Wednesday, December 5, 2007

ജപ്പാനിലെ താത്രിക്കുട്ടിമാര്‍

പാശ്ചാത്യ രീതിയിലുള്ള അഭിനയശൈലിയിലൂടെ ജപ്പാന്റെ നാടകരംഗത്ത്‌ ചിരപ്രതിഷ്ഠ നേടിയ ജാപ്പനീസ്‌ നാടകനടിയാണ്‌ മാത്‌സുയി സുമാകോ (Matsui Sumako). ഇബ്‌സന്റെ A Doll's House എന്ന നാടകത്തിലെ നോറ എന്ന കഥാപാത്രത്തിനെ അനശ്വരമാക്കുകയുണ്ടായി അവര്‍. പക്ഷേ, കുടുംബത്തിന്റെയും ആഭിജാത്യത്തിന്റെയും നേര്‍ക്ക്‌ പുറംതിരിഞ്ഞുനില്‍ക്കുക എന്നത്‌, യഥാര്‍ത്ഥജീവിതത്തില്‍ അത്രക്ക്‌ എളുപ്പമുള്ള ഒന്നല്ലെന്ന് അവര്‍ വളരെപ്പെട്ടെന്ന് തിരിച്ചറിഞ്ഞു. നോവലിസ്റ്റും, പണ്ഡിതനും, വിവാഹിതനുമായ ഷിമാമുര ഹൊഗേത്‌സുവുമായുള്ള ബന്ധത്തോടെ അവര്‍ ഒരു അസുരവിത്തായി മുദ്രയടിക്കപ്പെട്ടു.

സ്ത്രൈണത തീരെ പോരാ എന്നതായിരുന്നു മിക്കവരും അവരില്‍ കണ്ട ന്യൂനത. രോഗിയായിരുന്ന ഷിമാമുരയുടെ മരണത്തിനുവരെ അവര്‍ കാരണക്കാരിയാണെന്ന് ജനം വിധിയെഴുതി. സ്വന്തം പ്രശസ്തിക്കുവേണ്ടിയുള്ള പരക്കംപാച്ചിലില്‍ ഷിമാമുരയുടെ ആരോഗ്യം അവര്‍ കണക്കിലെടുത്തില്ല എന്നതായിരുന്നു ആളുകളുടെ വിധിയെഴുത്ത്‌. അപമാനം സഹിക്കവയ്യാതെ, തന്റെ പ്രിയപ്പെട്ടവന്‍ മരിച്ച്‌ രണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, സുമാകോ തന്റെ ജീവിതം ഒരു കയര്‍ത്തുമ്പില്‍ ഒടുക്കി.

സ്ത്രീകളോട്‌ അത്രയധികം കരുണയൊന്നും കാണിച്ചിരുന്നില്ല ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ ജാപ്പനീസ്‌ സമൂഹം. വേറിട്ട ജീവിതത്തിനു ധൈര്യം കാണിച്ചവര്‍ക്ക്‌ അവര്‍ ഒരിക്കലും മാപ്പു കൊടുത്തതുമില്ല. സ്വന്തം മനസ്സാക്ഷിക്കനുസരിച്ച്‌ ജീവിക്കാന്‍, അപാരമായ ധൈര്യം കൈമുതലായി വേണ്ടിയിരുന്നു. അതിനു പുറപ്പെട്ടവരാകട്ടെ, നിരന്തരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. ഫില്ലിസ്‌ ബിണ്‍മാം എഴുതിയ (Phyllis Birnbaum)Modern Girls, Shining Star, The Skies of Tokyo: 5 Japanese Women (Columbia University Press, New York) എന്ന പുസ്തകം അത്തരക്കാരായ അഞ്ചു സ്ത്രീകളെയാണ്‌ നമുക്ക്‌ പരിചയപ്പെടുത്തുന്നത്‌. ജീവിതവിജയം നേടിയിട്ടും, മാത്‌സുയി അടക്കമുള്ള അഞ്ചു സ്ത്രീകള്‍ക്ക്‌, യുദ്ധ-പൂര്‍വ്വ ജപ്പാന്‍ സമൂഹം, 'തോരാത്ത കണ്ണുനീരിന്റെ താഴ്‌വര'യായി അനുഭവപ്പെട്ടു. തങ്ങളുടെ കലാപത്തിന്‌ അവര്‍ നല്‍കേണ്ടിവന്ന വില അത്ര വലുതായിരുന്നു.

