Monday, July 7, 2014

ശൂര്‍പ്പണഖയുടെ പറയാത്ത കഥ

ദൃഷ്ണ കലിത (Drishana Kalita) എന്ന ആസ്സാമീസ് എഴുത്തുകാരിയുടെ ഈ കഥ "Women's Web" നടത്തിയ "Muse of the Month June 2014" മത്സരത്തില്‍ ആദ്യമെത്തിയ അഞ്ചു കഥകളില്‍ ഒന്നാണ്‌. Kafila-യില്‍ പുന:പ്രസിദ്ധീകരിച്ചത്.


ഞാന്‍ ശൂര്‍പ്പണഖ. രാമായണമെന്ന ഇതിഹാസത്തിലൂടെ അനശ്വരമാക്കപ്പെട്ട, പലര്‍ക്കും പാപവുമായി ബന്ധപ്പെട്ട ഒരു പേര്‌. എന്നെ ചൂണ്ടിക്കാണിച്ച് ഒരു അച്ഛനമ്മമാരും അവരുടെ പെണ്മക്കളോട് മാതൃകയാക്കാന്‍  പറയില്ല. നിങ്ങള്‍ ഒരുപക്ഷേ ചോദിച്ചേക്കാം, എന്തുകൊണ്ടാണതെന്ന്? കാരണം, ഞാന്‍ എന്റെ ശരീര കാമനതന്നെ. വിശുദ്ധിയും സ്ത്രീകള്‍ക്കു വേണ്ടുന്ന ഗുണങ്ങളും എല്ലാം തികഞ്ഞ സീതയുടെ നേര്‍ എതിര്‍‌വശത്താണ്‌ എന്റെ പേര്‍ എന്നും നില്‍ക്കുന്നത്. ഞാന്‍ എന്തെല്ലാമല്ലയോ അതെല്ലാമാണ്‌ സീത. സീത എന്തെല്ലാമാണോ, അതൊന്നുമല്ല ഞാന്‍.

അവള്‍ സുന്ദരിയായിരുന്നു. എന്നെപ്പോലെത്തന്നെ. ദംഷ്ട്രങ്ങളും ചുവന്ന കണ്ണുകളുമൊക്കെയായി എന്റെ രൂപത്തെ വരച്ചിട്ടവരെ വിശ്വസിക്കരുത്. സമാനതകളില്ലാത്ത സൗന്ദര്യവും മത്സ്യങ്ങളെപ്പോലെയുള്ള കണ്ണുകളുമൊക്കെ ഉണ്ടായിരുന്നതുകൊണ്ടാണ്‌ ജനിച്ചപ്പോള്‍ അമ്മ എന്നെ 'മീനാക്ഷി' എന്നു പേരിട്ട് വിളിച്ചത് ഒറ്റക്ക് കാട്ടില്‍ അലഞ്ഞുതിരിയാന്‍ തക്കവണ്ണം സ്വതന്ത്രയായിരുന്നു ഞാന്‍.

എന്റെ സ്വാതന്ത്ര്യമായിരുന്നു, എന്റെ കാമനയായിരുന്നു എന്റെ പിഴ.  അയോദ്ധ്യയില്‍നിന്ന് ഭ്രഷ്ടനായ രാജാവിനെ, ഒരു പുരുഷനെ, വേഴ്ചക്ക് ക്ഷണിച്ചു ഞാന്‍.

"ഞാന്‍ ഏകപത്നീവ്രതനാണ്‌" എന്നായിരുന്നു ഞെളിഞ്ഞുനിന്നുകൊണ്ടുള്ള രാമന്റെ മറുപടി.

എന്നോട് അയാള്‍ക്ക് താത്പര്യമില്ലേ? നന്നായിപ്പോയി. ആണുങ്ങള്‍ക്ക് കുറവൊന്നുമില്ലല്ലോ.

ചെറുപ്പം തോന്നിക്കുന്ന ലക്ഷ്മണനുനേരെ ചിരിച്ചുകൊണ്ട് അയാള്‍ വിരല്‍ ചൂണ്ടി. ഒരു തരത്തില്‍ അപമാനിക്കുന്നതിനു തുല്യമായിരുന്നു അത്. എന്നാലും ഞാനത് കാര്യമാക്കാതെ, ലക്ഷ്മണനെ നോക്കി പുഞ്ചിരിച്ചു. കാഴ്ചയില്‍ ഒരു ഓമനത്തമുള്ള ചെക്കനെപ്പോലെയിരുന്നു അവന്‍.

പക്ഷേ അവന്‍ ഒരു മുരടന്‍ ചെക്കനെപ്പോലെ പെരുമാറി.

"ഇവള്‍ക്ക് ഒരു അമ്പതുവയസ്സെങ്കിലുമുണ്ടാകും" എന്ന് അവന്‍ കളിയാക്കി. ഹോ, ചെറുപ്പത്തിന്റെ ഒരു അഹങ്കാരം!! ആ അപമാനവും വിഴുങ്ങി ഞാന്‍ ഭംഗിയായി പുഞ്ചിരിച്ചു.

"അതിനു നമ്മള്‍ കല്ല്യാണമൊന്നും കഴിക്കുന്നില്ലല്ലോ. കുറച്ചുനേരം കളിപറഞ്ഞിരുന്നുകൂടേ?" ഞാന്‍ കളിയാക്കി. അവന്‍ പിന്നെയുമെന്തൊക്കെയോ പറഞ്ഞ് അവഹേളിച്ചു. വാത്മീകി എന്ന ആ ഋഷികവിക്ക് എഴുതാന്‍ പോലും പറ്റാത്ത കാര്യങ്ങളാണ്‌ അവന്‍ പറഞ്ഞതെന്നു മാത്രം ഞാന്‍ ഉറപ്പുതരാം.

സഹോദരന്മാര്‍ എന്നെ നോക്കികൊല്ലുകയായിരുന്നു. മൂത്തവന്‍ അവന്റെ വില്ലും അമ്പും തിരുപ്പിടിച്ചുകൊണ്ടിരുന്നു. കുറച്ചു മാറി തല താഴ്ത്തി ഒരു സ്ത്രീ നില്‍ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഇതാണോ സീത? എല്ലാ വിശുദ്ധിയുടെയും ഉത്തുംഗശൃംഗം. സഹോദരന്മാര്‍ മുഖം കറുപ്പിച്ചു. കൂട്ടം കൂടി നിന്ന് അവര്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

ഞാന്‍ സീതയുടെ അടുത്തേക്ക് ചെന്നു.

"നമസ്ക്കാരം"

സീത എനിക്കുനേരെ നോക്കി. ഞാന്‍ അവളുടെ ഭര്‍ത്താവിനോട് ചോദിച്ചത് തീര്‍ച്ചയായും അവള്‍ കേട്ടിട്ടുണ്ടായിരിക്കണം.

അവളുടെ മുഖപടം അല്‍‌പ്പം മാറി. കാണാന്‍ സുന്ദരിയാണ്‌. നല പൊക്കവുമുണ്ട്. അല്‍‌പ്പം കുനിഞ്ഞാണ്‌ നില്‍‌പ്പ്. എപ്പോഴും തല മൂടാന്‍ അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"ക്ഷമിക്കണം, അദ്ദേഹം വിവാഹിതനാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല". ഞാന്‍ പറഞ്ഞു.

മിണ്ടാട്ടമൊന്നുമില്ല.

എന്തുവന്നാലും സംസാരിക്കണമെന്ന് കരുതി ഞാന്‍ ചോദിച്ചു, "അല്ല, നിങ്ങളുടെ ഭര്‍ത്താവെന്തിനാണ്‌ നിങ്ങളെ ഈ കാട്ടിലേക്ക് കൊണ്ടുവന്നത്?"

"അദ്ദേഹം എന്നെ കൊണ്ടുവന്നതൊന്നുമല്ല. അദ്ദേഹത്തെ അനുഗമിക്കുകയും സേവിക്കുകയും ചെയ്യുക എന്നത് എന്റെ കടമയാണ്‌. നിങ്ങളുടെ ഭര്‍ത്താവ് എവിടെയാണ്‌?"

"കൊല്ലപ്പെട്ടു"

"ഹോ..അറിഞ്ഞിരുന്നില്ല. ക്ഷമിക്കൂ"

"ഹേയ് അതൊന്നും സാരമില്ല. ആ തന്തയില്ലാത്തവനെ ഞാന്‍ തന്നെ എന്നെങ്കിലുമൊരു ദിവസംകൊല്ലുമായിരുന്നു" ഞാന്‍ പൊട്ടിച്ചിരിച്ചു.

ഞെട്ടിത്തരിച്ചതുപോലെ സീത എന്നെ തുറിച്ചുനോക്കി. ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ പറ്റുമെന്ന് അവള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ലെന്ന് തോന്നി എനിക്ക്.

"അപ്പോള്‍ നിങ്ങളും ആ മനുഷ്യനും സ്നേഹിച്ച് കല്ല്യാണം കഴിച്ചതോ മറ്റോ ആണോ?" ഞാന്‍ സീതയോട് ചോദിച്ചു.

"പരമശിവന്റെ അമ്പെടുത്ത് ഒടിച്ച് എന്നെ അദ്ദേഹം സ്വന്തമാക്കുകയാണ്‌ ഉണ്ടായത്" സീത പറഞ്ഞു.

"അതെന്താണങ്ങിനെ ഒരു സ്വന്തമാക്കല്‍? അയാളെ ഇഷ്ടപ്പെട്ടോ ഇല്ലയോ?"

അവളുടെ കണ്ണുകളില്‍ ഒരു ആശങ്കയുടെ തിളക്കം കണ്ടു. "ഇഷ്ടപ്പെടുകയോ?.. എന്റെ മരണം വരെ എന്റെ ഭര്‍ത്താവിനെ സ്നേഹിക്കുകയും പരിചരിക്കുകയും അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ അനുസരിക്കുകയുമാണ്‌ എന്റെ കടമ"

ഒരു സംശയവുമില്ല, കുട്ടിക്കാലം മുതല്‍ അവളില്‍ കുത്തിവെച്ചിരുന്ന കാര്യങ്ങള്‍ ഒരു തത്ത പറയുന്നതുപോലെ പറയുക മാത്രമാണവള്‍ ചെയ്യുന്നത്. എനിക്കവളോട് സഹതാപം തോന്നി. പിന്നീട് ഇതേ ഭര്‍ത്താവ്, അവളുടെ 'വിശുദ്ധി' തെളിയിക്കാന്‍ അവളെ തീയില്‍ നടക്കാന്‍ നിര്‍ബന്ധിക്കുകയും, ഒരു വലിയ താഴ്ചയിലേക്ക് ചാടി അവള്‍ ആത്മഹത്യ ചെയ്യുകയുമൊക്കെ സംഭവിക്കും. അവള്‍ക്കന്ന് അത് മുന്‍‌കൂട്ടിക്കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നു മാത്രം. എനിക്കും.

"സീത, ഈ വിവാഹത്തില്‍ നീ സന്തോഷവതിയാണോ?" ഞാന്‍ ചോദിച്ചു.

"സന്തോഷമോ? ആരും എന്നോട് ഇതുവരെ അത് ചോദിച്ചിട്ടില്ല. എനിക്കറിയില്ല" സീതയുടെ മുഖപടം താഴേക്കൂര്‍ന്നു വീണു. അവള്‍ നടുനിവര്‍ത്തി. അപ്പോള്‍ എനിക്ക് മനസ്സിലായി എന്തുകൊണ്ടായിരുന്നു അവള്‍ തലകുനിച്ച് നടന്നിരുന്നതെന്ന്. അവളുടെ ഭര്‍ത്താവിനേക്കാള്‍ പൊക്കമുണ്ടായിരുന്നു അവള്‍ക്ക്.

