Saturday, March 1, 2008

ഉപരോധത്തിന്റെ കീഴില്‍

ഇവിടെ ഈ കുന്നിന്‍ ചെരുവില്‍
പ്രദോഷത്തെയും, സമയത്തിന്റെ പീരങ്കികളെയും നേരിട്ട്‌
ശിഥിലമായ നിഴലിന്റെ തോട്ടത്തില്‍
ഞങ്ങളും ചെയ്യുന്നത്‌,
എല്ലാ തടവുപുള്ളികളും ചെയ്യുന്ന അതേ കാര്യമാണ്‌
മറ്റൊന്നും ചെയ്യാനില്ലാത്തവര്‍ ചെയ്യുന്ന അതേ കാര്യമാണ്‌
പ്രതീക്ഷകള്‍ കൃഷിചെയ്യുക.

പുലരിയെ കാത്തിരിക്കുന്ന രാജ്യം
വിജയത്തിന്റെ നിമിഷത്തെ ഉറ്റുനോക്കിയിരിരുന്ന്
ബുദ്ധിശൂന്യരായി മാറിയിരിക്കുന്നു ഞങ്ങള്‍
വെടിയൊച്ചകള്‍ രാത്രിയുടെ ഇരുട്ടകറ്റുന്നു
ജാഗരൂകരായിരുന്ന്, ഞങ്ങളുടെ ശത്രുക്കള്‍
ഞങ്ങളുടെ നിലവറയിലെ ഇരുട്ടിനെ പ്രഭാപൂരിതമാക്കുന്നു.

ഇവിടെ ഞാനില്ല
ഇവിടെ ആദം തന്നിലെ കളിമണ്ണിനെ ഓര്‍ക്കുന്നു

മരണത്തിന്റെ വക്കില്‍വെച്ച്‌ അയാള്‍ പറയുന്നു:
നഷ്ടപ്പെടാന്‍ എനിക്കൊന്നുമില്ല
സ്വാതന്ത്ര്യത്തിന്റെ വളരെ അടുത്താണ് ഞാന്‍
എന്റെ ഭാവി എന്റെ കയ്യിലാണ്‌
എന്റെ ജീവിതത്തില്‍നിന്ന് ഞാന്‍ പുറത്തുചാടും
ഉടയവരാരുമില്ലാതെ സ്വതന്ത്രനായി പുനര്‍ജ്ജനിക്കും
തെളിഞ്ഞ അക്ഷരങ്ങള്‍കൊണ്ട്‌ എന്റെ പേരെഴുതും

വാതില്‍ക്കല്‍ നില്‍ക്കുന്നവനേ, അകത്തുവരൂ
ഞങ്ങളുടെ കൂടെയിരുന്ന് അല്‍പം അറബി കാപ്പി നുണയൂ
ഞങ്ങളെപ്പോലെ മനുഷ്യനാണ്‌ നീയും എന്ന് ബോദ്ധ്യപ്പെടും
വാതില്‍ക്കല്‍ നില്‍ക്കുന്നവനേ
ഞങ്ങളുടെ പ്രഭാതങ്ങളില്‍നിന്ന് പുറത്തുവരൂ
നിങ്ങളെപ്പോലെതന്നെയാണ്‌ ഞങ്ങളുമെന്ന് അറിയുന്നത്‌
എന്തൊരു ആശ്വാസമാണെന്നോ!

വിമാനങ്ങള്‍ അപ്രത്യക്ഷമാകുമ്പോള്‍
വെളുത്ത പ്രാവുകള്‍ പറന്നുവന്ന്
സ്വര്‍ഗ്ഗത്തിന്റെ കവിളുകളെ മൃദുലമായി ഉരുമ്മുന്നു
ബന്ധിക്കപ്പെടാത്ത ചിറകുകള്‍ വീശി വെളിച്ചം വീണ്ടെടുക്കുന്നു
ആകാശത്തെയും കാമനകളെയും സ്വന്തമാക്കുന്നു
ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക്‌ അവ പോകുന്നു,
ആ വെളുത്ത പ്രാവുകള്‍
(രണ്ടു ബോംബുകള്‍ക്കിടയിലൂടെ നടക്കുന്ന ഒരാള്‍ ഒരിക്കല്‍ എന്നോട്‌ പറഞ്ഞതുതന്നെ അവയും എന്നോട്‌ പറയുന്നു)
ഈ ആകാശം സത്യമായിരുന്നെങ്കിലെന്ന്.

