Saturday, August 30, 2008

ഒരു അറിയിപ്പ്

സുഹൃത്തുക്കളെ,

ഒറീസ്സയില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ വിശ്വഹിന്ദു/സംഘപരിവാറുകള്‍ നടത്തുന്ന ആസൂത്രിതമായ കലാപത്തിനെതിരെ പ്രതികരിക്കുക.

ഇത്തരം കലാപങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുക്കാന്‍ സമയമായി. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം സംഘടിതമതങ്ങളൂടെ വര്‍ഗ്ഗീയ അജണ്ടകളെ നേരിടാനും, അവയെ എല്ലാ തലങ്ങളിലും ചെറുത്തുതോല്‍പ്പിക്കുവാനും ജനാധിപത്യ-മറ്റേതരത്വ ശക്തികളുടെ കൂട്ടാ‍യ പ്രവര്‍ത്തനം ആവശ്യമാണ്.

ഒരു മാസ്സ് പെറ്റീഷനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ടെന്നറിയാം. അധികാരികളുടെ തിമിരാന്ധതകളെ ഇല്ലാതാക്കാനുമൊന്നും അവക്ക് സാധിച്ചില്ലെന്നും വരാം. എങ്കിലും, അവരുടെ കള്ള ഉറക്കത്തിന്റെ സ്വാസ്ഥ്യം കെടുത്താന്‍, നമ്മളെക്കൊണ്ടാവുന്ന എന്തെങ്കിലും ഒന്ന് ചെയ്യേണ്ടിയിരിക്കുന്നു.

അതിനുവേണ്ടിയാണ് ഈ പെറ്റീഷന്‍

ശരിയെന്നു തോന്നുന്നുവെങ്കില്‍ സഹകരിക്കുക.

അഭിവാദ്യങ്ങളോടെ



Tuesday, August 26, 2008

ബാബിലോണിലെ വേശ്യയില്‍നിന്ന് ഒരു സന്ദേശം

ലൈല അന്‍‌വറിന്റെ A Message from the Whore of Babylon എന്ന പോസ്റ്റിന്റെ പരിഭാഷ


ബാബിലോണിയയിലെ വേശ്യയെക്കുറിച്ച്‌ നിങ്ങളോട്‌ എനിക്ക്‌ സംസാരിക്കണം. നിങ്ങള്‍ ഇതിനുമുന്‍പ്‌ കണ്ടിരിക്കാന്‍ ഇടയുള്ള വേശ്യകളെപ്പോലെയൊന്നുമല്ല അവള്‍. നിങ്ങളില്‍ പലരും അത്തരക്കാരികളെ കണ്ടിട്ടുണ്ടെന്നും എനിക്ക് നന്നായറിയാം. അവള്‍ നിങ്ങളുടെ സൃഷ്ടിയാണ്‌. അതിനാല്‍ അവളെ ശ്രദ്ധിക്കൂ.

സാധാരണക്കാരിയായ ഒരു ലൈംഗിക തൊഴിലാളിയോ, അഭിസാരികയോ അല്ല, ബാബിലോണിലെ അഭിസാരികയാണ്‌ അവള്‍. ആ വാക്ക്‌ ഒന്നുകൂടി ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, നിങ്ങള്‍ അതിനെ ഇഷ്ടപ്പെടുന്നു. ഗൂഢമായി കാംക്ഷിക്കുന്നു.

ഒരു വലിയ ഉദ്ധാരണം നിങ്ങളെ വലയം ചെയ്യുകയും കൂടുതല്‍ കരുത്തുനേടുന്നതായി നിങ്ങള്‍ക്ക്‌ അനുഭവപ്പെടുകയും ചെയ്യുന്നു. ശക്തിയെ നിങ്ങള്‍ അളക്കുന്നത്‌, ഉദ്ധാരണത്തിന്റെ ബലത്തിലാണ്‌. നാളെ സംഭവിക്കാന്‍ ഇടയുള്ള ഉദ്ധാരണത്തില്‍; വ്യാജമായ ഉദ്ധാരണത്തില്‍; സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്ധാരണത്തില്‍. അതിന്റെയൊക്കെ ബലത്തിലാണ്‌ നിങ്ങളുടെ ശക്തിയെ നിങ്ങള്‍ അളക്കുന്നത്‌.

ഉദ്ധാരണം പല രീതിയിലുമുണ്ട്‌. വിനോദത്തിനും വ്യായാമത്തിനും വേണ്ടിയുള്ളത്‌, മാനസികമായ ഉദ്ധാരണം, പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും മതപരവുമായ ഉദ്ധാരണങ്ങള്‍. തീര്‍ന്നില്ല. സൈനികവും, സാമ്പത്തികവും, അധികാര-അധിനിവേശസംബന്ധിയും, വിനാശകാരിയും ഉന്മൂലനപരവുമായ ഉദ്ധാരണങ്ങള്‍. ഓ..എന്തൊരു ശക്തി..നിങ്ങളുടെ ലൈംഗിക ഉദ്ധാരണങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണ്‌. അശ്ലീലം കലര്‍ന്ന ഈ ദ്വയാര്‍ത്ഥം ക്ഷമിക്കണേ..മനപ്പൂര്‍വ്വം പ്രയോഗിച്ചതാണെങ്കിലും.

നോക്കൂ, എന്നെ തെറ്റിദ്ധരിക്കരുത്‌. ഈ വിഷയത്തിലോ അതുപോലുള്ള മറ്റേതെങ്കിലും കാര്യത്താലോ അല്ല ഞാന്‍ നിങ്ങളെ ക്രൂശിക്കാന്‍ പോകുന്നത്‌. അഥവാ, ഇനി അതിനുവേണ്ടിയായാല്‍പ്പോലും വലിയ കുഴപ്പമൊന്നും വരാനുമില്ല.

പ്രത്യേകിച്ചും, നിരവധി ജീവിതങ്ങളെ നിങ്ങള്‍ തകര്‍ക്കുക മാത്രമല്ല, ബലാത്ക്കാരം ചെയ്യുക പോലും ഉണ്ടായിട്ടുണ്ട്‌ എന്നോര്‍ക്കുമ്പോള്‍. നിങ്ങള്‍ ജീവിതത്തെതന്നെ ബലാത്ക്കാരം ചെയ്തവരാണ്‌. ഞങ്ങളുടെ ജീവവായുവിനെപ്പോലും നിങ്ങള്‍ മാനഭംഗപ്പെടുത്തി. നിങ്ങള്‍ക്കിതൊന്നും പുത്തരിയല്ലായിരിക്കാം. അവ തമ്മിലുള്ള വ്യത്യാസം പോലും നിങ്ങള്‍ക്ക്‌ അറിയില്ല...

പക്ഷേ അവള്‍ക്കറിയാം. ദൈവത്തിനാണേ, എന്നെയും നിങ്ങളെയും ചലിപ്പിക്കുന്ന ശക്തിയാണേ, എനിക്ക്‌ നിങ്ങളെ കാണാന്‍ കഴിയുന്നുണ്ട്‌.

നിങ്ങളില്‍ ചിലര്‍ കുറിയവരാണ്‌. ചിലര്‍ പൊക്കമുള്ളവരും. ചിലര്‍ മെലിഞ്ഞവരാണ്‌. മറ്റു ചിലരാകട്ടെ, സ്വന്തം ലിംഗം കാണാന്‍ കഴിയാത്തവിധം തടിയന്മാരും. സ്വന്തം ലിംഗം എവിടെയാണെന്നറിയണമെങ്കില്‍, ശരീരത്തിന്റെ വൃത്തികെട്ട ആ ദുര്‍മ്മേദസ്സുകളില്‍ തപ്പിനോക്കേണ്ടിവരും നിങ്ങള്‍ക്ക്‌. മറ്റു ചിലരോ? കൂട്ടനശീകരണ ആയുധത്തെപ്പോലെ അതും പ്രദര്‍ശിപ്പിച്ച് അങ്ങിനെ നടക്കുന്നു. എന്നെങ്കിലും അത്‌ അനങ്ങുമെന്ന് വ്യാമോഹിച്ച്‌ മറ്റു ചിലര്‍. പിടിക്കപ്പെടുമെന്ന് ഭയന്ന് ഇനിയും മറ്റു കുറേയാളുകള്‍. ബാബിലോണിലെ അഭിസാരിക ഇതെല്ലാം കാണുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്‌. അടുത്തും ദൂരെയുമിരുന്ന്..

