടാക്കുമായിരുന്നു. വാങ്ങണോ വേണ്ടേ എന്ന പരിഭ്രമത്തോടെ, പരുപരുത്ത ആ കടലാസ്സിന്റെ ഉള്ളില്‍ ഞെരുങ്ങുന്ന കൊച്ചുവാചകങ്ങളെക്കുറിച്ച് ഒരു പിടിപാടുമില്ലാതെ, അത് തുറന്നുനോക്കാന്‍ പോകുന്ന നിമിഷത്തിന്റെ ഘനം മുഴുവന്‍ ഉള്ളില്‍ നിറഞ്ഞ് പലപ്പോഴും നിസ്സഹായരായിപ്പോകാറുണ്ടായിരുന്നു ആളുകള്‍ . ഒരു മനുഷ്യായുസ്സിന്റെ മുഴുവന്‍ കാത്തിരിപ്പും നിറയാറുണ്ടായിരുന്നു, അത് കൈയ്യില്‍ കിട്ടുന്നതിന്റെയും തുറന്നുനോക്കുന്നതിന്റെയും ചെറിയ ഇടവേളയില്‍ .

ടെലഗ്രാമുണ്ടെന്ന പോസ്റ്റ്മാന്റെ അറിയിപ്പ് കേള്‍ക്കുമ്പോള്‍ "ടെലഗ്രാമോ?" എന്ന ഒരു ആധി നെഞ്ചിന്‍‌കൂട്ടില്‍നിന്ന് പറന്നുവന്ന് തൊണ്ടയില്‍ കുരുങ്ങി, ഓടി ഉമ്മറത്തേക്കോ മുറ്റത്തേക്കോ ഓടിയെത്തിയവര്‍ ; അത് തുറന്നുനോക്കി, വായിക്കാനറിയാതെ, പോസ്റ്റ്മാന്റെയോ വായിക്കാനറിയുന്ന ഏതെങ്കിലും അയലത്തുകാരുടെയോ കൈയ്യില്‍ കൊടുത്ത് അവരുടെ മുഖത്തേക്കും, അവിടെ തെളിയുന്ന ഭാവത്തിലേക്കും, അവരുടെ ഉള്ളില്‍നിന്ന് പുറപ്പെടാന്‍ പോകുന്ന വാക്കുകളിലേക്കും, ഉള്ളില്‍ ഭയാശങ്കകളുടെ തീയോടെ നോക്കിനിന്നവര്‍ . മറ്റു ചിലരുടെ ടെലഗ്രാമുകളില്‍ അച്ഛനുമമ്മയും മരിച്ചുകിടന്നു. അതു കേട്ടപാടെ ചിലര്‍ പാഞ്ഞു. ചിലര്‍ കണ്ടില്ലെന്നു നടിച്ചു. മാനേജര്‍ ലീവ് തരുന്നില്ലെന്നും വരാനാവില്ലെന്നും മറുപടിയയച്ച് ചിലരത് മടക്കിവെക്കുകയോ കീറിക്കളയുകയോ ചെയ്തു.

പുറപ്പെട്ടു പോയവന്റെ വാര്‍ത്തകള്‍ക്കുവേണ്ടി കാത്തിരുന്നവര്‍ , അതിന്റെ ഉള്ളില്‍, അയാളുടെ മടങ്ങിവരവോ അയാളെക്കുറിച്ചുള്ള സുഖവിവരമോ പ്രതീക്ഷിച്ചു. ചിലപ്പോള്‍ അയാള്‍ എവിടെയെങ്കിലും സുഖമായിരിക്കുന്നുവെന്ന് അയാളോ, ചിലപ്പോള്‍ ഇനിയൊരിക്കലും അയാള്‍ മടങ്ങിവരില്ലെന്ന് അയാള്‍ക്കു പകരം മറ്റാരെങ്കിലുമോ അതില്‍ എഴുതിയിരുന്നു. ഒരു നാട്ടുമ്പുറത്തെ ഒരു കൊച്ചുവീട്ടില്‍ സന്തോഷവും അലമുറയും ഉണ്ടാക്കാനുള്ള കെല്പ്പുണ്ടായിരുന്നു ആ പരുപരുത്ത കടലാസ്സിനും അതിനുള്ളിലെ ചുവന്ന മഷി പുരണ്ട, കാച്ചിക്കുറുക്കിയ അക്ഷരങ്ങള്‍ക്കും. ആ കടലാസ്സും കൈയ്യില്‍ പിടിച്ച് ചിലപ്പോള്‍ സന്തോഷം കൊണ്ടും ചിലപ്പോള്‍ സങ്കടം കൊണ്ടും ഒന്നും ചെയ്യാനാവാതെ ഭൂമിയില്‍ വേരുറച്ചുപോയവര്‍ എത്രയൊ ഉണ്ടായിരുന്നു ഒരു കാലത്ത് ഈ ഭൂമിയില്‍ .