ഞാന്‍ അവളുടെ കൈ പിടിച്ചു. "നോക്കൂ അനിയത്തീ, കുറച്ചു ദിവസം ഒന്ന് ചുറ്റിക്കറങ്ങാന്‍ പോരുന്നോ? എന്റെ കൂടെ വരൂ. നാടൊക്കെ കാണാം". അവളുടെ മുഖം പ്രകാശിച്ചു. അവളുടെ ചുണ്ടില്‍ വിറച്ചുനിന്നിരുന്നത് "പോരാം" എന്ന വാക്കായിരുന്നു എന്ന് എനിക്കുറപ്പുണ്ട്.

"ശൂര്‍പ്പണഖേ, എന്റെ ഭാര്യയുടെ കയ്യില്‍നിന്ന് വിട്" പരിഭ്രമിച്ച് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ രാമന്‍ എന്റെ നേര്‍ക്ക് കുതിക്കുന്നത് കണ്ടു.

എന്റെ നീണ്ട തലമുടിയില്‍ പിടിച്ചുവലിച്ചപ്പോള്‍ ഞാന്‍ നിലത്തുവീണു. ഞാന്‍ സീതയെ നോക്കി. ആകെ ദുര്‍ബ്ബലയായി നിസ്സഹായയായി നില്‍ക്കുകയായിരുന്നു അവള്‍.

ലക്ഷ്മണന്‍ എന്നെ ബലമായി പിടിച്ചുവെച്ചു. തിളങ്ങുന്ന ഒരു വാള്‍ അവന്റെ കയ്യില്‍ ഞാന്‍ കണ്ടു. കണ്ണുകള്‍ വന്യമായിരുന്നു. ഒരു നിരാലംബയായ പെണ്ണിനെ ആക്രമിക്കുന്നതിന്റെ രസം അവന്റെ വായില്‍ ഉമിനീരായി നിറഞ്ഞു.

"വേഗം ചെയ്യ്. എന്താണ്‌ സംഭവിച്ചതെന്നൊന്നും ആരോടും പറയണ്ട" അവരുടെ ചിരി ചെവിയില്‍ മുഴങ്ങുമ്പോള്‍ അവര്‍ എന്റെ മൂക്ക് അറുത്തെടുത്തു. പിന്നെ ചെവിയും. എന്റെ വായില്‍ ചോര നിറഞ്ഞു. ഞാന്‍ ച്ഛര്‍ദ്ദിച്ചു.

"പറയാനാവാത്ത ഒരു കഥ ഉള്ളില്‍ കൊണ്ടുനടക്കുന്നതിലും വലിയൊരു വേദന വേറെയില്ല" ** എന്ന് സീതയുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.

ഇന്ന്, ഞാന്‍, ശൂര്‍പ്പണഖ എന്റെ കഥ പറയുന്നു.


കുറിപ്പ്:

**  "There is no greater agony than bearing an untold story inside you"- മേയോ ആഞ്ചലോവിന്റെ I Know Why The Caged Bird Sings" എന്ന ആത്മകഥയിലലെ ഒരു വാചകം.

Sunday, June 29, 2014

മുകേഷിനെ കേള്‍ക്കുമ്പോള്‍

തലേന്നു കേട്ട ബിനാക്കാ ഗീത് മാലയുടെ ഹാങ്കോവറില്‍ പിറ്റേന്ന് വന്ന് 'മുകേഷിന്റെ പാട്ട് ഇഷ്ടമാണോ?' എന്ന് ചോദിച്ചയാളോട്, ഏതു മുകേഷെന്ന് അന്തം വിട്ടുനിന്നു മറ്റൊരാള്‍.

വര്‍ഷങ്ങള്‍ കഴിഞ്ഞ്, മുകേഷിലേക്കും ലതാമങ്കേഷ്കറിലേയ്ക്കും റാഫിയിലേക്കും കൈപിടിച്ചു കൊണ്ടുപോയത് മറ്റൊരു സുഹൃത്ത്, സൗദിയില്‍ വെച്ച്. റഹിമ എന്ന രാസ്തനൂരയിലെ റഫ കാസറ്റുകള്‍ വില്‍ക്കുന്ന കടയില്‍ ഹിന്ദി പാട്ടുകളുടെ കാസറ്റുകള്‍ക്കു മുന്നില്‍ ഒരു വഴിപാടുപോലെ എന്നും വന്നു കുറച്ചുനേരം നിന്ന് തിരിച്ചുപോകുന്ന, കഴുത്തറ്റം കുടുക്കുകളിട്ട്, ഇന്‍ ചെയ്യാത്ത മുഴുക്കൈയ്യന്‍ ഷര്‍ട്ട് ധരിച്ച ഇടവക്കാരന്‍, ഫോട്ടോഗ്രാഫര്‍ നൗഷാദ്.

ലതയും റാഫിയും മുകേഷും, മന്നാഡേയും നൗഷാദും മദന്‍‌മോഹനനും സഹീര്‍ ലുധിയാന്‍‌വിയും ഒ.പി.നയ്യാരുമൊക്കെ സ്വന്തക്കാരായത് അയാള്‍ വഴിയാണ്‌. ഒരുമിച്ചിരുന്ന് അവരെയൊക്കെ കേള്‍ക്കുമ്പോള്‍ നൗഷാദിന്റെ കണ്ണുകള്‍ സജലങ്ങളാവുമായിരുന്നു.

ഏക് പല്‍ ഹേ ഹസ്‌ന, ഏക് പല്‍ ഹേ രോനാ
കൈസേ ഹെ ജീവന്‍ കാ ഖേലാ
ഏക് പല്‍ ഹേ മില്‌നാ, ഏക് പല്‍ ഹേ ബിഝഡ്‌നാ
ദുനിയാ ഹേ ദോ ദിന്‍ കാ മേളാ
യേ ഘഡീ ന ജായേ ബീഢ്
തുഝേ മേരേ ഗീത് ബുലാതീ ഹയ്

കരയുകയും ചിരിക്കുകയും, ജീവിതം കൈവരുകയും കൈമോശം വരുകയും ചെയ്യുന്ന ബസ്രയിലിരുന്ന് മുകേഷ് പാടുന്നതുകേട്ട് മുറിയിലിരിക്കുമ്പോള്‍ വെറുതെ ഒരു വല്ലായ്മ.

സൗദിയില്‍നിന്ന് പോന്നതിനുശേഷം പല വഴിക്കും അന്വേഷിച്ചിട്ടും നൗഷാദിനെക്കുറിച്ച് പിന്നെ ഒന്നും കേട്ടില്ല. എവിടെയോ ഉണ്ടായിരിക്കണം. മുകേഷിന്റെ പാട്ട് ഇഷ്ടമാണോ എന്ന്, അന്ന് ചോദിച്ച ആളെയും പിന്നെ ഇതുവരെ കണ്ടിട്ടില്ല. കുന്നം‌കുളത്തുണ്ടെന്ന് മാത്രമറിയാം.



5th March 2014

ഇറാഖിലെ ആകാശങ്ങള്‍

അതിരാവിലെയുള്ള ഇറാഖിന്റെ ആകാശത്തെ കണ്ടിട്ടുതന്നെയില്ല എന്നു പറയാം. എന്തോ ഇന്നു അതിരാവിലെ ഉണര്‍ന്നു. പിന്നെ ഉറക്കം വന്നില്ല. മുറി തുറന്ന് പുറത്തേക്കിറങ്ങി ആകാശത്തെ നോക്കി. നാട്ടിലെപ്പോലെയാണ്‌ ഇവിടെയും. ഒരറ്റം മുതല്‍ മറ്റേയറ്റം വരെ, മുകളില്‍ നോക്കുന്നിടത്തെല്ലാം പരന്നങ്ങിനെ കിടക്കുകയാണ്‌ ഇളം നീല നിറം പോലും വന്നു തുടങ്ങിയിട്ടില്ല. കിഴക്ക് ഒരറ്റത്ത് ഒരു നേരിയ തവിട്ടുനിറം മാത്രം. എന്തൊരു കിടപ്പാണത്! അനങ്ങാതെ, ചെറുതായി തണുപ്പിച്ച്, ആരെയൊക്കെയോ എന്തിനെയൊക്കെയോ ഓര്‍മ്മിപ്പിച്ച്, താഴേക്കു നോക്കി, ഇതാ, ഇവിടെനിന്ന് നോക്കിയാല്‍ എനിക്ക് നിന്നെയും ദൂരത്തുള്ള നിന്റെ വീടിനെയും ഒരുപോലെ അടുത്ത് കാണാം എന്ന് ആശ്വസിപ്പിക്കുന്ന ഒരു ആകാശം.

കണ്ടാല്‍ പറയില്ല, എത്രയോ ദുരന്തങ്ങള്‍ കണ്ടുമടുത്ത ഒരു ആകാശമാണിതെന്ന്. കൂട്ടമരണങ്ങളും സ്ഫോടനങ്ങളും സഹജാതര്‍ തമ്മിലെ പോരും, പലായനങ്ങളും മാനഭംഗങ്ങളും ചികിത്സ കിട്ടാതെ അകാലത്തില്‍ മരിച്ചവരും ആയുധങ്ങളില്‍നിന്നുള്ള അണുവികിരണമേറ്റ് അംഗഭംഗം വന്ന് ജീവിക്കുന്നവരുമായ കുട്ടികളും, ആണുങ്ങള്‍ മരിച്ച വീടുകളും സ്ത്രീകളും, നശിപ്പിച്ച് നാനാവിധമാക്കിയ ഗ്രാമങ്ങളും എല്ലാം കണ്ട ആകാശക്കണ്ണിന്റെ ഒരു ഭാവവുമില്ല അതിന്‌.

എല്ലാ ആകാശങ്ങളും ഇങ്ങനെയായിരിക്കുമോ? മഹായുദ്ധങ്ങള്‍ നടന്ന പടിഞ്ഞാറിന്റെ ആകാശത്തിനും ഇതേ പ്രശാന്തത യായിരിക്കുമോ ? വംശശുദ്ധിയിലൂടെ പിടഞ്ഞൊടുങ്ങുകയും അപ്രത്യക്ഷരാവുകയും സ്വന്തം രക്തത്തില്‍ നിന്ന് വേര്‍പെട്ട് അനാഥരാവുകയും ചെയ്ത ലക്ഷോപലക്ഷം മനുഷ്യരുടെ നാടുകളിലും ആകാശത്തിനിത്ര പരപ്പും ശാന്തതയും മൗനവുമുണ്ടായിരിക്കുമോ? കുരിശുയുദ്ധങ്ങളും കറുത്ത മരണങ്ങളും വരള്‍ച്ചയും പട്ടിണിയും കൊന്നൊടുക്കിയ നാടുകളിലെ ആകാശങ്ങള്‍ എങ്ങിനെയായിരിക്കും? എന്തു നിറമായിരിക്കും? ആ മനുഷ്യര്‍ കണ്ട ആകാശങ്ങളെത്തന്നെയായിരിക്കുമോ അവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെ ഇന്ന് കാണുന്നുണ്ടാവുക? ആ നാടുകളിലെ ആകാശങ്ങളില്‍ മേഘങ്ങള്‍ എന്തു ചിത്രങ്ങളായിരിക്കും വരയ്ക്കുന്നുണ്ടാവുക?

'ആകാശങ്ങള്‍ നരയ്ക്കു' മെന്ന് പണിക്കര്‍ സര്‍ പറഞ്ഞത് വെറുതെയായിരിക്കുമോ?


23 April 2014

ആ പഴയ വെള്ളിയാഴ്ചകള്‍

സ്കൂള്‍ പഠനകാലത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഇ.സി.എ ക്ലാസ്സുകള്‍ തുടങ്ങിയിരുന്നത്, മറ്റു ദിവ്സങ്ങളില്‍നിന്നും അല്പ്പം വൈകീട്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടിനോ മറ്റോ. ഇ.സി.എ തുടങ്ങുമ്പോഴേയ്ക്കും കുട്ടികളൊക്കെ തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും. പ്രാസംഗികരും പാട്ടുകാരും നര്‍ത്തകികളും, ഏകാഭിനയക്കാരും ഒക്കെ.

