Wednesday, April 16, 2008

*ഭഗ്നഭവനം

ന്യൂയോര്‍ക്ക്‌ ടൈംസിന്റെ കഴിഞ്ഞ ഞായറാഴ്ചയിലെ Sunday Styles എന്ന പംക്തിയില്‍‍ ലെസ്ലി കോഫ്‌മാന്‍ "യുദ്ധത്തിനുശേഷം പ്രണയം യുദ്ധഭൂമിയാകുന്ന"തിനെക്കുറിച്ച് ഒരു ലേഖനമെഴുതിയിരുന്നു. ഇറാഖ്‌ അധിനിവേശവും കയ്യേറ്റവും, അമേരിക്കന്‍ സൈനികരുടെ കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന സംഘര്‍ഷവും ശൈഥില്യവുമായിരുന്നു ആ ലേഖനത്തില്‍.

"കുടുംബവുമായി ഇടപെഴകുന്നതില്‍ വല്ലാത്ത ബുദ്ധിമുട്ട്‌ തോന്നുന്നു. രണ്ടു ചെറിയ കുട്ടികളുടെ അച്ഛനാണെന്നതില്‍പ്പോലും ഒരു സന്തോഷവും തോന്നുന്നില്ല. നിസ്സാരകാര്യത്തിനുപോലും ദേഷ്യം വരുന്നു", ഇത്‌ പറയുന്നത്‌, മേജര്‍ ലെവി ഡണ്ടന്‍ എന്ന സൈനികോദ്യോഗസ്ഥനാണ്‌.

2003-നുശേഷം സൈനികരുടെയിടയിലുള്ള വിവാഹമോചനങ്ങള്‍ കൂടിക്കൊണ്ടേയിരിക്കുകയാണെന്ന് ലേഖനം വെളിപ്പെടുത്തുന്നു. യുദ്ധത്തിന്റെ ആദ്യവര്‍ഷം 2.9 ശതമാനമായിരുന്നുവെങ്കില്‍, 2004-ല്‍ അത്‌ 3.9 ശതമാനമായി വളര്‍ന്നു. സൈന്യത്തിന്റെ കണക്കുകള്‍ പക്ഷേ സൂചിപ്പിക്കുന്നത്‌, വിവാഹമോചനങ്ങള്‍ കുറയുന്നുവെന്നാണ്‌. മൊത്തം 8700 വിവാഹബന്ധങ്ങള്‍ വേര്‍പെട്ടുവെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. സ്ത്രീകളുടെ കാര്യത്തില്‍ ശതമാനക്കണക്ക്‌ 9 ആണത്രെ.

അവധിക്കുവന്ന സൈനികര്‍ക്ക്‌ കുടുംബവുമായി കൂടുതല്‍ ആശയവിനിമയം ചെയ്യാനും ബന്ധം മെച്ചപ്പെടുത്താനുമുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണ്‌ പെന്റഗണ്‍.

യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചും, അത്‌ വ്യക്തിയുടെ മനസ്സിലുണ്ടാക്കുന്ന തീരാമുറിവുകളെപ്പറ്റിയുമൊക്കെയാണ്‌ സൈന്യം പഠിക്കാന്‍ ശ്രമിക്കുന്നത്‌.അത്തരം തിരിച്ചറിയല്‍ ശ്രമങ്ങള്‍ ഭാഗികമായേ ശരിയാകുന്നുള്ളു,. സൈനികരുടെ മനസ്സംഘര്‍ഷങ്ങള്‍ക്കും അവരുടെ പെരുമാറ്റവൈചിത്ര്യങ്ങള്‍ക്കുമുള്ള പ്രധാനപ്പെട്ട കാരണത്തെ മുഖാമുഖം നേരിടുന്നതിന്‌ സൈനികരെ സജ്ജരാക്കാന്‍, പെന്റഗണ്‌ കഴിയില്ല. എന്താണ്‌ ആ പ്രധാനപ്പെട്ട കാരണം? മറ്റു മനുഷ്യരെ അകാരണമായി കൊല്ലേണ്ടിവരുന്നതിലുള്ള ആഴത്തിലുള്ള കുറ്റബോധമാണത്‌.

തങ്ങള്‍ക്കൊരിക്കലും കുറ്റവിചാരണ നേരിടേണ്ടിവരില്ലെന്ന് അമേരിക്കന്‍ സൈനികര്‍ക്ക്‌ നന്നായി അറിയാം. മേലുദ്യോഗസ്ഥനെ അനുസരിക്കുക വഴി സര്‍ക്കാരിനോട്‌ വിശ്വസ്തത പാലിക്കുക മാത്രമാണ്‌ തങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ക്ക്‌ ബോദ്ധ്യമുണ്ട്‌. ബോധതലത്തില്‍, അവര്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്‌, തങ്ങള്‍ അമേരിക്കയുടെ സ്വാതന്ത്ര്യത്തെയും മൂല്യങ്ങളെയും സംരക്ഷിക്കുകയാണെന്നാണ്‌. ഇറാഖി ജനതയെ സഹായിക്കുക എന്ന മഹത്തായ കൃത്യനിര്‍വ്വഹണത്തിനായി തങ്ങള്‍ ജീവന്‍ പണയം വെക്കുകയാണെന്നും അവര്‍ സ്വയം വിശ്വസിപ്പിക്കുന്നു.

ഒരുവന്റെ ബോധ-ഉപബോധമനസ്സുകളെ അത്ര എളുപ്പത്തിലൊന്നും വിഢിയാക്കാന്‍ പറ്റില്ലെന്ന് ഏതൊരു മനശ്ശസ്ത്രജ്ഞനും പുരോഹിതനും നിങ്ങള്‍ക്ക്‌ പറഞ്ഞുതരും. ഭീകരമായ ഒരു തെറ്റ്‌ ചെയ്യേണ്ടിവരുമ്പോള്‍, നിങ്ങളെ പതുക്കെപ്പതുക്കെ കാര്‍ന്നുതിന്നാന്‍ തുടങ്ങുന്ന നിങ്ങളുടെ മനസ്സാക്ഷിയില്‍നിന്ന് രക്ഷപ്പെടുക എന്നത്‌ തീര്‍ത്തും അസാദ്ധ്യമായ ഒന്നാണ്‌. അതേസമയം, ഉപബോധമനസ്സാകട്ടെ, നിങ്ങളെ നിരന്തരം പീഡിപ്പിക്കുകവഴി, പലവിധത്തിലുള്ള സ്വഭാവവൈചിത്ര്യങ്ങളെയും പുറത്തുകൊണ്ടുവരുകയും ചെയ്യും.

കൊലപാതകപരമ്പരകള്‍ നടത്തുന്ന ചില മനോരോഗികളില്‍ ഇത്തരം യാതൊരു മനസ്സാക്ഷിക്കുത്തും കാണാന്‍ കഴിയില്ലെന്നത്‌ ശരിതന്നെ. പക്ഷേ, ഇറാഖിലെ സൈനികരെ ആ ഗണത്തില്‍ പെടുത്താന്‍ പറ്റില്ല. ശരിതെറ്റുകള്‍ക്ക്‌ വലിയ വില കല്‍പ്പിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്‌ അവര്‍. മനോനിലതെറ്റിയ, ജന്മനാ കുറ്റവാളികളായ ആളുകളല്ല അവര്‍.

