Sunday, May 4, 2008

ഞങ്ങളുടെ ‘ഐക്കിയ’ ജീവിതങ്ങള്‍

എന്റെ കിടപ്പുമുറിയിലെ നിലത്ത്‌ കുന്തിച്ചിരുന്ന് അച്ഛന്‍ ശ്രദ്ധയോടെ ജോലി തുടര്‍ന്നു. ജീന്‍സും, നീളന്‍കൈയ്യുള്ള ഷര്‍ട്ടും ധരിച്ചിരുന്നു അദ്ദേഹം. വലത്തെ കയ്യില്‍ ഒരു ചുറ്റികയും. ഏകാഗ്രമായ മുഖഭാവത്തോടെ കണ്ണുകള്‍ താഴ്ത്തി അദ്ദേഹം തന്റെ സാധനസാമഗ്രികള്‍ നിറച്ച ചെറിയ സഞ്ചിയില്‍ തിരയുന്നുണ്ടായിരുന്നു. സഞ്ചിയിലുണ്ടായിരുന്ന സ്ക്രൂവും മറ്റു സാധനങ്ങളുമൊക്കെ നിത്യപരിചിതങ്ങളായ വസ്തുക്കളായിരുന്നു അച്ഛന്‌. സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ ഉപയോഗിച്ചുപോന്നിരുന്നവ. ഒന്നുമില്ലായ്മയില്‍നിന്ന് ഒരിക്കല്‍ ഒരു കട്ടില്‍ നിര്‍മ്മിക്കുകപോലുമുണ്ടായിട്ടുണ്ട്‌ അദ്ദേഹം. ഓരോ ചെറിയ സാമഗ്രിപോലും എളുപ്പത്തില്‍ തിരിച്ചറിയാന്‍ അദ്ദേഹത്തിനാവും. പക്ഷേ ഇന്നദ്ദേഹം ചിന്താക്കുഴപ്പത്തിലായിരിക്കുന്നു. ആകെയൊരു പന്തിയില്ലായ്മപോലെ.

എന്റെ 'ഐക്കിയ' കിടക്ക കൂട്ടിയോജിപ്പിക്കുന്ന പണിയിലായിരുന്നു അദ്ദേഹം.

തന്റെ പ്ലാസ്റ്റിക്ക്‌ സഞ്ചി തുറന്ന് എല്ലാ ലൊട്ടുലൊടുക്കു സാധനങ്ങളും അദ്ദേഹം പുറത്തിട്ടു. ഞാനും എന്റെ സ്നേഹിതനും അദ്ദേഹത്തിന്റെ കൂടെചേര്‍ന്നു. കട്ടിലിന്റെ എല്ലാ ഭാഗങ്ങളും അച്ഛന്റെ ചുറ്റും നിരത്തിവെച്ചുകൊടുത്തു. ഇതേ മോഡലിലുള്ള മറ്റു ഐക്കിയ കിടക്കകള്‍ കണ്ടതുകൊണ്ട്‌ ഒരു ഏകദേശധാരണയൊക്കെ ഞങ്ങള്‍ക്കുണ്ടെന്ന് ഞാനും എന്റെ സ്നേഹിതനും അല്‍പ്പം അഹങ്കരിച്ചിരുന്നു. എങ്കിലും അത്ര ഉറപ്പുണ്ടായിരുന്നില്ലതാനും.

രണ്ടു ചെറിയ ചീളുകളെടുത്ത്‌ കട്ടിലിന്റെ അടിഭാഗത്ത്‌ അദ്ദേഹം ചേര്‍ത്തുവെക്കാന്‍ നോക്കി. ഐക്കിയയുടെ ഇന്‍സ്ട്രക്‍ഷന്‍ പുസ്തകമൊന്നും നോക്കാന്‍ ഞങ്ങള്‍ മിനക്കെട്ടില്ല. അതൊന്നും പക്ഷേ അദ്ദേഹത്തിനൊരു പ്രശ്നമായിരുന്നില്ല. ആ ചെറിയ മരക്കഷണങ്ങള്‍ അദ്ദേഹം കട്ടില്‍ക്കാലുകളുടെ അടിഭാഗത്തുള്ള തുളകള്‍ക്കകത്തേക്ക്‌ കടത്തി, എന്നിട്ട്‌, കട്ടില്‍ക്കാലുകള്‍, സ്വന്തം കാലുകള്‍കൊണ്ട്‌ താങ്ങി ആ മരക്കഷണങ്ങള്‍ മെല്ലെ അമര്‍ത്തി. ഇതാ ഞാനുണ്ട്‌ സഹായിക്കാന്‍ എന്ന മട്ടില്‍ ഞാന്‍ ഓടിച്ചെന്നു. ഞാന്‍ ആ മരക്കഷണം ബലമായി പിടിച്ചുകൊടുത്തു.

