Thursday, October 29, 2009

പ്രാര്‍ത്ഥന

ഈ കുറിപ്പ്‌ എഴുതുമ്പോള്‍ സത്യമായിട്ടും എന്റെ ഉള്ളില്‍ നിറയെ ഭയമാണ്‌. കുറച്ചുകാലമായി ഈ രോഗം തുടങ്ങിയിട്ട്‌. മഴയോട്‌ പെയ്യരുതെന്നും ഭൂമിയോട്‌ അനങ്ങരുതേയെന്നും പ്രാര്‍ത്ഥിക്കുന്ന ഒരു അപൂര്‍വ്വ രോഗം. അവയോട്‌ അതൊക്കെ പറയാന്‍ ഞാനാരാണ്‌? അങ്ങിനെ പ്രാര്‍ത്ഥിച്ചതുകൊണ്ട്‌ മഴ പെയ്യാതിരിക്കുകയും ഭൂമി സ്പന്ദിക്കാതിരിക്കുകയും ചെയ്യുമോ? എന്നാലും ഞാന്‍ ഈയിടെയായി അങ്ങിനെയൊക്കെ ഭ്രാന്തമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്‌.

ഏതുനിമിഷവും തകര്‍ന്നേക്കാവുന്ന പഴക്കം ചെന്ന ഒരു വലിയ അണക്കെട്ടിന്റെ മടിത്തട്ടില്‍ യാതൊരു 'നിത്യാഭയങ്ങളു'മില്ലാതെ എന്റെ നാടും നാട്ടുകാരും സുഖസുഷുപ്തിയില്‍ കഴിയുമ്പോള്‍ എങ്ങിനെയാണ്‌ എനിക്ക്‌ പ്രാര്‍ത്ഥിക്കാതിരിക്കാന്‍ കഴിയുക? എങ്ങിനെയാണ്‌ എന്റെ ഈ രോഗം മാറുക? എന്തുകൊണ്ടാണ്‌ എന്റെയും എന്നെപ്പോലുള്ള നിരവധിയാളുകളുടെയും ഈ ഭയം എന്റെ നാടിനെയൊന്നാകെ ഇളക്കിമറിക്കാത്തത്‌? ഏതു ദുരന്തത്തിനുവേണ്ടിയാണ്‌ അവരുടെ ഈ നശിച്ച തപസ്സിരുപ്പ്‌?

ഇന്നും, ആ ഭീഷണമായ അണക്കെട്ടിന്റെ വാര്‍ത്തയും ചിത്രങ്ങളും നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. പരസ്പരം പോരടിക്കുന്ന രണ്ട്‌ അയല്‍സമൂഹങ്ങള്‍. അവയ്ക്കുമേല്‍ കുത്തിയിരുന്ന്‌ ദുരന്തത്തിന്റെ സമയസൂചികളെ തള്ളിനീക്കുന്ന കോടതികളും സാങ്കേതിക വിചക്ഷണരും. അണക്കെട്ടിന്റെ ഉയരത്തെക്കുറിച്ചും ഇനിയും പിറക്കാത്ത സമിതിയുടെ വിഷയപരിധികളെക്കുറിച്ചും ചര്‍ച്ച ചെയ്തും കലഹിച്ചും പോരടിക്കുന്ന ജനപ്രതിനിധികള്‍. 999 വര്‍ഷം എന്ന അസംബന്ധ പഞ്ചാംഗം നമുക്കുവേണ്ടി കാലേക്കൂട്ടി നിശ്ചയിച്ചുറപ്പിച്ച പഴയ വെള്ളക്കാരന്‍ യജമാനന്റെ കുരുട്ടിബുദ്ധിയെ അറുപത്തിരണ്ടുകൊല്ലത്തിനിപ്പുറവും ചോദ്യം ചെയ്യാനോ, പൊട്ടിച്ചുകളയാനോ മിനക്കെടാത്ത അധസ്ഥിത മലയാളി സമൂഹത്തിനെ ഏതു പ്രാര്‍ത്ഥനയ്ക്കാണ്‌ ഇനി രക്ഷപ്പെടുത്താന്‍ കഴിയുക? പാവപ്പെട്ട തമിഴ്‌ കര്‍ഷകന്റെയും ദ്രാവിഡരാഷ്ട്രീയത്തിന്റെയും പേരുപറഞ്ഞ്‌, മക്കള്‍തിലകങ്ങളും പട്ടാളിമക്കളും പുരട്ച്ചിതലൈവികളും, കലൈഞ്ജര്കലാനിധി‍മാരും ഒന്നിച്ച്‌ മത്സരിച്ച് കാവടിയാടുമ്പോള്‍ എവിടെപ്പോയി ഒളിച്ചിരിക്കുന്നു നമ്മുടെ വീരശൂരനായകന്‍മാര്‍?