ഉച്ചക്കുള്ള ആ നീണ്ട ഒഴിവ് ഇ.സി.എ.യ്ക്ക് മാത്രം വേണ്ടിയായിരുന്നില്ല. മറ്റൊരു സൗകര്യം കൂടി കണക്കാക്കിയിട്ടായിരുന്നു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോകുന്ന മുസ്ലിം കുട്ടികളെയും അദ്ധ്യാപികാദ്ധ്യാപകരെയും ഉദ്ദേശിച്ച്. പള്ളിയേക്കാള്‍ വലുതാണ്‌ പള്ളിക്കൂടം എന്ന് ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ടോ എന്തോ ആരും അന്ന് അതിനൊന്നും മിനക്കെട്ട് പോയിരുന്നില്ല എന്നു മാത്രം. അവര്‍ ആ സമയം സ്കൂളിലോ വീട്ടിലോ ഉപയോഗിച്ചു.

പക്ഷേ ആ അല്പ്പം നീണ്ട ഉച്ചയിളവിനെക്കുറിച്ച് ആരും ബേജാറാവുകയോ സംസാരിക്കുകയോ കളിയാക്കുകയോ ചെയ്തിരുന്നില്ല. ഒരുകൂട്ടര്‍ക്ക് നല്‍കുന്ന പ്രത്യേകാവകാശമായോ, ന്യൂനപക്ഷപ്രീണനമായോ ആരും അതിനെ കാണുകയോ ആര്‍ക്കും ഒരു വികാരവും വ്രണപ്പെട്ടതായോ കേട്ടിട്ടില്ല.

പതിവിലും അല്പ്പം ദീര്‍ഘിച്ച ഒരു ഉച്ചയൊഴിവുമാത്രമായിരുന്നു എല്ലാവര്‍ക്കുമത്. മാഷന്മാര്‍ക്കും ടീച്ചറന്മാര്‍ക്കും അല്പ്പം നീണ്ട ഒരു പൂച്ചയുറക്കത്തിനോ സൊറപറച്ചിലിനോ കിട്ടുന്ന സമയം, കുട്ടികള്‍ക്ക്, കളിതമാശകള്‍ക്കും, കലാകലാപങ്ങള്‍ക്കും കിട്ടുന്ന അരദിവസത്തെ സ്വാതന്ത്ര്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയും ഒരുങ്ങുകയും പരിഭ്രമിക്കുകയും ഉത്സാഹിക്കുകയും ചെയ്യുന്ന കുട്ടികളെ കണ്ട് കൗതുകപ്പെടാന്‍ അച്ഛനമ്മമാര്‍ക്ക് കിട്ടുന്ന ഒരു മദ്ധ്യാഹ്നം.

അതിനപ്പുറം ഒന്നുമായിരുന്നില്ല ആര്‍ക്കും പഴയ ആ വെള്ളിയാഴ്ചകളിലെ ഉച്ചകള്‍.


26 April 2014

ഹൈപ്പോതീസീസുകളുടെ ഫലിതം

"....വംശഹത്യയുടെ നാളുകളില്‍ കൈകൂപ്പിനിന്ന കുത്ബുദ്ദീന്‍ അന്‍സാരിമാരുടെ മുന്നില്‍നിന്ന് മോദിയൊന്ന് വിതുമ്പിയിരുന്നെങ്കില്‍, പശ്ചാത്താപവിവശനായൊരു മുഖ്യമന്ത്രിയെക്കുറിച്ചോര്‍ത്ത് ചരിത്രം കോരിത്തരിക്കുമായിരുന്നു....“ ‘മാധ്യമ’ത്തിലെ ലേഖനത്തിൽ കെ.ഇ.എൻ.

കോരിത്തരിക്കലൊക്കെ ഇത്ര എളുപ്പമാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. ഹിറ്റ്‌ലറൊന്ന് വിതുമ്പിയിരുന്നെങ്കിൽ കോൺസന്റ്രേഷൻ ക്യാമ്പുകൾക്കകത്തും പുറത്തും ചത്തൊടുങ്ങിയ ലക്ഷക്കണക്കിനു ജൂതന്മാർ കോരിത്തരിക്കുമായിരുന്നു! അമേരിക്ക ഒന്ന് പശ്ചാത്തപിച്ചിരുന്നെങ്കിൽ വിയറ്റ്‌നാമിന് കോരിത്തരിപ്പുകൊണ്ട് ഇരിക്കാനും നിൽക്കാനും പറ്റാതാവുമായിരുന്നു. ഹിരോഷിമയ്ക്കും നാഗസാക്കിക്കും രോമാഞ്ചമുണ്ടാകുമായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മുസ്ലിം ലീഗും ഒന്ന് വിതുമ്പിയിരുന്നെങ്കിൽ വിഭജനത്തിൽ പെട്ട് മൃഗങ്ങളെപ്പോലെ ചത്തടിഞ്ഞ ലക്ഷക്കണക്കിനാളുകൾക്ക് ചരിത്രത്തെക്കുറിച്ചോർത്ത് ഗൂസ്‌ബമ്പ്സുണ്ടാകുമായിരുന്നു.

വങ്കത്തരം നിറഞ്ഞ ഹൈപ്പോതീസിസുകളെയും അതിലളിതവത്ക്കരിക്കപ്പെടുന്ന ചരിത്രപാഠങ്ങളെയുമോർത്താണ് ശരിക്കും കോരിത്തരിപ്പുണ്ടാകുന്നത്.


27 May 2014

മുകുള്‍ സിന്‍‌ഹ

അഹമ്മദാബാദില്‍ ഒരാള്‍ ഇക്കഴിഞ്ഞ മെയ് പന്ത്രണ്ടിനു മരിച്ചത് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്നെപ്പോലെ പലരും അറിഞ്ഞിട്ടുണ്ടാവില്ല ആ മരണം. എക്സിറ്റ് പോളിന്റെയും പിന്നീട് തിരഞ്ഞെടുപ്പ് ഫലങ്ങളുടെയും, തുടര്‍ന്നുവന്ന സ്ഥാനാരോഹണ ലൈവ കമന്ററികളുടെയും പുതിയ ജനനായകനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ മുഴുപ്പേജ് വീരാപദാനകഥകളുടെയും ആര്‍മ്മാദങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയി ആ മരണം.

മുകുള്‍ സിന്‍‌ഹ.

ഊര്‍ജ്ജതന്ത്രം എന്ന ശാസ്ത്രമേഖലയില്‍ ജീവിച്ചിരുന്ന ആളായിരുന്നു മുകുള്‍ സിന്‍‌ഹ. എങ്കിലും അതില്‍നിന്ന് മാറി മറ്റൊരു ഊര്‍ജ്ജതന്ത്രത്തിനെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് അദ്ദേഹം എത്തിയത് തീരെ അപ്രതീക്ഷിതമായാണ്‌. മോഡിയും ഹിന്ദുത്വശക്തികളും ചേര്‍ന്ന് 2002- ല്‍ ഗുജറാത്തില്‍ നടത്തിയ വംശഹത്യയുടെ പിന്നിലുള്ള അധികാരത്തിന്റെ ഊര്‍ജ്ജതന്ത്രങ്ങളെ ആ മനുഷ്യന്‍ വെളിച്ചത്തു കൊണ്ടുവന്നു. ഗുജറാത്തും മണിപ്പൂരുമടക്കം ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചു പഠിക്കാനും, അന്വേഷിച്ചറിയാനും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി കോടതിയില്‍ വാദിക്കാനും ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു പിന്നീടുള്ള കാലം ഈ മനുഷ്യന്‍. മായാ കോഡ്‌നാനിക്ക് ജയില്‍ശിക്ഷ വാങ്ങിക്കൊടുത്തത് മുകുള്‍ സിന്‍‌ഹയാണ്‌. അമിത് ഷായെ താത്ക്കാലികമായെങ്കിലും ജയിലിലടയ്ക്കാന്‍ സാധിച്ചതിന്റെ പിന്നിലും ഇദ്ദേഹമല്ലാതെ മറ്റാരുമല്ല. വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചും ഗുജറാത്തിലെ വംശഹത്യയെക്കുറിച്ചുമെല്ലാം ഒരു കുറ്റാന്വേഷണ വിദഗ്ദ്ധന്റെ ചാതുരിയോടെ പഠിക്കാനും കാര്യങ്ങള്‍ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അതും അഹമ്മദാബാദില്‍, മോഡിയുടെയും അമിത്‌ഷായുടെയും വന്‍സാരാ എന്ന കുപ്രസിദ്ധനായ പോലീസുദ്യോഗസ്ഥന്റെയും മൂക്കിന്റെ തുമ്പത്ത് ജീവിച്ചിരുന്നുകൊണ്ടുതന്നെ. അദ്ദേഹത്തിന്റെ ആ ദൗത്യത്തില്‍ എന്നും കൂടെയുണ്ടായിരുന്നത് ഭാര്യ നിര്‍ഝരിയായിരുന്നു.

കര്‍മ്മം കൊണ്ട് ശാസ്ത്രജ്ഞനായ മുകുള്‍ സിന്‍‌ഹ പൊതുരംഗത്തേക്ക് വരുന്നതും ഒരു അനീതിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായിട്ടായിരുന്നു. താന്‍ ജോലി ചെയ്യുന്ന ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം തന്റെ സഹപ്രവര്‍ത്തകരെ പിരിച്ചുവിട്ടപ്പോള്‍ അതിനെതിരെ സമരം ചെയ്തുകൊണ്ട് ഒരു ട്രേഡ് യൂണിയനിസ്റ്റായിട്ടായിരുന്നു ആ ഉജ്ജ്വലമായ രംഗപ്രവേശം അതിനുശേഷമായിരുന്നു അദ്ദേഹം നിയമപഠനത്തിലേക്ക് തിരിഞ്ഞതും നീതിനിഷേധിക്കപ്പെട്ടവരുടെ നാവായി, മറ്റൊരു ഷാഹിദ് ആസ്മിയെപ്പോലെ കോടതിമുറികളില്‍ തിളങ്ങിയതും. എന്തോ ഒരു ഭാഗ്യം കൊണ്ട്, ഷാഹിദിന്റെ വിധി മുകുള്‍ സിന്‍‌ഹയ്ക്ക് നേരിടേണ്ടിവന്നില്ല.

പകരം, ആര്‍ക്കെതിരെയാണോ താന്‍ പടവെട്ടിയത്, ആ മനുഷ്യനും അയാളുടെ പ്രത്യയശാസ്ത്രവും ഭരണത്തിലേറുന്നതിനും മൂന്നു ദിവസം മുന്‍പ്, അര്‍ത്ഥഗര്‍ഭമായി ആ മനുഷ്യന്‍ ഇവിടെനിന്നും നടന്നുപോയി. ഏറെ നാളായി ഗ്രസിച്ചിരുന്ന അര്‍ബ്ബുദം ഒരു നിമിത്തം മാത്രമായിരുന്നു എന്നു പറയാം.

ധാരാളമായി കേട്ടറിഞ്ഞിരുന്ന ഒരു മനുഷ്യന്‍ മറഞ്ഞു പോയത് അറിയാന്‍ ഇരുപത്തിരണ്ടു ദിവസം!വാര്‍ത്താവിനിമയത്തിന്റെ ശിലായുഗത്തിലാണ്‌ ഞാനും നിങ്ങളും ജീവിക്കുന്നത്


4 June 2014

ബിഗ് ബ്രദര്‍

ഓപ്പണ്‍ ദ് മാഗസിനില്‍ http://www.openthemagazine.com/ പി.ആര്‍. രമേഷ് എഴുതിയ ഉഗ്രന്‍ ലേഖനമുണ്ട്. വായിച്ചാല്‍ കോള്‍മയിര്‍ കൊള്ളും (ഇല്ലെങ്കില്‍ എന്താണ്‌ കൊള്ളുക എന്നറിയാമായിരിക്കുമല്ലോ). ആദ്യത്തെ പത്തു ദിവസത്തെ മോഡിയുടെ പെര്‍ഫോര്‍മന്‍സിനെക്കുറിച്ചാണ്‌ ലേഖനം.

