Thursday, October 23, 2008

സൈമൂര്‍ ഹര്‍ഷ് - തളരാത്ത പോരാട്ടം

കടപ്പാട്: ദി ഒബ്‌സര്‍വറിനുവേണ്ടി, ലോകപ്രശസ്ത പത്രപ്രവര്‍ത്തകനായ സൈമൂര്‍ ഹര്‍ഷുമായി റാച്ചേല്‍ കുക്ക് നടത്തിയ നീണ്ട അഭിമുഖത്തിന്റെ (The man who knows too much എന്ന ശീര്‍ഷകത്തില്‍) പ്രസക്തമായ ഭാഗങ്ങളുടെ പരിഭാഷ.



ഇടക്കിടക്ക്‌ ഏതെങ്കിലുമൊരു പ്രശസ്തനായ നടനോ, നിര്‍മ്മാതാവോ സൈമൂര്‍ ഹര്‍ഷിനെ കാണാന്‍ ഇപ്പോഴും എത്തുന്നു. സൈമൂറിന്റെ ഏറ്റവും പ്രശസ്തമായ ന്യൂസ്‌ സ്റ്റോറി സിനിമയാക്കാനാണ്‌ അവര്‍ എത്തുന്നത്‌. വിയറ്റ്‌നാമിലെ മൈ ലായ്‌ കൂട്ടക്കൊലയാണ്‌ ആ കഥ. 1969-ല്‍ ദക്ഷിണ വിയറ്റ്‌നാമിലെ മൈ ലായ്‌ എന്ന ഗ്രാമത്തിലേക്ക്‌ കടന്നുചെന്ന അമേരിക്കന്‍ സേനാ വിഭാഗം, അവിടെ ബാക്കിയുണ്ടായിരുന്ന സ്ത്രീകളെ കൂട്ട ബലാത്ക്കാരത്തിനു വിധേയമാക്കിയതിനുശേഷം, അവരെയും പ്രായമായവരെയും കുട്ടികളെയും ബയണറ്റുകള്‍ കൊണ്ട്‌ കുത്തിക്കീറുകയും വെടിവെച്ച്‌ ജീവന്‍ തീര്‍ന്നു എന്ന് ഉറപ്പുവരുത്തുയതിനുശേഷം കുഴിച്ചുമൂടുകയും ചെയ്തു. ആ ഗ്രാമത്തില്‍ മാത്രം 500 -ഓളം പേരാണ്‌ ഈ വിധത്തില്‍ കശാപ്പു ചെയ്യപ്പെട്ടത്‌. ആധുനിക കാലത്തെ ഏറ്റവും കുപ്രശസ്തമായ ഈ സൈനിക കുറ്റകൃത്യത്തെ ലോക മനസ്സാക്ഷിയുടെ മുന്നില്‍ കൊണ്ടുവന്നത്‌ സൈമൂര്‍ ഹര്‍ഷ്‌ എന്ന ഈ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു. വിയറ്റ്‌നാമില്‍നിന്ന് എത്രയും വേഗം തലയൂരാന്‍ ഈ റിപ്പോര്‍ട്ട്‌ അമേരിക്കയെ നിര്‍ബന്ധിതമാക്കി. അത്ര ശക്തമായ ഒരു പത്രപ്രവര്‍ത്തനമായിരുന്നു അത്‌. ആ റിപ്പോര്‍ട്ടിന്‌ സൈമൂറിന്‌ പുലിറ്റ്‌സര്‍ സമ്മാനവും കിട്ടുകയുണ്ടായി.

