Sunday, December 30, 2007

“എന്നെ തടസ്സപ്പെടുത്തരുത്..എനിക്ക് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്”

പ്രിയപ്പെട്ട അമേരിക്കക്കാരേ,

നിങ്ങളൊക്കെ എങ്ങിനെയാണ്‌ ജീവിക്കുന്നതെന്ന് എനിക്കറിയാം. ആരെങ്കിലും നിങ്ങളുടെ വാഹനങ്ങള്‍ ചീത്തയാക്കിയാലോ, ഒരു പെന്നി അധികം ഈടാക്കിയാലോ, ഇന്‍സ്റ്റന്റ്‌ കാപ്പി തന്ന് നിങ്ങളുടെ ചുണ്ട്‌ പൊള്ളിപ്പിച്ചാലോ, നിങ്ങളുടെ അവകാശങ്ങള്‍ ലംഘിച്ചുവെന്നും മറ്റും മുറവിളികൂട്ടി, കേസ്സു കൊടുത്ത്‌, ദശലക്ഷങ്ങള്‍ വാങ്ങിക്കൂട്ടും നിങ്ങള്‍. എന്നിട്ട്‌, നിങ്ങള്‍ ചെയ്യുന്നതോ? നാണമില്ലാതെ, ധാര്‍ഷ്ട്യത്തോടെ, മറ്റുള്ളവരുടെ സ്വത്തുവകകള്‍ കട്ടെടുത്ത്‌ അവരുടെ ജീവനോപാധി തകര്‍ത്ത്‌, അവരുടെ അവകാശങ്ങളെ ഹനിച്ച്‌, അവരെ കൊന്നും, ബലാത്സംഗം ചെയ്തും നിങ്ങള്‍ നിങ്ങളുടെ അതേ ച്ഛായയും, അഴിമതിയും നിറഞ്ഞ പാവ സര്‍ക്കാരുകളെ പ്രതിഷ്ഠിക്കുകയും ചെയ്യും. എന്നിട്ടും ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമെന്ന് നിങ്ങളുടെ രാജ്യത്തെ വിളിക്കുന്നോ?

നിങ്ങള്‍ ആ ക്രിമിനലിന്‌, ഒരിക്കലല്ല, രണ്ടു തവണ വോട്ടുകള്‍ നല്‍കി വിജയിപ്പിച്ചു എന്നു ഞാന്‍ വായിച്ചറിഞ്ഞു, എന്നിട്ട്‌, തിരഞ്ഞെടുപ്പിലെ തിരിമറികളെക്കുറിച്ച്‌ എന്നോട്‌ പുലമ്പല്ലേ. അത്‌ നിങ്ങളുടെ നാറിയ ജനാധിപത്യമാണ്‌, എന്റെ പ്രശ്നമല്ല. നിങ്ങള്‍ രണ്ടുതവണ ആ തന്തയില്ലാത്തവനെ തിരഞ്ഞെടുത്തു. ആ ക്രിമിനലിനെ, കൊള്ളക്കാരനെ. അതുകൊണ്ട്‌, വായടക്ക്‌. എന്നെ ശല്യപ്പെടുത്താതെ....കാരണം, എനിക്ക്‌, കുറേയധികം കാര്യങ്ങള്‍ പറയാനുണ്ട്‌.

നിങ്ങളുടെ ആ തന്തയില്ലാത്തവന്‌ ഇനി 3 ട്രില്ല്യണ്‍ ഡോളര്‍ കൂടി വേണം, അല്ലേ? ഇറാഖിലെ യുദ്ധശ്രമങ്ങള്‍ക്ക്‌? നാലുവര്‍ഷം പരിശ്രമിച്ചിട്ടും, നിങ്ങളുടെ ആ നശിച്ച രാജ്യത്തിനും, അതുപോലെതന്നെ, ആ എമ്പോക്കി പട്ടാളത്തിനും, കാലിഫോര്‍ണിയയുടെ വലുപ്പം മാത്രമുള്ള ഞങ്ങളുടെ ചെറിയ രാജ്യത്തിനെ പിടിച്ചടക്കാനോ, നിയന്ത്രിക്കാനോ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ ആ പതാക എടുത്ത്‌, ചെറുബാല്യം വിടാത്ത കുട്ടികളുടെ, ആ സൂര്യന്‍ പ്രകാശിക്കാത്ത ഇടമുണ്ടല്ലോ, അവിടെ തിരുകിവെക്ക്.

നിങ്ങളോട്‌ ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായ ആളുകളെ ഇനിയും കൊന്നൊടുക്കാന്‍ മൂന്നു ട്രില്ല്യണ്‍ ഡോളര്‍ കൂടി വേണം, അല്ലേ? അവരും, അവരുടെ സദ്ദാമും, അയാളുടെ സര്‍ക്കാരും നിങ്ങളോട്‌ എന്തു തെറ്റാണ്‌ ചെയ്തത്‌?

ഒരു ഏകാധിപതിയെ നിലനിര്‍ത്തുന്നതിനെക്കുറിച്ചൊന്നും ഞങ്ങളോട് പുലമ്പണ്ട. ഞങ്ങള്‍ക്ക്‌, അദ്ദേഹം, ഏകാധിപതിയൊന്നുമായിരുന്നില്ല. വിശുദ്ധനായിരുന്നു. നിങ്ങളുടെ വൃത്തികെട്ട ഉപരോധം മുഴുവനും വര്‍ഷങ്ങളോളം പ്രയോഗിച്ചിട്ടും അയാളെ കിട്ടാതായപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട്‌ ബോംബുകള്‍ ഉപയോഗിച്ച്‌ ഞങ്ങളെയും അദ്ദേഹത്തെയും പിടിച്ചെടുത്തു. നിങ്ങളുടെ പ്രതിനിധികളെന്നു പറയുന്ന ആ 'യുദ്ധ വിരുദ്ധ'രും, 'ഉദാരവാദികളു’മായ പന്നികളോട്‌ ഇനി പോയി പറ, അവരല്ല, അദ്ദേഹത്തെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന്. ഇറാഖിലെ ജനങ്ങളാണ്‌ അത്‌ ചെയ്തത്‌. എന്തു കള്ളത്തരം ചെയ്തിട്ടാണെങ്കില്‍ക്കൂടിയും..നിങ്ങള്‍ക്ക്‌ എന്തു തോന്നിയാലും ഇല്ലെങ്കിലും.

അതുകൊണ്ട്‌ നിങ്ങളുടെ ആ വൃത്തികെട്ട സിംഹാസനങ്ങളില്‍ നിന്നിറങ്ങിക്കോ. എന്നിട്ട്‌ മനസ്സിലാക്കിക്കൊള്ളുക, നിങ്ങളോട്‌ ഞങ്ങള്‍ക്ക്‌ വെറുപ്പ്‌ മാത്രമേ ഉള്ളുവെന്ന്. ആ ബോധം നിങ്ങളുടെ തലയോടുകള്‍ക്കകത്ത്‌ ഉണ്ടാകണം എപ്പോഴും. മയക്കുമരുന്നുകളും, കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങളും, അക്രമവും, ആഭാസമായ ഓപ്പറകളും, പിന്നെ.. ഡോളറുംകൊണ്ട്‌ മത്തു പിടിച്ച്‌ മരവിച്ച ആ തലയോട്ടിയില്‍ ആ ബോധം എപ്പോഴും ഉണ്ടായിരിക്കട്ടെ.

ഞങ്ങളെ ഇനിയും കൊല്ലാന്‍ നിങ്ങള്‍ ആ ഡോളറാണ്‌ ഉപയോഗിക്കാന്‍ പോകുന്നത്‌. ഒരു ഇറാഖിയെ കൊല്ലാന്‍ കേവലം 2.40 ഡോളര്‍ മാത്രമേ ചിലവുള്ളുവെന്ന്, ഒരു പഠനവും പുറത്തുവന്നിട്ടുണ്ടല്ലോ. നിങ്ങളുടേതുപോലുള്ള ഒരു നശിച്ച രാജ്യത്തിനു മാത്രമേ അത്തരമൊരു പഠനം പുറത്തിറക്കാന്‍ കഴിയൂ എന്നും ഞങ്ങള്‍ക്ക്‌ ബോദ്ധ്യമുണ്ട്‌. നിങ്ങളുടെ ആ നാറുന്ന മനക്കണക്കിലും, അഴുകിയളിഞ്ഞ മനസ്സിലും ഞങ്ങള്‍ക്കുള്ള വില അതാണെന്ന് ഞങ്ങള്‍ക്കറിയാം.

