Tuesday, December 15, 2009

ആനന്ദ് പട്‌വര്‍ദ്ധനുമായി ഒരു അഭിമുഖം

അഹിംസക്കുനേരെ എപ്പോഴും താങ്കള്‍ ഒരു ചായ്‌വ്‌ കാണിച്ചിട്ടുണ്ട്‌. പ്രത്യേകിച്ചും ഗാന്ധിയോട്‌. ഒരിക്കല്‍, ഗാന്ധിയെയും സാല്‍വഡോര്‍ അലന്‍ദയെയും ഒരേ വേദിയില്‍ ഇരുത്തുകപോലും ചെയ്തിട്ടുണ്ട്‌. വര്‍ഗ്ഗ സ്വഭാവത്തിന്റെയും വര്‍ഗ്ഗബോധത്തിന്റെയും കാര്യത്തില്‍ അവര്‍ക്കിടയില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉള്ളതായി തോന്നിയിട്ടുണ്ടോ?


ഗാന്ധിയെയും മാര്‍ക്സിനെയും ബദ്ധവൈരികളായി കാണുന്ന ഒരാളല്ല ഞാന്‍. ഗാന്ധിസത്തിന്റെ പല ഘടകങ്ങളാലും ഞാന്‍ പ്രചോദിതനായിട്ടുണ്ട്‌. പ്രധാനമായും അഹിംസയിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തില്‍. അതുപോലെത്തന്നെ, മാര്‍ക്സിസം ഈ ലോകത്തിനു നല്‍കിയ വര്‍ഗ്ഗവിശകലനം എന്ന ഉപകരണവും ഒട്ടും കുറയാത്തവിധം എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. എങ്കിലും, ഗാന്ധിയുടെ ചില ആശയങ്ങളെ എനിക്ക്‌ ചോദ്യം ചെയ്യേണ്ടിവരുന്നതുപോലെ-ഉദാഹരണത്തിന്‌, ലൈംഗികതയോടുള്ള അദ്ദേഹത്തിന്റെ സമീപനം, ജാതിയുടെ പ്രശ്നത്തിനുനേരെയുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളിലെ പരിമിതികള്‍, ധനികര്‍ സ്വമേധയാ അവരുടെ സമ്പത്ത്‌ കൈയ്യൊഴിയും എന്നമട്ടിലുള്ള ആദര്‍ശാത്മക വിശ്വാസം എന്നിവ-മാര്‍ക്സിസത്തിലെ ചില ഘടകങ്ങളുടെ പരാജയത്തിനെയും വിമര്‍ശനാത്മകമായി എനിക്കു സമീപിക്കേണ്ടിവരുന്നു. കൃത്യമായി പറഞ്ഞാല്‍, പ്രവര്‍ത്തനസജ്ജമായ ജനാധിപത്യ മാതൃക നല്‍കുന്നതില്‍ മാര്‍ക്സിസത്തിനു സംഭവിച്ച ചരിത്രപരമായ പാളിച്ചയെ. ഇതിനെക്കുറിച്ച്‌ വിചിന്തനം ചെയ്യാന്‍ വിസമ്മതിക്കുന്ന മാര്‍ക്സിസ്റ്റുകള്‍, 'തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം' എന്ന അനന്തമായ ഒരു ആശയത്തെയാണ്‌ നല്‍കുന്നത്‌, മാത്രവുമല്ല, "ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്ക്‌' എന്ന അവസ്ഥയെ ഹോളി ഗ്രെയ്‌ല്‍ പോലെ അസംഭാവ്യമായ ഒന്നായി കണ്ട്‌ സംതൃപ്തിയടയുകയും ചെയ്യുന്നു. നൈരന്തര്യമുള്ള വികസനത്തിന്റെ പ്രശ്നം കൈയ്യാളുമ്പോള്‍, പരമ്പരാഗത മാര്‍ക്സിസ്റ്റുകളും സമയസൂചിയുടെ ഉള്ളില്‍പ്പെട്ടുപോവുകയും, ഈ വിഷയത്തില്‍ മുതലാളിവര്‍ഗ്ഗവുമായി വ്യത്യാസമില്ലാത്ത രീതിയില്‍ കാണപ്പെടുകയും ചെയ്യുന്നു. ആണവോര്‍ജ്ജത്തെയും, ഭീമാകാരമായ അണക്കെട്ടുകളെയും, ഹരിതവിപ്ളവത്തെയുമൊക്കെ, അവയുടെ അപകടങ്ങളെക്കുറിച്ച്‌ നന്നായി അറിയാമായിരുന്നിട്ടും അനുകൂലിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. നീതിക്കുവേണ്ടി പൂര്‍ണ്ണമായും ഹിംസാത്മകമായോ അഹിംസാത്മകമായോ ഉള്ള ഒരു പോരാട്ടം ഈ ഭൂമിയില്‍ അസാധ്യമാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെന്നതുപോലെ എല്ലാ പോരാട്ടങ്ങളിലും ഈ രണ്ടിന്റെയും ഒരു സങ്കലനം കാണാവുന്നതാണ്‌. എങ്കിലും നേതൃത്വം അതിനു നല്‍കുന്ന ദിശാബോധം സുപ്രധാനമാണ്‌. സാല്‍വഡോര്‍ അല്ലന്‍ഡയെക്കുറിച്ചു പറയുമ്പോള്‍, അദ്ദേഹം ബാലറ്റിലൂടെയാണ്‌, ബുള്ളറ്റിലൂടെയല്ല അധികാരത്തില്‍ വന്നത്‌. സി.ഐ.എ.യുടെ അട്ടിമറിയിലൂടെ അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍, അഹിംസയിലുള്ള എന്റെ വിശ്വാസത്തെ, കുറച്ചുനാളത്തേക്കാണെങ്കില്‍പ്പോലും, ചോദ്യം ചെയ്യാന്‍ ഞാന്‍ പ്രേരിതനായി. എങ്കിലും കാലക്രമത്തില്‍, ഹിംസയുടെ തെറ്റുകളേക്കാള്‍ അഹിംസയുടെ തെറ്റുകളെ ഞാന്‍ വീണ്ടും ഇഷ്ടപ്പെടാന്‍ തുടങ്ങി.

താങ്കള്‍ കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളുമായി വര്‍ഗ്ഗസമരത്തിനുള്ള ബന്ധത്തെക്കുറിച്ച്‌ എന്തു വിചാരിക്കുന്നു? വര്‍ഗ്ഗസംഘട്ടനത്തില്‍നിന്ന് ഉരുത്തിരിയുന്ന മറ്റു ഉപരിപ്ളവമായ പ്രശ്നങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തതായി തോന്നുന്നുണ്ടോ?