അവള്‍ക്കതിന്റെ ഗന്ധമറിയാം. ആ വഷളത്തരത്തിന്റെ ഞരക്കങ്ങള്‍ കേട്ടവളാണ്‌ അവള്‍. ഇതിലും അധികം എന്താണ്‌ അവളെ നിങ്ങള്‍ക്ക്‌ പഠിപ്പിക്കാനാവുക?

ഓരോ രാത്രിയിലും, മെഴുകുതിരിവെട്ടത്തില്‍, അല്ലെങ്കില്‍ ഒരു മണ്ണെണ്ണവിളക്കിന്റെ തിരിവെട്ടത്തില്‍, അവള്‍ നിങ്ങളെ സുഖിപ്പിക്കുന്നു. അവള്‍ക്ക്‌ മറ്റു നിവൃത്തിയില്ല. ഇരുട്ടത്ത്‌, വിശന്നുപൊരിഞ്ഞ ചില വയറുകള്‍ നിശ്ശബ്ദമായി കാത്തിരിക്കുന്നുണ്ട്‌. അവളെ സംബന്ധിച്ചിടത്തോളം അതാണ്‌ വലുത്‌. നിങ്ങളേക്കാളൊക്കെ...ബാബിലോണിലെ വേശ്യക്ക്‌ അറിയാം, ഏതിനാണ്‌ പരിഗണന കൊടുക്കേണ്ടതെന്ന്.

അതുകൊണ്ട്‌, നിങ്ങളുടെ നാറ്റവും, നിങ്ങളുടെ മദ്യചൂരും, നിങ്ങളുടെ തെറിവിളികളും, അപമാനവും, ലൈംഗികപ്പേക്കൂത്തുകളും, നിങ്ങളുടെ തുപ്പലും, നിങ്ങളുടെ രോഗവും, നിങ്ങളുടെ നിസ്സംഗതയും, നിങ്ങളുടെ താന്തോന്നിത്തരവും..നിങ്ങളുടെ ഷണ്ഡത്വവും പോലും അവള്‍ക്ക്‌ സഹിക്കേണ്ടിവരുന്നു. മറ്റു വഴികളോ സുഖങ്ങളോ ഇല്ലാത്തതുകൊണ്ടുമാത്രം..

നിങ്ങളുടെ ആ വലിയ മുഴപ്പുകള്‍ ഉണ്ടായിട്ടുപോലും, ഒരു പുരുഷനായി നിങ്ങളെ അവള്‍ക്ക് കാ‍ണാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ്‌ അവള്‍ക്ക്‌ നിങ്ങളെ സഹിക്കാന്‍ കഴിയുന്നത്‌..ഹോ..എന്തൊരു ശക്തിയാണ്‌ നിങ്ങള്‍ക്ക്, അല്ലേ?

അവള്‍ക്ക്‌ അതിലും വലിയ ദൗത്യങ്ങളുണ്ട്‌. ഞാന്‍ പറഞ്ഞില്ലേ? വിശന്നുകരഞ്ഞ്‌ ഇരുട്ടത്ത്‌ കഴിയുന്ന അവളുടെ കുട്ടികള്‍..അനങ്ങാനും കൂടി കഴിയാത്ത വൃദ്ധമാതാപിതാക്കള്‍..മനസ്സിനുള്ളില്‍ ബലമായി കുഴിച്ചുമൂടിയ ഒരു ഓര്‍മ്മയുടെ ഓര്‍മ്മയില്‍ അവള്‍ ആ ചലനങ്ങള്‍ വെറുതെ ആവര്‍ത്തിക്കുന്നു എന്നു മാത്രം..നിങ്ങള്‍ അവളെ ആക്രമിച്ചുകൊണ്ടിരിക്കുമ്പോഴും...

ഒടുവില്‍ നിങ്ങളുടെ വിയര്‍പ്പും ശുക്ലവും കഴുകി വൃത്തിയാക്കുമ്പോള്‍ അവളുടെ മനസ്സിലൂടെ ചില ചിത്രങ്ങള്‍ മിന്നിപ്പായുന്നുണ്ടാവാം..ഒരു നഷ്ടപ്രണയം..മെഹ്‌ദി രക്ഷകന്റെ ആളുകളാല്‍ കശാപ്പുചെയ്യപ്പെട്ട് ഇല്ലാതായ ഒരു ഭര്‍ത്താവ്‌, നിരങ്ങിനീങ്ങുന്ന ഒരു അച്ഛന്‍, തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം മുഖം വികൃതമാക്കപ്പെട്ട മകന്റെ ജഡത്തിലെ ഒരു ജോടി ട്രസറുകള്‍....ഇരുളിലെ നിന്റെ മുഖം പോലെ വികൃതമാക്കപ്പെട്ട അവന്റെ മുഖം..

ഒടുവില്‍ എല്ലാം കഴിഞ്ഞ്‌, അവള്‍ നിങ്ങളുടെ നാറ്റം കഴുകി വൃത്തിയാക്കുമ്പോള്‍-വെള്ളമുണ്ടെങ്കില്‍ മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണേ അത് -പിന്നെയും നിങ്ങളവളെ വിടാ‍ന്‍ ഭാവമില്ല്ല. വീണ്ടും നിങ്ങളുടെ ആക്രമണം തുടങ്ങുന്നു..'വിമോചന'ത്തെക്കുറിച്ച്‌ നിങ്ങള്‍ വീണ്ടും അവളോട്‌ വലിയ വായില്‍ ഛര്‍ദ്ദിക്കുന്നു..നിങ്ങളുടെ ഭാര്യയോ കാമുകിയോ അപ്പോള്‍ നിങ്ങളുടെ ചങ്ങാതിയുമായോ അയല്‍ക്കാരനുമായോ മറ്റേതെങ്കിലും പട്ടാളക്കാരനുമായോ സുരതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുണ്ടാകും...അല്ലെങ്കില്‍ കടലിനക്കരെനിന്നുള്ള 'പുതിയ ഇറാഖില്‍' നിന്ന് നീ അയച്ച പ്രണയലേഖനങ്ങള്‍ വായിച്ച്‌ അംഗുലീ മര്‍ദ്ദനം ചെയ്ത്‌ പുളകം കൊള്ളുന്നുണ്ടായിരിക്കും അവള്‍..

അവളോ? അവള്‍ അപ്പോള്‍ സ്വന്തം ആളുകളെക്കുറിച്ച് ആലോചിക്കുകയായിരിക്കും. നിങ്ങളില്‍നിന്നു മാത്രമല്ല, തന്റെ സഹോദരങ്ങളെന്ന് അകമഴിഞ്ഞ്‌ വിശ്വസിച്ചിരുന്നവരുടെ കയ്യില്‍ നിന്നുപോലും നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍..തെറ്റായ പേരുണ്ടായി എന്ന ഒരേയൊരു കുറ്റത്തിന്‌..

ദൈവമേ...എനിക്ക്‌ ചിരിക്കാന്‍ തോന്നുന്നു..ഇതില്‍ തമാശയൊന്നും ഇല്ലെങ്കിലും..

പരിഹാസത്തിന്റെ പൊട്ടിച്ചിരി എന്നില്‍ നുരഞ്ഞുപതയുന്നു....എനിക്ക്‌ നിര്‍ത്താന്‍ കഴിയുന്നില്ല.. കാരണം, എല്ലാ വേദനയുടെയും ദുരിതങ്ങളുടെയും ഉള്ളിലൂടെ, നിങ്ങളുടെ പരമാര്‍ത്ഥം വെളിവാകുന്നുണ്ട്‌...നിങ്ങളുടെ മാത്രമല്ല..നിങ്ങള്‍ എല്ലാവരുടെയും..

ഇഷ്‌താറിന്റെ* തുലാസ്സ്‌ എന്റെ കയ്യിലുണ്ട്‌..നിന്റെ അഴുക്കുകള്‍ ഞാന്‍ അതില്‍ തൂക്കിനോക്കി, വിശുദ്ധമായ ഒരൊറ്റ ഊത്തു കൊണ്ട്‌ അതിനെ പറത്തി ഇല്ലാതാക്കുന്നു..നിന്റെ അഴുക്കുകളെ അനന്തതയിലേക്ക് ചിതറിച്ചുകളഞ്ഞ്‌, കാറ്റ്‌, അതിനെ ശുദ്ധീകരിക്കുന്നു..