അങ്ങിനെ, 33 ട്രില്ല്യണ്‍ ഡോളറിനെ 2.40 കൊണ്ട്‌ ഹരിക്കുക, എന്നിട്ട്‌ ഞങ്ങളെ കൊന്നൊടുക്കുക. അതാണ് നിങ്ങള്‍. ചോരയിലും, കൊല്ലലിലും രസം കണ്ടെത്തുന്ന നിങ്ങള്‍.

യഥാര്‍ത്ഥജീവിതത്തിലും, സിനിമയിലും, ആളുകളെ കൊന്നിട്ടാണ്‌ നിങ്ങള്‍ ഈ പൈസയുണ്ടാക്കുന്നത്‌.

നിങ്ങളുടെ ആ മനംമടുപ്പിക്കുന്ന ഹോളിവുഡ്‌ ചിത്രങ്ങളും, മയക്കുമരുന്നില്‍ മുങ്ങിപ്പൊങ്ങുന്ന സിനിമാനടന്‍മാരേയും നോക്കുക. നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ അറിയുന്നത്‌ അതൊക്കെമാത്രമാണ്‌. നിങ്ങള്‍ മറ്റുള്ളവരോട്‌ ഇന്ന് പെരുമാറുന്നപോലെതന്നെ, നിങ്ങളോടും നാളെ മറ്റുള്ളവര്‍ പെരുമാറും. അത്‌ എനിക്ക്‌ തീര്‍ച്ചയാണ്‌. ഈ ലോകത്തായാലും, പരലോകത്തായാലും ശരി, ഒന്നും, കണക്കില്‍ പെടാതെ പോകുന്നില്ല. നിങ്ങളുടെ കണക്കുകള്‍ പരിശോധിക്കാന്‍ ഇവിടെ ആരുമില്ലായിരിക്കാം. പക്ഷേ എല്ലാം കണക്കില്‍ വെക്കുന്ന മറ്റൊരാള്‍ ഉണ്ടെന്ന് ഓര്‍മ്മയില്‍ വേണം. അയാള്‍ക്ക്‌ ഒരു കണക്കും തെറ്റില്ല. അതാണ്‌ ഞാന്‍ നിങ്ങള്‍ക്ക്‌ തരുന്ന വാഗ്ദാനം.

വീണ്ടും നിങ്ങളുടെ ആ പച്ചനോട്ടുകളെക്കുറിച്ച്‌,

നിങ്ങള്‍ കട്ടെടുത്ത ആ 12 ബില്ല്യണ്‍ ഡോളറിന്റെ കാര്യം എന്തായി? അത്‌ വെറും 12 ഒന്നും ആയിരുന്നില്ല. 20 ബില്ല്യണിനും മീതെയായിരുന്നു ഇറാഖില്‍നിന്നും നിങ്ങള്‍ തട്ടിയെടുത്തത്‌. ആ പണം 'ഞങ്ങളുടെ വിമോചന'ത്തിനു ചിലവഴിക്കാനായിരുന്നു നിങ്ങളുടെ പദ്ധതി. എണ്ണക്കു പകരം ഭക്ഷണം എന്ന പദ്ധതിക്കു പകരം ഞങ്ങള്‍ക്ക്‌ കിട്ടിയ 20 ബില്ല്യണ്‍ ഡോളര്‍. ആ വാക്യം തന്നെ ഒന്നു ശ്രദ്ധിക്കുക. "എണ്ണക്കു പകരം ഭക്ഷണം' നീചവര്‍ഗ്ഗത്തില്‍നിന്നും വരുന്ന ഒരു നീചമായ വാക്യം. നിങ്ങള്‍ പ്രതിനിധീകരിക്കുന്ന എല്ലാറ്റിനെയും ആ ഒരേയൊരു വാക്യം കൊണ്ട്‌ നിര്‍വ്വച്ചിക്കാന്‍ കഴിയും. വൃത്തികെട്ട ജാതികള്‍..

എന്താണ് ആ വാക്യത്തിന്റെ അര്‍ത്ഥം. ‘നിങ്ങള്‍ നിങ്ങളുടെ എണ്ണ തരുക. പകരം ഞങ്ങള്‍ നിങ്ങള്‍ക്ക്‌ ഭക്ഷണം തരാം‘ എന്ന്, അല്ലേ?. ഞങ്ങളുടെ എണ്ണ മേടിച്ച്‌ നിങ്ങള്‍ ഞങ്ങളളെ ഊട്ടാമെന്ന് അല്ലേ? നിങ്ങള്‍ നിങ്ങളുടെ പട്ടികളെ ഊട്ടുന്ന പോലെ, അല്ലേ? (ഓര്‍മ്മയില്ലേ അബു ഗ്രയിബ്‌, പുലയാടികളേ?)..പക്ഷേ അതിനെക്കുറിച്ച്‌, ഞാന്‍ മറ്റൊരിടത്ത്‌ പറയാം. ഞാന്‍ ഒന്നും വിട്ടുപോകില്ല. ആ ഒരു കാര്യത്തില്‍ നിങ്ങള്‍ക്ക്‌ എന്നെ വിശ്വസിക്കാം.

ഞങ്ങളുടെ പൈസയും ചോരയുംകൊണ്ട്‌ ഞങ്ങളെ വിമോചിപ്പിക്കുക! എത്ര നീചമാനസരായിരിക്കണം നിങ്ങള്‍. നിങ്ങളെ എത്രമാത്രമാണ്‌ ഞാന്‍ വെറുക്കുന്നതെന്ന് എനിക്ക്‌ പറയാന്‍കൂടി ആകുന്നില്ല. നിങ്ങള്‍ ഇറാഖിലേക്ക്‌ കടന്നു വന്നത്‌, അനന്തമായ നീതിയുടെ മുദ്രാവാക്യവും മുഴക്കിക്കൊണ്ടായിരുന്നു. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ മുഴക്കുന്ന മുദ്രാവാക്യം അനന്തമായ വെറുപ്പിന്റേതാണ്‌. മറ്റൊന്നും നിങ്ങള്‍ അര്‍ഹിക്കുന്നില്ല..ഒന്നും.

നിങ്ങളോട്‌ ഞാന്‍ കാണിക്കേണ്ട മാന്യമായ പെരുമാറ്റത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉപദേശമൊന്നും എനിക്കു വായിക്കണ്ട. പോയി തുലയ്‌. നിങ്ങളുടെ നിഷ്ഠുരത ഇതൊക്കെയാണ്‌. മറ്റുള്ളവരോട്‌ നിങ്ങള്‍ ചെയ്യരുതാത്തതു ചെയ്തിട്ട്‌, പിന്നെ, പമ്മിപമ്മി അടുത്ത്‌ വന്ന്, 'എന്റെ രാജ്യം നിങ്ങളുടെ രാജ്യത്തോട്‌ ചെയ്ത തെറ്റുകള്‍ക്ക്‌ ക്ഷമിക്കണം' എന്ന് പറയുക. തെറ്റു പറ്റിയെന്നോ?

നിങ്ങള്‍ ഞങ്ങളെ നശിപ്പിച്ചു. ഞങ്ങളുടെ വീടുകളും, കുടുംബങ്ങളെയും എല്ലാക്കാലത്തേക്കുമായി നശിപ്പിച്ചു. എന്നിട്ടു നാണമില്ലാതെ വന്ന്, ഒരു വെറും ക്ഷമ പറഞ്ഞ്‌ ഒഴിവാകാമെന്നു കരുതിയോ? ഒരു രാജ്യത്തെ മുഴുവന്‍ ഒരു കാരണവുമില്ലാതെ ബലാത്സംഗം ചെയ്ത്‌, കൊന്ന്, ക്ഷമിക്കണം എന്നു പറഞ്ഞു നടക്കുന്നോ?

