Wednesday, February 10, 2010

ഖാന്‍


മിസ്റ്റര്‍ ഷാരൂഖ്‌ ഖാന്‍, നിങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ അഭിമാനിക്കുന്നു.

സെല്ലുലോയ്ഡിലോ ജീവിതത്തിലോ നിങ്ങള്‍ എന്തുമായിക്കൊള്ളട്ടെ. ഏറുപന്തുകളിയിലെ പുകള്‍പെറ്റ കളിക്കാരെ മോഹവിലയ്ക്ക്‌ സ്വന്തമാക്കി നിങ്ങള്‍ നടത്തുന്ന വലിയ കളികള്‍, അതൊക്കെ നിങ്ങളെപ്പോലുള്ള അതിമാനുഷരുടെ വലിയ കാര്യങ്ങള്‍. ധീരോദാത്തപ്രതാപന്‍മാരായ താരസമൂഹങ്ങളുടെ ലോകത്തുനിന്ന്‌, നിങ്ങളുടെ ചേഷ്ടകള്‍ക്കൊത്ത്‌ കരയുകയും ചിരിക്കുകയും ഉന്‍മാദിക്കുകയും കലഹിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ലോകത്തേക്കാണ്‌ പ്രകാശവര്‍ഷങ്ങള്‍ താണ്ടി ഇന്നു നിങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നത്‌. 

ധീരവീരപരാക്രമികളായി വെള്ളിത്തിരയില്‍ വാണരുളുന്ന എത്രയോ ബിഗ്‌ബികളും, ഖല്‍നായകന്‍മാരും ബാന്ദ്രയിലെ കിഴവന്‍ സിംഹത്തിന്റെ മടയില്‍ പോയി ഓച്ഛാനിച്ചുനിന്ന്‌ അനുഗ്രഹാശിസ്സുകള്‍ മേടിക്കുന്നത് ഞങ്ങള്‍ കേട്ടറിഞ്ഞിട്ടുണ്ട്‌. അതേ മായാനഗരത്തിലിരിക്കുമ്പോഴും, അവരെയൊക്കെ വാമനന്‍മാരാക്കിക്കൊണ്ട്‌, കളിയും കാര്യവും വ്യക്തമായി വ്യവച്ചേദിച്ചറിഞ്ഞ്‌, വളയാത്ത നട്ടെല്ലോടെ, കപടവും അപകടകരവുമായ ദേശീയ-പ്രാദേശികതകളെ സ്വന്തം പേരില്‍, നേര്‍ക്കുനേരെ പോരിനുവിളിച്ച ആ ധീരതയെ എങ്ങിനെ ഞങ്ങള്‍ അഭിനന്ദിക്കാതിരിക്കും?

 താങ്കളെക്കൂടാതെ, ധീരന്‍മാരായ മറ്റു ചിലരും ആ അഭ്രലോകത്തിലുണ്ടെന്ന്‌ ഈയിടെ വായിച്ചറിയാന്‍ കഴിഞ്ഞു. മഹേഷ്‌ ഭട്ടിനെയും, വിധു വിനോദ്‌ ചോപ്രയെയും പോലെയുള്ള ചിലര്‍. ലക്ഷങ്ങളും കോടികളും ചിലവഴിച്ച്‌ നിര്‍മ്മിക്കുന്ന തങ്ങളുടെ സിനിമകള്‍, മഹാനഗരത്തിന്റെ ആ മഹാമാടമ്പിമാരുടെ അനുഗ്രഹാശിസ്സുകളില്ലെങ്കില്‍ തകര്‍ന്നു തരിപ്പണമാകുമെന്നറിയാമായിരുന്നിട്ടും അതിനു തയ്യാറാകാതെ പരാജയം ഏറ്റുവാങ്ങാന്‍ ചങ്കൂറ്റം കാണിച്ചവര്‍.

അവരെയെല്ലാമാണ്‌ മിസ്റ്റര്‍ ഖാന്‍, നിങ്ങള്‍ ഇന്ന്, നമ്മുടെ നാടിന്റെ ഈ നിര്‍ണ്ണായകമായ ചരിത്രസന്ധിയില്‍ പ്രതിനിധീകരിക്കുന്നത്‌.

തോറ്റുകൊടുക്കരുത്. ഞങ്ങളുണ്ട് കൂടെ.