'ചീകോവിന്റെ ആകാശം'(Chieko's Sky) എന്ന കവിതയില്‍, തകാമുറ ചീകോ (Takamura Chieko)എന്ന ചിത്രകാരിയെ, അവരുടെ ഭര്‍ത്താവ്‌ തകാമുറ കോടാരോ അവതരിപ്പിക്കുന്നത്‌, കുട്ടികളുടെ വിശുദ്ധിയും നൈര്‍മ്മല്ല്യവുമുള്ള ഒരു സാധാരണ സ്ത്രീയായിട്ടാണ്‌. ഉദാത്തമായ സ്ത്രീസങ്കല്‍പം എന്ന നിലയ്ക്കാണ്‌ ആ പറഞ്ഞ ഗുണങ്ങളൊക്കെ കോടാരോ തന്റെ ഭാര്യയില്‍ അദ്ധ്യാരോപിക്കുന്നത്‌. പക്ഷേ കോടാരോ ഉയര്‍ത്തിക്കാട്ടിയ ആ മാതൃകാ സ്ത്രീ-സങ്കല്‍പ്പത്തിലുള്ളത്‌, ഒരു ഭര്‍ത്താവ്‌ ഭാര്യയെ കാണുന്ന വീക്ഷണസങ്കല്‍പ്പമാണോ, അതോ, ഒരു പച്ചയായ സ്ത്രീയെ കാണാന്‍ ശ്രമിക്കുന്ന ഒരാളുടെ അംശമാണോ?

മാമൂലുകളെ വെറുക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, തന്റെ ഭാര്യ പൂര്‍ത്തിയാക്കാതെ പോയ ശില്‍പ്പങ്ങളിലും, അവളുടെ ശൂന്യമായ ക്യാന്‍വാസ്സുകളിലും, കോടാരോ ഒരു അഭാവവും ദര്‍ശിക്കുന്നില്ല. "പതിവു വീട്ടുജോലികളിലും' 'രണ്ടറ്റമെത്തിക്കാനുള്ള പരക്കംപാച്ചിലും' പെട്ട്‌ അവള്‍ പരിക്ഷീണിതയായിരുന്നു എന്നു മാത്രമാണ്‌ കോടാരോയിലെ ഭര്‍ത്താവ്‌ നിരീക്ഷിക്കുന്നത്‌. "സ്ത്രീയായതുകൊണ്ട്‌ അവള്‍ക്ക്‌ വീട്ടുജോലികള്‍ ചെയ്യേണ്ടതുണ്ടായിരുന്നു" വെന്ന് അദ്ദേഹം പറയുന്നുണ്ട്‌. പക്ഷേ, ഭര്‍ത്താവിന്റെ പ്രതിഭയെക്കുറിച്ച്‌ നിരന്തരം ഓര്‍മ്മപ്പെടുത്താനും അവള്‍ ബാദ്ധ്യസ്ഥയായിരുന്നുവത്രെ! മാനസികമായി തകര്‍ന്ന്, ഒരു ചികിത്സാകേന്ദ്രത്തിലായിരുന്നു ചീകോവിന്റെ അന്ത്യം. ആ മരണത്തിന്‌ കോടാരോ പഴിക്കുന്നത്‌ ചീകോവിന്റെ കലാപരമായ അന്ത:സംഘര്‍ഷങ്ങളെയല്ല, മറിച്ച്‌, അവളുടെ കുടുംബത്തില്‍ ചിലര്‍ക്ക്‌ പാരമ്പര്യമായി കണ്ടുവന്നിരുന്ന ഭ്രാന്തിനെയാണ്‌.

