(ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച, പി. സായ്‌നഥിന്റെ ലേഖനത്തിന്റെ പരിഭാഷ)
അമേരിക്കയെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. സോഷ്യലിസത്തിന്റെ ഭൂതം. (ചുരുങ്ങിയത്, രണ്ട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെയെങ്കിലും അത് ആവേശിച്ചിട്ടുണ്ട്). ഈ ഭൂതാവേശത്തെ ഒഴിപ്പിക്കാനുള്ള വിശുദ്ധ സഖ്യത്തിലാണ് വലതുപക്ഷത്തിലെ എല്ലാ ശക്തികളും. റേഡിയോ പരിപാടികളും ഇവാഞ്ചലിസ്റ്റുകളും. മക്‌കെയിനും പാലിനും. ബ്ളോഗ്ഗര്‍മാരും പൌരന്‍മാരും. ബില്‍ ഓ റയ്‌ലിയും ജോ എന്ന പ്ളംബറും. ഫോക്സ് ന്യൂസും മറ്റു ഗൂഢാലോചനക്കാരും എല്ലാം.
താന്‍ സോഷ്യലിസ്റ്റാണെന്ന പ്രചരണത്തിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഒബാമ എന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഇന്ന്. "മക്‌കെയിനും ഇതേ 'സോഷ്യലിസ്റ്റ്' നയങ്ങളെ തന്നെയല്ലേ പിന്തുണച്ചുകൊണ്ടിരുന്നത്" എന്ന ചോദ്യവുമായാണ് ഒബാമ അനുകൂലികള്‍ രംഗത്തുവന്നിരിക്കുന്നത്. ഇവിടെ 'സോഷ്യലിസ്റ്റ് നയങ്ങള്‍' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ജനങ്ങളുടെ കാശെടുത്ത് വാള്‍ സ്ട്രീറ്റിന്റെ വിശപ്പ് മാറ്റാന്‍ ശ്രമിച്ച നയങ്ങളെയാണ് എന്ന് ഓര്‍ക്കുക.
ഒബാമയെ പിന്തുണക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ 'സോഷ്യലിസ'ത്തെ നിര്‍വ്വചിക്കുന്ന തിരക്കിലാണ്. ഒബാമയുടെ നയങ്ങളൊന്നും ആ 'ഭീകര'മായ വാക്കിന്റെ നാലയലത്തുപോലും വരുന്നില്ലെന്നു തെളിയിക്കുകയാണ് അവരുടെ ലക്ഷ്യം. ലോകത്ത് മറ്റൊരു ജനാധിപത്യത്തിലും ഈ തരത്തിലുള്ള പ്രതികരണം സാധ്യമല്ല. പ്രത്യേകിച്ചും, യൂറോപ്പില്‍. അവിടെയുള്ള വാഷിംഗ്‌ടണിന്റെ സുഹൃത്തുക്കള്‍ക്ക്, പേരിനെങ്കിലും, 'സോഷ്യലിസം' 'തൊഴിലാളികള്‍' എന്നീ ലേബലുകള്‍ ഉപയോഗിക്കേണ്ടിവരാറുണ്ട്. മറ്റു പല രാജ്യങ്ങള്‍ക്കും ഈ 'സംവാദം' പൊള്ളയായി തോന്നുന്നുണ്ടാവണം. സാമ്പത്തിക പ്രതിസന്ധിയുടെ ഭീകരമുഖം കണ്ട് ഭയന്നിട്ടാണെങ്കില്‍തന്നെയും, അമേരിക്കയിലും സോഷ്യലിസത്തിന് ഇന്ന് ആള്‍ബലമുണ്ട്. ഗൃഹവായ്‌പാ പ്രതിസന്ധിയില്‍ പെട്ട് രണ്ട് ദശലക്ഷം ആളുകള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപ്പെടാന്‍ പോകുന്നത്. പക്ഷേ റിപ്പബ്ളിക്കന്‍മാരുടെ ബഹളം മുഴുവന്‍ ഇന്ന് ഈ ഒരു വാക്കിനെചൊല്ലിയാണ്. "ഒബാമ പറയുന്നത് അയാള്‍ സമ്പത്ത് എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്നാണ്. സോഷ്യലിസത്തിന്റെ അടിസ്ഥാന പ്രമാണമാണ് അത്. ഞാന്‍ പ്രസിഡന്റായാല്‍ ഒരിക്കലും അത് ചെയ്യില്ല". ആരാണ് ഇത് വിളമ്പുന്നത്? മറ്റാരുമല്ല, ജോണ്‍ മക്‌കെയിന്‍.
നവംബര്‍ 4-നു മുന്‍പുള്ള അവസാന വെടിയാണ് ഈ കേട്ടത്. തിരഞ്ഞെടുപ്പ് താഴ്വരയിലേക്ക് കുതിക്കുകയാണ്, വലതുപക്ഷത്തിലെ 600 അഭിജാതര്‍. വാള്‍സ്ട്രീറ്റ് വലത്തും, അടച്ചുപൂട്ടല്‍ ഇടത്തും, സാമ്പത്തികരംഗത്തിന്റെ ഉരുകിയൊലിക്കല്‍ മുന്നിലും നിന്ന് വെടിയുണ്ടകള്‍ വര്‍ഷിക്കുകയും ദുന്ദുഭി മുഴക്കുകയും ചെയ്യുമ്പോഴാണ് ഇത്. എങ്കിലും ഈ പറഞ്ഞതൊന്നും അവരുടെ പ്രശ്നമേയല്ല. ആര്‍ക്കെങ്കിലും പിഴവു സംഭവിച്ചിട്ടുണ്ടാകും. എല്ലാം അവസാനിച്ചിട്ടൊന്നുമില്ലല്ലോ എന്നൊക്കെയുള്ള മട്ടിലാണ് അവരുടെ പോക്ക്. അതിസമ്പന്നര്‍ ഒലിച്ചുപോയ സുനാമിയില്‍ ആയുധങ്ങളൊക്കെ നഷ്ടപ്പെട്ട മക്‌കെയിന്‍ ഇപ്പോള്‍ സോഷ്യലിസത്തിലും വംശീയതയിലും അഭയം കണ്ടെത്തിയിരിക്കുകയാണ്. അത്രക്ക് പ്രത്യക്ഷല്ലെങ്കിലും രണ്ടാമത് പറഞ്ഞ ഘടകം നിര്‍ണ്ണായകം തന്നെയാണ്). ഈ രണ്ടു വഴികളല്ലാതെ മറ്റു രക്ഷാമാര്‍ഗ്ഗങ്ങളൊന്നും റിപ്പബ്ളിക്കന്‍മാരുടെ മുന്‍പിലില്ല.