വാഷിംടണിന്റെ സമീപപ്രദേശത്തെ ഒരു രണ്ടുമുറി ഫ്ലാറ്റിലാണ്‌ കഴിഞ്ഞ പതിനേഴു വര്‍ഷമായി സൈമൂര്‍ ഹര്‍ഷ്‌ താമസിക്കുന്നത്‌. മുറി നിറയെ ആയിരക്കണക്കിനു പുസ്തകങ്ങളും എഴുത്തുപാഡുകളും ചിതറി കിടക്കുന്നു. എഴുത്തുപാഡുകളില്‍ കുനുകുനുന്നനെ എഴുതിയ അസംഖ്യം ടെലിഫോണ്‍ നമ്പറുകളും. അവ മുറിയിലെ ചുമരില്‍ തലങ്ങും വിലങ്ങും ഒട്ടിച്ചുവെച്ചിരിക്കുന്നു. അതിന്റെ ഒത്ത നടുക്കാണ്‌ സൈമൂറിന്റെ ആ ഗംഭീരമായ ഇരുപ്പ്‌.

മൈ ലായ്‌ റിപ്പോര്‍ട്ടിനുശേഷം ന്യൂയോര്‍ക്ക്‌ ടൈംസ്‌ അദ്ദേഹത്തെ അവരുടെ പത്രത്തില്‍ നിയമിച്ചു. വാഷിംടണ്‍ പോസ്റ്റിലൂടെ ബോബ്‌ വുഡ്‌ഹാര്‍ഡും കാള്‍ ബേണ്‍സ്റ്റീനും പുറത്തുകൊണ്ടുവന്ന വാട്ടര്‍ഗേറ്റ്‌ സംഭവത്തിന്റെ വാലറ്റം കണ്ടുപിടിക്കുക എന്നതായിരുന്നു ന്യൂയോര്‍ക്ക്‌ ടൈംസ്‌ ഏല്‍പ്പിച്ച ദൗത്യം. വാട്ടര്‍ഗേറ്റ്‌ സ്കൂപ്പ്‌ പുസ്തകരൂപത്തിലാക്കിയപ്പോള്‍ (All the President's Men) ബോബും ബേണ്‍സ്റ്റീനും അതില്‍ സൈമൂറിനെ വിശേഷിപ്പിച്ചത്‌, തങ്ങളുടെ എതിരാളി എന്നായിരുന്നു. ആ സംഭവം കഴിഞ്ഞ്‌ 40 വര്‍ഷം കഴിഞ്ഞു. ഇന്നും സൈമൂറിനു വലിയ മാറ്റമൊന്നുമില്ല. ടെന്നീസ്‌ കളിയില്‍ കാലിനേറ്റ പരുക്കുകാരണം അല്‍പ്പം നൊണ്ടി നടക്കുന്നു എന്നു മാത്രം. ടെന്നീസ്‌ ഷൂവും നിറം മങ്ങിയ ഒരു ജാക്കറ്റും ഒക്കെയായി ഇപ്പോഴും നല്ല ഫൊമില്‍ തന്നെയാണ്‌ സൈമൂര്‍. ഇന്നദ്ദേഹം ന്യൂയോര്‍ക്കര്‍ മാസികയുടെ ഭാഗമാണ്‌. പരസ്പരബന്ധമില്ല എന്നു തോന്നുന്ന രീതിയിലാണ്‌ മനസ്സിനുള്ളിലെ ചിന്തകള്‍ ഒരോരോ കഷണങ്ങളായി പുറത്തേക്കു വന്നുകൊണ്ടിരുന്നത്‌. "ഉവ്വ്‌. ഞാന്‍ അവരെ ടി.വി.യില്‍ കാണാറുണ്ട്‌. എന്റെ സഹപ്രവര്‍ത്തകര്‍. അവരുടെ എല്ലാ വാചകങ്ങളും തുടങ്ങുന്നത്‌, 'ഞാന്‍ കരുതുന്നു' എന്ന ആമുഖത്തൊടെയാണ്‌. ഞാന്‍ കരുതുന്നു എന്ന പേരില്‍ അവര്‍ ഒരുപക്ഷേ ഒരു പുസ്തകം തന്നെ ഇറക്കിയേക്കും.

