Monday, March 26, 2007

നീളമുള്ള വഴികള്‍(3)

ജോണ്‍ പില്‍ഗര്‍
തര്‍ജ്ജമ: രാജീവ്‌ ചേലനാട്ട്‌


ഞാന്‍ കണ്ടുമുട്ടിയവരില്‍ ഏറെ ധീരന്മാരായിരുന്നു ഇസ്രായേലിലെ വിമതര്‍. പത്തൊന്‍പതു വര്‍ഷം ജയിലില്‍ കഴിഞ്ഞ-അതില്‍ അധിക കാലവും, ഏകാന്ത തടവില്‍-, ഇപ്പോള്‍ വീട്ടുതടങ്കലിലും കഴിയുന്ന വാനുനുവടക്കം, ഇവരില്‍ പലരും ആ സമൂഹത്തില്‍ തന്നെ കഴിയുന്നവരാണ്‌. സമൂഹത്തിന്റെയും, കുടുംബത്തിന്റെയും, രാജ്യത്തിന്റെയും ഭ്രഷ്ട്‌ ഏറ്റുവാങ്ങി, അതേ സമൂഹത്തില്‍ കഴിയേണ്ടിവരുന്നവര്‍. ഹോളോകാസ്റ്റിനു ഇരകളായവരുടെ ഓര്‍മ്മകളോടു വഞ്ചന കാട്ടിയവരായിട്ടണ്‌ സമൂഹവും, രാജ്യവും, അവരുടെ കുടുംബം പോലും അവരെ കാണുന്നത്‌.

ഇതെഴുതുന്ന സമയത്ത്‌, 635 ഇസ്രായേലി സൈനികര്‍ അധിനിവേശ പാലസ്തീനില്‍ നിലയുറപ്പിക്കാന്‍ വിസമ്മതിച്ചിരിക്കുന്നു. നൂറുകണക്കിനാളുകളെ ജയിലില്‍ അടച്ചുകഴിഞ്ഞു. മറ്റു ചിലര്‍ ഭരണകൂടത്തിനെതിരെ പരസ്യമായ പ്രസ്താവനകളുമായി അരങ്ങത്തു വന്നിരിക്കുന്നു. സൈന്യത്തിലെ എല്ല വിഭാഗങ്ങളിലും പെടുന്നവരുണ്ട്‌ ഇവരില്‍. 2003 സെപ്റ്റെംബെറില്‍ ഇരുപത്തേഴു വ്യോമസേനക്കാര്‍ (അതില്‍ 67-ലെ യുദ്ധനായകന്‍ ബ്രിഗേഡിയര്‍ ജനറല്‍ യിഫ്താസ്പെക്റ്ററും ഉള്‍പ്പെടുന്നു).

ജനവാസഭൂമികളില്‍ "നിയമവിരുദ്ധവും, അധാര്‍മ്മികവുമായ" ഇടപെടലുകള്‍ നടത്താന്‍ അവര്‍ വിസമ്മതിച്ചു. അതില്‍ ഭൂരിപക്ഷവും മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ട യുവാക്കളായിരുന്നു. അവരുടെ സംഘടനയുടെ പേര്‍ "വിമത ധീരര്‍" എന്നാണ്‌.

അവരിലൊരാളും, യാഥാസ്ഥിതിക ജൂതനുമായ സര്‍ജന്റ്‌ ഇഷായ്‌ റോസന്‍സ്‌വിയുമായ്‌ ഒരു ഉച്ചസമയം ഞാന്‍ പങ്കിട്ടു. ചുറ്റും കണ്ടേക്കാവുന്ന സംശയഗ്രസ്തമായ കണ്ണുകളില്‍ നിന്നകന്ന്, ടെല്‍ അവീവിലെ ഒരു പാര്‍ക്കില്‍ വെച്ചു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, എങ്ങിനെ അയാള്‍ ഒരു കരിങ്കാലിയായെന്ന്.