Tuesday, February 2, 2010

വിഡ്ഢികളുടെ സാമൂഹ്യപഠനം

ഒരു സമുദായത്തിലെ സ്ത്രീകളെ ഒന്നടങ്കം വേശ്യകളെന്നു മുദ്രകുത്തുന്ന ഒരുവനെ നമ്മള്‍ എന്തു ചെയ്യണം? പ്രത്യേകിച്ചും അയാള്‍ ഒരു അദ്ധ്യാപകനാണെന്നുവരുമ്പോള്‍?

സാമൂഹ്യചരിത്രപഠനത്തിന്റെ ഭാഗമായി ജാതിയെയും സമുദായങ്ങളെയും കുറിച്ച്‌ ചരിത്രപരമായ വിലയിരുത്തലുകള്‍ നടത്തേണ്ടത്‌ എല്ലാകാലത്തും ആവശ്യമാണ്‌. നിലവിലുള്ള സാമൂഹ്യഘടനയെ കൂടുതല്‍ അടുത്തറിയാനും, അതിന്റെ ഗതിവിഗതികളെ കാലോചിതമായി പരിഷ്കരിച്ച്‌ പുരോഗമനോന്മുഖമാക്കാനും അത്തരം വിലയിരുത്തലുകള്‍ ചരിത്രപരമായി കൂടിയേത്തീരൂ. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള പി.കെ.ബാലകൃഷ്ണനെപ്പോലുള്ളവരുടെ നിരീക്ഷണങ്ങളുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യേണ്ടിവരുമ്പോഴും, ആ പഠനങ്ങളുടെ പ്രസക്തി, അവയുടെ ചരിത്രപരതയാണ്‌. പഠനങ്ങള്‍ വസ്തുനിഷ്ഠമായിരിക്കുമ്പോഴും, അതിലൂടെ പ്രാവര്‍ത്തികമാക്കേണ്ട ഒരു വലിയ അജണ്ടയുണ്ട്‌. വിഷയമാകുന്ന സമുദായത്തിലെയോ സമൂഹത്തിലെയോ അടിച്ചമര്‍ത്തപ്പെടുന്നവരുടെ പക്ഷത്തു നില്‍ക്കുക എന്നതാണത്‌. മിക്ക സമുദായങ്ങളിലും അത്തരത്തിലുള്ള കൂട്ടര്‍ ഭൂരിപക്ഷമാണെന്നതും കേവലം യാദൃശ്ചികമല്ല. സമുദായത്തിലും സമൂഹത്തിലും മേല്‍ക്കൈ നേടുന്ന സവര്‍ണ്ണ/യാഥാസ്ഥിതികതയുടെ അനിവാര്യമായ ഫലമായിട്ടാണ്‌ അസ്‌പൃശ്യങ്ങളായ അത്തരം ഭൂരിപക്ഷങ്ങള്‍ നമുക്കിടയില്‍ ഉണ്ടാകുന്നത്‌.

ആ ഭൂരിപക്ഷത്തെയും, അവരെ സൃഷ്ടിച്ച സാമൂഹ്യഘടകങ്ങളെയും വെവ്വെറെയായിത്തന്നെ തിരിച്ചറിയേണ്ടതും ചരിത്രപരവും സാംസ്കാരികവുമായ ദൌത്യമാണ്‌. സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളാല്‍ വിവിധ ജീവിതരീതികളും ആചാരങ്ങളും പുലര്‍ത്തിപ്പോന്ന ഒരു സമൂഹത്തെ മുഴുവന്‍ കണ്ണടച്ച്‌ തെറിവിളിക്കുന്ന ഒരു മനുഷ്യന്‍ അത്തരമൊരു ദൌത്യമല്ല നിര്‍വ്വഹിക്കുന്നത്‌. മറ്റൊരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മൂല്യസങ്കല്‍പ്പങ്ങളെ സ്വന്തം സമുദായത്തിന്റെ കണ്ണടകള്‍ വെച്ചു കാണാന്‍ ശ്രമിക്കുന്ന പടുവിഡ്ഢികള്‍ക്കും കോമാളികള്‍ക്കും പറഞ്ഞിട്ടുള്ളതല്ല സാമൂഹ്യചരിത്രപഠനവും മറ്റും.

