Sunday, September 16, 2007

അദ്ധ്യായം-4 വികസനം വേട്ടയാടുന്ന ചികാപര്‍ -1

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

ചികാപര്‍ (കോറാപുട്‌) വീട്ടില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ട്‌ കോരിച്ചൊരിയുന്ന മഴയത്ത്‌, ഇരുട്ടില്‍, കാട്ടിലൂടെ അഞ്ചു മക്കളുമായി തലയില്‍ ഭാണ്ഡക്കെട്ടുകളുമായി നടക്കുമ്പോള്‍ മുക്ത കദം കരയുകയായിരുന്നു. മിഗ്‌ വിമാന പദ്ധതിക്കുവേണ്ടി ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്സ്‌ ലിമിറ്റഡ്‌ (HAL)അവരുടെ ചികാപര്‍ ഗ്രാമം ഏറ്റെടുത്തപ്പോഴാണ്‌, ആ മഴക്കാലത്ത്‌ അവര്‍ക്ക്‌ വീടുവിട്ടിറങ്ങേണ്ടിവന്നത്‌.

"എവിടെ പോവണമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. സാറന്മാരു പറഞ്ഞു, ഞങ്ങളിറങ്ങി. വല്ലാത്തൊരു അവസ്ഥയായിരുന്നു. കുട്ടികളുടെ കാര്യമോര്‍ത്ത്‌ വല്ലാതെ പേടിച്ചു ഞാന്‍", മുക്ത ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്തു. അത്‌ 1968-ലായിരുന്നു. വീണ്ടും രണ്ടു തവണകൂടി ഇതേ അനുഭവം ആവര്‍ത്തിക്കുമെന്ന്, ഗദാബ ഗോത്രക്കാരിയായ മുക്ത സ്വപ്നത്തില്‍പ്പോലും കരുതിയില്ല. മുക്ത മാത്രമല്ല.അഞ്ഞൂറോളം വലിയ കൂട്ടുകുടുംബങ്ങള്‍ താമസിച്ചിരുന്ന ആ ഗ്രാമം ഒന്നടങ്കം ഇത്തരത്തില്‍ തങ്ങളുടെ ഭൂമിയില്‍ നിന്ന് പുറത്തായി.

കോറാപുട്ടിലെ മറ്റേതു ഗ്രാമവും പോലെത്തന്നെയായിരുന്നു ഏറെക്കുറെ, ചികാപര്‍ ഗ്രാമവും. ഏറെക്കുറെ എന്നു മാത്രമേ പറയാനാവൂ. ലോകത്തിലെ മറ്റൊരു ഗ്രാമത്തിനും മൂന്നു തവണ സ്ഥലം മാറേണ്ടിവന്നിട്ടുണ്ടാവില്ല. അതും, വികസനത്തിന്റെ പേരില്‍. 60-കളില്‍ മിഗ്ഗിന്റെ പരിലായിരുന്നു ആദ്യത്തെ ആ ഒഴിഞ്ഞുപോക്ക്‌. വലിയ വിമാനങ്ങള്‍ക്കുവേണ്ടി കുടിയിറങ്ങേണ്ടിവന്ന ഗ്രാമവാസികള്‍ തങ്ങളുടെതന്നെ അധീനതയിലുണ്ടായിരുന്ന മറ്റൊരു ഭൂമിയിലേക്ക്‌ മാറിത്താമസിച്ചു. ഗൃഹാതുരത്വത്തിന്റെ വേദനയില്‍ അവരതിനെയും ചികാപര്‍ എന്നു പേരിട്ടുവിളിച്ചു.

1987-ല്‍ ചികാപറിലെ, അഥവാ, ചികാപര്‍-2-ലെ ആളുകളെ ഒരിക്കല്‍ക്കൂടി ഒന്നടങ്കം പുറത്താക്കി. ആദ്യത്തെ കുടിയൊഴിപ്പിക്കലിനുപോലും പലര്‍ക്കും അപ്പോഴും നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല.

മുക്ത ഒരിക്കല്‍ക്കൂടി യാത്രയായി. ഇത്തവണ കൂട്ടിന്‌ പേരക്കുട്ടിയുമുണ്ടായിരുന്നു."അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ഒരു പാലത്തിന്റെ ചുവട്ടില്‍ ഞങ്ങള്‍ കുറച്ചു ദിവസം താമസിച്ചു", മുക്ത പറഞ്ഞു. അര്‍ജുന്‍ പാഞ്ച എന്ന മറ്റൊരു ഗദാബ ഗോത്രക്കാരന്‍, രണ്ടാമത്തെ കുടിയിറക്കത്തിന്റെ കാരണം വ്യക്തമായി ഓര്‍ക്കുന്നുണ്ട്‌. "അപ്പര്‍ കോലാബ്‌ പദ്ധതിക്കും,* നാവികസേനയുടെ പടക്കോപ്പുശാലക്കും വേണ്ടിയായിരുന്നു അത്‌".

വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ച്‌ അവര്‍ മറ്റൊരു സ്ഥലത്തെത്തിച്ചേര്‍ന്നു. ആ സ്ഥലവും ഒരു തരത്തില്‍ ഇതേ ഗ്രാമീണരുടെ അധീനതയില്‍ ഉള്ളതായിരുന്നു.അവിടെ ജീവിതം വീണ്ടും കെട്ടിപ്പടുക്കാന്‍ തുടങ്ങുമ്പോഴാണ്‌ ഇതാ വീണ്ടും കുടിയിറങ്ങാനുള്ള നോട്ടീസ്‌. ഈ സ്ഥലവും വിട്ടുപോകണം.

വികസനം ചികാപറിനെ നിരന്തരം വേട്ടയാടുകയാണ്‌.

ഗ്രാമത്തിലെ വിദ്യാഭ്യാസമുള്ള ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ജഗന്നാഥ്‌ കദം എന്ന അദ്ധ്യാപകന്‍. ചികാപറില്‍ സ്കൂളുകള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റൊരു ഗ്രാമത്തിലാണ്‌ അയാള്‍ ജോലി ചെയ്തിരുന്നത്‌. അവിടുത്തെ മിക്ക കുട്ടികളും ഒരിക്കല്‍പോലും സ്കൂളുകള്‍ കണ്ടിട്ടേയില്ലാത്തവരായിരുന്നു. "ഈ മൂന്നാമത്തെ കുടിയൊഴിക്കലിനു പല കാരണങ്ങളാണ്‌ അവര്‍ പറയുന്നത്‌" ജഗന്നാഥ്‌ പറഞ്ഞു. "ഇവിടെ നടന്ന ഒരു സമ്മേളനത്തില്‍, മന്ത്രി ഹരീഷ്‌ ചന്ദ്ര ബക്ഷി പാത്ര പറഞ്ഞത്‌, കോഴിവളര്‍ത്തല്‍ കേന്ദ്രത്തിനുവേണ്ടി ഞങ്ങള്‍ സ്ഥലം ഒഴിയണമെന്നാണ്‌. മറ്റൊരു കാരണം പറഞ്ഞു കേള്‍ക്കുന്നത്‌, ഈ ഗ്രാമത്തിന്റെ കിടപ്പ്‌ സൈന്യത്തിന്റെ സാങ്കേതിക വിഭാഗത്തിന്‌ (Military Engineering Services-MES)അസൗകര്യപ്രദമാണെന്ന മട്ടിലാണ്‌. ഞങ്ങള്‍ക്കറിയില്ല. ആകെ അറിയുന്നത്‌, ഗ്രാമവാസികള്‍ക്ക്‌ ഒഴിഞ്ഞുപോകാനുള്ള കടലാസ്സു കിട്ടിയിട്ടുണ്ട്‌ എന്നതുമാത്രമാണ്‌".

ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിച്ചപോലെ, "ഈ ഒടുവില്‍ പറഞ്ഞ കാരണം ശരിയാണെങ്കില്‍, മൂന്നു സേനകളും ചെറിയ ഈ ചികാപറിനെ ഒന്നൊന്നായി കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു". ഇത്‌ ദുരന്തമല്ലായിരുന്നുവെങ്കില്‍, ഒരു പക്ഷേ തമാശയായി തോന്നിപ്പിച്ചേനെ. ഇപ്പോള്‍ താമസിക്കുന്ന ഈ മൂന്നാമത്തെ സ്ഥലവും, കാലാകാലമായി ഈ ഗ്രാമീണരുടെ സ്ഥലംതന്നെയാണ്‌.അങ്ങിനെ, മൂന്നു തവണയായി ഈ ആളുകള്‍ തങ്ങളുടെ ഗ്രാമത്തില്‍നിന്ന് കുടിയിറക്കപ്പെട്ടിരിക്കുകയാണ്‌, മൂന്നു തവണയും അവര്‍ക്ക്‌ അവരുടെ വീട്‌ നഷ്ടപ്പെട്ടിരിക്കുകയാണ്‌. ഇതൊക്കെയും, വികസനത്തിന്റെ പേരിലും!