വിഷാദരോഗവും, മനശ്ചാഞ്ചല്യവും, തകര്‍ന്ന കുടുംബാന്തരീക്ഷവും നേരിടേണ്ടിവരുന്ന, ഇറാഖില്‍ സേവനം അനുഷ്ഠിക്കുന്ന അമേരിക്കന്‍ സൈനികര്‍, കേവലമായ യുദ്ധാനന്തര-മനസ്സംഘര്‍ഷങ്ങളുടെ ഇരകളല്ല എന്നാണ്‌ പറ‍ഞ്ഞുവരുന്നത്‌. അകാരണമായി മറ്റൊരു രാജ്യത്തെ ആക്രമിക്കുന്ന സൈന്യത്തിന്റെ ഭാഗമായിത്തീരേണ്ടിവന്നതിലുള്ള തീവ്രമായ കുറ്റബോധമായിരിക്കണം അവരെ നിരന്തരം പീഡിപ്പിക്കുന്നത്‌.

തങ്ങളുടെ മാതൃരാജ്യത്തിനെ ഒരിക്കലും ആക്രമച്ചിട്ടില്ലാത്ത ഒരു രാജ്യത്തെയും അതിലെ നിരപരാധികളായ ജനതയെയുമാണ്‌ തങ്ങള്‍ നിത്യേനയെന്നോണം കൊല്ലുകയോ നിശ്ശബ്ദരാക്കുകയോ ചെയ്യുന്നതെന്ന് ഓരോ അമേരിക്കന്‍ സൈനികനും വ്യക്തമയി അറിയാം. ആ ജനതയെ കൊല്ലാനുള്ള ധാര്‍മ്മികവും നിയമപരവുമായ ഒരവകാശവും തങ്ങള്‍ക്കില്ലെന്നും, ഓരോ അമേരിക്കന്‍ പട്ടാളക്കാരനും ഉള്ളിന്റെ ഉള്ളില്‍ ബോദ്ധ്യവുമുണ്ട്‌.

ശിക്ഷിക്കപ്പെടില്ലെന്ന് എത്രതന്നെ ബോദ്ധ്യമുണ്ടായാലും ശരി, മറ്റൊരു മനുഷ്യജീവിയെ അകാരണമായി കൊല്ലേണ്ടിവരുമ്പോള്‍, എങ്ങിനെയാണ്‌ ഒരുവന്‌ വിഷാദവും, കുറ്റബോധവും, ആത്മനിന്ദയും തോന്നാതിരിക്കുക?




കടപ്പാട്‌: Media without Borders (MWC)-ല്‍ ജേക്കബ്‌ ഹോണ്‍ബര്‍ഗര്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

**ഭഗ്നഭവനം - പ്രൊഫസ്സര്‍ എന്‍.കൃഷ്ണപിള്ളയുടെ പ്രശസ്തമായ നാടകം. ഇബ്സന്റെ A Doll's House എന്ന നാ‍ടകത്തിന്റെ പരിഭാഷ.

11 comments:

Rajeeve Chelanat said...

ഭഗ്നഭവനം - അമേരിക്കന്‍ സൈനികരുടെ ശിഥിലമാകുന്ന കുടുംബബന്ധങ്ങളിലേക്ക് ഒരു ചൂണ്ടുപലക.

യരലവ~yaraLava said...

നിരപരാധിയായെ തല്ലിക്കൊല്ലുമ്പോഴുള്ള രോദനം, അതിനേക്കാ‍ള്‍ ഭീകരമായ ഒരു ശബ്ദമാവാന്‍ വേറൊന്നിനുമാവില്ല, ലോകത്തിന്റെ തന്നെ ഗതി തീരുമാനിക്കുന്നതു അത്തരം ശബ്ദവീചികള്‍ ആയിരിക്കണം.

തോന്ന്യാസി said...

ശിക്ഷിക്കപ്പെടില്ലെന്ന് എത്രതന്നെ ബോദ്ധ്യമുണ്ടായാലും ശരി, മറ്റൊരു മനുഷ്യജീവിയെ അകാരണമായി കൊല്ലേണ്ടിവരുമ്പോള്‍, എങ്ങിനെയാണ്‌ ഒരുവന്‌ വിഷാദവും, കുറ്റബോധവും, ആത്മനിന്ദയും തോന്നാതിരിക്കുക

രാജീവേട്ടാ വളരെ നല്ലൊരു പോസ്റ്റ്, നല്ല പരിഭാഷ..