ഒരു ഉഗ്രപ്രതാപിയായ പ്രധാനാദ്ധ്യാപകന്‍ ക്ലാസ്സെടുക്കുന്നതുപോലെ ആദ്യത്തെ മന്ത്രിസഭായോഗം നടത്തിയ മോഡി, ആ യോഗത്തിനോടനുബന്ധിച്ച് നടത്തിയ പരിഷ്ക്കാരങ്ങളെക്കുറിച്ചാണ്‌ ലേഖനം ഏതാണ്ട് മുഴുവനും. സൗത്ത് ബ്ലോക്കിന്റെ ഉമ്മറത്തേക്കുപോലും മാധ്യമങ്ങളെ കടക്കാന്‍ അനുവദിക്കാതെയാണ്‌ കാര്യപരിപാടികള്‍ ആരംഭിച്ചത്. മന്ത്രിസഭായോഗം കഴിഞ്ഞതിനുശേഷവും മാധ്യമങ്ങളെ കാണാനോ തങ്ങളുടെ അഭിപ്രായങ്ങള്‍ /യോഗത്തിലെ കാര്യപരിപാടികള്‍ വിശദീകരിക്കാനോ മന്ത്രിമാര്‍ക്ക് അനുവാദമുണ്ടായിരുന്നില്ലത്രെ! മന്ത്രിമാര്‍ അവരവരുടെ വകുപ്പുകളെക്കുറിച്ച് മാത്രമേ യോഗങ്ങളില്‍ സംസാരിക്കാന്‍ പാടുള്ളു. പക്ഷേ. ഒരു വലിയ പക്ഷേയാണത്. നിശ്ശബ്ദത പാലിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുകയും ചെയ്യും.

ലേഖകന്‍ തന്നെ സമ്മതിക്കുന്നുണ്ട്. Modi wanted to make it clear: there is only one master in the house and he brooks no indiscipline. അതായത് ഇനിമുതല്‍ നിങ്ങളും അവരുമൊന്നുമില്ല. ഞാന്‍ മാത്രമേയുള്ളു. ഇന്‍ഡിസിപ്ലിന്‍ എന്നതിന്‌ അച്ചടക്കമില്ലായ്മ എന്നു മാത്രമല്ല മോഡിയുടെ അര്‍ത്ഥം. സ്വതന്ത്രാഭിപ്രായങ്ങള്‍ എന്നു മാത്രമാണ്‌ വിവക്ഷ.

പ്രധാനപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള സം‌വിധാനമായ ജി.ഒ.എം. (Groups of Ministers)-യും മോഡി നിര്‍ത്തലാക്കി. അതിനുപറയുന്ന കാരണമോ? പ്രധാനപ്പെട്ട വിഷയങ്ങളില്‍ പലപ്പോഴും ഇതിനുമുന്‍പുള്ള സര്‍ക്കാരുകള്‍ തീരുമാനമെടുക്കാറില്ലായിരുന്നുവെന്നും പലരും അത് പല കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകാറുമുണ്ടെന്ന്. അപ്പോള്‍ എന്തു ചെയ്യണം. ആ സം‌വിധാനം തന്നെ എടുത്ത് മാറ്റണം. അതാണ്‌ മോഡി.

അജിത്ത് ഡോവല്‍ എന്ന പോലീസുകാരനെ ദേശീയസുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നതിലുള്ള സാങ്കേതികവും ധാര്‍മ്മികവുമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചവരെ മോഡി എങ്ങിനെ ഒതുക്കിയെന്നത് രമേഷ് രോമാഞ്ചത്തോടെയാണ്‌ എഴുതിയിരിക്കുന്നത്.

മറ്റു പ്രധാനമന്ത്രിമാരൊക്കെ സൗത്ത് ബ്ലോക്കിലെ മറ്റു ഓഫീസുകളിലേക്ക് പോകാതെ നേരെചൊവ്വേ സ്വന്തം ആപ്പീസിലേക്ക് പോയിരുന്നു. പക്ഷേ മോഡി അവിടെയും വ്യത്യസ്തത കാണിച്ചു. അധികാരത്തിലേറിയതിനുശേഷം അദ്ദേഹം എല്ലാ മുക്കും മൂലയും ഒന്ന് അരിച്ചുപെറുക്കിയത്രെ.

ലേഖനത്തിന്റെ പേരു അന്വര്‍ത്ഥമാണ്‌. The Prime Minister is Watching You!!

ഒരു സിസിടിവി ക്യാമറയുടെ മുന്നിലാണ്‌ ഇനിമുതല്‍ നിങ്ങളുടെ ജീവിതമെന്ന് എത്ര സന്തോഷത്തോടെയാണ്‌ രമേഷ് നമുക്ക് പറഞ്ഞുതരുന്നത്!!


8 June 2014

ഉറുമ്പുകള്‍

ഈ ഉറുമ്പുകള്‍
കാഴ്ചയില്‍ ഇവറ്റകളെല്ലാം ഒരുപോലെയാണ്‌
തിരിച്ചറിയുക എളുപ്പമല്ല.

എന്റെ സ്വന്തം വീട്
ഞാന്‍ ജനിച്ചുവളര്‍ന്ന വീട്
എന്നിട്ടും ഒരു കൂസലുമില്ലാതെ
എന്നെ വന്ന് കടിച്ചിട്ട് ന്യായം പറഞ്ഞു
ഒരു ചെറിയ ഉറുമ്പ്
ഇത് അവന്റെ വീടാണെന്ന്
ഞാന്‍ വാടകക്കാരനല്ലേയെന്ന്
ഒഴിഞ്ഞുപോകാത്തതെന്തെന്ന്.

വിരലുകൊണ്ടമര്‍ത്തി
ഒട്ടും ആയാസമില്ലാതെ
ഞാനവനെ കൊന്നു.

അപ്പോഴുണ്ട്, മറ്റൊരുത്തന്‍ വന്ന്
തലയുയര്‍ത്തി നോക്കി
എന്നെ ഒരൊറ്റ വിളി
'സയണിസ്റ്റേ' എന്ന്!
എന്നിട്ട് ഓടിമറയുകയും ചെയ്തു.

എന്നെങ്കിലും ഒരിക്കല്‍
അവനെ എന്റെ കയ്യില്‍ കിട്ടുമായിരിക്കും.

പക്ഷേ,
അവന്‍ എന്നെ തിരിച്ചറിഞ്ഞപോലെ
എങ്ങിനെ ഞാന്‍ അവനെ തിരിച്ചറിയും?

ആരാണീ വീടിന്റെ ഉടമസ്ഥന്‍?
അവരോ ഞാനോ?
ആരാണ്‌ വാടകക്കാരന്‍?
ഞാനോ, അതോ അവരോ?




11 June 2014

തിരിച്ചുവരവ്

അച്ഛന്‍ മരിച്ചപ്പോള്‍ കര്‍മ്മങ്ങളൊന്നും ചെയ്തില്ല. അടുത്ത ബന്ധുക്കള്‍ മുഖം ചുളിച്ചു. അമ്മയ്ക്ക് വേണമെന്നുണ്ടെങ്കില്‍ ചെയ്യാമെന്ന് പറഞ്ഞു. നിനക്ക് വിശ്വാസമില്ലെങ്കില്‍ വേണ്ടെന്ന് അമ്മയും. വീട്ടില്‍നിന്ന് എടുക്കുന്നതിനുമുന്‍പ്, ഏറെക്കാലത്തിനുശേഷം ഒന്ന് നന്നായി നമസ്ക്കരിക്കുക മാത്രം ചെയ്തു. ചന്ദ്രനഗറിലെ വൈദ്യുതശ്മശാനത്തില്‍ കയറ്റി ജ്വലിക്കുന്ന വൈദ്യുതിക്ക് കൊടുത്തു. നിളയിലിറങ്ങി അമ്മ ഭസ്മം ഒഴുക്കിയപ്പോള്‍ കൂടെനിന്നു.

എന്നിട്ടും, പത്തുവര്‍ഷം കഴിഞ്ഞ്, ഇന്നോളം, ആഴ്ചയിലൊരിക്കലെങ്കിലും എന്നും സ്വപ്നത്തില്‍ അച്ഛന്‍ വരും. മകന്‍ കര്‍മ്മം ചെയ്യാത്തതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഇങ്ങനെയൊക്കെ വരാന്‍ കഴിയുന്നതിന്‌ അച്ഛന്‍ ഇപ്പോള്‍ സത്യമായും സന്തോഷിക്കുന്നുണ്ടാവും.
കര്‍മ്മം ചെയ്ത് അച്ഛനെ എന്നന്നേക്കുമായി അയയ്ക്കാതിരുന്നത് എത്ര നന്നായി എന്ന് എന്നോട് ഞാനും എപ്പോഴും പറയും.


15 June 2014

ബൈ ദ് റിവേസ് ഓഫ് ബാബിലോണ്‍

ഇറാഖിന്റെ വടക്കന്‍ മേഖലയിലെ സ്ഥിതി അത്യന്തം കലുഷിതമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിര്‍മ്മാണമേഖലയിലെ തൊഴിലാളികളായ നാല്‍‌പ്പത് (നാല്‍‌പ്പത്തഞ്ചെന്നും ചിലര്‍) ഇന്ത്യക്കാരെ മൊസൂലില്‍നിന്ന് ഇസിസ് വിമതര്‍ തട്ടിക്കൊണ്ടുപോയതായ വാര്‍ത്ത വന്നിട്ടുണ്ട്.

അമേരിക്കയില്‍നിന്ന് 275 പ്രത്യേക ദൗത്യ സേനാംഗങ്ങള്‍ എത്തിക്കഴിഞ്ഞു. സൈന്യത്തെ അയക്കണമോ എന്നുള്ള കാര്യം അമേരിക്ക പുനരാലോചിച്ചുകൊണ്ടിരിക്കുകയാണത്രെ. വീണ്ടും ഒരു യുദ്ധത്തിലേക്ക് രാജ്യത്തിനെ വലിച്ചിഴക്കരുതെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നതായാണ്‌ വാര്‍ത്ത. റൂഹാനിയുടെ 'പുതിയ ഇറാനു'മായി അടുത്ത ബന്ധം പുലര്‍ത്തി തുടങ്ങിയിട്ടുണ്ട് അടുത്ത കാലത്തായി അമേരിക്കന്‍ ഭരണകൂടം. 2011-ലെ ആക്രമണത്തിനുശേഷം നിര്‍ത്തിവെച്ചിരുന്ന ഇറാനിലെ ബ്രിട്ടീഷ് എംബസ്സി വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. അമേരിക്കന്‍ നാവികസേനയുടെ ഒരു കപ്പല്‍ മൂന്നു ദിവസം മുന്‍പ് ഗള്‍ഫ് ഉള്‍ക്കടലില്‍ വന്നിരുന്നു. മറ്റൊരെണ്ണം കൂടി പുറപ്പെട്ടു തുടങ്ങി എന്നും വാര്‍ത്തയുണ്ട്. ഇറാനില്‍നിന്ന് പരിശീലനം കിട്ടിയ ഷിയകളും മൊസൂലിലേക്കും ബാഗ്ദാദിലേക്കും സമാറയിലേക്കും എത്തിയിട്ടുണ്ട്.

ഇറാഖി ഷിയകളുടെ പരമോന്നത ആത്മീയനേതാവായ സിസ്താനിയുടെ 'വിശുദ്ധ യുദ്ധ'ത്തിനുള്ള ആഹ്വാനപ്രകാരം, രാജ്യത്തിന്റെ പല ഭാഗത്തുനിനും ഷിയ പൗരന്മാര്‍ ആയുധങ്ങളേന്തി വടക്കന്‍ മേഖലയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. തെക്കേ അറ്റത്തുള്ള ഈ ബസ്രയില്‍നിന്നുപോലും ട്രക്കുകളിലും പിക്കപ്പുകളിലുമായി ഷിയകള്‍ പോയിത്തുടങ്ങിയിട്ടുണ്ട്.

ഇന്റര്‍നെറ്റിനു ധാരാളം വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു ഇറാഖ് സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായും നിലച്ച മട്ടാണ്‌. വിരുതന്‍ ശങ്കുമാര്‍ കള്ളതാക്കോലിട്ട് അത് തുറന്ന് കാര്യങ്ങള്‍ സാധിക്കുന്നുമുണ്ട്.