മിഗ്ഗിനുവേണ്ടി ആദ്യത്തെ തവണ ഭൂമി ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ ഗദാബ ഗോത്രത്തിലെ ഈ അദ്ധ്യാപകനും, ചികാപര്‍ 2-ലേക്ക്‌ താമസം മാറ്റി. പക്ഷേ, കോലാബ്‌ പദ്ധതി വന്നപ്പോള്‍, അയാള്‍ അതത്ര കാര്യമായെടുത്തില്ല കോലാബ് അണക്കെട്ടില വെള്ളം തന്റെ വീടുവരെ എത്തില്ല എന്നുള്ളതുകൊണ്ട്‌ കല്‍പനകളെ ധിക്കരിച്ച്‌ അയാള്‍ അവിടെത്തന്നെ തങ്ങി. "എന്റെ കുടുംബം ഇവിടെ ഒറ്റക്കായിപ്പോയതുകൊണ്ട്‌, പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു. പക്ഷേ ഇനി എന്തുവന്നാലും ഞാന്‍ ഇവിടെനിന്ന് ഇറങ്ങാന്‍ പോവുന്നില്ല". അയാള്‍ ഉറപ്പിച്ചു പറഞ്ഞു.

തീരെ ദരിദ്രരായ ആളുകളുടെ ഗ്രാമമൊന്നുമല്ല ചികാപര്‍.ഇവിടെ ഗദാബ, പരോജ ഗോത്രങ്ങളും, ഹരിജനങ്ങളും, പിന്നെ ചില പട്ടിക ജാതി വര്‍ഗ്ഗക്കാരും താമസിക്കുന്നുണ്ട്‌. ഈ ഗ്രാമം യഥാര്‍ത്ഥത്തില്‍ സുനാബേദ്‌ (സ്വര്‍ണ്ണഭൂമി എന്ന് വാച്യാര്‍ത്ഥം)എന്ന പ്രദേശത്താണ്‌ സ്ഥിതിചെയ്യുന്നത്‌. മിക്ക ഗ്രാമീണര്‍ക്കും ധാരാളം നിലമുണ്ടായിരുന്നു."ഏഴ്‌ അംഗങ്ങളുള്ള എന്റെ കുടുംബത്തിനു 1963-ല്‍ 129 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു" ബല്‍റാം പാത്രൊ പറഞ്ഞു. "ഇതില്‍, 95 ഏക്കറിനുമാത്രമാണ്‌ ഞങ്ങള്‍ക്ക്‌ നഷ്ടപരിഹാരം ലഭിച്ചത്‌, കേവലം 28,000 രൂപ. അതും, വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞതിനുശേഷം. പക്ഷേ വീടോ, മറ്റെന്തെങ്കിലും വസ്തുവകകളോ ഒന്നും കിട്ടിയില്ല. ഒരു തരത്തിലുമുള്ള പുനരധിവാസവും ഉണ്ടായില്ല"

ജ്യോതിര്‍മയി ഖോര എന്ന ഹരിജന്‍ പറയുന്നത്‌ കേള്‍ക്കുക" എന്റെ കുടുംബത്തിന്‌ അറുപത്‌ ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഞങ്ങള്‍ക്ക്‌ കിട്ടിയതോ, 15000 രൂപയും. മലമ്പ്രദേശത്തിന്‌ ഏക്കറിന്‌ 150 രൂപ നിരക്കിലും, ക്ലാസ്സ്‌-1 വിഭാഗത്തിലുള്ള ഭൂമിക്ക്‌ ഏക്കറിന്‌ 450 രൂപ വീതവും. പൈസ കിട്ടിയതുതന്നെ കുറേ കാലം കഴിഞ്ഞിട്ടാണ്‌. ഏതെങ്കിലും തരത്തിലുള്ള പുനരധിവാസമോ, പകരം വീടോ ഒന്നും കിട്ടിയതുമില്ല".

