Tuesday, April 19, 2011

പാഴ്ച്ചിലവുകൾ


കുട്ടികളെ വളർത്തിയെടുക്കുക എന്നത് യു.എ.ഇ.യിൽ, ചിലവേറിയ ഒരു സംഗതിയാണെന്ന 
മഹത്തരമായ കണ്ടെത്തലാണ് ഗൾഫ് ന്യൂസിലെ സുനിതാമേനോന്റേത്.

കുട്ടികളെ ലക്ഷ്യമിടുന്ന ആധുനിക മാർക്കറ്റിംഗ് തന്ത്രങ്ങളും, കുട്ടികളിലൂടെ തങ്ങളുടെ പൊങ്ങച്ചം പ്രദർശിപ്പിക്കുന്നതിൽ മത്സരിക്കുന്ന രക്ഷകർത്താക്കളുമാണ് ഈ ചിലവിനെ ഇത്ര ഭാരിച്ചതാക്കുന്നത് എന്ന കണ്ടുപിടുത്തത്തിൽ കൊണ്ടാടപ്പെടേണ്ട വലിയ
‘കണ്ടുപിടുത്ത’മൊന്നുമില്ലെങ്കിലും, അതും ശരിയാണെന്ന്‌ വേണമെങ്കിൽ നമുക്ക്
സമ്മതിച്ചുകൊടുക്കാം.

ഗൾഫ് ന്യൂസ് സാമ്പിളെടുക്കുന്നത്, വർഷത്തിൽ 12,000 ദിർഹം സ്കൂൾ ഫീസിനും, 6,000 ദിർഹം കലാ-കായികപഠനങ്ങൾക്കും, 16,000 ദിർഹം ഇതര പഠനങ്ങൾക്കും വേണ്ടി ചിലവഴിക്കുന്ന, ഉപരിവർഗ്ഗത്തിലെ ഒരു മാതൃകാ കുടുംബത്തിനെയാണ്. യു.എ.ഇ.യിലെ സാധാരണക്കാർക്ക് അപ്രാപ്യമായ സ്കൂളുകളിലാണ് അവരെപ്പോലുള്ളവരുടെ കുട്ടികൾ പഠിക്കുന്നത്. കുതിരസവാരിയും, ഷൂട്ടിംഗും, സ്വിമ്മിംഗും, ഗോൾഫും, ഡിബേറ്റിംഗും പരിശീലിപ്പിക്കുകയും, സ്ക്കൂളുകളേക്കാൾ, ബിസിനസ്സ് സ്ഥാപനങ്ങളെ ഓർമ്മിപ്പിക്കുന്ന ക്യാമ്പസ്സുകളുമുള്ള സ്ക്കൂളുകൾ. മാസത്തിൽ 2000-ത്തിനും, 3000-ത്തിനും മീതെ ഫീസിനത്തിൽ മാത്രം ഈടാക്കുന്ന സ്ക്കൂളൂകൾ. അമിതവണ്ണത്തെക്കുറിച്ച് ബോധവത്ക്കരണം നടക്കുമ്പോഴും, കോളയും, പെപ്സിയും ഫാസ്റ്റ് ഫുഡും കാന്റീനുകളിൽ മാന്യമായ ഇടം കണ്ടെത്തുന്ന സ്ക്കൂളുകൾ. അത്തരം സ്ക്കൂളുകളിൽ ചേർത്താൽ തങ്ങളുടെ കുട്ടികളുടെ പഠന-പൊതുബോധ നിലവാരം മികച്ചതായിമാറും എന്ന മൂഢസ്വർഗ്ഗത്തിൽ അഭിരമിക്കുന്ന ഉപരിവർഗ്ഗക്കാരുടെ ‘ഭാരിച്ച‘ (staggering എന്നാണ് ജി.എൻ.വിലപിക്കുന്നത്) ചിലവിന്റെ കാര്യത്തിലാണ് ഗൾഫ് ന്യൂസിന് ആശങ്ക.

ഇനി അതല്ല, അവർക്കത് താങ്ങാനാവുമെങ്കിൽ നമുക്കെന്തിനാണ് അങ്കലാപ്പ് എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, ഗൾഫ് ന്യൂസിനോടും നമുക്ക് അതേ ചോദ്യം ചോദിക്കേണ്ടിവരും.

വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കുന്നതിൽ യു.എ.ഇ.യിൽ മുൻപിൽ നിൽകുന്നത്
ഇന്ത്യൻ സമൂഹത്തിലെ സ്ക്കൂളുകൾ തന്നെയാണ്. പ്രത്യേകിച്ചും നമ്മുടെ
സ്വന്തം  GEMS സ്ക്കൂളുകൾ. ഫീസ് നിരക്കുകൾ എത്ര വർദ്ധിപ്പിക്കണമെന്നും, എങ്ങിനെ
അത് നടപ്പാക്കണമെന്നും തീരുമാനിക്കുന്നത് അവരാണ്. വിദ്യാഭ്യാസവകുപ്പിന്റെ
നിയമങ്ങളെ സമർത്ഥമായി മറികടക്കാൻപോലും അവർക്കു നിഷ്പ്രയാസം കഴിയുന്നു. കമ്പോളത്തിന്റെ എല്ലാ സ്വഭാവവും ഉൾക്കൊള്ളുന്ന കച്ചവടസ്ഥാപനങ്ങളായിരിക്കുന്നു ഈ വിദ്യാഭ്യാസ ഹൈപ്പർ മാർക്കറ്റുകൾ. 2009-2010, 2010-2011 കാലത്ത് 110% ശതമാനമാണ് അവർ ഫീസിനത്തിൽ ഉയർത്തിയത്. യൂണിഫോം, പുസ്തകങ്ങൾ, എന്നിവക്കു പുറമെയാണത്. ഇക്കഴിഞ്ഞ സാമ്പത്തികമാന്ദ്യകാലത്ത്, നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെടുകയും അവരുടെ ജീവിതം പ്രതിസന്ധിയിലായപ്പോഴും ഒന്നും തങ്ങളുടെ അനുബന്ധസ്ക്കൂളുകളിൽ ഫീസ് നിരക്കു വർദ്ധിപ്പിക്കാൻ  ‘ജെം’സിനും മറ്റു ചിലർക്കും ഒരു മടിയുമുണ്ടായില്ല. ഇന്ധനവിലയുടെ ന്യായം പറഞ്ഞ് സ്ക്കൂൾ ബസ്സിലെ യാത്രാനിരക്ക് 300 ശതമാനം വർദ്ധിപ്പിച്ചപ്പോൾ മാത്രമാണ് മക്കൾക്ക് ‘മുന്തിയ വിദ്യാഭ്യാസം‘ ഉറപ്പുവരുത്താൻ പെടാപ്പാടുപെടുന്ന സൂപ്പർ ഡാഡിമമ്മിമാർക്ക് ധാർമ്മിക രോഷം അണപൊട്ടിയൊഴുകിയത്.

