Thursday, July 23, 2009

കരിനിയമങ്ങളുടെ ആഡംബരം

ഷാര്‍ജ ഒരു പഴയ നിയമത്തെ വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരുന്നു. ഇനിമുതല്‍ പുരുഷന്‍മാര്‍ ആഡംബരപൂര്‍ണ്ണമായ വെച്ചുകെട്ടലുകളൊന്നും ശരീരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ല. വജ്രം, വെള്ളി, സ്വര്‍ണ്ണം എന്നിവകൊണ്ടുള്ള എന്തെങ്കിലും വസ്തുവകകള്‍ പുരുഷന്‍മാര്‍ ധരിച്ചുകൂടാ എന്ന പുതിയ നിയമം.

നാടു ഭരിക്കുക എന്ന പണിയൊന്നും ഷാര്‍ജ സര്‍ക്കാരിന്റെയോ ഭരണാധികാരികളുടെയോ അജണ്ടയിലില്ല. നാട്ടുകാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന മിനക്കേടിനൊന്നും അവര്‍ക്കു വയ്യ. ഒരിക്കലും ഒഴിയാത്ത ഗതാഗതക്കുരുക്കുകള്‍, ഒരൊറ്റ നല്ല മഴ പെയ്താല്‍ പോലും തോടുകളായി മാറുന്ന പ്രധാനനിരത്തുകള്‍, വെള്ളവും വൈദ്യുതിയും ഇടക്കിടക്ക്‌ ദിവസങ്ങളോളം അപ്രത്യക്ഷമാകുന്ന ആള്‍ത്താമസകെട്ടിടങ്ങള്‍, വര്‍ഷാവര്‍ഷം തോന്നുംപടി വാടക വര്‍ദ്ധിപ്പിച്ച്‌ ജനങ്ങളെ പിഴിയുന്ന റിയല്‍ എസ്റ്റേറ്റുകാരുടെ അരങ്ങുവാഴ്ച, നിസ്സാരമായ സാങ്കേതിക കാരണങ്ങളുടെ പേരു പറഞ്ഞ്‌ ജനങ്ങളെ വലക്കുന്ന സര്‍ക്കാര്‍ ഓഫീസുകളും ഉദ്യോഗസ്ഥരും, തങ്ങളുടെതന്നെ കൈക്കുറ്റം കൊണ്ട്‌ അബോധാവസ്ഥയിലായവരെ ഭീഷണിപ്പെടുത്തി കുടിയിറക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍, സാധാരണക്കാരായ കൂലിത്തൊഴിലാളികളെയും, കുടുംബത്തെ കൂടെപ്പാര്‍പ്പിക്കാന്‍ കഴിയാതെ, ഇവിടെ ഒറ്റയാന്‍മാരായി കഴിയുന്നവരെയും പാര്‍പ്പിടങ്ങളില്‍നിന്ന്‌ വേട്ടയാടി ഓടിക്കുന്ന നഗരപാലകര്‍ - ഷാര്‍ജ എന്ന സാംസ്കാരികതലസ്ഥാനത്തിന്റെ കഥകള്‍ വിവരിക്കാന്‍ തുടങ്ങിയാല്‍ ഒരവസാനവുമുണ്ടാകില്ല.

ഇടക്കിടക്ക്‌ സ്വത്വബോധം കലശലായി ഉണരും. പേരുവിവരങ്ങള്‍ അറബിയില്‍ രേഖപ്പെടുത്താത്ത കച്ചവടസ്ഥാപനങ്ങള്‍ക്കുനേരെ ശിവസേനാ സിന്‍ഡ്രോം സടകുടഞ്ഞെണീക്കും. നഗ്നത വെളിപ്പെടുത്തുന്ന നിര്‍ജ്ജീവമായ മാനിക്വിനുകള്‍ക്കുനേരെ, നമ്മുടെ നാട്ടിലെ ശ്രീരാമസേന-ഇടവക-കാന്തപുരം മോഡല്‍ കപടസദാചാരപത്തികള്‍ ഉയരും.