ഒരു നേരിയ വിള്ളലിലൂടെ, ഭൂമിയുടെ ഒരു ചെറിയ ഇളക്കത്തിലൂടെ, ഒരു കുമ്പിള്‍ അധിക മഴവെള്ളത്തിലൂടെ ഒരു വലിയ പ്രദേശം മുഴുവന്‍, അതിലെ സര്‍വ്വ ജീവജാലങ്ങളുമായി കുത്തിയൊലിച്ചുപോകാനുള്ള ഭീകരമായ സാധ്യതകളെ സൌകര്യപൂര്‍വ്വം മറന്ന്‌, ഇല്ലാത്ത ലവ്ജിഹാദിന്റെയും, പ്രഭാതസവാരിക്കാരുടെ ഇല്ലാത്ത ദളിതഭയത്തിന്റെയും, ഗുണ്ടകളുടെ രാഷ്ട്രീയത്തിന്റെയും, ആട്ടിടയന്‍മാരുടെ വിമോചനസമരസ്വപ്നത്തിന്റെയും ബലൂണുകള്‍ വീര്‍പ്പിച്ചു നടക്കുന്ന മലയാളത്തിന്റെ മന്ദബുദ്ധിയെ ഏതു പ്രാര്‍ത്ഥനക്കാണ്‌ ഇനി രക്ഷിക്കാനാവുക?

മണ്ണിലും മലയിലും മഴ പെയ്യുന്നത്‌ കണ്‍കുളിര്‍ക്കെ കണ്ടിട്ട്‌ നാളേറെയായി. നാട്ടില്‍ നിന്നു തിരിച്ചെത്തുന്നവരുടെ മഴാനുഭവങ്ങള്‍ അസൂയയോടെ കേള്‍ക്കാന്‍ തുടങ്ങിയിട്ടും രണ്ടുവര്‍ഷം തികയുന്നു. ഇടവപ്പാതിയെന്നും തുലാവര്‍ഷമെന്നും കേള്‍ക്കുമ്പോള്‍ ഉള്ളുതണുപ്പിച്ചിരുന്ന ഗൃഹാതുരത്വം ഇന്നെന്നെ മെല്ലെമെല്ലെ വിട്ടുപോവുകയാണ്.


ഓരോ മഴയെയും ഞാന്‍ ഇന്ന് പേടിക്കുന്നു. ഇവിടെ അകലെയിരുന്നാണെങ്കിലും, ആ മലനാട്ടിലെ മണ്ണിനടിയില്‍നിന്ന് എന്തെങ്കിലുമൊരു നനുത്ത മുരള്‍ച്ച പുറപ്പെടുന്നുണ്ടോ എന്ന് എപ്പൊഴും കാതോര്‍ത്തിരിക്കുകയാണ് എന്റെ ഉള്‍ഭയം.

7 comments:

Rajeeve Chelanat said...

പ്രാര്‍ത്ഥന

Anonymous said...

