Wednesday, March 23, 2011

കൊലകൊമ്പന്മാരുടെ ചിത്രങ്ങൾ
ന്യൂയോർക്കർ മാസികയിൽ പ്രസിദ്ധീകരിച്ച സെയ്‌മൂർ ഹർഷിന്റെ ലേഖനത്തിന്റെ പരിഭാഷ

ആ ചിരി ശ്രദ്ധിക്കുക. Der Spiegel എന്ന ജർമ്മൻ മാസിക പുറത്തുവിട്ട ആ ചിത്രത്തിൽ ഒരു അമേരിക്കൻ പട്ടാളക്കാരൻ ക്യാമറക്കുനേരെ നോക്കി വലിയ വായിൽ ചിരിക്കുന്ന കാഴ്ച കാണാം. കുറച്ചു നിമിഷങ്ങൾക്കു മുൻപു മാത്രം അയാളും കൂട്ടാളികളും ഒരു തമാശക്കുവേണ്ടി കൊന്നിരിക്കാൻ ഇടയുള്ള ഒരു അഫ്ഘാനിയുടെ ശവശരീരത്തിലാണ്‌ അയാളുടെ കൈകൾ. ഒരുതരത്തിൽ ഈ ചിരി നമ്മൾ ഇതിനുമുൻപും കണ്ടിട്ടുണ്ട്. എട്ടുവർഷങ്ങൾക്കുമുൻപ്, അബു ഗ്രയിബ് തടവറിയിൽ നഗ്നരായ ഇറാഖി തടവുകാരെ ഒന്നിനുമീതെ ഒന്നായി കൂട്ടിയിട്ട് ക്യാമറക്ക് പോസ് ചെയ്തു ചിരിക്കുന്ന അമേരിക്കൻ സ്ത്രീ പുരുഷ സൈനികരുടെ മുഖത്തും നമ്മൾ ഈ ചിരി കണ്ടിട്ടുണ്ട്.

‘കൊലയാളിസംഘം‘ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ സൈനികർ എടുത്ത നാലായിരം ഫോട്ടോകളും വീഡിയോകളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് Der Spiegel എന്ന ജർമ്മൻ മാസിക ഈയാഴ്ച റിപ്പോർട്ട് ചെയ്തു. ആ ചിത്രങ്ങളും വീഡിയോകളും അമേരിക്കൻ സൈനിക പ്രോസിക്യൂട്ടർമാരുടെ കൈവശമാണിന്ന്. ഈ ചിത്രത്തിൽ കാണുന്ന ജെർമി മോർലോക്ക് എന്ന ഇരുപത്തിരണ്ടുകാരൻ അടക്കമുള്ള അഞ്ചുപേർ മൂന്ന് അഫ്ഘാൻ പൌരന്മാരെ കൊന്ന കുറ്റത്തിന്‌ പട്ടാള നടപടി കാത്തിരിക്കുകയാണ്‌. മയക്കുമരുന്ന് ഉപയോഗിച്ചതടക്കമുള്ള താരതമ്യേന ചെറിയ കുറ്റകൃത്യങ്ങൾ ചെയ്ത വേറെ ഏഴു സൈനികരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്. 

