Thursday, February 24, 2011

സ്കാവഞ്ചേര്‍സ്

കണ്ടിട്ടുണ്ടോ ആ ആളുകളെ നിങ്ങൾ?

അതിരാവിലെ നിങ്ങൾ ഓഫീസിലേക്കു പോകുമ്പോൾ, സായാഹ്നങ്ങളിലും അവധി ദിനത്തിലും സകുടുംബം തിന്നും കുടിച്ചും തെരുവിൽ നിങ്ങൾ ചുറ്റിനടന്ന് തിമർക്കുമ്പോൾ, രാത്രികളിൽ വൈകി വീടുകളിലേക്ക് മടങ്ങുമ്പോൾ ഒക്കെ, തെരുവിൽ നിങ്ങൾ കണ്ടുമുട്ടുന്ന ആ അവരെ?. വഴിവക്കിലെ മാലിന്യക്കൊട്ടകളിൽനിന്ന് ലൊട്ടുലൊടുക്ക് സാധനങ്ങൾ തപ്പിയെടുക്കുന്ന ആളുകളെ.

ഒരുകാലത്ത് സമ്പത്തിൽ ആറാടുകയും, ഇപ്പൊൾ പ്രതികൂലാവസ്ഥകളിലും അതിന്റെ ഹാങ്കോവറിൽ നിന്ന് വിടുതിനേടുകയും ചെയ്തിട്ടില്ലാത്ത ഒരു രാജ്യം, ദിവസേന പുറന്തള്ളുന്ന ചപ്പുചവറുകളിൽനിന്ന് അന്നന്നത്തെ നിത്യവൃത്തിക്കുള്ള ചെറുകിട സമ്പാദ്യങ്ങൾ തപ്പിയെടുക്കുന്നവരെ. ഒഴിഞ്ഞ പെപ്സി, കോള കുപ്പികളാകാം അത്. കാർഡ്ബോർഡ് പെട്ടികളാകാം, പൊട്ടിയ, പഴകിയ പ്ളാസ്റ്റിക് സാമാനങ്ങളാകാം, എന്തുമാകാം. ഒരു വളഞ്ഞ കമ്പികൊണ്ട് മാലിന്യക്കൊട്ടകൾ ചിക്കിച്ചിനക്കി, നമ്മൾ ഉറക്കമെഴുന്നേല്ക്കും മുൻപും, നാളെ ചെയ്യേണ്ടുന്ന അതിജീവനതന്ത്രങ്ങളും അഭ്യാസങ്ങളും മനസ്സിൽ ഉരുക്കഴിച്ച് ദീർഘസുഷുപ്തിയിലേക്ക് നമ്മൾ മടങ്ങുമ്പോഴും അവർ തെരുവിലുണ്ടാകും. ചിലപ്പോൾ ഒരുനേരത്തേക്കുള്ള ഭക്ഷണം പോലും അതിൽനിന്ന് കണ്ടെടുക്കുന്ന (നിർ)ഭാഗ്യശാലികളും അവർക്കിടയിലുണ്ട്‌.

അവർ ജീവിക്കുന്നത് അങ്ങിനെയൊക്കെയാണ്‌. പിസ്സയും കെ.എഫ്.സി.യും, ഷോപ്പിംഗ് മാളുകളും, ടച്ച്സ്ക്രീൻ ഫോണുകളും, ഒന്നര കക്കൂസിന്റെ പൊങ്ങച്ചമുള്ള ഫ്ലാറ്റുകളും, സ്പ്ളാഷും കാൽവിൻ ക്ളീനും, ക്രിസ്ത്യൻ ഡിയോറും, ആഴ്ചതോറുമുള്ള താരനിശകളും, സാംസ്ക്കാരിക സമ്മേളനങ്ങളും, ജുഗല്‍ബന്ദികളുമൊന്നും അവരുടെ ജീവിതത്തിൽ പറഞ്ഞിട്ടില്ല.

എന്തൊക്കെയോ ചെയ്ത്, എങ്ങിനെയൊക്കെയോ അവരങ്ങ് കഴിഞ്ഞുപോകുന്നു. അവർക്കെതിരെ എന്തു ചെയ്താലും ഒരു തഹ്റീർ ചതുരവും ഉണ്ടാകാൻ പോകുന്നുമില്ല.

അവരിൽ ഇന്ത്യക്കാരുണ്ട്, ബംഗാളികളുണ്ട്, പാക്കിസ്ഥാനികളുണ്ട്, ശ്രീലങ്കക്കാരുണ്ട്, അഫ്ഘാനികളുണ്ട്.

ഒരു ഉളിപ്പുമില്ലാതെ, മനസ്സാക്ഷിയുടെ ഒരു നേരിയ സൂചിക്കുത്തുപോലുമില്ലാതെ shabbily clad scavengers എന്ന്‌ ഖലീജ് ടൈംസ് വിളിച്ചത് ഇവരെയാണ്‌. ഇവരെക്കുറിച്ചാണ്‌ ഇപ്പോഴും ദുബായ്-ഷാർജ സർക്കാരുകളുടെ പുലപ്പേടികള്‍

നാടുചുറ്റാൻ വരുന്ന വിദേശികളുടെയും വിനോദസഞ്ചാരക്കാരുടെയും കണ്ണിലെ കരടാവുമെന്ന ഭയം. രോഗവും, പകർച്ചവ്യാധികളും പകർത്തുമെന്ന ഭയം. അതുകൊണ്ട് ഇനി അവരെ ‘ഇറാഡിക്കേറ്റ്’ ചെയ്യാനാണത്രെ പദ്ധതി. ഒരു ചെറിയ എലിമിനേഷൻ റൌണ്ട്.

