Sunday, December 25, 2011

അർദ്ധവിരാമം




ശ്രീരാമകൃഷ്ണ പരമഹംസർ താരത‌മ്യേന ഭാഗ്യവാനാണ്. ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും കീറിമുറിക്കപ്പെടാൻ ഇടവന്നിട്ടില്ല അദ്ദേഹത്തിന്. എങ്കിലും, മരണശേഷം അദ്ദേഹവും നിരവധി വിശകലനങ്ങൾക്ക് വിധേയമായിട്ടുണ്ട്. മാക്സ് മുള്ളറും, റൊമാങ് റൊളാങും തൊട്ടിങ്ങോട്ട് ഗായത്രി സ്പിവാക്കും, സുധീർ കാക്കറുംവരെയുള്ളവരുടെ മനശ്ശാസ്ത്രവിശകലനങ്ങളും, ഏറിയും കുറഞ്ഞുമുള്ള മറ്റു  വിമർശനങ്ങളും അതിൽ‌പ്പെടും. ദേബേന്ദ്രനാഥ ടാഗൂർ മുതൽ ഈശ്വരചന്ദ്ര വിദ്യാസാഗറും വിവേകാനന്ദനും സാക്ഷാൽ ടാഗൂറുമൊക്കെ അദ്ദേഹത്തിന്റെ വിപുലമായ ശിഷ്യവൃന്ദത്തിലുണ്ടായിരുന്നു. സർവ്വമതങ്ങളെയും ഉൾക്കൊള്ളാൻ അദ്ദേഹം നടത്തിയ (പലപ്പോഴും പരാജയപ്പെട്ടതും, പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടതുമായ) പരിശ്രമങ്ങളും,  മിസ്റ്റിക്ക് ജീവിതശൈലിയും, ശിഷ്യന്മാർക്ക് പറഞ്ഞുകൊടുത്ത നിരവധി സോദാഹരണകഥകളുമെല്ലാം ഇന്ത്യയുടെ ആധുനിക ഭക്തിപ്രസ്ഥാനത്തിന്റെ ഭീമമായ സഞ്ചയികയുടെ ഭാഗമാണ് ഇന്ന്.

കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിൽ ശ്രീനാരായണഗുരുവിനുള്ള സ്ഥാനമാണ്  ബംഗാളിൽ  പരമഹംസർക്ക്. കൂടുതൽ അവ്യക്തവും നിഗൂഢവും വിചിത്രവും  ഉന്മാദത്തോടടുത്ത ഒരു അവസ്ഥയുമായിരുന്നു അദ്ദേഹത്തിന്റേത്. സ്ത്രീവേഷം പൂണ്ട്, സാരി ധരിച്ച് നൃത്തം ചെയ്യലും, സ്വപ്നദർശനത്താൽ ഉത്തേജിതനായി, സ്വയം ശ്രീരാമനും ക്രിസ്തുവും പ്രവാചകനുമായി താദാത്മ്യം പ്രാപിക്കലും,  യുവതികളെ ഉപയോഗിച്ച് കുമാരീപൂജ നടത്തലും, അങ്ങിനെയങ്ങിനെ ഒരു മാനസികഭ്രംശത്തിന്റെ എല്ലാ ഉത്തമ ചേരുവകളും ശ്രീരാമകൃഷ്ണനിൽ പ്രകടമായിരുന്നു. കേവലം അഞ്ചുവയസ്സുകാരിയായ ശാരദയെ വിവാഹം കഴിച്ച്, യൌവ്വനയുക്തയായ അവരെ പിന്നീട് അമ്മയായി സങ്കൽ‌പ്പിച്ച് പൂജിച്ചതുമൊക്കെ അതിൽ പെടുന്നുണ്ട്.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ‘കാമിനീ-കാഞ്ചന’ത്തെക്കുറിച്ചുള്ളവ. പല രീതിയിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് ഈ കാമിനീ-കാഞ്ചനം. സ്ത്രീയും സ്വർണ്ണവുമായിരുന്നില്ല പരമഹംസർ ഉദ്ദേശിച്ചിരുന്നതെന്നും, മനസ്സിനെ ചഞ്ചലമാക്കുന്ന ഭൌതികതയെയായിരുന്നു ആ വാക്കുകൾ കൊണ്ട് അദ്ദേഹം വിവക്ഷിച്ചതെന്നും പല രീതിയിലുള്ള വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട് കാമിനി-കാഞ്ചന സങ്കൽ‌പ്പത്തിന്.

