Saturday, October 25, 2008

സൈമൂര്‍ ഹര്‍ഷ്‌ - തളരാത്ത പോരാട്ടം (2)


മൈ ലായ്‌ അബു ഗ്രൈബ്‌ സംഭവങ്ങള്‍ക്കിടക്ക്‌ നാലു ദശകത്തിന്റെ വിടവുണ്ട്‌. നമുക്ക്‌ ചോദിക്കേണ്ടിവരും. പൗരന്മാര്‍ക്കെതിരെ അമേരിക്കന്‍ സൈന്യം നടത്തുന്ന പീഡനങ്ങളെക്കുറിച്ച്‌ ഇങ്ങനെ വീണ്ടും വീണ്ടും അന്വേഷണങ്ങള്‍ നടത്തേണ്ടിവരുന്നത്‌ ഒരു ദുരിതമായി തോന്നുന്നില്ലേ എന്ന്. ഉണ്ടെന്നും ഇല്ലെന്നുമാണ്‌ ഈ ചോദ്യത്തിനുള്ള സൈമൂറിന്റെ മറുപടി. ഇത്‌ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ തീര്‍ച്ചയായും തകര്‍ക്കുന്നുണ്ട്‌. എങ്കിലും യുദ്ധം എപ്പോഴും ഭീകരമാണ്‌ എന്ന് അദ്ദേഹം തിരിച്ചറിയുന്നു. 1970-ല്‍ മൈ ലായ്‌ റിപ്പോര്‍ട്ട്‌ വന്നതിനുശേഷം, ഒരു യുദ്ധ-വിരുദ്ധ റാലിയില്‍ പങ്കെടുക്കുമ്പോള്‍ പെട്ടെന്നു അദ്ദേഹത്തിന്‌ ഒരു ഉള്‍വിളി തോന്നി. റാലിയില്‍ പങ്കെടുത്ത ഒരു സൈനികനെ വിളിച്ച്‌ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച്‌ സ്വമനസ്സാലെ അവിടെ കൂടിയിരുന്നവരോട്‌ എന്തെങ്കിലും വെളിപ്പെടുത്തണമെന്ന് സൈമൂര്‍ അഭ്യര്‍ത്ഥിച്ചു. അയാള്‍ നല്‍കിയ വിവരങ്ങള്‍ ആരെയും ഞെട്ടിപ്പിക്കാന്‍ പോന്നവയായിരുന്നു. ഹെലികോപ്റ്ററിന്റെ പ്രൊപ്പല്ലര്‍ ബ്ലേഡ്‌ കൊണ്ട്‌ കര്‍ഷകരെ ചിലപ്പോള്‍ തങ്ങള്‍ മുറിവേല്‍പ്പിക്കാറുണ്ടായിരുന്നുവെന്നും ചിലപ്പോള്‍ അവരുടെ തലയറുക്കുക പോലും ചെയ്തിരുന്നുവെന്നും മറ്റും, ആരെടെയും പ്രേരണയില്ലാതെ അയാള്‍ കുറ്റസമ്മതം നടത്തി. തിരിച്ച്‌ സൈനികത്താവളത്തിലെത്തുന്നതിനുമുന്‍പ്‌ ഹെലികോപ്റ്റര്‍ വൃത്തിയാക്കാനും തങ്ങള്‍ മറന്നിരുന്നില്ലെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. 'യുദ്ധം എന്നാല്‍ ഇതൊക്കെയാണ്‌", സൈമൂര്‍ പറയുന്നു."