വിരോധാഭാസമെന്നു പറയട്ടെ, 'ചീകോവിന്റെ ആകാശം' എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, ആ ചിത്രകാരിയെ ഇന്ന് ലോകം അറിയുമായിരുന്നില്ല. പുതിയ ജീവിതപങ്കാളികള്‍ക്ക്‌ അനുരാഗപൂര്‍ണ്ണമായ ദാമ്പത്യം നേര്‍ന്നുകൊണ്ട്‌, പ്രചാരമുള്ള വിവാഹസമ്മാനമായി ആ പുസ്തകം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ച എഴുത്തുകാരിയായിരുന്നു യാനഗിവാര ബ്യാകുരേന്‍ (Yanagiwara Byakuren) യഥാര്‍ത്ഥജീവിതത്തിലും ഇബ്‌സന്റെ നോരയെപ്പോലെ ജീവിച്ച ഒരു എഴുത്തുകാരി. അസഹി (Asahi) എന്ന പത്രത്തില്‍ ഒരു കത്ത്‌ പ്രസിദ്ധീകരിച്ച്‌, വളരെ നാടകീയമായിട്ടാണ്‌ അവര്‍ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടിയത്‌. ആ കത്തില്‍ അവര്‍ അയാളെ തള്ളിപ്പറയുകയും, അവരുടെ ദാമ്പത്യത്തിന്റെ പ്രഹസനത്തെ തുറന്നെഴുതുകയും ചെയ്തു. ഇത്‌ സാദ്ധ്യമായത്‌, അതിനകംതന്നെ കവയിത്രി എന്ന പേരില്‍ അവര്‍ പുകള്‍പെറ്റതുകൊണ്ടും, പ്രസിദ്ധീകരണരംഗത്ത്‌ അവര്‍ക്ക്‌ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതുകൊണ്ടും മാത്രമാണ്‌.

"ജപ്പാന്റെ ജന്മിത്ത സദാചാരങ്ങള്‍ക്കും, പാരമ്പര്യങ്ങള്‍ക്കും എതിരായ അവരുടെ തുറന്ന ആക്രമണം" ജാപ്പനീസ്‌ സമൂഹത്തില്‍ ഒരു കൊടുങ്കാറ്റുതന്നെ ഉയര്‍ത്തിവിട്ടു. വലതുപക്ഷ സംഘടനകള്‍ തെരുവിലിറങ്ങി, അതിനെ അധിക്ഷേപിക്കുകയും ധാര്‍മ്മികാധപതനമായി മുദ്രകുത്തുകയുമുണ്ടായി. അവര്‍ക്കുനേരെ വധിഭീഷണിയും ഉയര്‍ന്നു. പക്ഷേ ജപ്പാനിലെ ലിബറല്‍ കക്ഷികള്‍ ഈ സംഭവത്തെ ഉപയോഗിച്ചത്, സാമൂഹ്യമാറ്റത്തിനായി പൗരന്‍മാരെ ഉദ്‌ബോധിപ്പിക്കാനുള്ള ഒരു അവസരമായിട്ടായിരുന്നു. തന്റെ കത്തിന്‌ ഇത്രയധികം പ്രതികരണമുണ്ടാകുമെന്ന് യാനഗിവാര ഒരിക്കലും കരുതിയിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം, ആ കത്ത്‌, തന്റെ അഭിമാനത്തിനെ ചോദ്യം ചെയ്തിരുന്ന ഒരു ബന്ധത്തില്‍നിന്നുള്ള മോചനത്തിനുള്ള ഉപാധി മാത്രമായിരുന്നു. നിരവധി വെപ്പാട്ടിമാരെ കൈവശം വെക്കാന്‍ പുരുഷന് അധികാരാവകാശങ്ങള്‍ നല്‍കുകയും, എന്നാല്‍ ഒരു കാമുകനെ സ്വീകരിച്ചു എന്ന തെറ്റിന്‌ ഒരു ഭാര്യയെ ശിക്ഷിക്കുകയും ചെയ്യുന്ന നിയമസംഹിതകള്‍ കൈക്കൊള്ളുന്ന സമൂഹത്തിന്റെ കപടമുഖത്തിനെയായിരുന്നു അവര്‍ തന്റെ കത്തിലൂടെ തുറന്നുകാട്ടിയത്‌.