അവരുടെ വൈസ്പ്രസിഡണ്റ്റ് സ്ഥാനാര്‍ത്ഥി, സാറാ പാലിന്റെ ജയസാധ്യതയെ ഇപ്പോള്‍ തുരങ്കം വെച്ചിരിക്കുന്നത്, അലാസ്കയുമായി ബന്ധപ്പെട്ട അവരുടെ രാഷ്ട്രീയ അഴിമതി കഥകളല്ല, മറിച്ച്, അണിഞ്ഞൊരുങ്ങലിനു വേണ്ടി (ഉടയാടകള്‍ക്കുവേണ്ടി) 150,000 ഡോളര്‍ ചിലവഴിച്ചു എന്ന റിപ്പബ്ളിക്കന്‍ കക്ഷിയുടെതന്നെ പുതിയ വെളിപ്പെടുത്തലുകളാണ്. അവര്‍ ഇതിനെ കൈകാര്യം ചെയ്ത രീതിയും ഇതിനെ കൂടുതല്‍ വഷളാക്കാനേ സഹായിച്ചുള്ളു. കാരണം, ഇത്തരം തീരുമാനങ്ങളൊന്നും സാധാരണയായി സ്ഥാനാര്‍ത്ഥികളല്ല തീരുമാനിക്കുന്നത്. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍, സ്ഥാനാര്‍ത്ഥികള്‍ ചെയ്യുന്ന ചെറിയൊരു കാര്യം പോലും രേഖപ്പെടുത്തുന്നതും സംവിധാനം ചെയ്യുന്നതും അവരുടെ പ്രചരണം നിയന്ത്രിക്കുന്നവരാണ്. സ്ഥാനാര്‍ത്ഥികള്‍ നേരിട്ടല്ല. ചിലപ്പോള്‍ 'വ്യാജ'മായ തെറ്റുകള്‍ പോലും ഇവര്‍ രംഗത്ത് കൌശലപൂര്‍വ്വം അവതരിപ്പിക്കാറുമുണ്ട്. 'അദ്ധ്വാനിക്കുന്ന വര്‍ഗ്ഗ'മായ സമ്മതിദായകരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന കക്ഷികളുടെ സ്ഥിതി ദുര്‍ബ്ബലപ്പെടുത്താനാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ സഹായിക്കുക. സാധാരണ വീട്ടമ്മമാരൊന്നും അണിഞ്ഞൊരുങ്ങലിന് 150,000 ഡോളര്‍ ചിലവഴിക്കുകയില്ലെന്ന് തീര്‍ച്ചയാണ്. അങ്ങിനെ വരുമ്പോള്‍, ഒബാമയെ 'വരേണ്യം' എന്നൊന്നും കുറ്റപ്പെടുത്താനും മാക്‌കെയിന്‍-പാലിന്‍ കൂട്ടുകെട്ടിന് ധാര്‍മ്മികമായ അവകാശമില്ല. അവര്‍ അത്തരം ആരോപണമാണ് ഒബാമക്കെതിരെ ഉയര്‍ത്തിയിരിക്കുന്നതും. റിപ്പബ്ളിക്കന്‍മാരുടെ ആരോപണങ്ങള്‍ അവര്‍ക്കെതിരെതന്നെ തിരിഞ്ഞുകൊത്തുകയാണ്. (പുരുഷ സ്ഥാനാര്‍ത്ഥികളുടെ മെയ്ക്കപ്പ് ചിലവിന്റെ കണക്കുകളൊന്നും ആരും കണക്കാക്കിയിട്ടുമില്ല എന്നതും ഇവിടെ പ്രത്യേകം പറയേണ്ടിയിരിക്കുന്നു).