എണ്ണവിറ്റ് കിട്ടിയ പച്ചനോട്ടുകൾകൊണ്ടും, പച്ചനോട്ടുകളെ കൺകെട്ടുവിദ്യകൊണ്ട് ഇരട്ടിപ്പിക്കുന്ന വ്യാജവിദ്യകൊണ്ടും പടുത്തുയർത്തിയ കുമിളസമ്പദ് വ്യവസ്ഥയിൽ എങ്ങിനെ ഈ അഴുക്കുപുരണ്ട വസ്ത്രധാരികൾ ഉണ്ടായി എന്നോ, എന്തുകൊണ്ടാണ്‌ അവർക്ക് ഇത്തരമൊരു തൊഴിലില്‍ ഏര്‍പ്പെടേണ്ടിവന്നുവെന്നോ ഒരുവട്ടമെങ്കിലും ആലോചിച്ചിട്ടുണ്ടോ ഭരണാധികാരികള്‍? ഇവരെ കൊണ്ടുവരികയും, വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും കൊടുക്കാതെ അവരെ തെരുവിലേക്ക് ഇറക്കിവിടുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെയല്ലേ ആദ്യം നടപടി ഉണ്ടാകേണ്ടിയിരുന്നത്? ഇവരുടെ അദ്ധ്വാനവും ദുരിതവും ചൂഷണം ചെയ്ത് ആക്രിക്കടകൾ നടത്തുന്ന വമ്പന്മാരില്ലേ ഇവിടെ? അവരെയല്ലേ നിലക്ക് നിർത്തേണ്ടത്? നിയമം കൊണ്ട് കർശനമായി നിയന്ത്രിക്കേണ്ടത്?

ഇക്കൂട്ടർ നേരിടുന്ന തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനും, മാന്യമായ തൊഴിലുകളിലേക്ക് മാറാനുള്ള സാഹചര്യം അവർക്ക് ഉറപ്പുവരുത്തുകയുമാണ്‌ നാട് ഭരിക്കുന്നവർ ചെയ്യേണ്ടത്. ആ കടമകളെക്കുറിച്ച് നിരന്തരം അധികാരികളെ ഓര്‍മ്മിപ്പിക്കാന്‍ മാധ്യമങ്ങൾക്കും നിസ്സാരമല്ലാത്ത ഉത്തരവാദിത്ത്വമുണ്ട്. അതിനുപകരം, ഈ തൊഴിൽ ചെയ്യുന്നവരെയൊക്കെ സമൂഹത്തിലെ പുഴുക്കുത്തുകളായി വായനക്കാർക്കുമുന്നിൽ അവതരിപ്പിക്കുന്നതില്‍  മത്സരിക്കുകയാണ്‌ ഈ മാധ്യമശിങ്കങ്ങൾ.

ആരാണ്‌ ശരിക്കുള്ള സ്കാവഞ്ചേർസ്?

Tuesday, February 22, 2011

ഇന്ത്യൻ പവലിയണിലെ ദൈവം

ദൈവമേ
ഇന്ത്യാ പവലിയണിലെ*
ഒരു കടക്കുള്ളിൽവെച്ച്
നിന്നേക്കാൾ വലിയ കരകൌശലക്കാരനെ ഞാനിന്നു കണ്ടു

അരിമണികളിൽ
പേരെഴുതിക്കൊടുക്കുന്ന
ഒരാളെ.
ചെയ്യുന്ന കൂലിക്ക്
കൃത്യമായി പണം വാങ്ങി
അരി വാങ്ങുന്നവനെ.

അരിയേക്കാൾ വലുതായി
ഇഹപരത്തിൽ
മറ്റൊന്നുമില്ലെന്ന
തിരിച്ചറിവിന്റെ
വെളിച്ചം ഉള്ളിൽ നിറഞ്ഞവനെ

അരിയില്ലാതെ
അന്തരിച്ചവര്‍ക്കുവേണ്ടി**
നിന്നോട്
തന്നാലാവും വിധം
പകരം ചോദിപ്പോനെ

നിന്റെ ക്രൂരമായ
മുൻവിധികളൊന്നുമില്ലാതെ,
നിന്റെ അസമമായ
നീതിബോധമൊന്നുമില്ലാതെ,
സൃഷ്ടിക്കുശേഷം
നീയനുഭവിക്കുന്ന
സബാത്തൊന്നുമില്ലാതെ
അരിക്കാശിനു വേണ്ടി
പണിയെടുക്കുന്നവനെ

എത്ര വലിയ പേരും
അവന്റെ അരിമണിയിലൊതുങ്ങുന്നു
ഒതുങ്ങാത്ത
എല്ലാ വലിയ പേരുകളെയും
അവൻ കത്രിച്ചൊതുക്കുന്നു
പേരുകളിൽനിന്ന്
എല്ലാ വകഭേദങ്ങളും എടുത്തുമാറ്റുന്നു
നിറഭേദമുള്ള എല്ലാ പേരുകളെയും
ഒരേ കറുത്ത ചായം മുക്കി എഴുതുന്നു.
കത്രിച്ച, ചുരുക്കിയ,
ഒരേ നിറത്തിലുള്ള പേരുകളെ
നാനാവർണ്ണത്തിലുള്ളവർക്കായി
വിട്ടുകൊടുക്കുന്നു

എഴുതിയ പേരുകളെ
വിധിദിനത്തിൽ
വിളിച്ചുവരുത്തി
കണക്കെടുക്കുന്ന വിനോദമൊക്കെ
നിനക്കുമാത്രമുള്ളത്.

അവൻ പണിയെടുക്കുന്നു
അരിമണികളിൽ പേരുകൊത്തി
അരി മേടിക്കുന്നു
വാങ്ങിയ പണത്തിന്‌
അവിടെവെച്ചുതന്നെ
അരിയും കൊടുത്തുതീർക്കുന്നു

ദൈവമേ
അവന്റെ കരകൌശലത്തിനുമുൻപിൽ
നീയാര്‌?