ഒരു ടെലഗ്രാം പോലും അയയ്ക്കാന്‍ അവനു മനസ്സു വന്നില്ലല്ലോ എന്ന് വേദനിച്ച അമ്മമാരും അച്ഛന്മാരുമുണ്ടായിരുന്നു. വീട്ടിലെ കാര്യങ്ങള്‍ കഷ്ടമാണെന്നും, ഇത് കിട്ടിയാലുടന്‍ എന്തെങ്കിലുമൊരു നിവൃത്തിയുണ്ടാക്കണമെന്നും യാചിച്ച് അച്ഛനും, ഭര്‍ത്താവിനും ഏട്ടനും ടെലഗ്രാമയയ്ക്കാന്‍ മനസ്സില്ലാമനസ്സോടെയും സങ്കടത്തോടെയും ആത്മനിന്ദയോടെയും തപാലാപ്പീസിലേക്ക് പോയിരുന്ന മക്കളും ഭാര്യമാരും താഴെയുള്ളവരും ഉണ്ടായിരുന്നു. പ്രിയപ്പെട്ടവന്റെ വാര്‍ത്തകള്‍ അറിയാന്‍ കാത്തിരുന്ന ഒറ്റയ്ക്കായിപ്പോയവരും, പറക്കമുറ്റാത്ത കുട്ടികളുമുള്ളവരുമുണ്ടായിരുന്നു.

എല്ലാമെല്ലാമുണ്ടായിരുന്നു,  വന്നതും അയച്ചതുമായ ആ പരുക്കന്‍ കടലാസ്സുകളില്‍ . മനുഷ്യന്മാരായ മനുഷ്യന്മാരുടെ എല്ലാ സന്തോഷങ്ങളും, സങ്കടങ്ങളും, ഭയങ്ങളും, പരിഭവങ്ങളും കണ്ണീരും, വ്യാകുലതകളും, കാത്തിരിപ്പുകളും, നിസ്സഹായതകളും എല്ലാം. അതിനെയെല്ലാം, ആ കടലാസ്സിലെ വാക്കുകളും, കുത്തുകളും, കോമകളും, ഹ്രസ്വവരകളും എല്ലാമാക്കി തര്‍ജ്ജമ ചെയ്ത് എവിടെനിന്നൊക്കെയോ എവിടേക്കൊക്കെയോ പോയിക്കൊണ്ടിരുന്നു. അത് വന്ന വീടുകളില്‍ ചിലര്‍ക്ക് "പത്രാസ്" കൂടിയെന്ന് ചുറ്റും കൂടിയവര്‍ കളിയാക്കി ചിരിച്ചു. ചിലര്‍ കിടപ്പിലായി. ചിലര്‍ എല്ലാം അവസാനിപ്പിച്ചു. ചിലര്‍ പിന്നെയും എങ്ങിനെയൊക്കെയോ ജീവിച്ചു.

ആരെയൊക്കെയോ തേടി അവ ഇടയ്ക്ക് എപ്പോഴെങ്കിലും ഒന്നു വന്നു. ആരൊക്കെയോ അതിനെ തേടി നിത്യവും വീട്ടുമുറ്റത്തോ തപാലാപ്പീസിലോ തപസ്സു ചെയ്തു.

ആകാശങ്ങള്‍ നിറയെ അത്തരം സങ്കടങ്ങളും സന്തോഷങ്ങളും കാത്തിരിപ്പുകളും നിറഞ്ഞിരുന്നു. 