മാക്‌കെയിനു സാധിക്കുന്നതിനേക്കാള്‍ ആളുകളെ കൂട്ടാന്‍ പാലിനു സാധിക്കുന്നുണ്ട്. റീഗന്‍ പാരമ്പര്യത്തിന്റെ അവകാശിയെന്ന് വേണമെങ്കില്‍ അവരെ വിളിക്കാം. ഒറ്റയൊറ്റ വാചകത്തില്‍, കേള്‍ക്കാന്‍ സുഖമുള്ള നാടന്‍ വര്‍ത്തമാനം. അഴിമതി നിറഞ്ഞ വാഷിംഗ്‌ടണിനെ വൃത്തിയാക്കാന്‍ മിനക്കെട്ടിറങ്ങിയ ഒരു പുറംനാട്ടുകാരി എന്ന പ്രതിച്ഛായ, ഇതൊക്കെയാണ് സാറാ പാലിന്‍. റീഗനെയും ഇപ്പോഴത്തെ ബുഷ് രണ്ടാമനെയും പോലെ, അവരുടെ പ്രസംഗങ്ങളിലും കാല്‍പ്പനികതയും, നുണയും, ഭയപ്പെടുത്തലുകളും, അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളും ആവോളമുണ്ട്. മാക്‌കെയിന്റെ ആടിയുലയുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനെ രക്ഷിക്കാന്‍ പ്രാപ്തമായ എന്തെങ്കിലും ബൌദ്ധികത പ്രദാനം ചെയ്യാനൊന്നും അവര്‍ക്കായിട്ടുമില്ല. മാക്‌കെയിനെ സംശയദൃഷ്ടിയോടെ നോക്കുന്ന ഒരു യാഥാസ്ഥിതിക ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ജനവിഭാഗത്തെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ കീഴില്‍ ഒരുമിപ്പിക്കാന്‍ വേണ്ടിയാണ് അവരെ രംഗത്ത് ഇറക്കിയത്. പ്രചരണ റാലികളും പ്രസംഗങ്ങളും അക്രമാസക്തമാകുന്ന വിധത്തില്‍ അവര്‍ അത് ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. മാക്‌കെയിന്‍ ടൈയും കെട്ടി ദേഹമനങ്ങാതെ 'പ്രസിഡന്റ്’ ആയി സ്വയം ചമഞ്ഞിരിക്കുമ്പോള്‍, ഒബാമയെ വിടാതെ പിന്തുടരാന്‍ പാലിനേ ഉണ്ടായിരുന്നുള്ളു. മാക്‌കെയിന്‍ പരാജയപ്പെട്ടിടത്ത് പാലിന്‍ വിജയിച്ചു എന്ന് ചുരുക്കം.
മുഖ്യധാരാ സ്ഥാനാര്‍ത്ഥികള്‍ ചെയ്യാന്‍ മടിക്കുന്ന വിധത്തില്‍ അത്ര രൂക്ഷമായാണ് പാലിന്‍ ഒബാമയെ ആക്രമിച്ചത്. ഇത്രകാലവും പാലിനെതിരെ എന്തെങ്കിലും പറയുന്നതില്‍നിന്ന് ഒഴിഞ്ഞുമാറിനിന്ന ഒബാമ, തനിക്കെതിരെ പാലിന്‍ ഉന്നയിക്കുന്ന ചില ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. അത്രക്ക് രൂക്ഷമാണ് പാലിന്റെ കടന്നാക്രമണം. 'തീവ്രവാദികളാല്‍ പരിസേവിതനായിരിക്കുന്ന ഒബാമ' എന്ന ആരോപണം ഉയര്‍ത്തിയത് മാക്‌കെയിനായിരുന്നില്ല. പാലിനായിരുന്നു. "ഒബാമ സോഷ്യലിസ്റ്റാണ്" എന്ന സംഘഗാനം ആലപിക്കുന്നതും പാലിനല്ലാതെ മറ്റാരുമല്ല.
ഇത് ഒരു വ്യക്തമായ വലതുപക്ഷ അടവാണ്. ഇടതുപക്ഷം അമേരിക്കയില്‍ നാമാവശേഷമായിട്ട് നാളുകളായി. ഇനിയൊരു പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അത് മാക്‌കെയിന്റെ രാഷ്ട്രീയമായ മരണമായിരിക്കും എന്ന് തീര്‍ച്ചപ്പെടുത്താം. പക്ഷേ, സാറാ പാലിന്റെ അങ്കത്തിന് ഇനിയും ബാല്യമുണ്ട്. 2012-ല്‍ അവര്‍ വീണ്ടും ഒരു പന്തയത്തിനുകൂടി എത്തിക്കൂടെന്നില്ല. അതിനകം തന്നെ, അവരുടെ പ്രചാരണ സംഘാടകര്‍ അവരെ തകര്‍ക്കാതിരുന്നാല്‍, അത് സംഭവിച്ചേക്കും. ഇത്തവണ എന്തായാലും 150,000 ഡോളറു കൊണ്ട് പ്രചരണ വിദ്വാന്‍മാര്‍ ആ കൃത്യം നിര്‍വ്വഹിച്ചുവെന്ന് തീര്‍ച്ചയാക്കാം.
ഒബാമയെ വ്യക്തിപരമായി തകര്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് മക്‌കെയിന്‍ പക്ഷത്തിനു ബോദ്ധ്യപ്പെട്ടു തുടങ്ങിയ ലക്ഷണമുണ്ട്. സാമ്പത്തികരംഗം ഇത്തവണ സഹായത്തിനില്ല എന്നു ഏകദേശം തീര്‍ച്ചയായി. ഇവിടെയും, മാക്‌കെയിനെ ജോര്‍ജ്ജ് ബുഷില്‍നിന്ന് (അതെ, ജോര്‍ജ്ജ് ബുഷ്, വൈറ്റ് ഹൌസിണ്റ്റെ ശാപം) കഴിയുന്നത്ര ദൂരം മാറ്റിനിര്‍ത്താന്‍ റിപ്പബ്ളിക്കന്‍ കക്ഷി ഒരു ശ്രമം നടത്തി നോക്കി. അത് വിജയിച്ചില്ല എന്നു മാത്രം. ഒബാമയെ തിരഞ്ഞെടുപ്പു പ്രചരണത്തില്‍ മുന്നിലെത്താന്‍ സഹായിച്ചത് സാമ്പത്തികപ്രതിസന്ധിയാണെന്ന് അവര്‍ അകമഴിഞ്ഞു വിശ്വസിക്കുന്നു. ഈ പ്രതിസന്ധി സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍ മാക്‌കെയിന്‍ മുന്നിലെത്തുമായിരുന്നു എന്നും അവര്‍ കരുതുന്നു. ആ പറഞ്ഞതിലും യുക്തിയില്ലെന്ന് പറഞ്ഞുകൂടാ. ചുരുക്കത്തില്‍ സാമ്പത്തിക രംഗവും ഈ പ്രചരണത്തില്‍ റിപ്പബ്ളിക്കന്‍മാരെ തുണക്കുന്നില്ല. പോരാത്തതിന്, ഡെമോക്രാറ്റുകള്‍ പണം നന്നായി വാരിക്കൂട്ടുന്നുമുണ്ട്. 'ഈ തിരഞ്ഞെടുപ്പില്‍ ഇതിനുമുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ പണമിറക്കുന്നു' എന്ന്, ഇത്രനാളും വമ്പന്‍ കോര്‍പ്പറേറ്റുകളുടെയും അതിസമ്പന്നരുടെയും വക്താക്കളായിരുന്നവര്‍ തന്നെ വിലപിക്കുമ്പോള്‍ അവരുടെ നിസ്സഹായത നമുക്ക് വ്യക്തമാകും.