എങ്കിലും, ആ സങ്കൽ‌പ്പത്തിന്റെ ഒരു ഏകദേശ ധാരണ കിട്ടാൻ, ‘കഥാമൃത’ത്തിലെ താഴെക്കൊടുത്തിരിക്കുന്ന ഏതാനും ചില ഭാഗങ്ങൾ തന്നെ ധാരാളമാണ്.

“ഒരു സ്ത്രീയുടെ ശരീരത്തിൽ എന്താണുള്ളത്? രക്തം, മാംസം, കൊഴുപ്പ്, പുഴുക്കൾ, മൂത്രം, മലം. ഇങ്ങനെയുള്ള ഒരു ശരീരത്തോട് നിങ്ങൾക്ക് ആസക്തി തോന്നുന്നത് എന്തുകൊണ്ടാണ്?” ( ‘കഥാമൃത’ ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, പേജ് 113).

“സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ വളരെയധികം ജാഗ്രത പാലിക്കണം. അവരുടെ ‘ഗോപാല ഭാവം’*. മൂവുലകിനെയും സ്ത്രീ ഭക്ഷിക്കുന്നു എന്നൊരു പഴഞ്ചൊല്ലുതന്നെയുണ്ട്. സുന്ദരന്മാരും ആരോഗ്യവാന്മാരുമായ ചെറുപ്പക്കാരെ കാണാനിടവന്നാൽ, മിക്ക സ്ത്രീകളും അവരെ കെണിയിലാക്കാൻ ശ്രമിക്കും. അതാണ് അവരുടെ ഗോപാലഭാവം”

ഈശ്വരസന്നിധിയിലേക്കുള്ള വഴിയിലെ പ്രധാന തടസ്സമായിരുന്നു, പരമഹംസരെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ.

കഥാമൃതത്തിലെ മറ്റൊരു സന്ദർഭം ഇതിനുദാഹരണമാണ്. പേജ്-126-ൽ കാണാം അത്. ഒരു സംവാദത്തിനിടക്ക്, ഒരു ശിഷ്യൻ പരമഹംസരോട് ചോദിക്കുന്നു.

“ഒരു വേള, അമ്മ അയാളോട് പറയുന്നു. “നീ ദക്ഷിണേശ്വരത്തേക്ക് പോകരുത്. പോയാൽ നിനക്ക് എന്റെ ചോര കുടിക്കേണ്ടിവരും”. ഇങ്ങനെ ശപിക്കുന്ന ഒരു അമ്മയോട് നമ്മൾ എന്തു പറയും?”

ഉത്തരം: “അങ്ങിനെ പറയുന്ന അമ്മ ഒരു അമ്മയല്ല. അവർ അവിദ്യയുടെ മൂർത്തിമദ്ഭാവമാണ്. അവരെ ധിക്കരിക്കുന്നത് ഒരു തെറ്റല്ല. ദൈവത്തിലേക്കുള്ള വഴിയാണ് അവർ നിഷേധിക്കുന്നത്”.

മറ്റൊരു ശിഷ്യനായ മഹേന്ദ്രനാഥ് ചോദിക്കുന്ന ചോദ്യം “നിങ്ങളെന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല, ഞാൻ ആത്മഹത്യ ചെയ്യും” എന്നു പറയുന്ന ഭാര്യയോട് എന്തു മറുപടി പറയും” എന്നാണ്.

ഉത്തരം “ അവരെ ഉപേക്ഷിക്കുക. അവർ നമ്മുടെ ഈശ്വരമാർഗ്ഗത്തിലുള്ള തടസ്സമാണ്. അവർ ആത്മഹത്യയോ മറ്റെന്തു വേണമെങ്കിലോ ചെയ്തോട്ടെ.“ 

മഹേന്ദ്രനാഥ് മുറിയുടെ ഒരു ഭാഗത്തേക്ക് മാറി, ചുമരിൽ ചാരിചിന്താമഗ്നനായി നിന്നു. നരേന്ദ്രനും (വിവേകാനന്ദൻ) മറ്റു ശിഷ്യരും കുറച്ചുനേരത്തേക്ക് ഒന്നും പറയാനാകാതെ സ്തബ്ധരായിപ്പോയി.”

മറ്റൊരു രസകരമായ രംഗം പേജ്32-ൽ വായിക്കാം.