ചില പ്രത്യേക പരികല്‍പ്പനകള്‍ നമ്മള്‍ ഉപയോഗിച്ചു ശീലിച്ചാല്‍, അതില്ലാതെ പ്രശ്നങ്ങളെ കാണാന്‍ സാധിക്കാതെ വന്നേക്കും. പരികല്‍പ്പനകള്‍ എനിക്ക്‌ സ്വീകാര്യമല്ലെങ്കിലും, ആ പരികല്‍പ്പനകള്‍ക്കു പിന്നിലുള്ള വസ്തുതകള്‍ എപ്പൊഴും എന്റെ ചിത്രങ്ങളിലുണ്ട്‌. മതമൌലികവാദത്തെക്കുറിച്ച്‌ ഞങ്ങള്‍ ഉണ്ടാക്കിയ ആ മൂന്നു ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ? വിഭാഗീയ ഹിംസകള്‍ എന്ന പ്രശ്നത്തെ വ്യത്യസ്തമായി സൂക്ഷ്മവിശകലനം ചെയ്യുന്ന ചിത്രങ്ങളാണ്‌ അവയോരോന്നും. ഇതിലെ ആദ്യത്തെ സിനിമ, 'In Memory of my Friends' ഖാലിസ്ഥാന്‍ മുന്നേറ്റത്തിന്റെ മൂര്‍ദ്ധന്യ നാളുകളില്‍, ഭഗത്‌സിംഗിന്റെ സന്ദേശവുമായി, വിശിഷ്യ, അദ്ദേഹത്തിന്റെ 'എന്തുകൊണ്ട്‌ ഞാനൊരു നിരീശ്വരവാദിയാണ്‌? (Why I am an Atheist?) എന്ന പുസ്തകത്തിലെ സന്ദേശവുമായി, പഞ്ചാബിന്റെ ഉള്‍ഭാഗങ്ങളിലൂടെ പ്രയാണം ചെയ്യുന്ന ഒരു കൂട്ടം മാര്‍ക്സിസ്റ്റുകളായ സിക്കുകളുടെയും ഹിന്ദുക്കളുടെയും കഥ പറയുന്നു. 'Raam Ke Naam' എന്ന ചിത്രമാകട്ടെ, ഇടതിന്റെ വര്‍ഗ്ഗീയവിരുദ്ധതയെ ആഘോഷിക്കുന്നതോടൊപ്പം, പൂജാരി ലാല്‍ദാസിനെപ്പോലുള്ളവരുടെ വിമോചന ഹിന്ദുദൈവശാസ്ത്രത്തെയും, വര്‍ഗ്ഗീയതയെ തള്ളിപ്പറഞ്ഞ ദളിത്‌-പിന്നോക്കജാതികളെയും കാണാനുള്ള ഒരു ശ്രമമായിരുന്നു. ‘Father, Son and Holy War‘ ആകട്ടെ, ലിംഗരാഷ്ട്രീയമാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഒളിഞ്ഞോ തെളിഞ്ഞോ, എന്റെ എല്ലാ സിനിമകളിലും വര്‍ഗ്ഗ വിശകലങ്ങളുണ്ടെന്നാണ്‌ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നത്‌. ‘Prisoners of Conscience‘, ‘A Time to Rise‘, ‘Bombay, our City‘, Occupation: Millworker‘, ‘Fishing in the Sea of Greed‘ എന്നീ സിനിമകളെല്ലാംതന്നെ, തൊഴിലാളിവര്‍ഗ്ഗ പ്രശ്നങ്ങളെയും സമരങ്ങളെയും നേരിട്ട്‌ കൈകാര്യം ചെയ്യുന്നു. തൊഴിലാളിവര്‍ഗ്ഗത്തെ കാല്‍പ്പനികവത്കരിക്കുന്നു എന്നാണ്‌ എപ്പോഴും എന്റെ പേരിലുള്ള ആരോപണം. അതുകൊണ്ട്‌ ഇത്തരത്തിലുള്ള ഒരു ചോദ്യം എവിടെനിന്നാണ്‌ ഉത്ഭവിക്കുന്നതെന്ന് എനിക്ക്‌ നല്ല നിശ്ചയം പോരാ. ഒരുപക്ഷേ, മുദ്രാവാക്യങ്ങള്‍ മാത്രം മനസ്സിലാവുകയും, യഥാര്‍ത്ഥ ജീവിതത്തിലും സിനിമക്കുള്ളിലെ ജീവിതത്തിലുമുള്ള സങ്കീര്‍ണ്ണതകളെ മനസിലാക്കാന്‍ കൂട്ടാക്കാത്തതുമായ വ്യവസ്ഥാപിത ഇടതുവിഭാഗങ്ങളുമായി നടത്തുന്ന സംഭാഷണങ്ങളില്‍നിന്നായിരിക്കും ഈ ചോദ്യം വന്നിട്ടുണ്ടാവുക.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വിഘടനവാദങ്ങളെ ബലം പ്രയോഗിച്ച്‌ ചെറുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകുമ്പോള്‍, ഒരു വിശ്വസ്തനായ അഹിംസാവാദിയെന്ന നിലയില്‍, ഈ വിഘടന പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം കേള്‍ക്കാന്‍ അത്യധികം താത്‌പര്യമുണ്ട്‌.

1987-ല്‍, ഖാലിസ്ഥാന്‍ മുന്നേറ്റം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ഞാനൊരു സിനിമ നിര്‍മ്മിക്കുകയുണ്ടായി. വിഭാഗീയ സംഘട്ടനങ്ങള്‍ നടക്കുമ്പോള്‍, ഷാഹീദ്‌ ഭഗത്‌സിംഗിന്റെ മതേതര സന്ദേശം പ്രചരിപ്പിച്ചുകൊണ്ട്‌ സഞ്ചരിച്ചിരുന്ന സിക്കുകളുടെയും ഹിന്ദുക്കളുടെയും ഒരു സംഘത്തെ ഞങ്ങള്‍ അനുഗമിച്ചു. വിഘടനവാദത്തെക്കുറിച്ച്‌ പൊതുവായി പറഞ്ഞാല്‍, പരസ്പരവിരുദ്ധമായ രണ്ട്‌ ആശയങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. നിങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുകയാണെങ്കില്‍, ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക്‌ അവര്‍ എവിടെ താമസിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്‌. സൈനിക ബലത്തിന്‌ സ്ഥാനമില്ല. കാരണം അത്‌ ജനാധിപത്യപരമല്ല. അത്‌ നിങ്ങള്‍ അംഗീകരിച്ചാല്‍, പ്രശ്നം തീര്‍ന്നു. പക്ഷേ വിരോധാഭാസമെന്നു പറയട്ടെ, ചെറിയ ചെറിയ യൂണിറ്റുകളായി വിഘടിക്കുന്നത്‌ ലോകത്തിന്‌ അത്ര നല്ലതല്ല. കാരണം, ചെറിയ ഘടകങ്ങളായി വിഭജിക്കപ്പെടുന്നത്‌ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. ദേശീയതാ പ്രശ്നങ്ങള്‍ അപ്പോഴും ഉയരും, കാരണം, ഏതൊരു ചെറിയ ദേശത്തും, ഒരു ന്യൂനപക്ഷം എപ്പോഴും ഉണ്ടാകും. അപ്പോള്‍ എങ്ങിനെയാണ്‌ നിങ്ങളതിനെ അഭിസംബോധന ചെയ്യുക? അഹിംസയാണ്‌ അതിന്റെ താക്കോല്‍ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. യുദ്ധം നിര്‍ത്തി സംഭാഷണം ആരംഭിക്കുക. ഏറ്റവും വലിയ യുദ്ധങ്ങള്‍ നടന്നത് യൂറോപ്പിലായിരുന്നു. അതില്‍, അവിടുത്തെ അമ്പതു ശതമാനം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇന്ന് അവര്‍ സ്വമനസ്സാലെ ഐക്യപ്പെട്ടിരിക്കുന്നു. അതേ സമയം, ആര്‍‍ക്കും ആരെയും ബലപ്രയോഗത്താല്‍ ഒരു നിശ്ചിത സ്ഥാനത്ത്‌ നിര്‍ത്തുവാന്‍ അധികാരമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറയാണ്‌ സ്വയംനിര്‍ണ്ണയാവകാശമെന്ന് ഞാന്‍ വിശ്വസിക്കുകയും, ഭരണകൂടത്തിന്റെ ഹിംസയെ വ്യക്തമായും എതിര്‍ക്കുകയും ചെയ്യുന്നുണ്ടെങ്കിലും, എന്തു കാരണം പറഞ്ഞിട്ടായാലും ശരി, ആയുധസംഘങ്ങളുടെ ഹിംസക്കുനേരെ കണ്ണടക്കുന്നത്‌, ഇവര്‍ ഇരുവര്‍ക്കുമിടയില്‍പ്പെട്ട് വലയുന്ന ജനങ്ങളോടുള്ള ഉത്തരവാദിത്ത്വമില്ലായ്മയും ശരികേടുമായിരിക്കും. നമ്മുടെ മഹാന്‍മാരായ നേതാക്കന്‍മാര്‍ അതിനെക്കുറിച്ച്‌ തുടക്കം മുതലേ ബോധവാന്‍മാരായിരുന്നു. ഗാന്ധിയും, ബാദ്‌ഷാ ഖാനും, ജയപ്രകാശും മറ്റും. കാശ്മീര്‍ പ്രശ്നം തന്നെ എടുക്കാം. ഇന്ത്യയും പാക്കിസ്താനും ഇരുവരും കാശ്മീരികളെ അടിച്ചമര്‍ത്തുകയാണ്‌. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കൈവശമുള്ള കാശ്മീരിന്റെ ഭാഗങ്ങളില്‍നിന്ന് നിന്ന് എല്ലാ വിലക്കുകളും എടുത്തു മാറ്റണം. പാസ്സ്‌പോര്‍ട്ടിന്റെയും വിസയുടെയും ആവശ്യം എടുത്തുകളയുന്നതിലൂടെ അത്‌ നിര്‍വ്വഹിക്കാന്‍ സാധിക്കും. അഹിംസയുടെ മാര്‍ഗ്ഗം അതാണ്‌.

ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ IPTA (Indian People's Theatre Association-ഇപ്റ്റ) പോലുള്ള സംഘടനകള്‍ ആവശ്യമാണെന്നു കരുതുന്നുണ്ടോ? അതല്ല, സാമൂഹ്യ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ മതിയാകുമോ?

IPTA അതിന്റെ കാലത്ത്‌ നല്ലൊരു ആശയമായിരുന്നു, അത്‌ സജീവമായി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇപ്പോഴും അത്‌ വളരെ പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്‌. എങ്കിലും, അത്തരത്തിലുള്ള ഒരു സംഘടനയില്‍ ചേരേണ്ടതുണ്ടോ എന്ന കാര്യമൊക്കെ, വ്യക്തികള്‍ക്കും കലകാരന്‍മാര്‍ക്കും വിട്ടുകൊടുക്കുന്നതാണ്‌ നല്ലത്‌. കൂട്ടായ പ്രവര്‍ത്തനം ആവശ്യമായി വരുന്ന സാഹചര്യങ്ങള്‍ എപ്പോഴും ഉണ്ടാകുമെന്നുതന്നെയാണ്‌ ഞാന്‍ കരുതുന്നത്‌. എങ്കിലും, ‘പാര്‍ട്ടി അച്ചടക്ക‘ത്തിന്റെ പേരില്‍, വ്യക്തിഗതമായ പ്രവര്‍ത്തനങ്ങള്‍ കയ്യൊഴിയേണ്ടതുമില്ല.

ആണവയുദ്ധം ഒഴിവാക്കാനുള്ള ഒരേയൊരു വഴി, രാജ്യങ്ങള്‍ തമ്മിലുള്ള സൌഹൃദമാണെന്ന് താങ്കള്‍ എപ്പൊഴും പറയാറുണ്ടായിരുന്നു. ഒരു ആക്ടിവിസ്റ്റ്‌ എന്ന നിലയിലും, ഒരു ഫിലിം മേക്കര്‍ എന്ന നിലയിലും, അതിന്റെ മാര്‍ഗ്ഗം എങ്ങിനെയായിരിക്കണമെന്നാണ്‌ താങ്കള്‍ കരുതുന്നത്‌?

ഏകപക്ഷീയമായ നിരായുധീകരണത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിലൂടെ (അത്‌ ഇന്ത്യയുടെ ഭാഗത്തുനിന്നു വന്നാല്‍ ഏറെ നന്ന്) -ഉദാഹരണത്തിന്‌, അടുത്ത 'അഗ്നി' പരീക്ഷണം നിര്‍ത്തിവെക്കുന്നതിനെക്കുറിച്ചോ, അടുത്ത ആണവ മുങ്ങിക്കപ്പല്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ -പരസ്പരമുള്ള വിശ്വാസം വളര്‍ത്താനുള്ള നടപടികളുണ്ടാവണം ആദ്യം. നമ്മുടെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥമായ ശ്രമമുണ്ടായാല്‍ നമ്മുടെ അയല്‍ക്കാരും അതേ രീതിയില്‍ പ്രതികരിക്കുമെന്ന് എനിക്ക്‌ ഉറപ്പുണ്ട്‌. എന്തായാലും, ആയുധപ്പന്തയത്തിന്റെ ആക്സിലേറ്ററില്‍നിന്ന് കാലെടുത്തതുകൊണ്ട്‌ നമുക്കൊന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല. എല്ലാ രാജ്യത്തിലെയും പൌരന്‍മാര്‍, തങ്ങളുടെ സര്‍ക്കാരുകളെ ഇതിനായി നിര്‍ബന്ധിക്കണം.

തന്റെ സിനിമകള്‍ കൂടുതല്‍ ആളുകളിലേക്കെത്തണമെന്ന് ആഗ്രഹിക്കുമ്പോള്‍ത്തന്നെ, ആ സിനിമകളെ 'അപൂര്‍ണ്ണ സിനിമ' (Imperfect Cinema) എന്നു വിളിക്കുന്ന ഡോക്യുമെന്ററി തലത്തില്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നത്‌ ഒരു വിരോധാഭാസമല്ലേ? വ്യവസ്ഥാപിത ശൈലിയില്‍, ഒരു സിനിമയുടെ എല്ലാ ഘടകങ്ങളെയും ഉള്‍പ്പെടുത്തി ഒരു ഫീച്ചര്‍ സിനിമ നിര്‍മ്മിച്ചാല്‍, അതാവില്ലേ കൂടുതല്‍ ആളുകളിലേക്കെത്തുക?

