Tuesday, September 29, 2009

മൃഗയ

നരനായാട്ടിന്‌ നൈതികമായ മാനം തീര്‍ക്കുകയാണ്‌ കേന്ദ്രസര്‍ക്കാരും, ഇടതു-വലതു ഭേദമില്ലാതെ ഒട്ടുമിക്ക സംസ്ഥാന സര്‍ക്കാരുകളും. ആഭ്യന്തരസുരക്ഷയുടെയും, വികസനത്തിന്റെയും, അക്രമരഹിത ജനാധിപത്യത്തിന്റെയും ന്യായം പറഞ്ഞ്, നക്സലുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കുമെതിരെയെന്ന നാട്യേന, നമ്മുടെ സമൂഹത്തിലെതന്നെ ഒരു വലിയ കീഴാള വിഭാഗത്തിന്റെ നേരെയാണ് ഈ ഭരണവര്‍ഗ്ഗങ്ങള്‍ ഇന്ന്‌ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി നക്സലുകളെയും മാവോയിസ്റ്റുകളെയും കേന്ദ്രസര്‍ക്കാരും, മന്‍മോഹന്‍സിംഗ്‌-ചിദംബരാദികളും അടയാളപ്പെടുത്തിക്കഴിഞ്ഞു. എന്തുകൊണ്ടാണ്‌ നാള്‍ക്കുനാള്‍ ഈ വിഭാഗങ്ങള്‍ വളര്‍ന്നുവരുന്നതെന്നുള്ള നേര്‍ത്ത ചോദ്യം പോലും അധികാരത്തിന്റെ ഇടനാഴികളില്‍നിന്ന്‌ ഉയരുന്നില്ല. ചോദ്യം ചെയ്യാന്‍ മുതിരുന്ന മനുഷ്യാവകാശപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും, പത്രപ്രവര്‍ത്തകരുമാകട്ടെ, നോട്ടപ്പുള്ളികളായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

നക്സല്‍-മാവോയിസ്റ്റ് ഭീഷണിയെ അടിച്ചമര്‍ത്താന്‍ ഉദ്ദേശിച്ച് അടുത്തമാസം കേന്ദ്രസര്‍ക്കാര്‍ തുടങ്ങാന്‍ പോകുന്ന പുതിയ നര നായാട്ടിന്റെ പേരാണ് ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് (Operation Green Hunt). ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനമേഖലയിലും പരിസരങ്ങളിലുമായി ജീവിക്കുന്ന ആദിവാസി-ദളിത് ഗോത്രസമൂഹങ്ങള്‍ക്കിടക്ക് സജീവമായ നക്സല്‍-മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍ എന്ന നിലക്ക്, ഈ ഹരിതക നായാട്ട് എന്ന പദം തികച്ചും അന്വര്‍ത്ഥമാണ്. നക്സലുകളുടെയും മാവോയിസ്റ്റുകളുടെയും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളുടെയും സ്ത്രീകളുടെയും കരളലിയിപ്പിക്കുന്ന ചിത്രങ്ങള്‍ ദേശീയമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച്‌, കേന്ദ്രസര്‍ക്കാര്‍ നക്സലുകള്‍ക്കും (ആദിവാസി-ദളിത് ഗോത്രങ്ങള്‍ക്കും) എതിരെയുള്ള മനശ്ശാസ്ത്രപരമായ യുദ്ധം ആരംഭിക്കുകയും ചെയ്തിരിക്കുന്നു.

