Sunday, June 29, 2014

മുകുള്‍ സിന്‍‌ഹ

അഹമ്മദാബാദില്‍ ഒരാള്‍ ഇക്കഴിഞ്ഞ മെയ് പന്ത്രണ്ടിനു മരിച്ചത് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്നെപ്പോലെ പലരും അറിഞ്ഞിട്ടുണ്ടാവില്ല ആ മരണം. എക്സിറ്റ് പോളിന്റെയും പിന്നീട് തിരഞ്ഞെടുപ്പ് ഫലങ്ങളുടെയും, തുടര്‍ന്നുവന്ന സ്ഥാനാരോഹണ ലൈവ കമന്ററികളുടെയും പുതിയ ജനനായകനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ മുഴുപ്പേജ് വീരാപദാനകഥകളുടെയും ആര്‍മ്മാദങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയി ആ മരണം.

മുകുള്‍ സിന്‍‌ഹ.

ഊര്‍ജ്ജതന്ത്രം എന്ന ശാസ്ത്രമേഖലയില്‍ ജീവിച്ചിരുന്ന ആളായിരുന്നു മുകുള്‍ സിന്‍‌ഹ. എങ്കിലും അതില്‍നിന്ന് മാറി മറ്റൊരു ഊര്‍ജ്ജതന്ത്രത്തിനെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് അദ്ദേഹം എത്തിയത് തീരെ അപ്രതീക്ഷിതമായാണ്‌. മോഡിയും ഹിന്ദുത്വശക്തികളും ചേര്‍ന്ന് 2002- ല്‍ ഗുജറാത്തില്‍ നടത്തിയ വംശഹത്യയുടെ പിന്നിലുള്ള അധികാരത്തിന്റെ ഊര്‍ജ്ജതന്ത്രങ്ങളെ ആ മനുഷ്യന്‍ വെളിച്ചത്തു കൊണ്ടുവന്നു. ഗുജറാത്തും മണിപ്പൂരുമടക്കം ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചു പഠിക്കാനും, അന്വേഷിച്ചറിയാനും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി കോടതിയില്‍ വാദിക്കാനും ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു പിന്നീടുള്ള കാലം ഈ മനുഷ്യന്‍. മായാ കോഡ്‌നാനിക്ക് ജയില്‍ശിക്ഷ വാങ്ങിക്കൊടുത്തത് മുകുള്‍ സിന്‍‌ഹയാണ്‌. അമിത് ഷായെ താത്ക്കാലികമായെങ്കിലും ജയിലിലടയ്ക്കാന്‍ സാധിച്ചതിന്റെ പിന്നിലും ഇദ്ദേഹമല്ലാതെ മറ്റാരുമല്ല. വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചും ഗുജറാത്തിലെ വംശഹത്യയെക്കുറിച്ചുമെല്ലാം ഒരു കുറ്റാന്വേഷണ വിദഗ്ദ്ധന്റെ ചാതുരിയോടെ പഠിക്കാനും കാര്യങ്ങള്‍ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അതും അഹമ്മദാബാദില്‍, മോഡിയുടെയും അമിത്‌ഷായുടെയും വന്‍സാരാ എന്ന കുപ്രസിദ്ധനായ പോലീസുദ്യോഗസ്ഥന്റെയും മൂക്കിന്റെ തുമ്പത്ത് ജീവിച്ചിരുന്നുകൊണ്ടുതന്നെ. അദ്ദേഹത്തിന്റെ ആ ദൗത്യത്തില്‍ എന്നും കൂടെയുണ്ടായിരുന്നത് ഭാര്യ നിര്‍ഝരിയായിരുന്നു.

കര്‍മ്മം കൊണ്ട് ശാസ്ത്രജ്ഞനായ മുകുള്‍ സിന്‍‌ഹ പൊതുരംഗത്തേക്ക് വരുന്നതും ഒരു അനീതിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായിട്ടായിരുന്നു. താന്‍ ജോലി ചെയ്യുന്ന ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം തന്റെ സഹപ്രവര്‍ത്തകരെ പിരിച്ചുവിട്ടപ്പോള്‍ അതിനെതിരെ സമരം ചെയ്തുകൊണ്ട് ഒരു ട്രേഡ് യൂണിയനിസ്റ്റായിട്ടായിരുന്നു ആ ഉജ്ജ്വലമായ രംഗപ്രവേശം അതിനുശേഷമായിരുന്നു അദ്ദേഹം നിയമപഠനത്തിലേക്ക് തിരിഞ്ഞതും നീതിനിഷേധിക്കപ്പെട്ടവരുടെ നാവായി, മറ്റൊരു ഷാഹിദ് ആസ്മിയെപ്പോലെ കോടതിമുറികളില്‍ തിളങ്ങിയതും. എന്തോ ഒരു ഭാഗ്യം കൊണ്ട്, ഷാഹിദിന്റെ വിധി മുകുള്‍ സിന്‍‌ഹയ്ക്ക് നേരിടേണ്ടിവന്നില്ല.

പകരം, ആര്‍ക്കെതിരെയാണോ താന്‍ പടവെട്ടിയത്, ആ മനുഷ്യനും അയാളുടെ പ്രത്യയശാസ്ത്രവും ഭരണത്തിലേറുന്നതിനും മൂന്നു ദിവസം മുന്‍പ്, അര്‍ത്ഥഗര്‍ഭമായി ആ മനുഷ്യന്‍ ഇവിടെനിന്നും നടന്നുപോയി. ഏറെ നാളായി ഗ്രസിച്ചിരുന്ന അര്‍ബ്ബുദം ഒരു നിമിത്തം മാത്രമായിരുന്നു എന്നു പറയാം.

ധാരാളമായി കേട്ടറിഞ്ഞിരുന്ന ഒരു മനുഷ്യന്‍ മറഞ്ഞു പോയത് അറിയാന്‍ ഇരുപത്തിരണ്ടു ദിവസം!വാര്‍ത്താവിനിമയത്തിന്റെ ശിലായുഗത്തിലാണ്‌ ഞാനും നിങ്ങളും ജീവിക്കുന്നത്


4 June 2014

No comments: