Sunday, September 9, 2007

അദ്ധ്യായം-2 സൈന്യത്തിന്റെ തോക്കിന്‍ മുനമ്പില്‍-1

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

സെകുവപാനി, ഗുംല(ബീഹാര്‍): ആകാശം തീ വര്‍ഷിക്കുകയും, കാല്‍ക്കീഴിലുള്ള ഭൂമി പ്രകമ്പനം കൊള്ളുകയും ചെയ്തപ്പോള്‍ ഭയന്നു വിറച്ച്‌ ബധ്വയും ബിര്‍സ അസുരനും വനത്തിനുള്ളില്‍ കഴിഞ്ഞു. പേടിച്ചു വിറച്ച അസുര ഗോത്രം, തങ്ങളുടെ കുട്ടികളും, ആടുമാടുകളും, പന്നികളുമൊക്കെയായി കാട്ടില്‍ അവിടെയവിടെ സംഘംചേര്‍ന്നു കഴിച്ചുകൂട്ടി. മണിക്കൂറുകള്‍ക്കു മുന്‍പ്‌ തങ്ങള്‍ ഉപേക്ഷിച്ചുപോന്ന ഗ്രാമം സുരക്ഷിതമായി അവശേഷിക്കുന്നുണ്ടാകുമെന്ന് അവര്‍ ആശിച്ചു.

ഗുംലയിലെ സെകുവപാനി എന്ന പ്രദേശം ഇന്ത്യന്‍ സേനയുടെ വെടിവെയ്പ്പ്‌ പരിശീലന പരിധിയില്‍ വരുന്ന ഒരു സ്ഥലമായിരുന്നു. ഈ ഫയറിംഗ്‌ റേഞ്ച്‌ പ്രവര്‍ത്തിക്കുന്നതാകട്ടെ, ഏറ്റവും ദരിദ്ര ജില്ലയായ പാലാമോയിലെ മഹുവദാനി ബ്ലോക്കിലാണ്‌. റാഞ്ചിയിലെ 23 ആര്‍ട്ടില്ലറി ബ്രിഗേഡ്‌ ഓരോ തവണ ഈ അഭ്യാസപ്രകടനം നടത്തുമ്പോഴും,ആയിരക്കണക്കിന്‌ ഗോത്രവര്‍ഗ്ഗക്കാരാണ്‌ ദുരിതമനുഭവിക്കുന്നത്‌. വീടുകള്‍ ഉപേക്ഷിച്ച്‌, അവര്‍ക്ക്‌ കാട്ടില്‍ അഭയം തേടേണ്ടിവരുന്നു.

പിറ്റേ ദിവസം രാവിലെ തിരിച്ചുപോകുമ്പോള്‍, ഒഴിഞ്ഞുപോയതിനും വീടും സ്വത്തും ഒരുപക്ഷേ തങ്ങളുടെ ജീവിതം തന്നെയും പണയപ്പെടുത്തിയതിനും അവര്‍ക്കുള്ള 'നഷ്ടപരിഹാരം'കിട്ടും. ഉദാരമതിയായ സൈന്യത്തിന്റെ വക 1 രൂപ 50 പൈസ അവര്‍ക്കോരോരുത്തര്‍ക്കും. ചിലപ്പോള്‍, ഈ അഭ്യാസം നാലും അഞ്ചും ദിവസം വരെ നീണ്ടുപോകാറുമുണ്ട്‌. 1956 മുതല്‍ ഇത്‌ പല രീതിയിലും തുടര്‍ന്നുവരികയാണ്‌. ഈയടുത്ത കാലത്തായി പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയും ചെയ്തിരിക്കുന്നു.

ഈ ഫയറിംഗ്‌ റേഞ്ച്‌ സ്ഥിരമാക്കാന്‍ സൈന്യം ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്‌*. എന്നുവെച്ചാല്‍, പാലാമൊയിലെയും ഗുംലയിലെയും 1,62,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് അര്‍ത്ഥം. പതിനായിരക്കണക്കിനു മുന്‍ഡ, ഓറോണ്‍, അസുര, ബിര്‍ജിയ, കിസാന്‍ ഗോത്രങ്ങളെ ഇതിനുവേണ്ടി ഒഴിപ്പിക്കേണ്ടിവരും. കുറെ ബിര്‍ഹോര്‍ ഗോത്രക്കാരേയും. അവരുടെ ഏകസമ്പാദ്യമായ ഭൂമി പാലാമോയിലെയും ഗുംലയിലെയും പൈലറ്റ്‌ നേതാര്‍ഹട്ട്‌ ഫീല്‍ഡ്‌ ഫയറിംഗ്‌ റേഞ്ച്‌ (Pilot Netarhat Field Firing Range) എന്ന പദ്ധതിക്കുവേണ്ടി ത്യജിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു അവര്‍.