ഏതൊരു അമേരിക്കക്കാരനെയും പോലെ സൈമൂറും തിരഞ്ഞെടുപ്പ്‌ ജ്വരത്തിലാണ്‌. ബുഷിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു തികഞ്ഞ ഡെമോക്രാറ്റാണ്‌ അദ്ദേഹം. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചൊന്നും പ്രവചിക്കാന്‍ അദ്ദേഹത്തിന്‌ തീരെ താത്‌പര്യമില്ലായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പിന്റെ പ്രവചനാതീതമായ വംശീയ സ്വഭാവം മാറ്റിനിര്‍ത്തിയാല്‍, ഒബാമ രക്ഷപ്പെട്ടേക്കുമെന്ന് വിശ്വസിക്കാനാണ്‌ അദ്ദേഹത്തിനിഷ്ടം. അങ്ങിനെ സംഭവിച്ചാല്‍ ഹര്‍ഷിന്‌ ഒരു വെടിക്കുകൂടിയുള്ള അവസരം ലഭിക്കും. "ജനുവരി 20-ന്‌ (അടുത്ത പ്രസിഡന്റിന്റെ സ്ഥാനാരോഹണവേള)ഫോണില്‍ വിളിച്ചാല്‍ അധികാര ദുര്‍വ്വിനിയോഗത്തിന്റെയും വാഗ്ദാനലംഘനങ്ങളുടെയും കഥകള്‍ തരാമെന്ന്‌ വാഗ്ദാനം ചെയ്തിരിക്കുന്നവര്‍ നിരവധിയാണ്. അതിനുമുന്‍പ്‌ പ്രത്യേകിച്ച്‌ സംഭവവികാസങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ഞാനവരെ വിളിക്കുകതന്നെ ചെയ്യും. ഭരണത്തിന്റെ ചക്രം തിരിക്കുന്ന പുത്തന്‍കൂറ്റുകാരെക്കുറിച്ച്‌ (Neocon) ഒരു പുസ്തകമെഴുതാനുള്ള ഒരുക്കത്തിലാണ്‌ സൈമൂര്‍. 'അതുകൊണ്ട്‌ പ്രത്യേകിച്ചെന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന് കരുതിയിട്ടല്ല. “അവര്‍ സുന്ദരമായി രക്ഷപ്പെട്ടു“, സൈമൂര്‍ പറയുന്നു. “ യുദ്ധക്കുറ്റങ്ങള്‍ക്ക്‌ ബുഷും ചെനിയും വിചാരണ ചെയ്യപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഢികളാണ്‌" എന്ന് പുതിയ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. "ജനപ്രതിനിധിസഭയുടെ അശ്രദ്ധയെ സമര്‍ത്ഥമായി അവര്‍ ചൂഷണം ചെയ്തു എന്നു പറഞ്ഞാല്‍ അത്‌ പൂര്‍ണ്ണമാകില്ല. ഇടപെടാനുള്ള കോണ്‍ഗ്രസ്സിന്റെ അവകാശത്തെത്തന്നെ എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനു വേണ്ടിയിട്ടുള്ള സംഭാഷണങ്ങളാണ് ഇതിനകം നടന്നു കഴിഞ്ഞിരിക്കുന്നത്".

ബുഷിനെയും ചെനിയെയും അവരുടെ കിങ്കരന്മാരെയും കുറിച്ച്‌ പറയാന്‍ ഇപ്പോഴും സൈമൂറിന്‌ നിരവധി കഥകളുണ്ടെന്നുള്ളത്‌ അത്ഭുതമായി തോന്നിയേക്കാം. പക്ഷേ അദ്ദേഹത്തിന്റെ രീതി അതാണ്‌. ഒരു കഥയുടെ പര്യവസാനത്തില്‍ എത്തുന്നതുവരെ അദ്ദേഹം തന്റെ പിടി വിടില്ല.