നിങ്ങളും നിങ്ങളുടെ ക്ഷമാപണവും. എനിക്കു നിങ്ങളുടെ ക്ഷമാപണവും, വാക്കുകളുമൊന്നും വേണ്ട. എനിക്ക്‌ എന്റെ പ്രിയപ്പെട്ടവരെ മതി, നിങ്ങളുടെ ക്യാമ്പില്‍ കിടന്നു നരകിക്കുന്ന, പീഡനം അനുഭവിക്കുന്നവരെ മതി. എനിക്ക്‌ ഒമറിനെ വേണം, ഹസ്സനെ വേണം, എന്റെ നബീലിനെ തിരിച്ചുകിട്ടണം, എനിക്ക്‌ എന്റെ വീട്‌ തിരിച്ചു കിട്ടണം. ഇറാഖിന്റെ സ്വത്തും, നിധികളും തിരിച്ചുകിട്ടണം. എനിക്കു നീതി കിട്ടണം.(അടുത്ത ലക്കത്തില്‍ അവസാനിക്കും)

കുറിപ്പ്‌: ഇന്നു ലഭിച്ച ഒരു മെയിലിന്റെ ധൃതി പിടിച്ചുള്ള പരാവര്‍ത്തനമാണിത്‌. ഇതിലെ ചില ആശയങ്ങളോട്‌ പരിഭാഷകനു യോജിപ്പില്ല. പ്രത്യേകിച്ചും, അമേരിക്കന്‍ ജനതയെ മുഴുവന്‍ കുറ്റവാളികളായി കാണുന്ന രീതിയോട്‌. എന്നു മാത്രമല്ല, കുര്‍ദ്ദുകളോടും, ഷിയാ വിഭഗത്തിനോടും സദ്ദാമും, അദ്ദേഹത്തിന്റെ ഭരണകൂടവും കാണിച്ച വലിയ നീതികേടുകള്‍ മറന്നിട്ടുമില്ല. എങ്കിലും, അയുക്തികമായ അധിനിവേശത്തിന്റെ ഇരയായ ഒരു രാജ്യത്തിലെ പൗരന്റെ ധാര്‍മ്മികരോഷം എന്ന നിലയിലാണ്‌ ഇതിനെ ഇവിടെ കാണാന്‍ ശ്രമിച്ചിട്ടുള്ളത്‌. സദ്ദാമിനെ തൂക്കിലേറ്റിയതിന്റെ ഒന്നാം വര്‍ഷം എന്ന നിലയില്‍ ഇന്നു തന്നെ, ഇത്‌ പോസ്റ്റു ചെയ്യണമെന്നും തോന്നി. അതിന്റെ ഫലമാണ്‌ ഇത്‌.

8 comments:

Rajeeve Chelanat said...

ഇന്നു ലഭിച്ച ഒരു മെയിലിന്റെ ധൃതി പിടിച്ചുള്ള പരാവര്‍ത്തനമാണിത്‌. ഇതിലെ ചില ആശയങ്ങളോട്‌ പരിഭാഷകനു യോജിപ്പില്ല. പ്രത്യേകിച്ചും, അമേരിക്കന്‍ ജനതയെ മുഴുവന്‍ കുറ്റവാളികളായി കാണുന്ന രീതിയോട്‌. എന്നു മാത്രമല്ല, കുര്‍ദ്ദുകളോടും, ഷിയാ വിഭഗത്തിനോടും സദ്ദാമും, അദ്ദേഹത്തിന്റെ ഭരണകൂടവും കാണിച്ച വലിയ നീതികേടുകള്‍ മറന്നിട്ടുമില്ല. എങ്കിലും, അയുക്തികമായ അധിനിവേശത്തിന്റെ ഇരയായ ഒരു രാജ്യത്തിലെ പൗരന്റെ ധാര്‍മ്മികരോഷം എന്ന നിലയിലാണ്‌ ഇതിനെ ഇവിടെ കാണാന്‍ ശ്രമിച്ചിട്ടുള്ളത്‌. സദ്ദാമിനെ തൂക്കിലേറ്റിയതിന്റെ ഒന്നാം വര്‍ഷം എന്ന നിലയില്‍ ഇന്നു തന്നെ, ഇത്‌ പോസ്റ്റു ചെയ്യണമെന്നും തോന്നി. അതിന്റെ ഫലമാണ്‌ ഇത്‌.