മി ലൈ യിലും നമ്മൾ ഈ ചിത്രങ്ങൾ കണ്ടതാണ്‌. നാലു പതിറ്റാണ്ടുമുൻപ്, ഒരു ഡസൻ അമേരിക്കൻ പട്ടാളക്കാർ ചേർന്ന് ദക്ഷിണ വിയറ്റ്നാമിൽ, സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം അഞ്ഞൂറോളം ആളുകളെ നിർദ്ദയമായി കൊന്നൊടുക്കിയപ്പോൾ റൊണാൾഡ് ഹെബർലി എന്ന ഒരു സൈനിക ഫോട്ടോഗ്രാഫർ തന്റെ രണ്ടു ക്യാമറകളുമായി അന്നവിടെയുണ്ടായിരുന്നു. ബ്ളാക്ക് ആൻഡ് വൈറ്റ് ഫിലിം നിറച്ച ഔദ്യോഗിക ക്യാമറയിൽ ദുരന്തചിത്രങ്ങളൊന്നും പതിയാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു. നേരിയ പുഞ്ചിരിയുമായി വിശ്രമിക്കുന്ന ചില പട്ടാളക്കാരുടെ ചിത്രങ്ങൾ മാത്രമായിരുന്നു റൊണാൾഡിന്റെ ഔദ്യോഗിക ക്യാമറയിൽ. സ്വന്തം ക്യാമറയിലെ കളർ ഫോട്ടോയിലാകട്ടെ, കാര്യങ്ങൾ വ്യക്തമായിരുന്നു. ചിതറിത്തെറിച്ച കുട്ടികളുടെ ചിത്രങ്ങളായിരുന്നു അതിൽ. നിരർത്ഥകമായ ഒരു നീണ്ട യുദ്ധത്തിലെ മറക്കാനാവാത്ത ചിത്രങ്ങളായി പില്ക്കാലത്ത് ഇവ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. കോടതി നടപടികൾക്കിടയിലും, അഭിമുഖവേളയിലുമൊക്കെ ആ സൈനികരെ പിന്നീട് കണ്ടപ്പോൾ  മിടുക്കന്മാരും, നല്ലവരുമായ അമേരിക്കൻ കുട്ടികളായിട്ടായിരുന്നു അവർ ചിത്രീകരിക്കപ്പെട്ടിരുന്നത്.

അതിക്രമങ്ങളെ ചിത്രങ്ങളിലാക്കാനും നാട്ടിലും സ്വന്തം യൂണിറ്റിലുമുള്ള സുഹൃത്തുക്കൾക്കും പ്രണയികൾക്കുമൊക്കെ കൈമാറാനും ഈ സൈനികരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത ക്രൂരതകളെക്കുറിച്ചുള്ള ഒരു സൈനികന്റെ നൈതികബോധം ഇത്ര എളുപ്പത്തിൽ നഷ്ടമാകുന്നതെങ്ങിനെയാണ്‌? പുറത്തുള്ളവർക്ക് ഈ ചോദ്യത്തിന്‌ പൂർണ്ണമായി മറുപടി പറയാനാകില്ല. മൈ ലായ് മുതലിങ്ങോട്ട് യുദ്ധകുറ്റകൃതങ്ങളെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ വ്യക്തിപരമായ എന്റെ തോന്നൽ, സിവിലിയന്മാരെ കൊന്നൊടുക്കുക എന്നത് പരമ്പരാഗതമല്ലാത്ത ഒരു ആധുനിക യുദ്ധമുറയായി ഈ ചെറുപ്പക്കാർ അംഗീകരിച്ചിരിക്കുന്നു എന്നാണ്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കൊല്ലുക എന്നത് - അത്, താലിബാനുമായുള്ള യുദ്ധത്തിലായാലും ശരി, അപരിചിതമായ ഭാഷയും ആചാരങ്ങളുമുള്ള അപരിചിതമായ രാജ്യത്തിലെ നിർദ്ദോഷികളായ പൌരന്മാരെയായാലും ശരി - ഒരു സാധാരണ കർമ്മമായി ഈ പട്ടാളക്കാർ കണ്ടുതുടങ്ങിയിരിക്കുന്നു. പരാജയപ്പെടുന്ന നീണ്ട യുദ്ധങ്ങളിൽ, സൈനികർക്ക് എല്ലാവിധത്തിലുള്ള നൈതികതയും മര്യാദകളും നഷ്ടമാവുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ ഭയാനകമാണ്‌. നമുക്കു വേണ്ടി കൊല്ലാൻ നമ്മളയക്കുന്ന ഈ ചെറുപ്പക്കാരിൽ യുദ്ധം വരുത്തിത്തീർക്കുന്ന കെടുതികളിൽ ഇതും പെടുന്നു. അഫ്ഘാനിസ്ഥാനിലെ അമേരിക്കൻ സൈനികരുടെ പ്രവൃത്തികൾക്ക് അവർതന്നെയാണ്‌ കാരണക്കാർ. എങ്കിലും, വിയറ്റ്നാമിലെപ്പോലെ, ചില സന്ദർഭങ്ങളിലെങ്കിലും ഈ പട്ടാളക്കാരും ഇരകളാകുന്നുണ്ട് എന്നത് കാണാതിരിക്കരുത്

