Saturday, January 17, 2015

മെയ്ഡ് ഫോര്‍ അസ്



കുറച്ചു ദിവസം മുന്‍പ്, വളരെ അടുത്തൊരു ബന്ധു ഒരു പഴയ കുടുംബ ചിത്രം ഇട്ടിരുന്നു ഫേസ്‌ബുക്കില്‍. മുത്തശ്ശന്റെ താവഴിയിലെ. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചിത്രം. ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ്. അതിലെ അന്നത്തെ തരുണീമണികളൊക്കെ ഇന്ന് എഴുപതു കഴിഞ്ഞ മുത്തശ്ശിമാരാണ്. ആണ്‍കുട്ടികള്‍ മുത്തശ്ശന്മാരും.
വീട്ടുകാരുടെ കൂടെ മറ്റൊരാള്‍ കൂടി ഉണ്ട് ആ ചിത്രത്തില്‍. അവരെക്കുറിച്ചു മാത്രമാണ്‌ ഇന്നിതെഴുതുന്നതുവരെ ഞാന്‍ ഇടയ്ക്കിടയ്ക്ക് ആ ചിത്രത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഓര്‍ത്തുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ അടിക്കുറുപ്പില്‍ എഴുതിയിരുന്നതുപോലെ അവരുടെ ആ 'മെയ്ഡ്". എന്തോ ഭാഗ്യവശാല്‍ ആ മെയ്ഡിനു പേരുണ്ടായിരുന്നു ആ ഫോട്ടോയില്‍.
എവിടെയായിരിക്കും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഇന്ന് മുത്തശ്ശിയോ മുതുമുത്തശ്ശിയോ ആയിരിക്കാവുന്ന ആ 'മെയ്ഡ്'? ജീവിച്ചിരിക്കുന്നുണ്ടാവുമോ ? ആ വീട്ടുകാരിലാരെങ്കിലുമൊരാള്‍ അവരെ ആ ചിത്രത്തിലൂടെയല്ലാതെ ഓര്‍ക്കുന്നുണ്ടാവുമോ? ആ വീട്ടുകാരുടെ കൂടെയുള്ള അവരുടെ ജീവിതം എങ്ങിനെയായിരുന്നിരിക്കണം?
അവിടെനിന്ന് പോയതിനുശേഷമുള്ള അവരുടെ ജീവിതം എങ്ങിനെയായിരുന്നു? അവര്‍ കല്ല്യാണം കഴിച്ചോ? സന്തോഷമായിരുന്നോ ജീവിതം? കുട്ടികള്‍? അവരുടെ വീട്ടിലെ ഏതെങ്കിലുമൊരു പെട്ടിയില്‍ ആ ഫോട്ടോയുടെ കോപ്പി ഉണ്ടായിരിക്കുമോ? നിറം മങ്ങി, ചിതല്‍ പിടിച്ച, മുഖങ്ങള്‍ അവ്യക്തമായ ആ പഴയ ഫോട്ടോ?
ആര്‍ക്കറിയാം?
ഒരിക്കല്‍ ഒരു വീട്ടില്‍ അങ്ങിനെ ഒരു സ്ത്രീയുണ്ടായിരുന്നു. അടുക്കളയിലും വീടിന്റെ പിന്നാമ്പുറത്തും മാത്രം ജീവിച്ചൊടുങ്ങിയ ഒരു സ്ത്രീ. അങ്ങിനെയുള്ള നിരവധി നിരവധി ജന്മങ്ങളില്‍ ഒരുവള്‍. ചിലര്‍ ഫോട്ടോയില്‍ പോലും പെടാതെ അങ്ങിനെയങ്ങു പോകുന്നു. പടിയിറങ്ങിയും പടിയിറക്കപ്പെട്ടും.
നമുക്ക് വേണ്ടി ജനിച്ചവര്‍. മേയ്ഡ് ഫോര്‍ അസ്.

29 August 2014

റെയ്ഹാന ജബ്ബാരിയും ബലാത്സംഗത്തിലെ ന്യായാന്യായങ്ങളും



ബല്‍സാക്കിന്റെ ഒരു കഥയില്‍, ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ കോടതി മുമ്പാകെ വരുന്നുണ്ട്. ബലാത്സംഗം നടന്നിട്ടില്ല എന്ന് ജഡ്ജിയുടെ വിധി. ഒരു പരീക്ഷണത്തിലൂടെ ജഡ്ജി അതു തെളിയിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീയുടെ കൈയ്യില്‍ ഒരു നൂലു കൊടുത്തിട്ട്, തന്റെ കയ്യിലുള്ള സൂചിക്കുഴിയില്‍ അത് കടത്താന്‍ ജഡ്ജി സ്ത്രീയോട് ആവശ്യപ്പെട്ടു. സ്ത്രീ അതിനു ശ്രമിക്കുമ്പോഴൊക്കെ ജഡ്ജി സൂചി ഇളക്കിക്കൊണ്ടിരുന്നു. ഒടുവില്‍ സ്ത്രീ പരാജയം സമ്മതിച്ചു. ജഡ്ജി തന്റെ കയ്യിലുള്ള സൂചിയും സ്ത്രീ നൂലും മേശപ്പുറത്തുവെച്ചു.
"കണ്ടോ, നിങ്ങള്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു" ഗൗരവഭാഗത്തില്‍ ജഡ്ജി സ്ത്രീയോട് പറഞ്ഞു.
സ്ത്രീ പെട്ടെന്ന് മേശപ്പുറത്തുള്ള നൂലെടുത്ത് സൂചിയില്‍ കയറ്റി. "ഇതാണ്‌ സര്‍ സംഭവിച്ചത്. കുറേനേരം ചെറുത്തുനിന്നപ്പോള്‍ ഞാന്‍ ക്ഷീണിച്ചു. ആ സമയത്താണ്‌ ഇങ്ങനെയുണ്ടായത്" ആ സ്ത്രീ കേസ് ജയിച്ചു (ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുന്നതാണ്‌. ജയിച്ചോ ഇല്ലേ എന്നതല്ല പ്രധാനം)
മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന അറുപതുവയസ്സു കഴിഞ്ഞ ഒരു സ്ത്രീയെ അച്ചേ ലാല്‍ എന്നൊരുത്തന്‍ മദ്യലഹരിയില്‍ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ദില്ലി ഹൈക്കോടതിയിലെ ഏമാന്മാര്‍ നിരത്തിയ വിധിന്യായങ്ങള്‍ ബല്‍സാക്കിന്റെ ജഡ്ജിയെയും കടത്തിവെട്ടും. ഇരുവരും പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധം പുലര്‍ത്തിയതെന്നും, ബന്ധപ്പെടലില്‍ 'ബലം പ്രയോഗിച്ചു' എന്നത് ശരിയാണെങ്കിലും ബലം പ്രയോഗിച്ചുള്ള എല്ലാ ലൈംഗികബന്ധങ്ങളും ബലാത്സംഗമാവില്ലെന്നും വിധിച്ച്, ട്രയല്‍ കോടതി അയാള്‍ക്ക് വിധിച്ച ജീവപര്യന്തം തടവുശിക്ഷയെയാണ്‌ ദില്ലി ഹൈക്കോടതി തള്ളിക്കളഞ്ഞത്.
അറുപതുവയസ്സു കഴിഞ്ഞ ഒരു സ്ത്രീയ്ക്ക് ആര്‍ത്തവം നിലച്ചിരിക്കാന്‍ ഇടയുണ്ടെന്ന ഒരു പരാമര്‍ശം കൂടി ദില്ലി ഹൈക്കോടതിയുടെ വിധിപ്രസ്താവനയിലുണ്ടായിരുന്നത് പല മാധ്യമങ്ങളിലും കഴിഞ്ഞ നാലഞ്ചുദിവസമായി ചൂടുള്ള ചര്‍ച്ചയായിരുന്നു. അച്ചേ ലാലിനെ ജീവപര്യന്തത്തില്‍ നിന്ന് ഒഴിവാക്കിയത് ആ വസ്തുതയുടെ പേരിലല്ലെന്നും സാഹചര്യത്തെളിവുവെച്ചായിരുന്നുവെന്ന മറുവാദങ്ങളും ഫസ്റ്റ് പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങളിലുണ്ട്.
സാമര്‍ത്ഥ്യവും ബുദ്ധിവൈഭവവുമുള്ളതുകൊണ്ട് ബല്‍സാക്കിന്റെ കഥയിലെ പെണ്ണ് കേസില്‍ വിജയിച്ചു. പക്ഷേ ഇവിടെ നമ്മുടെ ഏമാന്മാര്‍ നൂലിഴ കീറി പരിശോധിക്കുന്നത്, ബലപ്രയോഗം ബലാത്സംഗമാണോ അല്ലേ എന്നാണ്‌.
വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്ക് ലൈംഗികബന്ധത്തിന്റെ ഗുട്ടന്‍സ് മനസ്സിലായിട്ടില്ല എന്നാണോ ഇതില്‍നിന്ന് നമ്മള്‍ ഊഹിക്കേണ്ടത്? ? എല്ലാ ലൈംഗികബന്ധങ്ങളിലും പരസ്പരമുള്ള ചെറിയ രീതിയിലുള്ള നിരുപദ്രവമായ ബലപ്രയോഗങ്ങള്‍ ഇരുകക്ഷികളും ചെയ്യുന്നുണ്ടെന്നും, എന്നാല്‍ അതിലൊന്നും ബലം കുറഞ്ഞവര്‍ കൊല്ലപ്പെടുന്നില്ലെന്നും, കോടതിക്ക് അറിയില്ലെന്നുണ്ടോ?
റെയ്ഹാനാ ജബ്ബാരിയുടെ തൂക്കിക്കൊലയെ 'മാധ്യമ' കോടതികള്‍ ന്യായീകരിച്ചതുവെച്ച് നോക്കുമ്പോള്‍, ഇതുപോലുള്ള വിധികളൊക്കെ വരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. പുരുഷന്‍ നടത്തുന്ന ബലാത്സംഗം ബലപ്രയോഗമല്ലെന്നും അത് പുരുഷന്റെ കായികമായ മുന്‍‌തൂക്കത്തിന്റെ സ്വാഭാവികമായ ഫലവും, ദോഷവും മാത്രമാണെന്നുമൊക്കെയുള്ള വാദങ്ങളും വിധിന്യായങ്ങളും ഇനി വരുന്ന നാളുകളില്‍ വരുമായിരിക്കാം. കാത്തിരിക്കുക.

5 November 2014

ബസ്രയിലെ നായ്ക്കള്‍


എവിടെനിന്നാണെന്ന് അറിയില്ല അവർ വരുന്നത്. സൈറ്റിൽനിന്ന് താമസസ്ഥലത്തേക്കുള്ള യാത്രയിൽ ചെറിയ ദൂരത്തിലുള്ള വെളിമ്പറമ്പുകളില അവറ്റകളെ കാണാം. സൈറ്റിന്റെയും ക്യാമ്പിന്റെയും പ്രവേശനകവാടത്തിലും അവർ കൂട്ടം കൂടി നിൽക്കുന്നുണ്ടാകും. നായ്ക്കൾ. ബസ്രയിലെ നായ്ക്കൾ.
ചുറ്റുവട്ടത്ത് അധികം വീടുകളൊന്നുമില്ല. ഉള്ളവ തന്നെ കുറേ അകലെയാണ്. വളരെ ചുരുക്കം. എണ്ണ കുഴിക്കാൻ വേണ്ടി സർക്കാർ കമ്പനി സ്ഥലം ഏറ്റെടുത്തപ്പോൾ ഒഴിഞ്ഞുപോയവരുടെ വളർത്തുനായ്ക്കളായിരിക്കണം. ഉടമസ്ഥർ മറ്റു സ്ഥലങ്ങൾ തേടി പോയപ്പോൾ അനാഥരായിപ്പോയ ജന്മങ്ങൾ.
രാവിലെ ഉണരുന്നതിനുമുന്നേ കേൾക്കാം വെളിമ്പറമ്പുകളിൽനിന്ന് അവയുടെ ഓരിയിടൽ. നാട്ടിലേതുപോലെ. ഒറ്റയ്ക്കും കൂട്ടമായും പിന്നെ സൈറ്റിന്റെയും ക്യാമ്പിന്റെയും ചുറ്റുവട്ടത്തെത്തിനിൽക്കും.
ശാന്തസ്വഭാവികളാണ്. കുരയ്ക്കില്ല. പേടിപ്പിക്കില്ല. ഒന്നു ചൂളം വിളിക്കുകയോ വിരൽ ഞൊടിക്കുകയോ ചെയ്താൽ മതി, വാലാട്ടി കൂടെ വരും. വലിയ പ്രതീക്ഷയോടെ ചുറ്റിപ്പറ്റി നിന്ന് മുഖത്തേക്ക് ദയനീയമായി നോക്കും. ലോകത്തിലെ മനുഷ്യരിൽ ഇറാഖികൾക്ക് വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടിട്ടും ഈ നായ്ക്കൾ ഇപ്പോഴും മനുഷ്യന്മാരെ വിശ്വസിക്കുന്നു എന്നു തോന്നും.
വാഹനപരിശോധനയ്ക്ക് കമ്പനി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ശുനകവീരന്മാരെ അകമ്പടിയോടെ സെക്യൂരിറ്റി വണ്ടിയിൽ സൈറ്റിലേക്കും ക്യാമ്പിലേക്കും കൊണ്ടുപോകുമ്പോൾ മാത്രമാണ് അവറ്റകൾ അക്രമാസക്തരാകുന്നത്. സെക്യൂരിറ്റി വണ്ടിയുടെ പിന്നാലെ കുരച്ചുകൊണ്ട് അവർ പായും. പിന്നെ, മടങ്ങിവന്ന് വീണ്ടും എവിടെയെങ്കിലും കൂടിനിന്ന് തങ്ങളിൽത്തങ്ങളിൽ സംസാരിച്ചുനിൽക്കും.
ഒന്നും മനസ്സിലാകുന്നുണ്ടാകില്ല അവർക്ക്. സ്വന്തം ആളുകൾ ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷരാവുകയും തങ്ങളെ ഒറ്റക്കാക്കി വീടുകളൊഴിഞ്ഞ് പോയ്ക്കളയുകയും, പകരം മറ്റേതോ നാട്ടിൽനിന്ന് ഏതൊക്കെയോ ആളുകൾ കൂട്ടം കൂട്ടമായി ചുറ്റും വന്ന് നിറയുകയും ചെയ്യുന്നത് കാണുമ്പോൾ, സ്വന്തം നാടിന് എന്തു പറ്റി എന്ന് അവരും ആലോചിക്കുന്നുണ്ടായിരിക്കാം.
ഇറാഖികളെപ്പോലെ. തോൽപ്പിക്കപ്പെട്ടവർ. കുരയ്ക്കാൻ മറന്നവർ. കീഴടങ്ങിയവർ. ഉപേക്ഷിക്കപ്പെട്ടവർ. സ്വന്തം നാട്ടിൽ അന്യരായിത്തീർന്നവർ.

10 November 2014

Saturday, January 10, 2015

ഇസ്രായേലില്‍ ഒരു ബസ്രക്കാരി



ഇസ്രായേലിൽനിന്ന് കൂട്ടുകാരി വിളിച്ചിരുന്നു. അവരുടെ പരിചരണത്തിലുള്ള പ്രായം ചെന്ന ഒരു അമ്മയോട് സംസാരിക്കാൻ പറ്റുമോ എന്നു ചോദിച്ച്. ബസ്രയിൽനിന്ന് അറുപത്തഞ്ചുകൊല്ലം മുൻപ് പതിമൂന്നാമത്തെ വയസ്സിൽ ഇസ്രായേലിലേക്ക് പോയ, ഇന്ന്, ജീവിതസായാഹ്നത്തിൽ ഓർമ്മകളൊക്കെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു ഇറാഖി ജൂതസ്ത്രീ.. ബസ്രയിലെ സുഹൃത്തിനെക്കുറിച്ച് എന്റെ സുഹൃത്ത് അവരോട് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ തിളങ്ങിയത്രെ. ആ അമ്മയെ ഇന്നു വിളിച്ചു.
അവർ അറബിയിലും മുറി ഇംഗ്ലീഷിലും ഞാൻ ഇംഗ്ലീഷിലും മുറി അറബിയിലും. ദ്വിഭാഷിയായി കൂട്ടുകാരിയും.
ബസ്രയിൽ ഒരു പുഴയില്ലേ, അതിനടുത്തായിരുന്നു താൻ ജീവിച്ചിരുന്നതെന്ന് പറഞ്ഞു അവർ. അതിനടുത്ത്, ധാരാളം വെളിച്ചമുള്ള ഒരു സ്ഥലമില്ലേ, വീടിനടുത്തായിരുന്നു ആ സ്ഥലം. ഞാനെന്തു പറയാനാണമ്മേ? ബസ്രയിൽ ഒന്നല്ല രണ്ടു പുഴകൾ സംഗമിക്കുന്നുണ്ട്. യൂഫ്രട്ടീസും ടൈഗ്രീസും. ബസ്രയ്ക്കടുത്താണ് ആ സംഗമം. അല്ല. എനിക്ക് തെറ്റിയതാണ്. അവ സംഗമിച്ച് ഒന്നാ‍യതായിരിക്കും അമ്മ ഓർമ്മിക്കുന്നത്. അപ്പോൾ ശരിയാണ് ഒരു പുഴയേയുള്ളു. അതെ, അതിനടുത്താണ് ബസ്ര നഗരം. നഗരം നിറയെ വെളിച്ചമുണ്ടാവണം. അവിടെ അമ്മയെപ്പോലെ നിരവധി അമ്മമാരും ഉണ്ടായിരിക്കണം. അറിയില്ല.
അമ്മ അവിടെനിന്നു പോയതിന്‍ശേഷം അവിടെ പലതും നടന്നു.പട്ടാള വിപ്ലവങ്ങളും തിരഞ്ഞെടുത്ത സർക്കാരുകളുമുണ്ടായി. വീരനെന്നും ദുഷ്ടനെന്നും ഒരുപോലെ പേരുകേട്ട ഒരാൾ വന്നു. അയാൾ വഴി യുദ്ധങ്ങളുണ്ടായി. ആ യുദ്ധങ്ങളെ പരാജയപ്പെടുത്താനായി മറ്റുചിലർ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിൽനിന്നും വന്നു. അവർ വന്നത് അമ്മയുടെ ബസ്രവഴിയായിരുന്നു. ലക്ഷക്കണക്കിനാളുകൾ ചത്തൊടുങ്ങി. മരുന്നും ഭക്ഷണവും കിട്ടാതെയും ആണവവികിരണമേറ്റും പതിനായിരക്കണക്കിനു പിഞ്ചുകുഞ്ഞുങ്ങൾ അകാലത്തിൽ പൊലിഞ്ഞു. എണ്ണിയാലൊടുങ്ങാത്തെ സ്ത്രീകൾ വിധവകളായി. മക്കൾ മരിച്ച അച്ഛനമ്മമാരും അച്ഛനമ്മമാർ മരിച്ച കുട്ടികളും വേരോടെ കുടുംബങ്ങൾ കയ്യൊഴിഞ്ഞുപോയ വീടുകളും ഒരുപോലെ അനാഥരായി. കുട്ടികളെയും സ്ത്രീകളെയും വീടുകളിൽ കയറി വെടിവെച്ചും ബലാത്ക്കാരം ചെയ്തും പച്ചയ്ക്ക് കൊന്നു. ബസ്രയും മറ്റു നഗരങ്ങളും ശവപ്പറമ്പുകളായി. ഷിയകളും സുന്നികളും കുർദുകളും ഒരുപോലെ യുദ്ധത്തിൽ പെട്ടു. ചതുപ്പുനിലങ്ങൾ പാടെ വറ്റിച്ച് കൃഷി മുഴുവൻ തകർത്ത് നൂറുകണക്കിനു ഗ്രാമങ്ങളെ പട്ടിണിദുരിതമരണങ്ങളുടെ വേനലിലേക്ക് അധിനിവേശസേനക്കാർ പറഞ്ഞയച്ചു. ഭാഗ്യം തുണച്ച ലക്ഷക്കണക്കിനാളുകൾ പലപല നാടുകളിലേക്ക് പലായനം ചെയ്തു ഛിന്നഭിന്നമായി.
അമ്മയുടെ ഓർമ്മ പോയത് എത്ര നന്നായി. പഴയ ഇറാഖിനെയും പഴയ ബസ്രയെയും ഇസ്രായേലിലിരുന്ന് അമ്മയ്ക്ക് സ്വപ്നം കാണാനും അയവിറക്കാനും കഴിയുന്നു. അവിടെ വെളിച്ചമുള്ള ഒരു സ്ഥലവും, പുഴയൊഴുകുന്ന ഒരു നാടും അമ്മയ്ക്ക് ദൂരെയിരുന്നു കാണാൻ കഴിയുന്നു.
അമ്മ ഒന്നും അറിയണ്ട.

5 January 2014

അവരുടെ ഈസ്റ്റിന്ത്യാ കമ്പനികളും നമ്മുടെ കല്ല്യാണരാമന്മാരും


പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈസ്റ്റിന്ത്യാ കമ്പനി ബംഗാളിലെ നെയ്ത്തുകാരെ സഹായിച്ച കഥ ഓർമ്മയില്ലേ? ഒറ്റയ്ക്കും തെറ്റയ്ക്കും ഇരുന്നു തുണിനെയ്യുന്നവരുടെ പെരുവിരൽ മുറിച്ച് അവരുടെ അന്നം മുട്ടിച്ചു അന്നവർ. അവരിൽ പലരും നിവൃത്തിയില്ലാതെ നാടുവിട്ടോടി യു.പി.യിലേക്കും മറ്റും രക്ഷപ്പെട്ടു. അത് അന്ന്.
രണ്ടുനൂറ്റാണ്ടിനിപ്പുറം, ക്രാന്തദർശിയായ മറ്റൊരാൾ സ്വന്തം നാട്ടിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ തളർച്ചയില്ലാതെ നടന്നുനീങ്ങുന്നു. ഇന്ത്യയുടെ പട്ടിന്റെ പാരമ്പര്യം തേടിയുള്ള യാത്രയിലാണയാൾ. സ്വന്തം കുടിലുകളിലിരുന്ന് പട്ടു നെയ്യുന്നവരെ സ്നേഹപൂർവ്വം തലോടി, അവർ കൊടുത്ത കാപ്പി കുടിച്ച്, അവരോട് കുശലം പറഞ്ഞ് അയാൾ അവരെ സംഘടിപ്പിക്കുന്നു. അവർക്ക് എല്ലാവിധ സൌകര്യങ്ങളും ചെയ്തുകൊടുക്കുന്നു. അങ്ങിനെ ആ ഒറ്റപ്പെട്ട മനുഷ്യർ കൂടുതൽ മെച്ചപ്പെട്ട പട്ടുതുണികൾ നിർമ്മിക്കുന്നു. ഇതിനേക്കാൾ നല്ല പട്ട് സ്വപ്നത്തിൽ മാത്രമെന്ന് നമ്മളോട് മറ്റു ചിലർ സാക്ഷ്യം പറയുന്നു. പട്ടിനെ വെല്ലുന്ന പട്ടുപോലത്തെ മനുഷ്യർ.
നഗരകാന്താരങ്ങളിലെ പ്രഭാപൂരമാർന്ന കാഴ്ചമുറികളിലേക്ക് പിന്നെ ആ പട്ട് വരുകയായി. ഒരുനേരം പോലും ഇരുന്നു നടുനിവർക്കാൻ കഴിയാതെ, ആ പട്ടിനെ സ്വപ്നത്തിൽ മാത്രം കാണാൻ കഴിയുന്ന പെൺകുട്ടികൾ അത് നിങ്ങൾക്ക് വിൽക്കുന്നു. അതുവിറ്റുകിട്ടുന്ന പണം കൊണ്ട് നഗരങ്ങളിൽ സ്വർണ്ണാഭരണക്കടകളും പട്ടുകടകളും അതിന്റെ ചെറുതും വലുതുമായ ദല്ലാളുകളും തിന്നുകൊഴുക്കുന്നു. പെറ്റുപെരുകുന്നു. മാസാന്ത്യത്തിൽ എണ്ണിച്ചുട്ടപ്പം പോലെ അവർക്കു കിട്ടുന്ന കാശിൽനിന്ന് പട്ടുപോലുള്ള കല്ല്യാണരാമന്മാർ പിന്നെയും പിന്നെയും വെട്ടിമാറ്റുന്നു. അപ്പോഴും അവർ പകലന്തിയോളം നിൽക്കുകയും നിങ്ങളുടെ മുന്നിൽ ചിരിച്ച മുഖവുമായി കുശലാന്വേഷണങ്ങളോടെ വരുകയും നടന്നുനീങ്ങുകയും നിങ്ങൾക്ക് ശീതളപാനീയങ്ങൾ ഉപചാരപൂർവ്വം വെച്ചുനീട്ടുകയും ചെയ്യുന്നു.
സ്വന്തം പട്ടിണി മാറ്റാൻ അദ്ധ്വാനിക്കുന്ന അവരുടെ വിയർപ്പിന്റെ മുത്തുമണികൾ വീണ്ടും കവർന്നെടുത്ത് കല്ല്യാണരാമന്മാർ പിന്നെയും പട്ടുകൾ വിറ്റുകൊണ്ടേയിരിക്കുന്നു.
കല്ല്യാണരാമന്മാർക്ക് പട്ടുകൾ നിർമ്മിച്ചുകൊടുത്ത ആ ഗ്രാമഗ്രാമാന്തരങ്ങളിലെ നെയ്ത്തുകാരുടെ പെരുവിരലുകൾ ഇപ്പോഴും ബാക്കിയുണ്ടാവുമോ എന്തോ!

3 January 2014


പണ്ടത്തെ നക്സലൈറ്റുകാര്‍



അച്ഛച്ചന് എല്ലാതിനെയും പേടിയായിരുന്നു. ഇരുട്ടിനെ, ഒറ്റയ്ക്കാവുന്നതിനെ, ഇഴജന്തുക്കളെ, ഗൗളി-എട്ടുകാലി വര്‍ഗ്ഗങ്ങളെ, കുട്ടികളുടെ അതിരുവിട്ട കളികളെ, നിസ്സാരമായ ശാരീരിക അസ്വാസ്ഥ്യങ്ങളെ. എല്ലാറ്റിനെയും.
അങ്ങിനെയിരിക്കെയാണ്‌, കല്ലടിക്കോടന്‍ മലയില്‍ ഒളിച്ചുതാമസിച്ച്, വിക്ടോറിയാ കോളേജിലെ ഹോസ്റ്റലിലിരുന്ന് നന്നായി ആസൂത്രണം ചെയ്ത ചില ചെറുപ്പക്കാര്‍ തൊള്ളായിരത്തി എഴുതുപത് ജൂലായ് മുപ്പതിന്‌ കോങ്ങാട്ടെത്തി നാരായണന്‍‌കുട്ടിനായരെ കൊന്ന് തലയറുത്ത് പടിപ്പുരയ്ക്ക് സമീപം വെച്ചത്. കൊല്ലേണ്ട ഉരുപ്പടിതന്നെയായിരുന്നു നാരായണന്‍‌കുട്ടിനായരെന്ന ഫ്യൂഡല്‍ മാടമ്പി.
തിരുനെല്ലി, തലശ്ശേരി, പുല്‍‌പ്പള്ളി ഭാഗത്ത് 68-ല്‍ തന്നെ തിരയിളക്കം തുടങ്ങിക്കഴിഞ്ഞിരുന്നു. തലശ്ശേരി പോലീസാക്രമണവും ഹവില്‍ദര്‍ കുഞ്ഞിരാമന്‍‌നായരുടെയും ശങ്കുണ്ണിമേനോന്റെയും, കണ്ണൂരില്‍ ചേനിച്ചേരി കൃഷ്ണന്‍ നമ്പ്യാരുടെയും കൊലപാതകങ്ങളും, കോട്ടയത്ത് ഇരുട്ടുകോണത്തെ ചെറിയാനെതിരെയുള്ള ആക്രമണവുമെല്ലാം നടന്നുകഴിഞ്ഞിരുന്നു.
വള്ളുവനാട്ടിലെയും ഏറനാട്ടിലെയും മിക്കവാറും എല്ലാ ജന്മികുടുംബങ്ങളും ഭീതിയില്‍ കഴിഞ്ഞ കാലമായിരുന്നു അത്. പല കുടുംബങ്ങളും കാവല്‍‌ക്കാരെയും സില്‍ബന്തികളെയും ഒരുക്കിവെച്ചു.
അപ്പോഴാണ്‌ ഗാന്ധിനഗര്‍ 2nd സ്ട്രീറ്റിലെ കോളനിവാസികളെപ്പോലെ ഒരു സുപ്രഭാതത്തില്‍ ഞങ്ങളെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് അച്ഛച്ഛന്‍ ഒരു ഗൂര്‍ഖയെ കാവലിനു വെച്ചത്. പഴയ ജന്മികുടുംബാംഗമായിരുന്നെങ്കിലും അച്ഛച്ഛന്‍ പൊതുവെ കുടിയാന്മാരോടും മറ്റും നല്ലനിലയ്ക്ക് പെരുമാറിയിരുന്നു. അദ്ദേഹത്തെക്കുറിച്ച് പരാതികളൊന്നും ഉണ്ടാവാനുള്ള സാധ്യതയുമുണ്ടായിരുന്നില്ല. എന്നിട്ടും മൂപ്പര്‍ക്ക് കലശലായ പേടിതോന്നിക്കാണണം.
അങ്ങിനെ വരുത്തിയതാണ്‌ ആ ഗൂര്‍ഖയെ. സൗമ്യനായിരുന്നു അയാള്‍. പകല്‍ മുഴുവന്‍ വീടിന്റെ രണ്ടുഭാഗത്തുമുള്ള പടിപ്പുരയില്‍ എവിടെയെങ്കിലും ഇരിക്കുകയോ വിശ്രമിക്കുകയോ ചെയ്തിരുന്നു അയാള്‍. ഭക്ഷണം വീട്ടില്‍ നിന്ന് കൊടുക്കും. മേലാറ്റൂരില്‍നിന്നും പെരിന്തല്‍‌മണ്ണയില്‍നിന്നുപോലും ചിലപ്പോള്‍ ആളുകള്‍ വരാറുണ്ടായിരുന്നു ഗൂര്‍ഖയെ കാണാന്‍. ഞങ്ങള്‍ കുട്ടികളോട് അയാള്‍ മലയാളവും ഹിന്ദിയുമൊക്കെ കലര്‍ത്തി സംസാരിക്കും. ഞങ്ങള്‍ വെറുതെ ചിരിച്ച്, തമ്മില്‍ത്തമ്മില്‍ കുശുകുശുത്ത് അയാളെ നോക്കിനില്‍ക്കും.
രാത്രിയായാല്‍ അയാള്‍ വീടിന്റെ ഉമ്മറത്ത് വന്ന് കാവലിരിക്കും. ഇടയ്ക്ക് ചുറ്റും നടക്കും. അച്ഛച്ഛനെയും അച്ഛമ്മയെയും കാണുമ്പോള്‍ അയാള്‍ ഭവ്യതയോടെ വണങ്ങും. അച്ഛച്ഛന്‍ പുറത്തേക്കിറങ്ങുമ്പോള്‍ അയാളും കൂടെപ്പോവും.
ഒന്നുമുണ്ടായില്ല. അച്ഛച്ഛന്‍റ്റെ തല സ്ഥാനത്തുതന്നെ ഇരുന്നു. നക്സലൈറ്റുകള്‍ അകത്താവുകയും ചിലര്‍ ജയില്‍ചാടി രക്ഷപ്പെടുകയും വീണ്ടും അകത്താവുകയും ഒക്കെ ചെയ്തു.
ഗൂര്‍ഖയുടെ പണി കുറഞ്ഞു. മിക്കവാറും എല്ലാ സമയവും അയാള്‍ വിശ്രമിക്കാന്‍ തുടങ്ങി. ഒഴിവുകിട്ടുമ്പോള്‍ പിന്നെ അയാള്‍ കുളക്കടവിന്റെ പരിസരത്ത് ചുറ്റിക്കറങ്ങുന്നതുകണ്ടു. അച്ഛച്ഛനേക്കാള്‍ കൂടുതല്‍ അയാള്‍ വീട്ടിലെയും ചുറ്റുവട്ടത്തെയും സ്ത്രീകളെയാണ്‌ ശ്രദ്ധിക്കുന്നത് എന്ന് കേള്‍ക്കാന്‍ തുടങ്ങി. ഒരുനാള്‍ വന്നതുപോലെ അയാള്‍ അപ്രത്യക്ഷനാവുകയും ചെയ്തു.
എന്നിട്ടും അച്ഛച്ഛന്‍റ്റെ പേടി മാറിയില്ല. പണ്ടുമുതല്‍ കുടിയാനായിരുന്ന അയ്യപ്പന്‍ എന്നൊരാളെ കാവലിനു വെച്ചു. അയ്യപ്പനാകട്ടെ, കൊല്ലുന്ന കലയില്‍ നല്ല പ്രവൃത്തി പരിചയവുമുണ്ടായിരുന്നു. തറവാട്ടിലെ പഴയൊരു കാരണവരെ കൊന്ന് ജയില്‍‌ശിക്ഷ കഴിഞ്ഞുവന്ന് വീണ്ടും അച്ഛന്‍ വീടുമായി സ്നേഹസമ്പര്‍ക്കം തുടരുന്ന വിദ്വാനാണ്‌. നക്സലൈറ്റുകള്‍ തലയറുക്കുന്നതിനുമുന്‍പ് നീ എന്നെ കൊല്ലണമെന്ന് അച്ഛച്ഛന്‍ അയ്യപ്പനോട് പറഞ്ഞു ശട്ടം കെട്ടിയതായി ഒരു കഥ കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല.
പിന്നെ അയ്യപ്പനും പോയി.
മെല്ലെമെല്ലെ നക്സലൈറ്റുകളും നാട്ടില്‍നിന്ന് അപ്രത്യക്ഷരായി. ആ പഴയ ഗൂര്‍ഖയെക്കുറിച്ചും പിന്നെ ഒന്നും കേട്ടില്ല. വസന്തത്തിന്റെ പഴയ ഇടിമുഴക്കങ്ങള്‍ നനഞ്ഞ ഓലപ്പടക്കങ്ങളായി ചീറ്റുക മാത്രം ചെയ്ത് പിന്നീട് ആത്മീയഗുഹകളിലേക്കും വലത്തേക്കും പിന്‍‌വാങ്ങി. അന്നത്തെ ആ ഇടിമുഴക്കങ്ങളെപ്പോലും കീപാഡില്‍ വിരലമര്‍ത്തി പരിഹസിക്കുന്ന പുതിയ കാലം വന്നു. അവരുടെ നിഘണ്ടുവില്‍ മാവോയിസ്റ്റുകള്‍ മ്യാവോയിസ്റ്റുകളായി. പക്ഷേ അപ്പോഴും, ഒരിക്കലും ജയിക്കില്ലെന്നറിഞ്ഞിട്ടുപോലും ഒളിവില്‍ ജീവിക്കാനും വേട്ടയാടപ്പെടാനും തയ്യാറായി പുതിയ ചില ചെറുപ്പങ്ങള്‍ സ്വന്തം ജന്മം തുലക്കാന്‍ തീരുമാനിച്ച് മുന്നോട്ട് വരുന്നു. അവിടെയുമിവിടെയും അവര്‍ കാടുകള്‍ക്ക് ജീവന്‍ വെപ്പിക്കുകയും അതിനുള്ളീല്‍നിന്ന് വെടിയൊച്ചകള്‍ കേള്‍പ്പിക്കാനും തുടങ്ങിയിരിക്കുന്നു. 'ഇതിനുമുന്‍പ് ഈ ഭാഗങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത ചിലരെ'ക്കുറിച്ച് നമ്മള്‍ ഗ്രാമവാസികളില്‍നിന്ന് കേള്‍ക്കാന്‍ തുടങ്ങുന്നു.
പക്ഷേ ഇന്നത്തെ പുതിയ ജന്മികള്‍ക്ക് കാവലിരിക്കാന്‍ ഗൂര്‍ഖകളോ കുടിയാന്മാരോ ഇല്ല. പകരം കാവലിരിക്കുന്നത് മാധ്യമങ്ങളും തണ്ടര്‍ബോള്‍ട്ടുകാരും.

23 December 2014

ആര്‍ത്തവം



ആർത്തവത്തെക്കുറിച്ച് പറയുമ്പോഴൊക്കെ അമ്മയുടെയും അച്ഛന്റെയും കഥ ഓർമ്മവരും.  അമ്മയുടെയും അച്ഛന്റെയും കഥയാണെങ്കിലും, കഥ കേട്ടത് നല്ല പകുതിയിൽനിന്നാണ്. അവരോട് അമ്മ തന്നെ പറഞ്ഞ കഥയാണ്. പത്തുവർഷം മുൻപ് തന്നെ വിട്ടുപോയ ആളെക്കുറിച്ച് ഓർക്കുമ്പോൾ അമ്മക്ക് ഓരോരോ ഓർമ്മകൾ വരുന്നുണ്ടാവണം.അതൊക്കെ ആരോടെങ്കിലും പറയണമെന്നും തോന്നിയിരിക്കും. മകനോട് പറയാനുമാവില്ല. മകനേക്കാൾ സ്വാതന്ത്ര്യം മരുമകളോടാണ്.

കല്ല്യാണം കഴിഞ്ഞ് അധികനാളാവുന്നതിനുമുൻപുതന്നെ ‘പുറത്ത്’ ആയ അമ്മ, അമ്മവീട്ടിൽ വടക്കിനിയിലെ ജനലരികിലിരിക്കാറുണ്ടായിരുന്നുവത്രെ. അപ്പോൾ ആരും കാണാതെ അച്ഛൻ വന്ന് അമ്മയെ തൊടുന്നതുപോലെ അഭിനയിക്കാറുണ്ടായിരുന്നുവെന്ന്. ആ നാലഞ്ചു ദിവസം ഇടയ്ക്കിടയ്ക്ക് ഈ നാടകം നടക്കാറുണ്ടായിരുന്നുവെന്നും.

പിന്നീട് എറണാകുളത്തും ഏലൂരിലുമുള്ള വാടകവീട്ടിലേക്ക് മാറിയപ്പോഴൊന്നും ആ നാടകം കാണേണ്ടിവന്നിട്ടില്ല. അന്നും മാസത്തിൽ നാലഞ്ചുദിവസം അമ്മ ‘പുറത്ത്’ആയിരുന്നിട്ടുണ്ടാകും. എന്നിട്ടും പുറത്തായിരിക്കുമ്പോഴും ഒരുമിച്ച് ഒരേ കട്ടിലിൽ പുറത്താവാതെ അവരിരുവരും കിടന്നിട്ടുണ്ടാകും. ഇന്ന് ഞാനും നിങ്ങളും നമ്മുടെ അവരുമൊക്കെ കഴിയുന്നതുപോലെ.

നല്ല പകുതി ആ കഥ പറഞ്ഞുതന്നതിനുശേഷം അമ്മയുടെ കണ്ണിലെ നരച്ച കൃഷ്ണമണിയിലേക്ക് നോക്കുമ്പോഴൊക്കെ എനിക്ക് ആ രംഗം ഓർമ്മവരും. പുറത്തായ ഒരു സ്ത്രീയെ പുറത്തുനിന്ന് തൊടാൻ ഓങ്ങുന്ന ഒരു ചെറുപ്പക്കാരനും, മനസ്സില്ലാമനസ്സോടെയാണെങ്കിലും ശങ്കിച്ച് പിന്മാറുന്ന, ഉള്ളിലിരിക്കുന്ന പുറത്തായ ആ സ്ത്രീയും.

പക്ഷേ, ഒരമ്മയെയും മകളെയും വണ്ടിയിൽനിന്ന് ആർത്തവത്തിന്റെ പേരിൽ രാത്രിയിൽ പെരുവഴിയിൽ ഇറക്കിവിടുന്ന ഇന്നത്തെ ഈ കെട്ട കാലത്തിന്റെ അശുദ്ധിയൊന്നും അവരുടെ ആ പഴയ കാലത്തിനുണ്ടായിരുന്നില്ല എന്നു തോന്നുന്നു.