“സര്‍വ്വ ജീവജാലങ്ങളുമായി കുത്തിയൊലിച്ചുപോകാനുള്ള ഭീകരമായ സാധ്യതകളെ സൌകര്യപൂര്‍വ്വം മറന്ന്‌, ഇല്ലാത്ത ലവ്ജിഹാദിന്റെയും, പ്രഭാതസവാരിക്കാരുടെ ഇല്ലാത്ത ദളിതഭയത്തിന്റെയും, ഗുണ്ടകളുടെ രാഷ്ട്രീയത്തിന്റെയും, ആട്ടിടയന്‍മാരുടെ വിമോചനസമരസ്വപ്നത്തിന്റെയും ബലൂണുകള്‍ വീര്‍പ്പിച്ചു നടക്കുന്ന മലയാളത്തിന്റെ മന്ദബുദ്ധിയെ ഏതു പ്രാര്‍ത്ഥനക്കാണ്‌ ഇനി രക്ഷിക്കാനാവുക?“

കാര്യം മനസ്സിലായി സഖാവേ...സാറിനേപ്പോലെ ബുദ്ധിയൊള്ളവന്മാരൊക്കെ കേരളത്തിനു വെളിയിലല്ലേ.. ഞങ്ങള്‍ മന്ദബുദ്ധികള്‍ ചത്താലെന്ത് ജീവിച്ചാലെന്ത്..

ഈ പ്രശ്നം പരിഹരിക്കാന്‍ കോടതിയല്ലതെ മറ്റൊരു വഴി മഹാനായ അവിടുന്ന അരുളി ചെയതാലും...

ഇതൊക്കെ ഇന്ത്യയുടെ ആണവ നയത്തിന്റെ സ്വഭാവിക പ്രതികരണമ്മയ ബോബു സ്പോടനം പോലെ മലയാളത്തിന്റെ മന്ദബുദ്ധിയുടെ സ്വഭാവിക പ്രതികരണമായി കൂട്ടിയാ മതി ചേലനാട്ടു സകഹാവേ..

Anonymous said...

സഖാവിനു പ്രഭാത സവാരിക്ക് ഭയം ഇല്ല എന്നായിരിക്കും‌‌. ഗള്‍‌‌ഫിലെന്തോന്ന് പേടിക്കാന്‍‌‌. തല പോണത് നാട്ടിലുള്ള കിഴവന്മാരുടേയും ചായക്കടക്കാരുടേയുമല്ലേ.

വികടശിരോമണി said...

പൊളിട്രിക്സ് എന്ന ഇന്ത്യാവിഷന്റെ പി.ടി.നാസർ ആക്ഷേപഹാസ്യത്തിലൊരിക്കൽ,ഒരു ദിവസം എപ്പിസോഡ് അവസാനിപ്പിച്ചത് നാസർ ഇങ്ങനെയാണ്:
“മുല്ലപ്പെരിയാർ അണക്കെട്ടു പൊട്ടിയില്ലെങ്കിൽ,അടുത്ത ആഴ്ച്ച വീണ്ടും കാണാം,നമസ്കാരം”
പെട്ടെന്നൊരു ചിരി വന്നെങ്കിലും,ഉടനെ നട്ടെല്ലിലൂടെ ഒരു മിന്നൽ‌പ്പിണർ പാഞ്ഞുപോയി.

optimist said...

"അങ്ങിനെ പ്രാര്‍ത്ഥിച്ചതുകൊണ്ട്‌ മഴ പെയ്യാതിരിക്കുകയും ഭൂമി സ്പന്ദിക്കാതിരിക്കുകയും ചെയ്യുമോ?"

a starting point

http://www.youtube.com/watch?v=3UL6tBp5jQ4

Anonymous said...

These thoughts are supposed to come up in the minds of the so called politicians. It is high time to crucify all politicians in Kerala, irrespective of parties.

I really do not know, why common men are still sitting there without any provocative actions?

Vinu

Mahi said...

ഒന്നും നൊസ്റ്റാള്‍ജിക്കല്ല ഇപ്പോള്‍ വര്‍ത്തമാന പരിതസ്ഥിതിയില്‍ എല്ലാത്തിനേയും പുതിയൊരു രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ നോക്കികാണണമെന്ന്‌ തോന്നുന്നു