എങ്കിലും, കുറേയധികം ചോദ്യങ്ങള്‍ അപ്പോഴും ബാക്കിവരുന്നുണ്ട്‌. ഈ പറയുന്ന നക്സല്‍-മാവോയിസ്റ്റുകള്‍ പൊട്ടിമുളക്കുന്നത്‌ ഏതു പശ്ചാത്തലത്തിലാണ്‌? ആദിവാസി-ദളിത്‌-ഗോത്രമേഖലകളെന്ന അതിവിശാലമായ ജലാശയത്തില്‍ നീന്തിത്തുടിക്കുന്ന ഈ മത്സ്യങ്ങളെ ഈ വിധം വേട്ടയാടിയതുകൊണ്ട്‌ അതിനെ എന്നന്നേക്കുമായി അവസാനിപ്പിക്കാമെന്ന്‌ സര്‍ക്കാരുകള്‍ കരുതുന്നുണ്ടോ? എങ്കില്‍, ബംഗാളില്‍ സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ കാലം മുതല്‍ നടന്നുവരുന്ന ഏറ്റുമുട്ടലുകളെ അതിജീവിച്ച്‌ ഇപ്പോഴും ഇത്‌ നിലനില്‍ക്കുന്നത്‌ എങ്ങിനെയാണ്‌? സ്വസ്ഥമായ ജീവിതം കയ്യൊഴിഞ്ഞ്‌, പകരം അറസ്റ്റും, ലോക്കപ്പ്‌ മര്‍ദ്ദനവും, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, അശാന്തമായ ജീവിതവും തിരഞ്ഞെടുക്കാന്‍, ഒരു സമൂഹത്തെ നിര്‍ബന്ധിതമാക്കിയ ഘടകങ്ങള്‍ എന്തെല്ലാം?

പ്രസക്തമായ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്‌ നക്സലൈറ്റുകളോ മാവോയിസ്റ്റുകളോ മാത്രമല്ല. ഗാന്ധിയന്‍മാരും, ന്യായാധിപന്‍മാരും, ഉയര്‍ന്ന ക്രമസമാധാനപാലകരും, ഡൂണ്‍ സ്കൂള്‍ സന്തതികളുമൊക്കെയാണ്‌

മുത്തങ്ങ, നന്ദിഗ്രാം, ലാല്‍ഗഢ്‌, ഝാര്‍ഘണ്ട്‌, ചത്തീസ്ഗഢ്‌ അദ്ധ്യായങ്ങള്‍ കടന്ന്‌, ദളിത്‌ തീവ്രവാദത്തിന്റെ പുതിയ സെന്‍സേഷനിലസത്തിലെത്തിനില്‍ക്കുന്ന നമുക്കു നേരെ ഉയരുന്ന ചോദ്യങ്ങളാണ്‌ ഇവയൊക്കെയും.

തെഹല്‍ക്കയിലെ ഈ ലേഖനം വായിക്കുക.

6 comments:

Rajeeve Chelanat said...

തെഹല്‍ക്കയിലെ ലേഖനം

Anonymous said...

നക്സലൈറ്റുകൾ ഉൾപ്പെടെയുള്ള ‘തീവ്രവാദികളെ’ യാതൊരു വിചാരണയും നടത്താതെ കൊന്നുകളയണമെന്ന ആശയമാണ്
സിനിമയിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെടുന്നത്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ എന്ന കലാപരിപാടിയിലൂടെ എത്രയോ നിരപരാധരെ ഇവിടെ കൊന്നൊടുക്കുന്നു. വളരെ നിസ്സംഗമായാണ് ഈ സമൂഹം അതെല്ലാം നോക്കിക്കാണുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ ഭരണകൂടം പ്രചരിപ്പിക്കുന്ന എല്ലാ കള്ളങ്ങളും അതേപടി ജനങ്ങളെക്കൊണ്ട് തൊണ്ടതൊടാതെ വിഴുങ്ങിക്കുന്നു. തെഹൽക്ക പോലെ അപൂർവം പ്രസിദ്ധീകരണങ്ങൾ ഇടയ്ക്കു പറയുന്ന സത്യങ്ങൾ ആരാണിവിടെ ശ്രദ്ധിക്കുന്നത്?

A Cunning Linguist said...