മൂര്‍ത്തി said...

നന്ദി രാജീവ്..ആ ഇംഗ്ലീഷ് മെയില്‍ ആയി അയക്കുന്നതില്‍ വിരോധമില്ലെങ്കില്‍ moorthyblogger at gmail dot com എന്നതിലേക്ക് അയക്കുമോ?
qw_er_ty

വെള്ളെഴുത്ത് said...

കടുത്ത വികാരം ഇതിനടിയൊഴുക്കായുണ്ട്.. അതുതന്നെയാണ് വാക്കുകളെ തീയാക്കുന്നതും. അവനവന്റെ മണ്ണും കാറ്റും ജലവും തിരികെ ചോദിക്കുന്നതില്‍ നമ്മളെന്തു പ്രത്യശാസ്ത്രം തിരയാനാണ്..?

ഒരു “ദേശാഭിമാനി” said...

പുതുവത്സരാശസകള്‍!!!

Meenakshi said...

നന്നായിരിക്കുന്നു
പുതുവത്സരാശംസകള്‍

സജീവ് കടവനാട് said...

നിങ്ങള്‍ പറഞ്ഞിട്ടൊന്നും ഒരുകാര്യവുമില്ല. ഞങ്ങള്‍ക്ക് കേള്‍ക്കാനൊട്ടു നേരവുമില്ല. ഞങ്ങളാണ് ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാര്‍. ഞങ്ങളാണ് ലോകത്തിന്റെ സംരക്ഷകര്‍. ഒരു രാജ്യത്തെ ഇല്ലാതാക്കിയാണെങ്കിലും അവിടെ സമാധാനം പുന:സ്ഥാപിക്കാന്‍ ഞങ്ങള്‍ കര്‍മ്മോത്സുകരാണ്. ഞങ്ങളുടെ കണ്ണ് മറ്റെന്തിലൊക്കെയാണെന്ന് പറയുന്ന നിങ്ങള്‍ വെറും വിഡ്ഢികള്‍. ചാകാന്‍ തയ്യാറെടുത്തുകൊള്ളൂ.

ഏ.ആര്‍. നജീം said...

ഇതിനെ ഇവിടെ അവതരിപ്പിച്ചതിന് വളരെ നന്ദി...

താങ്കള്‍ തന്നെ പറഞ്ഞത് പോലെ അമേരിക്കയെ മൊത്തം കുറ്റപ്പെടുത്തേണ്ട. ഇന്നും ഇതിനെയൊക്കെ ശക്തമായി എതിര്‍ക്കുന്ന ഒരു വലിയ വിഭാഗം അവിടെയുണ്ടെന്നതാണ് സത്യം. പക്ഷേ എന്ത്ചെയ്യാം. ടെറ‌റിസ്റ്റ് എന്ന വാക്കുകേട്ടാല്‍ തന്നെ സത്യാവസ്ഥയെന്തെന്നറിയാതെ ഹാലിളകുന്ന, ഈ ഇറക്കും ഇറാനും ഭൂമിയില്‍ എവിടെയാണെന്ന് പോലും അറിയാന്‍ ശ്രമിക്കാത്ത ഒരു ബഹുഭൂരിപക്ഷം കൂപമണ്ഡൂകങ്ങള്‍ അവിടുള്ളിടത്തോളം ഇത് തുടരുക തന്നെ ചെയ്യും..

Sathees Makkoth said...

ഒരു സാധാരണ ഇറാഖിയുടെ വികാരം നന്നായി പ്രതിഫലിപ്പിച്ചിരിക്കുന്നു.