എന്നാലും എങ്ങിനെയാണ്‌ ഇതൊക്കെ എഴുതാനും അമേരിക്കന്‍ ജനതയോട്‌ നിരന്തരം ഇതിനെക്കുറിച്ച്‌ പറയാനും കഴിയുന്നത്‌?""നിശ്ശബ്ദനായിരിക്കുന്നതിനേക്കാള്‍ നല്ലത്‌ എന്തെങ്കിലുമൊക്കെ പറയാന്‍ ശ്രമിക്കുന്നതാണ്‌".എന്നാലും സൈമൂറിനെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വികാരം സെപ്തംബര്‍ പതിനൊന്നിനുശേഷം മാധ്യമരംഗത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന നിശ്ശബ്ദമായ കീഴടങ്ങലാണ്‌. സദ്ദാമിന്റെ കൂട്ടനശീകരണ ആയുധങ്ങളെക്കുറിച്ചുള്ള 'തെളിവു'കളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ പോലും മാധ്യമങ്ങള്‍ ഉത്സാഹം കാണിച്ചില്ല. "ഇന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌ പത്രം വായിക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു. പത്രക്കാര്‍ക്ക്‌ വാര്‍ത്തകളൊന്നും കിട്ടുന്നേയില്ല. വിവേചനബുദ്ധിയും സത്യസന്ധതയും ഒത്തിണങ്ങിയവരും, ഞാന്‍ വളരെയധികം ബഹുമാനിക്കുന്നവരുമായ പലരും ഈ ഇറാഖ്‌ യുദ്ധത്തെ പിന്തുണച്ചുവെന്നത്‌ എന്നെ നിരാശപ്പെടുത്തി. ഒരു ആശയത്തിനെതിരെ എങ്ങിനെയാണ്‌ നിങ്ങള്‍ക്ക്‌ യുദ്ധം ചെയ്യാനാവുക എന്നത്‌ ഇപ്പോഴും എനിക്ക്‌ മനസ്സിലാവുന്നതേയില്ല".


വലുതായി കൊട്ടിഘോഷിക്കപ്പെട്ട 'സൈനികമുന്നേറ്റ'ത്തിന്റെ (Surge) കാര്യം ഞാന്‍ അവതരിപ്പിച്ചപ്പ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു. "..ഈ പറയുന്ന സൈനിക മുന്നേറ്റം ഉണ്ടാവുന്നതിനുമുന്‍പു തന്നെ വംശീയ ഉന്മൂലനം ഏറെക്കുറെ ഭംഗിയായി അവിടെ നടന്നുകഴിഞ്ഞിരുന്നു. അതുകൊണ്ടാണ്‌ അക്രമങ്ങള്‍ അല്‍പം ഒതുങ്ങിയതായി തോന്നുന്നത്‌. പല സ്ഥലങ്ങളിലും അക്രമങ്ങളെ ഒതുക്കാന്‍ സഹായിച്ചത്‌ സുന്നി വിഭാഗത്തിന്റെ അവേക്കനിംഗ്‌ ഗ്രൂപ്പാണ്‌ (Awakening Group). അമേരിക്കന്‍ സൈന്യം അതിന്‌ അവര്‍ക്ക്‌ ശമ്പളം കൊടുത്തിരുന്നു. അതൊക്കെ ഷിയകളെ ഏല്‍പ്പിച്ചാണ്‌ ഇന്ന് അമേരിക്ക സ്ഥലം കാലിയാക്കാന്‍ നോക്കുന്നത്‌. സൗദി അറേബ്യയാണ്‌ പ്രധാന കിങ്കരന്‍. സലാഫികള്‍ക്കും വഹാബികള്‍ക്കും നല്ലൊരു സംഖ്യ പോകുന്നുണ്ട്‌. അവര്‍ ആ പൈസ സുന്നികള്‍ക്കു കൊടുക്കും. ഷിയകളെ ഒതുക്കാന്‍. ഒരു സംശയവും വേണ്ട. അങ്ങിനെ വന്നാല്‍ അക്രമം അവസാനിക്കുമെന്നു തോന്നുന്നുണ്ടോ? എങ്ങിനെയാണ്‌ നമുക്കിതില്‍നിന്ന് പുറത്തുകടക്കാനാവുക? ഒരു വഴിയുമില്ല. ഇറാഖികളോട്‌ നമുക്ക്‌ ഒരു വലിയ ബാദ്ധ്യതയുണ്ട്‌. നമ്മള്‍ ഇവിടെനിന്ന് പോവുക, എത്രയും വേഗം. അതുമാത്രമാണ്‌ ഒരു വഴി. അവരോട്‌ നമ്മള്‍ എന്താണ്‌ കാട്ടിക്കൂട്ടിയതെന്ന് വിവരിക്കാനാവില്ല. അത്രമാത്രം ഭയവും ഉന്മാദവുമാണ്‌ നമ്മള്‍ ആ സമൂഹത്തില്‍ സൃഷ്ടിച്ചത്‌".


