Wednesday, May 4, 2011

മഹാരഥന്മാരുടെ മാനവികസന്ദേശം

ജോൺസന്റെ ഭാര്യ ഷാജിയും, ജോമിയുടെ അമ്മ ഓമനയുമൊന്നും മഹാരഥന്മാരല്ല. ലോകത്തിനു നൽകാൻ അവരുടെ കയ്യിൽ റെഡിമെയ്ഡ് മാനവികസന്ദേശവുമില്ല

ജോൺസണും ജോമിയുമൊക്കെ കേവലം സാധാരണക്കാരായ വൃക്കരോഗികൾ. അനേകരിൽ ചിലർ മാത്രം. ഓമനയും ഷാജിയുമാകട്ടെ സാദാ വൃക്കദാതാക്കളും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, തന്റെ കെട്ടിയോൻ ജോൺസണ് വൃക്ക കൊടുത്ത സ്ത്രീയുടെ മകന് ഷാജി തന്റെ വൃക്ക കൊടുത്തു. തന്റെ മകൻ ജോമിക്ക് വൃക്ക കൊടുത്ത സ്ത്രീയുടെ കെട്ടിയോന് ഓമന തന്റെ വൃക്കയും കൊടുത്തു. സിമ്പിൾ.

തന്റെ മകന്റെയും തന്റെ കെട്ടിയോന്റെയും ശരീരത്തിനുള്ളിൽ കത്തോലിക്കാ കിഡ്‌നിയാണോ, ഹിന്ദു കിഡ്‌നിയാണോ എന്നൊന്നും ഓമനയുടെയും ഷാജിയുടെയും ചിലവിൽ ഒരു മായാകൃഷ്ണനും വ്യാകുലപ്പെട്ടതുമില്ല.

വലിയ ലോകത്തിലെ ഈ ചെറിയ മനുഷ്യർക്കിനി മഹാരഥങ്ങളാകണമെങ്കിലോ, അവരുടെ അതിസാധാരണമായ അതിജീവനകലകൾ മാനവികസന്ദേശങ്ങളാകണമെങ്കിലോ, അവർക്ക് അവരുടെ സ്വന്തം വ്യവസായശൃംഖലയും അവർ സ്ഥാപകമേലാളന്മാരായ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും വേണ്ടിവരും.

അന്ന്, ആ സുദിനത്തിൽ, ഷാജിയും ഓമനയുമൊക്കെ മഹാരഥന്മാരായി തൃശൂർ റൌണ്ടിൽ വിലസും. അന്ന് അവർക്ക് പൌരസ്വീകരണം നൽകാനും പൊന്നാടയണിയിക്കാനും ലയണുകളും, റൊട്ടേറിയനുകളും, മർച്ചന്റ്സ് ഓഫ് വെനീസുകളും, ഐയെമ്മേ മാടമ്പികളും മുന്നോട്ട് വരും. “അസാമാന്യമായ ധീരതയുടെയും ഉത്‌ക്കൃഷ്ടമായ മാനവിക അവബോധത്തിന്റെയും യഥാർത്ഥ മനുഷ്യസ്നേഹത്തിന്റെയും ഉദാത്ത വ്യക്തിത്വങ്ങളായി“ അവരെ പാടിപ്പുകഴ്ത്താൻ മനോരമയുടെയും മാതൃഭൂമിയുടെയും വൻ‌കിട ആനയമ്പാരികൾ തേക്കിൻ‌കാട്ടിൽ അണിനിരക്കും.

അതുവരെ, അവർ വൃക്കരോഗികളും വൃക്കദാതാക്കളുമായി, ആരോരുമറിയാതെ ആശുപത്രികളിലും വീടുകളിലും കഴിയും. ചിലർ ഒരു നിവൃത്തിയുമില്ലാതെ വന്നാൽ വൃക്ക വിൽക്കും, ചിലർ പൊന്നും വില കൊടുത്ത് അത് മേടിക്കും, ചിലരുടെ വൃക്കയും അവയവങ്ങളും അവരവർ പോലുമറിയാതെ മറ്റേതെങ്കിലും ശരീരത്തിലേക്ക് കൂടുമാറിയിട്ടുണ്ടാകും. ചിലർ ചത്തുപോയെന്നുമിരിക്കും. അവരുടെ ജീവിതവും അവർ നൽകിയ മാനവികസന്ദേശങ്ങളും അനാഥപ്രേതങ്ങളായി ഇവിടെയൊക്കെ ചുറ്റിത്തിരിയും.