പട്ടാളക്കാരുടെ പിന്നില്‍ സൈപ്രസ്സ്‌ മരങ്ങള്‍
ആകാശത്തെ താങ്ങിനിര്‍ത്തുന്ന മിനാരങ്ങള്‍
കവചിതവാഹനങ്ങളുടെ സൂക്ഷ്മധ്യാനത്തെ സാക്ഷിനിര്‍ത്തി,
ഇരുമ്പ്‌ മതിലുകളുടെ മറവില്‍ പട്ടാളക്കാര്‍ മൂത്രശങ്കയകറ്റുന്നു
ഞായറാഴ്ചകുര്‍ബ്ബാന കഴിഞ്ഞ പള്ളിപോലെ വിശാലമായ ഏതോ തെരുവില്‍
ശിശിരത്തിന്റെ ഒരു സുവര്‍ണ്ണദിനംകൂടി അവസാനിക്കുന്നു.

ഘാതകാ,
നിന്റെ ഇരയുടെ മുഖം ഒരിക്കലെങ്കിലും നീ മനസ്സിലോര്‍ത്തിരുന്നുവെങ്കില്‍
ഗ്യാസ്‌ ചേംബറില്‍ ഒടുങ്ങിയ നിന്റെ അമ്മയെ നീ ഓര്‍മ്മിക്കുമായിരുന്നേനെ,
തോക്കിന്റെ യുക്തികളില്‍നിന്ന് നീ ഒരുപക്ഷേ രക്ഷപ്പെടുമായിരുന്നു
അസ്തിത്വം അന്വേഷിക്കേണ്ടത്‌ ഇങ്ങനെയായിരുന്നില്ലെന്ന്
മാനസാന്തരംപോലും ഉണ്ടാകുമായിരുന്നു നിനക്ക്.

ഉപരോധം ഒരു കാത്തിരിപ്പാണ്‌
കൊടുങ്കാറ്റില്‍ ആടിയുലയുന്ന ഒരു ഗോവണിയിലുള്ള കാത്തിരിപ്പ്‌

മഴവില്ലുകള്‍ വന്നില്ലായിരുന്നുവെങ്കില്‍
ഞങ്ങളിപ്പോഴും ആ മണ്ണില്‍ ഏകരായി കഴിയുമായിരുന്നു

ചുറ്റും എത്ര നല്ല ചങ്ങാതികള്‍
അവര്‍ ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നോ
ഞങ്ങളെ നോക്കി അവര്‍ കരയുന്നു
തമ്മില്‍തമ്മില്‍ രഹസ്യമായി പിന്നെ പറയുന്നു
“ഹോ, ഈ ഉപരോധം ഒന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍!”
വാക്കുകള്‍ പാതിവഴിയില്‍ തീരുന്നു
"ഞങ്ങളെ കൈവിടരുതേ"
"ഞങ്ങളെ ഉപേക്ഷിക്കരുതേ"

ഞങ്ങളുടെ നഷ്ടങ്ങളുടെ പട്ടിക
ഓരോ ദിവസവും ഇരുപത്തിയെട്ട്‌ രക്തസാക്ഷികള്‍
വീടുകള്‍, ഇരുപത്.
ഒലീവ്‌ മരങ്ങള്‍, അന്‍പത്.
പിന്നെ,
കവിതയുടെ
അപൂര്‍ണ്ണ ചിത്രങ്ങളുടെ,
കളിചിരിയുടെ,
ഇളകുന്ന അസ്തിവാരങ്ങളും.

ഒരമ്മ മേഘങ്ങളോട്‌ പറഞ്ഞു
എന്റെ പ്രിയപ്പെട്ടവനെ അടക്കം ചെയ്യൂ
എന്റെ വസ്ത്രം നിറയെ അവന്റെ രക്തം

എന്റെ മകനേ
മഴയല്ല നീയെങ്കില്‍
പൂമരമാവുക
ഉര്‍വ്വരതയുടെ ഉപ്പുള്ള പൂമരം
പൂമരമല്ലെങ്കില്‍
എന്റെ കുഞ്ഞേ
നീയൊരു കല്ലാവുക
ഈര്‍പ്പത്തില്‍ കുതിര്‍ന്ന കല്ല്
അതിനുമായില്ലെങ്കില്‍, എന്റെ സ്നേഹമേ
നീയൊരു ചന്ദ്രനാവുക
നിന്റെ പ്രിയപ്പെട്ട സ്ത്രീയുടെ ചന്ദ്രന്‍
(ഒരു മകന്റെ കബറിടത്തില്‍വെച്ച്‌ ഒരു അമ്മ പറഞ്ഞതാണിത്‌)