പുതിയ നിയമവും അത്തരത്തിലൊന്നാണ്‌. ഓരോ സെക്കന്‍ഡിലും കാതങ്ങള്‍ പിന്നിട്ട്‌ മുന്നോട്ടു കുതിക്കുന്ന പുതിയ ലോകത്ത്‌, ഒറ്റദിവസം കൊണ്ട്‌, എട്ടുവര്‍ഷം പിന്നിലേക്കു നടക്കുന്നു ഷാര്‍ജ എന്ന പ്രതിഭാസം. എന്തൊക്കെയാണ്‌ ആഡംബരവസ്തുക്കള്‍ എന്നതിനെക്കുറിച്ച്‌ ഒരു തീര്‍ച്ചയുമില്ല, ഈ നിയമമുണ്ടാക്കുന്നവര്‍ക്ക്‌. സ്വര്‍ണ്ണം ആഡംബരമാണെന്നും അല്ലെന്നും തര്‍ക്കമുണ്ട്‌. സില്‍ക്ക്‌ ആഡംബരമാണോ? ഇസ്ളാമിക നിയമത്തിനു അനുസൃതമായാണ്‌ ഇത്തരമൊരു നിയമം കൊണ്ടുവന്നതെന്ന്‌ പറയപ്പെടുന്നുണ്ട്‌. അപ്പോള്‍, പുരുഷന്‍മാര്‍ക്കു വേണ്ടി മാത്രമുള്ളതാണോ, ആഡംബരവസ്തുക്കളെക്കുറിച്ചുള്ള ഈ ഇസ്ലാമിക നിയമങ്ങള്‍? സ്ത്രീകള്‍ക്ക്‌ ഈ ആഡംബരങ്ങള്‍ അനുവദനീയമാണോ? ആണെങ്കില്‍, സ്ത്രീകള്‍ക്ക്‌ ഇസ്ലാമിക നിയമങ്ങള്‍ ബാധകമല്ല എന്നാണോ?

ഇതൊക്കെ വിഷയത്തിന്റെ തൊലിപ്പുറത്തുള്ള ചോദ്യങ്ങളാണ്‌. ഇന്നത്തെ സമൂഹത്തില്‍ ഇമ്മാതിരിയുള്ള കടുത്ത യാഥാസ്ഥിതികത്വം എത്രത്തോളം അഭിലഷണീയമാണ്‌ എന്നതാണ്‌ പ്രധാനപ്പെട്ട കാര്യം. സൌദിയോടുള്ള ഷാര്‍ജയുടെ വിധേയത്വം അങ്ങാടിപ്പാട്ടാണ്‌. വാക്കിനെയും, വരയെയും, സിനിമയെയും സംഗീതത്തെയും ഭയപ്പെടുകയും, അവക്കുമേല്‍ ഇത്രനാളും സദാചാരപൌരോഹിത്യത്തിന്റെ സര്‍വ്വവ്യാപിയും സുശക്തവുമായ കടിഞ്ഞാണ്‍ സൂക്ഷിക്കുകയും ചെയ്തിരുന്ന അവിടുത്തെ മന്ദബുദ്ധികളായ ഭരണവര്‍ഗ്ഗങ്ങള്‍ക്കുപോലും, ഇപ്പോള്‍ കാല്‍ക്കീഴിലെ മണ്ണൊലിപ്പ്‌ കാണാതിരിക്കാനോ, തടയാനോ കഴിയുന്നില്ല. ആളുകള്‍ ഉറക്കമെഴുന്നേറ്റുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ ശബ്ദിച്ചുതുടങ്ങിയിരിക്കുന്നു. കാലം മാറുകയാണെന്ന് ഭരണത്തിലെ മിഴുങ്ങസ്യകള്‍ക്കുപോലും സൂര്യനുദിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴാണ്‌, പാണ്ഡിത്യവും, ലോകപരിചയവും, സഹൃദയത്വവും, പൊതുവെ എല്ലാവര്‍ക്കുമിടയില്‍ സുസമ്മതനുമായ ഒരു ഭരണാധികാരിയുടെ കീഴില്‍ ഇത്തരത്തിലുള്ള പ്രാകൃതനിയമങ്ങളുടെ തിരനോട്ടം.

