Tuesday, September 25, 2007

ബൂലോഗത്തിലെ ഒരു സഹയാത്രിക വീടൊഴിഞ്ഞുപോവുന്നു.*

രണ്ടു മാസമായി പെട്ടിയൊക്കെ ഒരുക്കിവെച്ചിട്ട്‌. കഴിഞ്ഞ ആറ്‌ ആഴ്ചയായി അത്‌ എന്റെ മുറിയിലിരിക്കുന്നു. തുണികളും മറ്റു സാധനങ്ങളും കുത്തിനിറച്ച ആ പെട്ടി ഒന്നു അടയ്ക്കാന്‍തന്നെ, എനിക്ക്‌ എന്റെ ആറു വയസ്സായ അയല്‍ക്കാരി പെണ്‍കുട്ടിയുടെ സഹായം വേണ്ടി വന്നു.

ആ സൂട്ട്‌കേസ്‌ ഒരുക്കല്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ യത്നം തന്നെയായിരുന്നു. വായനക്കാരാ(1), നിങ്ങള്‍ക്ക്‌ അങ്ങിനെയൊരു ആവശ്യം വന്നാല്‍, കഴിഞ്ഞ മുപ്പതു വര്‍ഷമായി നിങ്ങള്‍ ശേഖരിച്ച സാധനങ്ങളെല്ലാം എടുത്തുവെച്ച്‌, ഒഴിച്ചുകൂടാന്‍ പറ്റാത്ത സാധനങ്ങള്‍ മാത്രം നിറച്ച്‌, അവയൊക്കെ, ഒരു ചെറിയ പെട്ടിയില്‍ നിങ്ങള്‍ക്ക്‌ ഒതുക്കേണ്ടിവരും.കഷ്ടിച്ച്‌ ഒരു മീറ്റര്‍ നീളവും, 0.7 മീറ്റര്‍ വീതിയും, 0.4 മീറ്റര്‍ ഉയരവും ഉള്ള ഒരു പെട്ടിയില്‍. അടുത്ത ആറുമാസം നിങ്ങള്‍ക്ക്‌ ഉപയോഗിക്കേണ്ടിവരുന്ന വസ്ത്രവും, നിങ്ങളുടെ മാത്രം സ്വന്തമെന്നു കരുതുന്ന സാധനങ്ങളും ഒക്കെ നിങ്ങള്‍ക്ക്‌ അതില്‍ ഒതുക്കേണ്ടിവരും. ചിത്രങ്ങള്‍, ഡയറികള്‍, കളിപ്പാവകള്‍, അതുപോലുള്ള സാധനങ്ങള്‍.

നാലു തവണ ഞാന്‍ അതൊക്കെ എടുക്കുകയും തിരിച്ചുവെക്കുകയും ചെയ്തു. ഓരോ തവണ പെട്ടി തുറക്കുമ്പോഴും ഞാന്‍ സത്യം ചെയ്യും. ആവശ്യമില്ലെന്ന് തോന്നുന്ന കുറെ സാധനങ്ങള്‍ ഇക്കുറി ഞാന്‍ ഒഴിവാക്കുമെന്ന്. പക്ഷേ, ഓരോ തവണ പെട്ടി അടയ്ക്കുമ്പോഴും, കൂടുതല്‍ കൂടുതല്‍ സാധനങ്ങള്‍ പെട്ടിയുടെ ഉള്ളില്‍ കടന്നുകൂടി. ഒടുവില്‍ എന്റെ അയല്‍ക്കാരിയാണ്‌ പറഞ്ഞത്‌, ഇനി നീ പെട്ടി പൂട്ടിക്കോളൂ, അപ്പോള്‍ നിനക്കത്‌ തുറക്കാനുള്ള തോന്നല്‍ ഉണ്ടാകില്ലെന്ന്.

ഞങ്ങള്‍ ഓരോരുത്തരും ഓരോ പെട്ടി ചുമക്കണമെന്ന് നിര്‍ദ്ദേശിച്ചത്‌ അച്ഛനാണ്‌. പല വിധ ഓര്‍മ്മകള്‍ കുത്തി നിറച്ച ആ പെട്ടി അച്ഛന്‍ ഒന്നേ നോക്കിയുള്ളു. ഉടനെ വന്നു ആ തീരുമാനവും. ഒരേപോലത്തെ നാലു പെട്ടികള്‍ വാങ്ങി, വീട്ടിലെ ഓരോരുത്തര്‍ക്കും ഓരോന്ന്. അഞ്ചാമത്‌ ഒരെണ്ണം കൂടി സ്റ്റോര്‍റൂമില്‍ നിന്നെടുത്തു. എല്ലാവര്‍ക്കും ആവശ്യം വരുന്ന കടലാസ്സുകള്‍ വെക്കാന്‍. തിരിച്ചറിയല്‍ രേഖകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ.

ഞങ്ങള്‍ കാത്തിരുന്നു...പിന്നെയും പിന്നെയും. ജൂണ്‍ പകുതിയോ, അവസാനമോ പുറപ്പെടണമെന്നായിരുന്നു ആദ്യം പരിപാടിയിട്ടിരുന്നത്‌. അപ്പോഴേക്കും പരീക്ഷകള്‍ കഴിയുകയും, എന്റെ അമ്മായിക്കും അവരുടെ രണ്ടു മക്കള്‍ക്കും ഞങ്ങളെ അനുഗമിക്കാന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ്‌ യാത്രാദിവസം നിശ്ചയിച്ചത്‌. പ്രതീക്ഷിച്ചിരുന്ന ആ ദിവസം ഒടുവില്‍ വന്നു ചേര്‍ന്നു. പക്ഷേ എഴുന്നേറ്റതുതന്നെ, ഒരു വലിയ സ്ഫോടനം കേട്ടുകൊണ്ടായിരുന്നു, 2 കിലോമീറ്റര്‍ അകലെ. നിരോധനാജ്ഞ പ്രഖ്യാപിച്ചതുകൊണ്ട്‌, യാത്ര ഒരാഴ്ചത്തേക്കു മാറ്റിവെക്കേണ്ടിയും വന്നു. ഇതിനു മുന്‍പ്‌ മറ്റൊരിക്കലും യാത്ര മാറ്റിവെക്കേണ്ടിവന്നിരുന്നു ഞങ്ങള്‍ക്ക്‌. ഞങ്ങളെ അതിര്‍ത്തിയിലേക്ക്‌ കൊണ്ടുപോവാമെന്ന് ഏറ്റിരുന്ന ഡ്രൈവറുടെ അനിയന്‍ ഒരു വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതുകൊണ്ട്‌. ഇതാ...ഇപ്പോള്‍ വീണ്ടും.

ജൂണ്‍ അവസാനത്തിലെ ഏതോ ഒരു ദിവസം എനിക്കു വല്ലാതെ കരച്ചില്‍ വന്നു. എന്റെ പെട്ടിയുടെ പുറത്തിരുന്ന് ഞാന്‍ കരഞ്ഞു. ജൂലൈ മാസത്തോടെ ഏകദേശം തീര്‍ച്ചയായി, ഞങ്ങള്‍ക്ക്‌ ഒരിക്കലും പോവാന്‍ പറ്റില്ലെന്ന്. ഇറാഖ്‌ അതിര്‍ത്തി, അലാസ്കയുടെ അതിര്‍ത്തിപോലെ അത്രമേല്‍ വിദൂരമായി എനിക്കു തോന്നിത്തുടങ്ങിയിരുന്നു. വിമാനത്തിനു പകരം കാറില്‍ യാത്ര ചെയ്യാമെന്ന് തീരുമാനിക്കാന്‍ തന്നെ രണ്ടു മാസം വേണ്ടിവന്നു ഞങ്ങള്‍ക്ക്‌. ജോര്‍ദ്ദാനിനു പകരം, സിറിയയിലേക്കു പോകാമെന്നു തീരുമാനിക്കാനും വീണ്ടും ഒരു മാസം സമയമെടുത്തു. വീണ്ടും ഒരു ദിവസം നിശ്ചയിക്കാന്‍ ഇനിയെത്ര കാലമെടുക്കും?

പിന്നെ പെട്ടെന്നാണ്‌ ഒരു ദിവസം അമ്മായി വിളിച്ചത്‌. അവരുടെ അയല്‍ക്കാര്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ സിറിയയിലേക്ക്‌ പോവുകയാണെന്ന് അറിയിക്കാന്‍. അവരുടെ മകന്റെ ജീവന്‌ ഭീഷണിയുണ്ടായിരുന്നുവത്രെ. സംഘമായി യാത്ര ചെയ്യുന്നതാണ്‌ കൂടുതല്‍ സുരക്ഷിതം എന്നുള്ളതുകൊണ്ട്‌ ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചതായി അമ്മായി പറഞ്ഞു. പിന്നെ രണ്ടു ദിവസം തിരക്കോട്‌ തിരക്കായിരുന്നു. തിരിച്ചു വരുമ്പോള്‍ മറ്റാരെങ്കിലും വീട്‌ കൈവശപ്പെടുത്താന്‍ ഇടയുള്ളതുകൊണ്ട്‌, ഞങ്ങള്‍ പോവുമ്പോള്‍ വീട്ടില്‍ വന്നു താമസിക്കാന്‍ ഒരു ബന്ധുവിനെ ഏര്‍പ്പാടു ചെയ്തു.

വല്ലാത്തൊരു വിടപറയലായിരുന്നു അത്‌. മറ്റൊരു അമ്മാവനും അമ്മായിയും യാത്ര പറയാന്‍ വന്നു. ഒരു ദു:ഖഭരിതമായ പകലായിരുന്നു അത്‌. രണ്ടു ദിവസമായി ഞാന്‍ മാനസികമായി തയ്യാറെടുക്കുകയായിരുന്നു, കരയാതിരിക്കാന്‍. നീ കരയില്ല. കാരണം നീ വീണ്ടും ഇങ്ങോട്ടുതന്നെ തിരിച്ചു വരും.ഞാന്‍ എന്നോടു തന്നെ പറഞ്ഞുകൊണ്ടിരുന്നു. നീ കരയില്ല. യുദ്ധത്തിനു മുന്‍പ്‌ മൊസൂലിലേക്കും, ബസ്രയിലേക്കും നീ പതിവായി നടത്താറുള്ള യാത്രപോലെ ഒരു ഹ്രസ്വയാത്രയാണ്‌ ഇതും. ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നിട്ടും, പോവുന്നതിന്‌ രണ്ടു മണിക്കൂറുകള്‍ക്കുമുന്‍പേ എന്റെ തൊണ്ടയില്‍ കരച്ചില്‍ കെട്ടിക്കിടക്കുന്നത്‌ ഞാനറിഞ്ഞു. കണ്ണുകള്‍ നീറുകയും, മൂക്കൊലിക്കുന്നുമുണ്ടായിരുന്നു. അലര്‍ജിയാണ്‌. ഞാന്‍ സ്വയം ആശ്വസിപ്പിച്ചു.

പോവുന്നതിന്റെ തലേന്നു രാത്രി ഞങ്ങള്‍ക്ക്‌ ഉറങ്ങാനേ കഴിഞ്ഞില്ല. ധാരാളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നു. വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. പ്രദേശത്തെ ജനറേറ്റര്‍ തകരാറിലായിരുന്നു. 'രാജ്യത്തിലെ വൈദ്യുതിയുടെ' അവസ്ഥ തീരെ ആശാവഹമായിരുന്നില്ല. ഒട്ടും ഉറങ്ങാനായില്ല.

വീട്ടിലെ അവസാന മണിക്കൂറുകള്‍ ആകെ ഒരു സ്വപ്നം പോലെ തോന്നിച്ചു. പോവാനുള്ള സമയമായി. ഓരോ മുറിയിലും കയറി ഞങ്ങള്‍ യാത്ര പറഞ്ഞു. സ്കൂളിലും, കോളേജിലും പഠിക്കുന്ന സമയത്ത്‌ ഉപയോഗിച്ചിരുന്ന പഠിപ്പുമേശ, ജനല്‍വിരികള്‍, കിടക്ക, ഞാനും എന്റെ കൂട്ടുകാരിയുംകൂടി പണ്ടൊരിക്കല്‍ കുട്ടിക്കാലത്ത്‌ പൊട്ടിച്ച ചാരുകസേര, എല്ലാതിനോടും ഞങ്ങള്‍ യാത്ര പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ ദിവസവും ഒരുമിക്കാറുണ്ടായിരുന്ന വലിയ മേശയൊടും, ചുമരില്‍നിന്ന് ഞങ്ങള്‍ അഴിച്ചുമാറ്റിയ ചിത്രങ്ങള്‍ അവശേഷിപ്പിച്ച ശൂന്യമായ ചതുരങ്ങളിലെ ആത്മാവുകള്‍ക്ക്‌ ഞങ്ങള്‍ സലാം പറഞ്ഞു. ഓരോ ചിത്രവും ചുമരില്‍ എവിടെയായിരുന്നു തൂക്കിയിരുന്നത്‌ എന്ന് ഞങ്ങള്‍ക്ക്‌ നല്ല നിശ്ചയമുണ്ടായിരുന്നു.ഒരിക്കല്‍ ഞങ്ങള്‍ കളിക്കുകയും, വഴക്കു കൂടുകയും ചെയ്തിരുന്ന കളിപ്പാട്ടങ്ങള്‍ക്കും ഞങ്ങള്‍ യാത്രാഭിവാദ്യങ്ങള്‍ നേര്‍ന്നു.

അപ്പോഴൊക്കെ എനിക്കറിയാമായിരുന്നു. ഇതൊക്കെ വെറും വസ്തുക്കള്‍ മാത്രമാണെന്ന്. മനുഷ്യരാണ്‌ അതിനേക്കാളൊക്കെ പ്രധാനമെന്നും. പക്ഷേ എന്തൊക്കെയായാലും, വീട്‌ ഒരു മ്യൂസിയം തന്നെയാണ്‌. ചരിത്ര കഥകള്‍ പറഞ്ഞുതരുന്ന ഒരു മ്യൂസിയം. ഒരു കോപ്പയോ,കളിപ്പാട്ടമോ, എന്തുതന്നെയാകട്ടെ, അത്‌ നിങ്ങളുടെ കണ്മുന്നില്‍ ഓര്‍മ്മകളുടെ രു അദ്ധ്യായം തുറന്നുവെക്കുന്നു. ഈ വീടു വിട്ടുപോവാന്‍ ഞാന്‍ തീരെ ആഗ്രഹിച്ചിരുന്നില്ല എന്ന് പെട്ടെന്ന് ഒരു നിമിഷത്തില്‍ എനിക്കുതന്നെ വെളിപ്പെടുകയും ചെയ്തു.

ആറുമണിയായി. ജി.എം.സി.വണ്ടി പുറത്തു വന്നു നിന്നു. അച്ഛന്‍ പറഞ്ഞതിന്‍പ്രകാരം അത്യാവശ്യ സാധനങ്ങളൊക്കെ ഞങ്ങള്‍ കയ്യില്‍ കരുതി. ഫ്ലാസ്ക്‌ നിറയെ ചായ, ബിസ്ക്കറ്റ്‌, ജ്യൂസ്‌, ഒലീവുകള്‍ എന്നിവ. അമ്മാവനും അമ്മായിയും ദു:ഖത്തോടെ നോക്കി നിന്നു. അവരുടെ മുഖം വിവരിക്കാന്‍ ഒരു വാക്കും എനിക്കു കിട്ടുന്നില്ല. മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ഇതുപോലെ പോകാന്‍ തയ്യാറെടുത്ത അവസരങ്ങളില്‍ ഞങ്ങളുടെ മുഖത്തുണ്ടായിരുന്നതും ഇതേ വികാരമായിരുന്നിരിക്കാം. നിസ്സഹായതയും നിരാശയും നിഴലിച്ച മുഖഭാവങ്ങളായിരുന്നു അത്‌. എന്തുകൊണ്ടാണ്‌ നല്ല ആളുകള്‍ക്ക്‌ ഇങ്ങനെ പോവേണ്ടിവരുന്നത്‌ എന്ന ദേഷ്യവും.

പോകുമ്പോള്‍ ഞാന്‍ കരഞ്ഞു. കരയില്ലെന്ന് ആണയിട്ടു സ്വയം പറഞ്ഞിട്ടും. അമ്മായിയും കരഞ്ഞു. അമ്മാവനും. എന്റെ അച്ഛനും അമ്മയും പുറമേക്ക്‌ ധൈര്യം കാണിച്ചുവെങ്കിലും, അവരുടെ വാക്കുകളിലും കണ്ണുനീരുണ്ടായിരുന്നു. യാത്ര പറയുന്നതിലെ ഏറ്റവും സങ്കടകരമായ കാര്യം, ഈ ആളുകളെ വീണ്ടും എന്നെങ്കിലുമൊരിക്കല്‍ കാണാന്‍ സാധിക്കുമോ എന്ന തോന്നലാണ്‌. എന്റെ തലയിലെ തട്ടം അമ്മാവന്‍ ഒന്നുകൂടി മുറുക്കിക്കെട്ടി, അതിര്‍ത്തി കടക്കുന്നതുവരെ അത്‌ അഴിക്കരുതെന്നു പ്രത്യേകം ശട്ടം കെട്ടി. അമ്മായി ഞങ്ങളുടെ കാറിന്റെ പിറകെ വന്ന്, നിലത്ത്‌ ഒരു പാത്രം വെള്ളം ഒഴിച്ചു. സഞ്ചാരികളുടെ സുരക്ഷിതമായ തിരിച്ചു വരവിനുള്ള ഒരു ആചാരമായിരുന്നു അത്‌.

മുഖംമൂടിയണിഞ്ഞ ആളുകള്‍ കാവല്‍ നിന്നിരുന്ന രണ്ട്‌ ചെക്‌ക്‍പോയിന്റുകള്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍, പൊതുവെ, യാത്ര സംഭവരഹിതമായിരുന്നു, ദീര്‍ഘവും. അവര്‍ തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചു. പാസ്സ്‌പോര്‍ട്ടുകള്‍ ഒന്നു ധൃതിയില്‍ മറിച്ചു നോക്കി, എവിടേക്കാണ്‌ പോവുന്നതെന്നു ചോദിച്ചു. ഈ ചെക്‌ക്‍പോയിന്റുകള്‍ അപകടം പതിയിരിക്കുന്നവയാണ്‌. പക്ഷേ അവയെ നേരിടാന്‍ ഒരു വഴിയേ ഉള്ളു.. അവരുടെ നോട്ടത്തെ അവഗണിക്കുക, ചോദ്യങ്ങള്‍ക്കൊക്കെ വളരെ വിനയത്തോടെ മറുപടി പറയുക, എന്നിട്ട്‌, ഉള്ളില്‍ നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുക. ഞാനും അമ്മയും ആഭരണങ്ങളൊന്നും അണിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പോരാത്തതിന്‌, ഞങ്ങള്‍ക്ക്‌ ഇറക്കമുള്ള ഉടുപ്പുകളും, തലയില്‍ തട്ടവും ഉണ്ടായിരുന്നു.

ജോര്‍ദ്ദാനും സിറിയയും മാത്രമായിരുന്നു, അഭയാര്‍ത്ഥികളെ വിസയില്ലാതെ തങ്ങളുടെ രാജ്യത്ത്‌ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നത്‌. പക്ഷേ, അഭയാര്‍ത്ഥികളോടുള്ള ജോര്‍ദ്ദാനികളുടെ പെരുമാറ്റം വളരെ മോശമായിരുന്നു. അമ്മാനിലെ എയര്‍പ്പോര്‍ട്ടില്‍നിന്നും, അതിര്‍ത്തിയില്‍നിന്നുമൊക്കെ തിരിച്ചയക്കപ്പെടാനുള്ള സാദ്ധ്യതകളും നിലവിലുണ്ടായിരുന്നു. അപകടകരമായ സാദ്ധ്യതകള്‍.

ഞങ്ങളുടെ ഡ്രൈവര്‍ക്ക്‌, സിറിയയില്‍ ധാരാളം 'പിടിപാട്‌' ഉണ്ടായിരുന്നു. മാത്രമല്ല, അതിര്‍ത്തി കടക്കാന്‍ ആര്‍ക്കൊക്കെ എത്രയൊക്കെ 'കൈമടക്ക്‌' കൊടുക്കണമെന്നും അയാള്‍ക്ക്‌ അറിയാമായിരുന്നു. ഇതൊക്കെയായിട്ടുപോലും, അതിര്‍ത്തി കടക്കാന്‍ ഞങ്ങള്‍ക്ക്‌ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്നു. പേടിച്ചുവിറച്ച്‌ ഞങ്ങള്‍ അതിര്‍ത്തിയില്‍ നിന്നു. ബാഗ്ദാദ്‌ വിട്ട്‌ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും എന്റെ കരച്ചില്‍ നിന്നിരുന്നു. വൃത്തികെട്ട തെരുവുകളും, കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങളും, പുക മൂടിയ ചക്രവാളവും പിന്നില്‍ മറയുമ്പോള്‍, രക്ഷപ്പെടാന്‍ കഴിഞ്ഞ ഭാഗ്യമോര്‍ത്ത്‌ ഞാന്‍ ആശ്വസിച്ചു.

ബാഗ്ദാദില്‍നിന്ന് പുറത്തു കടന്നപ്പോഴേക്കും, എന്റെ ഹൃദയമിടിപ്പ്‌ സാധാരണഗതിയിലായി. ചുറ്റുമുള്ള കാറുകളെ സംശയദൃഷ്ടിയോടെയാണ്‌ ഞാന്‍ നോക്കിയത്‌. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന വാഹനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുക എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം തീരെ സുഖമുള്ള ഒന്നായിരുന്നില്ല. ചുറ്റുമുള്ള ആളുകളുടെയും കുടുംബങ്ങളുടെയും മുഖഭാവങ്ങള്‍ ശ്രദ്ധിക്കാന്‍, എന്നിലുള്ള ഒരു അംശം എന്നെ നിര്‍ബന്ധിക്കുമ്പോള്‍ത്തന്നെ, കഴിഞ്ഞ നാലു വര്‍ഷക്കാലമായി ചുറ്റും നടക്കുന്ന ബഹളങ്ങളില്‍നിന്നും എപ്പോഴും അകന്നു നില്‍ക്കാന്‍ എന്നെ പഠിപ്പിച്ച എന്നില്‍ത്തന്നെയുള്ള മറ്റൊരു അംശം, എന്റെ കണ്ണുകളെ താഴേക്കുമാത്രം നോക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അതെല്ലാം അവസാനിച്ചിരിക്കുന്നു.

ഞങ്ങളുടെ ഊഴം വന്നു. പുറത്ത്‌ 'പൈസ കൈമാറുമ്പോള്‍' ഞാന്‍ കാറിനുള്ളില്‍ അനങ്ങാതെ വിറങ്ങലിച്ച്‌ ഇരുന്നു. ഒടുവില്‍ പാസ്സ്‌പോര്‍ട്ടുകളില്‍ സീല്‍ പതിഞ്ഞു. ഞങ്ങളെ അകത്തേക്ക്‌ വിട്ടു. ഡ്രൈവര്‍ സംതൃപ്തിയോടെ ചിരിച്ചു. "അല്‍ഹംദുലില്ല. ഒരു നല്ല യാത്രയായിരുന്നു" അയാള്‍ സന്തോഷത്തോടെ പറഞ്ഞു.

അതിര്‍ത്തി കടന്ന് ഒടുവിലത്തെ ഇറാഖി പതാകയും കണ്ണില്‍നിന്ന് മറഞ്ഞപ്പോള്‍ വീണ്ടും കണ്ണുകള്‍ നിറഞ്ഞു. അതിര്‍ത്തിയിലെ തന്റെ പഴയ ചില രക്ഷപ്പെടലുകളുടെ സാഹസിക കഥകള്‍ വിളമ്പിക്കൊണ്ടിരുന്ന ഡ്രൈവറൊഴിച്ച്‌, കാറിനുള്ളില്‍ മറ്റെല്ലാവരും നിശ്ശബ്ദരായിരുന്നു. ഞാന്‍ അമ്മയെ ഒളിഞ്ഞുനോക്കി. അവരുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇറാഖിന്റെ അതിര്‍ത്തി കടക്കുമ്പോള്‍ ആര്‍ക്കും ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല. എനിക്ക്‌ കരച്ചില്‍ വന്നു. പക്ഷേ മറ്റുള്ളവര്‍ എന്നെ ഒരു ചെറിയ കുട്ടിയായി കണക്കാക്കിയാലോ എന്നാലോചിച്ച്‌, കരയാന്‍ ഞാന്‍ മടിച്ചു. മാത്രമല്ല, കഴിഞ്ഞ നാലരക്കൊല്ലമായി ശരിക്കും ഒരു നരകമായി മാറിയിരുന്ന ആ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ സാധിച്ചതിന്‌ ഞാന്‍ കൃതജ്ഞത കാട്ടുന്നില്ലെന്നോ മറ്റൊ ഞങ്ങളുടെ ഡ്രൈവര്‍ കരുതിയാലോ എന്നും ഞാന്‍ സംശയിച്ചു.

സിറിയന്‍ അതിര്‍ത്തിയിലും തിരക്കനുഭവപ്പെട്ടു. എങ്കിലും, അന്തരീക്ഷം അല്‍പം ശാന്തമായി തോന്നി. ആളുകള്‍ വണ്ടിയില്‍നിന്നിറങ്ങി നടു നിവര്‍ക്കുന്നുണ്ടായിരുന്നു. പരസ്പരം തിരിച്ചറിഞ്ഞ ചില കുടുംബങ്ങള്‍ അഭിവാദ്യങ്ങള്‍ നേരുകയും, തങ്ങള്‍ക്ക്‌ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ തമ്മില്‍ തമ്മില്‍ പങ്കുവെക്കുകയും ചെയ്തു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, എല്ലാവരും തുല്ല്യരായി കാണപ്പെട്ടു എന്നതാണ്‌. സുന്നികളും, ഷിയകളും, അറബികളും, കുര്‍ദ്ദുകളും, എല്ലാം സിറിയന്‍ അധികൃതരുടെ മുന്നില്‍ സമന്മാര്‍.

പണക്കാരനും, പാവപ്പെട്ടവനും, ഇല്ല. എല്ലാവരും അഭ്യാര്‍ത്ഥികള്‍. എല്ലാ അഭയാര്‍ത്ഥികളും കാഴ്ച്ചയില്‍ ഒരു പോലെയാണ്‌. അവരുടെ മുഖത്ത്‌ നിങ്ങള്‍ക്ക്‌ ഒരു പൊതുവായ ഭാവം കാണാന്‍ സാധിക്കും. ആശ്വാസത്തില്‍ കലര്‍ന്ന ദു:ഖവും, മേമ്പൊടിയായി അല്‍പ്പം ആശങ്കയും. എല്ലാ മുഖവും ഏറെക്കുറെ ഒരുപോലെ.