150 ദശലക്ഷം ഡോളര്‍ എന്ന റിക്കാര്‍ഡ് ധനശേഖരണമാണ് ഡെമോക്രാറ്റുകള്‍ കൈവരിച്ചിരിക്കുന്നത്. ഈ സെപ്തംബറില്‍. ഒരു മാസം മുന്‍പ്, ആഗസ്റ്റില്‍ അത് 65 മില്ല്യണ്‍ ആയിരുന്നു. ഇതുവരെയായി ഡെമോക്രാറ്റിന്റെ സ്ഥാനാര്‍ത്ഥി മൊത്തം ശേഖരിച്ച പണം 600 മില്ല്യണ്‍ ഡോളറിനും മീതെയാണ്. ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പ് നടക്കുന്ന ഒരു രാജ്യത്തിനെ സംബന്ധിച്ചുപോലും ഈ സംഖ്യ വളരെ വലിയ ഒന്നാണ്. ടി.വി. പരസ്യങ്ങളില്‍ മുങ്ങിക്കുളിക്കുന്ന ഈ രാജ്യത്ത്, തിരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടി നടത്തുന്ന ദേശീയ വീഡിയോ പരസ്യങ്ങള്‍ എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു. മാക്‌കെയിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു, ഈ കാര്യത്തില്‍ ഒബാമ.
'രാഷ്ട്രീയപ്രചരണങ്ങള്‍ക്കുവേണ്ടി അനിയന്ത്രിതമായ രീതിയില്‍ പണം ചിലവഴിക്കുന്നത് അപവാദങ്ങള്‍ക്ക് ഇടയാക്കിയേക്കും' എന്ന് മുറുമുറുക്കുന്നുണ്ട് മാക്‌കെയിന്‍. ശരിയാണ്. എങ്കിലും, ഒബാമയുടെ സ്ഥാനത്ത് ഇന്ന് മാക്‌കെയിനായിരുന്നെങ്കില്‍ ഇതേ വാദം അദ്ദേഹം ഉന്നയിക്കുമായിരുന്നോ എന്നും ആലോചിക്കുന്നത് നന്ന്. ഒബാമയുടെ ചിലവഴിക്കല്‍ എല്ലാ റിക്കാര്‍ഡുകളും ഭേദിച്ചിരിക്കുന്നു. എങ്കിലും അതൊക്കെ നടക്കുന്നത്, ലോകത്തിലെ ഏറ്റവും ആഭാസകരവും ചിലവേറിയതുമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയക്കകത്താണ്. തിരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ചയില്‍ കുറവു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോള്‍, നിരായുധനും, പരിക്ഷീണനും, പുറംതള്ളപ്പെട്ടവനുമായ മാക്‌കെയിണ്റ്റെ മുന്നില്‍, ഭീതി സൃഷ്ടിക്കുക എന്ന വഴി മാത്രമേ ഇന്ന് മുന്നിലുള്ളു. അതുകൊണ്ടാണ് അയാള്‍ക്ക് 'സോഷ്യലിസ'ത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളെയും പുനരുജ്ജീവിപ്പിക്കേണ്ടിവരുന്നത്. 'ജനാധിപത്യ സോഷ്യലിസ്റ്റ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരേ ഒരു അംഗം മാത്രമേയുള്ളു. അമേരിക്കന്‍ സെനറ്റില്‍. വേര്‍മൌണ്ടില്‍നിന്നുള്ള ബെര്‍ണീ സാന്‍ഡേഴ്സ്. 98 ശതമാനം തിരഞ്ഞെടുപ്പിലും അയാള്‍ ഡെമോക്രാറ്റുകള്‍ക്ക് വോട്ടു ചെയ്തു (ബാക്കി വരുന്ന 2 ശതമാനം തവണ അയാള്‍ റിപ്പബ്ളിക്കിനു വേണ്ടി വോട്ടു ചെയ്തിട്ടുമുണ്ടാകുമെന്ന് കൌണ്ടര്‍പഞ്ചിണ്റ്റെ അലക്സാണ്ടര്‍ കോക്ക്ബേണ്‍ കളിയാക്കുന്നു).