ഒരു രാജ്യത്തിന്റെ മത-സാമൂഹിക നിയമങ്ങളെക്കുറിച്ച്‌ അവിടെയിരുന്നുകൊണ്ട്‌, മറ്റൊരു രാജ്യക്കാരനു പറയാന്‍ അധികാരവും അവകാശവുമില്ലെന്ന് വേണമെങ്കില്‍ ന്യായം പറയാം. ബ്രഹ്മാസ്ത്രം അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകാണെന്ന് അറിയാതെയുമല്ല. എങ്കിലും പറയേണ്ടത്‌ പറയാതിരിക്കുന്നതെങ്ങിനെ?

8 comments:

Rajeeve Chelanat said...

കരിനിയമങ്ങളുടെ ആഡംബരം

chithrakaran:ചിത്രകാരന്‍ said...

തങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും,തങ്ങള്‍ക്ക് ഭരിക്കാനറിയാമെന്നും സ്വയം ബോധ്യപ്പെടുത്തുന്നതിനായി രണ്ടു ഏംബക്കമെങ്കിലും വീടുന്നതാണ് ഈ പരിഷ്ക്കാരങ്ങള്‍ :)

Joker said...

ഇസ്ലാമില്‍ പുരുഷന്‍ സ്ത്രീ വേഷം കെട്ടുന്നതോ സ്ത്രീ ഉപയോഗിക്കുന്ന തരത്തിലുള്ള അലങ്കാരങ്ങള്‍ ഉപയോഗിക്കുന്നതോ വിലക്കിയിട്ടുണ്ട്. (ഇതിനോടുള്ള യോജിപ്പോ വിയോജിപ്പോ അല്ല ഈ കമന്റിന് ആധാരം )

പൊതുവെ ചില ഇസ്ലാമിക രാജ്യങ്ങളെ പറ്റി പറയാറുണ്ട്. ശരീ അത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് ഭയങ്കര ആവേശമാണ്. എന്നാല്‍ ശരീ അത്ത് അംഗീകരിക്കുന്നവര്‍ അത് നല്‍കുന്ന മനുഷ്യാവകാശങ്ങള്‍ അനുവദിക്കാന്‍ മടിയാണ്.ശരീ അത്ത് ശിക്ഷാ നടപടികള്‍ നടപ്പിലാക്കിയാല്‍ ശരീ അത്ത് പൂര്‍ണമായി എന്ന ധാ‍രണയിലാണവര്‍.

അത് പോലെയാണ് ഷാര്‍ജയുടെ കാര്യം. പല ഇസ്ലാമിസ്റ്റുകള്‍ക്കും ഷാര്‍ജ ഭയങ്കര ഇസ്ലാമിക് സ്റ്റേറ്റാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ അരാജകത്വം ഉള്ള എമിറേറ്റ് കൂടിയാണ് ഷാര്‍ജ.

ഒരിക്കലും തീരാത്ത ഗതാഗത കുരുക്കുകള്‍, പിടിച്ചു പറി, കൈയേറ്റം, നീതി നിഷേധം, ലഹരി വസ്തുക്കളുടെ ലഭ്യത ,ജോലിമാറ്റം പോലുള്ള കാര്യങ്ങാളിലുള്ള വിവേചനം തുടങ്ങിയിയവയൊക്കെ.ഷാര്‍ജയുടെ പ്രത്യേകതകളാണ്.