ഒന്നാമതായി, സിനിമ നിര്‍മ്മിക്കുമ്പോള്‍ ഞാന്‍ അതിന്റെ തിയറിയെക്കുറിച്ച്‌ അധികം ആശങ്കപ്പെടാറില്ല. 60-70-കാലഘട്ടത്തിലെ എന്റെ വളര്‍ച്ചാഘട്ടത്തില്‍, എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്‌, ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വിമോചനപ്രസ്ഥാനങ്ങളെ ഡൊക്യുമെന്റു ചെയ്ത ചില സിനിമകളായിരുന്നു. അധികം വരുമാനമില്ലാത്ത, നിരന്തരമായി ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന, എപ്പോഴും രക്ഷാമാര്‍ഗ്ഗം തേടേണ്ടിവരുന്ന ഒരു സിനിമയയുടെ സൌന്ദര്യശാസ്ത്രമാണ്‌ 'അപൂര്‍ണ്ണ സിനിമ' എന്ന ആശയത്തിന്റെ പുറകിലുണ്ടായിരുന്നത്‌. ഞങ്ങളുടെ സിനിമ 'ഇംപര്‍ഫക്ട്‌ സിനിമ'യായത്‌, ഞങ്ങളുടെ കയ്യില്‍ അതിനാവശ്യമായ പണമോ സാമഗ്രികളോ ഇല്ലാതിരുന്നതുകൊണ്ടാണ്‌. 35 എം.എം. ഫിലിമുകള്‍ ഞങ്ങള്‍ക്ക്‌ സാമ്പത്തികമായി താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പോരാത്തതിന്‌ വലിയ ക്യാമറയും. അതുകൊണ്ട്‌ ഞാന്‍ 16എം.എമ്മില്‍, മറ്റുള്ളവര്‍ ഉപേക്ഷിച്ച ഫിലിം ഉപയോഗിച്ച്‌ സിനിമകളെടുത്തു. ചിലപ്പോള്‍ Super 8-ല്‍, പിന്നീട്‌ Hi8ല്‍, അങ്ങിനെയങ്ങിനെ..എന്റെ സിനിമകളില്‍ നിങ്ങള്‍ കാണുന്നത്‌ ഏതെങ്കിലും വലിയ സിദ്ധാന്തത്തിന്റെ ഉത്‌പന്നമല്ല. അതില്‍ എന്തെങ്കിലും കലയുണ്ടെന്നു തോന്നുന്നുവെങ്കില്‍, അത്‌ ബോധപൂര്‍വ്വമല്ല. ബോധപൂര്‍വ്വമുള്ള സിനിമ, കലയല്ല, തട്ടിപ്പാണ്. ഒരു സിനിമയുടെ പിന്നിലുള്ള ലക്ഷ്യത്തിന്റെയും ആവേശത്തിന്റെയും വിശ്വാസ്യതയാണ്‌ പലപ്പോഴും ആ സിനിമയെ കലാമൂല്യമുള്ള ഒന്നാക്കി മാറ്റുക. ഫീച്ചര്‍ ഫിലിംസ്‌ നിര്‍മ്മിച്ചിരുന്നെങ്കില്‍ കൂടുതല്‍ ആളുകളിലേക്കെത്താമായിരുന്നു എന്ന് നിങ്ങള്‍ പറഞ്ഞതു ശരിയാണ്‌. പക്ഷേ ഒരു ഫീച്ചര്‍ സിനിമക്കാരനാകണമെങ്കില്‍ നോക്കിനടത്താനുള്ള കഴിവ്‌ -മാനേജീരിയല്‍ കഴിവുകള്‍-ധാരാളം ആവശ്യമാണ്‌. എനിക്ക്‌ അതില്ല. മാത്രമല്ല, ഒരു ഡോക്യുമെന്ററിക്ക്‌ ഒരു കല്‍പ്പിതകഥയേക്കാള്‍ വിശ്വാസ്യതയുമുണ്ടായിരിക്കും. റിച്ചാര്‍ഡ്‌ ആറ്റര്‍ബറോവിന്റെ ‘ഗാന്ധി‘യില്‍ ബെന്‍ കിംഗ്‌സ്ലി അവതരിപ്പിച്ച ഗാന്ധിയെയും, വിത്തല്‍ഭായിയുടെ ഡോക്യുമെന്ററിയും നോക്കുക. ചരിത്രപരമായ മൂല്യത്തില്‍ വലിയ വ്യത്യാസമുണ്ട്‌ അവ തമ്മില്‍. കഥയില്‍, ഭാവനയെയും യഥാര്‍ത്ഥ സംഭവത്തെയും വേര്‍തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട്‌, ഡോക്യുമെന്ററിക്ക്‌ പ്രചാരമുണ്ടാക്കുക എന്നതാണ്‌, താങ്കളുടെ ചോദ്യത്തിനുള്ള എന്റെ ഉത്തരം. ഡോക്യുമെന്ററി നിര്‍മ്മാതാക്കളെ ഫീച്ചര്‍ സിനിമക്കാരാക്കുകയല്ല വേണ്ടത്‌. ഡോക്യുമെന്ററിക്ക്‌ വില്‍പ്പനമൂല്യം ഉണ്ടാക്കണം. മൈക്കല്‍ മൂറൊക്കെ ചെയ്തതുപോലെ. ഒരു ഡോക്യുമെന്ററിക്കുപോലും ബോക്സ്‌ ഓഫീസ്‌ വിജയം നേടാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ഒരു പരീക്ഷണം എന്ന നിലക്ക്‌, എന്റെ 'War and Peace‘ ഞങ്ങള്‍ രണ്ട്‌ സിനിമാശാലകളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. മഴക്കാലമായതിനാല്‍, അധികം ആളില്ലാത്തതുകൊണ്ടാണ്‌ അവര്‍ ഞങ്ങള്‍ക്ക്‌ സ്ഥലം തന്നത്‌. അവരുടെ കയ്യില്‍ വീഡിയോ പ്രൊജക്ടറുകള്‍ ഇല്ലാത്തതുകൊണ്ട്‌ അതിനും ഞങ്ങള്‍ക്ക്‌ പണം ചിലവിടേണ്ടിവന്നു. എന്നിട്ടും, ആ തിയറ്ററുകള്‍ പല ദിവസം ഹൌസ്‌ഫുള്‍ ആയിരുന്നു. മുടക്കിയ പണം ഞങ്ങള്‍ക്ക്‌ തിരിചുകിട്ടുകയും ചെയ്തു. ശരിയായ സഹായം കിട്ടുകയാണെങ്കില്‍ ഇതുപോലുള്ള സിനിമകളെ കമേഴ്‌സ്യലായി വിജയിപ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ്‌ എന്റെ വിശ്വാസം. എന്തായാലും, എന്റെ സിനിമകളെ ഹോം വീഡിയോ DVD ഫോര്‍മാറ്റില്‍ മാര്‍ക്കറ്റു ചെയ്യുന്ന ഒരു കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. എന്താവുമെന്നു നോക്കാം.

ഇന്തോ-അമേരിക്കന്‍ ആണവകരാറിനെക്കുറിച്ച്‌ എന്തു തോന്നുന്നു?

വിനാശകരമാണ്‌ അത്‌. അതിലെ സുരക്ഷാപരിശോധനയുടെ ഭാഗത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും, ഈ അന്വേഷകരെ വിഡ്ഢികളാക്കാന്‍ സാധിക്കും. ചിലപ്പോള്‍, കാര്യസാധ്യത്തിനുവേണ്ടി, ഈ അന്വേഷകര്‍ സ്വമേധയാ വിഡ്ഢികളാകാനും അനുവദിച്ചുവെന്നുവരാം. ഇന്ത്യയില്‍, സമാധാനപരവും സൈനികവുമായ ആണവപദ്ധതികള്‍ പൂര്‍ണ്ണമായും ഇടകലര്‍ന്നവയാണ്‌, അതുകൊണ്ട്‌, ആണവായുധങ്ങള്‍ക്ക്‌ ബാധകമായ രഹസ്യവകുപ്പുകള്‍ (Secrecy Act) ആണവോര്‍ജ്ജത്തിനും ബാധകമായേക്കാം. അതിന്റെ സുരക്ഷയെയും ചിലവിനെയും കുറിച്ചൊക്കെ ചോദിക്കാന്‍ ആര്‍ക്കും അവകാശമുണ്ടാകില്ല. അതൊക്കെ രഹസ്യവകുപ്പിന്റെ കീഴില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ വലിയ ആണവസഹകരണത്തിന്‌ ഈ കരാര്‍ ഇന്ത്യയ്ക്ക്‌ വാതില്‍ തുറന്നുകൊടുക്കുമെന്നുള്ളതുകൊണ്ട്‌, ഇതൊരു വിനാശകരമായ കരാറാണെന്ന് ഞാന്‍ കരുതുന്നു. ഇതിനെക്കുറിച്ച്‌ ഞാന്‍ അധികം ഗവേഷണമൊന്നും നടത്തിയിട്ടില്ല. എങ്കിലും, ചുരുങ്ങിയ നിക്ഷേപം കൊണ്ട്‌ കാറ്റാടികളില്‍നിന്ന്, ആണവനിലയങ്ങളേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാകിയിട്ടുണ്ട്‌. അതും, അതുപോലുള്ള ഇതരസ്രോതസ്സുകളും എന്തുകൊണ്ട്‌ നമ്മള്‍ ശ്രമിക്കുന്നില്ല? വിപരീതദശയിലേക്ക്‌ വലിക്കുന്ന വന്‍കിട കോര്‍പ്പറേഷനുകളുടെ വന്‍സമ്മര്‍ദ്ദമുണ്ടെങ്കിലും, സമാന്തര ഊര്‍ജ്ജസ്രോതസ്സുകള്‍ അന്വേഷിക്കാനുള്ള അധികാരപത്രം ബാരക്‌ ഒബാമക്കുണ്ടെന്ന്, അത്ര വലുതല്ലാത്ത ഒരു പ്രതീക്ഷയാണ് എനിക്കുള്ളത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം, വലതുപക്ഷ മതമൌലികവാദത്തിന്റെ ഭാവിയെക്കുറിച്ച്‌ എന്തു തോന്നുന്നു?

ഒരു വലിയ മാറ്റമൊന്നും വന്നിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പഴയ മതമൌലികവാദം ഇപ്പോള്‍ അധികം ചിലവാകുന്നില്ല എന്നു മാത്രം. എന്തെങ്കിലും ഒരു കാര്യസാധ്യത്തിനുവേണ്ടി വിശ്വാസങ്ങളെ മാറ്റുന്നവരേക്കാള്‍ അപകടം കുറഞ്ഞവരാണ്‌ സ്വന്തം വിശ്വാസം തുറന്നു പ്രഖ്യാപിക്കുന്നവര്‍. ഹൈന്ദവമതഭ്രാന്തുകൊണ്ട്‌ ബാബറി മസ്‌ജിദ്‌ പൊളിച്ചവര്‍ നാളെ ഒരുപക്ഷേ തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞേക്കാം, പക്ഷേ അതിനെ അധികാരം കൈക്കലാക്കാനുള്ള തന്ത്രമാക്കി ഉപയോഗിച്ചവര്‍ ഒരിക്കലും മാപ്പര്‍ഹിക്കാത്ത കൊലയാളികളാണ്‌. അതേ കാരണം കൊണ്ടുതന്നെ, മതേതരവാദിയായ മുഹമ്മദലി ജിന്നയെ, അദ്ദേഹത്തിന്റെ മതഭ്രാന്തരായ അനുയായികളേക്കാള്‍ അപകടകാരിയായി ഞാന്‍ വിലയിരുത്തുന്നു. അതുകൊണ്ട്‌, ഈ തിരഞ്ഞെടുപ്പിനുശേഷമുള്ള സാഹചര്യത്തെക്കുറിച്ച്‌ എനിക്ക്‌ വലിയ തീര്‍ച്ചയൊന്നുമില്ല. ബാബറി മസ്‌ജിദ്‌ പരാജയപ്പെട്ടാല്‍ ഗോധ്ര, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും, ഇതാണ്‌ ബി.ജെ.പി.യുടെ അജണ്ട. ഇതിന്റെയൊക്കെ പിന്നിലുള്ളത്‌ മതമൊന്നുമല്ല.

താങ്കളുടെ സിനിമകളില്‍, മുസ്ളിം ക്രിസ്ത്യന്‍ മതമൌലികവാദം അധികം പരാമര്‍ശിച്ചുകണ്ടിട്ടില്ല?

'Father, Son and Holy War', 'War and Peace' തുടങ്ങിയവയിലൊക്കെ മുസ്ലിം മൌലികവാദത്തിന്റെ മിന്നലാട്ടങ്ങളുണ്ട്. 'In Memory of Friends"-ല്‍ പഞ്ചാബിലെ സിക്ക്‌ മൌലികവാദത്തിന്റെയും ദൃശ്യങ്ങളുണ്ട്‌. എങ്കിലും ആത്മവിമര്‍ശനമാണ്‌ ഏറ്റവും നല്ല വിമര്‍ശനമെന്ന് ഞാന്‍ കരുതുന്നു. ഒരു ഹിന്ദു എന്ന നിലയ്ക്ക്‌, ഹിന്ദുമൌലികവാദത്തെ തുറന്നുകാണിക്കുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കയുമാണ്‌ എന്നെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഫലപ്രദം. ഇസ്ലാമികമതമൌലികവാദത്തെക്കുറിച്ച്‌, എനിക്കു പകരം, ഒരു സയ്‌ദ്‌ മിര്‍സയോ ഒരു താരിഖ്‌ മസൂദോ സിനിമ നിര്‍മ്മിച്ചാല്‍, അതായിരിക്കും കൂടുതല്‍ ഫലവത്താവുക. നാളെ, എന്നെങ്കിലുമൊരിക്കല്‍, കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും, നമ്മുടെ വ്യക്തിത്വങ്ങള്‍ നമ്മുടെ പരിമിതികളാവാതിരിക്കുകയും ചെയ്യുന്ന ഒരു കാലത്ത്‌, നമുക്ക്‌ ആരെയും, അഥവാ എല്ലാവരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കൈവരും. എന്റെ ജീവിതകാലത്തിനുള്ളില്‍ത്തന്നെ, അത്തരമൊരു നാളെ, സംഭവിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഞാന്‍.

കൂടുതല്‍ ആളുകളിലേക്കിറങ്ങിച്ചെല്ലാന്‍, താങ്കളുടെ സിനിമകള്‍ ഇന്റര്‍നെറ്റു പോലുള്ള മറ്റു മാധ്യമങ്ങളില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?

ഇപ്പോഴില്ല. കാരണം, എന്റെ സിനിമകള്‍ക്ക്‌ പണം മുടക്കുന്നത്‌, സി.ഐ.എയോ, ഏതെങ്കിലും സര്‍ക്കാരുകളോ, കോര്‍പ്പറേറ്റുകളോ അല്ല. ലാഭ-നഷ്ടങ്ങളില്ലാതെ വന്നാലേ, അടുത്ത സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച്‌ എനിക്കുപോലും ചിന്തിക്കാനാകൂ. അതുകൊണ്ട്‌, എന്റെ സിനിമകള്‍ പ്രയോജനപ്രദമായി കാണുന്നവരുടെ സഹകരണവും തിരിച്ചറിവും എനിക്ക്‌ ആവശ്യമാണ്‌.

ഇന്ത്യക്കു പുറത്തുള്ള വിഷയങ്ങളിലേക്ക്‌ സിനിമയെ കൊണ്ടുപോകാനുള്ള പദ്ധതിയുണ്ടോ?

ഇപ്പോള്‍ തന്നെ ആവശ്യത്തിലധികമുണ്ട്‌, അതുകൊണ്ട്‌ പുതിയ 'വിഷയങ്ങ'ളും 'രാജ്യങ്ങ'ളും സിനിമയാക്കാന്‍ ഉദ്ദേശ്യമില്ല.

ഏതൊക്കെ ശക്തികള്‍ക്കെതിരെയാണോ താങ്കള്‍ നിന്നിരുന്നത്‌, അതേ ശക്തികളാല്‍ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ഇന്ത്യയിലെ അച്ചടി-ഇലക്ട്രോണിക്ക്‌ മാധ്യമങ്ങളെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

പ്രിന്റ്-ഇലക്ട്രോണിക്ക്‌ മീഡിയകളുടെ കീഴടങ്ങല്‍ എല്ലാവര്‍ക്കും വ്യക്തമായി ഇന്ന് കാണാന്‍ കഴിയുന്നുണ്ട്. ആ മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ച നാള്‍ക്കുനാള്‍ രൂക്ഷമാവുകയുമാണ്‌. അസംഗതമായതു മാത്രം നല്‍കി ജനത്തിനെ വശീകരിച്ചുനിര്‍ത്തുന്നവരുടെ താത്‌പര്യങ്ങളെയാണ്‌ അത്‌ എപ്പോഴും സേവിക്കുന്നത്‌.



കടപ്പാട്: സെപ്തംബര്‍ 2009-ന് പ്രഗതിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പരിഭാഷ

Sunday, December 13, 2009

ഇറാഖ് - ഈ നൂറ്റാണ്ടിലെ വന്‍‌കുറ്റകൃത്യം

മാര്‍ക്‌ ഹിഗ്‌സണുമായി ബന്ധപ്പെടാന്‍ ഈയടുത്ത്‌ ഞാന്‍ ശ്രമിച്ചപ്പോഴാണ്‌ ഒമ്പതുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌ അയാള്‍ മരിച്ച വിവരം അറിയാന്‍ കഴിഞ്ഞത്‌. 40 വയസ്സേ ഉണ്ടായിരുന്നുള്ളു. നല്ല ഒരു മനുഷ്യന്‍. 1991-ല്‍ ഫോറിന്‍ ഓഫീസില്‍നിന്ന്‌ അയാള്‍ പിരിഞ്ഞതിനു ശേഷമാണ്‌ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത്‌. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഇന്‍ഡോനേഷ്യക്കു വിറ്റ ഹോക്ക്‌ ബോംബര്‍ വിമാനങ്ങള്‍ ഈസ്റ്റ്‌ തിമൂറിലെ സാധാരണക്കാര്‍ക്കുനേരെ ഉപയോഗിച്ചത്‌ സര്‍ക്കാറിന്‌ അറിയാമോ എന്ന്‌ ഞാന്‍ ഹിഗ്‌സണോടു ചോദിച്ചു.

"എല്ലാവര്‍ക്കും അറിയാം, പാര്‍ലമെണ്ടിനും ജനങ്ങള്‍ക്കും ഒഴിച്ച്‌" അയാള്‍ പറഞ്ഞു.

"മാധ്യമങ്ങള്‍ക്കോ?"

"ഹോ..മാധ്യമങ്ങളോ-വമ്പന്‍മാര്‍..അവരെയൊക്കെ ഫോറിന്‍ ഓഫീസിലേക്ക്‌ വിളിച്‌, നന്നായി സല്‍ക്കരിച്ച്‌, നുണകളും വിളമ്പിക്കൊടുത്തിരുന്നു. അവരെക്കൊണ്ടിനി പ്രശ്നമൊന്നും ഉണ്ടാവില്ല".

സദ്ദം ഹുസ്സൈനെ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഒരുവിധത്തിലും ആയുധവത്ക്കരിക്കുന്നില്ലെന്ന്‌ പാര്‍ലമെണ്ടംഗങ്ങളെയും, ജനത്തെയും വിശ്വസിപ്പിക്കാന്‍, വിദേശ ഓഫീസിലെ ഇറാഖ്‌ ഉദ്യോഗസ്ഥന്‍ എന്ന നിലക്ക്‌ അയാള്‍ കത്തുകള്‍ തയ്യാറാക്കിവെച്ചിരുന്നു. "അതൊരു കല്ലുവെച്ച നുണയായിരുന്നു. എനിക്കത്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല".

ഇറാഖിനു ആയുധം വിറ്റതിനെക്കുറിച്ചുള്ള തെളിവെടുപ്പില്‍, സത്യം ബോധിപ്പിച്ചതിന്‌ ലോര്‍ഡ്‌ ജസ്റ്റീസ്‌ സ്കോട്ടിന്റെ പ്രശംസ ലഭിച്ച ഒരേയൊരു ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായിരുന്നു ഹിഗ്‌സണ്‍. അതിന്‌ അയാള്‍ കൊടുക്കേണ്ടിവന്ന വിലയും വളരെ വലുതായിരുന്നു. വിവാഹബന്ധം തകര്‍ന്നു, ആരോഗ്യം നശിച്ചു, പോലീസിന്റെ നിരീക്ഷണത്തില്‍ ജീവിക്കേണ്ടിവന്നു. ഒടുവില്‍ ബിര്‍മിംഗാമിലെ ഒരു കേന്ദ്രത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട്‌, അപസ്മാരം ബാധിച്ച്‌, ഏകനായി മരിച്ചു. ആപത്‌സൂചന തരുന്നവര്‍ മിക്കപ്പോഴും ധീരന്‍മാരായിരിക്കും. അയാള്‍ അത്തരത്തിലൊരാളായിരുന്നു.

ടോണി ബ്ളയറിന്റെ പ്രതിനിധിയെന്ന പദവിയില്‍, ഇറാഖ്‌ അധിനിവേശത്തിനു മുന്നോടിയായി ഐക്യരാഷ്ട്രസഭയിലേക്കു പോയ സര്‍ ജെര്‍മി ഗ്രീന്‍സ്റ്റോക്ക്‌ എന്ന മറ്റൊരു വിദേശ ഓഫീസ്‌ ഉദ്യോഗസ്ഥന്റെ ചിത്രം കണ്ടപ്പോഴാണ്‌ മാര്‍ക്‌ ഹിഗ്‌സണ്‍ എന്റെ മനസ്സിലെത്തിയത്‌. വരാന്‍ പോകുന്ന ചോരപ്പുഴക്ക്‌ ഐക്യരാഷ്ട്രസഭയുടെ മുഖംമൂടി കണ്ടെത്താന്‍ മറ്റാരേക്കാളും മുന്നിലുണ്ടായിരുന്നത്‌ ഇതേ ജെര്‍മിയായിരുന്നു. അതെ, നവംബര്‍ 27-നു ചില്‍ക്കോട്ട്‌ വിചാരണക്കുമുന്‍പാകെ പ്രത്യക്ഷപ്പെട്ട്‌, ഇറാഖ്‌ അധിനിവേശത്തെ "നിയമപരമായി സംശയാസ്പദമായ സാധുത"യായി വിശേഷിപ്പിച്ച ജെര്‍മിയുടെ അവകാശവാദം, അതുതന്നെയായിരുന്നു. എന്തൊരു കൌശലം. ചിത്രത്തില്‍ അയാളുടെ ചുണ്ടില്‍ ഒരു പുച്ഛച്ചിരിയുണ്ടായിരുന്നു.