ലിത്വാനിയയില്‍നിന്നും പോളണ്ടില്‍നിന്നുമുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായി ചിക്കാഗോവിലായിരുന്നു സൈമൂര്‍ ഹര്‍ഷിന്റെ ജനനം. അല്‍പ്പകാലം നിയമവിദ്യാര്‍ത്തിയായിരുന്നുവെങ്കിലും പിന്നീട്‌ അത്‌ വിട്ടു. കുറച്ചുകാലം സിറ്റ്‌ ന്യൂസ്‌ ബ്യൂറോവില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കി. അതിനുശേഷം അസ്സോസ്സിയേറ്റഡ്‌ പ്രസ്സില്‍ പ്രവര്‍ത്തിച്ചു. എ.പി.യില്‍നിന്നായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച.
ഒരു ന്യൂസ്‌ ഏജന്‍സിയുടെ കൂടെ ഫ്രീലാന്‍സ്‌ പത്രപ്രവര്‍ത്തനവുമായി നടക്കുമ്പോഴാണ്‌ മൈ ലായിയെക്കുറിച്ച്‌ ആദ്യമായി അറിയുന്നത്‌. 109 വിയറ്റ്‌നാം പൗരന്മാരെ കൊന്നതിന്‌ ഫോര്‍ട്ട്‌ ബെന്നിംഗിലെ വില്ല്യം കെല്ലി എന്ന ഒരു പട്ടാളക്കാരനെ കോര്‍ട്ട്‌ മാര്‍ഷല്‍ ചെയ്യാന്‍ പോകുന്നുവെന്ന് സൈമൂര്‍ അറിഞ്ഞു. 26 വയസ്സുള്ള ഒരു ചെറുപ്പക്കാരനായിരുന്നു വില്ല്യം കെല്ലി. ഫോര്‍ട്ട്‌ ബെന്നിംഗ്‌ സൈനിക കേന്ദ്രത്തില്‍ കടന്നുകൂടി വില്ല്യം കെല്ലിയെ സൈമൂര്‍ കണ്ടെത്തി. മൂന്നു മണിക്കൂര്‍ സംസാരിച്ചു. പിന്നെ അയാളെ പുറത്തുകൊണ്ടുപോയി അയാളുടെ കാമുകിയുടെ വീട്ടില്‍വെച്ചും അഭിമുഖം നടത്തി. തന്റെ മേലധികാരികളുടെ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ്‌ താന്‍ ചെയ്തതെന്ന് കെല്ലി വെളിപ്പെടുത്തി. 36 പത്രങ്ങള്‍ സൈമൂറിന്റെ ഈ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചു. എങ്കിലും ഈ വാര്‍ത്ത തമസ്ക്കരിച്ച പത്രങ്ങളും ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക്‌ ടൈംസിനെപ്പോലുള്ളവര്‍. പിന്നീടാണ്‌ പോള്‍ മെഡ്‌ലോ എന്ന മറ്റൊരു പട്ടാളക്കാരനെ സൈമൂര്‍ പരിചയപ്പെടുന്നത്‌. നൂറോളം വിയറ്റ്‌നാം കുട്ടികളെ വെടിവെച്ചുകൊന്നയാളായിരുന്നു പോള്‍. മൈ ലായ്‌ റിപ്പോര്‍ട്ടിലെ മൂന്നാമത്തെ കഥ പോള്‍ മെഡ്‌ലോവിനെക്കുറിച്ചുള്ളതായിരുന്നു. കുട്ടികളെ വെടിവെച്ചുകൊന്നതിന്റെ പിറ്റേ ദിവസം ഒരു സ്ഫോടനത്തില്‍ പോളിനു തന്റെ കാലുകള്‍ നഷ്ടമായി. ചികിത്സയിലിരിക്കുമ്പോള്‍ വില്ല്യം കെല്ലിയോട്‌ പോള്‍ പറഞ്ഞത്‌, 'ഞാന്‍ ചെയ്തതിനുള്ള ശിക്ഷ ദൈവം എനിക്ക്‌ നല്‍കി. ഇനി നിനക്കും അത്‌ കിട്ടും' എന്നായിരുന്നു. ഹര്‍ഷ്‌ അതും വള്ളിപുള്ളിവിടാതെ റിപ്പോര്‍ട്ട്‌ ചെയ്തു. അതോടെ വിയറ്റ്‌നാം അദ്ധ്യായം മൂടിവെക്കാനാവില്ലെന്നായി. അടുത്തവര്‍ഷം, അതായത്‌, 1970-ല്‍ പുലിറ്റ്‌സര്‍ സമ്മാനം സൈമൂറിനെ തേടിയെത്തി.