"സ്ഥലമൊഴിഞ്ഞുപോവുന്ന ഓരോ കുടുംബത്തിനും വീടും, ഒരു വീട്ടില്‍ ഒരാള്‍ക്കെന്ന തോതില്‍ ജോലിയും വാഗ്ദാനം നല്‍കിയിരുന്നു", നരേന്ദ്ര പാത്രൊ പറഞ്ഞു. നരേന്ദ്രന്‍ ഞങ്ങളോട്‌ സംസാരിച്ചത്‌, ചികാപറില്‍ (ചികപര്‍ 3 എന്ന് വിളിക്കുന്നതാവും കൂടുതല്‍ ശരി)വെച്ചായിരുന്നു. "രണ്ടു തവണയും ആളുകള്‍ ഒരു എതിര്‍പ്പുപോലും പ്രകടിപ്പിച്ചില്ല. എന്നിട്ടുപോലും, അധികാരികള്‍ അവരുടെ വാക്കു പാലിക്കുന്നതില്‍ വീഴ്ച വരുത്തി".

4500 തൊഴിലാളികളുള്ള ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്സില്‍ ജോലികിട്ടിയത്‌, പതിനഞ്ചുപേര്‍ക്ക്‌ മാത്രമാണ്‌. അതും, താഴേക്കിടയിലുള്ള ജോലി. അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും മറ്റൊരു 30 പേര്‍ക്കും ജോലികിട്ടി. ദിവസവേതനത്തിന്‌. ഒരു ജോലിസ്ഥിരതയുമില്ലാത്ത ഒന്നാണത്‌. ഇത്തരത്തില്‍ 'കാഷ്വല്‍ ജീവനക്കാരായി' കയറിപ്പറ്റിയവര്‍ക്ക്‌ ഒരു താത്‌ക്കാലിക താമസ സംവിധാനവും നല്‍കിയിരുന്നു. എച്ച്‌.എ.എല്‍ ടൗണ്‍ഷിപ്പില്‍നിന്നും 120 കിലോമീറ്റര്‍ അകലെ!

1970-ല്‍ ഗ്രാമത്തില്‍നിന്ന് ഏറ്റവും ആദ്യം മെട്രിക്കുലേഷന്‍ പാസ്സാവുകയും, സാങ്കേതിക-പരിശീലന സ്കൂളില്‍നിന്ന് ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്ത ഖോര എട്ടു വര്‍ഷം തൊഴില്‍രഹിതനായി കഴിഞ്ഞു. അതിനുശേഷമാണ്‌ എച്ച്‌.എ.എല്ലില്‍ ജോലികിട്ടിയത്‌. "ദിവസക്കൂലിക്കുപോലും, കരാറുകാര്‍, ആളുകളെ പുറത്തുനിന്നാണ്‌ കൊണ്ടുവരുന്നത്‌. മറ്റു സ്ഥിര ജോലികള്‍ക്ക്‌, റിക്രൂട്ടിംഗ്‌ ഏജന്റ്‌ പൈസ ചോദിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ കയ്യില്‍ എവിടെയാണ്‌ പൈസ?" മദന്‍ ഖസ്ല എന്ന ഹരിജന്‍ ചോദിച്ചു. ഒഴിപ്പിക്കല്‍ നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചില ഗ്രാമീണര്‍ക്ക്‌ എച്ച്‌.എ.എല്ലില്‍ സ്ഥിരജോലി കിട്ടി. നഷ്ടപരിഹാരമെന്ന നിലക്കൊന്നുമായിരുന്നില്ല. മത്സര പരീക്ഷയുടെ അടിസ്ഥാനത്തില്‍.

ചികാപര്‍ ഇല്ലാതാവുമ്പോള്‍ മറ്റു ചില പ്രശ്നങ്ങള്‍കൂടി ഉയര്‍ന്നുവരുന്നുണ്ട്‌. താമസ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലോ,അതുമായി ബന്ധപ്പെട്ടിട്ടോ ആണ്‌ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്‌. ഇതാകട്ടെ, ഭൂമിയുടെ കൈവശാവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഭൂമിയില്ലാത്തതുകൊണ്ട്‌ താമസ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായി. തന്മൂലം, ആദിവാസിയാണെന്നോ, ഹരിജനാണെന്നോ തെളിയിക്കാന്‍ അവര്‍ക്ക്‌ സാധിക്കുന്നില്ല. ഇത്‌, ജോലി ലഭിക്കാനുള്ള അവരുടെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

"അധികാരികള്‍ ചതിച്ചതുകൊണ്ട്‌ ഇവിടെ ഞങ്ങള്‍ക്ക്‌ ജോലി ലഭിച്ചില്ല. ജാതി തെളിയിക്കാന്‍ ആവാത്തതുകൊണ്ട്‌, പുറമെയുള്ള സംവരണം ചെയ്യപ്പെട്ട ജോലികളും ഞങ്ങള്‍ക്ക്‌ നഷ്ടപ്പെടുന്നു", ചികാപര്‍-3-ലെ സമര ഖിലൊ പറഞ്ഞു.