യാനഗിവാരയുടെ കാര്യമോ? ഒരു ചെറുപ്പക്കാരനുമായുള്ള ചങ്ങാത്തത്തിനുശേഷം മാത്രമാണ് ഈ പൊടുന്നനെയുള്ള 'ബോധോദയം' ഉണ്ടായത് എന്ന രീതിയിലാണ് സമൂഹം അവരെ വിമര്‍ശിക്കാന്‍ മുതിര്‍ന്നത്. തന്റെമേലുള്ള ഭര്‍ത്താവിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ മുന്‍പൊരിക്കല്‍ അവര്‍ മനപ്പൂര്‍വ്വമായിത്തന്നെ, മറ്റൊരു സ്ത്രീയെ വിലക്കെടുത്തിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ അവര്‍ കൂടുതല്‍ ക്രൂശിക്കപ്പെടുകയുണ്ടായി. ഒരു പക്ഷേ, തീര്‍ത്തും അസഹനീയമായ ഒരു മുഹൂര്‍ത്തതിലായിരിക്കാം അവരത്‌ ചെയ്തത്‌. ആ പ്രവൃത്തിയെ ന്യായീകരിക്കാനുമാവില്ലായിരിക്കാം. ശരിയാണ്. പക്ഷേ, പറഞ്ഞുവരുന്നത്‌, ഇതൊക്കെയാണ്‌ വിമോചനത്തിന്റെ ധര്‍മ്മസങ്കടങ്ങള്‍ എന്നു മാത്രമാണ്‌.

നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയായിരുന്നു തകാമിനി ഹിഡെകോ (Takamine Hideko). ബാലനടിയായിട്ടായിരുന്നു അവരുടെ അരങ്ങേറ്റം. അകിര കുറസോവയടക്കം, പല പ്രമുഖ ജാപ്പനീസ്‌ ചലച്ചിത്രകാരന്മാരുടെയും കൂടെ അവര്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്‌. ജീവിത വിജയം നേടിയിട്ടും, അവരുടെ അഭിനയ ജീവിതം കയ്പ്പുനീര്‍ നിറഞ്ഞതായിരുന്നു. ധനസമ്പാദനത്തിനുള്ള യന്ത്രമായി തന്നെ കാണുന്ന സ്വന്തം കുടുംബത്തിനെതിരെപോലും അവര്‍ക്ക് കലഹിക്കേണ്ടിവന്നു. സിനിമയുടെ സെറ്റിലും ഒരേസമയം, സ്വാതന്ത്ര്യവും, ‘വിചിത്രമായ നിരാശയും‘ അവര്‍ അനുഭവിച്ചു. ക്യാമറക്കുള്ളിലും, പുറത്തും താന്‍ വഞ്ചിക്കപ്പെടുന്നുവെന്ന തോന്നല്‍ എന്നും അവര്‍ക്കുണ്ടായിരുന്നു.