എങ്ങിനെയാണ്‌ സൈമൂര്‍ പ്രവര്‍ത്തിക്കുന്നത്‌? പണ്ട്‌ ചെയ്തിരുന്ന അതേ രീതി തന്നെയാണ്‌ ഇപ്പോഴും അദ്ദേഹം പിന്തുടരുന്നത്‌. പരിചയക്കാര്‍. പ്രസിഡന്റും അദ്ദേഹത്തിന്റെ സില്‍ബന്തികളുമായി നടത്തിയ കൊച്ചുവര്‍ത്തമാനങ്ങളില്‍നിന്നായിരുന്നു ബോബ്‌ വുഡ്‌വാര്‍ഡ്‌ തന്റെ ഇറാഖിനെക്കുറിച്ചുള്ള സമീപകാല പുസ്തകങ്ങള്‍ രചിച്ചതെങ്കില്‍, സൈമൂറിന്റെ വാര്‍ത്താസ്രോതസ്സുകള്‍ താഴേക്കിടയിലുള്ളവരായിരുന്നു. ഇറാഖില്‍ കൂട്ടനശീകരണ ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് വിശ്വസിച്ചവരുടെ കൂട്ടത്തിലായിരുന്നു വുഡ്‌വാര്‍ഡിനെപ്പോലുള്ളവര്‍ "അവരൊക്കെ വമ്പന്മാരെ തേടിപ്പോകുന്നവരാണ്‌. എനിക്കതില്‍ താത്‌പര്യമില്ല. അതൊരു പാഴ്‌വേലയാണ്‌. ഞാന്‍ രാവിലെ ആറുമണിക്കൊക്കെയാണ്‌ എവിടെയെങ്കിലുമൊക്കെ ചെന്ന് അനൗദ്യോഗികമായി ആളുകളെ പിടികൂടുക".


"സ്ഥിരം പരിചയക്കാരാണോ ഇവര്‍?" "അങ്ങിനെയൊന്നുമില്ല. പുതിയ ആളുകളുമുണ്ടാവും കൂട്ടത്തില്‍". പക്ഷേ പുതിയ ആളുകളെ ആശ്രയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌ എന്ന് സൈമൂറിന്‌ അറിയാം. ചിലപ്പോള്‍ എന്തെങ്കിലും കെണി അതില്‍ ഉണ്ടായേക്കാനും മതി. അങ്ങിനെ ചിലത്‌ സംഭവിച്ചിട്ടുമുണ്ട്‌ പില്‍ക്കാലങ്ങളില്‍. മര്‍ലിന്‍ മണ്‍റോ കെന്നഡിയെ ബ്ലാക്ക്‌ മെയില്‍ ചെയ്തുവെന്ന് 'തെളിയിക്കുന്ന' ചില രേഖകള്‍ സൈമൂറിന്റെ കയ്യിലെത്തി. 90-കളില്‍ കെന്നഡിയെക്കുറിച്ച്‌ എഴുതിയ ഒരു പുസ്തകത്തില്‍ ഈ വിവരം പ്രത്യക്ഷപ്പെടുമായിരുന്നു. എങ്കിലും തക്കസമയത്ത്‌ സൈമൂര്‍ ആ പരാമര്‍ശം ഒഴിവാക്കി. എങ്കിലും ചീത്തപ്പേര്‌ ബാക്കിയായി. ചിലിയിലെ അലന്‍ഡെയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സി.ഐ.എയുടെ ഗൂഢപദ്ധതിയില്‍ ചിലിയിലെ അമേരിക്കന്‍ നയതന്ത്രപ്രതിനിധി എഡ്‌വേര്‍ഡ്‌ കൊറിക്ക്‌ പങ്കുണ്ടായിരുന്നു എന്ന് 1974-ല്‍ സൈമൂര്‍ ആരോപിച്ചതും വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം സൈമൂര്‍ സുദീര്‍ഘമായ ഒരു തിരുത്ത്‌ ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ആദ്യത്തെ പേജില്‍തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

സെപ്തംബര്‍ 11-നു ശേഷം വായനക്കാരില്‍നിന്നും സൈമൂറിനു കിട്ടിയ മെയിലുകളില്‍ അധികവും അദ്ദേഹത്തെ നിന്ദിക്കുന്നവയായിരുന്നു. നിസ്സാരമായ ആനുകൂല്യങ്ങള്‍ക്കുപകരമായി നാസികള്‍ക്കുവേണ്ടി പണിയെടുത്തിരുന്ന ജൂതത്തടവുകാരെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന കോപ്പാ എന്ന വിളി പോലും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌ സൈമൂറിന്‌.