18 December 2014

അയിത്തത്തിന്റെ ആദ്യപാഠങ്ങള്‍



രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാണ് മലയാളം പാഠപുസ്തകത്തിൽ അയിത്തം എന്ന സാധനത്തെ ആദ്യമായി കാണുന്നത്. സ്കൂളിൽനിന്ന് വൈകുന്നേരം വീട്ടിലേക്ക് അപ്പു വരുമ്പോൾ കൂടെ അവന്റെ ഒരു സുഹൃത്തുമുണ്ടായിരുന്നു. താഴ്ന്ന ജാതിക്കാരനായതുകൊണ്ട് സുഹൃത്തിനെ വീട്ടിനകത്തേക്ക് പ്രവേശിപ്പിക്കാൻ അപ്പുവിന്റെ അമ്മമ്മ സമ്മതിച്ചില്ല. സുഹൃത്തിനെ കയറ്റാൻ അനുവദിക്കാത്ത വീട്ടിലേക്ക് താനും കയറുന്നില്ലെന്ന് അപ്പു. അമ്മമ്മയുടെ ഭാഗം പിടിച്ചുനിന്ന അമ്മയും ഒടുവിൽ മകന്റെ ഭാഗത്തേക്ക് കാലുമാറി. തന്റെ മകൻ കയറാത്ത വീട്ടിൽ തനിക്കും താമസിക്കേണ്ടെന്നായി അവർ. പാവം അമ്മമ്മ. അവർ ഒറ്റപ്പെട്ടു. നിവൃത്തിയില്ലാതെ, ഒടുവിൽ അവരും കീഴടങ്ങുന്നു. അപ്പുവിനെയും അവന്റെ സുഹൃത്തിനെയും ആ അമ്മമ്മ വീട്ടിനകത്തേക്ക് ആനയിക്കുന്നതോടെ കഥ തീരുന്നു. പാഠത്തെ അവലംബിച്ച് ഉത്തരമെഴുതേണ്ട ചോദ്യമായിരുന്നു ബഹു വിശേഷം “അപ്പു അവന്റെ അമ്മമ്മയുടെ തെറ്റിദ്ധാരണയെ അകറ്റിയത് എങ്ങിനെ?” എന്നായിരുന്നു അത്. എത്ര ലളിതമായ കഥ! എത്ര ശുദ്ധമാനസരായ കഥാപാത്രങ്ങൾ! എത്ര നിഷ്ക്കളങ്കരായ പാഠപുസ്തക രചയിതാക്കൾ! എന്തൊക്കെ പറഞ്ഞാലും ആ കഥ ഇന്നും മനസ്സിൽ നിൽക്കുന്നുണ്ട്.

ആലോചിച്ചുനോക്കിയാൽ നാൽ‌പ്പത്തഞ്ചു കൊല്ലം മുൻപ് അങ്ങിനെയൊരു അമ്മമ്മയും അമ്മയുമൊന്നും കേരളത്തിൽ അധികമൊന്നും ഇല്ലായിരുന്നുവെന്നുവേണം പറയാൻ. അതിനുതക്കവണ്ണം ആരൊക്കെയോ ഉഴുതുമറിച്ച മണ്ണിലിരുന്നുകൊണ്ടാണ് അറുപതുകളുടെ അവസാനം ആ പാഠം പഠിക്കേണ്ടിവന്നത്.

എന്നാൽ ഇന്ന് അതല്ല സ്ഥിതി. അതിനേക്കാൾ സൂക്ഷ്മമായ അയിത്താചരണങ്ങളിലൂടെയും, അതിനെ ന്യായീകരിക്കാനുള്ള ‘ശാസ്ത്രീയ ഉക്തി‘കളുമായിട്ടാണ് ഇന്നത്തെ അപ്പുമാരെ ഇന്നത്തെ അപ്പനമ്മമാരും അമ്മമ്മമാരും വളർത്തിയെടുക്കുന്നത്. ഒരുപക്ഷേ അപ്പുവിന്റെ സുഹൃത്തിനെ അവർ വീട്ടിനകത്തേക്ക് കടത്തിയിരുത്തിയെന്നുവെന്നും വരാം. പക്ഷേ അപ്പോഴും സ്വന്തം അപ്പുവിന്റെ ‘മെറിറ്റി’നെ തോൽ‌പ്പിച്ച് അവന്റെ അവസരങ്ങളെ ‘തട്ടിയെടുക്കുന്ന’ ‘ജാതിയിൽ താണ’ ആ സുഹൃത്തിനെ എപ്പൊഴും അവർ ഉള്ളിന്റെ പുറത്തുതന്നെയാവും ഇന്ന് നിർത്തുക. അപ്പുവിന്റെ സുഹൃത്തിനെ അടുത്തിരുത്തിക്കൊണ്ടുതന്നെ അവർ ‘പട്ടിയെയും പൂച്ച’യെയും കുറിച്ച് നസ്യം പറയും. ഇന്നത്തെ അപ്പുമാരാകട്ടെ പഴയകാലത്തെ തെറ്റിദ്ധാരണകളെ ശരിയായ ധാരണകളായി മനസ്സിലാക്കി ഉള്ളിൽ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു.

ആരും ആരുടെയും തെറ്റിദ്ധാരണകളെ മാറ്റുന്നില്ല എന്നതാണ് നമ്മൾ പാഠങ്ങളിൽനിന്ന് പഠിക്കുന്നത്. ഇതുവരെ പഠിച്ചതും അതല്ലാതെ മറ്റൊന്നുമായിരുന്നില്ല.

30 November 2014

കുട്ടികള്‍ പ്രണയലേഖനമെഴുതുമ്പോള്‍


കുറച്ചു ദിവസം മുൻപ് എഴുതിയിരുന്നില്ലേ, നമ്മുടെ യുവതയിൽ പ്രതീക്ഷ നഷ്ടപ്പെടാറായിട്ടില്ലെന്ന്. ഇന്ന് വീണ്ടും അത് ഒന്നുകൂടി ബലപ്പെട്ടു.

മകന്റെ സ്കൂളിലെ മുതിർന്ന ക്ലാസ്സിലെ ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ബാഗുകളിൽനിന്ന് പ്രേമലേഖനങ്ങൾ കണ്ടെടുത്തുവത്രെ. അതും സ്മാർട്ട് ഫോണും, ഫെയിസ്ബുക്ക് ചാറ്റും, ഇമെയിലുകളുമൊക്കെ പുഷ്പം പോലെ ഉപയോഗിക്കാനറിയുന്ന കുട്ടികൾ പരസ്പരം കത്തയക്കുക.

“ജീവിതം യൌവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവും” എന്നൊക്കെ എഴുതിക്കാണുമോ ആ കുട്ടികൾ അതിൽ? എന്റെ ജീവനേ, എന്റെ കരളേ എന്നൊക്കെയായിരിക്കുമോ അവർ അതിൽ അഭിസംബോധന ചെയ്തിരിക്കുക? എനിക്ക് നീയില്ലാതെ ജീവിക്കാനാവില്ല എന്ന് ഒരാളും, എനിക്കും അതിനു കഴിയില്ല എന്ന് മറ്റേയാളും എഴുതിക്കാണുമോ അതിൽ? എനിക്കു വേണ്ടി കാത്തിരിക്കാമോ എന്ന ഒരുവന്റെ ചോദ്യവും, മരണം വരെ ഞാൻ കാത്തിരിക്കാം എന്ന ഒരുവളുടെ മറുപടിയുമായിരിക്കുമോ അതിലുണ്ടായിരുന്നിരിക്കുക.ആ കത്തുകളൊന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ!

പ്രണയവും കാത്തിരിപ്പും പ്രതീക്ഷകളും എല്ലാം നമ്മുടെ ചുറ്റുമുള്ള ചെറുപ്പങ്ങളിൽനിന്ന്  മെല്ലെമെല്ലെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നു തോന്നുമ്പോഴേക്കും, കൌമാരങ്ങളിലേക്ക് ഇന്നലെമാത്രം കടന്നുവന്നവരിൽ വീണ്ടും അവയൊക്കെ ഇതൾ‌വിടർത്തിനിൽക്കുന്നത് കാണുമ്പോൾ, ജീവിതമേ, എന്തൊരു സൌന്ദര്യമാണ് നിനക്ക്. എന്തൊരു സൌരഭ്യം..കാലമേ..ഇനിയെത്ര വസന്തങ്ങൾ കഴിഞ്ഞാലും..

20 November 2014

അടൂരിന്റെ സിനിമാ കാഴ്ചകള്‍

അടൂരിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ വീണ്ടും കല്‍ക്കത്തയെയാണ്‌ ഓര്‍മ്മവന്നത്. 85-86-ല്‍ സത്യജിത്ത് റായുടെ സിനിമകളുടെ റീട്രോസ്പെക്ടീവുകളുടെ പ്രദര്‍ശനം ഒരിക്കല്‍ രവീന്ദ്രസദനത്തില്‍ വെച്ച് നടന്നു. ഇന്നത്തെപ്പോലെ അന്നും, ഇന്ത്യയിലെ മെട്റോ നഗരങ്ങളില്‍ മലയാള സിനിമകളുടെ കമ്പിപ്പതിപ്പുകള്‍ ധാരാളമായി ഇറങ്ങുന്ന സമയമായിരുന്നു അത്. സാധാരണ കുടുംബചിത്രങ്ങള്‍ പോലും 'മാദക'വും "ഉന്മാദ'വുമൊക്കെ ചേര്‍ത്ത് കല്‍ക്കത്തയിലെ ടാക്കീസുകളില്‍ നിറഞ്ഞോടാറുണ്ടായിരുന്നു അന്ന്. ആ പ്രവണതക്കെതിരെ ഒരു മെമ്മോറാണ്ടം എഴുതിത്തയ്യാറാക്കി ചിലര്‍ അടൂരിനെ കാണാനിരുന്നു. പശ്ചിമബംഗാളിന്റെ സിനിമാപ്രവര്‍ത്തകരും മഷായിമാരുമൊക്കെ ഉള്‍പ്പെടുന്ന സദസ്സായിരുന്നു അന്നത്തേത്.

അശ്ലീലസിനിമകള്‍ക്കെതിരെയുള്ള സദാചാരബോധം കൊണ്ട് തയ്യാറാക്കിയതൊന്നുമായിരുന്നില്ല ആ മെമ്മോറാണ്ടം. മലയാള സിനിമകള്‍ ഒട്ടുമിക്കതും ആ നിലവാരത്തിലാണെന്നൊരു പൊതുബോധം ബംഗാളികള്‍ക്കിടയിലുണ്ടാക്കാന്‍ ഇത്തരം സിനിമകള്‍ കാരണമാകുന്നു എന്നതുകൊണ്ട്, അതിനെതിരായി അധികാരികള്‍ക്ക് ഒരു പരാതി കൊടുക്കുക എന്നൊരു ഉദ്ദേശ്യമേ അതിനു പിന്നില്‍ ഉണ്ടായിരുന്നുള്ളു.

സത്യജിത്ത് റായ് എന്ന ഇന്ത്യന്‍ സിനിമയിലെ ആ വലിയ തലയെടുപ്പിനെ ജീവനെ കാണുന്നതും അന്നായിരുന്നു. വിശിഷ്ടാതിഥികള്‍ നടന്നുവരുമ്പോള്‍ അടൂരിനു നേരെ മെമ്മോറാണ്ടം നീട്ടി. എന്താണു കാര്യമെന്ന് ചോദിച്ചു. വിഷയം പറഞ്ഞു. അതൊന്നു വായിച്ചുനോക്കാന്‍ പോലും കൂട്ടാക്കാതെ, 'ഇത് അതിനുള്ള വേദിയല്ല' എന്നു പറഞ്ഞ് ഒഴിയുകയാണ്‌ അന്ന് അടൂര്‍ ചെയ്തത്.

രവീന്ദ്രസദനത്തിലെ റായുടെ റിട്രോസ്പെക്ടീവിന്റെ ഉദ്ഘാടനവേദി മലയാളസിനിമയെക്കുറിച്ച് പറയാനുള്ള  വേദിയായിരുന്നില്ലെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമായിരുന്നു. എങ്കിലും ലോകസിനിമയുടെ ഗ്രാഫിലേക്ക് മലയാള സിനിമയെ എത്തിച്ചുവെന്നൊക്കെ പറയപ്പെടുന്ന ഒരാള്‍ക്ക് തന്റെ ഭാഷയിലുള്ള സിനിമകളെക്കുറിച്ച് മറ്റുള്ളവരിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിച്ഛായയെക്കുറിച്ച് അധികാരികളെ ഓര്‍മ്മപ്പെടുത്താന്‍ ഏതൊരു വേദിയും ഉപയോഗിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. അതുണ്ടായില്ല.

അടൂരിന്റെ ചില സിനിമകളെ സ്നേഹിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ സോമന്റെ ആ ഇറെവറന്‍സ് അന്നുമുതലുണ്ട്. സിനിമകള്‍ എന്നത് സംഭാഷണങ്ങളിലൂടെ, അതിന്റെ സബ്‌ടൈറ്റിലുകളിലൂടെ, അതും ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിലൂടെ മാത്രം പ്രക്ഷേപണം ചെയ്യപ്പെടുന്ന കലയാണെന്ന ബോധം പേറുന്നവരെയും, യാഥാര്‍ത്ഥ്യപ്രതീതി ജനിപ്പിക്കാന്‍ ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലെ ബാറ്റ ചെരുപ്പ് അന്വേഷിച്ച് നടക്കുന്നവരെയുമൊക്കെ വിശ്വസം‌വിധായകരായി ആദരിക്കേണ്ടിവരുന്ന കെട്ടകാലമാണിത്. പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെവന്ന കുട്ടികളൊക്കെ തകര്‍പ്പന്‍ സിനിമകളും പ്രമേയങ്ങളുംഎടുക്കുകയും  സിനിമക്കകത്തും പുറത്തും നിലപാടുകളെടുക്കുകയുമൊക്കെ ചെയ്യുമ്പോള്‍,  ജീര്‍ണ്ണിച്ച തറവാടിന്റെ ജനലഴികളുടെ പശ്ചാത്തലത്തില്‍ പൂമുഖത്തിരുന്ന് ഓണത്തിനും വിഷുവിനും ചാനലുകള്‍ക്കുവേണ്ടി അഭിമുഖസംഭാഷണം നടത്തി കാലക്ഷേപം കഴിക്കുന്നവര്‍ നമ്മുടെ സിമ്പതി മാത്രമാണര്‍ഹിക്കുന്നത്.

13 November 2014

തങ്കപ്പന്‍ നായര്‍


കെ.ആര്‍ മീരയുടെ നോവലില്‍ പി.തങ്കപ്പന്‍ നായരെ കുറിച്ച് പരാമര്‍ശം കണ്ടപ്പോള്‍ സന്തോഷം തോന്നി. കല്‍ക്കത്തയിലെ ഭാരതീയ വിദ്യാഭവനില്‍ പത്രപ്രവര്‍ത്തനത്തിന്റെ ഒരു വര്‍ഷത്തെ ഡിപ്ലോമ പഠനത്തിന്റെ അവസാനം തിരഞ്ഞെടുത്ത പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണ്‌, ഭാവിയില്‍ ഒരു കുല്‍ദീപ് നയ്യാരോ, സി.പി. രാമചന്ദ്രനോ, നിഖില്‍ ചക്രവര്‍ത്തിയോ ഒക്കെ ആകുമെന്ന് സ്വയം വിശ്വസിച്ച ഒരു ചെറുപ്പക്കാരന്‍ ഒരു വൈകുന്നേരം അദ്ദേഹത്തെ കാണാന്‍ പോയത്. കല്‍ക്കത്തയുടെ അറിയപ്പെടാത്ത ചരിത്രം രേഖപ്പെടുത്തിയാ, രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന അധികമാരും അറിയാത്ത ഒരു മലയാളിയുണ്ടെന്ന് പറഞ്ഞുതന്നത് കല്‍ക്കത്ത നാഷണല്‍ ലൈബ്രറിയിലെ മലയാള വിഭാഗം മേധാവിയായിരുന്ന അന്തരിച്ച കെ.എം.ഗോവിയായിരുന്നു.

ഒരു പഴയ വീട്ടിലെ കുടുസ്സായ മുറിയില്‍, പുസ്തകക്കൂമ്പാരങ്ങളുടെയും  വര്‍ഷങ്ങളുടെ പൊടിയും മണവും നിറഞ്ഞ കടലാസ്സുകെട്ടുകളുടെയുമിടയില്‍ കൂനിക്കൂടിയിരിക്കുകയായിരുന്ന ആ മനുഷ്യന്‌ ആ വരവ് ഒട്ടും ഇഷ്ടപ്പെട്ടതായി തോന്നിയില്ല. സ്വയം പരിചയപ്പെടുത്തി, തുടക്കക്കാരനായ ഒരു പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിയുടെ അല്‍‌പ്പം പൊങ്ങച്ചം നിറഞ്ഞ ഒരു ഭാവത്തോടെ ആ ചെറുപ്പക്കാരന്‍ ആ ചരിത്രകാരനെ അഭിമുഖം ചെയ്യാനിരുന്നു. കുറേ നേരം സംസാരിച്ചു. അതിനിടയില്‍ അദ്ദേഹം തന്നെ ചായ ഉണ്ടാക്കിത്തന്നു. രാത്രി ഏറെ വൈകിയിട്ടാണ്‌ അവിടെ നിന്ന് ഇറങ്ങിയത്.

പിറ്റേന്ന് അതിരാവിലെ ഒരാള്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് ചെറിയമ്മ പറഞ്ഞു. ചെന്നു നോക്കിയപ്പോള്‍ അത്, ആ ചരിത്രകാരനായിരുന്നു. ഒന്നുരണ്ട് വിശേഷം പറച്ചിലിനു ശേഷം അദ്ദേഹം ഒരു കടലാസ്സ് കൈയ്യില്‍ തന്നു. ഒരാളെ അഭിമുഖം ചെയ്യുമ്പോള്‍ അയാളെക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ അറിഞ്ഞിരിക്കേണ്ട, ചോദിച്ചിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ അക്കമിട്ട് എഴുതിയ ഒരു കടലാസ്സായിരുന്നു അത്. അത് ആ ചെറുപ്പക്കാരനു കൊടുക്കുമ്പോള്‍ ആ മനുഷ്യന്റെ ചുണ്ടത്ത് ഒരു ചെറിയ കുസൃതിചിരിയുണ്ടായിരുന്നു എന്നും ഓര്‍മ്മയിലുണ്ട്. ചായ മാത്രം കുടിച്ച് തിരക്കുണ്ടെന്ന് പറഞ്ഞ് ആ മനുഷ്യന്‍ തിരിച്ചുപോയി.

രാഷ്ട്രീയവും നാടകവുമൊക്കെയായി തരികിട കളിച്ചു നടന്ന അന്നത്തെ ആ ചെറുപ്പക്കാരന്‍ ആ പ്രൊജക്റ്റ് അത്തവണ പൂര്‍ത്തിയാക്കിയില്ല. പഠനവും. പിന്നീട് ആ ചരിത്രകാരനെ നേരിടാനുള്ള ധൈര്യവും നഷ്ടമായിരുന്നു. എങ്കിലും കല്‍ക്കത്തയെക്കുറിച്ച്, അതിന്റെ ചരിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ആദ്യം ഓര്‍മ്മയില്‍ വരിക, വിനീതനും , ഒരു പൊടി എക്സന്‍ഡ്രിക്ക് എന്ന് ആദ്യത്തെ കണ്ടുമുട്ടലില്‍ ഒരാള്‍ക്ക് തോന്നിയേക്കാവുന്നതുമായ ആ വലിയ ചരിത്രകാരനെയാണ്‌. ആ പഴയ വീടും, പുസ്തകങ്ങളും കടലാസ്സുകുന്നുകളും നിറഞ്ഞ ഇരുണ്ട മുറിയും, അഞ്ചു പതിറ്റാണ്ടോളം കാലം, ആ നാടിന്റെ തെരുവായ തെരുവൊക്കെ അതിന്റെ ചരിത്രം അന്വേഷിച്ച് നടന്ന്, അതൊക്കെ അമ്പതോളം പുസ്തകങ്ങളിലാക്കി ഭാവിതലമുറക്കുവേണ്ടി എഴുതിവെച്ച് തങ്കപ്പന്‍ നായര്‍ എന്ന നഗ്നപാദ ചരിത്രകാരനെയായിരുന്നു.