ഈ പദ്ധതി വ്യാപകമായ വനനാശത്തിനു വഴിവെക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ബെട്‌ല ദേശീയോദ്യാനം നാശത്തെ അഭിമുഖീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്‌. ടൈഗര്‍ റിസര്‍വ്വ്‌ പദ്ധതിക്കും അധികം ആയുസ്സില്ല. പക്ഷേ, ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക, ദരിദ്രരും,ആദിമ ഗോത്രവര്‍ഗ്ഗക്കാരുമുള്‍പ്പെടുന്ന ആദിവാസികള്‍ക്കായിരിക്കും.

തനത്‌ ദേശവര്‍ഗ്ഗക്കാരുടെ അന്താരാഷ്ട്ര വര്‍ഷത്തിനും(1993) പാലമോയിലെയും ഗുംലയിലെയും ദരിദ്രരായ ഗോത്രക്കാരെ സഹായിക്കാന്‍ സാധിച്ചിട്ടില്ല.

കുടിയൊഴിക്കല്‍ എന്നത്‌, ച്ഛോട്ടാനാഗ്‌പൂറില്‍ പ്രചാരത്തിലിരിക്കുന്ന ഒരു പ്രധാന വാക്കാണ്‌. പല വമ്പന്‍ പദ്ധതികളും ലക്ഷക്കണക്കിന്‌ ആളുകളെയാണ്‌ ബാധിക്കുന്നത്‌. ഇതില്‍, ഭൂമി കയ്യേറ്റവും, രേഖകള്‍ തിരുത്തലും, അണക്കെട്ട്‌ നിര്‍മ്മാണവും, ഖനനവും പിന്നെ പേരിനു 'വികസനവും' എല്ലാം ഉള്‍പ്പെടുന്നു. ഇതിലൊക്കെ, ഒഴിപ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും(മുഴുവന്‍ എന്നു പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍) ആദിവാസികളും, ദളിതുകളുമാണ്‌. പ്രതിരോധിക്കാനുള്ള അവരുടെ ശേഷി തീരെ പരിമിതവും.

'കരിമരുന്നുപ്രയോഗ'ത്തിനു ശേഷം ഗ്രാമത്തില്‍ തിരിച്ചെത്തുന്ന അസുരന്‍മാര്‍ തങ്ങളുടെ കൃഷിനാശത്തിന്റെയും, മോഷണം പോയ കോഴികളുടെയും കണക്കെടുക്കുന്നു.

വയലുകളിലൂടെ സഞ്ചരിക്കുന്ന സൈനിക വാഹനങ്ങളും, സൈനികരും കൃഷിക്കുണ്ടാക്കുന്ന നാശം ചില്ലറയൊന്നുമല്ല. ചില സന്ദര്‍ഭങ്ങളില്‍ 7000 രൂപയോളം നഷ്ടം വരാറുണ്ട്‌ ഓരോ ഏക്കറിലും. ഗ്രാമത്തിലെ മുതിര്‍ന്ന ഒരാള്‍ പറഞ്ഞു "ഒരിക്കല്‍, രണ്ടു ബോംബുകള്‍ വളരെ അടുത്തു വന്നു വീണു. മരങ്ങള്‍ കടപുഴകി വീഴാറുണ്ട്‌. ചിലപ്പോള്‍, അവ അപ്പാടെ ഉണങ്ങിപ്പോവുകയും ചെയ്യും. ചിലപ്പോള്‍ ഷെല്ലുകള്‍ വന്നുവീഴാറുണ്ട്‌. പൊട്ടാത്ത ഷെല്ലുകള്‍".

അത്തരത്തിലുള്ള ഒരു ഷെല്‍, ഒരു ഗ്രാമത്തില്‍വെച്ച്‌ എനിക്ക്‌ കാണാന്‍ കഴിഞ്ഞു.12-15 കിലോ തൂക്കമുണ്ടായിരുന്നു അതിന്‌. "ഓരോ തവണ അവര്‍ അഭ്യാസം നടത്തുമ്പോഴും, ഞങ്ങള്‍ക്ക്‌ ഇരുപത്തിനാലു മണിക്കൂര്‍ സമയം പോലും തരാറില്ല. ഈ സമയത്തിനുള്ളില്‍ വേണം എല്ലാം കെട്ടിപ്പെറുക്കി വീടു വിട്ട്‌, നാലു കിലോമീറ്റര്‍ നടന്ന്, കാട്ടിലെത്താന്‍" ബധ്വ അസുര്‍ പറഞ്ഞു.

പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു, ഈ ഗ്രാമങ്ങളില്‍.പാലാമോയില്‍ ഇരുപത്തിയൊന്‍പതും, ഗുല്‍മയില്‍ എണ്‍പതും ഗ്രാമങ്ങളെ ഇത്‌ ബാധിക്കുമെന്നാണ്‌ കരുതുന്നത്‌. ഒരു റിട്ടയേര്‍ഡ്‌ ബ്ലോക്ക്‌ വെല്‍ഫയര്‍ ഉദ്യോഗസ്ഥനായ പാസ്കല്‍ മിഞ്ച്‌ പറഞ്ഞു. "അവര്‍ ഘട്ടം ഘട്ടമായിട്ടാണ്‌ ഇത്‌ നടപ്പാക്കുന്നത്‌. ഒരു സമയത്ത്‌ കുറച്ചു ഗ്രാമങ്ങളെ മാത്രമേ അവര്‍ സമീപിക്കുന്നത്‌. ഇതിന്റെ ഉദ്ദേശ്യം, ആളുകള്‍ക്കിടയില്‍ ഒരു ആശയക്കുഴപ്പം ഉണ്ടാക്കുകയും, വലിയതോതിലുള്ള പ്രതിഷേധങ്ങളെ ഇല്ലാതാക്കുകയുമാണ്‌ " മിഞ്ചും, അദ്ദേഹത്തിന്റെ ജന സംഘര്‍ഷ സമിതിയും ഗിരിവര്‍ഗ്ഗക്കാരുടെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ടായിരുനു.

പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളും, മനപ്പൂര്‍വ്വം പ്രചരിപ്പിക്കപ്പെട്ട കഥകളും വളരെയധികം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പാലാമോയിലെ പലരും വിശ്വസിച്ചിരുന്നത്‌, പദ്ധതി നിര്‍ത്തിവെച്ചിരിക്കുന്നുവെന്നാണ്‌. ഗുംലയിലെ പഴയ എം.പി. ശിവ പ്രസാദ്‌ സാഹു അവരോട്‌ അങ്ങിനെയാണ്‌ പറഞ്ഞിട്ടുള്ളത്‌. പഴയ കേന്ദ്ര സഹകാര്യ മന്ത്രി സുമതി ഒറാവോണും, സാഹുവിന്റെ അവകാശവാദത്തെ സ്ഥിരീകരിച്ചിരുന്നു. എങ്കിലും, ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല അതിന്‌.

അവിടെ ഒരു സൈനിക ആസ്ഥാനം, അഥവാ കന്റോണ്‍മന്റ്‌ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ സാഹു പ്രതിരോധ മന്ത്രാലയത്തിനോട്‌ അതിനെക്കുറിച്ച്‌ അന്വേഷിച്ചു. അത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവും നിലവില്‍ ഇല്ലെന്ന മറുപടിയാണ്‌ അയാള്‍ക്ക്‌ ലഭിച്ചത്‌."അത്‌ ശരിയാണ്‌", ഗിരിവര്‍ഗ്ഗക്കാരോട്‌ അനുഭാവമുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. "ഒരു ഫയറിംഗ്‌ റേഞ്ചാണ്‌ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്‌. സൈനിക ആസ്ഥാനമല്ല".സാഹുവിന്റെ അന്വേഷണത്തിന്റെ ചുവടുപറ്റി പത്രക്കാരും അവരുടെ വക അന്വേഷണങ്ങള്‍ നടത്തി. അതുകൊണ്ട്‌ ഔദ്യോഗികമായ 'നിഷേധം' ഉണ്ടായതുമില്ല.

അടുത്ത ഘട്ടത്തില്‍ സൈനിക കന്റോണ്‍മന്റ്‌ വരുമെന്നു തന്നെ, മിഞ്ചും സുഹൃത്തുക്കളും വിശ്വസിക്കുന്നു. ആ വാക്കിനെക്കുറിച്ച്‌ ഏതായാലും ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നുമുണ്ട്‌. താഴെ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചപോലെ " ഒരു തീവണ്ടിപ്പാതക്കുവേണ്ടി ഞങ്ങളുടെ ഗ്രാമം ഇല്ലാതാക്കാന്‍ തീരുമാനിച്ചുവെന്ന് കരുതുക. പക്ഷേ നിങ്ങള്‍ ചോദിക്കുന്നത്‌, ഒരു അണക്കെട്ടിനുവേണ്ടി ഞങ്ങളുടെ ഗ്രാമം ഇല്ലാതാവാന്‍ പോവുകയാണോ എന്നാവുമ്പോള്‍ ഞങ്ങള്‍ സ്വാഭാവികമായും പറയുക, അല്ലെന്നായിരിക്കും. അതേ സമയം, തീവണ്ടിപ്പാതയെക്കുറിച്ച്‌ ഞങ്ങള്‍ നിശ്ശബ്ദരായിരിക്കുകയും ചെയ്യും".