'അവസാനത്തെ അമേരിക്കന്‍ റിപ്പോര്‍ട്ടര്‍' എന്ന് സൈമൂറിനെ ചിലര്‍ വിശേഷിപ്പിക്കാറുണ്ട്‌. അതില്‍ വിഷമം തോന്നിയിട്ടുണ്ടോ?"അന്വേഷണാത്മക പത്രപ്രവര്‍ത്തനം പഠിപ്പിക്കാന്‍ 5 മില്ല്യണ്‍ ഡോളര്‍ ചിലവഴിക്കാന്‍ തയ്യാറായ ഒരു സുഹൃത്തുണ്ട്‌ എനിക്ക്‌. പക്ഷേ ഞാന്‍ എന്തിന്‌ അത്‌ ചെയ്യണം? ഞാന്‍ ചെയ്യുന്ന ജോലിയുടെ വില കൂടുതലാണെന്ന് മനസ്സിലായില്ലേ? എന്നാലും പല കഥകളും വെളിച്ചം കാണില്ല. ഇന്റര്‍നെറ്റിലൂടെ പത്രപ്രവര്‍ത്തനം ചെയ്യുന്ന ഒരു മിടുക്കന്‍ പത്രപ്രവര്‍ത്തകനെ എനിക്കറിയാം. ന്യൂയോര്‍ക്ക്‌ ടൈംസിലെയും വാഷിംഗ്‌ടണ്‍ പോസ്റ്റിലെയും എന്റെ സുഹൃത്തുക്കളോട്‌ ഞാന്‍ അയാളുടെ കാര്യം പറഞ്ഞു. പക്ഷേ അയളെ അവര്‍ എടുത്തില്ല. കനത്ത ശമ്പളം കൊടുക്കേണ്ടിവരുമെന്നതുകൊണ്ട്‌".


സൈമൂറിന്‌ എഴുപത്‌ വയസ്സു കഴിഞ്ഞു. ഇനിയും ഇതുമായി അധികകാലം നടക്കാന്‍ കഴിയില്ല എന്നു വരാം. അതോ കഴിയുമോ? "എല്ലാ റിപ്പോര്‍ട്ടര്‍മാരും തൊഴില്‍ ആരംഭിക്കുന്നത്‌ എന്തും തിന്നാനുള്ള നല്ല വിശപ്പോടെയാണ്‌. പക്ഷേ കുറച്ചുകഴിയുമ്പോള്‍ അവരുടെ വിശപ്പ്‌ തീരുന്നു." പക്ഷേ, സൈമൂറിന്റെ വിശപ്പ്‌ മാറുന്നില്ല. "എനിക്ക്‌ ഇപ്പോഴും ആവശ്യത്തിന്‌ വിവരങ്ങള്‍ കിട്ടുന്നുണ്ട്‌. എന്നെ വിശ്വസിക്കുന്ന ആളുകളുമുണ്ട്‌. അപ്പോള്‍ പിന്നെ ഞാന്‍ എന്തുചെയ്യണം. ടെന്നീസും ഗോള്‍ഫും എനിക്കിഷ്ടമാണ്‌. നന്നായി കളിക്കാന്‍ അറിയാമായിരുന്നെങ്കില്‍ ഞാന്‍ ആ വഴിക്ക്‌ പോയേനേ. അങ്ങിനെയല്ലാത്തതുകൊണ്ട്‌ പിന്നെ മറ്റെന്താണ്‌ വഴി? ഊര്‍ജ്ജ്വസലമായി ഇരിക്കുകതന്നെ. നമ്മുടെ രാജ്യം ഇന്നൊരു പ്രതിസന്ധിയിലാണ്‌. ഇതിനുമുന്‍പ്‌ ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഈ ആളുകള്‍ അമേരിക്കയെ പൂര്‍ണ്ണമായും നാശമാക്കി. നാശം പിടിച്ച ഒരു തൊഴിലാണ്‌ എന്റേത്‌"."എന്തൊക്കെയോ ചെയ്തുകൂട്ടുന്നു. അത്ര മാത്രമേ എന്നെക്കുറിച്ച്‌ പറയാനാവൂ. ഒന്നും ഗൗരവമായി എടുക്കുന്നില്ല. അവിടെയും ഇവിടെയും പോകുന്നു. പ്രസംഗങ്ങള്‍ നടത്തുന്നു. പൈസ ഉണ്ടാക്കുന്നുണ്ട്‌. അങ്ങിനെ ചാഞ്ചാടിക്കൊണ്ടിരിക്കുന്നു".