എനിക്ക്‌ കുറ്റബോധം തോന്നുന്നുണ്ടായിരുന്നു.

താഴെനിലയില്‍, ഒരു നല്ല ഷെല്‍ഫുണ്ടായിരുന്നു എനിക്ക്‌. കിടക്കതലക്കല്‍ വെക്കാവുന്ന തരത്തിലുള്ള ഒന്ന്. നല്ല മരത്തില്‍ തീര്‍ത്തത്‌. കുറേ ആളുകളുടെ ശ്രമഫലമായി തീര്‍ത്തിരിക്കാവുന്ന ഒരു ഷെല്‍ഫ്‌. രണ്ടാഴ്ചമുന്‍പാണ്‌ അച്ഛന്‍ എനിക്കത്‌ സമ്മാനിച്ചത്‌. ഞാന്‍ തന്നെ തിരഞ്ഞെടുത്ത ഭംഗിയുള്ള ഒരു ബെഡ്‌റൂം സെറ്റിലേക്ക്‌ അച്ഛന്‍ സംഭാവന ചെയ്തതായിരുന്നു അത്‌. എനിക്ക്‌ വളരെ ഇഷ്ടവുമായിരുന്നു ആ ചെറിയ ഷെല്‍ഫ്‌. എങ്കിലും അതിനെ ഒരു ഉപയോഗശൂന്യമായ വെറും മരക്കഷണമെന്നതിലപ്പുറമായി എനിക്കൊട്ടു കാണാന്‍ കഴിഞ്ഞതുമില്ല. മാത്രവുമല്ല, ഫര്‍ണിച്ചര്‍ വാങ്ങലൊക്കെ മുതിര്‍ന്നവര്‍ക്ക്‌ മാത്രം അവകാശപ്പെട്ട സാധനങ്ങളാണല്ലോ, നികുതി അടക്കലും മറ്റും പോലെ. ഈ ഷെല്‍ഫിനാണെങ്കില്‍ മറ്റു അലങ്കാരങ്ങളൊന്നുമുണ്ടായിരുന്നതുമില്ല. അതുകൊണ്ട്‌ ഞാനത്‌ നിരസിച്ചു.

ഇതിനേക്കാള്‍ നല്ലതും, കാണാന്‍ ഭംഗിയും, വിലകുറവും, ഐക്കിയയുടെ കട്ടിലായിരിക്കുമെന്ന് എനിക്ക്‌ തോന്നി. പരമ്പരാഗത കട്ടിലുകളൊന്നും ഐക്കിയ ഉണ്ടാക്കാറില്ല. അലങ്കാരങ്ങളും കുറവാണ്‌. കിടക്ക വിരിക്കാനുള്ള ഒരു പലകപ്പുറം. ലോഹത്തിന്റെ ഫ്രെയിമോ സ്പ്രിങ്ങുകളോ കള്ളികളുള്ള ഷെല്‍ഫുകളോ ഒന്നുമില്ലാത്ത വെറും കട്ടിലുകള്‍.അങ്ങിനെ ഞങ്ങള്‍ പണി തുടര്‍ന്നു.

എന്റെ സ്നേഹിതന്‍ കട്ടിലിന്റെ അരികുകളില്‍ സ്ക്രൂകള്‍ തിരുകിക്കയറ്റാന്‍ തുടങ്ങി. ഞാനും അച്ഛനും മറ്റു ഭാഗങ്ങള്‍ യോജിപ്പിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടു. എനിക്ക്‌ അല്‍പ്പം ആശങ്കയുണ്ടായിരുന്നു. കോളേജ്‌ വിട്ടതിനുശേഷം ഐക്കിയയുടെ വീട്ടുസാമഗ്രികള്‍ പലപ്പോഴായി ഞാന്‍ ശരിയാക്കിയിട്ടുണ്ടായിരുന്നു. ഐക്കിയ മേശ, ഐക്കിയയുടെ പുസ്തക ഷെല്‍ഫ്‌, കസേര, അങ്ങിനെ ചിലത്‌. ഐക്കിയപോലുള്ള ആധുനിക സാമഗ്രികള്‍ കൈകാര്യം ചെയ്തു ശീലമുള്ള പുതിയ തലമുറക്കാരെപ്പോലെ, എനിക്കും അല്‍പ്പസ്വല്‍പ്പം ആത്മവിശ്വാസമൊക്കെയുണ്ടായിരുന്നു. ഏതു ഭാഗം എവിടെയാണ്‌, എങ്ങിനെയാണ്‌ പിടിപ്പിക്കേണ്ടതെന്നൊക്കെ ഞാന്‍ മനസ്സിലാക്കിവെച്ചിരുന്നു. അച്ഛനാകട്ടെ, ഇത്തരം സാധനങ്ങളൊന്നും അത്ര പരിചയമുണ്ടായിരുന്നില്ല. വളരെ സംശയിച്ച്‌ അദ്ദേഹം ഓരോ സ്ക്രൂവും കയറ്റുന്നത്‌ കണ്ടപ്പോള്‍ എനിക്ക്‌ വിഷമം തോന്നി.

മരം അച്ഛന്റെ രക്തവുമായി അത്രമേല്‍ ഇഴുകിച്ചേര്‍ന്നതായിരുന്നു. 1958-ലാണ്‌ അദ്ദേഹത്തിന്റെ അച്ഛന്‍ -ഒരു ഫ്രഞ്ച്‌ കനേഡിയന്‍ കുടിയേറ്റക്കാരന്‍- സ്വന്തമായി ഒരു തടിമില്ല് സ്ഥാപിച്ചത്‌. പതിന്നാലു വയസ്സുള്ളപ്പോള്‍ ജോലിചെയ്യാന്‍ തുടങ്ങിയതാണ്‌ അച്ഛനവിടെ. പിന്നീട്‌ അദ്ദേഹം ജോലി നിര്‍ത്തി കോളേജില്‍ ചേര്‍ന്നു പഠിച്ചു. സിവില്‍ എഞ്ചിനീയറായി. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ജോലികളഞ്ഞ്‌, വീണ്ടും, തന്റെ അച്ഛന്റെ തടിമില്‍ ഏറ്റെടുത്തുനടത്തി. ചെറിയ കസേര മുതല്‍ വലിയ ഫര്‍ണിച്ചര്‍ വരെ, എന്തിന്‌, മരം വളക്കുന്ന ഒരു സങ്കീര്‍ണ്ണമായ യന്ത്രം വരെ, അദ്ദേഹം സ്വന്തമായി ഉണ്ടാക്കി. ആ ആളാണ്‌ ഇന്ന് ഒരു സ്ക്രൂ പോലും സംശയിച്ച്‌ സംശയിച്ച്‌ തിരുപ്പിടിപ്പിക്കുന്നത്‌.

ഒടുവില്‍ എങ്ങിനെയോ ആ കട്ടില്‍ ഞങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തലഭാഗത്തുള്ള ചെറിയ ഷെല്‍ഫ്‌ അല്‍പ്പം മുന്നോട്ടാഞ്ഞു നിന്നിരുന്നു. കിടക്കുമ്പോള്‍ അതെന്റെ തലയില്‍ മുട്ടുന്ന വിധത്തില്‍.

'ഇതിങ്ങനെത്തന്നെയാണോ വേണ്ടത്‌?" എനിക്ക്‌ സംശയമായി.

അച്ഛന്‍ അതിലേക്ക്‌ കുറേ നേരം നോക്കിനിന്നു. എന്നിട്ടു പറഞ്ഞു. "എനിക്കറിയില്ല"

ഇന്‍സ്ട്രക്‍ഷന്‍ എഴുതിയ കൊച്ചുപുസ്തകം ഞാന്‍ മറിച്ചുനോക്കി. "ഇതിങ്ങനെയല്ല വേണ്ടത്‌. ശരിയായിട്ടില്ല".

ഞാന്‍ സ്ക്രൂകള്‍ അഴിച്ചുമാറ്റി. അച്ഛനും എന്റെകൂടെ ചേര്‍ന്നു. ഞാനും എന്റെ സ്നേഹിതനും മറ്റൊരു ലോഹത്തകിടുകൂടി കട്ടിലിന്റെ അരികുകളില്‍ പിടിപ്പിച്ചു. അച്ഛന്‍ സ്ക്രൂ കയറ്റി. കട്ടിലിനെ വേദനിപ്പിക്കാനെന്നപോലെ ശക്തിയായിട്ടാണ്‌ അദ്ദേഹം അത്‌ ചെയ്തത്‌.

അതെ, ഈ സാധനമാണ്‌ 2002-ല്‍ തന്റെ തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ എടുത്തുമാറ്റാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. ഈ ഫര്‍ണിച്ചറാണ്‌ തടിമില്ലില്‍ ഇടക്കിടക്ക്‌ സ്തംഭനാവസ്ഥയുണ്ടാക്കിയതും, 2005-ല്‍ അതിന്റെ പൂട്ടിച്ചതും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇത്തരം ഐക്കിയ ഫര്‍ണിച്ചറുകള്‍ വാങ്ങിയ എന്നെപ്പോലുള്ളവരാണ്‌ അച്ഛനെയും നൂറുകണക്കിന്‌ സ്ത്രീ-പുരുഷ തൊഴിലാളികളെയും അവരുടെ ഈ തൊഴിലില്‍നിന്ന് ആട്ടിപ്പുറത്താക്കിയത്‌.

ഐക്കിയയുടെ പെട്ടിയില്‍ നിന്ന്, ഗുണനചിഹ്നത്തിന്റെ രൂപം നിര്‍മ്മിക്കുന്ന രണ്ടു ലോഹത്തകിടുകള്‍ അച്ഛനെടുത്ത്‌ കൂട്ടിയോജിപ്പിച്ചു. കട്ടിലിന്റെ നടുക്ക്‌, മെത്തയെ താങ്ങിനിര്‍ത്താനുള്ള രണ്ട്‌ ദുര്‍ബ്ബലമായ ലോഹക്കഷണങ്ങള്‍. പുറത്തെവിടെയെങ്കിലുംവെച്ചായിരുന്നു ഈ ലോഹക്കഷണങ്ങള്‍ ഞാന്‍ കണ്ടിരുന്നതെങ്കില്‍, അവ എന്നെ എത്രതന്നെ സ്നേഹത്തോടെ ക്ഷണിച്ചാല്‍പ്പോലും ഞാനവയെ ഉപയോഗിക്കുമായിരുന്നില്ല. വിശ്വസിക്കുമായിരുന്നില്ല. പക്ഷേ ഇന്ന് അവ ഐക്കിയയുടേതാണ്‌. അതുകൊണ്ട്‌ എനിക്ക്‌ വിശ്വസിക്കാതിരിക്കാനാവില്ല.

തീരെ വിശ്വാസം വരാത്ത മട്ടില്‍ അച്ഛന്‍ ആ രണ്ടു കഷണങ്ങളെ വീണ്ടും വീണ്ടും നോക്കിനിന്നു. "സാരമില്ല, ഒന്നും നോക്കണ്ട. ആ സ്ക്രൂ വെച്ച്‌ അതിനെ യോജിപ്പിച്ചാല്‍ മതി" എന്റെ സ്നേഹിതന്‍ പറഞ്ഞു.

അച്ഛന്‍ സ്ക്രൂ കയറ്റി. തീരെ തൃപ്തി വരാതെ അതഴിച്ച്‌ വീണ്ടും കയറ്റാന്‍ തുടങ്ങി. എന്റെ സ്നേഹിതന്‍ അച്ഛനെ സഹായിച്ചു. എനിക്ക്‌ സങ്കടം വരുന്നുണ്ടായിരുന്നു. ഒടുവില്‍ അവര്‍ അത്‌ ശരിയാക്കി. കട്ടിലിന്റെ ഒത്തനടുക്ക്‌ ആ വലിയ ഗുണനചിഹ്നം നെഞ്ചുവിരിച്ച്‌ കിടന്നു. അച്ഛനും എന്റെ സ്നേഹിതനും ഒരു ദീര്‍ഘനിശ്വാസം പൊഴിച്ചു.