വിയറ്റ്നാമിലെപ്പോലെ, അഫ്ഘാനിസ്ഥാനിലെ അമേരിക്കൻ യുദ്ധത്തിനും ഒരിക്കലും വിജയിക്കാനാവില്ലെന്ന് തെളിയിക്കുന്നവയാണ്‌ Der Spiegel ചിത്രങ്ങൾ എന്ന് എനിക്കു തോന്നുന്നു. യുദ്ധത്തിൽ സംഭവിക്കുന്നത് ഭീകരമായ കാര്യങ്ങളാണ്‌. അഫ്ഘാനിസ്ഥാനിൽ രാത്രികാലങ്ങളിൽ അമേരിക്ക നടപ്പാക്കുന്ന കൊലപാതകപരമ്പരകളും ബോംബിംഗ് അഭ്യാസങ്ങളും ഭീകരതയല്ലാതെ മറ്റൊന്നുമല്ല. താലിബാൻ അനുഭാവികളെന്നു സംശയിക്കുന്നവരെ അഫ്ഘാൻ പോലീസിനു കൈമാറുന്നതും സൈനികരെ പീഡിപ്പിക്കുന്നതൊമൊക്കെ നിത്യേനയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ അധിനിവേശം ഇനിയും തുടർന്നേക്കാം. അഫ്ഘാനിസ്ഥാന്റെ പ്രതികാരം ഉടനടിയൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. എങ്കിലും, ഒന്നോ രണ്ടോ ദശാബ്ദം കഴിഞ്ഞാൽ, ആരാണ്‌ നമ്മെ ആക്രമിക്കുന്നതെന്നോ, എന്തിനുവേണ്ടിയാണ് ആക്രമിക്കുന്നതെന്നോ അറിയാൻ നമുക്കും ഒരുപക്ഷേ കഴിയാതെവരും.


പരിഭാഷകക്കുറിപ്പ്: ഇതെഴുതുമ്പോൾ, അമേരിക്കയുടെയും അതിന്റെ കൂട്ടിക്കൊടുപ്പുകാരുടെയും നേതൃത്വത്തിൽ വീണ്ടും മറ്റൊരു യുദ്ധത്തിന്റെ തിരശ്ശീല ഉയർന്നുകഴിഞ്ഞിരിക്കുന്നു. ഇത്തവണ, ലിബിയൻ മണ്ണിലാണത് അരങ്ങേറുന്നത്. ഐക്യരാഷ്ട്രസഭയുടെ കള്ളപ്പേരിൽ ലോകത്തെ നാലാമത്തെ എണ്ണപ്പാടം കയ്യടക്കാനുള്ള അമേരിക്കയുടെയും പാശ്ചാത്യറൌഡികളുടെയും മറ്റൊരു അവിശുദ്ധയുദ്ധം. സിറിയയിലേക്കും, യെമനിലേക്കുമൊക്കെ വ്യാപിക്കുകയാണ് പതുക്കെപ്പതുക്കെ അത്. പ്രതികരണശൂന്യമായ, നാണം കെട്ട ലോകജനതയാകട്ടെ നിശ്ശബ്ദമായി അതിനു സാക്ഷികളാവുകയും ചെയ്യുന്നു.


9 comments:

Rajeeve Chelanat said...

കൊലകൊമ്പന്മാരുടെ ചിത്രങ്ങൾ

ജനശക്തി said...

നന്ദി

മുക്കുവന്‍ said...

ഈ പടങ്ങള്‍ നാലുപേര്‍ക് കണാനെങ്കിലും പറ്റി.. പക്ഷേ നമ്മടെ സഖാക്കള്‍ ടിയാമിന്‍ സ്ക്വയറില്‍ കൊന്നൊടുക്കിയതിന്റെ ഒരു പൊടിപോലുമില്ലാ.. :) അപ്പാ ആരാ ഭേദം?