വാട്ടര്‍ഗേറ്റ്‌ സംഭവം കണ്ടുപിടിച്ചത്‌ വുഡ്‌വാര്‍ഡും ബേണ്‍സ്റ്റീനുമായിരുന്നെങ്കിലും അത്‌ ഏറ്റെടുത്ത്‌ നിക്സന്റെ ഏറ്റവും രൂക്ഷവിമര്‍ശകനായത്‌ സൈമൂറായിരുന്നു. ചിലിയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 1973-ല്‍ പിനോഷെയെ അമേരിക്കന്‍ സര്‍ക്കാര്‍ സഹായിച്ചതും, കമ്പോഡിയയില്‍ രഹസ്യമായി ബോംബുകള്‍ വര്‍ഷിച്ചതും, ആഭ്യന്തരശത്രുക്കള്‍ക്കെതിരെ ചാരപ്പണി നടത്താന്‍ സി.ഐ.എ യെ ഉപയോഗിച്ചതും എല്ലാം അദ്ദേഹത്തില്‍‌നിന്നാണ് ലോകം അറിഞ്ഞത്. നിക്സണെക്കുറിച്ച്‌ 1983-ല്‍ അദ്ദേഹം എഴുതിയ The Price of Power വിശദമായ ഒരു വെളിപ്പെടുത്തലായിരുന്നു. ഭീകരതക്കെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചതു മുതലുള്ള കാര്യങ്ങളെ വിശദീകരിക്കുന്ന ഒരു സമാന്തര ചരിത്രം തന്നെ, Chain of Command എന്ന തന്റെ പുസ്തകത്തിലൂടെ സൈമൂര്‍ ഹര്‍ഷ്‌ രേഖപ്പെടുത്തിയിരിക്കുന്നു. ന്യൂയോര്‍ക്കറിനുവേണ്ടി പലപ്പോഴായി എഴുതിയ റിപ്പോര്‍ട്ടുകളായിരുന്നു അതില്‍. സെപ്തംബര്‍ 11-നു ശേഷമുള്ള സംഭവങ്ങള്‍, ഇറാഖ്‌ ആക്രമണം, ഒസാമയെ പിടിക്കുന്നതിനുവേണ്ടി എന്ന പേരില്‍ നടത്തിയ ആസൂത്രിതനാടകങ്ങള്‍, പെന്റഗണിന്റെ പ്രതിരോധ നയസമിതിയിലെ ഉന്നതോദ്യോഗസ്ഥനായ റിച്ചാര്‍ഡ്‌ പെര്‍ലി നടത്തിയ കള്ളക്കച്ചവടങ്ങള്‍ (ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പെര്‍ലിക്ക്‌ തന്റെ സ്ഥാനം രാജിവെക്കേണ്ടിവന്നു), ആഫ്രിക്കയില്‍ നിന്ന് യൂറേനിയം മേടിക്കാന്‍ സദ്ദാം ശ്രമിച്ചു എന്ന അമേരിക്കന്‍ നുണയുടെ സത്യാവസ്ഥ, ഇവയൊക്കെ സൈമൂര്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു. എന്നാലും അതിനേക്കാളൊക്കെ വലിയ സ്കൂപ്പായിരുന്നു അബു ഗ്രെയിബ്‌ ജയിലിലെ പീഡനങ്ങളുടെ കഥ. ആ പീഡനകഥകളുടെ വ്യാപ്തി പുറം ലോകത്തെത്തിച്ചത് സൈമൂറായിരുന്നു. ഭരണത്തിലെ ഉന്നതന്മാര്‍ക്ക്‌ ആ സംഭവത്തിലുള്ള പങ്കും സൈമൂര്‍ പുറത്തുകൊണ്ടുവന്നു. അബു ഗ്രെയിബില്‍നിന്നുള്ള മൂന്നാമത്തെ റിപ്പോര്‍ട്ട്‌ പുറത്തുവന്നപ്പോള്‍, ബുഷ്‌ അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിനോട്‌ പറഞ്ഞത്, സൈമൂര്‍ ഒരു നുണയാനാണെന്നായിരുന്നു. പെന്റഗണ്‍ വൃത്തങ്ങളുടെ സുഖനിദ്ര തകര്‍ത്തു ആ വാര്‍ത്തകള്‍.