അതിര്‍ത്തി കടന്നതിനു ശേഷമുള്ള ആദ്യനിമിഷങ്ങളില്‍ വല്ലാത്തൊരു ശ്വാസംമുട്ടലായിരുന്നു. ആശ്വാസവും, ദു:ഖവും ഒരുപോലെ ഞങ്ങളെ പൊതിഞ്ഞു. എങ്ങിനെയാണ്‌, ഇത്ര കുറച്ചു കിലോമീറ്ററുകളും, ഏതാണ്ട്‌ ഇരുപതുമിനുട്ട്‌ ദൂരം വരുന്ന യാത്രയും, മരണത്തെയും ജീവിതത്തെയും ഈ മട്ടില്‍ വേര്‍തിരിക്കുന്നത്‌?

ആര്‍ക്കും കാണാനോ സ്പര്‍ശിക്കാനോ സാധിക്കാത്ത ഈ അതിരുകള്‍ എങ്ങിനെയാണ്‌ കാര്‍ ബോംബുകള്‍ക്കും, ആത്മഹത്യാ സ്ക്വാഡുകള്‍ക്കും, ഒളിപ്പോരാളികള്‍ക്കും..പിന്നെ ശാന്തിക്കും, സുരക്ഷിതത്വത്തിനും ഇടയില്‍ ഇങ്ങിനെ നില്‍ക്കുന്നത്‌. ഇപ്പോഴും എനിക്കത്‌ വിശ്വസിക്കാനേ സാധിക്കുന്നില്ല. ഇവിടെയിരുന്ന് ഇതെഴുതുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു, എന്തുകൊണ്ടാണ്‌ സ്ഫോടനങ്ങള്‍ കേള്‍ക്കാന്‍ എനിക്ക്‌ സാധിക്കാത്തതെന്ന്.

വിമാനങ്ങള്‍ തലക്കുമീതെ വായുവേഗത്തില്‍ പറക്കുമ്പോള്‍ എന്തുകൊണ്ടാണ്‌ ജനല്‍ചില്ലകള്‍ പ്രകമ്പനം കൊള്ളാത്തത്‌? ആയുധധാരികളായ ആളുകള്‍ വാതില്‍ തകര്‍ത്ത്‌ വീട്ടിലേക്കും, ഞങ്ങളുടെ ജീവിതത്തിലേക്കും ഏതുനിമിഷവും വന്നേക്കുമെന്ന ആശങ്കയെ എന്നില്‍നിന്ന് അകറ്റാന്‍ ഞാന്‍ ഇപ്പോഴും ശ്രമിക്കുന്നു. റോഡ്‌ തടസ്സങ്ങളും, ഹമ്മറുകളും, മുഖ്‌താദയുടെ ചിത്രങ്ങളും, മറ്റും ഇല്ലാത്ത തെരുവുകള്‍ കാണാന്‍ എന്റെ കണ്ണുകളെ ഞാന്‍ പരിശീലിപ്പിക്കുന്നു.

എങ്ങിനെയാണ്‌ അവയൊക്കെ കേവലമൊരു ഹ്രസ്വമായ കാര്‍ യാത്രയുടെ അപ്പുറത്തായിതീര്‍ന്നത്‌?




http://countercurrents.org എന്ന സമാന്തര മാദ്ധ്യമ വെബ്ബില്‍ സെപ്തെമ്പര്‍ 7-ന് വന്ന THE GIRL BLOGGER FROM BAGHDAD LEAVES HOME എന്ന പോസ്റ്റിങ്ങിന്റെ പരിഭാഷ. ഇതെഴുതിയ പെണ്‍കുട്ടിയുടെ പേര്‍ അജ്ഞാതമാണ്.

1. 'R' എന്നൊരാളെയാണ് ഈ ഭാഗത്ത് പെണ്‍കുട്ടി അഭിസംബോധന ചെയ്തിട്ടുള്ളത്. Reader-നോടുള്ള സംവേദനമായി പരിഭാഷപ്പെടുത്തി എന്നുമാത്രം. പരിഭാഷകന്റെ പേരിന്റെ തുടക്കവും 'R'എന്നായത്, തികച്ചും യാദ്ര്‌ശ്ചികമാണ്. അതല്ലെങ്കില്‍, നിയോഗം. ഏതുമാവാം.

Sunday, September 23, 2007

അദ്ധ്യായം-5 വികസനം വേട്ടയാടുന്ന ചികാപര്‍ -2

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

ചികാപര്‍ (കോറാപുട്ട്‌) മൂന്നാമത്തെ തവണയും സ്ഥലം ഒഴിയേണ്ടിവരുമെന്നായപ്പോള്‍, ചികാപര്‍ ഗ്രാമത്തിലെ ആളുകള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. "ഞങ്ങള്‍ക്ക്‌ എന്ത്‌ ചെയ്യാനാകും? എവിടെ പോയാലും അവിടെയൊക്കെ ഒന്നല്ലെങ്കില്‍ മറ്റൊരു പദ്ധതി വരുന്നതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ വീണ്ടും വീണ്ടും ഒഴിഞ്ഞുപോകേണ്ടിവരുന്നു."ഗദാബ ഗോത്രക്കാരിയായ പമിയ ദാസ്‌ നിരാശയോടെ പറഞ്ഞു.

ഇപ്പോള്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുന്നു. രണ്ടു തവണ കുടിയിറക്കപ്പെട്ട ഈ ഗ്രാമത്തിന്‌, മറ്റൊരു പദ്ധതി വന്ന് വീണ്ടും ഒരിക്കല്‍ക്കൂടി ഒഴിയേണ്ടിവന്നാല്‍ ഒരു നഷ്ടപരിഹാരവും കിട്ടാനിടയില്ല. ഒഴിയേണ്ടിവരുകതന്നെ ചെയ്യും. കോഴി വളര്‍ത്തല്‍ കേന്ദ്രത്തിനോ, എം.ഇ.എസ്സിനോ (MES) വേണ്ടി. അത്‌ തീച്ച. വൈദ്യുതിയോ, വെള്ളമോ, പ്രാഥമികാരോഗ്യകേന്ദ്രമോ ഇതുവരെ ഈ ഗ്രാമത്തിനു നല്‍കാത്തത്‌ ഒരു ശിക്ഷാനടപടിയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. തഹസില്‍ദാരില്‍ നിന്നു ലഭിച്ച ഒരു നോട്ടീസ്‌ കാണിച്ചുതന്നു പകാലു കദം. അതില്‍ എഴുതിയിരുന്നത്‌ "നിങ്ങള്‍ ഈ സ്ഥലം അനധികൃതമായി കൈവശം വെച്ചിരിക്കുകയാണ്‌...അറുപത്‌ ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു പോവണം" എന്നായിരുന്നു.

"രണ്ടാമത്‌ മാറിത്താമസിച്ച സ്ഥലത്തുവെച്ചും ഇതു തന്നെയാണ്‌ അവര്‍ പറഞ്ഞത്‌. ഞങ്ങള്‍ അനധികൃതമായി കയ്യേറിയതാണെന്ന്.ഇത്‌ ഞങ്ങളുടെ ഭൂമിയാണ്‌. ഞങ്ങള്‍ ഇവിടെ നിന്ന് ഒഴിയണമെന്നാണ്‌ അവര്‍ പറയുന്നത്‌. ഞങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും കയ്യിലില്ലാത്തുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ അവകാശമോ, താമസ-ജാതി സര്‍ട്ടിഫിക്കറ്റുകളോ ഒന്നുമില്ല". ഇതുമൂലം, ബാങ്കുകളില്‍നിന്ന് വായ്പ്പ കിട്ടാനും ബുദ്ധിമുട്ടാണ്‌.

ഒഴിഞ്ഞുപോകാനുള്ള നോട്ടീസ്‌ കിട്ടിയപ്പോള്‍ ഏകദേശം നൂറോളം ഗ്രാമവാസികള്‍ 1993 ജൂണില്‍ റവന്യു വകുപ്പധികൃതരെ ചെന്നുകണ്ടു. പക്ഷേ വകുപ്പുദ്യോഗസ്ഥര്‍ ആ അവസരത്തെ ഉപയോഗിച്ചത്‌, ആ വന്ന ആളുകളില്‍ നിന്ന് പിഴ ഈടാക്കാനായിരുന്നു. "സര്‍ക്കാര്‍ ഭൂമി കയ്യേറി" എന്നതായിരുന്നു അവര്‍ ചെയ്ത കുറ്റം!!

കുടിയൊഴിക്കപ്പെട്ട ആളുകളുടെ ദുരവസ്ഥയെ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ വര്‍ഷങ്ങളായി അക്ഷീണം പ്രയത്നിക്കുന്ന ഒരാളായിരുന്നു എച്ച്‌.എ.എല്‍ ഉദ്യോഗസ്ഥനായ ജ്യോതിര്‍മയി ഖോര. പിഴകളേക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വിശസിക്കുന്നു. "ഏറ്റവും പ്രധാന സംഗതി, ചികാപറില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 400 ഹെക്ടര്‍ ഭൂമിക്ക്‌ എന്തു സംഭവിച്ചു എന്നതാണ്‌" ഖോര പറഞ്ഞു. " 1960-കളില്‍, പതിനേഴു ഗ്രാമങ്ങളില്‍ നിന്ന് അവര്‍ ഏറ്റെടുത്ത ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമി അവര്‍ എന്തു ചെയ്തു?".അന്നും ബിജു പട്‌നായ്ക്‌ ആയിരുന്നു ഒറീസ്സ മുഖ്യമന്ത്രി. "എച്ച്‌.എ.എല്ലിന്റെ എല്ലാ യൂണിറ്റുകളും കോറാപുട്ടിലേക്ക്‌ വരുമെന്ന് സ്വപ്നം കണ്ടിരുന്നു അദ്ദേഹം". അതുകൊണ്ട്‌ ആ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ധാരാളം സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു.

പക്ഷേ കാര്യങ്ങള്‍ വിചാരിച്ചപോലെയൊന്നും നടന്നില്ല. എച്ച്‌.എ.എല്ലിന്റെ മറ്റു യൂണിറ്റുകള്‍ ബാംഗ്ലൂരിലും അതുപോലുള്ള സ്ഥലങ്ങളിലുമാണ്‌ വന്നത്‌. ബലം പ്രയോഗിച്ച്‌ കൈക്കലാക്കിയ ആയിരക്കണക്കിനു ഏക്കര്‍ സ്ഥലം, ഇതുമൂലം ഉപയോഗശൂന്യമായി കിടക്കുകയാണ്‌, ഈ ദിവസം വരെ. "അവര്‍ ഭൂമി തിരിച്ചുതരുന്നില്ല. പാട്ടത്തിനു കൃഷി ചെയ്യാനും സമ്മതിക്കുന്നില്ല. സ്ഥലം തിരിച്ചു തരികയാണെങ്കില്‍ അവര്‍ തന്ന 'നഷ്ടപരിഹാരം' തിരിച്ചു നല്‍കാനും ഞങ്ങള്‍ ഒരുക്കമാണ്‌" ചിരിച്ചുകൊണ്ട്‌ ഖോര കൂട്ടിച്ചേര്‍ത്തു. അതാകട്ടെ, തീരെ അസംഭാവ്യവുമായിരുന്നു.

"എനിക്കിനി എവിടേക്കും പോകാന്‍ ആവില്ല. അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ", ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീ, മുക്ത കദം പറഞ്ഞു. 1968 ഏറ്റവും ആദ്യം കുടിയൊഴിപ്പിക്കപ്പെട്ട സ്ത്രീയായിരുന്നു അവര്‍. "എന്തുകൊണ്ടാണ്‌ എപ്പോഴും ഞങ്ങള്‍ക്ക്‌ മാത്രം ഇത്‌ സംഭവിക്കുന്നത്‌", അവര്‍ ചോദിക്കുന്നു. ഒരുപക്ഷേ, ഇത്‌ കോറാപുട്ടും, ഇവര്‍ ആദിവാസികളും ഹരിജനങ്ങളുമായതുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്‌. രാജ്യത്തെ ഏറ്റവും ദരിദ്രരായ ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളിലൊന്നാണ്‌ കോറാപുട്ട്‌.

പ്രൊഫസ്സര്‍ എല്‍.കെ.മഹപത്രയുടെ കണക്കുപ്രകാരം, 1981-ല്‍ കോറാപുട്ടില്‍ നാഷണല്‍ അലുമിനിയം കമ്പനി വന്നപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട 2500 കുടുംബങ്ങളില്‍ 47.7 ശതമാനവും ഗിരിജനങ്ങളായിരുന്നു. 9.3 ശതമാനം ഹരിജനങ്ങളും. ഉത്‌കല്‍, സാംബല്‍പൂര്‍ സര്‍വ്വകലാശാലകളുടെ മുന്‍ വൈസ്‌ചാന്‍സലറായിരുന്ന ഡോ.മഹാപത്ര പറയുന്നത്‌, അപ്പര്‍ കോലാബ്‌ പദ്ധതിക്കുവേണ്ടി ഒഴിപ്പിച്ചെടുത്ത 3067 കുടുംബങ്ങളില്‍, 55 ശതമാനത്തിലേറെയും, പട്ടിക-ജാതി, പട്ടിക-വര്‍ഗ്ഗ വിഭാഗങ്ങളില്‍നിന്നായിരുന്നു എന്നാണ്‌.

കോറാപുട്ട്‌ ജില്ലയിലെ മച്‌കുണ്ട്‌ ജലവൈദ്യുത പദ്ധതിക്കുവേണ്ടി 1960-ല്‍, മൂവ്വായിരത്തോളം കുടുംബങ്ങളെയാണ്‌ വഴിയാധാരമാക്കിയത്‌. ഇതില്‍ 51.1 ശതമാനവും ഗിരിവര്‍ഗ്ഗക്കാരായിരുന്നു. 10.2 ശതമാനം, ഹരിജനങ്ങളും. ഈ വിഷയത്തിനെക്കുറിച്ച്‌ മഹാപത്ര നടത്തിയ സുപ്രധാനമായ ഒരു പഠനത്തില്‍ അദ്ദേഹം പറയുന്നുണ്ട്‌ "ഒഴിപ്പിച്ചെടുത്ത 2,938 കുടുംബങ്ങളില്‍ കേവലം 600 കുടുംബങ്ങളെ മാത്രമാണ്‌ പുനരധിവസിപ്പിച്ചതെന്നത്‌ സങ്കടകരമായ ഒരു വസ്തുതയാണ്‌. ഒരു പട്ടിക-ജാതി കുടുംബത്തെപ്പോലും അവര്‍ പുനരധിവസിപ്പിച്ചില്ല. പദ്ധതിമൂലം ദുരിതമനുഭവിക്കേണ്ടിവരുന്ന ആളുകളുടെ എണ്ണംപോലും കൃത്യമായി കണക്കാക്കപ്പെട്ടിരുന്നില്ല".

ഇന്ത്യയുടെ ജനസംഖ്യയില്‍ ആദിവാസികള്‍ ഏകദേശം 8 ശതമാനത്തോളമേ വരൂ. എന്നിട്ടും, 1951-നു ശേഷം കുടിയൊഴിപ്പിക്കല്‍മൂലം പ്രത്യക്ഷമായി ദുരിതമനുഭവിക്കേണ്ടിവന്ന രാജ്യത്തിലെ മൊത്തം ആളുകളില്‍ 40 ശതമാനവും ഇവരായിരുന്നു. ഒറീസ്സയില്‍ സ്ഥിതി കൂടുതല്‍ മോശമാണ്‌. പക്ഷേ കൃത്യമായ കണക്കുകള്‍ ലഭിക്കുക എളുപ്പമല്ല.

ദേശീയാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, കഴിഞ്ഞ നാലു ദശകങ്ങളിലായി,വികസനത്തിനുവേണ്ടി കുടിയിറക്കപ്പെട്ടവരില്‍ 25 ശതമാനത്തിലും താഴെ ആളുകളെ മാത്രമേ ഇതുവരെയായി പുനരധിവസിപ്പിച്ചിട്ടുള്ളു. ഇവിടെയും, ഒറീസ്സ വളരെ പിന്നിലാണ്‌. കാരണം, ഈ പട്ടികയില്‍ ഏറ്റവും താഴെ കിടക്കുന്നത്‌, കോറാപ്പുട്ടാണ്‌. കേന്ദ്ര സാമൂഹ്യ ക്ഷേമവകുപ്പിന്റെ ധനസഹായത്തോടെ 1993-ല്‍ നടത്തിയ ഒരു പഠനം ഇത്‌ വ്യക്തമാക്കുന്നുണ്ട്‌. ദില്ലിയിലെ സോഷ്യല്‍ ഇന്‍സ്റ്റിറ്റൂട്ടിലെ വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ്സും ആന്റണി.എസ്‌.രാജും "ഒറീസ്സയിലെ ഗിരിവര്‍ഗ്ഗ പ്രദേശങ്ങളിലെ വികസനവും, കുടിയൊഴിക്കലുകളും, പുനരധിവാസവും" എന്ന വിഷയത്തിനെ പഠനവിഷയമാക്കിയിട്ടുണ്ട്‌.

കോറാപ്പുട്ടില്‍ മാത്രം "ഏകദേശം ഒരു ലക്ഷം ഗിരിവര്‍ഗ്ഗക്കാര്‍ക്ക്‌, അവര്‍ നിത്യവൃത്തിക്കുവേണ്ടി ആശ്രയിച്ചിരുന്ന 1.6 ലക്ഷം ഹെക്ടര്‍ വനഭൂമിയടക്കം, ധാരാളം സ്ഥലം കയ്യൊഴിയേണ്ടിവന്നിട്ടുണ്ടെന്ന്" അവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല "ജില്ലയുടെ മൊത്തം ജനസംഖ്യയിലെ 6 ശതമാനത്തിലധികം ആളുകള്‍ക്ക്‌ - ഇതില്‍ അധികവും ഗിരിവര്‍ഗ്ഗക്കാരാണ്‌ - പദ്ധതികള്‍മൂലം ഭൂമിയൊഴിഞ്ഞുപോവേണ്ടിവന്നിട്ടുണ്ട്‌. ഈ സ്ഥിതി ഇപ്പോഴും തുടരുകയും ചെയ്യുന്നു".

"സുനബേദ പ്രദേശം മാത്രമെടുക്കുക. ചികാപറിന്റെ കൊഴിഞ്ഞുപോക്ക്‌ തുടങ്ങിയതില്‍പ്പിന്നെ, 5,000 കുടുംബങ്ങള്‍, അതായത്‌, 40,000-ത്തിനടുത്ത്‌ ആളുകള്‍ വിവിധ പദ്ധതികള്‍ക്കുവേണ്ടി കുടിയിറക്കപ്പെട്ടിട്ടുണ്ട്‌." ജ്യോതിര്‍മയി ഖോര പറയുന്നു. "പുനരധിവാസം സംബന്ധിച്ച്‌ നല്‍കിയ ഒരു വാഗ്ദാനവും ഇതുവരെ നിറവേറ്റിയിട്ടുമില്ല", ജ്യോതിര്‍മയിക്കും ഒന്നാമത്തെ ചികാപറില്‍ സ്വന്തമായി ഭൂമിയുണ്ടായിരുന്നു.

ഈ കുടിയൊഴിപ്പിക്കല്‍ പ്രക്രിയ മറ്റു ചില പ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്‌. പല കുടുംബങ്ങളും വഴിയാധാരമായിരിക്കുന്നു. "നഷ്ടപരിഹാരത്തിനായി കാത്തുകാത്തിരുന്ന്, പലരും ഒടുവില്‍, നിത്യവൃത്തി തേടി പലയിടത്തേക്കുമായി പോയി" കനും ഗദാബ പറഞ്ഞു.

"1960-കളിലും, പിന്നീട്‌ 71-ലും പഴയ കിഴക്കന്‍ പാക്കിസ്ഥാനില്‍നിന്നുള്ള (ബംഗ്ലാദേശ്)അഭയാര്‍ത്ഥികള്‍ ഒറീസ്സയിലേക്ക്‌ പലായനം ചെയ്തപ്പോള്‍, അവര്‍ക്കോരോരുത്തര്‍ക്കും വേണ്ടി ഏകദേശം ഒരു ലക്ഷം രൂപയാണ്‌ സര്‍ക്കാര്‍ ചിലവിട്ടത്‌. പക്ഷേ ഇവിടെ ജനിച്ചുവളര്‍ന്ന്, ഒടുവില്‍ വീടും പുരയിടവും ഒഴിഞ്ഞുപോവേണ്ടിവന്ന ഞങ്ങളുടെ കൂട്ടുകുടുംബങ്ങള്‍ക്കാകട്ടെ, 15,000 രൂപയില്‍ താഴെ മാത്രമേ കിട്ടിയുള്ളു. അഭയാര്‍ത്ഥിയാവുകയായിരുന്നു ഇതിലും ഭേദം" ഖോര പറഞ്ഞു.

അതേസമയം, ചികാപറിലെ ആളുകള്‍ മൂന്നാമത്തെ കുടിയൊഴിക്കലും ഭയന്ന് കഴിയുകയാണ്‌. കുറേ ആളുകളെ ഇതിനകംതന്നെ ഒഴിപ്പിച്ചിരുന്നു. കോഴിവളര്‍ത്തല്‍ കേന്ദ്രമാണോ, എം.ഇ.എസ്സിന്റെ ഡിപ്പൊ ആണോ, ഇനി അതുമല്ല, മറ്റു വല്ല പദ്ധതിയുമാണോ, അതുമാത്രം ആര്‍ക്കുമറിയില്ല.

"ശരിക്കു പറഞ്ഞാല്‍, ഞങ്ങള്‍ ഇവിടെ ഇങ്ങനെ കണ്ണിലെ കരടുപോലെ കഴിയുന്നത്‌ അവര്‍ക്ക്‌ ഇഷ്ടമല്ല. അതു തന്നെ. ഞങ്ങള്‍ ഇവിടെ നിന്നാല്‍, ആരോടെങ്കിലും, ഞങ്ങളുടെ കഥയൊക്കെ പറഞ്ഞാലോ എന്നാണ്‌ അവരുടെ പേടി. പ്രത്യേകിച്ചും, മന്ത്രിയോട്‌, ആ മനുഷ്യന്‍ എന്നെങ്കിലും ഈ വഴി വന്നാല്‍".

"അവര്‍ക്ക്‌ വികസനവും ഭൂമിയും ഒക്കെ കിട്ടി. ഞങ്ങള്‍ക്ക്‌, വികസനം പോയിട്ട്‌, ഒരു സ്കൂളുപോലും കിട്ടിയില്ല. ഉള്ള സ്ഥലം നഷ്ടപ്പെടുകയും ചെയ്തു". അയാള്‍ കൂട്ടിച്ചേര്‍ത്തു.

ചുരുക്കം പറഞ്ഞാല്‍, തീരെ ആശാവഹമല്ലാത്ത ഒരു വിളവെടുപ്പുകാലമാണ്‌ ഈ സുവര്‍ണ്ണ ഭൂമിയെ കാത്തിരിക്കുന്നത്‌.

പിന്‍കുറിപ്പ്‌

ചികാപറിലെയും മറ്റു ഗ്രാമങ്ങളിലെയും പ്രശ്നങ്ങള്‍ ഇപ്പൊഴും തുടരുന്നു. ഖോരയും മറ്റുള്ളവരും അവരുടെ പ്രവര്‍ത്തനം, കഴിഞ്ഞ ഒരു വര്‍ഷമായി കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്‌. ഭുവനേശ്വറിലെ, ISED (Institute for Socio-Economic Development) പോലുള്ള സര്‍ക്കാരേതര സംഘടനകളും രംഗത്തു വന്നിട്ടുണ്ട്‌. ഒഴിഞ്ഞുപോവേണ്ടിവന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ അവര്‍ ധാരാളം സമയവും അദ്ധ്വാനവും ചിലവഴിക്കുന്നു. ഇരുപത്തഞ്ചു വര്‍ഷമായി തുടരുന്ന അവഗണനയും, അനാസ്ഥയും മൂലം നഷ്ടമായിക്കൊണ്ടിരിക്കുന്ന വസ്തുതകളും, വിശദാംശങ്ങളും, സ്ഥിതിവിവരക്കണക്കുകളും പുന:സൃഷ്ടിക്കാന്‍ സാധിക്കുമെന്നു അവര്‍ ആശിക്കുന്നു.

Saturday, September 22, 2007

നാടുകാണി

ദിവസം തുടങ്ങിയിട്ടേയുള്ളു. എന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നു. നേരിയ തലചുറ്റലും. രാവിലെ ക്യാമ്പില്‍നിന്നും പുറപ്പെടുമ്പോള്‍തന്നെ ക്ഷീണം തോന്നിയിരുന്നു.

വൃത്തിയുള്ള നഗരം. അതിന്റെ തിളങ്ങുന്ന തെരുവുകള്‍. വൃത്തിയുള്ള നടപ്പാതകള്‍ അതാണ്‌ ലക്ഷ്യം. വൃത്തിയാക്കിക്കൊണ്ടേയിരിക്കുക. എന്നാണ്‌ ഈ പണിയൊന്ന് അവസാനിക്കുക? ഈ ഭൂമിയിലെ എല്ലാ നഗരങ്ങളിലും ഇതുപോലെ കുറേ ആളുകള്‍ തെരുവും, വഴിയോരങ്ങളും ഇപ്പോള്‍ വൃത്തിയാക്കുന്നുണ്ടാവുമോ? മുഷിഞ്ഞ അടിവസ്ത്രപോലെയാണ്‌ നഗരത്തിലെ എല്ലാ പ്രഭാതങ്ങളും. എല്ലാ നഗരങ്ങളും അവിടങ്ങളിലെ പ്രഭാതങ്ങളും ഇങ്ങനെതന്നെ ആയിരിക്കുമോ?

മുനിസിപ്പാലിറ്റിയുടെ വണ്ടി അതിരാവിലെ ക്യാംപിന്റെ മുന്നിലെത്തി വെങ്കിടേശസുപ്രഭാതം തുടങ്ങും. "മക്കളേ, ആ നായിന്റെ മക്കള്‍ ഇന്നലെയും നാടു നാശാക്കി. വന്ന് വൃത്തിയാക്ക്‌, വെറുതെ കളയാന്‍ നമുക്ക്‌ സമയമില്ല".