* ഒരു ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അനുഭവം
**വള്ളത്തോള്‍ കവിതയില്‍നിന്ന്

Wednesday, February 16, 2011

*മിസ്റിക്കും കാറ്റു വേണം





പേരിനുമാത്രമായിട്ടാണെങ്കിൽപ്പോലും, ഒരു ഏകാധിപത്യത്തിൻകീഴിൽനിന്ന് ഒരു വലിയ രാജ്യം മോചിതമായിരിക്കുന്നു. നമ്മുടെ കണ്മുന്നിൽ വെച്ച്.

ഇറാഖിനെ സദ്ദാമിൽനിന്ന് അമേരിക്ക ‘മോചിപ്പിച്ച’തു പോലെയല്ല. അഫ്ഘാനിസ്ഥാനെയും, ഇറാനെയും വടക്കൻ കൊറിയയെയും, ക്യൂബയെയും, വെനീസ്വലയെയും ‘മോചിപ്പിക്കാൻ’ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ പോലെയുമല്ല ഇത്.

സ്വന്തം ശക്തി മാത്രം ഉപയോഗിച്ച് ഒരു നാട്ടിലെ ജനങ്ങൾ അവിടുത്തെ ഏകാധിപതിയെ അധികാരത്തിൽനിന്ന് ആട്ടിപ്പായിക്കുന്ന മനോഹരമായ ഒരു കാഴ്ച. ടുണീഷ്യയിൽനിന്നു തുടങ്ങിയ ഒരു വിമോചന കാറ്റ്. അതിന്റെ അലയൊലികൾ എല്ലായിടത്തേക്കും വീശിക്കൊണ്ടിരിക്കുന്നു. അൾജീരിയയുടെ പടിവാതിൽക്കലെത്തിക്കഴിഞ്ഞു. യെമനിലും. ചോദിക്കാതെതന്നെ തദ്ദേശീയ ജനവിഭാഗത്തിന്‌ നാമമാത്രമായതെങ്കിലും ചില ജീവിത സൌകര്യങ്ങൾ വാഗ്ദാനം നൽകാൻ മദ്ധ്യപൌരസ്ത്യ ദേശങ്ങളിലെ ഭരണാധികാരികൾ നിർബന്ധിതമായിരിക്കുന്നു.

ഈജിപ്ഷ്യൻ വിപ്ളവത്തിൽ ജയിച്ചത് ജനങ്ങളാണെങ്കിലും, ആത്യന്തികമായ ജയം അമേരിക്കയുടേതുതന്നെയാണ്‌. മുപ്പതു വർഷമായി തങ്ങൾ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പാവക്കു പകരം, മറ്റൊരു പാവയെ അവർ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങുകയാണ്‌. ഈജിപ്തിലെ ജനങ്ങൾക്ക് അവരുടെ മുൻപിൽ രണ്ടേ രണ്ട് സാധ്യതകൾ മാത്രമാണുള്ളത്. ഒന്നുകിൽ, ഒരിക്കൽ അമേരിക്കയുടെ കണ്ണിലെ കരടായിരിരുന്ന, ഇപ്പോൾ അമേരിക്കയുടെ ഭാഗത്തേക്ക് ഏറെക്കുറെ എത്തിയ എൽ ബരാദി. അല്ലാത്തപക്ഷം, ഏതു സമയവും അപകടകരമായേക്കാവുന്ന മുസ്ലിം ബ്രദർഹുഡ്. കൂടുതൽ സാധ്യത ആദ്യത്തേതിനുതന്നെയാണ്‌. പൌരാവകാശങ്ങളും സ്വാതന്ത്യവുമൊക്കെ മുബാറക്കിന്റെ കാലത്തേക്കാൾ ഭേദപ്പെട്ടേക്കാം. ഉദാരമായ സാമ്പത്തികസഹായങ്ങളും കിട്ടിയേക്കാം. എങ്കിലും, ആത്യന്തികമായി മറ്റൊരു വൈദേശികഭരണത്തിലേക്കുതന്നെയാണ്‌ അവരുടെ യാത്ര. ഇറാന്റെയും ഇറാഖിന്റെയും കാര്യത്തിൽ വ്യക്തവും സ്വതന്ത്രവുമായ നിലപാടുകളെടുത്ത എൽ ബറാദിക്ക് പക്ഷേ, അമേരിക്കയുടെ താത്പര്യങ്ങളെ അവഗണിക്കാൻ അധികമൊന്നും ആവുകയുമില്ല. ഗമാൽ അബ്ദുൾ നാസ്സറിന്റെ പരമാധികാര രാജ്യസങ്കൽപ്പത്തെയും, പാൻ-അറബ് ദേശീയതയെയുമാണ്‌ ഒരു പരിധിവരെ അൻവർ സാദത്തും, പൂർണ്ണമായും മുബാറക്കും പണയം വെച്ചത്. അത് തിരിച്ചെടുക്കാൻ ഈജിപ്തിനു ഇനിയും മറ്റൊരു ശുഭ്രവിപ്ളവം വേണ്ടിവരും. പക്ഷേ അതത്ര എളുപ്പമായിരിക്കില്ല.

ഈജിപ്തിലെ വിപ്ളവം ക്യൂബയിലേക്കും ചൈനയിലേക്കും പടരുന്നത് സ്വപ്നം കാണുന്ന മറ്റൊരു വലിയ വിഭാഗമുണ്ട്. പ്രത്യേകിച്ചും ക്യൂബയിലേക്ക്. ഫിദൽ കാസ്ട്രോയുടെ കാലശേഷം അത് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നതും സത്യമാണ്‌. അതുകൊണ്ടുതന്നെ ആ സാധ്യതയെ സ്വപ്നം കാണുന്നവരെയും കുറ്റം പറയാനാവില്ല.