മിതമായ ഫീസ് ചുമത്തി, നല്ല നിലവാരം പുലർത്തുന്ന സ്ക്കൂളുകൾ ധാരാളമുണ്ട്. എന്നിട്ടും, ആ സ്ക്കൂളുകളിലൊന്നും മക്കളെ ചേർക്കാതെ, വിദ്യാഭ്യാസമെന്നാൽ സ്വിമ്മിംഗും, ഷൂട്ടിംഗും, ഗോൾഫും, ഡിബേറ്റിംഗും, കുതിരസ്സവാരിയും, ഫാസ്റ്റ് ഫുഡും അല്ലെന്ന് മനസ്സിലാക്കാൻ കൂട്ടാക്കാതെ, കുട്ടികളെ തങ്ങളുടെ സ്നോബ്ബിസത്തിന്റെ പിന്തുടർച്ചാവകാശികളാക്കുന്ന മാതാപിതാക്കൾക്കുവേണ്ടി എന്തിനാണ് ഗൾഫ് ന്യൂസ് വാചാലമാകുന്നത്? കുട്ടികളുടെ വിദ്യാഭ്യാസചിലവുകൾ വർദ്ധിക്കുന്നതിന് കാരണക്കാരായ ശക്തികളെ തുറന്നുകാണിക്കാനും, അവരെ നിയന്ത്രിക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ മേൽ സമ്മർദ്ദം ചെലുത്താനും ഗൾഫ് ന്യൂസിനും മറ്റു പത്രമാധ്യമങ്ങൾക്കും സാധിക്കുമായിരുന്നില്ലേ?

രണ്ടുതരം പൌരന്മാരെ വാർത്തെടുക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെ ഇല്ലാതാക്കാനൊന്നും ഗൾഫ് ന്യൂസോ ഏതെങ്കിലും പത്രങ്ങളോ ശ്രമിച്ചാൽ വിജയിക്കില്ലെന്ന് നമുക്കറിയാം. അത്രയൊന്നും അവരിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നുമില്ല. എങ്കിലും, ഒരു പ്രവാസി സമൂഹത്തിന്റെ ചില അടിസ്ഥാന പ്രശ്നങ്ങളിലെങ്കിലും ന്യായമായ ഇടപെടലുകൾ നടത്താൻ, ആ പ്രവാസി സമൂഹത്തിന്റെ വരിസംഖ്യയെ മുഖ്യമായും ആശ്രയിച്ച് ജീവിതവൃത്തി നടത്തുന്ന ഒരു മാധ്യമത്തിന് ധാർമ്മികമായ ബാദ്ധ്യതയുണ്ട്. കണ്ടില്ലെന്നു നടിക്കുന്ന കാഴ്ചകളെയും ചിലപ്പോൾ കണേണ്ടിവരും.

മറുപുറം

വയസ്സുകാലത്ത് മക്കൾ തങ്ങളെ നോക്കുമെന്നും നോക്കണമെന്നും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കേവലമനുഷ്യരായ അച്ഛനമ്മമാരെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഉയർന്ന വിദ്യാഭ്യാസം കൊടുത്തു മക്കളെ വളർത്തി, തങ്ങളുടെ വാർദ്ധക്യകാല സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന രക്ഷിതാക്കളുടെ അജണ്ടക്ക്, പക്ഷേ, കൃത്യമായി പ്രീമിയമടക്കുന്ന ഇൻഷുറൻസിനോടാണ് കൂടുതൽ ബന്ധം. പരസ്പരമുള്ള വിശ്വാസം പോലും അധികപ്പറ്റാകാൻ ഇടയുള്ള, കുടുംബം തന്നെ ഒരു വലിയ പാഴ്ച്ചിലവാകുന്ന വർത്തമാനകാലത്താണ് ഇന്നു നമ്മൾ ജീവിക്കുന്നത് എന്നതുകൊണ്ട്, ആരെയും അതിൽ തെറ്റു പറയാനും നമ്മളാളല്ല.

നീരൊഴുക്ക് താഴത്തേക്കുതന്നെയാണ്. ഒരിക്കൽ മക്കളായിരുന്ന ഇന്നത്തെ അച്ഛനമ്മമാരും, നാളെ അച്ഛനമ്മാരാകേണ്ട ഇന്നത്തെ മക്കളും അതൊക്കെ ഓർക്കുന്നതും നന്നായിരിക്കും.