ആ തങ്കപ്പന്‍ നായരെയാണ്‌ മീര വീണ്ടും മുന്നില്‍ കൊണ്ടുവന്നുനിര്‍ത്തിയത്. നന്ദി മീര.

8 November 2014

കത്തുകള്‍ തുടരുന്നു (രണ്ടാം ഭാഗം)


പ്രതീക്ഷയുടെ ഒരു രജതരേഖയെങ്കിലും കാണുമെന്ന് കരുതി ചുരുങ്ങിയത് രണ്ടുതവണയെങ്കിലും ഞാന്‍ താങ്കളുടെ കത്തു വായിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. പക്ഷേ ആ ചോളപ്പാടത്തിനരികിലൂടെ വണ്ടിയോടിക്കുമ്പോള്‍ സാധ്യതയുള്ള പരിഹാരങ്ങളെക്കുറിച്ചുള്ള ചിന്ത എന്റെ മനസ്സില്‍ വന്നില്ല എന്നു പറയുന്നത് നുണയായിരിക്കും. 

 ഇത്രയധികം ചോളമുണ്ടായിട്ടും ഇവിടെ, ഇസ്രായേലിലെപ്പോലെ ഇതുക്ണ്ട് പിസ്സ ഉണ്ടാക്കുന്നില്ല. അവരതിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. ചോളം മുകളില്‍ വിതറിയ പിസ്സയാണ്‌ എന്റെ മക്കള്‍ക്ക് ഇഷ്ടം. പിന്നെ ഒബാമ? ബാല്‍ക്കണിയിലിരുന്നു അയാളുടെ കൂടെ ഞാന്‍ ചോളം കഴിക്കുന്നത് ഒരിക്കലും താങ്കള്‍ക്ക് കാണാന്‍ കഴിയില്ല. എന്നിട്ടുവേണം അമേരിക്കയുടെ രാഷ്ട്രത്തലവന്‍ എന്റെ വീടിന്റെ നിലം മുഴുവന്‍ വൃത്തികേടാക്കാന്‍.

 അതുപോട്ടെ, എല്ലാവര്‍ക്കും തികയുന്ന സ്ഥലമില്ലെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്‌? രാജ്യം തീരെ ചെറുതായിപ്പോയതാണോ  ശരിക്കുള്ള പ്രശ്നം? എനിക്കറിയില്ല, പക്ഷേ ഒരു രാജ്യത്തിനെ എങ്ങിനെ നിര്‍‌വ്വചിക്കണം എന്നതാണ്‌ പ്രധാന പ്രശ്നമെന്ന് എനിക്ക് തോന്നുന്നു. ശരിക്കും അതിന്റെ അതിര്‍ത്തികള്‍ ഏതാണ്‌? രാജ്യം എന്ന് പറയുമ്പോള്‍ താങ്കള്‍ വെസ്റ്റ് ബാങ്കിനെയും ഗാസയെയും ഉള്‍പ്പെടുത്തുന്നുണ്ടോ? നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന ഒരു ദിവസം വരുമെന്ന് ഞാന്‍ എന്നും പ്രതീക്ഷിച്ചിരുന്നു. രാജ്യത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള്‍ എന്താണെന്നും, ആ അതിര്‍ത്തികള്‍ക്കകത്ത് താമസിക്കുന്ന എല്ലാവരും തുല്യാവകാശമുള്ള പൗരന്മാരാണെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഒരിക്കല്‍ ഇസ്രായേല്‍ നടത്തുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. അതിതുവരെ സംഭവിച്ചിട്ടില്ല. പകരം, വെസ്റ്റ് ബാങ്കില്‍നിന്ന് ഒരു നാലായിരം ദുനാം സ്ഥലം ഇസ്രായേല്‍ കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നു എന്ന് ഈയാഴ്ച ഞാന്‍ വായിക്കുകയുണ്ടായി. കുടിയേറ്റപ്പാര്‍പ്പിനോ, അതോ രാജ്യത്തിന്റെ ഉടമസ്ഥതയിലോ മറ്റോ. എന്തായാലും അതിന്റെ അര്‍ത്ഥം, ജൂതന്മാര്‍ക്കു വേണ്ടി പലസ്തീനികളുടെ ഭൂമി മോഷ്ടിക്കുക എന്നതുതന്നെയാണ്‌. പറയൂ എഡ്‌ഗാര്‍, സര്‍ക്കാര്‍ ചെയ്യുന്നതിനെക്കുറിച്ച് നീ എത്രമാത്രം ഭയപ്പെടുന്നു? അതായത്, ലോകം മുഴുവന്‍ ഇസ്രായേലിനെ ഒരു വര്‍ണ്ണവിവേചന രാഷ്ട്രമായി ഔദ്യോഗികമായി കാണാന്‍ പോകുന്നതിനെക്കുറിച്ച് നിനക്കെന്തു തോന്നുന്നു? എന്നെ, അത് വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഞാന്‍ ഇപ്പോഴും ഇസ്രായേലിനെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് വിശ്വസിക്കാന്‍ കഴിയുമോ? സര്‍ക്കാരിനെയോ ജൂതരാഷ്ട്രമെന്ന പദവിയെയോ അല്ല കേട്ടോ, ദൈവം കാത്തുരക്ഷിക്കട്ടെ. ഞാന്‍ ഉദ്ദേശിച്ചത്, ഞാന്‍ ജീവിച്ച നാടിന്റെ ഭാവിയെക്കുറിച്ച്. ആ രാജ്യം അതിന്റെ സ്വന്തം അറബികളെ പൗരന്മാരായി കാണുന്നുണ്ടോ എന്നെനിക്ക് സംശയമാണ്‌. ഞങ്ങള്‍ ഒരു തരം താണ, അഞ്ചാം പത്തികളാണെന്ന് ഞങ്ങളോട് വിശദീകരിക്കാന്‍ അത് തീവ്രമായി പരിശ്രമിക്കുന്നുണ്ട്. പക്ഷേ ഞാന്‍, ആ രാജ്യത്തിന്റെ പൗരനായിട്ടുതന്നെയാണ്‌ എന്നെ കാണുന്നത്. ആഭ്യന്തരവകുപ്പിന്റെ ഔപചാരിക വ്യാഖ്യാനമനുസരിച്ചല്ല ആ വിലയിരുത്തല്‍. എന്റെ രാജ്യത്തിനെക്കുറിച്ച് ഉത്കണ്ഠയുള്ള ഒരു പൗരനാണ്‌ ഞാന്‍ എന്നും, മറ്റൊരു രാജ്യവുമില്ലാത്ത പൗരന്‍ എന്ന നിലയ്ക്ക്, ആ രാജ്യത്തിന്റെ ഭാവി എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്‌. എന്റെ അയല്‍‌വക്കക്കാരായ ജൂതന്മാരുടെ കുട്ടികളെപ്പോലത്തന്നെ എന്റെ മക്കള്‍ക്കും ജീവിക്കാന്‍ പറ്റിയ ഒരു നല്ല നാടായി അതു മാറണമെന്നുതന്നെയാണ്‌ എന്റെ ആഗ്രഹം.

 ആ രാജ്യത്തിന്റെ പൗരനല്ല എന്ന് എന്നെങ്കിലുമൊരിക്കല്‍ എനിക്ക് പറയേണ്ടിവരുന്ന നിമിഷത്തെ എത്ര ഭയപ്പാടോടെയാണ്‌ ഞാന്‍ കാണുന്നത് എന്ന് നിനക്കറിയില്ല. ഈയിടെ പങ്കെടുത്ത ഒരു സമ്മേളനത്തില്‍, കാണികള്‍ക്കിടയില്‍നിന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു, ഇസ്രായേല്‍ എന്നത് നിയമസാധുതയുള്ള രാജ്യമാണോ എന്ന്. ഞാന്‍ ശരിക്കും വിയര്‍ക്കാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു, "അതെ, നിയമവിധേയമല്ലാത്ത ഭീകരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്, കയ്യേറ്റം നിയമവിധേയമല്ല, സെറ്റില്‍മെന്റുകള്‍ നിയമവിധേയമല്ല, അറബ് വംശജര്‍ക്കുനേരെയുള്ള വിവേചനം വംശീയത തന്നെയാണ്‌, പാലസ്തീനികളുടെ അവശിഷ്ടങ്ങള്‍ക്കുമേലെയാണ്‌ രാജ്യം സ്ഥാപിക്കപ്പെട്ടിട്ടുള്ളത് അല്‍ നക്‌ബ (1948-നു ശേഷമുണ്ടായിട്ടുള്ള അറബികളുടെ കൂട്ട ഒഴിഞ്ഞുപോക്ക്) എന്നത് സത്യമാണ്‌, മാത്രവുമല്ല.." ആ സ്ത്രീ പിന്നെയും തുടര്‍ന്നു. "അപ്പോള്‍? എനിക്ക് മനസ്സിലാകുന്നില്ല. ആ രാജ്യം നിയമവിധേയമാണെന്നാണോ എന്നിട്ട് ഇപ്പോഴും നിങ്ങള്‍ പറയുന്നത്?"

 "പക്ഷേ ആളുകള്‍.." ഞാന്‍ മറുപടി പറയാന്‍ ശ്രമിച്ചു, "..പക്ഷേ നോക്കൂ, അവിടെ മനുഷ്യരുണ്ട്..." ഒരുപക്ഷേ എന്നോടുകൂടിയായിരിക്കണം ഞാന്‍ മറുപടി പറയാന്‍ ശ്രമിച്ചത് "

 ചുരുക്കത്തില്‍, എഡ്‌ഗാര്‍, ഇത് എന്നെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. എനിക്കറിയാം, "ദക്ഷിണാഫ്രിക്കയുമായി ഞങ്ങളെ താരതമ്യം ചെയ്യാന്‍ നിങ്ങള്‍ക്കെങ്ങിനെ ധൈര്യം വന്നു" എന്നൊക്കെ ചോദിച്ച് ഇവിടെ ഇസ്രായേലില്‍ ആളുകള്‍ ഒച്ചവെക്കുന്നുണ്ട് എന്ന്. പക്ഷേ ഈ പ്രദേശങ്ങളില്‍ നടക്കുന്നത്, വംശീയാടിസ്ഥാനത്തിലുള്ള വേര്‍തിരിക്കലാണ്‌. ഒരു കുടിയേറ്റക്കാരന്‌ വോട്ട് ചെയ്യാം, സ്വതന്ത്രമായി സഞ്ചരിക്കാം, സാമൂഹ്യ സുരക്ഷാ, ആരോഗ്യ പരിരക്ഷകള്‍ കിട്ടും, പക്ഷേ ഒരു പാലസ്തീനിക്ക് ഇതൊന്നുമില്ല. വംശീയമായ തരം തിരിവെന്നു പറഞ്ഞാല്‍ ഇതാണ്‌. ഇത് ഈ പ്രദേശങ്ങളില്‍ മാത്രമല്ല, എന്നെപ്പോലുള്ള അറബ് പൗരന്മാരെക്കുറിച്ച് പറഞ്ഞാല്‍, 1948-ലെ അതിര്‍ത്തികള്‍ക്കുള്ളിലും നടക്കുന്നുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍  - അതായത് വളരെയടുത്ത കാലം വരെ അറബികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലങ്ങളില്‍ -അറബികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന അഡ്മിഷന്‍സ് കമ്മിറ്റി നിയമത്തിനെതിരെയുള്ള ഹരജി സുപ്രീം കോടതി ഈയാഴ്ച തള്ളിക്കളഞ്ഞ വാര്‍ത്ത എങ്ങിനെയാണ്‌ പത്രങ്ങളില്‍ നിനക്ക് വായിക്കാന്‍ കഴിയുക? ഇത് കുറേക്കാലമായി നടന്നുവരുന്ന ഒന്നാണ്‌. ഇപ്പോള്‍ അതിന്‌ നിയമസാധുതയും കിട്ടിയിരിക്കുന്നു. സ്വന്തം രാജ്യത്ത് ഇഷ്ടമുള്ള  സ്ഥലത്ത് ഒരു പൗരന്‌ താമസിക്കാന്‍ പറ്റാതെ വരുന്നതിനെയും, സ്വന്തം രാജ്യത്തിലെ എണ്‍പതു ശതമാനം സ്ഥലത്ത് പ്രവേശനം നിഷേധിക്കപ്പെടുന്നതിനെയും വിശേഷിപ്പിക്കാന്‍ വംശീയത എന്നല്ലാതെ മറ്റെന്തു വാക്കാണുള്ളത്?

 അതുപോലെ, നിനക്ക് വിശ്വസിക്കാന്‍ പറ്റുമോ, "പക്ഷേ ആളുകള്‍..."എന്ന് ഞാന്‍ മറുപടി പറയുമ്പോഴും എനിക്കറിയാം, അവിടെ ധാരാളം നല്ലയാളുകളുണ്ട്. എന്റെ സുഹൃത്തുക്കള്‍, എന്റെ മക്കളുടെ സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, തൊഴില്‍ പങ്കാളികള്‍, അങ്ങിനെ പലരും. നല്ല, ദൈവവിശ്വാസമുള്ളവര്‍. ഞാന്‍ നിന്റെ തലയില്‍ എന്റെ ഈ രാഷ്ട്രീയമായ പരാതികള്‍ കൊണ്ടിടുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. ഇസ്രായേലിയാണെങ്കിലും, ഇസ്രായേലി ജൂതനാണെങ്കിലും, എന്റെ ഈ നിരാശയും സങ്കടവുമൊക്കെ ശരിക്കും പറഞ്ഞുതീര്‍ക്കേണ്ടത് നിന്നോടല്ല എന്നറിയാന്‍ മാത്രം എനിക്ക് നിന്നെ നന്നായറിയാം. നോക്ക്, "എന്താണ്‌ ISIS-ഉമായി ഏര്‍പ്പാട്? അവര്‍ക്കെന്താണ്‌ വേണ്ടത്?" എന്നൊക്കെ ഒരു ശരാശരി ഇസ്രായേലി എന്നോട് ചോദിക്കുന്നതുപോലെയാണ്‌ ഞാന്‍ ഇപ്പോള്‍ നിന്നോടും ചോദിക്കുന്നത്. ഒരു അറബ് ആയിപ്പോയി എന്ന ഒരൊറ്റ കാരണം കൊണ്ട് അറബികളുടെ ജീനുകളെക്കുറിച്ച്, ഒരേ വിധത്തില്‍ പെരുമാറാന്‍ എല്ലാ അറബികളെയും പ്രേരിപ്പിക്കുന്ന ആ രഹസ്യ ജീനിനെക്കുറിച്ച് ഞാന്‍ അറിഞ്ഞിരിക്കണമെന്ന് പറയുന്നതുപോലെയാണിത്. അത് ഉള്ളില്‍ അടങ്ങിക്കിടക്കുന്നുണ്ടാകാം, പക്ഷേ എപ്പോഴാണ്‌ അതിനു ജീവന്‍ വെക്കുക എന്ന് പറയാന്‍ പറ്റില്ല. സമയത്തിന്റെ പ്രശ്നം മാത്രമേയുള്ളു. ക്ഷമിക്കണേ എഡ്‌ഗാര്‍, പക്ഷേ എന്താണ്‌ ഇസ്രായേലിന്റെ പ്രശ്നം? എന്തുകൊണ്ടാണ്‌ അവര്‍ അങ്ങിനെ പെരുമാറുന്നത്? ഒരു സഹായം ചെയ്യണം, ഇതൊക്കെ, പേടി കൊണ്ടാണെന്നു മാത്രം പറയരുതേ. കാരണം, ഭയം എന്ന ഗുണത്തെ ഞാന്‍ വിലമതിക്കുന്നുണ്ട്, അതിനോട് മനസ്സുനിറയെ ആദരവുമുണ്ട്. പക്ഷേ വിവേചനത്തെ ന്യായീകരിക്കാന്‍ ഭയത്തിനാവില്ല. ഹെബ്രോണിലെയും സില്‍‌വാനിലെയും ജൂതകുടിയേറ്റങ്ങളെ ന്യയീകരിക്കാനും അതിനാവില്ല. ഒരു അറബ് ഗ്രാമത്തെ മുഴുവന്‍ കുടിവെള്ളം കൊടുക്കാതെ ദാഹത്തിലാഴ്ത്താനും ഭയത്തിനാവില്ല. അപ്പോള്‍ പിന്നെ എന്താണത് എഡ്‌ഗാര്‍.

 വീണ്ടും ക്ഷമ, ഇതൊക്കെ നിന്റെ തലയിലിട്ടതിന്‌. പക്ഷേ ആവശ്യത്തിനുള്ള സ്ഥലമില്ലെന്നു പറഞ്ഞ് ചോളപ്പാടങ്ങളെക്കുറിച്ചുള്ള സംസാരം തുടങ്ങിവെച്ചത് നീയാണ്‌. ഇവിടെ ഞാന്‍ ഒരു സ്മൈലി ചേര്‍ക്കും. ഈ സ്മൈലിയെയും അതുപോലുള്ള ചിത്രങ്ങളെയും കുറിച്ച് നിന്റെ അഭിപ്രായം ചോദിക്കണമെന്നുണ്ട് എനിക്ക്. ഇതൊക്കെ ഒരു രണ്ടാം തരം ഭാഷയായതുകൊണ്ട്, എഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഇമെയിലുകളിലും ടെക്സ്റ്റ് മെസ്സേജുകളിലും ഞാന്‍ ഇത് ഉപയോഗിക്കില്ലെന്ന് നീ കരുതുന്നുണ്ടാകുമല്ലേ? മറിച്ച്, ചോദ്യ ചിഹ്നങ്ങളും ആശ്ചര്യ ചിഹ്നങ്ങളും ആദ്യമായി ഉപയോഗിച്ചു തുടങ്ങിയവരെക്കുറിച്ച് ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്. വാക്കുകള്‍ക്കു പകരം, ഈ ചിഹ്നങ്ങള്‍ ഉപയോഗിച്ചവരെ വിലകുറഞ്ഞ രാജ്യദ്രോഹികളായി കണ്ട ഗൗരവക്കാരായ എഴുത്തുകാരെക്കുറിച്ചും ഞാന്‍ ആലോചിക്കാറുണ്ട്. നീ എന്തു പറയുന്നു? :-)

ഷിറയോടും ലെവിനോടും അമേരിക്കയിലെ ഈ അമ്മാവന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കണേ. ഒരിക്കല്‍ വീട്ടിലേക്ക് വരൂ, അവിടെ എല്ലാവര്‍ക്കും ആവശ്യത്തിനുള്ള സ്ഥലമുണ്ട് :-)


പരിഭാഷക കുറിപ്പ്:  The Newyorker-ല്‍ പ്രസിദ്ധീകരിച്ച, സയദ് കാഷ്വയും എഡ്ഗാര്‍ ലെററ്റും തമ്മില്‍ നടത്തിയ എഴുത്തുകുത്തുകളുടെ രണ്ടാം ഭാഗത്തിലെ ആദ്യത്തെ കത്ത്. എഡ്ഗാറിന്റെ മറുപടി കൂടി ഇനി ബാക്കി. പറ്റിയാല്‍ നോക്കാം. ഉറപ്പു പറയുന്നില്ല. ഈ രണ്ടാം ഭാഗത്തിന്റെ ലിങ്ക് വേണമെന്നുള്ളവര്‍ക്ക്, http://www.newyorker.com/uncategorized/tell-story-happy-ending-exchange-etgar-keret-sayed-kashua-part-ii

17 October 2014

"ദയവു ചെയ്ത് ഒരു ശുഭപര്യവസായിയായ കഥ പറഞ്ഞുതരൂ എഡ്ഗാര്‍"



രണ്ടര പതിറ്റാണ്ടുകാലം, ഇസ്രായേലിന്റെ അസഹിഷ്ണുതയെയും വംശീയതയെയും കുറിച്ച് നിരന്തരമെഴുതിക്കൊണ്ടിരുന്നു സയ്യദ് കാഷ്വ. ഇസ്രായേലി പത്രമായ ഹാരെട്സിലൂടെ പലസ്തീന്റെ കഥകള്‍ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇത്തവണത്തെ സബാത്ത് അവധിക്കാലം കുടുംബത്തോടൊപ്പം ഇല്ലിനോയിസില്‍ ചിലവഴിക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ്‌ ജൂലായില്‍ ഇസ്രായേലിന്റെ ഗാസ ആക്രമണം ആരംഭിച്ചത്. ഇസ്രായേലിന്റെ തെരുവിലൂടെ "അറബികള്‍ക്ക് മരണം" എന്ന് ആര്‍ത്തുവിളിച്ച് ജൂതയുവത്വം ഘോഷയാത്ര നടത്തിയപ്പോള്‍ അയാള്‍ക്ക് മടുത്തു. കാഷ്വ എഴുതുന്നു."കഴിഞ്ഞയാഴ്ച ഞാന്‍ എല്ലാം ഉപേക്ഷിച്ചു. ഇത്രകാലം ഞാന്‍ നടത്തിയ ചെറിയ യുദ്ധത്തില്‍ ഞാന്‍ പരാജയപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു". അങ്ങിനെ സയ്യദ് കാഷ്വ കുടുംബത്തോടൊപ്പം അമേരിക്കയിലെ ഷാമ്പയിനിലേക്ക് താമസം മാറ്റി. ഇല്ലിനോയിസ് സര്‍‌വ്വകലാശാലയില്‍ ഹീബ്രൂ പരിശീലകനായി ജോലി ആരംഭിച്ചു. ഈയടുത്ത്, തന്റെ ചിരകാല സുഹൃത്തും, ഇസ്രായേലി സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനുമായിരുന്ന എഡ്ഗാര്‍ കെററ്റുമായി കാഷ്വ ചില കത്തിടപാടുകള്‍ നടത്തി. കാഷ്വയെപ്പോലെ എഡ്ഗാറും ഇസ്രായേലിന്റെ വംശീയ നിലപാടുകള്‍ക്കെതിരെ നിര്‍ഭയമായി നിരന്തരം എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ആധുനിക ഇസ്രായേലി ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി സര്‍റിയലിസ്റ്റ് കഥകളുടെ രചയിതാവാണ്‌ എഡ്ഗാര്‍. ഒരു സിനിമാ പ്രവര്‍ത്തകനും.