വിചാരിച്ചതിലുമധികം സമയമെടുത്തു അയാള്‍ മറുപടി പറയാന്‍. "ഗാസയില്‍ എന്റെ വിഭാഗത്തിന്റെ കൂടെ വന്നതു മുതല്‍ തന്നെ എനിക്കു ബോധ്യമായി. ഭീകരമായ ഒന്നാണ്‌ ഞങ്ങള്‍ ചെയ്യുന്നതെന്ന്. എങ്കിലും ഞാനത്‌ ചെയ്തു. വീട്ടില്‍ പോവുമ്പോള്‍ ഞാന്‍ ഇതിനെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഒരു തരം ജക്കില്‍ ഹൈഡ്‌ കഥാപാത്രത്തെപ്പോലെയായിരുന്നു ഞാന്‍ വീട്ടില്‍. പിന്നീടെനിക്കു മനസ്സിലായി, അതിര്‍ത്തിയുടെ തെറ്റായ ഭാഗത്താണ്‌ ഞാനെന്ന്. ദിവസവും വഴി തടസ്സങ്ങള്‍ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നു ഞങ്ങള്‍. അവിടെ നിങ്ങള്‍ക്ക്‌ ഒരു ജോലിയുമില്ല. വെറുതെ നില്‍ക്കുക. വീട്ടിലേക്ക്‌ ഫോണ്‍ ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഒരു പക്ഷേ പറയുക "ഇത്‌ അറുമുഷിപ്പനാണെന്ന്" മാത്രമായിരിക്കും. പിന്നീടാണ്‌ നിങ്ങള്‍ക്ക്‌ ബോധ്യമാവുക, ഈ നിഷ്ക്രിയത്വം യഥാര്‍ത്ഥത്തില്‍ എന്താണ്‌ ചെയ്യുന്നതെന്ന്. ആയിരക്കണക്കിനാളുകളെ അപമാനത്തിലും, വിദ്വേഷത്തിലും, വിശപ്പിലും, മടുപ്പിലും തളച്ചിടുകയാണ്‌ അതെന്ന്.

സങ്കല്‍പ്പിച്ചു നോക്കൂ. പുലര്‍ച്ചെ അഞ്ചുമണിക്ക്‌ നിങ്ങളവിടെ നില്‍ക്കുന്നു. നിങ്ങളവരുടെ കണ്ണുകള്‍ കാണുന്നു. അവരില്‍ ഒരാള്‍ നിങ്ങലുടെ പിതാമഹനായിരിക്കാനും മതി. അവരെ വിളിച്ചുനിര്‍ത്തി നിങ്ങള്‍ക്ക്‌ പറയണമെന്നുണ്ട്‌. "നോക്കൂ, ഞാന്‍ ഉള്ളിന്റെയുള്ളില്‍ നല്ലൊരുവനാണ്‌. എനിക്കു നിങ്ങളോടു ഒരു വിരോധവുമില്ല". പക്ഷേ അതല്ല കാര്യം, അവര്‍ക്ക്‌, നിങ്ങള്‍, അധിനിവേശം തന്നെയാണ്‌. ആരും അവനവന്റെ സ്വാതന്ത്ര്യം വെറുതെ തരികയൊന്നുമില്ല.

പക്ഷേ, സര്‍ക്കാര്‍ പറയുന്നത്‌, ഈ മാര്‍ഗ്ഗതടസ്സങ്ങള്‍ ചാവേറുകളെ തടയാനാണെന്നല്ലെ?

ചാവേറുകള്‍ ഉണ്ടാവുന്നതിനു മുപ്പത്തഞ്ചുകൊല്ലങ്ങള്‍ക്കു മുന്‍പ്‌ നമ്മള്‍ ഈ മാര്‍ഗ്ഗതടസ്സങ്ങള്‍ ഉണ്ടാക്കിയിരുന്നു. നിയന്ത്രിക്കാന്‍ മാത്രമാണത്‌. നിയന്ത്രിക്കാന്‍.

നിങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലുള്ളവര്‍ നിങ്ങളുമായി ഇതിനെക്കുറിച്ച്‌ തര്‍ക്കിക്കാറുണ്ടോ?

നിങ്ങള്‍ക്ക്‌ എല്ലാ അധികാരവുമുണ്ട്‌. അവര്‍ക്കൊന്നുമില്ല. നിങ്ങള്‍ക്കു ഏതു നിമിഷവും അവരുടെ രേഖകള്‍ പിടിച്ചെടുക്കാം. പിന്നെ അവശേഷിക്കുന്നതായി അവര്‍ക്കൊന്നുമില്ല. രേഖകള്‍ നഷ്ടപ്പെട്ടാല്‍ ആ നിമിഷം ജയിലിലാണ്‌. അതുകൊണ്ട്‌ അവര്‍ അതിനു മുതിരില്ല. അവര്‍ നിസ്സംഗരാവുകപോലും ചെയ്തേക്കാം. പക്ഷേ അവരുടെ ഉള്ളില്‍, അവര്‍ തീര്‍ച്ചയായും നിസ്സംഗരല്ല.