11 comments:

Rajeeve Chelanat said...

മഹാരഥന്മാരുടെ മാനവികസന്ദേശം

SunojVarkey said...

ഷാജിയും ഓമനയും വൃക്ക ദാനം ചെയ്തത് അവരവരുടെ സ്വന്തക്കാർക്ക് അതുകൊണ്ട് കിട്ടാവുന്ന പ്രയോജനം പ്രതീക്ഷിച്ചും,(അല്ലെങ്കിൽ ഒഴിവാക്കാനാവാത്ത ഒരു സന്നിഗ്ധാവസ്ഥയിൽ) ചിറ്റിലപ്പള്ളി കൊച്ചൗസേപ്പ് അങ്ങനെയൊരു സന്നിഗ്ധാവസ്ഥ ഇല്ലാത്തപ്പോഴുമാണെന്നത് ഒരു വ്യത്യാസമല്ലേ രാജീവ്ജി. സ്വന്തം ബന്ധുക്കൾക്കായി വേണ്ടിവന്നാൽ വൃക്ക ദാനം നൽകുന്നവർ അത്ര കുറവൊന്നുമല്ല എന്നണ് ഞാൻ കരുതുന്നത്.

ഷൈജൻ കാക്കര said...

അല്പം പോസിറ്റീവ് ആയി ചിന്തിച്ചിരുന്നുവെങ്ങീൽ ഇങ്ങനെയൊരു പോസ്റ്റ് എഴുതുമായിരുന്നില്ല എന്ന് തോന്നുന്നു...

ഫാദർ ചിറമലിനും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളീക്കും നൽകിയ സ്വീകരണം... ചങ്ങലയിൽ ചേർന്ന മറ്റുള്ളവരുമായി ഇവരെ എങ്ങനെ താരതമ്യം ചെയ്യാം...

കത്തോലിക്ക കിഡ്നി എന്ന പദപ്രയോഗം ലേഖനം എഴുതിയ ആളുടേ ചിന്താനിലവാരം എടുത്ത്കാണീക്കൂന്നുണ്ട്... ലക്ഷ്യം നല്ലതാണെങ്ങിലും വഴി തെറ്റാവുന്ന വാക്കുകൾ ആണ്... പക്ഷേ അത് ഒരിക്കലും ഈ മഹാരഥന്മാർ നൽകുന്ന മാനവികസന്ദേശത്തെ ചെറുതാക്കുന്നില്ല...

Unknown said...

ഷാജിയും ഓമനയും കിഡ്നി കൊടുക്കുന്നത് ഏറ്റവും അടുത്ത ബന്ധുക്കളുടെ ജീവന്‍ രക്ഷിക്കാനാണ്. അല്ലായിരുന്നെങ്കില്‍ അവര്‍ അത് ചെയ്യുമായിരുന്നോ? അതിനു വേണ്ടി അവര്‍ക്കൊരു സ്വീകരണത്തിന്റെ ആവശ്യമെന്താണ്? എന്നാല്‍ ഫാദര്‍ ചിറമേലും കൊച്ചൌസേപ് ചിട്ടിലപ്പിള്ളിയും അതു ചെയ്തില്ലെങ്കില്‍ പോലും അവര്‍ക്കെന്തു നഷ്ടം വരാനാണ്? എന്നിട്ടും രണ്ടു മനുഷ്യ ജീവന്‍ രക്ഷിക്കാനായി അവര്‍ മഹാ ത്യാഗത്തിനോരുങ്ങി. അതും കേരളത്തിലെ വ്യവസായ പ്രമുഖനായ, ധനികനായ കൊച്ചൌസേപ് വിചാരിച്ചിരുന്നെങ്കില്‍ മറ്റാരെയെങ്കിലും കൊണ്ട് കിഡ്നി ദാനം ചെയ്യിപ്പിക്കാന്‍ കഴിയുമായിരുന്നു. പകരം, സ്വന്തം കിഡ്നി കൊടുക്കാന്‍ തീരുമാനിച്ചു(അതും ഒരു മേജര്‍ സര്‍ജറി ആണ്). നമ്മളില്‍ പലരും ഒരു പക്ഷെ അടുത്ത ബന്ധുക്കള്‍ക്ക് വേണ്ടി, മറ്റൊരു വഴിയും ഇല്ലെങ്കില്‍ മാത്രം അതിനു തയ്യാറായെക്കാം. പക്ഷെ നിര്ധനനായ ഒരു രോഗിയെ കണ്ടു സഹതാപം തോന്നി നമ്മില്‍ എത്ര പേര്‍ അത് ചെയ്യും? അവര്‍ക്ക് സ്വീകരണവും താലപ്പൊലിയുമെല്ലാം നല്‍കേണ്ടത് തന്നയാണ്. കാരണം കുറചു പേര്‍ക്കെങ്കിലും അതൊരു പ്രചോദനമാകും.

