Sunday, November 7, 2010

അധിനായക ജയഹേ

വന്ദനം മഹാരാജ്ഞീ
വന്ദനം മഹാരാജൻ
നമിക്കുന്നേൻ തവ പാദാംബുജ
പത്മങ്ങളടിയങ്ങൾ

പാരിതിൽ സസന്തോഷം
എന്നെന്നും വിരാജിക്കാൻ
സന്തതം തുണയ്ക്കട്ടെ
കരുണാമയനീശൻ

എത്ര സംവത്സരങ്ങൾ
കഴിഞ്ഞൂ സസന്തോഷം
ആ നുകത്തിൻ കീഴിൽ
അടിമകളായ് ഞങ്ങൾ

ഇന്നുമാ സുദിനങ്ങൾ
ഓർക്കുമ്പോൾ ഞങ്ങൾക്കിന്നും
ഉള്ളിൽ നിറയുന്നു
അവിച്ഛിന്ന ഹർഷോന്മാദം

തിന്ന ചോറിനു നന്ദിയില്ലാത്തോർ ചിലർ
നിങ്ങളെ ചോദ്യം ചെയ്തു
ആട്ടിപ്പുറത്താക്കി
സ്വാതന്ത്യം,ജനായത്തം
പരമാധികാരം എന്നീ
എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ
വന്നൂ പിന്നെ

അപ്പോഴും ഞങ്ങളിൽച്ചിലർ-
ക്കോർമ്മയിൽ ശിഷ്ടം വന്നു
പഴയൊരടിമക്കാലത്തിന്റെ
പൊയ്പ്പോയ സമൃദ്ധികൾ

ഓർക്കുമ്പോൾ ഞങ്ങൾക്കിന്നും
നെഞ്ചുപൊട്ടുന്നു, കര
കവിഞ്ഞൊഴുകുന്നു
വറ്റാത്ത സങ്കടൽ

കവിതയും കഥയുമായ്
കാത്തുനില്ക്കുന്നൂ ഞങ്ങൾ
തിരികെ വരിക നിങ്ങൾ
അധിനായകന്മാരെ

ഒരുവട്ടം കൂടിയാ തിരുമുമ്പിൽ സാദരം
വഞ്ചീശമംഗളം പാടുവാനുള്ളില്‍ മോഹം

11 comments:

Rajeeve Chelanat said...

അധിനായക ജയഹേ

വിഷ്ണു പ്രസാദ് said...

:)

ഭാനു കളരിക്കല്‍ said...

കൊള്ളാം. അപ്പോള്‍ ഇതൊക്കെ ഉണ്ട് കയ്യില്‍ അല്ലേ :)

Unknown said...

സമര്‍പ്പണം ഒബാമക്ക് എന്നാണോ?

സുജനിക said...

മന്ത്രി സുധാകരൻ കവിതയിലൂടെ പ്രതികരിച്ചത് കണ്ടില്ലെ?

ഭൂമിപുത്രി said...

:-))

said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...!!!

Sabu Hariharan said...

അതായിരുന്നു ഭേദം അല്ലെ?

Harold said...

ഒരുവട്ടം കൂടിയാ തിരുമുമ്പിൽ സാദരം
വഞ്ചീശമംഗളം പാടുവാനുള്ളില്‍ മോഹം

:)

Pranavam Ravikumar said...

വളരെ ഇഷ്ടപ്പെട്ടു...

Echmukutty said...

ആ പേരു കേൾക്കുമ്പോഴേ രോമാഞ്ചമാണ്, അപ്പോ കാണാൻ പറ്റിയാലോ?