നാലുവര്‍ഷം മുന്‍പ്‌, നേവല്‍ അമ്മ്യുണിഷന്‍ ഡിപ്പോ അവര്‍ക്ക്‌ ക്ലാസ്സ്‌-4 ജോലികള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇന്റര്‍വ്യൂ നടന്നതോ, വിശാഖപട്ടണത്തും. പല ഗ്രാമീണര്‍ക്കും അവിടെ എത്തിപ്പെടാന്‍പോലും കഴിഞ്ഞില്ല. ഖോര പറഞ്ഞു. "അവിടെ നടന്ന ഇന്റര്‍വ്യൂവിലും ജോലി ലഭിച്ചവര്‍ അധികവും പുറത്തുനിന്നുള്ളവരായിരുന്നു. ഉണ്ടായിരുന്ന ഒഴിവുകളാകട്ടെ തൂപ്പുകാര്‍, മാലി, ഖലാസി, ചൗക്കിദാര്‍, തുടങ്ങിയ തസ്തികകളിലേക്കുമായിരുന്നു. ഈ ജോലി കിട്ടാന്‍ തന്നെ, വെളിയിലുള്ള ഉദ്യോഗാര്‍ഥികള്‍ എണ്ണായിരം മുതല്‍ പന്തീരായിരം രൂപ വരെ എണ്ണിക്കൊടുത്തിട്ടുണ്ട്‌. ഇപ്പോഴത്തെ ഞങ്ങളുടെ സ്ഥിതിയില്‍ ഈ പൈസയൊന്നും ഞങ്ങള്‍ക്ക്‌ താങ്ങാന്‍ ആവില്ല".

ഈ പദ്ധതികള്‍ മറ്റു ഗ്രാമങ്ങളേയും ബാധിച്ചിട്ടുണ്ടെങ്കിലും, മൂന്നു തവണ ഒരേ വിധിയെ നേരിടേണ്ടിവന്നത്‌, ചികാപറിനു മാത്രമാണ്‌. ഇവിടുത്തെ ആളുകളുടെ മനസ്ഥിതി സാമാന്യബോധത്തിന്‌ എതിരാണെന്നുപോലും പറയേണ്ടിവരുന്നു. കാരണം, ഇപ്പോഴും അവരില്‍ പലരും പറയുന്നത്‌, ഒരു ന്യായമായ 'ഏര്‍പ്പാട്‌' തങ്ങള്‍ക്ക്‌ കിട്ടണമെന്നു മാത്രമാണ്‌. അതായത്‌, ഓരോ കുടുംബത്തിനും തൊഴില്‍ ലഭിക്കണമെന്ന്. പദ്ധതികള്‍ക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരമെന്ന നിലക്കാണ്‌ തൊഴിലിനെ, ബീഹാറിലെയും ഒറീസ്സയിലെയും പല ഭാഗങ്ങളിലും ഗ്രാമീണര്‍ കണ്ടുവരുന്നത്‌. അതുകൊണ്ടുതന്നെ, ഇത്‌ ഏറ്റവുമധികം ബാധിക്കുന്നത്‌, ഭൂരഹിതരെയും, കൈവേലക്കാരെയുമാണ്‌.