ഭരണാധികാരികളുടെ കളിപ്പാവകളാണെങ്കിലും അവര്‍ക്കില്ലാത്ത ഒരു നല്ല മനസ്സ് ആ പട്ടാളക്കാര്‍ക്കുണ്ടെന്നറിയുമ്പോ ഒരു വേനല്‍ മഴ പെയ്ത പോലെ.........

യാരിദ്‌|~|Yarid said...

“ശിക്ഷിക്കപ്പെടില്ലെന്ന് എത്രതന്നെ ബോദ്ധ്യമുണ്ടായാലും ശരി, മറ്റൊരു മനുഷ്യജീവിയെ അകാരണമായി കൊല്ലേണ്ടിവരുമ്പോള്‍, എങ്ങിനെയാണ്‌ ഒരുവന്‌ വിഷാദവും, കുറ്റബോധവും, ആത്മനിന്ദയും തോന്നാതിരിക്കുക?“

തോന്നുമായിരിക്കും...:(

ഭൂമിപുത്രി said...

കൊല്ലലിനുപുറമെ അവരവിടെ കാണിച്ചുകൂട്ടുന്ന മറ്റ് അട്രോസിറ്റീസിനെ പറ്റിയും നമ്മള്‍ കേട്ടിട്ടില്ലേ?അതിന്റെയൊക്കെ മനശ്ശാസ്ത്രമോ?
ഫ്രസ്ട്രേഷന്‍?

The Prophet Of Frivolity said...

ഇത്തരമൊരു നിഗമനത്തില്‍ രജീവിന് എങ്ങനെയാണ് എത്താന്‍ കഴിയുക? അതായത് ഭവനം ഭഗ്നമാവുന്നതിന്റെ കാരണം അവരിലുണ്ടാവുന്ന കുറ്റബോധമാണെന്ന നിഗമനം? അടിസ്താനപരമായി മനുഷ്യരെല്ലാം നല്ലവര്‍ എന്ന ധാരണ,അല്ലെങ്കില്‍, പ്രെമിസില്‍ നിന്നല്ലേ അത്തരമൊരു നിഗമനത്തിലെത്താനാവൂ? കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടില്ല എന്ന പൂര്‍ണബോധ്യമുണ്ടെങ്കിലും,ആളുകളെ നിയന്ത്രിക്കാന്‍,അല്ലെങ്കില്‍ പിന്തുടര്‍ന്നു വേദനിപ്പിക്കാന്‍, മനസ്സാക്ഷി എന്നൊന്നുണ്ടെന്ന ചിന്തയ്ക്ക് അടിസ്ഥാനം എന്താണ്? എന്താണീ മനസ്സാക്ഷി? അത് മനുഷ്യന്റെ മൃഗീയവാസനകളെ ചെറുക്കാനുള്ള സാമൂഹികതയുടെയും,നാഗരികതയുടെയും ഭാണ്ഡമല്ലേ? രാജീവ് പറയുന്നതുപോലെയാവണമെന്ന് ആഗ്രഹിക്കുന്നവനാണ് ഞാനും. പക്ഷെ ആഗ്രഹം സത്യമാവണമെന്നില്ലല്ലോ. ചരിത്രം അങ്ങനെയൊന്നുമല്ല നമുക്കു മുന്‍പില്‍ അനുഭവവേദ്യമായിട്ടുള്ളത്.യുദ്ധഭൂമിയില്‍ പലകാഴ്ചകളും കാണെണ്ടിവന്നവന്ന് മാനസികസംഘര്‍ഷം ഉണ്ടാവാം. മനുഷ്യബന്ധങ്ങളുടെ ലോലത,മനുഷ്യജീവന്റെ വിലയെസംബന്ധിക്കുന്ന അയാളുടെ വിശ്വാസപ്രമാണങ്ങള്‍ ഒക്കെ തകിടം മറിഞ്ഞേക്കാം.