അന്താരാഷ്ട്രനിയമത്തില്‍, 'സംശയാസ്പദമായ സാധുത' എന്നൊന്ന്‌ നിലനില്‍ക്കുന്നില്ല. ഒരു പരമാധികാര രാജ്യത്തിനുനേരെയുള്ള ആക്രമണം കുറ്റം തന്നെയാണ്‌. ബ്രിട്ടന്റെ മുഖ്യ നിയമോദ്യോഗസ്ഥനും അറ്റോര്‍ണി ജനറലുമായ പീറ്റര്‍ ഗോള്‍ഡ്‌സ്മിത്തും, വിദേശ ഓഫീസിന്റെ സ്വന്തം നിയമോപദേഷ്ടാക്കളും, ഒടുവില്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ തന്നെയും ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റമാണ്‌ ഇറാഖ്‌ അധിനിവേശം. 'ജനാധിപത്യ സംസ്ഥാപന'ത്തിന്റെയും, 'ഉപരോധ'ത്തിന്റെയും, 'പറക്കല്‍ നിരോധിത മേഖല'യുടെയും കള്ളപ്പേരുകളില്‍, കഴിഞ്ഞ 17 വര്‍ഷമായി, നിരായുധരായ ഒരു ജനതക്കെതിരെ നടന്നുവരുന്ന ഈ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം, അടിമക്കച്ചവടത്തിന്റെ മൂര്‍ദ്ധന്യ നാളുകളില്‍ മരിച്ചവരുടേതിനേക്കാള്‍ എത്രയോ ഇരട്ടിയാണ്‌. എന്നിട്ടാണിയാള്‍, 'ഐക്യരാഷ്ട്രസഭയിലെ എന്റെ പ്രവര്‍ത്തനത്തിന്‌ ഒട്ടും സഹായകരമല്ലാത്ത (അമേരിക്കന്‍)ശബ്ദങ്ങ'ളെക്കുറിച്ചും, 'ഇങ്ങനെ പോയാല്‍ എണ്റ്റെ സ്ഥാനത്തെക്കുറിച്ച്‌ പുനര്‍വിചിന്തനം ചെയ്യേണ്ടിവരുമെന്ന്‌ വിദേശ ഓഫീസിനു മുന്നറിയിപ്പ്‌ കൊടുത്ത’തിനെക്കുറിച്ചുമൊക്കെ സ്വന്തം തൊലി സംരക്ഷിക്കാനായി വിടുവായത്തം പുലമ്പുന്നത്‌.

ഇതിഹാസ സമാനമായ ഒരു കൊടുംപാതകത്തിനെ നിസ്സാരവത്ക്കരിക്കാനും, മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കുറ്റബോധത്തിന്റെ ഒരു രംഗപടം സൃഷ്ടിച്ച്‌, ആത്യന്തികമായി ഉണ്ടാവേണ്ട ഒരു കുറ്റവിചാരണയില്‍നിന്ന്‌ എല്ലാവരേയും രക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ്‌ ഈ കൊട്ടിഘോഷിക്കപ്പെട്ട ചില്‍ക്കോട്ട്‌ അന്വേഷണത്തിനുമുള്ളത്‌. ജനുവരിയില്‍ കമ്മീഷന്‍ മുമ്പാകെ പ്രത്യക്ഷപ്പെടുമ്പോള്‍, കൂക്കുവിളികളെയും കയ്യടികളെയും ഒരുപോലെ ഏറ്റുവാങ്ങി, ടോണി ബ്ളയര്‍ തടിതപ്പുകയും ചെയ്യും. സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളെ ഈ 'അന്വേഷണങ്ങള്‍" തേച്ചുമായ്ച്ചുകളയുന്നത്‌ ഈവിധത്തിലാണ്‌. ഇറാഖിന്‌ ആയുധം വിറ്റതിനെക്കുറിച്ചുള്ള ജസ്റ്റീസ്‌ സ്കോട്ടിന്റെ 1996-ലെ റിപ്പോര്‍ട്ട്‌, അദ്ദേഹത്തിന്റെ അന്വേഷണങ്ങളിലൂടെത്തന്നെ വെളിച്ചം കണ്ട ഭീമമായ തെളിവുകളെ സമര്‍ത്ഥമായി മൂടിവെച്ചതും ഇതേ രീതിയിലായിരുന്നു.

സദ്ദാമിന്‌ ആയുധങ്ങള്‍ അനധികൃതമായി മറിച്ചുവിറ്റതിന്‌, M16ന്റെയും മറ്റു രഹസ്യാന്വേഷക സംഘങ്ങളുടെയും പിടിയിലായ കമ്പനികളുടെ ആഡിറ്റര്‍ ടിം ലാക്സ്‌ടണുമായി അക്കാലത്ത്‌ ഞാന്‍ ഒരു അഭിമുഖം നടത്തുകയുണ്ടായി. "നൂറു കണക്കിനാളുകള്‍ പ്രോസിക്യൂട്ട്‌ ചെയ്യപ്പെടുമായിരുന്നു" അയാള്‍ തുറന്നു സമ്മതിച്ചു". “അതില്‍, വമ്പന്‍ രാഷ്ട്രീയക്കാരും, ഉയര്‍ന്ന സിവില്‍ ഉദ്യോഗസ്ഥരും എല്ലാം ഉള്‍പ്പെട്ടേനേ" എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

ചില്‍ക്കോട്ടിനെ ഉപദേശിക്കാന്‍ സര്‍ മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ടിനെപ്പോലെയുള്ളവരെ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ഇതിനൊക്കെയാണ്. ടോണി ബ്ളയറിനെ ചര്‍ച്ചിലിനോടും റൂസ്സ്‌വെല്‍റ്റിനോടും ഉപമിച്ച മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ട്‌. ബ്ളയറിന്റെയും സംഘത്തിന്റെയും, പ്രത്യേകിച്ച്‌, ഇപ്പോള്‍ നിശ്ശബ്ദരായിരിക്കുന്ന 2003-ലെ കാബിനറ്റ്‌ അംഗങ്ങളുടെയും പങ്ക്‌ വെളിവാക്കുന്ന രേഖകള്‍ ചില്‍ക്കോട്ട്‌ ആവശ്യപ്പെടാതിരിക്കുന്നതും അതിനുവേണ്ടിതന്നെയാണ്‌. ഇറാഖിനെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയ ആ ജെഫ്‌ ഹൂണ്‍ എന്ന കള്ളതിരുമാലിയെയൊക്കെ ഇനി ആരോര്‍ക്കാന്‍ പോകുന്നു?

ഇറാഖ്‌ അധിനിവേശം തെറ്റായിരുന്നു എന്ന തന്റെ വിധി മാറ്റിപ്പറയാന്‍ നിര്‍ബന്ധിതനായ ലോര്‍ഡ്‌ ഗോള്‍ഡ്‌സ്മിത്തിന്റെ കാലയളവിലെ കാബിനറ്റ്‌ രേഖകള്‍ പരസ്യമാക്കണമെന്ന ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഉത്തരവിനെ അസാധുവാക്കിയത്‌, ബ്ളയറിന്റെ കൂട്ടാളിയും, ഇപ്പോഴത്തെ 'ജസ്റ്റീസ്‌ സെക്രട്ടറി'യും, ജനറല്‍ പിനോഷെ എന്ന കൂട്ടക്കൊലയാളിയെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്ത ജാക്ക്‌ സ്ട്രാ,എന്ന വിദ്വാനായിരുന്നു. 2009 ഫെബ്രുവരിയില്‍. വസ്തുതകള്‍ പുറത്തുവരുന്നതിനെ എല്ലാവരും ഭയക്കുന്നു എന്നര്‍ത്ഥം.