Saturday, June 8, 2013

"ഏയ്‌യീയിലെ കുട്ടികള്‍""



ഭൂമിശാസ്ത്രപരമായി ഏറനാടോടടുത്ത ഒരു സ്കൂള്‍ . തെക്കു നിന്ന് സ്ഥലം മാറി വന്ന് പുതിയ അദ്ധ്യാപകന്‍ ഒരു ഒമ്പതാം ക്ലാസ്സുകാരിയൊട് ചോദിക്കുന്നു

"കുട്ടി ഏതു ക്ലാസ്സിലാണ്‌?"

"ഏയ്‌യീല്‍"""

അദ്ധ്യാപകന്‍ ഒന്നും മനസ്സിലാവാതെ അന്തം വിട്ടു നിന്നു.

സ്വദേശി ടീച്ചര്‍ വിവര്‍ത്തനം ചെയ്തു കൊടുത്തു. "7 E"

"വല്ലാത്തൊരു ഭാഷ. ഇത് മനസ്സിലാക്കിയെടുക്കാന്‍ ഞാന്‍ ബുദ്ധിമുട്ടും" പുതിയ അദ്ധ്യാപകന്‍ പകുതി തന്നോടായി പറഞ്ഞു.

"ഇതിനേക്കാള്‍ വലിയൊരു തമാശയുണ്ടായി മാഷേ, കഴിഞ്ഞ യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ ദിവസം"

"അതെന്താ?"

"വേണ്ടാ വേണ്ട  യുദ്ധം വേണ്ടാ, ഇനിയൊരു യുദ്ധം വേണ്ടാ വേണ്ടാ" എന്ന് പഠിപ്പിച്ചു പരിശീലിപ്പിച്ച് യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ വഴിപാടു ഭാഗമായി സര്‍ക്കാര്‍ കുട്ടികളെ അന്നേദിവസം തെരുവിലിറക്കി.

പഠിച്ചതുപോലെ കുട്ടികള്‍ ഏറ്റുപറഞ്ഞു. "വേണ്ടേ വേണ്ടേ, യുദ്ധം വേണ്ടേ, ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടേ".

നാട്ടുകര്‍ ആര്‍ത്തു ചിരിച്ചു. ടീച്ചര്‍മാര്‍ കണ്ണുരുട്ടിയും കുട്ടികളുടെ ചെവിയില്‍ അടക്കം പറഞ്ഞു തിരുത്താനും നോക്കി. പാവം കുട്ടികള്‍ . അവര്‍ക്ക് ഒന്നും മനസ്സിലായതുമില്ല.

സത്യം പറഞ്ഞാല്‍ ഇതില്‍ ഒരു ഫലിതവുമില്ല. അത് ഉദ്ദേശിച്ചിട്ടുമില്ല. മറ്റു പല സര്‍ക്കാര്‍ സ്കൂളുകളിലേയും സ്ഥിതിതന്നെയായിരുന്നു ഈ  പറഞ്ഞ സ്കൂളിലും.

എട്ടിലെയും ഒമ്പതിലെയുമൊക്കെ കുട്ടികളാണ്‌ വായിക്കാനും എഴുതാനും അറിയാതെ ഇതുപോലെയുള്ള സ്കൂളുകളില്‍ വളരുന്നത്. ചുരുക്കം ചില കുട്ടികളുടെ കാര്യമല്ല ഇത്. ഭൂരിഭാഗത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്‌... ഇംഗ്ലീഷിന്റെ കാര്യം വിടുക. മലയാളം പോലും വായിക്കാനും എഴുതാനും കഴിയാത്ത കുട്ടികള്‍ . ചരിത്രവും ഭൂമിശാസ്ത്രവും കണക്കുമൊക്കെ മിക്കവര്‍ക്കും അപരിചിതമായ ഏതോ വിഷയനാമങ്ങള്‍ മാത്രം.

ഇന്റര്‍‌വെല്‍ സമയത്ത് മലമ്പുഴ ഡാമിലെ സഞ്ചാരികള്‍ക്ക് കടലം വില്‍ക്കാന്‍ പോകുന്ന കുട്ടികളുണ്ട്. അവിടുത്തെ സ്കൂളില്‍ . ചിരിക്കരുത്. ചിരിക്കാനായി ഇതിലൊന്നുമില്ല.