മെഴുകുതിരിവെട്ടത്തില്‍, മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍, എന്റെ ചമയല്‍ മുറിയിലെ ആള്‍ക്കണ്ണാടിക്കുമുന്‍പില്‍ ഞാന്‍ നില്‍ക്കുമ്പോള്‍...




*ഇഷ്‌താര്‍ - ലൈംഗികതയുടെയും യുദ്ധത്തിന്റെയും ഉര്‍വ്വരതയുടെയുമൊക്കെ ബാബിലോണിയന്‍ ദേവത.

Monday, August 18, 2008

കറുപ്പും വെളുപ്പും

രാമചന്ദ്രന്‍ വെള്ളിനേഴി എന്ന ബ്ലോഗ്ഗര്‍ അയച്ചുതന്ന ഒരു മെയില്‍ ചൂടു കളയാതെ ഇവിടെ
ചേര്‍ക്കുന്നു. 2006-ലെ ഏറ്റവും നല്ല കവിതയായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്ത ഈ കവിത ഒരു ആഫ്രിക്കന്‍ കുട്ടിയുടെ രചനയാണെന്നു കേള്‍ക്കുന്നു.





When I born, I black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black

And you white fellow
When you born, you pink
When you grow up, you white

When you go in sun, you red
When you cold, you blue
When you scared, you yellow
When you sick, you green
And when you die, you gray

And you calling me colored?

അനുനിമിഷം നിറം മാറുന്ന വെളുത്ത കുട്ടിയോട് എത്ര അര്‍ത്ഥവത്തായ ചോദ്യമാണ് ആ കറുത്ത കുട്ടി ചോദിക്കുന്നത്.

എങ്കിലും വര്‍ണ്ണവെറിക്കെതിരായ നിലപാടുകളെയും ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടതുണ്ട് നമ്മള്‍. ഇല്ലാത്തപക്ഷം, കൂടുതല്‍ നെറികെട്ട വര്‍ണ്ണബോധത്തിലേക്കായിരിക്കും അതു നമ്മെ കൊണ്ടുചെന്നെത്തിക്കുക.

കോ‍ഫി അണ്ണന്‍ എന്ന നിര്‍ഗ്ഗുണനും, കോളിന്‍ പവല്‍, കോണ്ടോലിസ റൈസ് തുടങ്ങിയ ആഗോള പിമ്പുകളും, യുദ്ധത്തിന്റെ പുതിയ വര്‍ണ്ണ സമവാക്യങ്ങള്‍ എഴുതാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ബാരക് ഒബാമയും ഇത്തരം ആശങ്കകളാണ് ഉയര്‍ത്തുന്നത്.

Saturday, August 16, 2008

കുറേ പട്ടികളും ഒരു സിംഹവും

അഭയ കേസ്സിന്റെ നടത്തിപ്പില്‍ മനംമടുത്ത്‌ രാജിവെച്ച സി.ബി.ഐ മുന്‍ ഡി.വൈ.എസ്‌.പി. വര്‍ഗ്ഗീസ്‌ പി.തോമസ്സിന്റെ ഒരു പ്രസ്താവന ഈയിടെ ടി.വി.യില്‍ കണ്ടു. ഏഷ്യാനെറ്റിലാണെന്നു തോന്നുന്നു. ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുന്നതാണ്‌. ചില്ലറ മാറ്റങ്ങള്‍ കണ്ടേക്കാം. എന്നാലും, അതിന്റെ ഉള്ളടക്കം ഇതായിരുന്നു.

കോടതി പരിസരത്തു നിന്നുകൊണ്ട്‌ പത്രക്കാരോട്‌ അദ്ദേഹം പറയുന്നു."....കൂട്ടത്തില്‍ ഒരു കോണ്‍ഗ്രസ്സ്‌ പട്ടിയും വന്നിരുന്നു. എന്നെ കാണാന്‍...".

അവരോട്‌ സംസാരിച്ചുവോ എന്ന (പത്രപ്രവര്‍ത്തകരുടെ) ചോദ്യത്തിന്‌ ആ സി.ബി.ഐ.ഉദ്യോഗസ്ഥന്റെ മറുപടി.

"എന്റെ വീടിന്റെ മതിലിനകത്ത്‌ കേറ്റില്ല ഞാന്‍ അവരെ. ദേ ഇത്‌ കണ്ടോ.." കൈകള്‍ വിടര്‍ത്തി കാണിച്ചുകൊണ്ട്‌ അദ്ദേഹം തുടരുന്നു."എന്റെ കയ്യില്‍ ഗ്രീസൊന്നുമില്ല. അതുകൊണ്ട്‌ എനിക്കാരെയും പേടിക്കാനുമില്ല"

പക്ഷേ അദ്ദേഹത്തിന്റെ കണ്ണുകളില്‍ എവിടെയോ ഒരു ഭയം നിഴലിക്കുന്നപോലെ എനിക്കു തോന്നി. സംശയദൃഷ്ടിയോടെ അദ്ദേഹം ചുറ്റും നോക്കുന്നുണ്ടായിരുന്നു. പാഞ്ഞുവരുന്ന ഒരു ലോറിയോ, തിളങ്ങുന്ന ഒരു കഠാരത്തിളക്കമോ, മുന്‍പില്‍ വരാന്‍ ധൈര്യമില്ലാതെ ഒരുപക്ഷേ എവിടെയോ ഒളിഞ്ഞിരുന്ന്, തന്റെ മരണവാറന്റ്‌ ഒപ്പിട്ട്‌ ആഘോഷിക്കുന്നുണ്ടാവുന്ന പട്ടികളോ കൃമികളോ ആരായിരിക്കാം അദ്ദേഹത്തിന്റെ കണ്ണുകളില്‍ ആ സംശയത്തിന്റെ നിഴല്‍ പരത്തിയത്‌?

പ്രിയപ്പെട്ട വര്‍ഗ്ഗീസ്‌ തോമസ്സ്‌, ആ പട്ടികളുടെ പേര്‍ കൂടി താങ്കള്‍ പറയേണ്ടതായിരുന്നു. എന്നാലും പോട്ടെ, സാരമില്ല. ഇത്രയെങ്കിലും ചങ്കുറപ്പോടെ ഒരാളെങ്കിലും സംസാരിച്ചുവല്ലോ. അതു തന്നെ ധാരാളം.

ഏറുകൊണ്ട പട്ടികളെപ്പോലെ, മുറിവില്‍ നക്കിയിരുന്ന് എവിടെയോ ഇരുന്ന് മോങ്ങുന്നുണ്ടാകാം അവറ്റ. ഞങ്ങളുടെ അഭയക്ക്‌ അല്‍പമെങ്കിലും മന:ശ്ശാന്തി ലഭിച്ചിട്ടുമുണ്ടാകും. തീര്‍ച്ച.

എങ്കിലും താങ്കള്‍ നല്ലോണം കരുതിയിരിക്കണേ...

Tuesday, August 12, 2008

ഞങ്ങളുടെ സ്വകാര്യ ജന്മഗേഹങ്ങളുടെ കാവല്‍ക്കാരന്‍

പതിവുപോലെ ഉഷ്ണമുള്ള ഒരു പ്രഭാതമായിരുന്നു അത്‌. പ്രഭാതങ്ങളെക്കുറിച്ച്‌ എനിക്ക്‌ അത്ര പിടിപാടില്ല. ആരോഗ്യമൊഴിച്ച്‌ മറ്റൊന്നിനെക്കുറിച്ചും കാര്യമായി ശ്രദ്ധിക്കാത്തവര്‍ പ്രഭാതസവാരിക്കിറങ്ങുന്ന സമയത്ത്‌, ഞാന്‍ എന്നും നല്ല ഉറക്കത്തിലായിരിക്കും. ആ ദിവസം എന്തോ നല്ല ഉറക്കം കിട്ടാതെ ഞാന്‍ ജനലിലൂടെ നോക്കുമ്പോള്‍ ഈ പതിവു പ്രഭാതസവാരിക്കാരെ എനിക്ക്‌ കാണാന്‍ കഴിയുന്നുണ്ടായിരുന്നു.ഉറങ്ങാന്‍ കഴിയില്ലെന്ന് എന്തോ എനിക്ക്‌ തോന്നുകയും ചെയ്തിരുന്നു. അതങ്ങിനെയാണ്‌ ചില ദിവസങ്ങള്‍. അത്തരം ദിവസങ്ങളെ ഞാന്‍ 'പിശാചിന്റെ ദിവസങ്ങള്‍' എന്നാണ്‌ വിളിക്കാറുണ്ടായിരുന്നത്‌. 'പിശാചിന്റെ ദിവസങ്ങള്‍' എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത്‌, ഭൂതകാലം വര്‍ത്തമാനകാലത്തെ ഉന്തി മാറ്റി, മുന്‍പില്‍ വന്ന്, 'എന്നോട്‌ സംസാരിക്ക്‌" എന്ന് എന്നോട്‌ മുരളാറുള്ള ദിവസങ്ങളെയാണ്‌. ഭൂതകാലം അങ്ങിനെ മുന്‍പില്‍ വന്ന് എന്നോട്‌ സംസാരിക്കുന്നതിനെ ആശ്രയിച്ചിരിക്കും ആ ദിവസം നല്ലതാണോ ചീത്തയണോ എന്നു ഞാന്‍ വിലയിരുത്തുക.

ആ ദിവസം അത്ര മോശമായിരുന്നില്ല. കാരണം, ഞാന്‍ ജനിച്ചുവളര്‍ന്ന സാഗറിലെ എന്റെ പഴയ ചില സുഹൃത്തുക്കളെക്കുറിച്ചുള്ള ഓര്‍മ്മകളാണ്‌ അത്‌ എനിക്ക്‌ കൊണ്ടുവന്നത്‌. അതില്‍ ഒരാള്‍ ദീപങ്കര്‍ സെന്‍ ആയിരുന്നു. എന്റെ ഏറ്റവും അടുത്ത ചങ്ങാതി. എന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും അവനുണ്ടായിരുന്നു. പല 'ആദ്യ'ങ്ങളിലും ഞങ്ങള്‍ ഒരുപോലെ പങ്കാളികളായിരുന്നു.

എന്തുകൊണ്ടാണ്‌ അതേ നിമിഷത്തില്‍ ഫോണില്‍ എന്റെ കണ്ണുകള്‍ ഉടക്കിയതെന്ന് എനിക്കിപ്പോഴും അറിയില്ല. ഞാന്‍ അത്‌ സൈലന്റില്‍ ആക്കിയിരുന്നു. നോക്കുമ്പോള്‍ ദീപങ്കറിന്റെ വിളിയാണ്‌. ഇതുപോലുള്ള യാദൃശ്ചികതകള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകാറുള്ളതുകൊണ്ട്‌, ഞാന്‍ അതിനെക്കുറിച്ചൊന്നും അധികം അത്ഭുതപ്പെടാന്‍ മിനക്കെടാറില്ലായിരുന്നു. അവന്റെ ശബ്ദത്തില്‍ വല്ലാത്ത സംഘര്‍ഷം ഉള്ളതുപോലെ തോന്നി. "എന്റെ സഹോദരന്‍ ജയിലിലാണ്‌. സര്‍ക്കാരിനെതിരെ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നതാണ്‌ അവര്‍ ചുമത്തിയ കുറ്റം" അവന്‍ പറഞ്ഞു.

ഇതുപോലുള്ള വാര്‍ത്തകള്‍ അധികം കേള്‍ക്കുക പതിവില്ലാത്തതിനാല്‍ എനിക്ക്‌ പെട്ടെന്നൊന്നും പറയാന്‍ സാധിച്ചില്ല. പിന്നെ ഞാന്‍ ഓര്‍ത്തു. അവന്‌ രണ്ട്‌ സഹോദരന്മരുണ്ട്‌. "ഏതു സഹോദരന്‍?" ഞാന്‍ ചോദിച്ചു. "ബിനായക്‌". അവന്‍ അത്‌ പറഞ്ഞപ്പോള്‍ന്‍ പല ചിന്തകളും എന്റെ ഉള്ളിലൂടെ മിന്നിമറഞ്ഞു. ദീപങ്കറുമായി സംസാരിച്ചിട്ട്‌ കുറേ കാലമായിരുന്നു. എനിക്ക്‌ വായിച്ചറിവുള്ള ബിനായക്‌ സെന്‍ ഇതേ ബിനായക്‌ ആണെന്നുള്ളതും എനിക്ക്‌ പുതിയ ഒരു അറിവായിരുന്നു. എന്റെ ദീപങ്കറിന്റെ ഏട്ടന്‍.

ഈ രണ്ടു സഹോദരന്മാരും തീര്‍ത്തും വ്യത്യസ്തരായിരുന്നു എന്നും എനിക്ക്‌ അപ്പോള്‍ ഓര്‍മ്മ വന്നു. ദീപങ്കര്‍ ആളൊരു രസികനായിരുന്നു. മുന്‍ശുണ്ഠിക്കാരനും, പരുക്കനും, ഉച്ചത്തില്‍ ചിരിക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന നല്ല നര്‍മ്മബോധമുള്ള ഒരുവന്‍. എന്നാല്‍ ബിനായകോ, ശാന്തനും, മിതഭാഷിയും, പലരും പറഞ്ഞുകേട്ടതനുസരിച്ച്‌, ബുദ്ധിശാലിയുമായിരുന്നു. ദീപങ്കറില്‍നിന്നു മാത്രമല്ല, അന്ന് ഞങ്ങളുടെ സുഹൃദ്‌വലയത്തിലുണ്ടായിരുന്ന മറ്റു കുട്ടികളില്‍നിന്നൊക്കെ തീര്‍ത്തും ഭിന്നനായിരുന്നു ബിനായക്‌. പട്ടാളക്കാരുടെ മക്കളായിരുന്നു ഞങ്ങളുടെ സംഘത്തില്‍ അധികവുമുണ്ടായിരുന്നത്‌.

സാഗര്‍ വളരെ ചെറിയ ഒരു പട്ടണമായിരുന്നു. ഹരി സിംഗ്‌ ഗൗര്‍ എന്നു പേരുള്ള മഹാനായ ഒരാള്‍ സ്ഥാപിച്ചതും, പഠനനിലവാരത്തിന്‌ പുകള്‍പെറ്റതുമായ ഒരു സര്‍വ്വകലാശാലയുടെ നാടായിരുന്നു അത്‌. അതിനുമുന്‍പ്‌, ഇന്ത്യന്‍ പട്ടാളത്തിന്റെ 36-ആം ഡിവിഷന്റെയും മ്‌ഹാര്‍ റെജിമെന്റിന്റെയും കന്റോണ്‍മന്റ്‌ നിലനിന്നിരുന്നതും അവിടെയായിരുന്നു. ബ്രിട്ടീഷ്‌ നോവലിസ്റ്റായ ജോണ്‍ മാസ്റ്ററുടെ നോവലുകള്‍ വായിച്ചവര്‍ക്ക്‌ ആ സ്ഥലം പരിചയമുണ്ടാകും. മറ്റു പട്ടണങ്ങളിലെ കുട്ടികളുമായി സാഗറിലെ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നതും മറ്റും ജോണ്‍ മാസ്റ്റര്‍ തന്റെ നോവലുകളില്‍ എഴുതിയിട്ടുണ്ട്‌. ദീപങ്കറിന്റെയും ബിനായകിന്റെയും അച്ഛന്‍ സൈന്യത്തില്‍ ഡോക്ടറായി സ്ഥലം മാറിവന്നത്‌ ഇവിടേക്കായിരുന്നു.

ആദ്യം സൂചിപ്പിച്ചപോലെ ബിനായക്‌ വളരെ വ്യത്യസ്തനായിരുന്നു. എങ്കിലും അദ്ദേഹവും തന്റെ അച്ഛന്റെ പാത പിന്തുടര്‍ന്ന് ഒരു ഡോക്ടറായി. സാദൃശ്യം അവിടെ അവസാനിക്കുന്നു. അതോ അത്‌ അവിടെ അവസാനിക്കുന്നില്ല എന്നുണ്ടോ? അറിയില്ല. തന്റെ അച്ഛനില്‍ ഉണ്ടായിരുന്ന എന്തെന്ത്‌ വിപദിധൈര്യങ്ങളാണ്‌ ബിനായകിലും ഉണ്ടായിരുന്നതെന്ന് എനിക്കറിയില്ല. പക്ഷേ ബിനായകിന്റെ അമ്മയില്‍ ഉണ്ടായിരുന്ന സ്ഥൈര്യം അന്ന് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. 'ആന്റി' എന്ന് ഞങ്ങളൊക്കെ വിളിച്ചിരുന്ന ആ മഹതി, ഇന്ന് അവരുടെ എണ്‍പതാം വയസ്സിലും സ്വന്തമായി ഒരു സ്കൂള്‍ നടത്തുകയും, തന്റെ മകന്റെ മോചനത്തിന്‌ അക്ഷീണം പരിശ്രമിക്കുകയും ചെയ്യുന്നുവെന്നത്‌, എനിക്ക്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു.