നിങ്ങള്‍ ദിവസവും കണ്ടുമുട്ടുന്ന മറ്റു ഇസ്രായേലികള്‍, നിങ്ങളൊരു വിമതനാണെന്നു അറിയുന്നവര്‍, അവര്‍ നിങ്ങളെ എങ്ങിനെയാണ്‌ കാണുന്നത്‌?

ചിലര്‍ ഞങ്ങളെ തീവ്ര ഇടതുപക്ഷമായിട്ടാണ്‌ കാണുന്നത്‌. അതാണ്‌ ഏറ്റവും വലിയ തമാശ. ഞാനൊരു മതവിശ്വാസിയാണ്‌. അവര്‍ക്ക്‌ ഇതില്‍ ധാര്‍മ്മികതയുടെ പ്രശ്നമേ കാണാനാവുന്നില്ല. അവര്‍ കരുതുന്നത്‌, ഞങ്ങളുടെ തല തിരിഞ്ഞുപോയി എന്നാണ്‌. എന്റെ അടുത്ത ഒരു സുഹൃത്ത്‌ എന്താണ്‌ പറഞ്ഞതെന്ന് അറിയാമോ? "ശരിയാണ്‌, ഇതൊരു വങ്കന്‍ യുദ്ധമാണ്‌. എങ്കിലും, ഒരു യുദ്ധം തന്നെയാണ്‌. നമ്മളത്‌ പൊരുതിതീര്‍ക്കുക തന്നെ വേണം." എന്നാണ്‌.

കുടുംബം?

"വീട്ടിലിതിനെക്കുറിച്ച്‌ ഞങ്ങള്‍ സംസാരിക്കാറില്ല. സംസാരിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്‌. ഭാര്യ മറ്റെന്തെങ്കിലും സംസാരിക്കാന്‍ ശ്രമിക്കും. കാരണം, ഈ വിഷയം ബുദ്ധിമുട്ടുള്ള ഒന്നാണ്‌.

അതിനര്‍ത്ഥം, ഇത്‌ നിങ്ങള്‍ സ്വയം ചെയ്യുന്നതാണ്‌ എന്നല്ലെ?

അതെ, ഞാനിതില്‍ ഒറ്റക്കാണ്‌.

എന്തു വിലയാണ്‌ നിങ്ങളിതിനു കൊടുക്കുന്നത്‌?

ഞാനൊരു നായകനൊന്നുമല്ല. ഞാന്‍ ദുഃഖിതനാണ്‌. പൊതുവഴിയില്‍ വെച്ച്‌ എനിക്കു തീരെ പരിചയമില്ലാത്ത ഒരാള്‍ എന്നോട്‌ വന്ന്, "നിങ്ങള്‍ ചെയ്തത്‌ പത്രത്തില്‍ വായിച്ചു, കഷ്ടം, നിങ്ങളെപ്പോലുള്ളവരാണ്‌ നമ്മുടെ രാജ്യത്തെ തകര്‍ക്കുന്നത്‌" എന്നൊക്കെ പറയുമ്പോള്‍, എനിക്കു വേദനിക്കുന്നുണ്ട്‌. ശരീരത്തില്‍ ഒരു കത്തിയിറക്കും പോലെയാണത്‌. ഹൃദയം കൊണ്ടും, ബുദ്ധികൊണ്ടും ഒരു വൈയക്തികമായ യുദ്ധത്തിലേക്കാണ്‌ ഞാന്‍ മുങ്ങിത്താഴുന്നത്‌. എങ്ങിനെയാണത്‌ ഞാന്‍ നിങ്ങളോടത്‌ വിശദീകരിക്കുക?

നിങ്ങളോടു തന്നെ എപ്പോഴും വിശദീകരിക്കേണ്ടിവരുന്നു അല്ലേ?

അതെ, വിശദീകരിക്കുക മാത്രമല്ല, സ്വയം ബൊദ്ധ്യപ്പെടുത്തേണ്ടിയും വരുന്നുണ്ട്‌. സ്വയം പറയണം. "ഇഷായ്‌, നിങ്ങളൊരു രാജ്യദ്രോഹിയല്ല....നിങ്ങളൊരു രാജ്യദ്രോഹി അല്ല.. എന്ന് നൂറുവട്ടം. സ്വയം ഇങ്ങിനെ പറയേണ്ടി വരുക എന്നത്‌ എളുപ്പമുള്ള കാര്യവുമല്ല.