തടിമില്ല് പൂട്ടാനുള്ള തീരുമാനമെടുത്തപ്പോള്‍ എന്റെ അച്ഛന്റെയും അമ്മയുടെയും ഉള്ളില്‍നിന്നും ഇതുപോലെ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ന്നുവീണിട്ടുണ്ടാകണം. പല ഫര്‍ണിച്ചര്‍ സ്ഥാപനങ്ങളില്‍നിന്നുമായി പിരിഞ്ഞു കിട്ടാനുള്ള പണത്തിനുവേണ്ടി അവര്‍ കുറേ അലയുകയും ചെയ്തു. പലരേയും സമീപിച്ചു. ഞങ്ങളില്‍നിന്ന് ഫര്‍ണിച്ചര്‍ വാങ്ങിയ സ്ഥാപനങ്ങളും വളരെ വലിയൊരു പ്രതിസന്ധിയിലായിരുന്നു. പലരുടെയും കയ്യില്‍ കാശുണ്ടായിരുന്നില്ല. ഫര്‍ണിച്ചറുകള്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു അവരുടെ പക്കല്‍. ചിലരൊക്കെ പൈസ തന്നു. മറ്റുചിലര്‍ തന്നതുമില്ല. ഒരു കൂട്ടര്‍ക്ക്‌ അച്ഛന്‍ ഒരു ഇളവു ചെയ്തുകൊടുത്തു. തരാനുള്ള പൈസക്കുപകരം ഒരു ബെഡ്‌റൂം സെറ്റ്‌ മതിയെന്നു പറഞ്ഞു. അങ്ങിനെയാണ്‌ ആ ബെഡ്‌റൂം സെറ്റും, അതിന്റെ തലഭാഗത്ത്‌ വെച്ചുപിടിപ്പിക്കാവുന്ന, അച്ഛന്‍ സംഭാവന ചെയ്ത ഷെല്‍ഫും എനിക്ക്‌ കിട്ടിയത്‌.

ഞാന്‍ വാങ്ങാന്‍ വിസമ്മതിച്ച ഷെല്‍ഫ്‌. അന്നത്‌ വാങ്ങാതിരുന്നതില്‍ എനിക്ക്‌ മനസ്താപം തോന്നി.

പക്ഷേ എന്നെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. കാതലുള്ള മരത്തിന്റെ ലോകത്തല്ല ഞാനും എന്റെ തലമുറയും ജീവിക്കുന്നത്‌. വിദ്യാഭ്യാസത്തിന്‌ വായ്പ വാങ്ങേണ്ടിവരുകയും, എന്നെങ്കിലുമൊരിക്കല്‍ മറ്റിടങ്ങളിലേക്ക്‌ മാറിപ്പോകേണ്ടിവരുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല കാതലുള്ള, നല്ല മരം. വിലകുറഞ്ഞ ബീറും നുണഞ്ഞു നടക്കുന്ന സാധാരണക്കാര്‍ക്കുള്ളതല്ല അത്തരം മരങ്ങളൊന്നും. അവയെ നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്യാം. പക്ഷേ സ്വപ്നം കാണുക, അതുമാത്രം വയ്യ. ഒറ്റത്തടിയിലുള്ള ജീവിതമല്ല എന്റെയും എന്റെ തലമുറയുടേതും. ഉറക്കുത്തിയ ചെറിയ ചെറിയ മരക്കഷണങ്ങള്‍ ചേര്‍ത്തുവെച്ച ജീവിതമാണ്‌ ഞങ്ങളുടേത്‌.

അച്ഛന്‌ അതറിയാമായിരുന്നുവെന്ന് എനിക്ക്‌ തോന്നി. കട്ടില്‍ ശരിയാക്കിക്കഴിഞ്ഞപ്പോള്‍, ഒന്നും മിണ്ടാതെ, അദ്ദേഹം താഴത്തേക്കു പോയി. ഞാന്‍ കിടക്ക നിവര്‍ത്തി. അതിന്മേല്‍ ഭംഗിയുള്ള വിരിപ്പ്‌ വിരിച്ചു. കമ്പിളി നിവര്‍ത്തി. ഞാന്‍ ഉണ്ടതും, ഉടുത്തതും, വളര്‍ന്നതും, ജീവന്‍ നിലനിര്‍ത്തിയതുമെല്ലാം പഴയ നല്ല മരങ്ങളുടെ ഉള്‍ബലത്തിലായിരുന്നു.

പക്ഷേ ഇന്ന്, ഈ രാത്രി ഞാന്‍ കിടക്കുമ്പോള്‍ എന്നെ താങ്ങുന്നത്‌ ഈ ദുര്‍ബ്ബലമായ ഐക്കിയയാണ്‌.
Alternet-ല്‍ Meg Fevreau എഴുതിയ ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷ.

* ഐക്കിയ (IKEA)- സ്വീഡനിലെ പ്രശസ്തമായ ബഹുരാഷ്ട്ര ഫര്‍ണിച്ചര്‍ നിര്‍മ്മാണ-വില്‍പ്പന സ്ഥാപനം.