അമേരിക്കയില്‍ താമസമാരംഭിച്ചതിനെക്കുറിച്ചും, ജന്മാനാട്ടിലേക്ക് എന്നു പോകാനാകും എന്ന സന്ദേഹവും ആശങ്കയും പങ്കുവെച്ചുകൊണ്ട് സയദ് കാഷ്വ എഡ്ഗാറിനയച്ച കത്തിന്റെ അവസാനം, ഇങ്ങനെയാണ്‌.

"ആക്രമണങ്ങള്‍ക്കും യുദ്ധസം‌വിധാനങ്ങള്‍ക്കുമെതിരായി വ്യത്യസ്തമായ വീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തുന്നതുകൊണ്ട് താങ്കളും ഭാര്യയും അനുഭവിക്കുന്ന ദുരിതങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയുമെങ്കിലും, ഞാനിത് നിനക്കെഴുതുന്നത്, ഒരുപക്ഷേ എനിക്ക് എന്തെങ്കിലുമൊരു പ്രതീക്ഷ നല്‍കണേ എന്ന് ആവശ്യപ്പെടാനാണ്‌. വേണമെങ്കില്‍ നുണ പറഞ്ഞോളൂ, എങ്കിലും എഡ്ഗാര്‍, ശുഭപര്യവസായിയായ ഒരു കഥ പറഞ്ഞുതരൂ, എനിക്ക്".

ഒരു ചെറിയ കഥ ഉള്ളടക്കം ചെയ്ത്, എഡ്ഗാര്‍, സയദ് കാഷ്വയ്ക്ക് മറുപടി എഴുതി. കഥ വായിക്കൂ.

ഒരു അറബ്-ഇസ്രായേലി പ്രവാസിയുടെ മനസ്സില്‍ ഉദയം ചെയ്ത അത്യത്ഭുതവും അപാരവുമായ ആശയം കൊണ്ട്, 2015 എന്ന വര്‍ഷം,  മദ്ധ്യപൂര്‍‌വ്വദേശത്ത് ചരിത്രപ്രാധാന്യമുള്ളതായിത്തീര്‍ന്നു. ഒരു വൈകുന്നേരം,, ഇല്ലിനോയിസിലെ തന്റെ വീട്ടുമുറ്റത്തിരിക്കുമ്പോള്‍, കണ്മുന്നില്‍ അനന്തമായി, ചക്രവാളം വരെ നീണ്ടുപരന്നുകിടക്കുന്ന ചോളപ്പാടങ്ങള്‍ അയാളുടെ ശ്രദ്ധയില്‍ പെട്ടു. എല്ലാവര്‍ക്കും താമസിക്കാന്‍ ആവശ്യത്തിനുള്ള സ്ഥലമില്ലാത്തതാണ് തന്റെ ജന്മനാടിന്റെ അടിസ്ഥാനപരമായ  പ്രശ്നമെന്ന ചിന്ത അയാള്‍ക്കുണ്ടായി. "ഈ പാടങ്ങള്‍ വൃത്തിയായി, ചെറുതായി മടക്കി, സ്യൂട്ട്കേസില്‍ വെച്ച് കൊണ്ടുപോകാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍" എന്ന ഒരു ചിന്ത അയാള്‍ക്കുണ്ടായി. "പിഴയടയ്ക്കേണ്ട ഒന്നും എന്റെ കയ്യിലില്ലാത്തതുകൊണ്ട്, കസ്റ്റംസിലെ ഗ്രീന്‍ ചാനലിലൂടെ എളുപ്പത്തില്‍ കടന്നുപോകാന്‍ കഴിയും. കസ്റ്റംസ് ഇന്‍സ്പെക്ടര്‍ക്ക് താത്പര്യം തോന്നുന്നതോ, എന്തെങ്കിലും അട്ടിമറിക്കാനുള്ള പ്രത്യയശാസ്ത്രമോ ഒന്നും അല്ലല്ലോ പെട്ടിയിലുണ്ടാവുക. അതില്‍ ആകെയുള്ളത്, നന്നായി, ചെറുതാക്കി മടക്കിവെച്ച ചോളപ്പാടങ്ങള്‍ മാത്രമല്ലേ. വീട്ടിലെത്തി അതു തുറക്കുമ്പോള്‍, ഹോ!!  എല്ലാവര്‍ക്കും, ഇസ്രായേലികള്‍ക്കും, പലസ്തീനികള്‍ക്കും എല്ലാം, ആവശ്യത്തിനുള്ള സ്ഥലമായി. പിന്നെയും കുറെ ബാക്കിവരും. ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി തങ്ങള്‍ സ്വായത്തമാക്കിയ സാങ്കേതികവിദ്യയും അറിവും വെച്ച് എന്തുകൊണ്ട് ലോകത്തിലേറ്റവും വലിയ ഒരു റോളര്‍ കോസ്റ്ററുള്ള അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മിച്ചുകൂടാ?" ഇതായിരുന്നു അയാള്‍ ചിന്തിച്ചത്.

തന്റെ ഈ ഗംഭീരമായ ആശയം ഭാര്യയുമായി പങ്കുവെക്കാന്‍ വേണ്ടി അത്യധികം ആവേശത്തോടെ അയാള്‍ വീടിനകത്തേക്കു പോയി. പക്ഷേ ഈ ആശയം കേട്ടിട്ടും അവര്‍ക്ക് പ്രത്യേകിച്ചൊരു ഭാവമാറ്റവുമുണ്ടായില്ല. "വിട്ടുകളയൂ, അതൊന്നും നടക്കാന്‍ പോവുന്നില്ല" എന്നായിരുന്നു അവരുടെ തണുപ്പന്‍ മറുപടി. അയാള്‍ ആലോചിച്ചു. ഈ ആശയം നടപ്പാക്കുന്നതില്‍ ചില്ലറ ബുദ്ധിമുട്ടുകളൊക്കെയുണ്ട്, ഉദാഹരണത്തിന്‌ പാടം വിട്ടുകിട്ടാന്‍ ഇല്ലിനോയിസിലെ കര്‍ഷകരെ പ്രേരിപ്പിക്കണം, പാടം ഭംഗിയായി മടക്കി ബാഗില്‍ അമര്‍ത്തിവെച്ച് കൊള്ളിക്കണം, അങ്ങിനെ ചില ചെറിയ സാങ്കേതിക പ്രശ്നങ്ങള്‍, അതയാള്‍ സമ്മതിച്ചു. "എങ്കിലും, നമ്മുടെ രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ ഉതകുന്ന ഒരു വലിയ ആശയം, ഇത്തരം ചെറിയ ചെറിയ പ്രശ്നങ്ങള്‍കൊണ്ടുമാത്രം ഉപേക്ഷിക്കേണ്ടതുണ്ടോ?"  അയാള്‍ ഭാര്യയോട് ചോദിച്ചു.

"അതല്ല പ്രശ്നം മണ്ടാ" ഭാര്യ പറഞ്ഞു. "നിങ്ങളുടെ ആ പൊളിഞ്ഞുപാളീസായ പെട്ടിയില്‍ ആ സ്ഥലം മുഴുവന്‍ ഞെക്കിയടുക്കിവെച്ചാലും ആ പ്രദേശത്ത് സമാധാനം കൊണ്ടുവരാന്‍ നിങ്ങള്‍ക്കാവില്ല. ഒരു ഭാഗത്ത്, ദൈവം ഈ സ്ഥലമൊക്കെ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതാണെന്ന് വിശ്വസിക്കുന്ന തീവ്ര-യാഥാസ്ഥിതിക വിഭാഗം, മറുഭാഗത്ത്, ഈ ചോളപ്പാടങ്ങളൊക്കെ ഞങ്ങളുടെ ജന്മാവകാശമാണെന്നു കരുതുന്ന, മിശിഹായുടെ വംശീയവാദികള്‍. അതില്‍നിന്ന് ഊരിപ്പോരാന്‍ എളുപ്പമല്ല പ്രിയനേ", അവര്‍ പറഞ്ഞു. " സമാധാനത്തോടെ അടുത്തടുത്ത് പാര്‍ക്കാന്‍ ആഗ്രഹമുള്ള ധാരാളം ആളുകളുണ്ടെങ്കിലും, അത് ആഗ്രഹിക്കാത്ത, ഒരിക്കലും അതിനു സമ്മതിക്കാത്ത ആളുകള്‍ ഇരുവശത്തുമുള്ള നാട്ടിലാണ്‌ നമ്മള്‍ ജനിച്ചുപോയത്".

ആ രാത്രി എഴുത്തുകാരന്‌ ഒരു വിചിത്രമായ സ്വപ്നാനുഭവമുണ്ടായി. അനന്തമായ ചോളപ്പാടങ്ങളും, അവയില്‍നിന്ന് കുതിച്ചുയരുന്ന മിസ്സൈലുകളും, അതിനെ പ്രതിരോധിക്കുന്ന മിസ്സൈലുകളും, സ്വര്‍ഗ്ഗത്തില്‍നിന്നെന്ന പോലെ ആകാശത്തുനിന്ന് ജെറ്റ് വിമാനങ്ങള്‍ വര്‍ഷിക്കുന്ന ബോംബുകളും എല്ലാമായിരുന്നു ആ സ്വപ്നത്തില്‍. സ്വപ്നത്തില്‍, ആ ചോള പാടങ്ങള്‍ കത്തിയുയരുമ്പോള്‍, ആര്‍ ആരോടാണ്‌ യുദ്ധം ചെയ്യുന്നതെന്ന് എഴുത്തുകാരനു മനസ്സിലായില്ല.  കാരണം, സ്വപ്നത്തില്‍ ആളുകളെയൊന്നും അയാള്‍ കണ്ടില്ല. കണ്ടതാകട്ടെ, മിസ്സൈലുകളും ബോംബുകളും കത്തുന്ന ചോളപ്പാടങ്ങളും മാത്രം.

പിറ്റേന്ന് വെളുപ്പിന്‌, സ്വാദില്ലാത്ത അമേരിക്കന്‍ കാപ്പിയും കുടിച്ച്, ഭാര്യയോട് യാത്രപോലും പറയാന്‍ നില്‍ക്കാതെ (മണ്ടാ എന്നു ഭാര്യ തന്നെ വിളിച്ചത് വല്ലാത്ത അപമാനമായി തോന്നിയിരുന്നു അയാള്‍ക്ക്) കുട്ടികളെ കിന്റര്‍ഗാര്‍ട്ടനിലും സ്കൂളിലുമാക്കി തിരിച്ചുവന്ന്, അയാള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഒരു കഥയെഴുതാനിരുന്നു. ഒരു കാരണവുമില്ലാതിരുന്നിട്ടും,  ജീവിതത്തില്‍നിന്നും ഭാര്യയില്‍നിന്നും, ക്രൂരത മാത്രം അനുഭവിക്കേണ്ടിവരുന്ന സത്യസന്ധനും നല്ലവനുമായ ഒരു മനുഷ്യനെക്കുറിച്ച്, അല്പ്പം സങ്കടത്തോടെയും സ്വയം സഹതാപത്തോടെയുമാണ്‌ അയാള്‍ എഴുതാനിരുന്നത്. അങ്ങിനെ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ്‌, മദ്ധ്യപൂര്‍‌വ്വദേശത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായേക്കാവുന്ന മറ്റൊരു മനോഹരമായ ആശയം - ആദ്യത്തേതിനേക്കാള്‍ മഹത്തായത്- പൊടുന്നനെ അയാള്‍ക്കുണ്ടായത്. ഭൂമിയല്ല, ആളുകളാണ്‌ ശരിക്കുള്ള പ്രശ്നമെങ്കില്‍, 'രണ്ടു രാജ്യം' എന്ന പരിഹാരത്തിനു പകരം എന്തുകൊണ്ട് 'മൂന്നു രാജ്യം' എന്നാക്കിക്കൂടാ? ആദ്യത്തേതില്‍ പലസ്തീനികള്‍ക്കും, രണ്ടാമത്തേതില്‍ ഇസ്രായേലികള്‍ക്കും, യുദ്ധം ചെയ്യുന്നതില്‍ മാത്രം സുഖം കണ്ടെത്തുന്ന എല്ലാ മൗലികവാദികള്‍ക്കും വംശീയ വിദ്വേഷക്കാര്‍ക്കും കൂടി മൂന്നാമത്തേതിലും ജീവിക്കാന്‍ കഴിയില്ലേ? ചോളപ്പാടങ്ങള്‍ മടക്കിയടക്കി കൊണ്ടുപോകുന്ന ആശയത്തേക്കാള്‍ ഭേദമാണ്‌ ഈ ആശയമെന്ന് അയാളുടെ ഭാര്യയ്ക്ക് തോന്നി. അതിനിടയ്ക്ക്, ഇല്ലിനോയിസിലെ ഒരു പെട്റോള്‍ പമ്പിലെ ഹോട്ടലില്‍ വെച്ച് ആകസ്മികമായി അയാള്‍ കൂട്ടിമുട്ടിയ ബാരക്ക് ഒബാമയ്ക്കും ഈ ആശയം നന്നേ പിടിച്ചു.

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍, മദ്ധ്യപൂര്‍‌വ്വദേശത്തെ ആ കൊച്ചു കോണില്‍ മൂന്നു രാജ്യങ്ങള്‍ അടുത്തടുത്തായി നിലവില്‍ വന്നു. ഇസ്രായേല്‍ രാജ്യം, പാലസ്തീന്‍ രാജ്യം, എപ്പോഴും ആഭ്യന്തരയുദ്ധം നടക്കുകയും, ആയുധ വ്യാപാരികളും വാര്‍ത്താ സം‌പ്രേക്ഷകരും പിന്തുണക്കുകയും ചെയ്യുന്ന, 'കരുത്തിന്റെ ഭാഷ മാത്രം മനസ്സിലാവുന്ന' എന്നു പേരുള്ള ഒരു റിപ്പബ്ലിക്കും. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വാങ്ങാന്‍ വിസമ്മതിച്ച് നമ്മുടെ എഴുത്തുകാരന്‍ (കഥയിലെ എഴുത്തുകാരന്‍, വളരെ വിനയാവനായിരുന്നു അയാള്‍) തന്റെ പെട്ടിയെല്ലാമെടുത്ത് കുടുംബത്തോടൊപ്പം ഇസ്രായേലിലെ തന്റെ വീട്ടിലേക്ക് മടങ്ങി. 'കരുത്തിന്റെ ഭാഷ മാത്രം മനസ്സിലാവുന്ന റിപ്പബ്ലി'ക്കില്‍ സമാധാനം കൊണ്ടുവരാനുള്ള -എപ്പോഴും പരാജയപ്പെടുന്ന - സമാധാനചര്‍ച്ചകള്‍ക്കായി ഓരോ തവണയും എത്തുമ്പോള്‍, തന്റെ നാട്ടില്‍ സ്വന്തം പ്രയത്നം കൊണ്ട് സമാധാനം കൈവരുത്തിയ ഈ എഴുത്തുകാരനെ കാണാന്‍ മാത്രം ബാരക് ഒബാമ അയാളുടെ വീട്ടില്‍ വരും. മുമ്പിലിരിക്കുന്ന പ്ലേറ്റിലെ ചോളമണികള്‍ കൊറിച്ചുകൊണ്ട്, അവരിരുവരും, എഴുത്തുകാരന്റെ വീട്ടിലെ ബാല്‍ക്കണിയില്‍, കണ്മുന്നില്‍ പരന്നുകിടക്കുന്ന താഴ്വരയിലേക്ക് നോക്കി നിശ്ശബ്ദമങ്ങിനെയിരിക്കും.


പരിഭാഷക കുറിപ്പ്    സയദ് കാഷ്വയും എഡ്ഗാര്‍ കെററ്റും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ അല്‍പ്പം ദൈര്‍ഘ്യമേറിയതാണ്‌. സയ്യദ് കാഷ്വയുടെ കത്തും അതിനുള്ള എഡ്ഗാറിന്റെ മറുപടിയുമാണ്‌ ഇതിന്റെ ആദ്യഭാഗമായി 'ദ് ന്യൂയര്‍ക്കര്‍' മാസികയില്‍ ഇന്നലെ വന്നത്. അതിന്റെ രണ്ടാം ഭാഗം 'ന്യൂയോര്‍ക്ക'റില്‍ ഇന്ന് പ്രസിദ്ധീകരിക്കും. സയ്യദിന്റെ കത്ത് ഇവിടെ പരിഭാഷിച്ചിട്ടില്ല. എഡ്ഗാറിന്റെ കത്തിലെ പ്രസക്തമെന്ന് തോന്നിയ ഭാഗം മാത്രമാണ്‌ മുകളില്‍ (മൂന്നാമത്തെ ഖണ്ഡിക മുതല്‍) കൊടുത്തിരിക്കുന്നത്. സമയവും സൗകര്യവുമുണ്ടെങ്കില്‍ രണ്ടാം ഭാഗവും ചെയ്യാം. ഇല്ലെങ്കിലില്ല. അത്രയൊക്കെയേ പറ്റൂ.ഈ കത്തുകള്‍ വായിക്കണമെന്നുള്ളവര്‍ക്ക്, ഇവിടെ നോക്കാം. http://www.newyorker.com/books/page-turner/tell-story-happy-ending-exchange-etgar-keret-sayed-kashua

നോബല്‍ സമ്മാനത്തിന്റെ മതം



മലാലയും സത്യാർത്ഥിയും ആഗോളതലത്തിൽ ബഹുമാനിക്കപ്പെടുന്നു എന്നതാണ് കൂടുതൽ സന്തോഷം തരുന്ന കാര്യം. നോബൽ സമ്മാനത്തിന് അവർ അർഹരായി എന്നതല്ല. ഒരു ഇസ്ലാമിക രാജ്യമാണെങ്കിലും, താലിബാൻ തരുന്ന വിദ്യാഭ്യാസത്തേക്കാളും പാക്കിസ്ഥാൻ എന്ന രാജ്യം തരുന്ന വിദ്യാഭ്യാസമാണ് തന്നെപ്പോലുള്ള കുട്ടികൾക്കാവശ്യം എന്ന് വിശ്വസിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത മിടുക്കിയാണ് മലാല. സാമ്രാജ്യത്വ ശക്തികളും അവരുടെ മാധ്യമങ്ങളും അവളെ സ്വന്തം കാര്യത്തിന് ഉപയോഗിച്ചിട്ടുണ്ടാകാം. എന്നാലും അതൊന്നും ആ ധീരയായ പെൺകുട്ടിയുടെ പ്രവർത്തനങ്ങൾക്കോ, അതിന്റെ പ്രസക്തിക്കോ ഒട്ടും മങ്ങലേൽ‌പ്പിക്കുന്നില്ല. അഫ്ഘാനിസ്ഥാന്റെ മലാലായ് ജൊയയേക്കാളും ചെറുപ്പമാണെങ്കിലും ചങ്കൂറ്റത്തിൽ സ്വാതിന്റെ മലാലയും ഒട്ടും പിന്നിലല്ല. പാക്കിസ്ഥാന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് ആ പെൺകിടാവ്.

കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള നിയമങ്ങൾ ദുർബ്ബലമാവുകയും അവർക്കുനേരെയുള്ള അവകാശധ്വംസനങ്ങൾ നിത്യസംഭവമാവുകയും ചെയ്യുന്ന ഒരു രാജ്യത്ത് കൈലാഷ് സത്യാർത്ഥിയെപ്പോലെയൊരാൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുക എന്നത് ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായി സത്യാർത്ഥിയും മാറിയിരിക്കുന്നു.

അത്രത്തോളം ശരിതന്നെ. പക്ഷേ, വഷളത്തരത്തിന് ഒരു നോബേൽ സമ്മാനമുണ്ടെങ്കിൽ അത് കൊടുക്കേണ്ടത്, സ്വീഡിഷ് അക്കാഡമിക്കാണ്. ഇന്ത്യയിലെ ഒരു ഹിന്ദുവിനും പാക്കിസ്ഥാനിലെ ഒരു മുസ്ലിമിനും സമാധാനത്തിനുള്ള ആഗോള സമ്മാനം കൊടുത്തു എന്ന ആ പ്രസ്താവനയ്ക്ക്.

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും സമ്മാനം കൊടുക്കാനായിരുന്നെങ്കിൽ, എന്തിന് മലാലയെയും സത്യാർത്ഥിയും വേണം? ഇരു രാജ്യക്കാരുടെയും വെറുപ്പും ചീത്തവിളിയും ഭീഷണിയും നേരിട്ട് ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ സമാധാനവും സ്നേഹവും വളർത്താൻ പരിശ്രമിക്കുന്ന ഇൻഡോ‌-പാക്കിസ്ഥാൻ സൌഹൃദ സംഘടനകളുണ്ടായിരുന്നില്ലേ? അവരായിരുന്നില്ലേ കൂടുതൽ അർഹർ?

മലാലയും സത്യാർത്ഥിയും കേവലം പാക്കിസ്ഥാനി മുസ്ലിമും ഇന്ത്യൻ ഹിന്ദുവുമല്ല. നിലവിലുള്ള സാമൂഹ്യാ തിന്മകൾക്കെതിരെ, സ്വന്തം നിലയിൽ പരിഹാരം കാണാൻ ശ്രമിച്ച വ്യക്തികളാണ്, രണ്ട് ഉജ്ജ്വല ആശയങ്ങളാണവർ. ആ ആശയങ്ങളാണ് പുരസ്കൃതമായത്. അല്ലാതെ, സത്യാർത്ഥിയും, മലാലായും എന്ന മതനാമധാരികളല്ല.

11 October 2014

എവിടെ പോകുന്നു ഈ സ്വര്‍ണ്ണങ്ങളൊക്കെ?



ഒരു മാസത്തെ മലയാളം പത്രങ്ങളെടുത്ത് നോക്കുക. എത്ര കിലോ, അഥവാ എത്ര കോടിയുടെ സ്വര്‍ണ്ണം നെടുമ്പാശ്ശേരിയിലൂടെയും കരിപ്പൂരിലൂടെയും (കരിപ്പൂരോ നെടുമ്പാശ്ശേരിയോ ഒറ്റക്കൊറ്റക്കെടുത്താലും തരക്കേടില്ല) കേരളത്തിലേക്ക് കടത്തുന്നുവെന്ന്. ഇത് കൊണ്ടുവരുന്നവരുടെ പേരുകളൊക്കെ പത്രങ്ങളില്‍ നിങ്ങള്‍ക്ക് കാണാം. അവരുടെ പേരും (പേരില്‍നിന്ന് ജാതിയും) വയസ്സും എല്ലാം നിങ്ങള്‍ക്ക് കിട്ടും. ഓരോ തവണയും കടത്തപ്പെടുന്നത് അഞ്ചോ പത്തോ നാല്‍‌പ്പതോ ഗ്രാമല്ല. കിലോക്കണക്കിലാണ്‌. കോടികള്‍ വിലമതിക്കുന്നവ. ഇതു കൊണ്ടുവരുകയും പിടിക്കപ്പെടുകയും ചെയ്യുന്ന ഈ മനുഷ്യരൊന്നും ഈ സ്വര്‍ണ്ണത്തിലെ അഞ്ചു ഗ്രാം പോലും സ്വന്തമായി വാങ്ങിക്കാന്‍ ശേഷിയുള്ളവരുമല്ല. അപ്പോള്‍ ആരാണ്‌ ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്?

അവരെയൊക്കെ ചോദ്യം ചെയ്യുന്നുണ്ടോ? അവരുടെ പേരിലൊക്കെ എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ? മാരത്തോണ്‍ ഓടി ക്ഷീണിച്ച കോമാളിയുടെയും, പരിശുദ്ധമായ ഉരുപ്പടി മാത്രം വില്‍ക്കുന്ന ഭീമന്മാരുടെയും,  ജനകോടികളുടെ വിശ്വസ്തയില്‍ ആണയിടുന്നവന്റെയും എപ്പോഴും ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കുന്നവന്റെയും, പരിശുദ്ധമായ തൊള്ളായിരത്തി പതിനാറിന്റെയും, ബ്യൂട്ടിയെന്നാല്‍ ക്വാളിറ്റിയെന്ന തത്ത്വശാസ്ത്രം മുഴക്കുന്നവന്റെയും, ഏതു സ്വര്‍ണ്ണാഭരണശാല തുറന്നാലും നാടമുറിക്കാന്‍ വരുന്ന ഏറനാടന്‍ ജനാബുകളുടെയും പാണ്ടികശാലകളിലേക്ക് ആരെങ്കിലും ടോര്‍ച്ച് മിന്നിക്കാന്‍ മിനക്കെടുന്നുണ്ടോ?

അതോ, അവര്‍ക്കുവേണ്ടി, അരക്കെട്ടിലും ചെരുപ്പിനടിയിലും ആമാശയത്തിലും "ആളെക്കൊല്ലിയെ' ഒളിപ്പിച്ചുവെച്ച്, വിമാനത്താവളത്തിലെ സ്കാനറുകളെയും യൂണിഫോമിട്ട ചെന്നായ്ക്കളെയും കബളിപ്പിച്ച് രക്ഷപ്പെട്ടാല്‍ കിട്ടിയേക്കാവുന്ന ചില്ലറകൊണ്ട് റേഷനരി വാങ്ങിച്ച് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന ആ പാവപ്പെട്ടവന്മാരുടെ തലയില്‍ തന്നെ കുറ്റമെല്ലാം കെട്ടിവെച്ച് അവരെ കഴുവേറ്റാനാണോ പരിപാടി?

11 October 2014

"എവിടെപ്പോയി ആ ചുമട്ടുകാര്‍?"

'എവിടെപ്പോയി ചുമട്ടുകാര്‍?' എന്നൊരു ചെറിയ കുറിപ്പുണ്ട് ഇന്നത്തെ ഹിന്ദുവിന്റെ ഞായര്‍ പതിപ്പില്‍ . ഹൈമ ബാല്‍ എഴുതിയത്. റെയില്‍‌വേ സ്റ്റേഷനില്‍ പണ്ടത്തെപ്പോലെ ചുമട്ടുകാരെ കിട്ടാത്തതിന്റെ പ്രശ്നത്തില്‍ തുടങ്ങി, പണ്ട് ഒരു അവകാശം പോലെ വീട്ടില്‍ വന്ന് സ്റ്റേഷനിലേക്കും തിരിച്ചും ചുമടെടുക്കാന്‍ വന്ന 'കുടുംബ ചുമട്ടു'കാരെക്കുറിച്ചുള്ള ഗൃഹാതുരത്വത്തെക്കുറിച്ചുമൊക്കെ വിവരിക്കുന്നു ഹൈമ ആ ചെറിയ കുറിപ്പില്‍.

95-ല്‍ യു.എ.ഇ.യില്‍ ഒരു വലിയ വിവാദം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടു. പത്രാധിപര്‍ക്കുള്ള കത്തില്‍ ഒരു വടക്കേന്ത്യക്കാരന്‍ എഴുതിയ ഏകദേശം സമാനമായ ഒരു കുറിപ്പില്‍ നിന്നായിരുന്നു തീ പൊട്ടിപ്പുറപ്പെട്ടത്. തന്റെ വിദേശയാത്രയില്‍ ഹീത്രൂ വിമാനത്താവളത്തില്‍ പണ്ടത്തെപ്പോലെ ട്രോളി ഉന്തുകാരെയൊന്നും കണ്ടില്ലെന്നും അന്വേഷിച്ചപ്പോള്‍ അവരൊക്കെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളം പറ്റുകാരായി (പ്രൊജക്റ്റ് മാനേജര്‍മാര്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്) മാറിയിരിക്കുന്നുവെന്നാണ്‌ അറിയാന്‍ കഴിഞ്ഞതെന്നുമായിരുന്നു ആ കത്തിലെ രത്നച്ചുരുക്കം. ഇന്ത്യക്കാരന്റെ ആ കത്തിന്റെ പിന്നില്‍ (ന്യായമായ) ഒരു 'വര്‍ണ്ണ' പ്രശ്നമുണ്ടായിരുന്നു. മറ്റു നാട്ടുകാരെ അപേക്ഷിച്ച്, തൊലി വെളുത്തവര്‍ക്ക് ഗള്‍ഫില്‍ നല്ല ജോലിയും ശമ്പളവുമൊക്കെയുണ്ടായിരുന്നുവെന്നതാണ്‌ ആ കത്തിന്റെ പിന്നിലുള്ള വ്യംഗ്യം. സംഗതി ഇന്നും ഏറെക്കുറെ ശരിയുമാണ്‌. എന്തായാലും ആ കത്ത് പ്രസിദ്ധീകരിച്ചുവന്നതിന്റെ പിന്നാലെ യു.എ.ഇ.യിലെ ഇന്ത്യന്‍-പാശ്ചാത്യ സമൂഹം ഏറെക്കുറെ രണ്ടു തട്ടിലായി, പിന്നീടുള്ള നാലഞ്ചു മാസത്തോളം പത്രതാളുകളിലൂടെ പൊരിഞ്ഞ യുദ്ധം നടത്തി. ഇന്ത്യക്കാരുടെയും പാശ്ചാത്യരുടെയും ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡുകളില്‍ അതാതുദിവസത്തെ കത്തുകളും ഗ്വാഗ്വാ വിളികളും പതിഞ്ഞു. പാശ്ചാത്യര്‍ക്ക് കൊടുക്കുന്ന ഭീമമായ ശമ്പളത്തെക്കുറിച്ചുവരെ പുനരാലോചനകള്‍ ചിലയിടങ്ങളിലെങ്കിലും ഉണ്ടാവുകയും ചെയ്തു. ഒടുവില്‍ തുടങ്ങിയതുപോലെ അത് കെട്ടടങ്ങുകയും ചെയ്തു.

ഇനി ഹൈമ ബാലിന്റെ കുറിപ്പിലേക്ക് വന്നാല്‍, പണ്ടത്തെ ആ ചുമട്ടുകാരെ എങ്ങിനെയായിരുന്നു നമ്മള്‍ കണ്ടിരുന്നതും വിലയിരുത്തിയിരുന്നതെന്നും കൂടി ഓര്‍ക്കണം. പിടിച്ചു പറിയന്മാരായും കണ്ണില്‍ ചോരയില്ലാത്തവന്മാരുമായിട്ടായിരുന്നു നമ്മളവരെ. പ്രത്യേകിച്ചും ആ ചുമപ്പു ഷര്‍ട്ടുകാരെ കണ്ടിരുന്നത്. കണ്ണില്‍ കണ്ട എല്ലാ ആക്രികളും കുത്തിനിറച്ച് മലപോലത്തെ ഭാരം തലയിലും ഇരുചുമലുകളിലുമേന്തി അവര്‍ നടന്നുനീങ്ങുമ്പോള്‍ എന്തൊരു ആന്തലായിരുന്നു നമ്മുടെയൊക്കെയുള്ളില്‍!! അവരുടെ ആ ബുദ്ധിമുട്ടാലോചിച്ചല്ല. അവര്‍ക്കു കൊടുക്കേണ്ടിവരുന്ന ചില്ലറയോര്‍ത്തായിരുന്നില്ലേ നമ്മുടെ ആ ആന്തല്‍? ഭാരം ഏല്‍‌പ്പിക്കുന്നതിനു മുന്‍പും, ലക്ഷ്യസ്ഥാനത്തെത്തിയതിനുശേഷവും വിലപേശി ജയിക്കുമ്പോള്‍ ഒരു കള്ളച്ചിരിയുണ്ടായിരുന്നില്ലേ നമ്മുടെ ചുണ്ടില്‍? പറഞ്ഞ, ചോദിച്ച കാശ് കൊടുക്കേണ്ടിവരുമ്പോള്‍ അവരുടെ കുടുംബത്തെയടക്കം ഉള്ളുകൊണ്ട് ശപിച്ചിരുന്നില്ലേ നമ്മള്‍?

ഇന്ന് അവരെ കാണുന്നില്ലെങ്കില്‍ എന്തിനു പരിഭവിക്കണം? ഹൈമ തന്റെ കുറിപ്പില്‍ സൂചിപ്പിക്കുന്നതുപോലെ, ഒരു നേരത്തെ ഭക്ഷണം കൊടുത്ത് തൃപ്തിപ്പെടുത്തി, പൊക്കിയാല്‍ പൊന്താത്ത ഭാരവും ചുമപ്പിച്ച് ഗൃഹാതുരത്വം വിളമ്പിയാല്‍ വേലയ്ക്ക് കൂലിയാവുമോ?

എല്ലാം പോട്ടെ, ഇത്തരം യാത്രകള്‍ക്കു പുറപ്പെടും മുന്‍പ്,  'ചിന്നസാമാനം പെരിയ സുഖം' എന്ന ആ മുദ്രാവാക്യമെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെ വിലപിക്കേണ്ടിവരുമായിരുന്നോ?

ചുമട്ടുകാരൊക്കെ ഇപ്പോഴും അവിടെയുണ്ട് ഹൈമാജി.  പക്ഷേ ഓരോരുത്തര്‍ക്കും ചുമക്കാന്‍, അവനവന്റെ ചുമടുകള്‍ തന്നെ ധാരാളമുണ്ട് ഇപ്പോള്‍. നിന്ദിതരെയും പീഡിതരെയും 'ഭാരം ചുമക്കുന്ന'വരെയും തുണയ്ക്കാന്‍ ഒരു ദൈവവും ദൈവപുത്രനും മുഖമില്ലാ ദൈവങ്ങളും അവരുടെ മതവും വരില്ല. സംഘടനകളും മിനിമം വേതനവ്യവസ്ഥകളും മാത്രമേ ഉണ്ടാവൂ. ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും നമ്മള്‍ അത് സഹിക്കാന്‍ ബാദ്ധ്യസ്ഥരുമാണ്‌.

31 August 2014

ഒരു മദ്യനിരോധനത്തിന്റെ കഥ



സമ്പൂര്‍ണ്ണ മദ്യനിരോധനം നിലനില്‍ക്കുന്ന ഒരു പ്രവിശ്യയാണ്‌ ഷാര്‍ജ. അതും ഒരു അറബ് നാട്ടില്‍ യു.എ.ഇ.യില്‍ ആദ്യം മദ്യം വിളമ്പിയിരുന്നത് ഷാര്‍ജയിലെ കിംഗ് ഫൈസല്‍ റോഡിലെ ആ ഒരു ഹോട്ടലിലായിരുന്നു (ഒരു വര്‍ഷത്തിനുള്ളില്‍ അതിനെ പേരുപോലും മറന്നുപോയി!!). ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ ആസ്ഥാനമായിരുന്നു അന്ന് ഷാര്‍ജ. ഇന്ന് കള്ളിന്റെ പറുദീസയായ ദുബായ് അന്ന് ഗംബ്ലീറ്റ് പച്ചയായിരുന്നു എന്നും ഓര്‍ക്കുക.

ഷാര്‍ജ ചെയ്യുന്ന അനിസ്ലാമികമായ മദ്യവില്പ്പനയില്‍ മനം നൊന്ത് ദുബായിലെ ഷേക്ക് റാഷീദ് ഷാര്‍ജയിലെ അന്നത്തെ രാജാവിനു കത്തെഴുതി. ഇതിങ്ങനെ തുടര്‍ന്നാല്‍ നിങ്ങള്‍ നശിച്ചുപോകും. ഇത് നമുക്ക് ചേര്‍ന്നതല്ല. നിര്‍ത്ത് എന്ന്. ഷാര്‍ജ രാജാവിനു നേര്‍ബുദ്ധി തെളിഞ്ഞു. തന്നെ നേര്‍‌വഴിക്ക് നയിച്ച ഷേക്ക് റാഷീദിനു നന്ദി പറഞ്ഞ്, ഷാര്‍ജയുടെ കാസിമി തന്റെ നാട്ടില്‍ കള്ളു വില്‍‌പ്പന പാടേ നിര്‍ത്തി. ഷാര്‍ജ കള്ളു നിര്‍ത്തിയതിന്റെ  പിന്നാലെ, ദുബായ് അതിന്റെ ആദ്യത്തെ ബാര്‍ തുറന്നു. ദൈറയിലെ അബ്രയ്ക്ക് സമീപം കാള്‍ട്ടണ്‍ ഹോട്ടലില്‍. ബുദ്ധി ഉപദേശിച്ച അമേരിക്കന്‍ ജൂതനായ എറിക്ക് കാള്‍ട്ടന്റെ സ്വന്തം ഉടമസ്ഥതയില്‍. പിന്നെ ഇന്നോളം ദുബായ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഷാര്‍ജ അക്ഷരാര്‍ത്ഥത്തില്‍ തെണ്ടിപ്പോയി.

പക്ഷേ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഷാര്‍ജ പിന്നീട് കുതിച്ചുയര്‍ന്നു. സമ്പൂര്‍ണ്ണ മദ്യനിരോധനവും പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷകളും നിലവിലുള്ള പ്രവിശയില്‍, എല്ലാ മുക്കിലും മൂലയിലും ഇന്ന് കള്ളുകിട്ടും. ഇന്നത്തെ നമ്മുടെ ഗുജറാത്തുപോലെ. ഒരു ഫോണ്‍‌വിളി മതി. ഇഷ്ടമുള്ള ബ്രാന്‍ഡ് നിമിഷങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തും. ഓരോരുത്തരും കുടിക്കുന്ന കള്ളിന്റെ ബ്രാന്‍ഡുപോലും അവര്‍ക്ക് ഹൃദിസ്ഥമാണ്‌. അത്രയ്ക്ക് ആത്മബന്ധമാണ്‌ സമ്പൂര്‍ണ്ണമദ്യനിരോധനത്തിനും കള്ളുകച്ചവടക്കാര്‍ക്കും കുടിക്കുന്നവര്‍ക്കും ഇടയില്‍.

അതു കൊണ്ടുവരുന്നവനെ സ്നേഹപൂര്‍‌വ്വം 'ഡോകടര്‍' എന്നും 'സര്‍ദാര്‍ജി' എന്നും ഞങ്ങള്‍ വിളിച്ചിരുന്നു. കള്ളു വില്‍‌ക്കുന്ന ആ രഹസ്യ വൈദ്യന്മാര്‍ക്കും അവരവരുടേതായ ചട്ടങ്ങള്‍ നിലവിലുണ്ട്. ഒരാള്‍ മറ്റൊരാളുടെ പരിധിയില്‍ കള്ളുവില്‍‌ക്കില്ല. പരസ്പരം ഒറ്റിക്കൊടുക്കില്ല.