ചില നിയമങ്ങള്‍ നടപ്പിലാക്കുമ്പോഴുള്ള ആവേശം കാണുമ്പോള്‍ തോന്നുക ഈയൊരു നിയമത്തോടെ എല്ലാം പൂര്‍ത്തിയായി എന്നാണ്.

കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

ഓ.ടോ.

ഷാര്‍ജയിലുള്ള അന്യായമായ വാടക വര്‍ദ്ദനയെ കുറിച്ച് ഒരു അറബിയോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. നിലവിലുള്ള ബിസിനസ്സ് ആയതിനാല്‍ വിലനിലവാരത്തില്‍ പരാതിപെട്ടിട്ട് കാര്യമില്ല എന്നായിരുന്നു. കൂട്ടികൊടുപ്പ് ഭയങ്കര ബിസിനസ്സായി മാറുമ്പോള്‍ അന്നും ഒരു പക്ഷെ ഇവര്‍ ഇതേ ന്യായം പറയുമായിരിക്കും എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

Anonymous said...

Was it a heaven in Russia when your God, Stalin ruled?
These indians went to Sharja, because they thought woking like a slave of Arabi was more acceptable than working under an Indian muthalaaLi in india.
Is it not that marxists (like you) destroyed every possibility of these people to get employed in some industrien in their own country?
And now you shed crocodile tears!

ജിവി/JiVi said...

ഇതൊന്നും നടപ്പാക്കാനുള്ള ഉത്തരവുകളല്ല എന്നതാണ് ആശ്വാസം.(എനിക്കല്ലേ!!)

അനില്‍@ബ്ലോഗ് // anil said...

നാടു ഭരിക്കുക എന്ന പണിയൊന്നും ഷാര്‍ജ സര്‍ക്കാരിന്റെയോ ഭരണാധികാരികളുടെയോ അജണ്ടയിലില്ല
എന്നു തുടങ്ങുന്ന ഈ പാരഗ്രാഫ് വായിച്ച് അത്ഭുതപ്പെട്ടു. ഇന്ത്യാരാജ്യത്തെ ജനാധിപത്യവും ഇവിടുത്തെ രാഷ്ട്രീയക്കാരും ഇന്ത്യയെ മുടിപ്പിക്കുന്നു എന്നും പറഞ്ഞ് വിലപിക്കുന്ന പ്രവാസികള്‍ ഷാര്‍ജയിലും ഉണ്ട്. അപ്പോള്‍ പല രാജ്യങ്ങളിലും സാധാരണക്കാരന്‍ കഷ്ടത്തിലാണല്ലെ?
:)

വെള്ളെഴുത്ത് said...

അറബിരാജ്യങ്ങള്‍ എന്ന് സാമാന്യേന പറഞ്ഞുപോകുമ്പോള്‍ ഇങ്ങനെ ചില വശങ്ങള്‍ പലപ്പോഴും വിസ്മരിക്കാറാണ് പതിവ്. ദുബായിയെപ്പറ്റി, അബുദാബിയെപ്പറ്റി, ഖത്തറിനെപ്പറ്റി, മസ്കറ്റിനെപ്പറ്റിയൊക്കെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിത്രം എത്രയൊക്കെ ഏകശാസനമായാലും ദൈവം എന്ന പരമമായ മൂല്യബോധത്തില്‍ സംശയലേശമെന്യേ വിശ്വസിക്കുന്ന, അതുകൊണ്ട് സഹജീവികള്‍ക്ക് ഉപദ്രവിയാവാന്‍ കഴിയാത്ത ഭരണാധികാരികളുടെ നാടെന്നാണ്.. പല സാമാന്യബോധങ്ങളും തകര്‍ന്നു വീഴേണ്ടവ തന്നെയാണ്...

Rajeeve Chelanat said...

ഇതില്‍ കമന്റ് ചെയ്തവര്‍ക്കും, പേരുവെച്ചും വെക്കാതെയും ജി.മെയിലില്‍ വന്ന് അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