ഈ വര്‍ഷം ആദ്യം സൈമൂര്‍ ഇറാനിലേക്ക്‌ തന്റെ ശ്രദ്ധ തിരിച്ചു. ഇറാനെ ബോംബിട്ടു തകര്‍ക്കാനുള്ള ബുഷിന്റെ ആഗ്രഹവും അവിടെ അമേരിക്ക നടത്തുന്ന ഒളിയുദ്ധവും പുറത്തുകൊണ്ടുവരാനായിരുന്നു ശ്രമം. എങ്കിലും പിന്നീട്‌ അമേരിക്ക അതില്‍നിന്ന് താത്ക്കാലികമായി പിന്‍വലിയുകയാണുണ്ടായത്‌. സാമ്പത്തികരംഗത്തിന്റെ തകര്‍ച്ചയും അതിനൊരു കാരണമായിട്ടുണ്ട്‌. എങ്കിലും ബുഷ്‌ തന്റെ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നു സൈമൂര്‍. പിന്നീട്‌ സിറിയയിലേക്കായി സൈമൂറിന്റെ ശ്രദ്ധ മുഴുവന്‍. അതിനെക്കുറിച്ച്‌ എഴുതാനുള്ള ഒരുക്കത്തിലാണ്‌ ഇപ്പോള്‍ ഈ മനുഷ്യന്‍. ഈയടുത്ത്‌ സിറിയ സന്ദര്‍ശിക്കുകയും ചെയ്തു. ബുഷിന്റെ ഈ അവസാന നാളുകളില്‍ രഹസ്യവിവരങ്ങള്‍ കിട്ടാന്‍ വളരെ എളുപ്പമാണെന്നാണ്‌ സൈമൂറിന്റെ കണ്ടെത്തല്‍. രസകരമെന്നു പറയട്ടെ, അബു ഗ്രയിബ്‌ ജയിലിലെ പീഡനങ്ങളെക്കുറിച്ച്‌ സൈമൂര്‍ ആദ്യം അറിയുന്നത്‌ സിറിയയില്‍ വെച്ചായിരുന്നു. ബാഗ്ദാദിന്റെ പതനകാലത്ത്‌ അവിടെയുണ്ടായിരുന്ന ഒരു അമേരിക്കന്‍ മുന്‍സൈനികോദ്യോഗസ്ഥനില്‍നിന്നാണ് ആദ്യമായി അദ്ദേഹത്തിന്‌ ഈ കഥകള്‍ കിട്ടുന്നത്‌. "നാലു ദിവസം മുഴുവന്‍ അയാളുമായി സംസാരിച്ചു. അയാളാണ്‌ പറഞ്ഞത്‌, അബു ഗ്രയിബിലെ ചില സ്ത്രീ തടവുകാരികള്‍ അവരുടെ അച്ഛന്മാര്‍ക്കും സഹോദരന്മാര്‍ക്കും കത്തയച്ചിരുന്നുവെന്ന്. തങ്ങളുടെ മാനം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഇനിയും ജീവിക്കണമെന്ന് ആഗ്രഹമില്ലാത്തതിനാല്‍ എങ്ങിനെയെങ്കിലും തങ്ങളെ വേഗം കൊന്നു തരണമെന്നുമായിരുന്നു അവര്‍ ആ കത്തുകളില്‍ എഴുതിയിരുന്നത്‌. ആദ്യം ഞാനത്‌ വിശ്വസിക്കാന്‍ മടിച്ചു. എങ്കിലും പിന്നീട്‌ ഇത്‌ തെളിയിക്കുന്ന രേഖകള്‍ കയ്യില്‍ കിട്ടിയപ്പോള്‍ വിശ്വസിക്കേണ്ടിവന്നു".