ഇന്നലെ രാത്രി വീട്ടുകാരിക്ക്‌ കത്തെഴുതാന്‍ ഇരുന്നതുകൊണ്ട്‌ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. എന്തെഴുതണമെന്ന് നിശ്ചയമില്ലാതെ കുറേ സമയം ഇരുന്നു. പണ്ടൊക്കെ ആളുകള്‍ വെറുതെയങ്ങു തുടങ്ങും. ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ. അവിടെയും അങ്ങിനെതന്നെ എന്ന് കരുതുന്നു. ഇപ്പോള്‍ ആരും അങ്ങിനെയുള്ള നുണകള്‍ കത്തില്‍ തിരുകിക്കയറ്റാറില്ല. എന്തിനു വെറുതെ നുണകള്‍ എഴുതിപ്പിടിപ്പിക്കണം? കേള്‍ക്കണം?

കൊല്ലങ്ങളായി ഈ നാട്‌ വൃത്തിയാക്കാന്‍ തുടങ്ങിയിട്ട്‌. എന്നിട്ടോ? ഓരോ തുണ്ടുകടലാസ്സുകളും, ഒഴിഞ്ഞ കുപ്പികളും, ആരോ കളഞ്ഞ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളുമൊക്കെ, മെല്ലെ മെല്ലെ കയ്യിലെ കമ്പി കൊണ്ട്‌ പെറുക്കിയെടുത്ത്‌ കുട്ടയിലിട്ടു. ഒരു ചായ കുടിക്കണം. വൈകിയുണര്‍ന്നതുകൊണ്ട്‌ എല്ലാ പദ്ധതികളും തെറ്റി. മെസ്സിലെ ചായ കുടിക്കാന്‍ പറ്റിയില്ല. അടുത്ത്‌ ഒരു കാഫെറ്റേറിയ ഉണ്ടായിരുന്നത്‌ തുറന്നിട്ടില്ല. വഴിയരുകിലെ മരത്തിന്റെ മറവിലേക്ക്‌ അല്‍പം മാറി നിന്നു. സൂപ്പര്‍വൈസര്‍മാര്‍ ഇടക്കിടക്ക്‌ ഇതുവഴി പോകും. പിന്നെ ചോദ്യം, സമാധാനം ബോധിപ്പിക്കല്‍. വീട്ടിലുള്ളവള്‍ക്ക്‌ കത്തെഴുതാനിരുന്നതുകൊണ്ട്‌ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയെന്നും, അതുകൊണ്ട്‌ ചായ കുടിക്കാന്‍ സമയം കിട്ടിയില്ലെന്നും, അതുകൊണ്ട്‌ തല ചുറ്റുന്നുവെന്നും, അതുകൊണ്ട്‌ അല്‍പം മാറിനിന്നതാണെന്നതുമൊക്കെ ബോധിപ്പിക്കാന്‍ പറ്റിയ കാരണങ്ങളല്ല. അവയൊക്കെ ഒരു മുനിസിപ്പാലിറ്റി ക്ലീനറുടെ ജീവിതവുമായി തീരെ ബന്ധമില്ലാത്ത കാര്യങ്ങളാണ്‌. രണ്ടുവര്‍ഷത്തില്‍ ഒരിക്കലും അതൊന്നും ഉണ്ടായിക്കൂടാ.

കാഫെറ്റേറിയ തുറക്കട്ടെ. അതുവരെ റോഡ്‌ വൃത്തിയാക്കാം. ഈ ഭാഗമായിരിക്കണം ഇന്ന് നഗരത്തിലെ ഏറ്റവും തിളക്കമുള്ള പ്രദേശം. വൈകുന്നേരം ജോസഫിനെ കാണുമോ എന്തോ? രണ്ടുമൂന്ന് കാറുകള്‍ കഴുകാനുള്ള പണി അവന്‍ തരപ്പെടുത്തി തന്നിട്ടുണ്ട്‌. എന്തെങ്കിലും തടയുന്ന കാര്യമല്ലേ? നോക്കണം. മനസ്സില്‍ പദ്ധതികള്‍ തയ്യാറാക്കി. ബക്കറ്റ്‌, വൈപ്പര്‍, ലൊട്ടുലൊടുക്ക്‌ സാധനങ്ങള്‍.

അടുത്തുള്ള ഒരു വീടിന്റെ ഗേറ്റ്‌ തുറന്നു രണ്ടു ചെറിയ കുട്ടികള്‍ പുസ്തകച്ചുമടും താങ്ങി വേച്ചുവേച്ചു പുറത്തു വന്നു സ്കൂള്‍ബസ്സും കാത്ത്‌ നില്‍പ്പ്‌ തുടങ്ങി. കൂടെ വീട്ടുജോലിക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയും. അയാള്‍ സമയം നോക്കി. മോന്‍ ഇപ്പോള്‍ സ്കൂളില്‍ എത്തിയിട്ടുണ്ടാകും. കഴിഞ്ഞ മാസം അവന്റെ സ്കൂള്‍ ഫീസ്‌ അടക്കാന്‍ വൈകിയതിന്‌ രണ്ടു ദിവസം പുറത്തു നിര്‍ത്തിയത്രെ. പാവം, വല്ലാതെ സങ്കടപ്പെട്ടുവെന്ന് വീട്ടുകാരി ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞു. എവിടെനിന്നോ അവള്‍ ഒപ്പിച്ചുകൊടുത്തുവെന്ന് പരിഭവത്തിന്റെ സ്വരത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഒന്നും ബാക്കിയുണ്ടായില്ല കയ്യില്‍. എത്ര ഞെരുങ്ങി ജീവിച്ചിട്ടും കയ്യില്‍ ശേഷിപ്പൊന്നുമില്ല.

ഈ കുട്ടികള്‍ക്ക്‌ ക്ലാസ്സുമുറിക്കു പുറത്തുനിന്ന് അങ്ങിനെ കാറ്റുകൊള്ളേണ്ടിവന്നിട്ടുണ്ടാകുമോ? ഏതു നക്ഷത്രത്തിലായിരിക്കും അവര്‍ ജനിച്ചിട്ടുണ്ടാവുക?

ചൂട്‌ കൂടിവരുന്നു. ഒരു ചായ കുടിച്ച്‌ തിടുക്കത്തില്‍ തിരിച്ചു വന്നു.

റോഡ്‌ അടിച്ചുവാരുമ്പോള്‍ അയാള്‍ ആലോചിക്കുകയായിരുന്നു. കഴിഞ്ഞ മാസം അമ്പത്‌ ദിര്‍ഹമാണ്‌ കണ്ണില്‍ ചോരയില്ലാത്ത ആ പഹയന്‍മാര്‍ ശമ്പളത്തില്‍ നിന്ന് മുറിച്ചുമാറ്റിയത്‌. അന്ന് പോയ സ്ഥലം നല്ലവണ്ണം വൃത്തിയാക്കിയതാണ്‌. അതിനിടക്കാണ്‌ സാറന്മാര്‍ മിന്നല്‍ പരിശോധന നടത്തിയത്‌. അത്ഭുതം. രണ്ടിടത്ത്‌, കച്ചറ കിടക്കുന്നു. അല്‍പം മുന്‍പ്‌ വൃത്തിയാക്കിയതാണെന്നു ആണയിട്ടു പറഞ്ഞു. വിശ്വസിച്ചില്ല. എങ്കില്‍ പോയി പരാതി കൊടുക്കാന്‍ പറഞ്ഞു. ക്ഷോഭിക്കേണ്ട കാര്യമില്ലായിരുന്നു. എങ്കിലും അപ്പോള്‍ അങ്ങിനെ പറയാനാണ്‌ തോന്നിയത്‌. സൂപ്പര്‍വൈസര്‍ ഒരു തമിഴനായിരുന്നു. അവന്‍ പണി പറ്റിച്ചു. അമ്പത്‌ ദിര്‍ഹം പോയിക്കിട്ടി. തന്റെ മോന്‍ സ്കൂളില്‍ നാണംകെട്ടത്‌ ഇവന്‍മാര്‍ക്കറിയില്ലല്ലോ. അല്ല, അവര്‍ക്ക്‌ അത്‌ അറിയേണ്ട കാര്യവുമില്ല. അവര്‍ക്ക്‌ അവരുടെ ജോലിചെയ്യണ്ടേ?

ഇനി അങ്ങിനെയൊന്നും പറ്റാതെ നോക്കണം. ഈ ദേഷ്യമൊക്കെ അല്‍പം നിയന്ത്രിക്കണം. എന്തെങ്കിലും അവര്‍ പറഞ്ഞു എന്നു തന്നെ ഇരിക്കട്ടെ. ഒരു ചെവിയില്‍ക്കൂടി കേട്ടിട്ട്‌, ശൂ, മറ്റേ ചെവിയിലൂടെ അവനെ പുറത്തേക്ക്‌ വിട്ടാല്‍ മതി. കാര്യം സുഖമായി. ഈ അഭിമാനമാണ്‌ എല്ലാ ദോഷങ്ങള്‍ക്കും കാരണം. എന്തൊരു ഭാരമാണ്‌ അതിന്‌. ഇതൊന്നുമില്ലാതെ മനുഷ്യനെ പടച്ചുവിട്ടാല്‍ മതിയായിരുന്നില്ലേ ആ കാര്‍ന്നോര്‍ക്ക്‌? അതിന്‌ മൂപ്പരുടെ അഭിമാനം സമ്മതിച്ചിട്ടുണ്ടാവില്ല.

വണ്ടി വരാറായി. ഒന്നുകൂടി നടന്നു നോക്കി. എല്ലാം വൃത്തിയായി കിടക്കുന്നു. ജീവിതത്തിലും ഇങ്ങനെ വേണമെന്ന് അയാള്‍ക്ക്‌ തോന്നി. താന്‍ പെരുമാറിയ സ്ഥലങ്ങളിലൊക്കെ തന്റെ അടയാളം കാണണം. ഇവിടെ ഒരു നല്ല തൂപ്പുകാരന്‍ ജോലി ചെയ്തിരുന്നു എന്ന് ആളുകള്‍ പറയണം. അന്യ നാട്ടുകാരുടെ ആ പോയ തലമുറയെ ഇന്നാട്ടുകാര്‍ കൃതജ്ഞതാപൂര്‍വ്വം ഓര്‍ക്കണം. ഒരു ശിലാഫലകത്തില്‍ തങ്ങളുടെ പേരും എഴുതപ്പെടണം. താന്‍ പോയതിനുശേഷം ഈ തെരുവ്‌ എങ്ങിനെയായാലും തനിക്കൊരു തരക്കേടും വരാനില്ല.

ഓറഞ്ചു നിറമുള്ള വണ്ടി വന്നു. അതില്‍ തൂങ്ങി നിന്നു. റഷദിയ പാര്‍ക്കില്‍ നിന്ന് ഹസ്സനും കയറിയിരുന്നു. താന്‍ കയറിയതുപോലും ശ്രദ്ധിക്കാതെ അവന്‍ റോഡിന്റെ മറുഭാഗത്തേക്ക്‌ നോക്കി നില്‍ക്കുകയാണ്‌. എന്നും കാണുന്നവരല്ലേ? പ്രത്യേകിച്ച്‌ ഉപചാരങ്ങളൊന്നും വേണ്ടെന്നു കരുതിയിട്ടുണ്ടാകും. ജോലി കഴിഞ്ഞാല്‍, ക്യാമ്പില്‍ വെച്ചും കാണേണ്ടതല്ലേ? ഓരോ തവണയും തമ്മില്‍ തമ്മില്‍ കാണുമ്പോള്‍ വിശേഷം പറയാന്‍ നിന്നാല്‍ മനുഷ്യന്‍മാര്‍ക്ക്‌ പരസ്പരം പെട്ടെന്ന് മടുത്തുപോകും. ആജന്മ ശത്രുക്കള്‍പോലുമായേക്കും മനുഷ്യന്മാര്‍. അവരുടെ കുറ്റമല്ല. അങ്ങിനെയാണ്‌ അവരെ ഉണ്ടാക്കിയിരിക്കുന്നത്‌. ഒരു നിര്‍മ്മാണപ്പിഴവ്‌.

വഴിയില്‍ രണ്ടിടത്ത്‌ കച്ചറ കൂനകള്‍ നിറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ഹസ്സനും അയാളും ചേര്‍ന്ന് അവ ഉന്തി ഓറഞ്ചുവണ്ടിയുടെ പൃഷ്ഠഭാഗത്ത്‌ കാഴ്ച്ചദ്രവ്യമായി വെച്ചു. ആര്‍ത്തിപ്പണ്ടാരം തിന്നട്ടെ. അതിനിടക്ക്‌ ഹസ്സന്‍ അവന്റെ കയ്യില്‍ എപ്പൊഴും കരുതാറുണ്ടായിരുന്ന കമ്പിക്കഷണംകൊണ്ട്‌ കൂനകളില്‍ സൂത്രത്തില്‍ ഒരു തിരച്ചില്‍ നടത്തി തരക്കേടില്ലാത്ത ഒരു സൈക്കിള്‍ ടയര്‍ കിട്ടി. ഇവിടത്തുകാരും തീരെ ദരിദ്രരായിരിക്കുന്നു. പണ്ടൊക്കെ നല്ല നല്ല സാധനങ്ങള്‍ അല്‍പ്പം കേടുവന്നാല്‍ ഇവര്‍ കളയാറുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്‌.

ക്യാമ്പില്‍ നല്ല വിവരമുള്ള ഒരു വിദ്വാനുണ്ട്‌. സുരേഷ്‌ ഭായ്‌. എല്ലാ പേപ്പറും വായിക്കും. നാട്ടില്‍ രാഷ്ട്രീയക്കാരനായിരുന്നുവെന്നൊക്കെ ക്യാമ്പിലെ ആളുകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌. മൂപ്പര്‍ പറയുന്നത്‌, എല്ലായിടത്തും ആളുകള്‍ പാവപ്പെട്ടവരായി മാറുകയാണെന്നാണ്‌. ആരുടെ കയ്യിലും പൈസയില്ല എന്ന്. ശരിയായിരിക്കും. എന്നാലും എത്ര പണക്കാരാണ്‌ ചുറ്റിലും. അവരെ അടുത്ത്‌ കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കാന്‍ തോന്നാറുണ്ട്‌ അയാള്‍ക്ക്‌.

ഓറഞ്ചുവണ്ടിയുടെ പിന്നില്‍ ഹസ്സന്റെകൂടെ തൂങ്ങിനിന്ന് പോകുമ്പോള്‍ എവിടേക്കും നോക്കാതെയിരിക്കാന്‍ ശ്രദ്ധിച്ചു. വിചിത്ര ജീവികളെപ്പോലെയാണ്‌ ആളുകള്‍ നോക്കുന്നത്‌. പിന്നില്‍ വരുന്ന കാറില്‍ ഒരു ഹൂറി അവളുടെ ഭര്‍ത്താവിന്റെ കൂടെ ഇരുന്ന് തങ്ങളെ നോക്കി എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്‌. പാലസ്തീനിയോ സിറിയക്കാരിയോ ആണ്‌. ശരിക്കും ഒരു ഹൂറി. ലോകത്തെ ഏറ്റവും നല്ല സുന്ദരികള്‍ ആ നാട്ടുകാരാണത്രെ.

വീട്ടുകാരിയെ ഓര്‍മ്മ വന്നു. അവരുടെ മുഖം ഉള്ളില്‍ തെളിഞ്ഞു. എന്തു ചെയ്യുകയായിരിക്കും അവള്‍? താന്‍ ഈ വണ്ടിയില്‍ തൂങ്ങിനിന്ന് ഓരോന്ന് ആലോചിച്ച്‌ ഏതോ തെരുവിലൂടെ കരിയിലപോലെ പാറിപ്പോകുന്നത്‌ അവള്‍ കാണുന്നുണ്ടാകുമോ? ആ ശരീരത്തിന്റെ മണംപോലും മറന്നു. മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞില്ലെ? ഓരോ തവണ വിളിക്കുമ്പോഴും സമാധാനിപ്പിക്കും. വരാം. അടുത്തുതന്നെ. എന്തെങ്കിലുമൊക്കെ കയ്യില്‍ കരുതേണ്ടേ? വെറും കയ്യുമായി എങ്ങിനെയാണ്‌ വരിക? കാത്തിരിക്കൂ. വണ്ടിയില്‍ ശരീരമമര്‍ത്തി അയാള്‍ നിന്നു. നാഴികകള്‍ക്കപ്പുറമുള്ള മാംസളമായ ഒരു ഓര്‍മ്മയെ ഉള്ളില്‍ മെല്ലെമെല്ലെ കരുപ്പിടിപ്പിച്ചുകൊണ്ട്‌.

അടുത്ത സ്ഥലത്ത്‌ അയാള്‍ ഇറങ്ങി. ചൂട്‌ കൂടിക്കൂടിവരുകയാണ്‌. ദാഹിക്കുന്നുണ്ട്‌. കയ്യില്‍ കരുതിയ കുപ്പിയില്‍ നിന്ന് കുടുകുടാ കുടിച്ചു. അക്ഷരത്തെറ്റുപോലെ വഴിയില്‍ ബാക്കി വന്നിരുന്ന ഒരു പൊതുടാപ്പില്‍നിന്ന് കുപ്പി വീണ്ടും നിറച്ചു. എന്നിട്ടും ദാഹം ബാക്കിവരുന്നു. എന്തെന്ത്‌ ദാഹങ്ങളാണ്‌ മനസ്സിനും ശരീരത്തിനും. എളുപ്പത്തില്‍ തീരുന്നവ. ശമിക്കാതെ ഉള്ളില്‍ നീറുന്ന മറ്റു ചിലത്‌. കുറച്ചു മുന്‍പ്‌ കണ്ട ഹൂറിയെ മനസ്സിലോര്‍ത്തു. ചിരിക്കല്ലെ ഹൂറി. നിനക്കറിയില്ല നാടുവിട്ടവരുടേയും, അവരെ കാത്തുകാത്ത്‌ തപസ്സിരിക്കുന്ന വീട്ടിലുള്ളവരുടെയും ദാഹവും വിശപ്പും.

വല്ലാതെ ക്ഷീണം തോന്നുന്നുണ്ട്‌. ക്യാംപില്‍ പോയാലോ എന്ന് ആലോചിച്ചു. വേണ്ട. ഒറ്റക്ക്‌ മുറിയിലിരുന്നാല്‍ ഭ്രാന്ത്‌ കൂടുകയേയുള്ളു. ഓരൊരോ ആലോചനകള്‍ വന്ന് തലയില്‍ നിറയും. അതിനേക്കാള്‍ നല്ലത്‌ ഈ പരക്കം പാച്ചിലിന്റെ ഭ്രാന്തും കണ്ടു കഴിയുകയാണ്‌.

ഉച്ചക്ക്‌ ഒരു കടത്തിണ്ണയില്‍ കയറിക്കിടന്നു. ഇനി രണ്ടു മണിക്ക്‌ ഇറങ്ങിയാല്‍ മതി. അപ്പോഴെക്കും വൃത്തിയാക്കിയ തെരുവുകളില്‍ വീണ്ടും ചപ്പുചവറുകള്‍ നിറഞ്ഞിട്ടുണ്ടാകും. വീണ്ടും തുടങ്ങണം. ഉച്ചക്കാണ്‌ മനസ്സ്‌ വല്ലാതെ മടുക്കുക. ഒരു അനക്കവുമില്ലാത്ത ഉച്ച. പായുന്ന വണ്ടികള്‍. ശബ്ദങ്ങളൊന്നുമില്ലാത്ത നഗരം. സ്വാതന്ത്ര്യത്തിന്റെ വൈകുന്നേരങ്ങളിലേക്കെത്താതെ, മരവിച്ചു നില്‍ക്കുന്ന ഉച്ചയുടെ വിരസമായ മണിക്കൂറുകള്‍.

അടുത്തുള്ള എ.ടി.എം.കൗണ്ടറിന്റെ മുന്നില്‍ ആലോചനയിലാണ്ടു നില്‍ക്കുന്ന ആളുകളെ കണ്ടു. ആ പണപ്പെട്ടിയെക്കുറിച്ച്‌ അയാള്‍ ആലോചിച്ചു. ആരൊക്കെയോ ഇടുന്നു. മറ്റാരൊക്കെയോ അതെടുത്തുപോകുന്നു. അവരത്‌ മറ്റെവിടെയോ ഏതോ പണപ്പെട്ടിയില്‍ ഇടുന്നു. അവിടെനിന്ന് മറ്റു ചിലര്‍ പിന്നെയും അത്‌ എടുക്കുന്നു. നല്ല തമാശതോന്നി അയാള്‍ക്ക്‌. അവിടെ നില്‍ക്കുന്നവരുടെ മുഖഭാവം ശ്രദ്ധിച്ച്‌ അല്‍പം മാറി, തണല്‍ പറ്റി കിടന്നു. വല്ലാത്തൊരു യന്ത്രമാണിതെന്ന് ഇതിനെ കാണുമ്പോഴൊക്കെ തോന്നും. ഒരു നിമിഷം കൊണ്ട്‌ തന്റെ ജീവിതം മാറ്റിമറിക്കാന്‍ ഈ യന്ത്രത്തിനു കഴിയും. അതൊന്നു തുറന്നുകിട്ടിയാല്‍ മാത്രം മതി. ഇനി ഒന്നും കിട്ടിയില്ലെങ്കില്‍തന്നെ, ഇങ്ങനെയൊരു യന്ത്രം കയ്യെത്തുന്ന ദൂരത്ത്‌ ഉണ്ടാവുന്നതുതന്നെ ഒരു മനസ്സമാധാനമാണ്‌. നാടിനെക്കുറിച്ചുള്ള ഓര്‍മ്മപോലെ. തനിക്ക്‌ ഗുണമൊന്നുമില്ലെങ്കിലും, കയ്യെത്തും ദൂരത്ത്‌ അതുണ്ടല്ലോ എന്നൊരു സമാധാനം. പിന്നെയും ഒരു ചിരി മനസ്സില്‍ തെളിഞ്ഞു, പതുക്കെ ചുണ്ടിന്റെ കോണില്‍ വന്നെത്തിനോക്കി, അത്‌, ആരും കാണാത്ത ഒരു നെടുവീര്‍പ്പായി ചുറ്റുമുള്ള ആകാശത്തില്‍ അലിഞ്ഞു.

വീണ്ടും പണി തുടങ്ങി. തെരുവുകള്‍ക്ക്‌ ഒരു മാറ്റവുമില്ല. പുതിയ പുതിയ വൃത്തികേടുകളെ ഓരോ നിമിഷവും അത്‌ സൃഷ്ടിക്കുകയും, പുറംതള്ളുകയും ചെയ്തുകൊണ്ടിരുന്നു. ആരെയൊക്കെയോ ചതിയില്‍ വീഴ്ത്താനും, ആര്‍ക്കൊക്കെയോ വേണ്ടി അവസാന വിയര്‍പ്പു തുള്ളികള്‍ വറ്റിക്കാനും തിരക്കിട്ട്‌ ആളുകളും, വാഹനങ്ങളും അങ്ങോട്ടുമിങ്ങോട്ടും ഗതികിട്ടാതെ പാഞ്ഞു.

മറ്റൊരു ഓറഞ്ചുവണ്ടി വന്നു. വീണ്ടും ഒരു രാത്രിയുടെ പ്രലോഭനങ്ങളിലേക്ക്‌ സോനാപുര്‍ ക്ഷണിച്ചു. തിങ്ങി നിറഞ്ഞ വണ്ടിയില്‍, വിയര്‍പ്പും ചളിയും ഒട്ടിപ്പിടിച്ച മനുഷ്യാത്മാക്കളുടെയിടയില്‍ തിങ്ങിയിരുന്ന് പുറത്തെ മായക്കാഴ്ച്ചകളിലേക്ക്‌ നോക്കി അയാള്‍ ആ ദിവസത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

രാത്രി വിളക്കുകള്‍ തെരുവുകളുടെ നഗ്നതയെ കാണിച്ചുതന്ന്, കണ്ണിറുക്കി ഒരു വഷളന്‍ ചിരി ചിരിച്ചു. വിടന്‍മാരും, അഭിസാരികകളും, സ്വവര്‍ഗ്ഗാനുരാഗികളും, കൂട്ടിക്കൊടുപ്പുകാരും നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും നിന്നും നടന്നും, ദിവസക്കൂലിയുടെ കണക്കുകള്‍ കൂട്ടുകയും കിഴിക്കുകയും ചെയ്യുമ്പോള്‍, സോനാപൂരിലെ തിരക്കൊഴിഞ്ഞ ഒരു കാഫെറ്റേറിയയില്‍ ഒരു ഉണങ്ങിയ കുബ്ബൂസിനു മുന്‍പില്‍ ധ്യാനനിരതനായി അയാള്‍ ഇരുന്നു.

വിരഹവും ദുരിതവും നിറഞ്ഞ സോനാപൂര്‍ അയാള്‍ക്കുചുറ്റും നിശ്ചിതഭ്രമണപഥത്തിലൂടെ ദീര്‍ഘവൃത്തത്തില്‍ വലംവെച്ചു. ലോകത്തിലെ സമസ്ത ഭാഷകളും കുഴഞ്ഞുമറിഞ്ഞ്‌, പല പല നാടുകളിലേക്കും, തിരിച്ചും, ആശങ്കകളും, ചെറിയ ചെറിയ സന്തോഷങ്ങളും, കാമനകളും പേറി, കാണാത്ത ടെലിഫോണ്‍ കമ്പികളിലൂടെ ദ്രുതഗതിയില്‍ പാഞ്ഞു. ഇരുണ്ട ഗല്ലികളിലൂടെ, പോലീസിന്റെ കണ്ണുവെട്ടിച്ച്‌ വിലകുറഞ്ഞ മദ്യക്കുപ്പികള്‍, പലകൈമറിഞ്ഞ്‌ കുടുസ്സുമുറികളിലെത്തി ആള്‍ത്തിരക്കില്‍ അലിഞ്ഞു ആവിയായി. ബങ്ക്ബെഡുകളുടെ ഏകാന്തമായ മട്ടുപ്പാവുകളില്‍ ഓരോരുത്തര്‍ക്കും ഓരോ സ്വകാര്യ സ്വര്‍ഗ്ഗങ്ങള്‍ പണിത്‌ സോനാപൂര്‍ ഉറക്കമായി.

Sunday, September 16, 2007

അദ്ധ്യായം-4 വികസനം വേട്ടയാടുന്ന ചികാപര്‍ -1

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

ചികാപര്‍ (കോറാപുട്‌) വീട്ടില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ട്‌ കോരിച്ചൊരിയുന്ന മഴയത്ത്‌, ഇരുട്ടില്‍, കാട്ടിലൂടെ അഞ്ചു മക്കളുമായി തലയില്‍ ഭാണ്ഡക്കെട്ടുകളുമായി നടക്കുമ്പോള്‍ മുക്ത കദം കരയുകയായിരുന്നു. മിഗ്‌ വിമാന പദ്ധതിക്കുവേണ്ടി ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്സ്‌ ലിമിറ്റഡ്‌ (HAL)അവരുടെ ചികാപര്‍ ഗ്രാമം ഏറ്റെടുത്തപ്പോഴാണ്‌, ആ മഴക്കാലത്ത്‌ അവര്‍ക്ക്‌ വീടുവിട്ടിറങ്ങേണ്ടിവന്നത്‌.