ഇതൊക്കെയാണ്‌ ഇറാഖിലെ ഇപ്പോഴത്തെ ഒരു ഏകദേശ ചിത്രം.

ഇനി മറ്റൊരു ചിത്രമുള്ളത്, ഇവിടുത്തെ പണിയിടങ്ങളില്‍നിന്ന് ധാരാളം സ്വദേശികളും പറഞ്ഞും പറയാതെയും സ്ഥലം വിടുന്നു എന്നുള്ളതാണ്‌. മിക്കവരും പോകുന്നത്, സിസ്താനി ആഹ്വാനം ചെയ്ത ഇസിസിനെതിരായുള്ള 'വിശുദ്ധ യുദ്ധ'ത്തില്‍ പങ്കെടുക്കാനാണ്‌. വടക്കന്‍ മേഖലയിലെ തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയോര്‍ത്ത് ഇനിയും ധാരാളമാളുകള്‍ പണിയിടങ്ങളില്‍നിന്ന് വിട്ടുകൊണ്ടിരിക്കുന്നു.

ബസ്ര ഇപ്പോഴും ശാന്തമാണ്‌. ഒന്നാമത്തെ കാരണം, ഷിയകളുടെ ഒരു വലിയ ശക്തികേന്ദ്രമാണെന്നതാണ്‌. രണ്ടാമതായി, പാശ്ചാത്യ ശക്തികളുടെയെല്ലാം പ്രധാനപ്പെട്ട എണ്ണകമ്പനികള്‍ ഈ ഭാഗത്താണ്‌. ഷെല്ലും, എക്സോണ്‍ മോബിലും, ഹാലിബര്‍ട്ടണും, ബേക്കര്‍ ഹുഗ്സും, എമേഴ്സണും, വെതര്‍ഫോര്‍ഡും എല്ലാം. സുബൈര്‍ എണ്ണപ്പാടത്ത് മറ്റൊരു വലിയ കരാര്‍ ഏറ്റെടുക്കാന്‍ കാത്തിരിക്കുകയാണ്‌ എമേഴ്സണ്‍ എന്ന അമേരിക്കന്‍ എണ്ണഭീമന്‍. ഇതെല്ലാം കൊണ്ട് ബസ്രയില്‍ കാര്യമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് പറയേണ്ടിവരും.

Chickens come home to roost എന്ന ഇംഗ്ലീഷിലെ ആ പ്രസിദ്ധമായ പ്രയോഗം കേട്ടിട്ടില്ലേ? കാലാകാലങ്ങളായി അമേരിക്ക നടപ്പാക്കിക്കൊണ്ടിരുന്ന വംശീയമായ അടിച്ചമര്‍ത്തലിനു പകരം ചോദിക്കാന്‍ കറുത്തവരുടെ മുന്നേറ്റങ്ങള്‍ അമേരിക്കയിലും മറ്റിടങ്ങളിലും തലപൊക്കുകയും അക്രമാസക്തമാവുകയും ചെയ്തുതുടങ്ങിയപ്പോള്‍ മാല്‍ക്കം എക്സ് ആണ്‌ ഈ പ്രയോഗം അമേരിക്കയെ ഓര്‍മ്മിപ്പിച്ചത്. അതിന്‌ വലിയ വില കൊടുക്കേണ്ടിവരികയും ചെയ്തു മാല്‍ക്കത്തിന്‌ അന്ന്. അന്നുതൊട്ടിന്നോളം അമേരിക്ക ആ പ്രയോഗത്തിന്റെ കാവ്യനീതി അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് ഇറാഖിലും അതുതന്നെയാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും അല്‍‌ഖ്വയ്‌ദക്കെതിരെ പോരാടുമ്പോള്‍ത്തന്നെ, ഇറാനിലെയും സിറിയയിലെയും ഭരണകൂടങ്ങളെ തകര്‍ക്കാന്‍, അല്‍‌ഖ്വൈ‌ദയെ പ്രത്യക്ഷമായും പരോക്ഷമായും നട്ടുനനച്ചു വളര്‍ത്തുകയായിരുന്നു അമേരിക്ക. അതില്‍നിന്നുണ്ടായ വിഷക്കായയാണ്‌ ഇന്ന്, ഇസിസ് എന്നും ഇസില്‍ എന്നും (Islamic State of Syria അഥവാ, Islamic State of Syria and Levant), ദാഷ് എന്ന് അറബിയിലും അറിയപ്പെടുന്ന സുന്നികളിലെ ഈ അതിതീവ്ര വിഭാഗം. തിരിച്ചുവന്ന ആ കുക്കുടങ്ങളെ എങ്ങിനെ ഒതുക്കാമെന്നാണ്‌ അമേരിക്കയും അതിന്റെ സില്‍ബന്തികളും ആലോചിക്കുന്നത്.

ചരിത്രത്തിന്റെ ഈ ക്രൂരഫലിതമോര്‍ത്ത് ചിരിക്കാന്‍ തോന്നുമെങ്കിലും, 1980-കള്‍ തൊട്ടിന്നോളം സ്വസ്ഥമായ ജീവിതമെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഭാഗ്യം കെട്ട ഈ നാടിനെയും അതിലെ നിര്‍ഭാഗ്യവാന്മാരായ ആളുകളെയും കുറിച്ച് എങ്ങിനെ ആവും നമുക്കതിന്‌?


18 June 2014

ഡിമന്‍ഷ്യ സെന്റര്‍



അകന്ന ബന്ധത്തിലുള്ള ഒരാളെ ഒരു ഡിമന്‍ഷ്യ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന് കേട്ടു. എന്തൊരു സ്ഥലമായിരിക്കണം അത്. ഓര്‍മ്മകള്‍ ക്ഷയിച്ചവരുടെ ഒരു കൂടാരം. ഓര്‍മ്മകളില്ലാത്ത ഒരു സ്ഥലം എന്ന് അതിനെ പക്ഷേ വിളിക്കാന്‍ പറ്റില്ല. ഓര്‍മ്മകളുണ്ട്. താങ്ങാനാവുന്നതിലുമധികം ഓര്‍മ്മകള്‍ ചുമന്നു നടുവൊടിഞ്ഞവരാവണം അവര്‍. അല്ലെങ്കില്‍, കളിപ്പാട്ടങ്ങള്‍ കൈവിടാന്‍ മടിക്കുന്ന കുട്ടികളെപ്പോലെ ഓര്‍മ്മകളെ കൈവിടാന്‍ മടിക്കുന്നവര്‍. പലരുടെയും പല ഓര്‍മ്മകള്‍. ആ ഓര്‍മ്മകള്‍ നമ്മള്‍ സാധാരണക്കാരുടെ ഓര്‍മ്മകള്‍ പോലെയല്ല എന്നു മാത്രം.

അവരുടെ ഓര്‍മ്മകള്‍ ഒരേ കാലത്തിന്റെ അച്ചുതണ്ടില്‍ തന്നെ കിടന്ന് കറങ്ങുകയാണ്‌. തലങ്ങും വിലങ്ങും, മുന്നോട്ടും പിന്നോട്ടും, പക്ഷേ, പിന്നിട്ട കാലത്തില്‍നിന്ന് അടര്‍ത്തിമാറ്റിയ ഒരു ചെറുകഷണത്തിന്റെ അഴികള്‍ക്കകത്താണ്‌ അവരുടെ ആ ഓര്‍മ്മസഞ്ചാരം. ജയില്‍‌പ്പുള്ളികളെപ്പോലെ. പുറം ലോകത്തെ വെളിച്ചം അകത്തേക്ക് കടക്കുന്നതേയില്ല.

അവരുടെ ഓര്‍മ്മകളിലെ മനുഷ്യര്‍ക്ക് ചിലപ്പോള്‍ മുഖമില്ല. ചിലപ്പോള്‍ പേരില്ല. മുഖവും പേരുമുള്ളവര്‍ക്കാകട്ടെ, ചിലപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധവുമില്ല. ഓര്‍മ്മിക്കുന്ന അവരുമായി പോലും ആ പേരുകള്‍ക്കും മുഖങ്ങള്‍ക്കും ഒരു ബന്ധവുമില്ല. തുരുത്തുകളെപ്പോലെയുള്ള ഓര്‍മ്മകളാണവ. ജീവിച്ചിരിക്കുന്ന മനുഷ്യര്‍ തൊട്ടുകൂട്ടി കലര്‍പ്പാവാത്ത, പരിശുദ്ധമായ എണ്ണ എന്നോ, പരിശുദ്ധമായ വെണ്ണ എന്നോ പറയുന്നതുപോലുള്ള പരിശുദ്ധമായ ഓര്‍മ്മകള്‍.

നമ്മള്‍ സാധാരണക്കാരുടെ ഓര്‍മ്മകള്‍ക്ക് പഴക്കം വരും. സ്ഥലവും സമയവും കാലവും മറന്നുപോയെന്നുവരും. സ്ഥാനം തെറ്റി കിടന്നുവെന്നും വരാം. സ്മൃതിനാശത്തിലെത്തിയവര്‍ക്ക് അതൊന്നുമില്ല. അവര്‍ ഓര്‍മ്മകളെ ചില്ലിട്ട് വെക്കുകയാണ്‌. ആ ഓര്‍മ്മകളെ നിത്യസ്മാരകങ്ങളാക്കുകയാണവര്‍ ചെയ്യുന്നത്.

അവിടെ സ്ഥലവും കാലവും സമയവും ഒന്നുമില്ല. വെറും ഓര്‍മ്മകള്‍. ഓര്‍മ്മിക്കാന്‍ മാത്രമുള്ളവ.



June 19, 2014

സംഗീത സം‌വിധായകന്‍

(ഹസ്സന്‍ ബ്ലാസിം* എന്ന ഇറാഖി എഴുത്തുകാരന്റെ "The Corpse Exhibition and other stories of Iraq" എന്ന കഥാ സമാഹാരത്തിലെ 'The Composer" എന്ന കഥയുടെ വിവര്‍ത്തനം)

മുന്‍‌കൂര്‍ ജാമ്യം - ഗ്രന്ഥകര്‍ത്താവിന്റെ അനുവാദമില്ലാതെ ഒരു രചന പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നറിയാഞ്ഞിട്ടല്ല. ബ്ലാസിമിന്റെ മേല്‍‌വിലാസം കിട്ടാന്‍ കുറേ അന്വേഷിച്ചു. കിട്ടിയില്ല. എന്തായാലും മനസ്സില്‍ തട്ടുന്ന എന്തെങ്കിലും വായിച്ചാല്‍, കേട്ടാല്‍, അത് (കച്ചവട ലക്ഷ്യമില്ലാതെ) മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ തെറ്റില്ല എന്ന സ്വയം ബോദ്ധ്യത്തിന്റെയും, ഫേസ്‌ബുക്കിലെ ചൊറിയലുകളല്ലാതെ, കാര്യമായ എന്തെങ്കിലും എഴുതിയിട്ട് നാളുകള്‍ കുറച്ചേറെയായതിന്റെയുമൊക്കെ ജാമ്യത്തില്‍, ഇന്നലെ രാത്രി തച്ചിനിരുന്ന് ഒറ്റയടിക്ക് എഴുതി തീര്‍ത്തതാണ്‌.

സംഗീത സം‌വിധായകന്‍

അല്‍ അമാറ പട്ടണത്തിലായിരുന്നു ജാഫര്‍ അല്‍ മുതലബിയുടെ ജനനം. 1973-ല്‍ അയാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ബാത്ത് പാര്‍ട്ടിയില്‍ ചേര്‍ന്നു. അതേ വര്‍ഷം തന്നെ അയാളുടെ ഭാര്യ രണ്ടാമത്തെ മകന്‌ ജന്മം നല്‍കി. ഒരു പ്രൊഫഷണല്‍ തന്ത്രിവാദ്യക്കാരനും ദേശഭക്തിഗാനങ്ങളുടെ സംഗീതസം‌വിധായകനുമായിരുന്നു അയാള്‍. 1991-ല്‍ കിര്‍ക്കുക് നഗരത്തിലുണ്ടായ കലാപത്തില്‍ അയാള്‍ കൊല്ലപ്പെട്ടു.