ആയിടയ്ക്ക് വിവാഹിതനായ ഭാബനാഥ് എന്ന  ചെറുപ്പക്കാരനായ ശിഷ്യനെ ചൂണ്ടിക്കാട്ടി പരമഹംസർ നരേന്ദ്രനോട് (വിവേകാനന്ദൻ) പറയുന്നു.

“അവനു നല്ല ധൈര്യം കൊടുക്കണം”. നരേന്ദ്രനും ഭാബനാഥും ഗുരുവിനെ നോക്കി പുഞ്ചിരിച്ചു. ശേഷം ഭാബനാഥിനോട്പരമഹംസർ പറയുന്നു.

“നീ ഒരു ശൂരനാവണം. മൂടുപടത്തിനു പിന്നിൽ ഭാര്യ കരയുമ്പോൾ നീ സ്വയം മറന്നുപോകാതിരിക്കാൻ ശ്രദ്ധിക്കുക സ്ത്രീകൾ ധാരാളം കരയും. മൂക്കു ചീറ്റുമ്പോൾ പോലും അവർ കരയും”

“ഈശ്വരനിൽ മനസ്സുറപ്പിക്കുക. സ്ത്രീയുടെ കൂടെ ജീവിക്കുകയും എന്നാൽ അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ ശൂരൻ”.

ആരായിരുന്നു പരമഹംസൻ?

വെള്ളക്കാരന്റെ ഭാഷ പഠിക്കുകയും അവന്റെ കീഴുദ്യോഗസ്ഥനായി തൊഴിലെടുക്കുകയും ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാളിലെ ഇടത്തരം നഗരവാസിയെ പരിഹസിക്കുകയും, തന്റെ അപരിഷ്കൃതമായ നാടൻ ബംഗാളി വായ്മൊഴികഥകളിലൂടെ അവരോട് വ്യംഗ്യമായി പ്രതികരിക്കുകയും ചെയ്ത ദേശീയതാവാദി.

ലൈംഗിക സാഫല്യം കിട്ടാതെ വന്ന്, സ്ത്രീയെ ഭയപ്പെടുകയും വെറുക്കുകയും ചെയ്ത ഒരു പുരുഷ ശരീരത്തിന്റെ മനോവൈകല്യം.

താന്ത്രികവിദ്യയും വൈഷ്ണവവും അദ്വൈതവും ഇസ്ലാമിക-ക്രിസ്തീയമതങ്ങളും  എല്ലാം കുഴഞ്ഞുമറിഞ്ഞ ഒരു ഉന്മാദചിത്തം.

ഒരുപക്ഷേ ഇതെല്ലാം ചേർന്നതായിരുന്നു ഗദാധര ചതോപാദ്ധ്യായ എന്ന ശ്രീരാമകൃഷ്ണപരമഹംസൻ. അഥവാ, പഴയ കാലത്തെ ഒരു അർദ്ധവിരാമം.

പുതിയ കാലത്ത്, പുതിയ വേഷത്തിൽ സായിബാബയായും, സുധാമണിയായും സന്തോഷ് മാധവനായും നിത്യാനന്ദനായും ശ്രീശ്രീയായും വന്ന്, പൂർണ്ണതയിലേക്കെത്താൻ കുതിക്കുന്ന മനുഷ്യസമൂഹത്തെ അന്ധവിശ്വാസത്തിന്റെ ഇരുട്ടിലേക്കും, സന്ദിഗ്ദ്ധതയിലേക്കും തിരികെ പായിക്കുന്ന നിരവധി അർദ്ധവിരാമങ്ങളിൽ ഒന്ന്.





* ഗോപാലഭാവം - ഈശ്വരനോടുള്ള ഭക്തന്റെ ദാസ്യം, സഖം, മധുരം, വാത്സല്യം ആദിയായ നിരവധി ഭാവങ്ങളിൽ ഒന്നാണ് ഇത്.

കൂടുതൽ വായനക്ക്: പാർത്ഥാ ചാറ്റർജിയുടെ A Religion of Urban Domesticity (Subaltern Studies - Volume 7) എന്ന ലേഖനം നോക്കുക.