ഒരുപക്ഷേ, ആധുനിക വനിതകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌, യൂനോ ചിയോ എന്ന നോവലിസ്റ്റായിരിക്കും. ജപ്പാന്റെ 'മോഗാ' (mo ga). സദാചാരത്തിന്റെ എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ച്‌, പലപ്രാവശ്യം വിവാഹം കഴിക്കുകയും, പലര്‍ക്കുവേണ്ടിയും തന്റെ അടിവസ്ത്രച്ചരടുകളഴിക്കുകയും ചെയ്ത യൂനോ. തിരതല്ലിയാര്‍ക്കുന്ന അവരുടെ പ്രണയകഥകളില്‍ നമുക്ക്‌ കാണാനാവുക, അടിപതറാത്ത അവരുടെ സ്വത്വത്തെ തന്നെയാണ്‌. പല കഥകളും അവരുടെ അനുഭവത്തില്‍നിന്ന് എടുത്തവയായിരുന്നു. പരമ്പരാഗത വേലിക്കെട്ടുകള്‍ക്കകത്ത്‌ കഴിഞ്ഞുവന്ന ജാപ്പനീസ്‌ സ്ത്രീകള്‍ യൂനോവിന്റെ ജീവിതരീതിയെ എങ്ങിനെയാണ്‌ കണ്ടിരുന്നത്‌ എന്ന് നമുക്കറിയില്ല. എങ്കില്‍തന്നെയും, അവര്‍ എഴുതിയ കഥകള്‍ അവിടുത്തെ സ്ത്രീസമൂഹം വളരെ ആവേശത്തോടെയാണ്‌ വായിച്ചത്‌. ഒരു പക്ഷേ, തങ്ങളുടെ ജീവിതത്തിന്റെ മടുപ്പിക്കുന്ന ഏകതാനതകളില്‍നിന്ന് അവര്‍ക്ക്‌, ആ കഥകള്‍ താത്‌ക്കലികമായെങ്കിലും മോചനം നല്‍കിയിരിക്കാം. പഴയ മാമൂലുകളെ ലംഘിക്കാതെ തന്നെ, പുതിയ സാദ്ധ്യതകള്‍ ദര്‍ശിക്കാന്‍ യൂനോവിന്റെ കഥകള്‍ അവര്‍ക്ക്‌ പ്രേരകമായിട്ടുമുണ്ടാവണം.

സാമൂഹ്യമായ അതിര്‍ത്തികളുടെ പു:നര്‍വിന്യാസത്തിലൂടെ, യൂനോയെയും മാത്‌സുയിയെപ്പോലെയുമുള്ള സ്ത്രീകള്‍ ഒരു പുതിയ സ്ത്രീയുടെ ആവിര്‍ഭാവം സാദ്ധ്യമാക്കുകയായിരുന്നു. ആ സമരം അവസാനിച്ചിട്ടൊന്നുമില്ല. ബിണ്‍മാം ഈ കഥകളൊക്കെ പറയുന്നത്‌, സഹാനുഭൂതിയോടെയും, സൗമ്യതയോടെയുമാണ്‌. ഒരു പത്രപ്രവര്‍ത്തക എന്ന നിലയ്ക്ക്‌, അവര്‍, ആ സ്ത്രീകളുടെ തെറ്റുകുറ്റങ്ങളെ ന്യായീകരിക്കാനോ, അവരുടെ വിമര്‍ശകര്‍ക്ക്‌ മറുപടി പറയാനോ ഒന്നും മുതിരുന്നില്ല. അതിന്റെയൊക്കെ ഫലമായി നമുക്ക്‌ കിട്ടിയിരിക്കുന്ന ഈ പുസ്തകം, ആ അഞ്ചു സ്ത്രീകളുടെ ജീവിതത്തിലേക്കും, അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലേക്കും തുറന്നുവെച്ച ഒരു ജാലകമാണ്‌.
*ഏഷ്യാവീക്ക് എന്ന മാസികയില്‍ Tan Pek Leng എഴുതിയ Daring to be Different എന്ന പേരിലുള്ള പണ്ടത്തെ ഒരു ലേഖനത്തിന്റെ പരിഭാഷ. തലക്കെട്ടിലും മറ്റും ചില്ലറ മനോധര്‍മ്മങ്ങളുടെ സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്. ക്ഷമിക്കുക. ജാപ്പനീസ് പേരുകളുടെ ഉച്ചാരണത്തിലും തെറ്റുകള്‍ കണ്ടേക്കാം.