ഇതൊന്നും ഇന്നോ ഇന്നലെയോ പുതിയതായി മനസ്സിലാക്കിയതോ കണ്ടുപിടിച്ചതോ ആയ വസ്തുതകളല്ല. കേരളത്തിലെ വളരെ ചുരുക്കം സര്‍ക്കാര്‍ സ്കൂളുകളൊഴിച്ച് ബാക്കിയെല്ലാതിലും ഇതൊക്കെയാണ്‌ കുട്ടികള്‍ക്കും അദ്ധ്യാപികാദ്ധ്യാപകര്‍ക്കും കിട്ടുന്ന പാഠങ്ങള്‍ .

ഒറ്റയ്ക്കൊറ്റയ്ക്ക് ആര്‍ക്കും ഒരു മാറ്റവും വരുത്താനും സാധിക്കുന്നില്ല. എല്ലാവരും ഒരു വലിയ അസംബന്ധ സം‌വിധാനത്തിന്റെ കീഴില്‍ നിസ്സഹായരാണ്‌.....

ഫലിതം മറ്റൊന്നിലാണ്‌. തൊട്ടപ്പുറത്ത് വേറെ ചില സ്കൂളുകളുണ്ട്. അവയിലെ കുട്ടികള്‍ ജീവിക്കാനൊഴിച്ച് മറ്റെല്ലാ പാഠപദ്ധതികളും കൃത്യമായ സിലബസ്സോടെ, ഉച്ചാരണത്തോടെ, ദിനേന ഹാജരോടെ, എന്‍‌ട്രന്‍സ് കോച്ചിംഗിന്റെ പിന്‍‌ബലത്തോടെ പഠിച്ചിറങ്ങുന്നു.

രണ്ടു കുട്ടികളാണ്‌ ജനിക്കുന്നത്. രണ്ട് വ്യത്യസ്ത കുട്ടികളാണ്‌ നമ്മുടെ ഒരേ വീട്ടില്‍ വളരുന്നത്. ഒരാള്‍ "ഏയ്‌യീ"യിലും മറ്റൊരാള്‍ "സെവെന്‍ ഇ' യിലും.

പഠിക്കില്ലെന്ന് കുട്ടികള്‍ ; പഠിപ്പിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ; പഠിപ്പിക്കില്ലെന്ന് അദ്ധ്യാപകര്‍ ; പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് നാട്ടുകാര്‍ ഈന്നൊരു പഴയ തിക്കോടിയന്‍ തമാശയുണ്ടായിരുന്നു. ഇവിടെ അതൊന്നുമില്ല. പഠിക്കണമെന്നുള്ള കുട്ടികളെയാണ്‌ എന്തുവന്നാലും പഠിപ്പിക്കില്ലെന്ന്, അഥവാ ഒരു പാഠം പഠിപ്പിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചുറച്ചിരിക്കുന്നത്.

" "വേണ്ടേ വേണ്ടേ, യുദ്ധം വേണ്ടേ, ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടേ" എന്ന്  ഏറനാട്ടെ കുട്ടികള്‍ ചോദിക്കുന്നത് എല്ലാ അര്‍ത്ഥത്തിലും ശരിയാണ്‌..

സര്‍ക്കാര്‍ സ്കൂളുകളെ ഈ അവസ്ഥയിലേക്ക് തള്ളിനീക്കിയ, കണ്ടില്ലെന്നു നടിച്ച, അതിനേക്കാള്‍ വിലപിടിച്ച പണികളില്‍ ഇത്രനാളും ഏര്‍പ്പെട്ടിരുന്ന, വിദ്യാഭ്യാസപരിഷ്ക്കാരത്തെക്കുറിച്ച് നാലഞ്ചു ദശകങ്ങള്‍ ചര്‍ച്ച ചെയ്ത് സമയം തുലച്ച എല്ലാ എമ്പോക്കികള്‍ക്കുമെതിരെ കുട്ടികള്‍ ഒരു ദിവസം യുദ്ധത്തിനിറങ്ങുക തന്നെ ചെയ്യും.