Wednesday, December 14, 2011

നിങ്ങളുടെ ‘മാലാഖമാർ’ പറയുന്നത്



നഴ്സുമാരെ പിടിച്ച് മാലാഖമാരാക്കുമ്പോൾ നമ്മൾ വാസ്തവത്തിൽ അവരെ അപമാനവീകരിക്കുകയാണ് ചെയ്യുന്നത്. രോഗവും മരണവും പടച്ചുവിടുന്ന (വിശ്വാസികളുടെ) ദൈവത്തിന്റെ നീതിരഹിതമായ തീർപ്പുകളെ പ്രതിരോധിക്കുന്നവരാണവർ. അവരെ ദൈവത്തിന്റെ താഴെ പ്രതിഷ്ഠിച്ച് വീണ്ടും അപമാനിക്കരുത്.

കേൾക്കാൻ സുഖമുള്ള ലേബലിടാൻ സമർത്ഥരാണ് നമ്മൾ. ദൈവമാണ്, കാരുണ്യക്കടലാണ്, ക്ഷമയുടെയും സഹനത്തിന്റെയും ഹെഡ്ഡാഫീസാണെന്നൊക്കെ പറഞ്ഞ് അമ്മമാരെ  നമ്മളങ്ങിനെ ലേബലിട്ട് മനുഷ്യജീവി എന്ന വർഗ്ഗത്തിൽ നിന്ന്, സ്ത്രീ എന്ന സ്വത്വത്തിൽനിന്ന് പണ്ടേ പടിയടച്ച് പിണ്ഡം വെച്ചതാണ്. ഹരിജനങ്ങളെന്ന് ഓമനപ്പേരിട്ട് മറ്റു ചിലരെയും പണ്ട് നമ്മൾ ഒരിക്കൽ ഒതുക്കാൻ നോക്കി.  അവർ പക്ഷേ ആ ലേബലഴിച്ചുവെച്ച്, ദളിതനെന്നു പേരുമാറ്റി പുറത്തുവന്നു.

മാലാഖമാർക്കും നമ്മൾ അങ്ങിനെ ഒരു സ്ഥാനം കൊടുത്തിട്ടുണ്ട്. സേവനം മാത്രമേ അവർക്ക് വിധിച്ചിട്ടുള്ളു. അവരിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതും അതുമാത്രമാണ്. നമുക്ക് വേണ്ടി ഉണ്ടാവേണ്ടവർ, നമ്മുടെ രക്തവും മലവും മൂത്രവും കഫവും വ്രണങ്ങളും കഴുകി വൃത്തിയാക്കേണ്ടവർ. നമ്മുടെ പരിചാരികമാർ. അത്രത്തോളമേ അവർ മാലാഖമാരാകുന്നുള്ളു. ഡ്യൂട്ടിക്ക് വരാൻ താമസിച്ചാൽ, മരുന്നു തരാനോ കുത്തിവെക്കാനോ വൈകിയാൽ, കിടക്കവിരി മാറ്റാൻ മറന്നുപോയാൽ, സമയാസമയത്തെത്താത്തി നമ്മുടെ സുഖസൌകര്യങ്ങൾ നോക്കാൻ അമാന്തിച്ചാൽ നമ്മുടെ തെറിവിളിയും പഴിയും കേൾക്കേണ്ട മാലാഖമാരാണിവർ.  ദൈവത്തിനെ ചീത്ത വിളിക്കാനാവില്ലല്ലോ. അപ്പോൾ ആ കലിപ്പു തീർക്കാൻ നമുക്ക് മാലാഖമാർ തന്നെ വേണം. വിശ്വാസികളുടെ ദൈവത്തിന്റെ ഈ രണ്ടാം നിര പൌരന്മാരോട് ഇന്നലെ വരെ നമ്മളെടുത്തിരുന്ന ഈ നിലപാടിനെ സാധൂകരിക്കാനാണ് നമ്മളവർക്ക് ഈ മാലാഖാ പട്ടം അണിയിച്ചത്.