Unknown said...

കൊലകൊമ്പന് ശിക്ഷ കിട്ടി.

US Soldier Gets 24 Years For Murders Of 3 Afghans

http://www.npr.org/templates/story/story.php?storyId=134784092

മഞ്ഞു തോട്ടക്കാരന്‍ said...

മുക്കുവന്‍ പറഞ്ഞതിന് താഴെ ഒരു ഒപ്പ് .

അബ്ദുൽ കെബീർ said...

രാജീവ് താങ്കൾക്കു നന്ദി..ചിന്താർഹമായ നിരീക്ഷണം.

(ശരിയാണു എന്തിനു കൊല്ലുന്നു എന്തിനു വേണ്ടി കൊല്ലപ്പെടുന്നു എന്നറിയാത്ത കാലമായിരിക്കുന്നു വർത്തമാനം. നിങ്ങളുടേയും പ്രവാചകനായ മുഹമ്മദ്(സ)ഇത്തരം ഒരു കാലം വരുന്നതിനെക്കുറിച്ചു നടത്തിയ പ്രവചനമാണു എനിക്കോർമ വരുന്നത്.)

വിചാരം said...

രാജീവേട്ടാ ഈ കാര്യത്തിൽ ലോകത്തുള്ള എല്ലാ സൈനികരും ഒരേ കാറ്റഗറിയിൽ പെടുത്താനാവും, നമ്മുടെ ഇന്ത്യൻ സൈനികർ എത്ര നിരപരാധികളെ കൊന്നൊടുക്കിയിരിക്കുന്നു കാഷ്മീർ ഇത്ര രൂക്ഷമാക്കിയതിൽ പ്രധാന പങ്ക് നമ്മുടെ സൈനികർക്കുണ്ട്, എന്നു കരുതി എല്ലാ സൈനികരും (ഏതൊരു രാജ്യത്തിന്റേയും) മോശമാണന്ന് പറയരുത് , അമേരിക്കൻ സൈന്യത്തിന്റെ കൂടെ 6 വർഷം ഞാൻ ജീവിച്ചിട്ടുണ്ട് ഒത്തിരി സൈനികരും മുൻ സൈനികരും എന്റെ സുഹൃത്തുക്കളും ബോസുമാരുമാണ്, എനിക്കവരിൽ ഇത്ര ക്രൂരത കാണാൻ കഴിഞ്ഞിട്ടില്ല എന്നാൽ ചിലരെ കണ്ടിട്ടുമുണ്ട് , നമ്മുക്കിടയിലുമില്ലേ നല്ല മനസ്സുള്ളവരും ക്രൂര മനസ്സുള്ളവരും, പ്രവീണിനെ വെട്ടി കഷണമാക്കി കായലിൽ എറിഞ്ഞ പോലിസുദ്യോഗസ്ഥൻ മലയാളിയായ ഷാജിയല്ലേ , ചൈനീസ് പട്ടാളക്കാർ എത്ര ഇന്ത്യക്കാരെ കൊന്നിരിക്കുന്നു , ചൈനീസ് പട്ടാളക്കാർ എത്ര നിരപരാധികളായവരെ ബുൾഡോസർ ഉപയോഗിച്ച് വകവരുത്തിയിരിക്കുന്നു …ഒരു സാദാ മനുഷ്യചിന്തയല്ല പോലീസ്/സൈനിക ഉദ്യോഗസ്ഥർക്കുള്ളത് .. വല്ലാത്ത ട്രൈനിംങ്ങിലൂടെ അവരുടെ മനസ്സിലെ എല്ലാ നന്മകളേയും തല്ലി കെടുത്തി കളയും , നമ്മൾ എല്ലാം കാണുന്നത് നമ്മുടെ ഇളം ഹൃദയത്തിലൂടെയാണ് ….

Kabeer Katlat said...

thank you for the information. By the way, Mr. Abdul Kabeer's comment is a good joke. His prophet foreseen such a time, according to him. hahahaha

Rajeeve Chelanat said...