കാവല്‍ക്കാരാ?
ഞങ്ങളുടെ ഉപ്പിന്റെ വെളിച്ചത്തിനുവേണ്ടി കാത്തിരുന്ന്
നിനക്ക്‌ മടുക്കുന്നില്ലേ?
മടുക്കുന്നില്ലേ കാവല്‍ക്കാരാ നിനക്ക്‌?
ഈ അനന്തതയുടെ ഇത്തിരി ഘനനീലിമ മതിയാകില്ലേ
നമ്മുടെ കാലത്തിന്റെ ഈ ഭാരം കുറയ്ക്കാന്‍?
ഇവിടമൊക്കെ അടിച്ചുശുദ്ധമാക്കാന്‍?

അഹന്തയുടെ കുന്നുകളിറങ്ങി
തൂവലിന്റെ പാദമുദ്രകളൊടെ
എന്റെ അരികത്തണഞ്ഞ്‌
പഴയ ചങ്ങാതികളെപ്പോലെ
കൈകള്‍കോര്‍ത്ത്‌ നടന്ന്
ചിരപുരാതനമായ അപ്പവും വീഞ്ഞും നുകര്‍ന്ന്
ഈ വഴിത്താരകള്‍ നടന്നുതീര്‍ക്കണമോയെന്ന്
ആത്മാവ് സ്വയം തീരുമാനിക്കട്ടെ
അന്നുമാത്രമേ നമ്മുടെ ദിവസങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകൂ
അന്ന് ഞാന്‍ ഏതെങ്കിലും കുന്നിന്‍ചെരുവില്‍
വെറുതെ ചെന്നിരിക്കും

ഞങ്ങളുടെ തകര്‍ന്ന അവശിഷ്ടങ്ങളില്‍
നിഴലുകള്‍ ഹരിതസമൃദ്ധിയാകുന്നു
എന്റെ ആട്ടിന്‍പറ്റങ്ങളുടെ തൊലിയില്‍ തലവെച്ച്‌
ചെന്നായകള്‍ ഉറങ്ങുകയാണ്‌
എന്നെപ്പോലെ, മാലാഖമാരെ പോലെ അവനും സ്വപ്നം കാണുന്നു
ജീവിതം ഇവിടെയാണെന്ന്..
മറുകരയിലല്ലെന്ന്..

ഉപരോധത്തിന്റെ അവസ്ഥയില്‍
സമയം സ്ഥലംപോലെ ഉറച്ചുനില്‍ക്കുന്നു
ഉപരോധത്തിന്റെ അവസ്ഥയില്‍
സമയം സ്ഥലമാകുന്നു
ഇന്നലെകളും നാളെകളും ഇല്ലാത്ത സ്ഥലം

ജീവിക്കുന്ന ഓരോ പുതിയ ദിവസവും
രക്തസാക്ഷി എന്നെ വലംവെക്കുന്നു
അവന്‍ എന്നോട്‌ ചോദിക്കുന്നു. എവിടെയാണ്‌ നീ?
ഞങ്ങള്‍ക്കു തന്ന വാക്കുകള്‍ നിഘണ്ടുവിലേക്ക്‌ തിരിച്ചെടുക്കുക
ഉറങ്ങുന്നവരെ അവരുടെ ഉറക്കത്തിന്റെ പ്രതിദ്ധ്വനിയില്‍നിന്ന് വിടുവിക്കുക

രക്തസാക്ഷി എനിക്ക്‌ വെളിച്ചം തരുന്നു
ചക്രവാളത്തിനപ്പുറത്തെ അനശ്വരതയുടെ കന്യകാത്വങ്ങള്‍ എനിക്കു വേണ്ടേവേണ്ട
എനിക്ക്‌ ഈ ഭൂമിയിലെ ജീവിതം മതി
ഫിഗ്‌ മരങ്ങളുടെയും പൈന്‍ മരങ്ങളുടെയും ഇടയിലെ ജീവിതം
എനിക്ക്‌ അവിടേക്കെത്താന്‍ കഴിയുന്നില്ല
എന്നിട്ടും ഞാനതിനെ ലക്ഷ്യം വെച്ചു,
എന്റെ കയ്യിലെ അവസാനത്തെ പ്രയോഗംകൊണ്ട്‌,
തെളിഞ്ഞ ആകാശത്തിന്റെ ഉടലിലെ ചോര