ഈ ഒഴിഞ്ഞുപോക്കുകള്‍കൊണ്ട്‌ ഗതി കെട്ടിരിക്കുന്നു മുക്ത."വെള്ളവും വിറകും കിട്ടാന്‍ പണ്ടേ ഞങ്ങള്‍ക്ക്‌ ധാരാളം സഞ്ചരിക്കേണ്ടി വരാറുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ ഇരട്ടി ദൂരമാണ്‌ അലയേണ്ടിവരുന്നത്‌. ഇപ്പോള്‍ ശരീരം തീരെ വഴങ്ങാതെയായിരിക്കുന്നു". മുക്തയുടെ അയല്‍വാസി മന്ത പറഞ്ഞു." ഒന്നുമില്ലെങ്കില്‍, പഴയ സ്ഥലത്ത്‌, എല്ലാവരും തമ്മില്‍തമ്മില്‍ അറിയുമായിരുന്നു. ഇപ്പോള്‍ സ്ഥിതി മറിച്ചാണ്‌. ഇവിടത്തുകാര്‍ക്ക്‌ ഞങ്ങള്‍ അപരിചിതരാണ്‌. നാട്ടുകാര്‍ വളരെ മോശമായിട്ടാണ്‌ പെരുമാറുന്നത്‌. ആണുങ്ങള്‍ എങ്ങിനെയെങ്കിലും അവരുടെ കാര്യങ്ങള്‍ നടത്തും. പക്ഷേ വെള്ളത്തിനു വേണ്ടിയും മറ്റും പോകേണ്ടിവരുമ്പോള്‍ ഇവിടെയുള്ള ആളുകള്‍ വളരെ മോശമായിട്ടാണ്‌ ഞങ്ങള്‍ സ്ത്രീകളോട്‌ പെരുമാറുന്നത്‌. ഞങ്ങള്‍ക്ക്‌ എന്ത്‌ ചെയ്യാന്‍ കഴിയും?"

ഒഴിഞ്ഞുപോവാനുള്ള അറിയിപ്പുകള്‍ മൂന്നാമത്തെ തവണയും കൊടുത്തുകഴിഞ്ഞുവെന്ന് സുനബേദയിലെ റവന്യൂ ഇന്‍സ്പെക്ടര്‍ പൂര്‍ണ്ണചന്ദ്ര പരീദ സമ്മതിച്ചു."അവര്‍ കയ്യേറ്റക്കാരാണ്‌, ഒഴിഞ്ഞുപോവുകതന്നെ വേണം", അയാള്‍ പറഞ്ഞു.

ഇന്‍സ്പെക്ടറിന്റെ വാക്കുകളോട്‌, ചിരിച്ചുകൊണ്ട്‌ ഖോര പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌, "ഓരോ തവണ അവര്‍ ആവശ്യപ്പെട്ടുമ്പോഴും ഞങ്ങള്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്‌. മിക്കവാറും ഞങ്ങളുടെതന്നെ സ്ഥലത്തേക്ക്‌. ഈ പ്രദേശത്ത്‌ ഞങ്ങള്‍ക്ക്‌ ധാരാളം ഭൂമിയുണ്ടായിരുന്നു എന്നുകൂടി നിങ്ങളോര്‍ക്കണം. എന്നിട്ട്‌ അവര്‍ ചെയ്തതോ? സര്‍ക്കാരിന്റെ മുതലാണെന്നു പറഞ്ഞ്‌, ഞങ്ങളുടെ സ്വന്തം ഭൂമിയില്‍ ഞങ്ങളെ കയ്യേറ്റക്കാരായി ചിത്രീകരിക്കുക! നാളെ നിങ്ങളുടെ വീട്‌ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ നിങ്ങളെയും കയ്യേറ്റക്കാരനെന്ന് അവര്‍ മുദ്രകുത്തും".* അപ്പര്‍ കോലാബ്‌ - വിവിധ (ജല-വൈദ്യുത)ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള അണക്കെട്ട്‌.

2 comments:

Rajeeve Chelanat said...

ഇന്ത്യന്‍ സായുധസേനയുടെ സ്വന്തം ചികാപര്‍. വിചിത്രമായ ഒരു ഗ്രാമീണകഥ സായ്‌നാ‍ഥ് വിവരിക്കുന്നു.

വര്‍ക്കേഴ്സ് ഫോറം said...

“ ഓരോ തവണ അവര്‍ ആവശ്യപ്പെട്ടുമ്പോഴും ഞങ്ങള്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്‌. മിക്കവാറും ഞങ്ങളുടെതന്നെ സ്ഥലത്തേക്ക്‌. ഈ പ്രദേശത്ത്‌ ഞങ്ങള്‍ക്ക്‌ ധാരാളം ഭൂമിയുണ്ടായിരുന്നു എന്നുകൂടി നിങ്ങളോര്‍ക്കണം. എന്നിട്ട്‌ അവര്‍ ചെയ്തതോ? സര്‍ക്കാരിന്റെ മുതലാണെന്നു പറഞ്ഞ്‌, ഞങ്ങളുടെ സ്വന്തം ഭൂമിയില്‍ ഞങ്ങളെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു..”

വികസനത്തിന്റെ ബലിയാടുകളാവുന്നത് മിക്കപ്പോഴും സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരാണല്ലോ?