*************
PS: Hope this thread will not end up in another US vs Left verbal vituperation.

Rajeeve Chelanat said...

പോയറ്റ്,

അങ്ങിനെയല്ല. കുറ്റബോധത്തിന്റെ ഫലമായി, ഉപബോധമനസ്സില്‍നിന്ന് പുറത്തുവരുന്ന് നിരവധി സ്വഭാവവൈചിത്ര്യങ്ങളാണ് ഇത്തരം കുടുംബ ശൈഥില്യങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം എന്നാണ് ജേക്കബ് സൂചിപ്പിക്കുന്നത്. കുറ്റബോധം മനസ്സാക്ഷിയുമായി ബന്ധപ്പെട്ട കാര്യമാണ്. അതാകട്ടെ, താങ്കള്‍ ശരിയായി നിരീക്ഷിച്ചപോലെ “മനുഷ്യന്റെ മൃഗീയവാസനകളെ ചെറുക്കാനുള്ള സാമൂഹികതയുടെയും,നാഗരികതയുടെയും ഭാണ്ഡ’വുമാണ്. മറ്റൊന്ന്, ഇന്ന് അമേരിക്കന്‍ പട്ടാളക്കാരുടെ കുടുംബത്തില്‍ സംഭവിക്കുന്ന ഒരു സ്വകാര്യ ദുരന്തത്തിനെ യുദ്ധത്തിന്റെ അശ്ലീലതയുമായി ജേക്കബ് കൂട്ടിക്കെട്ടി എന്നിടത്തോളം മാത്രമേ ഈ ലേഖനത്തിനിനു പ്രസക്തിയുമുള്ളു. ജയശ്രീ സൂചിപ്പിച്ച കാര്യം പ്രധാനപ്പെട്ട ഒന്നാണ്.

ജയശ്രീ,

വളരെ അര്‍ത്ഥവത്തായ നിരീക്ഷണം. ബ്ലാക്ക് വാട്ടര്‍ പോലുള്ള സ്വകാര്യസംരക്ഷണസേനകളുടെയും, അതുപോലുള്ള മറ്റു സംഘങ്ങളുടെയും, വൈറ്റ് ഹൌസിലെ policy makers-ന്റെയും ചെയ്തികള്‍ കാണുമ്പോള്‍, കുറ്റബോധമെന്ന വികാരത്തിന്റെ കണികപോലും കാണാന്‍ കഴിയുന്നില്ല എന്നതും നേര്. സാധാരണക്കാരായ പട്ടാളക്കാരുടെ മനോനിലയെക്കുറിച്ചുള്ള ഒരു നിരീക്ഷണമായി മാത്രമേ ഈ ലേഖനത്തെ കാണാനാവൂ.

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ

Inji Pennu said...

രാജീവേ
രാജീവ് അവസാനം കൊടുത്തിരിക്കുന്ന ലിങ്ക് പോകുന്നത് മീഡിയ വിത് കോണ്‍ഷ്യന്‍സ് എന്ന സൈറ്റിലോട്ടാണ്? മീഡിയ വിത്തൌട്ട് ബോര്‍ഡേര്‍സ് എന്നൊരു സൈറ്റല്ലല്ലോ അത്? മാത്രമല്ല, ഈ പരിഭാഷ
അല്ലല്ലോ ഇംഗ്ലീഷില്‍ ലേഖനം? ലിങ്ക് മാറിപ്പോയി എന്ന് തോന്നുന്നു. ശരിയായ ലിങ്ക് ഇടുമോ?

The Prophet Of Frivolity said...

Inji,

Looks like this is the one.

Seek and thou shalt find...Click and and it shall be opened unto you,
Ask google and it shalt be given unto you....

And it is site without borders/media with conscience.

Anonymous said...

രാജീവ്

വളരെ പ്രസക്തമായ ഒരു കുറിപ്പ്, ആന്റി വാറ് ഓണ് ദി ഫെയ്സ് – വളരെ നന്ദി.