എങ്കിലും എന്താണ്‌ ആ സ്വപ്നത്തിന്റെ കാതൽ? സോഷ്യലിസം എന്ന ആശയത്തിന്റെ തകർച്ച. കമ്മ്യൂണിസം എന്ന വ്യവസ്ഥിതിയോടുള്ള ഭയം. പാശ്ചാത്യജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങളെയും പരാജയങ്ങളെയും സൌകര്യപൂർവ്വം കാണാതിരിക്കുക എന്ന തന്ത്രം. അതിൽ കവിഞ്ഞൊന്നുമല്ല ആ സ്വപ്നത്തിന്റെ അടിത്തറ. ഫിദൽ എന്ന യുദ്ധവിരുദ്ധ സോഷ്യലിസ്റ്റിനേക്കാൾ അവർ ആഗ്രഹിക്കുന്നത്, ബുഷിനെയും , ബ്ളെയറിനേയും, ഒബാമയേയും, സർക്കോസിയെയും പോലുള്ള യുദ്ധവെറിയന്മാരെയും കപടജനാധിപത്യവാദികളെയുമാണ്‌. അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും നടന്ന, ഇപ്പോഴും നടക്കുന്ന യുദ്ധവിരുദ്ധ, ജനാധിപത്യ പ്രക്ഷോഭങ്ങളൊന്നും അവരുടെ തൊലിപ്പുറമെ പോലും സ്പർശിക്കുന്നില്ല. അതൊക്കെ ഏതോ നാട്ടിൽ നടക്കുന്ന ‘ബഹളങ്ങൾ’ മാത്രമാണ്‌ ഈ സ്വപ്നാടകർക്ക്. ഈജിപ്തു പോലും ഒരു ആഫ്രിക്കൻ വാർത്ത മാത്രമായിരുന്നു ഇവര്‍ക്ക്, ഫെബ്രുവരി പതിനൊന്നു വരെ.

ജനങ്ങളുടെ വിപ്ളവമെന്നതിനേക്കാൾ, സാങ്കേതികയുഗത്തിന്റെ വിജയമെന്ന നിലക്കാണ്‌ ഈ കാൽപ്പനിക സ്വപ്നജീവികൾ ഈജിപ്തിലെ വിജയത്തെ കൊണ്ടാടുന്നത്. ഒരു ജനുവരി 25-ന്റെ പ്രഭാതത്തിൽ ഒരു അസ്മാ മഹ്ഫൂസിന്റെ വീഡിയോ ബ്ലോഗ്ഗിൽ നിന്നോ,  ഒരു ഗൂഗിള്‍ എക്സിക്യൂട്ടീവിന്റെ ഇന്റര്‍നെറ്റ് ക്യാമ്പയിനില്‍ നിന്നോ തുടങ്ങിയ ഒരു വിസ്മയം.. അങ്ങിനെയൊരു വിസ്മയം ഉണ്ടാകാണമെങ്കിൽ അതിന്റെ പിന്നിൽ വലിയൊരു രാഷ്ട്രീയ സമരത്തിന്റെ കാറ്റു വീശണം എന്ന യാഥാര്‍ത്ഥ്യം മാത്രമാണ്‍് അവര്‍ക്ക് പുരിയാത്തത്. മിസ്റിയുടെ വിജയത്തിന്റെ പിന്നിലും  രാഷ്ട്രീയത്തിന്റെ, വിശേഷിച്ചും ഇടതുരാഷ്ട്രീയത്തിന്റെ ആ കാറ്റുണ്ടായിരുന്നു.

2004 മുതൽ തന്നെ ഈജിപ്തിലെ തൊഴിലാളികൾ നിരന്തരമായ സമരത്തിലാണ്‌. ഇന്നും അത് തുടരുകയും ചെയ്യുന്നു. കഴിഞ്ഞ ആറു വർഷത്തിനിടക്ക് 1900 സമരങ്ങൾ ഈജിപ്തിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നര ദശലക്ഷം തൊഴിലാളികൾ ഇതിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. ടെക്സ്റ്റൈൽ, ഗതാഗത, നിർമ്മാണ, ഭക്ഷ്യോത്പ്പാദന മേഖലകളിൽനിന്നു തുടങ്ങിയ സമരം 2006 ആകുമ്പോഴേക്കും സർക്കാരിന്റെ തന്നെ നികുതിപിരിവ് ഉദ്യോഗസ്ഥരിലേക്ക് എത്തിയിരുന്നു. 10,000 വരുന്ന മുനിസിപ്പൽ നികുതി ജീവനക്കാർ മൂന്നു ദിവസമാണ്‌ തുടർച്ചയായ സമരം നടത്തിയത്. സമ്മർദ്ദത്തിലായ സർക്കാരിന്‌ ഒരു സ്വതന്ത്ര തൊഴിലാളി സംഘടനക്ക് അനുവാദം കൊടുക്കേണ്ട അവസ്ഥയും ഉണ്ടായി. രാജ്യത്തിനകത്ത് വളർന്ന തൊഴിൽ സമരങ്ങളിൽ ഔദ്യോഗിക ഇടതുപക്ഷത്തിനോടൊപ്പം, ഇടതും വലതുമായ എൻ.ജി.ഒ.കളും പങ്കെടുക്കുകയുണ്ടായി. വിദേശരാജ്യങ്ങളിൽ നിന്നുപോലും അവർക്ക് സഹായങ്ങളും ലഭിച്ചു. വാഷിംഗ്ടണിലെ മണ്ണിൽനിന്നുതന്നെ, ലേബർ സ്റ്റാർട്ട് എന്ന വെബ്സൈറ്റ് ഉപയോഗിച്ച് തൊഴിലാളി സംഘടനകൾ ആഗോളതലത്തിൽ ആശയപ്രചരണം സംഘടിപ്പിച്ചു.