ആതുരസേവനത്തിന്റെ താഴത്തെ പടിയിലുള്ള ഈ മാലാഖമാരെ കാണാൻ നമുക്ക് മുംബയിലെയും ദില്ലിയിലെയും കൊച്ചിയിലെയും കൊല്ലത്തെയും സമരങ്ങൾ വേണ്ടിവന്നു. പക്ഷേ അപ്പോഴും നമ്മൾ ഭൂരിപക്ഷത്തിന് ആതുരാലയങ്ങളുടെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നവർ മാത്രമാണ് അവർ.  ആതുരാലയങ്ങളെ ദൈവങ്ങളും ദൈവത്തിന്റെ കങ്കാണികളും ക്രമാനുഗതമായി കൈവശപ്പെടുത്തിയപ്പോഴും ഈ മാലാഖമാരെ നമ്മൾ കണ്ടില്ല. അവർക്ക് നമ്മൾ വിശേഷാൽ ചിറകുകളൊന്നും നൽകിയതുമില്ല. മനുഷ്യകുലത്തിന്റെ സേവനം മാത്രമേ മാലാഖമാർക്ക് വിധിച്ചിട്ടുള്ളു എന്നു നമ്മൾ തീർപ്പു കൽ‌പ്പിച്ചു. നമുക്ക് കിട്ടുന്ന സേവനത്തിനും നമ്മൾ നൽകുന്ന സേവനത്തിനും പന്തിയിൽ നമ്മൾ വെവ്വേറെ ഇലയിട്ടു.

മക്കളെ മാലാഖമാരാക്കുന്നത് നമുക്കാലോചിക്കാൻ പോലും വയ്യ. ആ മാലാഖാപട്ടം സാമ്പത്തിക-സാമൂഹിക ശ്രേണിയുടെ താഴെത്തട്ടിലുള്ള, മറ്റൊരു നിവൃത്തിയുമില്ലാത്തവർക്കിരിക്കട്ടെ എന്ന് ഉദാരമതികളായി നമ്മൾ. ഭിഷഗ്വര ദൈവങ്ങളാക്കാനായിരുന്നു നമ്മൾക്ക് മക്കൾ. അതിനാകാത്തവർ മാത്രം തങ്ങളുടെ മാലാഖക്കുട്ടികളെ ആശുപത്രികളുടെ ഇടനാഴികളിലേക്ക് പറത്തിവിട്ടു. ദാരിദ്ര്യത്തിലും ജീവിത ദുരിതങ്ങളിലും പെട്ട് ചിറകുമുറിഞ്ഞ് അവർ അലഞ്ഞു. തൊഴിലിനു മാന്യത കിട്ടാനും, വിശപ്പകറ്റാനും കടലുകടക്കേണ്ടിവരുകപോലും ചെയ്തു മാലാഖമാർ പലർക്കും.

മാലാഖമാർ ദൈവത്തിന്റെ അടിമകളോ, അവരിലും ഒരുപടി താഴ്ന്നവരോ മാത്രമാണ്. യജമാനന്മാരുടെ ഇംഗിതത്തിനനുസരിച്ചു മാത്രം അവതരിക്കുകയും ജീവിതോദ്ദേശ്യം നിർവ്വഹിക്കുകയും അതു കഴിഞ്ഞാൽ മാലാഖമാരല്ലാതാവുകയും ചെയ്യുന്ന വർഗ്ഗം. ബീനയും രമ്യയും വിനീതയുമൊന്നും ഒരു ദൈവത്തിന്റെയും ഇംഗിതമല്ല നടപ്പാക്കുന്നത്. മുന്നേ സൂചിപ്പിച്ചപോലെ വിശ്വാസികളുടെ ദൈവത്തിന്റെ ഹിതത്തിനെ തങ്ങളാലാവും വിധം ധീരമായി ചെറുത്ത് മനുഷ്യനെ രോഗ-മരണങ്ങളിൽനിന്ന് രക്ഷിക്കാനും എല്ലാ പ്രതികൂലാവസ്ഥകളോടും എതിരിട്ട് മനുഷ്യപക്ഷത്തു നിൽക്കാനും ദൃഢനിശ്ചയമെടുത്തവരാണവർ. ഏറിയാൽ ഹെഡ് നേഴ്സെന്ന വറചട്ടിയോളമേ എത്തൂ എന്നറിയാമായിരുന്നിട്ടും പരാതികളൊന്നുമില്ലാതെ നമ്മുടെ വളരെയടുത്ത്, നമ്മെത്തൊട്ട്, രാവും പകലും കൂടെ നിൽക്കുന്നവർ. ഈ ഭൂമിയിൽത്തന്നെ.