കുറിപ്പുകള്‍:

mo ga (modan gaaru)- ആധുനിക വനിത

Matsui Sumako - 1886-1919 (ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ജപ്പാന്റെ നാടകരംഗത്ത് പ്രശസ്തയായിരുന്ന ഒരു നടി)

Takamura Chieko - 1886-1938 (ജാ‍പ്പനീസ് ഫെമിനിസ്റ്റ് പ്രസ്ഥാനമായ Seiosha യില്‍ സജീവമായിരുന്നു. ചിത്രകാരി, പെയിന്റര്‍ എന്നീ നിലകളില്‍ പ്രശസ്ത) ചീകോവിന്റെ ഭര്‍ത്താവ് കോടാരോ പണ്ഡിതനും പ്രശസ്തനായ ഒരു ശില്‍പ്പിയുമായിരുന്നു.

Takamine Hideko - 50-60കളിലെ ജാപ്പനീസ് സിനിമകളിലൂടെ പ്രശസ്തയായ നടി.

Yanagiwara Byakuren - (1885-1967)ജാപ്പനീസ് കവയിത്രി.ജപ്പാനിലെ തായിഷോ ചക്രവര്‍ത്തിയുടെ ബന്ധു എന്ന നിലയ്ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാ‍നമുണ്ടായിരുന്നു യാനഗിവാരക്ക്.

Uno Chiyo - 1897-1996 (ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും തിളക്കമുള്ള എഴുത്തുകാരിയായിരുന്നു യൂനോ. ഡിസൈനര്‍, ഫാഷന്‍ മാഗസിന്‍ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്)

Asahi - ഒസാകയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രം.

Nora (Nora Helmer)- ഇബ്‌സന്റെ A Doll's House-ലെ പ്രധാന കഥാപാത്രം. വിക്ടോറിയന്‍ കുടുംബസദാചാര സങ്കല്‍പ്പങ്ങള്‍ക്ക് ശക്തമായ പ്രഹരം നല്‍കിയ ആദ്യത്തെ ഫെമിനിസ്റ്റ് രംഗാവിഷ്ക്കാരം എന്ന നിലയ്ക്കും ഈ നാടകവും, നോര എന്ന കഥാപാത്രവും ചരിത്രത്തിന്റെ ഏടുകളിലുണ്ട്.

6 comments:

Rajeeve Chelanat said...

സാമൂഹ്യമായ അതിര്‍ത്തികളുടെ പു:നര്‍വിന്യാസത്തിലൂടെ, യൂനോയെയും മാത്‌സുയിയെപ്പോലെയുമുള്ള സ്ത്രീകള്‍ ഒരു പുതിയ സ്ത്രീയുടെ ആവിര്‍ഭാവം സാദ്ധ്യമാക്കുകയായിരുന്നു. ആ സമരം അവസാനിച്ചിട്ടൊന്നുമില്ല. ബിണ്‍മാം ഈ കഥകളൊക്കെ പറയുന്നത്‌, സഹാനുഭൂതിയോടെയും, സൗമ്യതയോടെയുമാണ്‌.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

Thanks mash.

വെള്ളെഴുത്ത് said...

പേരുകള്‍ ഓര്‍മ്മിച്ചിരിക്കുന്നതിന്റെ ബുദ്ധിമുട്ടൊഴിച്ചാല്‍..ആ പതുങ്ങിയ വെളുത്ത ജീവിതം വല്ലാത്ത സഹനത്തിന്റേതാണ്..എന്നു കേട്ടിരിക്കുന്നു.

ഭൂമിപുത്രി said...

മുറകാമിയുടെ ചെറുകഥകള്‍ വായിച്ചപ്പോഴാണു,
നമ്മുടെ നാട്ടിലെയുംജപ്പാനിലേയും മൂല്ല്യവ്യവസ്ഥകള്‍ തമ്മില്‍ വലീയയത്യാസങ്ങളൊന്നുമില്ലെന്നു മനസ്സിലായതു.ഈ പരിചയങ്ങള്‍ക്കു നന്ദി രാജീവ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

vivarangal kootuthal arivu nalki.

nandi

ഹാരിസ് said...

thanks