'സംബന്ധ'മെന്ന പേരില്‍, നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന വിചിത്രവും പ്രാകൃതവുമായ ഒരു സമ്പ്രദായത്തെ എത്ര ബാലിശമായാണ്‌ ഈ റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്‍ സമീപിക്കുന്നത്‌ എന്നു നോക്കുക. നായന്‍മാരുടെ ലൈംഗിക പൈതൃകം എന്നാണ്‌ അദ്ധ്യായത്തിന്റെ ശീഷകം തന്നെ. സംബന്ധമെന്ന പേരില്‍ നിലനിന്നിരുന്ന ആ പഴയ വ്യവസ്ഥ, ഇന്നത്തെ സാമൂഹ്യദൃഷ്ടിയില്‍ക്കൂടി നോക്കിയാല്‍ പ്രാകൃതവും അശ്ളീലവും തന്നെയാണ്‌. സംശയമില്ല. എങ്കിലും ആ സമ്പ്രദായം എങ്ങിനെ ആ സമുദായത്തില്‍ വന്നുഭവിച്ചു എന്നുകൂടി ആലോചിക്കേണ്ടതല്ലേ? നായര്‍ സമുദായത്തിന്റെ മാത്രം പ്രത്യേകതയായിരുന്നില്ല ഇത്തരം ലൈംഗികവ്യവസ്ഥിതികള്‍. ഈഴവരിലും കണിയാന്‍മാരിലും, ഇന്ത്യയിലെത്തന്നെ മറ്റു പല സമുദായങ്ങളിലും, ഇന്നു നമ്മള്‍ നോക്കുമ്പോള്‍, വിചിത്രമെന്നും അശ്ളീലമെന്നും തോന്നുന്ന രീതിയിലുള്ള കൂട്ടുവേഴ്ചകള്‍ ഉണ്ടായിരുന്നു. കേരളത്തിലാകട്ടെ, നമ്പൂതിരിമാര്‍ വന്ന കാലത്തുതന്നെ, മലനാട്ടിലെ മിക്ക ട്രൈബുകള്‍ക്കിടയിലും പറ്റലൈംഗികവേഴ്ച നിലനിന്നിരുന്നുവെന്നും, പ്രത്യേകിച്ചും സ്ത്രീകള്‍, പുരുഷന്‍മാര്‍ക്കു വഴങ്ങാതെ ആചാരലംഘനം ചെയ്യുന്നത്‌ കുറ്റകരമായും കരുതപ്പെട്ടിരുന്നു. സ്ത്രീകള്‍ പൊതുവെ അക്കാലം മുതലേ പുരുഷസമൂഹത്തിന്റെ ഇരകളായിരുന്നു എന്നു ചുരുക്കം. "ഏതെങ്കിലും നായര്‍ സ്ത്രീ പുരുഷന്റെ ആഗ്രഹത്തിനു വഴങ്ങാന്‍ വിസമ്മതിച്ചാല്‍, ആ പുരുഷന്‌ സ്ത്രീയെ കൊന്നുകളയാന്‍ പോലും അവകാശമുണ്ടെന്ന്‌ വിളംബരമിറക്കിയ കാര്‍ത്തികപ്പള്ളി രാജാവൊക്കെ നമ്മുടെ ചരിത്രത്തിലുണ്ട്‌. വായിച്ചുനോക്കാന്‍ മിനക്കെടണമെന്നു മാത്രം. അതെങ്ങിനെ? പുതിയ ചരിത്രം എഴുതി സംതൃപ്തിയടയുന്നതില്‍ ധൃതികൊള്ളുകയാണ്‌ മലയാളം നേരേചൊവ്വേ എഴുതാന്‍ പോലും അറിയാത്ത 'അദ്ധ്യാപകന്‍'.