ഒരു ചെറിയ പട്ടണത്തില്‍ ബാല്യം ചിലവഴിക്കേണ്ടിവരുമ്പോള്‍ നിങ്ങളൊരു അയഥാര്‍ത്ഥലോകമാണ്‌ സ്വയം ചുറ്റിലും സൃഷ്ടിക്കുന്നത്‌. യാഥാര്‍ത്ഥ്യം എന്നത്‌ വിരസമോ പരുക്കനോ ആകും. വലിയ നഗരങ്ങളിലെ കുട്ടികള്‍ ആത്മനിഷ്ഠരാണ്‌ എന്ന് പറയുന്നവര്‍ക്ക്‌, ഈ ചെറിയ നഗരങ്ങളില്‍ വളര്‍ന്നുവരുന്ന കുട്ടികളെ ഒട്ടും അറിയില്ല. അവനും സ്വന്തം ഉള്ളിലേക്കുതന്നെയാണ്‌ ഉറ്റുനോക്കുന്നത്‌. അവന്റെ ഒരേയൊരു ലക്ഷ്യം തന്നെ, ഈ 'നരക'ത്തില്‍നിന്ന് എങ്ങിനെ പുറത്തു കടക്കാം എന്നുള്ളതാണ്‌.

ചെറിയ പട്ടണത്തില്‍ ജീവിക്കുമ്പോള്‍ നിങ്ങള്‍ക്കു തോന്നും. മറ്റെവിടേക്കെങ്കിലും രക്ഷപ്പെട്ട്‌ ജീവിതം കരുപ്പിടിപ്പിക്കണമെന്ന്. നമ്മളില്‍ മിക്കവരും ഒരിക്കലും പിന്തിരിഞ്ഞുനോക്കാതെ, എങ്ങിനെയെങ്കിലും ചാടി രക്ഷപ്പെടുകയും ചെയ്യുന്നു. വര്‍ഷങ്ങളെടുക്കും ഇതു സാധിക്കാന്‍. പക്ഷേ പെട്ടെന്നൊരു ദിവസമാണ്‌ ആ ബന്ധം മുറിഞ്ഞുവെന്ന് നിങ്ങള്‍ മനസ്സിലാക്കുക. നമ്മളും കൂട്ടുകാരുമൊക്കെ താമസിച്ചിരുന്ന വീടുകളില്‍ അപ്പോഴേക്കും മറ്റാരൊക്കെയോ താമസിക്കുന്നുണ്ടാകും. നമ്മുടെ മാത്രമെന്ന് സങ്കല്‍പ്പിച്ചിരുന്ന രഹസ്യസങ്കേതങ്ങളില്‍ മറ്റേതൊക്കെയോ കമിതാക്കള്‍ കൈകള്‍കോര്‍ത്ത്‌ ഇരിക്കുന്നുണ്ടാകും.

ബന്ധം മുറിയുമ്പോള്‍ മറ്റൊരു വിചിത്രമായ കാര്യം കൂടി സംഭവിക്കുന്നു. ഏതോ അന്യനാട്ടില്‍നിന്നെന്നപോലെ നമ്മുടെ വീടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മെ തേടിയെത്തുന്നു. ഇന്ത്യയുടെ ഹൃദയഭാഗത്തിന്റെ പ്രാകൃത-പിന്നോക്കാവസ്ഥയെക്കുറിച്ചൊന്നും വിശ്വാസം വരാത്ത നഗരവിഡ്ഢി ചോദിക്കുന്നു "നിന്റെ ആ പഴയ നാട്ടില്‍ ദളിതരെ കൊന്നൊടുക്കിയ വാര്‍ത്ത അറിഞ്ഞില്ലേ?" എന്ന്. സ്വന്തം നഗരത്തില്‍ നടക്കുന്ന പ്രാകൃതത്വങ്ങളെക്കുറിച്ചും, ഇരുട്ടിന്റെ മറവില്‍ വില്‍പ്പനച്ചരക്കാകുന്ന അസംഖ്യം കുട്ടികളെക്കുറിച്ചും ഒരു നിശ്ചയവുമില്ലാത്ത ആ പടുവിഡ്ഢിയെ അപ്പോള്‍ നമ്മള്‍ സഹതാപത്തോടെ നോക്കും.

വിഭജിതമായ മതസമുദായങ്ങളെക്കുറിച്ചും, മറ്റൊരാളുടെ മരണത്തില്‍ നമുക്ക്‌ തോന്നുന്ന നിര്‍വ്വികാരതയെക്കുറിച്ചുമൊക്കെ അയാളോട്‌ നമുക്ക്‌ എന്തൊക്കെയോ പറയണമെന്നുണ്ട്‌. എങ്കിലും, എന്തെങ്കിലുമൊന്ന് ഉറപ്പിച്ചുപറയാന്‍ തക്കവണ്ണമുള്ള ബന്ധമൊക്കെ, നമ്മുടെ നാടുമായി, നമുക്ക്‌ എന്നോ നഷ്ടമാവുകയും ചെയ്തിരിക്കുന്നു. മാത്രവുമല്ല, കേള്‍ക്കുന്നതും പറയുന്നതുമൊക്കെ സത്യമാണെന്ന ഭീകരമായ സംശയവും നമ്മെ ചൂഴുന്നുണ്ട്‌. ഈ വലിയ നഗരം നമുക്ക്‌ അഭയവും, പ്രതീക്ഷയും, സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള അവസരവും തന്നിരിക്കുന്നുവെന്ന് നമ്മളൊക്കെ ഉള്ളില്‍ വിശ്വസിക്കുകയും ചെയ്യുന്നു. സംസാരിക്കാന്‍ തക്കവണ്ണം ഒന്നുമില്ലെന്നും എന്നാല്‍ ചെയ്തുതീര്‍ക്കാന്‍ ഒട്ടനവധിയുണ്ടെന്നും നമ്മള്‍ നമ്മളെത്തന്നെ വിശ്വസിപ്പിക്കുകയാണ്‌. പക്ഷേ സത്യത്തില്‍, നമ്മള്‍ ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ്‌. ശൂന്യതയില്‍ നിന്നു പൊട്ടിമുളച്ചവരെപ്പോലെയാണ്‌ നമ്മള്‍ അഭിനയിക്കുന്നത്‌.

സ്വന്തം വീടിനു നമ്മെ ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കില്‍, മറ്റെന്തു ചെയ്യാനാകും നമുക്ക്‌? എല്ലാവരും എല്ലാവരെയും സ്നേഹിച്ചിരുന്ന, എല്ലാ കുടുംബങ്ങളും ഒരുപോലെ സുഖദു:ഖങ്ങള്‍ പങ്കുവെച്ചിരുന്ന ഒരു സ്വപ്നഭൂമിയെ നമ്മള്‍ വെറുതെയെങ്കിലും ഉള്ളില്‍ നിരൂപിക്കും. കാരണം, നാട്ടുമ്പുറങ്ങളെ ഇന്നു കയ്യടക്കിയിരിക്കുന്നത്‌ വിസര്‍ജ്ജ്യങ്ങളാണ്‌. മത്സരിക്കാനുള്ള ത്രാണിയൊന്നും അവിടങ്ങളിലെ യുവത്വങ്ങള്‍ക്കില്ല. വിരലിലെണ്ണാവുന്നവരൊഴിച്ച്‌ എല്ലാവരും ജീര്‍ണ്ണിക്കുകയാണ്‌ അവിടെ. സ്വസ്ഥമായി ചാവാന്‍ വേണ്ടിയല്ലാതെ, ആരും ഇപ്പോള്‍ അവിടേക്കൊന്നും പോകുന്നില്ല.

ബിനായകിനെപ്പോലുള്ളവരൊഴിച്ച്‌ മറ്റാരും.

നമ്മളെല്ലാവരും അംഗങ്ങളായിരുന്ന ക്ലബ്ബ്‌ വിട്ട്‌ ക്ലബ്ബുകളേക്കുറിച്ച്‌ കേട്ടറിവുപോലുമില്ലാത്ത സ്ഥലങ്ങളിലേക്ക്‌ ബിനായക്‌ പോയി. ബിനായകിന്റെ സഹോദരന്‍, എന്റെ സുഹൃത്ത്‌ ദീപാങ്കര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു, സാഗറില്‍ കഴിച്ചുകൂട്ടിയ നാളുകള്‍ അയാള്‍ക്ക്‌ നരകതുല്യമായിരുന്നുവെന്നും, അതിനപ്പുറത്തേക്ക്‌ കടക്കാന്‍ എന്നെങ്കിലും കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും.

എന്റെ പൊന്നു ചങ്ങാതീ, നിന്റെ സഹോദരന്‍ അതിനേക്കാളും വലിയ നരകങ്ങളിലേക്കാണ്‌ യാത്രയായത്‌. സ്വന്തമിഷ്ടപ്രകാരം അയാളവിടെ താമസിക്കുകയും ചെയ്തു. എന്റെ കൂടെ മുംബൈയിലോ, എന്റെ സഹോദരിയുടെകൂടെ വാഷിംഗ്‌ടണിലോ, നിന്റെ രണ്ടാമത്തെ സഹോദരന്റെ കൂടെ തുര്‍ക്കിയിലോ, നിന്റെ കൂടെ ബെല്‍ജിയത്തിലോ പോകാമായിരുന്നില്ലേ അയാള്‍ക്ക്‌? ഒരു ഡോക്ടര്‍ എന്ന നിലക്ക്‌ വിജയം കൊയ്യാമായിരുന്നില്ലേ? പണ്ട്‌ നമ്മുടെ നാട്ടിലുണ്ടായിരുന്ന സാജിദ്‌ ഖാന്‍ എന്ന തമാശക്കാരന്‍ പറയാറുണ്ടായിരുന്നതുപോലെ, "വെറും പണക്കാരനല്ല, വമ്പന്‍ വമ്പന്‍ പണക്കാരന്‍' ആകാമായിരുന്നില്ലേ നിന്റെ ഏട്ടന്‌?

"കുട്ടികളെയും ഭാര്യയെയും ബാങ്ക്‌ അക്കൗണ്ടിനെയും സ്നേഹിച്ചും' കഴിയാമായിരുന്നില്ലേ എന്നും വേണമെങ്കില്‍ ഇവിടെ ആലോചിക്കാവുന്നതാണ്‌. ബോളിവുഡില്‍ നിന്നുള്ള ആളല്ലാത്തതുകൊണ്ട്‌, കക്കൂസു മുതല്‍ ഉപരിവിദ്യാഭ്യാസംവരെയുള്ള എല്ലാ വിഷയത്തെക്കുറിച്ചും സംസാരിക്കാനോ അഭിപ്രായം പറയാനോ ഒന്നും ഒരുപക്ഷേ അദ്ദേഹത്തിന്‌ കഴിഞ്ഞില്ലെന്നുവരും. അതൊന്നും സാരമാക്കാനില്ല. അതൊക്കെ നികത്താന്‍ ബാങ്ക്‌ അക്കൗണ്ടുകള്‍ക്ക്‌ നിഷ്‌പ്രയാസം സാധിക്കുമല്ലൊ. എന്നിട്ട്‌, അദ്ദേഹം തിരഞ്ഞെടുത്ത സ്ഥലമോ? നല്ല പ്രവൃത്തികള്‍ക്കുള്ള പ്രതിഫലമായി ജയില്‍വാസം കിട്ടുന്ന സ്ഥലം. ഒരു ഡോക്ടറാണെന്ന കാര്യം കൂടി എഫ്‌.ഐ.ആറില്‍ സ്ഥിരീകരിക്കാന്‍ പോലീസ്‌ വിസമ്മതിക്കുന്ന സ്ഥലം. തലയുയര്‍ത്താന്‍ ഇനിയും ആരെങ്കിലും ധൈര്യപ്പെടുന്നുണ്ടെങ്കില്‍, അവര്‍ക്കും ഇതു തന്നെയാണ്‌ ഗതിയെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നവര്‍ ഭരണം കയ്യടക്കിയിരിക്കുന്ന സ്ഥലം. തന്റെ ഭര്‍ത്താവിനെ തിരിച്ചുകിട്ടാന്‍ ബിനായകിന്റെ ഭാര്യ ഒറ്റക്കുനിന്ന് പൊരുതുന്ന സ്ഥലം.

ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ വേണ്ടി എന്റെ മുത്തച്ഛന്‍ ഉപേക്ഷിച്ചുപോയ അതേ ഗ്രാമമാണിത്‌. ഉത്തര്‍പ്രദേശിലെ ഒരു ക്ഷാമബാധിത ഗ്രാമം. എനിക്കും ജീവിതത്തില്‍ പലപ്പോഴും പൊരുതേണ്ടിവന്നിട്ടുണ്ട്‌. എങ്കിലും ബിനായകിന്റെ മുന്‍പില്‍ ഞാന്‍ തലകുനിക്കുന്നു. മാര്‍ക്സിസത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്ന ആളൊന്നുമല്ല ഞാന്‍. അധികാരം തോക്കിന്‍കുഴലിലൂടെ വരുമെന്നും ഞാന്‍ കരുതുന്നില്ല. ബിനായകും അങ്ങിനെ കരുതുന്നില്ലെന്ന് എനിക്ക്‌ ഉറപ്പുണ്ട്‌.

ബിനായകിനെപ്പോലുള്ളവര്‍ പറയുന്നതും അഭിസംബോധന ചെയ്യുന്നതുമായ വിഷയങ്ങളെ അവരിലൂടെ കാണാനും മനസ്സിലാക്കാനും ഇന്ത്യ പഠിക്കേണ്ടിയിരിക്കുന്നു. സഹിഷ്ണുതക്കുവേണ്ടിയുള്ള ബിനായകിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചില്ലെങ്കില്‍ കൂടുതല്‍ അക്രമങ്ങളിലേക്ക്‌ രാജ്യത്തെ അത്‌ നയിച്ചേക്കും. ഓരോ പ്രദേശത്തിനും അതിന്റേതായ പ്രശ്നങ്ങളുണ്ട്‌. അതിന്റേതായ പരിഹാരമാര്‍ഗ്ഗങ്ങളും.

ഞാന്‍ പിന്നിലുപേക്ഷിച്ചുപോന്ന എന്റെ നിരവധി വീടുകളില്‍ ഒന്നിനുവേണ്ടിയെങ്കിലും സംസാരിച്ചതിന്‌ ബിനായക്‌ ദാ, നന്ദി.




കടപ്പാട് - തെഹല്‍ക്കയില്‍ സുധീര്‍ മിശ്ര എഴുതിയ ലേഖനത്തിന്റെ പരിഭാഷ. പ്രശസ്തമായ ചില സിനിമകളുടെ സംവിധായകനാണ്‌ സുധീര്‍ മിശ്ര. ഇന്ത്യയിലെ സമാന്തര നാടകവേദിയുടെ ആചാര്യനായ ബാദല്‍ സര്‍ക്കാരുമായുള്ള പരിചയത്തിലൂടെ പൊതുരംഗത്തേക്കു വന്ന ഒരു ചലച്ചിത്രകാരന്‍.

ജോണ്‍ മാസ്റ്റര്‍ - ബംഗാളിലെ നിശാസഞ്ചാരികള്‍ (Nightrunners of Bengal) ഭവാനി ജങ്ങ്‌ഷന്‍ (Bhowani Junction) തുടങ്ങിയ നോവലുകളുടെ രചയിതാവ്‌.