26 comments:

Rajeeve Chelanat said...

ഞങ്ങളുടെ ‘ഐക്കിയ’ ജീവിതങ്ങള്‍

മൂര്‍ത്തി said...

പതിവുപോലെ പ്രസക്തം..വിവര്‍ത്തനവും മനോഹരം..

Sanal Kumar Sasidharan said...

വായനതീര്‍ന്നതറിഞ്ഞില്ല.അതവതരിപ്പിച്ച ചിന്തകള്‍ എത്ര ഗഹനമാണെങ്കിലും!

Anoop Technologist (അനൂപ് തിരുവല്ല) said...

വളരെ നന്നായി

ചിതല്‍ said...

ഒ.ഹെന്റിയുടെ ഒരു കഥ പോലെ തോന്നി... ആ രീതിയിലാണ് വായിച്ച് തീര്‍ന്നത്.....
വിവര്‍ത്തനം ഉഗ്രന്‍...

കുറ്റ്യാടിക്കാരന്‍|Suhair said...

:)
Good one, indeed...

Harold said...

അലകുള്ള മരമിന്നാര്‍ക്കു വേണം?
സ്‌ക്രൂവിട്ടു മുറുക്കിയ ‘ഐക്കിയമു’ള്ളപ്പോള്‍

അനില്‍ശ്രീ... said...

രാജീവ്,
നല്ല ലേഖനം. ഇന്ന് കാണുന്ന പലതും ഐക്കിയ പോലെയാണ്. സാധരണക്കാരന്‍ കൂട്ടി യോജിപ്പിച്ചാല്‍ ശരിയാകില്ല. എല്ലാം ഒരു തരം ബിംബങ്ങള്‍. പേരു കൊണ്ട് നിലനില്‍ക്കുന്നവ. (ഇന്ത്യയില്‍ 'ഗാന്ധി' എന്ന പോലെ.). പുറകെ പോകുന്നവന്‍ അറിയുന്നില്ല എത്ര ദുര്‍ബലമാണ് കണ്ണികള്‍ എന്ന്. എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞു വീഴാവുന്ന ബലം കുറഞ്ഞ ഗുണനചിഹ്നം പോലെ.

ഞാന്‍ ഐക്കിയ-യുടെ കടയില്‍ ഇതു വരെ പോയിട്ടില്ല. (ഭയങ്കര വിലയും ഇത്തിരി ഗുണവും).

ഡാലി said...

ഗംഭീരം!
ഇതൊക്കെ അറിഞ്ഞാലും ഐക്കിയ വാങ്ങനല്ലേ നമുക്കു പറ്റൂ.
ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടാതെ ഒന്നു കൂടെയുണ്ട് കാതലിനെ ഉപേക്ഷിക്കാന്‍ കാരണമായിട്ട്. നാലഞ്ച് തലമുറയ്ക്ക് ഉപയോഗിക്കാന്‍ തക്ക ഉറപ്പുള്ള സാധങ്ങള്‍ ഇന്ന് നമുക്ക് വേണ്ടാ. മടുപ്പാണ്.ഒന്നിനോടുമില്ല സ്ഥൈര്യം. ഒരു കാലം കഴിയുമ്പോള്‍ പുതിയവ വാങ്ങുക ശീലമായിരിക്കുന്നു. ആ ശീലത്തിനു കാതല്‍ മരങ്ങള്‍ ഒരു വിലങ്ങുതടിയാണു.

പാമരന്‍ said...

ഗംഭീരം മാഷെ. ഈ സെലക്ഷനുകള്‍ കലക്കുന്നുണ്ട്..

ഭൂമിപുത്രി said...

ഒരുപാട് ജീവിതസത്യങ്ങളൊതുക്കുന്ന ലാളിത്യമാണിതിന്റെ ഹൈലൈറ്റ്!
ആ അത്മാവൊട്ടും നഷട്ടപ്പെടാതെയുള്ള് വിവറ്ത്തനത്തിന്‍ അഭിനന്ദനങ്ങള്‍ രാജീവ്.

വെള്ളെഴുത്ത് said...