നായന്‍മാരുടെ കുലത്തൊഴില്‍ വേശ്യാവൃത്തിയാണെന്ന ചരിത്രസത്യവും കണ്ടുപിടിക്കുന്നുണ്ട്‌ ഇദ്ദേഹം. നായന്‍മാരില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നൊന്നും ചോദിക്കരുത്‌ (നായര്‍ എന്ന്‌ എഴുതുന്നതില്‍പ്പോലും ബഹുമാനസൂചകമായി യാതൊന്നും ഉണ്ടാവരുത്‌ എന്ന നിര്‍ബന്ധബുദ്ധിയുള്ളതുള്ളതുകൊണ്ടായിരിക്കണം, നായന്‍ എന്നാണ്‌ ഈ വങ്കതിലകം എഴുതുന്നത്‌). അതു വിട്ടുകളയാം. നായന്‍മാര്‍ എന്ന വര്‍ഗ്ഗം ആദ്യകാലത്ത്‌ എന്തെല്ലാം തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും, നാടിന്റെയും തറയുടെയും സാമൂഹ്യ-സമ്പദ്ഘടനയില്‍ അവരുടെ പങ്ക്‌ എന്തായിരുന്നുവെന്നുമൊക്കെ അറിയാന്‍ റിട്ടയര്‍ ചെയ്യാത്ത സാമാന്യ ബുദ്ധി വേണം. വയസ്സുകാലത്ത്‌ ഒറ്റക്കിരുന്നു കുളിരുകോരുമ്പോള്‍, കണ്ടതിലും കാണാത്തതിലുമൊക്കെ സ്ത്രീകളുടെ ചന്തിയും മുലയും വാര്‍ത്തെടുക്കുന്ന വൃദ്ധഭാവനാപടുത്വം എന്തായാലും അതിനു മതിയാകില്ല.

വിവരദോഷത്തിന്റെയും, അസഹിഷ്ണുതയുടെയും, അന്യമത-സമുദായ സ്പര്‍ദ്ധയുടെയും മാത്രം പിന്‍ബലത്തില്‍ ഒരു സമുദായത്തിനെ അടച്ച്‌ തെറിപറയുന്ന ഈ ആഭാസനെ, അയാളുടെ ജീവിതസായാഹ്നത്തിന്റെ ഈ വൈകിയ വേളയില്‍ എളിയതോതിലെങ്കിലും വിവരം വെപ്പിക്കാമെന്നുള്ള അതിമോഹമൊന്നും ഇതെഴുതുന്നയാള്‍ക്കില്ല. എങ്കിലും, ഇയാള്‍ പരാമര്‍ശിക്കുന്ന സമുദായത്തിനെക്കുറിച്ച്‌, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍, വില്ല്യം ലോഗന്‍ എന്നൊരു സായിപ്പ്, മറ്റു പലതും എഴുതിയ കൂട്ടത്തില്‍ നടത്തിയ ഒരു ചെറിയ പരാമര്‍ശം മാത്രം ഇവിടെ എടുത്തെഴുതട്ടെ. നായന്‍മാര്‍ക്കിടയിലെ സംബന്ധരീതിയെക്കുറിച്ച്‌ നല്ലവണ്ണം നിശ്ചയമുണ്ടായിരുന്ന ആള്‍ തന്നെയായിരുന്നു അയര്‍ലണ്ടുകാരനായ ആ സായിപ്പും.

"..എന്തായാലും വിവാഹസംബന്ധമായ നിയമങ്ങള്‍ ലൈംഗികവേഴ്ചകളില്‍ സ്വാതന്ത്യം അനുവദിക്കുന്നുണ്ടെങ്കിലും, സമീപകാലങ്ങളില്‍ നിലവിലുള്ള വസ്തുത, വിവാഹബന്ധത്തില്‍ ചാരിത്ര്യനിഷ്ഠ പൊതുവെ പാലിക്കപ്പെടുന്നുണ്ടെന്നുള്ളതാണ്‌. പ്രത്യേക ചടങ്ങുകളൊന്നും കൂടാതെ നടക്കുന്നതാണെങ്കിലും, വിവാഹവേഴ്ചയിലെ ചാരിത്ര്യം ഇത്ര നിഷ്കര്‍ഷയായി വേറെങ്ങും പരിപാലിക്കപ്പെടുന്നില്ല. അതിന്റെ ലംഘനം ഇവിടെയുള്ളത്ര ക്രൂരമായ പകപോക്കലിന്‌ വേറെങ്ങും ഇടയാക്കുന്നുമില്ല".

വല്ലതും മനസ്സിലാകുന്നുണ്ടോ റിട്ടയേര്‍ഡ്‌ കേസരി? ഇതുപോലുള്ള തെളിവുകളും മറുവാദങ്ങളും ഇനിയും എത്രവേണമെങ്കിലും തരാവുന്നതാണ്‌. എങ്കിലും, ഇതുപോലുള്ള പടുവിഡ്ഢികള്‍ക്കുവേണ്ടി ചിലവഴിക്കാന്‍ തക്കവണ്ണമുള്ള സമയവും സഹിഷ്ണുതയും തത്ക്കാലം ഈ ലേഖകന്റെ കയ്യിലില്ല.