'ധനികര്‍ക്കുവേണ്ടിയിട്ടുള്ള സോഷ്യലിസം' എന്ന വാക്ക് പൊതുവേദികളില്‍ ഇടക്കിടക്ക് പ്രത്യക്ഷപ്പെടുന്നു എന്നതാണ് കഴിഞ്ഞ ചില മാസങ്ങളില്‍ ഉണ്ടായിട്ടുള്ള സന്തോഷപ്രദമായ ഒരു കാര്യം. ഇടതുകക്ഷികളില്‍ നിന്നല്ല, യാഥാസ്ഥിതിക സമ്പന്ന വിഭാഗങ്ങളില്‍നിന്നാണ് ഈ വാക്ക് ഉത്ഭവിക്കുന്നത്. റോജര്‍ ഹോള്‍ഡിംഗ്‌സിന്റെ ജിം റോജേര്‍സിനെ പോലുള്ള വമ്പന്‍ നിക്ഷേപകരും ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്. അദ്ദേഹത്തിണ്റ്റെ ഒരു ഉദ്ധരണി കേള്‍ക്കൂ, "അമേരിക്ക ഇന്ന് ചൈനയേക്കാളും കമ്മ്യൂണിസ്റ്റാണ്. സമ്പന്നരുടെ അഭിവൃദ്ധിയാണ് ഇത് (Bail out). പണക്കാര്‍ക്കുവേണ്ടിയുള്ള സോഷ്യലിസം...സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷിക്കലാണ് ഇത്.." "തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ നിക്ഷേപക ബാങ്കുകളെയും കരകയറ്റാന്‍ സഹായിക്കുക എന്നത് മുതലളിത്തമല്ല. അത് സമ്പന്നര്‍ക്കുവേണ്ടിയുള്ള സോഷ്യലിസമാണ്",എന്ന്, ഈ വര്‍ഷം ആദ്യം തട്ടിമൂളിച്ചതും ജിം റോജേര്‍സ് എന്ന ഇതേ മഹാന്‍ തന്നെയാണ്.
ഇനി ഒബാമക്കെതിരെ 'സോഷ്യലിസ'ത്തിന്റെ പേരും പറഞ്ഞ്, മാക്‌കെയിന്‍ നടത്തുന്ന ഈ ആക്രമണം വ്യക്തവും നിര്‍ദ്ദയവുമാണെങ്കില്‍, അത്രതന്നെ പ്രത്യക്ഷമല്ലാത്ത, എന്നാല്‍ കൂടുതല്‍ അപകടകരമായേക്കാവുന്ന മറ്റൊരു സംഗതി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വംശീയതയാണ് അത്. ബ്രാഡ്‌ലി ഇഫക്ട് (കറുത്തവര്‍ക്ക് വോട്ടു ചെയ്യുമെന്ന് സമ്മതിദായകര്‍ പ്രഖ്യാപിക്കുകയും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് ചെയ്യാതിരിക്കുകയും ചെയ്യുന്ന കലാപരിപാടി) ഇത്തവണ വിരുദ്ധഗതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. ഒബാമക്ക് വോട്ടുചെയ്യുമെന്ന് തങ്ങളുടെ വേണ്ടപ്പെട്ടവരോടുപോലും പറയാന്‍ വിസമ്മതിക്കുന്ന വെള്ളക്കാരും ഇത്തവണ ഒബാമക്ക് വോട്ടുചെയ്യുമെന്ന് ഏകദേശം തീര്‍ച്ചയായിരിക്കുന്നു. തങ്ങള്‍ ഇത്തവണ ഡെമോക്രാറ്റിനാണ് വോട്ടുചെയ്യുന്നതെന്ന് റിപ്പബ്ളിക്കന്‍മാര്‍ പുറത്ത് പറഞ്ഞില്ലെന്നു വരാം. എങ്കിലും അതു തന്നെയായിരിക്കും മിക്ക റിപ്പബ്ളിക്കന്‍മാരും ഇത്തവണ ചെയ്യുക. ഇത്തവണത്തെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യവും (മാക്‌കെയിന്റെ സ്വന്തം സാമ്പത്തിക പ്രതിസന്ധിയും)വെച്ചുനോക്കിയാല്‍ ഒബാമ ഇതിനേക്കാള്‍ എത്രയോ മുന്നിലാകേണ്ടതായിരുന്നുവെന്ന് കരുതുന്നവരും ധാരാളമുണ്ട്. ചുരുക്കത്തില്‍ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം ആര്‍ക്കും അത്ര സന്തോഷം നല്‍കിയിട്ടില്ല.
ഏതായാലും, ചില ദശകങ്ങള്‍ക്കുമുന്‍പത്തെ അമേരിക്കയേക്കാള്‍ വൈവിദ്ധ്യപൂര്‍ണ്ണമായ ഇന്നത്തെ അമേരിക്കയില്‍ ഇന്നു നടക്കുന്ന ഇത്തരം സംവാദങ്ങളുടെ പൊള്ളത്തരം, പ്രത്യക്ഷമായ വംശീയതയെ അത്യധികം സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഈയിടെ നടന്ന ഒരു റിപ്പബ്ളിക്കന്‍ റാലിയില്‍ അതിന്റെ ഒരു പ്രതിഫലനം കാണാനിടയായി. മുസ്ളിം വിരുദ്ധ, ഒബാമ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ഒരു റിപ്പബ്ളിക്കന്‍ അനുയായിയുടെയും, "മുസ്ളിങ്ങള്‍ ഒബാമയുടെ കൂടെ' എന്ന മുദ്രാവാക്യങ്ങളുടെയും ഇടയില്‍ നിന്നിരുന്നത് ക്യാമ്പയിന്റെ സുരക്ഷാവിഭാഗത്തില്‍ പെട്ട ഒരാളായിരുന്നു. അതും, ഒരു കറുത്ത മുസ്ളിം. അതുകൊണ്ട്, വിവേകത്തോടെയും സാവധാനത്തിലും കൈകാര്യം ചെയ്തില്ലെങ്കില്‍, ഇത്തരം വംശീയ സമീപനങ്ങള്‍ ഒരു വിഭാഗത്തെ ശക്തിപ്പെടുത്താനും മറു വിഭാഗത്തിനെ വേദനിപ്പിക്കാനും മാത്രമേ ഉപകരിക്കൂ.