ജന സംഘര്‍ഷ സമിതിയിലെ ഒരു പ്രവര്‍ത്തകന്‍ പറയുന്നു. "ആരും ഈ വിദൂര ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുവാന്‍ മിനക്കെടുന്നില്ല എന്നതാണ്‌ പ്രധാനപ്പെട്ട പ്രശ്നം.. എന്താണ്‌ സംഭവിക്കുന്നതെന്ന് പിന്നെ എങ്ങിനെയാണ്‌ നിങ്ങള്‍ മനസ്സിലാക്കുക?" അയാള്‍ പറഞ്ഞത്‌ ശരിയാണെന്ന്‌ തെളിഞ്ഞു. സാഹുവിന്‌ സര്‍ക്കാരിന്റെ 'ഔദ്യോഗിക നിഷേധം' കിട്ടി ഇരുപത്‌ ദിവസം പിന്നിടുമ്പോഴും, സൈന്യം ആ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ടായിരുന്നു. ഇതില്‍, ഏഴു ഗ്രാമങ്ങള്‍ - നേതാര്‍ഹട്ട്‌, നൈന, ഹസ്മു, നവതാലി, ചോര്‍മുണ്ട, ഹോര്‍മുണ്ടതാലി, അര്‍ഹാന്‍സ്‌, എന്നിവ- ഉടനടി ഏറ്റെടുക്കും. ഇവിടെയുള്ള 6300 ഏക്കറില്‍ നിന്നാണ്‌ ഇനി തോക്കുകള്‍ ഗര്‍ജ്ജിക്കുക. ഇതില്‍ അഞ്ചു ഗ്രാമങ്ങളില്‍ ഞാന്‍ പോയിരുന്നു. കാര്യങ്ങളുടെ വിശദാംശങ്ങളില്‍നിന്ന് മനപ്പൂര്‍വ്വം അകറ്റിനിര്‍ത്തപ്പെട്ട ഈ ഗ്രാമങ്ങളിലെ ആളുകള്‍ക്ക്‌ പറയാന്‍ ധാരാളം കാര്യങ്ങളുണ്ടായിരുന്നു. അത്‌, പക്ഷേ, മറ്റൊരു കഥയാണ്‌.


* ഈ സ്ഥലം ഏറ്റെടുക്കല്‍ ഇപ്പോഴും സര്‍ക്കാരിന്റെ അജണ്ടയിലുണ്ടെങ്കിലും, വ്യാപകമായ ജനരോഷം ഇപ്പോഴും അവിടങ്ങളില്‍ നിലനില്‍ക്കുന്നതിനാല്‍, ആദിവാസികള്‍ക്ക്‌ ഒരു ചെറിയ ഇടവേള ലഭിച്ചിരിക്കുന്നു.(പരിഭാഷക കുറിപ്പ്‌)

3 comments:

Rajeeve Chelanat said...

ഇവിടെയുള്ള 6300 ഏക്കറില്‍ നിന്നാണ്‌ ഇനി തോക്കുകള്‍ ഗര്‍ജ്ജിക്കുക. ഇതില്‍ അഞ്ചു ഗ്രാമങ്ങളില്‍ ഞാന്‍ പോയിരുന്നു. കാര്യങ്ങളുടെ വിശദാംശങ്ങളില്‍നിന്ന് മനപ്പൂര്‍വ്വം അകറ്റിനിര്‍ത്തപ്പെട്ട ഈ ഗ്രാമങ്ങളിലെ ആളുകള്‍ക്ക്‌ പറയാന്‍ ധാരാളം കാര്യങ്ങളുണ്ടായിരുന്നു. അത്‌, പക്ഷേ, മറ്റൊരു കഥയാണ്‌.

Unknown said...

വായിച്ചു.

വര്‍ക്കേഴ്സ് ഫോറം said...

രാജ്യരക്ഷക്കായും ഏറ്റവും കൂടുതല്‍ “ത്യാഗം” സഹിക്കേണ്ടി വരുന്നവര്‍ ഇവരല്ലാതെ മറ്റാരുമല്ലല്ലോ? അതും ദിവസം ഒന്നരരൂപയുടെ നഷ്ട പരിഹാരവും വാങ്ങി!