‌‌‌‌*********************************

അയാള്‍ എങ്ങിനെയാണ്‌ മരിച്ചത് എന്ന് ഇന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും. അതാ, അവിടെയിരുന്ന് മീനിന്റെ വില പറഞ്ഞ് തൊള്ളയിടുന്ന ആ വയസ്സിയെ കണ്ടോ? അതെന്റെ അമ്മയാണ്‌. ബാഗ്ദാദിലേക്ക് തിരിച്ചു വന്നതു മുതല്‍ ഞങ്ങള്‍ മീന്‍ വിറ്റാണ്‌ ജീവിക്കുനന്ത്. ആ ഒരു കുട്ട മീന്‍ വില്‍ക്കാന്‍ ഞാന്‍ ഒന്ന് അവരെ സഹായിക്കട്ടെ. അതിനുശേഷം ഏതെങ്കിലും ചായക്കടയില്‍ പോയിരുന്ന് നമുക്ക് സംസാരിക്കാം.

ഇറാഖും ഇറാനും തമ്മിലുള്ള യുദ്ധം കഴിഞ്ഞതിനുശേഷം എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ നിരീശ്വരവാദം പരസ്യമാക്കാന്‍ തുടങ്ങിയത് വലിയ പ്രശ്നങ്ങളുണ്ടാക്കി. ഒരു ദിവസം ഷര്‍ട്ടില്‍ നിറയെ ചോരയുമായി വൈകുന്നേരം അച്ഛന്‍ വീട്ടില്‍ വന്നു. ഏതോ ഒരു കൂട്ടുകാരന്റെ ഇടികൊണ്ട് മൂക്കില്‍നിന്ന് ചോരയൊലിച്ചതായിരുന്നു. ഒരു ചായക്കടയിലിരുന്ന് അവരിരുവരും ചീട്ട് കളിക്കുമ്പോളായിരുന്നു പെട്ടെന്ന് അച്ഛന്‍ ദൈവത്തിനും പ്രവാചകനുമെതിരെ തെറി വിളിക്കാന്‍ തുടങ്ങിയത്. മൂപ്പര്‍ സ്വന്തമായി രചിച്ച് സംഗീതം കൊടുത്തവയായിരുന്നു അത്. നല്ലൊരു സംഗീത സം‌വിധായകനായിരുന്നു അച്ഛന്‍ എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ആദ്യം അദ്ദേഹം സൈന്യത്തിനു യോജിച്ച തരത്തില്‍ ഒരു പാട്ടിന്‌ ട്യൂണ്‍ കൊടുത്തു. പിന്നെ അതിലൊരു തെറി ചേര്‍ത്തു. "നിന്റെ ഇമാമിന്റെ പെങ്ങളുടെ..." എന്ന്.

ആദ്യമൊക്കെ ആളുകള്‍ അച്ഛന്റെ ഈ ഭാവന കേട്ടപ്പോള്‍ പൊട്ടിച്ചിരിച്ചു. പിന്നെപ്പിന്നെ അവര്‍ അച്ഛനില്‍ നിന്ന് അകലം പാലിക്കാനും ദൈവത്തോട് മാപ്പപേക്ഷിക്കാനും തുടങ്ങി. തെരുവില്‍ വെച്ചു കണ്ടാല്‍ കാണാത്ത മട്ടില്‍ നടന്നുപോയി ചിലര്‍. ഇരുമ്പ് നിറച്ച ഒരു ട്രക്ക് ഒരു ദിവസം നിന്നെ ചതച്ചരക്കും എന്ന് ഒരു സുഹൃത്ത് പരിഹസിക്കുകയും ചെയ്തു. പക്ഷേ, അച്ഛന്റെ സര്‍ക്കാര്‍ ബന്ധങ്ങള്‍ ഓര്‍ത്ത് എല്ലാവര്‍ക്കും അദ്ദേഹത്തെ പേടിയായിരുന്നു. മൂക്കില്‍ ഇടികൊണ്ടതിന്റെ പിറ്റേന്ന് തന്നെ പരുക്കേല്‍‌പ്പിച്ച അബു അലയെക്കുറിച്ച് അച്ഛന്‍ പാര്‍ട്ടി തലസ്ഥാനത്തേക്ക് ഒരു റിപ്പോര്‍ട്ടയച്ചു. രണ്ടു ദിവസത്തിനുശേഷം അബു അല അപ്രത്യക്ഷനായി. രണ്ടാം ഖദിസ്സിയ എന്ന ഒരു സമീപ പ്രദേശത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. തൊഴിലില്‍ ഇളയവരായ സൈനികോദ്യോഗസ്ഥര്‍ക്കും, രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലും കേന്ദ്രപ്രദേശങ്ങളിലുമുള്ള പട്ടണങ്ങളില്‍നിന്ന് വന്നവര്‍ക്കും, സര്‍ക്കാരിലുള്ള കുര്‍ദുകളുടെ കുടുംബങ്ങള്‍ക്കും വേണ്ടി സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകളായിരുന്നു അവിടെയുണ്ടായിരുന്നത്. മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായി ജീവിക്കുന്ന ഒരേയൊരു കുടുംബം ഞങ്ങളുടേതായിരുന്നു. ചുറ്റുമുള്ള കുടുംബങ്ങളെല്ലാം സൈന്യത്തില്‍നിന്ന് ശമ്പളം പറ്റുമ്പോള്‍, അച്ഛന്‍ രചിച്ച ദേശഭക്തിഗാനങ്ങളില്‍നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ഞങ്ങള്‍ ജീവിച്ചുപോന്നിരുന്നത്. മേയറേക്കാളും, പാര്‍ട്ടിയിലെ പല ഉന്നതന്മാരേക്കാളുമൊക്കെ ഉയര്‍ന്ന പദവിയുണ്ടായിരുന്നു അദ്ദേഹത്തിന്‌. കാരണം, ഇന്നും ആളുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന പല ദേശഭക്തിഗാനങ്ങള്‍ക്കും ഒന്നിലേറെ തവണ പ്രസിഡന്റില്‍നിന്ന് സമ്മാനങ്ങള്‍ വാങ്ങിയ ആളായിരുന്നു എന്റെ അച്ഛന്‍.

സഹോദരാ, ഞാന്‍ കഥ ചുരുക്കി പറയാം. യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനു ശേഷം എഴുത്തുകാര്‍ക്കുണ്ടാവുന്നതെന്ന് പറയുന്ന ആ ഒരു ബ്ലോക്കുണ്ടല്ലോ, അതുണ്ടായി അച്ഛന്‌. പ്രസിഡന്റിന്റെ മഹത്ത്വത്തെക്കുറിച്ച് പ്രസിദ്ധരായ കവികള്‍ അയച്ചുകൊടുത്ത കവിതകള്‍ക്കൊന്നും സംഗീതം കൊടുക്കാന്‍ അദ്ദേഹത്തിനു കഴിയാതായി. മാസങ്ങള്‍ കഴിഞ്ഞു, പിന്നെ കൊല്ലങ്ങള്‍. ഒരു പുതിയ ട്യൂണ്‍ പോലും രചിക്കാന്‍ അദ്ദേഹത്തിനായില്ല. ആ സമയത്ത് അച്ഛന്‍ എന്താണ്‌ ചെയ്തതെന്ന് അറിയാമോ? മതത്തെ കളിയാക്കുന്ന ചെറിയ ചെറിയ കവിതകളെഴുതി ട്യൂണ്‍ കൊടുക്കുകയായിരുന്നു അച്ഛന്‍. തണുപ്പു കാലത്തെ, നേരിയ ചൂടുള്ള ഒരു വൈകുന്നേരം, ഞങ്ങള്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രവാചകന്റെ ഭാര്യമാരുടെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് സ്വയം എഴുതിയ ഒരു പാട്ട് അച്ഛന്‍ പാടുന്നത് കേട്ടു. പെട്ടെന്ന് എന്റെ മൂത്ത ഏട്ടന്‍ ചാടിയെഴുന്നേറ്റ്, അലമാരയില്‍നിന്ന് അച്ഛന്റെ തോക്കെടുത്ത്, മൂപ്പരുടെ ദേഹത്ത് ചാടിക്കയറി, വായക്കകത്തേക്ക് കുത്തിത്തിരുകി. അമ്മ ഓടിവന്ന്, ഇട്ടിരുന്ന ബ്ലൗസ് വലിച്ചു കീറി നിലവിളിച്ചില്ലായിരുന്നെങ്കില്‍ ഏട്ടന്‍ അച്ഛനെ കൊല്ലുമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ഏട്ടന്‍ ഒരു നിമിഷം പകച്ച് അമ്മയുടെ നെഞ്ചിലേക്ക് നോക്കി. കുടല്‍ പുറത്തേക്ക് ചാടിയ ഒരു മൃഗത്തെപ്പോലെ അമ്മയുടെ മുലകള്‍ അവരുടെ വയറിലേക്ക് തൂങ്ങിനിന്നിരുന്നു. കുട്ടിക്കാലത്തിനുശേഷം അമ്മയുടെ മുലകള്‍ ഞങ്ങള്‍ ആദ്യമായി കാണുന്നത് അന്നാണ്‌. ഞാന്‍ കുളിമുറിയിലേക്ക് പോയി. ഏട്ടന്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. അമ്മക്ക് പഠിപ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അച്ഛനേക്കാള്‍ കാര്യപ്രാപ്തിയുണ്ടായിരുന്നു. അച്ഛനെ ഒരു മകനെപ്പോലെ ലാളിച്ചാണ്‌ അമ്മ പരിചരിച്ചിരുന്നത്. ഖാദിസ്സിയ ജില്ലയിലെ ലൈസന്‍സുള്ള ഒരു വയറ്റാട്ടിയായിരുന്നു അമ്മ. ആളുകള്‍ക്കെല്ലാം ഇഷ്ടവുമായിരുന്നു അവരെ. പ്രാദേശിക പാര്‍ട്ടി ആസ്ഥാനത്തേക്ക് ഏട്ടനെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് കൊടുക്കാന്‍ അച്ഛന്‍ തീരുമാനിച്ചു. പക്ഷേ അവര്‍ അതില്‍ നടപടികളൊന്നും എടുത്തില്ല.

കലാകാരന്മാരുടെ ഇടയിലും പരിസര പ്രദേശങ്ങളിലും അച്ഛന്റെ പേര്‍ ദുഷിക്കാന്‍ തുടങ്ങിയിരുന്നു. അച്ഛന്‌ ഭ്രാന്താണെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങി. പഴയ സുഹൃത്തുക്കള്‍ അച്ഛനെ ഒഴിവാക്കാനും തുടങ്ങി. അച്ഛന്‍ ബാഗ്ദാദിലേക്ക് പോയി, താന്‍ സംഗീതം നല്‍കിയ പഴയ പടപ്പാട്ടുകള്‍, ആഴ്ചയിലൊരിക്കലെങ്കിലും വീണ്ടും പ്രക്ഷേപണം ചെയ്യാന്‍ റേഡിയോ-ടെലിവിഷന്‍ നിലയങ്ങള്‍ക്ക് അഭ്യര്‍ത്ഥന അയച്ചു. അവയൊക്കെ കാലഹരണപ്പെട്ടു എന്ന് പറഞ്ഞ് അവര്‍ ആ അപേക്ഷകള്‍ മടക്കി. ഈരണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ അവര്‍ അത്തരം പാട്ടുകള്‍ പ്രക്ഷേപണം ചെയ്യാറുണ്ടായിരുന്നുള്ളു. യുദ്ധാരംഭത്തിന്റെയും യുദ്ധം അവസാനിച്ചതിന്റെയും വാര്‍ഷിക ദിനങ്ങളില്‍. എന്തു വില കൊടുത്തും തന്റെ പഴയ പ്രശസ്തിയും പഴയ കാലവും തിരിച്ചുപിടിക്കാന്‍ അച്ഛന്‍ കിണഞ്ഞു പരിശ്രമിച്ചു. പ്രസിഡന്റിനെ നേരിട്ട് കാണാനും ഒരു വിഫലശ്രമം നടത്തിനോക്കി. തന്റെ പാട്ടുകളെക്കുറിച്ചും സംഗീത‌സം‌വിധാനത്തെക്കുറിച്ചും ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സിനിമാ-നാടക വകുപ്പുകളിലേക്കും അച്ഛന്‍ കത്തയച്ചു. അതും ഫലിച്ചില്ല.

ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോഴും ദൈവത്തെയും അസ്തിത്വത്തെയും ചോദ്യം ചെയ്യുന്ന പത്തു പാട്ടുകള്‍ക്ക് അച്ഛന്‍ സംഗീതം കൊടുത്തു കഴിഞ്ഞിരുന്നു. കൂട്ടത്തില്‍, ആദ്യത്തെ നാലു ഖലീഫുകളെക്കുറിച്ചുള്ള മനോഹരമായ മറ്റൊരു ഗാനവും. ഇടയ്ക്കിടയ്ക്ക് സ്റ്റൂഡിയോകളില്‍ പോയി, മതത്തെ കളിയാക്കിയിട്ടുള്ള തന്റെ പാട്ടുകള്‍ പാടാന്‍ അവസരം തരണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‌ മുഴുത്ത ഭ്രാന്ത് ആരംഭിച്ചുവെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. സ്വാഭാവികമായും ആരും ആ അപേക്ഷ ചെവിക്കൊണ്ടില്ല. ചിലര്‍ അച്ഛനെ ബലമായി പിടിച്ച് പുറത്താക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വരെ ചെയ്തു. ഒടുവില്‍ വീട്ടിലിരുന്ന് സ്വയം ആ പാട്ടുകളൊക്കെ റിക്കാര്‍‌ഡ് ചെയ്യാന്‍ അച്ഛന്‍ തീരുമാനിച്ചു. ഒരു ടേപ് റിക്കാര്‍‌ഡറിന്റെ മുന്‍പിലിരുന്ന് തന്റെ തന്ത്രിവാദ്യം വായിച്ച് അച്ഛന്‍ സ്വയം പാടി അവയൊക്കെ റിക്കാര്‍ഡ് ചെയ്തു.റിക്കാര്‍ഡിംഗ് അത്ര വലിയ മെച്ചമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും അച്ഛന്‍ നന്നായി പാടി. പ്രാതല്‍ കഴിക്കുമ്പോള്‍ അച്ഛന്‍ അത് കേള്‍പ്പിച്ചുതന്നു. ആളുകള്‍ അറിഞ്ഞാലോ എന്ന് പേടിയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അത് എങ്ങിനെയെങ്കിലും കൈക്കലാക്കി നശിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ അച്ഛന്‍ എപ്പോഴും അത് കോട്ടിന്റെ പോക്കറ്റില്‍ ഇട്ടു നടന്നു. ഉറങ്ങുമ്പോള്‍, തലയിണയില്‍ പ്രത്യേകമായുണ്ടാക്കിയ അറയില്‍ സൂക്ഷിച്ചു.

ഇന്ന് അത് ഒളിച്ചുവെക്കേണ്ട കാര്യമില്ല. മറ്റുള്ളവര്‍ക്ക് ആവശ്യം വരും. കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കുമൊപ്പം മതവും ആവശ്യത്തിലേറെ പുരോഗമിച്ചു കഴിഞ്ഞു. തെരുവിന്റെ പ്രതികരണം ഭ്രാന്തമായിരിക്കാം. പക്ഷേ നമുക്ക് ആകാശത്തേക്ക് ഒരു വെടിയുണ്ട പായിക്കാം. നിങ്ങള്‍ മുന്നോട്ട് പോകൂ. നിങ്ങളൊരു പത്രപ്രവര്‍ത്തകനല്ലേ? നിങ്ങള്‍ക്കത് ഗുണം ചെയ്യും. ഒരു ചെറുപ്പക്കാരനായ പാട്ടുകാരന്‍ ആ പാട്ടുകള്‍ പാടാനും ആധുനികമായ ഒരു സ്റ്റൂഡിയോയില്‍ അത് റിക്കാര്‍‌ഡ് ചെയ്യാനും സമ്മതിച്ചു. ഞാന്‍ പക്ഷേ സമ്മതിച്ചില്ല . ആ പാട്ടുകള്‍ അച്ഛന്‍ റിക്കാര്‍ഡ് ചെയ്ത അതേ വിധത്തില്‍ അവശേഷിക്കണം. ചരിത്രത്തിന്റെ തെളിവായി. ഇത് പകര്‍ത്താനേ പറ്റൂ. ഈ സംഭവങ്ങളെക്കുറിച്ചുള്ള കഥകളൊക്കെ ആളുകള്‍ പെട്ടെന്ന് മറന്നുപോകും. കുറച്ചുകാലം കഴിഞ്ഞാല്‍, ഈ കഥകളൊക്കെ ഭാവനാസൃഷ്ടികളാണെന്ന് അവര്‍ വിശ്വസിക്കും. ചന്തയില്‍ ഞങ്ങളുടെ തൊട്ടടുത്തുള്ള ആളുടെ കാര്യം തന്നെ നോക്കൂ. സവാള വില്‍ക്കുന്ന അബു സാദിക്ക്. ജാസ്സിം നദിക്കരയില്‍ വെച്ച് ഇറാനികളുമായിട്ടുണ്ടായ യുദ്ധത്തെക്കുറിച്ച് അയാള്‍ പറയുമ്പോള്‍ സ്വയം മെനഞ്ഞെടുത്ത ഹോളിവുഡ്ഡ് ച്ഛായയുള്ള കഥയാണോ എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നും.

സര്‍ക്കാര്‍ സൈന്യം പിന്‍‌വലിഞ്ഞു. കുര്‍ദുകളായ പെഷ്മര്‍ഗ* ആയുധധാരികള്‍ കിര്‍ക്കുക്കിലേക്ക് പ്രവേശിച്ചു. കലാപത്തെ ആളുകള്‍ സന്തോഷത്തോടെയാണ്‌ വരവേറ്റത്. ബഹളവും വെടിവെപ്പും മൃതദേഹങ്ങളും കുര്‍ദിഷ് നൃത്തവും പാട്ടുകളുമായിരുന്നു എങ്ങും. ഞങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. ബാത്തിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ താമസിച്ചിരുന്ന ജില്ലയിലെ എല്ലാ വീടുകള്‍ക്കും അവര്‍ തീവെച്ചു. ബാത്തിസ്റ്റുകളെയും പോലീസുകാരെയും സെക്യൂരിറ്റിക്കാരെയും കൊന്ന്, അവരുടെ ശവശരീരങ്ങള്‍ അവര്‍ കെട്ടിത്തൂക്കി. അമ്മ മുട്ടിലിരുന്ന് അവരോട് കെഞ്ചി. ഇത്തവണ അമ്മ ഉടുപ്പ് വലിച്ചുകീറിയില്ല. എന്ത്? എന്റെ അച്ഛനോ? ഇല്ല. ഇല്ല. അച്ഛന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല. കലാപം തുടങ്ങുന്നതിനും മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരു പട്ടണത്തിലെ ഭ്രാന്തനായി ദൈവത്തിനെതിരെ പാട്ടുകള്‍ പാടിക്കൊണ്ട്, ഒരൊറ്റ കമ്പി പോലും ബാക്കിയില്ലാത്ത തന്ത്രിവാദ്യവുമായി അലഞ്ഞുതിരിയുകയായിരുന്നു അച്ഛന്‍. വീട്ടില്‍ തീ പടര്‍ന്നു. അമ്മ ബോധം കെട്ട് വീണു. ഞങ്ങള്‍ വീടിന്റെ പുറം മതിലില്‍ ചാരി നിന്നു. അവസാന നിമിഷത്തില്‍ ഞങ്ങളുടെ കുര്‍ദ് അയല്‍ക്കാരിയായ താരിഖുമ്മവന്ന് ആ കലാപകാരികളായ ചെറുപ്പക്കാരോട് തൊള്ളയിട്ട് അവരുടെ ഭാഷയില്‍ സംസാരിച്ചു. ഞങ്ങളെ വിട്ടുതരാന്‍ ആയമ്മ അവരോട് കെഞ്ചി. എന്റെ അമ്മയുടെ സ്നേഹവായ്പും ഉദാരമതിത്വവും, ചുറ്റുവട്ടത്തുള്ള എത്രയോ കുര്‍ദിഷ് സ്ത്രീകളുടെ പ്രസവമെടുത്തതും, ഗര്‍ഭിണികളായ കുര്‍ദിഷ് യുവതികള്‍ക്ക് പരിചരണം നല്‍കിയതും, ഇമാം അലിയുടെ മകന്‍ അബ്ബാസിന്റെ ബഹുമാനാര്‍ത്ഥം അമ്മ അയല്‍ക്കാര്‍ക്ക് അപ്പം കൊടുക്കാറുള്ളതും, അന്‍‌ഫാല്‍ ക്യാമ്പയിനില്‍* പെഷ്‌മര്‍ഗ സേനാനികളോടൊപ്പം യുദ്ധം ചെയ്ത് മരിച്ചുപോയ അവരുടെ മകനെ, അവന്റെ അടുത്ത കൂട്ടുകാരനായ എന്റെ ധീരനായ ഏട്ടന്‍ ഒരിക്കല്‍ കിര്‍ക്കുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയതും (അതൊരു കള്ളമായിരുന്നു) ഒരു ഈച്ചയെപ്പോലും നോവിക്കാത്ത ഞാന്‍ എത്ര പാവം കുട്ടിയാണെന്നും ഒക്കെ അവര്‍ വിസ്തരിച്ചു. അടങ്ങാത്ത കലിയോടെയാണ്‌ അവര്‍ അവരുടെ വിവരണം അവസാനിപ്പിച്ചത് "ആ വിടന്‍ ജാഫര്‍ അല്‍ മുതലിബി ചെയ്യുന്നതിനൊന്നും ഇവര്‍ ഉത്തരവാദിയല്ല" എന്ന് പറഞ്ഞ് അവര്‍ നിലത്ത് കാര്‍ക്കിച്ചു തുപ്പി. ഞങ്ങള്‍ താരിഖുമ്മയുടെ വീട്ടിലേക്ക് പോയി. പെഷ്മര്‍ഗ കലാപകാരികള്‍ പിന്‍‌വലിഞ്ഞ് റിപ്പബ്ലിക്കന്‍ ഗാര്‍ഡുകള്‍ നഗരത്തിലേക്ക് തിരിച്ചുവരുന്നതുവരെ ഞങ്ങള്‍ ആ വീടു വിട്ട് പുറത്തിറങ്ങിയില്ല.