മറുഭാഗത്താകട്ടെ, സോഷ്യലിസത്തിനെതിരെ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്. സോഷ്യലിസമെന്ന ആ ഭൂതം ആവേശിച്ചിരിക്കുന്നവരെപ്പോലെതന്നെ സോഷ്യലിസത്തിന്റെ അമേരിക്കന്‍ ഭാഷ്യവും ആകെ കുഴഞ്ഞുമറിഞ്ഞും സങ്കീര്‍ണ്ണമായും കിടക്കുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നത്.
Friday, October 31, 2008
Subscribe to:
Post Comments (Atom)
19 comments:
അവസാന റൌണ്ടും സോഷ്യലിസത്തിന്റെ ഭൂതാവേശവും - പി. സായ്‌നാഥിന്റെ ലേഖനം
This post is being listed please categorize this post
www.keralainside.net
നല്ല ലേഖനം.. പരിഭാഷയ്ക്കു നന്ദി..
സോഷ്യലിസം എന്നത് ഒരു അശ്ലീലവാക്കായി അധ:പതിച്ച അതേ രാജ്യത്തു തന്നെയാണ് ഒരു പക്ഷേ സോഷ്യലിസ്റ്റ് എന്ന് വ്യക്തമായി വിളിക്കാവുന്ന വമ്പന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റവുമധികം ഉള്ളതും എന്നത് മറ്റൊരു അമേരിക്കന്‍ കോമഡി.
വാള്‍ സ്ട്രീറ്റ് തകര്‍ച്ചയ്ക്ക് തടയിടാനായി കൊണ്ടുവന്ന ബെയ്ല് ഔട്ട് പ്ലാന്‍ ഒരര്‍ത്ഥത്തില്‍ ബാങ്കുകളെ ദേശസാല്‍ക്കരിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ആ പരിപാടി സോഷ്യലിസം തന്നെയാണെന്ന് സമ്മതിക്കാന്‍ ഇവിടുത്തെ ഇടതന്മാര്‍ക്ക് പോലും മടി...അത്രയ്ക്കുണ്ട് “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിലെ” ജനാധിപത്യം!
പണക്കാര്‍ക്ക് ബുഷ് നല്‍കിയ ടാക്സിളവുകള്‍ ഒബാമ പാടെ നിര്‍ത്തലാക്കുമെന്നൊന്നും പറഞ്ഞിട്ടില്ല. ആകെ പറഞ്ഞത് വര്‍ഷം 250,000 ഡോളര്‍ വരുമാനത്തില്‍ താഴെയുള്ള - അമേരിക്കയുടെ 95% വരുന്ന - കുടുംബങ്ങള്‍ക്ക് ടാക്സിളവുകള്‍ ഉണ്ടാകുമെന്നാണ്. അതാണിപ്പോള്‍ മക്കെയിന്‍ പാടിക്കൊണ്ടു നടക്കുകയും കുറേ തിരുമണ്ടന്മാര്‍ കൈയ്യടിച്ച് എരികേറ്റുകയും ചെയ്യുന്ന “spreading the wealth“ !!
ഇതിനിടെ അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഈ പ്രാവശ്യത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി - ഉവ്വ് അമേരിക്കയില്‍ അങ്ങനെ ഒന്നു ബാക്കിയുണ്ട് (!) - ബ്രയാന്‍ മൂര്‍ ഒരു ടെലിവിഷന്‍ കോമഡി ഷോയില്‍ വന്നിരുന്ന് പരിഭവിക്കുന്നതു കേട്ടു : “ഞങ്ങളാണ് യഥാര്‍ത്ഥ സോഷ്യലിസ്റ്റ്. സമ്പന്നരുടെ സമ്പത്ത് സംരക്ഷിക്കാനായി ഉള്ള ഈ ബെയില്‍ ഔട്ടിനെ പിന്തുണച്ച ഒബാമ എങ്ങനെ സോഷ്യലിസ്റ്റാവും?” എന്ന് !
തെരഞ്ഞെടുപ്പ് ആവേശകരം തന്നെ. ഐഡിയോളജിക്കലി ഒരു കോമഡി ഷോ ആണ് എന്നുമാത്രം.
ചുമ്മാതല്ല 18-35 വയസ്സ് പ്രായമുള്ളവര്‍ക്കിടയില്‍ ഈ തെരഞ്ഞെടുപ്പു കാലത്ത് പൊളിറ്റിക്കല്‍ കോമഡി ഷോകള്‍ക്ക് അഭൂതപൂര്‍വ്വമായ വ്യൂവര്‍ഷിപ്പ് !
രാജീവ് ജീക്ക് നന്ദി, ഈ പരിഭാഷയ്ക്ക്.
ഒബാമ വിജയിക്കട്ടെ. ലോകത്തിന് തോക്കിന്റെ തഴമ്പുള്ള ഒരു യുദ്ധവെറിയനേക്കാള്‍ ഇപ്പോളാവശ്യം പേന പിടിക്കാനറിയാവുന്നവനെയാണ് . മരുന്നുകളില്ലാതെ തന്നെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നവനെയാണ്.
OT ആണെങ്കിലും..
ഈയിടെ ഈ Documentary യെപ്പറ്റി വായിച്ചതോർത്തു ഇന്നത്തെ ചിദംബരത്തിന്റെ പ്രസ്താവന കേട്ടപ്പോൾ-ഇൻഷുറൻസിലെ FDI 49% ആയി ഉയർത്താനുള്ള
ബിൽ അവതരിപ്പിയ്ക്കുന്നു പാർലിമെന്റിൽ
സംഭവം സൂരജ് പറഞ്ഞ പോലെ കോമഡിതന്നെ.സോഷ്യലിസം എന്ന വാക്ക് എങ്ങോട്ടും വളച്ചൊടിക്കാവുന്ന റബ്ബറാണ്,എന്നും.