ഇത്തരത്തിലുള്ള ചെറിയ സംഭവവിവരണങ്ങളാണ് ബഹുരാഷ്ട്രക്കുത്തകകളുടെ കടന്നുകയറ്റത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള നൂറുകണക്കിനു ലേഖനങ്ങളേക്കാള്‍ ശക്തം. ഗസന്‍ കാനഫാനിയുടെ കഥകളെപോലെ വരില്ല ചോംസ്കിയുടെ പാലസ്തീന്‍ അധിനിവേശവിരുദ്ധരചനകള്‍. പക്ഷേ അങ്ങനെ പറയുമ്പോള്‍ എന്തോ കുറ്റബോധം തോന്നുന്നു.

siva // ശിവ said...

നല്ല ചിന്ത....നല്ല വിവരണം...

പരിഷ്കാരി said...

നല്ല വിവര്‍ത്തനം..


മനോഹരമായ കഥ !

റീനി said...

നല്ലൊരു വിവര്‍ത്തനം.

ഡേനിഷുകാരുടെ വീട്ടിയിലും തേക്കിലുമുള്ള ഫര്‍ണിച്ചറില്‍ കമ്പം കയറി സമയമെടുത്താണെങ്കിലും അത്തരം ഫര്‍ണിച്ചറുകള്‍ക്കൊണ്ട് വീടലങ്കരിച്ചയാളാണു ഞാന്‍.

ഐക്കിയ യുവതലമുറയെ ആകര്‍ഷിക്കുന്നതില്‍ അത്ഭുതമില്ല, ക്ലീന്‍ ആന്‍ഡ് സിമ്പിള്‍ ഡിസൈന്‍. കുറഞ വിലക്ക് കൂടുതല്‍ സ്റ്റയില്‍.
പക്ഷെ ഈ യുവതലമുറ വീടുവാങ്ങുമ്പോള്‍ കാതലുള്ള മരങ്ങളുടെ പിന്നാലെ പോയെന്നും വരാം.

Unknown said...

നല്ല രചന വായിച്ചു കഴിഞ്ഞിട്ടും മനസില്‍
എന്തൊക്കെയൊ ബാക്കിയാകുന്നതു പോലെ

ഗുപ്തന്‍ said...

nannayi :) njanum oru ikea modeil aanu, varshangalaayi. :( out of helplessness.

Ramesh said...

ഞാന്‍ ഐക്കിയ കട്ടിലില്‍ ഉറങ്ങുന്ന ഒരുവനാണ്. വാടകയ്ക്കെടുത്ത അപ്പാര്‍ട്ട്മെന്റില്‍ എല്ലാം തന്നെ ഐക്കിയ ആണ്. ആങ്ങനെ തല്ലിക്കൂട്ടിയ ഫര്‍ണീച്ച്റുകള്‍ ഉപയോഗിച്ചു ശീലമായി. ഈ പോസ്റ്റു (വളരെ നന്നായിട്ടുണ്ട്) വായിച്ചിട്ടു ഞാനാദ്യം ചെയ്തതു ബെഡ് മാറ്റി കട്ടിലിന്‍റ്റെ കൂട്ട് നോക്കി മനസ്സിലാക്കാന്‍ ശ്രമിക്കലായിരുന്നു. ഒരു 25-ല്‍ കുറയാത്ത കഷണങ്ങള്‍ ചേര്‍ന്നുള്ള ഒരെണ്ണം. പിന്നെ സൈക്കിള്‍ വാങ്ങിയപ്പോള്‍ അതും വാങ്ങിയ കടയുടെ മുന്‍പിലിട്ടു അസ്സംബിള്‍ ചെയ്തെടുക്കുവായിരുന്നു. ഒരു വലിയ പെട്ടിയിലാ സൈക്കിള്‍ കിട്ടിയതു.

ഓ. ടോ.: ഐക്കിയ-യില്‍ നിന്നും കാര്‍പ്പെറ്റു വാങ്ങി ഇന്ത്യയില്‍ കൊണ്ടുപോയ ഒരു സുഹൃത്തെനിക്കുണ്ട്. എയര്‍പോര്‍ട്ട് വരെ ഞാനും പോയിരുന്നു, സഹായിക്കാന്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനിപ്പോ ഈ യോജിപ്പില്‍ എക്സ്പേര്‍റ്റ് ആയി.

ഒരു ഡെസ്ക് വാങ്ങി ഫിറ്റ് ചെയ്യുന്നതില്‍ നിന്നും ഒരു ഇടവേള എടുത്തപ്പഴാ ഇതു വായിച്ചതും. ശരിക്കും രസകരമായിത്തോന്നി

t.k. formerly known as thomman said...