നന്നങ്ങാടികളിലേയ്ക്ക്‌ പോകാനുള്ള സമയം അതിക്രമിച്ച ഇത്തരം മൂഢവൃദ്ധന്‍മാരുടെ സോഷ്യോളജി താത്‌പര്യം ആരിലും ചിരിയുണര്‍ത്തുകയാണ്‌ സാധാരണ വേണ്ടത്‌. എന്നാല്‍, ജോര്‍ജ്ജ്‌ ജോസഫിനെപ്പോലുള്ള ഈ വിഷവിത്തുകള്‍ എത്രയെത്ര ഇളം മനസ്സുകളെയാണ്‌ സ്വാധീനിച്ചിരിക്കുക എന്ന ചിന്ത നമ്മുടെ ഉറക്കം കെടുത്തുകതന്നെ ചെയ്യണം. സാമൂഹ്യവികാസപരിണാമങ്ങളെ സഹിഷ്ണുതയോടെയും സമചിത്തതയൊടെയും പഠിക്കുകയും അതില്‍നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യേണ്ട തലമുറകളെ കുരുന്നിലേ അന്തകവിത്തുകളാക്കുകയാണ്‌ ഈ ക്ഷുദ്രകീടങ്ങള്‍ ചെയ്യുന്നത്‌, അഥവാ ചെയ്തിട്ടുണ്ടാവുക. സമൂഹവികാസപരിണാമങ്ങള്‍ വെള്ളം കടക്കാത്ത അറകളല്ല. അവയെ വസ്തുനിഷ്ഠമായി അറിയണമെങ്കില്‍ ചരിത്രബോധത്തിന്റെയും സംസ്കാരത്തിന്റെയും  ജീനുകള്‍ ഉള്ളിലുറവയെടുത്തേ തീരൂ.

പ്രാക്തന ജീവിത രീതികളിലും ആചാരങ്ങളിലും നിന്ന്‌ ഉയര്‍ന്നുവന്ന ഇന്നത്തെ നമ്മുടെ സമൂഹം, ഇനിയും, ഇതിലും ഉയര്‍ന്നതോ താഴ്ന്നതോ ആയ ഘട്ടങ്ങളിലൂടെ പോവില്ലെന്ന്‌ ആരുകണ്ടു? എങ്കിലും, ഇത്രകാലത്തെ ചരിത്രവഴികള്‍ യുക്തിയോടെ പിന്തുടരുന്ന ഒരാള്‍ക്ക്‌, ഓരോ സമൂഹവും, സമുദായവും, കൂടുതല്‍ക്കൂടുതല്‍ ഉയര്‍ന്ന ഘട്ടങ്ങളിലേക്കുതന്നെയാണ്‌ പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നത്‌ എന്നു കാണാന്‍ പ്രയാസമുണ്ടാകില്ല. അതിണ്റ്റെ ഗതിവേഗം ത്വരിതപ്പെടുത്തുകയും, സംഭവിക്കാന്‍ ഇടയുള്ള അപഥസഞ്ചാരങ്ങളില്‍നിന്ന്‌ അതിനെ മോചിപ്പിക്കുകയുമാണ്‌ എല്ലാ ജ്ഞാനസമ്പാദനമാര്‍ഗ്ഗങ്ങളുടെയും അടിസ്ഥാനരാഷ്ട്രീയം.

ജനാധിപത്യവിരുദ്ധവും പ്രതിലോമപരവുമായ ഒട്ടനവധി നിലപാടുകളുടെ അക്ഷയഖനിയായിരിക്കുമ്പോഴും, പൊതുസമൂഹത്തിലെ സവര്‍ണ്ണ അധീശത്വത്തിനെ(മാത്രം) നിരന്തരം ലക്ഷ്യവേധിയാക്കിക്കൊണ്ടിരിക്കുന്ന ചിത്രകാരനെന്ന എന്റെ നല്ല സുഹൃത്തിന്റെ ഈ ജോര്‍ജ്ജ്‌ ജോസഫ്‌ 'സംബന്ധം' എന്നില്‍ വേദനയുളവാക്കുന്നുവെന്നുകൂടി ഇവിടെ അടയാളപ്പെടുത്താതെ ഈ കുറിപ്പ്‌ അവസാനിപ്പിക്കാന്‍ വയ്യ.