ഇസ്രായേലിനെക്കുറിച്ചുള്ള വിമര്‍ശനത്തെ, സെമിറ്റിക്‌ വിരോധവുമായി കൂട്ടിക്കുഴക്കുന്ന വിദേശത്തുള്ള ജൂതരോട്‌ നിങ്ങളെന്താണ്‌ പറയാറുള്ളത്‌?

ഇതൊരു ആന മണ്ടത്തരമാണ്‌. ഏറ്റവും വൃത്തികെട്ട പ്രചരണം. ബ്രിട്ടണിലും, ലോകാത്താകമാനവുമുള്ള ജൂതന്മാര്‍ ഇത്തരം പ്രചരണം കൊണ്ടു അധിനിവേശത്തെയും, അതിന്റെ ഭീകരതയേയും നടപ്പാക്കുക മാത്രമാണ്‌ വാസ്തവത്തില്‍ ചെയ്യുന്നത്‌. ജൂതന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മയെ മറ്റൊരു ജനതയെ അടിച്ചമര്‍ത്താനുള്ള ഉപാധിയാക്കരുത്‌. അതാണ്‌ ശരിക്കും (മത)നിന്ദ.

താങ്കളുടെ സഹപ്രവര്‍ത്തകരോട്‌ എന്താണ്‌ പറയാന്‍ ആഗ്രഹിക്കുന്നത്‌?

ദേശാഭിമാനത്തെ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടിയിരിക്കുന്നു. അധിനിവേശ പ്രശ്നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതു മാത്രമാണ്‌ ഇന്ന് ഓരോ ദേശാഭിമാനിയിലും അവശേഷിക്കുന്ന കടമ.



(അവസാനിച്ചു)

8 comments:

Rajeeve Chelanat said...

നീളമുള്ള വഴികള്‍ (3) അവസാന ഭാഗം...ഞാന്‍ കണ്ടുമുട്ടിയവരില്‍ ഏറെ ധീരന്മാരായിരുന്നു ഇസ്രായേലിലെ വിമതര്‍

കൈയൊപ്പ്‌ said...

നല്ല വിവര്‍ത്തനം രാജീവ്ജീ,

‘ജൂതന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മയെ മറ്റൊരു ജനതയെ അടിച്ചമര്‍ത്താനുള്ള ഉപാധിയാക്കരുത്‌’ എന്ന ഓര്‍മ്മപ്പെടുത്തലില്‍ അധിനിവേശത്തിന്റെ ലളിതയുക്തികള്‍ നിഷ്പ്രഭമാവുന്നു.

G.MANU said...

Rajiv..this is a wonderful translation..pls continue....waiting...

ശാലിനി said...

ഇന്നാണ് മൂന്നുഭാഗങ്ങളും വായിച്ചത്. മുഹമ്മദിന്റേയും മോശയുടേയും കഥ പറഞ്ഞ് കുട്ടികളെ ശരിയായി ചിന്തിപ്പിക്കാന്‍ പഠിപ്പിക്കുന്നത് വളരെ ശരിയാണ്. നമുക്കുള്ളതില്‍ അല്പമെങ്കിലും ഇല്ലാത്തവന് കൊടുക്കുന്ന ശരി ഈ കൊച്ചുകുട്ടികളിലൂടെ പകര്‍ന്ന് വലിയവരിലേക്കെത്തട്ടെ. ഇസ്രയേലിലെ വിമതരുടെ എണ്ണം വര്‍ദ്ധിക്കട്ടെ, അവര്‍ ധീരരായി പോരാടട്ടെ. അങ്ങനെ സമാധാനം ഉണ്ടാവട്ടെ.

ആരുടെയെങ്കിലും ഉറ്റവര്‍ മരിക്കുമ്പോള്‍ നമുക്ക് വേദനിക്കില്ല, അതു നമ്മുടെ പ്രിയപ്പെട്ടവര്‍ ആരെങ്കിലുമാണെങ്കിലോ?

ലോകം മുഴുവന്‍ ഇതുപോലെയുള്ള വിമതര്‍ യുദ്ധത്തിനെതിരേ എഴുന്നേല്‍ക്കട്ടെ. യുദ്ധകൊതിയന്മാരായ ഭരണാധികാരികള്‍ തമ്മില്‍ തല്ലി തീരട്ടെ.

നല്ല ലേഖനം- തര്‍ജ്ജിമ. ഇനിയും ഇതുപോലെയുള്ളവ എഴുതൂ.

vimathan said...