അവസാനം ഞങ്ങള്‍ അച്ഛന്റെ തലയില്ലാത്ത ദേഹം കണ്ടെത്തി. ഒരു കട്ടിയുള്ള കയറുകൊണ്ട് ഒരു ട്രാക്ടറില്‍ കെട്ടിയിട്ട നിലയിലാണ്‌ അച്ഛന്റെ ശവശരീരം ഞങ്ങള്‍ കണ്ടെത്തിയത്. ഒരു ദിവസം മുഴുവന്‍ അദ്ദേഹത്തെ അതില്‍ കെട്ടിയിട്ട് നഗരത്തിലെ തെരുവിലൂടെ വലിച്ചിഴച്ചിരുന്നുവത്രെ. സങ്കല്പ്പിക്കാന്‍ പോലും ആവാത്ത വിധത്തിലാണ്‌ അച്ഛന്റെ ദേഹം അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഞങ്ങളുടെ ജീവന്‍ തുലാസിലാടുമ്പോള്‍, അച്ഛന്‍ പ്രാദേശിക പാര്‍ട്ടിയുടെ ആസ്ഥാനത്തിന്റെ അടുത്തായിരുന്നു. പാര്‍ട്ടി അംഗങ്ങളുടെ ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു ആസ്ഥാനത്തിന്റെ മുറ്റം. ഒഴിഞ്ഞ ആ കെട്ടിടത്തിലേക്ക് കയറിയ അച്ഛന്‍ നേരെ അതിന്റെ ഇന്‍ഫര്‍മേഷന്‍ മുറിയിലേക്ക് പോയി. ആദ്യത്തെ യുദ്ധത്തിന്റെ സമയത്ത് ഉച്ചഭാഷിണിയിലൂടെ അച്ഛന്റെ പാട്ടുകള്‍ സം‌പ്രേക്ഷണം ചെയ്തിരുന്ന ആ മുറി അച്ഛന്‌ നന്നായി അറിയാമായിരുന്നു. സൈന്യത്തില്‍നിന്ന് ചാടിപ്പോവുന്നവരെയും പെഷ്മര്‍ഗ ആയുധധാരികളുടെ കൂടെ കക്ഷി ചേരുന്നവരെയും വധിക്കുന്നതിനുമുന്‍പ് ഇതേ ഉച്ചഭാഷിണികളിലൂടെയായിരുന്നു പാര്‍ട്ടി അംഗങ്ങള്‍ ജനങ്ങള്‍ക്ക് അറിയിപ്പ് കൊടുത്തിരുന്നത്. അച്ഛന്‍ താന്‍ റിക്കാര്‍ഡ് ചെയ്ത ടേപ്പ് റിക്കാര്‍‌ഡ് പ്ലെയറിലിട്ട് ഉച്ചഭാഷിണിയിലൂടെ തന്റെ ദൈവനിന്ദാ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തു. പുഞ്ചിരിച്ചുകൊണ്ട് തന്ത്രിവാദ്യം മാറോട് ചേര്‍ത്ത് അദ്ദേഹം അങ്ങിനെ നില്‍ക്കുമ്പോഴായിരുന്നു കലാപകാരികള്‍ കെട്ടിടത്തിനകത്തേക്ക് കയറിവന്നത്. അച്ഛനെ അവര്‍ പുറത്തേക്ക് കൊണ്ടുപോയി......

ക്ഷമിക്കണം സുഹൃത്തേ. കുറച്ച് മീന്‍ മേടിക്കാന്‍ ഒരു ഇടപാടുകാരന്‍ വന്നിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ എനിക്ക് പോണം. അച്ഛനും കുര്‍ദിഷുകാരിയായ ആ താരിഖുമ്മയുമായിട്ടുള്ള ബന്ധത്തിന്റെ രഹസ്യം ഞാന്‍ നാളെ നിങ്ങള്‍ക്ക് പറഞ്ഞുതരാം.

‌‌‌------------
പരിഭാഷകന്റെ കുറിപ്പുകള്‍ - 2004-ല്‍ ഇറാഖില്‍നിന്ന് പലായനം ചെയ്ത ഹസ്സന്‍ ബ്ലാസിം (Hassan Blasim) ഇപ്പോള്‍ ഫിന്‍‌ലാന്‍ഡില്‍ എഴുത്തും സിനിമാ പ്രവര്‍ത്തനവുമായി കഴിയുന്നു. അതിശക്തമായം തെളിഞ്ഞ ഭാഷയില്‍, സമകാലീന ഇറാഖിന്റെ എല്ലാ ദുരന്തവും പ്രതിഫലിപ്പിക്കുന്നവയാണ്‌ ബ്ലാസിമിന്റെ കഥകള്‍. പ്രത്യേകിച്ചും, The Corpose Exhibition, Iraqi Christ തുടങ്ങിയ തകര്‍പ്പന്‍ കഥകള്‍.

അന്‍ഫാല്‍ ക്യാമ്പയിന്‍ - ഇറാഖിലെ വടക്കന്‍ പ്രവിശ്യകളില്‍ ബാത്തിസ്റ്റ് പാര്‍ട്ടിയുടെയും സദ്ദാമിന്റെയും നേതൃത്വത്തില്‍ കുര്‍ദുകള്‍ക്കെതിരെ നടന്ന വംശഹത്യ

പെഷ്മര്‍ഗ - ആയുധധാരികളായ കുര്‍ദുകളെ വിളിക്കുന്ന പേരാണ്‌ ഇത്. എങ്കിലും ഇന്ന്, ഇറാഖിലെ കുര്‍ദ് പ്രവിശ്യകളുടെ ഔദ്യോഗിക നാമവും ഇതാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ നിലവിലുള്ള ഒരു പോരാളി വര്‍ഗ്ഗമാണ്‌ പെര്‍ഷ്മര്‍ഗകള്‍. സുന്നികള്‍ക്കും സദ്ദാമിനും എതിരെ ശക്തമായ ചെറുത്തുനില്പ്പ് നടത്തിയതും ഒടുവില്‍ സദ്ദാമിനെ തടവിലാക്കാന്‍ സഹായിച്ചതും ഇവര്‍തന്നെയാണ്‌.


23 June 2014

Monday, February 17, 2014

നായാടിയവരും നായാട്ടുകാരും

നാട്ടിന്‍പുറത്തെ ഞങ്ങളുടെ വീട്ടിലും പണ്ട് വരാറുണ്ടായിരുന്നു അവര്‍ . ഏതാണ്ട് ഉച്ചയോടെ. പടിക്കല്‍ നിന്ന് 'മ്പ്രാ',  'മ്പ്രാട്ട്യേ' എന്നൊക്കെ വിളിച്ച് കണ്‍‌വെട്ടത്തുനിന്നും പെട്ടെന്ന് മറയും. തറവാട്ടിലെ അടുക്കളയില്‍നിന്ന് ആരെങ്കിലുമൊരാള്‍ മുറത്തില്‍ നെല്ലോ മറ്റോ കൊണ്ടുപോയി പടിക്കല്‍ വെച്ച് ഓടി തിരിച്ചു വരും. പടിക്കലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കാണാം, മിന്നല്‍ പോലെ ഒരു രൂപം വന്ന് അതെടുത്തുകൊണ്ടുപോകുന്നത്. അടുക്കളയില്‍നിന്ന് പിന്നെയും ആളോടും. മുറമെടുത്തുകൊണ്ടുവരാന്‍, പിന്നെ ഒരു ശബ്ദവുമില്ലാത്ത ഉച്ചവെയില്‍ മാത്രം ബാക്കിയാകും പടിപ്പുരയില്‍ . എന്തൊരു ദുരൂഹതയായിരുന്നു ആ കാഴ്ച.

കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് പേടിയായിരുന്നു ആ ശബ്ദം. എന്തോ ഒരു അപകടം വരുന്നതുപോലെ തോന്നിച്ചിരുന്നു അതെപ്പോഴും.

വീടിന്റെ കുറേയപ്പുറത്ത് ഒരു നായാടിപ്പറമ്പുമുണ്ടായിരുന്നു. അവിടെയായിരുന്നുവത്രെ അവര്‍ താമസിച്ചിരുന്നത്. പട്ടിയെയും എലിയെയും പെരുച്ചാഴിയെയുമൊക്കെ തല്ലിക്കൊന്ന് ചുട്ടുതിന്നുന്ന മനുഷ്യരല്ലാത്ത ആളുകള്‍ .

ചിലപ്പോള്‍ അടുത്തുള്ള പൂരപ്പറമ്പിലേക്കോ ബന്ധുവീടുകളിലേക്കോ പോകുമ്പോള്‍ എതിരെനിന്ന് നടന്നു വരുന്ന ഒരു രൂപം പെട്ടെന്ന് കാഴ്ചവട്ടത്തുനിന്നും ഓടിമറയുന്നതും കണ്ട ഓര്‍മ്മയുണ്ട്. ഞങ്ങള്‍ നടന്നകലുന്നതുവരെ, ഏതെങ്കിലും ചെടികളുടെയോ മറ്റോ മറവില്‍, തലയില്‍ മുണ്ടിട്ട്,   പതുങ്ങിയിരിക്കുന്ന സാധുരൂപങ്ങള്‍ .

ഒടിയന്മാരെക്കൊണ്ട്  നാറട്ട്ിലെ തറവാടുകളിലെ തമ്പ്രാക്കള്‍ക്കും തമ്പ്രാട്ടികള്‍ക്കും എന്തെങ്കിലുമൊരു ഗുണമെങ്കിലുമുണ്ടായിരുന്നു. ആരെയെങ്കിലും ഒടിക്കാനോ, ഒടിച്ചുമടക്കാനോ അവിഹിതഗര്‍ഭങ്ങള്‍ അലസിപ്പിക്കാനോ അവര്‍ വേണമായിരുന്നു. പാവം നായാടികളെ മാത്രം അതിനു പോലും വേണ്ട. ആട്ടിയകറ്റാനും മറ്റുള്ളവര്‍ക്ക് അറപ്പു തോന്നിക്കാനും മാത്രമായി ഒരുകൂട്ടം മനുഷ്യര്‍ .

അന്നത്തെ ആ വലിയ തറവടുകളിലെ കുട്ടികളൊക്കെ ചിലര്‍ നന്നായും ചിലര്‍ ചീഞ്ഞളിഞ്ഞും ഒന്നിനും കൊള്ളാതെയും പോയി. ചിലരിപ്പോഴും കുടിച്ചും കൂത്താടിയും, കൊല്ലിനും കൊലയ്ക്കുമുള്ള അധികാരമുണ്ടായിരുന്ന സുവര്‍ണ്ണയുഗത്തിനെപ്പറ്റി പഴന്തമിഴ്‌പാട്ടുപാടിയും ഗതികിട്ടാതെ, അമ്പലപ്പറമ്പിലും ആലിന്‍‌ചുവട്ടുകളിലുമിരിക്കുന്നു. പട്ടിയെയും പെരുച്ചാഴിയെയും എലിയെയും ചുട്ടുതിന്നവരുടെ മക്കളും പലരും നന്നായി പഠിക്കുകയും അന്യനാടുകളിലും മറ്റും പോയി അന്തസ്സുള്ള ജീവിതത്തിലേക്ക് കരകയറുകയും ചെയ്തു.

വയറ്റിലെ തീ കെടുത്താന്‍ പട്ടിയെയും എലിയെയുമൊക്കെ തിന്നേണ്ടിവന്ന ഒരു വര്‍ഗ്ഗത്തിനെ പടച്ച്, അതിന്റെ തൊട്ടടുത്ത്, കൂമ്പാരമായി കൂട്ടിയിട്ട നെല്ലുകളും ധാന്യങ്ങളും കുത്തിനിറച്ച മച്ചുകളെയും  പത്തായപ്പുരകളെയും താങ്ങിനിന്നിരുന്ന ആ പഴയ തറവാടുകള്‍ നശിച്ച് നാറാണക്കല്ലു തോണ്ടിയതിനും, മനുഷ്യരായിരുന്നിട്ടും മനുഷ്യരുടെയിടയില്‍ സ്ഥാനമില്ലാതിരുന്നവരെ മനുഷ്യരായി കാണാന്‍ പഠിപ്പിച്ചതിനും, അല്പമെങ്കിലും ആത്മാഭിമാനമുള്ളവരെയൊക്കെയും നായാടി നടക്കുന്ന നായാടികളാക്കുന്ന കാലത്ത് ജീവിക്കാനിട നല്‍കിയതിനും സത്യമായിട്ടും എന്റെ കാലത്തോട് എനിക്ക് നന്ദി പറയാതെ വയ്യ.

ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ വായിച്ചുതുടങ്ങുമ്പോള്‍, നാട്ടുമ്പുറത്തെ ആ പഴയ ഉച്ചക്ക് പടിപ്പുരയില്‍ വന്ന് ഉച്ചത്തില്‍ നിലവിളിച്ചിരുന്ന ആ പഴയ രൂപങ്ങളെ ഓര്‍ത്ത് എന്താണെന്റെയുള്ളില്‍ നിറയുന്നത്. നിലവിളിയോ? ആത്മനിന്ദയോ? അറിയില്ല.