Murali said...

ചേലനാട്ട് സഖാവിന്റെ പ്രശ്നം നാലു കാശുള്ള ‘മുതലാളി’യായ കൊച്ചൌസേഫ് ചിറ്റിലപ്പള്ളി വൃക്ക ദാനം ചെയ്തതാ‍ണെന്ന് തോന്നുന്നു. ഈ മുതലാളിവര്‍ഗ്ഗമെല്ലാം മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഭീകര ചൂഷകരാണെന്നല്ലേ സ്റ്റഡി ക്ലാസുകളില്‍ ഓതിതന്നിട്ടുള്ളത്. അങ്ങനെയുള്ള ഒരുത്തന്‍ നുള്ളിത്തെറിച്ച ബന്ധം പോലുമില്ലാത്ത ആരോ ഒരാള്‍ക്ക് കിഡ്നി കൊടുത്ത് നമ്മുടെ തിയറിയെല്ലാം ഹലാക്കാക്കി കളഞ്ഞല്ലോ. തെറിവിളിക്കതെന്ത് ചെയ്യും?

ഗ്രീഷ്മയുടെ ലോകം said...

ഗുണ പാഠം: കയ്യിൽ കാശുള്ളവർ ഇത്തരം കാര്യങ്ങൾ ചെയ്യരുത്. ചെയ്താൽ തന്നെ അക്കാര്യം മിണ്ടിപ്പോകരുത്!

Rajeeve Chelanat said...

നാലു കാശു കൈയ്യിലുള്ള മുതലാളിമാരെ തെറി പറയാൻ സ്റ്റഡി ക്ലാസ്സ് നൽകിയിട്ടാണ് കമ്മ്യൂണിസ്റ്റു പാർട്ടിയും, മധുരമനോജ്ഞചൈനയും രാജീവ് സഖാവിനെ ഇങ്ങോട്ട് വിട്ടിരിക്കുന്നത് എന്ന് മുരളിക്ക് ഇപ്പോഴാണോ വെളിച്ചം വന്നത്?

കൊച്ചൌസേപ്പും ചിറമലും ചെയ്ത കാര്യം നല്ലതാണെന്ന കാര്യത്തിൽ എതിരഭിപ്രായമില്ല സുഹൃത്തുക്കളെ..പക്ഷേ, ഇത്തരം മഹാദാനം ഇതിനുമുൻപും പലരും ചെയ്തിട്ടുണ്ട്. ഇന്നും ചെയ്യുന്നുമുണ്ട്. അവരെയൊന്നും മഹാരഥന്മാരായും അവരുടെ നന്മയെ മാനവികസന്ദേശവുമായി എവിടെയും ഈ മദഭൂമിയും മനോരോഗമകളും കൊട്ടിഘോഷിച്ചത് കണ്ടതായി ഓർമ്മയില്ല. ഏറിവന്നാൽ, ഒരു ചെറിയ കോളം ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറി. കഴിഞ്ഞു. പിന്നെന്തേ, കൊച്ചൌസേപ്പിന്റെയും ചിറമ്മലിന്റെയും കിഡ്‌നിക്ക് മറ്റുള്ളവരുടെ കിഡ്‌നിയേക്കാൾ കൂടിയ വില? പത്രങ്ങളിൽ മാത്രമല്ല, ചാനലുകളിലും ഉണ്ടായിരുന്നു വിശേഷദാനത്തിന്റെ അപദാനങ്ങൾ വേണ്ടുവോളം.