വിവര്‍ത്തനത്തിനു നന്ദി, രാജീവ്.

ചില നേരത്ത്.. said...

രാജീവ്,
ഈ ഒരു സംരഭത്തിന് അനുമോദനമര്‍പ്പിക്കുന്നത്, ആ വിമതരോടും സമാധാനകാംക്ഷികളോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
നന്ദി

ഡാലി said...

രാജീവ് വിവര്‍ത്തനം നന്നായിരിക്കുന്നു.

ഇസ്രായേലിലെ പുതു തലമുറയുടെ ചിന്തകള്‍ ഈ ലേഘനത്തിലെ “വാനുനു” വിന്റെ ചിന്തകള്‍ക്കടുത്തു നില്‍ക്കുന്നു. അതിനു കാരണവും ലേഘനത്തില്‍ പറഞ്ഞപോലെ അവരുടെ നിര്‍ബന്ധിത സൈനിക സേവനകാലത്തുണ്ടാകുന്ന മാനസിക മാറ്റങ്ങളാണ്. 17 വയസ്സില്‍ 3 വര്‍ഷത്തെ സൈനിക സേവനത്തിനു പോകുന്ന അവരില്‍ പലരും യുദ്ധത്തിന്റെ ധാര്‍മ്മികതയെ കുറിച്ച് ചിന്തിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പലരും പോകാതിരിക്കുന്നു, അതിനു പകരം 3 വര്‍ഷം ജയില്‍ കഴിയുന്നു. 3 വര്‍ഷത്തെ സൈനിക സേവനത്തിനിടയില്‍ ആരെയെങ്കിലും കൊന്നീട്ടുള്ളവര്‍ക്ക് വളരെ ഗുരുതരമായ മാനസീക പ്രശ്നങ്ങള്‍ ഉണ്ടാവുക സാധാരണമത്രെ.

പുതിയ തലമുറയില്‍ പെട്ടവര്‍ക്ക് ഡയസ്പോറയും മറ്റും പുസ്തകങ്ങളിലെ വിവരങ്ങള്‍ മാത്രമാണ്. “അതു കൊണ്ട് തന്നെ ജൂതന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മയെ മറ്റൊരു ജനതയെ അടിച്ചമര്‍ത്താനുള്ള ഉപാധിയാക്കുന്നതിലെ’ ധാര്‍മികത മനസ്സിലാക്കാന്‍ ‍അവര്‍ക്കു ബുദ്ധിമുട്ടാണ്! ഇതിനെ ജനറേഷന്‍ ഗ്യാപ്പ് എന്ന് പഴയ തലമുറയും പുതിയ തലമുറയും വിളിച്ചു കൊണ്ടിരിക്കുന്നു.

ഭരണം( സ്റ്റേറ്റ് & മിലിറ്ററി) പഴയ ആളുകളുടെ കയ്യിലാണ്. യുദ്ധത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനകളും ഇടത് പക്ഷക്കാരുടെ സംഘടനകളും തരക്കേടില്ലാത്ത എണ്ണം സീറ്റ് കഴിഞ്ഞ ഇലക്ഷനില്‍ നേടിയിരിക്കുന്നു.

ഈയടുത്ത് യിദ്ദിഷ് (ഒരു ജൂത ഭാഷ) എഴുത്തുകാരന്‍ സിംഗാളിന്റെ വിവര്‍ത്തനം സങ്കുചിതന്‍ വിവര്‍ത്തനം ചെയ്തിരുന്നതിലും ഇത്തരതിലുള്ള സമാനവികാരങ്ങള്‍ കാണാനാകും. ഒരു ജനത മാനസീകമായി മാറുന്നതിന്റെ തെളിവായിരിക്കാം ഇതൊക്കെ. മദ്ധ്യപൂര്‍വ്വ ദേശത്ത് സമാധാനവും, പാലസ്തീനില്‍ പോകാന്‍ ഒരു പാലസ്തീന്‍ വിസയും വേണ്ടി വരുന്ന കാലം അധികം ദൂരത്തലായിരിക്കാം.

ഈ ലേഘനം കാണിച്ചു തരാന്‍ പറഞ്ഞ ചിലനേരത്തിനും, കാണിച്ചു തന്ന ബി.കുട്ടിയ്ക്കും നന്ദി.

reshma said...

പ്രതീക്ഷ.
വായിക്കാനായതില്‍ സന്തോഷമുണ്ട്.

qw_er_ty