മൈ ലായ്‌ സംഭവുമായി താരതമ്യം ചെയ്യുമ്പോള്‍ അബു ഗ്രയിബ്‌ സംഭവം ചെറുതായിരിക്കാം. എങ്കിലും അബു ഗ്രയിബില്‍ കുറ്റക്കാരായ എല്ലാവരും രക്ഷപ്പെട്ടു. താഴേക്കിടയിലുള്ള ചില ഉദ്യോഗസ്ഥരെ മാത്രമാണ്‌ ശിക്ഷിച്ചത്‌. ഇതിലെ പ്രധാന കുറ്റവാളിയെന്ന് ടാഗുബ റിപ്പോര്‍ട്ട്‌ (തടവിലെ പീഡനങ്ങളെക്കുറിച്ച്‌ അമേരിക്കന്‍ സൈന്യം തയ്യാറാക്കിയ ആഭ്യന്തര റിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ട് സൈമൂറിനു ചോര്‍ത്തിക്കിട്ടി) പേരെടുത്ത്‌ പരാമര്‍ശിച്ച ജാനിസ്‌ കാര്‍പിന്‍സ്കിയെ ബ്രിഗേഡിയര്‍ ജനറല്‍ സ്ഥാനത്തുനിന്ന് തരംതാഴ്ത്തുക മാത്രമാണ്‌ ചെയ്തത്‌.

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

6 comments:

Rajeeve Chelanat said...

സൈമൂര്‍ ഹര്‍ഷ് - തളരാത്ത പോരാട്ടം

വികടശിരോമണി said...

അഭിമുഖം വായിച്ചിരുന്നു.നല്ല ഉദ്യമം.

ജയരാജന്‍ said...

നന്ദി രാജീവ്ജി!

സുജനിക said...

സൈമൂര്‍ ഹര്‍ഷ് (മനുഷ്യകുലത്തിന്നു മുഴുവന്‍ ബന്ധു ) നെക്കാള്‍ എനിക്കു വേണ്ടപ്പെട്ടവന്‍....ഇതു കണ്ടെത്തിയ താങ്കളണു. ഇത്തരത്തിലുള്ള അഭിമുഖങ്ങളും....പ്രവര്‍ത്തനങ്ങളും അറിയാന്‍ ഇടയാക്കുന്നതു താങ്കളാണല്ലോ.ഒരുപാടുസമയം ചെലവഴിച്ചാണു ഇതൊക്കെ ചെയ്യുന്നതെന്നറിയാം.നന്ദി.
വൈലോപ്പിള്ളി പറഞ്ഞ പോലെ ഞങ്ങള്‍
..ഞ്ഞങ്ങളധോമുഖ വാമനര്‍
ഇത്തിരിവട്ടം മാത്രം കാണ്മവര്‍
ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍..........

മലമൂട്ടില്‍ മത്തായി said...

നല്ല ലേഖനം. ഇദ്ദേഹത്തെ കുറച്ചു കളം മുന്പ് ഇവയുടെ പബ്ലിക് റേഡിയോ ഇന്റര്‍വ്യൂ ചെയ്തിരുന്നു. നല്ല പരിപാടിയായിരുന്നു.

Rajeeve Chelanat said...

വികടശിരോമണി, ജയരാജന്‍, നന്ദി

രാമനുണ്ണി മാഷെ,

നല്ല കണക്കന്‍ തെങ്ങിന്റെ മുകളില്‍ കയറി തേങ്ങയിടുമ്പോള്‍, ഒരുത്തന്‍ താഴെ നിന്ന് അതൊക്കെ വാരിക്കൂട്ടിനിറക്കുന്നു എന്നോ മറ്റോ ഒരു ചൊല്ലില്ലേ? ഞാന്‍ ചെയ്യുന്നതും അതു തന്നെ. എങ്കിലും നല്ല വാക്കിനു നന്ദി.

മലമൂട്ടിലേ, - അഭിപ്രായം അറിയിച്ചതിനു പ്രത്യേകം നന്ദി.

അഭിവദ്യങ്ങളോടെ