വിചാരം,
പട്ടാളക്കാർ പലപ്പോഴും ഇരകാളാകുന്നുവെന്നും സയ്‌മൂർ ഹർഷ് നിരീക്ഷിക്കുന്നെണ്ടെന്ന് ശ്രദ്ധിച്ചിരിക്കുമല്ലൊ.

പട്ടാളക്കാരും ഒരു തൊഴിലാളിവർഗ്ഗം തന്നെയാണ്. ഭരണകൂടത്തിന്റെ നേരിട്ട് കീഴിലുള്ള ഒരു വർഗ്ഗം. രാജ്യസുരക്ഷ എന്ന പ്രാഥമികമായ ദൌത്യത്തിനപ്പുറത്തേക്കാണ് ഇന്ന് അവർ ഏറെയും നിയോഗിക്കപ്പെടുന്നത്. കൊല്ലാനും കൊല്ലപ്പെടാനും വിട്ടുകൊടുക്കപ്പെടുമ്പോൾ അവരിൽ‌നിന്ന് അത്രയൊന്നും നന്മ നമ്മൾ പ്രതീക്ഷിക്കുകയുമരുത്. ഇവിടെ പക്ഷേ സംഭവിക്കുന്നത് കുറേക്കൂടി വിചിത്രമായ ഒന്നാണ്. സയ്‌മൂർ ഹർഷ് തന്നെ സൂചിപ്പിക്കുന്നതുപോലെ, ഒരു പട്ടാളക്കാരന്റെ മിനിമം നൈതികബോധത്തെപ്പോലും ഇല്ലാതാക്കാനുള്ള indoctrination ആണ് അമേരിക്കയടക്കമുള്ള യുദ്ധവെറിയന്മാരായ ഭരണകൂടം നടത്തുന്നത്. അതും തികച്ചും അവിശുദ്ധമായ ഒരു യുദ്ധത്തിനുവേണ്ടി. (യുദ്ധം എങ്ങിനെ, എപ്പോഴൊക്കെ വിശുദ്ധവും അവിശുദ്ധവുമാകുന്നു എന്നത് മറ്റൊരു വിഷയം).

ഇവിടെ ജെർമി എന്ന പട്ടാളക്കാരൻ ശിക്ഷിക്കപ്പെട്ടു എന്നത് ആശ്വാസകരം തന്നെയാണ്. അപ്പോഴും ഡേവീസ് എന്ന പട്ടാളക്കാരൻ പുല്ലുപോലെ രക്ഷപ്പെട്ടു എന്നതും നമ്മൾ കാണാതിരിക്കരുത്. അമേരിക്കൻ (അ)നൈതികതയുടെ ഇരട്ടത്താപ്പ് സ്വന്തം ആളുകളെത്തന്നെ എങ്ങിനെ ബാധിക്കുന്നു എന്നും ഇത് കാണിച്ചുതരുന്നുണ്ട്.

മുക്കുവൻ,

ഈ പടങ്ങൾ ആരാണ് പുറത്തുവിട്ടത് മുക്കുവാ? അമേരിക്കൻ മച്ചുനന്മാരാണോ?

പിന്നെ, ടിയാനൻ‌മെൻ ചിത്രങ്ങൾ. അത് ഞങ്ങൾ സഖാക്കൾ ഇരുമ്പുമറക്കകത്തുവെച്ച് പൂട്ടിയിരിക്കുകയാണ്. കാണിച്ചുതരാൻ മനസ്സില്ല. വാശിപിടിക്കരുത്.

അബ്ദുൾ കെബീർ,

ആ സൂചിപ്പിച്ച ചിന്ത എന്റേതല്ല. സയ്‌മൂർ ഹർഷിന്റേതാണ്.
പിന്നെ നിങ്ങളുടെ പ്രവാചകൻ (എന്റേതല്ല) നടത്തിയ പ്രവചനത്തെക്കുറിച്ച് പറയാൻ ഞാനാളല്ല.

അഭിവാദ്യങ്ങളോടെ