പ്രൊഫെറ്റിന്റെ സംശയം വളരെ ഇന്റ്യൂറ്റീവ് ആണ്. ശാസ്ത്രീയമായി ശരാശരി മനുഷ്യന് ശരാശരി ധാറ്മ്മികതയുടെ വക്താവാണ് എന്ന നിറ്ദ്ധേശം പൊതുവേ ഭദ്രമാണ്. അതായത് ഏറെക്കുറെ മനുഷ്യരൊക്കെ ഏറെക്കുറെ നല്ലവരാണ് എന്ന്.

ഇങനെയുള്ള മനുഷ്യന് താന് ചെയ്യുന്നതിനൊക്കെ തന്നില്‍നിന്ന് തന്നെ, തന്റെ തന്നെ ധാറ്മ്മികതാസങ്കല്‍പ്പങ്ങളുടെ അടിസ്താനത്തില്, വിശദീകരണം ആവശ്യപ്പെടും എന്ന മനസ്സാക്ഷി സങ്കല്‍പ്പം, പലരും വിചാരിക്കുന്നതുപോലെ ഒരു ആദറ്ശപരമായ പ്രതീക്ഷയല്ല, മറിച്ച് പ്രായോഗികമായ ഒരു സാമൂഹികപ്രവണത തന്നെയാണ്.

ഈ തത്വത്തിന്റെ അടിസ്താനത്തില് സമൂഹത്തിലെ അന്യായക്കാര് രണ്ടുതരത്തിലാണുള്ളതത്രേ – ഒന്ന് തന്റെ തന്നെ ധാറ്മ്മികതയെ അയുക്തികരങ്ങളായ പൊട്ടന്യായങ്ങള്‍കൊണ്ട് ത്രിപ്തിപ്പെടുത്തുന്ന വിചിത്രശീലമുള്ളവര്. രണ്ട്, അങ്ങിനെ ഒരു മൂല്യബോധം പലകാരണങ്ങള് കൊണ്ട് ഇന്‍സ്റ്റാള് ചെയ്യപ്പെട്ടിട്ടില്ലാത്തവര് (സൈക്കൊപാത്തുകളുടെയും ക്രിമിനലുകളുടേയും മാനസികവൈകല്യത്തിന്റെ ഒരു ഗടകം മൂല്യബോധം എന്ന സങ്കല്‍പ്പം ഉള്ക്കൊള്ളുവാനുള്ള സ്വാഭാവികമായ കഴിവുകേടാണെന്ന് വാദമുണ്ട്)

സൈനികന്റെ കുറ്റബോധം പ്രസിദ്ധമായ വിഷയമാണ്. ഇത് ഏറെക്കുറെ അംഗീകരിക്കപ്പെട്ട ഒരു അവസ്തയായതിനാല് രാജീവിന്റെ കുറിപ്പിലെ നിറ്ദ്ധേശങ്ങളുടെ വലിഡിറ്റി ഒരു ചറ്ച്ചാവിഷയമാകുന്നുവെങ്കില് അത് പഴയ ചില പടനങ്ങളിലേക്ക് മാത്രമേ വിരല്‍ചൂണ്ടൂ.

മധു

The Prophet Of Frivolity said...