"എവിടെ പോവണമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. സാറന്മാരു പറഞ്ഞു, ഞങ്ങളിറങ്ങി. വല്ലാത്തൊരു അവസ്ഥയായിരുന്നു. കുട്ടികളുടെ കാര്യമോര്‍ത്ത്‌ വല്ലാതെ പേടിച്ചു ഞാന്‍", മുക്ത ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്തു. അത്‌ 1968-ലായിരുന്നു. വീണ്ടും രണ്ടു തവണകൂടി ഇതേ അനുഭവം ആവര്‍ത്തിക്കുമെന്ന്, ഗദാബ ഗോത്രക്കാരിയായ മുക്ത സ്വപ്നത്തില്‍പ്പോലും കരുതിയില്ല. മുക്ത മാത്രമല്ല.അഞ്ഞൂറോളം വലിയ കൂട്ടുകുടുംബങ്ങള്‍ താമസിച്ചിരുന്ന ആ ഗ്രാമം ഒന്നടങ്കം ഇത്തരത്തില്‍ തങ്ങളുടെ ഭൂമിയില്‍ നിന്ന് പുറത്തായി.

കോറാപുട്ടിലെ മറ്റേതു ഗ്രാമവും പോലെത്തന്നെയായിരുന്നു ഏറെക്കുറെ, ചികാപര്‍ ഗ്രാമവും. ഏറെക്കുറെ എന്നു മാത്രമേ പറയാനാവൂ. ലോകത്തിലെ മറ്റൊരു ഗ്രാമത്തിനും മൂന്നു തവണ സ്ഥലം മാറേണ്ടിവന്നിട്ടുണ്ടാവില്ല. അതും, വികസനത്തിന്റെ പേരില്‍. 60-കളില്‍ മിഗ്ഗിന്റെ പരിലായിരുന്നു ആദ്യത്തെ ആ ഒഴിഞ്ഞുപോക്ക്‌. വലിയ വിമാനങ്ങള്‍ക്കുവേണ്ടി കുടിയിറങ്ങേണ്ടിവന്ന ഗ്രാമവാസികള്‍ തങ്ങളുടെതന്നെ അധീനതയിലുണ്ടായിരുന്ന മറ്റൊരു ഭൂമിയിലേക്ക്‌ മാറിത്താമസിച്ചു. ഗൃഹാതുരത്വത്തിന്റെ വേദനയില്‍ അവരതിനെയും ചികാപര്‍ എന്നു പേരിട്ടുവിളിച്ചു.

1987-ല്‍ ചികാപറിലെ, അഥവാ, ചികാപര്‍-2-ലെ ആളുകളെ ഒരിക്കല്‍ക്കൂടി ഒന്നടങ്കം പുറത്താക്കി. ആദ്യത്തെ കുടിയൊഴിപ്പിക്കലിനുപോലും പലര്‍ക്കും അപ്പോഴും നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല.

മുക്ത ഒരിക്കല്‍ക്കൂടി യാത്രയായി. ഇത്തവണ കൂട്ടിന്‌ പേരക്കുട്ടിയുമുണ്ടായിരുന്നു."അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ഒരു പാലത്തിന്റെ ചുവട്ടില്‍ ഞങ്ങള്‍ കുറച്ചു ദിവസം താമസിച്ചു", മുക്ത പറഞ്ഞു. അര്‍ജുന്‍ പാഞ്ച എന്ന മറ്റൊരു ഗദാബ ഗോത്രക്കാരന്‍, രണ്ടാമത്തെ കുടിയിറക്കത്തിന്റെ കാരണം വ്യക്തമായി ഓര്‍ക്കുന്നുണ്ട്‌. "അപ്പര്‍ കോലാബ്‌ പദ്ധതിക്കും,* നാവികസേനയുടെ പടക്കോപ്പുശാലക്കും വേണ്ടിയായിരുന്നു അത്‌".

വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ച്‌ അവര്‍ മറ്റൊരു സ്ഥലത്തെത്തിച്ചേര്‍ന്നു. ആ സ്ഥലവും ഒരു തരത്തില്‍ ഇതേ ഗ്രാമീണരുടെ അധീനതയില്‍ ഉള്ളതായിരുന്നു.അവിടെ ജീവിതം വീണ്ടും കെട്ടിപ്പടുക്കാന്‍ തുടങ്ങുമ്പോഴാണ്‌ ഇതാ വീണ്ടും കുടിയിറങ്ങാനുള്ള നോട്ടീസ്‌. ഈ സ്ഥലവും വിട്ടുപോകണം.

വികസനം ചികാപറിനെ നിരന്തരം വേട്ടയാടുകയാണ്‌.

ഗ്രാമത്തിലെ വിദ്യാഭ്യാസമുള്ള ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ജഗന്നാഥ്‌ കദം എന്ന അദ്ധ്യാപകന്‍. ചികാപറില്‍ സ്കൂളുകള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റൊരു ഗ്രാമത്തിലാണ്‌ അയാള്‍ ജോലി ചെയ്തിരുന്നത്‌. അവിടുത്തെ മിക്ക കുട്ടികളും ഒരിക്കല്‍പോലും സ്കൂളുകള്‍ കണ്ടിട്ടേയില്ലാത്തവരായിരുന്നു. "ഈ മൂന്നാമത്തെ കുടിയൊഴിക്കലിനു പല കാരണങ്ങളാണ്‌ അവര്‍ പറയുന്നത്‌" ജഗന്നാഥ്‌ പറഞ്ഞു. "ഇവിടെ നടന്ന ഒരു സമ്മേളനത്തില്‍, മന്ത്രി ഹരീഷ്‌ ചന്ദ്ര ബക്ഷി പാത്ര പറഞ്ഞത്‌, കോഴിവളര്‍ത്തല്‍ കേന്ദ്രത്തിനുവേണ്ടി ഞങ്ങള്‍ സ്ഥലം ഒഴിയണമെന്നാണ്‌. മറ്റൊരു കാരണം പറഞ്ഞു കേള്‍ക്കുന്നത്‌, ഈ ഗ്രാമത്തിന്റെ കിടപ്പ്‌ സൈന്യത്തിന്റെ സാങ്കേതിക വിഭാഗത്തിന്‌ (Military Engineering Services-MES)അസൗകര്യപ്രദമാണെന്ന മട്ടിലാണ്‌. ഞങ്ങള്‍ക്കറിയില്ല. ആകെ അറിയുന്നത്‌, ഗ്രാമവാസികള്‍ക്ക്‌ ഒഴിഞ്ഞുപോകാനുള്ള കടലാസ്സു കിട്ടിയിട്ടുണ്ട്‌ എന്നതുമാത്രമാണ്‌".

ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിച്ചപോലെ, "ഈ ഒടുവില്‍ പറഞ്ഞ കാരണം ശരിയാണെങ്കില്‍, മൂന്നു സേനകളും ചെറിയ ഈ ചികാപറിനെ ഒന്നൊന്നായി കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു". ഇത്‌ ദുരന്തമല്ലായിരുന്നുവെങ്കില്‍, ഒരു പക്ഷേ തമാശയായി തോന്നിപ്പിച്ചേനെ. ഇപ്പോള്‍ താമസിക്കുന്ന ഈ മൂന്നാമത്തെ സ്ഥലവും, കാലാകാലമായി ഈ ഗ്രാമീണരുടെ സ്ഥലംതന്നെയാണ്‌.അങ്ങിനെ, മൂന്നു തവണയായി ഈ ആളുകള്‍ തങ്ങളുടെ ഗ്രാമത്തില്‍നിന്ന് കുടിയിറക്കപ്പെട്ടിരിക്കുകയാണ്‌, മൂന്നു തവണയും അവര്‍ക്ക്‌ അവരുടെ വീട്‌ നഷ്ടപ്പെട്ടിരിക്കുകയാണ്‌. ഇതൊക്കെയും, വികസനത്തിന്റെ പേരിലും!

മിഗ്ഗിനുവേണ്ടി ആദ്യത്തെ തവണ ഭൂമി ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ ഗദാബ ഗോത്രത്തിലെ ഈ അദ്ധ്യാപകനും, ചികാപര്‍ 2-ലേക്ക്‌ താമസം മാറ്റി. പക്ഷേ, കോലാബ്‌ പദ്ധതി വന്നപ്പോള്‍, അയാള്‍ അതത്ര കാര്യമായെടുത്തില്ല കോലാബ് അണക്കെട്ടില വെള്ളം തന്റെ വീടുവരെ എത്തില്ല എന്നുള്ളതുകൊണ്ട്‌ കല്‍പനകളെ ധിക്കരിച്ച്‌ അയാള്‍ അവിടെത്തന്നെ തങ്ങി. "എന്റെ കുടുംബം ഇവിടെ ഒറ്റക്കായിപ്പോയതുകൊണ്ട്‌, പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു. പക്ഷേ ഇനി എന്തുവന്നാലും ഞാന്‍ ഇവിടെനിന്ന് ഇറങ്ങാന്‍ പോവുന്നില്ല". അയാള്‍ ഉറപ്പിച്ചു പറഞ്ഞു.

തീരെ ദരിദ്രരായ ആളുകളുടെ ഗ്രാമമൊന്നുമല്ല ചികാപര്‍.ഇവിടെ ഗദാബ, പരോജ ഗോത്രങ്ങളും, ഹരിജനങ്ങളും, പിന്നെ ചില പട്ടിക ജാതി വര്‍ഗ്ഗക്കാരും താമസിക്കുന്നുണ്ട്‌. ഈ ഗ്രാമം യഥാര്‍ത്ഥത്തില്‍ സുനാബേദ്‌ (സ്വര്‍ണ്ണഭൂമി എന്ന് വാച്യാര്‍ത്ഥം)എന്ന പ്രദേശത്താണ്‌ സ്ഥിതിചെയ്യുന്നത്‌. മിക്ക ഗ്രാമീണര്‍ക്കും ധാരാളം നിലമുണ്ടായിരുന്നു."ഏഴ്‌ അംഗങ്ങളുള്ള എന്റെ കുടുംബത്തിനു 1963-ല്‍ 129 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു" ബല്‍റാം പാത്രൊ പറഞ്ഞു. "ഇതില്‍, 95 ഏക്കറിനുമാത്രമാണ്‌ ഞങ്ങള്‍ക്ക്‌ നഷ്ടപരിഹാരം ലഭിച്ചത്‌, കേവലം 28,000 രൂപ. അതും, വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞതിനുശേഷം. പക്ഷേ വീടോ, മറ്റെന്തെങ്കിലും വസ്തുവകകളോ ഒന്നും കിട്ടിയില്ല. ഒരു തരത്തിലുമുള്ള പുനരധിവാസവും ഉണ്ടായില്ല"

ജ്യോതിര്‍മയി ഖോര എന്ന ഹരിജന്‍ പറയുന്നത്‌ കേള്‍ക്കുക" എന്റെ കുടുംബത്തിന്‌ അറുപത്‌ ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഞങ്ങള്‍ക്ക്‌ കിട്ടിയതോ, 15000 രൂപയും. മലമ്പ്രദേശത്തിന്‌ ഏക്കറിന്‌ 150 രൂപ നിരക്കിലും, ക്ലാസ്സ്‌-1 വിഭാഗത്തിലുള്ള ഭൂമിക്ക്‌ ഏക്കറിന്‌ 450 രൂപ വീതവും. പൈസ കിട്ടിയതുതന്നെ കുറേ കാലം കഴിഞ്ഞിട്ടാണ്‌. ഏതെങ്കിലും തരത്തിലുള്ള പുനരധിവാസമോ, പകരം വീടോ ഒന്നും കിട്ടിയതുമില്ല".

"സ്ഥലമൊഴിഞ്ഞുപോവുന്ന ഓരോ കുടുംബത്തിനും വീടും, ഒരു വീട്ടില്‍ ഒരാള്‍ക്കെന്ന തോതില്‍ ജോലിയും വാഗ്ദാനം നല്‍കിയിരുന്നു", നരേന്ദ്ര പാത്രൊ പറഞ്ഞു. നരേന്ദ്രന്‍ ഞങ്ങളോട്‌ സംസാരിച്ചത്‌, ചികാപറില്‍ (ചികപര്‍ 3 എന്ന് വിളിക്കുന്നതാവും കൂടുതല്‍ ശരി)വെച്ചായിരുന്നു. "രണ്ടു തവണയും ആളുകള്‍ ഒരു എതിര്‍പ്പുപോലും പ്രകടിപ്പിച്ചില്ല. എന്നിട്ടുപോലും, അധികാരികള്‍ അവരുടെ വാക്കു പാലിക്കുന്നതില്‍ വീഴ്ച വരുത്തി".

4500 തൊഴിലാളികളുള്ള ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്സില്‍ ജോലികിട്ടിയത്‌, പതിനഞ്ചുപേര്‍ക്ക്‌ മാത്രമാണ്‌. അതും, താഴേക്കിടയിലുള്ള ജോലി. അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും മറ്റൊരു 30 പേര്‍ക്കും ജോലികിട്ടി. ദിവസവേതനത്തിന്‌. ഒരു ജോലിസ്ഥിരതയുമില്ലാത്ത ഒന്നാണത്‌. ഇത്തരത്തില്‍ 'കാഷ്വല്‍ ജീവനക്കാരായി' കയറിപ്പറ്റിയവര്‍ക്ക്‌ ഒരു താത്‌ക്കാലിക താമസ സംവിധാനവും നല്‍കിയിരുന്നു. എച്ച്‌.എ.എല്‍ ടൗണ്‍ഷിപ്പില്‍നിന്നും 120 കിലോമീറ്റര്‍ അകലെ!

1970-ല്‍ ഗ്രാമത്തില്‍നിന്ന് ഏറ്റവും ആദ്യം മെട്രിക്കുലേഷന്‍ പാസ്സാവുകയും, സാങ്കേതിക-പരിശീലന സ്കൂളില്‍നിന്ന് ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്ത ഖോര എട്ടു വര്‍ഷം തൊഴില്‍രഹിതനായി കഴിഞ്ഞു. അതിനുശേഷമാണ്‌ എച്ച്‌.എ.എല്ലില്‍ ജോലികിട്ടിയത്‌. "ദിവസക്കൂലിക്കുപോലും, കരാറുകാര്‍, ആളുകളെ പുറത്തുനിന്നാണ്‌ കൊണ്ടുവരുന്നത്‌. മറ്റു സ്ഥിര ജോലികള്‍ക്ക്‌, റിക്രൂട്ടിംഗ്‌ ഏജന്റ്‌ പൈസ ചോദിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ കയ്യില്‍ എവിടെയാണ്‌ പൈസ?" മദന്‍ ഖസ്ല എന്ന ഹരിജന്‍ ചോദിച്ചു. ഒഴിപ്പിക്കല്‍ നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചില ഗ്രാമീണര്‍ക്ക്‌ എച്ച്‌.എ.എല്ലില്‍ സ്ഥിരജോലി കിട്ടി. നഷ്ടപരിഹാരമെന്ന നിലക്കൊന്നുമായിരുന്നില്ല. മത്സര പരീക്ഷയുടെ അടിസ്ഥാനത്തില്‍.

ചികാപര്‍ ഇല്ലാതാവുമ്പോള്‍ മറ്റു ചില പ്രശ്നങ്ങള്‍കൂടി ഉയര്‍ന്നുവരുന്നുണ്ട്‌. താമസ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലോ,അതുമായി ബന്ധപ്പെട്ടിട്ടോ ആണ്‌ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്‌. ഇതാകട്ടെ, ഭൂമിയുടെ കൈവശാവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഭൂമിയില്ലാത്തതുകൊണ്ട്‌ താമസ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായി. തന്മൂലം, ആദിവാസിയാണെന്നോ, ഹരിജനാണെന്നോ തെളിയിക്കാന്‍ അവര്‍ക്ക്‌ സാധിക്കുന്നില്ല. ഇത്‌, ജോലി ലഭിക്കാനുള്ള അവരുടെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

"അധികാരികള്‍ ചതിച്ചതുകൊണ്ട്‌ ഇവിടെ ഞങ്ങള്‍ക്ക്‌ ജോലി ലഭിച്ചില്ല. ജാതി തെളിയിക്കാന്‍ ആവാത്തതുകൊണ്ട്‌, പുറമെയുള്ള സംവരണം ചെയ്യപ്പെട്ട ജോലികളും ഞങ്ങള്‍ക്ക്‌ നഷ്ടപ്പെടുന്നു", ചികാപര്‍-3-ലെ സമര ഖിലൊ പറഞ്ഞു.

നാലുവര്‍ഷം മുന്‍പ്‌, നേവല്‍ അമ്മ്യുണിഷന്‍ ഡിപ്പോ അവര്‍ക്ക്‌ ക്ലാസ്സ്‌-4 ജോലികള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇന്റര്‍വ്യൂ നടന്നതോ, വിശാഖപട്ടണത്തും. പല ഗ്രാമീണര്‍ക്കും അവിടെ എത്തിപ്പെടാന്‍പോലും കഴിഞ്ഞില്ല. ഖോര പറഞ്ഞു. "അവിടെ നടന്ന ഇന്റര്‍വ്യൂവിലും ജോലി ലഭിച്ചവര്‍ അധികവും പുറത്തുനിന്നുള്ളവരായിരുന്നു. ഉണ്ടായിരുന്ന ഒഴിവുകളാകട്ടെ തൂപ്പുകാര്‍, മാലി, ഖലാസി, ചൗക്കിദാര്‍, തുടങ്ങിയ തസ്തികകളിലേക്കുമായിരുന്നു. ഈ ജോലി കിട്ടാന്‍ തന്നെ, വെളിയിലുള്ള ഉദ്യോഗാര്‍ഥികള്‍ എണ്ണായിരം മുതല്‍ പന്തീരായിരം രൂപ വരെ എണ്ണിക്കൊടുത്തിട്ടുണ്ട്‌. ഇപ്പോഴത്തെ ഞങ്ങളുടെ സ്ഥിതിയില്‍ ഈ പൈസയൊന്നും ഞങ്ങള്‍ക്ക്‌ താങ്ങാന്‍ ആവില്ല".

ഈ പദ്ധതികള്‍ മറ്റു ഗ്രാമങ്ങളേയും ബാധിച്ചിട്ടുണ്ടെങ്കിലും, മൂന്നു തവണ ഒരേ വിധിയെ നേരിടേണ്ടിവന്നത്‌, ചികാപറിനു മാത്രമാണ്‌. ഇവിടുത്തെ ആളുകളുടെ മനസ്ഥിതി സാമാന്യബോധത്തിന്‌ എതിരാണെന്നുപോലും പറയേണ്ടിവരുന്നു. കാരണം, ഇപ്പോഴും അവരില്‍ പലരും പറയുന്നത്‌, ഒരു ന്യായമായ 'ഏര്‍പ്പാട്‌' തങ്ങള്‍ക്ക്‌ കിട്ടണമെന്നു മാത്രമാണ്‌. അതായത്‌, ഓരോ കുടുംബത്തിനും തൊഴില്‍ ലഭിക്കണമെന്ന്. പദ്ധതികള്‍ക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരമെന്ന നിലക്കാണ്‌ തൊഴിലിനെ, ബീഹാറിലെയും ഒറീസ്സയിലെയും പല ഭാഗങ്ങളിലും ഗ്രാമീണര്‍ കണ്ടുവരുന്നത്‌. അതുകൊണ്ടുതന്നെ, ഇത്‌ ഏറ്റവുമധികം ബാധിക്കുന്നത്‌, ഭൂരഹിതരെയും, കൈവേലക്കാരെയുമാണ്‌.

ഈ ഒഴിഞ്ഞുപോക്കുകള്‍കൊണ്ട്‌ ഗതി കെട്ടിരിക്കുന്നു മുക്ത."വെള്ളവും വിറകും കിട്ടാന്‍ പണ്ടേ ഞങ്ങള്‍ക്ക്‌ ധാരാളം സഞ്ചരിക്കേണ്ടി വരാറുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ ഇരട്ടി ദൂരമാണ്‌ അലയേണ്ടിവരുന്നത്‌. ഇപ്പോള്‍ ശരീരം തീരെ വഴങ്ങാതെയായിരിക്കുന്നു". മുക്തയുടെ അയല്‍വാസി മന്ത പറഞ്ഞു." ഒന്നുമില്ലെങ്കില്‍, പഴയ സ്ഥലത്ത്‌, എല്ലാവരും തമ്മില്‍തമ്മില്‍ അറിയുമായിരുന്നു. ഇപ്പോള്‍ സ്ഥിതി മറിച്ചാണ്‌. ഇവിടത്തുകാര്‍ക്ക്‌ ഞങ്ങള്‍ അപരിചിതരാണ്‌. നാട്ടുകാര്‍ വളരെ മോശമായിട്ടാണ്‌ പെരുമാറുന്നത്‌. ആണുങ്ങള്‍ എങ്ങിനെയെങ്കിലും അവരുടെ കാര്യങ്ങള്‍ നടത്തും. പക്ഷേ വെള്ളത്തിനു വേണ്ടിയും മറ്റും പോകേണ്ടിവരുമ്പോള്‍ ഇവിടെയുള്ള ആളുകള്‍ വളരെ മോശമായിട്ടാണ്‌ ഞങ്ങള്‍ സ്ത്രീകളോട്‌ പെരുമാറുന്നത്‌. ഞങ്ങള്‍ക്ക്‌ എന്ത്‌ ചെയ്യാന്‍ കഴിയും?"

ഒഴിഞ്ഞുപോവാനുള്ള അറിയിപ്പുകള്‍ മൂന്നാമത്തെ തവണയും കൊടുത്തുകഴിഞ്ഞുവെന്ന് സുനബേദയിലെ റവന്യൂ ഇന്‍സ്പെക്ടര്‍ പൂര്‍ണ്ണചന്ദ്ര പരീദ സമ്മതിച്ചു."അവര്‍ കയ്യേറ്റക്കാരാണ്‌, ഒഴിഞ്ഞുപോവുകതന്നെ വേണം", അയാള്‍ പറഞ്ഞു.

ഇന്‍സ്പെക്ടറിന്റെ വാക്കുകളോട്‌, ചിരിച്ചുകൊണ്ട്‌ ഖോര പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌, "ഓരോ തവണ അവര്‍ ആവശ്യപ്പെട്ടുമ്പോഴും ഞങ്ങള്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്‌. മിക്കവാറും ഞങ്ങളുടെതന്നെ സ്ഥലത്തേക്ക്‌. ഈ പ്രദേശത്ത്‌ ഞങ്ങള്‍ക്ക്‌ ധാരാളം ഭൂമിയുണ്ടായിരുന്നു എന്നുകൂടി നിങ്ങളോര്‍ക്കണം. എന്നിട്ട്‌ അവര്‍ ചെയ്തതോ? സര്‍ക്കാരിന്റെ മുതലാണെന്നു പറഞ്ഞ്‌, ഞങ്ങളുടെ സ്വന്തം ഭൂമിയില്‍ ഞങ്ങളെ കയ്യേറ്റക്കാരായി ചിത്രീകരിക്കുക! നാളെ നിങ്ങളുടെ വീട്‌ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ നിങ്ങളെയും കയ്യേറ്റക്കാരനെന്ന് അവര്‍ മുദ്രകുത്തും".



* അപ്പര്‍ കോലാബ്‌ - വിവിധ (ജല-വൈദ്യുത)ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള അണക്കെട്ട്‌.

Thursday, September 13, 2007

അദ്ധ്യായം-3 സൈന്യത്തിന്റെ തോക്കിന്‍ മുനമ്പില്‍-2

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

സെകുവപാനി, ഗുംല(ബീഹാര്‍)- സെകുവപാനിപോലുള്ള ഗ്രാമങ്ങളില്‍ ചെന്നെത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടാണ്‌. സൈനികാഭ്യാസത്തിനിടക്ക്‌, ഷെല്ലുകള്‍ വന്നു വീഴുന്നത്‌ വിദൂരസ്ഥവും പരന്നു കിടക്കുന്നതുമായ ഈ ഗ്രാമങ്ങളിലായിരുന്നു. പ്രാദേശിക ഭാഷയുടെ വൈപുല്യം, ഗ്രാമവാസികളുമായിട്ടുള്ള അഭിമുഖത്തിന്‌ പലപ്പോഴും തടസ്സമായി വര്‍ത്തിക്കുകയും ചെയ്യുന്നു. ഈ ഷെല്ലുകളില്‍നിന്ന് തങ്ങള്‍ അടര്‍ത്തിയെടുത്ത ലോഹക്കഷണങ്ങള്‍ കാണിച്ചുതരാന്‍ ഈ സാധു ഗ്രാമീണര്‍ ആദ്യം വിമുഖത കാണിച്ചു. ചിലര്‍ ഈ ലോഹക്കഷണങ്ങള്‍ തൊട്ടയല്‍പക്കത്തുള്ള ലോഹാര്‍ദഗയിലെ കൊല്ലന്മാര്‍ക്ക്‌ തുച്ഛമായ വിലക്കു വില്‍ക്കുകയും ചെയ്യാറുണ്ട്‌. ഇത്‌ പുറത്തറിഞ്ഞാല്‍ സൈന്യം അതുകൂടി തട്ടിയെടുത്തേക്കുമെന്നു ഭയന്നിട്ടാണ്‌ തങ്ങളുടെ ഈ ഇടപാടിനെക്കുറിച്ച്‌ പറയാന്‍ ആര്‍ മടി ആദ്യം മടിച്ചത്‌.

ഷെല്ലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവ പൊട്ടി ചിലര്‍ മരിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്ന് അവിടെയുള്ള ഗ്രാമീണര്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്‌ പരിശീലനത്തിന്റെ തന്ത്രപ്രധാന മേഖലയായിരുന്നു സെകുവപാനി. ഇത്‌ പ്രവര്‍ത്തിക്കുന്നത്‌, പാലാമോയിലെ മഹുവദാനര്‍ ബ്ലൊക്കിലായിരുന്നു. ഈ ഫയറിംഗ്‌ റേഞ്ച്‌ ഒരു സ്ഥിരം കേന്ദ്രമാക്കാനുള്ള സൈന്യത്തിന്റെ നീക്കം, ഗുംലയിലെയും, പാലാമോയിലെയും നിരവധി ഗ്രാമങ്ങളെയാണ്‌ ബാധിക്കുക. "ഏറ്റെടുക്കല്‍" "അറിയിപ്പ്‌" എന്നിങ്ങനെ രണ്ട്‌ വ്യത്യസ്ത വിഭാഗങ്ങളായിട്ടണ്‌ ഇവയെ ഇപ്പോള്‍ തരം തിരിച്ചിരിക്കുന്നത്‌.

ആദ്യത്തെ വിഭാഗത്തില്‍പെടുന്ന ഗ്രാമങ്ങളെ ഉടനടി ഏറ്റെടുക്കും. രണ്ടാമത്തെ, അതായത്‌, "അറിയിപ്പ്‌" ഗണത്തിലുള്ള ഗ്രാമങ്ങളിലെ ആളുകളാകട്ടെ, ഓരോ തവണ പരീക്ഷണം നടക്കുമ്പോഴും ഗ്രാമങ്ങളില്‍ നിന്ന് മാറിത്താമസിക്കേണ്ടവരാണ്‌. റേഞ്ച്‌ സ്ഥിരമാകുന്നതോടെ ഇടക്കിടക്ക്‌ മാറേണ്ടിവരും എന്നര്‍ത്ഥം. ബ്ലോക്ക്‌ തലസ്ഥാനവും ഈ ഗണത്തില്‍പ്പെടും. പ്രാദേശിക തലത്തിലുള്ള ഉദ്യോഗസ്ഥരും, വെടിവെയ്പ്പ്‌ നടക്കുമ്പോള്‍ സ്ഥലം ഒഴിയേണ്ടിവരുമെന്നണ്‌ ഇതിന്റെ വിവക്ഷ. പക്ഷേ, പാസ്കല്‍ മിഞ്ചും ചില ഉദ്യോഗസ്ഥരും സൂചിപ്പിച്ച പോലെ, ഇപ്പറഞ്ഞതൊക്കെ കാര്യങ്ങളുടെ ഒരു ഏകദേശ അവസ്ഥ മാത്രമാണ്‌. മൊത്തം, 120 ഗ്രാമങ്ങളാണ്‌ അവസാനവട്ട കണക്കുകളില്‍ പദ്ധതിബാധിത പ്രദേശങ്ങളാകാന്‍ പോകുന്നത്‌.

ഇതിന്റെ പ്രത്യാഘാതം ഇപ്പോള്‍ത്തന്നെ ഭീകരമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു."വിവാഹം പോലുള്ള അവസരങ്ങളില്‍ നിവൃത്തികേടുകൊണ്ട്‌ കുടുംബങ്ങള്‍ക്ക്‌ തങ്ങളുടെ ചെറിയ തുണ്ടുഭൂമികള്‍ വില്‍ക്കേണ്ടിവരാറുണ്ട്‌..ഭൂമിയുടെ വില കുത്തനെ ഇടിയുന്നതുകൊണ്ട്‌ ഇപ്പോള്‍ സ്ഥലത്തിനും ആളില്ലാതെയായി". ചോര്‍മുണ്ടയില്‍ വെച്ച്‌ ചിലര്‍ പറഞ്ഞു. ചില കല്ല്യാണങ്ങള്‍ ഇതുമൂലം മുടങ്ങുകപോലും ചെയ്തിരുന്നു. "ഞങ്ങളിനി എവിടേക്കാണ്‌ പോവേണ്ടതെന്ന് ആര്‍ക്കെങ്കിലുമൊന്ന് പറഞ്ഞു തരാന്‍ കഴിയുമോ?" മുണ്ട ഗോത്രത്തിലെ എലിസബത്‌ അയിണ്ട ചോദിച്ചു. ബോംബുകള്‍ വീഴുന്ന സെകുവപാനിപോലുള്ള ഗ്രാമങ്ങളില്‍, കൃഷിനാശത്തിനും മറ്റും ആര്‍ക്കും ഒരു നഷ്ടപരിഹാരവും കിട്ടാറില്ലെന്ന്, ലഖന്‍ദേവ്‌ റാം അസുര്‍ പറഞ്ഞു. ഏക്കറൊന്നിന്‌ 7000 രൂപ നഷ്ടം വരെ ചിലപ്പോള്‍ സംഭവിക്കാറുണ്ടത്രെ.

ഇവിടുത്തെ ചില ഗ്രാമങ്ങളില്‍ ജവാന്‍മാരും താമസക്കുന്നുണ്ട്‌. പരസ്പരം ഏറ്റുമുട്ടുന്ന താത്‌പര്യങ്ങളില്‍പ്പെട്ട്‌ ഉഴലുകയാണിവര്‍.രണ്ടേരണ്ട്‌ സംഗതികള്‍ മാത്രം എല്ലാ ഗ്രാമത്തിലും പൊതുവായി നിലനില്‍ക്കുന്നു. ഒന്ന്,ഇതിനെ പ്രതിരോധിക്കാനുള്ള ഗ്രാമവാസികളുടെ നിശ്ചയദാര്‍ഢ്യം. രണ്ട്‌, ഒരു ഗ്രാമമെങ്കിലും സന്ദര്‍ശിച്ച്‌, ആളുകളെ വിശ്വാസത്തിലെടുക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന ഉദാസീനത.

"ഒരു ഉദ്യോഗസ്ഥനും ഇതുവരെ ഞങ്ങളെ സന്ദര്‍ശിച്ചിട്ടില്ല. സ്ഥലങ്ങള്‍ അവര്‍ അടയാളപ്പെടുത്തി പോയിട്ടുണ്ടെങ്കിലും, ഞങ്ങള്‍ക്ക്‌ ഒരു കടലാസ്സും കിട്ടിയിട്ടില്ല. എന്നാലും ഞങ്ങള്‍ക്കറിയാം, അവര്‍ ഞങ്ങളെ കയ്യൊഴിയാന്‍ പോവുകയാണെന്ന്. പക്ഷേ, ഞങ്ങളുടെ ഭൂമി സംരക്ഷിക്കാന്‍ അവസാന ശ്വാസംവരെ ഞങ്ങള്‍ പോരാടും" പക്രിഫത്തിലെ മുഖ്യന്‍ മാനുവല്‍ മിഞ്ച പറഞ്ഞു. ഹോര്‍മുണ്ടയിലെ തെത്രു മുണ്ടയും മറ്റുള്ളവരും പറഞ്ഞത്‌ "ജീവന്‍ കൊടുക്കേണ്ടിവന്നാലും, ഞങ്ങളുടെ ഭൂമി ഒരു ഇഞ്ചുപോലും വിട്ടുകൊടുക്കില്ല" എന്നാണ്‌.

എന്തുകൊണ്ട്‌ നിങ്ങള്‍ നിങ്ങളുടെ പാര്‍ലമന്റ്‌ മെമ്പറോട്‌ സംസാരിക്കുന്നില്ല? അറഹാന്‍സിലെ ബിര്‍ജിയ ഗോത്രക്കാരോട്‌ ഞാന്‍ ചോദിച്ചു. 'അയാള്‍ എവിടെയാണ്‌ താമസിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല' ലഖന്‍ ബിര്‍ജിയ പാറഞ്ഞു. ഇവിടെനിന്നുള്ള പാര്‍ലമന്റ്‌, നിയമസഭാ സാമാജികരെ-ഇരുവരും ബി.ജെ.പി. അംഗങ്ങളാണ്‌-കണ്ടിട്ട്‌ കാലങ്ങളായി എന്നും അവര്‍ പറഞ്ഞു.ഫയറിംഗ്‌ റേഞ്ച്‌ എന്ന ആശയത്തിന്‌ ബി.ജെ.പി അനുകൂലവുമായിരുന്നു.

ഗുംലയില്‍ സൈനിക കന്റോന്‍മന്റ്‌ ഉണ്ടാവില്ലെന്ന് സൈന്യം പറയുന്നു. പക്ഷേ, ഫയറിംഗ്‌ റേഞ്ചിനെക്കുറിച്ച്‌ അവര്‍ നിശ്ശബ്ദരായിരുന്നു. പാലാമോയിലെ വിദ്യാര്‍ത്ഥി സംഘടനക്ക്‌, രാജേഷ്‌ പൈലറ്റിന്റെ (അന്നത്തെ ആഭ്യന്തരകാര്യ കേന്ദ്ര സഹമന്ത്രി) ഒരു കത്ത്‌ കിട്ടിയിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞത്‌, കാര്യങ്ങള്‍ പഠിക്കുകയാണെന്നാണ്‌. കേന്ദ്രസംസ്ഥാന മന്ത്രി സുമതി ഒറാവോണിന്റെ കത്തിനുള്ള മറുപടിയായി അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു എഴുതിയത്‌ കത്ത്‌ കൈപ്പറ്റി എന്നു മാത്രമായിരുന്നു. ഒന്നും നിഷേധിച്ചിരുന്നില്ല അതിലും. ഈ രണ്ടു മറുപടികളും വന്നത്‌, സൈന്യത്തിന്റെ 'നിഷേധക്കുറിപ്പ്‌" വന്ന്‌ മാസങ്ങള്‍ കഴിഞ്ഞിട്ടായിരുന്നു.

ഈ പദ്ധതി നടപ്പിലായാല്‍, നേതാര്‍ഹട്ടിലെ പ്രധാന ജലസ്രോതസ്സ്‌ സൈന്യം ഏറ്റെടുക്കും. ബെത്‌ലയിലെയും നേതാര്‍ഹട്ടിലെയും അഭിവൃദ്ധി പ്രാപിക്കുന്ന വിനോദസഞ്ചാര വ്യവസായവും ഏറെത്താമസിക്കാതെ അവസാനിക്കും. കോടിക്കണക്കിനു വില വരുന്ന ഹോട്ടല്‍ സംരംഭങ്ങളും, ഫോറസ്റ്റ്‌ ബംഗ്ലാവുകളും, ബ്രിട്ടീഷ്‌ വാസ്തുശില്‍പ്പത്തിന്റെ ഉത്തമോദാഹരണങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്ന നിര്‍മ്മിതികളും എല്ലാം നാശോന്മുഖമാകും. മഹുവദാനറിന്റെ പ്രധാന പ്രവേശന പാതയും ഇല്ലാതാകുന്ന നാള്‍ പിന്നെ വിദൂരമല്ല. റാഞ്ചിയിലേക്കുള്ള ദൂരം 180-ല്‍ നിന്നും 250-ഉം, ബനാരിയിലേക്കുള്ള ദൂരം 80-ല്‍ നിന്നും 280-ഉം ആയി വര്‍ദ്ധിക്കുകയും ചെയ്യും. നിരവധി ജലസേചന സംവിധാനങ്ങളും തകരാറിലാകും. സൈന്യത്തിന്റെ പദ്ധതി അറുപതോ അതില്‍ക്കൂടുതലോ കിലോമീറ്റര്‍ ഉള്‍പ്പെടുന്നതാണ്‌. ഇതൊന്നും ഒരിക്കലും പഴയപടിയാക്കാന്‍ ആവാത്ത പ്രക്രിയയുമാണ്‌. ഇത്തവണ, പഴയപോലെ ഒരു താത്ക്കാലിക സംവിധാനമെന്ന നിലയ്ക്കല്ല, ഒരു സ്ഥിരം സംവിധാനമായിട്ടാണ്‌ ഫയറിംഗ്‌ റേഞ്ച്‌ വരാന്‍ പോകുന്നത്‌.

പന്ത്രണ്ട്‌ സ്കൂളുകളാണ്‌ നശിക്കാന്‍ പോകുന്നത്‌. കൂടാതെ, റവന്യു ബംഗ്ലാവുകള്‍, പഞ്ചായത്ത്‌ ഓഫീസുകള്‍, എല്ലാം. പക്ഷേ നേതാര്‍ഹട്ടിലെ പബ്ലിക്‌ സ്കൂളിനെ സൈന്യം ഒഴിവാക്കിയിട്ടുണ്ട്‌."ജവാന്മാരുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്കൂളാണത്‌" റിട്ടയര്‍ ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു."അതുകൊണ്ടാണ്‌ അതിനെ ഒഴിവാക്കിയത്‌". ഏതായാലും, ഹില്‍ സ്റ്റേഷനുകള്‍ കയ്യടക്കുന്നതില്‍ സൈന്യം പ്രത്യേക വിരുത്‌ കാണിക്കുന്നുണ്ട്‌".

നാശത്തിലേക്ക്‌ നീങ്ങുന്ന പ്രദേശങ്ങളില്‍, ലോകത്തിലേക്കും വെച്ച്‌ സമൃദ്ധമായ സാലവനങ്ങളും ഉള്‍പ്പെടുന്നു. സമീപത്തുതന്നെയുള്ള ബെറ്റ്‌ല ദേശീയോദ്യാനം, പ്രൊജക്റ്റ്‌ ടൈഗര്‍ റിസര്‍വ്‌, ഇവക്കു ചുറ്റുമുള്ള കാടുകള്‍ എന്നിവയില്‍, 85,000-ല്‍ അധികം വന്യജീവികളുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ഇതില്‍ 57 പുലികള്‍, 60 കടുവകള്‍, 300 കാട്ടുപോത്ത്‌, 115 കാട്ടാനകള്‍, ഇതൊക്കെ ഉള്‍പ്പെടുന്നു. എന്തൊക്കെത്തന്നെയായാലും പ്രൊജക്റ്റ്‌ ടൈഗര്‍ റിസര്‍വ്വ്‌ നശിക്കുമെന്ന് ഇതിനകം തീര്‍ച്ചയായിരിക്കുന്നു.

ജന സംഘര്‍ഷ സമിതിയിലെ ഒരു പ്രവര്‍ത്തകന്‍ പറഞ്ഞത്‌, ഇവിടെ സമീപഭാവിയില്‍ കുറേക്കൂടി വലിയ ഒരു സൈനിക ആസ്ഥാനം വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്‌ എന്നായിരുന്നു. "ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സൈനിക ആസ്ഥാനം". ഈ വാര്‍ത്ത സ്ഥിരീകരിക്കപ്പ്പെട്ടിട്ടില്ലെങ്കിലും, മഹുവദാനറിലെ റോമന്‍ കത്തോലിക്ക മിഷനിലെ ആളുകള്‍ സൂചിപ്പിക്കുകയുണ്ടായി, പ്രതിദിനം 100,000 കോഴിമുട്ടകള്‍ ഉത്‌പാദിപ്പിക്കുന്ന ഒരു കോഴിവളര്‍ത്തല്‍ കേന്ദ്രം ഇവിടെ ആരംഭിക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്‌.

ഇതിനെതിരായ സമ്മര്‍ദ്ദങ്ങളും നിരവധി തലങ്ങളില്‍ നടക്കുന്നുണ്ട്‌. പ്രൊജക്റ്റ്‌ ടൈഗറിനെ സംബന്ധിക്കുന്ന എന്തും ആഗോള ശ്രദ്ധ ആകര്‍ഷിക്കാനിടയുള്ളതാണ്‌.ബീഹാര്‍ സര്‍ക്കാരിലെതന്നെ ഒരു വിഭാഗം ഇതിനെതിരായിരുന്നു.പാറ്റ്‌നയിലെ ഒരു ഉദ്യോഗസ്ഥന്‍ ടെലിഫോണില്‍ ചോദിച്ചു. "നാവികസേനക്ക്‌ പരിശീലനം നടത്താനായി ഓരോ തവണയും മുംബൈയിലെ മലബാര്‍ ഹില്ലിലെ ആളുകള്‍ക്കാണ്‌ ഇങ്ങിനെ ഒഴിഞ്ഞുപോവേണ്ടിവരുന്നതെങ്കിലോ? അതും, ദിവസത്തില്‍ ഒന്നര രൂപ പ്രതിഫലവും വാങ്ങി? ഇവിടെ ഇത്‌ സംഭവിക്കുന്നത്‌, ഇവര്‍ ആദിവാസികളായതുകൊണ്ടു മാത്രമാണ്‌. ഇതൊരു പിന്നോക്ക പ്രദേശമായതിനാല്‍". പ്രാദേശീക ഭരണാധികാരികളും ഫയറിംഗ്‌ റേഞ്ചിനു അനുകൂലമായിരുന്നില്ല. ചിലര്‍ ഭൂമി ഏറ്റെടുക്കലിനെതിരെ കേസ്സുകള്‍ ഫയല്‍ ചെയ്തിരുന്നു. ചില ഉദ്യോഗസ്ഥര്‍ ഇതില്‍ മൗനം പാലിക്കുന്നുണ്ടെങ്കിലും, എനിക്കിത്‌ തെളിയിക്കാനാകും.

ഡാല്‍ടന്‍ഗഞ്ചിലെയും, ഗുംലയിലെയും പ്രതിഷേധ പ്രകടനങ്ങള്‍ ഉശിരുള്ളതായിരുന്നു.ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്ന ആളുകളുടെ ഐക്യദാര്‍ഢ്യം, എല്ലാ എതിര്‍പ്പുകളെയും നേരിടാന്‍ തക്കവണ്ണം ശക്തമായിരുന്നു. അവരുടെ പ്രധാന ശക്തിയായിരുന്ന ആ ഐക്യത്തിന്റെ പിന്നിലുള്ള യുക്തി വളരെ ലളിതമാണ്‌. അറഹാന്‍സിലെ ഫൂല്‍മണി ദേവി ബിര്‍ജിയ അത്‌ അവതരിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌: " ഇതിലും ഭേദം ഞങ്ങളെ കൊല്ലുന്നതാണ്‌. ഭൂമിയില്ലെങ്കില്‍പിന്നെ ഞങ്ങള്‍ മരിച്ചതിനു തുല്യമല്ലേ? അവര്‍ കുറച്ച്‌ പൈസ തന്നേക്കാം. പക്ഷേ ഞങ്ങളുടെ ഭൂമി ആരു തരും" പാസ്കല്‍ മിഞ്ച്‌ പറയുന്നു. ഈ ആദിവാസികള്‍ കാടുമായി വളരെ ബന്ധപ്പെട്ടവരായതുകൊണ്ട്‌ സമതലങ്ങളില്‍ അവര്‍ തീരെ നിസ്സഹായരാണ്‌., ഇപ്പോള്‍തന്നെ, ഇതില്‍ ചില ഗോത്രങ്ങള്‍ മണ്‍മറഞ്ഞുതുടങ്ങിയിരിക്കുന്നു. പൈലറ്റ്‌ നേതാര്‍ഹട്ട്‌ ഫയറിംഗ്‌ റേഞ്ച്‌ വന്നാല്‍ ഇത്‌ ഇനിയും കൂടുകയേ ഉള്ളു". ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചതുപോലെ, 'പൈലറ്റ്‌' എന്ന വാക്കു തന്നെ, 'ഇനിയും കൂടുതല്‍ പിന്നാലെ വരാന്‍ പോവുന്നു' എന്നതിന്റെ വ്യക്തമായ സൂചനയാണ്‌.

ഏറ്റവും രസകരമായ സംഗതി,ഇനി ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവരുകയാണെങ്കില്‍, അതിനുള്ള കാരണവും, 'പരിസ്ഥിതി പ്രശ്നം' ആയിരിക്കുമെന്നതാണ്‌. പരിസ്ഥിതിയും, സൈന്യത്തിന്റെ സാമ്പത്തിക ഞെരുക്കവും. സൈന്യത്തിന്റെ കയ്യില്‍ 80 കോടി രൂപ മാത്രമേ ഇതിനുവേണ്ടിയുള്ളു. അവരുടെ പദ്ധതി നടക്കണമെങ്കില്‍, ഇതിന്റെ ഇരട്ടി ആവശ്യവുമാണ്‌. കാരണം, നിയമം അനുശാസിക്കുന്നത്‌, നശിപ്പിക്കപ്പെടുന്ന വനത്തിന്റെ ഇരട്ടി അളവില്‍ നിര്‍ബന്ധമായും, മറ്റെവിടെയെങ്കിലും വനം നട്ടുപിടിപ്പിക്കണമെന്നാണ്‌. ഇതിനുള്ള സാമ്പത്തിക സ്ഥിതിയാകട്ടെ സൈന്യത്തിനില്ല.

മറ്റൊരു ഉദ്യോഗസ്ഥന്‍ അല്‍പം പരിഹാസത്തോടെ പറഞ്ഞു "ആപത്ത്‌ നേരിടുമ്പോള്‍ വൃക്ഷങ്ങള്‍ക്കും, മൃഗങ്ങള്‍ക്കുമാണ്‌, ആദിവാസികളെക്കാളുമധികം ആഗോള ശ്രദ്ധ കിട്ടുക".

കിസ്സാന്‍ ഗോത്രത്തിലെ ഒരു മുതിര്‍ന്ന കാരണവരായ കുന്ത്ര കിസ്സാന്‍ പറഞ്ഞു. " ഇനി ഈ ഫയറിംഗ്‌ റേഞ്ച്‌ വേണ്ടെന്നുതന്നെ വെച്ചാലും, ആദിവാസികള്‍ക്ക്‌ സ്വന്തം ഭൂമിയില്‍ എന്തൊക്കെയാണ്‌ അനുഭവിക്കേണ്ടിവരുന്നതെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കണം. ഞങ്ങളുടെ കഥ അവര്‍ അറിയണം".

പിന്‍കുറിപ്പ്‌

ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ വിവിധ എഡിഷനുകളില്‍ വന്ന ഈ കഥ ഒരു നല്ല ഫലം ചെയ്തു. ബീഹാര്‍ സര്‍ക്കാരിലെ ഒരു വിഭാഗം ആദ്യം മുതലേ ഇതിനെതിരായിരുന്നു. ഇപ്പോള്‍ അവര്‍ ഒന്നടങ്കം ഇതിനെതിരെ അണിനിരന്നുകഴിഞ്ഞു.

ഈ വാര്‍ത്തയെ നിഷേധിക്കാന്‍, 1993 ഡിസംബര്‍ 9-ന്‌ സൈന്യത്തിലെ തലവന്മാര്‍ റാഞ്ചിയില്‍ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി. എനിക്കും അതിനുള്ള ക്ഷണം കിട്ടി. ക്ഷണപത്രിക അയച്ച തിയ്യതി ഡിസംബര്‍ 18 ആയിരുന്നു എന്നു മാത്രം. ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ "തീര്‍ത്തും, അടിസ്ഥാനരഹിതവും, വ്യാജവും, ദുരുദ്ദേശപ്രേരിതവുമായ' വാര്‍ത്തക്കെതിരായി അവര്‍ ആഞ്ഞടിച്ചു. "ആ പ്രദേശത്തെ ചില സ്വാര്‍ത്ഥതാത്‌പര്യക്കാരുടെ കുത്സിതവേലയായി' അവര്‍ ഇതിനെ ചിത്രീകരിക്കുകയും ചെയ്തു. 'യഥാര്‍ത്ഥ വസ്തുതകള്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും' അവര്‍ അവകാശപ്പെട്ടു. പക്ഷേ, ഉദ്യോഗസ്ഥന്മാരുടെ പതിവു ശൈലിയില്‍ ഇവിടെയും, പത്രക്കുറിപ്പ്‌ തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ തീയ്യതി തെറ്റിച്ചായിരുന്നു എഴുതിയിരുന്നത്‌.

സൈന്യത്തിന്റെ ക്ഷണപ്രകാരം പത്രപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തിനെത്തി. ഏതുവിധത്തിലാണ്‌ പദ്ധതി 'പ്രദേശത്തെ നിവാസികള്‍ക്ക്‌ ഗുണകരമായി ഭവിക്കുക' എന്നതിനെക്കുറിച്ച്‌ അവര്‍ക്ക്‌ അറിയാനും സാധിച്ചു. ഈ പത്രസമ്മേളനംകൊണ്ട്‌ പ്രത്യേകിച്ച്‌ ഗുണമൊന്നുമുണ്ടായില്ല. സദുദ്ദേശപരമായ ഒരു പത്രസമ്മേളനമായിരുന്നെങ്കില്‍, ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ടറെ ക്ഷണിക്കുകയും, ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്‌. അതുണ്ടായില്ല. എങ്കില്‍ അവരുടെ 'നിഷേധക്കുറിപ്പുകള്‍" അര്‍ത്ഥശൂന്യമാവുമായിരുന്നു. കാരണം, 'നേതാര്‍ഹട്ടിലെ ഫയറിംഗ്‌ റേഞ്ചിനുവേണ്ട ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍', പ്രാദേശിക ഭരണാധികാരികളെ നിര്‍ബന്ധിച്ചുകൊണ്ട്‌ സൈന്യം എഴുതിയ കത്തിന്റെ പകര്‍പ്പ്‌ ഇപ്പോഴും എന്റെ കൈവശംതന്നെയുണ്ട്‌. ഏറ്റെടുക്കല്‍ നടപ്പിലാക്കാന്‍ ആവശ്യമായ വിശദാംശങ്ങള്‍ക്കുവേണ്ടി തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പാലാമോ ജില്ലയിലെ പ്രാദേശിക ഉദ്യോഗസ്ഥര്‍ ഉദാസീനത കാണിക്കുന്നുവെന്നും സൈനികോദ്യോഗസ്ഥര്‍ ആ കത്തില്‍ സൂചിപ്പിച്ചിരുന്നു. മാത്രവുമല്ല, പാറ്റ്‌നയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനോട്‌ ജില്ലാ ഭരണാധികാരികളെ വരുതിയില്‍ കൊണ്ടുവരാനും ആ കത്തിലൂടെ സൈനികോദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

സൈന്യം, പിന്നീട്‌, പാറ്റ്‌നയില്‍ നിന്നുള്ള ഒരു പത്രപ്രവര്‍ത്തകസംഘത്തെ നേതാര്‍ഹട്ടിലേക്ക്‌ കൊണ്ടുപോയി. പദ്ധതി ബാധിക്കാന്‍ പോകുന്ന ആളുകളെ ഇതുവരെ ഒരിക്കലും ഒന്നു സന്ദര്‍ശിക്കുകപോലും ചെയ്തിട്ടില്ലായിരുന്ന ഒന്നോ രണ്ടോ പത്രറിപ്പോര്‍ട്ടര്‍മാര്‍ സൈന്യത്തിന്റെ ചുവടുപിടിച്ച്‌, അവരുടെ പത്രങ്ങളില്‍ ചില ഖണ്ഡികകള്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. ഈ ഫയറിംഗ്‌ റേഞ്ചിന്റെ പ്രാധാന്യത്തെക്കുറിച്ചും, സൈന്യം ചെയ്യുന്ന ഒരു മഹത്തായ കാര്യമാണ്‌ അതെന്നും ഒക്കെയായിരുന്നു അവയുടെ കാതല്‍. പക്ഷേ ആ വാര്‍ത്തകള്‍ക്ക്‌ അല്‍പംപോലും പൊതുസമ്മതി കിട്ടിയില്ല. സൈന്യം അവകാശപ്പെട്ടതുപോലെ, 'ഗുണകരമായ' വിധത്തിലല്ല തങ്ങളെ അത്‌ ബാധിക്കുക എന്ന് പ്രദേശത്തെ നിവാസികള്‍ക്ക്‌ നല്ല നിശ്ചയമുണ്ടായിരുന്നു. റാഞ്ചിയിലും, പിന്നീട്‌ ഡല്‍ഹിയിലും, ഗിരിവര്‍ഗ്ഗക്കാര്‍, ഫയറിംഗ്‌ റേഞ്ചിനെതിരെ ഗംഭീര റാലികള്‍ നടത്തി. എല്ലാ എതിര്‍പ്പുകളേയും ധീരമായി നേരിട്ട്‌ വിവിധ ഗോത്രങ്ങളില്‍ നിന്നുള്ള സമരക്കാര്‍ പ്രതിഷേധത്തില്‍ ഉടനീളം ഐക്യം നിലനിര്‍ത്തുകയും ചെയ്തു.

പ്രാദേശികമായ പ്രതിരോധത്തിന്‌ ഗതിവേഗം കൂടുന്തോറും, ബീഹാറിലെ അധികാരികള്‍ക്ക്‌, ഈ മട്ടിലുള്ള വ്യാപകമായ ഒരു കുടിയൊഴിക്കലിന്റെ അര്‍ത്ഥശൂന്യത കൂടുതല്‍ക്കൂടുതല്‍ ബോധ്യപ്പെട്ടു. ദരിദ്രര്‍ക്കും, അധസ്ഥിതര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാരാവുമ്പോള്‍, ഇത്‌ തികച്ചും സ്വാഭാവികമാണ്‌. സ്ഥിരമായ ഫയറിംഗ്‌ റേഞ്ചിനുള്ള പദ്ധതി അങ്ങിനെ തത്‌ക്കാലത്തേക്ക്‌ മരവിപ്പിച്ചിരിക്കുന്നു. ഏറ്റവും ഒടുവില്‍ അന്വേഷിച്ചപ്പോഴും അതങ്ങിനെത്തന്നെയിരിക്കുന്നു എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. പഴയതുപോലെ ഇടക്കിടക്കുള്ള വെടിവെയ്പ്പ്‌ പരിശീലനം പുനരാരംഭിക്കാനുള്ള സൈന്യത്തിന്റെ നീക്കം മാത്രമാണ്‌ ഈ സമാധാന അന്തരീക്ഷത്തെ അല്‍പമെങ്കിലും കലുഷിതമാക്കുന്നത്‌.

Sunday, September 9, 2007

അദ്ധ്യായം-2 സൈന്യത്തിന്റെ തോക്കിന്‍ മുനമ്പില്‍-1

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

സെകുവപാനി, ഗുംല(ബീഹാര്‍): ആകാശം തീ വര്‍ഷിക്കുകയും, കാല്‍ക്കീഴിലുള്ള ഭൂമി പ്രകമ്പനം കൊള്ളുകയും ചെയ്തപ്പോള്‍ ഭയന്നു വിറച്ച്‌ ബധ്വയും ബിര്‍സ അസുരനും വനത്തിനുള്ളില്‍ കഴിഞ്ഞു. പേടിച്ചു വിറച്ച അസുര ഗോത്രം, തങ്ങളുടെ കുട്ടികളും, ആടുമാടുകളും, പന്നികളുമൊക്കെയായി കാട്ടില്‍ അവിടെയവിടെ സംഘംചേര്‍ന്നു കഴിച്ചുകൂട്ടി. മണിക്കൂറുകള്‍ക്കു മുന്‍പ്‌ തങ്ങള്‍ ഉപേക്ഷിച്ചുപോന്ന ഗ്രാമം സുരക്ഷിതമായി അവശേഷിക്കുന്നുണ്ടാകുമെന്ന് അവര്‍ ആശിച്ചു.

ഗുംലയിലെ സെകുവപാനി എന്ന പ്രദേശം ഇന്ത്യന്‍ സേനയുടെ വെടിവെയ്പ്പ്‌ പരിശീലന പരിധിയില്‍ വരുന്ന ഒരു സ്ഥലമായിരുന്നു. ഈ ഫയറിംഗ്‌ റേഞ്ച്‌ പ്രവര്‍ത്തിക്കുന്നതാകട്ടെ, ഏറ്റവും ദരിദ്ര ജില്ലയായ പാലാമോയിലെ മഹുവദാനി ബ്ലോക്കിലാണ്‌. റാഞ്ചിയിലെ 23 ആര്‍ട്ടില്ലറി ബ്രിഗേഡ്‌ ഓരോ തവണ ഈ അഭ്യാസപ്രകടനം നടത്തുമ്പോഴും,ആയിരക്കണക്കിന്‌ ഗോത്രവര്‍ഗ്ഗക്കാരാണ്‌ ദുരിതമനുഭവിക്കുന്നത്‌. വീടുകള്‍ ഉപേക്ഷിച്ച്‌, അവര്‍ക്ക്‌ കാട്ടില്‍ അഭയം തേടേണ്ടിവരുന്നു.

പിറ്റേ ദിവസം രാവിലെ തിരിച്ചുപോകുമ്പോള്‍, ഒഴിഞ്ഞുപോയതിനും വീടും സ്വത്തും ഒരുപക്ഷേ തങ്ങളുടെ ജീവിതം തന്നെയും പണയപ്പെടുത്തിയതിനും അവര്‍ക്കുള്ള 'നഷ്ടപരിഹാരം'കിട്ടും. ഉദാരമതിയായ സൈന്യത്തിന്റെ വക 1 രൂപ 50 പൈസ അവര്‍ക്കോരോരുത്തര്‍ക്കും. ചിലപ്പോള്‍, ഈ അഭ്യാസം നാലും അഞ്ചും ദിവസം വരെ നീണ്ടുപോകാറുമുണ്ട്‌. 1956 മുതല്‍ ഇത്‌ പല രീതിയിലും തുടര്‍ന്നുവരികയാണ്‌. ഈയടുത്ത കാലത്തായി പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയും ചെയ്തിരിക്കുന്നു.

ഈ ഫയറിംഗ്‌ റേഞ്ച്‌ സ്ഥിരമാക്കാന്‍ സൈന്യം ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്‌*. എന്നുവെച്ചാല്‍, പാലാമൊയിലെയും ഗുംലയിലെയും 1,62,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് അര്‍ത്ഥം. പതിനായിരക്കണക്കിനു മുന്‍ഡ, ഓറോണ്‍, അസുര, ബിര്‍ജിയ, കിസാന്‍ ഗോത്രങ്ങളെ ഇതിനുവേണ്ടി ഒഴിപ്പിക്കേണ്ടിവരും. കുറെ ബിര്‍ഹോര്‍ ഗോത്രക്കാരേയും. അവരുടെ ഏകസമ്പാദ്യമായ ഭൂമി പാലാമോയിലെയും ഗുംലയിലെയും പൈലറ്റ്‌ നേതാര്‍ഹട്ട്‌ ഫീല്‍ഡ്‌ ഫയറിംഗ്‌ റേഞ്ച്‌ (Pilot Netarhat Field Firing Range) എന്ന പദ്ധതിക്കുവേണ്ടി ത്യജിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു അവര്‍.

ഈ പദ്ധതി വ്യാപകമായ വനനാശത്തിനു വഴിവെക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ബെട്‌ല ദേശീയോദ്യാനം നാശത്തെ അഭിമുഖീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്‌. ടൈഗര്‍ റിസര്‍വ്വ്‌ പദ്ധതിക്കും അധികം ആയുസ്സില്ല. പക്ഷേ, ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക, ദരിദ്രരും,ആദിമ ഗോത്രവര്‍ഗ്ഗക്കാരുമുള്‍പ്പെടുന്ന ആദിവാസികള്‍ക്കായിരിക്കും.

തനത്‌ ദേശവര്‍ഗ്ഗക്കാരുടെ അന്താരാഷ്ട്ര വര്‍ഷത്തിനും(1993) പാലമോയിലെയും ഗുംലയിലെയും ദരിദ്രരായ ഗോത്രക്കാരെ സഹായിക്കാന്‍ സാധിച്ചിട്ടില്ല.

കുടിയൊഴിക്കല്‍ എന്നത്‌, ച്ഛോട്ടാനാഗ്‌പൂറില്‍ പ്രചാരത്തിലിരിക്കുന്ന ഒരു പ്രധാന വാക്കാണ്‌. പല വമ്പന്‍ പദ്ധതികളും ലക്ഷക്കണക്കിന്‌ ആളുകളെയാണ്‌ ബാധിക്കുന്നത്‌. ഇതില്‍, ഭൂമി കയ്യേറ്റവും, രേഖകള്‍ തിരുത്തലും, അണക്കെട്ട്‌ നിര്‍മ്മാണവും, ഖനനവും പിന്നെ പേരിനു 'വികസനവും' എല്ലാം ഉള്‍പ്പെടുന്നു. ഇതിലൊക്കെ, ഒഴിപ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും(മുഴുവന്‍ എന്നു പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍) ആദിവാസികളും, ദളിതുകളുമാണ്‌. പ്രതിരോധിക്കാനുള്ള അവരുടെ ശേഷി തീരെ പരിമിതവും.

'കരിമരുന്നുപ്രയോഗ'ത്തിനു ശേഷം ഗ്രാമത്തില്‍ തിരിച്ചെത്തുന്ന അസുരന്‍മാര്‍ തങ്ങളുടെ കൃഷിനാശത്തിന്റെയും, മോഷണം പോയ കോഴികളുടെയും കണക്കെടുക്കുന്നു.

വയലുകളിലൂടെ സഞ്ചരിക്കുന്ന സൈനിക വാഹനങ്ങളും, സൈനികരും കൃഷിക്കുണ്ടാക്കുന്ന നാശം ചില്ലറയൊന്നുമല്ല. ചില സന്ദര്‍ഭങ്ങളില്‍ 7000 രൂപയോളം നഷ്ടം വരാറുണ്ട്‌ ഓരോ ഏക്കറിലും. ഗ്രാമത്തിലെ മുതിര്‍ന്ന ഒരാള്‍ പറഞ്ഞു "ഒരിക്കല്‍, രണ്ടു ബോംബുകള്‍ വളരെ അടുത്തു വന്നു വീണു. മരങ്ങള്‍ കടപുഴകി വീഴാറുണ്ട്‌. ചിലപ്പോള്‍, അവ അപ്പാടെ ഉണങ്ങിപ്പോവുകയും ചെയ്യും. ചിലപ്പോള്‍ ഷെല്ലുകള്‍ വന്നുവീഴാറുണ്ട്‌. പൊട്ടാത്ത ഷെല്ലുകള്‍".

അത്തരത്തിലുള്ള ഒരു ഷെല്‍, ഒരു ഗ്രാമത്തില്‍വെച്ച്‌ എനിക്ക്‌ കാണാന്‍ കഴിഞ്ഞു.12-15 കിലോ തൂക്കമുണ്ടായിരുന്നു അതിന്‌. "ഓരോ തവണ അവര്‍ അഭ്യാസം നടത്തുമ്പോഴും, ഞങ്ങള്‍ക്ക്‌ ഇരുപത്തിനാലു മണിക്കൂര്‍ സമയം പോലും തരാറില്ല. ഈ സമയത്തിനുള്ളില്‍ വേണം എല്ലാം കെട്ടിപ്പെറുക്കി വീടു വിട്ട്‌, നാലു കിലോമീറ്റര്‍ നടന്ന്, കാട്ടിലെത്താന്‍" ബധ്വ അസുര്‍ പറഞ്ഞു.

പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു, ഈ ഗ്രാമങ്ങളില്‍.പാലാമോയില്‍ ഇരുപത്തിയൊന്‍പതും, ഗുല്‍മയില്‍ എണ്‍പതും ഗ്രാമങ്ങളെ ഇത്‌ ബാധിക്കുമെന്നാണ്‌ കരുതുന്നത്‌. ഒരു റിട്ടയേര്‍ഡ്‌ ബ്ലോക്ക്‌ വെല്‍ഫയര്‍ ഉദ്യോഗസ്ഥനായ പാസ്കല്‍ മിഞ്ച്‌ പറഞ്ഞു. "അവര്‍ ഘട്ടം ഘട്ടമായിട്ടാണ്‌ ഇത്‌ നടപ്പാക്കുന്നത്‌. ഒരു സമയത്ത്‌ കുറച്ചു ഗ്രാമങ്ങളെ മാത്രമേ അവര്‍ സമീപിക്കുന്നത്‌. ഇതിന്റെ ഉദ്ദേശ്യം, ആളുകള്‍ക്കിടയില്‍ ഒരു ആശയക്കുഴപ്പം ഉണ്ടാക്കുകയും, വലിയതോതിലുള്ള പ്രതിഷേധങ്ങളെ ഇല്ലാതാക്കുകയുമാണ്‌ " മിഞ്ചും, അദ്ദേഹത്തിന്റെ ജന സംഘര്‍ഷ സമിതിയും ഗിരിവര്‍ഗ്ഗക്കാരുടെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ടായിരുനു.

പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളും, മനപ്പൂര്‍വ്വം പ്രചരിപ്പിക്കപ്പെട്ട കഥകളും വളരെയധികം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പാലാമോയിലെ പലരും വിശ്വസിച്ചിരുന്നത്‌, പദ്ധതി നിര്‍ത്തിവെച്ചിരിക്കുന്നുവെന്നാണ്‌. ഗുംലയിലെ പഴയ എം.പി. ശിവ പ്രസാദ്‌ സാഹു അവരോട്‌ അങ്ങിനെയാണ്‌ പറഞ്ഞിട്ടുള്ളത്‌. പഴയ കേന്ദ്ര സഹകാര്യ മന്ത്രി സുമതി ഒറാവോണും, സാഹുവിന്റെ അവകാശവാദത്തെ സ്ഥിരീകരിച്ചിരുന്നു. എങ്കിലും, ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല അതിന്‌.

അവിടെ ഒരു സൈനിക ആസ്ഥാനം, അഥവാ കന്റോണ്‍മന്റ്‌ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ സാഹു പ്രതിരോധ മന്ത്രാലയത്തിനോട്‌ അതിനെക്കുറിച്ച്‌ അന്വേഷിച്ചു. അത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവും നിലവില്‍ ഇല്ലെന്ന മറുപടിയാണ്‌ അയാള്‍ക്ക്‌ ലഭിച്ചത്‌."അത്‌ ശരിയാണ്‌", ഗിരിവര്‍ഗ്ഗക്കാരോട്‌ അനുഭാവമുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. "ഒരു ഫയറിംഗ്‌ റേഞ്ചാണ്‌ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്‌. സൈനിക ആസ്ഥാനമല്ല".സാഹുവിന്റെ അന്വേഷണത്തിന്റെ ചുവടുപറ്റി പത്രക്കാരും അവരുടെ വക അന്വേഷണങ്ങള്‍ നടത്തി. അതുകൊണ്ട്‌ ഔദ്യോഗികമായ 'നിഷേധം' ഉണ്ടായതുമില്ല.

അടുത്ത ഘട്ടത്തില്‍ സൈനിക കന്റോണ്‍മന്റ്‌ വരുമെന്നു തന്നെ, മിഞ്ചും സുഹൃത്തുക്കളും വിശ്വസിക്കുന്നു. ആ വാക്കിനെക്കുറിച്ച്‌ ഏതായാലും ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നുമുണ്ട്‌. താഴെ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചപോലെ " ഒരു തീവണ്ടിപ്പാതക്കുവേണ്ടി ഞങ്ങളുടെ ഗ്രാമം ഇല്ലാതാക്കാന്‍ തീരുമാനിച്ചുവെന്ന് കരുതുക. പക്ഷേ നിങ്ങള്‍ ചോദിക്കുന്നത്‌, ഒരു അണക്കെട്ടിനുവേണ്ടി ഞങ്ങളുടെ ഗ്രാമം ഇല്ലാതാവാന്‍ പോവുകയാണോ എന്നാവുമ്പോള്‍ ഞങ്ങള്‍ സ്വാഭാവികമായും പറയുക, അല്ലെന്നായിരിക്കും. അതേ സമയം, തീവണ്ടിപ്പാതയെക്കുറിച്ച്‌ ഞങ്ങള്‍ നിശ്ശബ്ദരായിരിക്കുകയും ചെയ്യും".

ജന സംഘര്‍ഷ സമിതിയിലെ ഒരു പ്രവര്‍ത്തകന്‍ പറയുന്നു. "ആരും ഈ വിദൂര ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുവാന്‍ മിനക്കെടുന്നില്ല എന്നതാണ്‌ പ്രധാനപ്പെട്ട പ്രശ്നം.. എന്താണ്‌ സംഭവിക്കുന്നതെന്ന് പിന്നെ എങ്ങിനെയാണ്‌ നിങ്ങള്‍ മനസ്സിലാക്കുക?" അയാള്‍ പറഞ്ഞത്‌ ശരിയാണെന്ന്‌ തെളിഞ്ഞു. സാഹുവിന്‌ സര്‍ക്കാരിന്റെ 'ഔദ്യോഗിക നിഷേധം' കിട്ടി ഇരുപത്‌ ദിവസം പിന്നിടുമ്പോഴും, സൈന്യം ആ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ടായിരുന്നു. ഇതില്‍, ഏഴു ഗ്രാമങ്ങള്‍ - നേതാര്‍ഹട്ട്‌, നൈന, ഹസ്മു, നവതാലി, ചോര്‍മുണ്ട, ഹോര്‍മുണ്ടതാലി, അര്‍ഹാന്‍സ്‌, എന്നിവ- ഉടനടി ഏറ്റെടുക്കും. ഇവിടെയുള്ള 6300 ഏക്കറില്‍ നിന്നാണ്‌ ഇനി തോക്കുകള്‍ ഗര്‍ജ്ജിക്കുക. ഇതില്‍ അഞ്ചു ഗ്രാമങ്ങളില്‍ ഞാന്‍ പോയിരുന്നു. കാര്യങ്ങളുടെ വിശദാംശങ്ങളില്‍നിന്ന് മനപ്പൂര്‍വ്വം അകറ്റിനിര്‍ത്തപ്പെട്ട ഈ ഗ്രാമങ്ങളിലെ ആളുകള്‍ക്ക്‌ പറയാന്‍ ധാരാളം കാര്യങ്ങളുണ്ടായിരുന്നു. അത്‌, പക്ഷേ, മറ്റൊരു കഥയാണ്‌.


* ഈ സ്ഥലം ഏറ്റെടുക്കല്‍ ഇപ്പോഴും സര്‍ക്കാരിന്റെ അജണ്ടയിലുണ്ടെങ്കിലും, വ്യാപകമായ ജനരോഷം ഇപ്പോഴും അവിടങ്ങളില്‍ നിലനില്‍ക്കുന്നതിനാല്‍, ആദിവാസികള്‍ക്ക്‌ ഒരു ചെറിയ ഇടവേള ലഭിച്ചിരിക്കുന്നു.(പരിഭാഷക കുറിപ്പ്‌)

Wednesday, September 5, 2007

ഭാഗം 4 - "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

അദ്ധ്യായം 1 - ഒരു പദ്ധതി വരും വരെ

ആസ്ത്രേലിയ എന്ന ഭൂഖണ്ഡത്തിലെ മുഴുവന്‍ ആളുകളും തങ്ങളുടെ വീട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ടുവെന്ന് വെറുതെയൊന്ന് സങ്കല്‍പ്പിച്ചു നോക്കുക - 18 ദശലക്ഷം ആളുകള്‍ക്ക്‌ അവരുടെ ഭൂമി നഷ്ടപ്പെടുന്നു, വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും തൊഴിലും വരുമാനവും നഷ്ടപ്പെട്ട്‌, നിരാലംബരാവുകയും ചെയ്യുന്ന ഒരു അവസ്ഥ. കുടുംബങ്ങള്‍ ശിഥിലമാവുകയും ചിന്നിച്ചിതറുകയും ചെയ്യുമ്പോള്‍ സാമൂഹ്യ ബന്ധങ്ങള്‍ തകര്‍ന്നടിയുന്നു. തങ്ങളുടെ പ്രധാന സ്രോതസ്സുകളില്‍ നിന്ന് മുറിച്ച്‌ മാറ്റപ്പെട്ട അവരില്‍നിന്ന് പിന്നീട്‌ ചരിത്രവും, പാരമ്പര്യവും, സംസ്കാരവും മോഷ്ടിക്കപ്പെടുന്നു. ഒരു പക്ഷേ തീര്‍ത്തും അപരിചിതമായ ഒരു ഭക്ഷണ രീതി പോലും അവരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. വര്‍ദ്ധിച്ചു വരുന്ന രോഗവും, മരണങ്ങളും ഈ നിഷ്കാസിതരെ പിന്തുടരുന്നു. കൂടാതെ, വരുമാനത്തിലും വിദ്യാഭ്യാസത്തിലുമുള്ള കുറവും. തീര്‍ന്നില്ല, തൊഴിലില്ലായ്മയും, വിവേചനവും, സമൂഹത്തിലെ താഴേക്കിടയിലെ പദവിയും എല്ലാം. വിരോധാഭാസമെന്നു പറയട്ടെ, ഇതൊക്കെ സംഭവിക്കുന്നതോ? വികസനത്തിന്റെ പേരിലും. ഇരകള്‍ ഗൂണഭോക്താക്കളായും ചിത്രീകരിക്കപ്പെടുന്നു.

ഒരു കഥപോലെ അയഥാര്‍ത്ഥമായി തോന്നുന്നുണ്ടോ?

ഇന്ത്യയില്‍ ഇത്‌ സംഭവിച്ചു. 1951-നും-90-നുമിടക്കുള്ള കാലഘട്ടത്തില്‍ 21.6 ദശലക്ഷം ആളുകളെ കനാലുകള്‍ക്കും അണക്കെട്ടുകള്‍ക്കും വേണ്ടിമാത്രം കുടിയിറക്കിയപ്പോള്‍, അവരെ പിന്തുടര്‍ന്നത്‌ ഈ വിധിയായിരുന്നു. ഖനനം കൊണ്ട്‌ കുടിയിറങ്ങിയ മറ്റൊരു 2.1 ദശലക്ഷത്തെ ഇതിനോടു ചേര്‍ക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ കാനഡയുടെ ജനസംഖ്യ കിട്ടും. വ്യവസായങ്ങള്‍ക്കും, താപ നിലയങ്ങള്‍ക്കും, പ്രതിരോധ നിര്‍മ്മാണങ്ങള്‍ക്കും വേണ്ടി വീടു പറമ്പും ഇട്ടെറിഞ്ഞുപോവേണ്ടി വന്ന മറ്റൊരു 2.4 ദശലക്ഷം കൂടി ഇനി വരുന്നു. ഇപ്പോള്‍ സംഖ്യ 26 ദശലക്ഷത്തോളമായി.

ഇതൊക്കെ അടിസ്ഥാന കണക്കുകളാണ്‌. സര്‍ക്കാരിന്റെ കണക്കുകള്‍പ്രകാരം തന്നെ, 1985 വരെയുള്ള കാലത്ത്‌, 15 ദശലക്ഷം ആളുകളാണ്‌ ഇത്തരത്തില്‍ 'വികസന-ബന്ധിത കുടിയൊഴിക്കലില്‍' നിരാലംബരായിരിക്കുന്നത്‌. അതെ, തങ്ങള്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടേയില്ലാത്ത പദ്ധതികള്‍ക്കു വേണ്ടി തങ്ങളുടെ വീടും ഭൂമിയുമൊക്കെ വിട്ടുകൊടുത്ത്‌ പടിയിറങ്ങേണ്ടിവന്ന ആളുകളെ സൂചിപ്പിക്കാന്‍ ഈ വാക്കാണ്‌ നമ്മള്‍ ഉപയോഗിച്ചുപോരുന്നത്‌. ഈ ഇരുപത്താറ്‌ ദശലക്ഷം ആളുകളെ കുടിയിറക്കിയ പദ്ധതികളുടെ പട്ടികയുണ്ടാക്കാന്‍ ശ്രമിച്ചാല്‍, അതൊരിക്കലും പൂര്‍ത്തിയാവില്ല. എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലാത്ത ആയിരക്കണക്കിനു വേറെയും പദ്ധതികളും, അതിന്റെ ഇരകളായ ജനവിഭാഗങ്ങളും ഇനിയുമുണ്ട്‌. കഴിഞ്ഞില്ല, 1985-നു ശേഷം നിര്‍ബന്ധിത കുടിയൊഴിക്കലിനു നിമിത്തമായ വലുതും ചെറുതുമായ മറ്റു പദ്ധതികളും.

സര്‍ക്കാരിന്റെ "പുനരധിവാസത്തിനുവേണ്ടിയുള്ള ദേശീയ നയ'ത്തിന്റെ കരടുരേഖകള്‍ പറയുന്നത്‌, 1951-നു ശേഷം കുടിയൊഴിക്കപ്പെട്ടവരില്‍ 75 ശതമാനവും ഇപ്പോഴും 'പുനരധിവാസത്തിനു കാത്തിരിക്കുന്നു' എന്നാണ്‌. (നാല്‍പ്പത്തഞ്ചു വര്‍ഷത്തിനു ശേഷവും 'കാത്തിരിക്കുന്നു' എന്നു പറയുന്നത്‌ വളരെ ക്രൂരമായ ഒരു പറച്ചിലാണ്‌). മാത്രമല്ല, രാജ്യത്താകമാനം ഇത്തരത്തില്‍ കുടിറക്കപ്പെട്ടവരുടെ ഒരു ഏകദേശ കണക്കെങ്കിലും ലഭിക്കുകയെന്നത്‌ 'ദുഷ്ക്കരം'ആണെന്ന് ആ രേഖകള്‍ സമ്മതിക്കുകയും ചെയ്യുന്നു. 'കുടിയൊഴിക്കപ്പെടല്‍' എന്ന വാക്കുകൊണ്ട്‌ ഇവിടെ സൂചിതമാവുന്നത്‌, ഏറ്റെടുത്ത ഭൂമിയുടെ അടിസ്ഥാനത്തിലുള്ള 'പ്രത്യക്ഷമായുള്ള' കുടിയൊഴിക്കല്‍ മാത്രമാണെന്ന് ഓര്‍ക്കുക.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സ്വന്തമായി സ്ഥലമില്ലാതിരിക്കുകയും എന്നാല്‍ കുടിയൊഴിക്കല്‍ നേരിടേണ്ടിവരുകയും ചെയ്ത നിരവധി ജനവിഭാഗങ്ങളുണ്ട്‌, കണക്കില്‍ പെടാത്തതായി. ഭൂരഹിത തൊഴിലാളികള്‍, കൈവേലക്കാര്‍, മുക്കുവര്‍ എന്നിവരൊന്നും പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുന്നതേയില്ല. വികസനത്തിന്റെ ഈ കാഴ്ച്ചപ്പാടുമൂലം ഫലമനുഭവിക്കേണ്ടിവരുന്ന, പദ്ധതിപ്രദേശത്തിനു പുറത്തുള്ള ദശലക്ഷങ്ങളെ ഈ 'പുനരധിവാസം' പൂര്‍ണ്ണമായും അവഗണിക്കുന്നു. പദ്ധതികള്‍ മൂലം ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ തകര്‍ന്നടിഞ്ഞ ആളുകള്‍; അതല്ലെങ്കില്‍, പദ്ധതി പരോക്ഷമായി ബാധിക്കുന്ന പ്രദേശങ്ങളിലെ കുടുംബങ്ങള്‍, ഇനി അതുമല്ലെങ്കില്‍, പകരം നല്‍കുന്നതിനുവേണ്ടി 'തരിശു നില'മാക്കിയ ഭൂമിക്ക്‌ വേണ്ടി സ്ഥലമൊഴിഞ്ഞവര്‍; ഇവരൊക്കെ ഉള്‍പ്പെടുന്നവരാണ്‌ ഒരു വലിയ ഭൂരിപക്ഷം.