സമ്പൂര്‍ണ്ണ മദ്യനിരോധനം നിലവിലുള്ള, പിടിക്കപ്പെട്ടാല്‍ ഗുരുതരമായ ശിക്ഷകളുള്ള  ഷാര്‍ജയിലെ സ്ഥിതി ഇതാണെങ്കില്‍, അയല്‍‌വക്കത്തെ വീട്ടില്‍ ബോട്ടിലുണ്ടെന്ന് കണ്ടാല്‍ പരിചയം പറഞ്ഞ് അവകാശത്തോടെ ഓടിയെത്തി വീശുന്ന പോലീസുകാരന്റെ നാട്ടിലെ സമ്പൂര്‍ണ്ണമദ്യനിരോധനത്തിന്റെ കാര്യമോര്‍ത്ത് എന്തെന്നില്ലാത്ത ആശ്വാസം.

ഡോകടര്‍മാരും സര്‍ദാര്‍ജികളും വാഴുന്ന സമ്പൂര്‍ണ്ണമദ്യനിരോധന സംസ്ഥാനത്തെ നമുക്ക് വരവേല്‍ക്കാം.

(ഷാര്‍ജയിലെ കിംഗ് ഫാഹ്‌ദ് പള്ളി പണിയുന്നതിനുള്ള നിബന്ധനയായി സൗദി സര്‍ക്കാര്‍ ഷാര്‍ജയുടെ മേല്‍ നടപ്പാക്കിയതാണ്‌ സമ്പൂര്‍ണ്ണ മദ്യനിരോധനം എന്നൊരു കഥ പ്രചാരത്തിലുണ്ടെങ്കിലും, മുകളിലെ വസ്തുതകള്‍ കിട്ടിയത്, റോബിന്‍ മൂറിന്റെ 'ദുബായ്' എന്ന പുസ്തകത്തില്‍നിന്നാണ്‌) യു.എ.ഇ.യില്‍ വിലക്കപ്പെട്ട പുസ്തകമാണ്‌ 'ദുബായ്'. റോബിന്‍ മൂറിന്റെ കഥകള്‍ എത്രത്തോളം സത്യസന്ധമാണെന്ന് അറിയില്ല.

28 August 2014

ലാസ്റ്റ് സീനിലെ ആ പാട്ട്



എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. പണ്ടുമുണ്ടായിരുന്നു സിനിമാ പ്രദര്‍ശനത്തിനൊടുവിലെ ഈ ദേശീയഗാന പരിപാടിയും, പതാക പാറിക്കളിക്കലും. അന്നൊക്കെ ആളുകള്‍ സിനിമ കഴിഞ്ഞതും ബസ്സോ ഓട്ടോയോ പിടിക്കാന്‍ ഓടും. അച്ഛനമ്മമാരറിയാതെ, വീട്ടില്‍നിന്ന് മുങ്ങിയ ചെക്കന്മാര്‍ വേഗം വീട്ടിലെത്താന്‍ പായും. സിനിമ കഴിഞ്ഞതും പതാക പാറുന്നതും ദേശീയഗാനം നടക്കുന്നതുമൊന്നും അറിയാതെ മറ്റുചിലര്‍  കസേരകളിലും ബഞ്ചുകളിലും ഇരുന്നും കിടന്നും ഉറങ്ങാറുമുണ്ടായിരുന്നു.  സ്ക്രീനില്‍ പതാക പാറുകയും ദേശീയഗാനം നടക്കുമ്പോഴും കണ്ട സിനിമയുടെ ഗുണനിലവാരത്തെ ഓര്‍ത്തോ, വെറുതെയൊരു ഒച്ചയുണ്ടാക്കാനോ ചിലരൊക്കെ കൂക്കിവിളിക്കും. വിസിലടിക്കും. കമന്റുകള്‍ പാസ്സാക്കും. ജനഗണമനയുടെ കൂടെ അതേ ശ്രുതിയില്‍ സംഘം ചേര്‍ന്ന് മൂളും. അന്നും ചിലര്‍ അറ്റന്‍ഷനായി നില്‍ക്കാറുണ്ടായിരുന്നു. അന്നൊന്നും ഭാരതാംബയ്ക്ക് ഒരപമാനവും സംഭവിച്ചിരുന്നില്ല. ആരുടെയും ദേശവ്രണങ്ങള്‍ പൊട്ടിയൊലിക്കുകയും ചെയ്തിരുന്നില്ല. ഏറിവന്നാല്‍ ചില അച്ഛനമ്മമാര്‍ മക്കളോട് അറ്റന്‍ഷനായി നില്‍ക്കാന്‍ പറയും.

ദേശീയഗാനത്തിനും പതാകയ്ക്കും ഒരു കൂസലുമുണ്ടായിരുന്നതുമില്ല. അതങ്ങിനെ പാറിപ്പാറി, ജയഹേയിലെത്തി ഒടുവില്‍ സ്ക്രീനില്‍നിന്ന് മറയും. തിയേറ്ററില്‍ നിന്ന് ആളുകളും.

എന്തൊരു പാവമായിരുന്നു ആ പതാകയും ലാസ്റ്റ് സീനിലെ പാട്ടും!!

21 August 2014

ആരുടെ ഭൂപടം?



ബ്രിട്ടീഷുകാര്‍ വരച്ച ഭൂപടമാണ്‌ ഇന്ത്യ എന്ന പരാമര്‍ശത്തില്‍ ചരിത്രപരമായി തെറ്റുണ്ടോ? ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു വേണ്ടി സ്ഥലനിര്‍ണ്ണയം നടത്താന്‍ വേണ്ടി പതിനെട്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായ സര്‍‌വ്വേ ഓഫ് ഇന്ത്യയില്‍നിന്നാണ്‌ ഔദ്യോഗികമായി ഇന്ത്യയുടെ ഭൂപട നിര്‍ണ്ണയം തുടങ്ങുന്നത്. ആ പേരു പോലും മാറ്റാതെ ഇന്നും ആ സ്ഥാപനം, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗമായി നിലനില്‍‌ക്കുകയും ചെയ്യുന്നുണ്ട്. ഏതാണ്ട് ശാസ്തീയമെന്ന് പറയാവുന്ന ഒരു ഭൂപട നിര്‍ണ്ണയം തുടങ്ങുന്നതും അന്നു മുതല്‍‌ക്കാണ്‌. അതുകൊണ്ട്, ജാബിര്‍ അലി എ ഖാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ പരാമര്‍ശത്തില്‍ അടിസ്ഥാനപരമഅയി അത്ര വലിയ തെറ്റുണ്ട് എന്നു പറയാനാവില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും ഏറെ മുന്‍പ്, ടോളമിയുടെ കാലം മുതല്‍ തുടങ്ങിയിട്ടുണ്ട് ഇന്ത്യയുടെ ഭൂപടം തയ്യാറാക്കുക എന്ന പ്രക്രിയ. ഇന്ത്യന്‍ പണ്ഡിതനായ ഭവഭൂതിയും എട്ടാം നൂറ്റാണ്ടില്‍ തന്നെ അന്നത്തെ ഇന്ത്യന്‍ പ്രദേശങ്ങള്‍ നിര്‍ണ്ണയം ചെയ്തിരുന്നു.  

എങ്കിലും അതു കഴിഞ്ഞ് ഇന്നിലേക്കെത്തുമ്പോള്‍ അതിര്‍ത്തികളും പ്രദേശങ്ങളുമൊക്കെ നിരവധി തവണ പുനര്‍‌നിര്‍ണ്ണയം ചെയ്യപ്പെട്ടിട്ടുണ്ട്. അത് ഒരു തുടര്‍പ്രക്രിയയുമാണ്‌. അത് ഇന്ത്യന്‍ സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതാണ്‌. ഇരുപത്തിമൂന്ന് കേന്ദ്രങ്ങളിലൂടെ, അതിന്റെ പതിനെട്ട് വിഭാഗങ്ങളിലൂടെ ഇന്ത്യന്‍ സര്‍ക്കാരിന്റെ പരമാധികാരത്തിന്‍ കീഴിലാണ്‌ ആ പ്രക്രിയ. പക്ഷേ തുടക്കം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആ സ്ഥാപനത്തില്‍നിന്നുതന്നെയായിരുന്നു എന്ന ചരിത്ര വസ്തുതയ്ക്ക് ഒരു മാറ്റവും വരുന്നില്ല.

പക്ഷേ, പറഞ്ഞ ആളുടെ പേര്‍ ജാബര്‍ അലി എന്നായതായിരിക്കണം പരാതിപ്പെട്ടവര്‍ക്കും അതിനനുസരിച്ച് കേസ്സെടുത്തവര്‍ക്കും പ്രധാന പ്രശ്നമായിരിക്കുക.

സംഭവം നടന്നത് കര്‍ണ്ണാടകയിലായതുകൊണ്ടും കോടതിയടക്കമുള്ള കര്‍ണ്ണാടകയിലെ നീതിന്യായ സം‌വിധാനങ്ങളുടെ 'ശുഷ്കാന്തി' കണക്കിലെടുക്കുമ്പോഴും ജാബറിന്‌ അടുത്ത കാലത്തൊന്നും ഈ കേസില്‍നിന്ന് ഊരിപ്പോരാനുള്ള വഴി തെളിയുന്നില്ല. പരാതിപ്പെട്ടവരും കേസ്സെടുത്തവരുമായ തൊമ്മന്മാര്‍ വിട്ടാലും നീതിപീഠത്തിലിരിക്കുന്ന ചാണ്ടികള്‍ ജാബറിനെ വിടില്ല എന്നു വേണം അനുഭവം വെച്ച് കരുതാന്‍.

August 18, 2014

അമേരിക്കയുടെ ജീവകാരുണ്യം



എന്തൊരു ജീവകാരുണ്യ പ്രവർത്തനം!! മലമുകളിൽ അഭയം തേടിയ അമ്പതിനായിരത്തിൽ‌പ്പരം യാസ്സിദികൾക്ക് ഭക്ഷണപ്പൊതികൾ എറിഞ്ഞുകൊടുക്കാനും അവരെ വംശഹത്യയിൽനിന്ന് രക്ഷിക്കാനും എത്തിയിരിക്കുന്നു എഫ്.18 വിമാനങ്ങൾ ഇറാഖിലെ വടക്കൻ ആകാശങ്ങളിൽ.

അല്ലാതെ, എർബിലിൽ അഭയം തേടിയെത്തിയ ക്രിസ്ത്യാനികളെ രക്ഷിക്കാനും, എർബിലിലെ പതിനൊന്നോളം അമേരിക്കൻ എണ്ണകുത്തകകളെ രക്ഷിക്കാനുമല്ല. ജീവകാരുണ്യം. അതു മാത്രമേയുള്ളു. അതൊന്നു മാത്രം.

ജപ്പാനിലും വിയറ്റ്നാമിലും അഫ്ഘാനിസ്ഥാനിലും ഇറാഖിലുമൊക്കെ ജീവകാരുണ്യം നടത്തി പതിനായിരങ്ങളെ ജീവിതക്കടൽ
കടക്കാൻ സഹായിച്ച കരുണാമയനായ രാജ്യമാണല്ലോ. ഇന്നലെവരെ, ഗാസയിൽ ആയിരത്തോളം മനുഷ്യന്മാരെ ബോംബിട്ട് ഇസ്രായേലികൾ സ്വർഗ്ഗരാജ്യത്തിലേക്ക് കടൽ കടത്തിയപ്പോൾ ജീവകാരുണ്യവുമായി വേലിപ്പുറത്ത് കാത്തുനിന്നവരല്ലേ?

ക്രിസ്ത്യാനികളാണെങ്കിലും ഇറാഖിലെ ക്രിസ്ത്യാനികളും ആദ്യവും അവസാനവും ഇറാഖികൾ തന്നെയാണ്. ക്രിസ്ത്യാനികളാവുന്നെങ്കിൽ അതു കഴിഞ്ഞുമാത്രം. ഷിയകളും സുന്നികളും തമ്മിൽ തല്ലി ചത്തപ്പോൾ ഉണ്ടാകാത്ത ജീവകാരുണ്യമാണ് ക്രിസ്ത്യാനികളെയും അമേരിക്കൻ കമ്പനികളുടെയും ദേഹത്ത് തൊടുമെന്നായപ്പോൾ പൊട്ടിയൊലിക്കുന്നത്.

പിന്നെ, ആരാന്റെ നെഞ്ചത്ത് പൊങ്കാലയിടുമ്പോൾ ആരോടും ഒന്നും ചോദിക്കേണ്ടതുമില്ലല്ലോ.

പക്ഷേ ഇത്തവണ ശ്രദ്ധിച്ചുമാത്രമേ ചെയ്യൂ എന്നുറപ്പ് പറഞ്ഞിട്ടുണ്ട്. ലക്ഷ്യവേധിയായ വ്യോമാക്രമണം മാത്രം. പണ്ടും ചെയ്തിട്ടുണ്ട് ഇതൊക്കെ. ഇതേ നാട്ടിൽ. നൂറുകണക്കിനു കുടുംബങ്ങൾ ഒരടയാളവും ബാക്കിവെക്കാതെ ഭൂമുഖത്തുനിന്ന് മാഞ്ഞുപോയിട്ടുണ്ടെന്നു മാത്രം.

ഇറാഖിലെ ക്രിസ്ത്യാനികളോട് ഒബാമ മനസ്സിലെങ്കിലും ആയിരം വട്ടം നന്ദി പറയുന്നുണ്ടാവണം. ജീവകാരുണ്യം വീണ്ടുമൊന്ന് തുടങ്ങിക്കിട്ടാനുള്ള നിമിത്തമായതിന്.

ബലാത്ക്കാരത്തിലെ ജാതിയും മതവും



ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണിന്റെയും ബലാത്സംഗം ചെയ്തവന്മാരുടെയും മതം നോക്കിയാണ്‌ ബിജെപ്പി സംഘപരിവാറിന്റ് ഇപ്പോഴത്തെ കളി. യു.പി.യി.ല്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി ഹിന്ദുവായിരുന്നുവെന്നും അവളെ ഇരയാക്കിയവര്‍ മുസ്ലിങ്ങളായിരുന്നുവെന്നും മാനഭംഗത്തിനുശേഷം ഇസ്ലാമിലേക്ക് മതം മാറ്റിയെന്നുമാണ്‌ സംഘികളുടെയും അവരുടെ ലലനാമണികളുടെയും വാദം. അതെ, ലവ് ജിഹാദ് വീണ്ടും ചൂടു പിടിക്കുകയാണ്‌.

ഒരു ബലാത്സംഗത്തിന്റെ, ബലാത്സംഗത്തിലെ അനീതിയും നൃശംസതയും മനുഷ്യത്വരാഹിത്യവുമൊന്നും അവറ്റകള്‍ക്കു പ്രശ്നമല്ല. ചെയ്തവനെ നീതിക്കു മുന്നില്‍ കൊണ്ടുവരിക എന്നതും അവരുടെ ലക്ഷ്യമല്ല. മുസ്ലിം പെണ്ണുങ്ങള്‍ എന്തുവേണമെങ്കിലും ആയിക്കോട്ടെ, "ഹിന്ദു മഹിളാവോ കാ അപമാന്‍ നഹീം സഹേംഗേ നഹീം സഹേംഗേ" എന്നാണ്‌ സംഘി വനിതകളുടെയും അണിയറയ്ക്ക് പിന്നില്‍നിന്ന് അവരെ ചരടുവലിക്കുന്നവരുടെയും ഗായത്രിമന്ത്രം.

ശവങ്ങളേ, The Day India Burned എന്ന പേരില്‍ ബീബീസിയുടെ ഒരു ഡോക്യുമെന്ററിയുണ്ട്. യൂട്യൂബില്‍ തപ്പിയാല്‍ കിട്ടും. വിഭജനാനന്തരം പഞ്ചാബിലും കല്‍ക്കത്തയിലുമൊക്കെ നടന്ന മനസ്സാക്ഷിയെ ഞെട്ടിച്ച ബലാത്സംഗങ്ങളെക്കുറിച്ചു സതീഷ് ഗുജറാളും, മറ്റു ചിലരും പറയുന്ന ചില കാര്യങ്ങള്‍. പെണ്‍കുട്ടികളെ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് മാനഭംഗപ്പെടുത്തിയത് കണ്ടുനില്‍ക്കേണ്ടിവന്ന സാധാരണക്കാരായ മനുഷ്യരുടെയും, പെണ്മക്കളുടെ മാനം പോകുമെന്ന് ഭയന്ന് അവരെ അവരുടെ അച്ഛന്മാര്‍ വാളിനിരയാക്കിയപ്പോള്‍ അതുകണ്ടുനില്‍ക്കേണ്ടിവന്ന, ഇപ്പോഴും അതോര്‍ക്കുമ്പോള്‍ തൊണ്ടയിടറുകയും കണ്ണു നിറയുകയും, ശരീരം വിറക്കുകയും ചെയ്യുന്ന ആങ്ങളമാരെയും അതില്‍ നിങ്ങള്‍ക്ക് കാണാം.

ഒരുമിച്ച് ജീവിച്ചിരുന്നവര്‍ വീടുകള്‍ തോറും കയറിയിറങ്ങി കൊല്ലും ബലാത്സംഗവും നടത്തിയതിന്റെ കഥകള്‍, അന്ന് ജീവിച്ചിരിക്കേണ്ടിവന്ന, ഇന്നും അതോര്‍ത്ത് ഓരോ നിമിഷവും ജീവച്ഛവങ്ങളായി ജീവിക്കുന്ന ഹതഭാഗ്യരുടെ വായില്‍നിന്ന് നേരിട്ട് കേള്‍ക്കാം.

ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ബലാത്സംഗം ചെയ്യപ്പെടുന്ന ഓരോ പെണ്ണും ഞങ്ങള്‍ തന്നെയാണെന്ന് പറയുന്നതിനുപകരം, അവരുടെ മതവും കുത്തിപ്പൊക്കി അലറിവിളിക്കുന്ന ദുര്‍ഗ്ഗാവാഹിനി, ബജ്‌റംഗദള്‍, രാമസേന ചട്ടമ്പികളേ, പോയി കാണ്‌ അതൊക്കെ വല്ലപ്പോഴും.

നാളെ ഏതെങ്കിലും തെരുവിലോ കെട്ടിടത്തിലോ കുറ്റിക്കാട്ടിലോ നിങ്ങളിലാരെങ്കിലും വിവസ്ത്രകളാക്കപ്പെട്ട്, ചതഞ്ഞരഞ്ഞ്, ചോരയൊലിച്ച്, അബോധാവസ്ഥയിലോ നിര്‍ജ്ജീവമായോ കിടക്കുമ്പോള്‍ അത് ചെയ്തവന്‍ സ്വന്തം ജാതിയിലും മതത്തിലും പെട്ടവനായിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കണേ. ആരെന്നും എന്തെന്നും അനേഷിക്കാതെ നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍,  സഹായിക്കാന്‍ ഞങ്ങള്‍ വരുമ്പോള്‍ ഞങ്ങളുടെ ജാതിയും മതവും ചോദിക്കണേ.

8 August 2014

ശൂര്‍പ്പണഖയും ആര്‍ഷഭാരത വനിതകളും

രാമായണത്തിലെ ശൂര്‍പ്പണഖയുടെ സ്ത്രീത്വമല്ല മറിച്ച് സീതയുടെയും ഊര്‍മ്മിളയുടെയും സ്ത്രീത്വമാണ്‌ നമുക്ക് വേണ്ടതെന്ന് ഹിന്ദു ഐക്യവേദിയുടെ സ്വന്തം  ശശികല. .

അതായത്, മനസ്സില്‍ തോന്നിയ കാര്യം തുറന്നുപറഞ്ഞതിന്‌ നിര്‍ദ്ദയമായി ശിക്ഷിക്കപ്പെട്ട സ്ത്രീയുടെ സ്ത്രീത്വമല്ല, മറിച്ച്, സ്വന്തം ഇഷ്ടം ജീവിതത്തില്‍ ഒരിക്കല്‍ പോലും തുറന്നുപറയാതെ, പാവ കണക്കെ കണവന്മാരുടെ പാദസേവ ചെയ്ത, ചെയ്യുന്ന സ്ത്രീകളുടെ സ്ത്രീത്വമാണ്‌ നമുക്ക് വേണ്ടതെന്ന്.