രക്തസാക്ഷി എന്നെ ഓര്‍മ്മിപ്പിക്കുന്നു
അവരുടെ മുറവിളികള്‍ക്ക്‌ ചെവി കൊടുക്കല്ലേ
എന്റെ അച്ഛനെ വിശ്വസിക്കൂ
എന്റെ ചിത്രത്തില്‍ നോക്കി അച്ഛന്‍ കരഞ്ഞു
എന്തിന്‌ നമ്മള്‍ വേഷങ്ങള്‍ വെച്ചുമാറി എന്റെ മോനേ?
ഞാനല്ലേ ആദ്യം പോകേണ്ടിയിരുന്നത്‌? ഞാനല്ലേ?

രക്തസാക്ഷി എന്നെ പൊതിയുന്നു
എന്റെ സ്ഥലവും പഴകിയ വീട്ടുപകരണങ്ങളും മാത്രമല്ലേ ഞാന്‍ മാറ്റിയുള്ളു?
കട്ടിലിന്റെ തലക്കല്‍ ഒരു തുമ്പിയെ ഇരുത്തി ഞാന്‍.
വിരലിന്റെ അറ്റത്ത്‌ ഒരു ചന്ദ്രക്കലയും
എന്റെ സങ്കടങ്ങള്‍ മറക്കാന്‍.

ആര്‍ക്കും ഒരു ദോഷവും വരാതെ
അടിമകളാവാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തെയാണ്‌
നീണ്ടുപോകുന്ന ഈ ഉപരോധം സാദ്ധ്യമാക്കുന്നത്‌

ചെറുത്തുനില്‍പ്പ്‌ ഹൃദയത്തിന്റെ ചെറുപ്പത്തെയാണ്‌ വെളിവാക്കുന്നത്‌,
വൃഷണങ്ങളുടെ അരോഗതയെയും
രോഗത്തിന്റെ നിശ്ചയദാര്‍ഢ്യത്തെയും അത്‌ വെളിവാക്കുന്നു
പ്രതീക്ഷയെന്ന രോഗം

ബാക്കിവന്ന പുലരിയില്‍
ഞാനെന്റെ പുറത്തേക്കു കടക്കുന്നു
ബാക്കിവന്ന രാത്രിയില്‍
എന്റെയുള്ളിലെ പാദപതനങ്ങളുടെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു

തുരങ്കത്തിന്റെ അവസാനം
വെളിച്ചത്തിന്റെ ഉന്മാദവും
ചിത്രശലഭത്തിന്റെ വെളിച്ചവും പങ്കിടാന്‍
എന്റെകൂടെയെത്തിയവന്‌
എന്റെ അഭിവാദ്യങ്ങള്‍

രാത്രിയില്‍,
ഇരു സ്ഥലരാശികളെയും
അതിജീവിച്ച്‌
എന്റെ പാനപാത്രം പങ്കിടുന്നവന്‌
എന്റെ അഭിവാദ്യങ്ങള്‍
എന്റെ മനോവിഭ്രമങ്ങള്‍ക്ക്‌
അഭിവാദ്യങ്ങള്‍

എന്റെ ചങ്ങാതികള്‍ എനിക്ക്‌ അത്താഴവിരുന്നൊരുക്കുന്നു
ഓക്ക്‌ മരങ്ങളുടെ തണലില്‍ ഒരു അന്ത്യവിശ്രമം
സമയത്തിന്റെ ഒരു ശിലാഫലകം
എല്ലാ ശവമടക്കുകളിലും ഞാനത്‌ കാണുന്നു.
അപ്പോള്‍ ആരാണ്‌ മരിച്ചത്‌? ആരാണ്‌?