ഏതൊരു പ്രശ്നത്തിന്റെയും മൂലകാരണം കണ്ടുപിടിച്ച് അത് പരിഹരിക്കാതെ, തൊലിപ്പുറത്തെ ചികില്‍സ നല്‍കുവാനാണ് ഭരണകൂടവും, മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ സഹായിക്കുവാനോ, അവര്‍ക്ക് വേണ്ടി സംസാരികുവാനോ മുന്നോട്ട് വരുന്നവരെ പോലും നക്സല്‍ ലേബലൊട്ടിച്ച് ഇല്ലായ്മ ചെയ്യുവാനാണ് എല്ലാവര്‍ക്കും താല്പര്യം. വികസനത്തീന് മാനുഷിക മുഖം നല്‍കുമെന്ന മന്മോഹന്‍ സിങ്ങിന്റെ പഴയ പരാമര്‍ശവും, നക്സലിസത്തെ അടിച്ചമര്‍ത്തുമെന്ന് ഇപ്പോള്‍ പറയുന്നതും ഒരിക്കലും ഒത്തൂപോകുന്നില്ല. ജനങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്ന ഒരു അവസ്ഥയില്‍ എത്തിയത് തന്നെ ഭരണകൂടത്തിന്റെ പരാജയമാണ്. അതവര്‍ സമ്മതിച്ചേ പറ്റൂ. ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരം കൈമാറി അറുപത് വര്‍ഷം കഴിഞ്ഞിട്ടും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നമ്മുടെ ജനതയ്ക്ക് ലഭിച്ചിട്ടുണ്ടോ?

Dinkan-ഡിങ്കന്‍ said...

ട്രൈബല്‍-ദളിത് മേഖലയിലെ ആക്റ്റിവിസം = നിയോ നക്സലിസം
അതാണ്‌ നമ്മുടെ മുദ്രാവാക്യം

Post said...

രാജീവ്ജി,
ഭരണകൂടത്തിന്റെ നിരന്തരമായ പരാജയത്തില്‍ നിന്നു തന്നെയാണ് മാവോയിസ്റ്റുകള്‍ ശക്തി പ്രാപിക്കുന്നത്. ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ അവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യം തന്നെയില്ലല്ലോ. മാവോയിസ്റ്റ് വയലന്‍സ് സ്റ്റേറ്റിന് ഒരു ചെറിയ വെല്ലുവിളീ തന്നെയാണ്. പക്ഷേ, അതിന്റെ സോഷ്യല്‍ കോസസ് മനസിലാക്കാന്‍ ശ്രമിക്കാതെ - ഭരണകൂടം അതിനു ശ്രമിക്കില്ലെന്നത് വേറെ കാര്യം - അടീച്ചമത്താനുള്ള നീക്കം പ്രശ്നത്തെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. മാവോയിസ്റ്റുകള്‍ക്ക് തീര്‍ച്ചയായും അവരുടേതായ അജന്‍ഡയുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്കായി ഗ്രാമീണരേയും സാധുക്കളേയും അവരും ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അങ്ങിനെ ഉപയോഗിക്കാവുന്ന ഒരു സാഹചര്യം നില നില്‍ക്കുന്നുണ്ടെന്നും, അതിലേക്കു നയിക്കുന്ന കാരണങ്ങള്‍ ശക്തിയാര്‍ജിച്ചു വരികയാണെന്നുമാണ് യാഥാര്‍ത്ഥ്യം. സാമൂഹ്യ ഘടനയില്‍ കാര്യമായ ഒരു ഇടപെടലും നടത്താന്‍ ശേഷിയില്ലാത്ത ഭരണകൂടമാണ് നമ്മുടേത്. അതു കഴിഞ്ഞ വര്‍ഷത്തിനിടയില്‍ തെളിഞ്ഞുകഴിഞ്ഞ കാര്യമാണ്. ഈ കഴിവുകേടിന്റെ മുകളില്‍ കയറിയിരുന്നാണ് ഇനിയൊരു ഓപ്പറേഷന്‍. THe government has to address the root causes, engage the Maoists and flip them. Resorting to a military solution to a social problem would be suicidal for an unjust state like ours.

സുജനിക said...

സമകാലികം. പ്രസക്തം.
ന്യായത്തിനു വേണ്ടി നിൽക്കുന്നവൻ നല്ലവൻ. അവൻ നക്സൽ. ജനം ആരാധിക്കും.പക്ഷെ കൊല്ലപ്പെട്ടാൽ ആഹ്ലാദിക്കും. എന്തൊരു വൈരുധ്യം.ഭയങ്കരം.