Sunday, August 10, 2008

ഒരു രാജ്യഭ്രഷ്ടന്‍ നാടുനീങ്ങുന്നു

അഭയാര്‍ത്ഥികളായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ചിന്നിച്ചിതറാന്‍ വിധിക്കപ്പെട്ട ഒരു ജനതക്കുവേണ്ടി, നീണ്ട അഞ്ചു ദശാബ്ദക്കാലത്തോളം വാക്കുകള്‍കൊണ്ട്‌ പൊരുതിയ ഒരു വലിയ കവി, മഹമൂദ്‌ ദാര്‍വിഷ്‌, ഭൂമിയിലെ തന്റെ അറുപത്തേഴുകൊല്ലത്തെ നീണ്ട പ്രവാസം അവസാനിപ്പിച്ചിരിക്കുന്നു.

സ്വന്തം മണ്ണില്‍നിന്ന് ഭ്രഷ്ടരാകുന്നതിന്റെ വേദനയും മുറിവും അനുഭവിച്ചറിഞ്ഞ ഒരു ജനതയുടെ കയ്യില്‍നിന്നാണ്‌, ഇന്ന്, ഫലസ്തീന്‍ ജനതക്ക്‌ ഭ്രഷ്ട്‌ ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്‌. ചരിത്രത്തിന്റെ ക്രൂരമായ നിരവധി ഫലിതങ്ങളില്‍ ഒന്നാണത്‌. ഫലസ്തീനില്‍നിന്ന് ലബനോണിലേക്കും, അവിടെനിന്ന് ലോകത്തിന്റെ മറ്റിടങ്ങളിലേക്കും ആ വിധി, ഫലസ്തീനികളെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു അറുപത്‌ വര്‍ഷമായി അവര്‍ അത്‌ അനുഭവിച്ചുതീര്‍ക്കുന്നു. ഇന്നും അതു തുടരുകതന്നെയാണ്.

ഒരു രാജ്യഭ്രഷ്ടന്‌ മറ്റൊരു രാജ്യഭ്രഷ്ടന്റെ വേദനയെ തിരിച്ചറിയാന്‍ കഴിയാതിരിക്കുന്നതിന്റെ അമര്‍ഷവും സങ്കടവും, അത്ഭുതവുമാണ്‌ മഹമൂദ്‌ ദാര്‍വിഷിന്റെ കവിതകളെ ഇത്രമേല്‍ പ്രചണ്ഡമാക്കിയത്‌.

അതിലൊന്ന്, ഇവിടെ സ്വതന്ത്രപരിഭാഷയുടെ രൂപത്തില്‍ എടുത്തെഴുതുന്നു. മഹമൂദ് ദാര്‍വിഷിന്റെ The exiles don't look back എന്ന കവിത.

നാടുകടത്തപ്പെട്ടവര്‍ പിന്തിരിഞ്ഞുനോക്കാറില്ല..
ഒരു പ്രവാസഭൂമിയില്‍നിന്ന് ഇറങ്ങിപ്പോരേണ്ടിവരുമ്പോള്‍
നാടുകടത്തപ്പെട്ടവര്‍ ഒരിക്കലും തിരിഞ്ഞുനോക്കാറില്ല
മുന്‍പില്‍ നിരവധി പ്രവാസഭൂമികള്‍ പിന്നെയും ബാക്കി
വൃത്താകാരമുള്ള പാത അവര്‍ക്ക്‌ പരിചിതമായിക്കഴിഞ്ഞു
മുന്‍പിലും പിന്നിലും
വടക്കും തെക്കും
ഒന്നുമില്ല
കമ്പിവേലികളില്‍നിന്ന് പൂന്തോട്ടത്തിലേക്ക്‌ അവര്‍ നാടുനീങ്ങുന്നു
വീടിന്റെ മുറ്റത്തിനുകുറുകെ ഓരോ ചുവടുകള്‍ വെക്കുമ്പോഴും
അവര്‍ ഒരു അഭിലാഷം ബാക്കിവെക്കുന്നു.
'ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍, ഈ ജീവിതം മാത്രം ഓര്‍മ്മിക്കുക"
അഭാവത്തിന്റെ നുള്ളുനുറുങ്ങുകള്‍ നിറച്ചുവെച്ച ഒരു ശവപ്പെട്ടിയുമായി
പുലര്‍ച്ചയുടെ പതുപതുപ്പില്‍നിന്ന്
അവര്‍ മദ്ധ്യാഹ്നത്തിന്റെ പൊടിയിലേക്ക്‌ യാത്ര ചെയ്യുന്നു
ഒരു തിരിച്ചറിയല്‍ രേഖ
മേല്‍വിലാസമറിയാത്ത ഏതോ പ്രിയപ്പെട്ടവര്‍ക്ക്‌ ഒരു കത്ത്‌
"ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍, ഈ ജീവിതം മാത്രം ഓര്‍മ്മിക്കുക"
മുറിവേറ്റ വിജയചിഹ്നവുമായി
വീട്ടില്‍നിന്നും തെരുവിലേക്ക്‌ അവര്‍ യാത്രയാവുന്നു
വഴിയില്‍ കാണുന്നവരെ അവര്‍ ഓര്‍മ്മിപ്പിക്കുന്നു
"ഞങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ട്‌,
അതുകൊണ്ട്‌,
ഓര്‍മ്മയില്‍നിന്നും ഞങ്ങളെ മായ്‌ച്ചുകളയുക“
ശ്വാസം വീണ്ടെടുക്കാന്‍,
സൂര്യവെളിച്ചത്തില്‍ മുങ്ങിക്കുളിക്കാന്‍,
കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍,
അവര്‍ അവരുടെ കഥകളില്‍നിന്ന് പുറത്തേക്കുവരുന്നു
ഉയരുകയും താഴുകയും ചെയ്യുന്നു അവര്‍
‍വരുകയും പോവുകയും ചെയ്യുന്നു അവര്‍
ഏതോ പുരാതന ശിലാപ്രതലങ്ങളില്‍നിന്ന്
അവര്‍ നക്ഷത്രത്തിനുനേരെ കുതിക്കുന്നു
ആദിയും അന്തവുമില്ലാത്ത ഒരു കഥയിലേക്ക്‌
വീണ്ടും അവര്‍ പിന്മടങ്ങുന്നു
ഉറക്കച്ചടവില്‍നിന്ന് ഉറക്കത്തിന്റെ മാലാഖയിലേക്ക്‌
അവര്‍ ഓടിയകലുന്നു
ചിന്തിയ ചോരയെക്കുറിച്ചോര്‍ത്ത്‌
കണ്ണുകലങ്ങി,
വിളറിവെളുത്ത്‌
അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു
"ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍, ഈ ജീവിതം മാത്രം ഓര്‍മ്മിക്കുക"

Tuesday, August 5, 2008

ചാവാന്‍ നീ നല്ലൂ

അജ്ഞാതനായ ഒരു പട്ടാളക്കാരന്‍ എഴുതിയ ഒരു കവിത, ഒരാഴ്ച മുന്‍പ്‌, അവിചാരിതമായി ഒരു സുപ്രഭാതത്തില്‍ ഇ-മെയിലില്‍ വന്നു. അതിങ്ങനെ....

Why Do I Still Serve You?

How you play with us, did you ever see?
At Seven, I had decided what I wanted to be;
I would serve you to the end,
All these boundaries I would defend.
Now you make me look like a fool,

When at Seventeen and just out of school;
Went to the place where they made "men out of boys"
Lived a tough life …sacrificed a few joys…
In those days, I would see my 'civilian' friends,
Living a life with the fashion trends;
Enjoying their so called "College Days"
While I sweated and bled in the sun and haze…
But I never thought twice about what where or why
All I knew was when the time came,
I'd be ready to do or die.

At 21 and with my commission in hand,
Under the glory of the parade and the band,
I took the oath to protect you over land, air or sea,
And make the supreme sacrifice when the need came to be.

I stood there with a sense of recognition,
But on that day I never had the premonition,
that when the time came to give me my due,
You'd just say," What is so great that you do?"

Long back you promised a well to do life;
And when I'm away, take care of my wife.
You came and saw the hardships I live through,
And I saw you make a note or two,
And I hoped you would realise the worth of me;
but now I know you'll never be able to see,
Because you only see the glorified life of mine,
Did you see the place where death looms all the time?
Did you meet the man standing guard in the snow?
The name of his newborn he does not know...
Did you meet the man whose father breathed his last?
While the sailor patrolled our seas so vast?

You still know I'll not be the one to raise my voice
I will stand tall and protect you in Punjab Himachal and Thois.

But that's just me you have in the sun and rain,
For now at Twenty Four, you make me think again;
About the decision I made, Seven years back;
Should I have chosen another life, some other track?