പുരുഷന്റെ ഇംഗിതത്തിനു സ്വമനസ്സാലെ വഴങ്ങാന്‍ കൂട്ടാക്കാതിരുന്നതിന്‌ സമ്മാനമായി ആസിഡുകൊണ്ട് മുഖവും ദേഹവും വികൃതമാക്കപ്പെട്ട്, ജീവിതകാലം മുഴുവന്‍ നരകിക്കുകയും ഗ്രാമങ്ങളിലെ മരക്കൊമ്പുകളില്‍ തൂങ്ങിയാടുകയും, ഒഴിഞ്ഞയിടങ്ങളില്‍ വെച്ച് അപമാനിക്കപ്പെടുകയും കൊല്ലപ്പെടുകയും നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്ന നിരപരാധികളായ ശൂര്‍പ്പണഖമാരുടെ സ്ത്രീത്വങ്ങളുടെ ഇടയില്‍ നിന്നുകൊണ്ടാണ്‌, സ്വന്തം വ്യക്തിത്വത്തെ, ഇതിഹാസത്തില്‍ ഒരിക്കലും എവിടെയും വെളിവാക്കാതെ, ഭര്‍ത്താക്കന്മാരുടെ നിഴലായി മാത്രം ഒതുങ്ങിക്കൂടുകയും പരാമര്‍ശിക്കപ്പെടുകയും ചെയ്ത,ഇപ്പോഴും വിസ്മൃതഗാത്രികളായി നിലനില്‍ക്കുന്ന സ്ത്രീത്വങ്ങളെ ശശികല എന്ന 'ഹിന്ദുക്കളുടെ ഗര്‍ജ്ജിക്കുന്ന സ്ത്രീ സിംഹം' പാടിപ്പുകഴ്ത്തുന്നത്!

ശശികല ഒറ്റയ്ക്കല്ല. മരപ്പട്ടിക്ക് കൂട്ടായി വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാ ദേവിയുമുണ്ട്. സ്ത്രീ സുരക്ഷയ്ക്കുവേണ്ടത് സ്വന്തം പൈതൃകത്തിലും പാരമ്പര്യത്തിലുമുള്ള അടിയുറച്ച ആത്മബോധമാണെന്നാണ്‌ പ്രമീളാ ദേവിയുടെ ഡിസ്കവറി.

ചെറുത്തുനില്‍‌പ്പിന്റെയും ധീരതയുടെയും തന്റേടത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഉറച്ച പ്ലാറ്റ്ഫോമുകളില്‍നിന്ന് സ്ത്രീത്വത്തിനെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍‌പ്പിതകഥയിലെയും സാമൂഹ്യാവസ്ഥകളിലെയും ചതുപ്പുനിലങ്ങളിലേക്ക് അഴിച്ചുകെട്ടുന്ന ഈ ഈ ശശികലമാരും, തപസ് പാലുമാരും, ബാബുലാല്‍ ഗൗറുകളും, അബു ആസ്മിമാരും, മുലായമുകളുമല്ലെങ്കില്‍ പിന്നെ ബദാവൂനിലെ ദളിത് സഹോദരിമാരെയും ദില്ലിയിലെ നിര്‍ഭയമാരെയും ആരാണ്‌ സൃഷ്ടിക്കുന്നത്?

August 4, 2014

ഗാസ-രണ്ട്

ജര്‍മ്മന്‍ റേഡിയോ സ്റ്റേഷനനുവദിച്ച അഭിമുഖത്തില്‍ തന്നെ അഭിമുഖം ചെയ്യുന്നവരോട് അങ്ങോട്ട് അമോസ് ഓസ് ചോദിക്കുന്ന രണ്ട് ചോദ്യങ്ങള്‍ നോക്കുക.

1) തെരുവിന്റെ തൊട്ടപ്പുറത്തുള്ള നിങ്ങളുടെ അയല്‍ക്കാരന്‍, അവന്റെ വീടിന്റെ ടെറസ്സില്‍ തന്റെ മകനെയും മടിയിലിരുത്തി നിങ്ങളുടെ നഴ്സറിയിലേക്ക് യന്ത്രത്തോക്ക് പ്രയോഗിച്ചാല്‍  നിങ്ങള്‍ എന്തു ചെയ്യും?

2) തെരുവിനപ്പുറത്തെ നിങ്ങളുടെ അയല്‍ക്കാരന്‍ അയാളുടെ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന നഴ്സറിയില്‍നിന്ന് നിങ്ങളുടെ വീട്ടിലെ നഴ്സറിയിലേക്ക് ഒരു തുരങ്കം നിര്‍മ്മിച്ച്, നിങ്ങളുടെ വീട് തകര്‍ക്കാനോ വീട്ടുകാരെ തട്ടിക്കൊണ്ടുപോകാനോ പദ്ധതിയിട്ടാല്‍ നിങ്ങള്‍ എന്തു ചെയ്യും?

അമോസിന്റെ ചോദ്യങ്ങളെ തള്ളിക്കളയാനാവില്ലെങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ആ ചോദ്യങ്ങളില്‍ ഒരു വലിയ അനീതിയുണ്ടെന്ന് പറയേണ്ടിവരും.

ഇസ്രായേല്‍ പൗരനും സാഹിത്യകാരനുമൊക്കെയാണെങ്കിലും, 67-ലെ ആറു ദിവസത്തെ യുദ്ധത്തിലൊഴിച്ചാല്‍, അമോസ് ഓസ് ഒരിക്കലും ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശ ചരിത്രത്തില്‍ ഒരു നിലയ്ക്കും പങ്കാളിയായിരുന്നില്ല. ഇസ്രായേല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന  ജൂതകോളനികളുടെ വ്യാപനത്തെ ആദ്യം മുതല്‍ എതിര്‍ക്കുകയും സയണിസത്തെ നിശിതമായ വിമര്‍ശനത്തിന്‌ വിധേയമാക്കുകയും ചെയ്ത  അപൂര്‍‌വ്വം ഇസ്രായേലികളില്‍ ഒരാളാണ്‌ അമോസ്. അടുത്തടുത്തായി സഹവര്‍ത്തിക്കുന്ന ഫലസ്തീനും ഇസ്രായേലും എന്ന ദ്വിരാഷ്ട്രവാദത്തിന്റെ പ്രചാരകരിലും അദ്ദേഹമുണ്ടായിരുന്നു.

അമോസിന്റെ ചോദ്യം ശരിയാവുന്നത്, ഹമാസ് എന്ന സംഘടനയുടെ ചരിത്രവും വംശീയ ചായ്‌വുകളും സയണിസവുമായി തട്ടിച്ചു നോക്കുമ്പോഴാണ്‌. ഫലസ്തീനികളെ ഒന്നടങ്കം അകറ്റിനിര്‍ത്തുന്ന സയണിസവും, ജൂതരെയും ജൂതരാഷ്ട്രത്തെയും പൂര്‍ണ്ണമായി  ഇല്ലായ്മ ചെയ്യുക എന്ന ഹമാസിന്റെ മൗലികവാദവും ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങള്‍ മാത്രമാണ്‌.

ഫലസ്തീനികളുടെ അവകാശപോരാട്ടങ്ങളെയും ഇന്ന് അവര്‍ക്ക് നേരിടേണ്ടിവരുന്ന സാമൂഹ്യാനീതിയെയും, അവരുടെ പ്രശ്നത്തില്‍ ലോകരാഷ്ട്രങ്ങളെടുക്കുന്ന നിസ്സംഗതയും കണക്കിലെടുക്കുമ്പോഴാണ്‌ അമോസിന്റെ ചോദ്യങ്ങള്‍ തെറ്റായി മാറുന്നത്.

കൂടുതല്‍ വായനയ്ക്ക് ദ് ന്യൂയോര്‍ക്കറിലെ ഈ ലേഖനം നോക്കാം

http://www.newyorker.com/news/news-desk/honest-voice-israel

August 3, 2014

ഗാസയിലെ കുട്ടികള്‍

ഗാസയിൽ നൂറുകണക്കിനു പിഞ്ചുകുട്ടികളും ചില കുടുംബങ്ങൾ ഒന്നടങ്കവുമായി നിരപരാധികളായ ആയിരക്കണക്കിനാളുകളെ കഴിഞ്ഞ പത്തിരുപത്തിനാലു ദിവസങ്ങൾക്കുള്ളിൽ സയണിസ്റ്റുകൾ ചുട്ടുകൊന്നിട്ടും യൂറോപ്പ്യൻ യൂണിയൻ എന്ന കടലാസ്സുപുലിക്കും, അവന്റെ വല്ല്യേട്ടൻ അമേരിക്കയ്ക്കും ഒരു കുലുക്കവുമില്ലായിരുന്നു.

എന്നാലിന്ന് പെട്ടെന്ന് അവറ്റകൾക്ക് ധാർമ്മികബോധം കുരുപൊട്ടിയിരിക്കുന്നു. ഗാസയിലെ കൂട്ടക്കുരുതിയെപ്രതിയല്ല, ഉക്രെയിനിൽ റഷ്യ നടത്തുന്ന ‘അതിക്രമങ്ങൾ’ ആലോചിച്ച്. സാമ്രാജ്യത്വങ്ങളുടെ കൂട്ടക്കുരുതികൾക്കും അധിനിവേശങ്ങൾക്കും പച്ചക്കൊടി കാട്ടാൻ വേണ്ടിമാത്രം പടച്ചുണ്ടാക്കിയ ഐക്യരാഷ്ട്രസഭ എന്ന ആഗോള ആഭാസമാകട്ടെ, ഓരോ കുഞ്ഞുങ്ങൾ മരിക്കുമ്പോഴും ഓരോ അഭയാർത്ഥിക്യാമ്പുകളും സ്കൂളുകളും ബോംബിംഗിൽ തകരുമ്പൊഴും,ആ പഴയ ശക്തൻ തമ്പുരാനെപ്പോലെ ‘കഷ്ടമായിപ്പോയി’ എന്ന് മോങ്ങിക്കൊണ്ടേയിരിക്കുന്നു.

എല്ലാവർക്കും വേണ്ടത് സമയമാണ്. ഗാസയെ നാമാവശേഷമാക്കാനുള്ള സമയമുണ്ടാക്കുകയാണ് ഇസ്രായേൽ. ആ സമയത്തിനുള്ള സാവകാശമൊരുക്കുകയാണ് അമേരിക്കയും യൂറോപ്പ്യൻ യൂണിയനും. എല്ലാമൊന്ന് വേഗം തീർന്നുകിട്ടിയാൽ പിന്നെ, നീലക്കുപ്പായക്കാരുടെ സമാധാനസേനയും ദൌത്യവും ഒത്തുതീർപ്പുകളും ഉടമ്പടികളും വേണ്ടിവന്നാൽ ഒരു പൊടിയ്ക്ക് അന്വേഷണപ്രഹസനങ്ങളുമായി ഇറങ്ങാൻ ഐക്യരാഷ്ട്രസഭയ്ക്കും വേണം സമയം.

ഒന്നും ചെയ്യാതെ കൈയ്യും കെട്ടിയിരിക്കുന്ന നമുക്ക് മാത്രം ഒന്നിനും സമയമില്ല.

പിന്നെ, ഒരു കന്മഷവുമില്ലാതെ കളിയും ചിരിയുമായി ജീവിക്കുന്നതിനിടയിൽ, എന്താണെന്നോ എവിടെനിന്നാണെന്നോ അറിയാത്ത പൂത്തിരികൾക്കും അമിട്ടുകൾക്കുമിടയിൽ സമയം പെട്ടെന്ന് തീർന്നുപോകുന്ന, അഥവാ, സമയമില്ലാതെ പോകുന്ന ഗാസയിലെ  ആ കുഞ്ഞുങ്ങൾക്കും.

July 31, 2014

ഗൂഢം


സ്റ്റൌ,
പ്രഷർ കുക്കർ
ഗ്യാസ്
കത്തി
തീ
എല്ലാവരും അവളെ നോക്കി
അടക്കത്തിൽ എന്തോ
തമ്മിൽത്തമ്മിൽ കുശുകുശുക്കുന്നുണ്ട്

ഉമ്മറത്ത് പത്രം വായിച്ച്
അയാളുണ്ട്
ഇടയ്ക്ക് അടുക്കളയിലേക്കൊന്ന് ഒളികണ്ണിട്ട്
ചെവി കൂർപ്പിച്ച്
എന്തോ പ്രതീക്ഷിച്ച്

വീടും അയാളും
ഏതോ ഒരു ഗൂഢാലോചനയിൽ
എന്തിനോ
ഒരുമിച്ച് പങ്കാളികളാവുകയാണ്

July 14, 2014

ഡോവലിന്റെ വീരകൃത്യങ്ങള്‍



ആണ്ടി നല്ല അടിക്കാരനാണെന്ന് സ്ഥിരീകരിക്കുന്നത് ആരായിരിക്കണം, ആണ്ടി തന്നെ. അതില്‍‌പ്പരം ഒരു ആധികാരികത എന്തു വേണം. ഇറാഖിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ഇടപെട്ടിരുന്നു എന്ന്. സ്ഥിരീകരിച്ചിരിക്കുന്നത് ഹിന്ദു. കഥ മുഴുവന്‍ ചുറ്റിത്തിരിയുന്നത് ആ നാല്‍‌പ്പത്താറു നേഴ്സുമാരുടെ കാര്യത്തില്‍ തന്നെയാണ്‌. ഡോവലും, ആസിഫ് ഇബ്രാഹിമും യഥാക്രമം ബാഗ്ദാദും റിയാദും സന്ദര്‍ശിച്ച് ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള ചുക്കാന്‍ പിടിച്ചിരുന്നു എന്ന മഹാരഹസ്യമാണ്‌ ഹിന്ദു ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ഇസിസിന്റെ വേഷത്തില്‍ ഇന്ത്യന്‍ കമാന്‍ഡോകള്‍ ഇറാഖിലേക്ക് കടന്ന് യഥാര്‍ത്ഥ ഇസിസുകളെ മണ്ടന്മാരാക്കി നഴ്സുമാരെ വിമോചിപ്പിച്ച ജന്മഭൂമിയുടെ ആ മുഴുനീള ത്രില്ലര്‍ കഥയിലേക്ക് ഇനി ഏതാനും ചുവടുകള്‍ മാത്രമേ ബാക്കിയുള്ളു എന്ന് കരുതാം.

ഒരു രാജ്യത്തിലെ പൗരന്മാര്‍ മറ്റൊരു രാജ്യത്ത് യുദ്ധ-തീവ്രവാദ സാഹചര്യങ്ങളില്‍ കുടുങ്ങിയാല്‍ ഭരണ-നയതന്ത്ര-സൈനിക തലങ്ങളില്‍  കൂടിയാലോചനകളും ശ്രമങ്ങളും നടത്തലുമൊക്കെ പതിവാണ്‌. അതില്‍ അത്ര വലിയ അവകാശവാദത്തിനൊന്നും സ്കോപ്പില്ല. ഒരു സര്‍ക്കാര്‍ അവശ്യം ചെയ്യേണ്ട മാമൂല്‍ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണതൊക്കെ. അതൊന്നും നടന്നിട്ടില്ല എന്നും ആരും അവകാശപ്പെട്ടിട്ടില്ല. തീരുമാനങ്ങള്‍ എടുക്കാനുണ്ടായ കാലതാമസമാണ്‌ പല ഭാഗങ്ങളില്‍നിന്നും ചോദ്യം ചെയ്യപ്പെട്ടത്.

പക്ഷേ അപ്പോഴും ആ ചോദ്യം നിങ്ങളെയാരെയും വിട്ടൊഴിയുന്നില്ലല്ലോ ഡോവല്‍ സാബ്. എവിടെയാണാ നാല്‍പ്പത് ഇന്ത്യന്‍ തൊഴിലാളികള്‍? അവരുടെ കാര്യത്തില്‍ നിങ്ങള്‍ എന്തു ചെയ്തു? എന്തു ചെയ്യുന്നു?

ആ നഴ്സുമാരെപ്പോലെ എന്തോ ഒരു പൊട്ടഭാഗ്യത്തിന്‌ ഇനി ആ തൊഴിലാളികളും തിരിച്ചുവന്നാല്‍, അപ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടി സൂക്ഷിച്ചുവെച്ചിരിക്കുകയാണോ അതിനെക്കുറിച്ചുള്ള രഹസ്യങ്ങള്‍? ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും ഇന്റലിജന്‍സ് ചീഫിന്റെയും പ്രവര്‍ത്തനങ്ങളുടെ രഹസ്യസ്വഭാവത്തെക്കുറിച്ചൊക്കെ ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്കറിയേണ്ടത്, ആ നാല്‍‌പ്പത് ഇന്ത്യന്‍ തൊഴിലാളികള്‍ എന്തുകൊണ്ട് ഇവിടെ എത്തിയില്ല എന്നതാണ്‌.

നഴ്സുമാരുടെ കാര്യത്തിലും അതിനുശേഷം അവിടെയവിടെയായി കുടുങ്ങിക്കിടക്കുന്നുവെന്ന് സുഹൃത്തുക്കള്‍ വഴി അറിഞ്ഞ ചില ആളുകളുടെ കാര്യത്തിലും നമ്മുടെ സര്‍ക്കാരിന്റെ ഇറാഖിലെ ഹെല്‍‌പ്പ് ലൈന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞ ചില ദിവസങ്ങളിലായി ശ്രമിക്കുകയുണ്ടായി. പൊതുവെ നിരാശയായിരുന്നു ഫലം. സ്ഥലം വലിയ പരിചയമില്ലെന്നും അന്വേഷിക്കാനുള്ള സം‌വിധാനങ്ങള്‍ ഇല്ലെന്നുമൊക്കെയായിരുന്നു മറുപടി. ഹെല്‍‌പ്പ് ലൈനുമായി അങ്ങോട്ട് ചെന്ന് ബന്ധപ്പെടുന്നവരുടെ കാര്യത്തില്‍ മാത്രമാണ്‌ അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത്.

ഇതെഴുതുമ്പോഴും ധാരാളം ഇന്ത്യക്കാര്‍ ദിനം‌പ്രതി ഇറാഖിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്, സംഘര്‍ഷമേഖലകളിലേക്ക് പോലും. അതും ഏജസികള്‍ വഴി റികൂട്ട് ചെയ്യപ്പെട്ട് വിസപോലും ഇല്ലാതെ വരുന്നവര്‍. ഇവര്‍ ഇന്ത്യയില്‍ നിന്നു മാത്രമല്ല, മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴിയും ഇറാഖിലേക്ക് കടക്കുന്നുണ്ട്. അത് നിര്‍ത്തലാക്കാന്‍ എന്തു നടപടിയാണ്‌ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വലിയ വീരസാഹസകൃത്യമൊന്നും വേണ്ടാത്ത, ഗള്‍ഫ് രാജ്യങ്ങളിലെ എമിഗ്രേഷന്‍ വകുപ്പുകളുമായോ ഇന്ത്യന്‍ നയതന്ത്രാലയങ്ങളോ ആയി കൂട്ടുചേര്‍ന്ന്, ഭരണതലത്തില്‍ തന്നെ അടിയന്തിരമയി ചെയ്യാവുന്ന കാര്യമാണ്‌ ഇത് തടയല്‍. അറിഞ്ഞിടത്തോളം അതിനുള്ള ഒരു പദ്ധതിയും ഇന്നത്തെ അടിയന്തിരഘട്ടത്തിലും 'രക്ഷാപുരുഷ'ന്മാര്‍ ഇതുവരെ എടുത്തിട്ടില്ല. ജയിംസ് ബോണ്ട് കളിയില്‍ മാത്രമാണ്‌ കേന്ദ്രത്തിലെ വല്ല്യേട്ടനും, സുരക്ഷാ-ഇന്റലിജന്‍സ് വകുപ്പിലെ കുഞ്ഞനുജന്മാര്‍ക്കും താത്പര്യം.

ഓഫ്: ഹിന്ദുവിന്റെ ആ വാര്‍ത്ത വായിക്കുമ്പോള്‍ വശങ്ങളില്‍ കാണുന്ന പരസ്യം ഒന്നു ശ്രദ്ധിക്കണേ. അതില്‍ കാണാം, റയില്‍‌വേ ബഡ്‌ജറ്റ് കവറേജ് ചെയ്യുന്നത് Myntra.com ആണെന്ന്. കോ-സ്പോണ്‍സര്‍ ചെയ്യുന്നത് റിലയന്‍സ്. വാര്‍ഷിക ബഡ്‌ജറ്റും റയില്‍‌വേ ബഡ്‌ജറ്റുമൊക്കെ ഇനി റിലയന്‍സ് അവതരിപ്പിക്കുന്നത് എന്നാണെന്ന് മാത്രമേ അറിയാനുള്ളു.

July 8, 2014