പട്ടിക്കുട്ടിയുടെ നിഷ്കളങ്കമായ ദംശനംപോലെയാണ്‌ എഴുത്ത്‌
ചോര പൊടിയാത്ത ഒരു മുറിവ്‌

നമുക്കായ്‌ ഒരുക്കിവെച്ച കടുപ്പത്തിലുള്ള കാപ്പി
പക്ഷികള്‍
ഹരിതവനങ്ങള്‍
സ്വച്ഛമായ തണല്‍
ചുമരില്‍നിന്ന് ചുമരിലേക്ക്‌
ചാടിക്കളിക്കുന്ന സൂര്യന്‍.
മേഘങ്ങളില്‍ ബാക്കിവന്ന ജലം
നമ്മെ,
ആകാശത്തിന്റെ അനന്തമായ രൂപങ്ങളെ ഓര്‍മ്മപ്പിക്കുന്നു;
ബാക്കിവന്ന ഭ്രഷ്ടമായ ഓര്‍മ്മകളാകട്ടെ,
ഈ പകലിന്റെ ശക്തിയും സൗന്ദര്യവുമാണ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌.
അനശ്വരതയുടെ അതിഥികളാണ്‌
നമ്മളെന്നും.
മഹമൂദ്‌ ദാര്‍വിഷിന്റെ Under the Siege എന്ന കവിത
മൊഴിമാറ്റം - രാജീവ് ചേലനാട്ട്

4 comments:

Rajeeve Chelanat said...

ഞങ്ങളുടെ നഷ്ടങ്ങളുടെ പട്ടിക
ഓരോ ദിവസവും ഇരുപത്തിയെട്ട്‌ രക്തസാക്ഷികള്‍
വീടുകള്‍, ഇരുപത്.
ഒലീവ്‌ മരങ്ങള്‍, അന്‍പത്.
പിന്നെ,
കവിതയുടെ
അപൂര്‍ണ്ണ ചിത്രങ്ങളുടെ,
കളിചിരിയുടെ,
ഇളകുന്ന അസ്തിവാരങ്ങളും.

Harold said...

ഘാതകാ,
നിന്റെ ഇരയുടെ മുഖം ഒരിക്കലെങ്കിലും നീ മനസ്സിലോര്‍ത്തിരുന്നുവെങ്കില്‍
ഗ്യാസ്‌ ചേംബറില്‍ ഒടുങ്ങിയ നിന്റെ അമ്മയെ നീ ഓര്‍മ്മിക്കുമായിരുന്നേനെ,
തോക്കിന്റെ യുക്തികളില്‍നിന്ന് നീ ഒരുപക്ഷേ രക്ഷപ്പെടുമായിരുന്നു
അസ്തിത്വം അന്വേഷിക്കേണ്ടത്‌ ഇങ്ങനെയായിരുന്നില്ലെന്ന്
മാനസാന്തരംപോലും ഉണ്ടാകുമായിരുന്നു നിനക്ക്.

******

ഞങ്ങളുടെ നഷ്ടങ്ങളുടെ പട്ടിക
ഓരോ ദിവസവും ഇരുപത്തിയെട്ട്‌ രക്തസാക്ഷികള്‍
വീടുകള്‍, ഇരുപത്.
ഒലീവ്‌ മരങ്ങള്‍, അന്‍പത്.
പിന്നെ,
കവിതയുടെ
അപൂര്‍ണ്ണ ചിത്രങ്ങളുടെ,
കളിചിരിയുടെ,
ഇളകുന്ന അസ്തിവാരങ്ങളും.


*****
ജീവിക്കുന്ന ഓരോ പുതിയ ദിവസവും
രക്തസാക്ഷി എന്നെ വലംവെക്കുന്നു
അവന്‍ എന്നോട്‌ ചോദിക്കുന്നു. എവിടെയാണ്‌ നീ?


*****
എന്റെ ചിത്രത്തില്‍ നോക്കി അച്ഛന്‍ കരഞ്ഞു
എന്തിന്‌ നമ്മള്‍ വേഷങ്ങള്‍ വെച്ചുമാറി എന്റെ മോനേ?
ഞാനല്ലേ ആദ്യം പോകേണ്ടിയിരുന്നത്‌? ഞാനല്ലേ?


****
എന്റെ ചങ്ങാതികള്‍ എനിക്ക്‌ അത്താഴവിരുന്നൊരുക്കുന്നു
ഓക്ക്‌ മരങ്ങളുടെ തണലില്‍ ഒരു അന്ത്യവിശ്രമം


എന്തൊരു ശക്തിയാണീ വരികള്‍ക്ക്
നന്ദി രാജീവ്

GLPS VAKAYAD said...

വരികളിലൂടെ ഒരുപാട് തവണ കയറിയിറങ്ങി
തല താഴ്ത്തി അശാന്തമായ കണ്ണുകളോടെ
പിന്‍ വാങ്ങുന്നു.

പാമരന്‍ said...

പട്ടിക്കുട്ടിയുടെ നിഷ്കളങ്കമായ ദംശനംപോലെയാണ്‌ എഴുത്ത്‌
ചോര പൊടിയാത്ത ഒരു മുറിവ്‌