1977-ൽ എന്ത് സൈബറും ഫേസ്ബുക്കും ട്വിറ്ററുമാണുണ്ടായിരുന്നത്? അന്നും ഈജിപ്തിൽ വലിയൊരു സമരം നടന്നു. പ്രശസ്തമായ ബ്രഡ് സമരം. ഈജിപ്തിന്റെ എല്ലാ ഭാഗങ്ങളിലും അന്ന് തൊഴിൽ സമരങ്ങൾ നടന്നു. തങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, കൂടുതൽ മാന്യമായ കൂലിക്കും വേണ്ടി നടന്ന സമരമായിരുന്നു അത്. എങ്കിലും, കൊച്ചുകുട്ടികൾ പോലും അതിൽ പങ്കാളികളാവുകയും പട്ടാളത്തിനെ നേരിടുകയും ചെയ്യുന്ന കാഴ്ചയും ആ സമരത്തിൽ നമ്മൾ കാണുന്നുണ്ട്.

ഇത്തരം കൂട്ടായ രാഷ്ട്രീയ സമരങ്ങളാണ്‌ ഏതൊരു വിപ്ളവത്തിന്റെയും ജനകീയപ്രക്ഷോഭങ്ങളുടെയും അടിത്തറയായി വർത്തിക്കുന്നത്. ഏതുകാലത്തും അതങ്ങിനെത്തന്നെയായിരുന്നു. എല്ലാ വിപ്ലവങ്ങളുടെയും കൊടുങ്കാറ്റുകളുടെയും പിന്നില്‍, ജനേച്ഛയുടെ, അവരുടെ അപരിമേയമായ ശക്തിയുടെ കേവലമല്ലാത്ത ബൃഹദാഖ്യാനങ്ങളുണ്ട്. ആധുനിക കാലത്ത്, അതിനെ സ്വിച്ച്-ഓൺ ചെയ്യാൻ സാങ്കേതികവിദ്യ ഒരു നിമിത്തമാവുന്നു എന്നു മാത്രം. അതു കാണാതെ, ഒരു മുറിയിലിരുന്ന് ഒരാൾ അല്ലെങ്കിൽ ഒരുവൾ നടത്തുന്ന ആഹ്വാനം കേട്ട് ഒരു ജനത മുഴുവൻ 18 ദിവസത്തോളം, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് പ്രക്ഷോഭത്തിന്റെ പാതയിലേക്കെടുത്തു ചാടും എന്നു കരുതാനും വിശ്വസിക്കാനും അതിനെ കൊണ്ടാടാനും വിഡ്ഢികൾക്കു മാത്രമേ കഴിയൂ.

ക്യൂബയിലേക്ക് തിരിച്ചുവരാം. 60-കൾ മുതൽ തുടരുന്ന അമേരിക്കയുടെ പ്രത്യക്ഷവും, അമേരിക്കയുടെ സമ്മർദ്ദത്തിനു വഴിപ്പെട്ട യൂറോപ്പ്യൻ രാജ്യങ്ങളുടെ അപ്രഖ്യാപിത ഉപരോധവുമുണ്ടായിട്ടും ഇന്നും ക്യൂബൻ സമ്പദ്വ്യവസ്ഥ താരതമേന ഭേദമാണ്‌. വിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും, ജനങ്ങളുടെ പാർപ്പിടങ്ങളുടെ കാര്യത്തിലും ക്യൂബ കാര്യമായ പുരോഗതിയാണ്‌ നേടിയത്. അഴിമതി ഏറ്റവും കുറവുള്ള രാജ്യമെന്ന പദവിയും ക്യൂബക്ക് സ്വന്തമാണ്‌. 1989-93 കാലത്തെ തകർച്ചയിൽനിന്നും വളരെ ആസൂത്രിതമായ ചുവടുവെയ്പുകളിലൂടെ സാമ്പത്തികമായി കരകയറുന്ന ഒരു ക്യൂബയെയാണ്‌ പിന്നീട് നമ്മൾ കണ്ടത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സർക്കാരിന്റെ പരിപൂർണ്ണ നിയന്ത്രണത്തിലാകുന്നത് മഹാപാതകമോ ദുരന്തമോ ഒന്നും അല്ലെന്ന് പഠിപ്പിക്കുന്നുണ്ട് ക്യൂബയുടെ വളർച്ച. അവിടെ നമ്മുടെ സ്വപ്നാടകർക്ക് ആകെയുള്ള അസ്വസ്ഥത, അവിടുത്തെ മനുഷ്യാവകാശ-പൌരാവകാശ-സ്വതന്ത്ര വിപണികളുടെ കാര്യത്തിൽ മാത്രമാണ്‌. അതാകട്ടെ, ഒട്ടുമിക്കതും പാശ്ചാത്യ മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതുമാണ്‌. ഒരു സോഷ്യലിസ്റ്റ് ഭരണസമ്പ്രദായത്തിൽ എല്ലാവർക്കും എന്തും ചെയ്യാമെന്ന വ്യവസ്ഥിതിക്കും വെള്ളിയാഴ്ചക്കുമൊന്നും സ്ഥാനമില്ല. ജനത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ വളർച്ച ഒന്നുതന്നെയാണ്‌ (അഥവാ ആയിരിക്കണം)ഏതൊരു ജനാധിപത്യ രാഷ്ട്രത്തിന്റെയും പ്രമുഖ ലക്ഷ്യം. ആ നിലക്ക് ക്യൂബ ഇന്നും ഒരു വിജയഗാഥ തന്നെയാണ്‌. അതിനെ ആ നിലയിലേക്ക് നയിക്കുന്നത് സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും പ്രതിബദ്ധതയുള്ള ഭരണകർത്താക്കളാണ്‌ എന്നതാണ്‌ നമ്മുടെ സൈബർ സ്വപ്നാടക ആക്ടിവിസ്റ്റുകളുടെ ദു:ഖം. ക്യൂബയിലേക്ക് ഈജിപ്ഷ്യൻ വിപ്ളവത്തെ വലിച്ചുനീട്ടുന്നതിന്റെ മനശ്ശാസ്ത്രവും ഇതല്ലാതെ മറ്റൊന്നല്ല.