മാധ്യമങ്ങള്‍ സ്വയം കുറ്റവിമുക്തരാവുകയും ചെയ്തു. "അമേരിക്കയിലെയും ബ്രിട്ടനിലെയും മുഖ്യധാരാ മാധ്യമങ്ങള്‍ വിഡ്ഢികളുടെ റോള്‍ അഭിനയിച്ചതുവഴി അധിനിവേശം എളുപ്പമാവുകയാണുണ്ടായത്‌" എന്ന്‌ 27 നവംബറിന്‌, മുന്‍ ഐക്യരാഷ്ട്രസഭാ മുഖ്യ ആയുധ പരിശോധകന്‍ സ്കോട്ട്‌ റിട്ടര്‍ എഴുതുകയുണ്ടായി. അധിനിവേശത്തിനും 4 വര്‍ഷം മുന്‍പ്‌, എനിക്കും മറ്റുള്ളവര്‍ക്കും നല്‍കിയ അഭിമുഖങ്ങളില്‍, ഇറാഖിന്റെ കൂട്ടനശീകരണ ആയുധങ്ങള്‍ നിര്‍വ്വീര്യമാക്കപ്പെട്ടു എന്ന്‌ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വെളിവാക്കിയിരുന്നു സ്കോട്ട്‌ റിട്ടര്‍. എന്നിട്ടും അയാളുടെ അസ്തിത്വത്തെ ഒരാളും കണക്കിലെടുത്തില്ല. 2002-ല്‍, ബുഷിന്റെയും ബ്ളയറിന്റെയും നുണകള്‍ മാധ്യമങ്ങളില്‍ ഇടതടവില്ലാതെ പ്രതിധ്വനിക്കുന്ന കാലത്ത്‌, മൂവ്വായിരത്തോളം ലേഖനങ്ങളില്‍ ഇറാഖ്‌ പരാമര്‍ശിക്കപ്പെട്ടുവെങ്കിലും, 49 എണ്ണത്തില്‍ മാത്രമേ റിട്ടും അയാള്‍ ആവര്‍ത്തിച്ച സത്യങ്ങളും പ്രത്യക്ഷപ്പെട്ടുള്ളു.

നവംബര്‍ 30-ന്‌ ഇന്‍ഡിപ്പെന്‍ഡന്റ് എന്ന ബ്രിട്ടീഷ്‌ പത്രം, അഫ്ഘാനിസ്ഥാനിലെ തങ്ങളുടെ എംബഡ്ഡഡ്‌ 'പ്രതിനിധി'യെ ഉപയോഗിച്ച്‌ ഒരു പ്രചരണം അതേപടി എഴുതി ഫലിപ്പിച്ചിരുന്നു. "ആഭ്യന്തര രംഗത്ത്‌ സൈന്യം തോല്‍വി ഭയക്കുന്നു" എന്നായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്‌. "ആഭ്യന്തരമായി നേരിടുന്ന പരാജയം, യുദ്ധമേഖലയിലെ നമ്മുടെ സൈന്യത്തിന്റെ മനോവീര്യം കെടുത്തുകയും അഫ്ഘാനിസ്ഥാനില്‍ നമ്മള്‍ തോല്‍ക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന്‌ മിലിറ്ററി കമാന്‍ഡര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു" എന്നായിരുന്നു ആ റിപ്പോര്‍ട്ട്‌. എന്നാല്‍ സത്യമെന്താണ്‌? അഫ്ഘാനിസ്ഥാനിലെ ഇടപെടലിനെക്കുറിച്ചുള്ള പൊതുജനരോഷം സൈനികരുടെയിടയിലും കുടുംബങ്ങളിലും ഒന്നുപോലെ പ്രതിഫലിക്കുന്നത്‌ യുദ്ധഭ്രാന്തന്‍മാരെ ഭയപ്പെടുത്തുകയാണ്‌. "ആഭ്യന്തരമായ തോല്‍വി" "ശോഷിക്കുന്ന മനോവീര്യം' തുടങ്ങിയ വാക്കുകള്‍ നമ്മുടെ യുദ്ധനിഘണ്ടുവില്‍ ഇടം പിടിച്ചത്‌ അങ്ങിനെയാണ്‌. കൊള്ളാം. നന്നായിട്ടുണ്ട്‌. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇറാഖിലേതുപോലെ, അഫ്ഘാനിസ്ഥാനിലും വലിയൊരു കുറ്റകൃത്യത്തില്‍ത്തന്നെയാണ്‌ നമ്മളിന്ന് ഏര്‍പ്പെട്ടിരിക്കുന്നത്‌.



കടപ്പാട്‌: ന്യൂ സ്റ്റേറ്റ്‌സ്‌മാനില്‍ ജോണ്‍ പില്‍ഗര്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ

Tuesday, December 8, 2009

പറുദീസാ നഷ്ടം



പുതിയ വെളിപാടുകള്‍. പാപികളാണ്‌ എല്ലാവരും.



സര്‍വ്വത്ര പാപികള്‍. കള്ളന്‍മാരും, കൊലപാതകികളും, ബലാത്സംഗം ചെയ്യുന്നവരും, അഗമ്യഗമനം നടത്തുന്നവരും, സ്വയംഭോഗികളും, സ്വവര്‍ഗ്ഗഭോഗികളും, ഹിന്ദുക്കളും, മുസ്ലിമുകളും, ബുദ്ധമതക്കാരും, ഒബാമ (എന്ന കറുത്തവന്‌) വോട്ടുചെയ്തവരും, ഡെമോക്രാറ്റുകളും, ലിബറലുകളും, മദ്യപാനികളും, നുണയന്‍മാരും, അശ്ലീല നൃത്തം ചെയ്യുന്നവരും, ഫെമിനിസ്റ്റുകളും, പരിണാമവാദികളും, ദൈവനിഷേധികളും, എല്ലാം, എല്ലാം പാപികള്‍.



ആ പാപികള്‍ക്കു മുന്നില്‍ പശ്ചാത്താപത്തിന്റെ പുതിയ മോക്ഷമാര്‍ഗ്ഗവുമായി വന്നെത്തുന്ന ആധുനിക നഗരകോമാളികള്‍.



അവനെ കൂവിയാര്‍ത്തും, അവന്റെ മുന്‍പില്‍ വെച്ചുതന്നെ സ്വവര്‍ഗ്ഗ സഹജീവിയെ ആശ്ളേഷിച്ചു ചുംബിച്ച്‌ സ്നേഹത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും, പുണ്യപാപസങ്കലിതമായ മനുഷ്യജന്‍മത്തിന്റെയും സ്വര്‍ഗ്ഗാവസ്ഥയെ ഉല്‍ഘോഷിച്ച്‌ ഇതാ കുറേ ചെറുപ്പക്കാര്‍.. ആണും പെണ്ണും ഇടകലര്‍ന്ന്.



നാളെ ഇവരും പാപികളെ ഇരപിടിക്കാന്‍ ഇറങ്ങിയേക്കാം. മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും, വംശ-വര്‍ണ്ണ-ലിംഗഭേദങ്ങളുടെയും, കപടസദാചാരത്തിന്റെയും പുതിയ വെളിപാടുകളുമായി തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നുവരാം.



എങ്കിലും അപ്പോഴും ഉണ്ടാകും തെരുവുകളില്‍ വീണ്ടും ചെറുപ്പങ്ങള്‍. “നിങ്ങളുടെ സ്വര്‍ഗ്ഗങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം ഈ നരകമാണ്’‘ എന്ന് എവിടെയും വിളിച്ചുപറയാന്‍ മടിക്കാത്ത, കളിചിരിമാറാത്തവയെങ്കിലും ക്ഷുഭിതമായ, ഒരിക്കലും മരിക്കാത്ത, വീറുറ്റ യൌവ്വനങ്ങള്‍.



അവര്‍ക്ക്‌ അഭിവാദ്യങ്ങള്‍ നേരാം.


കടപ്പാട്: വാര്‍ത്തയും ചിത്രവും ഹഫിംഗ്‌ടണ്‍ പോസ്റ്റില്‍ ‍നിന്ന്