ഐക്കിയ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിന്റെ ജീവിതം ലഘൂകരിക്കുകയും അവരുടെ പൈസ ലാഭിക്കുകയും ചെയ്തിട്ടേയുള്ളൂ. IKEA-യുടെ ലാളിത്യവും പ്രായോഗികതയും പാരമ്പര്യത്തിന്റെ ജീര്‍ണ്ണതയെ വെല്ലുന്നു; അത്ര തന്നെ.

Anonymous said...

തൊമ്മന്‍ പറഞ്ഞതു ആണ് സത്യം.

ഐക്കിയ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിന്റെ ജീവിതം ലഘൂകരിക്കുകയും അവരുടെ പൈസ ലാഭിക്കുകയും ചെയ്തിട്ടേയുള്ളൂ. IKEA-യുടെ ലാളിത്യവും പ്രായോഗികതയും പാരമ്പര്യത്തിന്റെ ജീര്‍ണ്ണതയെ വെല്ലുന്നു; അത്ര തന്നെ.

ഓരോ IKEA ഡിസൈന്‍ കാണുമ്പോഴും നമ്മള്‍ എന്തുകൊണ്ട് ഈ രീതിയില്‍ ഇത്ര ലളിതമായി ചിന്തിക്കുന്നില്ല എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. തടി യുടെ സൈക്കിള്‍ ടയര്‍ ഉണ്ടായിരുന്ന കാലത്തു കാറ്റു നിറച്ച റബ്ബര്‍ ട്യൂബ് വെച്ചു സൈക്കിള്‍ ഉണ്ടാകിയ Dunlop ലോകത്ത് ഉണ്ടാക്കിയ മാറ്റം എത്ര വലുതാണ്. അത് തന്നെ അല്ലെ IKEA യും ചെയ്യുന്നത്?

Jayasree Lakshmy Kumar said...

touching
ഒരു പെരും തച്ചനായിരുന്ന അച്ഛന്റെ നിസ്സഹായാവസ്ഥ എവിടെയോ ഒരു നൊമ്പരമുളവാക്കുന്നു.

Jayasree Lakshmy Kumar said...

touchig

പെരും തച്ചനായിരുന്ന അച്ഛന്റെ നിസ്സഹായാവസ്ഥ ഒരു വേദനയുളവാക്കുന്നു

NITHYAN said...

രാജീവാ സംഗതി നന്നായി. മനോഹരമായ വിവര്‍ത്തനം. സംസ്‌കാരത്തിന്റെ അതിരുകള്‍ ഇടിച്ചുനിരത്താന്‍ പറ്റിയ ഭാഷയുണ്ടാവുമ്പോഴാണ്‌ വിവര്‍ത്തനം മനോഹരമാവുക. വില കുറഞ്ഞ ബീറും നുണഞ്ഞുനടയ്‌ക്കുന്ന സാധാരണക്കാരന്‍.... അവിടെയെത്തുമ്പോള്‍ എന്തോ രണ്ടുകാലിലും രണ്ടുസൈസ്‌ ചെരിപ്പുമിട്ട്‌ മാരത്തോണ്‍ ഓടുന്ന ഒരനുഭവം. എഴുത്തുകാരന്റെ കുഴപ്പമല്ല, എഴുത്തിന്റെ കുഴപ്പവുമല്ല. കുഴപ്പം ബിയറിന്റേതാണ്‌. എന്തുകൊണ്ട്‌ ആ സാധാരണക്കാരനെക്കൊണ്ട്‌ നിപ്പന്‍സ്‌ (സാരായം എന്നുതമിള്‍ ചാരായം എന്നു മലയാളം) അടിപ്പിച്ചില്ല. അല്ലെങ്കില്‍ ലേശം മുന്തിയ കള്ളുകുടിപ്പിച്ചില്ല?

Anonymous said...

ഒരു നെടുവീര്‍പ്പ് എന്റെ ഉള്ളില്‍ നിന്നും പുറത്തു വന്നു...ഇത് വായിച്ചു കഴിഞ്ഞപ്പോള്‍...ഈപത്രത്തിലെ താങ്കളുടെ കമന്റ് വഴിയാണ് ഇവിടെ എത്തിയത്. വാസ്തുവിനെപറ്റിയുള്ള കമന്റിനും അഭിവാദ്യങ്ങള്‍.

Joyan said...

Rajeev,

I request your permission to share this in my Google Buzz. Please write to me in joyan.joseph@gmail.com, if you are fine with such a sharing. I am writing this as a comment since I do not have your email id.

Regards
Joyan.