ഇന്ത്യയിലെ അവസ്ഥയിലേക്കൊന്നും ഈ സ്വപ്നാടകരുടെ കണ്ണുകൾ എത്തുന്നില്ല എന്നതാണ്‌ കൂടുതൽ വിചിത്രം. ഈജിപ്തിൽ നടന്നതുപോലുള്ള ഒരു ജനകീയപ്രക്ഷോഭത്തിനുള്ള വിളനിലമൊന്നും ഇന്ത്യയിലായിട്ടില്ലായിരിക്കാം. എങ്കിലും സാധാരണക്കാരനായ ഇന്ത്യക്കാരന്റെ ജീവിതം ദിനംപ്രതി ദുസ്സഹമാവുന്ന ഒരു അവസ്ഥയാണ്‌ ഇന്ന് ഇവിടെയുള്ളത്. പൌരന്റെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഒരു വിലയുമില്ലാത്ത, ഭീമമായ അഴിമതിയും കരിനിയമങ്ങളും ഭരണത്തിന്റെ സമസ്ത മേഖലകളെയും വിഴുങ്ങുന്ന, സ്വാതന്ത്യത്തിനുമുൻപുള്ള പതിനഞ്ചുവർഷത്തേക്കാൾ കൂടുതൽ അസമത്വം നിലനില്ക്കുന്ന ഒരു ഇന്ത്യയിലാണിന്ന് നമ്മൾ ജീവിക്കുന്നത്. പ്രകൃതിസമ്പത്ത് കൊള്ളയടിക്കാനും, കായിക മാമാങ്കങ്ങൾക്കായി ലക്ഷക്കണക്കിനാളുകളെ നിത്യവും കുടിയിറക്കി തെരുവാധാരമാക്കുകയും, അതിനെ ഏതിർക്കുന്നവരെയൊക്കെ കരിനിയമങ്ങളുപയോഗിച്ച് വേട്ടയാടാൻ സ്വകാര്യസേനകളെ പാലൂട്ടി വളർത്തുവാനും ധൈര്യപ്പെടുന്ന ഒരു ജനാധിപത്യവസ്ഥിതിയെയാണ്‌ നമ്മളിന്ന് താങ്ങിനിർത്തുന്നത്. അത്തരമൊരു കപടജനാധിപത്യത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങളിൽപ്പോലും പങ്കെടുക്കാൻ കൂട്ടാക്കാതിരിക്കുകയും, പകരം, അതിന്റെ സ്ഥാനത്ത്, സ്വത്വപരമായി വിഭജിച്ചും വിഘടിച്ചും നിൽക്കുന്ന സമരങ്ങളെ ഏറ്റെടുക്കാനും തറ്റുടുത്തു നിൽക്കുന്ന മധ്യവർഗ്ഗ രാഷ്ട്രീയത്തിന്റെ ചതുരക്കള്ളികളിൽ നിന്നുകൊണ്ടാണ്‌ നമ്മൾ സൈബർ ആക്ടിവിസത്തിന്റെ അപ്പോസ്തലന്മാർ ചമയുന്നത്. കാറ്റാടികൾക്കെതിരെ പടനയിക്കുന്ന ഡോൺ ക്വിൿസോട്ടുമാരായി വീരസ്യം പറയുന്നത്.

ലൈംഗിക അരാജകവാദികളും മുഷ്ക്കന്മാരും സംസ്കാരശൂന്യന്മാരുമായി മുദ്രയടിക്കപ്പെട്ട മിസ്രികളുടെ ചരിത്രബോധത്തിൽനിന്ന് ലോകത്തിനും, മലയാള സൈബർ സ്പേസിലെ ബസ്സുടമകൾക്കും ഏറെ പഠിക്കാനുണ്ട്. പഠിക്കണമെന്നു വെച്ചാൽ. അതല്ല, ഈജിപ്തിന്റെ കാര്യം പറഞ്ഞുപറഞ്ഞ്, “വിപ്ളവമോ, അതൊക്കെ നിങ്ങളുടെ ഏർപ്പാടല്ലേ” “കാസ്ട്രൊയേക്കാള്‍ ഭേദമായിരുന്നു മുബാറക്ക്”  “പ്രശ്നം എന്താന്നു വെച്ചാല്‍ ഈ 77 കോടി ജനങ്ങള്‍ ബസ്സ് വായിക്കില്ല. പ്രക്ഷോഭം നടത്തില്ല. അല്ലെങ്കില്‍ത്തന്നെ സമരം വിളിച്ചാല്‍ ചൂഷണം മാറുമോ “ എന്ന മട്ടിലൊക്കെയുള്ള കൊച്ചുവർത്തമാനത്തിലേക്കാണെങ്കിൽ, അതിഷ്ടപ്പെടുന്ന ‘ആക്ടിവിസ്റ്റുകൾ’ക്ക് അതുമാവാം.