മാലാഖമാരല്ല അവർ. ഇത്രനാളും നമ്മൾ കാണാൻ കൂട്ടാക്കാതിരുന്ന നമ്മെപ്പോലെത്തന്നെയുള്ള മനുഷ്യജീവികൾ. അളമുട്ടിയാൽ, വേണ്ടിവന്നാൽ, ജീവിതത്തിനും മരണത്തിനുമിടക്ക് നമ്മെ അമ്മാനമാടാൻ കഴിവുള്ളവർ. രോഗാതുരതയുടെ വിവേചനമില്ലായ്മയും രോഗഗ്രസ്തമായ ജീവിതങ്ങളുടെ നിസ്സഹായതയും വെപ്രാളവും ഫലിതവും ദിവസവും നേരിട്ടു തൊട്ടറിയുന്നവർ. ഏതൊരു ദൈവത്തേക്കാളും മാലാഖയേക്കാളും ശക്തിശാലികൾ. മനക്കരുത്തുള്ളവർ. സഹാനുഭൂതിയുള്ളവർ. അദ്ധ്വാനികൾ.

അവരെ മനുഷ്യരായി പരിഗണിക്കുകയും അവരുടെ തൊഴിലിനെ മാനിക്കുകയും മതിയായ വേതനം നൽകുകയും ചെയ്താൽ മാത്രം മതിയാകും. മകന് പെണ്ണാലോചിക്കുമ്പോൾ നഴ്സെന്നു കേട്ട് നിങ്ങൾ മുഖം ചുളിക്കാതിരുന്നാൽ മാത്രം മതിയാകും. അത്രയൊക്കെയേ വേണ്ടൂ അവർക്ക്. 

നിങ്ങളുടെ മാലാഖപ്പട്ടമൊന്നും അവർക്കു വേണ്ട.

Sunday, December 11, 2011

ദളിതം





ആനന്ദ് പട്‌വര്‍ദ്ധന്റെ പുതിയ ഡോക്യുമെന്ററി ‘ജയ് ഭീം കൊമ്രേഡ്’ കാണാനുള്ള ഭാഗ്യം വീണുകിട്ടി രണ്ടുദിവസം മുൻപ്.

1997-ജൂലായ് മാസത്തില്‍, മുംബൈയിലെ രമാഭായ് കോളനിയിലെ അംബേദ്കര്‍ പ്രതിമയെ അവഹേളിച്ചതിനെ തുടര്‍ന്ന് ദളിതുകള്‍ നടത്തിയ പ്രക്ഷോഭത്തിനുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 10 ദളിത് പ്രവര്‍ത്തകരാണ്. അതില്‍ മനം നൊന്ത് വിലാസ് ഘോഗ്‌റെ എന്ന ഒരു ഒരു ദളിത് ഗായക/കവി തന്റെ ജീവിതം അവസാനിപ്പിക്കുന്നു. കഥ തുടങ്ങുന്നത് അവിടെ നിന്നാണ്. പട്‌വർദ്ധന്റെ ‘ബോംബെ അവർ സിറ്റി’ എന്ന പഴയ ഒരു ഡോക്യുമെന്ററിയിൽ ഒരു ഭാഗത്ത്, ഒരു കലാജാഥയിൽ ഈ ഗായകൻ പണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏതാനും ദിവസത്തെ, അല്ലെങ്കില്‍ ആഴ്ചയിലെ വാര്‍ത്തകളില്‍, ഒരു ജുഡീഷ്യല്‍ അന്വേഷണത്തില്‍, ഒതുങ്ങേണ്ടിയിരുന്ന, വാര്‍ത്തായാകുമായിരുന്നു വിലാസിന്റെ ആത്മഹത്യ. ദളിതർക്കുനേരെയുള്ള അതിക്രമങ്ങൾ വാർത്തകളേ അല്ലാതായിരിക്കുന്നു നമുക്ക്. കോണ്‍ഗ്രസ്സ് ബി.ജെ.പി-ശിവസേന സര്‍ക്കാരുകളുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഇരകളായി തുടരുകയാണ് അവരിന്നും. ഖൈര്‍ലാഞ്ചിപോലും നമ്മുടെ സ്മൃതിപഥത്തില്‍നിന്ന് ബഹുദൂരം അകലെയായിരിക്കുന്നു.

അപ്പോഴാണ് ഒരാൾ നീണ്ട പതിന്നാലു വർഷം ആ കേസിനെ വിടാതെ പിന്തുടർന്ന് 2011-ൽ തന്റെ ഡൊക്യുമെന്ററിയുമായി വരുന്നത്. വിലാസ് ഘോഗ്‌റെയുടെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും, അയാളെ ആത്മഹത്യ ചെയ്യിപ്പിച്ചവരുടെയും മൊഴികളിലൂടെ ആ ദളീത ഗായകന്റെ ആത്മഹത്യയുടെയും അയാളുടെ പ്രസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന വഞ്ചനയുടെയും കഥ പറയുകയാണ് ആനന്ദ്.