അതുകൊണ്ട്‌, സര്‍ദാര്‍ സരോവര്‍ പദ്ധതി 40,000 കുടുംബങ്ങളെയാണ്‌ അഥവാ, 200,000 വ്യക്തികളെയാണ്‌ കുടിയൊഴിപ്പിക്കുക എന്ന് ഔദ്യോഗിക രേഖകള്‍ പറയുമ്പോള്‍ നമ്മള്‍ അര്‍ത്ഥമാക്കേണ്ടത്‌, അതിലും എത്രയോ കൂടുതല്‍ ആളുകള്‍ എന്നാണ്‌. ഇതില്‍ ഒട്ടുമിക്കവരും ഒരു രേഖകളിലും വരുന്നില്ല, തന്‍മൂലം ഒരു നഷ്ടപരിഹാരവും ലഭിക്കുന്നവരുമല്ല.

"വിഭവ നഷ്ടം' സഹിക്കേണ്ടി വരുന്ന ജനങ്ങളുടെ ദുരിതത്തെ ഒരു സ്ഥിതി-വിവര കണക്കുകളും പകര്‍ത്തുന്നില്ല. ബഹിഷ്‌കൃതരാവാതെത്തന്നെ, കുടിയൊഴിക്കപ്പെടുന്നവരാണ്‌ ഇക്കൂട്ടര്‍. ഒറീസ്സയിലെ കോയ ഗോത്രവും, മദ്ധ്യപ്രദേശിലെ ബാന്‍സൂദ്‌ ഗോത്രവും, 'നിയമപരമായി' മുളംകാടുകളില്‍നിന്ന് വെട്ടിമാറ്റപ്പെട്ട ജനവിഭാഗങ്ങളാണ്‌. രണ്ടുകൂട്ടര്‍ക്കും, അത്‌ തങ്ങളുടെ ജീവനാഡിയായിരുന്നു. ബാന്‍സൂദ്‌ ഗോത്രത്തിന്റെ പേരുതന്നെ മുളകളുമായി ബന്ധപ്പെട്ടതാണ്‌. കോയക്കാര്‍ നട്ടു വളര്‍ത്തിയ മുളങ്കാടുകള്‍ ഇന്ന് സ്വകാര്യ കമ്പനികളുടെ കൈവശമാണ്‌. കടലാസ്സു നിര്‍മ്മാണത്തിനാണ്‌ ഈ കമ്പനികള്‍ ഇത്‌ കൈവശപ്പെടുത്തിയിരിക്കുന്നത്‌. തങ്ങളുടെ ജീവനോപായത്തില്‍നിന്നുള്ള ഈ അന്യവത്ക്കരണത്തിലൂടെ ഈ ഗോത്രങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല. എന്നാലോ, ഭൗതികമായി ഇവര്‍ കുടിയൊഴിക്കപ്പെട്ടിട്ടുമില്ല.

പലിശക്കാര്‍ക്ക്‌ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കേണ്ടിവന്ന കര്‍ഷകരെ കുടിയൊഴിക്കലിന്റെ ഇരകളായി കണക്കാക്കിയിട്ടില്ല. പക്ഷേ,അവര്‍ക്കും ഈ ദുരിതങ്ങളൊക്കെ അനുഭവിക്കേണ്ടി വരുന്നു. നാഗരികരുടെ കയ്യേറ്റത്തിന്റെയോ, അവരുടെ കോളണികള്‍ സ്ഥാപിക്കാന്‍ വേണ്ടി ഒഴിവാക്കപ്പെട്ടവരുടെയോ കണക്കുകളും ഒരിടത്തും കാണില്ല.

ഔദ്യോഗിക മതമനുസരിച്ച്‌, ഇതൊക്കെ, വികസനത്തിനു വേണ്ടി നല്‍കുന്ന വിലയാണ്‌. നിങ്ങള്‍ക്ക്‌ വികസനം വേണോ? എങ്കില്‍ ചില ത്യാഗങ്ങള്‍ക്ക്‌ തയ്യാറാവണം.

ആരാണ്‌ ത്യാഗം ചെയ്യുന്നത്‌? ആര്‍ക്കുവേണ്ടിയാണ്‌? എന്തുകൊണ്ടാണ്‌ ഏറ്റവും ദുര്‍ബ്ബലരായ വിഭാഗം മാത്രം ഇത്ര വലിയ വില നല്‍കേണ്ടിവരുന്നത്‌? വിലയുടെ എത്ര ഭാഗമാണ്‌ സമ്പന്നര്‍ നല്‍കുന്നത്‌?

- ജനസംഖയുടെ വെറും 8 ശതമാനമാണ്‌ ഗോത്രവര്‍ഗ്ഗങ്ങള്‍. എന്നിട്ടും, ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിട്യൂറ്റിലെ വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ്‌ ചൂണ്ടിക്കാണിച്ചപോലെ, പദ്ധതികള്‍ക്കുവേണ്ടി കുടിയിറങ്ങേണ്ടിവരുന്ന ജനവിഭാഗങ്ങളില്‍ 40 ശതമാനത്തിലധികം ഈ വിഭാഗമാണ്‌. ഇവരെക്കൂടാതെ, ഇത്ര തന്നെ ദളിതരും, ഭൂരഹിതരും തങ്ങളുടെ ഭൂമിയില്‍ നിന്നും വീടുകളില്‍ നിന്നും നിഷ്കാസിതരാവുന്നുണ്ടെന്ന് ഉത്‌കല്‍ സര്‍വ്വകലാശാലയിലെ പ്രൊഫസ്സര്‍ എല്‍.കെ.മഹാപത്ര പറയുന്നു.

- പ്രാന്തവത്ക്കരിക്കപ്പെടുന്ന ഇക്കൂട്ടര്‍ എന്നെങ്കിലും ഈ പദ്ധതികളുടെ 'ഗുണഭോക്താക്കള്‍' ആകുന്നുണ്ടോ? ഔദ്യോഗിക രേഖയിലെങ്കിലും? തീര്‍ത്തും ഇല്ല. ജല-വൈദ്യുത പദ്ധതികളില്‍ മിക്കവയും സ്ഥിതി ചെയ്യുന്നത്‌ ഗോത്രപ്രദേശങ്ങളിലാണ്‌. ദക്ഷിണ ഗുജറാത്ത്‌ സര്‍വ്വകലാശാലയിലെ ജഗന്നാഥ്‌ പതി നമ്മളോട്‌ പറയുന്നത്‌ "ഗോത്രപ്രദേശങ്ങളിലെ ജലസേചന സൗകര്യങ്ങള്‍ 5 ശതമാനത്തിലധികമില്ല"എന്നാണ്‌.

- പത്ത്‌ ഇന്ത്യന്‍ ഗോത്രക്കാരില്‍ ഒരാള്‍ കുടിയൊഴിക്കപ്പെട്ടവനാണെന്ന് കണക്കുകള്‍ കാണിക്കുന്നു. അണക്കെട്ടുകള്‍ക്കു വേണ്ടി മാത്രം ഒരു ദശലക്ഷം ആദിവാസികളെ കുടിയിറക്കിയിട്ടുണ്ട്‌. പതി വീണ്ടും ചൂണ്ടിക്കാണിക്കുന്നു."പത്തൊന്‍പത്‌ പൊതുമേഖല പദ്ധതികള്‍ക്കു വേണ്ടി കുടിയിറക്കിയ 1.7 ദശലക്ഷം ആളുകളില്‍ 08 ശതമാനം പട്ടികവര്‍ഗ്ഗക്കാരാണ്‌. കീല്‍ കാരോ*, ലാല്‍പുര്‍** പോലുള്ള പദ്ധതികളില്‍, കുടിയൊഴിക്കപ്പെട്ട ഗോത്രവര്‍ഗ്ഗക്കാര്‍ 80-മുതല്‍ 100 ശതമാനം വരെയാണ്‌.

- വന്‍ തോതിലുള്ള കുടിയൊഴിക്കലിനു കാരണമാവുന്ന പദ്ധതികള്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗോത്രവര്‍ഗ്ഗ പ്രദേശങ്ങളില്‍ ധാരാളമായി കടന്നു വന്നിട്ടുണ്ട്‌.

ഒഴിഞ്ഞുപോകേണ്ടിവരുന്ന ദളിതുകളുടെ കഥ അത്രയധികമൊന്നും പുറത്തേക്കു വരുന്നില്ല. കഴിഞ്ഞകാല ദശകങ്ങളില്‍ വന്നിട്ടുള്ള വികസന പദ്ധതികളിലധികവും പ്രായേണ കടന്നുചെല്ലാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലായിരുന്നു. ദളിതുകളും മറ്റു പിന്നോക്ക വിഭാഗങ്ങളും താമസിക്കുന്ന ഈ പ്രദേശത്തെ ഒഴിപ്പിക്കലുകളെക്കുറിച്ചൊന്നും അധികം രേഖകള്‍ ലഭ്യമല്ല, അഥവാ ഉണ്ടെങ്കില്‍തന്നെ, അവ അത്ര വിശ്വസനീയവുമല്ല.അതുകൊണ്ടുതന്നെ, ആ കഥകള്‍ ആരും അറിയാതെ പോവുകയും ചെയ്യുന്നു.

ഗോത്രവര്‍ഗ്ഗ പ്രദേശങ്ങളിലും ദളിതുകള്‍ക്ക്‌ അധികം രക്ഷയില്ല. ഉദാഹരണത്തിന്‌, ഛോട്ടാനാഗ്‌പൂരിലെ കുടിയായ്മ നിയമം, രാജ്യത്തിന്റെ ആ ഭാഗത്തിലെ ദളിതുകള്‍ക്ക്‌ സംരക്ഷണമൊന്നും നല്‍കുന്നില്ല. അവരെ പുറത്താക്കാല്‍ വളരെ എളുപ്പമുള്ള കാര്യമാണ്‌. പദ്ധതി നടപ്പാക്കുന്ന ബഹളത്തിനിടക്ക്‌ ദളിതുകളുടെ ഭൂമി കരാറുകാര്‍ കൈവശപ്പെടുത്തുന്നത്‌ തടയാനും പഴുതുകളില്ല.

ലോകബാങ്കിന്റെ മുഖ്യോപദേഷ്ടാവായ ഡോ.മൈക്കള്‍ എം.സെര്‍നിയ*** കുടിയൊഴിക്കപ്പെടുന്നവര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇവയില്‍ മിക്കതും ദാരിദ്ര്യത്തിലേക്ക്‌ നയിക്കുന്നവയാണ്‌. ഭൂമിയും, വീടും, തൊഴിലും ഇല്ലാതെ വരുന്ന അവസ്ഥ, ഇതില്‍ ഒന്നാണ്‌. ഇതിനു പുറമെയാണ്‌, പ്രാന്തവത്ക്കരിക്കപ്പെടുന്നവര്‍ നേരിടുന്ന ഭക്ഷണത്തിന്റെ കാര്യത്തിലുള്ള അരക്ഷിതാവസ്ഥ. ഇതു കൂടാതെ, രോഗങ്ങളും,അനാരോഗ്യവും വര്‍ദ്ധമാനമായ അളവില്‍ ഇവരില്‍ കാണുന്നതും സെര്‍നിയ രേഖപ്പെടുത്തിയിട്ടുണ്ട്‌. വെള്ളം, കന്നുകാലികളെ മേയ്ക്കാനുള്ള സ്ഥലം തുടങ്ങിയ പൊതുമുതലുകളും ഇവര്‍ക്ക്‌ അന്യം വരുന്നു.

ഏറ്റവും ഒടുവിലായി, ഈ ജനവിഭാഗത്തിന്റെ പ്രധാന പിന്‍ബലമായ സാമൂഹ്യബന്ധങ്ങളുടെയും സ്വത്തിന്റെയും നഷ്ടം ഡോ.സെര്‍നിയ രേഖപ്പെടുത്തുന്നു. ഉദാഹരണത്തിന്‌, ഒരു ആദിവാസി വീടു നിര്‍മ്മിക്കുമ്പോള്‍, അയാളുടെ ഗോത്രം മുഴുവനും ആ പ്രവൃത്തിയില്‍ അയാളെ സഹായിക്കാന്‍ എത്തുമായിരുന്നു. ഇത്‌, അയാള്‍ക്ക്‌ സാമ്പത്തികവും, സാമൂഹ്യവുമായ ഒരു വലിയ പിന്‍ബലമായിരുന്നു. പക്ഷേ, കുടുംബങ്ങള്‍ ഛിന്നഭിന്നമായപ്പോള്‍ ഇതും നഷ്ടമായി.

കുടിയൊഴിക്കലിന്റെ ഏറ്റവും വലിയ ദല്ലാള്‍ ലോകബാങ്കാണ്‌. പക്ഷേ വിചിത്രമെന്നു പറയട്ടെ,അവര്‍ തന്നെയാണ്‌ അതിനെക്കുറിച്ച്‌ ഏറ്റവുമധികം പഠിച്ചിട്ടുള്ളതും. വ്യാപകവും നിര്‍ബന്ധിതവുമായ കുടിയൊഴിക്കലില്‍ കലാശിക്കുന്ന ബാങ്കിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പല പദ്ധതികള്‍ക്കുമെതിരായി പലയിടങ്ങളിലും ജനങ്ങളുടെ ശക്തിയായ എതിര്‍പ്പ്‌ ഉയര്‍ന്നുവരുന്നുണ്ട്‌. അതുകൊണ്ടുതന്നെ, ഈ പ്രശ്നത്തെക്കുറിച്ച്‌ പഠിക്കാന്‍ ലോകബാങ്ക്‌ നിര്‍ബന്ധിതമായി. ആഗോളതലത്തിലുള്ള കുടിയൊഴിക്കലിനെക്കുറിച്ച്‌, ഡോ.സെര്‍നിയ നടത്തിയ പഠനത്തിന്റെ വ്യാപ്തിയും ശക്തിയും മറ്റ്‌ അധികം പഠനങ്ങള്‍ക്ക്‌ അവകാശപ്പെടാനാവില്ല.

1995-ല്‍ ഓക്സ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാലയില്‍ വെച്ച്‌ ലോകബാങ്കിന്റെ ഈ വിഷയത്തിന്‍മേലുള്ള ചില കണ്ടെത്തലുകള്‍ പരസ്യമാക്കിക്കൊണ്ട്‌ സംസാരിക്കവേ, ഡോ.സെര്‍നിയ പറയുകയുണ്ടായി.'...നഗരവത്ക്കരണം/ഗതാഗതം, അണക്കെട്ട്‌ നിര്‍മ്മാണം എന്നീ രണ്ടു മേഖലകളില്‍ മാത്രം, ലോകമാസകലം, ഏകദേശം 10 ദശലക്ഷം ആളുകള്‍ വര്‍ഷംതോറും നിര്‍ബന്ധിത കുടിയിറക്കത്തിനും, മാറ്റിപ്പാര്‍പ്പിക്കലിനും വിധേയരാവുന്നു. അതിനര്‍ത്ഥം, കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ 90-100 ദശലക്ഷം ആളുകള്‍ നിരാധാരമായിരിക്കുന്നുവെന്നാണ്‌".

അദ്ദേഹം സൂചിപ്പിച്ച പോലെ, 'വികസനവുമായി ബന്ധപ്പെട്ട കുടിയൊഴിക്കല്‍ ആഗോളതലത്തിലുള്ള പുതിയ അഭയാര്‍ത്ഥിപ്രാവഹത്തേക്കാള്‍ വളരെ വലിയ ഒരു പ്രക്രിയയായി മാറിയിരിക്കുന്നു".

കൂടാതെ "..വര്‍ഷത്തില്‍ ദശലക്ഷം എന്ന ഈ കണക്ക്‌, അഥവാ, പത്തു വര്‍ഷത്തില്‍ 10 കോടി എന്ന കണക്കുപോലും ഒരു ഭാഗികമായ കണക്കുമാത്രമാണ്‌. പുതിയ മേഖലകളില്‍ (വനങ്ങള്‍, റിസര്‍വ്വ്‌ വനങ്ങള്‍, ഖനികള്‍, താപ വൈദ്യുത നിലയങ്ങള്‍, അതുപോലുള്ള മറ്റു അവസ്ഥകളിലെ)നടക്കുന്ന 'ആന്തരികമായ' കുടിയൊഴിക്കലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല".

യുദ്ധത്തിലെ അഭയാര്‍ത്ഥികളെയും, വികസനവുമായി ബന്ധപ്പെട്ട്‌ നിഷ്കാസിതരാകുന്ന ജനതയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്‌ ശരിയായിരിക്കില്ല. യുദ്ധങ്ങളുണ്ടാക്കുന്ന കെടുതികള്‍, അത്‌ അഫ്ഘാനിസ്ഥാനിലോ, റുവാന്‍ഡയിലോ, ബോസ്നിയയിലോ, ചെച്നിയയിലോ, സൊമാലിയയിലോ എവിടെയെയായാലും, നിങ്ങള്‍ക്ക്‌ ഒരു പക്ഷേ നിങ്ങളുടെ ടിവിയില്‍ കാണാന്‍ കഴിഞ്ഞുവെന്നു വരാം. തകര്‍ന്ന ജീവിതങ്ങള്‍, നിരപ്പാക്കിയ വീടുകള്‍, ശിഥിലമായ കുടുംബങ്ങള്‍, വിശപ്പില്‍ നീറുന്ന മനുഷ്യര്‍.സംഘര്‍ഷത്തിന്റെ ഈ ചിത്രങ്ങള്‍ നിങ്ങളെ വികാരാധീനരാക്കും. യുദ്ധത്തില്‍ തങ്ങള്‍ക്ക്‌ പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ലാത്ത മാധ്യമങ്ങള്‍ അത്‌ വിവരിക്കുമ്പോഴാകട്ടെ, പ്രത്യേകിച്ചും.

ആരും കാണാത്ത ആ മറ്റേ യുദ്ധത്തിലെ ഇരകളാകട്ടെ, അദൃശ്യരായിരിക്കുകയും നമ്മുടെ മനസ്സാക്ഷിയെ വളരെ അപൂര്‍വ്വമായി മാത്രം സ്പര്‍ശിക്കുകയും ചെയ്യുന്നു.അവരുടെ വേദന ചുരുളഴിയുമ്പോള്‍ നമുക്കൊരുപക്ഷേ അതിനത്ര രൂക്ഷത തോന്നിയില്ലെന്നും വരാം. എങ്കിലും അവരുടെ കഥയും തകര്‍ന്ന ജീവിതത്തിന്റേതു തന്നെയാണ്‌, തകര്‍ന്ന വീടുകളുടേതാണ്‌, തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ട്‌ ശിഥിലമായ കുടുംബബന്ധങ്ങളുടെയുമാണ്‌. ഇന്ത്യയും ഭാഗഭാക്കായ 1993-ലെ ഐക്യരാഷ്ട്രസഭയുടെ ഒരു പ്രമേയം, 'നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെ', 'ഭീമമായ മനുഷ്യാവകാശലംഘന'മായിട്ടുതന്നെയാണ്‌ വിലയിരുത്തുന്നത്‌. എന്നിട്ടും, വികസനത്തിന്റെ ഈ 'അഭയാര്‍ത്ഥികള്‍'ക്കു വേണ്ടി, ഐക്യരാഷ്ട്രസഭ ഒരു ചില്ലിക്കാശുപോലും ചിലവഴിക്കുന്നുമില്ല.

മറുവശത്ത്‌, യുദ്ധം കൊണ്ടും, വികസനം കൊണ്ടും നിഷ്കാസിതരായ ഈ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചില പൊതു ഘടകങ്ങളുമുണ്ട്‌. അതില്‍ പ്രധാനമായത്‌, ഇത്തരം അവസ്ഥകളില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കേണ്ടിവരുന്നത്‌, സ്ത്രീകളും കുട്ടികളുമാണെന്നതാണ്‌. ഉദാഹരണത്തിന്‌, ഇന്ത്യയില്‍, ഇത്തരം കുടിയൊഴിപ്പിക്കലും, പുതിയ സാഹചര്യങ്ങളിലേക്കുള്ള മാറ്റിപ്പാര്‍പ്പിക്കലും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ സ്ത്രീകളെയാണ്‌. അവരുടെ പ്രധാന വീട്ടുജോലികളായ, വെള്ളവും വിറകും ശേഖരിക്കുക എന്ന കര്‍ത്തവ്യത്തെ ഇത്‌ ഏറെ ദുഷ്ക്കരമാക്കുന്നു. പുതിയ ചുറ്റുപാടുകളില്‍ ഇവ കണ്ടെത്തുക എളുപ്പമല്ല. പലപ്പോഴും, സ്ഥലനിവാസികള്‍ പുതിയ അതിഥികളെ സംശയദൃഷ്ടിയോടെയാണ്‌ കാണുന്നതും. അതുകൊണ്ടുതന്നെ, ആതിഥേയരുടെ ആക്രമണങ്ങള്‍ക്ക്‌ എളുപ്പത്തില്‍ ഇരയാകുന്നതും സ്ത്രീകളും കുട്ടികളുമാണ്‌.

ഇനി, കുടിയിറങ്ങിയതിനു പകരമായി എന്തെങ്കിലും ലഭിച്ചാല്‍ തന്നെ, അത്‌ ഭൂമിയായോ പണമായോ ഒക്കെയായിരിക്കും അവര്‍ക്ക്‌ കിട്ടുക. ഇത്‌ രണ്ടും സ്ത്രീകളുടെ നിയന്ത്രണത്തിലുമല്ല. പ്രത്യേകിച്ചും, പണം. ഇത്‌ കുട്ടികളുടെ വളര്‍ച്ചയെയാണ്‌ ബാധിക്കുക. കാരണം, ചിലവഴിക്കാനുള്ള അധികാരം സ്ത്രീകളില്‍ നിക്ഷിപ്തമാകുമ്പോഴാണ്‌ കുട്ടികളുടെ കാര്യങ്ങള്‍ വേണ്ടുംവണ്ണം പരിപാലിക്കപ്പെടുന്നത്‌. നിലവിലുള്ള അവസ്ഥ, പക്ഷേ, സ്ത്രീകളുടെ ഈ സ്വാശ്രയ അവകാശങ്ങളെ അംഗീകരിക്കാത്തതുകൊണ്ട്‌, ഇതൊക്കെ താറുമാറാകുന്നു.

സര്‍ക്കാരുകള്‍ സമ്മതിക്കാനിടയില്ലെങ്കിലും, നിര്‍ബന്ധിത കുടിയിറക്കല്‍. കേവലം വെറും ഒരു മനുഷ്യാവകാശത്തെയല്ല, മറിച്ച്‌ നിരവധി മനുഷ്യാവകാശങ്ങളെയും, പൗരസ്വാതന്ത്ര്യങ്ങളെയുമാണ്‌ ലംഘിക്കുന്നത്‌. തിരഞ്ഞെടുക്കാനും, സ്വതന്ത്രരായിരിക്കാനുമുള്ള അവകാശത്തെയാണ്‌ അത്‌ ഉല്ലംഘിക്കുന്നത്‌. ജീവിക്കാനുള്ള അവകാശത്തെ അത്‌ തകര്‍ക്കുന്നു. വിവേചനത്തിനു കൊട്ടിപ്പാടിസ്സേവ ചെയ്യുന്നു. നിയമത്തിനു മുന്നിലെ തുല്യതയെ പരിഹസിച്ചുതള്ളുകയാണ്‌ അത്‌ ചെയ്യുന്നത്‌. ജനസംഖ്യയിലെ അവരുടെ എണ്ണത്തിന്‌ ആനുപാതികമായിട്ടല്ല, ദളിതരും, ഗോത്രവര്‍ഗ്ഗക്കാരും കുടിയിറക്കപ്പെടുന്നത്‌.

അപ്പോള്‍ പിന്നെ എന്താണ്‌ ഇന്ത്യയുടെ പുനരധിവാസ നയം? അതിന്റെ ശീര്‍ഷകം തന്നെ ആ കഥ വ്യക്തമാക്കുന്നുണ്ട്‌" "ഭൂമി ഏറ്റെടുക്കല്‍ മൂലം കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ പുനരധിവാസത്തിനുവേണ്ടിയുള്ള ദേശീയ നയം"

അതെ.അത്‌ ഭൂമിയെക്കുറിച്ചുള്ളതാണ്‌. പദ്ധതികള്‍ക്കുവേണ്ടി സ്ഥലം വിട്ടുകൊടുത്തവര്‍ക്ക്‌ ഒരു നല്ല കച്ചവടം തരമായി എന്നൊന്നും അതുകൊണ്ട്‌ അര്‍ത്ഥമാക്കരുത്‌. ബലമായി പിടിച്ചെടുക്കപ്പെട്ട തങ്ങളുടെ ഭൂമിക്ക്‌, നിലവിലുള്ള നിരക്കില്‍നിന്നും വളരെ താഴ്‌ന്ന 'പിച്ചക്കാശ്‌' കിട്ടിയ പല ആളുകളേയും, പാലാമൊയിലും കോരാപുട്ടിലും എനിക്കു കാണാന്‍ കഴിഞ്ഞു. ചില കുടുംബങ്ങള്‍ക്കാകട്ടെ, ഒന്നും കിട്ടിയതുപോലുമില്ല.