ഈജിപ്ഷ്യൻ ജനതക്ക്, അൽപ്പം വൈകിയതെങ്കിലും ഊഷ്മളമായ സമരാഭിവാദ്യങ്ങൾ.



* മിസ്രി (മിസ്റി - ഈജിപ്ഷ്യന്‍)

Tuesday, February 1, 2011

വിധിവൈപരീത്യങ്ങള്‍




(ഇക്കോണമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിലെ Staines Verdict എന്ന ലേഖനത്തിന്റെ പരിഭാഷ)

22 ജനുവരി 1999-ന്‌ ഒറീസ്സയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ വെച്ച് ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസിലെ പ്രതിയായ ധാരാസിംഗിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ട് സുപ്രീം കോടതി ഇക്കഴിഞ്ഞ 21 ജനുവരിയിൽ വിധി പുറപ്പെടുവിച്ചു. “പാവപ്പെട്ട ഗോത്രവർഗ്ഗക്കാരെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന സ്റ്റെയിൻസിനെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു, ധാരാസിംഗിന്റെ ഉദ്ദേശ്യമെന്ന്” രേഖപ്പെടുത്താനും കോടതി മടിച്ചില്ല. ഈ പരമാർശം പിന്നീട് രേഖകളിൽനിന്ന് കോടതി തന്നെ സ്വമേധയാ നീക്കം ചെയ്തുവെങ്കിലും.

ഒറീസ്സയിലെ കിയോഞ്ചാര്‍ ജില്ലയിലെ കുഷ്ഠരോഗികൾക്കിടയിൽ 34 വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന ഒരാളായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. സ്റ്റെയിൻസിന്റെയും മക്കളുടെയും ദാരുണവധം ആളുകളെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെങ്കിലും, “നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഉയർന്ന ഗോത്രവിഭാഗത്തിന്റെ രോഷം‘ എന്ന മട്ടിലാണ്‌ ഹിന്ദുത്വശക്തികൾ അതിനെ ന്യായീകരിച്ചത്.. അങ്ങിനെയെങ്കിൽ, എന്തുകൊണ്ടാണ്‌ ക്രിസ്ത്യൻ വിരുദ്ധ പ്രചരണം സംസ്ഥാനത്തു ശക്തിപ്രാപിക്കുകയും, ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതുവരെയും, ഈ സൂചിപ്പിച്ച ഗോത്രവർഗ്ഗ രോഷം ദൃശ്യമാകാതിരുന്നത് എന്ന ചോദ്യത്തിനുമാത്രം ഒരു വിശദീകരണവും ഉണ്ടായില്ല.

ധാരാസിംഗിനെ ശിക്ഷിച്ചുവെങ്കിലും, ധാരാസിംഗിന്റെ ക്രിസ്ത്യൻ-മുസ്ലിം വിരുദ്ധ നിലപാടുകളെ തങ്ങളോ തങ്ങളുടെ പോഷകസംഘടനകളോ ഒരുതരത്തിലും പിന്തുണക്കുന്നില്ലെന്ന ഒരു ധാരണ നിലനിർത്തുന്നതിൽ സംഘപരിവാർ വിജയിച്ചിട്ടുണ്ട്. സ്റ്റെയിൻസിനെപ്പോലുള്ള മിഷണറിമാരുടെ നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ ഉയരുന്ന ജനരോഷം എന്ന പ്രചരണവും പച്ചപിടിക്കുന്നുണ്ട്. ഈ ധാരണയെ ബലപ്പെടുത്തുന്നതിനുമാത്രമേ സുപ്രീം കോടതിയുടെ വിധി സഹായിക്കുന്നുള്ളു.

1998-ൽ ഗുജറാത്തിലെ ഡാംഗ് ജില്ലയിൽ ക്രിസ്ത്യൻ ഗോത്രവർഗ്ഗക്കാർക്കെതിരെ രണ്ടാഴ്ചയോളം നടന്ന അക്രമത്തിനെയും ’നിർബന്ധിത മതപരിവർത്തനത്തിനെതിരെയുള്ള ജനരോഷം‘ എന്ന ന്യായം കൊണ്ടായിരുന്നു സംഘപരിവാർ നേതാക്കൾ സാധൂകരിച്ചത്. അക്രമം തുടങ്ങുന്നതിനും ഏറെ മുൻപുതൊട്ടേ, ഔദ്യോഗിക സംവിധാനങ്ങളുടെ സഹായത്തോടെ, സവിശേഷമായ രീതിയിൽ, വിദ്വേഷപ്രചരണവും, ക്രിസ്ത്യാനികളെ മനപ്പൂർവ്വം പ്രകോപിപ്പിക്കലും നടന്നിരുന്നു.