താങ്കളുടെ പരിഭാഷാശൈലിയും സമീപനവും എനിക്കിഷ്ടപ്പെട്ടു.
ആശംസകൾ.
നാട്ടില്‍ ഒരാള്‍ മുതലാളി ആണെന്ന് പറഞ്ഞു അവന്റെ മെക്കിട്ടു കയറുന്നത് പോലെ ആണു അമേരിക്കയില്‍ ഒരാള്‍ സോഷ്യലിസ്റ്റ് ആണെന്ന് പറയുന്നതു. പിന്നെ ഒബാമക്ക് വേണ്ടി ഇന്ത്യയില്‍ കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്ക്യും ചെയ്യുന്നവരുടെ ശ്രദ്ധക്ക് - അമേരിക്കയിലെ ഇടതന്‍, ഇന്ത്യയിലെ ഏറ്റവും വലതുള്ളവരുടെയും വലതാനു.
ഹ! ഹ! അതെനിയ്ക്കിഷ്ട്ടപ്പെട്ടു മത്തായി.One man's food is another man's poison എന്നല്ലെ?
മത്തായിച്ചാ, ഹ ഹ ഹ... അതെനിക്കും ഇഷ്ടപ്പെട്ടു.
ഒബാമയ്ക്കു വേണ്ടി ഇന്ത്യയില്‍ കൊടിപിടിത്തവും മുദ്രാവാക്യം വിളിയും നടന്നത് അറിഞ്ഞില്ല. എവിടെയാ ?
’മ്മടെ നാട് തന്നെയാവും സൂരജെ,വെറെത്സ്!
:))
മലയാള മനോരമ വെബ് സൈറ്റില്‍, അമേരിക്കന്‍ ഇലക്ഷന്‍ പ്രമാണിച്ച് ഒരു പ്രത്യേക സെക്ഷന്‍ തന്നെ ഉണ്ട്. പിന്നെ വേറെ പല ഇന്ത്യന്‍ സൈറ്റുകളിലും അമേരിക്കന്‍ ഇലക്ഷന്‍ വാര്‍ത്തകള്‍ എന്നും കാണാം. അത് കണ്ടു പറഞ്ഞു പോയതാണ്. പിന്നെ ഒരു തമിഴന്‍ ഒബാമക്ക് വേണ്ടി ശത്രു സംഹാര പൂജ നടത്തിയ വാര്‍ത്തയും കണ്ടു.
ഇതൊക്കെ കാണുമ്പൊള്‍ ഒബാമയുടെ ആദ്യകാല പരാമര്‍ശങ്ങള്‍ ഓര്മ വരും, മൂപ്പര്‍ക്ക് ഇന്ത്യകരോട് വലിയ പ്രേമം ഒന്നും ഇല്ല. ഇന്ത്യകാരുമായി നല്ല ബന്ധങ്ങള്‍ ഉള്ള ഹില്ലരി ക്ലിന്റനെ പഞ്ചാബിന്റെ പ്രതിനിധി (അമേരികാകരന്റെ അല്ല) എന്നായിരുന്നു മൂപ്പര്‍ വിളിച്ചത്. അതിന്റെ ലിങ്ക് ഏതാ:
http://www.iht.com/articles/2007/06/19/news/obama.php
അമേരിക്കയില്‍ ആരു പ്രസിഡന്റ് ആയാലും ഇന്ത്യക്ക് വേണ്ട കാര്യങ്ങള്‍ നേടി എടുക്കുക എന്ന നയമാണു നമുക്കു വേണ്ടത്. ആ ഒരു കാര്യത്തില്‍ ചൈനകാരെ കണ്ടു തന്നെ പഠിക്കണം.
ഒബാമയായാലും മാക്‌കെയിന്‍ ആയാലും ഇന്ത്യക്ക് വ്യത്യാസമൊന്നും സംഭവിക്കില്ല - കാരണം ഇന്ത്യ ഇന്ത്യയാണ്. ആര് അമേരിക്കന്‍ പ്രസിഡന്‍റ് ആയാലും തീര്‍ച്ചയായും ഇന്ത്യയുമായി സഹകരിച്ചേ പറ്റൂ, അത് അവരുടെ നിലനില്‍പ്പിനും വളരെ ആവശ്യമാണ് എന്ന് അമേരിക്കക്ക് ഇപ്പോള്‍ തീര്‍ച്ചയായും മനസ്സിലായിട്ടുണ്ട്. കാലം മാറി, കഥ മാറും.
സോഷ്യലിസത്തെക്കുറിച്ച് സാധാരണ അമേരിക്കക്കാരനുള്ള പേടിക്ക് നല്ല അടിസ്ഥാനമുണ്ട്. ശീതസമരകാലത്ത് സോവിയറ്റ് യൂണിയനുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം കാരണം പൊതുവേ നമുക്ക് കമ്യൂണിസ്റ്റ് ഏകാധിപത്യങ്ങളുടെ ക്രൂരമുഖം കാണുവാന്‍ അവസരം കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല.