Will I tell my son to follow my lead?
Will I tell my son, you'll get all that you need?
This is the country you will serve
This country will give you all that you deserve?

I heard you tell the world "India is shining"
I told my men, that's a reason for us to be smiling
This is the India you and I will defend!
But tell me how long will you be able to pretend?
You go on promise all that you may,
But it's the souls of your own men you betray.

Did you read how some of our eminent citizens
write about me and ridicule my very existence?
I ask you to please come and see what I do,
Come and have a look at what I go throughLive my life just for a day
Maybe you'll have something else to say?

I will still risk my life without a sigh
To keep your flag flying high;
but today I ask myself a question or two…
Oh India….
Why do I still serve you?


ഇതിന്റെ ഉറവിടം അന്വേഷിച്ചു. ഹൈപ്പര്‍ലിങ്കുകളുടെ ഞൊടിയിടയിലുള്ള മഹാപ്രയാണത്തിനിടയില്‍, റിസര്‍ച്ച്‌ എന്നൊരു സൈബര്‍ പ്രദേശത്തെത്തി. അതില്‍ കിടക്കുന്നു, ഈ കവിത.

അതിന്റെ കമന്റുകളില്‍നിന്ന് പിന്നെ എത്തിയത്‌, ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ 2008 മാര്‍ച്ച്‌ ലക്കത്തില്‍.

ആറാം ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകളില്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ അപേക്ഷിച്ച്‌, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ലഭിക്കുന്ന (ശമ്പളത്തിനു പുറമെയുള്ള) മറ്റു നിരവധി അധിക ആനുകൂല്യങ്ങളെക്കുറിച്ചും, സൈനികമേഖലയില്‍, അത്‌ നാലിരട്ടിയാണെന്ന കണക്കുകള്‍ ഉദ്ധരിച്ചും, ഏകദേശം ഒരു പരിഭവത്തിന്റെ സ്വരത്തില്‍, അഷീഷ്‌ സിന്‍ഹ എന്നൊരാള്‍ എഴുതിയ ലേഖനം അതിലുണ്ടായിരുന്നു.

അതിനു മറുപടിയായി, നമ്മുടെ അജ്ഞാതനായ പട്ടാളക്കാരന്‍ എവിടെയോ എഴുതിയ, ആരൊക്കെയോ പകര്‍ത്തിയെഴുതിയ കവിതയായിരുന്നു മുകളില്‍ കൊടുത്തത്‌.

ഒരു പട്ടാളക്കാരന്, ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെ ലേഖനം വായിക്കാന്‍ എവിടെയാണ്‌ സമയം? അവധിയിലായിരുന്നിരിക്കാം. ആരോ അയച്ചുകൊടുത്തതായിരിക്കാം. ഇങ്ങനെ ഒരു ലേഖനം വന്നുവെന്ന് കേട്ടറിഞ്ഞതാകാം. മാധ്യമങ്ങളുടെ ഭാവനാവിലാസം ശൂന്യതയില്‍ നിന്ന് ഒരു അഷീഷ്‌ സിന്‍ഹയെ സൃഷ്ടിച്ചതാണെന്ന അയാളുടെ തോന്നലില്‍നിന്നുപോലുമാകാം ഈ കവിത ജനിച്ചിട്ടുണ്ടാവുക. അല്ലെങ്കില്‍തന്നെ, കവിതക്കെന്തിനാണ്‌ കൂട്ടുകാരാ കാരണങ്ങള്‍? സ്വയംഭൂവല്ലേ അത്‌?

ഇവിടെ പക്ഷേ, ഈ കവിത സ്വയംഭൂവായി വന്നതാവില്ല. നമ്മളെപ്പോലുള്ള അഷീഷ്‌ സിന്‍ഹകള്‍ ഇവിടെയുണ്ടല്ലോ.

ഉണ്ടും ഉറങ്ങിയും, കാണുന്നയിടങ്ങളിലെ തിണ്ണ നിരങ്ങിയും, കുതികാല്‍ വെട്ടിയും, പരദൂഷണത്തിന്റെ മഹാഖ്യായികകളിലൂടെ ജീവിതം പൊലിപ്പിച്ചും, പരസ്പരം കൊന്നും കൊലവിളിച്ചും നടക്കുന്ന നമ്മളെയൊക്കെ കാത്തുരക്ഷിച്ച്‌, ദുര്‍ഗ്ഗമമായ മലമടക്കുകളിലും, മഞ്ഞുറഞ്ഞ ഗിരിശൃംഗങ്ങളിലും, വനാന്തരങ്ങളിലും, ഏകാന്തമായ ഭൂവിഭാഗങ്ങളിലും, അങ്ങിനെ, കടലിലും, കരയിലും, വായുവിലും, ജാഗ്രത്തായ കണ്ണും മനസ്സുമായി കാത്തിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പട്ടാളക്കാരാ, ഞങ്ങള്‍ക്കുവേണ്ടി ചാവാന്‍ നീ വിധിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ കുടുംബങ്ങള്‍, ഞങ്ങള്‍ക്കുവേണ്ടി അനാഥമാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. വീരമരണം മറ്റു മരണങ്ങളേക്കാള്‍ എത്ര മഹത്തരമാണെന്നറിയണമെങ്കില്‍, മരിച്ച ഭടന്മാരുടെ സാധുക്കളും നിര്‍ഭാഗ്യവതികളുമായ ഭാര്യമാരോടും, അച്ഛനെ കാണാതെ വളരാന്‍ വിധിക്കപ്പെട്ട പിഞ്ചോമനകളോടും ചോദിക്കാന്‍, നമ്മളോട്‌ പറഞ്ഞത്‌, സി.ജെ.യായിരുന്നില്ലേ? പണ്ട്‌?

മിലിറ്ററി കാന്റീനുകളില്‍നിന്ന് നിനക്കു അവകാശപ്പെട്ട സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നപോലെ, നിന്റെ യുവത്വവും, മോഹങ്ങളും, ധൈര്യവും വിറ്റ്‌ ഞങ്ങള്‍ കാശാക്കും. തിന്നും. കുടിക്കും. അഴിഞ്ഞാടും.

ഞങ്ങള്‍ക്കുവേണ്ടി നീ ചാവുമ്പോള്‍, ഞങ്ങള്‍ക്ക്‌, ഏറിവന്നാല്‍ രണ്ടിറ്റു കണ്ണുനീര്‍ ചിലവാക്കിയാല്‍ മതി. രാജ്യത്തിന്റെ വീരപുത്രന്‍ എന്നൊക്കെ വെറുതെ വിലപിച്ചാല്‍ മതി. കാര്യത്തോടടുക്കുമ്പോള്‍, ലാഭനഷ്ടങ്ങളുടെ പട്ടികയിലാണ്‌ ഞങ്ങള്‍ എല്ലാം അന്തിമമായി കണക്കാക്കുന്നത്‌. നിനക്കെത്ര? ഞങ്ങള്‍ക്കെത്ര? ആ കണക്കില്‍. അതില്‍ ഞങ്ങള്‍ എല്ലാം ഒതുക്കുന്നു.

തുരുമ്പെടുത്ത പഴയ ആയുധങ്ങള്‍ പൊന്നുംവിലകൊടുത്ത്‌ വിറ്റും വാങ്ങിയും, നിന്റെ കൊലക്ക്‌ കരാറെഴുതുന്ന രാജ്യരക്ഷാമന്ത്രിപുംഗവന്മാര്‍ മുതല്‍, ഇങ്ങേത്തലക്കല്‍, നിന്റെ പേരില്‍ നിന്റെ ഭാര്യക്കും മക്കള്‍ക്കും ഒരുപക്ഷേ ഭാഗ്യമുണ്ടെങ്കില്‍, അനുവദിച്ചു കിട്ടിയേക്കാവുന്ന പെട്രോള്‍ പമ്പു പോലും തട്ടിയെടുക്കാന്‍ ഗൂഢപദ്ധതിയിടുന്ന ഈ സാദാ ഞങ്ങള്‍ക്കുവരെ, നിന്നെ ഒരേ ഒരു കാര്യത്തിനു മാത്രമേ ആവശ്യമുള്ളു.

ഞങ്ങള്‍ക്കുവേണ്ടി ചാവാനും കൊല്ലാനും ഒരാള്‍.