ഒറീസ്സയിലെ കാന്ധമൽ ജില്ലയിൽ 2008-ൽ നടന്ന ക്രിസ്ത്യൻ വിരുദ്ധ ലഹളയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നില്ല. ’സംഘപരിവാറിന്റെ ‘ഘർ വാപസി’ (വീട്ടിലേക്ക് മടങ്ങിപ്പോരൽ-അഥവാ,ക്രിസ്ത്യൻ ഗോത്രവിഭാഗങ്ങളെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുപോകൽ)പരിപാടികളും തുടർച്ചയായ ക്രിസ്ത്യൻ-വിരുദ്ധ പ്രചരണവും ആ പ്രദേശത്തെ സംഘർഷാവസ്ഥയെ മൂർച്ഛിപ്പിച്ചിരുന്നു. സ്വാഭാവികമായും, ബി.ജെ.പി.-ജനതാദൾ സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ജില്ലാഭരണകൂടവും ഈ അപായസൂചനകൾക്കെതിരെ കണ്ണടക്കുകയും ചെയ്തു. സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തിന്റെ ഉത്തരവാദിത്ത്വം മാവോയിസ്റ്റുകൾ ഏറ്റെടുത്തുവെങ്കിലും, വിശ്വഹിന്ദുപരിഷത്ത് ക്രിസ്ത്യാനികളെ ഉന്നം വെക്കുകയും, പ്രവീൺ തൊഗാഡിയുടെ നേതൃത്വത്തിൽ, ലക്ഷ്മണാനന്ദയുടെ മൃതദേഹവും വഹിച്ചുള്ള യാത്ര ഒരു തടസ്സവും കൂടാതെ, സംഘർഷഭരിതമായ സ്ഥലങ്ങളിലൂടെ കടന്നുപോവുകയും ചെയ്തു. ആയിരക്കണക്കിന് ക്രിസ്ത്യാനികൾക്കാണ്‌ തങ്ങളുടെ വീടുവിട്ടുപോകേണ്ടിവരുകയും, ഒരുവർഷത്തോളം സർക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവരുകയും ചെയ്തത്. ഇന്നും അവിടുത്തെ ക്രിസ്ത്യൻ ഗോത്രവർഗ്ഗക്കാർ ഭയത്തിലും അരക്ഷിതാവസ്ഥയിലുമാണ്‌ ജീവിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

അധികാരത്തിലേക്കുള്ള ബി.ജെ.പി.യുടെ പ്രവേശനം മുൻകൂട്ടികണ്ട്, 1980 മുതൽക്കുതന്നെ, ഹിന്ദുത്വശക്തികളുടെ നേതൃത്വത്തിൽ ഹിന്ദു ജാഗ്രൻ മഞ്ച്, ബജ്രംഗദൾ തുടങ്ങിയ സംഘടനകൾ രൂപപ്പെട്ടുവന്നിരുന്നു. 1998-ലെ ഡാംഗ് ജില്ലയിലെ ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങളുടെ ഉത്തരവാദിത്ത്വം ഹിന്ദു ജാഗ്രൺ മഞ്ചിനായിരുന്നു. ധാരാം സിംഗ് ആകട്ടെ, ബജ്രംഗദളുമായി ബന്ധമുള്ളയാളും. 1999-ൽ മയൂർഭഞ്ജിൽ വെച്ച് അരുൾ ദാസ് എന്ന റോമൻ കത്തോലിക്കാ പുരോഹിതനെയും, അതേ ജില്ലയിൽ വെച്ച് ഒരു ആഗസ്റ്റ്‌ 26-ന് ഷേക്ക് റഹ്മാൻ എന്ന മുസ്ലിം വ്യാപാരിയെയും വധിച്ചിരുന്നു. സ്റ്റെയിന്‍സ് വധം അന്വേഷിച്ച ഡി.പി.വാധ്വ കമ്മീഷനാകട്ടെ, ഇത്തരം സംഭവങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന തുടർച്ചയായ ന്യൂനപക്ഷവിരുദ്ധ പ്രവർത്തനങ്ങളെയും, അതിനു കിട്ടിക്കൊണ്ടിരിക്കുന്ന ഔദ്യോഗിക സഹായങ്ങളെയും കണ്ടില്ലെന്നും നടിച്ചു. തെളിവുകളുണ്ടായിട്ടുപോലും, ഇതിനുപിന്നിൽ പ്രവർത്തിച്ച സംഘടനകളുടെ വ്യക്തമായ പങ്ക് കാണാൻ കൂട്ടാക്കാതെ, സ്റ്റെയിൻസ് വധത്തിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം ധാരാസിംഗിലേക്കു മാത്രം ചുരുക്കുകയായിരുന്നു കമ്മീഷൻ ചെയ്തത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള സ്വാതന്ത്ര്യം ഉപയോഗിക്കാൻ (അതായത്, സ്വന്തമിഷ്ട പ്രകാരമുള്ള മതം പിന്തുടരുന്നതിനും പ്രചരിപ്പിക്കുന്നതിനും) ഇന്ത്യയിലെ മറ്റേതൊരു പൌരന്മാരെയും പോലെ, ഗോത്രവർക്കാർക്കും അവകാശമുണ്ട്. സ്റ്റെയിൻസ് നിർബന്ധിത മതപരിവർത്തനം നടത്തി എന്നതിന്‌ ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. ആർട്ടിക്കിൾ 25 പ്രകാരം ക്രിസ്ത്യാനികൾക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യത്തിനെതിരെയുള്ള സുപ്രീം കോടതിയുടെ മുൻവിധിയെയാണ്‌- പിന്നീട് പിൻവലിച്ച-  ആ ആദ്യത്തെ പരാമർശത്തിൽ കാണാനാവുക. സംഘപരിവാറിന്റെ കീഴിൽ തുടർച്ചയായി ഇപ്പോഴും നടക്കുന്ന വിദ്വേഷപ്രചരണത്തിന്റെയും നുണപ്രചരണത്തിന്റെയും ഫലമായിരുന്നു സ്റ്റെയിൻസ് വധം.



പരിഭാഷകക്കുറിപ്പ്: കുട്ടികളടക്കം മൂന്നുപേരെ ചുട്ടുകൊന്ന വ്യക്തിക്കും, നക്സലൈറ്റ് നേതാവിന്റെ കത്തു കൈമാറി എന്ന (തെളിയിക്കപ്പെടാത്ത കുറ്റം) ആരോപിക്കപ്പെട്ട വ്യക്തിക്കും ഒരേ ശിക്ഷ വിധിക്കുന്ന കോടതികളെ മാനസികചികിത്സക്ക് വിധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കോടതികൾ തന്നെ ക്രിമിനൽ സ്വഭാവം കൈവരിക്കുന്നതാണ്‌ കാണാൻ കഴിയുക.