തീട്ടപ്പറമ്പുകളില്‍ രാപ്പകലന്തിയോളം പണിയെടുക്കുന്നവരെയും, മുംബൈയുടെ മുന്തിയ കഫെകളിലിരുന്ന് ദളിതന്റെ നാറ്റത്തെക്കുറിച്ച് വേവലാതിപ്പെടുന്ന കൊച്ചമ്മമാരെയും, ‘ഇവറ്റകള്‍ക്ക് വേറെ വല്ലയിടത്തും പോയി കൂടരുതോ” എന്ന് രോഷം കൊള്ളുന്ന വല്യച്ഛന്മാരെയും, അംബേദ്ക്കറെന്ന് കേട്ടിട്ടേയില്ലാത്ത പ്രഭാതസവാരിക്കാരെയും, ജീവിതത്തിലൊരിക്കല്‍ പോലും ഒരു ദളിതനെ നേരിട്ടു കണ്ടിട്ടില്ലാതിരുന്നിട്ടും, അവനു കിട്ടുന്ന സംവരണത്തെക്കുറിച്ച് ധാര്‍മ്മികരോഷം കൊള്ളുന്ന ബുദ്ധിമാന്ദ്യക്കാരായ കൌമാരപ്രായക്കാരെയും, തെരുവിലങ്ങോളമിങ്ങോളം അധസ്ഥിതന്റെ ചരിത്രാതീത ജീവിതവ്യഥകള്‍ പാടി നടക്കുന്ന ഹരികഥക്കാരെയും, കബീര്‍ കലാ കേന്ദ്രസംഘം എന്ന തെരുവുനാടകത്തിലെ ഉശിരന്മാരും ക്ഷുഭിതരുമായ ദളിത് യൌവ്വനങ്ങളെയും, നക്സല്‍ ബന്ധം ആരോപിച്ച് അണ്ടര്‍ഗ്രൌണ്ടിലെ മാളത്തില്‍ അഭയം പ്രാപിക്കേണ്ടിവന്ന ശീതള്‍ എന്ന ജ്വലിക്കുന്ന ദളിത് ആക്റ്റിവിസ്റ്റിനെയും ഒക്കെ നിങ്ങള്‍ക്ക് ഈ ഡോക്യുമെന്ററിയില്‍ കാണാനാകും.

ഉറക്കത്തിലായിക്കഴിഞ്ഞിരുന്ന ഗാന്ധിയെയും ജിന്നയെയും കാണാന്‍ സാധിക്കാതെ നിരാശരായി, പുലര്‍ച്ച് രണ്ടുമണിക്ക് തന്റെ വീട്ടിലെത്തിയ ദളിതരെ വാതില്‍ തുറന്ന് സ്വീകരിച്ച്ചുകൊണ്ട്   ‘അവര്‍ക്ക് ഉറങ്ങാന്‍ കഴിയും, അവരുടെ ആളുകള്‍ ഉണര്‍ന്നിരിക്കുകയല്ലേ, എന്റെ കാര്യം അതുപോലെയല്ലല്ലോ, എന്റെ ആളുകള്‍ ഉറക്കത്തിലല്ലേ. അപ്പോള്‍ എനിക്ക് എങ്ങിനെ ഉറങ്ങാന്‍ കഴിയും“ എന്നു ചോദിക്കുന്ന അംബേദ്ക്കറെ ഒരു ദളിത് ഗായകന്‍ ഈ ഡോക്യുമെന്ററിയില്‍ അവതരിപ്പിക്കുന്നുണ്ട്. കല്‍‌പ്പിത കഥയായിരിക്കാം. എങ്കിലും അതിന്റെ അര്‍ത്ഥതലം കണ്ടില്ലെന്നു നടിക്കാന്‍ നിങ്ങള്‍ക്കാകില്ല.

അംബേദ്ക്കറിനു തെറ്റി. ദളിതര്‍ മാത്രമല്ല. എല്ലാവരും ഉറക്കത്തിലാണ്, ഞാനും നിങ്ങളുമൊക്കെ..എല്ലാവരും..