എന്റെ കൂടെ സമയം ചിലവഴിക്കുന്നതിലൂടെ സിറിയയെക്കുറിച്ചുള്ള തന്റെ റിപ്പോര്‍ട്ട്‌ എഴുതുന്നത്‌ അദ്ദേഹം വൈകിക്കുകയാണെന്നു എനിക്കു എന്നു തോന്നി. തനിക്കു കിട്ടിയ പുരസ്കാരങ്ങളൊക്കെ അദ്ദേഹം ഒന്നൊന്നായി കാട്ടിത്തന്നു. കൂട്ടത്തില്‍ ഹെന്റ്രി കിസ്സിംഗറിന്‌ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരായ ലോറന്‍സ്‌ ഈഗിള്‍ബര്‍ഗറും റോബര്‍ട്ട്‌ മെക്ലൊസ്കിയും എഴുതിയ ഒരു മെമ്മോയും കാണിച്ചുതന്നു. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: " ചിലിയിലെ സി.ഐ.എയെക്കുറിച്ച്‌ സൈമൂര്‍ ഹര്‍ഷ്‌ കൂടുതല്‍ ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അയാളുടെ പ്രചരണങ്ങള്‍ അവസാനിക്കുന്ന ലക്ഷണമില്ല. അയാളുടെ അന്തിമലക്ഷ്യം താങ്കളാണ്‌". തന്റെ ചില റിപ്പോര്‍ട്ടുകളില്‍ പത്രാധിപരായിരുന്ന ഡേവിഡ്‌ റെംനിക്ക്‌ നിര്‍ദ്ദയം നടത്തിയ വെട്ടിത്തിരുത്തലുകളും സൈമൂര്‍ കാണിച്ചുതന്നു. ഡേവിഡിനെക്കുറിച്ച്‌ സൈമൂറിന്‌ നല്ല മതിപ്പാണ്‌. " എനിക്ക്‌ പൊതുവെ എഡിറ്റര്‍മാരെ അത്രക്ക്‌ ഇഷ്ടമല്ല. എങ്കിലും ഡേവിഡ്‌ മിടുക്കനാണ്‌. നല്ലൊരു വിധികര്‍ത്താവും. ചിലപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ശണ്ഠയും നടക്കാറുണ്ട്‌". സൈമൂര്‍ ഓര്‍ക്കുന്നു.

സൈമൂര്‍ എഴുത്തുമേശയിലേക്ക്‌ കാലുകള്‍ കയറ്റിവെച്ച്‌ ഗംഭീരമായ ഒരു ഇരിപ്പിരുന്നു. ഒരു കാലിലെ ഷൂസ്‌ ഊരിക്കളഞ്ഞിരുന്നു സൈമൂര്‍.


ഒന്നു രണ്ട്‌ കോളുകള്‍ വന്നു. ചുരുങ്ങിയ വാക്കുകളില്‍ സൈമൂര്‍ മറുപടി ഒതുക്കി. ടൈംസിലെ ഒരു പഴയ സഹപ്രവര്‍ത്തകന്‍ മുറിയിലേക്ക്‌ വന്നു. തന്റെ ചങ്ങാതിയുടെ നേരെ വിരല്‍ചൂണ്ടി സൈമൂര്‍ പറഞ്ഞു "ഈയാള്‍ക്ക്‌ തലയില്‍ മുടിയുണ്ടായിരുന്ന കാലം മുതലേ ഇയാളെ ഞാനറിയും".


പോകാനൊരുങ്ങി ഞാന്‍ യാത്ര പറയുമ്പോള്‍ സൈമൂര്‍ കസേരയില്‍നിന്ന് എഴുന്നേറ്റില്ല. യാത്ര പറഞ്ഞതുമില്ല. കൈവീശി ഒരു ചെറിയ സല്യൂട്ട്‌ മാത്രം തന്ന് സൈമൂര്‍ ആര്‍ത്തിയോടെ തന്റെ കണ്ണുകള്‍ ചങ്ങാതിയിലേക്ക്‌ തിരിച്ചുവെച്ചു.

(അവസാനിച്ചു)

2 comments:

Rajeeve Chelanat said...

സൈമൂര്‍ ഹര്‍ഷ് - തളരാത്ത പോരാട്ടം - അവസാനഭാഗം

Countercurrents said...

Rajeeve, keep up the great work you are doing