അവരുടെ സമ്മതമില്ലാതെയാണ്‌ സ്ഥലങ്ങള്‍ കയ്യേറിയത്‌. നഷ്ടപരിഹാരം പലപ്പോഴും കണക്കാക്കപ്പെടുന്നത്‌ ഭൂമിയുടെ ഉടമസ്ഥാവകാശ പട്ടയങ്ങളുടെ പേരിലാണ്‌. സാമൂഹ്യമായ ഉടമസ്ഥാവകാശം നിലനില്‍ക്കുന്ന ഗോത്രസമൂഹങ്ങളില്‍, കാലാകാലങ്ങളായി ആളുകള്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത്‌ ഒരു വിധ പട്ടയങ്ങളുമില്ലാതെയാണ്‌. അവര്‍ ഭൂമിയുടെ ഉടമസ്ഥരാണെന്നതിന്‌ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ പട്ടയത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിയമസാധുത എന്നതുകൊണ്ട്‌ അവര്‍ക്ക്‌ നഷ്ടപരിഹാരമൊന്നും ലഭിക്കുന്നില്ല.

ആളുകളെ ബലമായി ഭൂമിയില്‍ നിന്നു മാറ്റുമ്പോള്‍ ഭൂമി മാത്രമല്ല അവര്‍ക്ക്‌ നഷ്ടമാകുന്നത്‌ എന്ന് നമുക്കറിയാം. മേയ്ക്കാനുള്ള സ്ഥലം, കന്നുകാലിത്തീറ്റ, ചെടികള്‍, വനവിഭവങ്ങള്‍, സാമൂഹ്യാദ്ധ്വാനം, ഇതൊക്കെ ഇല്ലാതാവുന്നു. പക്ഷേ ഇതിനൊക്കെ പകരമായിട്ട്‌ നാമമാത്രമായിട്ടാണെങ്കില്‍പ്പോലും എന്തെങ്കിലും കൊടുക്കാനുള്ള ഒരു ശ്രമം പോലുമില്ലതാനും.

പുനരധിവാസ നയത്തിന്റെ കരടുരേഖയിലെ ആദ്യത്തെ വരി തന്നെ അതിന്റെ കഥ പറയുന്നുണ്ട്‌. അത്‌ പറയുന്നത്‌ "പുത്തന്‍ സാമ്പത്തിക നയത്തിന്റെ ആവിര്‍ഭാവത്തോടെ നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കും...ഇത്‌, ഭൂമിയുടെ ആവശ്യകത വര്‍ദ്ധിപ്പിക്കാന്‍ ഇടയുണ്ട്‌....' കൂടാതെ 'കല്‍ക്കരി, ഇരുമ്പയിര്‍, മാംഗനീസ്‌, ആദിയായ നമ്മുടെ ധാതുസമ്പത്തുക്കളുടെ ഭൂരിഭാഗം ശേഖരവും സ്ഥിതി ചെയ്യുന്നത്‌, ഗോത്രവര്‍ഗ്ഗങ്ങള്‍ താമസിക്കുന്ന വിദൂരവും പിന്നോക്കവുമായ പ്രദേശങ്ങളിലാണ്‌".

"(രാജ്യത്തിന്റെ) വളര്‍ച്ചയുടെ പ്രക്രിയക്ക്‌ സംഭാവന നല്‍കുന്ന ഭൂമിയുടെ ഉടമകള്‍ക്ക്‌ തന്മൂലം ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന്" ഈ രേഖ സമ്മതിക്കുന്നുണ്ട്‌. പക്ഷേ, ഇവിടെ പ്രാധാന്യം കൊടുത്തിരിക്കുന്നത്‌, കുടിയിറക്കപ്പെടുന്ന ജനങ്ങള്‍ക്കല്ല. കൂടുതല്‍ ഒഴിപ്പിക്കലുകളിലേക്ക്‌ നയിക്കുന്ന പ്രക്രിയ എങ്ങിനെ സുഗമമാക്കാം എന്നതിനാണ്‌. ചുരുക്കത്തില്‍, ഒഴിപ്പിക്കലുകള്‍ ഒഴിവാക്കാനാവില്ല. അത്‌ പണ്ടും അങ്ങിനെയായിരുന്നു, ഇനിയും അങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും.പക്ഷേ, ഇത്തവണ, ഒഴിപ്പിക്കേണ്ടിവരുന്നവര്‍ക്ക്‌ എന്തെങ്കിലുമൊക്കെ പ്രാഥമിക ശുശ്രൂഷ നല്‍കുമെന്നു മാത്രം. അവരുമായി കണ്‍സള്‍ട്ടേഷനില്ല. സൗജന്യമായി ബാന്‍ഡ്‌-ഏയ്ഡ്‌ വിതരണം ചെയ്യും എന്ന് ചുരുക്കം.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങള്‍ പ്രാകൃതവും തര്‍ക്കങ്ങളിലേക്ക്‌ നയിക്കാവുന്നവയുമാണ്‌. 1894-ലെ ഭൂമിയേറ്റെടുക്കല്‍ നിയമവും, കല്‍ക്കരി സമാഹരണ നിയമവും ഇത്തരത്തിലുള്ളതാണ്‌. അവയുടെ തത്ത്വശാസ്ത്രം ഒരു വെല്ലുവിളിയും അനുവദിക്കുന്ന ഒന്നല്ല.

ഭൂമി ഏറ്റെടുക്കുന്നത്‌ 'ദേശീയ താത്‌പര്യം' മുന്‍നിര്‍ത്തിയാണ്‌ ആ ഒറ്റ പ്രയോഗംകൊണ്ട്‌, അത്തരം ഭൂമി ഏറ്റെടുക്കലുകളെ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതും, പറ്റാത്തതുമായ ഒരു പ്രവൃത്തിയായി അവര്‍ പരിവര്‍ത്തിപ്പിക്കുന്നു. പലാമൊയില്‍ സൈന്യം വെടിവെയ്പ്പു അഭ്യസിക്കുമ്പോള്‍, ആയിരക്കണക്കിനു ഗോത്രവര്‍ഗ്ഗക്കാരാണ്‌ ഭയന്നു വിറച്ച്‌, വീടുകളുപേക്ഷിച്ച്‌ ഗ്രാമാതിര്‍ത്തിയിലുള്ള വനത്തില്‍ പോയി ദിവസങ്ങളോളം പാര്‍ക്കുന്നത്‌. നാവിക സേനയുടെ സൈനിക കസര്‍ത്തുകള്‍ക്കുവേണ്ടി മുംബൈയിലെ മലബാര്‍ ഹില്ലിലെ ആളുകളോടാണ്‌ ഈ കളി കളിക്കുന്നതെങ്കിലോ? അത്‌ ഏതായാലും ദേശീയ താത്‌പര്യത്തിനു അനുയോജ്യമാവില്ല, തീര്‍ച്ച. സര്‍ക്കാര്‍ തന്നെ നിലംപതിച്ചേക്കും.

അപ്പോള്‍ ഒരു ചോദ്യം വരുന്നു. ആരാണ്‌ ഈ ദേശത്തെ അതാക്കിത്തീര്‍ക്കുന്നത്‌? സമ്പന്നവര്‍ഗ്ഗം മാത്രമണോ? അതോ കോടിക്കണക്കിനു ദരിദ്രരുമുണ്ടോ? അവരുടെ താത്‌പര്യങ്ങള്‍ ഒരിക്കലും ദേശീയ താത്‌പര്യങ്ങളായി തിരിച്ചറിയപ്പെടുന്നില്ലയെന്നോ?

ഇനി അതല്ല, ഒന്നില്‍ക്കൂടുതല്‍ ദേശങ്ങളുണ്ടെന്നുവരുമോ?

ഇന്ത്യയിലെ ദരിദ്രമായ ചില പ്രദേശങ്ങളില്‍ പോകേണ്ടിവരുമ്പോള്‍ നിങ്ങള്‍ക്ക്‌ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു ചോദ്യമാണ്‌ അത്‌. ഫയറിംഗ്‌ റേഞ്ചുകള്‍ക്കും, ജെറ്റ്‌ വിമാനശാലകള്‍ക്കും, കല്‍ക്കരി ഖനികള്‍ക്കും, അണകെട്ടുകള്‍ക്കും, വന്യജീവി സങ്കേതങ്ങള്‍ക്കും, ചെമ്മീന്‍-കൊഞ്ച്‌ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കും, എന്തിന്‌, കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കുവേണ്ടിപോലും ഭൂമിയൊഴിഞ്ഞുപോകേണ്ടിവരുന്ന, നിരാലംബരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വെച്ച്‌ നേരിടേണ്ടിവരുന്ന ചോദ്യം. ഇതിനൊക്കെവേണ്ടി അവര്‍ സഹിക്കുന്ന ദുരിതങ്ങള്‍ , വികസനത്തിനുള്ള വിലയാണെങ്കില്‍, മനസ്സിലാക്കിക്കോളൂ, 'ദേശത്തിലെ' ബാക്കിയുള്ളവര്‍, അതായത്‌ നമ്മള്‍, അവരുടെ ചിലവില്‍ ഒരു അവസാനമില്ലാത്ത സൗജന്യ തീറ്റ തരപ്പെടുത്തുകയാണെന്ന്.


* കീല്‍ കാരോ - റാഞ്ചിയിലെ, തപ്‌കര പ്രദേശത്തെ അണക്കെട്ട്‌.
**ലല്‍പുര്‍ അണക്കെട്ട്‌ - രാജ്‌കോട്ടില്‍ സ്ഥിതി ചെയ്യുന്നു

*** മൈക്കള്‍ എം.സര്‍നിയ - പ്രസിദ്ധ നരവംശശാസ്ത്രജ്ഞനും 1974-97 വരെ ലോകബാങ്കിന്റെ സാമൂഹ്യകാര്യ മുഖ്യ ഉപദേഷ്ടാവുമായിരുന്നു. കുടിയൊഴിക്കലിനെക്കുറിച്ചും, അതുണ്ടാക്കുന്ന സാമൂഹ്യവിപത്തിനെക്കുറിച്ചും എഴുതുകയും, സംസാരിക്കുകയും, അതിന്റെ പരിഹാരത്തിനുവേണ്ടി പരമാവധി പരിശ്രമിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ സര്‍നിയ അറിയപ്പെടുന്നു.

Saturday, September 1, 2007

അദ്ധ്യായം 4- ഇവിടെ, വിദ്യാര്‍ത്ഥികള്‍ക്ക്‌ മോഹം അദ്ധ്യാപകരാകാന്‍

ഭാഗം 3-ഈ വഴിയാണ്‌ ഞങ്ങള്‍ സ്കൂളിലേക്കു പോവുന്നത്‌.


നന്ദാപുര്‍, കോരാപുട്‌(ഒറീസ്സ)- നന്ദാപുര്‍ ഹൈസ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ സ്കൂള്‍ മുറ്റത്ത്‌ ഒത്തുകൂടിയത്‌, രക്ഷാ-കര്‍ത്തൃ സമ്മേളനത്തിനൊന്നുമല്ല. തങ്ങളുടെ കുട്ടികള്‍ക്കു മാസാമാസം കിട്ടുന്ന സ്റ്റൈപന്റില്‍നിന്നും കടമെടുക്കാനാണ്‌. അധികവും ഗോത്ര-ഹരിജന വിഭാഗങ്ങളില്‍ നിന്നു വരുന്ന ഇവിടുത്തെ കുട്ടികള്‍ക്ക്‌ മാസത്തില്‍ 150 രൂപയാണ്‌ ക്ഷേമവകുപ്പില്‍ നിന്നു കിട്ടുന്നത്‌.

ഈ തുക കിട്ടാന്‍ തന്നെ പലപ്പോഴും മാസങ്ങള്‍ കാത്തിരിക്കണം. ചിലപ്പോള്‍ അത്‌, ആറു മാസം വരെ വൈകാറുണ്ട്‌. അതായത്‌, 900 രൂപ വരെ ചിലപ്പോള്‍ ഒറ്റയടിക്ക്‌ ഇങ്ങിനെ കിട്ടാറുണ്ട്‌ എന്നര്‍ത്ഥം. പക്ഷേ, ഈ കാത്തിരിപ്പിന്റെ മാസങ്ങളില്‍, ഈ കുട്ടികള്‍ ഉപജീവനം നയിക്കുന്നത്‌ അവരുടെ ദരിദ്രരായ രക്ഷിതാക്കളെ ആശ്രയിച്ചാണ്‌. അതുകൊണ്ടാണ്‌, സ്റ്റൈപന്റ്‌ വരുന്ന മാസങ്ങളില്‍ കുട്ടികളില്‍ നിന്ന് കടമെടുക്കാന്‍ രക്ഷിതാക്കള്‍ കൂട്ടമായെത്തുന്നത്‌.

ഇതൊരു സാധാരണ സ്കൂളല്ല. സമര്‍ത്ഥരും പ്രതിബദ്ധതയുള്ളവരുമായ ഒരു അദ്ധ്യാപകവൃന്ദം ഈ സ്കൂളിലുണ്ട്‌. സ്കൂളിന്റെ നിലവാരം എപ്പോഴും നല്ല രീതിയില്‍ നിലനിര്‍ത്തുവാന്‍ പരിശ്രമിക്കുന്നവര്‍. അതുകൊണ്ടു തന്നെ, കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ച്‌ ഇവിടുത്തെ ചില പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ബിരുദവും, ബിരുദാനന്തരബിരുദവുമൊക്കെ നേടുകയും ചെയ്തിട്ടുണ്ട്‌. അവരില്‍ ചിലര്‍ എം.ഫില്ലും, എന്തിന്‌, ഡോക്ടറേറ്റ്‌ വരെ സമ്പാദിച്ചിരിക്കുന്നു. ഈ സ്ഥാപനത്തിന്‌ ഇല്ലാത്തത്‌, സൗകര്യങ്ങളും, പൈസയും മാത്രമാണ്‌. സാഹചര്യങ്ങളും, സര്‍ക്കരിന്റെ അവഗണനയുമാണ്‌ ഈ സ്കൂളിനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്‌.

സ്വകാര്യ മാനേജ്‌മന്റ്‌ പേരില്‍ മാത്രമേയുള്ളു. സ്കൂള്‍ നടത്താന്‍ അവര്‍ക്കാവുന്നില്ല. അവര്‍ക്ക്‌ ആശ്രയിക്കേണ്ടി വരുന്ന ക്ഷേമ വകുപ്പിന്റെ സഹായം അത്രക്കു തുച്ഛവും, കാലതാമസമുളവാക്കുന്നതുമാണ്‌ തന്മൂലം, ഒരു മാതൃകാ റസിഡന്‍ഷ്യല്‍ സ്കൂളാകേണ്ടിയിരുന്ന ഈ സ്ഥാപനം ഇന്ന് ഒരു വലിയ പ്രതിസന്ധിയെ നേരിടുകയാണ്‌. ഗദാബ, പറോജ ഗിരിവര്‍ഗ്ഗക്കാരും, ഹരിജനങ്ങളുമുള്‍പ്പെടെ ഇരുപത്തിരണ്ടു റസിഡന്‍ഷ്യല്‍ വിദ്യാര്‍ത്ഥികളുണ്ട്‌ ഇവിടെ. സുഭാഷ്‌ ദാണ്ടന്‍ ഒരു ഗിരിവര്‍ഗ്ഗ വിദ്യാര്‍ത്ഥിയാണ്‌.

അയാള്‍ക്കും സുഹൃത്തുക്കള്‍ക്കും ശൈത്യകാലം ഇഷ്ടമല്ല. ഇഷ്ടപ്പെടാനുള്ള ഒരു കാരണവും ഇല്ലായിരുന്നു താനും. മൂന്നു പേര്‍ക്കു മാത്രമേ കമ്പിളിയുള്ളു. രോമക്കുപ്പായം എന്ന പേരില്‍ വിളിക്കാവുന്ന എന്തെങ്കിലും ഉടുപ്പ്‌ ധരിച്ചിരുന്നവര്‍തന്നെ എട്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ശൈത്യകാലത്ത്‌ കാലാവസ്ഥ 2 ഡിഗ്രിവരെ താഴുന്ന ഒരു പ്രദേശമായിരുന്നു കോരാപുട്‌.നിലത്തു വിരിച്ച ചാക്കിലായിരുന്നു മിക്ക കുട്ടികളും രാത്രികാലങ്ങള്‍ ചിലവഴിച്ചിരുന്നത്‌. കിടക്ക, പുതപ്പ്‌, ഇതൊന്നും അവര്‍ കേട്ടിട്ടുകൂടിയുണ്ടായിരുന്നില്ല. ചാക്കുകള്‍, രക്ഷിതാക്കളുടെ വയലുകളില്‍ നിന്ന് ശേഖരിച്ചവയായിരുന്നു.

രണ്ടു മുറികളിലായിട്ടായിരുന്നു ഇരുപത്തിരണ്ടുപേര്‍ കഴിഞ്ഞിരുന്നത്‌. ഒന്നില്‍ 100 വാട്ടിന്റെ ഒരു ബള്‍ബും, മറ്റതില്‍ അല്‍പം കൂടി പ്രകാശം കുറഞ്ഞ ഒന്നും പ്രകാശിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ വിദ്യുച്ഛക്തി ഉള്ളപ്പോഴത്തെ കാര്യമാണെന്ന് ഓര്‍ക്കണം. കോരാപുട്ടിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞപോലെ, "വിദ്യാഭ്യാസവും വിദ്യുച്ഛക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചൊന്നും അധികം പേരും ബോധവാന്‍മാരല്ല. സ്കൂളുകളിലെ കാര്യം മാത്രമല്ല ഞാന്‍ ഉദ്ദേശിച്ചത്‌. പട്ടണങ്ങളിലുള്ളവര്‍ക്ക്‌ വിദ്യുച്ഛക്തി ഒരു പ്രശ്നമേയല്ല. കറന്റില്ലാത്തതുകൊണ്ട്‌ വീട്ടില്‍ വരാനോ പഠിക്കാനോ പറ്റാത്ത കുട്ടികളെക്കുറിച്ച്‌ സ്മരിക്കാനേ സാധിക്കില്ല ഞങ്ങള്‍ക്ക്‌. കാരണം, ഞങ്ങളുടെ കുട്ടികള്‍ക്ക്‌ അതു സധിക്കുന്നതുകൊണ്ട്‌ അതിനെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ വലിയ വേവലാതിയില്ല. പക്ഷേ വിദ്യുച്ഛക്തിയില്ലാത്ത, അല്ലെങ്കില്‍ വിദ്യുച്ഛക്തി തീരെ ദുര്‍ബ്ബലമായ സ്ഥലങ്ങളിലെ കുട്ടികള്‍ പഠനത്തില്‍ പലപ്പോഴും പിന്നിലായിരിക്കും. ഒറീസ്സയിലേയും ബീഹാറിലേയും ഗ്രാമപ്രദേശങ്ങളിലേക്ക്‌ നോക്കിയല്‍ നിങ്ങള്‍ക്കിത്‌ എളുപ്പത്തില്‍ മനസ്സിലാവും"

"തണുപ്പും സാഹചര്യങ്ങളും ഉറക്കത്തെയും വരും ദിവസത്തെ പഠനത്തെയുമൊക്കെ കാര്യമായി ബാധിക്കും" സുഭാഷ്‌ പറയുന്നു. പഠനത്തെ ബാധിക്കുന്ന മറ്റു ചിലതു കൂടിയുണ്ട്‌.

ആഹാരം പാകം ചെയ്യലും ഈ കുട്ടികളുടെ ജോലിതന്നെയാണ്‌.

ദരിദ്രരായ കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു മാതൃകാ ഹോസ്റ്റല്‍ ആകേണ്ടതായിരുന്നു ഇത്‌; പക്ഷേ ഒരു അടുക്കള ജോലിക്കാരനെ നിയമിക്കനുള്ള ഫണ്ടുപോലും ലഭ്യമല്ല" ഒരു അദ്ധ്യാപകന്‍ പറഞ്ഞു. അതുകൊണ്ട്‌,കുട്ടികള്‍ക്ക്‌, പത്തിനും പതിനഞ്ചിനുമിടക്ക്‌ പ്രായമുള്ള ഈ കുട്ടികള്‍ക്ക്‌ തങ്ങളുടെ ആഹാരം പാകം ചെയ്യേണ്ടി വരുന്നു. ഞായറാഴ്ച ദിവസങ്ങളില്‍, മറ്റു അവധി ദിവസങ്ങളിലും ഞങ്ങള്‍ വിറകു ശേഖരിക്കുന്നു" വിശ്വനാഥ്‌ ജല്ല എന്ന ഗിരിവര്‍ഗ്ഗ വിദ്യാര്‍ത്ഥി പറയുന്നു. "ദിവസത്തില്‍ മൂന്നു മണിക്കൂറെങ്കിലും വേണം ആഹാരം പാകം ചെയ്യാന്‍. ചോറും വല്ലപ്പോഴുമുള്ള എന്തെങ്കിലും പച്ചക്കറിയുംകൊണ്ട്‌ കാര്യങ്ങള്‍ ഒപ്പിക്കുന്നു".

"പാചകവുമായി ബന്ധപ്പെട്ട മറ്റു ജോലികളും ചെയ്യേണ്ടിവരുന്നു. അതിനും കുറെ സമയം ചിലവാകും" ഗോവിന്ദ ഗുന്‍ഡു എന്ന ഹരിജന്‍ വിദ്യാര്‍ത്ഥി പറഞ്ഞു. ആഴ്ചയില്‍ ഒറണ്ടു തവണ മാത്രമാണ്‌ പരിപ്പുകറി കിട്ടുന്നത്‌. ഊണിനുള്ള അരി കൊണ്ടുവരുന്നത്‌, ഇരുപത്‌ കിലോമീറ്റര്‍ ചുറ്റളവിലുള്ള തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്നാണ്‌. ദിവസത്തില്‍ രണ്ടുനേരം മാത്രമാണ്‌ ആഹാരം. അതും പേരിനുമാത്രം. ചായയും പലഹാരവുമൊക്കെ അവരെ സംബന്ധിച്ചിടത്തോളം ആലോചിക്കാന്‍പോലുമാവാത്ത ആഡംബരമാണ്‌.

രാവിലെ 6 മുതല്‍ 8 വരെയാണ്‌ അവര്‍ക്ക്‌ പഠിക്കാന്‍ സാധിക്കുക. പിന്നെ ഒന്നൊന്നര മണിക്കൂര്‍ പാചകത്തിനു പോകും. ക്ലാസുകള്‍ 10.30 ന്‌ ആരംഭിച്ച്‌ നാലു മണിക്ക്‌ അവസാനിക്കുന്നു. വീണ്ടും തുടങ്ങുകയായി പാചകവും ഭക്ഷണവും.അതു കഴിയുമ്പോഴേക്ക്‌ ഏഴര മണിയാകും.

150 രൂപ സ്റ്റൈപെന്റ്‌ കിട്ടിയാല്‍, അത്‌ യൂണിഫോമിനും ഭക്ഷണത്തിനും പുസ്തകങ്ങള്‍ക്കും മാത്രമേ തികയൂ. ഒരു പുസ്തകത്തിനു ചുരുങ്ങിയത്‌ 5 രൂപയെങ്കിലും ചിലവാവും. അതുകൊണ്ട്‌ പൈസ അവര്‍ക്ക്‌ ഒരിക്കലും ആവശ്യത്തിനു തികയാറില്ല. "എന്നിട്ടും, പഠിക്കാനുള്ള അവരുടെ ആവേശത്തിനു യാതൊരു കുറവുമില്ല", ഒരു അദ്ധ്യാപകന്‍ പറഞ്ഞു. രക്ഷകര്‍ത്താക്കളും, കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം വേണമെന്ന പക്ഷക്കാരാണ്‌, അവര്‍ക്കത്‌ താങ്ങാന്‍ ആവുന്നില്ലെങ്കിലും". ധാതു സമ്പന്നവും, രാജ്യത്തിലെ ഏറ്റവും ദരിദ്രനാരായണന്മാര്‍ താമസിക്കുന്നതുമായ കോരാപുട്ടിന്റെ പ്രവിശ്യയുടെ ഭാഗമാണ്‌ നന്ദാപുര്‍.(മല്‍കാങ്കിരിയടക്കം, രണ്ടു ജില്ലകള്‍ ഈയടുത്തകാലത്തായി കോരാപുട്ടില്‍ നിന്നും ഉയര്‍ന്നു വന്നു).

"ഈ പ്രദേശത്ത്‌ ഇത്തരത്തിലുള്ള നിരവധി വിദ്യാലയങ്ങളുണ്ട്‌", സമീപത്തുള്ള ഒരു എന്‍.ജി.ഒ സംഘടനയിലെ സുരേന്ദ്ര ഖെമെന്ദു പറഞ്ഞു. ഖെമെന്ദുവും ഇത്തരം ഒരു വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങി, പിന്നീട്‌ ജെ.എന്‍.യുവില്‍ നിന്ന് എം.ഫില്‍ എടുത്ത ആളായിരുന്നു."എന്നിട്ടും വിദ്യഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഈ കുട്ടികള്‍ ബോധവാന്മാരാണ്‌. അവരുടെ സാഹചര്യങ്ങള്‍ അവരെ അതിനു മിക്കയ്പ്പോഴും അനുവദിക്കുന്നില്ല എന്നതാണ്‌ സങ്കടകരം", മറ്റൊരു അദ്ധ്യാപകന്‍ പറഞ്ഞു. കോരാപുട്ടിന്റെ പൊതുവായ സാക്ഷരത 19 ശതമാനമാണ്‌. സ്ത്രീകളുടെ കാര്യത്തില്‍, ഇത്‌ 8 ശതമാനത്തിനടുത്ത്‌ വരും".

ഇങ്ങനെയൊക്കെയുള്ള ഒരു അവസ്ഥയിലും കുട്ടികള്‍ പഠിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഉണ്ട്‌. മാത്രമല്ല. ഇരുപത്തിരണ്ടു കുട്ടികളില്‍ ആറുപേര്‍ക്കും എന്തായിത്തീരണമെന്ന് നല്ല നിശ്ചയവുമുണ്ട്‌. അദ്ധ്യാപകര്‍. എന്തുകൊണ്ട്‌? "എന്റെ ഗ്രാമത്തിലെ പല കുട്ടികളും സ്കൂളില്‍ പോവുന്നില്ല" സുഭാഷ്‌ ദാണ്ടന്‍ പറയുന്നു. "പക്ഷേ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്‌. അവര്‍ക്കത്‌ താങ്ങാനാവുന്നില്ല എന്നു മാത്രം. അത്യാവശ്യ സൗകര്യങ്ങളെങ്കിലും നല്‍കുന്ന റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഗ്രാമത്തിലെ എല്ലാ കുട്ടികളും സ്കൂളില്‍ പോവുമായിരുന്നു.അവര്‍ക്കതിനു കഴിഞ്ഞിരുന്നെങ്കിലെന്ന് ഞങ്ങള്‍ ആശിക്കുന്നു.