അതല്ലല്ലോ അമേരിക്കാരന്‍ അക്കാലത്ത് അനുഭവിച്ചത്. തെറ്റോ ശരിയോ ആണെങ്കിലും ഒരു സോവിയറ്റ് ആക്രമണത്തിന്റെ ഭീതി ആ സമയത്ത് ഉണ്ടായിരുന്നു. വിയറ്റ്‌നാമിലും കൊറിയയിലും അടക്കം പലയിടത്തും കമ്യൂണിസ്റ്റുകള്‍ക്കെതിരെ അവര്‍ നേരിട്ടു പൊരുതി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിലനിന്നു വന്നിരുന്ന കമ്യൂണിസ്റ്റ് ക്രൂരതകളില്‍ നിന്ന് ഓടിപ്പോന്നവരെ അവര്‍ക്ക് നേരിട്ടറിയാന്‍ പറ്റി; പ്രത്യേകിച്ചും ക്യൂബ, വിയറ്റ്നാം, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍.
ഒബാമയെ സോഷ്യലിസ്റ്റ് എന്ന് പറഞ്ഞ് ആക്രമിക്കുന്നത് മറ്റൊരു വലതുപക്ഷ നുണയാണെങ്കിലും അത് മക്കെയിന് ഒബാമയ്ക്കെതിരെ ഫലപ്രദമായി നടത്താന്‍ പറ്റിയ ഒരു ആക്രമണമാണ്.
സോഷ്യലിസത്തെ അല്ല ജനങ്ങള്‍ പേടിക്കുന്നത്. മറിച്ച് സോഷ്യലിസം കമ്മ്യൂണിസ്റ്റ് രീതിയില്‍ പ്രാവര്‍ത്തികം ആക്കുന്നതിനെ ആണ്. കാരണം കമ്മ്യൂണിസം വളരെ പെട്ടെന്ന് തന്നെ ഏകാധിപത്യത്തിലും ജനദ്രോഹത്തിലും എത്തിച്ചേരുന്ന ഒരു ചരിത്രം ആണ് നാം കണ്ടിടുള്ളത്. മറിച്ച് ഒരു ഉദാഹരണം പോലുമില്ല എന്നുള്ളതാണു സത്യം. ഇപ്പോള്‍ ഈ പ്രതിസന്ധി മുതലെടുത്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യലിസത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തി പാടുന്നത് വളരെ വിചിത്രം ആയിരിക്കുന്നു. കാരണം ഇത്തരം പരിപാടികള്‍ അജണ്ട ആക്കിയിട്ടുള്ള സോഷ്യല്‍ ഡെമോക്ക്രാട്ടുകളെ ഇവര്‍ ഒരിക്കലും അന്ഗീകരിച്ചിട്ടില്ല എന്നുള്ളതും ചരിത്ര സത്യം ആണ്.
ബിനു
സോഷ്യലിസത്തിന്റെ അപദാനങ്ങള്‍ പാടിനടക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഈയൊരു പ്രത്യേക പ്രതിസന്ധിയുടെ ആവശ്യമൊന്നുമില്ല. മുതലാളിത്തക്രമത്തിന്റെ ആഭ്യന്തരമായ ദൌര്‍ബ്ബല്യങ്ങളെക്കുറിച്ചുള്ള മാര്‍ക്സിയന്‍ ചിന്താധാരകളെ ശരിവെക്കുന്നതാണ് ഇന്നത്തെ പ്രതിസന്ധി എന്ന് കാണാന്‍ ചരിത്രത്തിനെക്കുറിച്ചുള്ള അന്ധതയെങ്കിലും താങ്കള്‍ മാറ്റിവെച്ചേ തീരൂ. സോഷ്യല്‍ ഡെമോക്രസിയുടെ ചതിക്കുഴികളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ശ്രമിക്കുക. പേരു സൂചിപ്പിക്കുന്ന പോലെ അത്ര മനോഹരമൊന്നുമല്ല, ആ ആശയം.
കൊച്ചുതൊമ്മാ,
“വിയറ്റ്‌നാമിലും കൊറിയയിലും അടക്കം പലയിടത്തും കമ്യൂണിസ്റ്റുകള്‍ക്കെതിരെ അവര്‍ നേരിട്ടു പൊരുതി“..ധീരമായ ധാര്‍മ്മിക പോരാട്ടം എന്നു കൂടി ചേര്‍ക്കണം. എന്നാലേ ഒരു എരിവും പുളിയുമൊക്കെ ഉണ്ടാകൂ..തൊട്ടുകൂട്ടാന്‍ എന്തെങ്കിലുമൊക്കെ വേണ്ടേ തൊമ്മാ.
വായനകള്‍ക്കു നന്ദി.
അഭിവാദ്യങ്ങളോടെ
'ധനികര്‍ക്കുവേണ്ടിയിട്ടുള്ള സോഷ്യലിസം' ഇങ്ങു ഭാരതത്തിൽ “ഇടം-വലം” പരീക്ഷിക്കുന്ന വാണമല്ലേ! ചിദംബരവും തലേക്കെട്ടും, അദ്വാനിയും കുങ്കുമക്കുറിയാദികളും, കാരാട്ടും തൊമ്മനൈസ്സക്കോണമിസ്റ്റുകളും നാന്നായി പരിശ്രമിക്കുന്നുണ്ടല്ലോ!
"Capitalisation of the profits and socialisation of the losses"
a great comment on american funding to bankrupt financial instiutions
remeber the subsidy withdrawal and disinvestment policies of globalisation
Iqbal
Sarcosci., Pope etc etc reads DAS CAPITAL, Comrade Prabhat Patnaik invited by UN for solving the financial crisis
and our yellow eyes still praises capitalism
daivame, marxe, pisache thomman vendi prarthikename
അമേരിക്കയിലും ശരിയായ വീക്ഷണമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ട്
അതിന് ചില ജനകീയ പ്രസ്ഥാനങ്ങളും ഉണ്ട് ഈ ലിങ്കുകള്‍ നോക്കുക
www.iacenter.org
Post a Comment