മധു,

ഇവിടെപ്പറയുന്ന “കുറ്റബോധം” എന്നത് ഒരു മനുഷ്യന്‍ ഏതെങ്കിലും ഒരു സാഹചര്യത്തില്‍ സ്വന്തം തീരുമാനപ്രകാരം ചെയ്ത പ്രവൃത്തി “തെറ്റാണ്” എന്നു പിന്നീട് തിരിച്ചറിയുമ്പോള്‍ അയാളില്‍ ഉണ്ടായേക്കാവുന്ന വികാരമാണ്.ഈ സാഹചര്യത്തിന്ന് അനിവാര്യമായ ഘടകം എന്നത് അയാള്‍ തന്റെ ഫ്രീഡം ഓഫ് വില്‍ ഉപയോഗിച്ചു എന്നതാണ്. ഒരു മിലിറ്ററി സാഹചര്യത്തില്‍ അതയാള്‍ ഉപയോഗിക്കുന്നില്ല. ഹന്ന അറന്റ് ആദ്യമായി ഇതിനെപ്പറ്റി എഴുതിയപ്പോഴും മില്‍ഗ്രാം പരീക്ഷണം നടത്തിയപ്പോഴും കോലാഹലമായത് അതൊരു അപ്രിയ സത്യത്തിലേക്ക് വിരല്‍ ചൂണ്ടിയത് കൊണ്ടാണ്. ഈയടുത്തകാലത്ത് അബു ഗാരിബ് സംഭവം നടന്നപ്പോള്‍ നടന്ന വിവാദങ്ങല്‍ക്കിടയില്‍ അധികം ശ്രദ്ധപതിയാതെ പോയ മറ്റൊരു കാര്യമുണ്ട്: ആ സംഭവത്തിന്ന് സ്റ്റാന്‍ഫോര്‍ഡ് പ്രിസണ്‍ പരീക്ഷണങ്ങളുമായുണ്ടായിരുന്ന ഞെട്ടിപ്പിക്കുന്ന സാമ്യം. ഇതെല്ലാം നമുക്കുനല്‍കുന്ന ഒരു വലിയ അറിവുണ്ട്..മനസ്സാക്ഷി അല്ലെങ്കില്‍ സൂപ്പര്‍ ഈഗോ എന്നത് വളരെ ലോലമാണ്, ഒരു അവസരം കിട്ടിയാല്‍ നമ്മളതു വലിച്ചെറിയും. ഞാനടക്കം. ഈ സാഹചര്യത്തില്‍ മേലുദ്യോഗസ്ഥന്‍ പറഞ്ഞിട്ടാണ് എന്ന മുട്ടുന്യായം.(ഞാന്‍ ഭാണ്ഡം എന്ന വാക്ക് നേരത്തെ ഉപയോഗിച്ചത് അതാണ്) സത്യത്തെ-അതെത്ര അപ്രിയമാണെങ്കിലും-സ്വീകരിക്കുന്നതും,സാദ്ധ്യമായ എല്ലാം ചെയ്തുവെയ്ക്കുന്നതുമായിരിക്കും “ഏയ് അങ്ങനെയൊന്നുമില്ല” എന്ന് പറഞ്ഞ് സമാധാനമായിരിക്കുന്നതിനേക്കാള്‍ നല്ലത്. വേറൊരു ദുഖം നല്‍കുന്ന, അല്ലെങ്കില്‍, തിരിച്ചറിവു നല്‍കുന്ന സത്യം-വെളിപാടുപോലെ ഒരെണ്ണം-അബു ഗാരിബ് സംഭവത്തില്‍ പെട്ട ഒരാള്‍ പറഞ്ഞത്: റംസ്ഫീല്‍ഡിന്ന് പ്രശ്നമില്ലായിരുന്നു, അല്ലെങ്കില്‍ അയാളത് ആഗ്രഹിച്ചിരുന്നു! 1961-ല്‍ ഇതുപോലെയൊക്കെത്തന്നെയാണ് മറ്റൊരാളും പറഞ്ഞത്!
**********************
I honestly wish Freud was there in 1961 and now with us. It was as though what he proposed in 'civilization and it's discontents' were put to test!

PS 1: "Mankind differs from the animals only by a little and most people throw that little away." കണ്‍ഫൂഷ്യസ് ജീവിച്ചിരിപ്പില്ല, ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം പറഞ്ഞുതന്നേനെ, ആ “little" എന്നത് എത്ര, എത്ര, തുലോം ചെറുതാണെന്ന്. Indeed, we are heading to an age where every incident, calamity, evil would appear to us as infinitessimally little,so subliminal to evoke any response..

PS 2: "When you have eliminated the impossible, whatever remains, however improbable, must be the truth." - Sir Arthur Conan
Doyle