അങ്ങിനെയാണ് വേണ്ടത്. ദാനം ചെയ്യുമ്പോൾ നാലാൾ അറിയണം. നാലാളെ അറിയിക്കണം.
കീർത്തിയേക്കാൾ വലിയ കിഡ്‌നിയുണ്ടോ അല്ലേ?

വായനകൾക്കു നന്ദി.

അഭിവാദ്യങ്ങളോടെ

Unknown said...

"കത്തോലിക്കാ കിഡ്‌നിയാണോ, ഹിന്ദു കിഡ്‌നിയാണോ " . There is nothing wrong if people think like this. we are in a land where poverty is measured based on relgion, social benefits are distributed based on relegioan, education scholarships are based on relegion. everywhere people are treated based on religion by state and central government. then what is wrong in it?.

Murali said...

അപ്പോള്‍ പബ്ലിസിറ്റിക്കുവേണ്ടിയായിരുന്നു കൊച്ചൌസേഫ് മുതലാളിയുടെ ഈ കളികളെല്ലാം. ബുദ്ധിയില്ലാതായോ മുതലാളീ? വെറുതെ നാലുമണിക്കൂര്‍ സര്‍ജറിയും അതിന്റെ വേദനയും കഷ്ടപ്പടുമെല്ലാം സഹിച്ചു. ഇതിനുപകരം ഒരു പതിനഞ്ചുപേരുടെ കിഡ്നിമാറ്റിവെക്കല്‍ സ്പോണ്‍സര്‍ ചെയ്താല്‍ മതിയായിരുന്നില്ലേ? കര്‍ത്താവ് അനുഗ്രഹിച്ച് അതിനുള്ള വക കയ്യിലുണ്ടല്ലോ. സമൂഹ വിവാഹം പോലെ ‘സമൂഹ കിഡ്നി മാറ്റിവെക്കല്‍’! നഗരിയില്‍ വി-ഗാര്‍ഡിന്റെ നാല് ഫ്ലക്സ് ബോര്‍ഡും വെക്കാമായിരുന്നു. പബ്ലിസിറ്റിയും ഇതില്‍ കൂടുതല്‍ കിട്ടിയേനെ. ഈ മുതലാളിമാരെല്ലാം തിരുമണ്ടന്മാര്‍തന്നെ, അല്ലേ!

Rajeeve Chelanat said...

"...everywhere people are treated based on religion by state and central government"..ശരിക്കും? ഏതു റിലീജിയൺ എന്നുകൂടി പറഞ്ഞുതാ മുരളി..

“ഈ മുതലാളിമാരെല്ലാം തിരുമണ്ടന്മാര്‍തന്നെ, അല്ലേ!“..അപ്പോ മുരളിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി..എന്നിട്ടാണ് ഒന്നും മനസ്സിലാകാത്തതുപോലെ...ഗൊച്ചു..

പാര്‍ത്ഥന്‍ said...

ഈക്കാര്യത്തിൽ മുരളി പറഞ്ഞതിനോട് യോജിക്കുന്നു. ഈ മൊതലാളിക്ക് തടി കേടാക്കണ്ട വല്ല കാര്യോം‌‌ണ്ടായിരുന്നോ. ഡോണറെ കണ്ടുപിടിച്ച് സ്പോൺസർ ചെയ്താ പോരായിരുന്നൊ. പിന്നെ കാശ് ഉണ്ടെങ്കിൽ തൃശൂരെ വേറോരു മൊതലാളി ചെയ്തപോലെ ആൾ തൂക്കം സ്വർണ്ണം കൊണ്ട് പള്ളിയിൽ (ദേവസ്വത്തിന്റെ അമ്പലത്തിലാ‍യാൽ സർക്കാരിലേക്കെത്തും) ഒരു തുലാഭാരം നടത്തിയാൽ മതിയായിരുന്നു.